Monday, December 14, 2009

പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുവേണ്ടിയുളള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ന്യൂനതകള്‍ അക്കാദമിക് സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായി. നിലവിലുളള പോരായ്‌മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കമീഷനെ നിയമിക്കാനും കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനും തയ്യാറായത് ഇന്ന് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വളരെ സ്വാഗതാര്‍ഹമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് എന്‍ട്രന്‍സ് പരിഷ്‌ക്കരണ സമിതിയുടെ റിപ്പോര്‍ട്ട്.

1983 മുതലാണ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആക്കിയത്. അതുവരെ കേരളത്തില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 1999ല്‍ കേരള സര്‍ക്കാര്‍ ഒരു കമ്മീഷനെ വയ്ക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000 മുതല്‍ മെഡിസിനും എന്‍ജിനിയറിങ്ങിനും പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകളാക്കി മാറ്റി.

2006ല്‍ ആദ്യം പുതിയൊരു കമ്മീഷന്‍ രൂപീകരിച്ചു. ഈ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2006 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സ് പരീക്ഷാസമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കുകയും പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ ലിസ്റ്റില്‍ കടന്നുകൂടുന്നതിനുള്ള ചുരുങ്ങിയ മാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 ശതമാനമായി നിജപ്പെടുത്തുകയുംചെയ്തു. ഈ അധ്യയനവര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്കിന്റെ കാര്യത്തിലും ചെറിയ മാറ്റം വരുത്തി. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരമെഴുതിയാല്‍ ഒരു മാര്‍ക്കാണ് കുറവു ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് അരമാര്‍ക്കായി കുറച്ചിട്ടുണ്ട്.

നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം ഒട്ടനവധി ദൌര്‍ബല്യങ്ങള്‍ നിറഞ്ഞതാണ്. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുപോലും അശാസ്‌ത്രീയമായ ഈ പ്രവേശന സമ്പ്രദായം കാരണം പ്രൊഫഷണല്‍ കോളേജുകളില്‍ കടന്നുകയറാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ അധ്യയനവര്‍ഷം തിരുവനന്തപുരത്തെ മൂന്ന് കോളേജില്‍ എസ്എഫ്ഐ ഒരു പഠനം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. എന്‍ജിനിയറിങ് കോളേജ്, ശ്രീകാര്യം, ഗവ. ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 148 വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ ഇവരില്‍ 124 പേര്‍ (83.78ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 148 പേരില്‍ 96 പേര്‍ (64.86 ശതമാനം) കേരളത്തിലെ രണ്ട് പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചവരാണ്. ഈ കോച്ചിങ് സെന്റര്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പോയി രണ്ടു വര്‍ഷം താമസിച്ച് പഠനം നടത്തിയവരാണ് പ്രവേശനം ലഭിച്ചവരില്‍ ഭൂരിപക്ഷവും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. 148 പേരില്‍ 133 പേര്‍ (89.86 ശതമാനം) സ്കൂള്‍ വിദ്യാഭ്യാസം (+2 വരെ) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നേടിയവരാണ്. അതില്‍ 15 പേര്‍ (10.13 ശതമാനം) മാത്രമാണ് മലയാളം മീഡിയം സ്കൂള്‍പഠനം നടത്തിയിട്ടുള്ളത്. പ്രവേശനം നേടിയവരില്‍ 132 പേര്‍ (89.19 ശതമാനം) നഗരകേന്ദ്രീകൃത സ്കൂളുകളില്‍ പഠിച്ചവരാണ്. ഈ സര്‍വേയില്‍നിന്ന് മനസ്സിലാകുന്നത് വലിയ സാമ്പത്തികശേഷിയുള്ള കോച്ചിങ് സെന്ററുകളില്‍ പോകാന്‍കഴിയുന്നവര്‍ക്കും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുംമാത്രമേ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ്.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ 526 ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 299 പേര്‍ (56.85 ശതമാനം) എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയവരാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 385 പേര്‍ (73.119 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പഠിച്ചുവന്നവരാണ്. ഇനിയും ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരില്‍ എൺപത് ശതമാനത്തിലധികം നഗരകേന്ദ്രീകൃത സ്കൂളുകളിലാണ് പഠിച്ചത്.

തിരുവനന്തപുരം ആയുര്‍വേദകോളേജില്‍നിന്ന് 66 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തതില്‍ 61 പേര്‍ (92.42 ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 55 പേര്‍ (83.33 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാഭ്യാസം നേടിയവരാണ്. സമൂഹത്തിലെ നല്ല സാമ്പത്തികശേഷിയുളള നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ച് വന്‍തുക കോച്ചിങ്ങിനായി ചെലവഴിച്ചവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ കടന്നുകൂടാന്‍ കഴിയുന്നുള്ളൂ എന്നതാണ് പൊതുവില്‍ സര്‍വേയില്‍ വെളിപ്പെട്ടത്.

വിദ്യാര്‍ഥിയുടെ പഠനമികവും, കോഴ്സിന് ചേരാനുളള അഭിരുചിയുമൊന്നും പ്രവേശന പരീക്ഷയില്‍ ഘടകമാകുന്നില്ല. ഈ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍മാത്രമേ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കൂ. ഈ ദിശയിലുളള മാറ്റത്തിന് സഹായകരമാകുന്നതാണ് പുതിയ നിര്‍ദേശങ്ങളായി വന്നിട്ടുള്ളവയില്‍ ഭൂരിപക്ഷവും. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാപരീക്ഷാ മാര്‍ക്കുംകൂടി കണക്കിലെടുക്കണം എന്ന നിര്‍ദേശം പഠനത്തില്‍ മികവുളള, എന്നാല്‍ കോച്ചിങ് സെന്ററില്‍ പോയി വന്‍തുക ചെലവഴിച്ച് പഠനം നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമൊരുക്കും. യോഗ്യതാ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞാലും, എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ പ്രയാസപ്പെടുന്ന, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ തീരുമാനം വളരെയധികം ആശ്വാസം നല്‍കും. 50: 50 എന്ന അനുപാതമാണ് ഇപ്പോള്‍ നിര്‍ദേശമായി വന്നിട്ടുളളത്. നിലവില്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ഈ രീതി അവലംബിക്കുന്നുണ്ട്.

എന്നാല്‍, പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കുന്നത് മറ്റ് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കും. നിലവില്‍ വിവിധ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ പാസായി വരുന്ന വിദ്യാര്‍ഥികളാണ് പ്രവേശനത്തിനുള്ള അപേക്ഷകര്‍. ഈ പരീക്ഷകളില്‍തന്നെ പലതിനെ സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ന്യൂനതകളും. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണല്‍ അസെ‌സ്‌മെന്റുമായി ബന്ധപ്പെട്ട് മാര്‍ക്ക് നല്‍കുന്നത് സുതാര്യമല്ല എന്ന നിലപാട് സമൂഹത്തിലുണ്ട്.

പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതലെങ്കിലും നടപ്പില്‍ വരുത്തണം. വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ രീതിയില്‍ ചോദ്യബാങ്ക്, സ്കോളര്‍ഷിപ് ഫണ്ട് എന്നിവയൊക്കെ സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍, എന്‍ട്രന്‍സ് ഡയറൿടറേറ്റിന് സ്വയംഭരണാവകാശം നല്‍കുന്നതുപോലുളള നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണം.നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. മലയാളത്തില്‍ക്കൂടി ചോദ്യപേപ്പര്‍ തയ്യാറാക്കണം. നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടാന്‍ പാടില്ല. ഇതിലേക്കായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കണം.

ഇതൊക്കെ വരുമ്പോഴും മറ്റൊരു പ്രശ്‌നവും ചര്‍ച്ചകളില്‍ ഉയരേണ്ടതാണ്. നിലവില്‍ സര്‍ക്കാര്‍ എയ്‌ഡഡ് മേഖലയിലുള്ള മെഡിക്കല്‍ എന്‍ജിനിയറിങ് കോളേജുകളേക്കാള്‍ വളരെ കൂടുതല്‍ സ്വാശ്രയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷപോലും ബാധകമാക്കാത്ത സ്ഥിതിയുണ്ട്. മഹാഭൂരിപക്ഷം സ്ഥാപനങ്ങളിലും തോന്നിയപോലെ പ്രവേശനം നടക്കുന്നുവെന്നത് സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. വലിയൊരു ശതമാനം സീറ്റ് ഇവിടങ്ങളിലുണ്ടെന്നത് ആശങ്കാവഹമാണ്.

****

പി ബിജു, സെക്രട്ടറി, എസ്എഫ്ഐ

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുവേണ്ടിയുളള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ന്യൂനതകള്‍ അക്കാദമിക് സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായി. നിലവിലുളള പോരായ്‌മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കമീഷനെ നിയമിക്കാനും കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനും തയ്യാറായത് ഇന്ന് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വളരെ സ്വാഗതാര്‍ഹമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് എന്‍ട്രന്‍സ് പരിഷ്‌ക്കരണ സമിതിയുടെ റിപ്പോര്‍ട്ട്.

ബീഫ് ഫ്രൈ||b33f fry said...

എന്‍ട്രന്‍സ് പരീക്ഷകളില്‍, കോച്ചിങ്ങ് സെന്ററുകളില്‍ പോകുന്നവര്‍ക്ക്, പോകാത്തവരേക്കാള്‍ മേല്‍ക്കൈ ഉണ്ടെന്ന യാഥാര്‍ത്ഥ്യം സമ്മതിച്ചു തരുന്നു. ഇത്തരം കോച്ചിങ്ങ് സെന്ററുകളില്‍ പോകണമെങ്കില്‍ നല്ല മുതല്‍മുടക്കും വേണ്ടി വരും. എന്നാല്‍, നെഗറ്റീവ് മാര്‍ക്ക് കുറച്ചാല്‍, കോച്ചിങ്ങ് സെന്റര്‍ പഠിത്തം അപ്രാപ്യരായവര്‍ക്ക് സഹായകരമാകും എന്ന വാദം അംഗീകരിക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. ഒന്നാമത്, എന്‍ട്രന്‍സ് പരീക്ഷ നേരിടുന്നതിനുള്ള ബുദ്ധിമുട്ട് (effort), ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഒരു പോലെയാക്കുക എന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഇപ്പോഴത്തെ എന്‍ട്രന്‍സ് ചോദ്യങ്ങള്‍ പലയാവര്‍ത്തി ചോദിക്കുകയും, പല ക്വസ്റ്റ്യന്‍ ബാങ്കുകളിലും ലഭ്യമായവയുമാണ്. ഈ കോച്ചിങ്ങ് സെന്ററുകളില്‍ പോകുന്നവര്‍ക്ക്, അവിടെ ഈ ചോദ്യങ്ങള്‍ പല തവണ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍, ശരിയായ ഉത്തരം, ആ problem ചെയ്തു നോക്കാതെ തന്നെ അറിയാവുന്നതായിരിക്കും. ഈ തരത്തിലുള്ള predictability എന്‍ട്രന്‍സ് ചോദ്യങ്ങളില്‍ കുറയ്ക്കുകയാണ് ആദ്യം വേണ്ട നടപടി.

വര്‍ക്കേഴ്സ് ഫോറം said...

ബീഫ് ഫ്രൈ

വായനയ്ക്കു നന്ദി

പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട് എന്നല്ലേ പറഞ്ഞിട്ടുള്ളൂ?

നെഗറ്റീവ് മാര്‍ക്ക് കുറച്ചാല്‍, കോച്ചിങ്ങ് സെന്റര്‍ പഠിത്തം അപ്രാപ്യരായവര്‍ക്ക് സഹായകരമാകും എന്ന വാദം ഉയര്‍ത്തിയിട്ടുണ്ടോ ? ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്ന് പരാമര്‍ശിച്ചിട്ടല്ലേ ഉള്ളൂ?

predictability എന്‍ട്രന്‍സ് ചോദ്യങ്ങളില്‍ കുറയ്ക്കുണം എന്നതിനോട് യോജിക്കുന്നു