2009ലെ ലോകത്തെപ്പറ്റി സമഗ്രമായ ഒരു അവലോകനത്തിന് ഇവിടെ ഉദ്യമിക്കുന്നില്ല. ചില പ്രധാന സംഭവഗതികളും പ്രവണതകളും പരാമര്‍ശിക്കപ്പെടുന്നുവെന്നുമാത്രം. അവയുടെതന്നെയും രണ്ടുതരത്തിലുള്ള അപഗ്രഥനമില്ല.
2009 അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വര്‍ഷമായിരുന്നുവെന്നു പറയാം. 2009 ജനുവരിയില്‍ അദ്ദേഹം അധികാരത്തിലെത്തിയെന്നതുകൊണ്ടു മാത്രമല്ല അധികാരത്തിലെത്തുമ്പോള്‍ ഒബാമ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്നതുംകൊണ്ട്.
കാരണങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ പ്രധാനം, അദ്ദേഹത്തിന്റെ മുന്‍ഗാമി ബുഷാണ് ലോകത്തെ ഇന്നത്തെ സ്ഥിതിയിലാക്കിയതെന്നതുതന്നെ. ഒരു ആഗോള സൈനിക സാമ്രാജ്യം നിര്‍മ്മിക്കുന്നതിനുള്ള ബുഷ് ഭരണകൂടത്തിന്റെ നയങ്ങള്‍ ലോകം മുഴുവന്‍ സ്വാധീനം ചെലുത്തി: പൊതുവെ ദോഷകരമായ സ്വാധീനം . ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെപേരില്‍ രണ്ടു രാജ്യങ്ങളില്‍ അധിനിവേശം, പല രാഷ്ട്രങ്ങള്‍ക്കും സൈനിക ഭീഷണി. ഒട്ടനവധിരാഷ്ട്രങ്ങളില്‍ സൈനികവല്‍ക്കരണവും അമേരിക്കയുമായുള്ള സൈനിക സഖ്യവും, നീതിക്കുവേണ്ടിയുള്ള പല സമരങ്ങളുടെയും അടിച്ചമര്‍ത്തല്‍. ഇവയ്ക്കെല്ലാം പുറമെ വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധി.
മാറ്റത്തിന്റെ കാഹളം മുഴക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമയില്‍ പ്രതീക്ഷകളര്‍പ്പിച്ചത് അമേരിക്കക്കാര്‍ മാത്രമായിരുന്നില്ല. വാഗ്ദാനങ്ങളുടെയും പ്രത്യാശകളുടെയും ഒരു വലിയ ചുമടുമായാണ് അദ്ദേഹം വൈറ്റ്ഹൌസിലെത്തിയത്.
അതുകൊണ്ടുതന്നെ ലോകത്തോട്, മറ്റു രാജ്യങ്ങളോട്, പ്രശ്നങ്ങളോട് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകളുണ്ടായി. എന്നാല്‍ അത്തരം മാറ്റമൊന്നുമുണ്ടായില്ലെന്നതാണ് വാസ്തവം. ബുഷിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് ഒബാമയുടേത്. അവയെ അവതരിപ്പിക്കുന്ന ശൈലിയില്‍ മാറ്റമുണ്ട്. ജനസമ്മതി മുതലാക്കി, രാഷ്ട്രങ്ങളില്‍ സ്വാധീനംചെലുത്തി അമേരിക്കയുടെ ശക്തി പ്രകടിപ്പിക്കാനാണ് ഒബാമ ശ്രമിക്കുന്നത്. ഇത് ലളിതമായ ഒരു പ്രക്രിയയല്ല.
ഇറാഖിനെ സംബന്ധിച്ചിടത്തോളം ബുഷ് ഭരണകാലത്തിന്റെ അവസാനത്തില്‍ സ്വീകരിച്ച ഘട്ടംഘട്ടമായ പിന്മാറ്റമെന്ന നയംതന്നെയാണ് ഒബാമ തുടരുന്നത്. പിന്മാറ്റത്തെപ്പറ്റി നേരത്തെ ഒബാമ നിര്‍ദ്ദേശിച്ചിരുന്ന സമയവിവര പട്ടിക ഉപേക്ഷിച്ച് ബുഷിന്റേതുതന്നെ സ്വീകരിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യങ്ങളെ അയക്കുകയുമാണുണ്ടായത്.
ഇറാന്റെ കാര്യത്തില്‍ യുദ്ധം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ തള്ളിക്കളയാതെ ഉപരോധങ്ങള്‍ തുടരുകയാണ് ഒബാമ - ബുഷിന്റെ നയംതന്നെ. നാറ്റോ വികസനത്തെ സംബന്ധിച്ചും ബുഷിന്റെ നയംതന്നെ - പഴയ സോവിയറ്റുയൂണിയനില്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്നുവെന്ന ധാരണ മാറ്റുന്നതോടൊപ്പം ഉക്രെയിനിലേക്കും, ജോര്‍ജിയയിലേക്കും നാറ്റോയെ വികസിപ്പിക്കുക.
നയങ്ങളുടെ തുടര്‍ച്ചയും ശൈലിയിലെ മാറ്റവുമെന്ന് പറയുമ്പോള്‍, മറ്റു രാജ്യങ്ങള്‍ക്കും അമേരിക്കയെ സംബന്ധിച്ചിടത്തോളം ബുഷ് ഭരണകാലത്തുണ്ടായിരുന്ന പ്രതിഛായമാറ്റാനാണ് ഒബാമയുടെ ശ്രമം. ബുഷ് ഭരണകൂടം അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെ അവഗണിച്ചുവെന്നതായിരുന്നു ഒബാമയുടെ ഒരു പ്രധാന വിമര്‍ശനം. ലോകാഭിപ്രായത്തെ അമേരിക്കയ്ക്ക് അനുകൂലമാക്കാനാണ് ഒബാമ ശ്രമിക്കുന്നത്. ഇതില്‍ കുറെയൊക്കെ വിജയിച്ചുവെന്നത് വാസ്തവമാണ്. ഒട്ടനവധി രാഷ്ട്രങ്ങളുടെയും, പൊതുജനങ്ങളുടെയും സന്മനോഭാവം ഒബാമയ്ക്കുണ്ട്. ഇത് ഒരു നേട്ടമാണെന്ന് പറയേണ്ടിയിരിക്കുന്നു.
മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കയെപ്പറ്റിയുള്ള ധാരണ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ഒബാമ ബുഷിന്റെ സാമ്രാജ്യത്വ നയങ്ങള്‍തന്നെ തുടരുകയാണ്. പക്ഷേ ഈ ധാരണാമാറ്റവും ഒബാമയുടെ നടപടികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നയപരിപാടികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍ അവ വിജയിക്കുന്നുമില്ല.
ക്യൂബയോടും, ഇറാനോടും പുതിയ സമീപനമുണ്ടെന്ന് ഒബാമ പറയുമ്പോള്‍ ആ രാഷ്ട്രങ്ങള്‍ക്ക് അത് വിശ്വാസജനകമായി തോന്നുന്നില്ല. ഇസ്ളാമിക ലോകത്തോടുള്ള പുതിയ സമീപനം (കെയ്റോ പ്രസംഗം) പശ്ചിമേഷ്യയിലെ യു എസ് ബന്ധങ്ങളിലോ, നയങ്ങളിലോ ഒരു മാറ്റവുമുണ്ടാക്കിയില്ല.
റഷ്യയ്ക്കാണെങ്കില്‍ ഒബാമയെപ്പറ്റി ആഴത്തിലുള്ള സംശയങ്ങളുണ്ട്. അമേരിക്കയുടെ ജോര്‍ജിയാ നയവും, നാറ്റോ വികസനവുമൊക്കെയാണ് ഇതിനു കാരണം.
യൂറോപ്പിലാണ് ഒബാമയുടെ തന്ത്രം നിര്‍ണ്ണായകമാകുന്നത്. ബുഷിന്റെ ഭരണകാലത്ത് യൂറോപ്പ് മൂന്നു തട്ടുകളിലായിരുന്നു; പ്രത്യേകിച്ചും ഇറാഖ് യുദ്ധത്തിന്റെ ഫലമായി അമേരിക്കയെ അനുകൂലിച്ച രാഷ്ട്രങ്ങള്‍; (ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയവ) വിമര്‍ശിച്ച രാഷ്ട്രങ്ങള്‍; (ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയവ), അമേരിക്കയുടെ കൂടെനിന്ന പൂര്‍വ യൂറോപ്പിലെ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനിലുമൊക്കെ കൂടി പുതിയൊരു സ്വത്വബോധം ഉണ്ടാക്കാന്‍ ശ്രമിച്ച യൂറോപ്പിനുള്ളില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കി.
സ്വന്തമായ നയങ്ങളില്ലാതെ, അല്ലെങ്കില്‍ അത്തരം നയങ്ങളുണ്ടാക്കാന്‍ അമേരിക്ക അനുവദിക്കാതെ, അമേരിക്കയുടെ നയങ്ങളെയും യുദ്ധങ്ങളെയും പിന്താങ്ങുന്ന കുറെ രാഷ്ട്രങ്ങളാണ് യൂറോപ്പിലുള്ളതെന്ന ധാരണയുണ്ടായി. അമേരിക്കയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും, അവയുടെ ഫലമായുള്ള വിദേശ സാഹസങ്ങള്‍ക്കും യൂറോപ്പിന്റെ പിന്തുണ ഉണ്ടാകുകയില്ലെന്ന സന്ദേശമാണ് ഒബാമയ്ക്ക് യൂറോപ്പില്‍നിന്നും ലഭിക്കുന്നത്. കഴിവതും യുദ്ധ സാഹസങ്ങള്‍ ഒഴിവാക്കുക; ആവശ്യമായി വന്നാല്‍ യൂറോപ്പിന്റെ അംഗീകാരത്തോടുകൂടെ മാത്രം നടത്തുക. അമേരിക്കയോടുള്ള യൂറോപ്പിന്റെ മനോഭാവം മാറിയാല്‍ അമേരിക്കയുടെ യുദ്ധസാഹസങ്ങള്‍ക്കു യൂറോപ്പ് പിന്തുണ നല്‍കുമെന്നാണ് ഒബാമയുടെ കണക്കുകൂട്ടല്‍. യൂറോപ്പുമായി ഏതു പരിധിവരെ കൂടിയാലോചനകള്‍ക്കു തയ്യാറാണെന്ന് ഒബാമ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഒബാമയുടെ വിദേശ നയത്തിന്റെ വിരോധാഭാസം ഇതുതന്നെ; സാമ്രാജ്യത്വയുദ്ധങ്ങള്‍ തുടരുക, സമാധാനത്തിനായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുക. സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹംചെയ്ത പ്രസംഗം പ്രകടമാക്കിയത് ഈ വിരോധാഭാസമാണ്. സമാധാനത്തിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ യുദ്ധം രൂക്ഷമാകുന്നത്; അതിനുവേണ്ടിത്തന്നെയാണ് ഇറാനെതിരെയും ഉത്തരകൊറിയയ്ക്കെതിരെയുമുള്ള ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്-ഒബാമ അവകാശപ്പെട്ടു.
ഒബാമയുടെ നയങ്ങളെപ്പറ്റിയുള്ള അവലോകനത്തില്‍ പരാമര്‍ശിച്ച ഏതാനും സ്ഥിതിവിശേഷങ്ങളെപ്പറ്റി ചില കാര്യങ്ങള്‍ കൂടെ പറയേണ്ടിയിരിക്കുന്നു.
ഇവയില്‍ ഏറ്റവും പ്രധാനം അഫ്ഗാനിസ്ഥാന്‍തന്നെ. അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ ഒബാമ സ്വീകരിച്ച നിലപാട് അഫ്ഗാന്‍ യുദ്ധം "ആവശ്യകതയുടെ യുദ്ധം'' (war of necessity) എന്നാണ്. ഇറാഖ് യുദ്ധത്തിന് അത്തരം ആവശ്യകതയില്ലായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയിടെ അദ്ദേഹം ആ പദപ്രയോഗം ഉപേക്ഷിച്ചതായി തോന്നി.
നോബല്‍ സമ്മാന പ്രസംഗത്തില്‍ അഫ്ഗാന്‍ യുദ്ധം "നീതിപൂര്‍വകമായ യുദ്ധ'' (just war ) മാണെന്ന് ഒബാമ സൂചിപ്പിച്ചു. പക്ഷേ അത്തരം യുദ്ധങ്ങള്‍ക്ക് അദ്ദേഹംതന്നെ നല്‍കിയ മാനദണ്ഡങ്ങളനുസരിച്ച് അത് നീതിപൂര്‍വകമായ യുദ്ധമല്ല. അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ് 2001 സെപ്തംബര്‍ 11-ാം തീയതി അമേരിക്കയില്‍ ആക്രമണം നടത്തിയതെന്ന് ഒബാമ പറഞ്ഞു. ഇത് വാസ്തവമല്ല. ആക്രമണം നടത്തിയത് സൌദി പൌരന്മാരായിരുന്നു. ആസൂത്രണംചെയ്തത് അല്‍ഖൊയ്ദയായിരുന്നു പക്ഷേ അല്‍ഖൊയ്ദ അഫ്ഗാന്‍ ഗവണ്‍മെന്റിന്റെയോ താലിബാന്റെയോ നിയന്ത്രണത്തിലായിരുന്നില്ല. സെപ്തംബര്‍ 11ലെ ആക്രമത്തില്‍ താലിബാന് പങ്കുണ്ടായിരുന്നുമില്ല.
ഒബാമയുടെ കുറ്റംകൊണ്ടല്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്താണ് അഫ്ഗാന്‍ സ്ഥിതിവിശേഷം കൂടുതല്‍ വഷളായതും പാകിസ്ഥാന്‍ ശിഥിലീകരണത്തിന്റെ വക്കിലെത്തിയതും. അമേരിക്കന്‍ നയത്തില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒറ്റപ്രശ്നമാണ്-"അഫ്പാക്''. അഫ്ഗാനിസ്ഥാനില്‍ വിജയിക്കാനാണ് മുപ്പതിനായിരം പുതിയ സൈനികരെ അമേരിക്ക അവിടേക്ക് അയച്ചത്. പക്ഷേ എന്താണ് വിജയം എന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ നേതൃനിരയിലും, സൈനിക നേതൃത്വത്തിലും, നാറ്റോ നേതൃത്വത്തിലും അഭിപ്രായഭിന്നതകളുണ്ട്. ഏറ്റവുംഒടുവിലത്തെ പ്രഖ്യാപിത ലക്ഷ്യം താലിബാനെ ബലഹീനമാക്കുകയെന്നതാണ്. പക്ഷേ ആ ലക്ഷ്യത്തോട് എങ്ങനെയാണ് അടുക്കേണ്ടതെന്ന് അറിഞ്ഞുകൂടെന്നു മാത്രം. ഒബാമയുടെ വിയറ്റ്നാമാണ് അഫ്ഗാനിസ്ഥാനെന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നു.
2009ലെ പ്രധാന ലോക സംഭവങ്ങളിലൊന്ന് പരാജയത്തിലേക്കെന്ന് തോന്നിപ്പിക്കുന്നവിധത്തിലുള്ള പാകിസ്ഥാന്റെ പ്രയാണമാണ്. പാകിസ്ഥാന്‍തന്നെ സൃഷ്ടിച്ചു വളര്‍ത്തിയ താലിബാന്‍ ഇന്ന് പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണിയാണ്. വിവിധ അധികാരകേന്ദ്രങ്ങളുണ്ടെന്നത് പാകിസ്ഥാന്റെ ആഭ്യന്തര - വിദേശനയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. പാകിസ്ഥാനില്‍നിന്നുള്ള ഭീകര സംഘടനകള്‍ പാകിസ്ഥാനുള്ളിലും പുറത്തും നടത്തുന്ന അക്രമങ്ങള്‍ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി തീര്‍ന്നിരിക്കുകയാണ്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുടങ്ങി; ഇനിയും പുനരാരംഭിച്ചിട്ടില്ല. 2009ല്‍ ലോകത്തിലെ ഏറ്റവും കലുഷിതവും, സ്ഫോടനാത്മകവുമായ മേഖലയായി ദക്ഷിണേഷ്യ തീര്‍ന്നിരിക്കുകയാണ്.
അധികാരത്തില്‍ വന്നയുടന്‍ ഒബാമ മുന്‍ഗണന നല്‍കിയ വിദേശകാര്യം ഇസ്രയേല്‍-പലസ്തീന്‍ സമാധാനമാണ്. തനിക്ക് തീര്‍ച്ചയായും വിജയം വരിക്കാന്‍ കഴിയുമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നതായി തോന്നി. പക്ഷേ ഇസ്രയേലില്‍ അധികാരത്തിലുള്ളത് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിലോമപരമായ ഒരു ഗവണ്‍മെന്റാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം അതല്ല. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍-ഒബാമയുടേതുള്‍പ്പെടെ-അടിസ്ഥാനപരമായ ഒരു വസ്തുത അവഗണിക്കുന്നു; അധിനിവേശത്തിന്റെ. ഗാസയില്‍ രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ നടത്തിയതായും യുഎന്‍ അന്വേഷണസമിതി കണ്ടെത്തിയെങ്കിലും, തുടര്‍ നടപടികള്‍ക്ക് യു എന്‍ രക്ഷാസമിതിയയെ അമേരിക്ക അനുവദിച്ചില്ല. ഹമാസും യു എന്‍ അന്വേഷണസംഘത്തിന്റെ വിമര്‍ശനത്തിന് വിധേയമായെന്ന് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ചത് ഇസ്രയേലാണെന്നും നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. യുഎന്നിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഇസ്രായേലിനെ വിമര്‍ശിച്ചിട്ടും അമേരിക്കയുടെയും മറ്റു ചില രാഷ്ട്രങ്ങളുടെയും പിന്തുണ ഒരിക്കല്‍കൂടെ അന്താരാഷ്ട്ര സമൂഹത്തെ നിസ്സഹായമാക്കിയെന്നതാണ് വാസ്തവം. പലസ്തീന്‍ വിമോചനം കൂടുതല്‍ വിദൂരത്തിലാക്കാനാണ് ഒബാമയുടെ നയങ്ങള്‍ കാരണമാകുന്നത്. കെയ്റോ പ്രസംഗത്തിലും ഓസ്ലോ പ്രസംഗത്തിലും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെ ഒബാമ ലളിതവല്‍ക്കരിക്കുകയാണുണ്ടായത്. അറബികളും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷമെന്ന നിലയില്‍.
ബുഷിന്റെ ഭരണകാലത്ത് തുടങ്ങിയ സാമ്പത്തികമാന്ദ്യം എന്നറിയപ്പെടുന്ന പ്രതിസന്ധി തുടരുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്ന് അവകാശപ്പെടുമ്പോഴും, അമേരിക്ക പ്രതിസന്ധിയില്‍തന്നെയാണ്. അവിടെ തൊഴിലില്ലായ്മ ഓരോ മാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ലോക മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരെ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവഗണിച്ചുകൊണ്ട്, ഇതിനെ ഒരു താല്‍ക്കാലിക സംഭവവികാസമായി പരിഗണിക്കാനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. പുതിയൊരു ധനകാര്യ ശില്‍പത്തെപ്പറ്റി ചില പ്രസ്താവനകള്‍ ഉണ്ടായെങ്കിലും അമേരിക്കയുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ലോകബാങ്കും ഐഎംഎഫും ഭരണം തുടരുകയാണ്. ആഗോളവല്‍ക്കരണത്തിനെതിരെ ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കാനുള്ള ശ്രമം ഒബാമയുടെ കാലത്തും അമേരിക്ക തുടരുകയാണ്.
2009ല്‍ ഒബാമ നടത്തിയ ഏറ്റവും സുപ്രധാന പ്രഖ്യാപനം ആണവായുധ വിമുക്തലോക (Nuclear Weapon Free World)ത്തെപ്പറ്റിയുള്ളതായിരുന്നു. പ്രാഗില്‍ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച്, ഒബാമതന്നെ അദ്ധ്യക്ഷതവഹിച്ച യു എന്‍ രക്ഷാസമിതിയിലൂടെ ആണവ നിരായുധീകരണത്തിന് നേതൃത്വം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് വ്യക്തമാക്കപ്പെട്ടു. ഈ നീക്കങ്ങള്‍ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിയതോടൊപ്പം, അമേരിക്കയുടെ ഒരു പുതിയ അടവുനയമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഈ രംഗത്തുള്ള അമേരിക്കയുടെ നീക്കങ്ങള്‍ വിശദമായ പരിഗണന അര്‍ഹിക്കുന്നു.
മൂന്നുതലങ്ങളിലാണ് ആണവനിരായുധീകരണ നീക്കങ്ങള്‍ പ്രതിഫലിക്കുന്നത്.
ഒന്ന്, അമേരിക്കയുടെ നയങ്ങളില്‍ റഷ്യയുമായി ചില പുതിയ കരാറുകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് തുടക്കംകുറിച്ചുവെന്നത് വാസ്തവമാണ്. പക്ഷേ ശീതസമരാവസാനത്തില്‍ ആണവ നിരായുധീകരണത്തെ സംബന്ധിച്ചുണ്ടാക്കിയ കരാറുകള്‍ ലംഘിച്ചതോ, തിരസ്കരിച്ചതോ അമേരിക്കയാണ്. ബുഷിന്റെ ഭരണകാലത്ത്, റഷ്യയുമായുണ്ടായിരുന്ന എബിഎം ഉടമ്പടി (Anti Ballistic Missile Treaty) ഏകപക്ഷീയമായി അവസാനിപ്പിച്ചു. അമേരിക്കയും കൂടെ സജീവമായി പ്രവര്‍ത്തിച്ചുണ്ടാക്കിയ സമഗ്ര ആണവ പരീക്ഷണ ഉടമ്പടി (സി.ടി.ബി.ടി) അമേരിക്കയുടെ സെനറ്റ് അംഗീകരിച്ചില്ല. ഇതിനൊക്കെ ഉപരിയായി അമേരിക്കയുടെ പുതിയ ആണവ സിദ്ധാന്തം ആണവായുധത്തെ യുദ്ധോപകരണമാക്കി; ആദ്യ ഉപയോഗമില്ലായ്മ (no first use) ഉപേക്ഷിച്ചു. ആദ്യ പ്രഹര (first strike) ത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി. മാത്രവുമല്ല ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയ്ക്ക് ആണവായുധങ്ങള്‍ അനുപേക്ഷണീയമാണെന്ന് പ്രഖ്യാപിച്ചു. ചില രാഷ്ട്രങ്ങള്‍ക്കെതിരെ ആണവ ഭീഷണി ഉയര്‍ത്തി. ഇപ്പോഴത്തെ ആണവസിദ്ധാന്തം നിലനിര്‍ത്തിക്കൊണ്ട് നിരായുധീകരണത്തെപ്പറ്റി ഒബാമ വാചാലനാകുന്നത് വിശ്വാസം ജനിപ്പിക്കുന്നില്ല.
രണ്ടാമത്തെതലം ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ഇറാനും ഉത്തരകൊറിയയ്ക്കുമെതിരെ കൂടുതല്‍ സമ്മര്‍ദ്ദംചെലുത്താന്‍ ശ്രമിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇറാന്‍ നയത്തില്‍ ഒബാമ മാറ്റമൊന്നുമുണ്ടാക്കിയില്ല. ഇറാനെതിരെ വാളുയര്‍ത്തുന്ന രാഷ്ട്രങ്ങള്‍ സാധാരണ പരിഗണിക്കാത്ത രണ്ടു കാര്യങ്ങളുണ്ട്. ഇവയില്‍ ഒന്നാമത്തേത് ചിലപ്പോള്‍ ചില രാഷ്ട്രങ്ങള്‍ പരാമര്‍ശിക്കാറുണ്ട്. രണ്ടാമത്തേത് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഒന്നാമത്തേത്, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ഇറാനുള്ള അവകാശമാണ്. രണ്ടാമത്തേത്, പശ്ചിമേഷ്യയിലെ ആണവ ഭീഷണി ഇസ്രയേലില്‍നിന്നുള്ളതാണെന്ന വസ്തുത. ദശകങ്ങളായി ഇസ്രായേല്‍ ആണവായുധ രാഷ്ട്രമാണ്. അടുത്തയിട ചില പ്രസ്താവനകളില്‍ അമേരിക്ക ഇസ്രായേലിനെ ആണവായുധ രാഷ്ട്രമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, അതിനോട് എതിര്‍പ്പൊന്നുമില്ല.
അമേരിക്കയുടെ ആണവായുധനയം ലളിതമായി പറഞ്ഞാല്‍ ഇങ്ങനെയാണ്: അമേരിക്കയുടെ സുഹൃത്തുക്കള്‍ക്ക് ആണവായുധങ്ങളാകാം, ഇന്ത്യക്കും, പാകിസ്ഥാനും ഇസ്രായേലിനും. ശത്രുക്കള്‍ക്കു പാടില്ല; ഇറാന്‍, ഉത്തരകൊറിയ. ഇറാന്‍ ആണവായുധ രാഷ്ട്രമാകുന്നതിനെ അമേരിക്കയുടെ കൂടെനിന്ന് എതിര്‍ക്കുന്ന ഇന്ത്യ പശ്ചിമേഷ്യയിലെ ഒരു പ്രധാന പ്രശ്നം ഇസ്രയേലിന്റെ ആണവായുധ ശേഖരമാണെന്നത് അംഗീകരിക്കുന്നില്ല.
പ്രഖ്യാപിത ശത്രുവായ ഉത്തരകൊറിയക്കും ആണവായുധം പാടില്ല. ഇവിടെയും വിചിത്രമായ ഒരു സ്ഥിതിവിശേഷമാണുള്ളത്. ഇപ്പോള്‍ ഉത്തരകൊറിയയുടെ ആണവഭീഷണി പൂര്‍വേഷ്യയില്‍ മാത്രമല്ല, അമേരിക്കയ്ക്കുപോലുമെന്നാണ് വാഷിംഗ്ടണ്‍ പറയുന്നു. എന്താണ് യാഥാര്‍ത്ഥ്യം? കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ആണവായുധങ്ങള്‍കൊണ്ട് അമേരിക്ക ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുകയാണ്.
മൂന്നാമത്തെതലം, ആണവ നിര്‍വ്യാപന കരാറിന്റേതാണ്. 2010-ല്‍ കരാറിന്റെ പുനരവലോകന സമ്മേളനം നടക്കുന്നുണ്ട്. കരാര്‍ പ്രതിസന്ധിയിലാണെന്നുപറഞ്ഞാല്‍ അത് പുതിയൊരു കാര്യമല്ല. പ്രതിസന്ധിയുടെ പ്രധാന കാരണം അമേരിക്കയുള്‍പ്പെടെയുള്ള ആണവായുധ രാഷട്രങ്ങള്‍ കരാറിലെ വ്യവസ്ഥ (VI-ാം അനുഛേദം അനുസരിച്ച് നിരായുധീകരണത്തിനുള്ള നടപടികളെടുക്കാന്‍ തയ്യാറായിട്ടില്ല എന്നതുതന്നെ. ഇതു കണക്കിലെടുക്കാതെയോ, മറച്ചുപിടിച്ചുകൊണ്ടോ കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത, ആണവായുധമുള്ള, രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടണമെന്ന് ഒബാമ നിര്‍ബന്ധിക്കുന്നെന്ന് മാത്രമല്ല, അതിനൊരു യു എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയെടുക്കുകയും ചെയ്തു. 'പുതിയ' ആണവായുധ രാഷ്ട്രങ്ങള്‍ക്ക് ആണവായുധങ്ങളില്ലാത്ത രാഷ്ട്രങ്ങളുമായേ കരാറില്‍ ഒപ്പിടാന്‍ കഴിയൂ. കാരണം, കരാറിലെ നിര്‍വചനമനുസരിച്ച് കരാറുണ്ടാക്കിയതിനുമുമ്പ് ആണവായുധ പരീക്ഷണം നടത്തിയ രാഷ്ട്രങ്ങള്‍ മാത്രമാണ് ആണവായുധ രാഷ്ട്രങ്ങള്‍.
ഇത് ഇന്ത്യയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. രക്ഷാസമിതി പ്രമേയമല്ല, ജി-8നു മേധാവിത്വമുള്ള ആണവദായക സംഘ (Nuclear Suppliers Group) ത്തിന്റെ നിലപാടും ഇതുതന്നെയാണെന്നുള്ളതാണ് ഇതാണ് പ്രശ്നം. 2010-ല്‍ ആണവ നിര്‍വ്യാപന കരാര്‍ പുനരവലോകനംചെയ്യുമ്പോള്‍ നിര്‍വചനത്തില്‍ 1974 വരെ ആണവായുധ പരീക്ഷണം നടത്തിയ രാജ്യങ്ങളെന്ന് ഭേദഗതിവരുത്താന്‍ മന്‍മോഹന്‍സിംഗ് ഒബാമയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്തരം ഒരു ഭേദഗതി സാധ്യമാണോയെന്ന് നിശ്ചയമില്ല. ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാരില്‍ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്.
ഒരു കാര്യം വ്യക്തമാണ്. ബുഷ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക ആണവ പദവി നല്‍കാന്‍ ഒബാമ തയ്യാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ ബുഷ് ഇന്ത്യയോട് ആവശ്യപ്പെട്ടില്ല. ഒരു ആണവായുധ രാഷ്ട്രമെന്ന പരിഗണന പരോക്ഷമായെങ്കിലും നല്‍കുകയും ചെയ്തു. ഇന്ത്യ-യുഎസ് ആണവ കരാറുണ്ടാക്കിയതും, ഇന്ത്യയ്ക്കായി ആണവദായകസംഘം പ്രത്യേക വ്യവസ്ഥകളുണ്ടാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.
വേറൊരു കാര്യത്തിലും ഇന്ത്യയുടെ പ്രത്യേക പദവി ഒബാമ മാറ്റിയതായി പറയാം. 2009ലെ പ്രധാന പ്രവണതകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കാം. ബുഷിനെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഇന്ത്യക്കുള്ള പങ്കായിരുന്നു ഏറ്റവും വലുത്. ഒബാമയെ സംബന്ധിച്ചിടത്തോളം ചൈനയ്ക്കാണ് പ്രാധാന്യം. സാമ്പത്തിക പ്രതിസന്ധി ചൈനയെ കുറെയൊക്കെ ആഗ്രിക്കേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്ക് അമേരിക്കയെ എത്തിച്ചു. ചൈനയെ വലയംചെയ്ത് ഒതുക്കാനുള്ള ശ്രമത്തിന്റെറ ഭാഗമായാണ് ബുഷ് ഇന്ത്യയെ വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതല്ല ഒബാമയുടെ സമീപനമെന്ന് വ്യക്തമാണ്.
2009 ചൈനയുടെ സ്വാധീന വര്‍ദ്ധനവിന്റെ വര്‍ഷമായിരുന്നു. സൈനികശക്തിയിലുപരി രാഷ്ട്രീയവും, നയതന്ത്രപരവുമായ 'മൃദുലശക്തി' (soft power) ഉപയോഗിച്ചാണ് ഏഷ്യയ്ക്കുള്ളിലും, ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും ചൈന സ്വാധീനം വര്‍ദ്ധിപ്പിച്ചത്. ഇത് ഒബാമയ്ക്ക് മനസ്സിലായി.
2009 അവസാനിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ഉച്ചകോടിയുടെ പരാജയത്തോടെയാണ്. കോപ്പന്‍ഹേഗനില്‍ കരാറൊന്നുമുണ്ടായില്ല. അവിടെ അവസാനം അവതരിപ്പിച്ച രേഖ അമേരിക്ക, ചൈന, ഇന്ത്യ, ബ്രസില്‍, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളോടു ചേര്‍ന്നുണ്ടാക്കിയ ഒരു ധാരണാ പത്രം മാത്രമാണ്. അത് സമ്മേളനം അംഗീകരിച്ചില്ല. "നോട്ടുചെയ്യുക'' മാത്രമെ ഉണ്ടായുള്ളു. അതിനു നിയമ പ്രാബല്യമൊന്നുമില്ല. ഇതിനു കൂട്ടുനിന്ന ഇന്ത്യക്ക് താല്‍ക്കാലിക രാഷ്ട്രീയ നേട്ടമുണ്ടായിരിക്കാം. പക്ഷേ അമേരിക്കയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തില്‍ വികസ്വര രാഷ്ട്രങ്ങളുടെ പൊതുവായ താല്‍പര്യങ്ങളോ ദീര്‍ഘകാല പ്രത്യാഘാതങ്ങളോ ഇന്ത്യ പരിഗണിച്ചില്ല.
ലോക ജനതയുടെ പ്രതീക്ഷകളെ കോപ്പന്‍ഹേഗന്‍ തകര്‍ത്തു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നതിന് ലഭിച്ച അവസരം ലോക നേതാക്കള്‍ പാഴാക്കിക്കളഞ്ഞു. അവരുടെയൊക്കെ ഭരണകാലത്ത് പിടിച്ചുനില്‍ക്കുന്നതിനപ്പുറം ഭാവിയിലേക്കു നോക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതാക്കളായിരുന്നു അവിടെ കൂടിയത്; രാജ്യതന്ത്രജ്ഞത പ്രകടിപ്പിക്കാന്‍ അവര്‍ക്കുകഴിയാതെ പോയി.
2009ല്‍ സാമ്രാജ്യത്വത്തിന് ഒരു പുതിയ ശൈലിയും പുതിയ മുഖവും നല്‍കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. ശൈലിയെന്തായാലും, മുഖം ഏതായാലും സാമ്രാജ്യത്വം സാമ്രാജ്യത്വംതന്നെയെന്നതാണ് 2009ന്റെ പാഠം.
*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
2009 അവസാനിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ഉച്ചകോടിയുടെ പരാജയത്തോടെയാണ്. കോപ്പന്‍ഹേഗനില്‍ കരാറൊന്നുമുണ്ടായില്ല. അവിടെ അവസാനം അവതരിപ്പിച്ച രേഖ അമേരിക്ക, ചൈന, ഇന്ത്യ, ബ്രസില്‍, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളോടു ചേര്‍ന്നുണ്ടാക്കിയ ഒരു ധാരണാ പത്രം മാത്രമാണ്. അത് സമ്മേളനം അംഗീകരിച്ചില്ല. "നോട്ടുചെയ്യുക'' മാത്രമെ ഉണ്ടായുള്ളു. അതിനു നിയമ പ്രാബല്യമൊന്നുമില്ല. ഇതിനു കൂട്ടുനിന്ന ഇന്ത്യക്ക് താല്‍ക്കാലിക രാഷ്ട്രീയ നേട്ടമുണ്ടായിരിക്കാം. പക്ഷേ അമേരിക്കയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തില്‍ വികസ്വര രാഷ്ട്രങ്ങളുടെ പൊതുവായ താല്‍പര്യങ്ങളോ ദീര്‍ഘകാല പ്രത്യാഘാതങ്ങളോ ഇന്ത്യ പരിഗണിച്ചില്ല.
ലോക ജനതയുടെ പ്രതീക്ഷകളെ കോപ്പന്‍ഹേഗന്‍ തകര്‍ത്തു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നതിന് ലഭിച്ച അവസരം ലോക നേതാക്കള്‍ പാഴാക്കിക്കളഞ്ഞു. അവരുടെയൊക്കെ ഭരണകാലത്ത് പിടിച്ചുനില്‍ക്കുന്നതിനപ്പുറം ഭാവിയിലേക്കു നോക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതാക്കളായിരുന്നു അവിടെ കൂടിയത്; രാജ്യതന്ത്രജ്ഞത പ്രകടിപ്പിക്കാന്‍ അവര്‍ക്കുകഴിയാതെ പോയി.
2009ല്‍ സാമ്രാജ്യത്വത്തിന് ഒരു പുതിയ ശൈലിയും പുതിയ മുഖവും നല്‍കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. ശൈലിയെന്തായാലും, മുഖം ഏതായാലും സാമ്രാജ്യത്വം സാമ്രാജ്യത്വംതന്നെയെന്നതാണ് 2009ന്റെ പാഠം.
Post a Comment