പൊതുമുതല്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതാണ് തങ്ങളുടെ വികസന അജണ്ടയെന്ന് അനുദിനം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ്. ഇങ്ങനെ ശക്തിയോടെ നവലിബറല്‍നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവരുടെ പരിഗണനയിലേക്കുവരുന്നതേയില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ രാജ്യം ഇന്നഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ വിലക്കയറ്റം അവഗണിക്കപ്പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റല്ല, അതു സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണെന്നാണ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത്. തങ്ങള്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരുത്തരവാദിത്തവുമില്ല, രാജ്യത്തിന്റെ സമ്പത്ത് വിറ്റുതുലച്ച് സ്വകാര്യകുത്തകകള്‍ക്ക് തടിച്ചുകൊഴുക്കാനവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം എന്ന പരസ്യമായ പ്രഖ്യാപനമാണ് ധനകാര്യമന്ത്രിയുടെ ഈ വാക്കുകള്‍.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ വിജയം നവലിബറല്‍നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ജനങ്ങളുടെ സമ്മതപത്രമാണെന്നാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് കണക്കിലെടുത്തിരിക്കുന്നത്. അധികാരമേറ്റയുടന്‍ എല്ലാമന്ത്രാലങ്ങള്‍ക്കും അവയുടെ കീഴില്‍വരുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കത്തെഴുതി. അതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികകാര്യ ഉപദേശകസമിതി ഒന്നിനുപിറകെ ഒന്നായി പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെകാലത്ത് നടപ്പാക്കാന്‍ കഴിയാതിരുന്ന ഓഹരിവിറ്റഴിക്കല്‍ ഈ ഗവണ്‍മെന്റ് പുറത്തെടുത്തിരിക്കുന്നു. ഇടതുപക്ഷ പിന്തുണയാല്‍ ഭരിച്ചുകൊണ്ടിരുന്ന യുപിഎ ഗവണ്‍മെന്റിന് സ്വകാര്യവല്‍ക്കരണം നടത്താന്‍ ഇടതുപക്ഷത്തിന്റെ പാര്‍ലമെണ്ടിനുള്ളിലെയും പുറത്തെയും എതിര്‍പ്പിനാല്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യ - അമേരിക്ക ആണവക്കരാറിനെത്തുടര്‍ന്ന് ഇടതുപക്ഷം പിന്തുണപിന്‍വലിച്ചപ്പോള്‍തന്നെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമം ആരംഭിച്ചിരുന്നു. അതാണിപ്പോള്‍, പൊതുതിരഞ്ഞെടുപ്പിനുശേഷം ഊര്‍ജ്ജിതമായി നടപ്പാക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റിന്റേതായി പുറത്തുവരുന്ന ഓരോരേഖയിലും നവലിബറല്‍ പ്രത്യയശാസ്ത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായിക്കാണാം. സാമ്പത്തിക സര്‍വ്വേ, റയില്‍വെ ബജറ്റ്, പൊതുബജറ്റ് എന്നിവയിലെല്ലാം ഓഹരിവിറ്റഴിക്കലിനെപ്പറ്റിപ്പറയുന്നുണ്ട്. ഇന്‍ഷുറന്‍സ്, പ്രതിരോധരംഗം, ചില്ലറവില്‍പ്പനരംഗം, ബാങ്കിംഗ് എന്നിങ്ങനെ ഒട്ടുമിക്കരംഗങ്ങളും സ്വകാര്യവല്‍ക്കരിക്കണമെന്നും അതിലൂടെ പ്രതിവര്‍ഷം 25,000 കോടിരൂപാ വീതം നേടണമെന്നുമാണ് സര്‍വ്വേ ഉപദേശിക്കുന്നത്. ഓഹരിവിറ്റുകിട്ടുന്ന പണം പൊതുമേഖലാസ്ഥാപനങ്ങളുടെതന്നെ ആധുനികവല്‍ക്കരണത്തിനായി ഉപയോഗിക്കണമെന്ന് പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവുമവസാനം സാമൂഹ്യസേവനരംഗങ്ങളില്‍ ചെലവഴിക്കാനാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നാണ് പറയുന്നത്. ആധുനികവല്‍ക്കരണത്തിനും സാമൂഹ്യസേവനരംഗങ്ങളുടെ ചെലവിനും പൊതുമുതല്‍ സ്വകാര്യവല്‍ക്കരിക്കണമോ എന്ന ന്യായമായ ചോദ്യമാണിവിടുയരുന്നത്.
കഴിഞ്ഞരണ്ടുമാസത്തിനിടയില്‍ ഊര്‍ജ്ജിതമാക്കിയ ഓഹരിവിറ്റഴിക്കല്‍ ശ്രമത്തില്‍ പൊന്മുട്ടയിടുന്ന നവരത്നകമ്പനികളെപ്പോലും ഒഴിച്ചുനിര്‍ത്തുന്നില്ല. സാമ്പത്തികമായി മാത്രമല്ല തന്ത്രപരമായും പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഓഹരിവിറ്റഴിക്കലിനെ നേരിടുന്നു. അറുപത്തിനാല് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍ക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനമെടുത്തിരിക്കുന്നത്. ഇവയുടെ പത്തുശതമാനം ഓഹരികളാണ് തുടക്കത്തില്‍ വില്‍ക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മ്യൂച്വല്‍ഫണ്ടുകാര്‍ക്കും ഓഹരികള്‍ വാങ്ങാന്‍ കേന്ദ്രം അനുമതികൊടുത്തിട്ടുണ്ട്. ഇതിലൂടെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ ചൂതാട്ടമൂലധനവുമായി ബന്ധപ്പെടുത്തുന്നു. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ഓഹരി വിപണിയില്‍ ലിസ്റുചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെചെയ്താല്‍ അവയുടെ പത്തുശതമാനം ഓഹരികള്‍ ക്രയവിക്രയം ചെയ്യണമെന്നാണ് ചട്ടം. അതായത് സമീപഭാവിയില്‍ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും പത്തുശതമാനം ഓഹരികള്‍ സ്വകാര്യശക്തികളുടെ നിയന്ത്രണത്തിലായിരിക്കും എന്നു ചുരുക്കം. പൂര്‍ണ്ണമായ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള പാതവെട്ടിത്തുറക്കലാവും അത്.
ഇപ്പോള്‍ ഓഹരിവില്‍ക്കുന്നതിനായി ലിസ്റുചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം ലാഭംനേടുന്നതും ഖജനാവിലേക്കു നികുതിയായും മറ്റും വലിയതുക അടയ്ക്കുന്നതുമാണ്. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍, നാഷണല്‍ മിനറല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍. ബി എസ് എന്‍ എല്‍, കോള്‍ ഇന്ത്യ, നാഷണല്‍ മൈനിംഗ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍. സത്‌ലജ് വൈദ്യുത് നിഗം ലിമിറ്റഡ്, എന്‍ജിയേഴ്സ് ഇന്ത്യ, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് എന്നിവ ആദ്യപട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊച്ചിയിലെ കപ്പല്‍നിര്‍മ്മാണശാലയുടെയും എഫ് എ സി ടിയുടെയും ഓഹരികള്‍ വില്‍ക്കാന്‍ പോവുന്നുണ്ട്.
ലാഭം നേടുന്ന സ്ഥാപനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് വിറ്റുതുലയ്ക്കുന്നത്? സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനും സാമൂഹ്യസേവനരംഗങ്ങളുടെ ചെലവിനുമാണെങ്കില്‍ അവയുടെ ലാഭം എടുത്തുവിനിയോഗിച്ചാല്‍പ്പോരേ? അങ്ങനെ നോക്കിയാല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തുടങ്ങുന്ന സ്ഥാപനങ്ങളുടെ പ്രകടനം ഓഹരിവിറ്റഴിക്കലിനെതിരാണ്. ഉദാഹരണത്തിന് ബി എസ് എന്‍ എല്ലിന് 2008 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിലേക്കുള്ള എല്ലാനികുതികളും അടച്ചതിനുശേഷം 30,939 ലക്ഷം രൂപ ലാഭമുണ്ടായിരുന്നു. 2009 മാര്‍ച്ചില്‍ അത് 57,485 ലക്ഷം രൂപയായിരുന്നു. കൊച്ചി കപ്പല്‍നിര്‍മ്മാണശാല 2007-08ല്‍ 93.85 കോടിരൂപയും 2008-09ല്‍ 160.07കോടിരൂപയും ലാഭംനേടിയ സ്ഥാപനങ്ങളാണ്. രാജ്യത്തെ മൊത്തം കല്‍ക്കരിയിലെ 85 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കോള്‍ ഇന്ത്യയാണ്. ലോകത്തിലെതന്നെ വലിയകമ്പനിയായ കോള്‍ ഇന്ത്യയില്‍ 4.25 ലക്ഷം തൊഴിലാളികളുണ്ട്. 1975ല്‍ സ്ഥാപിതമായ എന്‍.ടി.പി.സി.യുടെ ഓഹരിവിറ്റ് 8000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 8200 കോടിരൂപ ലാഭമുണ്ടാക്കിയ സ്ഥാപനമാണിത്. എന്‍.ടി.പി.സി.യാണ് ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തില്‍ 29 ശതമാനവും സംഭാവന ചെയ്യുന്നത്. ഓഹരിവിറ്റാല്‍ കിട്ടുന്നതിലും കൂടുതല്‍ ഓരോവര്‍ഷവും ലാഭംനേടുന്ന പൊതുമേഖലാസ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈരീതിയില്‍ സാമ്പത്തികമായും തന്ത്രപരമായും പ്രാധാന്യമുള്ളസ്ഥാപനങ്ങളുടെയാണ് ഓഹരികള്‍ വിറ്റ് സ്വകാര്യവല്‍ക്കരിക്കാന്‍ പോവുന്നത്.
സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനും സാമൂഹ്യസേവനരംഗങ്ങളുടെ ചെലവിനുമായിട്ടാണ് സ്വകാര്യവല്‍ക്കരണം എന്നത് കണ്ണില്‍പൊടിയിടുക എന്നലക്ഷ്യം മാത്രമുള്ളതാണ്. ഈ വാദത്തിന്റെ മറവിലാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍പോവുന്നത്. ഗവണ്‍മെന്റിന്റെ സ്വാധീനം കുറച്ച് സ്വകാര്യശക്തികള്‍ക്ക് നേട്ടമുണ്ടാക്കാനേ കേന്ദ്രത്തിന്റെ നീക്കം ഉപകരിക്കു. വാഗ്ദാനങ്ങള്‍ ലംഘിച്ച്, രാജ്യദ്രോഹ, ജനദ്രോഹ നവലിബറല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ജനകീയപ്രക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്.
***
രഘു , കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
പൊതുമുതല്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതാണ് തങ്ങളുടെ വികസന അജണ്ടയെന്ന് അനുദിനം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ്. ഇങ്ങനെ ശക്തിയോടെ നവലിബറല്‍നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവരുടെ പരിഗണനയിലേക്കുവരുന്നതേയില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ രാജ്യം ഇന്നഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ വിലക്കയറ്റം അവഗണിക്കപ്പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റല്ല, അതു സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണെന്നാണ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത്. തങ്ങള്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരുത്തരവാദിത്തവുമില്ല, രാജ്യത്തിന്റെ സമ്പത്ത് വിറ്റുതുലച്ച് സ്വകാര്യകുത്തകകള്‍ക്ക് തടിച്ചുകൊഴുക്കാനവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം എന്ന പരസ്യമായ പ്രഖ്യാപനമാണ് ധനകാര്യമന്ത്രിയുടെ ഈ വാക്കുകള്‍.
Post a Comment