Sunday, December 20, 2009

സിനിമകളിലെ നഗരങ്ങള്‍

സിനിമ വിഷ്വല്‍ ഇമേജുകളുടെ (ദൃശ്യബിംബങ്ങളുടെ) ഒരു സാംസ്കാരിക ഉല്‍പ്പന്നവും പ്രവര്‍ത്തനവുമാണ്. ഈ ദൃശ്യബിംബങ്ങളും അതിന്റെ ആഖ്യാനങ്ങളും സമൂഹത്തിന്റെ സാംസ്കാരികാവിഷ്കാരങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നാണ് സിനിമയുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം ആലോചിക്കേണ്ടത്. ഇങ്ങിനെയൊരു ചലച്ചിത്ര പരിസരത്തെ ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍, ഈ ബിംബങ്ങള്‍ സമൂഹത്തിന്റെ രാഷ്ട്രീയസാംസ്കാരിക മാറ്റങ്ങളെ എങ്ങിനെയൊക്കെയാണ് ഉള്‍ക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് എന്നുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. സിനിമകളുടെ ആഖ്യാനഘടനയ്ക്കകത്ത് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന ബിംബങ്ങള്‍ അല്ലെങ്കില്‍ ബിംബക്കെണികള്‍ ബാഹ്യതലത്തില്‍ പ്രതിഫലിപ്പിക്കുന്ന അല്ലെങ്കില്‍ വഹിക്കുന്ന അര്‍ഥങ്ങളെക്കുറിച്ചുള്ള പ്രാഥമികാന്വേഷണങ്ങള്‍ക്കപ്പുറത്തേക്ക് അത് ഒരു ജനതയുടെ ജീവിതത്തെ എങ്ങനെയാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നതെന്നും എങ്ങനെയാണ് രാഷ്ട്രീയ സാംസ്കാരിക മൂല്യങ്ങളെ നിരന്തരമായി ഉല്‍പ്പാദിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്നുംകൂടി പഠിക്കേണ്ടതുണ്ട്: അപ്പോള്‍ ഈ സിനിമകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരം ഇമേജുകളുടെ ജീവിതസഞ്ചാരത്തെക്കുറിച്ചുകൂടിയുള്ള അന്വേഷണങ്ങളും പഠനങ്ങളുമായി മാറേണ്ടതുണ്ട്.

സിനിമയിലെ കാലം ചരിത്രമായും സ്ഥലം സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ പരിസരമായും മാറുകയാണ് ചെയ്യുന്നത്. സിനിമയുടെ സ്ഥലകാലങ്ങളിലൂടെയുള്ള സഞ്ചാരം സൃഷ്ടിക്കുന്ന കാഴ്ചയുടെ വ്യത്യസ്താനുഭവങ്ങളിലൂടെയാണ് ആശയങ്ങളുടെ സാംസ്കാരിക ബിംബങ്ങള്‍ രൂപം പ്രാപിക്കുന്നത്. നമ്മള്‍ സിനിമയില്‍ കാണുന്ന രാജ്കപൂര്‍, എം ജി ആര്‍, ശിവാജി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, ഷാരൂഖ് ഖാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാര്‍ അവരുടെ ഭൌതികാസ്ത്വമാത്വത്തില്‍നിന്നും രൂപങ്ങളില്‍നിന്നും വിമോചിതരായി, വ്യത്യസ്ത സ്ഥലകാലങ്ങളില്‍ നിന്ന് പിറവികൊള്ളുന്ന ആശയങ്ങളും പ്രതീകങ്ങളും ബിംബങ്ങളുമായി മാറുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെയും അതിന്റെ സഞ്ചാരങ്ങളെയും നമ്മുടെ ദേശത്തിന്റെ നഗരവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായും ദേശീയതാ രൂപീകരണത്തിന്റെ ഭാഗമായും കൂടി വീക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങളും ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് 1947 മുതലുള്ള ഇന്ത്യന്‍ സിനിമകളുടെ ചരിത്രാന്വേഷണം സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജീവിതത്തിന്റെ ഗ്രാമ-നഗരദൃശ്യങ്ങളുടെയും കൂടിയുള്ള അന്വേഷണപദ്ധതിയായി വികസിപ്പിക്കേണ്ടതാണ്. അങ്ങിനെയുണ്ടാവേണ്ട അന്വേഷണങ്ങളുടെ ഒരു പരിസരത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. ഓരോ കാലത്തെയും പ്രധാന സിനിമകളെ വിശദമായി പരിശോധിച്ചുകൊണ്ട്, അതെങ്ങനെയാണ്, അതിന്റെ പ്രമേയത്തിലൂടെ, കഥാപാത്രങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ, നഗരം, ഗ്രാമം, ദേശീയത, പൌരത്വം, അധികാരം, കുടുംബം, പൌരസമൂഹം എന്നിവയെ അടയാളപ്പെടുത്തിയിരിക്കുന്നതെന്നുള്ള വ്യത്യസ്തങ്ങളായ പഠനങ്ങളുണ്ടാവണമെന്നുള്ള പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സൂചനകള്‍ നല്‍കുക മാത്രമാണിവിടെ ചെയ്യുന്നത്.

ഗ്രാമീണ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയും അതിവേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ ജീവിതവും എങ്ങനെയാണ് സംഘര്‍ഷങ്ങളുടെയും സമന്വയങ്ങളുടെയും പാഠങ്ങളെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മുടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ വെളിപ്പെടുത്തുന്നുണ്ട്. ആധുനികവല്‍ക്കരണത്തെക്കുറിച്ചുള്ള സ്വാതന്ത്ര്യാനന്തര സംവാദങ്ങള്‍ പലപ്പോഴും ദേശീയതയും രാഷ്ട്രനിര്‍മിതിയുമായി ബന്ധപ്പെട്ടാണ് വളര്‍ന്ന് വന്നത്. അക്കാലത്തെ സിനിമകള്‍; കഥാപാത്രസൃഷ്ടി, പ്രമേയ പരിസരം, സംഗീതം, എന്നിവയുടെ ബോധപൂര്‍വമായ ക്രമീകരണത്തിലൂടെ ഈ ആധുനികസംസ്കൃതിയെക്കുറിച്ചുള്ള സംവാദങ്ങളെ കൂടുതല്‍ വിപുലമാക്കിക്കൊണ്ടിരിക്കുന്നതായി കാണാം. നഗരങ്ങളുടെ ആധുനികത, ആധുനിക വിദ്യാഭ്യാസം, പുതിയ തൊഴില്‍ മേഖലകള്‍, ഗ്രാമങ്ങള്‍ക്ക് അപ്രാപ്യമായ ജീവിതരീതികള്‍ എന്നിവയൊക്കെ സമൂഹത്തിന്റെ പുരോഗതിയുടെയും ഉയര്‍ന്ന സാംസ്കാരികാവബോധത്തിന്റെയും അടയാളങ്ങളായി ഓരോ സിനിമകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടി നഗരങ്ങളില്‍ പുതിയ തൊഴിലുകളിലും വ്യവസായ സംരംഭങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നവര്‍, പരിഷ്കാരികളും സംസ്ക്കാരമുള്ളവരും പുരോഗമനവാദികളുമായി ചിത്രീകരിക്കപ്പെടുകയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തി പുതിയ പരിസരവും ജീവിത രീതികളുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സംസ്കാര വിഹീനരും അപരിഷ്കൃതരുമായി പരിഹസിക്കപ്പെടുകയും ചെയ്യുന്ന രീതി എല്ലാ ഭാഷാ ചിത്രങ്ങളിലും തുടര്‍ന്നിരുന്നതായി കാണാം. കര്‍ഷകര്‍, കാര്‍ഷികത്തൊഴിലാളികള്‍ തുടങ്ങി ഗ്രാമീണ പാശ്ചാത്തലമുള്ളവരെ സംസ്ക്കാരമില്ലാത്തവരായി അധിക്ഷേപിക്കുന്ന നഗരത്തിലെ പരിഷ്ക്കാരികള്‍ അക്കാലങ്ങളിലെ സിനിമകളില്‍ ധാരാളമായി കണ്ടെത്താനാവും. പില്‍ക്കാലത്ത് ദേശീയതയുടെയും രാഷ്ടനിര്‍മിതിയുടെയും കപട മുദ്രാവാക്യങ്ങള്‍, ഹിംസാത്മക ഹിന്ദുത്വ ദേശീയതയുടെ വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ചകാണാനാകും. മദര്‍ ഇന്ത്യ പോലുള്ള സിനിമകളില്‍ നിന്ന് റോജ, ബോംബെ, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളിലേക്കുള്ള യാത്രകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ പുതിയ വേഷങ്ങളണിയുന്നത് കാണാനാവും.

സാഹിത്യത്തിലും സിനിമയിലും ഒക്കെ നഗരം വ്യത്യസ്തവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും നിരന്തര സംഘര്‍ഷസ്ഥലമായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. ഒരു ഭാഗത്ത് നിരന്തരം നിര്‍മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ ആഹ്ളാദാരവങ്ങള്‍ ഉയരുമ്പോള്‍ മറുഭാഗത്തു നിരന്തരം തകര്‍ക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിലവിളികള്‍ ഉയരുന്നത്; സിനിമകളുടെ ഇമേജുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്താനാവും. തിരക്കുള്ള നഗരസ്ഥലങ്ങളിലൂടെ അന്യവല്‍ക്കരിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍, വന്‍ കെട്ടിടങ്ങളുടെ പേടിപ്പെടുത്തുന്ന ഉയരങ്ങള്‍ക്കും വാഹനത്തിരക്കില്‍ ഞെരുങ്ങുന്ന നിരത്തോരങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍, അപ്രസക്തസാന്നിധ്യങ്ങളായി മാറുന്നത് സിനിമകളുടെ ദൃശ്യങ്ങളില്‍ നിന്ന് നമുക്ക് വേഗം വായിച്ചെടുക്കാനാവും. നഗരത്തിനുള്ളിലായിരിക്കുമ്പോള്‍ തന്നെ ഈ ദരിദ്രരായ മനുഷ്യര്‍ നഗരത്തിനന്യരായിത്തീരുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് ഈ നഗരങ്ങളിലെത്തിപ്പെടുന്ന കുട്ടികളും ചെറുപ്പക്കാരും ആണ് പിന്നീട്, ഈ നഗരത്തിന്റെ തിരസ്കാരത്തെ അതിജീവിച്ചുകൊണ്ട്, നഗരത്തിന്റെ അധോലോകങ്ങളെ നിയന്ത്രിക്കുകയും, നഗരത്തിന്റെ അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുകയും ചെയ്തുകൊണ്ട് സിനിമയിലെ നായകരായി മാറുന്നത്.

ഹിന്ദിസിനിമകളിലെയും മലയാളമടക്കമുള്ള എല്ലാ പ്രാദേശികഭാഷകളിലേയും സിനിമകളില്‍ ഒരേ സമയം സംഭവിക്കുന്നത് ഇതാണ്. ഈ നഗരാധികാരത്തെയും അതിന്റെ ഉയരങ്ങളെയും വെല്ലുവിളിക്കുന്ന നായകരെ വര്‍ത്തമാനകാലത്തിന്റെ ഭീഷണികളും വ്യാമോഹങ്ങളും പ്രലോഭനങ്ങളും കൊണ്ട് തകര്‍ന്നുപോവുന്ന സാധാരണ മനുഷ്യര്‍, സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ആറാം തമ്പുരാനിലെ നായകന്‍ ജഗന്നാഥന്‍ (മോഹന്‍ലാല്‍) പ്രത്യക്ഷപ്പെടുന്ന ആദ്യദൃശ്യങ്ങള്‍ മുതല്‍ ആധുനികകാലത്തിന്റെ നഗരവും അതിന്റെ ജീവിതരീതികളും അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉയര്‍ച്ചയില്‍നിന്നാണ് ജഗന്നാഥന്‍ തന്റെ എതിരാളിയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. പണവും അധികാരവുമായി ശരീരബലവും അതിന്റെ അക്രമാത്മകനിലപാടുകളും, യുദ്ധത്തിലേര്‍പ്പെടുന്നതോടെ പ്രേക്ഷകര്‍ ആശ്വാസത്തിന്റെ മറ്റൊരുതലം സ്വീകരിക്കുകയാണ്. നഗരത്തിലെത്തി നഗരത്തെ കീഴ്പ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന നായകനില്‍, സാധാരണക്കാര്‍, തങ്ങള്‍ക്കു വേണ്ടിക്കൂടി പ്രതിക്രിയകള്‍ ചെയ്യുന്ന ഒരു രക്ഷാപുരുഷനെ ദര്‍ശിക്കുന്നുണ്ട്. ഈ നായകന്‍ തന്നെയാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയും ഗ്രാമത്തിന്റെ ലാളിത്യത്തെയും സൌന്ദര്യത്തെയും പാരമ്പര്യ സംസ്കൃതിയെയും ഒക്കെ രക്ഷിച്ചെടുക്കാനുള്ള ദൌത്യങ്ങളിലേ ര്‍പ്പെടുകയും ചെയ്യുന്നത്. ആറാം തമ്പുരാനിലെ നായകനെയും അതിന്റെ കഥാപരിസരങ്ങളെയും പരിശോധിച്ചാല്‍ ഈ വസ്തുതകള്‍ വ്യക്തമാകും. ഉസ്താദിലെ നായകനും നഗരത്തിന്റെ ഇളക്കങ്ങളിലും അധോലോകങ്ങളിലും എങ്ങിനെയാണ് ഹിംസാത്മക സാന്നിധ്യമായി വ്യാപരിക്കുന്നതെന്നും ഇതേ ആള്‍ തന്നെ ഗ്രാമപ്രകൃതിയുള്ള സ്വന്തം വീട്ടിലെത്തുമ്പോള്‍ സൌമ്യനും മര്യാദക്കാരനും സ്നേഹസമ്പന്നനും രക്ഷകനുമാകുന്നതെന്നും പരിശോധിക്കാവുന്നതാണ്.

പരമ്പരാഗതമായി ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ സാമൂഹ്യഘടനയുടെ അധികാര കേന്ദ്രങ്ങളും ബന്ധങ്ങളും ദുര്‍ബലമാവുകയും, നഗരത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തത് 1930-കള്‍ക്ക് ശേഷം പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തരകാലത്താണ്. ഗ്രാമത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരഘടനയില്‍, ദുര്‍ബല ജനവിഭാഗം നിരന്തരം നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും, അവര്‍ ഗ്രാമത്തില്‍ പേരുകൊണ്ട് തിരിച്ചറിയപ്പെട്ടിരുന്നവരും പരിചിതരുമായിരുന്നു. പക്ഷേ അധികാരം നഗരത്തിലേക്ക് മാറുകയും കേന്ദ്രീകരിക്കപ്പെടുകയും ചെയ്തപ്പോള്‍, അധികാരഘടനയിലെ കീഴാളരായ സാധാരണക്കാര്‍, തിരിച്ചറിയലിന്റെ മുഖങ്ങളോ മേല്‍വിലാസമോ ഇല്ലാത്തവരായിത്തീര്‍ന്നു എന്ന വ്യത്യാസം കൂടി വന്നുചേര്‍ന്നു. നഗരത്തില്‍ പരസ്പരം ഇടപഴകുന്നവരും കണ്ടുമുട്ടുന്നവരും ഏറെക്കുറെ അപരിചിതരായിത്തന്നെ തുടരുന്നവരാണ്. അവരുടെ സാമൂഹ്യപദവി പെട്ടെന്ന് തിരിച്ചറിയപ്പെടുന്നില്ല. പക്ഷേ ഗ്രാമത്തില്‍ എല്ലാവരുടെയും സാമൂഹ്യ പദവി സുതാര്യവും പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന വിധത്തിലുമാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള ഗ്രാമങ്ങളില്‍നിന്നാണ് നമ്മുടെ സിനിമകളിലെ നായകരും മറ്റു കഥാപാത്രങ്ങളും ഒക്കെ പണ്ടുമുതല്‍ക്കേ നഗരത്തിന്റെ അപരിചിതത്വത്തിലേക്കും, വ്യാമോഹങ്ങളിലേക്കും പ്രലോഭനങ്ങളിലേക്കും ചേക്കേറിയത്. പണ്ടൊക്കെ എല്ലാ ഹിന്ദിസിനിമകളിലും ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ബോംബെയ്ക്കാണ് പൊയ്ക്കൊണ്ടിരുന്നത്.

നഗരം ഉന്മാദത്തോളം ഉയരുന്ന ആഹ്ളാദങ്ങളുടെയും ദുരന്തങ്ങളുടെ നിലവിളികളുടെയുംകൂടി സ്ഥലമായാണ് സിനിമകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. രാജ്‌കപൂറിന്റെയും ഗുരുദത്തിന്റെയും ഒക്കെ സിനിമകളിലൂടെ സഞ്ചരിക്കുമ്പോഴും നഗരം മേല്‍പ്പറഞ്ഞ രൂപകങ്ങളായി പ്രത്യക്ഷപ്പെടുന്നത് കാണാം. എഴുപതുകളിലെയും എണ്‍പതുകളിലെയും ഹിന്ദി സിനിമകളിലും നഗരം വര്‍ത്തമാനത്തിന്റെ കലഹങ്ങളുടെയും ക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടങ്ങളാകുന്നത് പ്രതിഫലിക്കുന്നുണ്ട്. സെയ്ദ് മിര്‍സയുടെ സിനിമകളെല്ലാം ബോബെയുടെ ആന്തരികമായ സംഘര്‍ഷയാത്രകളാണ്. ഗോവിന്ദ് നിഹലാനി, കുന്ദന്‍ഷാ തുടങ്ങിയവരും എണ്‍പതുകളിലെ നഗരത്തിന്റെ അന്തര്‍ഭാഗത്തേക്കാണ് സഞ്ചരിച്ചത്.

സിനിമയുടെ ആഖ്യാനപരിസരത്ത് നഗരവും ഗ്രാമവും അതിന്റെ ദൃശ്യബിംബങ്ങളും മനുഷ്യരും എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നതെന്നുള്ള നിരവധി അന്വേഷണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. നടീനടന്മാരുടെ ശരീരഭാഷയും വേഷങ്ങളും അത്ഭുതകരമായ വേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെടുകയും സുതാര്യമായിരുന്ന ജീവിതപരിസരവും മനുഷ്യജീവിതങ്ങളും സങ്കീര്‍ണമായ അപരിചിതത്വത്തിലേക്ക് വികസിക്കുന്നതെങ്ങിനെയെന്നും പരിശോധിക്കുന്ന പഠനങ്ങള്‍ നമുക്കുണ്ടാവേണ്ടതുണ്ട്. ഇന്ന്, നഗരവല്‍ക്കരിക്കപ്പെട്ട ആണ്‍ ശരീരങ്ങളാകെ ഹിംസയുടെ അക്രമോത്സുക സ്വഭാവങ്ങള്‍ കൈവരിക്കുന്ന വസ്തുക്കളായിത്തീരുകയാണ്. ഏത് നിമിഷവും പൊട്ടിയൊഴുകാന്‍ പാകത്തില്‍ ഹിംസയുടെ തിരമാലകള്‍ എല്ലാ ശരീരങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ എല്ലാ സിനിമകളുടെയും ആഖ്യാനഘടനയ്ക്കകത്ത് വളരെ പ്രകടമായ സാന്നിധ്യങ്ങളായി രൂപംപ്രാപിക്കുന്നു.

സിനിമയുടെ വളര്‍ച്ചയും നഗരത്തിന്റെ വളര്‍ച്ചയും ഒരേകാലത്ത് പരസ്പരപൂരകമായി സംഭവിച്ച സാമൂഹികവികാസമാണ്. വ്യാവസായിക വിപ്ളവത്തിന് തുടക്കമിട്ടുകൊണ്ടുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഫാക്ടറികളുടെ ഉയര്‍ന്നുവരവും, കമ്പോളത്തിന്റെ വികാസവും, ഉപഭോഗത്തിന് അനുയോജ്യമായ പുതിയ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും, നഗരത്തിന്റെ ശരീരത്തെ വികസിപ്പിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. പുതിയ തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആധുനിക നിരത്തുകള്‍, വാഹനങ്ങള്‍, തീവണ്ടി, ആധുനിക വിനോദോപാധികളായി ഇടം നേടിയ സിനിമ എന്നിങ്ങനെ എല്ലാം ആധുനിക നഗരവല്‍ക്കരണത്തിന്റെ സാംസ്കാരികവഴികളിലെ സാന്നിധ്യങ്ങളായി. എല്ലാ നഗരങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലെ ചെറുപട്ടണങ്ങളിലും സിനിമ തിയേറ്ററുകള്‍ ജനജീവിതത്തിന്റെ ആധുനിക ആനന്ദോത്സവഇടങ്ങളായി രൂപംകൊണ്ടു. പരമ്പരാഗതമായ ഗ്രാമചന്തകളിലും മതബന്ധിതമായ ഉത്സവങ്ങളിലും ആഘോഷങ്ങളിലും ചുറ്റിത്തിരിഞ്ഞിരുന്ന ഗ്രാമീണജീവിതങ്ങള്‍ നഗരത്തിലെ കമ്പോളങ്ങളിലേക്കും സിനിമാതീയേറ്ററുകളിലേക്കും പുതിയ ആവശ്യങ്ങളെയും ആനന്ദത്തെയും അന്വേഷിച്ച് സഞ്ചരിച്ചുതുടങ്ങി. നഗരം ഒരാകര്‍ഷണമായി, വാഗ്ദാനമായി, സ്വപ്നഭൂമിയായി സാധാരണഗ്രാമങ്ങള്‍ക്ക് മേല്‍ പ്രലോഭനങ്ങളുടെ ആകാശവാതിലുകള്‍ തുറന്നു. നഗരവും അതുല്‍പ്പാദിപ്പിക്കുന്ന, ഉല്‍പ്പന്നങ്ങളും പുതിയ ജീവിതരീതികളും ചിന്തകളും ഒക്കെ പരിഷ്കാരത്തിന്റെയും ആധുനികതയുടെയും അടയാളങ്ങളായി. നഗരങ്ങളില്‍ രാപ്പാര്‍ക്കാനും പുരോഗതിയുടെ മഴവില്ലുകളില്‍ സ്വന്തം സ്വപ്നങ്ങളുടെ നിറങ്ങള്‍ അന്വേഷിക്കാനും മനുഷ്യര്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനൊപ്പംതന്നെ ജീവിതത്തിന്റെ പുതിയ ഇമേജുകളും സന്ദേശങ്ങളുമായി തദ്ദേശീയ പരിസരങ്ങളില്‍നിന്ന് അതിന്റെ സഞ്ചാരങ്ങളുടെ വഴികള്‍ തുറന്നുകൊണ്ടിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ സിനിമ ജനിച്ചത് തന്നെ നഗരത്തില്‍ നിന്നായിരുന്നു. സിനിമയുടെ ആകര്‍ഷണത്തില്‍ വ്യാമുക്തരായ എല്ലാവരും നഗരങ്ങളില്‍ നിന്നാണ് അതിന്റെ സാങ്കേതിക പാഠങ്ങള്‍ ശീലിച്ചത്. ഇന്ത്യന്‍ സിനിമയിലെ ആദ്യസിനിമ നിര്‍മിച്ച ദാദാ സാഹേബ് ഫാല്‍ക്കേയും കാഴ്ചയുടെ പ്രലോഭനങ്ങളിലും ആകര്‍ഷണത്തിലുംപെട്ട്, ജീവിതത്തിന്റെ ഭൌതികദുരിതങ്ങളെ മറികടന്ന്, സിനിമയുടെ സങ്കേതങ്ങള്‍തേടി ലണ്ടന്‍ നഗരത്തിലേക്കാണ് പോയത്.

എല്ലാ സിനിമകളിലും നഗരത്തിന്റെ അടയാളങ്ങളും പ്രലോഭനങ്ങളും പ്രതീക്ഷകളും ചിതറിക്കിടക്കുന്നുണ്ട്. ഇന്ന് ലോകത്തെ എല്ലാ ഭാഷകളിലെയും സിനിമകളിലേക്ക് സഞ്ചരിക്കുമ്പോള്‍, എല്ലാക്കാലത്തും സിനിമകളില്‍ അതാത് നഗരങ്ങളുടെ ശബ്ദങ്ങളും മുദ്രകളും ജീവിതത്തിന്റെ ഇമേജുകളായി നിലകൊണ്ടിരിക്കുന്നത് കാണാനാവും. നഗരങ്ങളില്‍നിന്ന് വിപ്ളവശക്തികള്‍ രൂപംകൊള്ളുന്നതും ഭരണകൂടങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നതും സിനിമകളുടെ പ്രമേയത്തെ ജ്വലിപ്പിക്കുന്ന അനുഭവങ്ങളായി മാറിയിട്ടുണ്ട്. ചാപ്ളിന്‍, ഗൊദാര്‍ദ്, ഫെല്ലിനി, ത്രൂഫോ, അന്റോണിയോണി, ഡിസിക്ക തുടങ്ങി നിരവധി ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ നഗരം വ്യത്യസ്തപ്രമേയങ്ങളും ഭാവങ്ങളും സൃഷ്ടിച്ചിട്ടുള്ളതും സിനിമയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളാണ്. ചാര്‍ളിചാപ്ളിന്റെ തെരുവുതെണ്ടി, നിരവധി സിനിമകളില്‍ നഗരത്തിന്റെ ശക്തിയിലേക്കും കാപട്യങ്ങളിലേക്കും അധികാരത്തിന്റെ ആഢംബരങ്ങളിലേക്കും സഞ്ചരിച്ചിട്ടുള്ളത് കാണാം. ചാപ്ളിന്റെ സിറ്റിലൈറ്റ്സ്, മോഡേണ്‍ ടൈംസ്, മോണ്‍സ്യൂര്‍ വെര്‍ദോ തുടങ്ങിയ സിനിമകളില്‍ ആധുനികനഗരത്തിന്റെ മുതലാളിത്തശരീരവും മനസും, ബൂര്‍ഷ്വാമൂല്യങ്ങളുടെ വൈരുധ്യങ്ങള്‍ക്കിടയില്‍ കലങ്ങിമറിയുന്നതും നമുക്ക് കാണാനാവും.

അതുകൊണ്ട് സിനിമകളിലൂടെയുള്ള ഒരു യാത്ര, ചുരുളഴിയുന്ന ഓര്‍മകള്‍പോലെ വ്യത്യസ്തകാലങ്ങളിലെ ജീവിതങ്ങളുടെ ബിംബങ്ങളിലൂടെയുള്ള യാത്രയുമാകും. ഈ സിനിമകള്‍ നഗരസംസ്കൃതിയിലേക്കുള്ള മനുഷ്യരുടെ സഞ്ചാരവഴികളെ എത്രമാത്രം പ്രതിഫലിപ്പിച്ചിരുന്നുവെന്നും, അടയാളപ്പെടുത്തിയിരുന്നുവെന്നും ലളിതമായ അന്വേഷണങ്ങളില്‍നിന്നും ആലോചനകളില്‍നിന്നും ബോധ്യമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ വളര്‍ച്ചയെയും ലക്ഷ്യങ്ങളെയും ആദര്‍ശങ്ങളെയും നമ്മുടെ സിനിമകള്‍ എങ്ങിനെ പ്രതിഫലിപ്പിച്ചിരുന്നുവെന്ന് മുഖ്യധാരാ സിനിമകളും, സമാന്തരസിനിമകളും പരിശോധിച്ചാല്‍ കണ്ടെത്താനാവും. മദര്‍ഇന്ത്യ പോലുള്ള ചില സിനിമകള്‍ ഉദാഹരണമായെടുക്കാവുന്നതാണ്.

ബംഗാള്‍ വിഭജനത്തിനുശേഷം കിഴക്കന്‍ ബംഗാളില്‍നിന്ന് വീടും ജന്മസ്ഥലവും നഷ്ടപ്പെട്ട് കല്‍ക്കത്തയിലേക്കും മറ്റു നഗരങ്ങളിലേക്കും എത്തിയതിന്റെ അനുഭവചിത്രങ്ങള്‍ ഋത്വിക്ഘട്ടക്കിന്റെ സിനിമകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഈ നഗരപരിസരങ്ങളില്‍ നിന്നാണ് ഘട്ടക്കിന്റെ പ്രശസ്തമായ മേഘാധക്കാതാരയൊക്കെ പിറക്കുന്നതും. ഘട്ടക്കിന്റെ സുവര്‍ണരേഖയും വലിയനഗരത്തിന്റെ ആക്രോശങ്ങളിലേക്കും ഏകാന്തതകളിലേക്കും അന്യവല്‍ക്കരണങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ട് മുതലാളിത്തനാഗരികതയുടെ ആധുനികതയെ അടയാളപ്പെടുത്തിയിട്ടുണ്ട്. സത്യജിത് റായിയുടെ സിനിമകളിലും കല്‍ക്കത്ത നഗരത്തിന്റെ ഇരമ്പലുകളും ആധുനികതയും മൂല്യത്തകര്‍ച്ചയും കണ്ടെടുക്കാനാവും. മഹാനഗര്‍, പ്രതിദ്വന്ദി സീമാബദ്ധ, ജനാരണ്യ എന്നീ സിനിമകളൊക്കെ സാധാരണ മനുഷ്യരുടെ അസ്തിത്വത്തെ ചവിട്ടിമെതിക്കുന്ന നഗരത്തിന്റെ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. സത്യജിത് റായിയുടെ സിനിമകള്‍പോലെതന്നെ മൃണാള്‍സെന്നിന്റെ സിനിമകളും കല്‍ക്കത്ത നഗരത്തിന്റെ ജീവിതാവസ്ഥകളെക്കുറിച്ചും തിളച്ചുമറിയുന്ന രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ, കല്‍ക്കത്ത 71, പദാതിക് എന്നീ സിനിമകള്‍ കല്‍ക്കത്താ നഗരത്തിന്റെ രാഷ്ട്രീയ മുഴക്കങ്ങളെയും പ്രക്ഷോഭങ്ങളെയും അടയാളപ്പെടുത്തുന്ന ഒരു സിനിമത്രയമായി രൂപപ്പെട്ടിട്ടുള്ളതാണ്.

മേല്‍സൂചിപ്പിച്ച പലതിനെക്കുറിച്ചുമുള്ള വിശദമായ വിശകലനങ്ങളും പഠനങ്ങളും ചലച്ചിത്രത്തിന്റെ പുതിയ പഠനമേഖലകളായി വികസിക്കേണ്ടതുണ്ട്. രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക ഘടനകളിലെ മാറ്റങ്ങള്‍ നഗരങ്ങളിലും മനുഷ്യരിലും, നഗരങ്ങളില്‍നിന്ന് പിറവികൊള്ളുന്ന സിനിമകളിലും എങ്ങിനെയാണ് പ്രതിഫലിക്കുന്നത് എന്നുമുള്ള ഗവേഷണാത്മക അന്വേഷണങ്ങള്‍ ഉണ്ടാവേണ്ടതിനെക്കുറിച്ചുമുള്ള ആഗ്രഹങ്ങളും ചിന്തകളുമാണീക്കുറിപ്പ്.

*
വി.കെ.ജോസഫ്
(കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാണ് ശ്രീ.വി.കെ.ജോസഫ്)
കടപ്പാട്: ബീം രജതജൂബിലി സ്മരണിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രാമീണ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയും അതിവേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ ജീവിതവും എങ്ങനെയാണ് സംഘര്‍ഷങ്ങളുടെയും സമന്വയങ്ങളുടെയും പാഠങ്ങളെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മുടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ വെളിപ്പെടുത്തുന്നുണ്ട്. ആധുനികവല്‍ക്കരണത്തെക്കുറിച്ചുള്ള സ്വാതന്ത്ര്യാനന്തര സംവാദങ്ങള്‍ പലപ്പോഴും ദേശീയതയും രാഷ്ട്രനിര്‍മിതിയുമായി ബന്ധപ്പെട്ടാണ് വളര്‍ന്ന് വന്നത്. അക്കാലത്തെ സിനിമകള്‍; കഥാപാത്രസൃഷ്ടി, പ്രമേയ പരിസരം, സംഗീതം, എന്നിവയുടെ ബോധപൂര്‍വമായ ക്രമീകരണത്തിലൂടെ ഈ ആധുനികസംസ്കൃതിയെക്കുറിച്ചുള്ള സംവാദങ്ങളെ കൂടുതല്‍ വിപുലമാക്കിക്കൊണ്ടിരിക്കുന്നതായി കാണാം. നഗരങ്ങളുടെ ആധുനികത, ആധുനിക വിദ്യാഭ്യാസം, പുതിയ തൊഴില്‍ മേഖലകള്‍, ഗ്രാമങ്ങള്‍ക്ക് അപ്രാപ്യമായ ജീവിതരീതികള്‍ എന്നിവയൊക്കെ സമൂഹത്തിന്റെ പുരോഗതിയുടെയും ഉയര്‍ന്ന സാംസ്കാരികാവബോധത്തിന്റെയും അടയാളങ്ങളായി ഓരോ സിനിമകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടി നഗരങ്ങളില്‍ പുതിയ തൊഴിലുകളിലും വ്യവസായ സംരംഭങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നവര്‍, പരിഷ്കാരികളും സംസ്ക്കാരമുള്ളവരും പുരോഗമനവാദികളുമായി ചിത്രീകരിക്കപ്പെടുകയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തി പുതിയ പരിസരവും ജീവിത രീതികളുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സംസ്കാര വിഹീനരും അപരിഷ്കൃതരുമായി പരിഹസിക്കപ്പെടുകയും ചെയ്യുന്ന രീതി എല്ലാ ഭാഷാ ചിത്രങ്ങളിലും തുടര്‍ന്നിരുന്നതായി കാണാം. കര്‍ഷകര്‍, കാര്‍ഷികത്തൊഴിലാളികള്‍ തുടങ്ങി ഗ്രാമീണ പാശ്ചാത്തലമുള്ളവരെ സംസ്ക്കാരമില്ലാത്തവരായി അധിക്ഷേപിക്കുന്ന നഗരത്തിലെ പരിഷ്ക്കാരികള്‍ അക്കാലങ്ങളിലെ സിനിമകളില്‍ ധാരാളമായി കണ്ടെത്താനാവും. പില്‍ക്കാലത്ത് ദേശീയതയുടെയും രാഷ്ടനിര്‍മിതിയുടെയും കപട മുദ്രാവാക്യങ്ങള്‍, ഹിംസാത്മക ഹിന്ദുത്വ ദേശീയതയുടെ വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ചകാണാനാകും. മദര്‍ ഇന്ത്യ പോലുള്ള സിനിമകളില്‍ നിന്ന് റോജ, ബോംബെ, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളിലേക്കുള്ള യാത്രകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ പുതിയ വേഷങ്ങളണിയുന്നത് കാണാനാവും.