
1929 ഡിസംബര്‍ 24ന്റെ ആ രാത്രിയിലാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന ചരിത്ര നാടകം അരങ്ങേറിയത്. കേരളത്തിന്റെ ഗതിയെതന്നെ മാറ്റിമറിച്ച ചരിത്രപോരാട്ടത്തിന്റെ അരങ്ങേറ്റമായി അത് മാറി. എട്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കത്തിച്ച ആ ജ്വാല സ്ത്രീ സമൂഹത്തിന് ഇന്നും വഴികാട്ടിയാണ്.
അക്കാലത്ത് മൂസ്സ് നമ്പൂതിരിമാര്‍ക്ക് (മൂത്ത മകന്‍) മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളു. അപ്ഫന്മാര്‍ക്ക് സംബന്ധംമാത്രം. ഇളയവര്‍ വിവാഹം കഴിക്കുന്നത് നിരോധിച്ചതു നിമിത്തം മൂന്നിലൊന്ന് നമ്പൂതിരി സ്ത്രീകള്‍ മംഗല്യഭാഗ്യമില്ലാത്തവരായി തീര്‍ന്നു. ഇതിനു ബദലായി മൂത്തയാള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് ഏര്‍പ്പെടുത്തി. ഇതു മൂലം പല കന്യകമാര്‍ക്കും വരനായി ലഭിച്ചത് വൃദ്ധനമ്പൂതിരിമാരെയാണ്. കന്യകയായി മരിക്കുന്നതിലെ പാപം ഒഴിവാക്കാന്‍ ഏതെങ്കിലും കിളവന്മാരോട് പേരിന് കൈപിടിക്കല്‍ ചടങ്ങ് നടത്തുക വരെ പതിവായി. പലരിലും പാതിവ്രത്യസംശയം ആരോപിക്കപ്പെട്ടു. ഇത് തെളിയിക്കാന്‍ അതിക്രൂരമാംവിധം സ്മാര്‍ത്ത വിചാരവും ഏര്‍പ്പെടുത്തി. (പില്‍ക്കാലത്ത് നടന്ന കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.)
സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഒടുങ്ങാത്ത രോഷത്തിന്റെ പ്രതികരണമായിരുന്നു വി ടി യുടെ നാടകം. യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മര്‍ദം മൂലം കൊച്ചി രാജാവ് 'നമ്പൂതിരി ബില്ലി'ന് നിയമസാധുത നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു നാടകത്തിന്റെ പിറവി. നമ്പൂതിരിക്ഷേമ സഭയുടെ 22-ാം വാര്‍ഷികത്തിന്റെ ഭാഗമായി എന്തുവിലകൊടുത്തും നാടകം അവതരിപ്പിക്കണമെന്ന വാശിയിലായിരുന്നു വി ടി. പ്രേംജി, ഇ എം എസ്, എംപി നരിക്കാട്ടിരി, കുമ്മിണി പരമേശ്വരന്‍, കുറുമാംപിള്ളി, മുത്തിരിങ്ങോട്ട് എന്നിവര്‍ വി ടി ക്ക് കരുത്തേകി.
പന്ത്രണ്ടാം രംഗത്തിലാണ് കര്‍ക്കടകാംകുന്നത്ത് അച്ഛന്‍ നമ്പൂതിരിയുടെ വേളി. ഈ രംഗത്ത് വരന്റെ അകമ്പടിയായി വേഷമിട്ടത് ഇ എം എസായിരുന്നു. മറ്റൊരു രംഗത്ത് പുല്ലരിയാനെത്തുന്ന ചെറുമിപ്പെണ്ണിന്റെ വേഷത്തില്‍ മുല്ലപ്പിള്ളി ബ്രഹ്മദത്തനും രംഗത്തെത്തിയതോടെ ആഢ്യവര്‍ഗത്തിനു അരിശംപൂണ്ടു. നാടകത്തിനൊടുവില്‍ ഓലക്കുടയുടെ മറവില്‍ നിന്ന് തേതിയെ മോചിപ്പിച്ച് മാധവന്‍ എത്തുമ്പോള്‍ നാടകം കണ്ടിരുന്ന പലരും സ്വയം മറന്നു. വധൂവരന്മാരെ ആശീര്‍വദിക്കാന്‍ മന്ത്രോച്ചാരണങ്ങളുമായി അവര്‍ വേദിയിലേക്കു നീങ്ങി. ഇത് അന്തര്‍ജനങ്ങളുടെ വിമോചനപ്രഖ്യാപനമായി മാറി.
എതിര്‍പ്പുകള്‍ക്കിടയിലും കേരളക്കരയാകെ നാടകം സഞ്ചരിച്ചു. നാടകം കണ്ട് അന്തര്‍ജനങ്ങള്‍ ആവേശഭരിതരായി. പാര്‍വ്വതി നെന്മിനിമംഗലം എന്ന അന്തര്‍ജനത്തിന്റെ അധ്യക്ഷതയില്‍ ആദ്യ അന്തര്‍ജനസമാജം രൂപംകൊണ്ടു. പിന്നീട് അന്തര്‍ജനങ്ങള്‍ മറക്കുടയില്ലാതെ ജാഥയായി വി ടി പ്രസംഗിച്ച വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. പിന്നീട് മേല്‍ക്കുപ്പായമിടാനും തുടങ്ങി. സ്ത്രീകളുടെ സ്വയം ചെറുത്തുനില്‍പ്പു ഇവിടെനിന്നും തുടങ്ങി. എം ആര്‍ ബിയുടെ 'മറക്കുടക്കുള്ളിലെ മഹാനരകം', പ്രേംജിയുടെ 'ഋതുമതി' എന്നീ നാടകങ്ങള്‍ കൂടി അരങ്ങിലെത്തിയതോടെ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ബോധവതികളായി. പുതിയ സംഘടിതപ്രസ്ഥാനങ്ങള്‍ക്ക് ഇത് തുടക്കംകുറിച്ചു.
വര്‍ത്തമാന കാലഘട്ടത്തിലും പുതിയ ഭാവത്തിലും രൂപത്തിലും മറക്കുടകള്‍ നിലനില്‍ക്കുന്നുണ്ട്. അടുക്കളകളില്‍ കണ്ണീര്‍ തിളയ്ക്കുന്നുണ്ട്. പുതിയ അരങ്ങിന്റെ തിരശീല ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
*
സി എ പ്രേമചന്ദ്രന്‍ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
3 comments:
ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന രാത്രി. എടക്കുന്നി വടക്കിനിയേടത്ത് മനയുടെ തിരുമുറ്റം. വാര്‍ധക്യം മൂത്ത കര്‍ക്കടകാംകുന്നത്ത് അച്ഛന്‍ നമ്പൂതിരി 13കാരിയായ തേതിയെ വേളികഴിച്ച് വിറച്ചു വിറച്ചു വരികയാണ്. മനയുടെ നാലുകെട്ടിനകത്തിരുന്ന അന്തര്‍ജനങ്ങളുടെ കണ്ണുകളില്‍ തീക്കനലുയര്‍ന്നു. തേതിയില്‍ അവര്‍ സ്വന്തം മുഖം ദര്‍ശിച്ചു. ഇത് കേവലം നാടകമല്ല; തങ്ങളുടെ ദുരിതം തന്നെ.
1929 ഡിസംബര്‍ 24ന്റെ ആ രാത്രിയിലാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന ചരിത്ര നാടകം അരങ്ങേറിയത്. കേരളത്തിന്റെ ഗതിയെതന്നെ മാറ്റിമറിച്ച ചരിത്രപോരാട്ടത്തിന്റെ അരങ്ങേറ്റമായി അത് മാറി. എട്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കത്തിച്ച ആ ജ്വാല സ്ത്രീ സമൂഹത്തിന് ഇന്നും വഴികാട്ടിയാണ്.
ഹഹഹഹ......
ഇതൊന്നും സ്ത്രീയുടെ തിരിച്ചറിവോ...സ്ത്രീത്വത്തിന്റെ
സ്വാതന്ത്ര്യപ്രഖ്യാപനമോ അല്ല. തിരിച്ചറിവും,സ്വാതന്ത്ര്യവും,സ്ത്രീപക്ഷ ചിന്തയും
തികച്ചും പുരുഷന്റെ സൃഷ്ടിയാണ്.
സ്ത്രീയുടെ ചുമലില്‍ വച്ച് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനുള്ള പുരുഷന്റെ മഹത്വകാംക്ഷ !!!
ആയിരം കൊല്ലം അടിമയായി ജീവിക്കണമെന്ന്
അനുശാസിച്ചാലും,വേശ്യാവൃത്തി പരിപാവനമായ
ആരാധനയാണെന്ന് കല്‍പ്പിച്ചാലും,യോനിപ്പൂട്ടും,പര്‍ദ്ദയും സ്ത്രീത്വത്തിന്റെ
അന്തസ്സിന്റെ പ്രതീകമാണെന്ന് ഉദ്ബോധിപ്പിച്ചാലും
അവള്‍ വാശിപിടിച്ച് ചോദിച്ച് അണിയും.നല്ല മനോഹരമായ കള്ളക്കഥവേണമെന്ന നിര്‍ബന്ധമേയുള്ളു !!!!
nice
Post a Comment