ഉത്തരാഖണ്ഡിന്റെ ചൈനയോട് തൊട്ടടുത്ത് കിടക്കുന്ന ഭാഗമാണ് പിത്തോര്‍ഗഢ്. പത്തുവര്‍ഷത്തിനുമുമ്പത്തേതില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഈ നഗരത്തില്‍ദൃശ്യമല്ല. കുന്നിന്‍ചെരുവിലൂടെ ഊളിയിട്ടിറങ്ങുന്ന റോഡുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഏതാനും കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ അടിസ്ഥാനസൌകര്യങ്ങള്‍ പതിറ്റാണ്ടുമുമ്പത്തേതുതന്നെ. പ്രത്യേക സംസ്ഥാനവാദത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ നഗരം. പുതിയ സംസ്ഥാനം വന്നിട്ട് ഒമ്പതുവര്‍ഷം പൂര്‍ത്തിയായി. മൂന്നാമത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും പിത്തോര്‍ഗഢിന് മാറ്റമില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
പ്രത്യേക സംസ്ഥാനവാദത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന പിത്തോര്‍ഗഢിലെ മുകേഷ് പന്ത് പുതിയ സംസ്ഥാനം വരുന്നതോടെ ഉത്തരാഖണ്ഡ് വികസനത്തിന്റെ പാതയില്‍ കുതിക്കുമെന്ന് വിശ്വസിച്ച ആളാണ്. പത്തുവര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ വാദഗതികള്‍ മാറിയിരിക്കുന്നു. വികസനത്തിന് ഏതാനും പേരുടെ വികസനം എന്നര്‍ഥം വന്നിരിക്കുന്നുവെന്ന് പന്ത് പരിതപിച്ചു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെയും നേതാക്കള്‍ക്കുമാത്രമാണ് നേട്ടമുണ്ടായത്. ഉത്തരാഖണ്ഡ് പുതിയ സംസ്ഥാനമായി രൂപീകരിച്ചതോടെ ഉത്തര്‍പ്രദേശിനെ വെല്ലുന്ന അഴിമതിയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. വികസപ്രവര്‍ത്തനത്തിന്റെ പേരില്‍ കോൺഗ്രസ്-ബിജെപി നേതാക്കള്‍ കോടികളാണ് കീശയിലാക്കുന്നതെന്നും പന്ത് വെളിപ്പെടുത്തി. പുതിയ സംസ്ഥാനത്തിനുവേണ്ടി വാദിച്ച പന്തിനെപ്പോലുള്ളവര്‍ നിരാശരാണ്. വലിയ സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ ഉള്ളതില്‍നിന്ന് വ്യത്യസ്തമായി ഒന്നും നടക്കുന്നില്ലെന്ന പന്തിന്റെ വാദം ഓരോ ഉത്തരാഖണ്ഡിയുടെയും വാദമാണ്.
ജാര്‍ഖണ്ഡില്‍നിന്നുള്ള വാര്‍ത്തയും വ്യത്യസ്തമല്ല. ബിഹാറിനെ വിഭജിച്ചാണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടത്. ധാതുലവണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ സംസ്ഥാനം. ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമാകുന്നതിനേക്കാള്‍ വികസനം പുതിയ സംസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ജനങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ചെറിയ സംസ്ഥാനം രൂപംകൊണ്ടതിനൊപ്പം രാഷ്ട്രീയ അനിശ്ചിതത്വവും ജാര്‍ഖണ്ഡിന്റെ കൂടപ്പിറപ്പായി. ആദ്യം ബിജെപിയിലെ ബാബുലാല്‍ മറാണ്ടിയാണ് മുഖ്യമന്ത്രിയായത്. ഏതാനും മാസങ്ങള്‍ക്കുശേഷം ബിജെപി നേതൃത്വം അദ്ദേഹത്തെ മാറ്റി ചെറുപ്പക്കാരനായ അര്‍ജുന്‍ മുണ്ടെയെ മുഖ്യമന്ത്രിയാക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തില്‍നിന്ന് സംസ്ഥാനത്തിന് മോചനമുണ്ടായില്ല. ഈ അനിശ്ചിതത്വം മുതലെടുത്താണ് സ്വതന്ത്രനായ മധുകോഡ കോൺഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നത്. കോഡ എന്ന സ്വതന്ത്രന്‍ രണ്ടുവര്‍ഷത്തോളം ധാതുസമ്പന്നമായ സംസ്ഥാനത്തിന്റെ ഭരണം കൈയാളി. 23 മാസത്തെ ഭരണംകൊണ്ട് മധുകോഡ കീശയിലാക്കിയത് 4575 കോടി രൂപയാണ്. ഇന്ത്യയില്‍മാത്രമല്ല ആഫ്രിക്കയില്‍പ്പോലും ഖനികള്‍ വാങ്ങിക്കൂട്ടിയ മധുകോഡ ചെറിയ സംസ്ഥാനങ്ങളുടെ അധികാരം എത്രമാത്രം ദുര്‍വിനിയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്.
കാലിത്തീറ്റകുംഭകോണംപോലുള്ള കേസുകളില്‍പ്പെട്ട് ബിഹാറിലെ രാഷ്ട്രീയം മലീമസമായപ്പോള്‍ ജാര്‍ഖണ്ഡ് രൂപീകരണം അതില്‍നിന്ന് വ്യത്യസ്തമായ ഒരു മുഖച്ഛായ സൃഷ്ടിക്കുമെന്നായിരുന്നു വാദം. എല്ലാ കുംഭകോണത്തെയും കടത്തിവെട്ടി മധുകോഡ ജാര്‍ഖണ്ഡികളെ തോല്‍പ്പിച്ചു.
മേല്‍പ്പറഞ്ഞ രണ്ട് സംസ്ഥാനങ്ങള്‍ക്കൊപ്പം രൂപംകൊണ്ട മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. രാഷ്ട്രീയ അനിശ്ചിതത്വം ഈ സംസ്ഥാനത്തെ വേട്ടയാടി എന്ന് പറയാനാകില്ലെങ്കിലും തീവ്രവാദം സമാന്തര സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥിതി ഈ സംസ്ഥാനത്തിനുണ്ടായി. ആന്ധ്രപ്രദേശ് എന്ന വലിയ സംസ്ഥാനം മാവോയിസ്റ് ഭീഷണിയെ ഫലപ്രദമായി നേരിട്ടപ്പോള്‍ വെട്ടിലായത് ചെറിയ സംസ്ഥാനമായ ഛത്തീസ്‌ഗഢാണ്. മാവോയിസ്റ് നേതൃത്വം മുഴുവന്‍ ഈ സംസ്ഥാനത്ത് കേന്ദ്രീകരിക്കുകയും അവര്‍ സംസ്ഥാനത്തിനെതിരെ ആക്രമണം സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ പകച്ചുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെയാണ് കാണാനായത്. ആയിരക്കണക്കിന് ഗ്രാമീണര്‍ ഇതിനകം കൊല്ലപ്പെട്ടു. നാലുലക്ഷത്തോളം ആദിവാസികള്‍ അഭയാര്‍ഥികളാക്കപ്പെട്ടു. മാവോയിസ്റ് ഭീഷണിപോലുള്ളവ നേരിടുന്നതിനുള്ള വിഭവങ്ങളോ ആള്‍ബലമോ സംസ്ഥാനത്തിനില്ലെന്ന് വ്യക്തമാക്കപ്പെട്ടു.
ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങള്‍ 2000 നവംബറില്‍ പുനര്‍വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ടതാണ് മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളും. നേരത്തെയുള്ള അവസ്ഥയില്‍നിന്ന് ഒരിഞ്ച് മുന്നേറാന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പല കാരണംകൊണ്ട് കഴിഞ്ഞിട്ടില്ല. പുതിയ സംസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതോടെ സ്വാഭാവികമായും വികസനവും ഉണ്ടാകുമെന്ന സിദ്ധാന്തമാണ് തകര്‍ന്നടിയുന്നത്. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന പുതിയ സംസ്ഥാനമായി രൂപംകൊള്ളുന്നതോടെ അവിടെ വികസനത്തിന്റെ വെള്ളിവെളിച്ചം എത്തുമെന്ന സിദ്ധാന്തം പ്രായോഗികമായി ശരിയല്ലെന്നര്‍ഥം. കേന്ദ്രത്തോട് വിലപേശി വാങ്ങാന്‍ വലിയ സംസ്ഥാനങ്ങള്‍ക്കുള്ള കരുത്ത് ചെറിയ സംസ്ഥാനങ്ങള്‍ക്കില്ലെന്നതും വസ്തുതയാണ്.
അനുഭവം ഇതാണെങ്കിലും ദിവസം കഴിയുന്തോറും പുതിയ സംസ്ഥാനങ്ങള്‍ക്കുള്ള വാദങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുകയാണ്. പ്രധാന കാരണം വികസനത്തിന്റെ പങ്ക് തുല്യമായി വീതിക്കപ്പെടുന്നില്ല എന്നതുതന്നെ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നതോടൊപ്പം മേഖലകള്‍ തമ്മിലും വികസനത്തില്‍ വന്‍ അന്തരം ദൃശ്യമായി. ഇതിന് പ്രധാന കാരണം രണ്ട് ദശാബ്ദമായി ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ്. സാമ്പത്തിക ഉദാരവല്‍ക്കരണം വികസനം കൊണ്ടുവന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ തുച്ഛമായിരുന്നു. കൃഷി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ എല്ലാ മേഖലകളിലും ഈ വ്യത്യാസം പ്രകടമാണ്. തെലങ്കാനയും ഇതില്‍നിന്ന് ഭിന്നമല്ല. കൃഷ്ണയും ഗോദാവരിയും മറ്റും ഇവിടെനിന്ന് ഒഴുകി മറ്റു പ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കുമ്പോള്‍ എന്തുകൊണ്ട് തെലങ്കാനയിലെ കര്‍ഷകര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല? തെലങ്കാനയിലെ പാവപ്പെട്ടവരുടെ വിദ്യാര്‍ഥികള്‍ ഹൈദരാബാദിലെ ഉസ്‌മാനിയ സര്‍വകലാശാലയിലും വാറംഗലിലെ കാകതീയ സര്‍വകലാശാലകളിലും പഠിച്ച് സര്‍ക്കാര്‍ജോലി ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ സമ്പന്നരായ റെഡ്ഡിമാരുടെയും കമ്മകളുടെയും മക്കള്‍ വിദേശത്ത് പഠിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടുന്നു? ഉദാരവല്‍ക്കരണം സൃഷ്ടിച്ച ഈ അകല്‍ച്ച പുതിയ സംസ്ഥാനവാദങ്ങള്‍ക്ക് എണ്ണയൊഴിക്കുന്നുവെന്നതില്‍ സംശയമില്ല. ഭൂരിപക്ഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിന്റെ ഭാഗം തന്നെയാണ് പുതിയ സംസ്ഥാനത്തിന്റെ വാദങ്ങള്‍ക്കും കാരണമാകുന്നതെന്ന് സംശയലേശമെന്യേ പറയാവുന്നതാണ്.
****
വി ബി പരമേശ്വരന്‍
Subscribe to:
Post Comments (Atom)
2 comments:
ഉത്തരാഖണ്ഡിന്റെ ചൈനയോട് തൊട്ടടുത്ത് കിടക്കുന്ന ഭാഗമാണ് പിത്തോര്‍ഗഢ്. പത്തുവര്‍ഷത്തിനുമുമ്പത്തേതില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഈ നഗരത്തില്‍ദൃശ്യമല്ല. കുന്നിന്‍ചെരുവിലൂടെ ഊളിയിട്ടിറങ്ങുന്ന റോഡുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഏതാനും കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ അടിസ്ഥാനസൌകര്യങ്ങള്‍ പതിറ്റാണ്ടുമുമ്പത്തേതുതന്നെ. പ്രത്യേക സംസ്ഥാനവാദത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ നഗരം. പുതിയ സംസ്ഥാനം വന്നിട്ട് ഒമ്പതുവര്‍ഷം പൂര്‍ത്തിയായി. മൂന്നാമത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും പിത്തോര്‍ഗഢിന് മാറ്റമില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
കേരളം ഇതിലും മെച്ചമാണ്...കുറഞ്ഞത് തൊഴിലാളി പാര്‍ടിയുടെ നേതാക്കന്‍ മാരുടെ മക്കള്‍ക്കെങ്കിലും വിദേശത്ത് പോയി പഠിക്കാന്‍ പറ്റുന്നു...അണികള്‍ക്ക് ആയില്ലെങ്കിലും :-)
"തെലങ്കാനയിലെ പാവപ്പെട്ടവരുടെ വിദ്യാര്‍ഥികള്‍ ഹൈദരാബാദിലെ ഉസ്‌മാനിയ സര്‍വകലാശാലയിലും വാറംഗലിലെ കാകതീയ സര്‍വകലാശാലകളിലും പഠിച്ച് സര്‍ക്കാര്‍ജോലി ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ സമ്പന്നരായ റെഡ്ഡിമാരുടെയും കമ്മകളുടെയും മക്കള്‍ വിദേശത്ത് പഠിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടുന്നു"
Post a Comment