ഒരു ലോൿസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു 2009ന്റെ ആദ്യഘട്ടത്തിലെ രാഷ്‌ട്രീയം രൂപപ്പെട്ടത്. ആണവക്കരാറില്‍ ഒപ്പിട്ട ഇന്ത്യാ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ ആടിയുലഞ്ഞുവെങ്കിലും സമാജ്‌വാദി പാര്‍ടിയുടെയും ഇന്ത്യന്‍ കോര്‍പറേറ്റ് മൂലധനത്തിന്റെയും പിന്തുണയോടെ പിടിച്ചുനിന്നു. തുടര്‍ന്ന് സമാജ്‌വാദി പാര്‍ടിയുമായും മറ്റു സഖ്യശക്തികളുമായും കോണ്‍ഗ്രസിന് കനത്ത വിലപേശല്‍ നടത്തേണ്ടിവന്നു. ബിജെപിക്ക് സ്വന്തം സുഹൃത്തുക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതെ വന്നത് കോണ്‍ഗ്രസിനെ ഏറെ പിന്തുണച്ചു. സിംഗൂര്‍ - നന്ദിഗ്രാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും കോണ്‍ഗ്രസിന് സഹായകരമായി.
അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിക്കുന്നുവെന്ന ആശങ്ക നിലനിന്നിരുന്നു (ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്). ഐടി രംഗത്തുനടന്ന പിരിച്ചുവിടലുകളും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍പോലുള്ള ബാങ്കുകള്‍ നേരിട്ട പ്രശ്‌നങ്ങളും ഈ ധാരണ ശക്തിപ്പെടുത്തി. ഗവണ്‍മെന്റ് ധനോത്തേജകമാര്‍ഗങ്ങള്‍ സ്വീകരിച്ച് മാന്ദ്യത്തെ നേരിട്ടു. പക്ഷേ, ഇന്ത്യയിലെ ശക്തമായ പൊതുമേഖലാ നിക്ഷേപങ്ങളും റിസര്‍വ് ബാങ്ക് പോലെയുള്ള സംവിധാനങ്ങളുമാണ് മാന്ദ്യത്തിന്റെ ആഘാതത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് എന്ന് ഇന്ത്യാ ഗവണ്‍മെന്റിന് സമ്മതിക്കേണ്ടിവന്നു.
യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരായും വര്‍ഗീയശക്തികള്‍ക്കെതിരായും പോരാടുന്നതിന്റെ ഭാഗമായി ഇടതുപക്ഷം മൂന്നാംമുന്നണി എന്ന മുദ്രാവാക്യമുയര്‍ത്തി. തെരഞ്ഞെടുപ്പു മുദ്രാവാക്യമായല്ല അതുയര്‍ത്തിയതെങ്കിലും തെരഞ്ഞെടുപ്പടുത്തുവരുന്ന സാഹചര്യങ്ങളില്‍ മൂന്നാംമുന്നണി ചര്‍ച്ചകളും ശക്തിപ്പെട്ടു. പൊതുവായി മൂന്നാംമുന്നണി വളര്‍ന്നുവന്നില്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ സഖ്യങ്ങളുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് മാധ്യമങ്ങളായിരുന്നു. ലോൿസഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എങ്ങനെ മാധ്യമങ്ങള്‍ "സമയം'' വിറ്റു കാശാക്കി പണച്ചാക്കുകള്‍ക്കുവേണ്ടി പ്രചരണം നടത്തി എന്നത് പി സായ്‌നാഥ് വസ്‌തുതാസഹിതം വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവുമധികം കോടീശ്വരന്മാര്‍ അണിനിരന്നതും ഏറ്റവുമധികം പണമൊഴുകിയതുമായ തെരഞ്ഞെടുപ്പും അതുതന്നെയായിരുന്നു. പ്രധാനപ്പെട്ട ക്യാമ്പെയ്ന്‍ പോയിന്റുകളെയും രാഹുല്‍ഗാന്ധിയെപ്പോലുള്ള താരങ്ങളെയും അണിനിരത്തിയതും മാധ്യമങ്ങളായിരുന്നു. സിംഗൂര്‍, നന്ദിഗ്രാം പോലുള്ള പ്രശ്‌നങ്ങളെ കേന്ദ്ര ബിന്ദുവാക്കിയതും കര്‍ഷകരുടെയും നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും ദരിദ്രരുടെയും പ്രശ്‌നങ്ങള്‍ തമസ്‌ക്കരിച്ചതും മാധ്യമങ്ങള്‍ തന്നെ. ആണവക്കരാറിനെച്ചൊല്ലി ഇടതുപക്ഷവുമായി പടയ്‌ക്കിറങ്ങിയതും താജിലെ ഭീകരാക്രമണത്തിലെ സെക്യുരിറ്റി വീഴ്‌ചകളെ തമസ്‌ക്കരിച്ച് യുപിഎ സര്‍ക്കാരിനെ രക്ഷപ്പെടുത്തിയതും മാധ്യമങ്ങളായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും പിഡിപിയുമായുള്ള ബന്ധവും കേന്ദ്രീകരിച്ച് പ്രചരണത്തിന്റെ താളം തെറ്റിച്ചതും അവര്‍ തന്നെ. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു പുതിയ ശക്തി ഇപ്രാവശ്യം വ്യക്തമായി അവതരിച്ചു. കോര്‍പറേറ്റ് മുതലാളിത്തത്തിന് നേരിട്ടുപയോഗിക്കാന്‍ കഴിയുന്ന ശക്തമായ ആയുധത്തെയും ലഭിച്ചു.
2009ലെ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ ജയം ആഘോഷിക്കപ്പെട്ട രീതി ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു. കോണ്‍ഗ്രസിനും നേരിട്ടുള്ള സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പുതിയ സഖ്യകക്ഷികളോടൊപ്പം നേരിയ ഭൂരിപക്ഷം നേടിയെടുക്കുകയാണുണ്ടായത്. തുടര്‍ന്ന് ബിജെപി സഖ്യവും ഇടതുപക്ഷവുമൊഴിച്ചുള്ള മറ്റെല്ലാവരും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചു. ബിജെപിക്ക് മാധ്യമങ്ങള്‍ നല്‍കിയ ശതമാനത്തിനടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് നേരിട്ട പരാജയവും കോണ്‍ഗ്രസിനെ സഹായിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും 1984ല്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് സമാനമായ വിജയമായാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. സങ്കീര്‍ണ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനു ലഭിച്ച നേരിയ ജയം നവലിബറലിസത്തിന്റെ വന്‍വിജയമായിമാറി.
ഈ ആഘോഷത്തിന് രണ്ട് തലങ്ങള്‍ കൂടിയുണ്ടായിരുന്നു. 2004ല്‍ ബിജെപി സര്‍ക്കാരിനെതിരായ വോട്ടായിരുന്നു കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍തോതില്‍ മുന്നേറാന്‍ കഴിഞ്ഞ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് യുപിഎ സര്‍ക്കാര്‍ നിലനിന്നതും. ഇടതുപക്ഷവുമായി ഉണ്ടാക്കിയ പൊതുമിനിമം പരിപാടിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ യുപിഎ സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നു. പൊതുമിനിമം പരിപാടിയാണ് നവലിബറല്‍ സാമ്പത്തിക'ക്കുമിള'കളില്‍നിന്ന് കരകയറാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. പൊതുമിനിമം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ട തൊഴിലുറപ്പു പദ്ധതിപോലെയുള്ള പരിപാടികളാണ് യുപിഎ സര്‍ക്കാരിന്റെ വിജയങ്ങളായി തെരഞ്ഞെടുപ്പുകാലത്ത് എടുത്തു കാട്ടിയിരുന്നതും ഇന്നും എടുത്തു കാട്ടപ്പെടുന്നതും. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനുശേഷം പൊതുമിനിമം പരിപാടി ഇല്ലാതായി. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നിര്‍ബാധം പിന്തുടരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഇത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഒരു കാരണമായി. ആണവക്കരാറിനോടുള്ള എതിര്‍പ്പിനെ ചൊല്ലി ഇടതുപക്ഷത്തെ കൂട്ടത്തോടെ എതിര്‍ത്തവര്‍ പിന്നീട് കരാര്‍ വ്യവസ്ഥകളെയും എന്‍പിടിയെയും സംബന്ധിച്ച് അമേരിക്ക സ്വീകരിച്ചുപോന്ന കര്‍ക്കശവും ഏകപക്ഷീയവുമായ നിലപാടുകളെ സംബന്ധിച്ച് മൌനം പാലിച്ചു. ഈയടുത്ത് അമേരിക്കയുടെ നിര്‍ബന്ധമനുസരിച്ച് ആണവപ്രശ്‌നത്തില്‍ ഇന്ത്യ ഇറാനെതിരായി വോട്ടു ചെയ്‌തു. അത് നമ്മുടെ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ വന്നതുപോലുമില്ല.
അധികാരത്തില്‍ വന്നതിനുശേഷം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും നവലിബറല്‍ കാഴ്‌ചപ്പാടനുസരിച്ചു തന്നെയായിരുന്നു. എഫ്‌ഡിഐയുടെ വ്യാപനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, വിദ്യാഭ്യാസരംഗത്തും എല്ലാ സര്‍വീസ് മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കല്‍ തുടങ്ങി ഗവണ്‍മെന്റ് സര്‍വീസുകളിലെ തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കല്‍ വരെ എല്ലാ മേഖലകളിലും നവലിബറല്‍ നയങ്ങള്‍ നിര്‍ബാധം തുടരുന്നു. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നൊഴികെ മറ്റു മേഖലകളില്‍നിന്ന് ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതുമില്ല. 2009ന്റെ രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി മറികടന്നു എന്ന ആത്മവിശ്വാസം ഗവണ്‍മെന്റില്‍ വളര്‍ത്തിയിരിക്കുകയാണ്. തീര്‍ച്ചയായും നവലിബറല്‍ നയങ്ങളുടെ കൂടുതല്‍ ശക്തമായ രൂപങ്ങള്‍ സമീപഭാവിയില്‍ തന്നെ നമുക്കു പ്രതീക്ഷിക്കാം.
തെരഞ്ഞെടുപ്പു വിജയത്തിന് രണ്ടാമതൊരു തലം കൂടിയുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ നിര്‍ണായകമാകാവുന്ന തലമാണത്. കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഒരു കോര്‍പറേറ്റ് മാനേജ്‌മെന്റ് യൂണിറ്റായി മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനകളായ കെഎസ്‌യൂവിലും യൂത്ത് കോണ്‍ഗ്രസിലും ഭാരവാഹികള്‍ നിയോഗിക്കപ്പെട്ട രീതി ഉദാഹരണമാണ്. അതായത് സ്വന്തം ദേശീയവാദി-ഗാന്ധിയന്‍ ഭൂതകാലം പിഴുതെറിഞ്ഞ് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ജിഹ്വയായി മാറുന്നുവെന്നര്‍ത്ഥം. അതിനോടൊപ്പം ഇന്നത്തെ കാലത്ത് ഇന്ത്യയെപ്പോലെ സങ്കീര്‍ണവും സംഘര്‍ഷപൂരിതവുമായ ഒരു രാജ്യത്ത് പ്രയോഗിക്കാവുന്ന ആശയസംഹിതയും കോണ്‍ഗ്രസ് രൂപപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ "സാധാരണ മനുഷ്യന്‍'' (ആം ആദ്മി) ഇതിന്റെ സൂചനയാണ്. വിദര്‍ഭക്കാരി കലാവതിയുടെ വീട്ടിലെ കത്താത്ത വിളക്കുകളെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന, റോഡിലെ റസ്റ്റോറന്റില്‍നിന്ന് പൊറോട്ട തിന്നുകയും വഴിവക്കിലെ ജനങ്ങളോട് വര്‍ത്തമാനം പറയുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ "പാവങ്ങളുടെ രാജകുമാരന്‍'' പരിവേഷം വളരെ ശ്രദ്ധാപൂര്‍വം ആവിഷ്‌ക്കരിക്കപ്പെട്ട പരസ്യതന്ത്രമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പാവപ്പെട്ടവരുടെ സമ്മതം നേടിയെടുക്കാതെ കോര്‍പറേറ്റ് മുതലാളിത്തത്തിന് നിലനില്‍ക്കാനാവുകയില്ല. സമ്മതം നേടണമെങ്കില്‍ വ്യത്യസ്ത സമൂഹവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനതന്ത്രങ്ങള്‍ ആവിഷ്കരിക്കണം. അതായത് ജയ് ജവാന്‍ ജയ് കിസാന്‍, ഗരീബി ഹടാവോ, ഇരുപതിനപരിപാടി തുടങ്ങിയവയുടെ നവലിബറല്‍ പതിപ്പ് വേണം. അപ്പോള്‍ കോര്‍പറേറ്റ് മുതലാളിത്ത നയങ്ങള്‍ നിര്‍ബാധം തുടരാം; അതിനോടൊപ്പം അത്തരം നയങ്ങള്‍ക്ക് അനുപൂരകമായി ചില പണ്ഡിതന്മാര്‍ "സോഷ്യല്‍ ഡെമോക്രാറ്റിക്'' എന്നു വിളിക്കുന്ന ആനുകൂല്യ പാക്കേജുകളും നല്‍കാം. യുപിഎ ഗവണ്‍മെന്റിന്റെ കണ്ണില്‍ തൊഴിലുറപ്പുപദ്ധതി, ഈയിടെ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമം മുതലായവ ഇത്തരം പാക്കേജുകളാണ്. ഇത്തരം പാക്കേജുകള്‍ കേന്ദ്ര പദ്ധതികളായി ഇനിയും പ്രത്യക്ഷപ്പെടും. ഒരു വശത്ത് അവ സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും ഫണ്ടിങ്ങിനെയും കാര്‍ന്നുതിന്നും. മറുവശത്ത് നവലിബറല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മഹാമനസ്‌ക്കതയെക്കുറിച്ചു പ്രസംഗിക്കാനും നല്‍കാത്ത ഫണ്ട് എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നും നല്‍കിയ ഫണ്ടിലെ അസ്വീകാര്യമായ നിബന്ധനകള്‍ കൊണ്ടുണ്ടാകുന്ന കാലതാമസത്തെ ചൊല്ലിയും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെ ആരോപണമുന്നയിക്കാനും സഹായിക്കും. അതായത് അധികാരകേന്ദ്രീകരണവും ഉദാരമനസ്‌ക്കതയും ഒരേസമയത്ത് കൊണ്ടുനടക്കാവുന്ന "സാധാരണ മനുഷ്യര്‍ക്കു''ള്ള പാക്കേജുകള്‍ നവലിബറല്‍ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമാവുകയാണ്.
നവലിബറല്‍ പ്രതിസന്ധി ഒഴിവാക്കിയതായി ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിവേഗത്തില്‍ വ്യാപിക്കുകയാണ്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം നിത്യോപയോഗ വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ്. പ്രാദേശിക വിപണികളില്‍ വിപണനം ചെയ്യപ്പെട്ടുപോന്നിരുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വ്യഞ്ജനങ്ങളുടെയും വിനിമയത്തില്‍ വന്‍ബിസിനസ്സുകാരും ഊഹക്കച്ചവടക്കാരും ഇടപെട്ടുതുടങ്ങിയതിന്റെ ഏറ്റവും പ്രകടമായ ഫലമാണിത്. നവലിബറല്‍ നയങ്ങളുടെ ഫലമായി സൃഷ്‌ടിക്കപ്പെട്ട വിലക്കയറ്റം തടയാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാരുകളെ പഴി ചാരുകയാണ് ഇപ്പോള്‍ ചെയ്‌തുവരുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിഭീമമായ സാമ്പത്തിക ഭാരമേറ്റെടുത്താണ് വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
കാര്‍ഷികരംഗത്തെ തകര്‍ച്ച മറ്റൊരു പരിണതഫലമാണ്. ഒരു കാലത്ത് സ്വയംപര്യാപ്‌തമായിരുന്ന ഇന്ത്യന്‍ കാര്‍ഷികരംഗം അതിവേഗത്തില്‍ തകരുകയാണ്. കാര്‍ഷികമേഖലയില്‍ സ്ഥിരം തൊഴിലില്ലാത്തവരുടെ എണ്ണം 40 ശതമാനത്തോളം വരും. കാര്‍ഷികരംഗത്തെ തൊഴില്‍ദിനങ്ങളും കുറയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലുള്ളപ്പോള്‍ തന്നെയാണ് ഇന്ത്യ തെക്കു കിഴക്കേ ഏഷ്യയിലെ രാജ്യങ്ങളോടൊപ്പം ആസിയാന്‍ കരാറില്‍ ഒപ്പിട്ടത്. കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കും മല്‍സ്യബന്ധനം മുതലായ മേഖലകള്‍ക്ക് ഗുണകരമായിരിക്കുമെന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. കരാറിലെ നെഗറ്റീവ് ലിസ്റ്റിനെ സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായിട്ടില്ല. ഒരു രാജ്യത്തിന്റെ നെഗറ്റീവ് ലിസ്റ്റില്‍പെടുന്ന വസ്‌തു മറ്റൊരു രാജ്യത്തിന് ആദായകരമായി മാറാമെന്നതുകൊണ്ട് അതില്‍ ഒരു ഒത്തുതീര്‍പ്പെത്താന്‍ വിഷമവുമാണ്. കൂടാതെ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്ട മല്‍സ്യബന്ധനംപോലുള്ള മേഖലകളെ കരാര്‍ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാണ്.
ആസിയാന്‍ കരാര്‍ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന വസ്‌തുതയുമുണ്ട്. ഇന്ത്യയിലെ കാര്‍ഷികരംഗം സ്വതന്ത്ര വാണിജ്യ വ്യവസ്ഥയിലേക്കു വരുന്നുവെന്നതാണത്. കരാറിലെ സബ്‌ജക്റ്റ് ലിസ്റ്റ്, നെഗറ്റീവ് ലിസ്റ്റ് തുടങ്ങിയവയെ സംബന്ധിച്ചുയര്‍ന്നുവന്ന ചര്‍ച്ചയില്‍ ഗവണ്‍മെന്റിന്റെ നിലപാടു തന്നെ സ്വതന്ത്ര കമ്പോളത്തില്‍ മല്‍സരിച്ച് മുന്നേറുന്നതിലാണ് ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ സാധ്യത എന്നായിരുന്നു. വരുന്ന ഡബ്ള്യുടിഒ സമ്മേളനത്തിലെ ചര്‍ച്ചകളും കാര്‍ഷികരംഗത്തെ ചൊല്ലിയാണ്. "പശ്ചാത്തല സൌകര്യങ്ങള്‍'' വികസിപ്പിക്കുന്നതില്‍ ഗവണ്‍മെന്റും പ്ളാനിങ് കമ്മീഷനും കാണിക്കുന്ന ആവേശവും (നിര്‍ദ്ദിഷ്‌ടമായ നാഷണല്‍ എൿസ്പ്രസ് വേ ഉദാഹരണമാണ്) കൃഷിയെ വാണിജ്യ വിപണന വലയത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. അപ്പോള്‍ കാര്‍ഷികരംഗം കരാറുകാരുടെയും അഗ്രി ബിസിനസുകാരുടെയും നിയന്ത്രണത്തിലേക്ക് വരുമെന്നത് ഉറപ്പാണ്. ഭൂമിയുടെ നല്ലൊരു ഭാഗവും റിയല്‍ എസ്റ്റേറ്റുകാരുടെയും നിര്‍മ്മാണ ലോബിയുടെയും കൈവശവും വന്നുചേരും. ഭരണകര്‍ത്താക്കള്‍ സ്ഥിരമായി സൂചിപ്പിക്കുന്നതുപോലെ, വളര്‍ച്ചാനിരക്കുകള്‍ ഉയരും. പക്ഷേ, ദരിദ്ര ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൃഷിയില്‍നിന്നും ഭൂമിയില്‍നിന്നും പുറത്താക്കപ്പെടുകയും ചെയ്യും.
കാര്‍ഷികരംഗത്തെ ഈ ദുരവസ്ഥ ഇപ്പോള്‍ തന്നെ പ്രകടമാകുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോയി നഗരങ്ങളിലും വരുമാനം കിട്ടുന്ന മറ്റിടങ്ങളിലും ("ഗള്‍ഫ്'' സംസ്ഥാനമായ കേരളമടക്കം) ചേക്കേറുകയാണ്. സ്ഥിരമായ ഒരു കുടിയേറ്റത്തെയല്ല ഇതു കാണിക്കുന്നത്. സീസണല്‍ സ്വഭാവമുള്ള ഒരു കുടിമാറ്റത്തെയാണ്. ഒരു വര്‍ഷത്തില്‍ ആറുമാസം വീതമോ അല്ലെങ്കില്‍ രണ്ടുമൂന്നുവര്‍ഷം അടുപ്പിച്ചോ ജോലി ചെയ്യുകയും കിട്ടിയ സമ്പാദ്യവുമായി തിരിച്ചുപോവുകയും ചെയ്യുന്ന പ്രവണതയാണിത്. ഗ്രാമീണ തൊഴില്‍മേഖല മൊത്തത്തില്‍ സ്‌തംഭിച്ചിരിക്കുകയാണെന്നും ദേശീയ തൊഴിലുറപ്പു പദ്ധതിയടക്കമുള്ള ഗ്രാമീണ തൊഴില്‍പദ്ധതികള്‍ മിക്ക സംസ്ഥാനങ്ങളിലും ഫലപ്രദമല്ലെന്നും ഇതു പ്രകടമാക്കുന്നു. (കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി ഇതേ വിമര്‍ശനമുണ്ടായിട്ടുണ്ട്. പക്ഷേ, കേരളത്തിലെ കൂലിനിരക്കു കൂടുതലാണെന്ന വസ്‌തുത, ഇവര്‍ മറക്കുന്നു. ഈ ഉയര്‍ന്ന കൂലിനിരക്കാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നതെന്ന വസ്‌തുതയും.)
ഇതേ അവസ്ഥ തന്നെ കാര്‍ഷികരംഗത്തെ സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് കൃഷി സ്വതന്ത്ര വിപണിയുടെയും അഗ്രി ബിസിനസിന്റെയും ഭാഗമാകുകയും നിര്‍മ്മാണ കമ്പനികളും ഭൂമാഫിയയും ഭൂമി കയ്യടക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് ചെറുകിട കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം അസഹ്യമായിതീരുന്നു. ഇത് പല വിധത്തിലുള്ള സംഘര്‍ഷങ്ങളിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ക്കും അതിവേഗ പാതകള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കലിനെതിരായ സമരങ്ങള്‍, ഭൂമാഫിയയുടെ കയ്യേറ്റങ്ങള്‍ക്കെതിരായ സമരങ്ങള്‍, ഭൂപ്രഭുത്വത്തിനെതിരായ സമരങ്ങള്‍ എന്നിങ്ങനെ പലതും ഇതിന്റെ ഭാഗമാണ്. കൃഷിയുടെ തകര്‍ച്ചയുടെ ഫലമായി ഭക്ഷ്യസുരക്ഷയും പൊതുവിതരണ സമ്പ്രദായവും തകരുമ്പോള്‍ പ്രാദേശിക സമരങ്ങള്‍ പലതും സമഗ്രമായ പൊട്ടിത്തെറികളായി മാറിയേക്കാം.
ഇത്തരം ജനകീയ പോരാട്ടങ്ങളുടെ നേതൃത്വം ആരു വഹിക്കണം എന്നതു ചര്‍ച്ചാവിഷയമാണ്. മഹാരാഷ്‌ട്ര മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള ഇന്ത്യയിലെ ഏറ്റവും പിന്നോക്ക കാര്‍ഷികമേഖലയിലെ സമരങ്ങളുടെ നേതൃത്വം അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുന്നത് മാവോയിസ്റ്റുകളാണ്. പഴയ സിപിഐ (എംഎല്‍)ന്റെ പിന്തുടര്‍ച്ചക്കാരാണെന്നു അവകാശപ്പെട്ടു രംഗത്തുവരുന്ന അവര്‍ ഉന്മൂലനതന്ത്രം ഉള്‍പ്പെടെയുള്ള സായുധ സമരമാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അവരുടെ ലഭ്യമായ രേഖകള്‍ കാണിക്കുന്നത് ഇന്നത്തെ നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് ഇന്ത്യയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകളുടെയും ആ സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന സമരതന്ത്രങ്ങളെയുംകുറിച്ച് വ്യക്തമായ കാഴ്‌ചപ്പാട് അവര്‍ക്കില്ലെന്നതാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നും അതിനെതിരായി ഉപയോഗിക്കേണ്ടിവരുന്ന അടവുകളെക്കുറിച്ചുള്ള നിലപാടുകളില്‍നിന്നും അവര്‍ മാറിയിട്ടില്ല. വന്നിട്ടുള്ള പ്രധാന മാറ്റം ജാതീയതയെക്കുറിച്ചുള്ള നിലപാടുകളിലാണ്. ദളിത - ആദിവാസി വിഭാഗങ്ങളുടെ അവകാശസമരങ്ങളെ അവരുടെ സ്വത്വസമരങ്ങളായി കാണുകയും ഭൂമിയോടുള്ള അവരുടെ ബന്ധത്തെ സാമുദായികതയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്വത്വരാഷ്‌ട്രീയത്തിന്റെ തലങ്ങള്‍ അവരുടെ നിലപാടുകളില്‍ കാണാം. മാവോ പ്രതിനിധീകരിച്ച മാര്‍ൿസിസത്തില്‍നിന്നു പോലുമുള്ള വ്യക്തമായ പിന്മാറ്റമാണിത്. അതുകൊണ്ട് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥയെ നവലിബറല്‍ മുതലാളിത്തത്തിന്റെയും കോര്‍പറേറ്റ് മൂലധനത്തിന്റെയും ജന്മിത്വത്തിന്റെയും ഇടപെടലുമായി ബന്ധപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്റ്റേറ്റിന്റെ മര്‍ദ്ദനനയത്തിന്റെ വര്‍ഗസ്വഭാവം ഉള്‍ക്കൊള്ളാതെ സ്വത്വാധിഷ്‌ഠിതമായ ചെറുത്തുനില്‍പായി അവര്‍ സമരങ്ങളെ മാറ്റുന്നു. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ (ഈ ചങ്ങാത്തം മേദിനിപ്പൂരില്‍ രാജധാനി എൿസ്പ്രസ് തടഞ്ഞ സംഭവത്തില്‍ പ്രകടമായതാണ്) പിണിയാളുകളായി അവര്‍ മാറുകയും ചെയ്യുന്നു. അവരുടെ ഉന്മൂലനതന്ത്രം സിപിഐ എമ്മിനു നേരെ തിരിയുന്നു.
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വഴി തെളിയിച്ച വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളെ ഗൌരവപൂര്‍വമായി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെ നീതീകരിക്കാന്‍ കഴിയില്ല. ആത്യന്തികമായി ഇന്നത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിത കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുകയില്ല. അതേസമയം കേവലം ഭീകരവാദികളായി മുദ്രകുത്തി അവരെ അമര്‍ച്ച ചെയ്യാനുള്ള സ്റ്റേറ്റിന്റെ നീക്കം ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുക്കിയ വസ്‌തുനിഷ്ഠ സാഹചര്യങ്ങളുടെനേരെ കണ്ണടയ്‌ക്കുകയാണ്. ഒരുവശത്ത് മാവോയിസ്റ്റ് - സാഹസികതയെ വിമര്‍ശിക്കുമ്പോള്‍ തന്നെ മറുവശത്ത് നവലിബറല്‍ ബൂര്‍ഷ്വാ-ഭൂപ്രഭുനയങ്ങള്‍ക്കെതിരായ ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരേണ്ട ആവശ്യകതയിലും ഊന്നേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജസ്ഥാനിലും ആന്ധ്രയിലും വളര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇതിന് വഴികാട്ടികളാണ്. അതേ വഴി തന്നെ ഉണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുടെ വന്‍സാധ്യതകള്‍ വെളിപ്പെട്ടുവരുന്നു.
സ്വത്വരാഷ്‌ട്രീയവും മാവോയിസ്റ്റുകളും തമ്മിലുള്ള സന്ധിപോലെ, മറ്റു പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയൊട്ടാകെ പടര്‍ന്നു കിടക്കുന്ന നിരവധി മതരാഷ്‌ട്രീയ ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനങ്ങളും ഇതില്‍ പ്രധാനമാണ്. 26/11ലെ സ്‌ഫോടനത്തിനുശേഷവും അതിനുമുമ്പും ഇന്ത്യയൊട്ടാകെ നടന്ന സ്‌ഫോടന ശ്രമങ്ങളുടെ ചുരുളുകള്‍ ഡേവിഡ് ഹെഡ്‌ലിയെയും തഹാവൂര്‍റാണയെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍നിന്നും തടിയന്റവിട നസീറിന്റെ അറസ്റ്റില്‍നിന്നും തുറന്നുതരികയാണ്. ഇസ്ളാമിക് സ്വത്വരാഷ്‌ട്രീയത്തിന്റെ ആഴവും അതിന്റെ അന്താരാഷ്‌ട്രബന്ധങ്ങളും ഇപ്പോള്‍ വ്യക്തമാകുന്നു. അത് ഏതൊക്കെ മേഖലകള്‍ വരെ വ്യാപിക്കുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ട് ബിജെപിയുടെ രാഷ്‌ട്രീയ സ്വാധീനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക സ്വാധീനത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അംഗീകാരമുള്ള വാജ്‌പേയി - അദ്വാനി നേതൃത്വം ഇല്ലാതാകുന്നതോടെ, ബിജെപിക്ക് വ്യക്തമായ ആര്‍എസ്എസ് പ്രതിഛായയും സ്വഭാവവും വരാനുള്ള സാധ്യത ഏറെയാണ്. അതായത്, നവലിബറല്‍ മുതലാളിത്തത്തിന്റെ നയങ്ങളും അത് ജനങ്ങളുടെ നിലനില്‍പില്‍ വരുത്തുന്ന അനിശ്ചിതത്വവും സ്വത്വരാഷ്‌ട്രീയത്തിന്റെ, പ്രത്യേകിച്ച് ഹിന്ദു - മുസ്ളീം രാഷ്‌ട്രീയത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും അതുവഴി പരസ്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യത ഏറെയാണ്. ഇപ്പോള്‍ ബിജെപിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളെ മറികടക്കാന്‍ അവര്‍ ഉപയോഗിക്കാനിടയുള്ള തന്ത്രവും ഇത്തരം സംഘര്‍ഷങ്ങളാണ്. ഇതിന് സമൂഹത്തില്‍ ഒരു വിഭാഗം പിന്തുണയ്‌ക്കാനുള്ള സാധ്യതയുമുണ്ട്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് മുഴുവന്‍ ബിജെപി നേതൃത്വത്തെയും ബാബ്റി മസ്‌ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദികളാക്കി പ്രതിക്കൂട്ടില്‍ കയറ്റിയിട്ടും അതിനോടുള്ള പ്രതികരണം തണുപ്പനാകുന്നതും ശ്രദ്ധേയമാണ്. നവലിബറല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ഹിന്ദുത്വവാദികളെയും മുസ്ളീം രാഷ്‌ട്രീയക്കാരെയും പിണക്കാന്‍ താല്‍പര്യമില്ല. രാഹുല്‍ഗാന്ധിയുടെ ആം ആദ്മി രാഷ്‌ട്രീയം സ്വത്വവാദികള്‍ക്ക് കടന്നുകയറാന്‍ പറ്റുന്ന ഇടങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.
അന്താരാഷ്‌ട്രതലത്തില്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തോട് കീഴടങ്ങുന്ന നയം ഇന്ത്യന്‍ ഭരണകൂടം തുടരുന്നു. അതേസമയം, പാകിസ്ഥാനോടും ചൈനയോടും ഇന്ത്യ സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കരുതെന്ന താല്‍പര്യം മൂലധനശക്തികള്‍ക്കുണ്ട്. പാകിസ്ഥാനെതിരായി മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകള്‍ ഉദാഹരണമാണ്. ഈയിടെയായി ചൈനയെയും ഇന്ത്യയെയും തമ്മില്‍ പിണക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഒരു ചൈനീസ് വിമാനം വഴി തെറ്റി കൊല്‍ക്കത്തയ്‌ക്കു മുകളിലൂടെ പറന്നതാണ് ആദ്യം വിവാദങ്ങള്‍ക്കിടയാക്കിയത്. കേന്ദ്ര ഗവണ്‍മെന്റ് തന്നെ അതിനെച്ചൊല്ലിയുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടു. പിന്നീട്, അരുണാചല്‍ പ്രദേശ് അതിര്‍ത്തി ചൈന ലംഘിച്ചു കടക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെയും തുടക്കം ഇതേ അതിര്‍ത്തിയായിരുന്നെന്നോര്‍ക്കുക. അതും ഇന്ത്യാ-ചൈനാ ചര്‍ച്ചകളിലൂടെ തന്നെ പരിഹരിക്കപ്പെട്ടു. പിന്നീട് 1982ല്‍ ചൈന പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കി. ടിബറ്റന്‍ പ്രശ്‌നവും മാധ്യമങ്ങളില്‍ അടിയ്‌ക്കടി ഉയര്‍ന്നുവന്നു. ഇത്തരം വാര്‍ത്തകള്‍ തികച്ചും നിഷ്‌ക്കളങ്കമായ പത്രപ്രവര്‍ത്തനമാണെന്നു കരുതാനാവില്ല. അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലും വളര്‍ന്നുവരുന്ന ബന്ധങ്ങള്‍ തകര്‍ക്കുന്നതില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കും താല്‍പര്യമുണ്ടെന്നു തന്നെയാണ് അനുമാനിക്കേണ്ടത്.
പക്ഷേ, വസ്‌തുനിഷ്‌ഠ സാഹചര്യങ്ങള്‍ വ്യത്യസ്‌ത ദിശയിലേക്ക് നീങ്ങുന്നത് കാണേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം അമേരിക്കയുടെ അന്താരാഷ്‌ട്ര വിലപേശല്‍ ശേഷി കുറച്ചിരിക്കുകയാണ്. ദരിദ്ര രാഷ്‌ട്രങ്ങളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിക്കുന്നുവെന്ന് ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെ വ്യക്തമാക്കുന്നു. ഡബ്ള്യുടിഒ ചര്‍ച്ചകളിലും ദരിദ്ര രാഷ്‌ട്രങ്ങളുടെ ശക്തമായ വിലപേശല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏറ്റവുമവസാനമായി, ഇപ്പോള്‍ നടന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ കാലാവസ്ഥ ദുരന്തങ്ങളുടെയും ആഗോളതാപനത്തിന്റെയും വില ദരിദ്ര രാഷ്ട്രങ്ങളുടെ തലയില്‍ കെട്ടി വെയ്‌ക്കാനുള്ള ശ്രമത്തിനെതിരെ ചൈനയും ഇന്ത്യയും ബ്രസീലും ദക്ഷിണകൊറിയയുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഒന്നിച്ചുനീങ്ങി. അതേസമയം, ഒബാമയുടെ ആണവനയവും "ഭീകരവാദികള്‍''ക്കെതിരായ നയവും ബുഷില്‍നിന്ന് വ്യത്യസ്‌തമല്ലെന്ന ധാരണ പടര്‍ത്തുന്നു. സമാധാനത്തിന് നോബല്‍ സമ്മാനം വാങ്ങുന്ന വേളയില്‍ (എന്തിനാണ് അദ്ദേഹത്തിന് സമ്മാനം കൊടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല) "നീതിക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ ആകാമെന്ന് ഒബാമ പറഞ്ഞത് ശ്രദ്ധേയമാണ്. ഒബാമ നിലകൊള്ളുന്ന സാമൂഹ്യനീതി നവലിബറലിസത്തിന്റെതാണ്. സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം വളര്‍ന്നുവരുമ്പോള്‍ നവലിബറല്‍ നീതിക്കുവേണ്ടി വീണ്ടും യുദ്ധം നടത്താന്‍ അമേരിക്ക തയ്യാറാകുമെന്ന മുന്നറിയിപ്പാണിത്. സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളും തമ്മിലും, അമേരിക്കയ്‌ക്കെതിരായി പ്രത്യേകിച്ചും വളര്‍ന്നുവരാനിടയുള്ള സംഘര്‍ഷങ്ങളുടെ വിവിധ സൂചനകളാണ് ഇവയെല്ലാം.
ഈ വൈരുധ്യത്തില്‍ ഇന്ത്യന്‍ മുതലാളിത്തം എന്തു നിലപാടെടുക്കുമെന്നത് ഇപ്പോള്‍ തന്നെ പ്രകടമാണ്. മുതലാളിത്ത മല്‍സരവേദിയിലെ പ്രധാനകക്ഷികളിലൊന്നായി ഇന്ത്യന്‍ കുത്തകകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവരില്‍ചിലര്‍ അന്താരാഷ്‌ട്രതലത്തിലേക്ക് വളര്‍ന്നുവരികയും ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും പല ഏഷ്യന്‍ രാജ്യങ്ങളിലും അവരുടെ നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇന്ത്യന്‍ കുത്തകകള്‍ സാമ്രാജ്യത്വത്തിന്റെ വലയത്തിലേക്ക് ഇഴുകിച്ചേരുമ്പോള്‍ തന്നെ പുറന്തള്ളപ്പെടുകയും റിസര്‍വ് സൈന്യമാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമാന്ദ്യംമൂലം പല രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ തൊഴില്‍മേഖലയില്‍നിന്നു പുറത്തുവരുന്നു. വിദഗ്ദ്ധ തൊഴിലാളികളടക്കം തൊഴില്‍സേനയുടെ വലിയ ഭാഗം അസ്ഥിര തൊഴിലാളികളായി മാറുകയാണ്. ഇവരുടെ തൊഴിലിന്റെയും നിലനില്‍പിന്റെയും പ്രശ്‌നങ്ങള്‍ പ്രധാന നൈതിക പ്രശ്‌നമായി വളര്‍ന്നുവരുകയാണ്.
ചൂഷിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെന്ന നിലയില്‍ അതിതീവ്രമായി പ്രവര്‍ത്തിക്കേണ്ട നാളുകളാണ് ഇന്ത്യന്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായരംഗവും തൊഴില്‍രംഗവും, തകരുന്ന കാര്‍ഷികവ്യവസ്ഥ, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന സേവനരംഗം, ശിഥിലീകരിക്കപ്പെടുന്ന രാഷ്‌ട്രീയവും സംസ്‌ക്കാരവും എന്നിവ സമൂഹത്തെയും സമ്പദ്ഘടനയെയും രാഷ്‌ട്രീയത്തെയുംകുറിച്ച് പുതിയ കാഴ്‌ചപ്പാടുകളും പ്രവര്‍ത്തനതലങ്ങളും അനിവാര്യമാക്കുന്നു. ഇതുവരെ പ്രവര്‍ത്തനത്തില്‍ കടന്നുവന്നിട്ടുള്ള ഭിന്നതകളും വിഭാഗീയതയും ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളാണ് വളര്‍ന്നുവരുന്നത്. ഇന്നത്തെ വൈരുദ്ധ്യങ്ങളില്‍ എത്രമാത്രം ഫലപ്രദമായും സര്‍ഗാത്മകമായും ഇടപെടുന്നു എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഘടകമാകും.
****
ഡോ. കെ എന്‍ ഗണേശ്
Subscribe to:
Post Comments (Atom)
1 comment:
ഒബാമ നിലകൊള്ളുന്ന സാമൂഹ്യനീതി നവലിബറലിസത്തിന്റെതാണ്. സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം വളര്‍ന്നുവരുമ്പോള്‍ നവലിബറല്‍ നീതിക്കുവേണ്ടി വീണ്ടും യുദ്ധം നടത്താന്‍ അമേരിക്ക തയ്യാറാകുമെന്ന മുന്നറിയിപ്പാണിത്. സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളും തമ്മിലും, അമേരിക്കയ്‌ക്കെതിരായി പ്രത്യേകിച്ചും വളര്‍ന്നുവരാനിടയുള്ള സംഘര്‍ഷങ്ങളുടെ വിവിധ സൂചനകളാണ് ഇവയെല്ലാം.
ഈ വൈരുധ്യത്തില്‍ ഇന്ത്യന്‍ മുതലാളിത്തം എന്തു നിലപാടെടുക്കുമെന്നത് ഇപ്പോള്‍ തന്നെ പ്രകടമാണ്. മുതലാളിത്ത മല്‍സരവേദിയിലെ പ്രധാനകക്ഷികളിലൊന്നായി ഇന്ത്യന്‍ കുത്തകകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവരില്‍ചിലര്‍ അന്താരാഷ്‌ട്രതലത്തിലേക്ക് വളര്‍ന്നുവരികയും ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും പല ഏഷ്യന്‍ രാജ്യങ്ങളിലും അവരുടെ നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇന്ത്യന്‍ കുത്തകകള്‍ സാമ്രാജ്യത്വത്തിന്റെ വലയത്തിലേക്ക് ഇഴുകിച്ചേരുമ്പോള്‍ തന്നെ പുറന്തള്ളപ്പെടുകയും റിസര്‍വ് സൈന്യമാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമാന്ദ്യംമൂലം പല രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ തൊഴില്‍മേഖലയില്‍നിന്നു പുറത്തുവരുന്നു. വിദഗ്ദ്ധ തൊഴിലാളികളടക്കം തൊഴില്‍സേനയുടെ വലിയ ഭാഗം അസ്ഥിര തൊഴിലാളികളായി മാറുകയാണ്. ഇവരുടെ തൊഴിലിന്റെയും നിലനില്‍പിന്റെയും പ്രശ്‌നങ്ങള്‍ പ്രധാന നൈതിക പ്രശ്‌നമായി വളര്‍ന്നുവരുകയാണ്.
ചൂഷിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെന്ന നിലയില്‍ അതിതീവ്രമായി പ്രവര്‍ത്തിക്കേണ്ട നാളുകളാണ് ഇന്ത്യന്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായരംഗവും തൊഴില്‍രംഗവും, തകരുന്ന കാര്‍ഷികവ്യവസ്ഥ, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന സേവനരംഗം, ശിഥിലീകരിക്കപ്പെടുന്ന രാഷ്‌ട്രീയവും സംസ്‌ക്കാരവും എന്നിവ സമൂഹത്തെയും സമ്പദ്ഘടനയെയും രാഷ്‌ട്രീയത്തെയുംകുറിച്ച് പുതിയ കാഴ്‌ചപ്പാടുകളും പ്രവര്‍ത്തനതലങ്ങളും അനിവാര്യമാക്കുന്നു. ഇതുവരെ പ്രവര്‍ത്തനത്തില്‍ കടന്നുവന്നിട്ടുള്ള ഭിന്നതകളും വിഭാഗീയതയും ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളാണ് വളര്‍ന്നുവരുന്നത്. ഇന്നത്തെ വൈരുദ്ധ്യങ്ങളില്‍ എത്രമാത്രം ഫലപ്രദമായും സര്‍ഗാത്മകമായും ഇടപെടുന്നു എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഘടകമാകും.
Post a Comment