കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരം ചെയ്ത ചരിത്രപ്രസിദ്ധമായ പിണറായി പാറപ്രം സമ്മേളനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷപരിപാടികള്‍ ചൊവ്വാഴ്ച സമാപിക്കും. സമാപനസമ്മേളനം പാറപ്രത്ത് വൈകിട്ട് അഞ്ചിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം പാറപ്രം ലോക്കല്‍കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച വി കരുണന്‍മാസ്റ്റര്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനവും കോടിയേരി നിര്‍വഹിക്കും. ചരിത്രഭൂമിയിലേക്കുള്ള ബഹുജനപ്രകടനവും വളന്റിയര്‍മാര്‍ച്ചും വൈകിട്ട് പിണറായി ഓലയമ്പലം ബസാര്‍ കേന്ദ്രീകരിച്ച് ആരംഭിക്കും.
1939 ഡിസംബര്‍ അവസാനം അതീവരഹസ്യമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികര്‍ പാറപ്രത്തെ വിവേകാനന്ദവായനശാലയില്‍ സമ്മേളിച്ചത്. 1937ല്‍ കോഴിക്കോട്ട് രൂപംകൊണ്ട കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരുന്നു സമ്മേളനം. ഇ എം എസ്, പി കൃഷ്ണപിള്ള, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം രൂപീകരിച്ചത്. പി കൃഷ്ണപിള്ളയായിരുന്നു സെക്രട്ടറി. മൂന്നുഭാഗവും വെള്ളത്താല്‍ചുറ്റപ്പെട്ട ഭൂപ്രകൃതി, അത്രയേറെ ആള്‍താമസമില്ലാത്ത പ്രദേശം- ഇതൊക്കെയാകണം പാറപ്രത്തെ സമ്മേളനവേദിയാക്കാന്‍ തെരഞ്ഞെടുത്ത ഘടകങ്ങള്‍. എന്ത് യോഗമാണ് നടക്കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊഴികെ കാവല്‍നിന്നവര്‍ക്കുപോലും അജ്ഞാതമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനമാണെന്ന കാര്യം വൈകിയാണ് പലരും അറിഞ്ഞത്. പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ഇതിനകം ചരിത്രത്തിന്റെ ഭാഗമായി. സമ്മേളനത്തിലെ പ്രായംകുറഞ്ഞ വളന്റിയറായിരുന്ന പാറപ്രം ജൂനിയര്‍ ബേസിക് സ്കൂള്‍ റിട്ടയേഡ് അധ്യാപകന്‍ മുകുന്ദന്‍ ഉള്‍പ്പെടെ അപൂര്‍വം ചിലര്‍ സമ്മേളനസ്മരണകളുമായി ഇന്നുമുണ്ട്. വടക്കുഭാഗത്തുള്ള പുഴയിലൂടെ പൊലീസോ അപരിചിതരോ വരുന്നെങ്കില്‍ ഉടന്‍ അറിയിക്കുക- ഇതായിരുന്നു മുകുന്ദന്‍മാഷ്ക്ക് ലഭിച്ച ചുമതല. എ കെ ജി, സി എച്ച് കണാരന്‍, എന്‍ ഇ ബാലറാം, പാണ്ട്യാല ഗോപാലന്‍, പിണറായി കൃഷ്ണന്‍നായര്‍, കുണ്ടഞ്ചേരി കുഞ്ഞിരാമന്‍, കെ എന്‍ ചാത്തുക്കുട്ടിനായര്‍ എന്നിവരായിരുന്നു ബ്രിട്ടീഷ് പൊലീസിന്റെയും ചാരന്മാരുടെയും കണ്ണുവെട്ടിച്ച് പാറപ്രത്ത് വിജയകരമായി സമ്മേളനം സംഘടിപ്പിച്ചതിനു പിന്നില്‍. വിവേകാനന്ദവായനശാലയില്‍ രഹസ്യസമ്മേളനം ചേരുമ്പോള്‍ പൊലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ പാണ്ട്യാല ഗോപാലന്റെ നേതൃത്വത്തില്‍ പിണറായി ആര്‍സി അമല സ്കൂളില്‍ റാഡിക്കല്‍ടീച്ചേഴ്സ് ഫോറത്തിന്റെ പ്രത്യേകസമ്മേളനവും നടത്തിയിരുന്നു. എല്ലാവരുടെയും ശ്രദ്ധ അധ്യാപക സമ്മേളനത്തിലായതിനാല്‍ പാറപ്രം വിവേകാനന്ദവായനശാലയില്‍ നേതാക്കള്‍ ഒത്തുചേര്‍ന്നത് ആരും അറിഞ്ഞില്ല.
പാറപ്രം സമ്മേളനത്തോടെയാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പരസ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍, ഇത് പാര്‍ടി രൂപീകരണസമ്മേളനമായി ചിലര്‍ പരിഗണിക്കുന്നു. അമ്പതാം വാര്‍ഷികാഘോഷവേളയില്‍ പാറപ്രം സമ്മേളനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഇ എം എസ് ഇങ്ങനെ എഴുതി-
"-'കമ്യൂണിസ്റ്റ്' എന്ന പേരുള്ള ഒരു സംഘടന കേരളത്തില്‍ ആദ്യമായി രൂപംകൊള്ളുന്നത് 1931ലാണ്- തിരുവനന്തപുരത്ത്. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി മാറിയ എന്‍ സി ശേഖറടക്കം ഏതാനും യുവ വിപ്ളവകാരികള്‍ 'കമ്യൂണിസ്റ്റ് ലീഗ്' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. എന്നാല്‍, അത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപനമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, അത്യന്തം ദുര്‍ബലമായിരുന്ന അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായിപ്പോലും യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രാദേശിക സംഘടനയായിരുന്നു അത്. മൂന്നുവര്‍ഷത്തിനുശേഷം (1934ല്‍) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെന്ന ഒരു പുതിയ സംഘടന രൂപംകൊണ്ടു. അന്ന് നടപ്പിലായിക്കൊണ്ടിരുന്ന സോവിയറ്റ് പഞ്ചവത്സരപദ്ധതിയുടെ വിജയകരമായ മുന്നേറ്റം കണ്ട് ആവേശഭരിതരായ യുവ വിപ്ളവകാരികളാണ് ആ പാര്‍ടിക്ക് രൂപം നല്‍കിയത്. ആ അര്‍ഥത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപനചരിത്രത്തില്‍ ആ സംഘടനയ്ക്ക് പ്രധാനമായ സ്ഥാനമുണ്ട്. അതിന്റെ പ്രധാന പ്രവര്‍ത്തകരാണ് പിന്നീട് പാറപ്രത്ത് സമ്മേളിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയായി സ്വയം മാറാന്‍ നിശ്ചയിച്ചത്.
പക്ഷേ, ഇതിനിടയ്ക്കാണ് 1937ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സമുന്നത നേതാക്കളായിരുന്ന നാലുപേര്‍ ചേര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി മെമ്പറുടെ സാന്നിധ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഘടകമായി പ്രവര്‍ത്തിച്ചുതുടങ്ങാന്‍ തീരുമാനിച്ചത്. അതിന്റെ പ്രവര്‍ത്തനംമൂലമാണ് കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരാകെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരാന്‍ പാറപ്രത്ത് സമ്മേളിച്ചത്. ആ സമ്മേളനത്തിനുമുമ്പ് രണ്ടര കൊല്ലക്കാലം തുടര്‍ച്ചയായി കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരുന്നു. ഈ പ്രവര്‍ത്തനം പുരോഗമിപ്പിക്കുന്നതില്‍ ഒരു പ്രധാനഘട്ടമായിരുന്നു പാറപ്രം സമ്മേളനമെന്നതിനു സംശയമില്ല. സമ്മേളനം നടന്നത് പരമരഹസ്യമായിട്ടാണെന്നത് നേരാണ്. അന്ന് രൂപംകൊണ്ട സംഘടനയ്ക്ക് പിന്നീട് രണ്ടര വര്‍ഷത്തോളം കാലം രഹസ്യമായിത്തന്നെ പ്രവര്‍ത്തിക്കേണ്ടിവന്നു എന്നതും നേരുതന്നെ. പക്ഷേ, അതേവരെ പുറത്തുപറയാതിരുന്ന 'കമ്യൂണിസ്റ്റ് പാര്‍ടി' എന്ന പേരില്‍ ചുവരെഴുത്തുകളും ലഘുലേഖാ വിതരണവും മറ്റു പ്രചാരണങ്ങളും തുടങ്ങിയത് പാറപ്രം സമ്മേളനത്തിനുശേഷമാണ്. കൂടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രസഹ്യ സംസ്ഥാന കേന്ദ്രവും ജില്ലാ താലൂക്കാദി കീഴ്ഘടകങ്ങളും രഹസ്യമായിട്ടാണെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന പ്രക്രിയ സമ്മേളനത്തിനുശേഷം തുടങ്ങി. ആ നിലയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ ആ സമ്മേളനത്തിനുള്ള പ്രാധാന്യം ഒരിക്കലും തള്ളിക്കളയാന്‍ വയ്യ.
എന്നാല്‍, ആ സമ്മേളനത്തിനുതന്നെ അടിത്തറ പാകിയത് അതിന് രണ്ടരവര്‍ഷംമുമ്പ് നടന്ന സംഘടനയുടെ സ്ഥാപനമാണ്. അതിനാകട്ടെ, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണമായ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നുതാനും. ഇതാണ് 1931ല്‍ രൂപംകൊണ്ട 'കമ്യൂണിസ്റ്റ് ലീഗും 1937ല്‍ നിലവില്‍വന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകവും തമ്മിലുള്ള വ്യത്യാസം. 1937ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം നിലവില്‍ വന്നിരുന്നില്ലെങ്കില്‍ പാറപ്രം സമ്മേളനമോ അനന്തര സംഭവങ്ങളോ നടക്കുമായിരുന്നില്ല. 1937ലും 1939ലും നടന്ന സംഭവങ്ങള്‍ക്ക് 1934ലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാപനവും അതിനുമുമ്പ് 1931ല്‍ രൂപംകൊണ്ട തിരുവനന്തപുരത്തെ 'കമ്യൂണിസ്റ്റ് ലീഗും' വഴിയൊരുക്കി എന്നുപറയുന്നതില്‍ തെറ്റില്ല. പക്ഷേ, 1931ലെ 'കമ്യൂണിസ്റ്റ് ലീഗി'ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ കേന്ദ്രവുമായി ഒരു ബന്ധവുമില്ലായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാകട്ടെ, കമ്യൂണിസ്റ്റെന്ന പേരുപോലും ഉണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് ആ രണ്ടു സംഭവത്തെയും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപനമായി കണക്കാക്കാന്‍ വയ്യ.
1937ലാണ് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപംകൊള്ളുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു പാറപ്രം സമ്മേളനം എന്നതിനാല്‍ അതിന് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു എന്നത് നേരാണ്. പക്ഷേ, ആ സമ്മേളനവുമായി നേരിട്ട് അഖിലേന്ത്യാ കേന്ദ്രത്തിന് ബന്ധമില്ലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടന സംബന്ധിച്ച് അനിഷേധ്യമായ ഒരു തത്വമുണ്ട്. മീതെയുള്ള നേതൃത്വം മുന്‍കൈയെടുത്താണ് കീഴ്ഘടകങ്ങള്‍ രൂപീകരിക്കുക. അപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളില്ലാതെ പാര്‍ടി സംഘടന നിലവില്‍ വരികയില്ല. ഈ നിബന്ധന അനുസരിച്ചാണ് 1937ലെ രഹസ്യയോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ ഘാട്ടെ പങ്കെടുത്തത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രൂപംകൊണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി ഘടകമാണ് പാറപ്രം സമ്മേളനത്തിനുവേണ്ടി സാഹചര്യം സൃഷ്ടിച്ചത്''-
നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ ചെറുത്തുനില്‍പ്പുകളുടെയും ബഹുജനമുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടക്കമായിരുന്നു പാറപ്രം സമ്മേളനം. ആധുനിക കേരളത്തിന് പാറപ്രം സമ്മേളനം ദിശാബോധം നല്‍കി. കര്‍ഷകപ്രസ്ഥാനം കൃഷിക്കാരില്‍ അഭിമാനബോധവും സംഘടനാബോധവും വളര്‍ത്തി. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ തീക്ഷ്ണമായ മുന്നേറ്റങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിച്ചു. അടിച്ചമര്‍ത്തലുകള്‍ക്കും ചോരപ്പുഴകള്‍ക്കും മീതെ പാവങ്ങളുടെ പ്രതീക്ഷയായി ചെങ്കൊടി ഉയര്‍ന്നുപാറി. പൊലീസും ഗുണ്ടാസംഘങ്ങളും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. എന്നാല്‍, എല്ലാ കടന്നാക്രമണങ്ങളെയും നേരിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറി. തലശേരി ജവഹര്‍ഘട്ടിലും മട്ടന്നൂരും മൊറാഴയിലും നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ സംഘടിച്ചു. ജവഹര്‍ഘട്ടില്‍ അബുമാസ്റ്ററും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി- കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികള്‍. തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലും പ്രതിരോധവും നാടിന്റെ ചരിത്രമാണ്. പാറപ്രത്തുനിന്ന് ആരംഭിച്ച പരസ്യപ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ മഹാപ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നുമുന്നേറി. ഒട്ടേറെ ജീവത്യാഗങ്ങളിലൂടെയും സഹനസമരത്തിലൂടെയുമാണ് കേരളം ചുവന്നതെന്ന ഓര്‍മപ്പെടുത്തലാണ് പാറപ്രം സമ്മേളനസ്മരണ. കടന്നാക്രമണങ്ങളിലും അപവാദപ്രചാരണങ്ങളിലും ഉലയുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തും ബഹുജനാടിത്തറയുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.
*
പി ശശി കടപ്പാട്: ദേശാഭിമാനി
എഴുപതിന്റെ നിനവില്‍ പിണറായി - ശ്രീ സുനില്‍ കൃഷ്ണന്റെ പോസ്റ്റ്
Subscribe to:
Post Comments (Atom)
1 comment:

Post a Comment