Monday, December 28, 2009

സംവരണം തുടരേണ്ടതിന്റെ ആവശ്യകത

കോൺസ്റിറ്റുവന്റ് അസംബ്ളി മൂന്നു വര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകളിലൂടെയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപംനല്‍കിയത്. ഡോ.അംബേദ്കറും ജവാഹര്‍ലാല്‍ നെഹ്റുവും ഡോ. രാജേന്ദ്രപ്രസാദും അടങ്ങുന്ന പ്രഗത്ഭര്‍ ഉള്‍പ്പെട്ട സമിതിയായിരുന്നു കോൺസ്റിറ്റുവന്റ് അസംബ്ളി. സ്വാതന്ത്ര്യവും അവസര സമത്വവുമാകണം ഇന്ത്യന്‍ ഭരണഘടനയുടെ മൌലിക മുദ്രാവാക്യം എന്ന് നിശ്ചയിക്കപ്പെട്ടു. സ്വാഭാവികമായും കോളനി ഭരണത്തിന്റെ ഭാഗമായി ദരിദ്രവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും നിരക്ഷരരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും ജാതി ഉച്ചനീചത്വങ്ങള്‍ക്ക് വിധേയരായവരും ജന്മിത്വത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരുമായിരുന്നു. ഇത്തരം ജനതയ്ക്ക് അവസര സമത്വം ഒരുക്കിക്കൊടുക്കുക എന്നത് ഭരണഘടന രൂപീകരിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടിവന്ന പ്രധാന വെല്ലുവിളിയായിരുന്നു.

അവസര സമത്വം നല്‍കുക എന്നതിന് ജനതയുടെ മത്സരശേഷി തുല്യമായിരിക്കുക എന്ന മുന്‍ ഉപാധി അനിവാര്യമാണെന്ന് മനസ്സിലായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാമൂഹ്യ പിന്നോക്കാവസ്ഥ ഏറെ അനുഭവിക്കുന്നവര്‍ക്കും അവസര സമത്വം ലഭിക്കണമെങ്കില്‍ ഭരണഘടനാപരമായ മറ്റു സംരക്ഷണങ്ങള്‍ നല്‍കേണ്ടിവരും എന്ന തിരിച്ചറിവില്‍നിന്നാണ് ഭരണഘടനാനുസൃതമായ സംവരണം നിലവില്‍ വന്നത്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭരണപങ്കാളിത്തം ഉറപ്പുവരുത്തുമ്പോള്‍ പരമോന്നത ജനാധിപത്യ വേദികളിലും ഈ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നിശ്ചയിക്കപ്പെട്ടു. അതിന്റെ ഫലമായി ഭരണഘടനയുടെ 331-ആം അനുച്ഛേദപ്രകാരം പാര്‍ലമെന്റിലും 333-ആം അനുച്ഛേദപ്രകാരം നിയമസഭകളിലും പട്ടികജാതി/പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. എന്നാല്‍, എത്രകാലം ഇതു തുടരണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒടുവില്‍ 10 കൊല്ലത്തേക്ക് നിശ്ചയിച്ച്, സാമൂഹ്യ പിന്നോക്കാവസ്ഥ സംബന്ധിച്ച് അവലോകനം നടത്തിയശേഷം ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യാമെന്നും തീരുമാനിച്ചു. ഇതനുസരിച്ച് ഭരണഘടനയുടെ 334-ാം അനുച്ഛേദമനുസരിച്ച് 10 വര്‍ഷത്തേക്ക് നിയമ നിര്‍മാണ സഭകളില്‍ സംവരണം ഏര്‍പ്പെടുത്തി.

തലമുറകളായി അനുഭവിച്ച വിവേചനവും മറ്റു സാമൂഹ്യ അടിച്ചമര്‍ത്തലുകളും സൃഷ്ടിച്ച പിന്നോക്കാവസ്ഥ ചുരുങ്ങിയ കാലത്തെ സംവരണ ഇടപെടലുകള്‍കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയില്ല എന്നാണ് പിന്നീട് നടത്തിയ പരിശോധനകളില്‍ മനസ്സിലായത്. ഇങ്ങനെ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന സംവരണത്തിന്റെ കാലാവധി 2010 ജനുവരി 26 ആവുമ്പോഴേക്കും അവസാനിക്കുകയാണ്. ഇപ്പോഴും അധഃസ്ഥിത ജനവിഭാഗങ്ങള്‍ കടുത്ത സാമൂഹ്യ വിവേചനം അനുഭവിക്കുന്നുണ്ട് എന്നതിനാല്‍ തുടര്‍ന്നും സംവരണം നീട്ടണമെന്നുതന്നെയാണ് കേരള സര്‍ക്കാരിന്റെ നിലപാട്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സംവരണം ഉറപ്പാക്കുന്നതുവഴി മാത്രം ഇന്നത്തെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ കഴിയുകയില്ല എന്നത് തര്‍ക്കമറ്റ വിഷയമാണ്. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും പട്ടികജാതി പട്ടികവര്‍ഗക്കാരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ഇന്ത്യാരാജ്യത്ത് വലിയ പുരോഗതിയോ കുതിച്ചുചാട്ടമോ ഉണ്ടായതായി പറയാനാവില്ല. സാക്ഷരത, തൊഴില്‍, ഭൂവുടമസ്ഥത എന്നീ മേഖലകള്‍ പരിശോധിച്ചാല്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്ഥിതി ദേശീയതലത്തില്‍ തുലോം പിന്നോക്കമാണ്. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 26.5 ശതമാനം ആണെങ്കില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടേത് 46.5 ശതമാനമാണ്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാക്ഷരത, ദേശീയ ശരാശരിയായ 64.8 ശതമാനത്തേക്കാള്‍ കുറവാണ്. ഇത് പട്ടികജാതി വിഭാഗത്തിന്റേത് 54.77 ശതമാനമാണെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റേത് 47.1 ശതമാനം മാത്രമാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍നിന്ന് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിടുതല്‍ നേടാന്‍ കഴിയുന്നില്ല എന്നതാണ് സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല, ഈ വിഭാഗങ്ങളുടെ സാമൂഹ്യ ചാലകത ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണുതാനും. ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വളരെയധികം ദൂരം ഇനിയും പോകേണ്ടതുണ്ട്.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമംമൂലം അതുവരെ നിലവിലുണ്ടായിരുന്ന ജന്മിത്ത വ്യവസ്ഥ തുടച്ചുനീക്കപ്പെടുകയുണ്ടായി. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളടക്കമുള്ള സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വലിയൊരു ജനവിഭാഗത്തിന് അവസര സമത്വം ലഭിക്കുന്നതിനും ഇത് ഒരു അടിസ്ഥാന കാരണമായിട്ടുണ്ട്. പക്ഷേ, ഈ ഭൂപരിഷ്കരണ നിയമം കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഭൂരാഹിത്യം ഇല്ലായ്‌മ ചെയ്യുന്നതിന് പര്യാപ്തമായില്ല. ഇതിനു പ്രധാന കാരണം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ ഏറെയും കര്‍ഷക തൊഴിലാളികളായിരുന്നു എന്നതാണ്. കുടികിടപ്പ് അനുവദിച്ചുകിട്ടിയത് ഈ വിഭാഗത്തെ സാമൂഹ്യ മുഖ്യധാരയിലേക്ക് നയിക്കാന്‍ സഹായിച്ചെങ്കിലും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഭൂരഹിതരായി തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രധാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ കൃഷിക്കാരുടെ ശതമാനം 7.12 ആണെങ്കില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൃഷിക്കാരുടെ ശതമാനം 1.6 മാത്രമാണ്. കര്‍ഷക തൊഴിലാളികളുടേത് ശരാശരി 12.04 ശതമാനമാണെങ്കില്‍ പട്ടികജാതി വിഭാഗത്തിന്റേത് 29.48ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന്റേത് 41.12 ശതമാനവുമാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സ്ഥിതി ഇന്ത്യയുടെ മൊത്തം അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും കേരളത്തിലെ പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ സ്ഥിതി പിന്നിലാണെന്നു കാണാം. ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ കേരളത്തില്‍ ശരാശരി 9.4 ശതമാനം ആണെങ്കില്‍ പട്ടികജാതിയുടേത് 14.6 ശതമാനവും പട്ടികവര്‍ഗത്തിന്റേത് 24.2 ശതമാനവുമാണ്. ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പൊതുഅവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ (ഇത് പട്ടികജാതി വിഭാഗത്തിന്റേത് 36.2 ശതമാനവും പട്ടികവര്‍ഗത്തിന്റേത് 45.8 ശതമാനവുമാണ്) കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിയമനിര്‍മാണ സഭകളിലേക്കുള്ള സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നതിനാല്‍ മാത്രമാണ് ഇന്നും നിയമനിര്‍മാണ സഭകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്. സ്ത്രീസംവരണം നടപ്പാക്കേണ്ടതിന്റെ ഒരു പ്രധാനപ്പെട്ട ആവശ്യകതയും ഇതുതന്നെയാണ്. 2010 ജനുവരി 26ന് ശേഷം 10 വര്‍ഷത്തേക്ക് സംവരണം നീട്ടാന്‍ പാര്‍ലമെന്റ് 109-ാം ഭരണഘടനാ ഭേദഗതി അംഗീകരിച്ചിട്ടുണ്ട്. ഈ ഭരണഘടനാ ഭേദഗതി നിയമമാകണമെങ്കില്‍ പകുതിയോളം സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ അതിനെ പിന്തുണക്കേണ്ടതുണ്ട്. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളെ മുന്‍ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഈ ഭരണഘടനാ ഭേദഗതിക്ക് കേരള സര്‍ക്കാരിന്റെയും നിയമസഭയുടെയും ഏകമനസ്സോടുകൂടിയുള്ള പിന്തുണയും അംഗീകാരവും നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സംവരണത്തിനു പുറമെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നടപ്പാക്കിവരുന്നത്. ഇതിനുവേണ്ടി ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുക വലുതാണെങ്കിലും നേട്ടങ്ങള്‍ ആശാവഹമായ രീതിയില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു സൂചിപ്പിക്കുന്നത് സംവരണം കൊണ്ടുമാത്രം നാം ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയുകയില്ല എന്നാണ്. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമായി നിലനില്‍ക്കുന്നു എന്നതിനാല്‍ സംവരണത്തിന്റെ പ്രസക്തി കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍മേഖലയും വിദ്യാഭ്യാസമേഖലയും അതിവേഗം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുവരികയാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവസരം ലഭിക്കുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന എയ്‌ഡഡ് സ്കൂള്‍ മേഖലയില്‍പോലും സംവരണം ഉറപ്പാക്കാന്‍ കഴിയാത്തത് വലിയൊരു വീഴ്ച തന്നെയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്ന 1,09,000 പേരില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം 296 മാത്രമാണ്. അതായത് വെറും 0.25 ശതമാനം. വിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍ ഈ വിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതി ഒഴിവാക്കാന്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം അടക്കമുള്ള നടപടികള്‍ കോടതി ഇടപെടലുകളിലൂടെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥചെയ്തിട്ടുള്ള സംവരണത്തിന് പരിമിതികളുണ്ട്. സ്വകാര്യ /എയ്‌ഡഡ് തൊഴില്‍ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും വിപുലമായ നിയമ നിര്‍മാണം ആവശ്യമുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. സംവരണകാലാവധി ദീര്‍ഘിപ്പിക്കുന്ന ഈ സന്ദര്‍ഭം അത്തരം വിപുലമായ നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാന്‍ തികച്ചും ഉചിതമാണ്.

****

എ കെ ബാലന്‍ (പിന്നോക്ക പട്ടികസമുദായ ക്ഷേമമന്ത്രി)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍മേഖലയും വിദ്യാഭ്യാസമേഖലയും അതിവേഗം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുവരികയാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവസരം ലഭിക്കുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന എയ്‌ഡഡ് സ്കൂള്‍ മേഖലയില്‍പോലും സംവരണം ഉറപ്പാക്കാന്‍ കഴിയാത്തത് വലിയൊരു വീഴ്ച തന്നെയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്ന 1,09,000 പേരില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം 296 മാത്രമാണ്. അതായത് വെറും 0.25 ശതമാനം. വിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍ ഈ വിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതി ഒഴിവാക്കാന്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം അടക്കമുള്ള നടപടികള്‍ കോടതി ഇടപെടലുകളിലൂടെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥചെയ്തിട്ടുള്ള സംവരണത്തിന് പരിമിതികളുണ്ട്. സ്വകാര്യ /എയ്‌ഡഡ് തൊഴില്‍ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും വിപുലമായ നിയമ നിര്‍മാണം ആവശ്യമുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. സംവരണകാലാവധി ദീര്‍ഘിപ്പിക്കുന്ന ഈ സന്ദര്‍ഭം അത്തരം വിപുലമായ നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാന്‍ തികച്ചും ഉചിതമാണ്.