Thursday, January 7, 2010

മാലിനി ഫൊന്‍സേകയും ഹാറ്റണും

ചില്ലിട്ടു തൂക്കിയ ചുവര്‍ചിത്രംപോലെയായിരുന്നു ഹാറ്റണ്‍. പച്ച അരച്ചുചേര്‍ത്ത പച്ചപ്പിന്റെ കടുത്തഭാവങ്ങള്‍. കൊളംബോയില്‍നിന്ന് നാലര മണിക്കൂര്‍ കാര്‍യാത്ര. അവിടത്തെ പ്രകൃതിഭംഗിയും പ്ളാന്റേഷനുകളും കാണാനുറച്ചായിരുന്നു സഞ്ചാരം. പ്രഭാതം കണ്ണുതുറക്കാന്‍ തുടങ്ങുകമാത്രമായിരുന്ന ഒരുദിവസം. മലയാളികള്‍ ആദ്യകാലത്ത് കേന്ദ്രീകരിച്ച അവിടം ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ നാഡീതലംകൂടിയായിരുന്നു. ചെറിയ മലയിടുക്കുകള്‍ കൈകൂപ്പിയതുപോലുള്ള പ്രദേശങ്ങള്‍ ഒളിവുകേന്ദ്രങ്ങള്‍കൂടിയായി.

മഴത്തുള്ളികള്‍ ചരലെറിയുംപോലെ പരുഷമായിട്ടും മനസ്സ് ഉന്മേഷഭരിതമായിനിന്നു. മരങ്ങള്‍ക്കുമേലെ മരങ്ങള്‍ എന്ന മട്ടിലായിരുന്ന കാഴ്ച അതീവ സുന്ദരമായിരുന്നു. എണ്ണച്ചായാ ചിത്രംപോലെ പലേടത്തുനിന്നും ജീവന്‍ ഒഴുകിവരുന്ന പ്രതീതി. ഇത്രയും മനോഹരമായ പ്രകൃതിയോ എന്ന് ഉള്ളില്‍ ചോദിച്ചുപോയി പലവട്ടം. തിരക്കൊഴിഞ്ഞ പാതയുടെ നിമ്നോന്നതങ്ങളിലൂടെ ആഹ്ളാദത്തിന്റെ കൊടുമുടിയിലേക്ക്.

മലയാളിയായ ഒറ്റാലി മണിലാലിന്റെ ഔട്ട്ഹൌസിലായിരുന്നു താമസം. തൃശൂര്‍ വലപ്പാട്ടെ ഒറ്റാലി വേലായുധന്റെ മകന്‍. മണിലാല്‍ പതിറ്റാണ്ടുകളായി കൊളംബോയിലാണ്. എന്നെ സ്വീകരിച്ചത് മൊഡേരാ സുമിത്ത്. അമ്പത്തിരണ്ടുകാരനായ അയാള്‍ പതിനേഴാം വയസ്സില്‍ മണിലാലിനൊപ്പം ചേര്‍ന്നതാണ്. എന്‍ പ്രഭാകരന്റെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം സുമിത്ത് തീര്‍ത്തും നിഷ്കളങ്കനായിരുന്നു. കൈരേഖകള്‍ മാഞ്ഞുപോയ അയാള്‍ പ്രാകൃതമായ ദൈവരൂപംപോലെ എന്നില്‍ നിറഞ്ഞു. അനുഭവം വേവിച്ചെടുത്ത ഒരുതരം നിര്‍മമത അയാളെ പൂര്‍ണമായി കീഴടക്കിയതുപോലെ. വെള്ളംചേര്‍ക്കാതെ പലവട്ടം മദ്യംവിഴുങ്ങി അയാള്‍ അമ്പരപ്പിക്കുകതന്നെചെയ്തു.

ശ്രീലങ്കന്‍ യാത്രയിലെതന്നെ മറക്കാനാവാത്ത നിര്‍വ്യാജമായ ബന്ധത്തിന്റെ കുറേ തുടിപ്പുകള്‍ സുമിത്ത് പകര്‍ന്നുതന്നു. നുറുങ്ങു സംഭാഷണങ്ങളിലൂടെ ഞങ്ങളുടെ സംസാരം രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കുമെത്തി. ഒരുവേള തീര്‍ത്തും സ്വാഭാവികമായി എന്നാല്‍ അപ്രതീക്ഷിതമായി അയാള്‍ 'പൈലറ്റ് പ്രേംനാഥ്' എന്ന ചലച്ചിത്രത്തെക്കുറിച്ചു സൂചിപ്പിച്ചു. "നിങ്ങളുടെ ശിവാജി ഗണേശന്‍ നായകനായ അതില്‍ ഞാന്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. 1978ലായിരുന്നു അത്. അപ്രധാനമല്ലാത്തതുതന്നെ. പിന്നെയും ചില സിനിമകളില്‍ അഭിനയിച്ചു....'' എനിക്ക് വിശ്വാസം വരുന്നില്ലെന്ന സംശയത്തില്‍ അയാള്‍ ശിവാജിയും മാലിനി ഫൊന്‍സേകയുമൊത്തുള്ള ചില ഫോട്ടോകള്‍ വലിച്ചിട്ടു. ലഹരിയുടെ ഓളങ്ങളില്‍പ്പെട്ടിട്ടും തുറിച്ചുനോക്കുന്ന കണ്ണുകളില്‍ തെളിച്ചവും ചുണ്ടുകളില്‍ ചിരിയും നിറയ്ക്കുകയായിരുന്നു അയാള്‍.

ഞാന്‍ ശ്രീലങ്കയിലേക്കു പുറപ്പെടുന്നതിന് രണ്ടുദിവസംമുമ്പ് നടന്‍ കൊച്ചിന്‍ ഹനീഫ വിളിച്ചിരുന്നു. മാലിനി ഫൊന്‍സേകയുടെ നമ്പറും അദ്ദേഹം തരപ്പെടുത്തിത്തരികയുണ്ടായി. 'മദ്രാസ് പട്ടണം' എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ശ്രീരംഗപട്ടണത്തായിരുന്നു ഹനീഫ. 1933ന്റെ ചരിത്രത്തിലേക്കു സ്പര്‍ശിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ ആരവങ്ങളിലേക്കു നീളുന്നതാണ് അതിന്റെ ഇതിവൃത്തം. സ്വാതന്ത്യം ലഭിക്കുന്നതോടെ പിരിഞ്ഞുപോകേണ്ടിവരുന്ന രണ്ട് പ്രേമഭാജനങ്ങളുടെ കഥ.

രാജ്യം സന്തോഷത്തിന്റെ തിരതള്ളലിലാവുമ്പോഴും കണ്ണീര്‍ കുടിച്ചവര്‍. ബ്രിട്ടീഷ് ഗവര്‍ണറുടെ മകളായ നായികയായെത്തുന്നത് ബ്രിട്ടീഷ് നടി ഐന. നായകനാവട്ടെ 'നാന്‍ കടവുള്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആര്യ. വിജയ് സംവിധാനംചെയ്യുന്ന 'മദ്രാസ് പട്ടണ'ത്തില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് പ്രധാന വേഷമുണ്ട്. ഗവര്‍ണറുടെ മകളെ പ്രണയിക്കുന്ന നായകന്‍ ഇതില്‍ അലക്കുകാരനാണ്.

സ്നേഹത്തിന്റെ അപാരസാധ്യതകളും പ്രണയത്തിന്റെ വേദനനിറഞ്ഞ മുള്‍വഴികളും വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന 'മദ്രാസ് പട്ടണ'ത്തിന്റെ വിവരണങ്ങള്‍ പശ്ചാത്തലമാക്കിയാണ് ഞാന്‍ സുമിത്തിന്റെ മുന്നിലിരുന്നത്. 'പൈലറ്റ് പ്രേംനാഥി'ന്റെ കഥയും മാലിനിയുടെ മാസ്മരികാഭിനയവും അയാള്‍ വേഗചലനങ്ങളിലൂടെ വരച്ചുവച്ചു. പിന്നെ ചില ചരിത്രത്തിലേക്കും. ഭര്‍ത്താവിന്റെ ഹൃദയഭാഗംതന്നെയായ ഭാര്യ സ്വന്തം കണ്‍മുന്നില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു മരിക്കുകയാണ്. അവരുടെ വെട്ടിമാറ്റാനാവാത്ത ഓര്‍മകളില്‍ ജീവിക്കുകയാണ് നായകന്‍.

മക്കളെ നന്നായി വളര്‍ത്തി. ഒരു സുപ്രഭാതത്തില്‍ ഞെട്ടല്‍പോലെ അറിയുന്നു അതിലൊരുകുട്ടി തന്റേതല്ലെന്ന്. ആരാണെന്നു നിശ്ചയവുമില്ല. സംശയത്തിന്റെ പുകമറ കുറേനാള്‍ വിഴുങ്ങിനിന്നു. ഒരു സുഹൃത്ത് കുട്ടിയെ മാറ്റിയതാണെന്ന് പിന്നീടറിയുകയാണ്. എന്നിട്ടും സ്നേഹരാഹിത്യത്തിന്റെ കടുപ്പംകാട്ടുന്നില്ല ആ അച്ഛന്‍. എ സി ത്രിലോക് ചന്ദര്‍ സംവിധാനംചെയ്ത സിനിമ ഇന്ത്യ-ശ്രീലങ്ക ചലച്ചിത്ര സംരംഭങ്ങളുടെകൂടി വിജയത്തുടക്കമായിരുന്നു. പിന്നെ കുറേ ഇന്ത്യന്‍ സിനിമകളുടെ ചിത്രീകരണവും ഹാറ്റണില്‍.

സിംഹളീസ് സിനിമയുടെ ചക്രവര്‍ത്തിനി എന്ന് ശരിയാംവണ്ണം അറിയപ്പെട്ട മാലിനി ഇരുപത്തൊന്നാം വയസ്സില്‍ 1968ലാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തിസ ലിയന്‍ സൂരിയയുടെ 'പഞ്ചിബാബ'യിലൂടെ. അപ്പോഴേക്കും നാടകരംഗത്ത് ഏറെ പ്രശസ്തയായിക്കഴിഞ്ഞിരുന്നു. 1969ല്‍ മികച്ച നാടകനടിക്കുള്ള ദേശീയപുരസ്കാരവും നേടി. നോരാത രാധ, അകല്‍ വേശ തുടങ്ങിയ നാടകങ്ങള്‍ അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുകയായിരുന്നു. സംവിധായകനും നിര്‍മാതാവുമായ സഹോദരന്‍ ആനന്ദ ഫൊന്‍സേകയാണ് മാലിനിയെ ചലച്ചിത്രത്തിന്റെ സാധ്യതകളിലേക്ക് കൈപിടിക്കുന്നത്. നൂറ്റമ്പതിനടുത്ത് ചലച്ചിത്രങ്ങളില്‍ വേഷമിട്ട അവര്‍ 1984ല്‍ ഒരു സിനിമ സംവിധാനംചെയ്ത് മറ്റൊരു ചുവടുവച്ചു. 'സസര ചേരിന'. മൂന്നുവര്‍ഷത്തിനുശേഷം 'അഹിംസ'യും 1991ല്‍ 'സ്ത്രീ'യും സംവിധാനംചെയ്തു. പിന്നീട് മാലിനി ടെലിഡ്രാമകളിലാണ് ശ്രദ്ധയൂന്നിയത്. ആ മേഖലയിലും സംവിധായികയുടെ ഭാരവും ഏറ്റെടുത്തു. അങ്ങനെ സംവിധാനംചെയ്ത 'നിരുപമാല'യില്‍ അഭിനയിക്കുകയുമുണ്ടായി. ലങ്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ ടെലിഡ്രാമ സംവിധായിക. 1975ലെ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും 1977ലെ ഡല്‍ഹി ഫെസ്റ്റിവലിലും മാലിനി മികച്ച നടിക്കുള്ള പുരസ്കാരം നേടുകയുണ്ടായി.

രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധവും ലങ്കയില്‍ സുദൃഢമാണ്. നായകപരിവേഷത്തെ നേതൃസ്വാധീനമായി പരിഭാഷപ്പെടുത്തുന്ന രീതിതന്നെ. രഞ്ജന്‍ രമനായക, ജീവന്‍ കുമരതുംഗ, രവീന്ദ്ര രണ്ടേനിയ, വിജയകുമാരതുംഗ തുടങ്ങിയവരാണ് താരപദവിയുടെ ബലത്തിലും അടിത്തറയിലും രാഷ്ട്രീയാധികാരം കെട്ടിപ്പൊക്കിയത്.

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയാണ് രഞ്ജന്‍ ശ്രദ്ധേയനായിത്തീര്‍ന്നത്. രണ്ടുകോടി മുടക്കിയെടുത്ത 'സാധു' ഇന്ത്യന്‍ അഭിനയ പങ്കാളിത്തംകൊണ്ടും പ്രശസ്തമായി. സഹപാഠിയായ ഇംഗ്ളണ്ടുകാരന്‍ ബേവന്‍ പേരേര നിര്‍മിച്ച ചിത്രത്തില്‍ മീനയും സിമ്രാനും പ്രധാനവേഷത്തിലുണ്ടായിരുന്നു. അരന്ദലാവാ സംഭവത്തിനുശേഷമുള്ള സ്ഥിതിഗതികള്‍ കേന്ദ്രീകരിച്ചായിരുന്നു അത്. സംഭവത്തില്‍ ഭീകരര്‍ കുറേ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കുകയുണ്ടായി. മരണവക്രത്തില്‍നിന്നു കുതറിയോടിയ ഒരാളുടെ മനോഗതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. അദ്ദേഹം സാമൂഹ്യാസമത്വങ്ങള്‍ക്കും വംശീയപ്രശ്നങ്ങള്‍ക്കും അത് കീറിമുറിച്ച വേദനകള്‍ക്കുമെതിരെ ചോദ്യങ്ങളുന്നയിക്കുകയാണ്.

ആയോധനകലയില്‍ പ്രാവീണ്യമുള്ള നായകനായെത്തിയത് രഞ്ജന്‍തന്നെ. പുത്തലം, ജാഫ്ന തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. നടനും രാഷ്ട്രീയനേതാവുമായ അമ്മാവന്‍ വിജയ സിംഹളയുടെ പ്രേരണയിലായിരുന്നു രഞ്ജന്റെ സിനിമാപ്രവേശം. പിന്നീട് സെന്‍സറിങ്ങിലെ അഴിമതിമൂലം അദ്ദേഹം ഏറെ കുപ്രസിദ്ധനായി.

രഞ്ജന്‍ ആദ്യം അഭിനയിച്ച പാര്‍ലമെന്റ് ജോക്സ് ശ്രീലങ്കന്‍ സിനിമാചരിത്രത്തില്‍ത്തന്നെ ഏറ്റവും വരുമാനമുണ്ടാക്കിയ ചലച്ചിത്രങ്ങളിലൊന്നാണ്. 'വണ്‍ഷോട്ട്' അന്താരാഷ്ട്രവിപണിയില്‍ ആഴത്തില്‍ സ്വാധീനമുണ്ടാക്കിയ ലങ്കന്‍ നിര്‍മിതിയും.

ബന്ധുവായ ചന്ദ്രിക കുമരതുംഗയുടെ അഭ്യര്‍ഥന മാനിച്ചാണ് നടന്‍ ജീവന്‍ കുമരതുംഗ രാഷ്ട്രീയത്തിലും അഭിനയിക്കാനെത്തിയത്. 1994ലെ കൊളംബോ പ്രൊവിന്‍ഷ്യല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പായിരുന്നു ആദ്യ അങ്കം. ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പിന്നെ കായിക- യുവജനക്ഷേമ ഡപ്യൂട്ടി മന്ത്രിയായി. ഇപ്പോള്‍ ഭൂവികസന കാബിനറ്റ് പദവിയിലാണ്.

നടനും ചന്ദ്രികയുടെ ഭര്‍ത്താവുമായ വിജയ കുമരതുംഗ പുലികളുടെ ചാവേര്‍ കടന്നാക്രമണത്തില്‍ നെടുകെ പിളര്‍ന്ന് മരിക്കുകയായിരുന്നു. 1988 ഫെബ്രുവരി 16ന് വീട്ടിലേക്ക് ഇരച്ചുകയറിയായിരുന്നു വധം. ചന്ദ്രികയും രണ്ടുമക്കളും സാക്ഷിയായ കൊടുംപാതകം.

1972ല്‍ ഇറങ്ങിയ 'ദേശനിസ'യിലൂടെയാണ് രവീന്ദ്ര രണ്ടേനിയ സിനിമയില്‍ സ്ഥാനമുറപ്പിച്ചത്.

ശ്രീലങ്കന്‍ വംശീയപ്രശ്നത്തിന്റെ ചില അടരുകള്‍ അന്വേഷണവിധേയമാക്കിയ ചലച്ചിത്രങ്ങളുമുണ്ട്. പുലികളുടെ സംഹാരാത്മകതയെ ശക്തമായി ആക്ഷേപിക്കുന്നതോടൊപ്പം തമിഴ്ജനത കുടിച്ചുവറ്റിച്ച അവഗണനയുടെ കടലും ചിലേടത്തെല്ലാം ഇതിവൃത്തമായി. ഈയൊരു സ്വാധീനം തെന്നിന്ത്യന്‍ സിനിമയിലുമുണ്ട് ധാരാളം. നന്ദ, കുരുതിപ്പുനല്‍, മല്ലി, കന്നത്തില്‍ മുത്തമിട്ടാല്‍, കാറ്റുക്കെന്ന വേലി തുടങ്ങിയവ. 'പരുത്തിവീര'നിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന സംവിധായകന്‍ അമീര്‍ ഒരുക്കുന്ന 'കിള്ളിനോച്ചി' വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു. മണിരത്നത്തിന്റെ 'കന്നത്തില്‍ മുത്തമിട്ടാല്‍', ബാലയുടെ 'നന്ദ', എസ് ശെല്‍വത്തിന്റെ 'രാമേശ്വരം' തുടങ്ങിയവയും ശ്രദ്ധേയങ്ങളാണ്. ശ്രീലങ്കയില്‍ ഞെരിഞ്ഞമരുന്ന തമിഴരോടുള്ള അനുഭാവം ചെന്നൈ തെരുവോരങ്ങളിലെ ഐക്യദാര്‍ഢ്യത്തിലൂടെ ചലച്ചിത്രപ്രവര്‍ത്തകര്‍ പരസ്യമാക്കിയതുമാണ്. എന്നാല്‍, പുലികള്‍ക്കെതിരായ സൈനികവിജയത്തിനുശേഷം ചില ലങ്കന്‍താരങ്ങള്‍ മെനിക്ഫാമിലെത്തി ആഹ്ളാദങ്ങളില്‍ അലിഞ്ഞുനിന്നത് മറ്റൊരു കഥ. .

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലിട്ടു തൂക്കിയ ചുവര്‍ചിത്രംപോലെയായിരുന്നു ഹാറ്റണ്‍. പച്ച അരച്ചുചേര്‍ത്ത പച്ചപ്പിന്റെ കടുത്തഭാവങ്ങള്‍. കൊളംബോയില്‍നിന്ന് നാലര മണിക്കൂര്‍ കാര്‍യാത്ര. അവിടത്തെ പ്രകൃതിഭംഗിയും പ്ളാന്റേഷനുകളും കാണാനുറച്ചായിരുന്നു സഞ്ചാരം. പ്രഭാതം കണ്ണുതുറക്കാന്‍ തുടങ്ങുകമാത്രമായിരുന്ന ഒരുദിവസം. മലയാളികള്‍ ആദ്യകാലത്ത് കേന്ദ്രീകരിച്ച അവിടം ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ നാഡീതലംകൂടിയായിരുന്നു. ചെറിയ മലയിടുക്കുകള്‍ കൈകൂപ്പിയതുപോലുള്ള പ്രദേശങ്ങള്‍ ഒളിവുകേന്ദ്രങ്ങള്‍കൂടിയായി.

മഴത്തുള്ളികള്‍ ചരലെറിയുംപോലെ പരുഷമായിട്ടും മനസ്സ് ഉന്മേഷഭരിതമായിനിന്നു. മരങ്ങള്‍ക്കുമേലെ മരങ്ങള്‍ എന്ന മട്ടിലായിരുന്ന കാഴ്ച അതീവ സുന്ദരമായിരുന്നു. എണ്ണച്ചായാ ചിത്രംപോലെ പലേടത്തുനിന്നും ജീവന്‍ ഒഴുകിവരുന്ന പ്രതീതി. ഇത്രയും മനോഹരമായ പ്രകൃതിയോ എന്ന് ഉള്ളില്‍ ചോദിച്ചുപോയി പലവട്ടം. തിരക്കൊഴിഞ്ഞ പാതയുടെ നിമ്നോന്നതങ്ങളിലൂടെ ആഹ്ളാദത്തിന്റെ കൊടുമുടിയിലേക്ക്.