Tuesday, January 26, 2010

ഡിറ്റക്ടീവ് പുഷ്പനാഥ് സ്പീക്കിങ്ങ്..

പെട്ടെന്നാണ് ചുവന്ന മാരുതി കാര്‍ മള്ളൂശ്ശേരി റോഡില്‍നിന്ന് കോട്ടയം ചുങ്കം ജങ്ഷനിലേക്ക് ചീറിപ്പാഞ്ഞുവന്നത്. മെഡിക്കല്‍ കോളേജ് റോഡിലൂടെ വന്ന വാഹനങ്ങള്‍ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പാലം കടന്ന് വേഗത്തില്‍ സെമിനാരി റോഡിലേക്കു തിരിഞ്ഞ അത് പഴയ പാലത്തിനുസമീപം 'താജ്' ഹോട്ടലിനുമുന്നില്‍ സഡന്‍ ബ്രേക്കിട്ടു. കറുത്ത കണ്ണടയും തൊപ്പിയും ധരിച്ച മെലിഞ്ഞ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി ഹോട്ടലിനുള്ളിലേക്ക്. കൌണ്ടറിലിരുന്ന റിയാസ് ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ചായത്തട്ടിന്റെ കിളിവാതിലിലൂടെ മുണ്ടക്കയത്തുകാരന്‍ ഷിനോ വെളിയിലേക്കു തലനീട്ടി.

പിന്നെ ഡിറ്റക്ടീവ് മാര്‍ക്സിന്‍ കഴിക്കുന്ന ഫ്രഞ്ച് വിസ്കി (ഇവിടെ കട്ടന്‍ ചായ)യുമായി ഷിനോ കമ്പിയിട്ട പല്ലുകാട്ടി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ട ഭാവം നടിച്ചില്ല. വിസ്കി നുണയുന്നതിനിടെ ഒരു ഹാഫ് എ കൊറോണയ്ക്ക് തീകൊളുത്തുമെന്നു കരുതി. പക്ഷേ, അതുണ്ടായില്ല.

മുന്നിലേക്കു നീങ്ങിനിന്ന് ഞാന്‍ ആഗമനോദ്ദേശ്യം അറിയിച്ചു. എതിര്‍വശത്തെ കസേര ചൂണ്ടി ഇരിക്കാന്‍ അയാള്‍ ആംഗ്യംകാട്ടി. ഞാന്‍ ഇരുന്നു. മള്ളൂശ്ശേരി ക്ഷേത്രത്തിനടുത്ത് പഴയ തറവാട്ടിലെത്താനായിരുന്നു നിര്‍ദേശം. സമ്മതമറിയിച്ച് പിന്‍വാങ്ങുമ്പോള്‍ സമയം 5.45. പെട്ടെന്ന് ഒരുകാറ്റ് ആഞ്ഞുവീശി. അന്തരീക്ഷമാകെ കറുത്തിരുണ്ടു. കനത്ത മഴയ്ക്കുള്ള ലക്ഷണമായിരുന്നു അവിടെ.

(തുടരും)

ചുവന്ന മനുഷ്യനെ തേടിയുള്ള യാത്രയില്‍ ഒപ്പം ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥും. പാരലല്‍ റോഡും ഓവര്‍ ബ്രിഡ്ജും ലെവല്‍ക്രോസും കഴിഞ്ഞ് ഫറവോന്റെ മരണമുറിയിലൂടെ ഒരു ഡെത്ത് റെയ്ഡ് നടത്തുകയായിരുന്നു ഞങ്ങള്‍. രക്തംപുരണ്ട ആ രാത്രിയില്‍ ഡ്രാക്കുളയുടെ നിഴലിലൂടെ ചുവന്ന അങ്കി ധരിച്ച് ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ കണ്ട് ചുവന്ന കൈകളില്‍ അജ്ഞാതന്റെ താക്കോലുമായി കാര്‍പാത്യന്‍ മലനിരകളിലൂടെ ലൂസിഫറിന്റെ പേടകത്തിലേക്ക് ഞങ്ങള്‍ നടന്നുകയറി. ആ ചുവന്ന മനുഷ്യന്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുള്‍മൂടിക്കിടന്ന ആ മുറിയില്‍ കയറുമ്പോള്‍ ചുരവിലെ ക്ളോക്ക് 12 തവണ ശബ്ദിച്ചു.

കറന്റില്ല..... ഇരുട്ടില്‍നിന്ന് അശരീരിപോലെ ആ ശബ്ദം കേട്ടു. ഇരിക്കാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ അനുസരിച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൈയിലിരുന്നത് അരണ്ട വെളിച്ചത്തില്‍ കണ്ടു.

പെട്ടെന്നാണ് മുറിയിലെ വൈദ്യുതദീപങ്ങളെല്ലാം തെളിഞ്ഞത്. ഡിറ്റക്ടീവ് മാര്‍ക്സിനെയോ, പുഷ്പരാജിനെയോ പ്രതീക്ഷിച്ചുചെന്ന ഞങ്ങള്‍ക്കു കാണാനായത് ഒരു സാധാരണമനുഷ്യനെ. കൈയില്‍ പേനയുമായി അയാള്‍ എഴുത്ത് തുടരുകയാണ്. അത് കോട്ടയം പുഷ്പനാഥ്. ചുവന്ന മനുഷ്യന്റെ സ്രഷ്ടാവ്. സംഭ്രമജനകമായ വായനയുടെ ഒരുകാലഘട്ടമാണ് മുന്നില്‍.

സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തുടങ്ങിയ ആ എഴുത്തിന്റെ പ്രക്രിയ ഇന്നും തുടരുന്നു. തമിഴ്നടന്‍ ഭാഗ്യരാജിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ എന്ന വാരികയ്ക്കുവേണ്ടി എഴുതുന്ന ദേവനര്‍ത്തകി എന്ന മാന്ത്രികനോവലിന്റെ രചനയിലായിരുന്നു അദ്ദേഹം. മലയാളത്തിലെ സാധ്യതകള്‍ക്ക് കുറവില്ലെങ്കിലും തമിഴില്‍ തന്റെ രചനകള്‍ക്ക് നല്ല ഡിമാന്‍ഡാണെന്ന് അദ്ദേഹം പറഞ്ഞു. എഴുപതോളം നോവലുകളുടെ തമിഴ് പരിഭാഷ ഇതിനകം പ്രസിദ്ധീകരിച്ചു. തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകളിലും നോവലുകള്‍.

വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രചനകളുടെ പതിറ്റാണ്ടുകളെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നു: കോട്ടയം ഗുഡ്ഷെപ്പേഡ് എല്‍പിഎസിലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. പിന്നീട് എംടി സെമിനാരി ഹൈസ്കൂളിലെത്തിയതോടെ വായനയ്ക്ക് അടിമപ്പെട്ടു.

അധ്യാപകനായിരുന്ന കെ പി ഐപ്പ് (കോവൂര്‍ കുടുംബാംഗം) ഇടവേളകളില്‍ പറഞ്ഞുകൊടുത്ത കഥകള്‍ ഇന്നും മനസ്സിലുണ്ട്. കുട്ടികളില്‍ ജിജ്ഞാസയുണര്‍ത്തുന്ന അത്തരം കഥകള്‍ ബോധ്യപ്പെടുത്താന്‍ ബോര്‍ഡില്‍ ഐപ്പ്സാര്‍ ചിത്രങ്ങളും വരയ്ക്കുമായിരുന്നു. ഇതിനുപുറമെയാണ് അധ്യാപികയായിരുന്ന അമ്മയുടെ സഹായം. പുസ്തകങ്ങളും വാരികകളുമെല്ലാം യഥേഷ്ടം അവര്‍ എത്തിച്ചുകൊടുത്തു. വ്യാപാരിയാണെങ്കിലും നല്ല വായനക്കാരനായിരുന്ന അച്ഛനും പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വായനയ്ക്കിടയില്‍ കണ്ടെത്തിയ പേരാണ് പുഷ്പനാഥ്.

സ്കൂള്‍കാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. സ്കൂള്‍ മാഗസിനിലടക്കം അതു പ്രസിദ്ധീകരിച്ചു. പിന്നീട് സിഎന്‍ഐ ട്രെയ്നിങ് സ്കൂളില്‍ നിന്ന് ടിടിസി പാസായി അധ്യാപകവൃത്തിയിലേക്ക്. എഴുത്തില്‍ കൂടുതല്‍ സജീവമായി. ചമ്പക്കുളം ബികെഎം ബുക്സിന്റെ ഡിറ്റക്ടര്‍ എന്ന മാഗസിനിലാണ് ആദ്യകാലത്ത് കൂടുതല്‍ എഴുതിയത്.

അക്കാലത്ത് കേരളത്തില്‍ വന്‍ പ്രചാരമുണ്ടായിരുന്ന മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് ശരിക്കും അറിയപ്പെട്ടുതുടങ്ങിയത്. പിന്നാലെ മനോരമയില്‍ പാരലല്‍ റോഡ്. ഇതോടെ സകല 'മ' പ്രസിദ്ധീകരണങ്ങള്‍ക്കും പുഷ്പനാഥ് അവിഭാജ്യ ഘടകമായി. ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്ക് തുടര്‍നോവലുകള്‍ എഴുതുന്ന സാഹസികകൃത്യം ഏറ്റേടുക്കേണ്ടിവന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും സമയം കണ്ടെത്തി. ഇതൊന്നും തന്റെ തൊഴിലായ അധ്യാപനത്തെ ബാധിച്ചുമില്ല. ഇതിനിടയില്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്തു.

വായനക്കാര്‍ക്ക് ഇപ്പോഴും പുഷ്പനാഥിനെക്കാള്‍ അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങളായ ഡിറ്റക്ടീവ് മാര്‍ക്സിനെയും ഡിറ്റക്ടീവ് പുഷ്പരാജിനെയുമാണ് അടുത്തു പരിചയം. വിദേശത്തെ കേസുകള്‍ മാര്‍ക്സിനും ഇന്ത്യയിലെ കേസുകള്‍ പുഷ്പരാജുമാണ് കൈകാര്യംചെയ്തിട്ടുള്ളത്. രണ്ടുപേരും ഒരുമിച്ച് കൈകാര്യംചെയ്ത കേസുകളുണ്ട്. മാര്‍ക്സിന്റെ കൂട്ടുകാരി എലിസബത്തിനെയും പുഷ്പരാജിന്റെ കാമുകി മോഹിനിയെയും വായനക്കാര്‍ മറക്കില്ല.

കാര്‍പാത്യന്‍ മലനിരകളിലൂടെ മാര്‍ക്സിനും കാമുകിയും സാഹസികയാത്ര നടത്തുന്നതും ഇംഗ്ളണ്ടിലെ നഗരങ്ങളും ബര്‍മുഡ ട്രയാംഗിളും ശാന്തസമുദ്രത്തിലെ അന്തര്‍വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. ഈ മനുഷ്യന്‍ വിദേശത്തൊന്നും പോയിട്ടില്ല എന്നറിയുമ്പോഴാണ് കൌതുകം വര്‍ധിക്കുന്നത്.

നാഷണല്‍ ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജ്സ്റ്റും മറ്റു വിജ്ഞാനഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പശ്ചാത്തലവിവരണങ്ങളൊക്കെ നടത്തിയിട്ടുള്ളത്. സൂഷ്മനിരീക്ഷണത്തിനുള്ള ക്ഷമയുണ്ടായാല്‍ അതൊക്കെ സാധ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

കുറ്റാന്വേഷണമാകുമ്പോള്‍ ചരിത്രം, ശാസ്ത്രം, പൊലീസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അറിവുണ്ടാകണം. ഇതൊക്കെ അദ്ദേഹം നേടിയത് നിരന്തരമായ വായനയിലൂടെ. എന്നാലിപ്പോള്‍ എഴുത്തിന്റെ ട്രന്റ് മാറ്റിയിരിക്കയാണ്. അത് ഈ കാലത്തിന്റെ പ്രത്യേകതയാണെന്നും പറഞ്ഞു. ഡിറ്റക്ടീവ് മാര്‍ക്സിനിനും പുഷ്പരാജിനും ഇപ്പോള്‍ വിശ്രമകാലം. പകരം ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളുമെല്ലാം നിറഞ്ഞാടുന്നു. കുറ്റാന്വേഷണ കഥകളെക്കാള്‍ ഇപ്പോള്‍ മാന്ത്രികനോവലുകളാണ് പ്രിയം. പ്രത്യേകിച്ചും തമിഴില്‍. മിക്ക ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളും മഹാമാന്ത്രികരുമൊക്കെ ഹൈന്ദവനാമങ്ങളില്‍ അറിയപ്പെടുന്നവരാണെങ്കില്‍ പുഷ്പനാഥ് ക്രൈസ്തവരെയും രംഗത്തുകൊണ്ടുവരുന്നുണ്ട്.

ചുവന്ന കൈകളില്‍ എന്ന മാന്ത്രികനോവലിലാണ് ഈ പരീക്ഷണം. ആ കഥാപാത്രങ്ങള്‍ സെന്റ് തോമസിന്റെ കാലത്ത് മതപരിവര്‍ത്തനംചെയ്തവരാണെന്ന മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്.

ബ്രഹ്മരക്ഷസ്, രണ്ടാംവരവ്, നീലക്കണ്ണുകള്‍, പടകാളിമുറ്റം, സൂര്യരഥം തുടങ്ങിയവയൊക്കെ മാന്ത്രികനോവലുകളുടെ പട്ടികയില്‍പ്പെടുന്നു. എഴുതിക്കൂട്ടിയ രചനകളുടെ എണ്ണം പോയിട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്കുപോലും അദ്ദേഹത്തിനറിയില്ല.

ചുവന്ന അങ്കിയും ബ്രഹ്മരക്ഷസും സിനിമയായിട്ടുണ്ട്. തനിക്ക് പിന്‍ഗാമികളില്ലെന്ന സത്യവും അദേഹം തിരിച്ചറിയുന്നു. ഇന്ന് ആള്‍ക്കാര്‍ക്കു വേണ്ടത് ക്രൈം തില്ലറാണ്. കുറ്റവാളിയെ ആദ്യംതന്നെ പ്രഖ്യാപിച്ച് അന്വേഷകന്‍ സാഹസികമായി ഇല്ലായ്മചെയ്യുന്ന പ്രവണത. എന്നാല്‍, പുഷ്പനാഥിന്റെ കാലത്ത് കുറ്റവാളിയെ ക്ളൈമാക്സില്‍ മാത്രമേ കണ്ടെത്താനാകൂ. അതുവരെ ആകാംക്ഷ തുടരുന്നു.

വീണ്ടും വൈദ്യുതി നിലച്ചു. മുറിയിലാകെ ഇരുള്‍ പരന്നു. പെട്ടന്ന് പുറത്തൊരു കാല്‍പ്പെരുമാറ്റം. വെളുത്ത വസ്ത്രം ധരിച്ച സ്ത്രീരൂപം മിന്നിമറഞ്ഞു. ഉറച്ച കാല്‍വയ്പുകളോടെ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുമായി അയാള്‍ വാതില്‍വരെയെത്തി. നിശ്ശബ്ദമായ നിമിഷങ്ങള്‍. ക്ളോക്കിന്റെ ടിക് ടിക് ശബ്ദം മാത്രം.

സമയം ഇഴഞ്ഞുനീങ്ങവേ വീണ്ടും വൈദ്യുതദീപങ്ങള്‍ തെളിഞ്ഞു. മുമ്പു കണ്ട സ്ത്രീരൂപം മൂന്നു ഗ്ളാസില്‍ ഫ്രഞ്ച് വിസ്കി (കട്ടന്‍ചായ)യുമായി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. അത് കൈയില്‍ വാങ്ങവേ അദ്ദേഹം പരിചയപ്പെടുത്തി. ഇതെന്റെ ഭാര്യ മറിയാമ്മ. വിസ്കി നുണയുന്നതിനിടെ ഒരു ഹാഫ് എ കൊറോണ(വില്‍സ്)യ്ക്കുവേണ്ടി ഞാന്‍ മുറിയാകെ പരതി. നിരാശയായിരുന്നു ഫലം.യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൈയുയര്‍ത്തി അഭിവാദ്യംചെയ്തു. അപ്പോഴും സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് (നീളമുള്ള പേന) ആ കൈയിലുണ്ടായിരുന്നു. ഞങ്ങള്‍ നടന്നുമറയുമ്പോള്‍ പുഷ്പനാഥ് കാര്‍പാത്യന്‍ മലനിരകളിലൂടെ എഴുത്തിന്റെ ചതുപ്പുകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു. .

*
സണ്ണി മാര്‍ക്കോസ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ചുവന്ന മനുഷ്യനെ തേടിയുള്ള യാത്രയില്‍ ഒപ്പം ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥും. പാരലല്‍ റോഡും ഓവര്‍ ബ്രിഡ്ജും ലെവല്‍ക്രോസും കഴിഞ്ഞ് ഫറവോന്റെ മരണമുറിയിലൂടെ ഒരു ഡെത്ത് റെയ്ഡ് നടത്തുകയായിരുന്നു ഞങ്ങള്‍. രക്തംപുരണ്ട ആ രാത്രിയില്‍ ഡ്രാക്കുളയുടെ നിഴലിലൂടെ ചുവന്ന അങ്കി ധരിച്ച് ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ കണ്ട് ചുവന്ന കൈകളില്‍ അജ്ഞാതന്റെ താക്കോലുമായി കാര്‍പാത്യന്‍ മലനിരകളിലൂടെ ലൂസിഫറിന്റെ പേടകത്തിലേക്ക് ഞങ്ങള്‍ നടന്നുകയറി. ആ ചുവന്ന മനുഷ്യന്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുള്‍മൂടിക്കിടന്ന ആ മുറിയില്‍ കയറുമ്പോള്‍ ചുരവിലെ ക്ളോക്ക് 12 തവണ ശബ്ദിച്ചു.

കറന്റില്ല..... ഇരുട്ടില്‍നിന്ന് അശരീരിപോലെ ആ ശബ്ദം കേട്ടു. ഇരിക്കാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ അനുസരിച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൈയിലിരുന്നത് അരണ്ട വെളിച്ചത്തില്‍ കണ്ടു.

Anonymous said...

ജനയുഗം വാരിക ഒരു കാലത്തു നില നിറ്‍ത്തിയതു തന്നെ ഡയല്‍ 0003 എന്ന ഡിറ്റക്ടീവ്‌ ആയിരുന്നു ഒടുവില്‍ എല്ലാം ഉള്ളി തൊലിച്ചതു പോലെ ആണെന്നതാണു ആ ബോറടി നിറ്‍ത്താന്‍ തീരുമാനിക്കാന്‍ കാരണം

ഡ്റക്കുളയുടെ അങ്കി മുതല്‍ ജട്ടി വരെ എഴുതി മനുഷ്യരെ ബോറടിപ്പിച്ചു

മാന്ത്റിക സെക്സ്‌ നോവല്‍ മനോരമ ആണു ആദ്യം ഇറക്കിയത്‌ സ്റ്റണ്ട്‌ വാരികയിലെ പടങ്ങള്‍ സഹിതം

രഘുനാഥന്‍ said...

"സമയം രാത്രി കൃത്യം പത്രണ്ട് മണി....അടുത്ത വീട്ടിലെ ക്ലോക്ക് "ഒന്നടിച്ചു"
നിതാന്ത നിശബ്ദത...പട്ടികള്‍ കൂട്ടത്തോടെ ഓളിയിട്ടു.."

എങ്കിലും ഭാവനാ പൂര്‍ണനായ ആ കലാകാരനെ ഓര്‍മിച്ചതില്‍ നന്ദി..

t.k. formerly known as thomman said...

ചെറുപ്പത്തില്‍ എന്നെ വായനയില്‍ ആകൃഷ്ടനാക്കിയത് കോട്ടയം പുഷ്പനാഥിന്റെ കൃതികള്‍ ആണ്. ടിവിയും ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന, പലതും ഭാവനയില്‍ കാണേണ്ടിയിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍, വായനയുടെ രസത്തിനപ്പുറം, ചരിത്രവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളില്‍ കൂടുതല്‍ കൗതുകം ജനിപ്പിക്കാന്‍ കാരണമായിട്ടുമുണ്ടെന്ന് തോന്നുന്നു. ഭാവനയുടെ കാര്യവും മറിച്ചല്ല: കൂമ്പന്‍ തൊപ്പിയുമണിഞ്ഞ് നദി കടന്നുവരുന്ന 'പ്ലൂട്ടോയുടെ പേടക'ത്തിലെ ഒരു കഥാപാത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ല.

കോട്ടയം പുഷ്പനാഥ്, കണ്ണാടി വിശ്വനാഥന്‍ (CID മൂസ പോലെയുള്ള ചിത്രകഥകളുടെ നിര്‍മ്മാതാവ്) തുടങ്ങിയ, മലയാളി ജനപ്രിയ സംസ്കാരത്തിന് കാതലായ സംഭാവന നല്‍കിയിട്ടുള്ളവരെ നമ്മള്‍ വേണ്ട രീതിയില്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് എനിക്ക് എപ്പോഴും സംശയം ഉണ്ടാകാറുണ്ട്.

ലേഖനത്തിന് നന്ദി. അദ്ദേഹത്തിന്റെ contact കിട്ടാന്‍ വല്ല വഴിയുമുണ്ടോ? വളരെ കുറച്ച് എഴുത്തുകാരെ മാത്രമേ കാണണമെന്ന് തോന്നിയിട്ടുള്ളൂ; കോട്ടയം പുഷ്പനാഥ് അതില്‍ ഒരാളാണ്.

വര്‍ക്കേഴ്സ് ഫോറം said...

Dear T K
please send a mail to workersforum@gmail.com

Jijo said...

മുട്ടത്ത് വര്‍ക്കി, കാനം, മാത്യു മറ്റം, ജോണ്‍ ആലുങ്കല്‍, കോട്ടയം പുഷ്പനാഥ്, സുധാകര്‍ മംഗളോദയം, ജോയ്സി, തുടങ്ങി പി വി തമ്പിയും മോഹനചന്ദ്രനും വരെ (പെട്ടെന്ന്‍ ഓര്‍ക്കാന്‍ കഴിയാതിരിയ്ക്കുന്ന ഇനിയും പലരും ഉണ്ട്) വായനയുടെ പ്രൈമറി ക്ലാസ്സുകളിലെ അദ്ധ്യാപകരായിരുന്നു എന്ന്‍ പറയാന്‍ അഭിമാനമേയുള്ളൂ.

കോട്ടയം പുഷ്പനാഥിനെ വീണ്ടും പരിചയപ്പെടുത്തിയ വര്‍ക്കേഴ്സ് ഫോറത്തിനു നന്ദി.