മിനാരങ്ങള്‍ക്ക് മുകളില്‍ ഇപ്പോഴും ജിന്നുകള്‍ പാര്‍ക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലോകാവസാനനാളിലെ ഒടുവിലത്തെ ചൂളംവിളിയുടെ മുഴക്കം കേള്‍ക്കുംവരെ നിത്യയൌവനത്തിന്റെ അനുഗ്രഹിക്കപ്പെട്ട സുരക്ഷിതത്വത്തില്‍ അവര്‍ അമരത്വമനുഭവിക്കുമത്രെ. ചിറകുകള്‍ വീശി ആകാശനീലിമകളില്‍ പാറിപ്പറന്നു രസിച്ച് മഖാമിന്റെ മിനാരങ്ങളില്‍ അവര്‍ ചേക്കേറിയുല്ലസിക്കുന്നു. മനുഷ്യാതീത ശക്തി സൌന്ദര്യസങ്കല്‍പ്പങ്ങള്‍. അവര്‍ പൊട്ടിച്ചിരിക്കുന്നു. പാട്ടുപാടുന്നു. ഊഞ്ഞാലാടുന്നു. സുഗന്ധതൈലങ്ങള്‍ പൂശി വശ്യാത്മകമായ സാമീപ്യം അറിയിക്കുന്നു. രുചികരങ്ങളായ ഭക്ഷണപാനീയങ്ങള്‍ പാകംചെയ്തു വിളമ്പുന്നു. പാത്രങ്ങളില്‍ നിറച്ച് സ്നേഹസമ്മാനങ്ങളായി താഴേത്തട്ടില്‍ വസിക്കുന്നവര്‍ക്ക് അയച്ചുകൊടുക്കുന്നു. കാഴ്ചവസ്തുക്കള്‍ കാണിക്കയായി നല്‍കുന്നു...
താഴങ്ങാടിപ്പള്ളിയുടെയും മഖാമിന്റെയും ഇപ്പോഴത്തെ സൂക്ഷിപ്പുകാരനായ കുഞ്ഞിസീതിക്കോയ തങ്ങള്‍, അനന്തരാവകാശികളോട് പറയാറുണ്ട്:

കുഞ്ഞിസീതിക്കോയതങ്ങളുടെ ചോദ്യം. കഥ കേട്ട് അമ്പരന്നുനില്‍ക്കുന്ന അനന്തരാവകാശികള്‍, ഏണിപ്പടവുകള്‍ കയറിച്ചെന്ന് ദിവ്യകഥകളിലെ കണാക്കഥാപാത്രങ്ങളെ തേടിപ്പിടിച്ച് കണ്ടുപിടിക്കാന്‍ മാത്രം മനക്കരുത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല. കഥയിലെ ദിവ്യപുരുഷന്മാരായി താഴങ്ങാടി മഖാമിന്റെ മുകളിലെ ജിന്നുകള്‍ കഴിയുന്നു. അപൂര്‍വ സൌന്ദര്യത്തിന്റെ ഉറവിട തേജസ്വിനികളായി സ്ത്രീജിന്നുകളും മിനാരത്തിനു മുകളിലെ ജനലഴികളിലൂടെ പ്രകൃതിദൃശ്യങ്ങള്‍ നോക്കിരസിച്ച്... (കലശം-യു എ ഖാദര്‍).
അദൃശ്യജീവികളുടെ അമ്പരപ്പിക്കുന്ന ഒരു അപരലോകം നമ്മുടെ വായനയിലേക്ക് പകര്‍ത്തിയ കഥാകാരനാണ് യു എ ഖാദര്‍. ജിന്നുകളും പ്രേതങ്ങളും യക്ഷികളും നാഗങ്ങളും ഒടിമറിച്ചിലുകളും മാരണവിദ്യകളും തലങ്ങും വിലങ്ങുമായി ബോധാബോധങ്ങളുടെ അതിര്‍ത്തികളെ ആക്രമിച്ചുവരുന്നു. അദ്ദേഹത്തിന്റെ കഥകളില്‍ പച്ചച്ചു നില്‍ക്കുന്ന പഴമയുടെ ലോകമുണ്ട്.
ഇങ്ങനെയൊരാള്‍ നമുക്കിടയില്‍ അപൂര്‍വമായ കാഴ്ചയാണ്. ഏഴുവയസ്സുവരെ ബര്‍മയില്‍. അമ്മ അദ്ദേഹത്തിന് ഒരു സങ്കല്‍പ്പം മാത്രം. അമ്മയെ കണ്ടതായിപ്പോലും ഓര്‍മയില്ല. ഒരു യുദ്ധക്കെടുതിയില്‍ ബര്‍മയിലെ ഐരാവതി നദീതീരത്തെ അഭയാര്‍ഥിക്യാമ്പുകളിലേക്ക് എട്ടുംപൊട്ടും തിരിയാത്ത ഖാദറെ എറിഞ്ഞുകൊടുക്കാതെ നെഞ്ചോടു ചേര്‍ത്ത് കടലും ചുരങ്ങളും താണ്ടി കൊയിലാണ്ടിയുടെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവന്ന ബാപ്പയോട് ഉമ്മയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് അധികമൊന്നും തുനിഞ്ഞിട്ടില്ല അദ്ദേഹം. ആത്മസംഘര്‍ഷങ്ങളുടെ ബാല്യവും കൌമാരവുമാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത്.
കഥാകാരനും നോവലിസ്റ്റും ചിത്രകാരനും മാത്രമല്ല, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ ഈ എഴുപതുകാരന്‍ ബാല്യകൌമാരങ്ങളെക്കുറിച്ചും എഴുത്തിന്റെ വഴികളെക്കുറിച്ചും കെ ഇ എന്നുമായി മനസ്സു തുറക്കുന്നു.
കെ ഇ എന്‍: 'മലയാളം നമ്മുടെ അഭിമാനം' എന്ന മുദ്രാവാക്യമുയര്‍ത്തി സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരു ജാഥാപരിപാടിക്ക് നേതൃത്വം നല്‍കുന്നവരില്‍ ഖാദര്‍ഭായിയുമുണ്ട്. മലയാളത്തിന് അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന കൃതികളാണ് തൃക്കോട്ടൂര്‍ പെരുമ മുതല്‍ ഇപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമി അവാഡ് കിട്ടിയ തൃക്കോട്ടൂര്‍ നോവെല്ലകള്‍ വരെയുള്ളവ. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടിക്കാലമാണ്. നാലു വയസ്സുമുതല്‍ എട്ടുവയസ്സുവരെ. നാലാംവയസ്സിലാണല്ലോ നട്ടപ്രാന്ത്. ഏഴുവയസ്സുവരെ താങ്കള്‍ ബര്‍മയിലാണ്. നമ്മള്‍ ഭാഷയുടെ ന്യൂക്ളിയസില്‍ സ്പര്‍ശിക്കുന്നത് ഈ കുട്ടിക്കാലത്ത്. പക്ഷേ ഖാദര്‍ഭായിയുടെ രചനകളില്‍ ബര്‍മീസിലെ ഒറ്റവാചകം മാത്രമാണ്. ഐരാവതിയുടെ തീരങ്ങളില്‍ ഒരുസ്ഥലത്ത് മാത്രമാണ് ഈ ഭാഷ ഉപയോഗിക്കുന്നത്. അതൊഴിച്ചാല്‍ ബാക്കിയെല്ലാം ത്രസിക്കുന്ന മലയാളം. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്? മലയാളത്തിന്റെ ഖാദര്‍മാനത്തില്‍ ഞാനൊരു രാഷ്ട്രീയ ചോദ്യം ഉന്നയിക്കുന്നുണ്ട്. മലയാളത്തനിമയെക്കുറിച്ചുള്ള പല അവകാശവാദങ്ങളെയും പൊളിക്കുന്നതാണ് ഈ കൃതി. താങ്കളുടെ കുട്ടിക്കാലം ബര്‍മയിലാണ്. എന്നാല്‍, താങ്കളിവിടെ വന്നിട്ട് മലയാള ഭാഷയുടെ ജീവനെ എങ്ങനെയാണ് കണ്ടെത്തിയത്?

കെ ഇ എന്‍: ബാല്യകാല സൌഹൃദങ്ങള്‍ എങ്ങനെയായിരുന്നു?
യു എ ഖാദര്‍: ചങ്ങാത്തങ്ങളാണ് ഭാഷയിലായാലും സംസ്കാരത്തിലായാലും ഒരു വ്യക്തിയെ സൃഷ്ടിക്കുന്നത്. എനിക്കതുണ്ടായിരുന്നില്ല. എന്റെ മുഖാകൃതിയും ദേഹപ്രകൃതിയും കാരണം മറ്റു കുട്ടികള്‍ എന്നെ കാണുമ്പോള്‍ അകന്നുമാറി. ഒന്നു മുതല്‍ അഞ്ചു വരെ സ്കൂളില്‍ വേറെ ഇരിപ്പിടമായിരുന്നു. ആരും കളിക്കാന്‍ കൂട്ടുമായിരുന്നില്ല. അകല്‍ച്ചയോടെയാണ് എല്ലാവരും എന്നെ കണ്ടത്. മറ്റൊന്ന് ഞാന്‍ ബര്‍മയില്‍ എന്റെ ബുദ്ധി തെളിയുന്ന കാലത്ത് കാണുന്നത് മുഴുവന്‍ പഗോഡകളും പഗോഡകളിലെ ഉത്സവങ്ങളുമാണ്. എന്റെ ബാപ്പ വഴിക്കച്ചവടക്കാരനായിരുന്നു. ഉത്സവങ്ങള്‍ക്കും മറ്റും കച്ചവടം ചെയ്യുന്നയാള്‍. ഉമ്മ-അങ്ങനെയൊന്ന് ഉണ്ടെന്നുപോലും അറിയില്ല. ഓര്‍മയിലുള്ളത് ബാപ്പയുടെ ബന്ധുക്കളും കുറെ ചൈനക്കാരുമാണ്. ബാപ്പ കച്ചവടത്തിന് പോവുമ്പോള്‍ എന്നെയും കൊണ്ടുപോവും. പകല്‍ മുഴുവന്‍ പഗോഡകളുടെ പരിസരത്ത് കറങ്ങും. ബുദ്ധവിഹാരങ്ങളിലെ കൊടി കേരളത്തിലെ അമ്പലങ്ങളിലെ കൊടിപോലെയാണ്. ബര്‍മീസ് പെണ്ണുങ്ങളുടെ വിശറി പിടിച്ചുള്ള നൃത്തം, പഗോഡകളുടെ മുന്നില്‍ പന്നിയെയും മറ്റു മൃഗങ്ങളെയും തോലുപൊളിച്ച് കുന്തത്തില്‍ കോര്‍ത്ത് നമ്മുടെ ഇളനീരാട്ടം പോലെയുള്ള ചടങ്ങ്. ഐരാവതി നദീതീരത്തെ ഈ പ്രത്യേക അന്തരീക്ഷം വിട്ടാണ് എനിക്ക് പോരേണ്ടിവന്നത്. എങ്ങോട്ടാണ് എന്തിനാണ് പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ റങ്കൂണിലെത്തി. റങ്കൂണില്‍നിന്ന് അരാക്കന്‍ മല കയറി ചിറ്റഗോങ്ങില്‍. അവിടെനിന്ന് കൊല്‍ക്കത്തയില്‍. പിന്നെ തീവണ്ടിയില്‍ നാട്ടിലേക്ക്. നാട്ടിലെത്തുമ്പോള്‍ എനിക്ക് അത്ഭുതമായി. ഞാന്‍ കാണാത്ത പെണ്ണുങ്ങളും ആണുങ്ങളും. ബര്‍മയിലെ ആളുകളുടെ പ്രകൃതമല്ല ഇവിടെ. ബര്‍മീന്ന് മൊയ്തീന്‍കുട്ടി ഒരു ചെക്കനെ കൊണ്ടുവന്നിട്ടുണ്ട് എന്നമട്ടില്‍ എല്ലാരും അത്ഭുതപ്പെട്ടു. എനിക്ക് ആകെ സ്നേഹം കിട്ടിയത് ഉപ്പയുടെ ഉമ്മയില്‍ നിന്നാണ്. അവര്‍ക്കൊപ്പമാണ് കിടന്നുറങ്ങിയത്. ആവശ്യമുള്ളത് ചോദിച്ചുവാങ്ങാന്‍ കഴിയാതെ കരഞ്ഞിട്ടുണ്ട് ഞാന്‍. ഭാഷയായിരുന്നു തടസ്സം. എന്റെ ഭാഷ മനസ്സിലാവുന്നത് ബാപ്പയുടെ മരുമകന്‍ എന്ന അബ്ദുറഹ്മാന്‍കുട്ടിക്കക്ക് മാത്രമായിരുന്നു. ഏഴുവയസ്സുകാരനായ എനിക്ക് കളിക്കൂട്ടുകാരില്ല. കാച്ചിയും തട്ടവുമിട്ട പെണ്ണുങ്ങളും പള്ളിയും മറ്റുമായി പ്രധാന കാഴ്ച.
ഇതിനിടെയാണ് സ്കൂളില്‍ ചേര്‍ത്തത്. മമ്മദ്മുസ്ള്യാര്‍ വീട്ടില്‍ വന്ന് ഓതാനും പഠിപ്പിച്ചു. ഇതൊക്കെ പുതിയ അനുഭവമായിരുന്നു. അന്നാണ് മന്ത്കാല് ഞാന്‍ ആദ്യമായി കണ്ടത്. അയാള്‍ വളരെ സമര്‍ഥനായിരുന്നു. കടലാസില്‍ മൂപ്പര് ഒരു മയിലിനെ വരച്ചു. അതിലെനിക്ക് കൌതുകം തോന്നി. വരയ്ക്കാനുള്ള താല്‍പ്പര്യം ജനിച്ചത് അങ്ങനെയാണ്. അദ്ദേഹമായി എന്റെ ഏറ്റവും പ്രധാന കൂട്ടുകാരന്‍. അദ്ദേഹവും ഉമ്മാമയുമാണ് നാടുമായി എന്നെ ബന്ധിപ്പിച്ചത്.
പെട്ടെന്നാണ് ഉമ്മാമ മരിക്കുന്നത്. പിന്നെ ആ വീട്ടില്‍ ഒറ്റയ്ക്കായി. ഉപ്പയുടെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് എന്നെ മാറ്റി. അവിടെ ചെന്നതുകൊണ്ടാണ് എനിക്ക് സ്കൂളിലും കോളേജിലും പഠിക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ബീഡി തെറുക്കാന്‍ പോവേണ്ടിവരുമായിരുന്നു. അവിടെ ചരുമുറിയിലാണ് ഞാന്‍ താമസം. പുതിയ സ്ഥലത്തു നിന്നാണ് ഞാന്‍ നെല്ലും കറ്റയും മെതിക്കുന്നത് ആദ്യമായി കാണുന്നത്. ആ വീട്ടില്‍ അംഗങ്ങളൊക്കെ കിടന്നാല്‍ രാത്രിയില്‍ ആ ചരുമുറിയില്‍ ഞാന്‍ ഒറ്റപ്പെടും. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും ഈവീട്ടില്‍ നിന്നായിരുന്നു. പഴയ സ്ഥലത്ത് ജുമാഅത്ത് പള്ളിയും ദര്‍സുമായിരുന്നു. പുതിയ സ്ഥലത്താവട്ടെ ചാലിയത്തെരുവും സര്‍പ്പക്കാവും നാഗക്കുരുതിയും മറ്റും. മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന തറവാടായിരുന്നു. യാസീന്‍ ഓതുകയും മൌലൂദു നടത്തുകയും മൊല്ലാക്കമാര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന അന്തരീക്ഷം. അവിടെയും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ആരും പരിഗണിച്ചിരുന്നില്ല.
കെ ഇ എന്‍: ചിത്രംവര തുടങ്ങിയതെപ്പോഴാണ്?

അന്ന് ബസ്സില്‍ കയറാന്‍ വലിയ ആഗ്രഹമായിരുന്നു. ഒരു കല്യാണ ബസ്സില്‍ കുട്ടികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഞാനും കയറി. പുതുക്കത്തിന് പോവുന്ന ഉമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ കയറിയത്. എന്നെ അവകാശപ്പെടാന്‍ ഒരു പെണ്ണുമില്ല. അങ്ങനെ നിരാശനായി കരയുമ്പോഴാണ് സി എച്ച് എന്നെ കണ്ടത്. പുതുക്കത്തിന് പോവുന്ന പെണ്ണുകള്‍ പോകുമ്പോള്‍ നീയെന്തിനാ പോവുന്നതെന്ന് ചോദിച്ച് വിളിച്ചുകൊണ്ടുപോയി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എടുത്തു തന്ന് വായിക്കാന്‍ പറഞ്ഞു. പുസ്തകം വായിക്കാനുള്ള പ്രേരണ തുടങ്ങുന്നത് അങ്ങനെയാണ്. പിന്നെ സിഎച്ച് എന്നെ സര്‍ സയ്യദ് അഹമ്മദ് ഖാന്‍ ലൈബ്രറിയില്‍ അംഗമാക്കി. കേശവദേവിന്റെയും പൊന്‍കുന്നം വര്‍ക്കിയുടെയും രചനകള്‍ പരിചിതമാവുന്നത് അവിടെവച്ചാണ്.
കെ ഇ എന്‍: ആദ്യകാല ഗുരു സി എച്ച് ആണെന്ന് 1960ല്‍ എഴുതിയ ചങ്ങല എന്ന നോവലില്‍ ഖാദര്‍ഭായ് പരാമര്‍ശിക്കുന്നുണ്ട്.
യു എ ഖാദര്‍: ആ നോവല്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കാരണം സി എച്ച് ആണ്.
കെ ഇ എന്‍: സ്കൂളില്‍ പഠിച്ചത് മലയാളം തന്നെയല്ലേ.
യു എ ഖാദര്‍: ഹൈസ്കൂളില്‍ അതുവരെ ഇംഗ്ളീഷിലായിരുന്നു ക്ളാസ്. ഞങ്ങള്‍ ചെന്ന വര്‍ഷം മുതലാണ് മീഡിയം മലയാളത്തിലാവുന്നത്. കൈയെഴുത്തു മാസികയുമായും മറ്റും ബന്ധപ്പെടുന്നതുകൊണ്ട് ജയകേരളവും കലാനിധിയും മറ്റും വായിക്കാന്‍ തോന്നി. അങ്ങനെയാണ് വിവാഹസമ്മാനം എന്ന കഥയെഴുതുന്നത്. ബാപ്പയോടും രണ്ടാനമ്മയോടുമുള്ള പ്രതിഷേധവും വിദ്വേഷവും പകയുമെല്ലാം ആ കഥയില്‍ ഉണ്ടായിരുന്നു. അവരുടെ വിവാഹത്തിന് വിവാഹസമ്മാനം കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് ചിത്രപ്പണികള്‍ചെയ്ത് ഒരു വിവാഹസമ്മാനം നല്‍കുന്നതാണ് കഥ. സി എച്ച് അതുവായിച്ച് പകയും വിദ്വേഷവുമുള്ള ഭാഗം വെട്ടി വിവാഹസമ്മാനം കൊടുക്കാന്‍ കഴിയാത്ത ആകുലത മാത്രം നിലനിര്‍ത്തി. എന്നിട്ട് എന്നോട് പറഞ്ഞു: "ആരാനോടുമുള്ള വെറുപ്പ് തീര്‍ക്കാനുള്ളതാവരുത് കഥ.''
കെ ഇ എന്‍: അന്ന് നിലനിന്ന സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തെ ഇന്ന് എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്. താങ്കളെ എങ്ങനെയാണ് അന്നത്തെ സമൂഹം നോക്കിക്കണ്ടത്.

ലീഗാപ്പീസിനോട് ചേര്‍ന്നാണ് ബീഡിപ്പീടിക. എന്‍ സി ഇബ്രാഹിംക്ക, മേശവിളക്ക് കുഞ്ഞിരാമേട്ടന്‍, ചന്തുക്കുട്ടിയേട്ടന്‍, അമ്മദ്ക്ക തുടങ്ങിയ 'നിഷേധികളു'മായായിരുന്നു എന്റെ സൌഹൃദം. അവര്‍ക്ക് പത്രം വായിച്ചുകൊടുത്താന്‍ വൈകുന്നേരത്തെ ചായയുടെ ഒരു ഓഹരി കിട്ടും. വല്ലാത്ത സ്നേഹമായിരുന്നു അവര്‍ക്ക്. വിശുദ്ധ പൂച്ചയെഴുതാനുള്ള പ്രേരണ ഇവരൊക്കെയാണ്. ഇബ്രാഹിംക്ക മാത്രമേ ഇപ്പോഴുള്ളൂ.
മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷനില്‍ എന്നെ ചേര്‍ക്കാത്ത സങ്കടം ഞാന്‍ ഇവരോട് പറഞ്ഞു. ഉണ്ണികൃഷ്ണവാര്യര്‍ നേതൃത്വം കൊടുത്ത ഐക്യവിദ്യാര്‍ഥി ഫെഡറേഷനില്‍ ചേരാന്‍ എന്നോടവര്‍ പറഞ്ഞു. പിന്നെ സദാസമയവും ബീഡിത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. കെ സി പ്രഭാകരന്‍ അതില്‍ അംഗമായിരുന്നു. കൊയിലാണ്ടി ഹൈസ്കൂളില്‍ ഐക്യവിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി.
കെ ഇ എന്‍: ലീഗുമായുള്ള ബന്ധം ഉപേക്ഷിച്ചത് അങ്ങനെയാണോ.
യു എ ഖാദര്‍: 54ല്‍ എസ്എസ്എല്‍സി കഴിഞ്ഞ സമയത്താണ് തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടി സ്വതന്ത്രസ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. ചന്തുക്കുട്ടിനായര്‍, എം കെ കുഞ്ഞിരാമന്‍, കേളുഏട്ടന്‍ തുടങ്ങിയവരൊക്കെ അവിടെ വന്നു. എതിരില്ലാതെ ലീഗ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വന്നതോടെ വാശിയായി. ഇതിനെല്ലാം കാരണം ആ ബര്‍മട്ടാപ്പ് ആണെന്നായി ലീഗുകാര്‍. അതുവരെ ലീഗ് അല്ലാത്തവര്‍ക്ക് കൊടികെട്ടാനും പൊതുയോഗം നടത്താനും കഴിയുമായിരുന്നില്ല. എന്നെ കല്യാണങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ലീഗ് ജാഥയില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതിനെയും അവര്‍ എതിര്‍ത്തിരുന്നു. ലീഗിന് അതുപറ്റില്ല. എനിക്കതുവേണംതാനും. ആ തെരഞ്ഞെടുപ്പോടെ ലീഗ് എന്നെ തള്ളി.
ലീഗിനെതിരെ പ്രസംഗിക്കാന്‍ അഡ്വക്കറ്റ് എ ആലിക്കോയ, ദേശാഭിമാനിയിലെ കെ പി മുഹമ്മദ്കോയ, ബോംബെ ക്രോണിക്കിളിലും മറ്റും എഴുതിയിരുന്ന പി എ അഹമ്മദ്കോയ തുടങ്ങിവരെ കൊയിലാണ്ടിയില്‍ കൊണ്ടുവന്നു. അഹമ്മദ്കോയയുടെ വീട്ടില്‍നിന്നാണ് എഡ്ഗര്‍ അലന്‍ പോ, എഡ്ഗര്‍ വാലസ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചത്. നിരീശ്വരവാദിയായ അഹമ്മദ്കോയയെ ലീഗുകാര്‍ എന്നോ പുറന്തള്ളിയതാണ്. ഇതിനൊക്കെ പിന്നിലെ ചെകുത്താന്‍ അഹമ്മദ്കോയയാണെന്നാണ് ലീഗുകാര്‍ പറഞ്ഞത്. ഇവരൊക്കെ ബാഫക്കിതങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ടുതന്നെ ലീഗിനും എതിരായി. അങ്ങനെയാണ് പ്രോഗ്രസീവ് മുസ്ലിംലീഗ് ആരംഭിച്ചത്. മുസ്ലിം സമുദായം പിന്നോക്കസമുദായം എന്ന നിലയ്ക്ക് സംഘടിപ്പിച്ചാല്‍ ആപത്താണെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം കിട്ടിയാല്‍ ഒപ്പം മുസ്ലിങ്ങള്‍ക്കും ഗുണമുണ്ടാവുമെന്നുംകണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒപ്പം നില്‍ക്കണമെന്നുമായി പ്രോഗ്രസീവ് മുസ്ലിംലീഗിന്റെ നിലപാട്. ഒപ്പം മുസ്ലിം സമുദായത്തെ പൂര്‍ണമായ തോതില്‍ ഉള്‍ക്കൊള്ളുന്ന പാര്‍ടി കമ്യൂണിസ്റ്റ് പാര്‍ടിയാണെന്നും. അതിന്റെ സജീവ പ്രവര്‍ത്തകനായി. മദിരാശിയിലെ ചിത്രകലാപഠനത്തെയും ഇത് ബാധിച്ചു. നിഷേധിയായതോടെ പഠനത്തിനുള്ള പണവും കിട്ടാതെയായി. ഒരു മാപ്പിളപ്പെണ്ണിന്റെ കഥപോലുള്ള കഥ അന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചു. കുറേക്കാലം അവന്‍ മറ്റേതല്ലേ എന്ന ആക്ഷേപം കേട്ടിരുന്നു. ഇപ്പോള്‍പിന്നെ എല്ലാവരും സ്നേഹിക്കുന്നുണ്ട്. ഇതാണെന്റെ പശ്ചാത്തലം.
കെ ഇ എന്‍: മലയാളത്തിലെ പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകമുണ്ട്. മലയാളത്തില്‍ലെ ഖാദര്‍ ചൊല്ലുകള്‍ എന്ന പുസ്തകത്തിനും സാധ്യതയുണ്ട്. നമ്മുടെ പഴഞ്ചൊല്ലു സമാഹാരത്തിലെങ്ങും ഇതുവരെ വരാത്ത ചൊല്ലുകളും പ്രയോഗങ്ങളും താങ്കളുടെ പുസ്തകങ്ങളില്‍ ചിതറിക്കിടക്കുന്നുണ്ട്. സമാന്തര നിഘണ്ടുതന്നെ ഉണ്ടാക്കാം. കേന്ദ്രസാഹിത്യ അക്കാദമി അവാഡ് കിട്ടിയ പുസ്തകത്തില്‍ ഡോ. പി കെ പോക്കര്‍ എഴുതിയ ആമുഖത്തില്‍ പറയുന്നത് മലയാളഭാഷയുടെയും കേരളീയ ജീവിതത്തിന്റെയും പഴമ സൂക്ഷിക്കുന്നത് ഫോക്ലോറിസ്റ്റുകളല്ല, ഖാദര്‍ കൃതികളാണെന്നാണ്. മിത്തുകളും ഐതിഹ്യങ്ങളും പദാവലികളും ചൊല്ലുകളുമൊക്കെ അടങ്ങിയ ഭാഷയുടെ അസാധാരണമായ ശക്തി താങ്കളുടെ കൃതികള്‍ക്കുണ്ട്. അതേസമയം ഭാഷാപണ്ഡിതര്‍ക്ക് അപരിചിതമായ പദങ്ങള്‍ എങ്ങനെ സ്വന്തമാക്കിയെന്നതിന് തൃപ്തികരമായ ഉത്തരമായിട്ടില്ല. സര്‍ഗാത്മകതയുടെ കുതിപ്പില്‍ വന്നുചേര്‍ന്നതാവാം. ഈ പഴമക്കും ഐതിഹ്യത്തിനുമെതിരെ നവോത്ഥാനകാലത്ത് സമരോത്സുകമായ ഒരു മുന്നേറ്റത്തിന്റെ മിന്നലുകള്‍ വിശുദ്ധ പൂച്ച പോലുള്ള കഥകളിലുണ്ട്. എന്നാല്‍ നവോത്ഥാനത്തിന്റെ പ്രകോപനത്തിന്റെയും വെല്ലുവിളിയുടെയും എടുത്തടിച്ച ഭാഷ ഈ കൃതികളില്‍ സജീവമായി സന്നിഹിതമല്ല. കലശം, വായേ പാതാളം, ചങ്ങല പോലുള്ളവയില്‍ രാഷ്ട്രീയം സജീവസാന്നിധ്യമായിരുന്നിട്ടുപോലും. അതെന്തുകൊണ്ടാണ്?
യു എ ഖാദര്‍: ഞാനുണ്ടാക്കിയ ഒരുപാട് പ്രയോഗങ്ങളുണ്ട്. എരിപൊരിസഞ്ചാരം, ഭൂമിമലയാളം പോലുള്ളവ. പെരുമയെന്ന പ്രയോഗംതന്നെ ഞാനെഴുതിയശേഷമാണ് വ്യാപകമായത്.

തോറ്റംപാട്ട് ഫാന്റസിയാണ്. നാട്ടുകാര്‍ മുഴുവന്‍ പടിയടച്ച് പുറത്താക്കിയ, പൂലും പൊലയാട്ടുമോതി പടിയടച്ച് പിണ്ണം വച്ച പെണ്ണാണ് മൂച്ചിലോട്ട് ഭഗവതി. അവള്‍ ദൈവക്കരുത്ത് നേടി തിരിച്ചെത്തി നാടിന്റെ വിധി നിര്‍ണയിക്കുകയാണ്. അതുപോലെ നടതള്ളിയയാളാണ് കതിവന്നൂര്‍ വീരന്‍. ശൂദ്രന്റെ വീട്ടില്‍ പോയി ദാഹജലം ചോദിച്ചതിന് പുറത്താക്കപ്പെട്ട പെണ്ണാണ് വായേപാതാളത്തിലെ കാളി. അവള്‍ക്കൊരിക്കലും പഴയ സ്വത്വത്തിലേക്ക് കടക്കാനാവില്ല. ദൈവം പരാജയപ്പെടുകയാണ് മണിയൂരിലെ അഴിമുറിത്തറയില്‍. ദൈവത്തിന് അമ്പലത്തിലേക്ക് കടക്കാന്‍ പറ്റുന്നില്ല. കടന്നാല്‍ ദൈവത്തിന്റെ തല പൊട്ടിത്തെറിക്കും. വടക്കേ മലബാറിലെ എല്ലാ കളിയാട്ടങ്ങള്‍ക്കും സവര്‍ണ മേലാളന്മാര്‍ക്കെതിരായ പ്രതിഷേധമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചപോലും ഇത്തരം അനുഷ്ഠാനകലകളില്‍ അധിഷ്ഠിതമാണ്. അത് തള്ളിപ്പറയാനാവില്ല. ഈ രീതിയിലൊരു കേരളം എന്തുകൊണ്ട് എഴുതിക്കൂടാ എന്നാണ് ഞാന്‍ ചിന്തിച്ചത്. വായിച്ചാല്‍ മനസ്സിലാവില്ലെന്ന്കണ്ട് കഥയെ നടതള്ളിയ കാലമായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായാണ് പൈങ്കിളികള്‍ തൂങ്ങാന്‍ തുടങ്ങിയത്. പേന്‍ നോക്കുമ്പോള്‍ വായിക്കുന്നതായി മാറിയത്. ഈ സാഹചര്യത്തിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്.

പക്ഷേ ഇതൊക്കെ വേണ്ടത്ര രീതിയില്‍ എന്റെ കഥകളില്‍ പ്രതിഫലിച്ചോ എന്ന് ചോദിച്ചാല്‍ എന്റെ രാഷ്ട്രീയമായ ഇടപെടലിന്റെ അഭാവവും പിന്നെ സംഘം ചേരാനുള്ള എന്റെ രാഷ്ട്രീയമായ അകല്‍ച്ചയും ഇതിന് കാരണമാവാം. കഥകള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലല്ലോ എന്ന സ്വാഭാവികമായ ആകുലതയുമുണ്ട്. എന്നാലും അങ്ങനെയൊക്കെ ചിലത് ഞാന്‍ ചെയ്തിട്ടുണ്ട്.
കെ ഇ എന്‍: തൃക്കോട്ടൂരിന് മലയാള സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏതു പ്രദേശവും ആക്രമിക്കപ്പെടാം. പക്ഷേ തൃക്കോട്ടൂരിനെ തൊടാന്‍ കഴിയില്ല. ആ രീതിയില്‍ അനുഭൂതിയുടെ ഒരു അപര ലോകമായ തൃക്കോട്ടൂരിനെ ദൃഢപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കുട്ടിക്കാലത്തെ തീവ്രമായ അനുഭവമുള്ള എന്തെങ്കിലും ഒരു ബര്‍മീസ് പശ്ചാത്തലത്തില്‍ എഴുതുമോ?
യു എ ഖാദര്‍: തീര്‍ച്ചയായും എഴുതേണ്ടതാണ്. അതൊരു വെല്ലുവിളിയുമാണ്. വേരുകള്‍ കണ്ടുപിടിക്കുക എന്നത് കൌതുകകരമായിരിക്കും.

യു എ ഖാദര്‍: ആ കഥയില്‍ അതില്‍ ഏറെക്കുറെ ഞാനുമുണ്ട്. അവിടേക്ക് തിരിച്ചുപോകുക എന്നത് മധുരതരമായ കാര്യമാണ്. പക്ഷേ അതിന് പല കാരണങ്ങളുമുണ്ട്. പട്ടാളഭരണമാണവിടെ. ഓങ്സാന്‍ സൂചി ഇതുവരെ മോചിതയായിട്ടില്ല. രാജ്യം മുഴുവന്‍ ഇതിനെതിരെ ശബ്ദിച്ചിട്ടും ഫലമില്ല. രാജീവ്ഗാന്ധിയുടെ കാലത്ത് ഇന്ത്യയുമായി തന്ത്രപര ബന്ധങ്ങള്‍ തുടങ്ങിയെങ്കിലും അത് തുടര്‍ന്നില്ല.
കെ ഇ എന്‍: ബര്‍മീസ് പട്ടാളഭരണാധികാരികള്‍ക്കുപോലും അഭിമാനിക്കാവുന്ന കാര്യമാണിത്. ആകൃതിയിലും ബര്‍മയുടെ സാന്നിധ്യമായി കേരളത്തില്‍ യുവാവായി നില്‍ക്കുകയാണ് ഖാദര്‍ക്ക. ഇങ്ങനെയുള്ള ഒരാളെ ആദരിക്കാന്‍ ബര്‍മക്കാര്‍ക്കും താല്‍പ്പര്യമുണ്ടാവും. വൈക്കം മുഹമ്മദ് ബഷീര്‍ മാമൈതിയുടെ മകന്‍ എന്ന് എഴുതിയത് ആഹ്ളാദത്തോടെയാണ് നമ്മള്‍ വായിച്ചത്. ആ മാമൈതിയുടെ ബന്ധുക്കളെ ആരെയെങ്കിലും നമുക്ക് കണ്ടെത്താനാവണം.
യു എ ഖാദര്‍: ഉമ്മയുടെ ബന്ധുക്കള്‍ ആരെയും കണ്ടെത്താനാവില്ല. അതിനുള്ള ഒരു പഴുതും ബാപ്പ അവശേഷിപ്പിച്ചിട്ടില്ല. ബാപ്പ മരിച്ചിട്ട് പതിനഞ്ച് കൊല്ലമേ ആയിട്ടുള്ളൂ. ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ബാപ്പ കരയും. കണ്ണു ചുവക്കും. മൂപ്പരുടെ ആദ്യ പ്രണയത്തെക്കുറിച്ചു ഓര്‍മപ്പെടുത്തുന്നതുകൊണ്ടാവാം. എന്താണെന്നറിയില്ല. ഉമ്മയെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ബര്‍മയെക്കുറിച്ച് ഇപ്പോള്‍ എനിക്കുള്ള അറിവത്രയും അന്നവിടെ കഴിഞ്ഞവരില്‍നിന്ന് ശേഖരിച്ചവയാണ്. എന്നെ വീണ്ടും ബര്‍മയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നു. കിഴക്കന്‍ റങ്കൂണിലെ ബൂതട്ടാങ് എന്ന സ്ഥലത്ത് കച്ചവടം ഉണ്ടായിരുന്നു. പക്ഷേ പട്ടാളഭരണകൂടം അത് ദേശസാല്‍ക്കരിച്ച് തിരിച്ചയക്കുകയായിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞവര്‍ക്കു മാത്രമേ തിരിച്ചുപോകാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അതും ഒരു ഭാഗ്യക്കേട്. പിന്നെ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഉമ്മയുടെ കുടുംബക്കാര്‍ സ്വര്‍ണപ്പണിക്കാരായിരുന്നു എന്ന വിവരം നാട്ടുകാരില്‍ നിന്നറിഞ്ഞു. എനിക്ക് എന്തായാലും പോകണമെന്നുണ്ട്.
കെ ഇ എന്‍: ബര്‍മീസ് ഭാഷയിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യണം. അവിടത്തെ എഴുത്തുകാരുമായി സമ്പര്‍ക്കം വയ്ക്കണം. അതിന് സാഹിത്യ അക്കാദമിയും സാംസ്കാരികപ്രവര്‍ത്തകരും ഇതില്‍ ഇടപെടും. ബര്‍മീസ് പശ്ചാത്തലമുള്ള എഴുത്തുകാരന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നറിയിക്കണം. അവരുടെകൂടി ആഘോഷമായി ഈ നേട്ടത്തെ മാറ്റണം. ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല.
യു എ ഖാദര്‍: ഞാന്‍ ജനിച്ച്വളര്‍ന്ന് ഏഴുവയസ്സുവരെ ജീവിച്ച സ്ഥലമല്ലേ. ആ സ്ഥലമൊക്കെ തീര്‍ച്ചയായും ഒന്നു കാണണമെന്നുണ്ട്. നിത്യോപയോഗം ഇല്ലാതിരുന്നതുകൊണ്ട് ഭാഷ വശമില്ല. ഏഴാം വയസ്സില്‍ മടങ്ങിയശേഷം ഇതുവരെ പോയിട്ടില്ല.
കെ ഇ എന്‍: എന്തായാലും ഈ രീതിയില്‍ വേറൊരാളില്ല. മറ്റ് ഭാഷ പഠിച്ചവരുണ്ടാവാം. ഇതങ്ങനെയല്ല. ബര്‍മീസ് ഭാഷ അറിയാമല്ലോ ഇല്ലേ, ഒരു കഥയില്‍ ഒരുവാചകമുണ്ട്.
യു എ ഖാദര്‍: ഭാഷ ഒട്ടും അറിയില്ല. നിത്യോപയോഗമില്ലാത്തതുകൊണ്ടാണ്. ഒരു കഥയില്‍ ഒരു വാചകമേ ചേര്‍ത്തിട്ടുള്ളൂ.
ലൌജിഹാദാണല്ലോ ഇപ്പോഴേറെ പറയുന്നത് അല്ലേ കെ ഇ എന്‍. ലൌ ജിഹാദ് എന്ന പ്രയോഗം തന്നെ തെറ്റല്ലേ.
പ്രണയിക്കുന്ന ഒരാള്‍ എന്റെ പങ്കാളി നാളെ മതം മാറുമെന്നും ഞങ്ങള്‍ക്കുണ്ടാവുന്ന കുട്ടികളെ എന്റെ മതത്തില്‍ ചേര്‍ത്തുകളയാം എന്ന് കരുതുന്നുണ്ടോ. ബോധപൂര്‍വം ഇങ്ങനെ കരുതി പ്രണയിക്കാനാവുമോ? പ്രണയത്തിന് പ്രണയത്തിന്റെ മതമേയുള്ളൂ. അത് വെണ്ണവെച്ച് കൊറ്റിയെ പിടിക്കുന്ന ഏര്‍പ്പാടാണ്. പാടത്തുള്ള കൊറ്റിയുടെ തലയില്‍ വെണ്ണവെച്ച് വെയില്‍ വരുമെന്നും വെണ്ണയുരുകി കൊറ്റിയുടെ കണ്ണിലാവുമെന്നും കരുതുന്നതുപോലെ.
കെ ഇ എന്‍: ഖാദര്‍ഭായിയുടെ കഥയില്‍ ലൌജിഹാദുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യുന്ന രീതി എന്ന കഥയില്‍ ദിവാകരന്‍ എന്ന കഥാപാത്രം അലവിമുസ്ല്യാരുടെ അടുത്ത് അസ്മാവിന്റെ, മാരണത്തിന്റെ പണിക്കു ചെല്ലുന്നുണ്ട്. കാമുകിയുടെ പേര് പറയുമ്പോള്‍ മുസ്ലിം പെണ്‍കുട്ടിയുടെ പേരാണ് പറയുന്നത്. ഞമ്മളെ കൂട്ടത്തിലെ പെണ്ണിനെയാണല്ലോ കുടുക്കിയത് അതുകൊണ്ട് മാരണത്തിന് ഫീസ് കൂടുമെന്നാണ് മുസ്ല്യാരുടെ മറുപടി.
യു എ ഖാദര്‍: ബോധപൂര്‍വം അങ്ങനെയൊരു പ്രണയമുണ്ടാവുമോ.
കെ ഇ എന്‍: പുലിമറ ദൈവത്താറില്‍ ഒടിമറയുന്ന മിത്ത് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നുണ്ട്. അത് കീഴാളര്‍ മേലാളനെതിരെ നടത്തിയ ഗറില്ലാ സമരമായി വ്യാഖ്യാനിക്കും. കീഴാളന് പറയന് നേരിട്ട് തമ്പ്രാനെ കാണാന്‍ ചെല്ലാന്‍ പറ്റില്ല. പക്ഷേ വേഷം മാറി ചെയ്യാം.
യു എ ഖാദര്‍: തമ്പ്രാന് തിരിച്ചും ഇതുപയോഗിക്കാം. കൊല്ലുന്നതിനുള്ള ന്യായമായി ഒടിമറിച്ചിലിനെ മേലാളര്‍ ഉപയോഗിക്കും. ജന്മിക്ക് ഒരു പറയനെ ഒഴിപ്പിക്കണമെങ്കില്‍ അവനെ കൊല്ലും. എന്നിട്ട് പറയും ഒടിമറഞ്ഞ് പശുവായതുകൊണ്ടാണ് കൊന്നതെന്ന്.
കെ ഇ എന്‍: മിത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതൊരു ചെറുത്തുനില്‍പ്പിന്റെ ഭാഷയായോ ഒരു കീഴാളമുന്നേറ്റത്തിന്റെ കാര്യമായോ വന്നില്ല. അതുപോലെതന്നെ സ്ത്രീകളുടെ കുതറലും പ്രതിഷേധവുമൊക്കെയുണ്ടെങ്കിലും പൊതുവില്‍ സ്ത്രീകളെ വര്‍ണിക്കുന്നതാണ് കഥകളിലേറെയും.

കെ ഇ എന്‍: മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പുനര്‍വായനക്ക് വിധേയമാക്കാവുന്ന ഒരു കഥയുണ്ട്. മാവേലിയും മാപ്പിളയും. മുസ്ലിം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് കശാപ്പുകാരുടെ കുടുംബത്തില്‍ നിന്നാണെന്ന ഒരു വാദമുണ്ട്. കശാപ്പുകാരനായ മാപ്പിളക്ക് ചിരിക്കാന്‍ കഴിയുമോ എന്ന് ഒരു കുട്ടി ചോദിക്കുന്നുണ്ട്. അരനൂറ്റാണ്ടു മുമ്പെഴുതിയ കഥയാണത്.
യു എ ഖാദര്‍: അതെയതെ. അത് ദേശാഭിമാനിയുടെ ഒരു ഓണപ്പതിപ്പില്‍ വന്ന കഥയാണ്. 1954ലാണ് ആ കഥയെഴുതിയത്.
*
കടപ്പാട്: ദേശാഭിമാനി വാരിക
3 comments:
മിനാരങ്ങള്‍ക്ക് മുകളില്‍ ഇപ്പോഴും ജിന്നുകള്‍ പാര്‍ക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലോകാവസാനനാളിലെ ഒടുവിലത്തെ ചൂളംവിളിയുടെ മുഴക്കം കേള്‍ക്കുംവരെ നിത്യയൌവനത്തിന്റെ അനുഗ്രഹിക്കപ്പെട്ട സുരക്ഷിതത്വത്തില്‍ അവര്‍ അമരത്വമനുഭവിക്കുമത്രെ. ചിറകുകള്‍ വീശി ആകാശനീലിമകളില്‍ പാറിപ്പറന്നു രസിച്ച് മഖാമിന്റെ മിനാരങ്ങളില്‍ അവര്‍ ചേക്കേറിയുല്ലസിക്കുന്നു. മനുഷ്യാതീത ശക്തി സൌന്ദര്യസങ്കല്‍പ്പങ്ങള്‍. അവര്‍ പൊട്ടിച്ചിരിക്കുന്നു. പാട്ടുപാടുന്നു. ഊഞ്ഞാലാടുന്നു. സുഗന്ധതൈലങ്ങള്‍ പൂശി വശ്യാത്മകമായ സാമീപ്യം അറിയിക്കുന്നു. രുചികരങ്ങളായ ഭക്ഷണപാനീയങ്ങള്‍ പാകംചെയ്തു വിളമ്പുന്നു. പാത്രങ്ങളില്‍ നിറച്ച് സ്നേഹസമ്മാനങ്ങളായി താഴേത്തട്ടില്‍ വസിക്കുന്നവര്‍ക്ക് അയച്ചുകൊടുക്കുന്നു. കാഴ്ചവസ്തുക്കള്‍ കാണിക്കയായി നല്‍കുന്നു...
അദൃശ്യജീവികളുടെ അമ്പരപ്പിക്കുന്ന ഒരു അപരലോകം നമ്മുടെ വായനയിലേക്ക് പകര്‍ത്തിയ കഥാകാരനാണ് യു എ ഖാദര്‍. ജിന്നുകളും പ്രേതങ്ങളും യക്ഷികളും നാഗങ്ങളും ഒടിമറിച്ചിലുകളും മാരണവിദ്യകളും തലങ്ങും വിലങ്ങുമായി ബോധാബോധങ്ങളുടെ അതിര്‍ത്തികളെ ആക്രമിച്ചുവരുന്നു. അദ്ദേഹത്തിന്റെ കഥകളില്‍ പച്ചച്ചു നില്‍ക്കുന്ന പഴമയുടെ ലോകമുണ്ട്.
യു എ ഖാദറുമായി കെ ഇ എന്‍ നടത്തുന്ന അഭിമുഖം
good
thanks for sharing
Post a Comment