എണ്ണത്തില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതും പ്രസാധകരുടെയും എഴുത്തുകാരുടെയും എണ്ണം കൂടിയെന്നതും സാഹിത്യരംഗത്തുണ്ടായ ഈ വര്‍ഷത്തെ പ്രധാന സവിശേഷതയാണ്. എന്നാല്‍, ഈയൊരു മാറ്റം സാഹിത്യത്തിന്റെ മേന്മയായി കണക്കാക്കാനാവില്ല. കാരണം, പുസ്തകത്തിന്റെ എണ്ണത്തിലല്ലല്ലോ സാഹിത്യത്തിന്റെ മേന്മയിരിക്കുന്നത്. ഇപ്പോള്‍ 'മാര്‍ക്കറ്റ്' നിലവാരം അനുസരിച്ച ഉല്‍പ്പാദനം മാത്രമാണ് നടക്കുന്നത്. ഇത് പുസ്തകത്തെ മറ്റു ചരക്കുകളെപ്പോലെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുന്നതിനിടയാക്കി. കേരളത്തില്‍ മുഴുവന്‍ ഗ്രന്ഥശാലാ പ്രസ്ഥാനം സജീവമായിരിക്കുന്നു എന്നതാണ് ഒരാശ്വാസം. ഇടതുപക്ഷ സര്‍ക്കാര്‍ ഗ്രന്ഥശാലകള്‍ക്കും പ്രസാധനാലയങ്ങള്‍ക്കും നല്ല അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകള്‍ക്കും മറ്റും ലൈബ്രറി കെട്ടിടം ഉണ്ടാക്കാനായാലും പുസ്തകം വാങ്ങാനായാലും സാമ്പത്തികച്ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുന്നത് പ്രോത്സാഹനാര്‍ഹമാണ്. കൂടാതെ, പ്രധാന ഉത്സവസ്ഥലത്തെല്ലാം ഇപ്പോള്‍ പുസ്തകച്ചന്തകള്‍ തുറക്കുന്നുണ്ടല്ലോ! ഇത് പുസ്തക വില്‍പ്പനയില്‍ വലിയ വര്‍ധനയാണുണ്ടാക്കുന്നത്. മാത്രമല്ല, പുസ്തകം സാധാരണക്കാര്‍ക്കിടയില്‍ ലഭ്യമാവുന്നു എന്നതും ആശാവഹമാണ്.
പുസ്തക പ്രസാധനം ഒരു സാംസ്കാരിക പ്രവര്‍ത്തനമെന്നതിലുപരി സ്വയം തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗമായി കണക്കാക്കുന്നത് ആശാവഹം തന്നെയാണ്. നാലോ അഞ്ചോ ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന് പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്നതും പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നതും മാറ്റത്തിന്റെ സൂചനയാണ്. വായന മരിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. ഏറ്റവും ചെറിയ തലമുറയില്‍ വായനാശീലം വളര്‍ത്താന്‍ കഴിയുന്നുണ്ട്. ഇന്നത്തെ തലമുറയാണ് വായനയില്‍നിന്ന് അകന്നിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ചെറുപ്പക്കാരില്‍ വല്ലാതെ പിടികൂടിയിരിക്കുന്നത് വായനയെ വളരെയധികം ബാധിച്ചിട്ടുണ്ട്. കഥ-നോവല്‍ സാഹിത്യരംഗത്ത് പഴയ തലമുറയില്‍പ്പെട്ടവരും മുമ്പ് എഴുതിക്കൊണ്ടിരുന്നവരുമായവര്‍ തന്നെയാണ് ഇപ്പോഴും എഴുതുന്നത്. എന്നാല്‍ പുതിയ വിഷയങ്ങളോ, പുതിയ സമീപനങ്ങളോ ഉണ്ടാവുന്നുമില്ല.
ശരാശരി നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങളാണ് ഇക്കുറി കൂടുതലുമിറങ്ങിയത്. അതിനാല്‍ ധാരാളം വായനക്കാര്‍ പഴയ കൃതികളുടെ വായനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതുമൂലം പ്രസാധകര്‍ പഴയകൃതികളുടെ പുനഃപ്രകാശനത്തിന് തിടുക്കംകൂട്ടുകയാണ്. കവിതയെ സംബന്ധിച്ച് നിരാശാജനകമാണ് രംഗം. കവിത വൃത്തത്തില്‍നിന്നും ജീവിത ദര്‍ശനങ്ങളില്‍നിന്നും അകന്നതോടെ ഗദ്യം എങ്ങനെ മുറിച്ചെഴുതിയാലും അത് കവിതയാണെന്ന ഒരു ധാരണ വന്നിട്ടുണ്ട്. വിറകൊടിച്ചു കെട്ടിവയ്ക്കുന്നതുപോലെയാണ് മനോഹരമാക്കാവുന്ന ഗദ്യകവിതയെപ്പോലും യുവകവികള്‍ സമീപിക്കുന്നത്. നിര്‍വികാരതയും ജീവിത നീരീക്ഷണമില്ലായ്മയും ഇത്തരം കവിതകളില്‍ പ്രകടമാണ്. പത്തുവര്‍ഷം മുമ്പ്ശ്രദ്ധിക്കപ്പെട്ട എഴുത്തുകാര്‍ തന്നെയാണ് ഇപ്പോഴും ഭേദപ്പെട്ട രചനകള്‍ നടത്തുന്നത്.
ജീവചരിത്ര രചനകള്‍കൊണ്ട് സമൃദ്ധമാണ് 2009. ജീവചരിത്രത്തെ സമൂഹത്തിലെ വമ്പന്മാരുടെ തലത്തില്‍നിന്ന് വൈവിധ്യമാര്‍ന്ന ജീവിതക്കളങ്ങളിലെ സാധാരണക്കാരുടെ തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരാന്‍ സമീപകാലത്ത് കഴിഞ്ഞു. സ്ത്രീ രചനകള്‍ക്കു പുറമേ 'കീഴാളര്‍' എന്ന് നമ്മള്‍ മുമ്പൊക്കെ പറഞ്ഞിരുന്ന സമൂഹങ്ങളില്‍നിന്ന് ചിലര്‍ അവരുടെ സ്വന്തം രചനകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. പരിസ്ഥിതി രംഗത്തു പ്രവര്‍ത്തിക്കുന്ന പുക്കടന്‍, മയിലമ്മ എന്നിവരുടെ ആത്മകഥകള്‍ ഇവയ്ക്കുദാഹരണമാണ്. കഴിഞ്ഞ അമ്പതുകൊല്ലങ്ങള്‍ക്കിടയില്‍ ഫ്യൂഡല്‍ രചനകളില്‍നിന്ന് പുറപ്പെട്ട മലയാള സാഹിത്യം ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് കടന്നിരിക്കുന്നുവെന്നര്‍ഥം. മനുഷ്യ സങ്കല്‍പ്പത്തിലുണ്ടായ വലിയ മാറ്റത്തെയാണിത് കാണിക്കുന്നത്. ഗദ്യ രചനകളില്‍ വിഷയസ്വീകരണത്തിന് വൈവിധ്യം വന്നുചേര്‍ന്ന വര്‍ഷമായി 2009 മാറി. പരിസ്ഥിതി പ്രശ്നം മുതല്‍ നാനോ ടെക്നോളജി വരെയുള്ള കൃതികള്‍ പുതുതായി പുറത്തിറങ്ങി. രാഷ്ട്രീയ ദര്‍ശനങ്ങളെച്ചൊല്ലിയുള്ള രചനകള്‍ അധികം പുറത്തു വന്നിട്ടില്ല. അതിനുള്ള കാരണം, മുഖ്യധാരാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളാണ്. അത്തരം സമീപനങ്ങള്‍ താല്‍ക്കാലികം മാത്രമായതിനാല്‍ പ്രായോഗിക രാഷ്ട്രീയ സാഹിത്യത്തില്‍ പ്രസക്തിയുമില്ലാതായി.
ഇക്കൊല്ലത്തെ ഗ്രന്ഥങ്ങള്‍ പൊതുവേ മാനവരാശിയുടെ ഉല്‍ക്കണ്ഠകള്‍കൊണ്ട് നിറഞ്ഞതാണ്. കാലാവസ്ഥാ മാറ്റം, ദേശീയതയുടെ നിഷ്ക്രമണം, മുതലാളിത്തത്തിന്റെ ആസുരശക്തിയുടെ ക്ഷീണം, ആ വിടവിലേക്ക് പുതിയ ആശയങ്ങള്‍ കടന്നുവരാത്തതിലുള്ള ഉല്‍ക്കണ്ഠകള്‍, അപൂര്‍വമായ ജീവിത സംവിധാനത്തിന്റെ വിഷമതകള്‍, നഗരജീവിതത്തിന്റെ പുതിയ പ്രശ്നങ്ങള്‍ ഇതെല്ലാം ചിന്തകളില്‍ സമാഹരിക്കപ്പെടുന്നുണ്ട്. അത്തരം പുസ്തകങ്ങള്‍ ഇനിയും വരാനിരിക്കുന്നു. ജീവിതത്തിന്റെ പേരിലുള്ള 'റൊമാന്റിക്' സംവിധാനം ഇന്ന് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ അത്തരം കൃതികള്‍ക്കുണ്ടായിരുന്ന ലാവണ്യം പുതിയ കൃതികളില്‍ കാണുന്നില്ല. ഇതിന് പകരം വയ്ക്കാനായി പ്രാദേശിക സാഹിത്യങ്ങള്‍ ചരിത്രകാലത്തേക്കു നോക്കുകയും ചരിത്രത്തില്‍നിന്ന് വണ്ടെടുത്ത് പുനഃക്രമീകരിക്കാവുന്ന വിഷയങ്ങളില്‍ പരീക്ഷണം നടത്തുകയും ചെയ്യുന്നു. ഈ രീതി പുസ്തകത്തിലും സിനിമയിലും കാണുന്നുണ്ട്. സ്ത്രീകളുടെയിടയില്‍ പുതിയ എഴുത്തുകാര്‍ ധാരാളമുണ്ടാവുന്നുണ്ട്. പക്ഷേ, കേരളീയ പരിതോവസ്ഥയില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. ഒരു ചെറിയ കാലം മാത്രം രചനയില്‍ ഏര്‍പ്പെടുകയും പിന്നീടവര്‍ പിന്‍വാങ്ങുകയും ചെയ്യുന്നു. അവരെസംബന്ധിച്ച് സാഹിത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ ഇന്നും അനുകൂലമായ കാലാവസ്ഥയല്ല സമൂഹത്തിലുള്ളത്. സ്കൂള്‍ കുട്ടികള്‍പോലും (ആണും പെണ്ണും) ഇന്ന് രചനയില്‍ ഏര്‍പ്പെടുകയും അവരുടെ സ്വന്തം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിലനില്‍ക്കുമെന്നതിന് ഒരു ഉറപ്പുമില്ല. 'ക്ളാസ്റൂം എന്റര്‍ടെയ്ന്‍മെന്റ്' പോലെ ഒന്നായിട്ടു മാത്രമേ സ്കൂള്‍കാല രചനയെ കണക്കിലെടുക്കാനാവൂ. പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോള്‍ സാഹിത്യാദി കലകളെ നിലനിര്‍ത്താന്‍ കഴിയുന്നവര്‍ എക്കാലത്തും കുറവാണ്.
കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് 2009ല്‍ നോവലുകള്‍ ദരിദ്രമാണ്. നോവല്‍ രചന ബൃഹത്തായ ഒരു സംരംഭമായതിനാല്‍ ഇതിനെ ഒരു കൊല്ലത്തില്‍ ഒതുക്കിനിര്‍ത്താന്‍ പറ്റുകയില്ല. 2009ല്‍ ചെറുകഥയിലും കവിതയിലും പ്രതീക്ഷക്കു വക നല്‍കുന്ന പുതിയ എഴുത്തുകാരുടെ രചനകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല. പ്രവാസി മലയാളികളുടെ രചനകളും ഇക്കൊല്ലം വായനക്കെത്തി. മലയാളത്തിലും ഇംഗ്ളീഷിലുമായി കഥയും കവിതയും നോവലുമാണ് കൂടുതലുമിറങ്ങിയത്. പുതിയ നോവലുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മിക്കവാറും എല്ലാ പ്രസാധകരും മുമ്പെന്നപോലെ തര്‍ജമ നോവലുകളെയാണ് ആശ്രയിച്ചത്. ഇത് മലയാള നോവലുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് തര്‍ജമ നോവലുകളുടെ വശീകരണ ശക്തികൊണ്ടാണ്. മലയാളത്തിലെ കേമന്മാരായിട്ടുള്ള നോവലിസ്റ്റുകളെല്ലാം ഇപ്പോള്‍ ക്ഷീണാവസ്ഥയിലാണുള്ളത്. ഇത് തര്‍ജമ നോവലുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ മറാത്തി ഭാഷക്ക് ഹിന്ദി ഭാഷയോട് വിധേയത്വം പാലിക്കേണ്ടി വരുന്നൂവെന്നും കൊങ്കിണി ഭാഷയില്‍ പുതിയ കൃതികള്‍ ഉണ്ടാവുന്നു എന്നും കേള്‍ക്കുന്നു. ബംഗാളിയില്‍നിന്ന് കാര്യമായ ഗ്രന്ഥങ്ങള്‍ ഒന്നും വരുന്നില്ല. മൈനര്‍ ഭാഷകള്‍, ദളിത ജീവിതം എന്നിവ പുതിയതരം രചനകള്‍ സൃഷ്ടിക്കുന്നുണ്ട്. തമിഴില്‍നിന്നുവന്ന ദളിത് രചനകള്‍ വളരെ ശ്രദ്ധേയമാണ്. ലോകസാഹിത്യത്തിന്റെ കാര്യത്തിലാവട്ടെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്നാണ് സമ്മാനിത ഗ്രന്ഥങ്ങള്‍ വരുന്നത്. അവയ്ക്ക് പഴയതുപോലെ മൂല്യബലം ഇല്ലായെന്നത് വായനസുഖത്തെ കുറയ്ക്കുന്നു.
ഒരു വര്‍ഷത്തെ സാഹിത്യം സംബന്ധിച്ചുള്ള കണക്കെടുപ്പ് ശരിയായൊരു ചിത്രം നല്‍കുകയില്ല. പുതിയ പുസ്തകങ്ങള്‍ യഥാസമയം വായനയ്ക്കായി ലഭിക്കാത്തതും ഒരു കാരണമാണ്. പഴയ രചനകളുടെ പുനഃപ്രസിദ്ധീകരണങ്ങളാണ് ഇക്കൊല്ലവും അധികം വായിക്കാന്‍ കഴിഞ്ഞത്. ഇന്നത്തെ ചുറ്റുപാടില്‍ വര്‍ധിച്ചുവരുന്ന പുസ്തക വ്യവസായം അടുത്ത ഭാവിയില്‍ എങ്ങനെ പരിരക്ഷിക്കാമെന്നത് നിര്‍മാതാക്കളുടെ ഒരു പുതിയ ഉല്‍ക്കണ്ഠയായി മാറുകയാണ്.
*
പി വത്സല
കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Subscribe to:
Post Comments (Atom)
1 comment:
എണ്ണത്തില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതും പ്രസാധകരുടെയും എഴുത്തുകാരുടെയും എണ്ണം കൂടിയെന്നതും സാഹിത്യരംഗത്തുണ്ടായ ഈ വര്‍ഷത്തെ പ്രധാന സവിശേഷതയാണ്. എന്നാല്‍, ഈയൊരു മാറ്റം സാഹിത്യത്തിന്റെ മേന്മയായി കണക്കാക്കാനാവില്ല. കാരണം, പുസ്തകത്തിന്റെ എണ്ണത്തിലല്ലല്ലോ സാഹിത്യത്തിന്റെ മേന്മയിരിക്കുന്നത്. ഇപ്പോള്‍ 'മാര്‍ക്കറ്റ്' നിലവാരം അനുസരിച്ച ഉല്‍പ്പാദനം മാത്രമാണ് നടക്കുന്നത്. ഇത് പുസ്തകത്തെ മറ്റു ചരക്കുകളെപ്പോലെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുന്നതിനിടയാക്കി. കേരളത്തില്‍ മുഴുവന്‍ ഗ്രന്ഥശാലാ പ്രസ്ഥാനം സജീവമായിരിക്കുന്നു എന്നതാണ് ഒരാശ്വാസം. ഇടതുപക്ഷ സര്‍ക്കാര്‍ ഗ്രന്ഥശാലകള്‍ക്കും പ്രസാധനാലയങ്ങള്‍ക്കും നല്ല അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകള്‍ക്കും മറ്റും ലൈബ്രറി കെട്ടിടം ഉണ്ടാക്കാനായാലും പുസ്തകം വാങ്ങാനായാലും സാമ്പത്തികച്ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുന്നത് പ്രോത്സാഹനാര്‍ഹമാണ്. കൂടാതെ, പ്രധാന ഉത്സവസ്ഥലത്തെല്ലാം ഇപ്പോള്‍ പുസ്തകച്ചന്തകള്‍ തുറക്കുന്നുണ്ടല്ലോ! ഇത് പുസ്തക വില്‍പ്പനയില്‍ വലിയ വര്‍ധനയാണുണ്ടാക്കുന്നത്. മാത്രമല്ല, പുസ്തകം സാധാരണക്കാര്‍ക്കിടയില്‍ ലഭ്യമാവുന്നു എന്നതും ആശാവഹമാണ്.
Post a Comment