Thursday, January 28, 2010

അധിനിവേശ സംസ്കാരം നാടകകലയുടെ പിടഞ്ഞുമാറ്റം

കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണ് ഡിസംബര്‍ . പാരമ്പര്യ ഉത്സവങ്ങളുടെ നിയന്ത്രിത ലോകത്തുനിന്ന് കുടഞ്ഞുമാറി, ജാതിഭേദ വരമ്പുകളില്ലാതെ സിനിമയുടെയും നാടകത്തിന്റെയും പുസ്തകത്തിന്റെയും ലോകത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ഒട്ടേറെ ഉത്സവങ്ങള്‍. ഇവയെല്ലാം 'സര്‍ക്കാര്‍ ഉത്സവങ്ങള്‍’ എന്നു പറഞ്ഞു നമുക്ക് തള്ളിക്കളയാനാവില്ല. ജനപങ്കാളിത്തം മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളിലെ ശ്രദ്ധയും അവയിലൂടെ വികസിക്കുന്ന ഒരു മാധ്യമചിന്തയും ഇത്തരം ഉത്സവങ്ങളുളടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

ഏഷ്യന്‍-ആഫ്രിക്കന്‍ നാടകസംസ്കാരത്തെക്കുറിച്ചുള്ള ഒട്ടേറെ പുതിയ അറിവുകളും മലയാളനാടകവേദി പുതിയ വഴിത്തിരിവുകളിലേക്ക് എത്തിയിരിക്കുന്നു എന്ന തിരിച്ചറിവും നല്‍കിക്കൊണ്ടാണ് കേരള സംഗീതനാടക അക്കാദമിയുടെ ITFoK 09 എന്ന, ഡിസംബര്‍ 20 മുതല്‍ 29 വരെ നീണ്ടുനിന്ന, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണത്. ഈ ഡിസംബറില്‍ അവസാനിച്ചത് രണ്ടാമത്തെ ഇന്റര്‍നാഷണല്‍ നാടകോത്സവമാണ്. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളിയുടെ നേതൃത്വത്തിലായിരുന്നു ഈ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മലയാള നാടകവേദിക്കും അതിന്റെ പ്രേക്ഷകര്‍ക്കും വിലമതിക്കാനാവാത്ത ഈ സമ്മാനം സമര്‍പ്പിച്ച് അദ്ദേഹം തന്റെ ജീവിതത്തിന് തിരശ്ശീലയിട്ടു.

ITFoK 09, അതിന്റെ സംഘാടനംകൊണ്ടും, നാടക തെരഞ്ഞെടുപ്പുകൊണ്ടും ഏറെ ശ്രദ്ധേയമായി. ഈ വര്‍ഷം ആഫ്രിക്കന്‍ നാടകങ്ങളായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ അമ്പതുവര്‍ഷത്തിലധികമായി ഇന്ത്യയില്‍ നടക്കുന്ന ദേശീയ നാടകവേദിക്കായുള്ള അന്വേഷണവുമായി വേണം ഇതിനെ ചേര്‍ത്തുവെയ്ക്കാന്‍. ആഫ്രിക്കന്‍-ഇന്ത്യന്‍ നാടകചരിത്രങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ട്. കൊളോണിയല്‍ ചരിത്രപാരമ്പര്യം ഏറ്റുവാങ്ങിയ ഏതൊരു ഇടത്തെയുമെന്നപോലെ തങ്ങളുടേത് പ്രാകൃതമായ സംസ്കാരമാണെന്നും ആധുനികമായത് വൈദേശികമാണെന്നും കരുതി അവയെ അവര്‍ എത്തിപ്പിടിച്ചു. പ്രൊസീനിയം നാടകവേദിയും ഷേക്സ്പിയറും അവര്‍ക്ക് പരിചിതമാകുമ്പോള്‍ 'നടോമി, ഗ്രിയോട്ട് തുടങ്ങിയ സ്വന്തം കഥപറച്ചിലിന്റെ, നാടകസങ്കേതങ്ങള്‍ അവര്‍ മറന്നു. നാടകം’ എന്നതിന് സ്വാഹിലി ‘ഭാഷയില്‍ സമാന പദങ്ങളില്ല. പുതിയ രീതിയിലുള്ള നാടകങ്ങള്‍ ഇംഗ്ളീഷ് ഭാഷയിലായിരുന്നു. അതിനാല്‍തന്നെ നാടകമെന്ന മാധ്യമം തദ്ദേശീയരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. സ്വാഹിലി എന്ന അവരുടെ ദേശീയ‘ഭാഷയില്‍ (സ്വാഹിലിയ്ക്ക് സ്വന്തമായ ലിപിയില്ല) നാടകങ്ങള്‍ എഴുതപ്പെടുന്നതും അവതരിപ്പിക്കുന്നതും അടുത്തകാലത്തു മാത്രമാണ്. ആയിരത്തിതൊള്ളായിരത്തി അമ്പതുകളുടെ സാമൂഹ്യസാഹചര്യത്തില്‍ രാഷ്ട്രീയ തെരുവു നാടകങ്ങളായിരുന്നു അധികവും നാടകവേദിയില്‍ അരങ്ങേറിയിരുന്നത്. 1960-കളില്‍ ജനപ്രിയ, സംഗീത നാടകങ്ങളിലേക്ക് ആഫ്രിക്കന്‍ നാടകവേദി മാറുന്ന കാഴ്ചയാണ് കാണാനാവുക. എഴുപതുകളോടെയാണ് ആഫ്രിക്കന്‍ നാടകവേദി കൂടുതല്‍ പാകപ്പെട്ട രീതിയില്‍ മുന്നോട്ടുവരുന്നത്. ജനപ്രിയ നാടകവേദിയിലെ നടന്മാരും രാഷ്ട്രീയകൂട്ടായ്മയും വെളുത്തവരും കറുത്തവരുമടങ്ങുന്ന നാടകപ്രവര്‍ത്തകരും ഒക്കെ ചേരുന്ന നാടകവേദി രൂപപ്പെടുന്നത് ഇക്കാലത്താണ്. ഇവിടെ നാടോടികലാരൂപങ്ങളുടെ അവതരണരീതിയും, സംഗീതത്തിനും നൃത്തത്തിനുമൊപ്പം, തങ്ങളുടെ ആധുനിക ജീവിതപരിസരങ്ങളും അവര്‍ ഇഴചേര്‍ത്ത് തങ്ങളുടെ സ്വന്തം ‘ഭാഷയില്‍ അവര്‍ നാടകത്തിലൂടെ സംവദിക്കാന്‍ ആരംഭിച്ചു. അങ്ങനെ സ്വന്തം മണ്ണിലേക്ക് വേരിറക്കി ആ നാടകവേദി വളര്‍ച്ച പ്രാപിച്ചു. ഈ ചരിത്രസാഹചര്യത്തില്‍നിന്നുവേണം ആഫ്രിക്കന്‍ നാടകങ്ങളെ നോക്കിക്കാണുവാന്‍. നാല് ആഫ്രിക്കന്‍ നാടകങ്ങളാണ് ITFoK 09 ല്‍ അവതരിപ്പിച്ചത്. ഇവയിലൂടെ കടന്നുപോകുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. ആഫ്രിക്കന്‍ സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ അതില്‍ നമുക്കു കാണാം. കലാമൂല്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ അവ ചോദ്യം ചെയ്തേക്കാം. പക്ഷെ അവതരിപ്പിച്ച നാലു നാടകങ്ങളിലും അവരുടെ ജീവിതമുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന നാടകസംഘമാണ് മാഗ്നെറ്റ് തിയേറ്റര്‍. അതിന്റെ സ്ഥാപകരിലൊരാളായ മാര്‍ക്ക് ഫ്ളൈഷ്മാന്‍ നാടകാധ്യാപകനും, ഫിസിക്കല്‍ തിയേറ്ററിനെക്കുറിച്ച് ഏറെ പഠനം നടത്തിയ ആഫ്രിക്കന്‍ നാടകാചാര്യനുമാണ്. അഭയാര്‍ഥികളുടെ ജീവിതം പ്രധാന കേന്ദ്രമായി നാടകമെടുക്കുവാന്‍ കാരണമാകുന്നത്, 2006-ല്‍ അഭയാര്‍ഥികള്‍ക്കുനേരെ കേപ്ടൌണില്‍ ഉണ്ടായ കൂട്ടക്കൊലയായിരുന്നു. ഇരുപത്തി ഒമ്പത് സൊമാലി കടയുടമകളാണ് അന്ന് കൊലചെയ്യപ്പെട്ടത്. സമാനസംഭവങ്ങള്‍ 2008-ലും ആവര്‍ത്തിച്ചു. എവരി ഇയര്‍ എവരിഡേ ഐ ആം വാക്കിങ്' രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഫെനിസയും, ജനിറെസ്നയും ഇരുപതില്‍പ്പരം വര്‍ഷമായി ആഫ്രിക്കന്‍ നാടകവേദിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരികളാണ്. അഭയാര്‍ഥിയുടെ പ്രശ്നം കറുത്തവന്റെമാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവാണ്, വെളുപ്പും കറുപ്പും വംശജരെ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു. വീട് നിങ്ങള്‍ക്കെന്തെല്ലാമാണ്? വീട് നഷ്ടപ്പെടുന്നതിലൂടെ നഷ്ടപ്പെടുന്നത് കിടക്കാനുള്ള ഇടം മാത്രമാണോ? അഭയാര്‍ഥികളുടെ കഥകളില്‍നിന്നാണ് നാടകത്തിനാവശ്യമായ കഥ തിരഞ്ഞെടുത്തത്. നാടകം മുഴുവന്‍ യാത്രയാണ്. ഈ യാത്ര മുഴുവന്‍ നടന്നുതീര്‍ക്കുന്നത് നാടകവേദിയ്ക്കകത്തുവെച്ച് നമുക്കനുഭവിക്കാന്‍ കഴിയും. മൂന്നു ഘട്ടങ്ങളായി നാടകത്തെ തിരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ഈ യാത്ര, കലാപത്തില്‍ അഗ്നിക്കിരയാവുന്ന വസ്തുവകകളും വീടും യാത്രചെയ്യുന്ന ഭൂമിയുടെ ഉയര്‍ച്ചയും താഴ്ചയും, സഹോദരിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓര്‍മകളും എല്ലാം ഒട്ടും സങ്കീര്‍ണമല്ലാത്ത രംഗവസ്തുക്കളെക്കൊണ്ട്, നടിയുടെ ശരീരഭാഷയുടെ ഊര്‍ജ്ജംകൊണ്ട് നമ്മോട് സംവേദിക്കുന്നു. നാടകം പറയുന്ന കാര്യങ്ങള്‍ എത്ര ഗൌരവപ്പെട്ടതും, സങ്കീര്‍ണവുമാണെങ്കിലും അവതരണം രംഗ‘ഭാഷയുടെ സൌന്ദര്യത്തെക്കൂടി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഈ നാടകം ഫെസ്റിവലില്‍ കണ്ട ആഫ്രിക്കന്‍ നാടകത്തില്‍ മികച്ചതു തന്നെയായിരുന്നു. നാടകവിഷയവും, രംഗഭാഷയും ഇവിടെ പരസ്പരം ചേര്‍ന്നുനിന്നു. ആഫ്രിക്കയില്‍നിന്നുള്ള പ്രശസ്ത സംഗീത സംവിധായകനായ നിയോ മൂവാങ്കിയാണ് ഈ നാടകത്തിന് സംഗീതം നല്‍കിയിരുന്നത്. നിയോ ഗിത്താറില്‍ കാണിക്കുന്ന വിസ്മയങ്ങളും ഫോക് സംഗീതവും ഈ നാടകത്തിന്റെ നിശ്ശബ്ദതയ്ക്ക് പുതിയ മാനം നല്‍കി.

കേപ്ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുവന്ന മാക്ബെത്തി എന്ന നാടകം, അവിടുത്തെ അക്കാദമിക് തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഒരു നേര്‍ചിത്രമായി. നാടകം പഠിക്കുന്ന കുട്ടികള്‍ അഭിനയിക്കുന്ന നാടകമെന്ന പരിമിതി അതിനുണ്ടായിരുന്നെങ്കിലും, ആക്ഷേപഹാസ്യത്തിലൂടെ, തങ്ങളുടെ ജീവിതാവസ്ഥയെ പറഞ്ഞുവെക്കാന്‍, കൊളോണിയല്‍ സംസ്കാരത്തിലൂടെ അവര്‍ക്കു പരിചിതമായ ഷേക്സ്പിയറുടെ പ്രസിദ്ധ കൃതിയെത്തന്നെ അവര്‍ ആശ്രയിക്കുന്നു. ഒരു അക്കാദമിക് നാടകാവതരണത്തിന്റെ അയഞ്ഞ സ്വഭാവവും, പരീക്ഷണത്തിന്റെ സ്വാതന്ത്യ്രവും ഈ നാടകത്തിനുണ്ടായിരുന്നു. ഷേക്സ്പിയറുടെ മാക്ബത്ത്’ എന്ന കൃതി മാക്ബെത്തി’ ആയി മാറുമ്പോള്‍ ട്രാജഡിക്കുപകരം കോമഡിയ്ക്ക് പ്രാധാന്യംവരുന്നു. ആനുകാലിക സമൂഹത്തിലെ പത്രപ്രവര്‍ത്തകര്‍ മന്ത്രവാദിനികളായി മാറുന്നു. അങ്ങനെ നാടകകൃതിയിലും, രംഗഭാഷയിലും പരീക്ഷണങ്ങളുടെ കുസൃതി നമുക്കു കാണാനാവും. ആഫ്രിക്കന്‍ യുവതലമുറ നാടകമെന്ന മാധ്യമം കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്നതിനുള്ള തെളിവായി വേണം ഈ നാടകത്തിനെ കാണുവാന്‍.

കെനിയയില്‍നിന്ന് രണ്ടു നാടകങ്ങളാണ് ആഫ്രിക്കന്‍ പനോരമയിലെത്തിയത്. കീത്ത് പിയേഴ്സണ്‍ സംവിധാനംചെയ്ത സൌതികിമ്യയും, ഗിഥായും. ഗിഥായിലും സൌതികിമ്യയിലും ഒരു സംവിധായകന്റെ സ്ഥിരം സാന്നിധ്യം കാണാന്‍ പ്രയാസമാണ്. നാടകം രൂപപ്പെടുന്നത് നടീനടന്മാരുടെ സര്‍ഗാത്മകമായ ഇടപെടലിലൂടെയാണ്. സംവിധായകന്‍ അതിനു കാരണമായി നില്‍ക്കുന്നുവെന്നു മാത്രം. അതിനാല്‍തന്നെ സംവിധായകന്റെ നിയന്ത്രണത്തില്‍ രൂപപ്പെടുത്തിയെടുത്ത നാടകങ്ങളുടെ 'ചിട്ടയെ പൊളിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിട്ടയാണ് ഈ നാടകങ്ങളില്‍ കാണാനാവുക. ഗിഥാ, കഥപറച്ചിലിന്റെ ആഫ്രിക്കന്‍ രീതികള്‍ ഉള്‍ക്കൊള്ളുന്നതാണ്. ആഫ്രിക്കന്‍ തെരുവിലെ ജീവിതമാണ് ഈ നാടകത്തിലൂടെ ദൃശ്യമാകുന്നത്. അതിജീവനത്തിനായി അവര്‍ പല വേഷങ്ങള്‍കെട്ടുന്നു. അവര്‍ തങ്ങളുടെ അവസ്ഥയില്‍ സ്വയം ഊറിച്ചിരിക്കുകയും, അതില്‍നിന്ന് കഥകളുണ്ടാക്കുകയും ചെയ്യുന്നു. നാടകം മുഴുവന്‍ നാടകം രൂപപ്പെടുത്തലായി മാറുകയും, ഒടുവില്‍ സ്വന്തം കഥതന്നെ പറയുവാന്‍ സമയമായി എന്നവര്‍ തിരിച്ചറിയുന്നിടത്ത് നാടകം അവസാനിക്കുകയും ചെയ്യുന്നു. ആഫ്രിക്കന്‍ ജീവിതത്തിന് ഉപേക്ഷിക്കാനാവാത്തതാണ് നൃത്തവും, താളവും, സംഗീതവും. അതവരില്‍ ശ്വാസംപോലെ ചേര്‍ന്നിരിക്കുന്നു. ഗിഥായില്‍ നമുക്കത് അനുഭവിക്കാനാവും. നമ്മുടെ നാടകസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, മനസ്സില്‍ വേദനയുടെ മുറിപ്പാടുകള്‍ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു, ഇതാ ഞങ്ങളുടെ കഥപറയുവാനുള്ള നിമിഷം വന്നുചേര്‍ന്നിരിക്കുന്നുവെന്ന്. ടായിടാ ആദിവാസി സമൂഹം സമരത്തില്‍നിന്ന്, യുദ്ധത്തില്‍നിന്ന് മാറിനിന്ന് സ്വയം ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരിടം എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് സൌതികിമ്യ എന്ന നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് അന്യമായ ഇംഗ്ളീഷ് ഭാഷയെ, അതുല്‍പ്പാദിപ്പിച്ച നാടകസംസ്കാരത്തെ സ്വഹേലി, ലിയേ, ഷെങ്ങ്, കികുയു തുടങ്ങിയ ഭാഷയിലൂടെ നാടകം അവതരിപ്പിച്ച് അവര്‍ നേരിടുന്നു. സംഗീതജ്ഞയും, സംഗീത സംവിധായകയുമായ നീന ഒഗോട്ടും, കീത്ത് പിയേഴ്സണും ചേര്‍ന്നാണ് ഈ നാടകം ഒരുക്കിയത്.

ആഫ്രിക്കന്‍ നാടകം കറുത്തവന്റെ നാടകം മാത്രമല്ല, അവിടെയുള്ള വെളുത്തവന്റെ ജീവിതവുമായി ഇഴചേര്‍ന്ന് രൂപപ്പെട്ടതാണ്. ആഫ്രിക്കയിലേക്ക് ജോലിക്കായി എത്തിയ കീത്ത് തന്റെ നാടകപഠന അനുഭവങ്ങളെ നീന ഒഗോട്ട് എന്ന ലിയോ ആദിവാസി പെണ്‍കുട്ടിയോട് ചേര്‍ത്തുവെക്കുന്നു. നീന, നൈറോബിയിലുള്ള തന്റെ വിദ്യാസമ്പന്നരായ അച്ഛനമ്മമാരോടൊപ്പം ജീവിച്ച്, ഫ്രാന്‍സിലെ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയവളാണ്. വടക്കേ കെനിയയിലെ തന്റെ ആദിവാസി കുടുംബവീട്ടില്‍ അപൂര്‍വമായി മാത്രമെ അവള്‍ സന്ദര്‍ശിച്ചിട്ടുള്ളൂ. വിക്ടോറിയ തടാകത്തില്‍ മീന്‍പിടിച്ചു ജീവിക്കുന്ന അവളുടെ മുന്‍തലമുറയുമായുള്ള ഏക കണ്ണി തന്റെ സംഗീതത്തിന്റെ ഭാഷയായ ലുവോ മാത്രമായിരിക്കുമെന്നവള്‍ ആശ്വസിക്കുന്നു.

എഴുനൂറു വര്‍ഷംമുമ്പ് ഇന്ത്യയിലെത്തി നര്‍മദ നദിയുടെ അരികുകളില്‍ താമസമുറപ്പിച്ച ഈസ്റ് ആഫ്രിക്കയിലെ സൂഫി ആദിവാസി സമൂഹം, 'സിദ്ധിഗോമ’ വംശജര്‍, തങ്ങള്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചുവെച്ച സംഗീതവും നൃത്തവും അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ഈ നാടകോത്സവം നസറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത 'ദി കെയ്ന്‍ മ്യൂട്ടിനി കോര്‍ട്ട് മാര്‍ഷല്‍’ എന്ന നാടകത്തിലാരംഭിച്ച്, പ്രസിദ്ധ ഇന്ത്യന്‍ സംവിധായകനായ രത്തന്‍ തിയാമിന്റെ ഇബ്സന്‍ നാടകത്തെ ആസ്പദമാക്കി ചെയ്ത വെന്‍ വി ഡെഡ് എവേക്കന്‍’ എന്ന നാടകത്തോടെയാണ് തിരശ്ശീലവീണത്.

പാകിസ്ഥാനില്‍നിന്നു വന്ന 'ബുര്ക്കാവാഗന്‍സ, 'ഹോട്ടല്‍ മോഹന്‍ജെദാരോ’ എന്നീ നാടകങ്ങള്‍, വീഡിയോ ദൃശ്യങ്ങളും പാകിസ്ഥാനി സംഗീതവും നൃത്തവും ഹിന്ദി സിനിമാ പാട്ടുകളും ഒക്കെ ഇഴചേര്‍ത്ത ദൃശ്യവിരുന്നായിരുന്നു. അജോക തിയേറ്ററിന്റെ ബാനറില്‍ ഷാഹിദ് നദീം സംവിധാനം ചെയ്ത നാടകങ്ങള്‍ ഹിംസാത്മകമായി മാറുന്ന മുസ്ളിം സമുദായത്തെയും ആ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയും കപടസദാചാരവും, യാഥാസ്ഥിതിക മൂല്യസങ്കല്‍പ്പങ്ങളും വെളിവാക്കുന്നവയായിരുന്നു. പാകിസ്ഥാനില്‍നിന്ന് ഇത്തരമൊരു നാടകം രൂപപ്പെടുത്തിയെടുക്കുക ഒട്ടേറെ വിഷമംപിടിച്ച കാര്യമാണെങ്കിലും, മുസ്ളിം സമുദായത്തെ പൂര്‍ണമായും പരിഹാസ്യമാക്കി കാണിക്കുന്ന ഈ നാടകങ്ങള്‍ ഇന്ത്യയുടെ മണ്ണില്‍ അവര്‍ പ്രതീക്ഷിക്കുന്ന ഫലം തന്നെയാവുമോ ഉണ്ടാക്കുക? അറിയില്ല. നാടകരൂപത്തിലും, രംഗപ്രയോഗത്തിലും കാര്യമായ പുതുമയൊന്നും ഈ നാടകത്തിന് കാഴ്ചവെക്കാനായതുമില്ല.

ഈ ഫെസ്റ്റിവലിലെ ഏറ്റവും സന്തോഷകരമായ അനുഭവം എന്തെന്നു ചോദിച്ചാല്‍ അത് മലയാളി യുവസംവിധായകരുടെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന നാടകങ്ങളായിരുന്നു. ശങ്കര്‍ വെങ്കിടേശ്വരത്തിന്റെ 'സഹ്യന്റെ മകനും, സുവീരന്റെ 'ആയുസ്സിന്റെ പുസ്തകവും, സി എസ് ദീപന്റെ 'സ്പൈനല്‍കോഡും ഇന്ത്യയില്‍ത്തന്നെ മികച്ചതെന്ന് ചൂണ്ടിക്കാണിക്കാവുന്ന നാടകങ്ങളായിരുന്നു. കേരളത്തിലുടനീളമുള്ള ചെറു നാടകസംഘങ്ങള്‍ക്ക് നാടകാവതരണത്തിനുള്ള അവസരവും ഈ ഫെസ്റിവലില്‍ ഉണ്ടായിരുന്നു. രാജു നരിപ്പറ്റയുടെ ബസ്തുകര, സത്യജിത്തിന്റെ 'അതെന്താ, പ്രബലന്റെ 'കാരണവരുടെ അധികാരം, വിനോദ് കുമാറിന്റെ 'അതിര്‍ത്തികള്‍, ശശിധരന്‍ നടുവിലിന്റെ 'ബാബുരാജ് പാടുക പാട്ടുകാരാ, മിനിയുടെ പന്തമേറിയ പെണ്ണുങ്ങള്‍, സുര്‍ജിത്തിന്റെ പച്ച’ തുടങ്ങി പതിനഞ്ചോളം ചെറുനാടകങ്ങളും നാടകോത്സവത്തെ സജീവമാക്കി.

പാരമ്പര്യ നാടോടി, ക്ളാസിക്കല്‍ കലാരൂപങ്ങളും, നാടകസംബന്ധമായ ഡോക്യുമെന്ററികളും, എക്സിബിഷനും എല്ലാം ചേര്‍ന്ന് സജീവമായ പത്തുദിവസമായിരുന്നു ഈ ഉത്സവകാലം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനും പ്രശസ്ത നാടക സംവിധായകനുമായ അഭിലാഷ് പിള്ള ഫെസ്റിവല്‍ ഡയറക്ടറായുള്ള ഈ നാടകോത്സവം ക്യൂറേഷന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതായിരുന്നു. ഈ അന്തര്‍ദേശീയ നാടകോത്സവം അതിന്റെ രൂപപ്പെടലിന്റെ ആദ്യ ദിശയിലാണ്. നാടകത്തിന്റെ തെരഞ്ഞെടുപ്പ്, അവയെ അടിസ്ഥാനമാക്കുന്ന ചിന്തകള്‍, അവയുടെ വൈവിധ്യം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും രൂപപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. ഈ നാടകോത്സവത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത്, മലയാള നാടകവേദിയുടെ ആവശ്യംകൂടിയാണ്. നാടകവേദിയെ നെഞ്ചിലേറ്റുന്ന പ്രേക്ഷകരുടെ ആഗ്രഹംകൂടിയാണ്.

*
സജിത മഠത്തില്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണ് ഡിസംബര്‍ . പാരമ്പര്യ ഉത്സവങ്ങളുടെ നിയന്ത്രിത ലോകത്തുനിന്ന് കുടഞ്ഞുമാറി, ജാതിഭേദ വരമ്പുകളില്ലാതെ സിനിമയുടെയും നാടകത്തിന്റെയും പുസ്തകത്തിന്റെയും ലോകത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ഒട്ടേറെ ഉത്സവങ്ങള്‍. ഇവയെല്ലാം 'സര്‍ക്കാര്‍ ഉത്സവങ്ങള്‍’ എന്നു പറഞ്ഞു നമുക്ക് തള്ളിക്കളയാനാവില്ല. ജനപങ്കാളിത്തം മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളിലെ ശ്രദ്ധയും അവയിലൂടെ വികസിക്കുന്ന ഒരു മാധ്യമചിന്തയും ഇത്തരം ഉത്സവങ്ങളുളടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

ഏഷ്യന്‍-ആഫ്രിക്കന്‍ നാടകസംസ്കാരത്തെക്കുറിച്ചുള്ള ഒട്ടേറെ പുതിയ അറിവുകളും മലയാളനാടകവേദി പുതിയ വഴിത്തിരിവുകളിലേക്ക് എത്തിയിരിക്കുന്നു എന്ന തിരിച്ചറിവും നല്‍കിക്കൊണ്ടാണ് കേരള സംഗീതനാടക അക്കാദമിയുടെ ITFoK 09 എന്ന, ഡിസംബര്‍ 20 മുതല്‍ 29 വരെ നീണ്ടുനിന്ന, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണത്. ഈ ഡിസംബറില്‍ അവസാനിച്ചത് രണ്ടാമത്തെ ഇന്റര്‍നാഷണല്‍ നാടകോത്സവമാണ്. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളിയുടെ നേതൃത്വത്തിലായിരുന്നു ഈ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മലയാള നാടകവേദിക്കും അതിന്റെ പ്രേക്ഷകര്‍ക്കും വിലമതിക്കാനാവാത്ത ഈ സമ്മാനം സമര്‍പ്പിച്ച് അദ്ദേഹം തന്റെ ജീവിതത്തിന് തിരശ്ശീലയിട്ടു.