Sunday, January 3, 2010

ഇപ്പോള്‍ കുറെ ഇന്ത്യക്കാര്‍ കൂടി 'ദരിദ്രരായി'

സര്‍ക്കാര്‍ ഇതേവരെ അവകാശപ്പെട്ടിരുന്നതിനെക്കാള്‍ വളരെ അധികമാണ് ദരിദ്രരുടെ എണ്ണം എന്നാണ് ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്ളാനിങ് കമ്മീഷന്‍ നിയോഗിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത് 37 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ദരിദ്രരായി കഴിയുകയാണ് എന്നാണ്.എന്നാല്‍ ഇതേവരെയുള്ള ഔദ്യോഗിക കണക്ക് ഇത് 27.5 ശതമാനം മാത്രമാണെന്നാണ്. ഈ പുതിയ കണക്ക് ദാരിദ്ര്യത്തെ സംബന്ധിച്ച് നെടുനാളായി നടക്കുന്ന ചര്‍ച്ചയെ പിന്നെയും കൊഴുപ്പിക്കുന്നതാണ്; അതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങള്‍ ഇനി കുറെക്കാലംകൂടി സുവ്യക്തമായിരിക്കും. എന്നാല്‍ പുതിയ കണക്കും ദാരിദ്ര്യ നിര്‍ണയത്തിനുള്ള പുതിയ രീതിയും അംഗീകരിച്ചതായി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സര്‍ക്കാരിന്, ഈ റിപ്പോര്‍ട്ടിനോട് വലിയ വിയോജിപ്പൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സ്വീകരിക്കപ്പെടാനാണ് എല്ലാവിധ സാധ്യതകളും ഉള്ളത്. അര്‍ത്ഥശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ തങ്ങള്‍ ഇതേവരെ പറഞ്ഞിരുന്ന ദാരിദ്ര്യം സംബന്ധിച്ച മതിപ്പ് കണക്ക് പുന:പരിശോധിക്കുന്ന കാര്യം പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരം എന്താണ് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രസക്തമായ ചോദ്യം-പ്രത്യേകിച്ചും, ഇപ്പോള്‍ നിലവിലുള്ള രീതിശാസ്ത്രത്തെ ആധാരമാക്കി കണക്കുകൂട്ടുമ്പോള്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതില്‍നിന്ന് ലഭിക്കാനിടയുള്ള പരമാവധി രാഷ്ട്രീയനേട്ടം കണക്കിലെടുക്കുമ്പോള്‍.

മുമ്പ് നിലവിലുണ്ടായിരുന്ന രീതി തെറ്റായ കണക്കുകള്‍ നല്‍കുന്നതായിരുന്നു എന്ന വസ്തുത അംഗീകരിക്കലാണ് ഇപ്പോള്‍ അത് പരിഷ്കരിക്കാന്‍ തീരുമാനിക്കുന്നതിന്റെ യുക്തമായ ഉത്തരം. നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച അന്തമില്ലാത്ത വാദപ്രതിവാദങ്ങളില്‍ ഔദ്യോഗിക കണക്ക് ദരിദ്രരുടെ എണ്ണത്തെ കുറച്ചുകാണിക്കുകയാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. ഉപഭോഗത്തെ കുറച്ചുകാണിക്കുന്നതിനും രാജ്യത്തെ ദാരിദ്ര്യത്തെ പെരുപ്പിച്ചു കാണിക്കുന്നതിനുമുള്ളതാണ് ചെലവിനെ സംബന്ധിച്ച ദേശീയ സാമ്പിള്‍ സര്‍വെ കണക്കുകള്‍ എന്ന് സമര്‍ത്ഥിക്കുന്നതിന് ദേശീയ അക്കൌണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിനെ ഉപയോഗിക്കുന്ന ചുരുക്കം ചില ആളുകള്‍ ഉണ്ടെന്നത് സത്യംതന്നെയാണ്. എന്നാല്‍ അത്തരക്കാര്‍ അവഗണിക്കാവുന്നത്ര ന്യൂനപക്ഷമാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, ഓരോ വ്യക്തിക്കും ലഭിക്കുന്ന കലോറി മൂല്യത്തെ സംബന്ധിച്ച എന്‍എസ്എസ് കണക്കുകള്‍ (അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദാരിദ്ര്യത്തെ സംബന്ധിച്ച് വിലയിരുത്തിയിരുന്നത്) ഗ്രാമപ്രദേശങ്ങളില്‍ 2400 കലോറിയും നഗരപ്രദേശങ്ങളില്‍ 2100 കലോറിയും ലഭ്യമാകുന്നതിന് പ്രതിദിന പ്രതിശീര്‍ഷ ശരാശരി കണക്കാക്കുന്നതിന് പര്യാപ്തമായതെന്ന് പരിഗണിക്കുന്ന നാണയപ്പെരുപ്പംകൂടി കണക്കിലെടുത്തുള്ള 1973-74ലെ നാമമാത്രമായ ചെലവിന്റെ അടിസ്ഥാനത്തിലുള്ളതിനെക്കാള്‍ ഗണ്യമായവിധം അധികം ദാരിദ്ര്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ചില വിശകലനവിദഗ്ധര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് "ദാരിദ്ര്യരേഖ''യ്ക്ക് മേലെയുള്ളവരായി കാണപ്പെടുന്നവര്‍ക്ക് ഇത്ര കുറഞ്ഞ കലോറി ലഭ്യതയുടെ കാരണം എന്തെന്നാണ്. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള പോഷകാഹാര ലഭ്യതയും മാറിവരുന്ന ഉപഭോഗ താല്‍പര്യങ്ങളും ഈ വ്യത്യാസത്തിന്റെ ഉത്തരവാദിയാണ്.

ക്ളേശകരമായ ഞാണിന്മേല്‍ക്കളി

എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ അതിശയകരമായവിധത്തില്‍ താഴ്ന്ന നിലയിലാണ് ദാരിദ്ര്യരേഖ നിശ്ചയിച്ചിരിക്കുന്നത്; 2004-05ല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇതനുസരിച്ചുള്ള പ്രതിമാസ വരുമാനം 356.30 രൂപയാണ് അഥവാ പ്രതിദിന വരുമാനം 12 രൂപയാണ്. എന്തിനേറെ, അസംഘടിത മേഖലയിലെ സംരംഭങ്ങളെ സംബന്ധിച്ച ദേശീയ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്, ഉപഭോക്തൃ ചെലവഴിക്കല്‍ ഡാറ്റ കണക്കിലെടുത്താല്‍ 78 ശതമാനം ഇന്ത്യക്കാരും പ്രതിദിനം 20 രൂപയോ അതില്‍ കുറഞ്ഞതോ ആയതുകകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണെന്നാണ്-ജനസംഖ്യയില്‍ നാലില്‍ മൂന്ന് ഭാഗംപേരും ദാരിദ്ര്യത്തില്‍ കഴിയുന്നതായി കണക്കാക്കാവുന്ന അത്ര ചെറിയ തുക.

ഈ അപാകതയ്ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണോ ടെണ്ടുല്‍ക്കര്‍ കമ്മിറ്റിക്ക് രൂപംനല്‍കിയത് എന്ന് വ്യക്തമല്ല; എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി സര്‍ക്കാര്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന, ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള ഏറ്റവും താഴ്ന്ന കണക്ക് ഈ കമ്മിറ്റി അതിന്റെ ആരംഭംതൊട്ടുതന്നെ കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ഈ കമ്മിറ്റി ദുഷ്കരമായ ഒരു ഞാണിന്മേല്‍കളിയാണ് നടത്തിയിരിക്കുന്നത്; കാരണം ഡാറ്റകളുടെ ഉറവിടങ്ങളും പരിഗണിക്കാവുന്ന മാര്‍ഗങ്ങളും തികച്ചും പരിമിതമായിരുന്നു. ഉപഭോക്തൃ ചെലവഴിക്കല്‍ സംബന്ധിച്ച എന്‍എസ്എസ് റിപ്പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന കലോറി ഉപഭോഗ കണക്കുകള്‍ അതേപടി ഉപയോഗിക്കുകയാണെങ്കില്‍ ചില സംസ്ഥാനങ്ങളുടെ കാര്യത്തിലെങ്കിലും ജനസംഖ്യയില്‍ ദരിദ്രരുടെ അനുപാതം കുത്തനെ ഉയരാന്‍ ഇടയുണ്ട്; ദരിദ്രരുടെ എണ്ണം അല്‍പമെങ്കിലും വര്‍ദ്ധിക്കുകയാണെങ്കില്‍ അതിന്റെ സാധ്യത ചോദ്യംചെയ്യാന്‍ ഇടയുള്ളവരില്‍നിന്നും അത് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തും. നേരെമറിച്ച്, 1973-74ലെ ദാരിദ്രരേഖയെ ആധാരമാക്കിയും പരമ്പരാഗതമായി ഉപയോഗിക്കുന്ന വില സൂചിക ഉപയോഗിച്ചുമാണ് കമ്മിറ്റി മതിപ്പ് കണക്കെടുക്കുന്നതെങ്കില്‍, അത് യാഥാര്‍ത്ഥ്യത്തിനു ഒരു വിധത്തിലും നിരക്കാത്തവിധം ദരിദ്രരുടെ എണ്ണം കുറഞ്ഞ നിലയില്‍ എത്തുന്നതിനിടയാക്കും.

ഈ പശ്ചാത്തലത്തില്‍ ഒരു മധ്യമാര്‍ഗം അവലംബിക്കുകയെന്ന ബുദ്ധിപൂര്‍വകമായ വഴിയാണ് കമ്മിറ്റി കണ്ടെത്തിയത്. നഗരപ്രദേശങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള നാമമാത്രമായ ദാരിദ്ര്യരേഖാ കണക്ക് അത് അതേപടി സ്വീകരിച്ചു. രണ്ട് കാരണങ്ങളാലാണിത്. ഒന്നാമത്തേത്, അത് ഒരാള്‍ ഏകദേശം 1775 കലോറി ഉപഭോഗം നടത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്; അത് നഗരങ്ങളെ സംബന്ധിച്ച് മാനദണ്ഡപ്രകാരമുള്ള 2100 കലോറിയെക്കാള്‍ വളരെ കുറവാണെങ്കിലും ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ)യുടെ മാനദണ്ഡപ്രകാരമുള്ള 1800 കലോറിയുമായി തൊട്ടടുത്ത് നില്‍ക്കുന്നുമുണ്ട്.

രണ്ടാമതായി, ഇതിനുപുറമെ നാമമാത്രമായ ഈ ദാരിദ്ര്യരേഖ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിവരുന്ന ന്യായമായ തോതിലുള്ള ചെലവുകൂടി പരിഗണിക്കുകയും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഉപഭോഗ വിഭാഗത്തെ സംബന്ധിച്ച നിര്‍വചനം കുറേക്കൂടി മികച്ചതാക്കുകയും ചെയ്യുന്നു.

നഗരപ്രദേശങ്ങള്‍ക്കായുള്ള 2004-05ലെ ഈ നാമമാത്ര ദാരിദ്ര്യരേഖയെ പ്രതിരോധിച്ചുകൊണ്ട് കമ്മിറ്റി ഈ നാമമാത്രമായ സംഖ്യയെ ഗ്രാമീണ ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗരേഖയായി ഉപയോഗിക്കുന്നു. ഗ്രാമപ്രദേശങ്ങള്‍ക്കായുള്ള ഈ സംഖ്യയ്ക്ക് സമാനമായ ഒരു ക്രയശേഷി തുല്യതയില്‍ എത്തിച്ചാണ് കമ്മിറ്റി ഇത് ചെയ്യുന്നത്; അഥവാ ഗ്രാമ-നഗര വില വ്യത്യാസങ്ങള്‍ പരിഗണിച്ചശേഷം ഗ്രാമപ്രദേശങ്ങളില്‍ ഉപഭോഗം ചെയ്യാവുന്ന അതേ അളവിന് ആവശ്യമായ നാമമാത്രമായ ചെലവ് കണക്കാക്കുന്നു. ഈ അഭ്യാസങ്ങളുടെ ആത്യന്തികഫലം 2004-05നുവേണ്ടി ഒരു പുതിയ ദാരിദ്ര്യരേഖയ്ക്ക് രൂപം നല്‍കലാണ്-പ്രതിശീര്‍ഷ പ്രതിമാസ ചെലവായി ഗ്രാമപ്രദേശങ്ങള്‍ക്ക് 446.68 രൂപയും നഗരപ്രദേശങ്ങള്‍ക്ക് 578.80 രൂപയും-അതിന്റെ അടിസ്ഥാനത്തില്‍ ദരിദ്രരുടെ എണ്ണത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു. നഗരപ്രദേശങ്ങളില്‍ 2004-05നെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമൊന്നും ഇല്ലെങ്കിലും ഗ്രാമങ്ങളിലെ 28.3 ശതമാനവുമായി തുലനം ചെയ്യുമ്പോള്‍ അതിലും ഉയര്‍ന്ന 41.8% ആയി നിശ്ചയിച്ചിരിക്കുന്നു.

സര്‍ക്കാര്‍ രേഖയ്ക്ക് തൊട്ടടുത്ത്

വലിപ്പത്തിന്റെ കാര്യത്തില്‍ ഈ കണക്കുകള്‍ കൂടുതല്‍ "യുക്തിസഹമായി'' തോന്നാം. എന്നാല്‍ വലിയ എതിര്‍പ്പൊന്നുമില്ലാതെ സര്‍ക്കാര്‍ ഇതംഗീകരിക്കുന്നുവെന്നതാണ് പരിശോധിക്കപ്പെടേണ്ടത്.

മതിപ്പ് കണക്കുണ്ടാക്കുന്നതിന് സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ വിഷയത്തിനും പുറത്താണ് ഇതിന്റെ മറുപടി എന്നാണ് തോന്നുന്നത്. ലോകരംഗത്തേക്ക് "വളര്‍ന്നുവരുന്ന''തായി കാണപ്പെടുന്ന ഇന്ത്യയില്‍ എത്രത്തോളം ആളുകളാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് എന്ന് വെളിപ്പെടുത്തുന്നതുകൊണ്ടു മാത്രമല്ല ദരിദ്രരെ സംബന്ധിച്ച കണക്കുകള്‍ ഇപ്പോള്‍ പ്രസക്തമാകുന്നത്. ഏറ്റവും രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കുമാത്രമായി "ടാര്‍ജെറ്റ്'' ചെയ്യപ്പെട്ടിട്ടുള്ള വിവിധതരം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായവര്‍ എത്രയെന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലും ഇത് പ്രസക്തമാകുന്നു. മിക്കവാറും എല്ലാ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളും സാമൂഹിക സംരക്ഷണ പദ്ധതികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) ആളുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ വിധത്തില്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് തുടരുകയാണെങ്കില്‍ ഈ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകേണ്ടവരെ സംബന്ധിച്ച് ന്യായമായ നിലയില്‍ കണക്കാക്കേണ്ടതാണ്. മുമ്പ് നിലനിന്നിരുന്ന ദരിദ്രരെ സംബന്ധിച്ച കണക്ക് അതനുസരിച്ചുള്ളതായിരുന്നില്ല. അതിനുംപുറമെ അനുയോജ്യമല്ലാത്തവിധത്തില്‍ ദരിദ്രരുടെ എണ്ണം നിശ്ചയിച്ചിരുന്നതിനാല്‍, ഇങ്ങനെ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നവരുടെ സംഖ്യ തീരെ കുറഞ്ഞിരിക്കുകയാണെങ്കില്‍, ഈ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സാമൂഹിക നീതി കൈവരിക്കാനാവില്ല. ഫലത്തില്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണ്ടെത്തിയ ആളുകളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തെക്കാള്‍ വളരെ ഉയര്‍ന്നതാണ്.

വാസ്തവത്തില്‍, ഗ്രാമവികസന മന്ത്രാലയത്തിനുവേണ്ടി മുന്‍ പ്ളാനിങ് കമ്മീഷന്‍ അംഗം എന്‍ സി സക്സേന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ജനസംഖ്യയില്‍ 50 ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നാണ്; എന്നാല്‍ ഈ കണക്കില്‍ എങ്ങനെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ഏകപക്ഷീയത പ്രത്യക്ഷത്തില്‍തന്നെ അമ്പരപ്പിക്കുന്നതാണ്. ധനപരമായി യാഥാസ്ഥിതിക നിലപാടുള്ള ഒരു സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയേക്കാവുന്ന, ടാര്‍ജറ്റഡ് പദ്ധതികള്‍ക്കുവേണ്ടിയുള്ള ബജറ്റ് ചെലവ് വകയിരുത്തല്‍ കൂടുതല്‍ ആവശ്യമായി തീര്‍ക്കുന്നവിധത്തില്‍ ദരിദ്രരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്.

അങ്ങനെ, ടാര്‍ജറ്റിങ്ങിന് സാധുത നല്‍കേണ്ടതിനാല്‍, മധ്യമാര്‍ഗത്തില്‍ ദരിദ്രരുടെ സംഖ്യ കണക്കാക്കുന്നതായിരിക്കും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യം. പ്രത്യേകിച്ച്, "2004-2005-ല്‍ അഖിലേന്ത്യാതലത്തില്‍ ഗ്രാമീണമേഖലയിലെ എണ്ണം കണക്കാക്കുന്നതിന് പുതിയ രീതിശാസ്ത്രം ഉപയോഗിക്കുന്നതിലൂടെ, 1993-94 നും 2004-05നും ഇടയ്ക്ക് ദരിദ്രരുടെ എണ്ണം പഴയ രീതിശാസ്ത്രം ഉപയോഗിച്ച് കണക്കാക്കിയപ്പോള്‍ ഉണ്ടായ കുറവില്‍നിന്ന് വലിയ മാറ്റം ഉണ്ടാകുന്നുമില്ല.'' ഇത് ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്നവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി സര്‍ക്കാരിന്റെയും ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെയും വീക്ഷണങ്ങള്‍ ഒത്തുചേരുകയും ചെയ്യുന്നു; ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു മേന്മയും പ്രതീക്ഷിക്കേണ്ടതുമില്ല.

*
സി പി ചന്ദ്രശേഖര്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാര്‍ ഇതേവരെ അവകാശപ്പെട്ടിരുന്നതിനെക്കാള്‍ വളരെ അധികമാണ് ദരിദ്രരുടെ എണ്ണം എന്നാണ് ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്ളാനിങ് കമ്മീഷന്‍ നിയോഗിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത് 37 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ദരിദ്രരായി കഴിയുകയാണ് എന്നാണ്.എന്നാല്‍ ഇതേവരെയുള്ള ഔദ്യോഗിക കണക്ക് ഇത് 27.5 ശതമാനം മാത്രമാണെന്നാണ്. ഈ പുതിയ കണക്ക് ദാരിദ്ര്യത്തെ സംബന്ധിച്ച് നെടുനാളായി നടക്കുന്ന ചര്‍ച്ചയെ പിന്നെയും കൊഴുപ്പിക്കുന്നതാണ്; അതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങള്‍ ഇനി കുറെക്കാലംകൂടി സുവ്യക്തമായിരിക്കും. എന്നാല്‍ പുതിയ കണക്കും ദാരിദ്ര്യ നിര്‍ണയത്തിനുള്ള പുതിയ രീതിയും അംഗീകരിച്ചതായി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സര്‍ക്കാരിന്, ഈ റിപ്പോര്‍ട്ടിനോട് വലിയ വിയോജിപ്പൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സ്വീകരിക്കപ്പെടാനാണ് എല്ലാവിധ സാധ്യതകളും ഉള്ളത്. അര്‍ത്ഥശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ തങ്ങള്‍ ഇതേവരെ പറഞ്ഞിരുന്ന ദാരിദ്ര്യം സംബന്ധിച്ച മതിപ്പ് കണക്ക് പുന:പരിശോധിക്കുന്ന കാര്യം പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരം എന്താണ് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രസക്തമായ ചോദ്യം-പ്രത്യേകിച്ചും, ഇപ്പോള്‍ നിലവിലുള്ള രീതിശാസ്ത്രത്തെ ആധാരമാക്കി കണക്കുകൂട്ടുമ്പോള്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതില്‍നിന്ന് ലഭിക്കാനിടയുള്ള പരമാവധി രാഷ്ട്രീയനേട്ടം കണക്കിലെടുക്കുമ്പോള്‍.