ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം - ഭാഗം ഒന്ന്
"ഇമ്മട്ടില്‍ മജ്ജയും മാംസവുമാര്‍ന്ന ഒരു മനഷ്യന്‍ ഈ ഭൂമുഖത്ത് നടന്നുപോയതായി വരുംതലമുറ വിശ്വസിക്കില്ലതന്നെ"
ഗാന്ധിജിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണവേളയില്‍ വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ നടത്തിയ പ്രതികരണം ആ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ഉജ്വലമായ വിശദീകരണമാണ്. ജീവിതംപോലെ പരിശുദ്ധമായ മഹാത്മാവിന്റെ പുഞ്ചിരി കവര്‍ന്ന ഘട്ടത്തിലെ വിയോഗത്തിന്റെ വേദനയ്ക്കപ്പുറം മനുഷ്യ നന്മയുടെ കുറേ സൂചനകളും ഐന്‍സ്റ്റീന്റെ വാക്കുകളില്‍ തുളുമ്പുന്നുണ്ട്. പകര്‍ത്തിവയ്ക്കാന്‍ അത്ര എളുപ്പമല്ലാത്ത മാതൃകകള്‍ അവശേഷിപ്പിച്ചുപോയ ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷകള്‍' ദരിദ്രരോടുള്ള ആഭിമുഖ്യത്താല്‍ നിബിഡമാണ്. സാധാരണ ഹിന്ദുസ്ഥാനിയുടെ പ്രയോഗം, ലളിതമായ വസ്ത്രധാരണം, തീവണ്ടികളില്‍ താഴ്ന്ന ക്ളാസിലെ യാത്ര- തുടങ്ങിയവയിലൂടെ അദ്ദേഹം അടിസ്ഥാനവര്‍ഗങ്ങളുടെ ഭാഷയിലേക്ക് സ്വയം പരിവര്‍ത്തിക്കുകയായിരുന്നു.
സത്യം, ധാര്‍മികത, നീതി, വിശ്വാസം തുടങ്ങിയ മണ്ഡലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സ്വയംസമര്‍പ്പണംതന്നെ നടത്തുകയുംചെയ്തു ഗാന്ധിജി. അത്തരം സംഭാവനകള്‍ മുന്‍നിര്‍ത്തിയും അദ്ദേഹത്തിന്റെ നിലപാടുകള്‍ വിമര്‍ശവിധേയമാക്കിയും ഒട്ടേറെ കൃതികളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിസാഹിത്യത്തിന്റെ വിപുലമായ സഞ്ചികയിലേക്ക് മലയാളത്തിന്റെയും കുറേ കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ 'ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്സെ' എന്ന പുസ്തകം അതില്‍ ശ്രദ്ധേയമായ ഒന്നാണ്.
ഗാന്ധിജിയെ അതിവൈകാരികമായി സമീപിച്ച് ഒരുതരം ദൈവികപരിവേഷം നല്‍കുന്ന പുസ്തകങ്ങള്‍ പല ഭാഷകളിലുമുണ്ടായിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ലോകവീക്ഷണങ്ങളിലെയും സമരരൂപങ്ങളിലെയും പരിമിതികള്‍ പറയാന്‍ മടിക്കാത്ത പഠനങ്ങളും ലഭ്യമാണ്. ടോള്‍സ്റ്റോയ്, ഹെന്റി തോറോ, എഡ്വേര്‍ഡ് കാര്‍പെന്റര്‍ തുടങ്ങിയവരുടെ സ്വാധീനങ്ങളും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രേരണകളും രൂപപ്പെടുത്തിയ വ്യക്തിത്വം വായിച്ചെടുത്ത നിരീക്ഷണങ്ങളും അവയില്‍ക്കാണാം. ആധുനിക ശാസ്ത്ര-സാങ്കേതിക കുതിപ്പുകളോട് അനുകമ്പയില്ലാത്തവിധം അകലംപുലര്‍ത്തുന്നതിലൂടെ മുതലാളിത്ത വികസനത്തെപ്പോലും തടഞ്ഞതായി അഭിപ്രായപ്പെട്ടവരുമുണ്ട്. ഗാന്ധിജിയുടെ സ്വദേശി, മതസൌഹാര്‍ദാഹ്വാനം, സ്വാശ്രയത്വം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ആഗ്രഹചിന്തകള്‍ക്കപ്പുറം വളര്‍ന്നില്ലെന്ന് ചിലര്‍ പരിതപിച്ചതും കാണാതിരുന്നുകൂടാ.
ആദര്‍ശാത്മകമായ ജീവിതസമസ്യയായി വിലയിരുത്തുന്ന ഒരു രീതിശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് റോയ് മഹാത്മാവിനെ പുനരാനയിക്കുന്നത്. അതിനദ്ദേഹം ഒരേ മുഖമുള്ള പുസ്തകങ്ങളെയും പഠനങ്ങളെയുമാണ് അവലംബിച്ചിട്ടുള്ളതും. ഗ്രന്ഥസൂചിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയുംചെയ്യും. പുതിയ കാലത്തിന്റെ നിരവധി ഭീഷണികള്‍ക്കുള്ള രാഷ്ട്രീയ സാന്ത്വനങ്ങളിലൊന്നായി ഗാന്ധിസത്തെ പുനഃസ്ഥാപിക്കുന്നതിലാണ് റോയിക്കു താല്‍പ്പര്യം. അതില്‍ അവ്യക്തതയില്ല. എന്നാല്‍, ഗാന്ധിജിയെ മനഃശാസ്ത്രപരമായി അടയാളപ്പെടുത്തുന്നതിലൂടെ ചരിത്രവസ്തുതകളെ അനാഥമാക്കുകയാണ് ഇവിടെ. "... മഹാത്മാഗാന്ധിയെ ഒട്ടും മനസ്സിലാക്കാന്‍ കഴിയാതെപോയ രണ്ടു മനുഷ്യര്‍ ചരിത്രത്തിന്റെ വഴിയിലൂടെ കടന്നുപോയി. ഗാന്ധിജിയുടെ പുത്രനായ ഹരിലാല്‍ ഗാന്ധിയും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയും. ഹരിലാല്‍ കണ്ടത് ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന പിതാവിനെമാത്രമാണ്. ഗോഡ്സെ കണ്ടതാവട്ടെ ഗുജറാത്തിലെ കത്യഹാറില്‍ ജനിച്ച ഒരു വൈശ്യഹിന്ദുവായ ഗാന്ധിയെയും. അവരുടെ കണ്ണിലുണ്ടായിരുന്നത് ഏറെ ബലഹീനതകളും പിഴവുകളുമുണ്ടായിരുന്ന ഗാന്ധി എന്ന പച്ചമനുഷ്യനാണ്...'' എന്ന വാദം ഭാഗികമായേ ശരിയാവുന്നുള്ളു. വ്യക്തികളുടെ കാഴ്ചകള്‍ നിശ്ചയിച്ചുറപ്പിക്കുന്ന രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പ്രേരണകള്‍ക്കുനേരെ ഗ്രന്ഥകാരന്‍ മൌനംനടിക്കുന്നത് ഒരു സമീപനത്തിന്റെ ബലഹീനതയായിട്ടുകൂടിയാണ് വിലയിരുത്തേണ്ടത്. ഗോഡ്സെയുടെ ഗാന്ധിനിരാകരണം വ്യക്തിമനസ്സിലെ വികര്‍ഷണഭാവമല്ല.
ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവിതം, ഒരു പിതാവിന്റെ മനോവ്യഥകള്‍, മരണത്തിനുമുമ്പുള്ള ഗാന്ധിസംഭാഷണം, ഗോഡ്സെ കടന്നുവന്ന വഴികള്‍. പ്രതിക്കൂട്ടിലെ നാഥുറാം ഗോഡ്സെ, വധത്തിനുപിന്നില്‍ എന്തെല്ലാമായിരുന്നു? ഗാന്ധിജിയോടുള്ള അടങ്ങാത്ത പക, എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും, വധശിക്ഷയുടെ ദിവസം, വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം, ഗാന്ധി കുടുംബവും ഘാതകനും, ഗാന്ധിവധത്തിനു പിന്നില്‍ എന്തായിരുന്നു, മതവും വിശ്വാസവും, എന്റെ ദൈവം എന്നിങ്ങനെയുള്ള അധ്യായ വിഭജനത്തിലൂടെയാണ് റോയ് തന്റെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ പതിനൊന്നാം അധ്യായമായ 'വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം' ഹിന്ദുത്വത്തിന് കുറ്റവിമുക്തി നല്‍കുന്ന അലസവിചാരങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു.
ഗാന്ധിജിയും ഗോഡ്സെയും ഹിന്ദുമതവിശ്വാസികളായിരുന്നു. ഇരുവരും ഗീത വായിച്ചിരുന്നു. എന്നാല്‍, അതിന്റെ സന്ദേശമുള്‍ക്കൊണ്ടത് വ്യത്യസ്തമായിട്ടായിരുന്നെന്നുമാത്രം. പരമ്പരാഗതമായ അര്‍ഥം തൃപ്തമാക്കിയ വിശ്വാസിതന്നെയായിരുന്നു ഗാന്ധിജി. കസ്തൂര്‍ബ ഗാന്ധിക്ക് അസുഖം പിടിപെട്ടപ്പോള്‍ മൃഗക്കൊഴുപ്പടങ്ങിയ പാനീയം നിര്‍ദേശിച്ച ഡോക്ടറോട് അദ്ദേഹം യോജിക്കുകപോലുമുണ്ടായില്ല. വൈക്കം സത്യഗ്രഹ കാലയളവില്‍ ശ്രീനാരായണഗുരുവുമായി ഗാന്ധിജി നടത്തിയ ചര്‍ച്ചയും ഇതോട് ചേര്‍ത്തുവയ്ക്കാം. ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ഗാന്ധി ചോദിച്ചത്, അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ എന്നായിരുന്നു. അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ: ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും എന്നാണ്. ഇത്രയും 'ശുദ്ധി' പുലര്‍ത്തിയ മഹാത്മാവ് നാഥുറാം വിനായക് ഗോഡ്സെയുടെ മനസ്സില്‍ അനഭിമതനായതെന്തുകൊണ്ട്? ഇവിടെയാണ് ഗാന്ധിജിയുടെ ഹിന്ദുചര്യയും ഗോഡ്സെയുടെ മതവും പരസ്പരം ഏറ്റുമുട്ടിയതിന്റെ പൊരുള്‍ ആഴത്തില്‍ തിരയേണ്ടത്. ഹിംസാത്മകമായ ഹിന്ദുത്വത്തിന് ഒരിക്കലും സ്വീകാര്യമാവുമായിരുന്നില്ല ഗാന്ധിജിയുടെ വിശാല ജനാധിപത്യ മതബോധം. ഈ വൈരുധ്യമാവണം ഗോഡ്സെയുടെ തോക്കില്‍ വെടിയുണ്ടയായി കയറിക്കൂടി ഗാന്ധിജിയുടെ നെഞ്ചകം പിളര്‍ത്തത്. രാമരാജ്യം എന്നതുകൊണ്ട് മഹാത്മാവ് അര്‍ഥമാക്കിയിരുന്നത് സാധാരണമനുഷ്യരുടെ ലോകയാഥാര്‍ഥ്യമാണ്. അടുക്കളക്കാരന്‍പോലും ഇടപെടുന്ന വ്യവസ്ഥയായി ജനാധിപത്യത്തെ കണ്ട ലെനിനെപ്പോലെ അദ്ദേഹം അവസാന പൌരനും ഇടമുള്ള ഭരണസംവിധാനമാണ് വിഭാവനംചെയ്തത്. എന്നാല്‍, ഹിന്ദു വര്‍ഗീയതയുടെ രാമരാജ്യം മനുഷ്യര്‍ക്ക് വാസയോഗ്യമല്ലാത്ത ദൈവിക ഇരിപ്പിടവും. ഇത്തരം കുറേ വസ്തുതകള്‍ക്കുനേരെ കണ്ണടയ്ക്കുന്ന റോയ് തുടര്‍ന്ന് എഴുതുന്നു: "...നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്രീയ സ്വയംസേവകനായിരുന്നോ? അല്ലെങ്കില്‍ ആര്‍എസ്എസിന് ഗാന്ധിജിയുടെ വധത്തില്‍ പങ്കുണ്ടായിരുന്നോ... അറുപതു വര്‍ഷത്തിനുശേഷവും ഇന്നത് വിവാദപ്രശ്നമായി തുടരുകയാണ്. ഇന്നും പ്രസംഗവേദികളില്‍നിന്ന് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന പ്രസ്താവന ഉയര്‍ന്നു കേള്‍ക്കാറുണ്ട്...'' ഇങ്ങനെയൊരു ആമുഖം വരാനിരിക്കുന്ന പെരും അപകടങ്ങളുടെ വാതില്‍ തള്ളിത്തുറന്നുകൊണ്ടാണ് വികസിക്കുന്നത്: "...നാഥുറാം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ഗാന്ധിവധത്തില്‍ ആ'പ്രസ്ഥാനത്തിനുള്ള പങ്കിനു തെളിവായി ഭരണകൂടവും മറ്റു നേതാക്കളും ഉയര്‍ത്തിക്കാട്ടി. ഒരുകാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന നാഥുറാം 1934ല്‍ അതിന് തീവ്രവാദസ്വഭാവമില്ലെന്ന കാരണത്താല്‍ ആ പ്രസ്ഥാനത്തോടു വിടപറഞ്ഞ് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നുവെന്ന് നാഥുറാംതന്നെ തന്റെ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന് അംഗത്വപ്പട്ടികപോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നാഥുറാമിന്റെ അംഗത്വക്കാര്യം തെളിയിക്കാനാവാത്ത ഒരു കാര്യം. എന്നു മാത്രമല്ല, ആര്‍എസ്എസുമായുള്ള നാഥുറാമിന്റെ ബന്ധം പതിന്നാലുവര്‍ഷംമുമ്പായിരുന്നു എന്നതുകൊണ്ടുതന്നെ ആര്‍എസ്എസിന്റെ പ്രേരണയായിരുന്നു അയാള്‍ക്കുണ്ടായിരുന്നതെന്ന വാദത്തെ ആര്‍എസ്എസിന്റെ നേതൃത്വം നിഷേധിച്ചുകൊണ്ടുമിരുന്നു...'' (പേജ് 81, 82) എന്ന ഭാഗം സാമാന്യബോധത്തിന്റെ മാനദണ്ഡംമാത്രംവച്ചുനോക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നിയേക്കാം. എന്നാല്‍, റോയ് സ്വീകരിച്ചതിനേക്കാള്‍ ഗൌരവമുള്ള സമീപനത്തിലൂടെയേ ഇക്കാര്യം വിലയിരുത്താനാവൂ.
സാങ്കേതികമായ അംഗത്വക്കാര്യംമാത്രം മാനദണ്ഡമാക്കിയാല്‍ പല ചരിത്രവസ്തുതകളും തെളിയാതെപോകും. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാംസ്റ്റൈന്‍സിനെയും രണ്ടു മക്കളെയും തീയിലവസാനിപ്പിച്ച ദാരാസിങ്. ശ്രീരാമസേന രൂപീകരിച്ച് സദാചാര പൊലീസുകാരനായ പ്രമോദ് മുത്തലിക്ക് തുടങ്ങിയവരും നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ സംഘടനകളില്ലാത്തവരാകും. ഇത്തരം അസഹിഷ്ണുതയുടെ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ കാവിപ്പടയുടെ തത്ത്വശാസ്ത്രമാണ് ഇന്ധനമായിട്ടുള്ളത്. വ്യക്തികള്‍ എന്നതിലുപരി അവരെല്ലാം ചില പ്രവണതകളാണ്.
1948 ജനുവരി 30നാണ് ഗാന്ധിജി വധിക്കപ്പെടുന്നതെങ്കിലും ആ രാഷ്ട്രദുരന്തത്തിന് എത്രയോ മുമ്പ് അരങ്ങൊരുക്കപ്പെട്ടുകഴിഞ്ഞിരുന്നു. ജനുവരി 20ന് മദന്‍ലാല്‍ പഹ്വയെന്ന ഇരുപത്തഞ്ചുകാരന്‍ മഹാത്മാഗാന്ധിയെ ലക്ഷ്യമാക്കി പ്രാകൃതമായ ഒരു ബോംബെറിഞ്ഞിരുന്നുവെന്നതും പ്രധാനം. ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാവേളയിലായിരുന്നു പഹ്വയുടെ മിന്നലാക്രമണം. ഗാന്ധിജി ഇരുന്നിടത്തുനിന്ന് 75 അടി അകലെ ബോംബ് പൊട്ടി. ഒരു കിറുക്കന്‍ യുവാവിന്റെ അലക്ഷ്യപ്രവൃത്തിയായേ അന്ന് ഇന്ത്യ അതിനെ കണ്ടിരുന്നുള്ളു. ആ സമയത്ത് നാഥുറാം സംഭവസ്ഥലത്തുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന മറ്റുചില റിപ്പോര്‍ട്ടുകളുമുണ്ടായി. ജനുവരി 30ന് നാഥുറാം ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കുന്നതിന് രണ്ടുമണിക്കൂര്‍മുമ്പ് ഗാന്ധിജി വധിക്കപ്പെട്ടതായി വിവരിക്കുന്ന ലഘുലേഖകള്‍ വിതരണംചെയ്യുകപോലുമുണ്ടായി എന്നത് നിസ്സാരമല്ല. ഗാന്ധിവധത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പുണെ, ജയ്പുര്‍, ഗ്വാളിയോര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്തത് ക്രൂരവുമായിരുന്നു. (ഐ കെ ശുക്ള എഴുതിയ 'ആര്‍എസ്എസ് ആന്‍ഡ് ഗാന്ധീസ് അസാസിനേഷന്‍' കാണുക) ഗാന്ധിവധത്തിനുശേഷം ഏതോ വിജയഗാഥ കേള്‍ക്കാനെന്നവണ്ണം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റേഡിയേകള്‍ തുറന്നുവയ്ക്കുകപോലുമുണ്ടായി.
ഹിന്ദു-മുസ്ളിം സൌഹാര്‍ദം, ഹരിജനോദ്ധാരണം, അഹിംസ, അയിത്തേച്ചാടനം, സാമ്രാജ്യത്വവിരുദ്ധ മനോഭാവം തുടങ്ങിയ ഗാന്ധിജിയുടെ ജീവിതവീക്ഷണങ്ങള്‍ക്കെതിരായ ആര്‍എസ്എസിന്റെ അസഹിഷ്ണുത 1948 ജനുവരി 30ന് അതിരുവിടുകയായിരുന്നു. ഗാന്ധിജിയെ വധിക്കാന്‍ പ്രേരണയായതെന്താണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്: "അര്‍ധസൈനിക വര്‍ഗീയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഈ ഫാസിസ്റ്റ് സംഘടന മഹാരാഷ്ട്രയില്‍നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. അതിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. ഹിന്ദുരാജ്യം സ്ഥാപിക്കുകയാണവരുടെ ലക്ഷ്യം. മുസ്ളിങ്ങളെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കുകയെന്ന മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചത്. സ്വാതന്ത്രലബ്ധിയുടെ കാലത്ത് പാകിസ്ഥാനില്‍നിന്ന് സിഖുകാരും ഹിന്ദുക്കളും ഒഴിപ്പിക്കപ്പെടുന്നതുവരെ അവര്‍ കാത്തിരുന്നു. പാകിസ്ഥാനില്‍ നടക്കുന്നതിനെല്ലാം ഇവിടത്തെ മുസ്ളിങ്ങളെ ആക്രമിച്ച് പകരംവീട്ടുമെന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്. അത്തരമൊരു ദുരന്തത്തിനു സാക്ഷിയായി ജീവനോടെയിരിക്കില്ലെന്ന് ഗാന്ധിജി ദൃഢനിശ്ചയംചെയ്തിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ മുസ്ളിങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. അവര്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായാല്‍ ഭാവിയില്‍ അവര്‍ക്കെങ്ങനെയാണ് തുല്യപൌരന്മാരായി ജീവിക്കാനാവുക? അവരോട് മറക്കാനും പൊറുക്കാനും തെറ്റുതിരുത്താനും ആവശ്യപ്പെടണമെങ്കില്‍ ഭൂരിപക്ഷസമുദായം ക്ഷമിക്കാനും മറക്കാനും അവരെ സംരക്ഷിക്കാനും തയ്യാറാവണം എന്നതായിരുന്നു ഗാന്ധിജിയുടെ സമീപനം.
മുസ്ളിങ്ങള്‍ക്കുമേല്‍ അനാവശ്യ നിബന്ധനകളും അതിക്രമത്തിന്റെ ഭാഷയും അടിച്ചേല്‍പ്പിക്കുന്ന രീതികളോട് ഗാന്ധിജിക്ക് തെല്ലും യോജിക്കാനായില്ല. അന്യമതങ്ങളെ സ്നേഹിക്കുകകൂടിയാണ് ഹിന്ദുധര്‍മമെന്നു വിശ്വസിച്ചു. അതിന്റെ ഉജ്വല ജീവിതമാതൃകകളും അദ്ദേഹത്തില്‍നിന്നുണ്ടായി. "മുസ്ളിങ്ങളുടെ സുഹൃത്തെന്ന മട്ടില്‍ പെരുമാറിക്കൊണ്ട് ഞാന്‍ ഹിന്ദുക്കളുടെ താല്‍പ്പര്യം അവഗണിക്കുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ കത്തുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. മുസ്ളിങ്ങളുടെ സൌഹൃദം നേടുന്നതിനു ശ്രമിച്ചതുകൊണ്ട് ഞാന്‍ കുറച്ചുകൂടി നല്ലഹിന്ദുവായിത്തീര്‍ന്നിട്ടുണ്ടെന്നും ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും താല്‍പ്പര്യത്തിനുവേണ്ടി ജീവിക്കുന്നുവെന്നും ശരിക്കും വ്യക്തമാക്കുന്നതിന് എന്റെ അറുപതുകൊല്ലത്തെ പൊതുജീവിതത്തിനു കഴിഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ എങ്ങനെ വെറുംവാക്കുകൊണ്ട് അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും''(ഹരിജന്‍, 1947 മെയ് 11) എന്ന ഗാന്ധിജിയുടെ ചോദ്യം പ്രധാനമാണ്.
താന്‍ ഉയര്‍ത്തിപ്പിടിച്ച സൌഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ആദര്‍ശങ്ങള്‍ ചേരികളിലൂം നഗരപ്രാന്തങ്ങളിലും ഗാന്ധിജി ഭയലേശമെന്യേ എത്തിച്ചു. കറകളഞ്ഞ ഈ സ്നേഹമന്ത്രങ്ങള്‍ ഒരുവേള മുസ്ളിങ്ങള്‍പോലും തെറ്റിദ്ധരിച്ചു. 1947 ജനുവരിയില്‍ മുസ്ളിങ്ങളില്‍ ചിലര്‍ ആ സത്യാന്വേഷിക്കുനേരെ ചീഞ്ഞവസ്തുക്കള്‍ വലിച്ചെറിഞ്ഞത് അത്രവേഗം മറന്നുകൂടാത്തതാണ്. "നിങ്ങളുടെ വിളികേള്‍ക്കാന്‍, അതു ശ്രദ്ധിക്കാന്‍, ആരുമില്ലെങ്കിലും ഏകനായി മുന്നോട്ടുപോകൂ'' എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ചുണ്ടില്‍ നിറച്ച് ഗാന്ധിജി പന്‍വലിയാതെനിന്നു. വിഭജനത്തിന്റെ ആരവമടങ്ങുംമുമ്പ് പഞ്ചാബില്‍ കലാപം കുരുതിക്കളം തീര്‍ത്തു. "എനിക്ക് ഇത് എന്റെ ജീവിതംകൊണ്ടു നേരിടണം. മുസ്ളിങ്ങള്‍ ഇന്ത്യന്‍തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല'' എന്ന ദൃഢനിശ്ചയത്തോടെ അതിക്രമത്തിനെതിരെ നിലയുറപ്പിച്ചവരില്‍ ഏറ്റവും മുന്നില്‍ ഗാന്ധിജി തന്നെയായിരുന്നു. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല. അത്തരം ഭ്രാന്തന്‍വിശ്വാസങ്ങളുടെമേല്‍ അങ്ങനെ എന്റെ വിശ്വാസത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഞാന്‍ ഒരുക്കമല്ല'' (യങ് ഇന്ത്യ, 1924 ആഗസ്ത് 28) എന്ന ഗാന്ധിജിയുടെ സമീപനവും "മുസ്ളിംസ്ത്രീകളെ ബലാല്‍സംഗംചെയ്തുകൊല്ലാന്‍ ശിവജി കല്‍പ്പിക്കാതിരുന്നതു തെറ്റായി. മുസ്ളിംശത്രുജനസംഖ്യ കുറയ്ക്കാന്‍ അത് സഹായകവുമായിരുന്നു'' (വി ഡി സവര്‍കര്‍) എന്ന സഘപരിവാര കാഴ്ചപ്പാടും ഒത്തുപോകുന്നതെങ്ങനെ?.
(തുടരും)
എന്തിനീ കുറ്റവിമുക്തി - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം ഭാഗം 2
*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Subscribe to:
Post Comments (Atom)
4 comments:
ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവിതം, ഒരു പിതാവിന്റെ മനോവ്യഥകള്‍, മരണത്തിനുമുമ്പുള്ള ഗാന്ധിസംഭാഷണം, ഗോഡ്സെ കടന്നുവന്ന വഴികള്‍. പ്രതിക്കൂട്ടിലെ നാഥുറാം ഗോഡ്സെ, വധത്തിനുപിന്നില്‍ എന്തെല്ലാമായിരുന്നു? ഗാന്ധിജിയോടുള്ള അടങ്ങാത്ത പക, എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും, വധശിക്ഷയുടെ ദിവസം, വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം, ഗാന്ധി കുടുംബവും ഘാതകനും, ഗാന്ധിവധത്തിനു പിന്നില്‍ എന്തായിരുന്നു, മതവും വിശ്വാസവും, എന്റെ ദൈവം എന്നിങ്ങനെയുള്ള അധ്യായ വിഭജനത്തിലൂടെയാണ് റോയ് തന്റെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ പതിനൊന്നാം അധ്യായമായ 'വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം' ഹിന്ദുത്വത്തിന് കുറ്റവിമുക്തി നല്‍കുന്ന അലസവിചാരങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു.
>>>> നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്രീയ സ്വയംസേവകനായിരുന്നോ? അല്ലെങ്കില്‍ ആര്‍എസ്എസിന് ഗാന്ധിജിയുടെ വധത്തില്‍ പങ്കുണ്ടായിരുന്നോ... അറുപതു വര്‍ഷത്തിനുശേഷവും ഇന്നത് വിവാദപ്രശ്നമായി തുടരുകയാണ് <<<
അതൊരു ഒട്ടും വിവദമായിക്കൂടാത്ത പ്രശ്നമാണു... കൂടുതല്‍ തെളിവുകള്‍ ഇവിടെ ...
ഗാന്ധി വധം : RSS -ന്‍റെ പങ്ക്
സഖാവേ ...
“ ഇതല്ലേ നമ്മുടെ വാര്‍ദ്ധയിലെ കള്ള സന്യാസി “ (അങ്ങനെ ഗാന്ധിജിയെ വിളിച്ചതും ഒക്കെ ഓര്‍ക്കുന്നുണ്ടോ . എന്തായാലും പ്രായഛിത്തം ആകട്ടെ ഇതൊക്കെ )
എന്നാലും കെ എം റോയ് ആ പതിനൊന്നാം അധ്യായം ഇങ്ങനെ വേണ്ടിയിരുന്നില്ല .. നമ്മള്‍ പറഞ്ഞു തരുമായിരുന്നല്ലോ .. എങ്ങനെ എഴുതണം എന്ന് .. ശ്ശെ
സഗാവേ,കള്ള സന്യാസീന്നു വിളിച്ചു എന്നിട്ട് ഇപ്പൊ സ്നേഹം കാണിക്കുന്നു, എന്നല്ലേ ഉള്ളൂ. (മറ്റേ പുറത്തു, മദനിയെയും,ഗാന്ധിജിയെയും മൌലിക വാദികള്‍ എന്നുപറഞ്ഞു എന്നും ഒരേ തട്ടില്‍ അടുത്തകാലത്ത് കണ്ടു എന്നും,ഉള്ള കണ്ടെത്തലും ഉണ്ട് കേട്ടാ )
പക്ഷെ കാക്കിനിക്കര് ഇട്ടു ലോഹപുരുഷനായി
ഇപ്പോഴും നടക്കുന്ന ആ അട്വാഞ്ഞി എന്നാ പറഞ്ഞെ ? ജിന്ന മതേതര വാദിന്നാ, അതും കറാച്ചിയിലും ലാഹോറിലും പോയി സര്ട്ടിപ്ലിക്കട്ടു കൊടുത്തതല്ലേ. ആ നിലവാരമുള്ള എന്തെങ്കിലും "പുതിയ' വര്‍ത്താനം പറയ് സഗാവേ...ഈ സഗാക്കന്മാര് തീരെ പോരാ.
Post a Comment