Monday, January 11, 2010

തേന്മഴയുടെ സാഗരം

നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവന്ന അഭൌമ സ്വരരാഗസുധയുടെ ഉടമ, കേരളീയരുടെ സ്വകാര്യ അഹങ്കാരമായ യേശുദാസിന് എഴുപതു തികഞ്ഞു.

തേന്മഴയായും സ്വഛന്ദമായൊഴുകുന്ന പുഴയായും സ്വരരാഗഗംഗാപ്രവാഹമായും മലയാളികളുടെ മനസ്സിന്റെ അകതാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, കാലം ഗാനഗന്ധര്‍വനെന്നു വിശേഷിപ്പിച്ച അനുപമ ഗാനനിര്‍ഝരി.

ഫോര്‍ട്ട്കൊച്ചിയിലെ തോപ്പുംപടിയില്‍ 1940 ജനുവരി പത്തിന് ജനനം. സംഗീതജ്ഞനും നടനുമായ കാട്ടാശേരില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകന്‍.

ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തോടുള്ള മകന്റെ കമ്പം കണ്ടെത്തിയ അഗസ്റ്റിന്‍ ജോസഫ് തന്നെയായിരുന്നു ആദ്യ ഗുരു. കര്‍ണാടകസംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഞ്ചാംവയസ്സില്‍ ഹൃദിസ്ഥമാക്കി. കുഞ്ഞന്‍വേലു ആശാന്‍, ജോസഫ്, കുത്തിയതോട് ശിവരാമന്‍നായര്‍, പള്ളുരുത്തി രാമന്‍ ഭാഗവതര്‍ തുടങ്ങിയ ഗുരുക്കന്മാരെ മറക്കാനാവില്ല.

ജീവിതപ്രാരബ്‌ധങ്ങളോടു മല്ലിട്ട് ബാല്യവും കൌമാരവും യൌവനത്തിന്റെ ആദ്യകാലവും തരണംചെയ്ത് പ്രശസ്തിയുടെ ശൃംഗങ്ങള്‍ കീഴടക്കാന്‍ യേശുദാസിനു സാധിച്ചു.

പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായശേഷം തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ ഗാനഭൂഷണം പാസായി; 1969ല്‍ ഒന്നാം റാങ്കോടെ. തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലും പഠിച്ചു. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ പ്രത്യേക സംഗീതപഠനവും.

1960ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത അക്കാദമിയില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത്. ശ്രീനാരായണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നമ്പ്യാത്ത് നിര്‍മിച്ച ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ചിത്രത്തില്‍ പാടി. പ്രശസ്‌ത ഗായകന്‍ വൈക്കം ചന്ദ്രനും ചലച്ചിത്രസംവിധായകന്‍ കെ എസ് ആന്റണിയും യേശുദാസിനെ ഹോസ്റ്റല്‍മുറിയിലെത്തി കണ്ടാണ് ഈ ഓഫര്‍ സമ്മാനിച്ചത്. 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനുവേണ്ടി പുതിയശബ്ദം തേടുകയായിരുന്നു അവര്‍.

പിന്നീട് ചിത്രത്തിന്റെ സംഗീതസംവിധായകനായ എം ബി ശ്രീനിവാസനെ തൃശൂര്‍ പീച്ചിയിലെ ഗസ്റ്റ്ഹൌസില്‍ കാണുകയും രണ്ടു പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുകയുംചെയ്തു. ശ്രീനിവാസന് യേശുദാസിന്റെ ശബ്‌ദസൌകുമാര്യം നന്നേ പിടിച്ചു. മാസങ്ങള്‍ കടന്നുപോയി. മദ്രാസില്‍നിന്നൊരു ടെലിഗ്രാം. സിനിമയില്‍ പാടാനുള്ള അവസരം സഫലമാകാന്‍ പോകുന്നു. അപ്പോള്‍ അഗസ്റ്റിന്‍ ജോസഫ് രോഗശയ്യയിലായിരുന്നു. വണ്ടിക്കൂലിക്കുള്ള കാശുപോലുമില്ല. എറണാകുളത്തുനിന്ന് മദിരാശിയിലേക്ക് ട്രെയിന്‍ ടിക്കറ്റിന് 18 രൂപ വേണം. അമ്മച്ചിയോടു പറഞ്ഞു. വീട്ടുചെലവിനുവച്ചിരുന്ന നാലുരൂപ കൊടുത്തു. കൂട്ടുകാരനായ ടാൿസി ഡ്രൈവര്‍ മത്തായി കടംവാങ്ങി നല്‍കിയ 30 രൂപയുമായി മദിരാശിക്ക്.

അവിടെ എത്തിയപ്പോഴാണറിയുന്നത് റിക്കോഡിങ്ങിന് രണ്ടുമാസംകൂടി താമസമുണ്ടെന്ന്. തോപ്പുംപടിയിലേക്കു പോയി മടങ്ങിവരാന്‍ പണമില്ലായിരുന്നു. മദ്രാസില്‍ത്തന്നെ തങ്ങി. മദ്രാസില്‍ അമ്മാവന്റെ വീട്. അവിടെ കൂടാന്‍ തീരുമാനിച്ചു. വിവരത്തിന് വീട്ടിലേക്ക് കത്തെഴുതി. അമ്മാവന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാനും സമയം ചെലവഴിക്കാനും നഗരത്തിലൂടെ അലഞ്ഞു. വിശപ്പും ദാഹവും പിടിച്ചുലച്ച ദിനരാത്രങ്ങള്‍. പൈപ്പുവെള്ളം കുടിച്ചു വിശപ്പും ദാഹവും അടക്കിയ പകലുകള്‍. മരത്തണലിലും പാര്‍ക്കിലെ ബെഞ്ചിലും തളര്‍ന്നുകിടന്നു. ഒടുവില്‍ ടൈഫോയ്‌ഡ് പിടിപെട്ടു. അവസരം നഷ്ടമാവുമോ. 1961 നവംബര്‍ 14. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ റിക്കോഡിങ് എന്‍ജിനീയര്‍ കോടീശ്വരറാവു, 'കാല്‍പ്പാടുകളു'ടെ സംവിധായകന്‍ കെ എസ് ആന്റണി, നിര്‍മാതാവ് നമ്പ്യാത്ത്, ഗായകന്‍ ഉദയഭാനു, നടന്‍ പ്രേംനവാസ് എന്നിവര്‍. റിക്കോഡിങ്റൂമിലേക്കു കടന്നു. ജീവിതത്തിലാദ്യമായി മൈക്രോഫോണ്‍ മുന്നില്‍ കാണുകയാണ്. പാടി:

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്

പിന്നീട് അവസരം ലഭിച്ചത് 'ശാന്തിനിവാസ് ' എന്ന ചിത്രത്തിലായിരുന്നു. അതിലെ ഗാനങ്ങള്‍ റിക്കോഡ് ചെയ്ത എന്‍ജിനീയര്‍ യേശുദാസിന്റെ ശബ്‌ദം നല്ലതല്ലെന്നു പറഞ്ഞു. ഏറെ വേദനിപ്പിച്ച നിമിഷം.

ആ ശബ്‌ദം പ്രക്ഷേപണയോഗ്യമല്ലെന്ന് ആകാശവാണിയും ഒരിക്കല്‍ വിധിയെഴുതിയതാണ്.

വേലുത്തമ്പി ദളവ, പാലാട്ടു കോമന്‍, കണ്ണും കരളും, വിധി എന്നീ ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചു. 'ഭാര്‍ഗവീനിലയ'ത്തിലെ 'താമസമെന്തേ വരുവാന്‍...' എന്ന ഗാനം ഹിറ്റായി.

'നിത്യകന്യക'യിലെ 'കണ്ണുനീര്‍മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍..' എന്ന ഗാനം അഗസ്റ്റിന്‍ ജോസഫ് കട്ടിലില്‍ അവശനിലയില്‍ കിടന്നുകൊണ്ട് അയല്‍വീട്ടിലെ റേഡിയോയിലൂടെയാണ് കേട്ടത്. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. 1972ല്‍ 'അച്ഛനും ബാപ്പ'യും എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്ന ഗാനത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് ഗായത്രി, ചിറ്റ്ചോര്‍ (ഹിന്ദി), മേഘസന്ദേശം (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അംഗീകാരം. പതിന്നാലുതവണ സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതി.

കാലം കാതോര്‍ത്തിരുന്ന അപൂര്‍വസിദ്ധിയുള്ള ഇതിഹാസഗായകനെ 1973ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ബോംബെയില്‍ 'സംഗീതരാജ' ബഹുമതി നല്‍കി.

*****

ബേബി ജോര്‍ജ് രാജാക്കാട്, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവന്ന അഭൌമ സ്വരരാഗസുധയുടെ ഉടമ, കേരളീയരുടെ സ്വകാര്യ അഹങ്കാരമായ യേശുദാസിന് എഴുപതു തികഞ്ഞു.

തേന്മഴയായും സ്വഛന്ദമായൊഴുകുന്ന പുഴയായും സ്വരരാഗഗംഗാപ്രവാഹമായും മലയാളികളുടെ മനസ്സിന്റെ അകതാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, കാലം ഗാനഗന്ധര്‍വനെന്നു വിശേഷിപ്പിച്ച അനുപമ ഗാനനിര്‍ഝരി.