Monday, January 4, 2010

പാസ്റ്ററല്‍ എലിജി

ഇടയഗാനശാഖ സാഹിത്യത്തിലെ പ്രമുഖമായ ഒരു പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. കാല്‍പ്പനിക കവികളെ അതെത്രമാത്രം സ്വാധീനിച്ചിട്ടില്ല ! നിങ്ങള്‍ക്കറിയാമല്ലോ, മലയാളത്തിലെ രമണന്‍ ഈ ശാഖയില്‍ ചൂണ്ടിക്കാണിക്കുവാന്‍ പോന്ന പ്രധാനകൃതിയാണ്. കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ...”

ഡോൿടര്‍ അനില്‍ മാത്യു ക്ളാസില്‍ തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളെ നോക്കി ശ്വാസം കഴിക്കാന്‍ പോലും മിനക്കെടാതെ വാഗ്ധോരണിയുതിര്‍ക്കുകയാണ്. പി.ജി.ക്കു റാങ്കും എം.ഫില്‍, പി.എച്ച്.ഡി മേമ്പൊടികളുടെ അകമ്പടിയുമുണ്ടെങ്കിലും ആറേഴുവര്‍ഷമായി ഗസ്‌റ്റ് തന്നെ. കുടുംബം പോറ്റാന്‍ അതു മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നാല്‍ മതിയായിരുന്നു. ചില ചലച്ചിത്രങ്ങളില്‍ സൂപ്പർ സ്‌റ്റാറുകള്‍ രണ്ടുമൂന്നു സീനില്‍ ഗസ്‌റ്റ് ആര്‍ട്ടിസ്റായി മുഖം കാട്ടി പടത്തിനു താരമൂല്യം വര്‍ദ്ധിപ്പിച്ച കാലത്തെക്കുറിച്ച് അനില്‍ മാത്യുവിന് ഓര്‍മയുണ്ട്. സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ അങ്ങനെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ കാണാന്‍ കൊട്ടകയില്‍ ഉന്തും തള്ളും ആയിരുന്നു. അതൊക്കെ ഒരു കാലം! ഇന്നിപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത് ഗസ്‌റ്റുകള്‍ തന്നെ. വില തുച്ഛം ഗുണം മെച്ചമെന്ന പഴയകാലപരസ്യവും അനില്‍ ഓര്‍ത്തു.

ഗസ്‌റ്റുകളെ തുച്ഛമായ വിലക്കെടുത്ത് സ്ഥാപനത്തിന് ഗുണമുണ്ടാക്കുന്ന ഏര്‍പ്പാട് ! മനസ്സ് ഫ്ളാഷ് ബാക്കിലൂടെ സഞ്ചരിക്കുമ്പോഴും (കുമാരനാശാന്റെ ഭാഷയില്‍ കുമാര്‍ഗത്തിലൂടെ) മുന്‍ചൊന്ന സാഹിത്യശാഖയെ വലംവെച്ചുളള വാഗ്ധോരണിക്കു ശമനമുണ്ടായിട്ടില്ല.

മൂന്നാം നിരയിലിരിക്കുന്ന മ്യൂസ് മേരിയുടെ കണ്ണ് തന്റെ മുഖത്താണെങ്കിലും മനസ്സ് മറ്റേതോ കുമാര്‍ഗ്ഗത്തിലാണെന്ന് ഗസ്‌റ്റ് ഡോൿടര്‍ക്കു ബോധ്യമായി. മ്യൂസ്‌മേരി ‘അറ്റ്ലീസ്‌റ്റ് മലയാളം’ ലിസ്‌റ്റില്‍ കയറിപ്പറ്റിയ കുട്ടിയല്ല. ‘അറ്റ്ലീസ്‌റ്റ് ’മലയാളത്തിനും വേണമൊരു ഫ്ളാഷ്‌ബാക്ക്. ഡോൿടറുടെ മോണിറ്ററില്‍ ‘വിക്കിപീഡിയ’ തെളിഞ്ഞു. അറ്റ്ലീസ്‌റ്റ് മലയാളം എന്ന ’ഐക്കണില്‍’ മൌസ് തൊട്ട് വിരല്‍ അമര്‍ത്തി. ക്ളിക്ക് !

അറ്റ്ലീസ്റ് മലയാളം എന്ന പ്രയോഗം മുന്‍പ് ഒ.എന്‍.വി ക്ളാസില്‍ പറഞ്ഞതാണ്. കോളേജ് പ്രവേശനത്തിനായി ഫോറം പൂരിപ്പിച്ച ഒരു വിദ്യാര്‍ത്ഥി, ഫിസിക്സ്, കെമിസ്‌ട്രി, സുവോളജി ഇവ മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തിയിട്ട് അവസാനം എഴുതിപോല്‍: അറ്റ്ലീസ്റ്റ് മലയാളം. അടിയാള ഭാഷ കെടച്ചാലും നോം സംപ്രീതന്‍. പക്ഷേ, മ്യൂസ്‌മേരി മലയാളം ഒന്നാമതായി തെരഞ്ഞെടുത്ത് വന്ന കുട്ടിയാണ്. നല്ല വായനയുണ്ട്, ഭാഷാശൈലി ബഹുകേമം. ബിരുദം കഴിഞ്ഞാല്‍ എം.എ, പി.എച്ച്.ഡി അങ്ങനെയങ്ങനെ...

“മ്യൂസ്‌മേരി-”മേശയില്‍ തട്ടുന്നതോടൊപ്പം അനില്‍ മാത്യശബ്ദമുയര്‍ത്തി.

ക്ളാസ് ഒന്നടങ്കം ശബ്ദമടക്കി. അറുപതും പിന്നെ രണ്ടും കണ്ണുകള്‍ തന്റെ ചുവന്ന കവിളുകളിലാണ് പറ്റിയിരിക്കുന്നതെന്നോര്‍ത്ത് മേരി വീണ്ടും ചുവന്നു.

‘‘യെസ്, സ്റ്റാന്‍ഡ് അപ്, ടെല്‍ മിസ് മ്യൂസ് മേരി, വാട്സ് യുവര്‍ പ്രോബ്ളം?”

മലയാളത്തിലാണ് ഡോൿടറേറ്റെങ്കിലും സായ്‌പിന്റെ വാണിയും തനിക്ക് ഇണങ്ങുമെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനുള്ള ഒരവസരം പോലും ഡോൿടര്‍ ഗസ്‌റ്റ് പാഴാക്കാറില്ല. താനൊരു കൂപമണ്ഡൂകമല്ല. ഏ.ആര്‍ രാജരാജവര്‍മ്മയുടെ കാലത്ത് മലയാളം പഠിപ്പിക്കുന്നവരെ ‘ശീലാവതി മലയാളം’ എന്നാണല്ലോ പരിഹസിച്ചിരുന്നത്. അവര്‍ക്കന്ന് എല്ലാ അധ്യാപകരേക്കാളും ശമ്പളം കുറവ്. കോളേജില്‍ ഇരിക്കാന്‍ കസേര പോലും ഉണ്ടായിരുന്നില്ലെന്നാണു കേള്‍വി. ഇപ്പോഴത്തെ മലയാളം അധ്യാപകര്‍ ഇംഗ്ളീഷില്‍ നല്ല പിടിപ്പുള്ളവരാണെന്നു മറ്റുള്ളവര്‍ ധരിക്കട്ടെ. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ഗസ്റ്റുകളായെത്തുന്ന ടൂറിസ്‌റ്റുകളെക്കാള്‍ നല്ല ഇംഗ്ളീഷ് ഈ ഗസ്‌റ്റിനുണ്ടെന്നൊരു ഹുങ്കും ടിയാന് ഇല്ലാതില്ല. ഈസ്‌റ്റിന്ത്യ കമ്പനിക്കാര്‍ നാടുമുടിച്ചെങ്കിലെന്ത്, അവരുടെ മോന്ത നോക്കി അവരുടെ മൊഴിയില്‍ത്തന്നെ നാല് പേച്ച് കാച്ചാന്‍ എല്ലുറപ്പുണ്ടായില്ലേ? ഡോൿടറുടെ ഭാഷാവിചാരങ്ങളെ നിര്‍ദാക്ഷിണ്യം ചവിട്ടിമെതിച്ച് നിവര്‍ന്നു നിന്നുകൊണ്ട് മ്യൂസ് മേരി പറഞ്ഞു:

‘‘സാര്‍ എനിക്കൊരു സംശയം”

ആരാലിവള്‍തന്‍ സംശയം - തേടിവന്ന കവിതാഭൂതത്തെപണിപ്പെട്ട് കുടത്തിലാക്കി ഡോൿടര്‍ ഒരേറ്. ശബ്‌ദം മയപ്പെടുത്തി ചോദിച്ചു:

“സംശയം?” ഭൂതം കുടത്തിന്റെ മൂടി തുറക്കുമോ എന്നു സംശയം തോന്നിയപ്പോള്‍ ചോദ്യം ആവര്‍ത്തിച്ചു.

“എന്താ തന്റെ സംശയം, പറഞ്ഞോളൂ”

“ഇടയഗാനങ്ങളെക്കുറിച്ച് സാര്‍ പറഞ്ഞല്ലോ”

അതെയതെ ആംഗലസാഹിത്യം പഠിക്കുന്നവര്‍ പാസ്‌റ്ററല്‍ എലിജിയെക്കുറിച്ച് വളരെ വിശദമായി പഠിക്കും. നമ്മുടെ നാട്ടില്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ കുറവ്, ആട്ടിന്‍ പറ്റങ്ങള്‍ അത്രയൊന്നുമില്ല. അതുകൊണ്ടിവിടെ മേഷപാലകഗാനങ്ങള്‍ വലിയ പ്രസ്ഥാനമായില്ല. ഇവിടെ ധാരാളം മാമരങ്ങള്‍, അതിന്റെ ചില്ലകളില്‍ കിളികള്‍-പൈങ്കിളികള്‍. ഏറെയുള്ളതു കോട്ടയത്ത് !. നമുക്കിവിടെ അതുകൊണ്ട് കിളിപ്പാട്ടുകള്‍ ഉണ്ടായി- പിന്നെ പൈങ്കിളിക്കഥകളും.

പെട്ടെന്ന് മേരി ഇടപെട്ടു.

സാര്‍ ഇടയഗാനങ്ങളെപ്പോലെ ഇടയലേഖനങ്ങള്‍ക്ക് സാഹിത്യത്തില്‍ എന്തെങ്കിലും സ്ഥാനം? നമ്മുടെ വൈജ്ഞാനികസാഹിത്യത്തിലോ മറ്റോ-”

വാട്ട് ഡു യൂ മീന്‍ ? പിന്നെ പദ്യകൃതികള്‍ എഴുതിത്തോറ്റവരാണ് ഗദ്യത്തിലേക്കു കടക്കാറ്. നമ്മുടെ ലേഖകന്മാരില്‍ മുക്കാലും അത്തരക്കാരാണ്.

അതല്ല സര്‍, ഞായറാഴ്‌ചകളില്‍ നമ്മുടെ ഇടവകപ്പള്ളികളില്‍ വായിച്ച് നമ്മെ ഉദ്ധരിക്കുന്ന ലേഖനങ്ങള്‍-പണ്ട് വാര്‍ഷികപതിപ്പുകളായിരുന്നു. ഇപ്പോള്‍ മാസികകളും വാരികകളും ആയിരിക്കുന്നു. ഇനി ഡെയ്‌ലിയും ആയേക്കും.”

ഓ മ്യൂസ് മേരി. അതാണോ? എന്നാല്‍ കേട്ടോളൂ, പൊതുവെ അത്തരം ലേഖനങ്ങള്‍ ഹൃദയം കവരുന്നതാണ്. ശൈലി ബഹുകേമം. വികാരികള്‍ അതു വായിക്കുന്നതു കേട്ടാല്‍ നമുക്കും വരും വികാരം.

മുന്‍പ്, അവയില്‍ ആകൃഷ്‌ടനായി അനില്‍ മാത്യു സര്‍ട്ടിഫിക്കറ്റുകളും ചുമന്ന് ഇടയന്മാരുടെ പിന്‍പേ ഇടയഗാനം പാടി കുറേയൊക്കെ നടന്നിട്ടുണ്ട്. കാര്യമൊക്കെ ശരി, ലേഖനങ്ങള്‍ വായിച്ചു രസിക്കാനുള്ളതാണ്. അതില്‍ ലയിച്ച് ചിലര്‍ കണ്ണീരൊഴുക്കാറുമുണ്ടല്ലോ. പക്ഷേ അധ്യാപകവേഷം കെട്ടിയാടാന്‍ ലക്ഷങ്ങള്‍ സംഭാവനയായി കാണിക്കപ്പെട്ടിയില്‍ നിക്ഷേപിച്ച് മെഴുകുതിരിയും കത്തിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം. ആമേന്‍.”

അള്‍ത്താരയിലെ അശരീരി കേട്ട് ബോധം കെട്ടുവീണ അനില്‍ മാത്യുവിന് അല്‍പം കഴിഞ്ഞ് ബോധം വീണപ്പോള്‍ ‘ബോധോദയ‘മുണ്ടായി. - കുഞ്ഞാടായാലും പാവപ്പെട്ടവന് സര്‍ക്കാര്‍ തന്നെ തുണ! പിറ്റെ ഞായാറാഴ്ച മൈക്കിലൂടെ ഒഴുകിവന്ന കദനരസം കരകവിയുന്ന ഇടയലേഖനത്തിന് സ്വന്തം പേരുവച്ച് ഒരു വിമര്‍ശനാത്മക നിരൂപണമെഴുതി അരമനയില്‍ നിക്ഷേപിച്ച് ലാല്‍സലാം പറഞ്ഞ് സര്‍ക്കാരിന്റെ സാദാ കോളേജില്‍ ഗസ്‌റ്റായി...

സാര്‍, ആ ലേഖനങ്ങള്‍-

മ്യൂസ് മേരിയുടെ കിളിയൊച്ച പിന്നെയും ഫ്ളാഷ്‌ബാക്കിന്റെ ട്രാക്കില്‍ നിന്ന് അനില്‍ മാത്യുവിനെ ഭീകരമായി തട്ടിത്തെറിപ്പിച്ചു.
സടകുടഞ്ഞെണീറ്റ് അനില്‍ മാത്യു വാചാലനായി.

അതെ, അത്തരം ലേഖനങ്ങള്‍ ഇപ്പോള്‍ ധാരാളം ഇറങ്ങുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അത്തരം ലേഖനങ്ങളുടെ ഗ്രോത്ത്റേറ്റ് കൂടുതലിപ്പോള്‍ കേരളത്തിലാണ്. നമ്മള്‍ പ്രബുദ്ധരാണല്ലോ. എന്തായാലും ഗദ്യശാഖയ്‌ക്ക് അവയൊരു മുതല്‍ക്കൂട്ടുതന്നെ. മേരി പിഎച്ച്ഡി ചെയ്യുന്ന കാലത്ത് ഈ വിഷയം ഗവേഷണത്തിനായി തെരഞ്ഞെടുക്കാം, അതുവരെ ഈ വിഷയം അനാഘ്രാത കുസുമമായി ഇരിക്കുമെങ്കില്‍.

ക്ളാസില്‍ നേരിയ തോതില്‍ തുടങ്ങിയ ചിരി ചിക്കുന്‍ഗുനിയ കണക്കെ പടര്‍ന്നുപിടിച്ചു. അല്‍പം ശമനമുണ്ടായപ്പോള്‍ അനില്‍ തുടര്‍ന്നു.

വിഷയത്തിന്റെ ചില സാമ്പിളുകള്‍ തരാം, വേണമെങ്കില്‍ കുറിച്ചു വച്ചോളൂ - ഇടയലേഖനങ്ങള്‍ സാമൂഹികമാറ്റത്തിന്റെ ചാലകശക്തി, വിമോചനസമരവും ഇടയലേഖനങ്ങളും - ഒരു വിമര്‍ശനാത്മക സമീപനം, പാസ്‌റ്ററല്‍ ലെറ്റേഴ്സ് -ഒരു പോസ്‌റ്റ് മോഡേണ്‍ വീക്ഷണം- അങ്ങനെഎന്തുമാകാം. അല്ലെങ്കില്‍ പാസ്‌റ്ററല്‍ എലിജികളെയും ഇടയലേഖനങ്ങളെയും താരതമ്യം ചെയ്‌തു കൊണ്ട് പുതിയൊരു വിഷയം ആവാം. അതുമല്ലെങ്കില്‍ 1957 മുതല്‍ 2008വരെ കേരളത്തില്‍ ഇറങ്ങിയ ഇടയലേഖനങ്ങള്‍ ഒരു രാഷ്‌ട്രീയ സമീപനം- അങ്ങനെയങ്ങനെ! ഇതൊരു വാസ്‌റ്റ് സബ്‌ജക്റ്റാണ് മ്യൂസ് മേരീ. മാത്രമല്ല, അമ്പതു വര്‍ഷത്തെ ലേഖനങ്ങള്‍ സമാഹരിച്ച് തനിക്കൊരു കനപ്പെട്ട പുസ്‌തകമിറക്കാനും സ്‌കോപ്പുണ്ട്. ങാ, ഇപ്പോള്‍ കൊലക്കേസ് പ്രതികളായ ഇടയന്മാരെ ശിക്ഷിക്കാതിരിക്കാന്‍ നീതിന്യായവ്യവസ്ഥകളോട് വ്യംഗ്യമായി കല്‍പ്പിക്കുന്ന ലേഖനങ്ങള്‍ വരെ ഇറങ്ങുന്നുണ്ട്. ശരി, ശരി ഇന്റര്‍വെല്ലിനു മണിമുഴങ്ങി. ശേഷം ഭാഗം നാളത്തെ ക്ളാസിലാവാം, എന്താ?

****

ഡോ. എം.കെ.ചാന്ദ്‌രാജ്, കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

‘‘സാര്‍ എനിക്കൊരു സംശയം”

ആരാലിവള്‍തന്‍ സംശയം - തേടിവന്ന കവിതാഭൂതത്തെപണിപ്പെട്ട് കുടത്തിലാക്കി ഡോൿടര്‍ ഒരേറ്. ശബ്‌ദം മയപ്പെടുത്തി ചോദിച്ചു:

“സംശയം?” ഭൂതം കുടത്തിന്റെ മൂടി തുറക്കുമോ എന്നു സംശയം തോന്നിയപ്പോള്‍ ചോദ്യം ആവര്‍ത്തിച്ചു.

“എന്താ തന്റെ സംശയം, പറഞ്ഞോളൂ”

“ഇടയഗാനങ്ങളെക്കുറിച്ച് സാര്‍ പറഞ്ഞല്ലോ”

അതെയതെ ആംഗലസാഹിത്യം പഠിക്കുന്നവര്‍ പാസ്‌റ്ററല്‍ എലിജിയെക്കുറിച്ച് വളരെ വിശദമായി പഠിക്കും. നമ്മുടെ നാട്ടില്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ കുറവ്, ആട്ടിന്‍ പറ്റങ്ങള്‍ അത്രയൊന്നുമില്ല. അതുകൊണ്ടിവിടെ മേഷപാലകഗാനങ്ങള്‍ വലിയ പ്രസ്ഥാനമായില്ല. ഇവിടെ ധാരാളം മാമരങ്ങള്‍, അതിന്റെ ചില്ലകളില്‍ കിളികള്‍-പൈങ്കിളികള്‍. ഏറെയുള്ളതു കോട്ടയത്ത് !. നമുക്കിവിടെ അതുകൊണ്ട് കിളിപ്പാട്ടുകള്‍ ഉണ്ടായി- പിന്നെ പൈങ്കിളിക്കഥകളും.

ജനശക്തി said...

:)

Bhadrabhoomi said...

Ur write up, really a sattire based literary composition has been excellant. The attempt to expose the intentions behind all these Edaya Leghanagal has to be taken up further. Congrats for the attempt.

ബിനോയ്//HariNav said...

Ha ha ha.. said it :))