Sunday, January 31, 2010

തണുത്തു വിറച്ച് ആലംബമില്ലാതെ...

തണുത്തു വിറച്ച് ആലംബമില്ലാതെ...ഭാഗം 1

മരംകോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹി ഒരു രാത്രികൂടി പിന്നിടുകയാണ്. രണ്ട് സ്വെറ്ററിനും അകത്തെ വസ്ത്രത്തിനും തൊപ്പിക്കും മഫ്ളറിനും പ്രതിരോധിക്കാനാകാതെ തണുപ്പ് തുളച്ചെത്തുന്നു. കഴുത്തിലൂടെ അരിച്ചിറങ്ങി കൈകാലുകളിലൂടെ അത് ഇരച്ചുകയറുകയാണ്. പാര്‍ലമെന്റ് ഹൌസില്‍നിന്ന് ഒന്നുകിലോമീറ്റര്‍മാത്രം അകലെ ഗോള്‍ ഡാക്ഖാനയ്ക്കുസമീപം റോഡരികിലെ മണ്ണില്‍ നിരനിരയായി കിടക്കുന്നത് ജീവനുള്ള മനുഷ്യരാണ്. ഒരു വശത്ത് റോഡുപണിക്ക് കൂട്ടിയിട്ട കരിങ്കല്‍ക്കഷണങ്ങള്‍. മറുഭാഗത്ത് പട്ടികളുടെ നിര. ഇരുപതിലധികം പേരാണ് ഇതിനിടയില്‍ രാത്രി വെളുപ്പിക്കുന്നത്. ചിലര്‍ക്ക് പുതപ്പുണ്ട്. പുതപ്പെന്ന് പറയാനുള്ള കട്ടിയൊന്നുമില്ലാത്ത, അവിടവിടെ കീറിയ തുണിക്കഷണം. അതിനകത്ത് അവര്‍ തണുപ്പിനോട് മല്ലിടുന്നു.

ഒന്നരലക്ഷത്തിലധികംപേരാണ് തലസ്ഥാനത്ത് തണുപ്പിനോട് പൊരുതി വഴിയരികില്‍ ജീവിതം തള്ളിനീക്കുന്നത്. രക്തം ഉറയുന്ന മഞ്ഞില്‍ പലരും മരിച്ചുവീഴുന്നു. ജീവന്‍വെടിഞ്ഞ പലരും സര്‍ക്കാരിന്റെ കണക്കില്‍പ്പോലുമില്ല. കാര്‍ഡുള്ളവര്‍ മരിച്ചാലേ സര്‍ക്കാര്‍പട്ടികയില്‍ വരൂ. അല്ലാത്തവര്‍ പൊതുശ്മശാനങ്ങളില്‍ തള്ളപ്പെടും. കഴിഞ്ഞയാഴ്ചമാത്രം ഡല്‍ഹിയില്‍ ഇരുപതിലധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്.

ഹീരയ്ക്ക് നഷ്ടപ്പെട്ടത് രണ്ടു മക്കളെയാണ്. അവരായിരുന്നു ആകെയുള്ള സമ്പാദ്യം. മൂത്തമകള്‍ പൂജയ്ക്ക് നാല് വയസ്സായിരുന്നു. റോഡിനെ രണ്ടായി തിരിക്കുന്ന മീഡിയനിലായിരുന്നു കുടുംബത്തിന്റെ കിടപ്പ്. രാത്രിയിലെ കൊടുംതണുപ്പില്‍ പനിപിടിച്ച് മകള്‍ പോയി. ആറുമാസംമാത്രം പ്രായമുളള പിങ്കിയുമായി ഹീര അഭയം തേടി അലഞ്ഞു. അവിടവിടെ പേരിനുമാത്രമുള്ള സര്‍ക്കാരിന്റെ ഷെല്‍ട്ടറില്‍ ആറുരൂപ നല്‍കി അന്തിയുറങ്ങി. എന്നാല്‍, മുനിസിപ്പല്‍ അധികൃതര്‍ രാത്രിയില്‍ ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി. അനധികൃതമായിരുന്നത്രേ നിര്‍മാണം. വരാനിരിക്കുന്ന കോമവെല്‍ത്ത് ഗെയിംസ് മോടിപിടിപ്പിക്കാനായിരുന്നു പൊളിക്കല്‍. കുഞ്ഞിനെയുമായി വീണ്ടും തെരുവിലെത്തി. കൊടുംതണുപ്പില്‍ പിങ്കിയെയും പനി പിടികൂടി. ഹീരയുടെ കൂട്ടിത്തിരുമ്മിയ കൈകളില്‍ ഒരിറ്റ് ചൂടും കിട്ടിയില്ല. ഒടുവില്‍ ആ കുഞ്ഞിനെയും തണുപ്പ് കൊണ്ടുപോയി. ഇനി ജീവിക്കുന്നത് എന്തിനെന്ന് ചോദിക്കുന്ന ഹീരയുടെ ചിത്രവും വാര്‍ത്തയും ചില പത്രങ്ങളിലെ പ്രാദേശിക പേജില്‍ കണ്ടു.

ഈ വാര്‍ത്ത വായിച്ചാണ് നഗരരാത്രിയിലേക്ക് ഇറങ്ങിയത്. കൂട്ടിന് പാര്‍ലമെന്റ് അംഗമായ എം ബി രാജേഷും ദേശാഭിമാനി ബ്യൂറോ ചീഫ് വി ജയിനും ഡിവൈഎഫ്ഐ കേന്ദ്ര ഓഫീസ് സെക്രട്ടറി ഭര്‍തൃഹരിയും. പാര്‍ലമെന്റിന് വിളിപ്പാടകലെ റിസര്‍വ് ബാങ്കിനുമുന്നിലുള്ള വഴിയില്‍ കിടക്കുന്നത് പത്തിലധികംപേര്‍. പലരും ഉറങ്ങിയിട്ടില്ല. കീറത്തുണിയുടെ പ്രതിരോധം ഉറക്കത്തിലേക്ക് വഴിതെളിക്കുന്നില്ല. ബിഹാറില്‍നിന്ന് നാലുവര്‍ഷംമുമ്പ് ഡല്‍ഹിയിലേക്ക് വന്ന സദുവിന് അന്നുമുതല്‍ ഫുട്പാത്താണ് വീട്. പൈപ്പിടുന്നതിന് മണ്ണുകോരലാണ് ജോലി. കൂലി നൂറു രൂപപോലും തികയില്ല. പണി കഴിഞ്ഞാല്‍ പലയിടത്തും ചുറ്റിക്കറങ്ങി രാത്രി ഫുട്പാത്തില്‍ ചേക്കേറും. കൂടെ കിടക്കുന്നവര്‍ ആരാണെന്ന് സദുവിന് അറിയില്ല. നേരത്തെ അധികംപേരുണ്ടായിരുന്നു. തണുപ്പ് സഹിക്കാനാകാതെ പലരും എവിടേക്കോ പോയി. വര്‍ത്തമാനം കേട്ട് എഴുന്നേറ്റ യുപിക്കാരന് പത്തുവര്‍ഷമായി റോഡരികാണ് വീട്. പണി കല്യാണസ്ഥലത്ത് പാത്രം കഴുകല്‍. രാവിലെ ഗുരുദ്വാരയിലേക്ക് പോകും. പ്രഭാതകൃത്യങ്ങള്‍ അവിടെയാണ്. പലയിടത്തുനിന്നും വരുന്നവര്‍ അവിടെ എത്തും. മഴക്കാലത്ത് ബസ് ഷെല്‍ട്ടറിലാണ് അന്തിയുറക്കം. പഴയ ഡല്‍ഹിയിലെ ദരിയാഗഞ്ചുമുതല്‍ ജുമാ മസ്ജിദുവരെ ഒരുകിലോമീറ്ററോളം വരുന്ന റോഡില്‍ കിടന്നുറങ്ങുന്നത് ആയിരത്തോളംപേര്‍. നിരനിരയായി മനുഷ്യര്‍ കൊടുംതണുപ്പില്‍ കിടക്കുന്നത് കരളലിയിക്കും കാഴ്ചയാണ്.

ഇവിടെ തെരുവുറക്കത്തില്‍ കച്ചവടസാധ്യത കണ്ടവരുണ്ട്. ഷീറ്റും രജായിയും വാടകയ്ക്ക് നല്‍കുന്ന സംഘം. 20 രൂപയാണ് വാടക. ഉറങ്ങുന്ന സ്ഥലത്തിന് ദിവസം പത്തുരൂപ നല്‍കേണ്ടവരുമുണ്ട്. ദരിയാഗഞ്ചില്‍ സൈക്കിള്‍ റിക്ഷ ഓടിക്കുന്നവരാണ് ഭൂരിപക്ഷവും. റിക്ഷ വാടകയ്ക്കാണ്. അതിന് 50 രൂപ കൊടുക്കണം. ശയ്യോപകരണത്തിന്റെ വാടകകൂടി ചേര്‍ന്നാല്‍ 70 രൂപയാകും. പരമാവധി വരുമാനം 200 രൂപ. അതില്‍നിന്ന് വേണം ഭക്ഷണമുള്‍പ്പെടെ എല്ലാ ചെലവും കണ്ടെത്താന്‍. യുപിയിലെ ബദായൂന്‍ സ്വദേശിയായ സയ്യദലിക്ക് 20 വര്‍ഷമായി ഇവിടമാണ് വീട്. ബദായൂന്‍ സ്വദേശികളാണ് ഇവിടെ അധികവും. ഇവിടെനിന്ന് അധികം ദൂരമൊന്നുമില്ല ഭരണകേന്ദ്രങ്ങളിലേക്ക്. പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന സ്ഥലം എത്ര ഏക്കറുണ്ടായിരിക്കും. അവരെല്ലാം ഉറക്കത്തിലാണ്.(തുടരും)

*
പി.രാജീവ്, എം.പി, ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍
കടപ്പാട്: ദേശാഭിമാനി 31 ജനുവരി 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മരംകോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹി ഒരു രാത്രികൂടി പിന്നിടുകയാണ്. രണ്ട് സ്വെറ്ററിനും അകത്തെ വസ്ത്രത്തിനും തൊപ്പിക്കും മഫ്ളറിനും പ്രതിരോധിക്കാനാകാതെ തണുപ്പ് തുളച്ചെത്തുന്നു. കഴുത്തിലൂടെ അരിച്ചിറങ്ങി കൈകാലുകളിലൂടെ അത് ഇരച്ചുകയറുകയാണ്. പാര്‍ലമെന്റ് ഹൌസില്‍നിന്ന് ഒന്നുകിലോമീറ്റര്‍മാത്രം അകലെ ഗോള്‍ ഡാക്ഖാനയ്ക്കുസമീപം റോഡരികിലെ മണ്ണില്‍ നിരനിരയായി കിടക്കുന്നത് ജീവനുള്ള മനുഷ്യരാണ്. ഒരു വശത്ത് റോഡുപണിക്ക് കൂട്ടിയിട്ട കരിങ്കല്‍ക്കഷണങ്ങള്‍. മറുഭാഗത്ത് പട്ടികളുടെ നിര. ഇരുപതിലധികം പേരാണ് ഇതിനിടയില്‍ രാത്രി വെളുപ്പിക്കുന്നത്. ചിലര്‍ക്ക് പുതപ്പുണ്ട്. പുതപ്പെന്ന് പറയാനുള്ള കട്ടിയൊന്നുമില്ലാത്ത, അവിടവിടെ കീറിയ തുണിക്കഷണം. അതിനകത്ത് അവര്‍ തണുപ്പിനോട് മല്ലിടുന്നു. ഒന്നരലക്ഷത്തിലധികംപേരാണ് തലസ്ഥാനത്ത് തണുപ്പിനോട് പൊരുതി വഴിയരികില്‍ ജീവിതം തള്ളിനീക്കുന്നത്. രക്തം ഉറയുന്ന മഞ്ഞില്‍ പലരും മരിച്ചുവീഴുന്നു. ജീവന്‍വെടിഞ്ഞ പലരും സര്‍ക്കാരിന്റെ കണക്കില്‍പ്പോലുമില്ല. കാര്‍ഡുള്ളവര്‍ മരിച്ചാലേ സര്‍ക്കാര്‍പട്ടികയില്‍ വരൂ. അല്ലാത്തവര്‍ പൊതുശ്മശാനങ്ങളില്‍ തള്ളപ്പെടും. കഴിഞ്ഞയാഴ്ചമാത്രം ഡല്‍ഹിയില്‍ ഇരുപതിലധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്.