സാമ്രാജ്യത്വവും അതിന്റെ പദ്ധതിയായ ആഗോളവല്‍ക്കരണവും രാഷ്ട്രങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കുന്നതിനെയും അവയ്ക്ക് വിധേയമായി രാഷ്ട്രങ്ങള്‍ പരമാധികാരം നഷ്ടപ്പെടുത്തുന്നതിനെയുമാണ് നാം ഇവിടെ പരിഗണിക്കുന്നത്.
ഇന്ത്യയുടെ നഷ്ടപ്പെടു(ത്തു)ന്ന പരമാധികാരം കുറേ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നതു തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്. ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്: "ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ളിക്കായി സംഘടിപ്പിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ അവധാനപൂര്‍വ്വം തീരുമാനിച്ചിരിക്കുന്നു''. ഇതേ ആശയം ഭരണഘടനയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നു - വിശേഷിച്ചും തെരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന അദ്ധ്യായങ്ങളില്‍. ആമുഖത്തില്‍ റിപ്പബ്ളിക്കിന്റെ സവിശേഷതകളില്‍ ആദ്യം പറയുന്നത് 'പരമാധികാര'മാണ്.
അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പരമാധികാരം സാമ്രാജ്യത്വം പൂര്‍ണ്ണമായി കവര്‍ന്നെടുത്തെങ്കില്‍ നിശ്ശബ്ദമായ അധിനിവേശത്തിന് അനുവദിച്ചുകൊണ്ട് ഇന്ത്യയുടെ ഭരണവര്‍ഗ്ഗം പരമാധികാരത്തിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തുകയായിരുന്നു.
സാമ്രാജ്യത്വം ഇറാഖിന്റെ പരമാധികാരത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് പല കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. പരമാധികാരം എന്ന സങ്കല്‍പത്തെ തന്നെ അമേരിക്ക പുനര്‍ നിര്‍വചനം ചെയ്തു.
2004 ജൂണ്‍ 28-ാം തീയതി ഇറാഖില്‍ ഇടക്കാല ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍, ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറഞ്ഞത് "രണ്ടുദിവസം നേരത്തെ തന്നെ അമേരിക്ക പരമാധികാരം കൈമാറി'' എന്നാണ്. ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്, "പരമാധികാരം തിരികെ നല്‍കി'' എന്നാണ്. ജൂണ്‍ 4-ാം തീയതി യുഎന്‍ രക്ഷാസമിതി പാസ്സാക്കിയ പ്രമേയമായിരുന്നു "പരമാധികാര കൈമാറ്റ''ത്തിന്റെ അടിസ്ഥാനം.
വാഷിംഗ്ടണ്‍ എഴുതിയ പുതിയ നിഘണ്ടുവില്‍ പരമാധികാരത്തെ നിര്‍വചനം ചെയ്തതിന്റെ ഫലമാണ് പരമാധികാര കൈമാറ്റം എന്ന ആശയം. ഈ നിഘണ്ടു നേരത്തെ തന്നെ യുദ്ധം, സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയെയെല്ലാം സാമ്രാജ്യത്വ പദ്ധതിക്ക് അനുസരിച്ച് പുനര്‍നിര്‍വചനം ചെയ്തിരുന്നു. യുഎന്‍ രക്ഷാസമിതിയും ഉപയോഗിക്കുന്നത് ഈ നിഘണ്ടു തന്നെയെന്ന് തോന്നിപ്പിക്കുന്നതാണ് പരാമര്‍ശിക്കപ്പെട്ട പ്രമേയം.
രക്ഷാസമിതി പ്രമേയത്തില്‍ പറഞ്ഞത്, 2004 ജൂണ്‍ 30നകം "ഇറാഖില്‍ അധിനിവേശം അവസാനിക്കുമെന്നും പൂര്‍ണ്ണമായും പരമാധികാരമുള്ള സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നുമാണ്''. ബഹുരാഷ്ട്ര സേനകളെന്ന് യുഎന്‍ ഓമനപ്പേരിട്ട അമേരിക്കന്‍ അധിനിവേശസേനയുടെ ഒന്നര ലക്ഷത്തില്‍പരം ഭടന്മാര്‍ തുടരുന്ന അവസ്ഥയെയാണ് "പൂര്‍ണ്ണമായും പരമാധികാരമുള്ള സ്വതന്ത്ര ഗവണ്‍മെന്റ്'' എന്ന് രക്ഷാസമിതി വിശേഷിപ്പിച്ചത്.
അരിസ്റ്റോട്ടില്‍ മുതല്‍ ഹോബ്സ് വരെയുള്ള രാഷ്ട്രീയ ചിന്തകര്‍, വിദേശ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമായ ഒരു പ്രദേശത്ത് പരമോന്നത അധികാരം ഉള്ളതിനെയാണ് പരമാധികാരം എന്ന് നിര്‍വചിച്ചിട്ടുള്ളത്. പഴയകാലത്ത് രാജാക്കന്മാരോടും ഭരണാധികാരികളോടും ബന്ധപ്പെടുത്തിയായിരുന്നു ഈ ആശയമെങ്കില്‍, ജനാധിപത്യ യുഗത്തില്‍ ഒരു രാജ്യത്ത് താമസിക്കുന്ന സ്വതന്ത്രരും തുല്യരുമായ പൌരന്മാരുടെ സമ്മതവുമായി ബന്ധപ്പെട്ടതാണ് പരമാധികാരം. അന്താരാഷ്ട്ര നിയമത്തില്‍ - 1648ലെ വെസ്റ്റ് ഫാലിയ സമാധാന ഉടമ്പടികള്‍ മുതല്‍ - പരമാധികാരം എന്നതിന് രാഷ്ട്രങ്ങളുടെ ഔപചാരിക തുല്യതയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നതും അര്‍ത്ഥമായി.
അധിനിവേശത്തില്‍ തന്നെ തുടരുന്ന ഇറാഖി ഗവണ്‍മെന്റിനെ "പൂര്‍ണ്ണ പരമാധികാര'' മുള്ളതെന്ന് വിശേഷിപ്പിക്കേണ്ടിവന്നത് പരമാധികാരത്തിന് പുതിയ നിര്‍വചനം നല്‍കുന്നതുകൊണ്ടാണ്. പരമാധികാരമെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമെന്നര്‍ത്ഥം. അപ്പോള്‍ ഏതോ പുതിയ തരം പരമാധികാരത്തെപ്പറ്റിയാണ് യുഎന്‍ പ്രമേയത്തിലുള്ളത്. ഇതോടനുബന്ധിച്ച് മാധ്യമങ്ങളില്‍ 'ഭാഗിക പരമാധികാരം', 'പരിമിത പരമാധികാരം', 'ആപേക്ഷിക പരമാധികാരം' തുടങ്ങിയ പദപ്രയോഗങ്ങള്‍ കണ്ടു തുടങ്ങി. മറ്റെങ്ങനെയാണ് സാമ്രാജ്യത്തിലെ ഒരു കോളനിയിലെ പാവ സര്‍ക്കാരിനെ വിശേഷിപ്പിക്കുക?
പരമാധികാരം "കൈമാറിയപ്പോള്‍'' അതിനാധാരമായ "നിയമപരരേഖകള്‍'' ഇറാഖി സര്‍ക്കാരിന് അമേരിക്ക നല്‍കിയതായും പ്രസ്താവിക്കപ്പെട്ടു. ഇതും വിചിത്രമാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും, യുഎന്നിനെയും ധിക്കരിച്ച് യുദ്ധത്തിലൂടെ ഒരു ഗവണ്‍മെന്റിനെ പുറത്താക്കി അധിനിവേശം നടത്തിയശേഷം, എന്തു 'നിയമപര രേഖകളാ'ണ് ഉള്ളത്? എവിടെയായിരുന്നു 2004 ജൂണ്‍ 28 വരെ ഇറാഖിന്റെ പരമാധികാരം? ഒരു രാഷ്ട്രത്തിന്റെ പരമാധികാരം അവിടത്തെ ജനങ്ങളിലാണ്. പതിന്നാലു മാസങ്ങള്‍ ഇറാഖിന് പരമാധികാരം ഇല്ലായിരുന്നെങ്കില്‍, ആ രാജ്യം എങ്ങനെയാണ് യുഎന്‍ അംഗമായി തുടര്‍ന്നത്? രാഷ്ട്രങ്ങളുടെ 'പരമാധികാര തുല്യത'യാണല്ലോ യുഎന്‍ ചാര്‍ട്ടറിന്റെ ആധാരം.
ഇന്ത്യയില്‍ നടന്നത് - നടക്കുന്നത് - അമേരിക്കയുടെ നിശ്ശബ്ദ അധിനിവേശമാണ്. സാമ്രാജ്യത്വ പദ്ധതികള്‍ക്കു പിന്തുണ നല്‍കിയും സാമ്രാജ്യത്വത്തിന്റെ മുമ്പില്‍ അടിയറ വെച്ച് വിദേശനയ സ്വാതന്ത്ര്യം ബലി കഴിച്ചുമാണ് ഇന്ത്യ പരമാധികാരം നഷ്ടപ്പെടുത്തിയത്.
എന്നാണ് ഈ പ്രക്രിയ തുടങ്ങിയത്? 2001 മെയ് മാസത്തില്‍ അമേരിക്കയുടെ ദേശീയ മിസൈല്‍ പ്രതിരോധ (National Missile Defense)ത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതിന്റെ പ്രത്യക്ഷമായ ആരംഭം. മിസൈല്‍ പ്രതിരോധത്തിന് നിര്‍ലോഭമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം 2001 മെയ് 2ന് പുറപ്പെടുവിച്ച പ്രസ്താവന നയതന്ത്ര ചരിത്രത്തില്‍ അഭൂതപൂര്‍വമായിരുന്നു. "ഒരു പുതിയ തന്ത്രപര ചട്ടക്കൂടി''നെപ്പറ്റി പ്രസിഡന്റ് ബുഷ് ചെയ്ത പ്രസംഗത്തെ - ഇതായിരുന്നു മിസൈല്‍ പദ്ധതിയെപ്പറ്റിയുള്ള പ്രഖ്യാപനം -ഇന്ത്യ സ്വാഗതം ചെയ്തു. ശീതസമര സുരക്ഷാ ശില്‍പത്തിന്റെ തന്ത്രപര ചട്ടക്കൂടിനെ പരിവര്‍ത്തനം ചെയ്യുന്ന സുപ്രധാനമായ പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്റിന്റേതെന്ന് ഇന്ത്യ പ്രസ്താവിച്ചു. "ഒരു പുതിയ തന്ത്രപര ചട്ടക്കൂട്'' ഒരു പുതിയ സാമ്രാജ്യത്വ പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുവാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമായിരുന്നില്ല.
വാജ്പേയി സര്‍ക്കാര്‍ അമേരിക്കയുടെ മിസൈല്‍ പദ്ധതിക്ക് പിന്തുണ നല്‍കിയതിനെ പ്രതിപക്ഷ കക്ഷികള്‍ നിശിതമായി വിമര്‍ശിച്ചു. പദ്ധതിയെപ്പറ്റി അമേരിക്കയില്‍ തന്നെ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ നിലവിലിരുന്നപ്പോള്‍, അമേരിക്കയുടെ സഖ്യകക്ഷികള്‍ സംശയങ്ങളുടെ പല തട്ടുകളില്‍ ആയിരുന്നപ്പോള്‍, റഷ്യയും ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചപ്പോഴായിരുന്നു പദ്ധതിക്ക് ഇന്ത്യയുടെ നിര്‍ലോഭമായ പിന്തുണ. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താക്കളും പ്രമുഖ നയതന്ത്ര വിദഗ്ദ്ധരും സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചു.
തന്ത്രപരമായ സ്വയംഭരണത്തെയും സ്വതന്ത്രമായ വിദേശനയത്തെയും വാജ്പേയി സര്‍ക്കാര്‍ പണയപ്പെടുത്തുകയാണെന്ന് സിപിഐ എം കുറ്റപ്പെടുത്തി. നിലവിലുള്ള ആയുധ നിയന്ത്രണ നടപടികളെ തകരാറിലാക്കുന്ന വിധം, ആണവ, മിസൈല്‍ ആയുധങ്ങളില്‍ സര്‍വാധിപത്യം പുലര്‍ത്താനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമാണ് മിസൈല്‍ പദ്ധതിയെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയുമായി (ഇന്ത്യ മുന്‍കൈയെടുത്ത്) നടത്തിയ കൂടിയാലോചനകളുടെ സുപ്രധാന ഘട്ടത്തിലായിരുന്നു ഇതുണ്ടായത്. അമേരിക്കയുടെ ആണവതന്ത്രത്തിലോ സിദ്ധാന്തത്തിലോ ഉണ്ടായ വ്യതിയാനമല്ല, പ്രത്യൂത ഇന്ത്യ അതിന്റെ തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിച്ചുവെന്നതാണ് ഇന്ത്യയുടെ നയത്തിലെ അടിസ്ഥാനപരമായ മാറ്റം. അമേരിക്കയുടെ മിസൈല്‍ പ്രതിരോധത്തിന്റെ പിന്നില്‍ സ്ഥാനം പിടിച്ച് ആണവ ഇടപാടുണ്ടാക്കി, അമേരിക്കയുമായി തന്ത്രപര സഖ്യത്തിലേര്‍പ്പെട്ട ഇന്ത്യ നയം മാറ്റത്തിന് ഒരു വലിയ വില നല്‍കേണ്ടിവന്നു.
ഇന്ത്യയുടെ മേലുള്ള ഉപരോധം പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയപ്പോഴാണ് സെപ്തംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ നടന്നത്. ഭീകരവാദവിരുദ്ധ യുദ്ധത്തിന് എല്ലാ പിന്തുണയും - സൈനിക സൌകര്യങ്ങളും സൈനികരംഗത്ത് സഹകരണവും ഉള്‍പ്പെടെ - പ്രഖ്യാപിച്ച് അമേരിക്കയുടെ രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങള്‍ക്കു കൂട്ടു നില്‍ക്കാന്‍ സന്നദ്ധമായ ആദ്യത്തെ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. "സ്വാഭാവിക സഖ്യകക്ഷികള്‍'' എന്ന് വാജ്പേയി വിശേഷിപ്പിച്ച അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 'തന്ത്രപര പങ്കാളിത്ത'ത്തെ ഭീകരവാദവിരുദ്ധ യുദ്ധം ഒരു സൈനിക സഖ്യത്തിലേക്ക് ആനയിച്ചു.
പിന്നെയങ്ങോട്ട് കീഴടങ്ങലിന്റെ ചരിത്രമാണ്; അമേരിക്കയോടുള്ള വിധേയത്വം ഇന്ത്യയുടെ ഭരണാധികാരികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിന്റെയും.
വിദേശനയത്തില്‍ ഇന്ത്യ മൌലികമായി വ്യതിയാനമുണ്ടാക്കിയതിന്റെ പരസ്യവും നാടകീയവുമായ ഒരു പ്രഖ്യാപനമായിരുന്നു അമേരിക്കയ്ക്ക് നല്‍കിയ പിന്തുണാ വാഗ്ദാനം. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന് ഇന്ത്യ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഈ പിന്തുണയും, ബുഷ് ഭരണകൂടത്തിന്റെ മിസൈല്‍ പദ്ധതിക്ക് ഇന്ത്യ പ്രഖ്യാപിച്ച പിന്തുണയും തമ്മിലുള്ള സാധര്‍മ്മ്യം ശ്രദ്ധിക്കപ്പെട്ടു. വീണ്ടും തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിക്കാന്‍ തയ്യാറായെന്ന് വ്യക്തമാകുകയും ചെയ്തു.
അമേരിക്കയുമായി 2000ല്‍ തന്നെ ഇന്ത്യ ഉണ്ടാക്കിയത് ഒരു സൈനിക സഖ്യത്തിന്റെ ആരംഭമായിരുന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ അമേരിക്ക ഏറ്റവും പ്രാധാന്യം നല്‍കുന്നത് സൈനിക ബന്ധത്തിനാണെന്ന് അമേരിക്കന്‍ നേതാക്കള്‍ അന്നുമുതല്‍ പ്രസ്താവിക്കുകയും ചെയ്തു.
ഭീകരവാദവിരുദ്ധ യുദ്ധം പ്രഖ്യാപിച്ച് അധികം താമസിയാതെയാണ്, ഇന്ത്യയും അമേരിക്കയും നാലു ദശകങ്ങള്‍ക്കുശേഷം സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിയത്. 2002 മെയ് മാസത്തില്‍ സംയുക്താഭ്യാസത്തിന്റെ സമയത്ത് ന്യൂഡല്‍ഹിയിലുണ്ടായിരുന്ന യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്തീനാ റോക്ക 'പ്രസിഡന്റ് ബുഷ്' അധികാരമേറ്റപ്പോള്‍ മുതല്‍, സാര്‍വദേശീയ സമൂഹത്തെ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയെ ഒരു പങ്കാളിയായി പരിഗണിക്കുന്നു''വെന്ന് പ്രസ്താവിച്ചു. റോക്ക തുടര്‍ന്നു: "ഈ പങ്കാളിത്തത്തില്‍ ഏറ്റവും പ്രധാന മേഖല സൈനിക ബന്ധങ്ങളാണ്. ഒരുമിച്ചു ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുകള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സേനാവിഭാഗങ്ങള്‍ സജീവമായി വികസിപ്പിക്കുകയാണ്''. അതേ, രണ്ട് സേനാവിഭാഗങ്ങളും "ഒരുമിച്ചു ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുകള്‍''.
ഇന്ത്യയിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് പിരിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് 'ദി ഹിന്ദു' (13 May,2003) വില്‍ റോബര്‍ട്ട് ബ്ളാക്വില്‍ ഇതു കുറേക്കൂടി വ്യക്തമാക്കി.
"നമ്മുടെ പ്രതിരോധ സഹകരണവും സൈനിക വ്യാപാരങ്ങളും ഒരുമിച്ചു ചേരുമ്പോള്‍ രണ്ട് രാജ്യങ്ങളുടെയും സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആഴമുള്ളതാകുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി, സംയുക്ത സൈനിക പ്രവര്‍ത്തനത്തിനുള്ള പരസ്പര സഹകരണം വികസിപ്പിക്കുകയും ഇന്ത്യയുടെ സൈനികശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ്''. അദ്ദേഹം തുടര്‍ന്നു, "അമേരിക്കന്‍ സേനയോടൊത്ത്'' ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ സേന നമ്മുടെ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്.
യുഎസ് - ഇന്ത്യ പ്രതിരോധ ബന്ധത്തിന്റെ സ്വഭാവം ബ്ളാക്വില്‍ വളരെ വ്യക്തമാക്കുന്നു. "അമേരിക്കന്‍ സേനയോടൊത്ത്'' ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ സേനയാണ് തന്ത്രപര ലക്ഷ്യം. "ഭാവി സംയുക്ത പ്രവര്‍ത്തനങ്ങള്‍''ക്കാണ് ഈ സഹകരണം. ഇതെല്ലാം ബ്ളാക്വില്‍ തുറന്നു സമ്മതിക്കുന്നു, "അമേരിക്കയുടെ താല്‍പര്യങ്ങള്‍''ക്കാണ്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ പ്രതിരോധ ബന്ധം ഒരു സൈനിക സഖ്യത്തിലേക്കു നീങ്ങിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വന്‍ ലോകശക്തിയാകുവാന്‍ ഇന്ത്യയെ സഹായിക്കുകയെന്നത് അമേരിക്കന്‍ നയമാണ്, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് മില്‍ഫോര്‍ഡ് ഒരു പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തിലെ ലേഖനത്തിലൂടെ 2005 മാര്‍ച്ച് 31-ാം തീയതി ഇന്ത്യക്കാരെ അറിയിച്ചു. "സൈനിക സഹകരണമാണ് ഇന്ത്യ - യുഎസ് ബന്ധങ്ങള്‍ക്കു ശക്തി പകരുന്നതെന്നതില്‍ ഒരു സംശയവുമില്ല'' അംബാസഡര്‍ വ്യക്തമാക്കി. "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വന്‍ ശക്തിയാകുവാന്‍ ഇന്ത്യയെ സഹായിക്കുകയെന്നത് അമേരിക്കയുടെ നയമാണെ''ന്ന് യുപിഎ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചത് വിദേശകാര്യ സെക്രട്ടറി കോണ്ടലീസാ റൈസായിരുന്നു - 2005 മാര്‍ച്ചില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍.
സാര്‍വദേശീയ കാര്യങ്ങളില്‍ കൂടുതല്‍ വലിയ ഒരു പങ്കിനുള്ള ഇന്ത്യയുടെ അഭിലാഷം സാധിക്കാവുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പരിഷ്കരണവും രക്ഷാസമിതിയിലെ സ്ഥിരാംഗത്വവുംമൂലമായിരിക്കയില്ലെന്ന വ്യക്തമായ സൂചന കോണ്ടലീസാ റൈസ് നല്‍കി. ബുഷില്‍നിന്ന് കൊണ്ടു വന്ന സന്ദേശം അര്‍ത്ഥശങ്ക ഇല്ലാത്തതായിരുന്നു. അമേരിക്കയ്ക്കു എതിരായുള്ള രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധങ്ങള്‍ വാഷിംഗ്ടണിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും. ലോകത്തില്‍ ഇന്ത്യക്കുള്ള സ്ഥാനം നിര്‍ണയിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടക്കൂടിലായിരിക്കുകയില്ല; അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചട്ടക്കൂടിലായിരിക്കും; അതും അമേരിക്ക ഉണ്ടാക്കുന്ന വ്യവസ്ഥകളില്‍. ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് ഇതെല്ലാം സ്വീകാര്യമായിരുന്നു.
മാര്‍ച്ച് 17-ാം തീയതി "അമേരിക്കയുടെ ദേശീയ പ്രതിരോധതന്ത്രം'' പെന്റഗണ്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയുടെ പരമ്പരാഗത സഖ്യങ്ങളുടെയും ബഹുപക്ഷീയ സംഘടനകളുടെയും, അന്താരാഷ്ട്ര നിയമത്തിന്റെ തന്നെയും കാര്യത്തില്‍ താല്‍പര്യമില്ലായ്മയോ, അവയുടെ തിരസ്കരണമോ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ പുതിയ ദേശീയ പ്രതിരോധതന്ത്രം. വാഷിംഗ്ടണിന്റെ പ്രവര്‍ത്തനത്തെ - സൈനികമെന്ന് വായിക്കുക - പരിമിതപ്പെടുത്തുന്ന സാര്‍വദേശീയ നിയമങ്ങളെ അവഗണിക്കുകയോ അവയെ മാറ്റാന്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് രേഖ വ്യക്തമാക്കി.
ഇത് പ്രതിരോധതന്ത്രമല്ല; യുദ്ധതന്ത്രമാണ്. ഇതാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡും ചേര്‍ന്ന്, 2005 ജൂണ്‍ 28-ാം തീയതി വാഷിംഗ്ടണിലുണ്ടാക്കിയ "യുഎസ് - ഇന്ത്യ പ്രതിരോധ ചട്ടക്കൂടു കരാര്‍''. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഈ കരാര്‍ ഇന്ത്യയുടെ ദേശീയ, സുരക്ഷാ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. സാമ്രാജ്യ നിര്‍മ്മിതിക്കുള്ള അമേരിക്കന്‍ പദ്ധതികള്‍ക്കു ഇന്ത്യ പിന്തുണ നല്‍കുന്നുവെന്നതിന്റെ തെളിവു കൂടെയാണിത്. സാമ്രാജ്യത്തിന്റെ കീഴിലാണ് ഇന്ത്യയെന്നതാണ് കരാറിന്റെ അര്‍ത്ഥം.
രണ്ടു രാജ്യങ്ങളും ഒരു പുതിയ യുഗത്തില്‍ പ്രവേശിക്കുന്നതും ബന്ധങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതും "പൊതുവായ താല്‍പര്യങ്ങളും'', 'പങ്കുവയ്ക്കുന്ന ദേശീയ താല്‍പര്യങ്ങളും'' പ്രതിഫലിക്കാനാണെന്ന് കരാറില്‍ പറയുന്നു. "പ്രതിരോധബന്ധം കൂടുതല്‍ വിശാലമായ തന്ത്ര പങ്കാളിത്തത്തിന്റെ ഭാഗവും അതിനെ പിന്താങ്ങുന്നതുമാണ്''.
ഈ കരാര്‍ പ്രതിരോധ കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ചില വ്യവസ്ഥകള്‍ വ്യക്തമായും ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയപ്രമാണങ്ങള്‍ക്കു വിരുദ്ധമാണ്. "ബഹുരാഷ്ട്ര സൈനിക പ്രവര്‍ത്തനങ്ങളിലെ സഹകരണം'', "മിസൈല്‍ പ്രതിരോധ കാര്യത്തില്‍ സഹകരണത്തിന്റെ വികാസം, സമാധാന സംരക്ഷണ ശ്രമങ്ങള്‍ വിജയകരമായി നടത്താന്‍ ലോകവ്യാപകമായി കഴിവു വര്‍ദ്ധിപ്പിക്കുക'' തുടങ്ങിയവ ചൂണ്ടിക്കാണിക്കാം.
"ഇന്ത്യയും അമേരിക്കയും സുരക്ഷാ താല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നു''; കരാറില്‍ പറയുന്നു. പങ്കുവയ്ക്കുന്ന സുരക്ഷാ താല്‍പര്യങ്ങള്‍, രാജ്യങ്ങളുടെ പൊതുവായ സുരക്ഷയോ, യുഎന്‍ വിവക്ഷിക്കുന്ന കൂട്ടായ സുരക്ഷയോ അല്ല. അമേരിക്കയുടെ സുരക്ഷാ താല്‍പര്യമാണ്. ഇത് ഇന്ത്യ പങ്കുവയ്ക്കുന്നുവെന്നു പറഞ്ഞാല്‍ നമ്മുടെ ദേശീയ താല്‍പര്യങ്ങളെ അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികള്‍ക്കു വിധേയമാക്കാന്‍ തയ്യാറാണെന്നതത്രേ.
ബഹുരാഷ്ട്ര (സൈനിക) പ്രവര്‍ത്തനത്തിനുള്ള സഹകരണത്തിന് കരാറില്‍ പ്രമുഖ സ്ഥാനം നല്‍കുന്നുണ്ട്. വാഷിംഗ്ടണിന്റെ തന്ത്ര പദാവലിയില്‍, "ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍'' എന്നതിന്റെ അര്‍ത്ഥം, ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോ, അംഗീകാരമോ ഇല്ലാതെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങളെന്നാണ്. "സമ്മതമുള്ളവരുടെ സഖ്യ''മാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; സഖ്യമല്ല അജണ്ട നിശ്ചയിക്കുന്നത്, പ്രത്യുത അജണ്ടയാണ് സഖ്യം നിശ്ചയിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍, യുഎസ് സൈനിക കമാന്‍ഡിന്റെ കീഴിലായിരിക്കുമെന്നു മാത്രമല്ല, യുഎസ് ലക്ഷ്യങ്ങള്‍ നേടാനുള്ള സൈനിക പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുന്നതെന്നുമാണ് ഇതിന്റെ അര്‍ത്ഥം. ഇത്തരം സഖ്യത്തിനാണ് ഇന്ത്യ കരാറുണ്ടാക്കിയത്; തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിച്ച് സാമ്രാജ്യത്തിന്റെ കീഴില്‍നിന്നുകൊണ്ട്.
'ദി ഹിന്ദു'വില്‍ എസ് നിഹാല്‍ സിങ് എഴുതിയ ഒരു ലേഖനത്തില്‍, "എത്ര ദൂരം ഇന്ത്യക്ക് അമേരിക്കയുടെ കൂടെ യാത്ര ചെയ്യാം'' എന്ന പ്രശ്നം ഉന്നയിച്ചു.
"അമേരിക്കയുടെ തന്ത്രപരലക്ഷ്യങ്ങള്‍ എന്താണെന്നും എന്താണ് അമേരിക്കയുടെ താല്‍പര്യങ്ങളെന്നും വിശദമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പരമോന്നത ശക്തിയായി നിലകൊള്ളണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിനെ ഏതെങ്കിലും രാജ്യമോ രാജ്യങ്ങളുടെ സഖ്യമോ എതിര്‍ത്താല്‍ അമേരിക്ക തിരിച്ചടിക്കും. ഏകപക്ഷീയമായോ സമ്മതമുള്ളവരുടെ സഖ്യവുമായോ ഏതു രാഷ്ട്രത്തെയും ആക്രമിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നാണ് യുഎസ് നിലപാട്''.
"അമേരിക്കയുടെ ആശ്രിതന്‍ ആവുകയാണെങ്കില്‍, ഇന്ത്യക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെടും'', നിഹാല്‍ സിംഗ് വ്യക്തമാക്കി. 'പരമോന്നത ശക്തി'യുടെ കീഴില്‍ ആശ്രിത രാജ്യത്തിന് എന്തു പരമാധികാരം?
ഇന്ത്യ അമേരിക്കയുമായുണ്ടാക്കിയ പ്രതിരോധ സഹകരണ കരാറാണ് ഇന്ത്യ - യുഎസ് ആണവക്കരാറിന്റെ അടിസ്ഥാനവും തുടര്‍ച്ചയും. ആണവക്കരാറിന് യുഎസ് കോണ്‍ഗ്രസ് ഉണ്ടാക്കിയ വ്യവസ്ഥകള്‍ അടങ്ങിയതാണ് 2006 അവസാനം പാസ്സാക്കിയ ഹൈഡ് നിയമം. ഈ നിയമം ഇന്ത്യക്കു ബാധകമല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ അവകാശപ്പെട്ടുവെങ്കിലും, ഈ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു മാത്രമേ ആണവക്കരാര്‍ നടപ്പാക്കുകയുള്ളൂവെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഹൈഡ് നിയമത്തിന്റേയോ ആണവ കരാറിന്റെയോ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. അവ ഇന്ത്യയുടെ തന്ത്രപര സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് പരിഗണന.
ഇന്ത്യയുടെ വിദേശനയത്തെപ്പറ്റിയുള്ള അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ഹൈഡ് നിയമം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുക. അമേരിക്കയ്ക്ക് കൂടുതല്‍ രാഷ്ട്രീയവും തന്ത്രപരവും സൈനികവുമായ പിന്തുണ നല്‍കാന്‍ ഈ കരാര്‍ ഇന്ത്യയെ പ്രേരിപ്പിക്കും. ലോകത്തില്‍ ഇന്ത്യക്കുള്ള വര്‍ദ്ധമാനമായ സാമ്പത്തികവും രാഷ്ട്രീയവുമായ പങ്ക് അമേരിക്കന്‍ ലക്ഷ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു തന്ത്രപര അവസരമായി യുഎസ് പരിഗണിക്കുന്നു.
ഇറാനെപ്പറ്റി ഹൈഡ് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനെ (ആണവ പരിപാടിയില്‍നിന്ന്) പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ഒതുക്കുവാനും ഇന്ത്യയുടെ പൂര്‍ണവും സജീവവുമായ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നതായി നിയമം വ്യക്തമാക്കുന്നുണ്ട്; നിര്‍ബന്ധമായ വ്യവസ്ഥകളിലൊന്നായും ഒരു നയതന്ത്ര പ്രസ്താവനയായും കോണ്‍ഗ്രസിന് പ്രസിഡന്റു നല്‍കേണ്ട വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായും ഇറാനെതിരെയുള്ള അമേരിക്കയുടെ നടപടികളിലും സാര്‍വദേശീയ ശ്രമങ്ങളിലും ഇന്ത്യ പങ്കെടുക്കുന്നുവോയെന്ന് വാര്‍ഷിക വിലയിരുത്തല്‍ നടത്തണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ വ്യവസ്ഥ അംഗീകരിച്ചതിന്റെ ഫലമായാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ മൂന്നുതവണ ഇറാനെതിരെ വോട്ടു ചെയ്തത്; സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ചുകൊണ്ട്.
ഇനിയും ഇന്ത്യ ആണവസ്ഫോടനം നടത്തുകയാണെങ്കില്‍ തുടര്‍ന്നുള്ള സഹകരണം അവസാനിപ്പിക്കുവാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്ന് ഹൈഡുനിയമത്തിലും ആണവക്കരാറിലും വ്യവസ്ഥ ചെയ്തിരിക്കുന്നു. ആണവായുധ പരിപാടിക്ക് പുതിയ പരീക്ഷണം നടത്തണമോയെന്ന് തീരുമാനിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ല. ഇനിയും ഇന്ത്യ ആണവപരീക്ഷണം നടത്താതിരിക്കുന്നതാണ് നല്ലതെന്ന് പറയാം. അതല്ല പ്രശ്നം. ഇനിയും ആണവപരീക്ഷണം നടത്തുന്നതിനേപ്പറ്റിയുള്ള തീരുമാനം എടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നതാണ് പ്രശ്നം. ഈ കാര്യത്തില്‍ ഇന്ത്യക്കുള്ള പരമാധികാരാവകാശത്തെ ഉപേക്ഷിക്കുകയെന്നത്, അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ അടിസ്ഥാന വ്യവസ്ഥയായിരിക്കുന്നുവെന്നതാണ് പ്രശ്നം.
ആണവക്കരാറിന്റെ തുടര്‍ച്ചയായി ഒബാമയുടെ ഭരണകാലത്ത് ആദ്യം ചെയ്തത് "അന്ത്യോപയോഗ കരാറി'' (End User Agreement)ല്‍ ഇന്ത്യയെക്കൊണ്ട് ഒപ്പിടീക്കുകയായിരുന്നു. അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന ആയുധങ്ങളുടെ ഉപയോഗം അമേരിക്കയുണ്ടാക്കുന്ന വ്യവസ്ഥകളനുസരിച്ചായിരിക്കും. പ്രതിരോധനയം സ്വതന്ത്രമായി തീരുമാനിക്കാനുള്ള ഇന്ത്യയുടെ പരമാധികാരമാണ് ഇവിടെ നഷ്ടപ്പെടുത്തുന്നത്. (Nuclear Liability Bill)
"ആണവബാദ്ധ്യതാ ബില്ലി''ന് ഇന്ത്യാ ഗവണ്‍മെന്റ് രൂപം നല്‍കിക്കഴിഞ്ഞു. ഇതും അമേരിക്കന്‍ സമ്മര്‍ദ്ദത്തിലാണ്. അമേരിക്കന്‍ ആണവ വ്യവസായികള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആണവ നിലയങ്ങളില്‍ അപകടമുണ്ടായാല്‍ - എത്ര ഗുരുതരമാണെങ്കിലും - അമേരിക്കന്‍ വ്യവസായികളുടെ ബാദ്ധ്യത തുലോം പരിമിതപ്പെടുത്തുന്നതാണ് ബില്‍. ഇതും പരമാധികാരത്തെ ബാധിക്കുന്ന പ്രശ്നമാണ്.
ആഗോളവല്‍ക്കരണം രാഷ്ട്രങ്ങളുടെ പരമാധികാരത്തെ നഷ്ടപ്പെടുത്തുന്നു. ആഗോളവല്‍ക്കരണം ഏറ്റവും അധികം സ്വാധീനിക്കുകയും വ്യതിയാനപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനം രാഷ്ട്രമാണ്. അയ്ജാസ് അഹമ്മദ് വര്‍ഷങ്ങള്‍ക്കുമുമ്പു ചൂണ്ടിക്കാട്ടിയതുപോലെ, "രാഷ്ട്രത്തിന്റെ നിയോഗം തന്നെ മാറ്റപ്പെട്ടിരിക്കുന്നു'', "മുന്‍കാലത്ത് രാജ്യത്തിന്റെ താല്‍പര്യങ്ങളെ വിദേശത്തു പ്രതിനിധാനം ചെയ്ത സ്റ്റേറ്റ് ഇപ്പോള്‍ വിദേശ ശക്തികളെ രാജ്യത്തിനുള്ളില്‍ പ്രതിനിധാനം ചെയ്യുകയാണ്''.
ആഗോളവല്‍ക്കരണം പ്രധാനമായും പരമാധികാരം കവര്‍ന്നെടുക്കുന്നത് ലോകവ്യാപാര സംഘടന (ഡബ്ള്യുടിഒ) യിലൂടെയാണ്. അത് ഒരു പുതിയ അന്താരാഷ്ട്ര ഭരണഘടനാസംവിധാനം ഉണ്ടാക്കിയിരിക്കുന്നു. ഡബ്ള്യുടിഒയുടെ ആദ്യ ഡയറക്ടര്‍ ജനറല്‍ റെണാറ്റോ റെഗേറിയോ 1999 ഏപ്രില്‍ 12-ാം തീയതി ജനീവയില്‍ പ്രസ്താവിച്ചു: "വിഭിന്ന ദേശീയ സമ്പദ്ക്രമങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുകയല്ല ഞങ്ങള്‍. ഒരു ഏകലോക സമ്പദ്ക്രമത്തിന്റെ ഭരണഘടന നിര്‍മ്മിക്കുകയാണ് ഞങ്ങള്‍''. ഈ പ്രസ്താവനയില്‍ രാഷ്ട്രങ്ങളോ ദേശങ്ങളോ ജനങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല.
ആഗോളവല്‍ക്കരണം സമ്പദ്ക്രമങ്ങളെ മാത്രമല്ല, സാര്‍വദേശീയ ബന്ധങ്ങളെയും മാറ്റുന്നു. 1995ല്‍ ലോകവ്യാപാരസംഘടനയെ സൃഷ്ടിച്ചത് ആഗോള ഭരണക്രമത്തിനുള്ള ഏറ്റവും ശക്തമായ സ്ഥാപനമായാണ്. ഐഎംഎഫിനോടും ലോകബാങ്കിനോടുമൊപ്പമാണ് ഭരണം.
ഒരു പുതിയ ആഗോള ഭരണഘടനാ വ്യവസ്ഥിതിയാണ് ഡബ്ള്യുടിഒയും മറ്റ് വ്യാപാരസംഘടനകളും കൂടെ ഉണ്ടാക്കിയിരിക്കുന്നത്. ഇവയുമായി രാഷ്ട്രങ്ങള്‍ ഉണ്ടാക്കുന്ന ഉടമ്പടികളെല്ലാം ചില പ്രത്യേക സ്ഥാപനപര രൂപങ്ങളെയും നയങ്ങളെയും എന്നും പരിപാലിക്കാമെന്ന് ഉറപ്പു നല്‍കുന്നവയാണ്.
രാഷ്ട്രങ്ങളുടെ ഭരണഘടനകള്‍ ഉള്‍പ്പെടെയുള്ള ദേശീയ നിയമങ്ങളെ എങ്ങനെയാണ് ഇത് ബാധിക്കുക? ഉടമ്പടികളനുസരിച്ച് ആവശ്യമായാല്‍ അവയെ മാറ്റും; അവയ്ക്കും അവ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ പരമാധികാരത്തിനും ഉപരിയാണ് ഡബ്ള്യുടിഒ എന്നു കാട്ടിക്കൊണ്ട്. മെക്സിക്കോയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വത്തവകാശം നല്‍കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു. ഫിലിപൈന്‍സില്‍, ഡബ്ള്യുടിഒയില്‍ അംഗമാകുന്നത് ഭരണഘടനാവിരുദ്ധമെന്ന് ആദ്യം തീരുമാനിച്ച സുപ്രീംകോടതി, അങ്ങനെയുമാകാമെന്ന് വിധിന്യായം തിരുത്തി എഴുതി.
ഇന്ത്യയ്ക്ക് നല്ല ഒരു പേറ്റന്റ് നിയമം ഉണ്ടായിരുന്നു. പുതിയ ആഗോള ഭരണഘടനാ വ്യവസ്ഥിതിയില്‍ അതില്‍ ഭേദഗതികള്‍ വരുത്തണമെന്ന് ഡബ്ള്യുടിഒ ആവശ്യപ്പെട്ടു. ഡബ്ള്യുടിഒ നിര്‍ദ്ദേശിച്ച തീയതിക്കു മുന്‍പുതന്നെ ഉദ്ദേശിച്ചതിലധികം ഭേദഗതികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. (ആവശ്യത്തില്‍ കൂടുതല്‍ ഭേദഗതികളുണ്ടാക്കിയെന്ന നിരീക്ഷണം ലോ കമ്മീഷന്റേതാണ്). ഇന്ത്യയില്‍ ആരും തന്നെ, ഒരു രാഷ്ട്രീയ പാര്‍ടിയും, ഒരു സംഘടനയും, ഒരു പാര്‍ലമെന്റംഗവും പേറ്റന്റ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടിരുന്നില്ല. നമ്മുടെ പരമാധികാര പാര്‍ലമെന്റ് എന്തു നിയമങ്ങള്‍ എപ്പോള്‍ പാസ്സാക്കണമെന്ന് തീരുമാനിക്കുന്നതാണ് ഡബ്ള്യുടിഒയുടെ ഭരണഘടനാ വ്യവസ്ഥിതി. എത്രയോ ബില്ലുകള്‍ (ഉദാ: വനിതാ സംവരണ ബില്‍) പാര്‍ലമെന്റിന്റെ തറയില്‍ പൊടിപിടിച്ചു കിടക്കുന്നു.
2000ല്‍ സിയാറ്റിലില്‍ നടന്ന ഡബ്ള്യുടിഒ സമ്മേളനം സമ്പൂര്‍ണ പരാജയമായിരുന്നു. അടുത്ത സമ്മേളനം ദോഹയില്‍ നടത്താന്‍ ആലോചനകള്‍ തുടങ്ങി. എന്നാല്‍ ലോകവ്യാപാര സംഘടന തീരുമാനങ്ങളെടുക്കുന്ന രീതിയെപ്പറ്റിയും അതിന്റെ പ്രവര്‍ത്തനശൈലിയെപ്പറ്റിയും ശക്തമായ വിമര്‍ശനം ദോഹയില്‍ ഉയര്‍ത്താന്‍ പ്രമുഖ വികസ്വര രാഷ്ട്രങ്ങള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇവര്‍ക്കു കനത്ത തിരിച്ചടി നല്‍കി അവരെ നിശ്ശബ്ദരാക്കാന്‍ ഭീകരവാദവിരുദ്ധ യുദ്ധത്തെ അമേരിക്ക ഉപയോഗിച്ചു.
പുതിയ വ്യാപാര കൂടിയാലോചനകളും സുരക്ഷാ പ്രശ്നങ്ങളും - ഇവ തമ്മില്‍ നേരത്തെ ബന്ധപ്പെടുത്തിയിരുന്നില്ല - ഒന്നായി തീര്‍ന്നു. പുതിയ വട്ടത്തെ നേരത്തെ എതിര്‍ത്തിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ദോഹയില്‍ അതിനു പിന്തുണ നല്‍കേണ്ടിവന്നു. ദോഹയില്‍ പുതിയ വട്ടത്തിനെതിരെ ഇന്ത്യയുടെ വാണിജ്യമന്ത്രി മുരശൊലി മാരന്‍ അവസാനം വരെ ധീരമായി പൊരുതി നോക്കി. പക്ഷേ എന്തു ചെയ്യാം, ഇന്ത്യയുടെ പ്രധാനമന്ത്രി വാജ്പേയി സെപ്തംബര്‍ 11നെ തുടര്‍ന്ന് വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ കാര്യത്തില്‍ പ്രസിഡന്റു ബുഷിന് ഉറപ്പു നല്‍കിയിരുന്നു.
ഭീകരവാദവിരുദ്ധ യുദ്ധം ഡബ്ള്യുടിഒയുടെ ഒരു പ്രധാന പ്രശ്നം - പുതിയ വട്ടത്തോടുള്ള എതിര്‍പ്പ് - പരിഹരിച്ചു. അങ്ങനെ ഭീകരവാദവിരുദ്ധ യുദ്ധത്തിലെ ആദ്യ വിജയികളിലൊന്ന് ഡബ്ള്യുടിഒയായിരുന്നു. സാമ്രാജ്യത്വത്തിനുവേണ്ടി ആഗോളീകരണത്തിന് സുരക്ഷ നല്‍കുകയാണ് ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് വ്യക്തമായി.
ദോഹയില്‍ തോക്കു ചൂണ്ടി നേടിയ വിജയം ലോക വ്യാപാര സംഘടനയെ എങ്ങും എത്തിച്ചില്ല. ദോഹ സമ്മേളനം കഴിഞ്ഞിട്ട് എട്ടുവര്‍ഷങ്ങളിലധികമായി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നയങ്ങള്‍ക്കെതിരെ - കാര്‍ഷിക സബ്സിഡിയെപ്പറ്റിയും മറ്റും -യെടുത്ത നിലപാടാണ് ദോഹാവട്ടത്തെ പ്രതിസന്ധിയിലാക്കിയത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഏതാണ്ട് അവസാനം വരെ ഇന്ത്യയുടെ എതിര്‍പ്പ് നിലനിന്നു. പക്ഷേ രണ്ടാം യുപിഎ സര്‍ക്കാര്‍ ചുവടുമാറ്റം നടത്തിയെന്നു മാത്രമല്ല, കൂടിയാലോചനകള്‍ സുഗമമാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. ന്യൂഡല്‍ഹിയില്‍ മന്ത്രിതല സമ്മേളനം വിളിച്ചുകൂട്ടി. തുടര്‍ന്ന് ജനീവയില്‍ നടന്ന കൂടിയാലോചനകളിലും സജീവമായി പങ്കെടുത്തു. അമേരിക്കയുമായുള്ള ആണവക്കരാറില്‍ ഇന്ത്യ ഒപ്പുവെച്ചപ്പോള്‍, അമേരിക്കയുണ്ടാക്കിയ ഒരു വ്യവസ്ഥ, ദോഹവട്ടത്തോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് കൂടിയാലോചനകള്‍ക്ക് സഹായകമായ നിലപാടെടുക്കണമെന്നായിരുന്നു. പരമാധികാരം നഷ്ടപ്പെടുത്തുന്ന ഒരു വഴി കൂടെയായി.
*
പ്രൊഫ. നൈനാന്‍ കോശി ചിന്ത വാരിക
Subscribe to:
Post Comments (Atom)
2 comments:
സാമ്രാജ്യത്വവും അതിന്റെ പദ്ധതിയായ ആഗോളവല്‍ക്കരണവും രാഷ്ട്രങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കുന്നതിനെയും അവയ്ക്ക് വിധേയമായി രാഷ്ട്രങ്ങള്‍ പരമാധികാരം നഷ്ടപ്പെടുത്തുന്നതിനെയുമാണ് നാം ഇവിടെ പരിഗണിക്കുന്നത്.
ഇന്ത്യയുടെ നഷ്ടപ്പെടു(ത്തു)ന്ന പരമാധികാരം കുറേ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നതു തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്. ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്: "ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ളിക്കായി സംഘടിപ്പിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ അവധാനപൂര്‍വ്വം തീരുമാനിച്ചിരിക്കുന്നു''. ഇതേ ആശയം ഭരണഘടനയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നു - വിശേഷിച്ചും തെരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന അദ്ധ്യായങ്ങളില്‍. ആമുഖത്തില്‍ റിപ്പബ്ളിക്കിന്റെ സവിശേഷതകളില്‍ ആദ്യം പറയുന്നത് 'പരമാധികാര'മാണ്.
അമീന്‍ എന്തറിഞ്ഞിട്ടാണ് ഇവിടെ വന്നു മതത്തിന്റെ പരസ്യം പതിച്ചത്? :-)
Post a Comment