പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ പ്രക്ഷോഭങ്ങളുടെ ഐക്യനിര കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കേണ്ട കാലഘട്ടത്തിലാണ് സിഐടിയുവിന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കുന്നത്. 2006 ഡിസംബര്‍ 8- 11 തീയതികളിലാണ് പത്താം സംസ്ഥാന സമ്മേളനം പാലക്കാട്ട് ചേര്‍ന്നത്. 37 മാസം പിന്നിട്ടിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ നഷ്‌ടപ്പെട്ട തൊഴിലും കൂലിയും മറ്റ് അവകാശങ്ങളും നേടാനും പുതിയ നേട്ടങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാനും ചിന്തയും ശ്രദ്ധയും കേന്ദ്രീകരിക്കുകയാണ് പതിനൊന്നാം സമ്മേളനത്തില്‍. 23 വരെ നീളുന്ന സമ്മേളനം തൊഴില്‍, വ്യവസായം, കൂലി, തുടങ്ങി തൊഴിലാളികളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടാതെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും സ്വകാര്യവല്‍ക്കരണവും നവലിബറല്‍ സാമ്പത്തിക അധിനിവേശവുമടക്കം സമൂഹത്തെ ബാധിക്കുന്ന നാനാവിധ കാര്യങ്ങളും ചര്‍ച്ചാവിഷയമാക്കും. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരപ്രസ്ഥാനമായ സിഐടിയു പുതിയ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തവും വിപുലമായ സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട ദൌത്യവും ചര്‍ച്ചാവിഷയമാകും.
മുമ്പൊന്നുമില്ലാത്ത വിധം തൊഴിലാളിവര്‍ഗം സങ്കീര്‍ണമായ പ്രശ്‌നങ്ങളെ നേരിടുന്ന സാഹചര്യത്തില്‍, 2010 മാര്‍ച്ചില്‍ ചണ്ഡീഗഢില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യ സമ്മേളനത്തിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ പ്രാധാന്യം ഏറെയാണ്. ആഗോളവല്‍ക്കരണ, സ്വകാരവ്യവല്‍ക്കരണ ശക്തികളുടെയും ഭരണകൂടത്തിന്റെയും ജനവിരുദ്ധ നയങ്ങള്‍ സാമാന്യജനങ്ങളെ പൊതുവെയും അധ്വാനിക്കുന്ന വിഭാഗങ്ങളെ പ്രത്യേകിച്ചും ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ് തള്ളിവിടുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിക്കാന്‍ ഭൂരിപക്ഷം നേടിയത് രണ്ടാം യുപിഎ സര്‍ക്കാരിന് ജനവിരുദ്ധ നയങ്ങള്‍ ശക്തമായി തുടരാന്‍ തുണയായി. സാമ്രാജ്യത്വ ശക്തികളുടെയും കുത്തക മുതലാളിമാരുടെയും ഇംഗിതങ്ങള്‍ക്കു വഴങ്ങി ഭരണ, സാമ്പത്തിക നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രഭരണമെന്ന് ആവര്‍ത്തിച്ച് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലാളി ദ്രോഹനയങ്ങള്‍ നടപ്പാക്കാന്‍ മുതലാളിത്തവും കേന്ദ്രഭരണവും മത്സരിക്കുകയാണ്. ഒരുഭാഗത്ത് മുതലാളിമാര്‍ തമ്മില്‍ ലാഭമുണ്ടാക്കാന്‍ മത്സരം ശക്തിപ്പെടുമ്പോഴും അധ്വാനിക്കുന്ന വര്‍ഗത്തെ പരമാവധി ചൂഷണം ചെയ്യുന്നതില്‍ അവര്‍ ഐക്യപ്പെടുന്നതായും കാണാം. പല വന്‍കിട സ്ഥാനപങ്ങളിലും അടുത്തകാലത്തായി ജോലി സമയം 12 മണിക്കൂറായി വര്‍ധിപ്പിച്ചു. അതോടൊപ്പം ജോലി അസ്ഥിരപ്പെടുത്തുകയും, കരാര്‍ ജോലി വ്യാപകമാക്കുകയും ഔട്ട് സോഴ്സിങ് നടപ്പാക്കുകയും പരിച്ചുവിടല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനനുസരിച്ച് തൊഴില്‍നിയമങ്ങള്‍ മുതലാളിമാര്‍ക്കു വേണ്ടി സര്‍ക്കാര്‍ രൂപപ്പെടുത്തുന്നു.
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സൃഷ്‌ടിക്കുന്ന നാണ്യപ്പെരുപ്പം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. വിലക്കയറ്റം തൊഴിലാളിയുടെ കൂലിയുടെ മൂല്യം ചോര്‍ത്തിക്കളയുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം സൃഷ്‌ടിക്കുന്ന കെടുതികളും ചെറുതല്ല. പൊതുവിതരണ സമ്പ്രദായംതന്നെ തകര്‍ത്തുകൊണ്ടിരിക്കയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന റേഷന്‍ വിഹിതം നാലിലൊന്നായി വെട്ടിക്കുറച്ച് തികച്ചും പ്രതികാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കൊയ്ത്തുകാലത്ത് ഭക്ഷ്യധാന്യം ശേഖരിക്കുക, എഫ്‌സിഐ ഗോഡൌണുകളില്‍ സൂക്ഷിക്കുക, ആവശ്യാനുസരണം സംസ്ഥാനങ്ങള്‍ക്ക് സൌജന്യനിരക്കില്‍ അനുവദിക്കുക തുടങ്ങി പരമ്പരാഗതമായി കേന്ദ്രം നടത്തിക്കൊണ്ടിരുന്ന ഭക്ഷ്യവിതരണ സമ്പ്രദായങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കയാണ്. പകരം സ്വകാര്യ കുത്തകകളാണ് ഇന്ന് ഭക്ഷ്യധാന്യം ശേഖരിച്ച് കൊള്ളലാഭം കൊയ്യുന്നത്. വിളവെടുപ്പിനുമുമ്പേ വ്യാപാരവും അവര്‍ നടത്തുന്നു.
അവധിവ്യാപാരത്തിനും ഊഹക്കച്ചവടത്തിനുമെല്ലാം അറുതി വരുത്തണമെന്ന് സിഐടിയു കാലങ്ങളായി ആവശ്യപ്പെട്ടുകാണ്ടിരിക്കയാണ്. ഇന്ത്യാ ഗവമെന്റ് തുടരുന്ന കര്‍ഷകദ്രോഹ നടപടികളെയും സിഐടിയു ഏറെ ഉല്‍ക്കണ്ഠയോടും പ്രതിഷേധത്തോടും കൂടിയാണ് വീക്ഷിക്കുന്നത്. അതിരില്ലാത്ത ഇറക്കുമതിനയം ഇന്ത്യന്‍കര്‍ഷകനെ കുത്തുപാളയെടുപ്പിച്ച കാലഘട്ടത്തിലാണ് ഇതിന് ശക്തിപകരുന്ന ആസിയാന്‍ കരാറിലും രണ്ടാം യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചത്. സാമ്രാജ്യത്വത്തിനു കീഴടങ്ങിയ ആണവകരാര്‍ ഇന്ത്യയുടെ ദേശീയസുരക്ഷിതത്വത്തിനും പരമാധികാരത്തിനും ഭീഷണിയാണെങ്കില്‍ ഒരു കര്‍ഷക രാജ്യമായ ഇന്ത്യയെ ആത്മഹത്യയുടെ തുരുത്താക്കുന്നതാകും ആസിയാന്‍ കരാര്‍. ഈ കരാര്‍ ഏറ്റവും ദ്രോഹകരമായി ബാധിക്കുക കേരളത്തെയാണ്. കര്‍ഷകര്‍ക്ക് ന്യാമായ വിലയ്ക്ക് വെള്ളവും വൈദ്യുതിയും വിത്തും വളവും കിട്ടുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയും ലഭിക്കുന്നില്ല. എന്നാല്‍, കര്‍ഷകരെ കൊള്ളയടിക്കുന്ന ശക്തികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുന്നു. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനായി ഇന്ത്യന്‍ കര്‍ഷകന്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്.
ജീവിക്കാനുള്ള അവകാശത്തിനും ഭരണകൂട ദ്രോഹങ്ങള്‍ക്കും എതിരായി നടക്കുന്ന എല്ലാ കര്‍ഷക സമരങ്ങളെയും സിഐടിയു കലവറയില്ലാതെ പിന്തണയ്ക്കുകയും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സമൂഹത്തെയും തൊഴിലാളികളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇതര തൊഴിലാളി സംഘടനകളുമായി കൂടുതല്‍ ഐക്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളാണ് സിഐടിയു വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ഡല്‍ഹിയില്‍ ഐഎന്‍ടിയുസി അടക്കം ഒമ്പത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമെടുത്തത് ഈ രംഗത്ത് പുതിയ ദിശാബോധം പകരുന്നതാണ്. ദേശീയ കൺവന്‍ഷന്‍ അഞ്ച് ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ പ്രക്ഷോഭം നടത്താനാണ് തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധ ദിനം ആചരിച്ചു. ദിനാചരണത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ടൌണ്‍ കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു. കണ്ണൂരില്‍ 6 സ്ഥലത്തും, വയനാട്ടില്‍ 3 സ്ഥലത്തും, പത്തനംതിട്ടയില്‍ 7 ഇടങ്ങളിലും ഇടുക്കിയില്‍ 4 സ്ഥലത്തും ആലപ്പുഴയില്‍ 2 സ്ഥലത്തും പ്രകടനവും പൊതുയോഗവും ചേര്‍ന്നു. ഈ സമരത്തില്‍ 22,000 പേര്‍ പങ്കെടുത്തു.
1.അവശ്യസാധനങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിലവര്‍ധന തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക
2.സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന മേഖലകളില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക.
3.തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, നിയമലംഘനങ്ങള്‍ക്ക് എതിരായി കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
4.അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് നല്‍കുക, ദാരിദ്ര്യരേഖ വ്യവസ്ഥ എടുത്തുകളയുക.
5.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, രോഗഗ്രസ്‌ത പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുക
എന്നീ ആവശ്യങ്ങളാണ് തൊഴിലാളിവര്‍ഗം ഉന്നയിച്ചത്.
സംയുക്ത കേന്ദ്ര ട്രേഡ് യൂണിയന്‍ യോഗം ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുമ്പിലും സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും പ്രക്ഷോഭവും ധര്‍ണയും മറ്റു പരിപാടികളും നടത്താന്‍ ആഹ്വാനംചെയ്‌തു. കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഐഎന്‍ടിയുസിയും ബിജെപി നേതാക്കള്‍ നയിക്കുന്ന ബിഎംഎസും അടക്കം തൊഴിലാളികളെ ബാധിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പുമായി പ്രക്ഷോഭരംഗത്തുവരുന്നത് ചെറിയ കാര്യമല്ല. ഇതുവരെ ട്രേഡ് യൂണിയനുകള്‍ തമ്മിലുള്ള ഐക്യത്തിനാണ് മുന്‍തൂക്കം നല്‍കിയിരുന്നതെങ്കില്‍ അണികള്‍ തമ്മിലുള്ള ഐക്യത്തിന് ഊന്നല്‍ നല്‍കേണ്ട കാലമായിരിക്കുന്നു. അണികള്‍ തമ്മില്‍ ഐക്യപ്പെട്ടാല്‍ പൊതുകാര്യങ്ങളിലെ കൂട്ടായ പ്രക്ഷോഭത്തിന്റെ പാതയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കുമാകില്ല എന്നതുമാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ ഏതു ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവരായാലും തൊഴിലാളികള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തിയെടുക്കന്ന ദൌത്യം ഈ സമ്മേളനത്തിലെ പ്രധാന അജന്‍ഡയാണ്.
പാലക്കാട്ട് നടന്ന പത്താം സംസ്ഥാന സമ്മേളനത്തേക്കാള്‍ മൂന്നു ലക്ഷത്തിന്റെ വര്‍ധനയുമായി 13 ലക്ഷത്തില്‍പ്പരം അംഗങ്ങളുള്ള വിവിധ യൂണിയനുകളുടെ കേന്ദ്രസംഘടനയായി കേരളത്തില്‍ സിഐടിയു വളര്‍ന്നിരിക്കയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശത്രുക്കള്‍ എന്തെല്ലാം ആക്ഷേപം ചൊരിഞ്ഞാലും തൊഴില്‍, വ്യവസായ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന് തൊഴിലുടമകള്‍ പോലും ആശ്രയിക്കുന്നത് സിഐടിയുവിനെയാണ്. ഈ ശക്തി കൂടുതല്‍ വളര്‍ന്ന് തൊഴിലാളിവര്‍ഗത്തിന് തുടര്‍ന്നും നേതൃത്വം നല്‍കാന്‍ സിഐടിയു പ്രതിജ്ഞാബദ്ധമാണ്. സിഐടിയുവിന്റെകൂടി പ്രക്ഷോഭത്തിന്റെ ഉല്‍പ്പന്നമായി കേരളത്തില്‍ ഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് സംഘടനയുടെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളിവര്‍ഗത്തിനുവേണ്ടി ക്ഷേമനിധിയടക്കം നിരവധി കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ വ്യവസായ മേഖലകളില്‍ കുതിപ്പും തൊഴിലാളി ക്ഷേമ നടപടികളും കൂടുതല്‍ ശക്തിപ്പെടട്ടെയെന്നും സിഐടിയു ആഗ്രഹിക്കുന്നു.
****
എം എം ലോറന്‍സ്
Subscribe to:
Post Comments (Atom)
1 comment:
പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ പ്രക്ഷോഭങ്ങളുടെ ഐക്യനിര കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കേണ്ട കാലഘട്ടത്തിലാണ് സിഐടിയുവിന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കുന്നത്. 2006 ഡിസംബര്‍ 8- 11 തീയതികളിലാണ് പത്താം സംസ്ഥാന സമ്മേളനം പാലക്കാട്ട് ചേര്‍ന്നത്. 37 മാസം പിന്നിട്ടിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ നഷ്‌ടപ്പെട്ട തൊഴിലും കൂലിയും മറ്റ് അവകാശങ്ങളും നേടാനും പുതിയ നേട്ടങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാനും ചിന്തയും ശ്രദ്ധയും കേന്ദ്രീകരിക്കുകയാണ് പതിനൊന്നാം സമ്മേളനത്തില്‍. 23 വരെ നീളുന്ന സമ്മേളനം തൊഴില്‍, വ്യവസായം, കൂലി, തുടങ്ങി തൊഴിലാളികളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടാതെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും സ്വകാര്യവല്‍ക്കരണവും നവലിബറല്‍ സാമ്പത്തിക അധിനിവേശവുമടക്കം സമൂഹത്തെ ബാധിക്കുന്ന നാനാവിധ കാര്യങ്ങളും ചര്‍ച്ചാവിഷയമാക്കും. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരപ്രസ്ഥാനമായ സിഐടിയു പുതിയ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തവും വിപുലമായ സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട ദൌത്യവും ചര്‍ച്ചാവിഷയമാകും.
Post a Comment