Sunday, January 10, 2010

കമീഷനുകളും കണ്ണീരും

ഒരു കലാപത്തിന്റെ കണ്ണീരുണങ്ങുന്നതിന് എത്ര വര്‍ഷം വേണ്ടിവരും? ഇരകള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിനുമുള്ള കാത്തിരിപ്പിന്റെ നീളം എത്രയായിരിക്കും? അസ്വസ്ഥതയുളവാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഉയരാറുണ്ട്. എന്നാല്‍, ചോദ്യം ഉന്നയിക്കപ്പെടുന്നതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തവണ രാജ്യസഭയില്‍ നടന്ന, 1984ലെ കലാപത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് വീണ്ടും ഇതോര്‍ക്കുന്നതിന് ഇടയാക്കിയത്.

1984 ഇന്ത്യക്ക് മറക്കാനാവാത്തതാണ്. ഇന്ദിരാഗാന്ധിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരിടവും സുരക്ഷിതമല്ല,ഏത് അപകടത്തില്‍നിന്നും രക്ഷിക്കേണ്ടവര്‍ക്ക് കൊലപാതകികളുടെ മുഖം കൂടിയുണ്ട് എന്ന പുതിയ പാഠം അതു നല്‍കി. ഇന്ദിരയുടെ കൊലപാതകവിവരം ലോകത്തിന് ആദ്യമായി നല്‍കിയത് ബിബിസിയായിരുന്നു. അസാധാരണമായ എന്തോ സംഭവിച്ചെന്നറിഞ്ഞ ബിബിസി ലേഖകന്‍ ഇന്ദിരയുടെ സെക്രട്ടറിയെ വിളിച്ചാണ് വാര്‍ത്തയറിയുന്നത്. ആ വിളി പത്രപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. എന്താണ് പ്രശ്നമെന്നോ എന്തെങ്കിലും സംഭവിച്ചോ എന്നോ ആര്‍ക്കും വിളിച്ചുചോദിക്കാം. എന്നാല്‍, പത്രപ്രവര്‍ത്തകരുടെ ചോദ്യം അങ്ങനെയായിരിക്കുകയില്ല. ഇങ്ങനെയാണ് ചോദിക്കുന്നതെങ്കില്‍ ഒരു വിവരവും ഇത്തരം സന്ദര്‍ഭങ്ങളില്‍ ലഭിക്കുകയില്ലെന്ന് അവര്‍ക്ക് അറിയാം. ഒരു നിഷേധത്തില്‍ ഒതുങ്ങും മറുപടി. അതുകൊണ്ട് ഭയപ്പെടേണ്ടവിധമാണോ സ്ഥിതിയെന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണെങ്കിലും കരുതിക്കാണും ഇയാള്‍ വിവരമറിഞ്ഞുകഴിഞ്ഞെന്ന്. അതോടെ സംഭവം വിവരിക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെയാണ് ലോകം വിവരമറിയുന്നത്.

ഇന്ത്യക്ക് അടിയന്തരാവസ്ഥയുടെ ഭീകരാനുഭവം നല്‍കിയത് ഇന്ദിരാഗാന്ധിയായിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്ര മനുഷ്യരെയാണ് അത് കൊന്നൊടുക്കിയത്. ജീവിതത്തിന്റെ സജീവതകളിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവിധം എല്ലുനുറുക്കിയ പീഡാനുഭവങ്ങള്‍ ജയിലറയില്‍ നിന്ന് ഏറ്റുവാങ്ങിയ ആയിരങ്ങള്‍. കുടുംബം നഷ്ടപ്പെട്ടവര്‍, ഇടങ്ങള്‍ നഷ്ടപ്പെട്ടവര്‍. അതിന്റെ ഇരകളല്ല ഇന്ദിരയുടെ ഘാതകരായത്. പകരം ഭിന്ദ്രന്‍വാലയെ നേരിടുന്നതിനു സ്വീകരിച്ച വഴികളായിരുന്നു. ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും ഇന്ദിരയായിരുന്നു. അതിനു രാജ്യം വലിയ വിലകൊടുക്കേണ്ടിവന്നു. അവസാനം അതു നേരിടുന്നതിനു സുവര്‍ണക്ഷേത്രത്തിലേക്ക് പട്ടാളത്തിനു കയറേണ്ടിവന്നു. ബ്ളൂസ്റ്റാറിന് ഇന്ദിരാഗാന്ധിക്ക് അവരുടെ ജീവന്‍ നല്‍കേണ്ടിവന്നു. എല്ലാം ചരിത്രത്തിന്റെ ഭാഗം. കൊലപാതകി സിക്ക് മതത്തില്‍പ്പെട്ടവനായതുകൊണ്ട് എല്ലാ സിക്കുകാരും ഉത്തരവാദികളെന്ന മട്ടിലായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍. ഒരു പരിഷ്കൃത സമൂഹത്തിനും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഭീകരാനുഭവമാണ് സിക്ക് സമുദായത്തിനു നേരിടേണ്ടിവന്നത്. ഒരു സമുദായത്തിന്റെ ഉണങ്ങാത്ത മുറിവുകളുടെ കുത്തിയൊഴുക്കായിരുന്നു കാല്‍ നൂറ്റാണ്ടിനുശേഷം രാജ്യസഭയിലെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ കണ്ടത്.

പാര്‍ലമെന്റ് ഹൌസില്‍നിന്നു ഞങ്ങള്‍ താമസിക്കുന്ന വിപി ഹൌസിലേക്ക് നടക്കാനുള്ള ദൂരമേയുള്ളു. ആ വഴിയിലൂടെ മരണം കണ്ട് നടന്ന അനുഭവം വിജയരാഘവന്‍ പങ്കുവച്ചു. തലപ്പാവും താടിയുമുള്ളവരുടെ തലയറുത്തെടുത്ത് ഉന്മാദനൃത്തം ചവിട്ടിയ അഹിംസാവാദികള്‍. വന്‍മരം വീണാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് രാജീവ്ഗാന്ധി ഈ കാടത്തത്തെ ന്യായീകരിച്ചതും മറക്കാനാവില്ല. അതിനെ തലവാചകമാക്കി എന്‍ എസ് മാധവന്‍ എഴുതിയ കഥ ഓര്‍ക്കാന്‍പോലും കഴിയാത്തവിധം ഭയാനകമായ കാലത്തെ വരച്ചിടുന്നു. ഇന്ദിരയുടെ ഭൌതികശരീരം കാണുന്നതിന് തീന്‍മൂര്‍ത്തിഭവനില്‍ പോയ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ വരെ ആക്രമിക്കാന്‍ അന്നു ശ്രമിച്ചു. യഥാര്‍ഥത്തില്‍ അതൊരു കലാപമായിരുന്നില്ല. വംശഹത്യയായിരുന്നു. വാക്കുകള്‍ക്ക് കൃത്യമായ അര്‍ഥതലങ്ങളുണ്ട്. വാക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് മധുസൂദനന്‍നായര്‍ എഴുതിയ കവിത ഒരു കാലത്ത് ക്യാമ്പസുകളുടെ ഹരമായിരുന്നു. കലാപത്തില്‍ രണ്ടു വിഭാഗമുണ്ടായിരിക്കണം. ഇവിടെ സിക്കുകാര്‍ കൊല്ലപ്പെടുന്നവര്‍ മാത്രമായിരുന്നു. അതുകൊണ്ട് ഇത് വംശഹത്യയാണ്. ഗുജറാത്തിനെയും കലാപത്തിന്റെ അര്‍ഥതലങ്ങളിലേക്ക് ഒതുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും വാക്കുകളുടെ ബോധപൂര്‍വമായ പ്രയോഗത്തിലൂടെ കുറ്റവാളികളെ നിരപരാധികളാക്കി ചരിത്രത്തിലേക്ക് നല്‍കാന്‍ കഴിയും.

ബാബറി പള്ളി തകര്‍ത്തതിനെ കുറിച്ച് അന്വേഷിച്ച കമീഷനാണ് ലിബര്‍ഹാനെന്നാണ് പലരും കരുതുന്നത്. എന്നാല്‍, ഔദ്യോഗിക രേഖകളില്‍ അത് രാമജന്മഭൂമി- ബാബറി പള്ളി തര്‍ക്കമന്ദിരം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച കമീഷനാണ്. 1992നു മുമ്പു തന്നെ ഉത്തരേന്ത്യയിലെ മാധ്യമങ്ങളില്‍നിന്ന് ബാബറിപള്ളി എന്ന വാക്ക് അപ്രത്യക്ഷമായിരുന്നു. അതിനു പകരം തര്‍ക്കമന്ദിരം എന്ന പദം ബോധപൂര്‍വം ഉപയോഗിക്കാന്‍ തുടങ്ങി. തര്‍ക്കമുള്ള മന്ദിരം തകര്‍ക്കപ്പെടുന്നത് സ്വാഭാവികമെന്ന അവബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പള്ളി തകര്‍ത്തതിനെക്കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ടില്‍ മിക്കവാറും മാധ്യമങ്ങള്‍ തര്‍ക്കമന്ദിരമെന്നാണ് പ്രയോഗിച്ചത്. എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥ അസ്വസ്ഥതയുളവാക്കുംവിധം ഈ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട്.

രാജ്യസഭയിലെ ചര്‍ച്ചയിലെ പ്രധാന വിഷയം സിക്ക് വംശഹത്യയുടെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടാത്തതും ഇരകള്‍ക്ക് ആശ്വാസം അര്‍ഹിക്കുംവിധം ലഭിക്കാത്തതുമായിരുന്നു. എട്ടു കമീഷനുകളാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്. നിഷേധിക്കാനാവാത്ത തെളിവുകളോടെ കുറ്റവാളികളെന്ന് കണ്ടെത്തിയ ജഗദീഷ് ടൈറ്റ്ലറും സതീഷ് ശര്‍മയും അധികാരത്തിന്റെ ഉന്നതികളിലേക്ക് നടന്നുകയറിയപ്പോള്‍ ജീവിതം നഷ്ടപ്പെട്ടവര്‍ അവഗണിക്കപ്പെട്ടു. അങ്ങനെയെങ്കില്‍ എന്തിനാണ് ജുഡീഷ്യല്‍ കമീഷനുകള്‍. വിരമിച്ച ന്യായാധിപന്‍മാര്‍ക്ക് ശിഷ്ടകാലം പ്രതാപങ്ങളോടെ ജീവിക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നതിനോ? ലിബര്‍ഹാന്‍ കമീഷന്‍ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി രസകരമായ പരാമര്‍ശം നടത്തുകയുണ്ടായി. രാജ്യത്ത് രണ്ടു തരത്തിലുള്ള ന്യായാധിപന്‍മാരാണ് ഉള്ളത്. ഒരു വിഭാഗം നിയമം അറിയുന്നവര്‍. രണ്ടാമത്തെ വിഭാഗം നിയമമന്ത്രിയെ അറിയുന്നവര്‍. ജെയ്റ്റ്ലി തന്നെയാണ് ഇതു പറയാന്‍ യോഗ്യന്‍. എന്‍ഡിഎ ഭരണകാലത്ത് നിയമമന്ത്രിയായിരുന്ന ജെയ്റ്റ്ലിക്ക് ഇത് നന്നായി അറിയാമെന്ന് അന്നത്തെ നിയമന സന്ദര്‍ഭങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷമാണ് ലിബര്‍ഹാന്‍ കമീഷനായി ചടഞ്ഞിരുന്നത്. അതിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയാന്‍ ആരും പാഴൂര്‍ പടിപ്പുര വരെ പോകുന്നില്ല.

അന്വേഷണ കമീഷന്‍ നിയമ പ്രകാരമാണ് ഇവയെല്ലാം രൂപീകരിക്കുന്നത്. റിപ്പോര്‍ട് സര്‍ക്കാരിനു സമര്‍പ്പിച്ചാല്‍ ആറുമാസത്തിനകം നടപടി റിപ്പോര്‍ട് സഹിതം സഭയുടെ മേശപ്പുറത്ത് വെക്കണമെന്നതാണ് ചട്ടം. എന്നാല്‍, പലപ്പോഴും റിപ്പോര്‍ട് സമര്‍പ്പണം തന്നെ വല്ലാതെ വൈകും. ചിലപ്പോള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോഴായിരിക്കും സഭയില്‍വെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്. നടപടി റിപ്പോര്‍ടുകള്‍ മിക്കവാറും പ്രഹസനമായിരിക്കും. ലിബര്‍ഹാന്‍ റിപ്പോര്‍ടിന്റെ നടപടി റിപ്പോര്‍ട് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
മുംബൈ കലാപത്തെ കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട് എന്തു കോലാഹലമാണുണ്ടാക്കിയത്. ഇപ്പോള്‍ ആരും അതൊന്നും ഓര്‍ക്കുന്നില്ല. ആ കമീഷന്‍ റിപ്പോര്‍ടില്‍ താക്കറെയും ശിവസേനയും പ്രതിക്കൂട്ടിലാണ്. അതേ താക്കറെയും ശിവസേനയും ലിബര്‍ഹാന്‍ റിപ്പോര്‍ടിലും പ്രതിക്കൂട്ടിലുണ്ട്. ആദ്യത്തേതിന് അര്‍ഹമായ ശിക്ഷ കിട്ടിയിരുന്നെങ്കില്‍ തനിയാവര്‍ത്തനമാകുമായിരുന്നോ?

ഏതു സംഭവങ്ങളുണ്ടാകുമ്പോഴും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരും. എന്നാല്‍, അതേ ശക്തി റിപ്പോര്‍ട് വരുന്ന സന്ദര്‍ഭങ്ങളിലെ പ്രതികരണത്തിന് ഉണ്ടാകാറില്ല. അത് സ്വാഭാവികവുമാണ്. പ്രശ്നത്തിന്റെ വൈകാരികാനുഭവം ദുര്‍ബലമാക്കിയെന്ന് ഉറപ്പായി കഴിയുമ്പോഴായിരിക്കും റിപ്പോര്‍ടുകള്‍ വരുന്നത്. റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ വൈകുന്നതിനും ഈ ലക്ഷ്യം കൂടിയുണ്ടായിരിക്കാം. മനുഷ്യന്‍ എളുപ്പം മറക്കുന്നവനാണ്. മറവികള്‍ക്കെതിരായ ഓര്‍മകളുടെ വീണ്ടെടുക്കലായി കൂടി രാഷ്ട്രീയത്തെ കണ്ട മിലന്‍ കുന്ദേരയുടെ വാക്കുകള്‍ പ്രസക്തം. എത്ര കോടി രൂപയാണ് ജുഡീഷ്യല്‍ കമീഷനുകള്‍ക്കായി ചെലവഴിക്കുന്നത്. ഇതെല്ലാം പാഴ്ച്ചെലവായി കണ്ട് ഇനി കമീഷനുകള്‍ വേണ്ടെന്നു വെക്കാം! എന്നാല്‍, അതല്ല പരിഹാരം. എല്ലാ കമീഷനുകള്‍ക്കും സമയപരിധി കര്‍ശനമാക്കണം. കാലാവധി നീട്ടിക്കൊടുക്കലുകള്‍ക്ക് അവസാനമുണ്ടാകണം. നടപടി റിപ്പോര്‍ടുകളെയും അതിന്‍മേല്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചും മൂര്‍ത്തമായ വ്യവസ്ഥകളുണ്ടായിരിക്കണം. ഫലത്തില്‍ ഇന്നുള്ള നിയമവും രീതികളും പൊളിച്ചെഴുതണം.

ഡല്‍ഹി, മുംബൈ, അയോധ്യ, ഗുജറാത്ത് ഇവയൊന്നും സ്ഥലനാമങ്ങള്‍ മാത്രമല്ല. ഇവിടെയൊക്കെ നഷ്ടപ്പെട്ടതിന് ഒന്നുകൊണ്ടും പകരം വയ്ക്കാനാവില്ല. ഏറ്റുവാങ്ങേണ്ടിവന്ന അപമാനത്തിന് എങ്ങനെയാണ് വിലയിടുന്നത്? എത്ര ശക്തമായ കമീഷനും നിയമവ്യവസ്ഥക്കും ഇതൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, തങ്ങളുടെ വേദനകള്‍ കേള്‍ക്കാന്‍ കാതുണ്ടെന്ന് കരുതാന്‍, ഇരകള്‍ക്ക് നീതിയും കുറ്റവാളികള്‍ക്ക് ശിക്ഷയും ഉള്ള പരിഷ്കൃത സമൂഹമാണ് നമ്മുടേതെന്ന് ചിന്തിക്കാന്‍, സമൂഹത്തിന്റെ ചിന്തയില്‍ മാറ്റത്തിന്റെ ചെറിയ കനല്‍ത്തരികളെങ്കിലും വിതറാന്‍ അന്വേഷണ കമീഷനുകള്‍ക്ക് കഴിയേണ്ടതല്ലേ?

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...