കേട്ടോ നാത്തൂനേ.
ഞാന്‍ ഇന്നലെ നമ്മുടെ രമണീടെ വീട്ടിലൊന്നുപോയി. വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അവിടെ ഒരു ഫോണ്‍ വന്നു. രമണിയുടെ ഭര്‍ത്താവിനായിരുന്നു ഫോണ്‍. അങ്ങേര് ഫോണ്‍ അറ്റന്റു ചെയ്തു. റിസീവര്‍ വച്ചിട്ട് സന്തോഷത്തോടെ വിളിച്ചുകൂവി. "രമണീ നമ്മുടെ സുദേവന് പ്രമോഷന് കിട്ടി. സുദേവന് പ്രമോഷന്''. ആള് വല്ലാത്ത സന്തോഷത്തിലായി. ആകെ ഒരുന്മേഷം. സന്തോഷത്തോടെ അട്ടഹസിച്ച് പുറത്തേക്കു പോയി. പക്ഷെ രമണിക്ക് ആകെ ഒരു വിഷമം.
"ഈശ്വരാ. വേണ്ടായിരുന്നു. അങ്ങേര്‍ക്ക് ഈ പ്രമോഷന് കിട്ടണ്ടായിരുന്നു'' രമണി പറഞ്ഞു.
"ഗുരുത്വക്കേട് പറയാതെ രമണീ. മറ്റൊരാള്‍ക്ക് ഒരു നേട്ടം വരുമ്പോള്‍ നമ്മള് സന്തോഷിയ്ക്കണ്ടേ. ദാ...രമണീടെ ഭര്‍ത്താവ് ഇതറിഞ്ഞ് എന്തുമാത്രം ഉത്സാഹത്തിലാണ്. എത്ര മാത്രം സന്തോഷിക്കുന്നു.'' എന്ന് ഞാന്‍.
ഉടനെ രമണി പറയുകയാണ്.
"അതുകൊണ്ടാണ് ഞാന്‍ വിഷമിക്കുന്നത്. നോക്ക്. എന്റെ ഭര്‍ത്താവ് സന്തോഷിക്കുകേം തുള്ളിച്ചാടുകേം ചെയ്യുന്നതിന്റെ കാര്യമെന്താണെന്നറിയാമോ? പ്രമോഷന് കിട്ടിയതിന്റെ പേരില്‍ സുദേവന്സാറ് ഒരു പാര്‍ടി നടത്തും. മദ്യപ്പാര്ടി. ആ പാര്‍ട്ടിയെക്കുറിച്ച് ഓര്‍ത്താണ് പുള്ളിക്കാരന്റെ സന്തോഷം. എന്റെ സങ്കടവും''
അല്ല നാത്തൂനേ ഞാനിത് ഓര്‍ക്കാന്‍ കാരണം പത്രങ്ങളില്‍ ഈ വര്‍ഷത്തെ ഓണക്കണക്കു വായിച്ചിട്ടാണ്. അതെ കുടിക്കണക്ക്. ഓണം സീസണില്‍ മലയാളികള്‍ മദ്യപിച്ചു തള്ളിയതിന്റെ കണക്ക്. കഴിഞ്ഞ ഓണത്തിനും കൂടി കണക്കുണ്ടായിരുന്നു. നമ്മള് അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ കൂടി ഈ വര്‍ഷത്തെ മോന്തലിന്റെ മുന്നില്‍ അടിപെട്ടുപോയി. ഇടിവെട്ടു കുടിയായിരുന്നു. ഈ വര്‍ഷത്തെ മോന്തലിന്റെ മുന്നില്‍ അടിപെട്ടുപോയി. ഇടിവെട്ടുകൂടിയായിരുന്നു. ഈ വര്‍ഷത്തെ ഓണം സീസണിലെ ഏഴുദിവസങ്ങളില്‍ കുടിച്ച് കരളുരുക്കിയത് 126.07 കോടിയ്ക്കാണത്രേ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിന്റെ വര്‍ധന.
നോക്ക് നാത്തൂനേ, ആഗോളവിപണി തലകുത്തനെ താഴെപ്പോയെങ്കിലെന്ത്, അമേരിക്കയുള്‍പ്പെടെയുള്ള അടിപൊളിരാജ്യങ്ങള് സാമ്പത്തികമാന്ദ്യത്തിലായെങ്കിലെന്ത്. ഷെയര്‍ വാങ്ങിക്കൂട്ടിയിരുന്നവര് കയര്‍ അന്വേഷിച്ച് ഓടുന്നെങ്കിലെന്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് റിയാലിറ്റിഷോ പോലെ സത്യമാണോ സങ്കല്പ്പമാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയില്‍ അന്ധാളിച്ച് നിന്നെങ്കിലെന്ത് കുടിയെ ഒരു മാന്ദ്യതയ്ക്കും കെടുത്താന്‍ സാധിച്ചില്ല. വടക്കന്‍ മലയാളിയും മധ്യമലയാളിയും തെക്കന്മലയാളിയും തുല്യതയോടെ കുടിച്ചുവെന്നാണ് വാര്‍ത്തകള്‍. പ്രാദേശികഭേദമില്ലാതെ, മന്നവനും മാനവനും 'അളിയനും അഴിയനും' ആകുന്ന ഈ കുടി എത്ര കുടികളുടെ ഓണമായിരിക്കും കെടുത്തിയതെന്ന് കുടിച്ചവരും കൂടിയവരും അറിയുന്നില്ല. ഓണത്തിന് വേച്ചു വേച്ച് കയറിവരുന്ന ഗൃഹനാഥനെക്കണ്ട് പേടിച്ച് ഞെട്ടുന്ന കണ്ണുകള്‍. ഭാര്യയുടെ കണ്ണുകളുണ്ട്. മകന്റെ കണ്ണുകളുണ്ട്. മകളുടെ കണ്ണുകളുണ്ട്. ഓണം വരുമ്പോഴും ഉണ്ണി പിറക്കുമ്പോഴും ആ കണ്ണുകള്‍ക്ക് ആധിയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും കുടിയ്ക്കും. ചില വീടുകളില്‍ ആടിയുലഞ്ഞെത്തുന്നത് മകനാണ്.
"നീ എന്തുകൊണ്ട് എന്നെ കണ്ട് പഠിച്ചില്ല മോനേ? '' എന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കാന്‍ അച്ഛന് ആത്മവിശ്വാസം കിട്ടുന്നില്ല.
“അച്ഛനെ കണ്ടാണ് ഞാനിത് പഠിച്ചത്'' എന്നായിരിക്കും പലപ്പോഴും പുതിയ തലമുറയുടെ ശബ്ദം. അച്ഛന് മറുപടിയില്ല.
കുടിയെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ വിചിത്രങ്ങളായ പല അറിവുകളിലേക്കും നമ്മള് ചെന്നെത്തും നാത്തൂനേ.
കമ്പനിക്ക് വേണ്ടി കുടി
പല കുടിയന്മാരുടെയും ഏറ്റവും നല്ല ഒഴിവുകഴിവാണിത്. ഒന്നു കമ്പനി കൂടി എന്നാണ് പറയുക. ആദ്യം കമ്പനിയോടൊപ്പം വെറുതേ കൂടും. പിന്നെ കുടിച്ചു തുടങ്ങും. പിന്നെപ്പിന്നെ കുടിക്കാന്‍ വേണ്ടി കമ്പനി കൂടും. ക്രമേണ കുറിക്കമ്പനി എന്നൊക്കെ പറയുമ്പോലെ കുടിക്കമ്പനിയാകും. ഒരു കഥയുണ്ടല്ലോ. ഒരാള്‍ എന്നും മദ്യഷോപ്പില്‍ ചെല്ലും. രണ്ടു ഗ്ളാസില്‍ മദ്യം വാങ്ങും. ഒന്നെനിക്ക്. ഒന്നെന്റെ സുഹൃത്ത് രമേഷിന്. രമേഷ് ഇപ്പോള്‍ ഡെല്‍ഹിയിലാണ്. എന്നാലും അവന്റെ ഒരു സാന്നിധ്യം കിട്ടാന്‍ വേണ്ടി അവനു വേണ്ടി ഞാന്‍ കുടിക്കുന്നു. കുറേക്കാലം ഇത് തുടര്‍ന്നു. ഒരു ദിവസം ആശാന് ഒരു ഗ്ളാസ് മദ്യമാണ് ഓര്‍ഡര്‍ ചെയ്തത്. "എന്തു പറ്റി'' എന്ന് കടക്കാരന്.
"അല്ല ഞാന്‍ കുടി നിര്‍ത്തി. പക്ഷെ അവന് നിര്‍ത്തിയില്ല''
കമ്പനികൂടി കുടിക്കുമ്പോള്‍ ഓരോ കമ്പനി അംഗത്തിന്റെയും വീട്ടുകാര്‍ മറ്റംഗങ്ങളെ ശപിക്കും. "അയാളോട് കൂട്ടുകൂടിയതു മുതലാണ് നാശം തുടങ്ങിയത്..'' അയാളുടെ വീട്ടിലും ഇതു തന്നെ പറയും. വീട്ടുകാര്‍ക്ക് ശപിക്കാനും കരയാനും കുറ്റപ്പെടുത്താനുമൊക്കെയേ കഴിയാറുള്ളൂ. കുഴപ്പം മറ്റവരില്‍ ആരോപിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ നന്മയെക്കുറിച്ച് കൃത്രിമമായെങ്കിലും പാവത്തിന് ഒരാശ്വാസം.
ഒറ്റയാന്കുടി
ചില മദ്യപാനികള്‍ ഒറ്റയാന്മാരാണ്. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന മതക്കാരാണിവര്‍. നമ്മുടെ ഉള്ളതും ഇല്ലാത്തതും നമ്മള് മാത്രം അറിഞ്ഞാല്‍ മതിയല്ലോ എന്ന ചിന്ത. ഒറ്റയാന്മാര് ഓടയില്‍ കിടപ്പുകാരുംകൂടിയാണ്. അങ്ങനെ ഒരാള്‍ ഓടയില്‍ കിടക്കുമ്പോള്‍ പെട്ടെന്ന് ഒരു മിന്നല്വീശി. തുടര്‍ന്ന് മഴയും പെയ്തു. അയാളുടെ ആത്മഗതം "കമലാക്ഷീ, ആദ്യം നീയെന്റെ ഫോട്ടോ എടുത്തു. എന്നിട്ടിപ്പോള്‍ കുടത്തിലെ വെള്ളം മുഴുവന്‍ ദേഹത്ത് ഒഴിക്കുകയും ചെയ്യുന്നു അല്ലേ?''
മക്കളും അളിയന്മാരുമൊക്കെ വന്നാണ് തോടിലും ഓടയിലുമൊക്കെ കിടക്കുന്ന കുടികിടപ്പുകാരെ വീട്ടിലെത്തിക്കുന്നത്. കരയാനും ശപിക്കാനുമൊക്കെയേ അവിടെയും ഭാര്യക്ക് കഴിയുന്നുള്ളൂ.
കാരണമുണ്ടാക്കിക്കുടി
മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങാ വീഴുന്നു എന്ന ഉദാഹരണം വാസ്തവത്തില്‍ കുടിയോട് ബന്ധപ്പെട്ടായിരിക്കും ജന്മം കൊണ്ടത്. കുടിക്കാനായി ഒരു കാരണമന്വേഷിച്ചിരിക്കുന്നവരാണ് പലരും. കിട്ടുന്നതെന്തും കാരണമാക്കി മാറ്റിയെടുക്കുക എന്ന കലയില്‍ ഉസ്താദുമാരാണ് ഇവര്‍. വിവാഹം, പാലുകാച്ച്, നൂലുകെട്ട്, പരീക്ഷപാസാകല്‍, പരീക്ഷയിലെ തോല്‍വി, പ്രമോഷന്, പ്രമോഷന് കിട്ടാതിരിക്കല്‍, ഓണം, ക്രിസ്തുമസ്, സംക്രാന്തി...അത് ഇത് മറ്റത് മറിച്ചത്....തുടങ്ങി ഏതും കാരണം തന്നെ....അടിയന്തിരങ്ങള്‍ ഇവരെ സംബന്ധിച്ച് കുടിയന്തിരങ്ങളാണ്.
മരുന്ന്
കുടിനിര്‍ത്തല്‍ മരുന്നും ചികിത്സയുമൊക്കെ ഉണ്ടെന്ന് പറയുന്നു. ശാസ്ത്രീയരീതിയില്‍ കൈകാര്യം ചെയ്താല്‍ കുടിയില്‍ നിന്ന് മോചിപ്പിക്കാമത്രേ. അങ്ങനെയൊരു ചേട്ടന്റെ കുടിമാറ്റാന് പാവം ഭാര്യ എല്ലാ മാര്‍ഗവും പരീക്ഷിച്ചു. മരുന്ന്, മന്ത്രം, തന്ത്രം, കരച്ചില്, കാലുപിടിക്കല്‍, ആത്മഹത്യാഭീഷണി തുടങ്ങി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചു. "നീ ക്ഷമി സരോജിനി. പറ്റിപ്പോയി. ഇല്ല. ഇനി മുതല്‍ ഞാന്‍ മദ്യപിക്കില്ല''. എന്ന അഖിലലോക മദ്യപരുടെ സ്ഥിരം വാചകം ഉരുവിട്ട് വേച്ച്വേച്ച് ചെന്ന് കട്ടിലില്‍ വീഴും. തന്റെ പെങ്ങളുടെ കണ്ണീരും കടവുമൊക്കെ കണ്ട് സരോജിനിയുടെ സഹോദരനും പിടിവിട്ടുപോയി. ഒരു ദിവസം രാവിലെ അളിയന് വീട്ടില്‍ വന്നു.
"അളിയാ''
"എന്തളിയാ'' തലേന്ന് രാത്രിയിലെ കെട്ട് വിട്ടിരുന്നു. ഓഫീസില്‍ പോകാനുള്ള ഒരുക്കമാണ്. "അളിയാ, എത്ര കാലമായി ഞങ്ങള്‍ കാലുപിടിച്ച് അപേക്ഷിക്കുന്നു. കുടിയ്ക്കരുത് കുടിയ്ക്കരുതെന്ന്. മദ്യപിക്കുന്നതും പോരാഞ്ഞ് ഭാര്യയെയും പിള്ളാരെയും തല്ലുന്നു. വീട്ടുചിലവ് നടത്തുന്നില്ല....''
"ദേദേദേ....നിങ്ങടെ പെങ്ങളെ ഞാന്‍ താലി കെട്ടി ശരി തന്നെ. പക്ഷെ അധികാരം കാണിക്കാന്‍ വരണ്ട കെട്ടോ''
ക്ഷമ എന്ന സാധനത്തിന് നെല്ലിപ്പലക എന്നൊരു അവസാന പലകയുണ്ടെന്നും അതു പൊട്ടിപ്പോകുമെന്നും ആ പ്രദേശത്തിന് മനസ്സിലായത് അപ്പോഴായിരുന്നു. "ഠേഠേഠേഠേ'' എന്നിങ്ങനെയുള്ള ഒച്ചയാല്‍ പരിസരം പ്രകമ്പനം കൊണ്ടു. "പടക്കം പൊട്ടുന്നല്ലോ. ക്രിസ്തുമസ് നേരത്തെ വന്നോ?'' എന്ന് തൊട്ടുമുന്നിലെ റോഡിലൂടെ പോയ ഒരു യാത്രക്കാരന് സഹയാത്രികനോട് നിഷ്കളങ്കനായി അന്വേഷിച്ചു.
വെടിശബ്ദം കേട്ടിടത്തേക്ക് ആളുകള്‍ ഓടിവന്നു. വെടിയല്ല വെടിസമാനമായ അടിയാണെന്ന് കൂടിയവര്‍ തിരിച്ചറിഞ്ഞു. "അടി നിര്‍ത്താന്‍ അടിയ്ക്കേണ്ടി വന്നു'' എന്ന് ആങ്ങള ചുറ്റും നിന്നവരോട് പറഞ്ഞു.
വൈകുന്നേരം ആശാന്റെ മൊബൈല്‍ ശബ്ദിച്ചു. ബാറില്‍ നിന്നും പതിവുകമ്പനിയുടെ വിളിയാണ്.
"പ്രകാശ നീ എവിടെ? ഹാ...നീ വരാന്‍ വേണ്ടി കാത്തിരിയ്ക്കുകാ....''
"ഞാന്‍ വീഴ്ടില്ല...വഴുന്നില്ല..''
"അയ്യോടാ....അതു ശരി. ഇന്ന് വീട്ടിലിരുന്ന് വീശിയോ? നാവ് കുഴയുന്നല്ലോ....''
"അഴ്ല്ല. പല്ലുപോയതിന്റെ പ്രശ്നമാണ്. ഏഴു പല്ലുപോയി. അഴിയന് അഴിച്ച് കൊഴിച്ചു കഴഞ്ഞു. വാ തുഴക്കാന് വയ്യ....പിന്നൊരു കാഴ്ര്യം. ഇനി ഞാന്‍ അങ്ങോട്ടില്ല....കുടിച്ചാല്‍ മാത്രം പോരല്ലോ..ചവയ്ക്കുകയും വേണ്ടേ. അതിന് പല്ലു വേണം. ബാക്കിയുള്ള പല്ല് എനിക്ക് സംരക്ഷിക്കണം. ഗുഡ് ബൈ...''
*
കൃഷ്ണപൂജപ്പുര, കടപ്പാട്: സ്ത്രീ സപ്ലിമെന്റ്
Wednesday, September 24, 2008
Subscribe to:
Post Comments (Atom)
4 comments:
നോക്ക് നാത്തൂനേ, ആഗോളവിപണി തലകുത്തനെ താഴെപ്പോയെങ്കിലെന്ത്, അമേരിക്കയുള്‍പ്പെടെയുള്ള അടിപൊളിരാജ്യങ്ങള് സാമ്പത്തികമാന്ദ്യത്തിലായെങ്കിലെന്ത്. ഷെയര്‍ വാങ്ങിക്കൂട്ടിയിരുന്നവര് കയര്‍ അന്വേഷിച്ച് ഓടുന്നെങ്കിലെന്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് റിയാലിറ്റിഷോ പോലെ സത്യമാണോ സങ്കല്പ്പമാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയില്‍ അന്ധാളിച്ച് നിന്നെങ്കിലെന്ത് കുടിയെ ഒരു മാന്ദ്യതയ്ക്കും കെടുത്താന്‍ സാധിച്ചില്ല. വടക്കന്‍ മലയാളിയും മധ്യമലയാളിയും തെക്കന്മലയാളിയും തുല്യതയോടെ കുടിച്ചുവെന്നാണ് വാര്‍ത്തകള്‍. പ്രാദേശികഭേദമില്ലാതെ, മന്നവനും മാനവനും 'അളിയനും അഴിയനും' ആകുന്ന ഈ കുടി എത്ര കുടികളുടെ ഓണമായിരിക്കും കെടുത്തിയതെന്ന് കുടിച്ചവരും കൂടിയവരും അറിയുന്നില്ല.
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന
fozhamazhiyaa. namazhkkaaram.kizhna poozhappuzha kollzhaam kezhtta
നിങ്ങളില്‍ കല്ലെറിയാത്തവര്‍ പാപം ചെയ്യട്ടെ
:)
കേരളത്തിൽ വളർന്നുവരുന്ന അടുത്ത തലമുറയെ എങ്കിലും നാശത്തിൽ നിന്ന് രക്ഷിയ്ക്കാൻ ഏതെങ്കിലും സർക്കാർ,എന്തെങ്കിലും ചെയ്തെങ്കിൽ എന്നാഗ്രഹിയ്ക്കാറുണ്ട്.
എകസൈസിൽ നിന്നുള്ള വരുമാനം ജീവരക്തം തന്നെയാകുമ്പോൾ,അതിനൊക്കെ ആരു പുറപ്പെടാൻ!
Post a Comment