Sunday, May 24, 2009

തെരഞ്ഞെടുപ്പ് ഫലവും പ്രചാരവേലയും

ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇടതുപക്ഷത്തിന് ഭാവിയില്‍ മുന്നേറുന്നതിന് ആവശ്യമാണ്. രാജ്യത്താകെയുണ്ടായ പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് കഴിഞ്ഞ ദിവസം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലുള്ളത്. പാര്‍ടിയാകെ നടത്തുന്ന പരിശോധനയെയും തീരുമാനങ്ങളെയും പ്രാധാന്യത്തോടെയാണ് ആളുകള്‍ കാണുന്നത്. സിപിഐ എം ശക്തിപ്പെടണമെന്ന ആഗ്രഹമാണ് മതനിരപേക്ഷ ശക്തികള്‍ക്കും സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്കുമുള്ളത്.

കേരളത്തിലെ പരാജയവും കനത്തതാണ്. അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ് കേരളത്തിലുള്ളത്. 1977ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ പ്രാധാന്യമുള്ളതായിരുന്നു. കോണ്‍ഗ്രസിന്റെ അധികാരക്കുത്തക കേന്ദ്രത്തില്‍ തകര്‍ന്ന തെരഞ്ഞെടുപ്പില്‍ കേരളം ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയൊപ്പം അണിനിരക്കുകയാണ് ചെയ്തത്. മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ അന്ന് ഇടതുപക്ഷത്തിനായില്ല. ജനാധിപത്യക്കുരുതിയുടെ ഭീകരാനുഭവങ്ങളേക്കാളും മാധ്യമങ്ങള്‍ വിളമ്പി നല്‍കിയ വിശേഷങ്ങളാണ് ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയത്. രാജ്യത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ആ വിധിയെഴുത്ത്. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്റെ പരിമിതികള്‍ പുറത്തുകൊണ്ടുവന്ന മറ്റൊരു സന്ദര്‍ഭമായിരുന്നു വിമോചനസമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും വോട്ടിങ് ശതമാനവും വര്‍ധിച്ചിട്ടും വലതുപക്ഷ ശക്തികള്‍ വിജയിച്ചു. കേരളത്തിന്റെ ദിശയെ മാറ്റുംവിധമുള്ള പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച 57ലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയബലാബലത്തില്‍ ദീര്‍ഘകാലത്തേക്ക് സൃഷ്ടിക്കാന്‍ ഇടയുള്ള ഗുണപരമായ മാറ്റം മുന്‍കൂട്ടിക്കണ്ട് വലതുപക്ഷശക്തികള്‍ നടത്തിയ വിമോചനസമരം സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇടതുപക്ഷത്തിനുള്ള വോട്ട് വര്‍ധിച്ചാലും ശത്രുക്കള്‍ ഒന്നിച്ചുനിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്ന പാഠം ആദ്യമായി നല്‍കിയത് ആ തെരഞ്ഞെടുപ്പായിരുന്നു. 2001ലെ നിയമസഭാതെരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ജാതിമത സാമുദായികശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്നത് ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിലേക്ക് നയിച്ചു. ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അംഗബലത്തിലൊന്നാണ് യുഡിഎഫിന് ആ തെരഞ്ഞെടുപ്പിലുണ്ടായത്.
ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താന്‍ കഴിയുംവിധം പുതിയ സമീപനം സ്വീകരിക്കണമെന്ന് പാര്‍ടി നിശ്ചയിച്ചത്. അടിസ്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സഹായകമായ സമീപനം സ്വീകരിക്കാനും ശ്രമിച്ചു. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ആരംഭിച്ച മാറ്റത്തിന്റെ കാറ്റ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും വര്‍ധമാനമായ തോതില്‍ പ്രകടമായി. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ വിജയം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു.

അതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിനും ആഹ്ളാദിക്കാന്‍ കഴിയുന്നതല്ല ഇന്നത്തെ സാഹചര്യം. ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാലും വിജയിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സാഹചര്യം. എണ്‍പതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ പൊന്നാനിയില്‍ ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വോട്ടുചെയ്തവരില്‍ നല്ലൊരു പങ്കും നേരെ തിരിച്ച് വോട്ടുചെയ്തതുകൊണ്ടല്ല പരാജയം നേരിടേണ്ടിവന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ വോട്ട് നേരെ പകുതിയായി കുറഞ്ഞിരിക്കുന്നു. ഇത് സ്വാഭാവികമായും യുഡിഎഫിനായിരിക്കും ചെന്നിട്ടുണ്ടാവുക. കമ്യൂണിസ്റ്റുകാര്‍ ഒഴികെ ആരുമായും കൂട്ടുകൂടുന്നതിനു മടിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ്. യുഡിഎഫിനോടുള്ള ശക്തമായ എതിര്‍പ്പുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ വരാതിരുന്ന ഒരു വിഭാഗം വര്‍ധിത വീര്യത്തോടെ പോളിങ് ബൂത്തിലെത്തിയിരുന്നു. സാധാരണഗതിയില്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്ന് കരുതിയ മതന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗവും ഇത്തവണ യുഡിഎഫിന് അനുകൂലമായാണ് നിലയുറപ്പിച്ചത്. ചിലര്‍ കരുതുന്നത് ഇത് പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണെന്നാണ്. പിഡിപിയുടെ പിന്തുണ എത്രമാത്രം സഹായകരമായിയെന്നത് വിശദമായി പരിശോധിച്ച് മനസിലാക്കേണ്ട കാര്യമാണ്.

എന്നാല്‍, ഭീകരതക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന മട്ടില്‍ മഅ്ദനിചരിതം തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ വിളമ്പിയ മാധ്യമങ്ങള്‍ ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യം പ്രസക്തമാണ്. അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭീകരതക്കെതിരായ യുദ്ധം അവസാനിച്ചോ? തെരഞ്ഞെടുപ്പിന് മുമ്പ് മഅ്ദനിയെ കാണാതിരുന്ന മാധ്യമങ്ങള്‍ പെട്ടെന്ന് ഉള്‍വിളിയുണ്ടായതുപോലെ മഅ്ദനി ഫോബിയ അഴിച്ചുവിട്ടത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചെന്നതാണ് പരിശോധിക്കേണ്ട ഭാഗം. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞത് അവഗണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മഅ്ദനിയെ പൊലീസ് ചോദ്യംചെയ്ത കാര്യംപോലും അന്നത്തെ വാര്‍ത്തയില്‍ ഒതുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

പിഡിപി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയത് സാമുദായിക രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വര്‍ഗീയ ശക്തികള്‍ ഭയന്നിരുന്നു. മുസ്ളിം സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹായമില്ലാതെ ആ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നതെന്നായിരുന്നു ഇക്കൂട്ടരുടെ പ്രചാരം. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മുസ്ളിം ന്യൂനപക്ഷം പൊതുവെ യുഡിഎഫിന് അനുകൂലമായത് ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ്. കേന്ദ്രത്തില്‍ ബിജെപി വരുമെന്ന ഭീതി അവസാനഘട്ടത്തില്‍ ശക്തിപ്പെട്ടിരുന്നു. തൂക്കു പാര്‍ലമെന്റില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാംമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പാര്‍ടികള്‍ സ്വീകരിക്കുന്ന നിലപാടാണ് എല്ലാവരും നോക്കിയിരുന്നത്. അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു സംവിധാനമാണ് അതെന്ന കാര്യം സാമാന്യജനം കണക്കിലെടുത്തിരുന്നില്ല. തെലുങ്കുദേശം, എഐഎഡിഎംകെ, ബിഎസ്പി എന്നിങ്ങനെയുള്ള പാര്‍ടികള്‍ ബിജെപിക്ക് ഒപ്പംപോയ ചരിത്രമുള്ളവയാണ്. ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിനു കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന ചിന്തയിലേക്കാണ് ഇതു നയിച്ചത്. വാജ്പേയി നയിച്ചിരുന്ന ബിജെപിയെ വര്‍ഗീയമായി വിലയിരുത്തുന്നതിനു മടിച്ചിരുന്നവര്‍പോലും അദ്വാനിയുടെ വരവിനെ ഭയത്തോടെ കണ്ടു. ലിബറല്‍ മുഖംമൂടി ധരിപ്പിച്ച് മറച്ചുവയ്ക്കുന്നതിനു കഴിയാത്തവിധം തിരിച്ചറിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ബാബറി പള്ളി പൊളിക്കുന്നതിനു നേതൃത്വം നല്‍കിയയാള്‍ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും പലര്‍ക്കുമായില്ല. ഈ സാഹചര്യത്തിലാണ് സാധ്യതയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് നരേന്ദ്രമോഡി കൂടി വരുന്നത്. ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന ഓര്‍മകളുടെ വീണ്ടെടുക്കലിന് ഇതു സഹായകരമായി. വരുണ്‍ ഗാന്ധിയുടെ വിവാദ പ്രസംഗം കത്തുന്ന തീയിലേക്ക് എണ്ണ ഒഴിച്ചതുപോലെയായി. ഇത്രയുമായപ്പോഴേക്കും ഒരു പരീക്ഷണത്തിനു തയ്യാറാകാത്ത മാനസികാവസ്ഥയിലേക്ക് മതനിരപേക്ഷ സമൂഹം എത്തി. ഇതാണ് കോണ്‍ഗ്രസിനു പിന്തുണ വര്‍ധിപ്പിച്ച പ്രധാന ഘടകം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റില്‍മാത്രം വിജയിച്ച യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിനു മികച്ച വിജയം നല്‍കിയ പ്രധാന ഘടകം ഇതാണ്. മറ്റു വഴികളൊന്നുമില്ലാത്ത ഗതികേടില്‍നിന്നാണ് ഒറ്റയ്ക്കു മത്സരിക്കുകയെന്ന സാഹസത്തിന് കോണ്‍ഗ്രസ് തുനിഞ്ഞത്. ബിഹാറില്‍ വോട്ട് വര്‍ധിച്ചതിലും ഇത് കാണാന്‍ കഴിയും. കേരളത്തിലെയും ബംഗാളിലെയും വിധിനിര്‍ണയത്തിലും ഇത് ഒരു പ്രധാന ഘടകമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരുന്നതും കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അനുവദിക്കാത്തവിധം വിവാദങ്ങള്‍ ബോധപൂര്‍വം കെട്ടഴിച്ചുവിട്ടിരുന്നു. ഒപ്പം നിന്നവരില്‍പോലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത്തരം തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിന് അത് സഹായകരമായിരിക്കും. എന്നാല്‍, ചിലരുടെ കണ്ടുപിടിത്തം പിണറായി വിജയന്‍ സെക്രട്ടറിയായതാണ് തോല്‍വിക്ക് കാരണമെന്നാണ്. രാജ്യത്തെ സിപിഐ എം തോല്‍വിക്ക് കാരണമായി പ്രകാശ് കാരാട്ടിനെയും ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പ്രകാശ് കാരാട്ട് രാജിവയ്ക്കണമോ എന്ന ചോദ്യം ഉയര്‍ത്തി വോട്ടെടുപ്പുതന്നെ സംഘടിപ്പിച്ച ദേശീയമാധ്യമങ്ങളും ഉണ്ട്.
വ്യക്തികളാണ് ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന വാദം നേരത്തെയും ചിലര്‍ ഉന്നയിച്ചിരുന്നു. വിജയിച്ചാല്‍ അത് ഒരാളുടെ നേട്ടവും തോറ്റാല്‍ മറ്റൊരാളുടെ കോട്ടവും എന്ന സമവാക്യം കേരളത്തില്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചുകാലമായി. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് പിണറായി പാര്‍ടി സെക്രട്ടറിയായതിനുശേഷമാണ് 2001ലെ നിയമസഭാതെരഞ്ഞെടുപ്പ് നടന്നത്. കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഏറ്റുവാങ്ങിയത്. അന്ന് ആരും സെക്രട്ടറിയാണ് കുഴപ്പക്കാരന്‍ എന്നു പറഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളിലേക്ക് പാര്‍ടിയെയും മുന്നണിയെയും നയിച്ചത് പിണറായി ആയിരുന്നെന്ന കാര്യവും ഇപ്പോള്‍ പലരും ഓര്‍ക്കുന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ, നിയമസഭാതെരഞ്ഞെടുപ്പുകളിലും മുന്നണിക്കുണ്ടായ വിജയം പിണറായിയെന്ന വ്യക്തിയുടെ മികവിന്റെ മാത്രം ഉല്‍പ്പന്നമാണെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. ആ വിലയിരുത്തല്‍ ഇപ്പോഴും ബാധകമാണ്.

2004ലെ നിയമസഭാതെരഞ്ഞെടുപ്പിലാണ് ലാവ്ലിന്‍ പ്രധാന വിഷയമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതിനു തെരഞ്ഞെടുപ്പ് കമീഷന്റെ പത്രസമ്മേളനം നടക്കുന്ന അതേ ദിവസംതന്നെയാണ് ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് പ്രധാന പ്രചാരണായുധമാക്കി യുഡിഎഫ് മാറ്റി. പക്ഷേ, കേരളം അതു തള്ളിക്കളഞ്ഞു. അന്നും മാധ്യമങ്ങള്‍ക്ക് ഇത് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ സിബിഐ കുറ്റപത്രം നല്‍കിയതിന്റെ രാഷ്ട്രീയവും ജനങ്ങള്‍ക്ക് മനസിലായിരുന്നു. അന്നത്തെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി മാധ്യമ പ്രചാരവേലയ്ക്ക് സഹായകരമായ സമീപനം എവിടെനിന്നെങ്കിലും ഉണ്ടായോ എന്നതു പരിശോധിക്കാവുന്നതാണ്. വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതെല്ലാം മാത്രമാണ് പരാജയത്തിന്റെ കാരണം എന്നു വിലയിരുത്തുന്നതും അബദ്ധമായിരിക്കും.

പാര്‍ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ പറ്റിയിട്ടുണ്ടോയെന്ന പരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടത്തുമെന്ന് പാര്‍ടിനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രധാനമാണ്. പരാജയങ്ങളില്‍ വീണു തകര്‍ന്നു കിടക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. പുതിയ സാഹചര്യത്തില്‍ കുറെക്കൂടി ശക്തമായ ഇടതുപക്ഷത്തെയാണ് രാജ്യം ആവശ്യപ്പെടുന്നത്. ഈ തിരിച്ചടിയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പാര്‍ടിക്ക് കഴിയുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ തോല്‍വിയില്‍ നിരാശപ്പെട്ട് തകരാതെ ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള ഊര്‍ജം നേടുന്ന പ്രക്രിയകളാണ് പാര്‍ടി നടത്തുന്ന പരിശോധനകളും തിരുത്തല്‍ പ്രക്രിയകളും.
*

പി രാജീവ് ദേശാഭിമാനി

13 comments:

വര്‍ക്കേഴ്സ് ഫോറം said...

പരാജയങ്ങളില്‍ വീണു തകര്‍ന്നു കിടക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. പുതിയ സാഹചര്യത്തില്‍ കുറെക്കൂടി ശക്തമായ ഇടതുപക്ഷത്തെയാണ് രാജ്യം ആവശ്യപ്പെടുന്നത്. ഈ തിരിച്ചടിയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പാര്‍ടിക്ക് കഴിയുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ തോല്‍വിയില്‍ നിരാശപ്പെട്ട് തകരാതെ ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള ഊര്‍ജം നേടുന്ന പ്രക്രിയകളാണ് പാര്‍ടി നടത്തുന്ന പരിശോധനകളും തിരുത്തല്‍ പ്രക്രിയകളും.

പി.രാജീവ് എഴുതുന്ന തെരഞ്ഞെടുപ്പ് അവലോകനം

Baiju Elikkattoor said...

"വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്."

ചിരിക്കാതിരിക്കാനും ചിരിക്കാനും വയ്യ. വെറുതെ അങ്ങ് ഒരാളെ ഒറ്റതിരിഞ്ഞു ആക്രമിക്കുമോ, അല്ലെങ്കില്‍ വേറൊരാളെ മഹത്വവല്കരിക്കുമോ സഖാവെ. ഇതിന്റെയൊക്കെ പിന്നിലുള്ള കാരണങ്ങള്‍ സത്യസന്ധമായി വിശകലനമാണ് ഇനി നടത്തേണ്ടത്‌. അല്ലാതെ നിങ്ങള്‍ ഛര്ദ്ദിക്കുന്നതെന്തും ഞങ്ങള്‍ ജനങ്ങള്‍ വെട്ടിവിഴുങ്ങുന്ന കാലം കഴിഞ്ഞു പോയി. ഫാരിസിനെയും മാര്ട്ടിനെയും തോളിലേറ്റിയത് തൊഴിലാളികള്‍ക്കു വേണ്ടി ആയിരുന്നോ? മൂലധനത്തെ നിരാകരിക്കുന്ന പ്രത്യശസ്ത്രത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനം മൂലധന സമാഹരണ ഉപാധികളായ വിസ്മയ പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും റിസോര്‍ട്ടും ഒക്കെ ആര്‍ക്ക് വേണ്ടിയാണു പടുത്തുയര്‍ത്തുന്നത്, തൊഴിലാളികള്‍ക്ക്‌ വേണ്ടിയോ? അതോ നേതാക്കന്മാര്‍ക്ക് സുഖിക്കാനൊ? നവ കേരള യാത്രയില്‍ അമ്പും വില്ലും കിരീടവും ഒക്കെ ചൂടി ഭക്തിവിലാസം ബാലയിലെ രാജാ പാര്‍ട് പോലെ പാര്‍ടി സെക്രട്ടറി നിന്നതും സില്ബന്ദികള്‍ വട്ടം കൂടി നിന്ന് കുരവയിട്ടതും, "ഇതാണ് പ്രസ്ഥാനം, ഇതാണ് പ്രസ്ഥാനം" എന്ന് തൊണ്ട കീറി വിളിച്ചതും തൊഴിലാളി പ്രസ്ഥാന പാരമ്പരൃം ആയിരുന്നോ? അമ്പത്തേഴിലെ സര്‍കാരിന്റെ ഭൂപരിഷ്കരനത്തോടെ കുടിയറ്റു പോയ ജന്മി/മാടമ്പിത്തത്തിന്‍റെ അവശിഷ്ടം എടുത്തു അണിഞ്ഞു നില്ക്കാന്‍ അപാര തൊലിക്കട്ടി!

"പിഡിപി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയത് സാമുദായിക രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വര്‍ഗീയ ശക്തികള്‍ ഭയന്നിരുന്നു. "
ഇതിനൊക്കെ എന്ത് പറയണം. പിഡിപി യും ആയി വേദി പന്കിട്ടപ്പോഴേ എട്ടിനിലയില്‍ പൊട്ടും എന്ന് നിങ്ങള്‍ നേതാക്കള്‍ ഒഴികെ എല്ലാവരും കണക്കു കൂട്ടിയതാണ്. ഇതില്‍ സൈതന്തികമായി ആലോചിച്ചു തല കൂലങ്കഷം ആകേണ്ടതില്ല

ലാവ്‌ലിന്‍ കേസ്സില്‍ പാര്‍ടിയുടെയും സര്കരിന്റെയും നിലപാടുകള്‍, പാര്‍ടി സെക്രട്ടറി നിയമത്തിനു കോടതിക്കും അതീതന്‍ ആണെന്ന ധാരണ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവാന്‍ സഹായിച്ചു. ആ ധാരണ തെറ്റാണെന്ന് തെളിയിക്കേണ്ട കടമ ജനങ്ങള്‍ക്കുണ്ടയിരുന്നൂ, അവര്‍ അത് ചെയ്തു. ലേഖകന്‍ പറഞ്ഞു വരുന്നത് സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ രഷ്ട്രീയമായ പക പോക്കലിനു ഉപയോഗിക്കുന്നൂ എന്നാണ്. ഒരു പരിധി വരെ ശരി ആയിരിക്കാം. എന്നാല്‍, ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍, അവരുടെ പിന്തുണയോടു വീണ്ടും ഒരു യു പി എ സര്‍ക്കാര്‍ ഭരണത്തില്‍ വന്നിരുന്നുവെങ്കില്‍ സി പി എം ലാവ്‌ലിന്‍ കേസ്‌ ഇല്ലാതാക്കല്‍ സമ്മര്‍ദം ചെലുത്തുമായിരുന്നില്ലേ? തിര്‍ച്ചയായും പിണറായി വിജയന്‍ അങ്ങനെ മനപ്പായസം ഉണ്ടിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.

"ചിലരുടെ കണ്ടുപിടിത്തം പിണറായി വിജയന്‍ സെക്രട്ടറിയായതാണ് തോല്‍വിക്ക് കാരണമെന്നാണ്"

ഇതൊന്നും ചിലരുടെ കണ്ടുപിടുതമോനുമല്ല സഖാവെ. ഒരു പരിധിവരെ പിണറായി വിജയന്‍റെ ധാര്‍ഷ്ടൃം നിറഞ്ഞ പെരുമാറ്റം പാര്‍ടിക്ക് വല്ലാതെ ദോഷം ചെയ്തിട്ടുണ്ട്. അദ്ദേഹം സെക്രട്ടറി പാര്‍ടിയുടെ മാത്രമാണ്. സാധാരണ ജനങള്‍ക്കും പത്രക്കാര്‍ക്കും ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവ് എന്നതില്‍ കവിഞ്ഞു ഒന്നുമില്ല. പുച്ഛവും പരിഹാസവും വെപ്പും കലര്‍ത്തി അല്ലാതെ പിണറായി വിജയന്‍ സംസാരിക്കുന്നതു കേട്ടിടുണ്ടോ. അദ്ദേഹം അപൂര്‍വമായി ചിരിക്കുന്നത് തന്‍റെ ഏതെങ്കിലും എതിരാളിയെ പറ്റി പരിഹാസപൂര്‍വ്വം സംസാരിക്കുമ്പോള്‍ മാത്രമാണ്. സി പി എം നെ പോലെ ഒരു കേഡര്‍ പാര്‍ട്ടിയുടെ മുഖം ഏതാണ്ട് പാര്‍ടി സെക്രടറിയുടെ മുഖം തന്നെയാണ്. സെക്രടറിയുടെ മുഖത്ത് എപ്പോഴും വെറുപ്പും പരിഹാസവും മൂലം വക്രീകരിച്ചിരുന്നാല് പാര്‍ട്ടിയുടെ മുഖവും തഥൈവ!

mirchy.sandwich said...

അപ്പോ ചുരുക്കിപ്പറഞ്ഞാല്‍ രാജീവ് അവലോകിച്ച് കണ്ടെത്തിയത് മൂന്ന് പോയിന്റാണ്.
അവ ഇവ
തോല്‍‌വിക്കു കാരണം കാരാട്ടിന്റെ മൂന്നാം മുന്നണി എന്ന പൊട്ടത്തരത്തില്‍ വിശ്വസിക്കാന്‍ ആളെ കിട്ടിയില്ല
തോറ്റിട്ടും ചിരിച്ച അച്ചുമ്മാന്‍ വെള്ളം ചേര്‍ത്ത കമ്മ്യ്യൂണിസ്സ്റ്റാണ്
അഴിമതിക്കേസുകള്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ ഞങ്ങളതിനെ പുല്ലാക്കി കാണും. ജനങ്ങളും അങ്ങനെ കാണണം
പിണറായി വിജയന്‍ ജനിച്ചതിനു ശേഷം സി പി എം ഒരു തെരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ല എന്ന രീതിയില്‍ ആരെല്ലാമോ പ്രചരിപ്പിക്കുന്നു എന്നാണ് രാജീവ് പറയുന്നതു. 2004 ലെ തെരെഞ്ഞെടുപ്പു വിജ്ഞാപനം വന്ന ദിവസം സിബി ഐ അന്വേഷണം പ്രഖ്യാപിച്ചതേ ഉള്ളൂ. അന്വേഷണം പ്രഖ്യാപിക്കലും കുറ്റക്കാരനാണെന്നു കണ്ടെത്തുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ലേ രാജീവേ. തൂറുന്നവനെ പേറിയാല്‍ പേറുന്നവനും നാറും എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടുമ്പുറത്തുണ്ട്. അതാണ് സി പി എമ്മിന് ഇപ്പോള്‍ പറ്റിയിരിക്കുന്നതു. 2004ലെ മാധ്യമ പ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നു രാജീവ് തന്നെ പറയുന്നു. അപ്പോള്‍ പിന്നെ ഇപ്പോഴെന്താണ് തള്ളിക്കളയാത്തത്..? എവിടെയോ എന്തോ ചീഞ്ഞതായി ജനങ്ങള്‍ക്കു തോന്നിയാല്‍ അതില്‍ തെറ്റുണ്ടോ? സീസറുടെ ഭാര്യയോ മോളോ ആരൊക്കെയോ സംശയത്തിന് അതീതരായിരിക്കണം എന്നൊരു ചൊല്ലില്ലേ.
വേരിട്ടൊരു പാര്‍ട്ടി എന്ന് ശത്രുക്കള്‍പ്പൊലും പറഞ്ഞിരുന്ന സി പി എമ്മിന്റെ നേതൃത്വത്തിനും ഇതു ബാധകമല്ലേ. അവരു കട്ടാല്‍ കുഴപ്പമില്ല, ഞങ്ങള്‍ കക്കുമ്പോഴെന്താ നിങ്ങള്‍ക്കിത്ര ദെണ്ണം എന്ന് കുതിര കയറുന്നതാണോ ന്യായം..? ‘അവര്’ അല്ലായിരുന്നു സി പി എം എന്നതു തന്നെയാണ് അതിനുള്ള മറുപടി. സി പി എമ്മിനും ഇടതുപക്ഷത്തിനും വോട്ടു ചെയ്യുന്നവരില്‍ ഒരു നിര്‍ണ്ണായക വിഭാഗം സി പി എമ്മിന്റെ നിലപാടുകള്‍ക്കാണ് വോട്ടു ചെയ്തു വന്നിരുന്നത്. അതില്‍ വെള്ളം ചേര്‍ത്ത് കാണുമ്പോള്‍ പിന്നെ മുന്നണികള്‍ തമ്മില്‍ എന്തു വ്യത്യാസം എന്നു ചിന്തിച്ചു പോകും.

എന്തിനു വേണ്ടിയായിരുന്നു ഇടതു പക്ഷ ഐക്യത്തിന്റെ കടക്കല്‍ തന്നെ കോടാലിവെച്ച് മദനിയെ ക്ഷണിച്ചു വരുത്തി പായ വിരിച്ചത്? കേര്‍ളത്തിലെ മുസ്ലിങ്ങളാകെ മനസ്സില്‍ ഭീകരവാദത്തെ താലോലിക്കുന്നവരാണെന്നും മദനീബാന്ധവത്തോടെ ആ വോട്ട് മുഴുവന്‍ ഇങ്ങോട്ടു വീണോളുമെന്നും നിങ്ങളെ ആരാണുപദേശിച്ചത്..?
ഭീഷണിയും കാര്‍ക്കശ്യവുമായി പാര്‍ട്ടി ക്ലാസില്‍ സഖാക്കളെ അടക്കിയിരുത്താം, നവകേരളയാത്രക്ക് ആളെ ഇറക്കാം. പക്ഷേ പോളിങ് ബൂത്തില്‍ അവരൊറ്റക്കാണ് പോകുന്നത്. അതിന്റെ തെളിവാണ് എന്റെ മണ്ഡലമായ കൂത്തുപറമ്പില്‍ പോലും കണ്ടത്. തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ ഇനിയും ജനങ്ങള്‍ ഒറ്റക്കു തന്നെ പോളിങ് ബൂത്തുകളിലേക്കു പോവും.
അന്നു നമ്മള്‍ ആരെയൊക്കെ പഴി പറയും...?

Unknown said...

പിണറായി വിജയനെയോ സി.പി.എമ്മിനെയോ തിരുത്താന്‍ ഒന്നും ഇനിയാര്‍ക്കും കഴിയില്ല. ഏറ്റവും മോശപ്പെട്ട ബൂര്‍ഷ്വാപ്പാര്‍ട്ടി(അവരുടെ ഭാഷയില്‍)ആയി അത് അധ:പതിച്ചു കഴിഞ്ഞു. ഇന്ന് ഇന്ത്യയില്‍ ബൂര്‍ഷ്വാ പാര്‍ട്ടി ആണെങ്കില്‍ തന്നെയും തമ്മില്‍ ഭേദം കോണ്‍ഗ്രസ് ആണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പിള്ളേര്‍ ചോറും കറിയും വെച്ചുകളിക്കുന്ന പോലെയാണ് കാരാട്ട് സഖാവ് മൂന്നാം മുന്നണി ഉണ്ടാക്കിക്കളിക്കുന്നത്. ചക്കിക്കൊത്ത ചങ്കരന്‍ പോലെയാണ് പിണറായിയും കാരാട്ടും. കമ്മ്യുണിസ്റ്റുപാര്‍ട്ടികള്‍ നന്നാവുമെന്ന് ഇനിയാരും മൂഢസ്വപ്നം കാണേണ്ട.

*free* views said...

I liked the analysis. It does bring forth very important points. First point being party had to take some steps to get support of minorities to vote for the party. Vote from this section is not based on ideology. Totally agree, although I do not support ideological compromises to win elections. (That is taking ideological supporters for granted).

So, let us forget ideology for some time and talk about strategic politics. What strategy assumed that making third front with Jalayalitha, Deve Gowda etc is improving votes?
What strategic decisions justifies tie-up with PDP, even after irritating core allies? Is PDP more valuable than CPI and left unity?

How strategic was the Lavlin support for Pinarayi? What image did it create in peoples mind when a party which claims to be ideological goes all out to save "a person" from prosecution?
Doesn't this focus on one person, at cost of strategic political decisions wrong? What strategy is to let one person hijack the party. What strategy is to let him be on top, when it is crystal clear that most keralites do not like him (yes, open your eyes and talk, people do not like him. Do not ask reasons, it is like that).

"വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്."

This is not true, party in Kerala has become focused on one person, to protect him, to do what he wants and making enemies on whoever he dislikes. [only thing i liked him doing was standing up to the tyranny of Bishops].

When party is focused on one person, expect to be criticised the same way. If Rajiv believes that Lavlin did not affect the votes, he is not seeing reality. Lavlin did make party look like a joke and party supporters fools. In Kerala votes turn like that, many of the supporters change with that. Do not let party be hijacked by one person.

Me too think a tactical voting by minorities turned the tide in many seats. This is not a good trend, but I can understand the existential reasons of minorities after Gujarat and Orissa. Party should work to regain this confidence and stick strong with ideology and forget strategic political decisions for vote. We are not just another political party.

May be we lose some votes, may be we lose some *leaders* - when we lose elections because of strong ideological stand. But I will say good riddance.

Unknown said...

പി. ഡി. പി. പിന്തുണച്ചതുകൊണ്ട്‌ ദോഷമുണ്ടായില്ലെന്ന്‌ മാത്രമല്ല, വന്‍ ആഘാതമുണ്ടാകാതെ എല്‍. ഡി. എഫ്‌. പിടിച്ചുനില്‍ക്കുകയും ചെയ്‌തു. സി. പി. ഐ. മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ പി. ഡി. പി. യെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. അതേസമയം സി. പി. എം. മത്സരിച്ച ആറ്റിങ്ങലില്‍ ബൂത്തുതലം മുതല്‍ പി. ഡി. പി. സജീവ പങ്കുവഹിച്ചു. അവിടെ എല്‍. ഡി. എഫ്‌. ജയിച്ചു. വയനാട്ടിലും വടകരയിലും യു. ഡി. എഫിന്‌ വന്‍ഭൂരിപക്ഷമുണ്ടായിട്ടും പൊന്നാനിയില്‍ ഭൂരിപക്ഷം എണ്‍പതിനായിരത്തോളം വോട്ടില്‍ ഒതുങ്ങിയത്‌ പി. ഡി. പി. യുടെ സാന്നിദ്ധ്യം കാരണമാണ്‌.
--- മഅദനി

മാത്യഭൂമി ------------------------------
:)പി ഡീ പി ഇല്ലാരുന്നേല്‍ ഇടത് തോറ്റ് തൊപ്പിയിട്ടേനെ, അല്ലേ?

Baiju Elikkattoor said...

This article (http://www.countercurrents.org/basu240509.htm)in this context deserves a reading.

ജനശക്തി said...

വെറുതെ ഒരാളെ ആക്രമിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുമോ എന്ന ബൈജുവിന്റെ ചോദ്യം വളരെ നിഷ്കളങ്കം ആയി തോന്നുന്നു. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ട് എന്ന് ആലോചിച്ചാല്‍ മനസ്സിലാകാവുന്നതേ ഉള്ളൂ.

Unknown said...

അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍.... ഗുലുമാല്‍....

*free* views said...

Where is inner party democracy, comrades? Majority is re-writing (manipulating) history (in this case election analysis). Oppurtunists and Pinarayi-coterie is ruling the party, so who can raise a voice in party? Is majority the only truth? If so communism is false.

If one group is going to hijack the party, then do not wait for Assembly election. Party will be wiped out from Kerala, then you need to wait 5 years. I am sure still Pinarayi will blame it on Achyuthanandan. I think Achyuthandandan should resign from Chief minister post and sit outside. Enough is enough.

Pinarayi is acting like Karunakaran (in Congress), creating a loyal supporter group and with that majority insulting everyone else.

Down with Pinarayi !!!! (This is not a media created issue, i tried to keep image given by media out of my mind)

*free* views said...

If a senior leader like Achyuthandan is insulted, ignoring public opinion, ignoring popular support then we the party supporters will ensure party nominees are not elected to support Pinarayi coterie.

If party bosses think that they are supreme and that they can decide what they want, ignoring popular sentiments, then we will give you enough medicine to understand that party supporters are not rubber stamps in polling booths.

"വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്."

I laugh at this comrades, I laugh at this. This is exactly what is being done. Pinarayi is using his ill gotten power in party to vilify any opposition.

Verdict in Kerala election clearly shows the displeasure party supporters have for Pinarayi, not Achyuthanandan.

If this happens, then CPI should go out of LDF to give party supporters a forum to express their anger.

John honay said...

ഇത്തവണ ഞാനും എന്നെപ്പോലെ അനേകരും മറിച്ചു കുത്തിയത് എന്തിനാണെന്നുമന‍സിലാക്കാന്‍
ഇനിയും ശ്രമിക്കുന്നില്ലെങ്കില്‍ അടുത്ത നിയമസഭാത്തിരഞ്ഞെടുപ്പില്‍ മനസിലാക്കും

ഫെബ്സ്‌ said...

John honay പറഞ്ഞത് സത്യം. എത്ര തിരിച്ചും മറിച്ചും argue ചെയ്താലും, തമ്മിലടിച്ചാലും ഇല്ലെങ്കിലും,മാധ്യമങ്ങളെ എന്തൊക്കെ പറഞ്ഞാലും ഭരണം നന്നായില്ലേല്‍ കോണ്‍ഗ്രെസ്സയാലും cpm ആയാലും ഒരിക്കലും വിജയിക്കില്ല. പിന്നെ എത്ര വിശദീകരിച്ചാലും എല്ലാ മനുഷ്യനും സ്വയം ഒരിക്കലെങ്കിലും ആലോചിക്കും ...ഒരിക്കലും എല്ലാവരെയും ഫൂളാക്കാന്‍ പറ്റില്ല ...അതല്ലേ ഈ election ന്റെ മോറല്‍... alle?????