
ഫാസിസ്റ്റുകളുടെ കൊലമുറികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിയപ്പോഴും ചിലര്‍ അപകടകരമായി ജീവിക്കുകയും ആപല്‍ക്കരമായി ചിന്തിക്കുകയും ചെയ്തു. അതിലെ ഏറ്റവും തിളങ്ങുന്ന പേരുകളിലൊന്നാണ് റീത്താ ലെവി മൊണ്ടാല്‍സിനി. സ്ത്രീസ്വാതന്ത്ര്യദാഹത്തിന്റെയും ശാസ്ത്രാന്വേഷണത്തിന്റെയും സാഹസികപ്രവര്‍ത്തനത്തിന്റെയും ചുരുക്കംതന്നെയായ അവരിതാ ജീവിതത്തിന്റെ ഒരു ശതാബ്ദം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഭാഗികമായ കേള്‍വി പ്രശ്നവും പൂര്‍ണാന്ധതയും അലട്ടുമ്പോഴും രാഷ്ട്രീയകാര്യങ്ങളോട് കാതും ഹൃദയവും ചേര്‍ത്തുവയ്ക്കുകയാണ്.
ലോകപ്രശസ്തമായ ഇറ്റാലിയന്‍ നഗരം ടൂറിനില്‍ 1909 ഏപ്രില്‍ 22ന് ഗണിതശാസ്ത്രജ്ഞനായ അഡിമോ ലെവിയുടെയും ചിത്രകാരി അഡെലെ മൊണ്ടാല്‍സിനിയുടെയും ഇരട്ടമക്കളില്‍ ഒരാളായിട്ടായിരുന്നു റീത്തയുടെ ജനനം. അവള്‍ക്കൊപ്പം ജനിച്ച പൌല പില്‍ക്കാലത്ത് പ്രശസ്ത ചിത്രകാരിയായി പേരുനേടി. മൂത്ത സഹോദരന്‍ ജിനോ വാസ്തുശില്‍പ്പിയെന്നനിലയില്‍ ശ്രദ്ധേയങ്ങളായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടയാളായിരുന്നു. ഇളയ സഹോദരി അന്നയാവട്ടെ നോബല്‍ പുരസ്കാരജേതാവ് സെല്‍മാ ലാഗെര്‍ലോഫിന്റെ കടുത്ത ആരാധികയും. സംസ്കാരവും കലയും വര്‍ണരാജി പടര്‍ത്തിയ കുടുംബപശ്ചാത്തലംതന്നെ.
സ്ത്രീകളെ ബഹുമാനപുരസ്സരം പരിഗണിച്ച അച്ഛന്‍ അഡിമോ പക്ഷെ, വിക്ടോറിയന്‍ സദാചാരരീതികളുടെ തടവറയിലായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഇറക്കിവയ്ക്കുന്ന ചുമതലകളും ബാധ്യതകളും അമ്മയെന്ന നിലയിലും ഭാര്യയെന്ന തരത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് തടസ്സമാവുമെന്ന് അദ്ദേഹം ധരിച്ചു. അതുകൊണ്ടുതന്നെ പെണ്‍മക്കളെ സര്‍വകലാശാലാപഠനത്തിനയച്ചില്ല.
സ്നേഹം കവിഞ്ഞൊഴുകിയ കുടുംബാന്തരീക്ഷത്തിലും അച്ഛന്റെ സ്ത്രീനിര്‍വചനം റീത്തയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഇരുപതാം വയസ്സില്‍ അവള്‍ അക്കാര്യം അദ്ദേഹത്തിനുമുന്നില്‍ തുറന്നുവച്ചു. സംഘര്‍ഷരഹിതമായ സമരത്തിനൊടുവില്‍ എട്ടുമാസംകൊണ്ട് റീത്ത പഠനവിടവുകള്‍ നിറച്ചു. തുടര്‍ന്ന് ടൂറിനിലെ വൈദ്യശാസ്ത്ര സര്‍വകലാശാലയില്‍ ചേര്‍ന്നു. 1936ല്‍ ബിരുദം നേടി. ന്യൂറോളജിയിലും സൈക്യാട്രിയിലും ഉപരിപഠനത്തിനായിരുന്നു ആഗ്രഹം. എന്നാല്‍ അക്കൊല്ലം മുസോളിനി പുറപ്പെടുവിച്ച ഉത്തരവ് വിനയായിത്തീരുകയായിരുന്നു. ആര്യന്മാരല്ലാത്തവരെ അക്കാദമിക്-പ്രൊഫഷണല്‍ രംഗങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നതായിരുന്നു അതിന്റെ ഊന്നല്‍. അങ്ങനെ റീത്തയുടെ ജൂത പശ്ചാത്തലം ഉപരിപഠനത്തിന് തടസ്സമായി.
1934ല്‍ വിക്ടര്‍ ഹാംബര്‍ഗെര്‍ എഴുതിയ ഒരു പഠനം അവരില്‍ നിലയ്ക്കാത്ത പ്രേരണയുണ്ടാക്കി. അതൊരു പ്രചോദനമായി വളര്‍ന്ന ഘട്ടത്തില്‍ വീട്ടില്‍ത്തന്നെ ചെറിയ ലബോറട്ടറിയുണ്ടാക്കി പരീക്ഷണങ്ങള്‍ തുടര്‍ന്നു. 1941ലെ സംഹാരാത്മകമായ ബോംബ് വര്‍ഷം എല്ലാം തകിടം മറിച്ചു. രണ്ടുവര്‍ഷത്തിനകം ഫ്ളോറന്‍സിലേക്ക് നീങ്ങി. യുദ്ധാന്ത്യംവരെ രഹസ്യജീവിതത്തിലൊളിച്ചാണ് ശാസ്ത്രാന്വേഷണങ്ങള്‍ തുടര്‍ന്നത്.
സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ തീര്‍ത്ത യുദ്ധം ചില യാഥാര്‍ഥ്യങ്ങളും പഠിപ്പിച്ചു. അഭയാര്‍ഥികളുടെ നിലയ്ക്കാത്ത പ്രവാഹം. പകര്‍ച്ചവ്യാധികള്‍ കാര്‍ന്നുതിന്നുന്ന ക്യാമ്പുകള്‍. മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ റിത്ത കുറേനാള്‍ വിശ്രമരഹിതയായി പ്രവര്‍ത്തിച്ചു. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുതീര്‍ന്നപ്പോള്‍ ഗവേഷണങ്ങള്‍ പുനരാരംഭിച്ചു. 1986ല്‍ സ്റ്റാന്‍ലി കോഹനൊപ്പം നോബല്‍സമ്മാനം നേടുകയും ചെയ്തു. യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതുമുതല്‍ പല അന്താരാഷ്ട്ര പദവികളിലേക്കുമെത്തി. മിക്കയിടത്തും ആദ്യസ്ത്രീയെന്ന നിലയിലായത് മറ്റൊരു നേട്ടം.

ചരിത്രം രോമാഞ്ചത്തോടെമാത്രം നോക്കിനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ സ്ത്രീപ്രതീകമായ റീത്താ ലെവി മൊണ്ടാല്‍സിനിയുടെ നൂറുവയസ്സിന്റെ ദീര്‍ഘജീവിതം സമാനതകളില്ലാത്തതാണ്. ഫാസിസത്തിന്റെ പഴയ വംശവെറിയും അതിന്റെ പുതിയ രൂപഭേദങ്ങളും ഏറെ സഹിച്ചിട്ടും അവര്‍ പതറുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. മുസ്സോളിനിയുടെ തിട്ടൂരങ്ങളാണ് റീത്തയുടെ കരളുറപ്പിന് മൂര്‍ത്തരൂപം നല്‍കിയത്. അതവര്‍ മറച്ചുവച്ചില്ല. "നന്ദി, മുസോളിനി, താങ്കള്‍ക്ക് ആയിരം നന്ദി'' എന്ന പ്രഖ്യാപനം ജനവിരുദ്ധമായ ഒരു ആശയത്തിനെതിരായ വിമര്‍ശനംകൂടിയായാണ് ഇന്ന് മനസ്സിലാക്കേണ്ടത്. അയാളുടെ തടസ്സങ്ങളില്ലെങ്കില്‍ താന്‍ മറ്റെന്തൊക്കെയോ ആയി മാറുമായിരുന്നുവെന്നും റീത്ത കൂട്ടിച്ചേര്‍ത്തു.
*
എ വി അനില്‍കുമാര്‍ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
1 comment:
വംശീയവിദ്വേഷത്തെ രാഷ്ട്രീയായുധമാക്കി മൂര്‍ച്ച കൂട്ടുന്നതില്‍ അഡോള്‍ഫ് ഹിറ്റ്ലറെയോ ബെനിറ്റോ മുസോളിനിയെയോ കവച്ചുവയ്ക്കാന്‍ ഇന്നുവരെ മറ്റൊരാളുണ്ടായിട്ടില്ല. ജൂതരക്തം കലര്‍ന്നതുകൊണ്ടാണ് ആര്യന്‍ ജനത അധഃപതിച്ചതെന്ന സങ്കുചിത സമവാക്യം നിരത്താന്‍ ഇരുവരും ഏറെ ശ്രദ്ധിച്ചു. ഹിറ്റ്ലറുടെ ആത്മകഥയും ഫാസിസ്റ്റുകളുടെ പ്രായോഗിക നിഘണ്ടുവുമായ 'മെയ്ന്‍കാഫ്' ജൂതന്മാര്‍ക്കുനേരെ ഓരോ അക്ഷരത്തിലൂടെയും വിഷം വമിപ്പിക്കുകയും ചെയ്തു. അതിലെ ഓരോ വാക്കും പതിനായിരങ്ങള്‍ക്കാണ് മരണശിക്ഷ വിധിച്ചത്.
ജൂതന്മാരുടെ കടകള്‍ക്കുമുന്നില്‍ നാസികള്‍ സംഘടിച്ചുനിന്ന് ഉപഭോക്താക്കളെ തുരത്തുകപോലുമുണ്ടായി. ആ വിഭാഗത്തില്‍പ്പെട്ട ഭിഷഗ്വരന്മാരില്‍നിന്ന് രോഗികളെയും അഭിഭാഷകരില്‍നിന്ന് കക്ഷികളെയും ആട്ടിയോടിക്കാനും ശ്രമിച്ചു. ജൂതന്മാരുടെ കാളകളില്‍നിന്ന് പശുക്കളെ ബീജസങ്കലനം നടത്തിക്കൂടെന്ന സര്‍ക്കുലര്‍ വ്യാപകമായി പുറത്തിറക്കി. പുസ്തകവില്‍പ്പനശാലകളും ലൈബ്രറികളും തീയിട്ടും ശാസ്ത്രപരീക്ഷണകേന്ദ്രങ്ങള്‍ കയ്യേറിയും ഹിറ്റ്ലറും മുസ്സോളിനിയും ആര്‍ത്തുചിരിച്ചു. ജൂതപ്രതിഭകളുടെ സംഗീതംപോലും നിരോധനത്തിന്റെ കത്രികപ്പൂട്ടിനുള്ളിലാക്കി അവര്‍ രസിച്ചു.
ഫാസിസ്റ്റുകളുടെ കൊലമുറികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിയപ്പോഴും ചിലര്‍ അപകടകരമായി ജീവിക്കുകയും ആപല്‍ക്കരമായി ചിന്തിക്കുകയും ചെയ്തു. അതിലെ ഏറ്റവും തിളങ്ങുന്ന പേരുകളിലൊന്നാണ് റീത്താ ലെവി മൊണ്ടാല്‍സിനി. സ്ത്രീസ്വാതന്ത്ര്യദാഹത്തിന്റെയും ശാസ്ത്രാന്വേഷണത്തിന്റെയും സാഹസികപ്രവര്‍ത്തനത്തിന്റെയും ചുരുക്കംതന്നെയായ അവരിതാ ജീവിതത്തിന്റെ ഒരു ശതാബ്ദം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഭാഗികമായ കേള്‍വി പ്രശ്നവും പൂര്‍ണാന്ധതയും അലട്ടുമ്പോഴും രാഷ്ട്രീയകാര്യങ്ങളോട് കാതും ഹൃദയവും ചേര്‍ത്തുവയ്ക്കുകയാണ്.
Post a Comment