Tuesday, May 19, 2009

കോണ്‍ഗ്രസിന്റെ വിജയം എന്തുകൊണ്ട്?

പതിനഞ്ചാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുംകൂടി 260 സീറ്റും എന്‍ഡിഎക്ക് 161 സീറ്റും മൂന്നാം മുന്നണികക്ഷികള്‍ക്ക് 66 സീറ്റും മറ്റുള്ളവര്‍ക്ക് 56 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കേവല ഭൂരിപക്ഷത്തിനോട് അടുത്ത സീറ്റുകള്‍ ലഭിച്ചു. ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിനുവേണ്ട പിന്തുണ സമാഹരിക്കുക അവര്‍ക്ക് പ്രയാസമാവില്ല.

ബിജെപി നയിക്കുന്ന മുന്നണി അധികാരത്തില്‍ വരികയെന്ന ആപത്ത് ഇന്ത്യയിലെ ജനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. ഗുജറാത്തില്‍ താന്‍ നടപ്പാക്കിയ തരത്തിലുള്ള വികസനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാനുള്ള സന്നദ്ധത മുഖ്യമന്ത്രി നരേന്ദ്രമോഡി നാടാകെ നടന്ന് പ്രകടിപ്പിച്ചിരുന്നു. എല്‍ കെ അദ്വാനിക്കുപകരം മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍വരെ ചില ബിജെപി നേതാക്കള്‍ തയ്യാറായി. എന്നാല്‍ ഒരു തരത്തിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ബിജെപിയെ അനുവദിക്കാത്ത വിധിയാണ് ജനങ്ങള്‍ വോട്ടെടുപ്പില്‍ നല്‍കിയത്.

കോണ്‍ഗ്രസിന്റെ അംഗബലം വര്‍ദ്ധിച്ചപ്പോള്‍ അതിന്റെ പല കൂട്ടുകക്ഷികളുടെയും ലോകസഭയിലെ പ്രാതിനിധ്യത്തില്‍ കുറവുണ്ടായി. ഇങ്ങനെ കുറവുണ്ടാക്കാന്‍ ഉതകുന്ന അടവാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്നത് എന്നു കണ്ടാണ് ആര്‍ജെഡിയും ലോക് ജന ശക്തിയും എസ്പിയുമായി ചേര്‍ന്ന് യുപിഎക്കുള്ളില്‍ കുറുമുന്നണി രൂപീകരിച്ച് വേറിട്ട് മത്സരിച്ചത്. അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് തെരഞ്ഞെടുപ്പുഫലം വെളിവാക്കി.

കോണ്‍ഗ്രസിനു മുന്നണി ഉണ്ടാക്കുന്നതിലോ അതിലെ ഘടകകക്ഷികളെ നിലനിര്‍ത്തുന്നതിലോ മുന്നണിക്ക് വ്യക്തമായ നയപരിപാടി ഉണ്ടാക്കി ജനങ്ങളുടെ പിന്തുണ നേടുന്നതിലോ താല്‍പര്യമില്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. തങ്ങള്‍ ദുര്‍ബലരാകുമ്പോള്‍ മാത്രമാണ് അവര്‍ക്ക് കൂട്ടുകെട്ടില്‍ താല്‍പര്യം. അത് യോജിച്ച് അംഗീകരിച്ച ഒരു നയപരിപാടി നടപ്പാക്കാനല്ല. തങ്ങളുടെ മിനിമം പരിപാടി നടപ്പാക്കുന്നതിന് മറ്റുകക്ഷികളുടെ പിന്‍ബലം ലഭിക്കുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ടുള്ള നേട്ടമെല്ലാം കോണ്‍ഗ്രസ് കൊയ്തെടുക്കും. കോട്ടം കൂട്ടുകക്ഷികളുടെമേല്‍ അടിച്ചേല്‍പിക്കും.

തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികകടം റദ്ദാക്കല്‍ മുതലായ നടപടികള്‍ തങ്ങളുടെ നേട്ടമായി കോണ്‍ഗ്രസ് അവകാശപ്പെട്ടത് കാണിക്കുന്നത് അതാണ്. യുപിഎ ഗവണ്‍മെന്റിന്റെ കോട്ടങ്ങളെല്ലാം അവര്‍ എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ അംഗബലം വര്‍ധിച്ച സാഹചര്യത്തില്‍ പി വി നരസിംഹറാവു ഗവണ്‍മെന്റ് ചെയ്തതുപോലെ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന കക്ഷികളെയെല്ലാം അവര്‍ നിര്‍ബന്ധിതരാക്കും. ഇത് അധികം താമസിയാതെ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്ന കൂട്ടുകെട്ടില്‍ വിള്ളലുകള്‍ സൃഷ്ടിക്കും എന്നുവേണം കരുതാന്‍.

ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായി. ത്രിപുരയില്‍ മാത്രമാണ് സീറ്റ് കുറയാത്തത്. പശ്ചിമബംഗാളിലും കേരളത്തിലും വലിയ തിരിച്ചടിയുണ്ടായി. കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫിന് ലോകസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ വിജയം ലഭിക്കാറില്ല.

1984ലും 1989ലും മൂന്നു സീറ്റായിരുന്നു ലഭിച്ചത്. 1991ല്‍ നാലുസീറ്റാണ് ലഭിച്ചത്. അതിനുശേഷമാണ് സീറ്റ് അല്‍പം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. യുഡിഎഫിലെ, വിശേഷിച്ച് കോണ്‍ഗ്രസിലെ, പടല പിണക്കങ്ങള്‍മൂലം 20ല്‍ 18 സീറ്റ് എല്‍ഡിഎഫിന് ലഭിക്കാന്‍ ഇടയാക്കി. ഇത്തവണ എല്‍ഡിഎഫിലെ പ്രതികൂല സാഹചര്യങ്ങളും യുഡിഎഫില്‍ വര്‍ദ്ധിച്ച ഐക്യവും പല സാമുദായിക ശക്തികളെയും തങ്ങള്‍ക്കുവേണ്ടി അണിനിരത്തുന്നതില്‍ യുഡിഎഫ് വിജയിച്ചതും ഒത്തൊരുമിച്ചപ്പോള്‍ ഫലം എല്‍ഡിഎഫിന് എതിരായി. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടെന്ന് ചിലര്‍ പറയുന്ന ഒഴുക്ക് ശരിയാണെങ്കില്‍ അതും ഈ പ്രവണതയെ സഹായിച്ചു.

പശ്ചിമബംഗാളില്‍ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി ഇടതുമുന്നണി നല്ല വിജയം കൈവരിക്കാറുണ്ട്. കേരളത്തിലെപ്പോലെ ഒന്നിടവിട്ട് തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നതായിരുന്നില്ല അവിടത്തെ സ്ഥിതി. നന്ദിഗ്രാം, സിംഗൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണി ഗവണ്‍മെന്റ് നടപ്പാക്കാന്‍ തയ്യാറാക്കിയ പദ്ധതികളുടെപേരില്‍ കൃഷിക്കാരെയും ഇടത്തരക്കാരെയും ഇടതുപക്ഷത്തിന് എതിരാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയുമൊക്കെ മറ്റു പലരെയും കൂട്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ആ നീക്കം വിജയിച്ചില്ല. ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് കഴിഞ്ഞു എന്ന് ഫലം വെളിവാക്കുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്കേറ്റ പരാജയത്തെക്കുറിച്ച് പാര്‍ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വിശദമായി പരിശോധിച്ച് തക്ക പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്ന് സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് മാധ്യമങ്ങളെ അറിയിച്ചു. ഇതുതന്നെ മറ്റ് ഇടതുപക്ഷ പാര്‍ടികളും ചെയ്യുമായിരിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഫലങ്ങള്‍ വന്നതിനുശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. യുപിഎ ഗവണ്‍മെന്റിന്റെ ചെയ്തികളെയോ ഇനി നടപ്പാക്കാന്‍പോകുന്ന വാഗ്ദാനങ്ങളെയോ ചൊല്ലിയല്ല കോണ്‍ഗ്രസും മറ്റും വോട്ടുപിടിച്ചത്. മറ്റുള്ളവരുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. യുപിഎ ഗവണ്‍മെന്റിന്റെ പോരായ്മകളായി ഇടതുപക്ഷവും മറ്റും ചൂണ്ടിക്കാട്ടിയത് എന്തായിരുന്നു? അമേരിക്കയോടും കൂട്ടു ശക്തികളോടും വിധേയത്വം കാണിച്ച് ഒപ്പിട്ട ആണവക്കരാര്‍, തന്ത്രപ്രധാന സഖ്യം, ആഗോള കുത്തകകള്‍ക്ക് അനുവദിച്ചതും രാജ്യത്തിന് ദ്രോഹകരവുമായ ആനുകൂല്യങ്ങള്‍, രാജ്യത്തെ വന്‍ പണക്കാര്‍ക്ക് അനുവദിച്ച ഇളവുകള്‍ മുതലായവയായിരുന്നു.

എന്നാല്‍, ഇവയെല്ലാം സംബന്ധിച്ച് ഇടതുപക്ഷ-ജനാധിപത്യ ശക്തികളും ഓരോരോ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ മൂടിവെയ്ക്കുകയായിരുന്നു മാധ്യമങ്ങള്‍ ചെയ്തത്. കേട്ടില്ലെന്ന് നടിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളും മറ്റും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ ഗവണ്‍മെന്റ് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മേല്‍ അടിച്ചേല്‍പിച്ച ബാധ്യതകളും ഭാരങ്ങളും അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല ജനവിധി. മഹാരാഷ്ട്രയിലെ വിദര്‍ഭാപ്രദേശത്ത് കോണ്‍ഗ്രസ് കൃഷിക്കാര്‍ക്ക് പാക്കേജ് അനുവദിച്ചിട്ടും കര്‍ഷക ആത്മഹത്യ തുടരുകയായിരുന്നു. എന്നിട്ടും വോട്ടെടുപ്പില്‍ 2004ല്‍ തോറ്റ കോണ്‍ഗ്രസ് സഖ്യം ഇത്തവണ നല്ല വിജയം നേടി.

ഒരു ഗവണ്‍മെന്റ് തങ്ങള്‍ക്ക് എന്തു ചെയ്തു എന്ന് നോക്കിയല്ല പലപ്പോഴും ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അവര്‍ വോട്ട് ചെയ്യുന്നത് ജാതി-മത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടും തെരഞ്ഞെടുപ്പുവേളയില്‍ നല്‍കപ്പെടുന്ന പണംപോലുള്ള ആകര്‍ഷണ വലയത്തില്‍ പെട്ടുമാണ്. അതൊക്കെ ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി പ്രത്യക്ഷപ്പെട്ടു എന്നാണ് തെരഞ്ഞെടുപ്പുവേളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്തൊക്കെയായാലും, കോണ്‍ഗ്രസും സഖ്യകക്ഷികളും തെരഞ്ഞെടുപ്പു വിജയം ഒരളവോളം നേടി. ഭരണം അവര്‍ക്കുതന്നെ ലഭിക്കും. യുപിഎ ഗവണ്‍മെന്റ് അവസാനഘട്ടത്തില്‍ കൈകാര്യം ചെയ്യാതെ വിട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നാനാമേഖലകളിലെ ആഘാതങ്ങള്‍, അവ കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖലകളില്‍ ഉണ്ടാക്കിയ തകര്‍ച്ച, ആധുനിക വ്യവസായ-വ്യാപാരമേഖലകള്‍ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങള്‍, ഇവയെല്ലാം മൂലം ജീവിതം ഗതിമുട്ടിയ കോടിക്കണക്കിന് കുടുംബങ്ങള്‍ - ഇവയെയെല്ലാമാണ് കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റ് അടിയന്തരമായി നേരിടേണ്ടിവരിക. അതിന് പുറമെ യുപിഎ ഗവണ്‍മെന്റ് പിന്തുടര്‍ന്നുവന്ന നയങ്ങള്‍ സൃഷ്ടിച്ച ഗുരുതരമായ പ്രശ്നങ്ങളുണ്ട്.

എതിരാളികളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിജയംനേടിയ കോണ്‍ഗ്രസും സഖ്യകക്ഷികളും ഈ പ്രശ്നങ്ങളെ ജനങ്ങള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതില്‍നിന്ന് തുടങ്ങും പുതിയ ഗവണ്‍മെന്റ് നേരിടാന്‍പോകുന്ന വെല്ലുവിളികള്‍. പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇടതുപക്ഷ-ജനാധിപത്യ പാര്‍ടികള്‍ ഈ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിരന്തരം ഉന്നയിക്കുകയും അവയ്ക്ക് ഉടന്‍ പരിഹാരം കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. അവിടെനിന്നാണ് ഇടതുപക്ഷ-ജനാധിപത്യ പാര്‍ടികള്‍ രാജ്യത്ത് വീണ്ടും ശക്തിയാര്‍ജിച്ച് മുന്നോട്ടുവരിക. കോണ്‍ഗ്രസിന്റെയും സഖ്യശക്തികളുടെയും പിന്നോട്ടടിയുടെ തുടക്കവും അവിടെ നിന്നായിരിക്കും.

*
സി പി നാരായണന്‍ കടപ്പാട്: ചിന്ത വാരിക

10 comments:

വര്‍ക്കേഴ്സ് ഫോറം said...

പതിനഞ്ചാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുംകൂടി 260 സീറ്റും എന്‍ഡിഎക്ക് 161 സീറ്റും മൂന്നാം മുന്നണികക്ഷികള്‍ക്ക് 66 സീറ്റും മറ്റുള്ളവര്‍ക്ക് 56 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കേവല ഭൂരിപക്ഷത്തിനോട് അടുത്ത സീറ്റുകള്‍ ലഭിച്ചു. ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിനുവേണ്ട പിന്തുണ സമാഹരിക്കുക അവര്‍ക്ക് പ്രയാസമാവില്ല.

ബിജെപി നയിക്കുന്ന മുന്നണി അധികാരത്തില്‍ വരികയെന്ന ആപത്ത് ഇന്ത്യയിലെ ജനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. ഗുജറാത്തില്‍ താന്‍ നടപ്പാക്കിയ തരത്തിലുള്ള വികസനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാനുള്ള സന്നദ്ധത മുഖ്യമന്ത്രി നരേന്ദ്രമോഡി നാടാകെ നടന്ന് പ്രകടിപ്പിച്ചിരുന്നു. എല്‍ കെ അദ്വാനിക്കുപകരം മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍വരെ ചില ബിജെപി നേതാക്കള്‍ തയ്യാറായി. എന്നാല്‍ ഒരു തരത്തിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ബിജെപിയെ അനുവദിക്കാത്ത വിധിയാണ് ജനങ്ങള്‍ വോട്ടെടുപ്പില്‍ നല്‍കിയത്.

കോണ്‍ഗ്രസിന്റെ അംഗബലം വര്‍ദ്ധിച്ചപ്പോള്‍ അതിന്റെ പല കൂട്ടുകക്ഷികളുടെയും ലോകസഭയിലെ പ്രാതിനിധ്യത്തില്‍ കുറവുണ്ടായി. ഇങ്ങനെ കുറവുണ്ടാക്കാന്‍ ഉതകുന്ന അടവാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്നത് എന്നു കണ്ടാണ് ആര്‍ജെഡിയും ലോക് ജന ശക്തിയും എസ്പിയുമായി ചേര്‍ന്ന് യുപിഎക്കുള്ളില്‍ കുറുമുന്നണി രൂപീകരിച്ച് വേറിട്ട് മത്സരിച്ചത്. അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് തെരഞ്ഞെടുപ്പുഫലം വെളിവാക്കി.

സി.പി.നാരായണന്റെ വിശകലനം

Inji Pennu said...

ഒരു ഗവണ്‍മെന്റ് തങ്ങള്‍ക്ക് എന്തു ചെയ്തു എന്ന് നോക്കിയല്ല പലപ്പോഴും ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അവര്‍ വോട്ട് ചെയ്യുന്നത് ജാതി-മത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടും തെരഞ്ഞെടുപ്പുവേളയില്‍ നല്‍കപ്പെടുന്ന പണംപോലുള്ള ആകര്‍ഷണ വലയത്തില്‍ പെട്ടുമാണ്. അതൊക്കെ ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി പ്രത്യക്ഷപ്പെട്ടു എന്നാണ് തെരഞ്ഞെടുപ്പുവേളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. -- അപാര തൊലിക്കട്ടി വേണമല്ലോ ഇങ്ങിനെ എഴുതി പിടിപ്പിക്കാൻ! ഇത് ഇത്രയും നാൾ പശ്ചിമ ബംഗാൾ ഭരിച്ച് കുട്ടിച്ചോറാക്കിയവർക്കുള്ള ലോജിക്കിൽ പെടുമോ പോലും?

എന്തുവാ എന്തുവാ? തൃണമൂൽ തെറ്റിദ്ധരിപ്പിച്ചു എന്നോ ജനങ്ങളെ? ബെസ്റ്റ്!

ഉറുമ്പ്‌ /ANT said...

എന്നാൽപ്പിന്നെ സാറേ ആ അച്ചുമാമനെ പുറത്താക്കി, പിണറായിയെ മുഖ്യമന്ത്രി ആക്കരുതോ, ഭരിക്കുന്നവർ എന്തുചെയ്താലും ജനം ജാതിനോക്കിയല്ലേ വോട്ടു ചെയ്യുന്നത്‌.
തമ്മിലടി കാരണമാണ്‌ തോറ്റതെന്നു സമ്മതിക്കാൻ എന്താ ഇത്ര പുളിപ്പ്‌.
ഓരോ വിശകലന വിദഗ്ദന്മാർ !. ഇവമ്മാരാ, പാർട്ടിയെ ഈ പരുവത്തിലാക്കിയത്‌.

ശ്യാം‌‌‌‌‌‌‌‌‌‌‌‌ said...

ബിജെപി നയിക്കുന്ന മുന്നണി അധികാരത്തില്‍ വരികയെന്ന ആപത്ത് ഇന്ത്യയിലെ ജനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി.അയിനു‌‌‌‌‌‌ കമ്മ്യൂണിസ്റ്റുകാരെ തോല്പിക്കണമായിരുന്നോ. അവരെ ജയിപ്പിച്ചു വിട്ടാലും കേന്ദ്രത്തില്‍‌‌ പോയി കോണ്‍‌‌ഗ്രസ്സിനെ പിന്നില്‍‌‌‌‌ താങ്ങിക്കൊടുത്തേനില്ല്യോ. എനിക്കു തോന്നുന്നത് അമേരിക്കയാണ്‍‌‌ ഇതിനു പുറകില്‍‌‌ ന്നാ. ശതമന്യൂം‌‌‌‌ അങ്ങനെ തന്ന്യാണേ പറഞ്ഞിരിക്കണേ.

Baiju Elikkattoor said...

ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരാണം കാണാന്‍ കഴിയാതെ നൂറു വിശകലനം നടത്തിയാലും കാരിയമില്ല. നേതാക്കന്മാര്‍ സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാവാതെ, ഗുണ്ട element കളെ കയ്യൊഴിയാന്‍ തയ്യാറാവാതെ, സാധാരണക്കാരന്റെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും നീറുന്ന പ്രശന്നങള്‍ക്ക് അവരോടുപ്പം നിന്ന് പോരാടാതെ, ഫാരീസ്‌/സന്റിയഗോമാരെ വെള്ളപൂശാനും ദന്തഗോപുരങ്ങള്‍ പണിയാനും നിന്നാല്‍ ഇതായിരിക്കും ഗതി!

"അവര്‍ വോട്ട് ചെയ്യുന്നത് ജാതി-മത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടും തെരഞ്ഞെടുപ്പുവേളയില്‍ നല്‍കപ്പെടുന്ന പണംപോലുള്ള ആകര്‍ഷണ വലയത്തില്‍ പെട്ടുമാണ്" കൊള്ളാം! മാഷെ, പൊട്ടക്കിണറ്റില്‍ നിനും കരക്ക്‌ കയറാന്‍ ഇനിയും സമയമായില്ലേ? ജാതി-മത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടന് വോട്ടു ചെയ്യന്നതെങ്കില്‍ പിന്നെ പി ഡി പി പിന്തുണ ഉണ്ടായിരുന്ന രണ്ടത്താണി എന്ത് കൊണ്ട് തോറ്റുപോയി?!

Unknown said...

തെരഞ്ഞെടുപ്പ് രംഗത്ത് കള്ളപ്പണത്തിന്റെ ഉപയോഗവും സ്വാധീനവും വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് സ്ഥാനമൊഴിയുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലേം കൂടി പറഞ്ഞേ ഉള്ളൂ.

സത്യമെന്തുവാന്നുവെച്ചാല്‍, സ്വന്തം അനാലിസിസിനോട് യോജിക്കാത്ത ഒരു അനാലിസിസും സമ്മതിക്കാന്‍ വയ്യ. ലളിതസൂത്രങ്ങളും ഉത്തരങ്ങളും ഇല്ലാത്ത അനാലിസിസ് ഒരു അനാലിസിസോ? “ദില്ലിക്ക് രാജാനാലും പാട്ടി സൊല്ലൈ തട്ടാതെ“ എന്നല്ലേ? മാധ്യമമുത്തശ്ശിമാരുടെ അനാലിസിസ് സമ്മതിച്ച് കൊടുക്കൂ ഫോറം.

നാരായണാ...കൂരായണാ..

Anonymous said...

അപ്പോള്‍ ഗ്രൂപ്പ്‌ കളി തുടരും, ഗുണ്ടകള്‍ പഴയപോലെ വിലസും ജയരാജന്‍മാരുടെ മക്കളുടെ കയ്യ്‌ ,മദനിയുടെ കാല്‍ പോയപോലെ സ്വന്തം ബോംബ്‌ പൊട്ടി തെറിച്ചുപോകും, കേന്ദ്ര വിരുഷ സമരം ബന്ദു ഹറ്‍ത്താല്‍ എന്നിവയാല്‍ അടുത്ത രണ്ടു കൊല്ലം കേരളം പൊടി പൂരം, തോമസ്‌ ഐസക്ക്‌ മാന്‍ നോഹണ്റ്റെ നയങ്ങള്‍ക്കെതിരേ ലേഖനം എഴുതും, ഫാസ്റ്റ്‌ എമങ്ങ്‌ ഈക്കത്സ്‌ ആകെേണ്ട മുഖ്യന്‍ നിലാവത്തു അഴിച്ചു വിട്ട കോഴിയേ പോലെ ചുറ്റി തിരിയും , കസേര മോഹന്‍ തീറ്‍ന്നല്ലോ, വെളിയം വെളിവില്ലാതെ കുത്തിയിരുന്നു പിറു പിറുക്കും, മദനിയും മുരളീധരനും അഡ്ഡ്റസില്ലാതെ തെണ്ടി തിരിയും, രണ്ടു വറ്‍ ഷം കൂടി കഴിഞ്ഞു നൂറ്റി ഇരുപത്‌ സീറ്റു നേടീ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ മുഖമന്ത്റി ആകും പിന്നെ അവറ്‍ തമ്മിലുള്ള ഗ്രൂപ്പ്‌ കളി , ഇതി ഭവിഷ്യ വാണി ഞാന്‍ ഒരു കാലത്തും നന്നാവില്ല - പിണറായി ഞാന്‍ പറയുന്നതാരും കേള്‍ ക്കുന്നില്ല - സഖാവു അച്ചു മായാവതിയേ നിണ്റ്റെ കള്ളക്കടക്കണ്ണില്‍ - പ്റകാശ്‌ കാരാട്ട്‌

വായന said...

യാഥാര്‍ത്ഥത്തില്‍ ഇടതു പക്ഷം സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച സംഘടനയാണു... എന്നാല്‍ ഇന്നവര്‍ ജനങ്ങളുമായി അകന്നിരിക്കുന്നു.... താഴെക്കിടയിലുള്ള അതിണ്റ്റെ പ്രവര്‍ത്തകര്‍ പോലും ജനത്തിനു മുന്നില്‍ യജമാനന്‍ കളിക്കുന്നു.... അവര്‍ ജനത്തെ കൈവിട്ടപ്പോള്‍ ജനം അവരെ വിട്ട്‌ മറ്റുചിലരെ തേടിപ്പോയി... അതു ജനത്തിണ്റ്റെ ഗതികേട്‌.... ഇടതിണ്റ്റെ കുറ്റമല്ല...
also visit
http://sapy-smiling.blogspot.com/2009/05/blog-post.html

വായന said...
This comment has been removed by the author.
വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഇഞ്ചിപ്പെണ്ണ്, ബിജു,

തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് വില്‍പ്പനയെക്കുറിച്ചും മറിക്കലിനെക്കുറിച്ചുമുള്ള കഥകള്‍ പുതിയതല്ലല്ലോ. ആസാമിയുടെ കമന്റില്‍ സൂചിപ്പിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള പരാമര്‍ശവും പ്രസക്തം തന്നെ. ആ രീതിയില്‍ പോസ്റ്റിലെ വാചകത്തെ കാണുമല്ലോ.

തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച വിശദമായ പഠനം ഇടതുമുന്നണിയിലെ കക്ഷികളോരോന്നും നടത്തുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങള്‍ തന്നെ പഠനവും വിശകലനവുമൊന്നും കൂടാതെ അവര്‍ ഉടനടി ആവര്‍ത്തിക്കണം എന്ന് പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് തങ്ങളുടെ നയങ്ങള്‍ ജനങ്ങള്‍ ഈ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ചില്ല എന്ന ആത്മപരിശോധന എല്ലാ തലങ്ങളിലും നടക്കണം എന്നതില്‍ യോജിക്കുന്നു.

ആസാമി, ആരുഷി, സാപ്പി, ശ്യാം, ഉറുമ്പ്,

വായനക്കും അഭിപ്രായത്തിനും നന്ദി.