Friday, May 22, 2009

'നവലോകക്രമ'ത്തിലെ വംശഹത്യകള്‍

ഒന്ന്

സിംഹങ്ങള്‍ക്കും പുലികള്‍ക്കുമിടയില്‍ ശ്രീലങ്കയിലെ തമിഴ്വംശജരുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ നരകപൂര്‍ണമായിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മനുഷ്യാവകാശ പ്രവര്‍ത്തകരും റിപ്പോര്‍ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയവര്‍ മരണവും പകര്‍ച്ചവ്യാധികളും ഏറ്റുവാങ്ങുകയാണ്. കുട്ടികള്‍ക്കൊപ്പം കൈയില്‍ കിട്ടിയതുമെടുത്ത് കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്കുനേരെ സൈന്യവും എല്‍ടിടിഇയും ഒരുപോലെ വെടിയുതിര്‍ക്കുന്നു. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. താല്‍ക്കാലിക കൂടാരങ്ങളില്‍ മുറിവേറ്റ കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ നിലവിളിക്കുന്ന അമ്മമാരുടെ ചിത്രങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായി പരിക്കേറ്റവരെ കൊളംബോവില്‍ എത്തിച്ചുവെന്നും ആവശ്യമായ ചികിത്സയും സഹായങ്ങളും ജനങ്ങള്‍ക്കെത്തിക്കുന്നുണ്ടെന്നും സൈനികകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധമേഖലയിലെ അവസ്ഥ അത്യന്തം ദാരുണവും ഹൃദയഭേദകവുമാണെന്ന് യു എന്‍ മനുഷ്യാവകാശസമിതിതന്നെ പറയുന്നു.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കുന്നത് വംശീയമായ ഒരു ഉന്മൂലന യുദ്ധമാണ്. ശ്രീലങ്കന്‍സേന വടക്കുകിഴക്കന്‍ മേഖലയില്‍ ക്ളസ്റ്റര്‍ ബോംബുകളും നാപാം ബോംബുകളുമാണ് വര്‍ഷിക്കുന്നത്. ആയിരങ്ങളാണിവിടെ നിഷ്ഠുരം കൊലചെയ്യപ്പെട്ടിരിക്കുന്നത്. സൈന്യവും പുലികളും ഒരുപോലെ ജനങ്ങളെ കവചങ്ങളാക്കി നടത്തുന്ന യുദ്ധത്തില്‍ നിരപരാധികളായ തമിഴ് ജനത ഉന്മൂലനം ചെയ്യപ്പെടുകയാണ്.

ശ്രീലങ്കയില്‍ തുടരുന്ന നരഹത്യകളും ആഭ്യന്തരയുദ്ധവും ഇന്ത്യന്‍ രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷമായ സാഹചര്യം മുന്‍നിര്‍ത്തി ഭരണവര്‍ഗപാര്‍ടികള്‍ വളരെ ശ്രദ്ധയോടെ ശ്രീലങ്കന്‍ തമിഴര്‍ക്കെതിരായ അതിക്രമങ്ങളെയും അതിനോടുള്ള പ്രതിഷേധങ്ങളെയും താന്താങ്ങളുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുഗുണമാക്കിത്തീര്‍ക്കാനുള്ള കൌശലപൂര്‍വമായ നീക്കങ്ങളുമാരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ ഭൂപരമായ അവിച്ഛിന്നതക്കകത്ത് നിന്നുകൊണ്ട് തമിഴ് ഈഴം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നാണ് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തമിഴര്‍ക്ക് ഒരു 'സ്വതന്ത്ര രാഷ്ട്രപദവി' നല്‍കി ശ്രീലങ്കന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മനു അഭിഷേക് സിങ്വി. ശ്രീലങ്കയില്‍ തമിഴ്വംശജര്‍ നേരിടുന്ന സൈനികാക്രമണങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ രജപക്സെ സര്‍ക്കാരില്‍ ഒരു സമ്മര്‍ദവും ചെലുത്താന്‍ യുപിഎ സര്‍ക്കാരിനായില്ലെന്ന കുറ്റകരമായ വസ്തുത തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച അമര്‍ഷമാണ് വളര്‍ത്തിയത്. യുപിഎ സര്‍ക്കാരില്‍ പങ്കാളിയായ കരുണാനിധി ഇതിനെ മറികടക്കാനാണ് ചില സത്യഗ്രഹനാടകങ്ങള്‍ കളിച്ചുനോക്കിയത്.

നേരത്തെതന്നെ ചെക്കോസ്ളോവാക്യന്‍ മോഡലില്‍ ശ്രീലങ്കയെ വിഭജിക്കണമെന്ന് പ്രസ്താവനയിറക്കിയ നേതാവാണ് കരുണാനിധി. ഇന്നിപ്പോള്‍ ജയലളിതയുടെ പ്രസ്താവനയോട് പ്രതികരിച്ചതുപോലെ അതിരൂക്ഷമായിട്ടാണ് ശ്രീലങ്കന്‍ ഭരണാധികാരികള്‍ കരുണാനിധിയുടെ പ്രസ്താവനയോടും മുമ്പ് പ്രതികരിച്ചത്. ഇതെല്ലാം കാണിക്കുന്നത് ശ്രീലങ്കന്‍പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സ്ഫോടനാത്മകമായ ഒരു അവസ്ഥാവിശേഷമാണ് സൃഷ്ടിക്കുന്നത് എന്നാണ്.

തീര്‍ച്ചയായും ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതല്‍ തമിഴ് ജനത അനുഭവിച്ചുപോന്ന ഭാഷാപരവും വംശീയവുമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുമാണ് എല്‍ടിടിഇപോലുള്ള ഒരു തീവ്രവാദ സംഘടനയുടെ പിറവിക്കും വളര്‍ച്ചക്കും മണ്ണൊരുക്കിയത്. 1947ന് ശേഷവും ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് ഇത്തരം വിവേചനങ്ങളും അസന്തുലിതത്വങ്ങളും അവസാനിപ്പിക്കാന്‍ കഴിയാതെപോയത് അവര്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നവകൊളോണിയല്‍ നയങ്ങളുടെ നടത്തിപ്പുകാരായതുകൊണ്ടാണ്. മതം, വംശം, ഭാഷ അടിസ്ഥാനത്തിലുള്ള എല്ലാവിധ ഭിന്നതകളെയും മൂര്‍ഛിപ്പിക്കുകയും ജനസമൂഹങ്ങള്‍ തമ്മിലുള്ള പ്രാദേശിക അസന്തുലിതത്വങ്ങള്‍ തീക്ഷ്ണമാകുന്ന വികസനനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുമാണ് സ്വാതന്ത്ര്യാനന്തര ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. ശ്രീലങ്കന്‍ സര്‍ക്കാരിനെപ്പോലെതന്നെ അമേരിക്കയുമായുള്ള രഹസ്യധാരണകളിലാണ് പുലികളും തങ്ങളുടെ പദ്ധതികള്‍ തയാറാക്കിയത്. യഥാര്‍ഥത്തില്‍ ഇരുതലയും കത്തിച്ച് നടുപിടിക്കുന്ന അമേരിക്കന്‍ താല്‍പ്പര്യങ്ങളാണ് ഇന്ന് ശ്രീലങ്കയില്‍ വംശീയതയുടെ സമരാഗ്നി പടര്‍ത്തിയിരിക്കുന്നത്.

സിംഹളവംശീയതയുടെ പിന്‍ബലമുള്ള ശ്രീലങ്കന്‍ സര്‍ക്കാരിനെ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണിയാവുന്ന തമിഴ് പുലികള്‍ക്കെതിരെ തിരിച്ചുവിടുകയും തങ്ങളുടെ വംശീയസ്വത്വത്തെതന്നെ നിഷേധിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പോരാടാന്‍ പുലികളുടെ നേതൃത്വമംഗീകരിക്കുന്ന അവസ്ഥയിലേക്ക് തമിഴ്വംശജരെ തള്ളിവിടുകയും ചെയ്യുന്ന ഇരുതല നീക്കങ്ങളാണ് ശ്രീലങ്കയില്‍ അമേരിക്ക നടത്തിയത്. ട്രിങ്കോമലിയില്‍ തങ്ങള്‍ക്ക് സൈനികത്താവളം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും രണ്ട് പക്ഷത്തും കളിച്ചത്. ഇതിനായുള്ള രഹസ്യാന്വേഷണപരവും സൈനികവുമെല്ലാമായ സംവിധാനങ്ങള്‍ അമേരിക്കന്‍ ഭരണകൂടം രൂപപ്പെടുത്തിയിട്ടുണ്ട്. ഈ വിധത്തിലുള്ള രഹസ്യാന്വേഷണപരവും വിധ്വംസക മാനങ്ങളുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി വധിക്കപ്പെടുന്നത്. രാജീവ്വധത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ അത്തരം ബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുകയുണ്ടായി.

1987ലെ രാജീവ്-ജയവര്‍ധനെ കരാര്‍ ശ്രീലങ്കയില്‍ ഇന്ത്യയുടേതല്ലാത്ത മറ്റു വിദേശശക്തികളുടെ സൈനിക സാന്നിധ്യം പാടില്ലെന്ന് വ്യവസ്ഥചെയ്തിരുന്നു. വോയ്സ് ഓഫ് അമേരിക്കയുടെ വിവരശേഖരണാനുമതി റദ്ദ് ചെയ്യണമെന്ന് രാജീവ്-ജയവര്‍ധനെ കരാര്‍ അനുശാസിച്ചിരുന്നു. വോയ്സ് ഓഫ് അമേരിക്കപോലുള്ള വാര്‍ത്താ ഏജന്‍സികളെ ഉപകരണങ്ങളാക്കി സിഐഎ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധങ്ങളാണല്ലോ. ശ്രീലങ്കയിലെ അമേരിക്കന്‍ കരുനീക്കങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ പ്രകോപിതമായ സിഐഎ തമിഴ് പുലികളെ ഉപയോഗപ്പെടുത്തി രാജീവ്ഗാന്ധിയെ വധിക്കുകയായിരുന്നു. ഇന്ത്യയെ രാഷ്ട്രീയമായി അസ്ഥിരമാക്കാനും നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള താല്‍പ്പര്യങ്ങളും ഏഷ്യന്‍ മേഖലയിലെ ശക്തമായ രാഷ്ട്രഘടനകളെ ശിഥിലമാക്കാനുള്ള പദ്ധതികളും സിഐഎ തൊണ്ണൂറുകളോടെ തീവ്രമാക്കിയിട്ടുണ്ട്.

മൂന്നാംലോകരാജ്യങ്ങളെയും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിത്തരാത്ത വികസിതരാജ്യങ്ങളെയും മതം, വംശീയത, ഭാഷ തുടങ്ങിയ സാംസ്കാരിക ഭിന്നതകളെ ഉപയോഗിച്ച് സംഘര്‍ഷപൂര്‍ണമാക്കുകയെന്നതാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യഅജന്‍ഡ. ശക്തമായ രാഷ്ട്രങ്ങളെ ചെറുചെറു രാജ്യങ്ങളാക്കി ശിഥിലീകരിച്ചും പരസ്പരം യുദ്ധം ചെയ്യിച്ചുമാണ് അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ 'നവലോകക്രമം' യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്.

ഈയൊരു ലോക സാഹചര്യത്തെ പരിഗണിക്കാതെ ദേശീയ അടിച്ചമര്‍ത്തലിനും വംശീയ വിവേചനത്തിനും ഏകപരിഹാരം സ്വതന്ത്രരാഷ്ട്ര പ്രസ്ഥാനമാണെന്ന നിലപാടുകളെ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓരോ രാജ്യത്തിനകത്തെയും ഭിന്നവിഭാഗങ്ങളെയും വൈജാത്യങ്ങളെയും ശാസ്ത്രീയമായി സമീപിക്കുന്ന ഒരു ജനാധിപത്യ നിലപാടിനും വ്യവസ്ഥക്കും വേണ്ടിയാണ് പുരോഗമന ശക്തികള്‍ പോരാടേണ്ടത്. സാമ്രാജ്യത്വവിരുദ്ധമായ ദേശീയ നിലപാടുകളെ നിരാകരിക്കുന്ന നാനാവിധമായ നവലിബറല്‍ ചിന്താപദ്ധതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ അധിനിവേശത്തിന്റെ ശക്തികളെ പ്രതിരോധിക്കാനാവൂ.

ദേശീയതക്ക് പകരമായി വംശീയതയെയും വര്‍ഗപരമായ സ്വത്വത്തിന് പകരമായി മതസ്വത്വത്തെയും പ്രതിഷ്ഠിക്കുന്ന സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് ഇന്ന് ലോകത്തെ വംശഹത്യകളിലേക്കും അരുംകൊലകളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നവലോകക്രമ'ത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയെന്ന നിലയിലാണ് വംശീയതാവാദവും സംസ്കാര ദേശീയതാവാദവുമെല്ലാം ലോകത്ത് ഇന്ന് പുനരുജ്ജീവിക്കപ്പെടുന്നത്. അമേരിക്കയുടെ 'നവലോകക്രമ'ത്തിനുവേണ്ടിയുള്ള വംശക്കുരുതികളാണ് ബോസ്നിയ മുതല്‍ ശ്രീലങ്ക വരെയും ആഫ്രിക്ക മുതല്‍ അമേരിക്കന്‍ മഹാനഗരങ്ങള്‍ വരെയും ഇന്ന് രക്തക്കളമാക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ കുടിലതാല്പര്യങ്ങള്‍ അത്യന്തം സങ്കീര്‍ണമാക്കിയ ശ്രീലങ്കന്‍ പ്രശ്നത്തിന് ജയലളിതയും കരുണാനിധിയും നിര്‍ദേശിക്കുന്നത് പോലെ ലളിത പരിഹാരങ്ങളൊന്നുമില്ല. ഇന്ത്യയുടെ തെറ്റായ മുന്‍കാല നിലപാടുകളും ഇപ്പോള്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായിക്കൊണ്ട് തമിഴ് വംശജര്‍ക്കെതിരെ നടത്തുന്ന കൂട്ടക്കുരുതികളില്‍ പുലര്‍ത്തുന്ന അലംഭാവവും ഒരു മനുഷ്യസ്നേഹിയായ ഇന്ത്യക്കാരനും അംഗീകരിക്കാനാവില്ല.

ശ്രീലങ്കയിലെ തമിഴ്വംശജര്‍ക്കെതിരെ നടക്കുന്ന സൈനികാക്രമണങ്ങളെയും വംശീയമായ അടിച്ചമര്‍ത്തലുകളെയും അന്താരാഷ്ട്ര സമ്മര്‍ദങ്ങളിലൂടെ അവസാനിപ്പിക്കാനാവശ്യമായ ഇടപെടലുകളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. അതിനായുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ അമേരിക്കന്‍ വിധേയത്വംമൂലം യുപിഎ സര്‍ക്കാര്‍ അപ്രാപ്തമായിരിക്കുന്നുവെന്നതാണ് സത്യം. ഏഷ്യന്‍ മേഖലയിലെ സൈനികവും തന്ത്രപരവുമായ അമേരിക്കന്‍ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരും അതില്‍ പങ്കാളിയായ കരുണാനിധിയും ഇപ്പോള്‍ സ്വന്തം രാഷ്ട്രീയഷണ്ഡത്വം മറച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴ്വിരുദ്ധ വംശീയ നിലപാടുകളെ ഭൂപരമായ വിഭജനം വഴിയേ പരിഹരിക്കാനാവൂവെന്ന നിലപാടുകള്‍ പുരോഗമനശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഭൂരിപക്ഷ വംശീയവാദത്തിലധിഷ്ഠിതമായ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും തമിഴ് ന്യൂനപക്ഷ വംശീയതയെ പ്രതിനിധീകരിക്കുന്ന എല്‍ടിടിഇയുടെയും വിഘടനവാദപരമായ നിലപാടുകളും ഒരുപോലെ പ്രശ്നപരിഹാരത്തെ അസാധ്യമാക്കുന്നതാണ്. ഈ രണ്ട് നിലപാടുകളും ആധുനിക രാഷ്ട്രീയാര്‍ഥത്തിലുള്ള ദേശീയതക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുന്ന നിയോ ലിബറല്‍ നിലപാടുകളാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ അംഗമായ നോര്‍വെയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മാധ്യസ്ഥ്യവും സമാധാനചര്‍ച്ചകളുമെല്ലാം ഇരുപക്ഷങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നത് ശ്രീലങ്കന്‍ സര്‍ക്കാരിനെയും എല്‍ടിടിഇയെയും ഒരുപോലെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വമാണെന്നതിന്റെ വ്യക്തവും വിശദീകരണമാവശ്യമില്ലാത്തതുമായ തെളിവാണ്.

രണ്ട്

മനുഷ്യരാശിക്കെതിരായ സാര്‍വദേശീയപാതകങ്ങള്‍

ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2001-ല്‍ നടന്ന വംശീയതക്കെതിരായ അന്താരാഷ്ട ഉച്ചകോടി ലോകമാസകലം നരഹത്യകള്‍ സൃഷ്ടിച്ച് പടരുന്ന വംശീയയുദ്ധങ്ങളെ മനുഷ്യരാശിക്കെതിരായ മഹാപാതകമാണെന്നാണ് വിശേഷിപ്പിച്ചത്. വംശീയതയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും മൂലസ്രോതസ്സ് സാമ്രാജ്യത്വ മൂലധന വ്യവസ്ഥയാണെന്ന യാഥാര്‍ഥ്യം ആര്‍ക്കും മൂടിവെക്കാനാവാത്തവിധം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ വംശീയയുദ്ധത്തിനും മനുഷ്യക്കുരുതിക്കും വിത്തിട്ടത് ഈ മേഖലയിലെ സാമ്രാജ്യത്വ താല്പര്യങ്ങളാണ്. ട്രിങ്കോമാലി തുറമുഖത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള വന്‍ശക്തികളുടെ കളികളാണ് സിംഹള തമിഴ് വംശീയവിഭജനത്തിനും അക്രമാസക്ത തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മണ്ണൊരുക്കിയത്.

വിവിധരാജ്യങ്ങളിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭിന്നരൂപങ്ങളില്‍ പ്രകടമാവുന്ന 'സ്വത്വരാഷ്ട്രീയ' പ്രസ്ഥാനങ്ങള്‍ക്ക് പൊതുവായൊരുചരിത്രമുണ്ട്. മതം, വംശം, ഗോത്രം, ജാതി തുടങ്ങിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാവിധ ഭീകരസംഘങ്ങളും മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സംസ്കാരവുമായി ബന്ധപ്പെട്ടാണ് സമകാലീനലോകത്തിലെ വംശീയപ്രസ്ഥാനങ്ങളെല്ലാം ജന്മമെടുത്തത്.

സ്വത്വരാഷ്ടീയപ്രയോഗത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകമായ മാതൃക ജര്‍മനിയിലെ നാസി രാഷ്ട്രീയമാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലും വംശവിരോധത്തിന്റെ വിഭ്രാന്തിയില്‍ അടിപ്പെട്ട നാസികള്‍ ജര്‍മനിയെയും ലോകത്തെയും ശവപ്പറമ്പാക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്.

ലോകം ഭരിക്കാന്‍ പ്രാപ്തിയും അര്‍ഹതയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്നും ആര്യവംശമേധാവിത്വം പുനഃസ്ഥാപിക്കലാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്നും ഹിറ്റ്ലരും നാസികളും പ്രചരിപ്പിച്ചു. ആര്യന്‍ വംശാഭിമാനത്തിന്റെ പ്രവാചകനെന്നറിയപ്പെടുന്ന ബ്ളെന്‍ചിലിയെപ്പോലുള്ളവര്‍ വംശീയ സ്വത്വത്തെ രാഷ്ടമായി സമര്‍ഥിച്ചു. സിവില്‍ സമൂഹ ഉള്ളടക്കത്തോടെയുള്ള ദേശീയ രാഷ്ട്രസങ്കല്‍പ്പങ്ങളെത്തന്നെ നിഷേധിക്കുന്ന ചിന്താപദ്ധതികളാണ് "ദി തിയറി ഓഫ് ദി സ്റ്റേറ്റ്“ പോലുള്ള നാസികളുടെ ദാര്‍ശനിക കൃതികള്‍ മുന്നോട്ടു വച്ചത്. ലോകത്തെ മറ്റെല്ലാ വംശങ്ങളെയും സമൂഹങ്ങളെയും അടക്കി ഭരിക്കാന്‍ കെല്‍പ്പും പദവിയും അധികാരവുമുള്ള ആര്യന്മാരുടെ 'സ്വത്വ'ത്തെ ഒരിക്കല്‍ക്കൂടി കണ്ടെത്താനാണ് വംശീയഫാസിസ്റ്റുകള്‍ ആഹ്വാനം ചെയ്തത്. ഇതര വംശങ്ങളെ തങ്ങള്‍ക്കവകാശപ്പെട്ട അധികാരത്തിന് കീഴ്പ്പെടുത്താന്‍ ബലപ്രയോഗവും വംശഹത്യയും വരെ ന്യായീകരിക്കത്തക്കതാണെന്ന ഫാസിസ്റ്റ് യുക്തിയിലാണ് ആര്യവംശമേധാവിത്വബോധം ജര്‍മനിയില്‍ വളര്‍ന്നത്. ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസവും ഇതേരീതി അവലംബിച്ചു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും വംശാഭിമാനത്തിലധിഷ്ഠിതമായ രാഷ്ടീയവും സംസ്കാരവും സ്റ്റാലിനും ദിമിത്രോവുമെല്ലാം വിശദമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്വത്തിന്റെ ജീര്‍ണരാഷ്ട്രീയം തന്നെയാണ് ജര്‍മന്‍ വംശീയമാനത്തിന്റെ രാഷ്ട്രീയവുമെന്ന് അവര്‍ തുറന്നുകാട്ടി. ഹിറ്റ്ലരും മുസ്സോളിനിയുമെല്ലാം അധമമെന്ന് വിശേഷിപ്പിച്ച വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുംമേലുള്ള വംശാധിപത്യ രാഷ്ട്രീയം ജര്‍മനിയിലെയും ഇറ്റലിയിലെയും കുത്തകകള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ക്കും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ക്കുംമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയംതന്നെയായിരുന്നു. മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ സര്‍വാധിപത്യ പ്രവണതകള്‍തന്നെയാണ് വംശീയസ്വത്വബോധത്തിന്റെ പേരില്‍ ലോകമെമ്പാടും അരങ്ങേറുന്ന കൂട്ടക്കൊലകളും വംശീയയുദ്ധങ്ങളും പ്രകടിപ്പിക്കുന്നത്.

മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മധ്യത്തിലാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തിരോധാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ചിരകാല സ്വപ്നമായ 'നവലോകക്രമം' യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയിലാക്കിയിരിക്കയാണ്. അതിനായി അവര്‍ ആരംഭിച്ച ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ വന്‍തോതിലുള്ള തിരിച്ചടികളാണ് നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയോടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന നവലിബറല്‍നയങ്ങളുടെ ഭാഗമായിട്ടുതന്നെയാണ് സാമ്രാജ്യത്വം വംശീയഭീകരവാദപ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കുന്നത്. ജനകീയശക്തികളെ ഭിന്നിപ്പിക്കാനും ദേശീയരാഷ്ട്രഘടനകളെ ശിഥിലമാക്കാനുമുള്ള സാമ്പത്തിക, സാംസ്കാരിക പദ്ധതികള്‍ തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. സി ഐ എ, പെന്റഗണ്‍, യു എസ് വിദേശ കാര്യവിഭാഗം എന്നിവ ചേര്‍ന്ന് രഹസ്യാന്വേഷണപരവും സൈനികവും നയതന്ത്രപരവുമായ സംവിധാനങ്ങള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൌണ്ടേഷനുകളും സന്നദ്ധസംഘടനാ ശൃംഖലകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

മതം, വംശീയത, ജാതീയത തുടങ്ങിയ എല്ലാതരം ശിഥിലീകരണ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ വിഭജിച്ച് നിര്‍ത്തുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം ആവിഷ്കരിച്ചിട്ടുള്ളത്. ഭാഷാപരവും പ്രാദേശികവുമായ എല്ലാവിധ സങ്കുചിതത്വങ്ങളെയും വളര്‍ത്തിയെടുത്ത് ദേശീയഘടനകളെ തകര്‍ക്കുന്ന വിഘടനവാദപ്രസ്ഥാനങ്ങളെ വളര്‍ത്തുകയും രാഷ്ട്രം ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനികാര്‍ഥത്തിലുള്ള ബൃഹദ്ഘടനകളെയും തിരസ്കരിക്കുന്ന പ്രത്യയശാസ്ത്രപദ്ധതികളാണ് സാമ്രാജ്യത്വ മൂലധനശക്തികള്‍ ലോകമാസകലം പ്രയോഗിക്കുന്നത്.

ആഫ്രിക്കയില്‍ ഹുടു-ടുട്സി തര്‍ക്കങ്ങള്‍ പോലുള്ള ഗോത്രവൈരങ്ങളും അള്‍ജീരിയയിലും ഇന്തോനേഷ്യയിലും ഇസ്ളാം- അനിസ്ളാമിക ഭിന്നതകളും ഇന്ത്യയില്‍ ഹിന്ദു-അഹിന്ദു വ്യത്യാസങ്ങളും വളര്‍ത്തുന്നു. അറബ് നാടുകളില്‍ ഇസ്ളാമികതലത്തിലെ സുന്നി-ഷിയാ പോലുള്ള അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ പലസ്തീന്‍കാര്‍ക്കെതിരെ സിയോണിസത്തെ കയറൂരിവിടുന്നു. പൂര്‍വ യൂറോപ്പിലും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ളിക്കുകളിലും വംശീയസംസ്കാര വൈവിധ്യങ്ങളെ സംഘര്‍ഷഭരിതമാക്കുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളെ കല്ലോട് കല്ല് ചേരാതെ വംശീയഭീകരത അഴിച്ചുവിട്ടു തകര്‍ത്തുകളഞ്ഞിരിക്കുന്നു. എല്ലാവിധ ജനാധിപത്യപ്രസ്ഥാനങ്ങളെയും നിരാകരിക്കുന്ന മത- വംശീയ പ്രസ്ഥാനങ്ങള്‍ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പരിപാടിക്കുള്ള സ്വത്വരാഷ്ട്രീയ പ്രയോഗത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. അല്ലാതെ ഉത്തരാധുനികര്‍ പ്രചരിപ്പിക്കുംപോലെ ജനങ്ങളുടെ സ്വത്വബോധത്തിന്റെ പ്രകാശനങ്ങളല്ല.

മുതലാളിത്ത ചൂഷണം സൃഷ്ടിക്കുന്ന അസമത്വങ്ങളെയും അസന്തുലിത്വങ്ങളെയും മനുഷ്യത്വവിരുദ്ധമായ സാമൂഹ്യവ്യവസ്ഥയെയും മത-വംശീയശക്തികള്‍ ഉയര്‍ത്തുന്ന മിഥ്യാപൂര്‍ണമായ പുനരുജ്ജീവനവാദം വഴി അതിജീവിക്കാമെന്ന വ്യാമോഹമാണ് സൃഷ്ടിക്കപ്പെടുന്നത്. തങ്ങളുടെ വംശീയ സ്വത്വവും ഭൂതകാലവും പുനരാനയിക്കുകവഴി വര്‍ത്തമാനകാല ദുരിതങ്ങളെ അതിജീവിക്കാമെന്നാണ് വംശീയവാദികള്‍ ഉദ്ബോധിപ്പിച്ചിരുന്നത്. അയഥാര്‍ഥമായ സങ്കല്‍പ്പങ്ങളിലൂടെ മുതലാളിത്തവ്യവസ്ഥയുടെ തിന്മകളില്‍ മനംമടുത്തവരെയും അതിന്റെ വികസനം സൃഷ്ടിച്ച അസന്തുലിത്വങ്ങളുടെ ഇരകളെയും വംശീയഭീകരപ്രസ്ഥാനങ്ങള്‍ തങ്ങളോടൊപ്പം നിര്‍ത്തുകയാണ്. ഈ 'സ്വത്വരാഷ്ട്രീയ' വാദികള്‍ തങ്ങള്‍ സൃഷ്ടിക്കുന്ന അയഥാര്‍ഥലോകത്തില്‍ അയഥാര്‍ഥ ശത്രുക്കളെയും അയഥാര്‍ഥ മിത്രങ്ങളെയും സൃഷ്ടിച്ചെടുക്കുന്നു. തങ്ങളുടെ മതവും വംശവും ജാതിയുമെല്ലാം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതും നിഗൂഢവുമാണെന്ന ആധിപത്യമാണ് ഇവര്‍ വളര്‍ത്തന്നത്. മറ്റുള്ളവരെല്ലം മേച്ഛരും അധമരുമാണെന്ന പ്രത്യയശാസ്ത്രബോധം വളര്‍ത്തുന്ന വംശീയത ഒരു കൊളോണിയല്‍ നിര്‍മിതിയാണെന്ന യാഥാര്‍ഥ്യം പുരോഗമനശക്തികള്‍ തുറന്നു കാട്ടേണ്ടതുണ്ട്.

വംശീയതക്കെതിരായ സാര്‍വദേശീയ സമ്മേളന വേദികള്‍ പലപ്പോഴും അമേരിക്കയും മറ്റിതര സാമ്രാജ്യരാജ്യങ്ങളും തങ്ങളുടെ താല്പര്യ രാജ്യങ്ങള്‍ക്കെതിരാവാതെയിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ദര്‍ബന്‍ സമ്മേളനത്തില്‍ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയതയെ വിമര്‍ശിക്കുന്നതും പലസ്തീന്‍ ജനത നേരിടുന്ന വിവേചനങ്ങള്‍ പരാമര്‍ശിക്കുന്നതുമായ പ്രഖ്യാപനത്തിന്റെ കരാറിനെ അമേരിക്കയും സഖ്യരാജ്യങ്ങളും എതിര്‍ത്തു. അവസാനം അമേരിക്കയുടെ അഭീഷ്ടമനുസരിച്ച് ഇന്ത്യ ഇടപെട്ടുകൊണ്ടാണ് ദര്‍ബന്‍ സമ്മേളന പ്രഖ്യാപനത്തില്‍ ഇസ്രയേലിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിച്ചത്. സാമ്രാജ്യത്വത്തിനും അവരുടെ ശിങ്കിടികളായ സിയോണിസ്റ്റുകള്‍ക്കും മേല്‍ക്കൈെയുളള ഒരു ലോകവേദിയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളും സജീവമായിരുന്ന 1978 ലെയും 1983 ലെയും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമ്മേളനങ്ങളില്‍നിന്നും ഇസ്രയേലിനെ സിയോണിസ്റ്റ് വംശീയരാഷ്ട്രമായി വിലയിരുത്തുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും വിശ്വസ്തസഖ്യകക്ഷിയും ഉപകരണവുമായ ഇസ്രയേല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരു പ്രഖ്യാപനത്തോടും അമേരിക്കക്ക് യോജിക്കാനാവില്ലല്ലോ. സയണിസത്തെ വംശീയതയായി നിര്‍വചിക്കുന്ന പരാമര്‍ശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നപക്ഷം അമേരിക്കക്ക് പുറമെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബഹിഷ്കരിക്കുമെന്ന് ദര്‍ബന്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെപ്രഖ്യാപിക്കുകയുണ്ടായി. "യുദ്ധകുറ്റങ്ങള്‍ക്കും വംശീയ ശുദ്ധീകരണത്തിനും കൂട്ടക്കൊലകള്‍ക്കും ഉത്തരവാദിയായ വംശീയകുറ്റവാളി''യായി ഇസ്രയേലിനെ വിശേഷിപ്പിക്കണമെന്ന വാദത്തില്‍ പ്രതിഷേധിച്ചാണ് അമേരിക്കയും ഇസ്രയേലും സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സമ്മേളനത്തിന്റെ സെക്രട്ടറി ജനറല്‍ മി. മേരിറോബിന്‍ ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയായിരുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന സാംസ്കാരിക ദേശീയത ഇന്ത്യയില്‍ വംശഹത്യകള്‍ സൃഷ്ടിക്കുന്നതാണ്. ഗുജറാത്തിലും ഒറീസയിലുമെല്ലാം നാം ദര്‍ശിച്ചത്. നവഉദാരവല്‍ക്കരണനയവും തീവ്രഹിന്ദുത്വവാദവും തമ്മിലുള്ള പാരസ്പര്യം ഇന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ വംശഹത്യയോളം വളര്‍ന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ അമേരിക്കന്‍ ഏജന്‍സികള്‍ ഡോളറുകള്‍ ഒഴുക്കിക്കൊണ്ട് കൂടിയാണ് വളര്‍ത്തിയെടുത്തത്. "ഇന്ത്യാ റിലീഫ് ആന്‍ഡ് ഡവലപ്മെന്റ്“ പോലുള്ള സംവിധാനങ്ങള്‍ വഴി മോഡിയുടെ നാട്ടിലേക്ക് ഒഴുകിയെത്തിയ വിദേശഫണ്ടുകളാണ് ആക്രമണോത്സുകമായ ഹിന്ദുത്വ വാദത്തെ പരിപോഷിപ്പിച്ചെടുത്തത്. വിദ്വേഷത്തിന്റെയും വംശീയ ഉച്ചാടനത്തിന്റെയും രാഷ്ട്രീയവും സംസ്കാരവും ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിരവധി അമേരിക്കന്‍ ഫണ്ടിങ് ഏജന്‍സികളും ബുദ്ധികേന്ദ്രങ്ങളും ബദ്ധശ്രദ്ധരാണ്. വംശമഹിമയുടെയും അന്യമത വിരോധത്തിന്റെയും പ്രത്യയശാസ്ത്രവല്‍ക്കരണമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വര്‍ത്തമാനലോകത്തെയാകമാനം കുരുതിക്കളമാക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമായ "ക്രൂരതീര്‍ഥാടന''ങ്ങളുടേതാണ്. തദ്ദേശീയരായ റെഡ്ഇന്ത്യന്‍ വംശജരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അമേരിക്ക വംശശുദ്ധീകരണത്തിന്റെ മഹാപാതകങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതുതന്നെ. വംശഹത്യയുടെ നിഷ്ഠുരതകളിലാണ് അമേരിക്കയെന്ന രാജ്യം തന്നെ സ്ഥാപിക്കപ്പെട്ടത്. ആംഗ്ളോ- സാക്സണ്‍ വംശമേധാവിത്വ മനോഭാവമാണ് എക്കാലത്തും അമേരിക്കയുടെ പൊതുബോധത്തെ നയിച്ചിട്ടുള്ളത്. കറുത്തവനായ ഒബാമ പ്രസിഡന്റായതുകൊണ്ട് മാത്രം അമേരിക്കയുടെ വംശീയമേധാവിത്വത്തിലധിഷ്ഠിതമായ കോര്‍പറേറ്റ് മോഹങ്ങള്‍ അവസാനിച്ചുവെന്ന് കരുതാന്‍ മാത്രം ലോകജനത മൂഢരല്ലല്ലോ. തുര്‍ക്കിയിലും കിഴക്കന്‍ തിമോറിലും ഗ്വാട്ടിമാലയിലും സിഐഎ നടത്തിയ വംശശുദ്ധീകരണങ്ങള്‍ തങ്ങളുടെ കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ബാള്‍കന്‍ രാജ്യങ്ങളെ സമ്പൂര്‍ണമായി തകര്‍ത്തതും വംശീയഭ്രാന്ത് കെട്ടഴിച്ചുവിട്ടുകൊണ്ടായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഭ്രാതൃഹത്യകള്‍ സൃഷ്ടിച്ചത് പ്രകൃതിവിഭവങ്ങളും സമ്പത്തും കൈയടക്കുകയെന്ന അധിനിവേശലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു.

സ്വന്തം രാജ്യത്തുപോലും കറുത്ത വംശജരെ വംശീയമായി വേട്ടയാടിയ ചരിത്രമാണ് അമേരിക്കയുടേത്. കറുത്തവംശജരായ യുവതലമുറയെ മയക്കുമരുന്നിന്നടിമയാക്കി ക്രിമിനലൈസ് ചെയ്യുകയാണ് സിഐഎ ചെയ്തത്. ബ്ളാക്ക്പാന്തര്‍ ഉള്‍പ്പെടെയുള്ള വര്‍ണവെറിക്കെതിരായ കറുത്തവരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് അമേരിക്കന്‍ ഭരണകൂടം എന്നും ചെയ്തത്.

ലോകത്തിലെ ഏക വന്‍ശക്തിയായി തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്ന അമേരിക്ക ഭൂമണ്ഡലത്തിലാകെ തങ്ങള്‍ക്കഭിമതരല്ലാത്ത ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യുകയും തകര്‍ക്കുകയുമാണ്. നാനാവിധമായ വംശവെറിയന്‍ പ്രസ്ഥാനങ്ങളിലൂടെ ലോകത്തെ കുരുതിക്കളമാക്കുന്ന അമേരിക്ക മനുഷ്യരാശിക്കെതിരായ പാതകങ്ങളിലൂടെയാണ് 'നവലോകക്രമം' രൂപപ്പെടുത്തുന്നത്. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള ആഗോളശ്രമങ്ങള്‍ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലകളുടെയും വംശീയയുദ്ധത്തിന്റെയും മാനം കൈവരിച്ചിരിക്കുന്നു.

വന്‍കിട കോര്‍പറേറ്റ് മൂലധന കുത്തകകള്‍ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ദേശീയ രൂപങ്ങളെ ഭേദിക്കാനും ആധിപത്യം സ്ഥാപിക്കാനും നടത്തുന്ന നീചമായ നീക്കങ്ങളാണ് എല്ലാവിധ അസ്ഥിരീകരണപരിപാടികളുടെയും ലക്ഷ്യം. ദേശീയതയെ സാമ്പത്തികജീവിതത്തില്‍ ിന്നടര്‍ത്തിമാറ്റി വര്‍ഗീയവും വംശീയവുമായ ഒരു പ്രതിലോമപരമായ സംവര്‍ഗമാക്കി ദൃഢീകരിക്കാനുള്ള ശ്രമങ്ങളാണ് യൂഗോസ്ളാവ്യയിലും പഴയ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കുകളിലുമെല്ലാം കണ്ടത്. ദേശീയതയെ വിഘടിപ്പിച്ച് മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളില്‍ ജനങ്ങളെ വിഭ്രാന്തമായ കലാപങ്ങളിലേക്ക് നയിക്കുന്ന മുലധനശക്തികള്‍ കോര്‍പറേറ്റ് കുത്തകകളുടെ ജന്മദേശമായ സാമ്രാജ്യത്വ രാജ്യങ്ങളുടെ ദേശീയതയുടെ ആധിപത്യഭാവത്തെ പരമാവധി വിജൃംഭിതമാക്കുകയും ചെയ്യുന്നു.

ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും എല്ലാവിധ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന 'സ്വത്വരാഷ്ട്രീയവാദി'കളാണ് സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍. എല്ലാവിധദര്‍ശനങ്ങളെയും നിരാകരിക്കുന്ന 'സ്വത്വരാഷ്ട്രീയവാദി'കളാണ് സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍. എല്ലാവിധ സാംസ്കാരികസ്വത്വങ്ങളെയും സാമ്രാജ്യത്വ അധിനിവേശത്തിനനുഗുണമാകുന്ന ചിന്താപദ്ധതികളാണ് ഇക്കൂട്ടര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്കാരവൈവിധ്യങ്ങളെ ഉള്‍ക്കൊളുന്ന, ബഹുസ്വരതയെ അംഗീകരിക്കുന്ന ജനാധിപത്യ ദര്‍ശനങ്ങളുടെ നിഷേധത്തിലാണ് ഹണ്ടിങ്ടണ്‍ സിദ്ധാന്തങ്ങള്‍ മുളപൊട്ടുന്നത്. മൌലികമായ മതം, വംശം, ജാതി, ഗോത്രം, ദേശം തുടങ്ങിയ എല്ലാവിധ ഘടകങ്ങളുമായി ചേര്‍ന്ന് വിവിധ രൂപത്തിലുള്ള മൌലികവാദസിദ്ധാന്തങ്ങളെയാണ് സാമ്രാജ്യത്വത്തിന്റെ "സാംസ്കാരസംഘര്‍ഷ'' സൈദ്ധാന്തികര്‍ ശക്തിപ്പെടുത്തുന്നത്. നവോത്ഥാനത്തിനും ആധുനികതക്കുമെതിരായ വിമര്‍ശനമെന്ന നിലയില്‍ രൂപപ്പെട്ടുവരുന്ന ഉത്തരാധുനിക ചിന്താപദ്ധതികളെയാണ് എല്ലാവിധ വര്‍ഗീയ, വംശീയവാദികളും പിന്‍പറ്റുന്നത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ജീവിതങ്ങള്‍ തമ്മിലും ഇവയെല്ലാമായി ബന്ധപ്പെട്ട വിവിധ ജ്ഞാന രൂപങ്ങള്‍ തമ്മിലുമുള്ള ബന്ധത്തെ അത് നിഷേധിക്കുന്നു. മനുഷ്യചിന്തയെയും ജീവിതത്തെയും സംബന്ധിച്ച സമഗ്രദര്‍ശനങ്ങളെ അത് നിരസിക്കുന്നു. യഥാര്‍ഥത്തില്‍ ചരിത്രത്തെ തന്നെ നിഷേധിക്കുകയും ഉല്‍പ്പാദന-പ്രത്യുല്‍പ്പാദന ബന്ധങ്ങളില്‍നിന്നും പ്രക്രിയയില്‍നിന്നും വേറിട്ട വിമോചനത്തിന്റെ ബഹു സാധ്യതകളെന്ന നിലയില്‍ വിവിധ മൌലികവാദ രൂപങ്ങളെ വളര്‍ത്തുകയാണ് ഉത്തരാധുനികരും നവലിബറല്‍ മൂലധനശക്തികളും

സമൂഹത്തെയും രാഷ്ട്രസ്വത്വത്തെയും ശിഥിലീകരിക്കുകയെന്നതാണ് സാമ്രാജ്യബുദ്ധികേന്ദ്രങ്ങളുടെ ഈ ഉത്തരാധുനിക നയത്തിന്റെയും ലക്ഷ്യം. തീവ്രമാകുന്ന സാമ്രാജ്യത്വ ചൂഷണത്തെയാണ് ആഗോളവല്‍ക്കരണനയങ്ങള്‍ പ്രതിനിധീകരിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരികമണ്ഡലങ്ങളില്‍ നവഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നും ഉയിര്‍ക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള മറുവിദ്യകള്‍ എന്ന നിലയിലുമാണ് മതവര്‍ഗീയതയെയും വംശീയവിഘടനവാദപ്രസ്ഥാനങ്ങളെയും സാമ്രാജ്യത്വം ആയുധവും അര്‍ഥവും നല്‍കി ശക്തിപ്പെടുത്തുന്നത്. സോഷ്യലിസത്തെയും ജനാധിപത്യ ദേശീയതയെയും ആക്രമിച്ച് നശിപ്പിക്കുകയും അധിനിവേശത്തിന്റെയും ദേശീയ അടിമത്വത്തിന്റെയും ചിന്താധാരകളെ നിരന്തരം പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്തുകൊണ്ടാണ് എല്ലാവിധ സാമ്രാജ്യത്വ പ്രോക്ത മത, വംശ, ജാതി പ്രസ്ഥാനങ്ങളും നാനാവിധത്തിലുള്ള മൌലികവാദ സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കുരുതികള്‍ സൃഷ്ടിക്കുന്ന വംശീയ യുദ്ധങ്ങള്‍ സാമ്രാജ്യത്വമൂലധന വ്യവസ്ഥയുടെ അതിജീവനത്തിനുള്ള സാര്‍വദേശീയ പരിപാടിയായി ഇന്ന് മൂലധനശക്തികള്‍ വികസിപ്പിച്ചിരിക്കുകയാണ്.

മൂന്ന്

തടയാനാവുമായിരുന്ന വംശഹത്യകള്‍

2000-ല്‍ ആഫ്രിക്കന്‍ ഐക്യസംഘടന റുവാണ്ടയിലെ വംശഹത്യയെക്കുറിച്ച് പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ടിന്റെ തലക്കെട്ട് "തടയാനാവുമായിരുന്ന വംശഹത്യ'' എന്നായിരുന്നു. എട്ടു ലക്ഷത്തിലേറെ പേരെ മരണത്തിന് എറിഞ്ഞുകൊടുത്ത റുവാണ്ടയിലെ ഗോത്രകുടുംബങ്ങളുടെ ദുരന്തപൂര്‍ണമായ ചിത്രമാണ് റിപ്പോര്‍ട് അനാവരണം ചെയ്തത്. ആഫ്രിക്കന്‍ ഐക്യസംഘടനക്കുവേണ്ടി ഈ പഠനം തയാറാക്കിയത് ബോട്സ്വാനയിലെ മുന്‍പ്രസിഡന്റ് ടുറെ, സ്വീഡിഷ് ശിശുരോഗവിദഗ്ധ ലിസ്ബറ്റ് പാമെ, മുന്‍ ലൈബീരിയന്‍ മന്ത്രി എല്ലന്‍ ജോണ്‍സണ്‍, ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി, മുന്‍ അള്‍ജീരിയന്‍ സെനറ്റര്‍ ഹോസൈന്‍ ദ് ജൂഡി, കാനഡയുടെ അംബാസിഡറായിരുന്ന സ്റ്റീഫന്‍ ലെവീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്.

അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും ബെല്‍ജിയവും ഫ്രാന്‍സുമാണ് ഈ കൂട്ടക്കൊലകളുടെ മുഖ്യ ഉത്തരവാദിയെന്നാണ് റിപ്പോര്‍ട് നിരീക്ഷിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെ ആഗോളസമ്മതി നേടിയ പ്രമുഖരും നിയമവിദഗ്ധരും വ്യക്തമായ തെളിവുകളോടെയും വസ്തുതകളുടെയും പിന്‍ബലത്തോടെയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. യു എന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ ഉദാസീനതയും അമേരിക്കന്‍ താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള വൃത്തികെട്ട കളികളുമാണ് ലോകമെമ്പാടും യുദ്ധങ്ങളും വംശഹത്യകളും വര്‍ധിക്കാന്‍ കാരണം. ശ്രീലങ്കയിലെ തമിഴ്വംശജരുടെ സംരക്ഷണത്തിന് ഫലപ്രദമായി ഇടപെടാനോ ആവശ്യമായ നടപടി കൈക്കൊള്ളാനോ യു എന്‍ മടിച്ചുനില്‍ക്കുകയായിരുന്നല്ലോ. ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലകളെ കൈയുംകെട്ടി നോക്കി നില്‍ക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്തത്. ആഫ്രിക്കയിലെമ്പാടും ഗോത്രഭിന്നതകളെ രക്തപങ്കിലമായ വംശീയകലാപങ്ങളിലേക്ക് വളര്‍ത്തിയെടുക്കുന്നത് സാമ്രാജ്യത്വ താല്പര്യങ്ങളാണ്.

റുവാണ്ടയില്‍ ഗോത്രഭിന്നതകള്‍ക്ക് വിത്തു പാകുന്നത് ആ പ്രദേശത്തെ കോളനിയാക്കിയ ബെല്‍ജിയവും ഫ്രാന്‍സുമാണ്. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയ ആഫ്രിക്കന്‍-കത്തോലിക്ക വിഭാഗങ്ങള്‍ ഗോത്ര വൈരത്തെ തീക്ഷ്ണമാക്കി. ലോകമെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്ന വിശ്വാസമനുസരിച്ച് ജീവന്‍ സംരക്ഷിക്കാന്‍ ഏറ്റവും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മിഷണറിമാര്‍. ഗോത്രാവസ്ഥയുടെ അന്ധകാരത്തില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യത്തിലെ ദരിദ്രലക്ഷങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നതില്‍ ഇവര്‍ക്ക് ഒരു ഉല്‍കണ്ഠയുമില്ല. റുവാണ്ട സ്വതന്ത്രമായപ്പോള്‍ ന്യൂനപക്ഷ ടുട്സി വംശജരാണ് സര്‍ക്കാരില്‍ മേധാവിത്തം പുലര്‍ത്തിയത്. ഈയൊരു സാഹചര്യം മുതലെടുത്ത് സാമ്രാജ്യത്വശക്തികള്‍ ഹുടുഗോത്ര മൌലികവാദത്തെ പ്രോത്സാഹിപ്പിച്ചു. ആയുധവും പണവും നല്‍കി ഹുടു ഗോത്രവാദത്തെ സൈനികവല്‍ക്കരിച്ചു. ഒരു സൈനിക അട്ടിമറിയിലൂടെ ഹുടുഗോത്രനേതാവായ ജുവനല്‍ ഹബ്യാരിമാനഅധികാരത്തില്‍ വന്നു. ടുട്സികളെ അടിച്ചമര്‍ത്താനാവശ്യമായ സൈനികശക്തിയെ രാജ്യമെമ്പാടും ഹബ്യാരിമാന വിന്യസിച്ചു.

പ്രസിഡന്റ് ഹബ്യാരിമാന ഒരു വിമാന അപകടത്തില്‍ കൊല്ലപ്പെട്ടതോടെ പ്രകോപിതരായ ഹുടുവംശജര്‍ ടുടുസി തീവ്രവാദികളാണ് തങ്ങളുടെ നേതാവിനെ വധിച്ചതെന്ന ധാരണയില്‍ ഈ ഗോത്രവിഭാഗത്തിനെതിരെ അഴിഞ്ഞാടി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടു. അന്തമില്ലാതെ തുടര്‍ന്ന ഈ വംശഹത്യകളില്‍ ഹുടു-ടുട്സി വിഭാഗങ്ങള്‍ ആകാവുന്ന വിധം കണക്ക് തീര്‍ത്തു. സമീപരാജ്യങ്ങളില്‍ നിന്നടക്കം ആയുധങ്ങള്‍ സംഭരിച്ച് ടുട്സികള്‍ ഒരു സായുധസേനയുണ്ടാക്കി റുവാണ്ടയുടെ നേതൃത്വം പിടിച്ചെടുത്തു. നേതൃത്വമില്ലാതായ ഹുട് സൈന്യത്തെ തുരത്തി. ഇതിനിടയില്‍ എട്ടുലക്ഷം പേരാണ്, പ്രധാനമായും ടുട്സി വംശജര്‍ കൊല്ലപ്പെട്ടത്.

റുവാണ്ടയും ബറുണ്ടിയുമെല്ലാം ബെല്‍ജിയത്തിന്റെ കോളനികളായിരുന്നല്ലോ. മറ്റേതു സാമ്രാജ്യത്വരാജ്യങ്ങളെയുംപോലെ അവരും തങ്ങളുടെ കോളനിവാഴ്ച നിലനിര്‍ത്താന്‍ 'ഭിന്നിപ്പിക്കുക, ഭരിക്കുക' എന്ന നയം തന്നെയാണ് സ്വീകരിച്ചത്. അങ്ങനെ ന്യൂനപക്ഷമായ ടുട്സി വംശക്കാരെ ഭൂരിപക്ഷ ഹുടു വംശക്കാര്‍ക്കെതിരെ അണിനിരത്തിയും ടുട്സിവംശക്കാരെ തങ്ങളുടെ ഏജന്റുമാരായി മാറ്റിയുമാണ് അവര്‍ ഭരണം നടത്തിയത്. ഇങ്ങനെ ഹുടു-ടുട്സി വിഭാഗങ്ങള്‍ക്കിടയില്‍ അതിശക്തമായ ഭിന്നതകളും വൈരവും അവര്‍ പരിപോഷിപ്പിച്ചു. കോളനിഭരണം മാറി സ്വദേശീകരണം വന്നതോടെ ഈ പ്രദേശങ്ങളിലെ നവകൊളോണിയല്‍ അധീശത്വത്തിന്റെ ഉപകരണമായി വംശീയവാദം പരിണമിക്കുകയായിരുന്നു. മറ്റെല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്നപോലെ റുവാണ്ടയിലും ബറുണ്ടിയിലും ഗോത്രഭിന്നതകളെ എണ്ണയൊഴിച്ച് ആളിക്കത്തിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ പദ്ധതിയിട്ടത്. ഇങ്ങനെ അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ച ഹുടു-ടുട്സി ഗോത്രഭിന്നതകളുടെ ഒരു ഘട്ടത്തിലാണ് റുവാണ്ടയുടെ പ്രസിഡന്റ് ഹബ്യാരിമാന കൊല്ലപ്പെടുന്നത്. പ്രസിഡന്റ് സഞ്ചരിച്ച വിമാനം ടുട്സി തീവ്രവാദികള്‍ റോക്കറ്റ് ഉപയോഗിച്ച് വീഴ്ത്തിയതോടെയാണ് ഗോത്ര കലാപം ആളിപ്പടര്‍ന്നത്. ഹുടുസൈന്യം ടുട്സി വംശജരെ അവരുടെ ആവാസസ്ഥലങ്ങളില്‍ച്ചെന്ന് കൂട്ടത്തോടെ കൊല്ലുകയായിരുന്നു. ഇത്തരം ഭീകരമായ കൂട്ടക്കൊലകള്‍ നടന്നിട്ടും യു എന്‍ നിശ്ശബ്ദത പാലിച്ചു.

ഇറാഖ് കുവൈത്ത് പിടിച്ചടക്കിയപ്പോള്‍ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ പുറത്തെറിഞ്ഞു കൂട്ടക്കൊലചെയ്തുവെന്നും സ്ത്രീകളെ അപമാനിച്ചുവെന്നും കള്ളക്കഥ പ്രചരിപ്പിച്ച് ഇറാഖിനെതിരെ അന്താരാഷ്ട്രസമൂഹത്തിന്റെ രോഷം അഴിച്ചുവിടാന്‍ ശ്രമിച്ച അന്താരാഷ്ട്രമാധ്യമങ്ങള്‍ റുവാണ്ടയിലെ ഹൃദയഭേദകമായ മനുഷ്യക്കുരുതികളില്‍ മൌനം പാലിച്ചു. സോമാലിയയിലേക്ക് മനുഷ്യത്വം നിലനിര്‍ത്താനെന്ന വ്യാജേന സൈന്യത്തെ അയച്ചവര്‍ റുവാണ്ടയിലെ കുട്ടക്കൊലകളില്‍ കുറ്റകരമായ മൌനം പാലിച്ചു. അക്കാലത്തെ യു എന്‍ സെക്രട്ടറി ജനറലായ ബുത്രോസ് ഘാലി റുവാണ്ടയില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പിന്നീട് വിലപിക്കുകയുണ്ടായി. ഇതെല്ലാം സാമ്രാജ്യത്വതാല്പര്യങ്ങളെ ലജ്ജാരഹിതമായി സേവിക്കുന്നവരുടെ മൂന്നാംകിട അടവുകള്‍ മാത്രം. ഇവിടെ വ്യക്തമാകുന്ന കാര്യം അന്താരാഷ്ട്ര ചുമതല നിര്‍വഹിക്കുന്നതിലെ വിജയപരാജയങ്ങളല്ല, സ്പഷ്ടമായ സാമ്രാജ്യത്വ താല്പര്യങ്ങളാണ് യു എന്നിനെയും വന്‍ശക്തികളെയും നയിക്കുന്നതെന്ന വസ്തുതയാണ്. ആഫ്രിക്കയിലെ കൂട്ടക്കൊലകളെക്കുറിച്ച് യു എന്‍ മേധാവി ബുത്രോസ്ഘാലി പിന്നീട് നടത്തിയ വിലാപങ്ങള്‍ ഒരു മാപ്പുസാക്ഷിയുടെ പ്രയോജനരഹിതമായ ഏറ്റുപറച്ചിലുകള്‍ മാത്രമാണ്.

കംബോഡിയയില്‍ നടന്ന വംശഹത്യകളെക്കുറിച്ച് ദശകങ്ങളായി പ്രചാരണം നടത്തുന്നവര്‍, റുമാനിയയിലെ ചെഷസ്ക്യൂവിന്റെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് ഇപ്പോഴും വിലപിക്കുന്നവര്‍, ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയറിലേക്ക് ഉരുണ്ടുകയറിയ ടാങ്കുകളെക്കുറിച്ച് പെരുമ്പറഘോഷം നടത്തുന്നവര്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശയുദ്ധത്തിലും വംശീയകലാപങ്ങളിലും കശാപ്പ് ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് മിണ്ടുന്നില്ല. വംശഹത്യകളും സാമ്രാജ്യത്വ യുദ്ധങ്ങളിലെ കൂട്ടമരണങ്ങളും സ്ഥിതിവിവരക്കണക്കുകളിലൊതുക്കി ലഘൂകരിക്കുന്ന അന്താരാഷ്ട്ര മാധ്യമ വ്യവസ്ഥ സ്റ്റാലിനെയും ചെഷസ്ക്യുവിനെയും ഭീകരരായി ചിത്രീകരിക്കുന്നു. അവരുടെ കാലത്തെ മനുഷ്യക്കുരുതിയുടെ കരളലിയിക്കുന്ന കഥകള്‍ ചമച്ച് സാമ്രാജ്യത്വ ഭീകരത മറച്ചുപിടിക്കുവാന്‍ ദയനീയ ശ്രമങ്ങള്‍ നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ റുവാണ്ടയിലെ മാത്രമല്ല ആഫ്രിക്ക വന്‍കരയിലെ മുഴുവന്‍ ഗോത്രസംഘര്‍ഷങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഉത്തരവാദി സാമ്രാജ്യത്വ ശക്തികളാണ്. തങ്ങളുടെ ചൂഷണം യഥേഷ്ടം നടത്തുവാന്‍ അധികാരത്തിലെത്തിക്കുന്ന പാവഭരണാധികാരികളുടെ ജനപിന്തുണ ഉറപ്പിക്കാന്‍ വംശവെറിയും ഗോത്രബോധവും വളര്‍ത്തുകയാണ് സാമ്രാജ്യത്വശക്തികള്‍ ചെയ്യുന്നത്. അങ്ങനെ " വിഭജിക്കുക, ഭരിക്കുക'' എന്ന കൊളോണിയല്‍ തന്ത്രം ദശലക്ഷങ്ങളുടെ കൂട്ടക്കുരുതികളിലൂടെ പ്രയോഗക്ഷമമാവുന്നു. ഇന്നിപ്പോള്‍ ഇത്തരം നയത്തിലൂടെ അള്‍ജീരിയയും സോമാലിയയും മുതല്‍ ദക്ഷിണാഫ്രിക്ക വരെ നീളുന്ന മുഴുവന്‍ ആഫ്രിക്കന്‍ വന്‍കരയിലും ഗോത്രവാദത്തിന്റെയും വംശവെറിയുടെയും മത മൌലികവാദത്തിന്റെ ഛിദ്രശക്തികളെ വളര്‍ത്തിവിട്ടിരിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍.

സോവിയറ്റ് ബ്ളോക്കിന്റെ ശിഥിലീകരണ സമയത്ത് കമ്യൂണിസവും കമ്യൂണിസ്റ്റ് ഭീഷണിയുമാണ് യുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണമെന്നും അത് നിരോധിക്കുന്നതോടെ ലോകം സമാധാനത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിക്കുമെന്നുമാണ് സാമ്രാജ്യത്വത്തിന്റെ പേനയുന്തികള്‍ പ്രചരിപ്പിച്ചത്. എന്നാലിന്ന് സാമ്രാജ്യത്വമെന്നാല്‍ യുദ്ധമാണെന്ന ലെനിന്റെ വിശകലനം കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ശീതയുദ്ധാനന്തരലോകസാഹചര്യം അതാവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്. ലോകമെങ്ങും കൂട്ടക്കൊലകളും യുദ്ധങ്ങളും വ്യാപകമാവുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സോമാലിയ, സുഡാന്‍, അംഗോള, റുവാണ്ട, ബറുണ്ടി, നൈജീരിയ എന്നിവിടങ്ങളില്‍ വന്‍കിട ആഭ്യന്തര യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ദശലക്ഷങ്ങള്‍ ദാരുണമായി ഉന്മൂലനം ചെയ്യപ്പെട്ടു. ഏത് നിമിഷവും എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോത്രവംശസംഘര്‍ഷങ്ങള്‍ ആളിപ്പടരാവുന്ന അവസ്ഥയാണുള്ളത്. യുഗോസ്ളാവ്യന്‍ വംശീയ സംഘര്‍ഷങ്ങള്‍ ഈ ഭൂമുഖത്ത് ആ രാജ്യത്തെ ഇല്ലാതാക്കി. ബോസ്നിയ നിരവധി റിപ്പബ്ളിക്കുകളായി ഖണ്ഡവല്‍ക്കരിക്കപ്പെട്ടു. കൊസോവയില്‍ അല്‍ബേനിയന്‍ വംശജരായ മുസ്ളിങ്ങള്‍ക്ക് ഒരു പ്രത്യേകരാഷ്ട്രം വേണമെന്ന വാദം അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളിലും അഫ്ഗാനിസ്ഥാനിലും മതവംശീയ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. കംബോഡിയയിലും ലെബനനിലുമെല്ലാം യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. ശ്രീലങ്കയിലെ തമിഴ്വംശജരെ ഉച്ചാടനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സിഹംള വംശീയത അധികാരത്തില്‍ പിടിമുറുക്കിയിരിക്കുന്നു. എത്രയോ രാജ്യങ്ങളില്‍ വംശീയത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു.

യുഗോസ്ളാവ്യയിലും മറ്റും കൊസോവക്കാരുടെ മനുഷ്യാവകാശത്തിന്റെ പേരില്‍ നാറ്റോ സേന നിഷ്ഠുരമായ സൈനികാക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ബാള്‍ക്കന്‍മേഖലയിലെ എണ്ണതാല്പര്യങ്ങളാണ് യുഗോസ്ളാവ്യയെ തകര്‍ക്കുന്നതിലേക്കും നാറ്റോസേനയെ കയറൂരിവിട്ട് സെര്‍ബുകളെ വേട്ടയാടുന്നതിലേക്കും സാമ്രാജ്യത്വശക്തികളെ നയിച്ചത്. 1998 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ചേര്‍ന്ന യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സില്‍ പോളിഷ് പണ്ഡിതന്‍ പ്രൊഫസര്‍ മാറെക് ഗ്ളോകോങ്ക്സോവ്സ്കി ചെയ്ത പ്രസംഗത്തില്‍ എങ്ങനെയാണ് കിഴക്കന്‍ യൂറോപ്പിലേക്ക് ഛിദ്രശക്തികളെ അഴിച്ചുവിട്ട് സാമ്രാജ്യത്വ മൂലധനശക്തികള്‍ അധിനിവേശം നടത്തുന്നതെന്ന് നിരീക്ഷിക്കുന്നു. "യൂറോപ്പിലെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി'' അമേരിക്ക സ്വീകരിക്കുന്ന ചില രീതികളെ വിശകലനംചെയ്തുകൊണ്ട് മാറെക് ഗ്ളോകോങ്ക്സോവ്സ്കി നടത്തുന്ന നിരീക്ഷണം നോക്കുക.

"ഒന്നാമതായി ക്രൊയേഷ്യയിലും ബോസ്നിയയിലും വിന്യസിക്കാനായി മള്‍ടിനാഷണല്‍ യു എന്‍ സേനകളെ രൂപീകരിച്ച അതേ നിമിഷംതന്നെ സിഐഎ ആയിരത്തോളം വരുന്ന ഏജന്റന്മാരെ റിക്രൂട്ട് ചെയ്തു. അവരുടെ ലക്ഷ്യം സെര്‍ബിയന്‍ റിപ്പബ്ളിക്കിനെ തകിടംമറിക്കുകയും അതിനെതിരായ കലാപങ്ങളെ കുത്തിപ്പൊക്കാന്‍ തീവ്രശ്രമം നടത്തുകയുമായിരുന്നു. മറ്റെല്ലാ അട്ടിമറി ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ ബ്ളൂറ്ററുകള്‍ എന്ന വേഷം ധരിച്ചുകൊണ്ട് സരായേവോയില്‍ (ബോസ്നിയയുടെ തലസ്ഥാനം) മൂന്നു വന്‍കിട കൂട്ടക്കൊലകള്‍ നടത്തി. ആ കൂട്ടക്കൊലകളെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അവര്‍ തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തരായ ചില പത്രലേഖകരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ആ കൂട്ടക്കൊലകള്‍ ബോസ്നിയയിലെ സെര്‍ബ് പ്രദേശങ്ങളില്‍ നാറ്റോ ബോംബാക്രമണം നടത്താന്‍ അവസരമൊരുക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി ആ പ്രദേശങ്ങളെ യൂറോപ്പിലെ നാറ്റോയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളാക്കാനുമായി.''

സെര്‍ബുകളുടെ പേരില്‍ ആരോപിക്കപ്പെട്ട, സിഐഎ പ്ളാന്‍ചെയ്ത് നടപ്പാക്കിയ സരയേവോയിലെ കൂട്ടക്കൊലയുടെ സാഹചര്യമാണ് ബോസ്നിയയെ നാറ്റോവിന്റെ ചവിട്ടടിക്കീഴിലാക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇത്തരം കുടിലതന്ത്രങ്ങള്‍ ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാനിടയാക്കിയ സംഭവങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ഗ്ളിവിറ്റ്സിലെ പ്രക്ഷേപണ നിലയത്തിന്മേല്‍ വളരെ രഹസ്യമായി സംവിധാനം ചെയ്യപ്പെട്ട മാരകമായ ഒരാക്രമണം സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം പോളിഷ് സൈന്യത്തിനുമേല്‍ ചുമത്തുകയും ചെയ്തുകൊണ്ടാണ് ഹിറ്റ്ലര്‍ പോളണ്ടിലേക്ക് കുതിച്ചുകയറിയത്.

മത, വംശീയ വികാരങ്ങള്‍ ആളിക്കത്തിച്ച് രാഷ്ട്രങ്ങളെ തകര്‍ക്കുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഇരയാണ് യുഗോസ്ളാവ്യ. 20 ലക്ഷം വരുന്ന അല്‍ബേനിയന്‍ മുസ്ളിങ്ങള്‍ക്കിടയില്‍ "സ്വാതന്ത്ര്യം'' ലക്ഷ്യംവയ്ക്കുന്ന ഭീകരവാദപ്രസ്ഥാനം വളര്‍ത്തിയെടുത്തത് അമേരിക്കയാണ്. പണവും ആശയവും നല്‍കിയതും ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതും സാമ്രാജ്യത്വമാണ്. സെര്‍ബ് -സ്ളാവ് സങ്കുചിത ദേശീയ വികാരങ്ങളുടെ മുന്‍കൈയിലുള്ള അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി ഈ മേഖലകളില്‍ വംശീയ പ്രസ്ഥാനങ്ങളെ വളര്‍ത്തുകയാണ് സാമ്രാജ്യത്വം ചെയ്തത്. ക്രോയേഷ്യയില്‍ സെര്‍ബ് ന്യൂനപക്ഷവുമായുള്ള ഭീകര കൂട്ടക്കൊലകളും ബോസ്നിയയില്‍ സെര്‍ബ് -ക്രോട്ട്- മുസ്ളിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൂട്ടക്കൊലകളുമായി അതവര്‍ രൂപാന്തരപ്പെടുത്തി. ദശലക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടത്. അതിലുമെത്രയോ പേര്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകള്‍ വംശീയ ഭ്രാന്തന്മാരുടെ ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. പകുതിയിലേറെ കുടുംബങ്ങളാണ് ശിഥിലമായത്. അഭയാര്‍ഥികളുടെയും അനാഥരുടെയും ഒരു വന്‍സമൂഹത്തെ സൃഷ്ടിക്കുകയാണ് ബോസ്നിയയിലെ വംശയുദ്ധങ്ങള്‍ ചെയ്തത്. സോഷ്യലിസ്റ്റ് ആശയഗതികളെയും വ്യവസ്ഥയെയും ഇല്ലാതാക്കുകയെന്ന സാമ്രാജ്യത്വ താല്പര്യങ്ങളാണ് യുഗോസ്ളാവ്യ കുരുതിക്കളമാക്കിയത്. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യത്തെ തകര്‍ക്കാന്‍ ആസൂത്രിതമായൊരു വര്‍ഗീയ, വംശീയക്കളിക്കാണ് ഇന്ന് തങ്ങളുടെ സൈനിക മേധാവിത്വം കൂടി ഉപയോഗിച്ചുകൊണ്ട് അമേരിക്കയും സഖ്യശക്തികളും ശ്രമിക്കുന്നത്. അതിനാകട്ടെ യു എന്‍ ഒരു മറയുമില്ലാതെ സഹായം ചെയ്തുകൊടുക്കുകയുമാണ്. ഇന്ത്യപോലുള്ള രാജ്യത്തില്‍ വര്‍ധിതമാകുന്ന മത, വംശീയ ഭീകര പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഓരോ ദേശസ്നേഹിയും ഇത് ഗൌരവപൂര്‍വം കാണേണ്ടതുണ്ട്. മത, വംശീയ ബോധത്തിന്റെ വിഭ്രാന്തികള്‍ക്ക് ജനങ്ങളെ വിട്ടുകൊടുക്കാതെ, പുരോഗമന പ്രസ്ഥാനങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയ പ്രക്രിയയെ പ്രബലമാക്കിക്കൊണ്ട് വംശീയ-വര്‍ഗീയ വാദങ്ങളെ പ്രതിരോധിക്കാനാവശ്യമായ പ്രയോഗങ്ങള്‍ ശക്തിപ്പെടുത്തണം.അങ്ങനെ മാത്രമേ വംശഹത്യകളും വര്‍ഗീയകലാപങ്ങളും തടയാനാവൂ.

*
കെ ടി കുഞ്ഞിക്കണ്ണന്‍

ദേശാഭിമാനി വാരികയില്‍ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്. പ്രഭാകരന്‍ വധിക്കപ്പെടുന്നതിനു മുന്‍പ് എഴുതിയത്.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീലങ്കയിലെ തമിഴ്വംശജര്‍ക്കെതിരെ നടക്കുന്ന സൈനികാക്രമണങ്ങളെയും വംശീയമായ അടിച്ചമര്‍ത്തലുകളെയും അന്താരാഷ്ട്ര സമ്മര്‍ദങ്ങളിലൂടെ അവസാനിപ്പിക്കാനാവശ്യമായ ഇടപെടലുകളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. അതിനായുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ അമേരിക്കന്‍ വിധേയത്വംമൂലം യുപിഎ സര്‍ക്കാര്‍ അപ്രാപ്തമായിരിക്കുന്നുവെന്നതാണ് സത്യം. ഏഷ്യന്‍ മേഖലയിലെ സൈനികവും തന്ത്രപരവുമായ അമേരിക്കന്‍ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരും അതില്‍ പങ്കാളിയായ കരുണാനിധിയും ഇപ്പോള്‍ സ്വന്തം രാഷ്ട്രീയഷണ്ഡത്വം മറച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴ്വിരുദ്ധ വംശീയ നിലപാടുകളെ ഭൂപരമായ വിഭജനം വഴിയേ പരിഹരിക്കാനാവൂവെന്ന നിലപാടുകള്‍ പുരോഗമനശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഭൂരിപക്ഷ വംശീയവാദത്തിലധിഷ്ഠിതമായ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും തമിഴ് ന്യൂനപക്ഷ വംശീയതയെ പ്രതിനിധീകരിക്കുന്ന എല്‍ടിടിഇയുടെയും വിഘടനവാദപരമായ നിലപാടുകളും ഒരുപോലെ പ്രശ്നപരിഹാരത്തെ അസാധ്യമാക്കുന്നതാണ്. ഈ രണ്ട് നിലപാടുകളും ആധുനിക രാഷ്ട്രീയാര്‍ഥത്തിലുള്ള ദേശീയതക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുന്ന നിയോ ലിബറല്‍ നിലപാടുകളാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ അംഗമായ നോര്‍വെയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മാധ്യസ്ഥ്യവും സമാധാനചര്‍ച്ചകളുമെല്ലാം ഇരുപക്ഷങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നത് ശ്രീലങ്കന്‍ സര്‍ക്കാരിനെയും എല്‍ടിടിഇയെയും ഒരുപോലെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വമാണെന്നതിന്റെ വ്യക്തവും വിശദീകരണമാവശ്യമില്ലാത്തതുമായ തെളിവാണ്...

കെ.ടി.കുഞ്ഞിക്കണ്ണന്‍ എഴുതുന്നു...