മുതലാളിത്ത ലോകമാകെ ഗുരുതരമായ ഒരു പ്രതിസന്ധിയുടെ പിടിയിലാണെന്ന കാര്യം ഇപ്പോള്‍ വളരെ വ്യക്തമാണ്. സെപ്തംബര്‍ 13 മുതല്‍ പ്രത്യേകിച്ചും, എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ധനമേഖലയിലെ പ്രതിസന്ധിയെക്കുറിച്ചാണ്. വാള്‍സ്ട്രീറ്റിലെ നിക്ഷേപ ബാങ്കുകളുടെ തകര്‍ച്ചയോടെയാണ് ധനമേഖലാ പ്രതിസന്ധി ആരംഭിച്ചത്. നിക്ഷേപ ബാങ്കുകളെല്ലാംതന്നെ, ഒന്നുകില്‍ തകര്‍ന്നടിഞ്ഞു, അല്ലെങ്കില്‍ സാധാരണ ബാങ്കുകളായി മാറിത്തീര്‍ന്നു, അതുമല്ലെങ്കില്‍ ചിലതിനെ സര്‍ക്കാര്‍ ഏറ്റെടുത്തു. യൂറോപ്പിലാകെത്തന്നെ ധനകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവന്നു. അല്ലെങ്കില്‍ നിലനില്പിനായി, അവര്‍ക്ക് സര്‍ക്കാര്‍ സഹായം തേടേണ്ടിവന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള വന്‍കിട ധനകാര്യസ്ഥാപനങ്ങളാകെ തകര്‍ച്ചയുടെ വക്കത്തായി.
ധനമേഖലാ പ്രതിസന്ധി ഇപ്പോള്‍ ഒരു യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധിയായി, ഒരു മാന്ദ്യമായി പ്രത്യക്ഷപ്പെടുകയാണ്. സാങ്കേതിക നിര്‍വ്വചനമനുസരിച്ച് രണ്ട് പാദവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാവുകയാണെങ്കില്‍ അത് മാന്ദ്യമാണ്. ഈ മാനദണ്ഡമനുസരിച്ച് യൂറോ മേഖലയാകെ മാന്ദ്യത്തിലാണ്. അമേരിക്കയിലാണെങ്കില്‍ ഒരു പാദവര്‍ഷമായി ഉല്‍പ്പാദനത്തില്‍ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതു മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധിയുടെ മധ്യത്തിലാണ്.
വിവേകരഹിതമായ വായ്പയാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നാണ് ഒരു വിശദീകരണം. തിരിച്ചടവ് സാദ്ധ്യതയില്ലാത്ത വായ്പാന്വേഷകര്‍ക്ക് കൂടി വിവേക ശൂന്യമായി കടംകൊടുത്തതാണ് കാരണമെന്നാണ് വാദം. അത്യാര്‍ത്തിയാണ് ഇതിനുപിന്നില്‍ എന്നൊരു ന്യായവുമുണ്ട്. നിക്ഷേപബാങ്കുകള്‍ അമിതലാഭം തട്ടിയെടുക്കാനായി ശ്രമിച്ചതാണെന്നാണ് പറയുക. മറ്റൊരു വാദം നിയന്ത്രണങ്ങളുടെ അഭാവം കാരണമാണിതൊക്കെ എന്നാണ്.
എന്നാല്‍ ഇതൊന്നുംതന്നെ യഥാര്‍ത്ഥ വിശദീകരണമാവുന്നില്ല - വസ്തുതാപരമായി ഇതൊക്കെ ശരിയായിരുന്നെങ്കിലും. വിവേകരഹിതമായി വായ്പ അനുവദിച്ചിരുന്നു എന്നത് നേരാണ്. പക്ഷേ ഇതൊക്കെത്തന്നെയും അന്താരാഷ്ട്ര ധനമൂലധനത്തിന് പ്രാമുഖ്യമുള്ള ഒരു സമ്പദ് വ്യവസ്ഥയില്‍ അനിവാര്യമായും സംഭവിക്കാവുന്നതാണ്. നിയന്ത്രണരാഹിത്യമെന്നത് അന്താരാഷ്ട്ര ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ഒരു സഹജസ്വഭാവമാണ്. അത് ആ സമ്പദ് വ്യവസ്ഥയുടെ ഭാഗംതന്നെയാണ്. സബ്പ്രൈം ആയി വിലയിരുത്തപ്പെടുന്ന വിഭാഗത്തില്‍ വായ്പ കൊടുക്കുക എന്നതും ഇത്തരമൊരു വ്യവസ്ഥയില്‍ സ്വാഭാവികമാണ്. അതുകൊണ്ട് പ്രതിസന്ധി ഘടനാപരമാണ്. നിയന്ത്രണങ്ങളുടെ അഭാവം കൊണ്ടല്ല, എതാനും ചിലരുടെ അത്യാര്‍ത്തി കൊണ്ടല്ല, വിവേകരഹിതമായ വായ്പ കൊണ്ടല്ല. മറിച്ച് അന്താരാഷ്ട്ര ധനമൂലധനത്തിന് മേധാവിത്വമുള്ള ഒരു വ്യവസ്ഥയുടെ ഘടനാപരമായ സഹജസ്വഭാവം കൊണ്ടാണ് പ്രതിസന്ധിയുണ്ടായത് എന്നതാണ് വാസ്തവം.
ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് - ഓര്‍ത്തുവക്കേണ്ട ഒന്ന്. പ്രതിസന്ധിയെത്തുടര്‍ന്ന് നടക്കുന്നതായ ലോകധനഘടനയെ മാറ്റിത്തീര്‍ക്കുന്ന കാര്യത്തിലുളള ചര്‍ച്ചകളെല്ലാംതന്നെ അടിവരയിടുന്ന ഒരു കാര്യം, കാഴ്ചപ്പാടുകളില്‍ വര്‍ഗപരമായ വ്യത്യാസങ്ങളുണ്ട് എന്നതുതന്നെയാണ്. ഈ സാങ്കേതികമായ ചര്‍ച്ചകള്‍ക്കെല്ലാം പിന്നില്‍ വര്‍ഗപരമായ നിലപാടുകളുടെ പ്രശ്നമാണ് എന്ന് നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.
അന്താരാഷ്ട്ര ധനമൂലധനത്തിന് മേധാവിത്വമുള്ള സമ്പദ് വ്യവസ്ഥ വളരുന്നത് തന്നെ കുമിളകള്‍ക്ക് മേലെയാണ്. സ്വതന്ത്രകമ്പോളങ്ങള്‍, വിശേഷിച്ചും സ്വതന്ത്രധനക്കമ്പോളങ്ങള്‍ ഉള്ള സമ്പദ് വ്യവസ്ഥകളുടെ പ്രത്യേകത കുമിളകളുടെ സാന്നിദ്ധ്യമാണ്. സമൃദ്ധിയും തകര്‍ച്ചയും അതിന്റെ സഹജസ്വഭാവമാണ്. അത് നിലനില്‍ക്കുന്നതും വളരുന്നതും ഇതിലൂടെയാണ്. വളര്‍ച്ചയുടെ പ്രക്രിയതന്നെ തുടര്‍ച്ചയായി പെരുകുന്ന കുമിളകളിലൂടെയാണ്. കുറച്ചുകാലമായി അംഗീകരിക്കപ്പെട്ടുപോരുന്ന ഒരു കാര്യമാണിത്.
സ്വതന്ത്ര ധനക്കമ്പോളമുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍, കമ്പോളത്തില്‍ ഊഹക്കച്ചവടക്കാരാണ് ആധിപത്യം ചെലുത്തുക. എന്താണ് ഈ ഊഹക്കച്ചവടം? ഞാന്‍ ഒരു ഷെയറോ ബോണ്ടോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ധനപരമായ ആസ്തിയോ വാങ്ങിക്കുന്നത് കുറച്ചുകാലത്തിനുശേഷം അതില്‍നിന്നും കിട്ടുന്ന ആദായത്തെ ആസ്പദമാക്കിയാണ്. എന്നാല്‍ ഊഹക്കച്ചവടക്കാരുടെ നോട്ടം ഈ തിരിച്ചു കിട്ടുന്ന ആദായമല്ല, മറിച്ച് പ്രസ്തുത ആസ്തിയുടെ വിലവര്‍ദ്ധിക്കുന്നതിലാണ് അവര്‍ക്ക് താല്പര്യം. അവര്‍ ലാഭംനോക്കി ഒരു സ്ഥാപനത്തിന്റെ ഷെയറില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിന്റെ ഷെയറിലേക്ക് മാറും. സ്ഥാപനത്തിന് എന്ത് സംഭവിക്കുന്നു എന്നത് അവര്‍ക്ക് ഒരു പ്രശ്നമേയല്ല. നാളെപ്പിറ്റേന്ന് അത് വിറ്റ് ലാഭം കൈയ്യിലാക്കി മറ്റെവിടെയെങ്കിലും പോകാനാണ് അവര്‍ ഷെയര്‍ വാങ്ങുന്നത്. ഊഹക്കച്ചവടക്കാരും സാധാരണ നിക്ഷേപകരും തമ്മിലുള്ള വ്യത്യാസം അതാണ്.
ധനക്കമ്പോളത്തിന്റെ കാര്യമെടുക്കാം. ഒരു ആസ്തിയുടെ, ഷെയറായാലും, ബോണ്ടായാലും, വില വര്‍ദ്ധിച്ചുവരുമ്പോള്‍, അത് ഒരു ശുഭാപ്തിവിശ്വാസം വളര്‍ത്തുന്നുണ്ട്. തുടര്‍ന്നും, വില മേലോട്ടുതന്നെ കുതിച്ചുയരുമെന്ന്! അതങ്ങനെ തുടരുമെന്ന്. വിലവര്‍ദ്ധിക്കുമെന്നു കരുതിയാണ് വാങ്ങുന്നത്. വാങ്ങുന്നതുകൊണ്ടുതന്നെ വില വര്‍ദ്ധിക്കുന്നു. നിക്ഷേപകരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാവുന്നു. ഈ പ്രക്രിയ അതിനെത്തന്നെ പോറ്റുന്നു. ഇതിന്റെ ഫലമായി, ഈ മാര്‍ക്കറ്റുകളില്‍ വന്‍തോതിലുള്ള കുതിച്ചുചാട്ടമുണ്ടാവുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍, ഇന്ത്യന്‍ സ്റോക്ക് മാര്‍ക്കറ്റ് അപ്പാടെ കുതിച്ചുയരുകയായിരുന്നു. ഓരോ ആഴ്ചയും സൂചിക ഉയര്‍ന്നത് ആയിരം പോയിന്റുകളായാണ്. പതിനായിരമായിരുന്നത് പതിനൊന്നായിരമായി. പിന്നെ പന്ത്രണ്ടായിരം. അതങ്ങനെ കുതിച്ച് കുതിച്ച് 21000 ആയി. നമ്മുടെ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുമായി ഇതിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഇതത്രയും ഊഹക്കച്ചവടം കാരണം വളരുന്നതാണ്. ഇതുതന്നെയാണ് യഥാര്‍ത്ഥ കുമിളകള്‍. ഇപ്പോള്‍ കുമിളകള്‍ തകര്‍ന്നിരിക്കുന്നു. വിലകള്‍ 9000 ആയി കുറഞ്ഞിരിക്കുകയാണിപ്പോള്‍. വലിയ വ്യതിയാനമാണ്, ചാഞ്ചാട്ടമാണ് സംഭവിക്കുന്നത്.
ഊഹക്കച്ചവടം ഇങ്ങനെ കുമിളകള്‍ പെരുകിക്കും. നമുക്ക് ഭവന വിലകളുടെ കാര്യമെടുക്കാം. വിലകള്‍ ഉയരുന്നതുകൊണ്ട് വീണ്ടും വീടുകള്‍ പണിയപ്പെടുന്നു. മാര്‍ക്കറ്റ് വില ഉല്‍പ്പാദനച്ചെലവിനേക്കാള്‍ എത്രയോ കൂടുതലായതുകൊണ്ട് വീണ്ടും ഭവനനിര്‍മ്മാണം കൂടുന്നു. പലപ്പോഴും ഇത് ഉല്‍പ്പാദനവുമായി ബന്ധമില്ലാത്ത ഷെയറുകളുടെ കാര്യത്തിലുമാവാം. വെറും കടലാസ് കഷണമായിരിക്കാം. വിലകള്‍ ഉയരുമ്പോള്‍ ലാഭം കൂടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഇത് നല്ലതോതില്‍ വാങ്ങിക്കൂട്ടുന്നു. ഇങ്ങനെ ഷെയറുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വില വര്‍ദ്ധിക്കുന്നതോടെ സമ്പന്നരാവുന്നവര്‍ കൂടുതല്‍ സംഖ്യ ചെലവാക്കുന്നു. ഉപഭോഗം നടക്കുന്നു. കാറ് വാങ്ങുന്നു, ഇരുചക്രവാഹനം വാങ്ങുന്നു. അതിന്റെ ഫലമായി യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലും ഒരു ചലനം ദൃശ്യമാവുന്നു. തങ്ങളുടെ വളരുന്ന ആസ്തിയുടെ ബലത്തില്‍ അവര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ധനമേഖലയിലെ സമൃദ്ധി യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലും സമൃദ്ധിക്ക് വഴിവെക്കുന്നു. എന്നാല്‍ ധനമേഖലയിലെ ആസ്തികളുടെ വില ഇടിഞ്ഞാലോ? യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയില്‍ അത് മാന്ദ്യത്തിന് വഴിവെക്കും.
ധനക്കമ്പോളത്തില്‍ ഇടിവുണ്ടാവുന്നുവെന്നു കരുതുക. ധന ആസ്തിയുടെ വില ഇടിയുന്നതോടെ എന്താണ് സംഭവിക്കുക? ആസ്തി വാങ്ങിക്കാനായി ഇവരില്‍ പലരും ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 150 രൂപ വിലയുണ്ടായിരുന്ന ഷെയറുകള്‍ക്ക് ബാങ്കുകള്‍ 100 രൂപ വായ്പ കൊടുത്തിട്ടുണ്ട്. ആ 150 രൂപയുടെ ഷെയറുകളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില രണ്ടോ മൂന്നോ രൂപയാണ്. ഇതിന്റെ ഫലമായി അധമര്‍ണര്‍ പാപ്പരാവുന്നു. അതോടൊപ്പം വായ്പ കൊടുത്ത ബാങ്കും. ഈ പ്രക്രിയ ഇങ്ങനെ തുടരുന്നു - ഇപ്പോള്‍ നാം കാണുന്നതുപോലെ അത് മുഴുവന്‍ സമ്പദ്‌വ്യവസ്ഥയെയും തന്നെ തകരാറിലാക്കുന്നതുവരെ. ധനമേഖല ആകെത്തന്നെ പാപ്പരാവുകയാണ്. ആരുംതന്നെ പുതിയ വായ്പ നല്‍കാന്‍ തയ്യാറല്ല. ആരും ആര്‍ക്കും വായ്പ കൊടുക്കന്‍ ധൈര്യപ്പെടില്ല. ആരാണ് എപ്പോഴാണ് പാപ്പരാവുക എന്ന് ആര്‍ക്കുമറിയില്ലല്ലോ. അങ്ങനെ വരുമ്പോള്‍ വായ്പ വറ്റുന്നു. വായ്പ കൊടുക്കുന്നതിനുപകരം, കടലാസ് ആസ്തികള്‍ കയ്യില്‍ വെക്കുന്നതിനുപകരം, എല്ലാവരും ശ്രമിക്കുക കാശാക്കി മാറ്റുന്നതിനാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിനാണ്. സര്‍ക്കാരിന്റെ നില ഭദ്രമാണ് എന്നാണല്ലോ ധാരണ. അങ്ങനെ വന്നാല്‍, സ്വകാര്യവ്യക്തികളുടെ ചെലവാക്കല്‍ ചുരുങ്ങിച്ചുരുങ്ങി വറ്റി വരളും. ഉപഭോഗച്ചെലവും നിക്ഷേപകച്ചെലവും ചുരുങ്ങും. അങ്ങനെ വരുമ്പോഴാണ് യഥാര്‍ത്ഥമാന്ദ്യത്തിലേക്ക് നയിക്കപ്പെടുക. മാന്ദ്യം ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് തകര്‍ച്ചയിലേക്കാണ് നയിക്കുക. മാന്ദ്യത്തിന്റെ നിര്‍വ്വചനം നാം നേരത്തെ കണ്ടു - രണ്ടു പാദവര്‍ഷങ്ങളില്‍ കൊല്ലത്തെ ഉല്‍പ്പാദനം തുടര്‍ച്ചയായി താഴോട്ടു പോയാല്‍ മതി. ഇതിങ്ങനെ പോവുമ്പോള്‍, സമ്പദ്‌വ്യവസ്ഥയും താഴൊട്ടു പതിക്കുകയാണ് ചെയ്യുക.
ഇതാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥകളുടെ പെരുമാറ്റരീതി. വിവേകരഹിതമായ വായ്പയെപ്പറ്റി ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ അതങ്ങനെയായിരുന്നില്ലെങ്കില്‍, അവര്‍ക്ക് വായ്പ അനുവദിച്ചില്ലായിരുന്നെങ്കില്‍ ഈ സമൃദ്ധി, ഇപ്പോള്‍ നിലച്ച അഭിവൃദ്ധി നേരത്തേ തന്നെ നിലച്ചേനെ. ഇത്രക്കൊന്നും സമൃദ്ധിയുടെ പൂക്കാലം നീണ്ടുനില്‍ക്കുമായിരുന്നില്ല- ധനമേഖലാ സമൃദ്ധിയും അതേപോലെതന്നെ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലെ സമൃദ്ധിയും പണ്ടേ നിലച്ചുപോയേനെ.
ഇത്തരം സമൃദ്ധി തുടര്‍ന്നും നിലനിര്‍ത്തേണ്ടത് സര്‍ക്കാരുകളുടെ ആവശ്യമാണ് ഒരര്‍ത്ഥത്തില്‍. തൊഴിലില്ലായ്മ പെരുകുന്ന ഒരു കാലത്ത് പ്രശ്നപരിഹാരത്തിന് ഈ സമൃദ്ധി തുടര്‍ന്നും നിലനിര്‍ത്തുന്ന നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാവും. ധനമൂലധനത്തിന് മേധാവിത്വമുള്ള സമ്പദ്‌വ്യവസ്ഥകളില്‍ സര്‍ക്കാരുകള്‍ അതിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമാവും. അതുവഴി യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലും അഭിവൃദ്ധി നിലനിര്‍ത്താനാവും. പക്ഷേ തകര്‍ച്ച വരുമ്പോള്‍, അത് രൂക്ഷമാവും. അഭിവൃദ്ധി നീട്ടിക്കിട്ടാന്‍ സഹായകമായ തരത്തില്‍ ധനമേഖലയില്‍ പുതിയ ഉപാധികള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഈ പതപതപ്പിന് സഹായകമായ ഒന്നാണ് ഡെറിവേറ്റീവ് മാര്‍ക്കറ്റുകള്‍. എന്താണവിടെ സംഭവിക്കുന്നത് ?
വീടിന്റെ ഈടിന്മേല്‍ ഒരു ബാങ്ക് വായ്പ നല്‍കുന്നുവെന്നു കരുതുക. ഈ വായ്പ ഏറ്റെടുക്കുന്ന ഒരു നിക്ഷേപബാങ്ക് ഇത്തരം മറ്റു വായ്പകളും കൂടി കൂട്ടിക്കലര്‍ത്തി തരംതിരിച്ച്, അത് മറ്റൊരാള്‍ക്കോ സ്ഥാപനത്തിനോ വില്‍ക്കുന്നു. അവരത് വീണ്ടും മുറിച്ചോ കൂട്ടിക്കെട്ടിയോ, തരംതിരിച്ചോ വേറെ ആര്‍ക്കെങ്കിലും വില്‍ക്കുന്നു. ഇതിനിടയില്‍ ആര് ആര്‍ക്ക് കൊടുത്ത വായ്പയാണ് തങ്ങള്‍ വാങ്ങിച്ചതെന്ന് വാങ്ങിച്ചവര്‍ക്കൊന്നും അറിയാതെപോവും. ഇപ്പോള്‍ നാം കാണുന്നതുപോലെ അമേരിക്കന്‍ ഭവനവായ്പകള്‍ വാങ്ങിച്ചത് യൂറോപ്യന്‍ ബാങ്കുകളാണ്. വായ്പയുടെ മാര്‍ക്കറ്റിങ് അത്രക്ക് വിപുലമാണിപ്പോള്‍. ഇതിനിടയില്‍ വായ്പയുടെ തിരിച്ചടവിലുള്ള അപകടസാധ്യതയെക്കുറിച്ചുള്ള ആലോചനകള്‍ തന്നെ മുങ്ങിപ്പോവുന്നു.
ഞാന്‍ ഒരാള്‍ക്ക് വായ്പകൊടുക്കുന്നുവെങ്കില്‍ അയാളുടെ തിരിച്ചടവ് സാധ്യതയെക്കുറിച്ചും എനിക്കറിയാം. എന്നാല്‍ ഞാന്‍ കൊടുത്ത വായ്പ വേറൊരാള്‍ ഏറ്റെടുത്ത് അത് മറ്റൊരാള്‍ക്ക് കൈമാറി അയാളത് വീണ്ടും വേറൊരാള്‍ക്ക് വിറ്റാല്‍ വാങ്ങുന്നവനും വില്‍ക്കുന്നവനുമൊന്നുംതന്നെ തിരിച്ചടവ്സാധ്യതയെക്കുറിച്ച് ഒന്നുംതന്നെ അറിയില്ല. ഇത് അപകടസാധ്യത നിസ്സാരവല്‍ക്കരിക്കുന്നതിനിടയാക്കും. അങ്ങനെ വരുമ്പോള്‍ വായ്പ നല്‍കല്‍ കണ്ണ് പൂട്ടിയുള്ള വകതിരിവില്ലാത്ത ഒരു ഏര്‍പ്പാടായി മാറും. ഇതിന്റെ ഫലമായി ധനമേഖല പതച്ചുകൊണ്ടേയിരിക്കും. അത് യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെയും അഭിവൃദ്ധിപ്പെടുത്തും. എന്നാല്‍ തകര്‍ച്ച വരുമ്പോള്‍, അത് കൂടുതല്‍ പേരെ ബാധിക്കുന്ന ഒന്നായി മാറും. അത് കൂടുതല്‍ തീവ്രമാവും - നാം ഇന്ന് കാണുന്നതുപോലെ. ഇതില്‍ പുതുതായൊന്നുമില്ല. സ്വതന്ത്രധനക്കമ്പോളങ്ങളുള്ള ഏതു വ്യവസ്ഥിതിയിലും സംഭവിക്കാവുന്നതു മാത്രമാണിത്.
1929-ല്‍ സംഭവിച്ചതും ഇതുതന്നെയാണ്. സ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ച അന്ന് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലെയും മാന്ദ്യമായി മാറുകയാണുണ്ടായത്. അതങ്ങനെ തുടര്‍ന്ന് പട്ടാളവല്‍ക്കരണത്തിലേക്കും രണ്ടാംലോക മഹായുദ്ധത്തിലേക്കുതന്നെയും നയിക്കുകയും ചെയ്തു. മിക്ക മുതലാളിത്ത രാജ്യങ്ങളും പട്ടാളവല്‍ക്കരിക്കപ്പെട്ടു. യുദ്ധം കാരണമാണ് അവര്‍ക്ക് മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കനായാത്. മറ്റു മുതലാളിത്ത രാജ്യങ്ങളേക്കാള്‍ നേരത്തെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ജര്‍മ്മനിക്കും ജപ്പാനും കഴിഞ്ഞു. അവ ഫാസിസ്റ്റ് ഭരണകൂടങ്ങളായിരുന്നല്ലോ. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നേരത്തേ തുടങ്ങിയതുമാണ്. ജര്‍മ്മനിയിലെ അഭിവൃദ്ധി ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതോടെ തുടങ്ങി. ജപ്പാനിലുമതേ, ഫാസിസ്റ് പട്ടാള സര്‍ക്കാരായിരുന്നല്ലോ, അവരും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ അന്ന് അവരുടെ പ്രധാനമന്ത്രിയായുണ്ടായിരുന്ന സിവിലിയന്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചോദിച്ചു: വേണ്ടത്ര തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ഇതിനകം കഴിഞ്ഞല്ലോ, ഇനിയും പട്ടാളത്തിനായി ചെലവാക്കുന്നത് നിര്‍ത്തിക്കൂടേ എന്ന്. ആ പ്രധാനമന്ത്രി കൊലചെയ്യപ്പെടുകയും പട്ടാളം ജപ്പാനെ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
ഇന്ന് നാം കാണുന്നത് 1929 ലേതിനു സമാനമായ കാര്യങ്ങളാണ്. അന്നും സ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയിലാണ് കാര്യങ്ങള്‍ തുടങ്ങിയത്. പിന്നീടത് വളരെ കടുത്ത മാന്ദ്യമായി മാറുകയാണുണ്ടായത്. യുദ്ധം തുടങ്ങുന്നതുവരെ മുതലാളിത്തലോകത്തിന് അതില്‍നിന്ന് രക്ഷപ്പെടാനായില്ല. ഈ അനുഭവമുള്ളതുകൊണ്ടാണ് യുദ്ധാനന്തരം വ്യത്യസ്തമായ തരത്തിലുള്ള ഉത്തേജനമാണ് വളര്‍ച്ചക്ക് വേണ്ടത് എന്ന് മുതലാളിത്തരാജ്യങ്ങള്‍ കണ്ടെത്തിയത്. മുതലാളിത്തത്തിനെ പുനഃസംഘടിപ്പിച്ചുകൊണ്ട് വളര്‍ച്ചക്ക് പുതിയ ഉത്തേജനം നല്‍കാനാണവര്‍ ശ്രമിച്ചത്. ഇവിടെ ഒരു കാര്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മുതലാളിത്തം ഇങ്ങനെ പുനഃസംഘടിപ്പിക്കപ്പെടുന്നത് അത് വളരെ വിവേകപൂര്‍വ്വമായ ഒന്നായതുകൊണ്ടല്ല, നേരെ മറിച്ച് തൊഴിലാളിവര്‍ഗത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.
യുദ്ധാനന്തരകാലത്ത് രണ്ടുസംഗതികള്‍ നടന്നു. ഒന്ന്, സോഷ്യലിസ്റ് ലോകത്തിന്റെ അസാമാന്യമായ വളര്‍ച്ച. ബൂര്‍ഷ്വാവൃത്തങ്ങളില്‍ ഇത് ഏറെ അങ്കലാപ്പുണ്ടാക്കി. യൂറോപ്പാകെ സോഷ്യലിസത്തിലേക്ക് ആകൃഷ്ടരാവുമെന്ന് അവര്‍ ഭയന്നു. ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം. ബ്രിട്ടണില്‍ ലേബര്‍പാര്‍ട്ടി അധികാരത്തിലെത്തി. വിന്‍സ്റണ്‍ ചര്‍ച്ചില്‍ ആയിരുന്നു യുദ്ധകാലത്തെ പ്രധാനമന്ത്രി. വളരെ വളരെ പ്രതിലോമകാരിയായ ഒരു വ്യക്തി. പക്ഷേ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു. ഫ്രാന്‍സിലും ഇറ്റലിയിലുമാകട്ടെ കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് ഏതാണ്ട് പാതിയോളം വോട്ടുകള്‍ കിട്ടി. അധിനിവേശ ശക്തികള്‍ക്കെതിരെ ഉശിരന്‍ പോരാട്ടങ്ങളാണവര്‍ നടത്തിയത്. അതുകൊണ്ടുതന്നെ അവര്‍ വളരെ ശക്തരുമായിരുന്നു.
ഇങ്ങനെയുള്ള തൊഴിലാളിവര്‍ഗത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മുതലാളിത്തം ഘടനാപരമായി പരിഷ്ക്കരിക്കപ്പെടുന്നത്. അത് സ്വയം പരിഷ്ക്കരിച്ചതല്ല. അത് വര്‍ഗസമരത്തിന്റെ ഭാഗമായി മാറിത്തീരേണ്ടിവന്നതാണ്. ഈ മാറ്റത്തിന്റെ സവിശേഷതകള്‍ എന്തെല്ലാമായിരുന്നു? ഒന്നാമതായി ചോദനത്തിന്റെ നിലവാരം ഉയര്‍ത്തി നിര്‍ത്താനായി സര്‍ക്കാര്‍ ഇടപെടല്‍ വേണം എന്ന കാര്യം അംഗീകരിക്കപ്പെട്ടു. ഡിമാന്റ് മാനേജ്‌മെന്റിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ എന്നാണിതിനു പറയുക. സര്‍ക്കാര്‍ ചെലവിലൂടെ സമ്പദ്‌വ്യവസ്ഥയിലെ ചോദനം ഉയര്‍ത്തുക. പരമാവധി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു ഇതില്‍ പ്രധാനം. നമുക്കറിയാം മുതലാളിത്തത്തിന് ഒരിക്കലുംപൂര്‍ണമായും തൊഴിലില്ലായ്മ തുടച്ചുമാറ്റാനാവില്ല. അവര്‍ക്ക് ഒരു തൊഴിലില്ലാപട്ടാളത്തിന്റെ കരുതല്‍സേന ആവശ്യമാണ്. പക്ഷേ ആകാവുന്നിടത്തോളം തൊഴിലവസരമുണ്ടാക്കിക്കൊണ്ട് യുദ്ധപൂര്‍വ്വകാലത്തെ മാന്ദ്യത്തില്‍ നിന്ന് മറികടക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.
ഞാന്‍ ഒന്നുകൂടി വ്യക്തമാക്കട്ടെ. മുതലാളിത്തത്തില്‍ ഘടനാപരമായ മാറ്റമെന്നത് വര്‍ഗസമരത്തിന്റെ ഭാഗമായി വന്ന ഒന്നാണ്.
തൊഴിലില്ലായ്മ കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ എന്ന ആശയം യുദ്ധത്തിന് മുമ്പുതന്നെ മുന്നോട്ടുവെക്കപ്പെട്ട ഒന്നാണെന്ന് നമുക്കറിയാം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ്വെല്‍റ്റ് യുദ്ധത്തിന് മുമ്പാണ് തന്റെ 'ന്യൂ ഡീല്‍' സിദ്ധാന്തം അവതരിപ്പിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കത്തക്ക വിധം മാറ്റിത്തീര്‍ക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ 1933 മുതല്‍ 36 വരെയുള്ള കാലത്ത് തൊഴിലില്ലായ്മ നല്ല തോതില്‍ കുറഞ്ഞുവന്നിരുന്നു. പക്ഷേ ധനമൂലധനത്തിന് സര്‍ക്കാരിലുള്ള സ്വാധീനം അത്ര വലുതായിരുന്നതിനാല്‍ 1936 ആയതോടെ റൂസ്വെല്‍റ്റിന് തന്നെ അതില്‍നിന്ന് പിന്തിരിഞ്ഞ് ധനക്കമ്മി കുറയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടിവന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, സര്‍ക്കാരിന്റെ ഉത്തേജന നടപടികള്‍ ആകെത്തന്നെ വെട്ടിച്ചുരുക്കേണ്ടി വന്നു. 1937 ആയപ്പോഴേക്ക് വീണ്ടും ഒരു വലിയ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടു. തൊഴിലില്ലായ്മാ നിരക്കില്‍ ഗണ്യമായ വര്‍ധനവ് പ്രത്യക്ഷപ്പെട്ടു. 1930-കളിലാകെ, തൊഴിലില്ലായ്മ തടയാനായി സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കിലും അതിന് ബ്രേക്കിടാന്‍ മാത്രം ശക്തി ധനമൂലധനം ആര്‍ജിച്ചിരുന്നു. പക്ഷേ യുദ്ധാനന്തര കാലത്ത് അമേരിക്കയിലും യൂറോപ്പിലും തൊഴിലാളി വര്‍ഗത്തിന്റെ ശക്തി ഗണ്യമായി വര്‍ധിച്ചപ്പോഴാണ്, ധനമൂലധനത്തിന്റെ സ്വാധീനം ദുര്‍ബലമായപ്പോഴാണ്, സര്‍ക്കാര്‍ ഇടപെടലിനെ കൃത്യമായി സ്ഥാപനവല്‍ക്കരിക്കാനായത്.
പുനഃസംഘടനയുടെ രണ്ടാമത്തെ സവിശേഷത, ബ്രെട്ടന്‍വുഡ് സംവിധാനം രൂപപ്പെടുത്തിയെടുക്കാനായി എന്നതാണ്. അതൊരു അന്താരാഷ്ട്ര സംവിധാനമായിരുന്നു. ലോകബാങ്കും ഐഎംഎഫും ബ്രെട്ടന്‍വുഡ് സംവിധാനത്തിന് കീഴില്‍ രൂപപ്പെട്ടു വന്നതാണെന്ന കാര്യം പലര്‍ക്കുമറിയില്ല. ആ സംവിധാനം തകര്‍ന്നെങ്കിലും ലോകബാങ്കും ഐഎംഎഫും തുടര്‍ന്ന് ബ്രെട്ടന്‍വുഡ് ധാരണക്കെതിരായ, തത്വശാസ്ത്രമാണ് മുറുകെപ്പിടിക്കുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്രെട്ടന്‍വുഡ് സംവിധാനം ഒരു നിയോ ലിബറല്‍ സംവിധാനമേ ആയിരുന്നില്ല. പക്ഷേ ഇന്നീ സ്ഥാപനങ്ങള്‍ നിയോ ലിബറലിസത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. പുതിയ സാഹചര്യത്തിന് അനുസരിച്ച് അവ സ്വയം മാറിത്തീര്‍ന്നിരിക്കുകയാണ്.
ബ്രെട്ടന്‍വുഡ് സംവിധാനത്തിന് പല പ്രധാന സവിശേഷതകളുണ്ടായിരുന്നെങ്കിലും അതില്‍ ഒരു പ്രത്യേക കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം ഇന്നത്തെ വര്‍ത്തമാനകാല സാഹചര്യത്തില്‍ അത് ഏറെ പ്രധാനമാണ്. അതിതാണ്:
എല്ലാ രാജ്യങ്ങളിലും ഗവണ്‍മെന്റുകള്‍ ഡിമാന്റ് മാനേജ് ചെയ്യുകയാണെങ്കില്‍ അതുവഴി തങ്ങളുടെ നാട്ടിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ശ്രമിക്കുകയാണെങ്കില്‍, എല്ലാവർക്കും പൂര്‍ണമായും തൊഴില്‍ നൽകാൻ ആവണമെങ്കിൽ സർക്കാര്‍ ശക്തവും ദേശീയ ഭരണകൂടത്തിന്റേയുമായിരിക്കണം, ഒരു പ്രത്യേക പ്രദേശത്തിന്റെ, അത് ഫ്രഞ്ചോ, അമേരിക്കനോ, ജര്‍മ്മനോ ആകട്ടെ, ധനം ആഗോളവല്‍ക്കരിക്കപ്പെട്ടാല്‍, അതിന് അന്തര്‍ദേശീയ സ്വഭാവം കൈവന്നാല്‍ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ അവസരമുണ്ടായാല്‍, സര്‍ക്കാരിന്റെ അധികാരം ശോഷിക്കും. ചോദനത്തിന്റെ തലം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടും എന്നുള്ള സാധ്യതയെ എപ്പോഴും ധനമൂലധനം ഭയപ്പെടുന്നു. അങ്ങനെ ഇടപെടുന്ന സര്‍ക്കാരിനെ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ധനമൂലധനത്തിന്റെ നിലപാട്.
ആയതിനാല്‍, ധനത്തിന്റെ അന്തര്‍ദേശീയ പ്രവാഹത്തിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് ചോദനം കൈകാര്യം ചെയ്യുന്നതിനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന നടപടികളുടെ ഒരു പ്രധാനഘടകമാണ്. ബ്രെട്ടന്‍വുഡ് പദ്ധതി ഇത്തരത്തിലുള്ള നിയന്ത്രണങ്ങളെ സ്ഥാപനവല്‍ക്കരിക്കുകയാണ് ചെയ്തത്. ഇന്ത്യയും ബ്രെട്ടന്‍വുഡ് പദ്ധതിയിലെ ഒരു പങ്കാളിയായിരുന്നു എന്നോര്‍ക്കണം. 1944-ല്‍ ബ്രെട്ടന്‍വുഡ് പദ്ധതിയില്‍ ഒപ്പുവെച്ച ആദ്യരാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. തുടര്‍ന്നിങ്ങോട്ട് അമ്പതുകളിലും, അറുപതുകളിലും എഴുപതുകളിലും ഇവിടെ കര്‍ശനമായ വിദേശനാണ്യ നിയന്ത്രണച്ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. ധനമൂലധനത്തിന് അകത്തേക്ക് കടക്കുവാനോ, പുറത്തേക്ക് ഒഴുകുവാനോ കഴിയുമായിരുന്നില്ല. യാത്രക്ക് ആവശ്യമായ വിദേശനാണ്യം ലഭിക്കുന്നതുപോലും വളരെ വിഷമകരമായിരുന്നു. മൂലധനം പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമേ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ വിദേശികളെ അനുവദിച്ചിരുന്നില്ല. അത് തുടങ്ങിയത് പിന്നീട് മാത്രമാണ്. അപ്പോള്‍, അകത്തേക്കും പുറത്തേക്കുമുള്ള മൂലധനത്തിന്റെ ഒഴുക്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഓരോ രാജ്യത്തിനും ബ്രെട്ടന്‍വുഡ് പദ്ധതി അവകാശം നല്‍കി. വികസിത മുതലാളിത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അറുപതുകളുടെ ഒടുവിലാണ് യൂറോപ്പില്‍ അതിര്‍ത്തി കടന്നുള്ള മൂലധനപ്രവാഹം താരതമ്യേന എളുപ്പമായത്. അമേരിക്കയിലും യൂറോപ്പിലും അറുപതുകളുടെ അവസാനവും, ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും അതിന് ശേഷവും നിയന്ത്രണങ്ങളില്‍ അയവ് വന്നു. 1991-ലാണ് ഇന്ത്യയില്‍ നിയന്ത്രണങ്ങളില്‍ അയവ് വന്നത്. ചോദന മാനേജ്‌മെന്റില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പ് വരുത്തിയ ബ്രെട്ടന്‍വുഡ് പദ്ധതി, ഒപ്പം തന്നെ അതിര്‍ത്തി കടന്നുള്ള ധനപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ നിയന്ത്രിക്കപ്പെട്ടതില്‍ അന്തര്‍ദേശീയ വാണിജ്യത്തിന്റെ ഒഴുക്കും ഉള്‍പ്പെടുന്നു. ബ്രെട്ടന്‍വുഡ് സംവിധാനം സ്വതന്ത്ര വാണിജ്യം അനുവദിച്ചിരുന്നില്ല. ഭീമമായ ചുങ്കം ചുമത്തിയും, അളവില്‍ പരിധികള്‍ ഏര്‍പ്പെടുത്തിയും നമ്മുടെ രാജ്യത്തും വാണിജ്യനിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരുന്നു. ചുരുക്കത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സംവിധാനമായിരുന്നു അത്. ചോദനം വര്‍ധിപ്പിക്കുന്നതിനും അതിന് അനുസൃതമായ ആഭ്യന്തര നയങ്ങള്‍ നടപ്പാക്കുന്നതിനും ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ക്ക് ആ സംവിധാനത്തില്‍ അവസരമുണ്ടായിരുന്നു. ചോദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വാണിജ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും, ധനത്തിന്റെ ഒഴുക്ക് പരിമിതപ്പെടുത്താനും സര്‍ക്കാരുകള്‍ക്ക് കഴിയുമായിരുന്നു. ഇത്തരത്തില്‍ ബ്രെട്ടന്‍വുഡ് സംവിധാനത്തിലൂടെ മുതലാളിത്തത്തെ പുനഃസംഘടിപ്പിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞു. തുടര്‍ന്നുള്ള കാലഘട്ടത്തെ മുതലാളിത്തത്തിന്റെ സുവര്‍ണ ദശ എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഏതാണ്ട് 1932 മുതല്‍ 1970കളുടെ തുടക്കം വരെയുള്ള ആ കാലഘട്ടത്തില്‍ തൊഴിലില്ലായ്മ താരതമ്യേന കുറഞ്ഞു. ചോദനം വര്‍ധിച്ചതിനെ തുടര്‍ന്ന് നിക്ഷേപം, പ്രത്യേകിച്ചും സ്വകാര്യ നിക്ഷേപം കണ്ടെത്തേണ്ടതായി വന്നു.
സുവര്‍ണ കാലഘട്ടത്തില്‍ മുതലാളിത്തം വളരെ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് നിലനിര്‍ത്തി. ആഗോള സമ്പദ് വ്യവസ്ഥയൊട്ടാകെത്തന്നെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിച്ചു. അത് മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയുള്ള തൊഴിലാളികളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിച്ചു. തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്തു. ഇക്കാലയളവില്‍ ക്ഷേമപദ്ധതികള്‍ക്കായുള്ള ചെലവിലും വര്‍ദ്ധനവ് ഉണ്ടായി. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമായി. ഈ കാരണങ്ങള്‍ കൊണ്ടാണ് പ്രസ്തുത കാലഘട്ടത്തെ മുതലാളിത്തത്തിന്റെ സുവര്‍ണകാലം എന്ന് വിശേഷിപ്പിക്കുന്നത്. ബ്രിട്ടനില്‍ ഇക്കാലത്തെ തൊഴിലില്ലായ്മാ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയായിരുന്നു. അമേരിക്കയില്‍ ഏതാനും വര്‍ഷങ്ങളോളം തൊഴിലില്ലായ്മാ നിരക്ക് നാല് ശതമാനം മാത്രമായിരുന്നു. കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, മെച്ചപ്പെട്ട യഥാര്‍ഥ വേതനം, ഭേദപ്പെട്ട ഉല്‍പ്പാദനക്ഷമത എന്നീ കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ കാലയളവില്‍ ഒരിക്കല്‍പ്പോലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായില്ല.
അന്തര്‍ദേശീയ ധനപ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്നാണ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വീണ്ടും പ്രത്യക്ഷപ്പെട്ടത്. അന്തര്‍ദേശീയ ധനമൂലധനത്തിന്റെ ആധിപത്യം ചുവടുറപ്പിച്ചതിനെത്തുടര്‍ന്നാണ് ധനത്തിന്റെ യഥേഷ്ട സഞ്ചാരത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതായത്. ധനമൂലധനം ആഗോളവല്‍ക്കരിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ മൂലധനം കേന്ദ്രീകരിക്കപ്പെടുന്ന പ്രവണത വര്‍ധിക്കുമെന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞുവെച്ചിട്ടുണ്ട്. കെയ്നീഷ്യന്‍ കാലഘട്ടത്തില്‍ പോലും മൂലധനത്തിന്റെ കനത്ത കേന്ദ്രീകരണം സംഭവിച്ചിരുന്നു. വിദേശ നാണ്യ വിപണി കൂടിയായതോടെ ബില്യണ്‍ കണക്കിന് ഡോളര്‍ ധനമൂലധനം ചുറ്റിക്കറങ്ങാന്‍ തുടങ്ങി. സ്വാഭാവികമായും രാഷ്ട്രാന്തരീയ ധനപ്രവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ തരണം ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ടായി. വികസിത രാഷ്ട്രങ്ങളില്‍ 1960കളില്‍ ഈ സമ്മര്‍ദം ഏറെക്കുറെ വിജയം കണ്ടപ്പോള്‍, മൂന്നാം ലോകരാജ്യങ്ങളില്‍ വീണ്ടും സമയമെടുത്തു. ഇത് ധനമേഖലാ പ്രതിസന്ധിക്ക് തുടക്കം കുറിച്ചു; കെയ്നീഷ്യന്‍ ചോദന മാനേജ്മെന്റിന്റെ അന്ത്യവും. ബ്രെട്ടന്‍വുഡ് വ്യവസ്ഥയുടെയും അന്ത്യം കുറിച്ചത് ഇവിടെയാണ്.
ഇപ്രകാരം ലോകം രാഷ്ട്രാന്തരീയ ധനമൂലധനത്തിന് അധീശത്വമുള്ള ഒരു ഭരണസംവിധാനത്തിലേക്ക് നീങ്ങി. ഇത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണത്തിന് വഴിതെളിച്ചു. ആഗോളവല്‍ക്കരണമെന്ന പ്രതിഭാസത്തിന്റെ അവിഭാജ്യസ്വഭാവം ഇതാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സംവിധാനത്തിന് തുല്യമായ ഒരു സാഹചര്യത്തിലേക്ക് ലോകം തിരികെപ്പോയി. എല്ലാ അര്‍ഥത്തിലും തുല്യമല്ലെങ്കിലും, സംവിധാനങ്ങള്‍ ഏറെക്കുറെ സമാനമായിരുന്നു. ഇപ്പോള്‍ നമ്മള്‍ വീണ്ടും ധനമൂലധനത്തിന് ആധിപത്യമുള്ള ഒരു വ്യവസ്ഥിതിയെയാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇതൊരു പുതിയ തരം ധനമൂലധനമാണ്. ഒന്നാമതായി, അത് സ്വതന്ത്രമായ മൂലധന പ്രവാഹത്തിനും, സ്വതന്ത്ര വ്യാപാരത്തിനും, സ്വതന്ത്രമായ ധനസഞ്ചാരത്തിനും വേണ്ടി വാദിക്കുന്നു. രണ്ടാമതായി, അത് സര്‍ക്കാരിന്റെ പങ്ക് പരിമിതമായിരിക്കണമെന്ന് ശഠിക്കുന്നു. വിവേകപൂര്‍വമായ സാമ്പത്തിക നയത്തിന്റെ തത്വങ്ങളിലൊന്നാണ്, സര്‍ക്കാര്‍ നികുതിയായി പിരിക്കുന്ന അത്രയുമോ, അതിലിത്തിരി അധികമോ ചെലവഴിക്കണമെന്നത്. ഈ നിലപാടിനെ അത് തിരസ്കരിക്കുന്നു. രാജ്യത്തിന്റെ ധനക്കമ്മി നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നിശ്ചിത ശതമാനത്തിനപ്പുറം കടക്കരുതെന്ന ഒരു ധന ഉത്തരവാദിത്ത നിയമം (fiscal responsibility Act ) തന്നെ ഇന്ത്യയില്‍ നിലവിലുണ്ട്. കേരളത്തിലാകട്ടെ, ധനക്കമ്മി 2 ശതമാനത്തില്‍ അധികമാകരുതെന്ന് നിഷ്കര്‍ഷിക്കുന്ന ഒരു നിയമം യുഡിഎഫ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതെന്തിനാണെന്ന് ആര്‍ക്കും അറിയില്ല. യൂറോപ്പില്‍ മാസ്ട്രിച്ച് ഉടമ്പടി പ്രകാരം ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തേണ്ടതുണ്ട്.
ചുരുക്കത്തില്‍, സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ എവിടെയും നിലനില്‍ക്കുന്നു. ധനമൂലധനം ഉയര്‍ത്തിപ്പിടിക്കുന്ന 'വിവേകപൂര്‍വമായ' ധനനയത്തിന്റെ (sound finance )ഒരു വാദം സര്‍ക്കാര്‍ കമ്മി ഉണ്ടാക്കരുതെന്നാണ്. മാന്ദ്യത്തിന്റെ അവസ്ഥയില്‍ പോലും സര്‍ക്കാര്‍ കമ്മി സൃഷ്ടിക്കാന്‍ പാടില്ല. അപ്പോള്‍ ധനമൂലധനത്തിന്റെ ആധിപത്യം നമുക്ക് നല്‍കുന്ന ചിത്രമിതാണ്. ഈ ആധിപത്യത്തിന്റെ ബാക്കിപത്രമാണ് കേരളത്തില്‍ യുഡിഎഫിന്റെ കാലത്ത് അവതരിപ്പിച്ച നിയമവും. സ. ഇഎംഎസിന്റെ കാലത്തോ, തുടര്‍ന്നുള്ള മൂന്ന് പതിറ്റാണ്ടുകളിലോ ഉണ്ടാകാത്ത തരത്തിലുള്ള ഇത്തരമൊരു നിയമം എന്തിനാണ് ഇപ്പോള്‍? കാരണം മറ്റൊന്നുമല്ല, ധനമൂലധനത്തിന്റെ ഉഗ്രപ്രതാപമാണ് അത്തരത്തിലുള്ള നിയമങ്ങള്‍ സമസ്ത രാജ്യങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇപ്പോള്‍ സംഭവിക്കുന്നതും ആ ആധിപത്യത്തിന്റെ ഒരു അനന്തരഫലം മാത്രമാണ്. തല്‍ഫലമായി, കുമിളകള്‍ സൃഷ്ടിക്കപ്പെടുകയും പൊട്ടിച്ചിതറുകയും ചെയ്യുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയുടെ അവസ്ഥ ഇന്ന് നമ്മെ തുറിച്ചുനോക്കുന്നു. വളര്‍ച്ചയുടെ മാര്‍ഗവും ഉപാധിയും തന്ത്രവും ആയി ചിത്രീകരിക്കപ്പെടുന്ന ഈ കുമിളകള്‍ ഇപ്പോള്‍ വീണ്ടും സ്ഥാപനവല്‍ക്കരിക്കപ്പെടുകയാണ്. അതുകൊണ്ടാണ്, രണ്ടാംലോക യുദ്ധത്തിന് മുമ്പുണ്ടായതിന് സദൃശമായ ഒരു സാമ്പത്തികക്കുഴപ്പത്തെ നാം നേരിടുന്നത്.
പ്രതിസന്ധി മൂന്നാം ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കും എന്നത് ഒരു പ്രധാന ചോദ്യമാണ്. പ്രതിസന്ധി നേരിട്ട് തങ്ങളെ ബാധിക്കില്ല എന്നായിരുന്നു നമ്മുടെ രാജ്യത്തിന്റെ അടക്കം ധാരണ. നമ്മുടെ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതു കൊണ്ടും ധനമേഖലാ ഉദാരവല്‍ക്കരണം വന്‍തോതില്‍ നടക്കാത്തതുകൊണ്ടും നമ്മുടെ ബാങ്കുകള്‍ അന്താരാഷ്ട്ര ധനക്കമ്പോളത്തില്‍ അത്രയ്ക്ക് മുഴുകിയിട്ടില്ല എന്നതുകൊണ്ടുമാണ് ഇതിങ്ങനെ പറയാനാവുന്നത്. പുറത്തുവന്ന ഒരു കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിങ്ങില്‍ ഉള്ള അന്താരാഷ്ട്ര ആസ്തി 6 ശതമാനമാണ്. അന്താരാഷ്ട്ര ആസ്തികളില്‍ ഏറെ ഇടപാടുകളുള്ളവക്കു പോലും അവയുടെ ആകെ ആസ്തിയുടെ 21 ശതമാനമേ ഈ വിദേശ ആസ്തികള്‍ വരൂ.
എന്നാല്‍ യഥാര്‍ഥ സമ്പദ് ഘടനയിന്മേലുള്ള പരോക്ഷ പ്രത്യാഘാതം ഗണ്യമായിരിക്കും. ഇന്ത്യയെ മാത്രമല്ല, ചൈനയേയും ആഗോളമാന്ദ്യം പല രീതികളിലും ബാധിക്കും. ഒന്നാമതായി, ആഗോളമാന്ദ്യം കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജനങ്ങള്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പോകാത്ത പക്ഷം കയറ്റുമതി കുറയും. ചരക്കുകളുടെ മാത്രമല്ല സേവനങ്ങളുടെ കയറ്റുമതിയേയും ഇത് ക്ഷീണിപ്പിക്കും. ഇതിനര്‍ഥം, ടൂറിസം, ബിപിഒ, കോള്‍ സെന്റേഴ്സ് എന്നീ മേഖലകളെ ആഘാതം ബാധിക്കുമെന്നാണ്. വിദേശത്തുനിന്നുള്ള പണത്തിന്റെ ഒഴുക്ക് തീര്‍ച്ചയായും കുറയും. ഒരുപക്ഷേ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഒഴുക്കിനെ തല്‍ക്കാലം ബാധിക്കാനിടയില്ല. എന്നാല്‍ വികസിത പാശ്ചാത്യ നാടുകളില്‍ നിന്നുള്ള പണമൊഴുക്ക് ഇടിഞ്ഞു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കാരണം അവിടെ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പലര്‍ക്കും തൊഴില്‍ നഷ്ടമായതിനെത്തുടര്‍ന്ന് ചെലവിടാന്‍ പണിമില്ലാതെയായിട്ടുണ്ട്. കയറ്റുമതി മേഖല ക്ഷീണിച്ചാല്‍ അത് നാട്ടിലെ തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനിടയുണ്ട്. ടൂറിസം, ഗതാഗതമേഖലകളിലെ മുരടിപ്പ് ആ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നവരുടെ ജീവിതം ദുസ്സഹമാക്കും.
രണ്ടാമതായി, വിദേശനാണയശേഖരത്തിനുള്ള ആവശ്യം കുറയാതിരിക്കെ, നാണയ ഒഴുക്കില്‍ വരുന്ന കുറവ് പല രീതികളിലും രാജ്യത്തെ ബാധിക്കും. വിനിമയ നിരക്കിലെ ഇടിവ് അതിലൊന്നാണ്. നമ്മുടെ കയറ്റുമതി സമ്പാദ്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വേണ്ട വിദേശനാണ്യത്തിന്റെ ആവശ്യം മാറ്റമില്ലാതെ നില്‍ക്കുവോളം, രൂപയുടെ കാര്യത്തില്‍ ഗണ്യമായ തോതില്‍ വിലയിടിവ് സംഭവിച്ചുകൊണ്ടിരിക്കും. വിലയിടിവിന് ഇനിയും ആക്കം കൂട്ടുന്ന മറ്റൊരു ഘടകം വിദേശനാണ്യശോഷണം ആണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് വളരെയേറെ വിദേശ മൂലധന സ്ഥാപനങ്ങള്‍ പണം കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, വിദേശ നിക്ഷേപകര്‍ ഒഴുക്കിയ പണം കൊണ്ട് ഊഹക്കച്ചവടം നടത്തി വലുതായ ഓഹരി വിപണിയുണ്ട്. ഇനിയിപ്പോള്‍ അത്തരം നിക്ഷേപകര്‍ തങ്ങളുടെ പണം പിന്‍വലിച്ചുതുടങ്ങും. മുതലാളിത്ത രാജ്യങ്ങളിലെ നിക്ഷേപകര്‍ ഇപ്പോള്‍ പൊതുവെ ഈടിനെ അപേക്ഷിച്ച് സ്വന്തം ആസ്തികള്‍ പണമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അതും പോരാ, ഇവരൊക്കെ പണം ഡോളറായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ആളുകള്‍ കൂടുതല്‍ കൂടുതല്‍ പണമായി സൂക്ഷിക്കാന്‍ ശ്രമിക്കുക മാത്രമല്ല, എല്ലായിടത്തു നിന്നും പണം പിന്‍വലിച്ച് അതൊക്കെ ഡോളറായി മാറ്റാനും വ്യഗ്രത കാണിക്കുന്നു. ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്തോറും വിദേശവിനിമയ വിപണിയില്‍ രൂപയ്ക്ക് വിലയിടിയുന്നു; ഓഹരിവിപണിയില്‍ തകര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. രൂപയുടെ വിനിമയ നിരക്കില്‍ ഉണ്ടാകുന്ന ഇടിവ് നിമിത്തം നാം ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍വര്‍ധനവ് ഉണ്ടാകും. അത് പണപ്പെരുപ്പത്തിന് ഇടയാക്കുകയും ചെയ്യും. ചുരുക്കത്തില്‍, ഒരുവശത്ത് തൊഴിലില്ലായ്മയും മറുവശത്ത് സാമ്പത്തികമാന്ദ്യവും ചേര്‍ന്ന ഒരു വിചിത്രപ്പൊരുത്തമാണ് നമ്മെ അഭിമുഖീകരിക്കുന്നത്.
അതേസമയം, സാമ്പത്തിക മാന്ദ്യവും വര്‍ധിച്ച പണപ്പെരുപ്പവും ചേര്‍ന്ന മറ്റൊരു വിചിത്ര സാഹചര്യവും രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞു. കൂടാതെ മാന്ദ്യം നിമിത്തം ലോകവിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന വിദേശ ഉല്‍പ്പാദകര്‍ നമ്മുടെ വിപണിയെ ലക്ഷ്യം വെക്കാനുള്ള സാധ്യതകളും ശക്തമാണ്. അതിന്റെ ഫലമായി, ചെറുകിട ഉല്‍പ്പാദകരും ചെറുകിട മുതലാളിമാരും തകര്‍ച്ചയെ നേരിടും. അവരുടെ ഉല്‍പ്പന്നങ്ങളുടെ വില താരതമ്യേന കൂടുതലായിരിക്കുമെന്നതു കൊണ്ട് അവര്‍ക്ക് മേല്‍പ്പറഞ്ഞ വിദേശ ഉല്‍പ്പാദകരുടെ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയാതെ വരുമെന്നതാണ് തകര്‍ച്ചയുടെ കാരണം. അങ്ങനെ വരുമ്പോള്‍ തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകും.
മാന്ദ്യത്തിന്റെയും തകര്‍ച്ചയുടെയും ഘട്ടങ്ങളില്‍ പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ നേരിടുന്ന വിലത്തകര്‍ച്ചയാണ് ഒരു വലിയ ദുരിതം. നാണ്യവിളകളുടെയും ഇതര പ്രാഥമിക ഉല്‍പ്പന്നങ്ങളുടെയും വില ഇത്തരം ഘട്ടങ്ങളില്‍ വലിയ തകര്‍ച്ചയെ നേരിടാറുണ്ട്. അത് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തും. ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടുകള്‍ നേരിടുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന നാണ്യവിള കര്‍ഷകരെ കൂടുതല്‍ അഗാധമായ തകര്‍ച്ചയിലേക്കാണ് ഈ പ്രതിസന്ധി തള്ളിയിടുക. ഇവയെല്ലാം തൊഴില്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും രൂക്ഷമായ പണപ്പെരുപ്പം സൃഷ്ടിക്കുകയും ചെയ്യും. ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയാണ് ഈ കുഴപ്പത്തിന്റെ മറ്റൊരു പ്രത്യാഘാതം.
നിരവധി സബ്‌സഹാറൻ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഇൻഡ്യയെ പോലും തുറിച്ചു നോക്കുന്ന ഒരു ഭീഷണിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ടത്ര വിദേശനാണ്യ കരുതല്‍ രാജ്യത്തിന്റെ പക്കൽ ഇല്ലെങ്കിൽസ്വാഭാവികമായും നമ്മുടെ ഇറക്കുമതി ശേഷി കുറയും. ഇറക്കുമതിശേഷി കുറയുന്നത് സാരമില്ലെന്ന് വെക്കുക, പക്ഷേ, തൊഴിലില്ലായ്മ നിമിത്തം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വാങ്ങല്‍ശേഷി ഉണ്ടാവില്ല. അങ്ങനെ സംഭവിച്ചാല്‍, നാണ്യവിളകളുടെ വിലത്തകര്‍ച്ചയും മറ്റും നിമിത്തം ദുരിതത്തിലാഴ്ന്ന വലിയൊരു വിഭാഗം ജനങ്ങള്‍ രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയെയാണ് അഭിമുഖീകരിക്കേണ്ടി വരും.
ചുരുക്കത്തില്‍, തൊഴിലില്ലായമ, വിദേശനാണ്യ പ്രതിസന്ധി, വിനിമയ നിരക്കിലെ ഇടിവ്, കുത്തനെ ഉയരുന്ന പണപ്പെരുപ്പം, ഇതിനെല്ലാം പുറമേ രൂക്ഷമായേക്കാവുന്ന ഭക്ഷ്യപ്രതിസന്ധി - ഇവയെല്ലാം മൂന്നാം ലോക രാജ്യങ്ങളെ ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്. അതായത്, ഇപ്പോഴത്തെ പ്രതിസന്ധി ഒന്നാം ലോക രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല, പിന്നെയോ മൂന്നാം ലോക രാജ്യങ്ങളെയും ഗ്രസിക്കുന്ന ആഗോളക്കുഴപ്പമായി മാറുകയാണ് എന്നര്‍ഥം.
ഈ കുഴപ്പത്തിന്റെ കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് ഇനിയുള്ള ചോദ്യം. എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് വര്‍ഗപരമായ കാഴ്ചപ്പാടുകളില്‍ വളരെ വലിയ അന്തരമുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇതുവരെ എന്താണ് ചെയ്തിരുന്നത്? അവര്‍ സമ്പദ് വ്യവസ്ഥയില്‍ ധനലഭ്യത വര്‍ധിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയില്‍ കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) കുറച്ചും മറ്റും ധനലഭ്യത കൂട്ടാന്‍ റിസര്‍വ് ബാങ്ക് നടപടി എടുത്തുവല്ലോ. അമേരിക്കന്‍ ഭരണകൂടം 700 ബില്യണ്‍ ഡോളറിന്റെ ജാമ്യപദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ധനലഭ്യത മെച്ചപ്പെടുത്താനുള്ള നീക്കത്തിന് തുടക്കമിട്ടു. കാല്‍ക്കാശിന് വിലയില്ലാത്ത പണയവസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ട് ബാങ്കുകളെ കരകയറ്റാനാണ് ബുഷ് ഭരണകൂടം തുനിഞ്ഞത്. 'ചവറിന് പകരം പണം' (Cash for Trash) എന്ന് ആരോ ഈ പദ്ധതിയെ പരിഹസിക്കുക പോലും ചെയ്തു. രൂക്ഷമായ എതിര്‍പ്പാണ് ഈ പദ്ധതിക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഭീഷണി നേരിടുന്ന ബാങ്കുകളുടെ ഓഹരികളില്‍ മുതല്‍മുടക്കിക്കൊണ്ട് ധനലഭ്യത വര്‍ധിപ്പിക്കാനാണ്. ഇതൊരു ഭാഗിക ദേശസാല്‍ക്കരണമാണ്. ഇതര മുതലാളിത്ത രാജ്യങ്ങളിലും ഇതേ പ്രക്രിയയാണ് നടക്കുന്നത്.
പക്ഷേ, ധനലഭ്യത വര്‍ധിപ്പിക്കലല്ല ഇന്നത്തെ പ്രതിസന്ധിക്കുള്ള പ്രതിവിധി. ബാങ്കുകളുടെ പക്കല്‍ പണം ലഭിച്ചതുകൊണ്ടു മാത്രം കാര്യമില്ല. വായ്പകള്‍ കൊടുക്കാന്‍ ബാങ്കുകള്‍ വൈമനസ്യം കാണിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, വായ്പക്ക് അര്‍ഹതയുള്ള ആളുകള്‍ ആരെന്നു പോലും അറിയാത്ത ഈ അവസ്ഥയില്‍, വായ്പ ചോദിച്ചുവരുന്നവര്‍ പാപ്പരാണോ അല്ലയോ എന്നു നിശ്ചയമില്ലാത്ത പശ്ചാത്തലത്തില്‍, വായ്പ കൊടുക്കുന്നതിനേക്കാള്‍ കൈവശമുള്ള ധനം സൂക്ഷിച്ചു വെക്കാനായിരിക്കും ബാങ്കുകള്‍ മുതിരുക. പ്രത്യേകിച്ചും ആസന്നമായ ഒരു മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിലനില്‍ക്കുമ്പോള്‍ വായ്പ കൊടുക്കാനുള്ള സന്നദ്ധത തീര്‍ത്തും അസ്തമിക്കും. സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് നഷ്ടസാധ്യതകള്‍ കൂടുതലാണെന്നിരിക്കെ, ബാങ്കുകള്‍ വായ്പകള്‍ നല്‍കാനുള്ള സാധ്യത വളരെ വിരളമാണ്.
സാമ്പത്തികക്കുഴപ്പത്തിന്റെ ഘട്ടത്തില്‍ പണനയം (monetary policy) തീര്‍ത്തും ഫലശൂന്യമായിത്തീരുന്നു. പലിശ നിരക്കിലെ കുറവൊന്നും ഒരുതരത്തിലും സഹായകമല്ല. വിപണി ചുരുങ്ങുമ്പോള്‍, നഷ്ടസാധ്യത തുറിച്ചുനോക്കുമ്പോള്‍ ആരാണ് വായ്പ നല്‍കുക? ചുരുക്കത്തില്‍ ഇതിനകം പലരും മനസ്സിലാക്കിക്കഴിഞ്ഞതുപോലെ, വര്‍ധിച്ച ധനലഭ്യത പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു പ്രതിവിധിയല്ല.
ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങും, ഏതാനും നാളുകള്‍ക്കു മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ചൂണ്ടിക്കാണിച്ചതു പോലെ, ധനലഭ്യതയല്ല, ചോദനവര്‍ധനവമാണ് ആവശ്യമായിരിക്കുന്നത്. ചോദനം കൂടണമെങ്കില്‍ സര്‍ക്കാര്‍ ധനമേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കാനുതകുന്ന ഉത്തേജക നടപടികള്‍ സ്വീകരിക്കണം. എന്നുവെച്ചാല്‍, സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനു വേണ്ടിയും തൊഴിലില്ലായ്മ വര്‍ധിക്കുന്നത് തടയുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കണമെന്നര്‍ഥം.
ഇവിടെ മൂന്ന് ചോദ്യങ്ങളുയരുന്നുണ്ട്. സര്‍ക്കാര്‍ എവിടെയാണ് കൂടുതല്‍ ചെലവാക്കാന്‍ പോകുന്നത്? ഏതു മേഖലയില്‍? അഭിവൃദ്ധിയുടെ കാലത്ത് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും വന്‍തോതില്‍ അസമത്വം വര്‍ധിച്ചുവരികയായിരുന്നു. ഒരു ദശകത്തിലേറെക്കാലമായി തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം വര്‍ധിച്ചിട്ടേയില്ല. ഉല്‍പ്പാദനക്ഷമതയില്‍ വന്‍വര്‍ധനവ് ഉണ്ടായെങ്കിലും അസമത്വം ഏറിവരികയായിരുന്നു. ഭക്ഷ്യ ഉപഭോഗത്തിന്റെ കണക്കുകളും പോഷകാഹാരക്കുറവിന്റെ തോതും പരിശോധിച്ചാല്‍ കാര്യം മനസ്സിലാകും. 1993-നും 2003-നും ഇടക്കുള്ള കണക്കുകള്‍ താരതമ്യം ചെയ്താല്‍ മനസ്സിലാകുന്നൊരു കാര്യമുണ്ട്: 1993-ല്‍ ഗ്രാമീണ ഇന്ത്യക്കാരുടെ 74 ശതമാനത്തിനും 2400 കലോറിക്കുള്ള ഭക്ഷണം കിട്ടിയിരുന്നില്ല. 2003 ആയപ്പോള്‍ കിട്ടാത്തവരുടെ എണ്ണം 87 ശതമാനമായി വര്‍ധിച്ചു. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഉണ്ടാവുമ്പോള്‍ പോലും ഈ പാപ്പരീകരണവും ദരിദ്രവല്‍ക്കരണവും ഏറിവരികയാണ്. ഇത് മൂന്നാം ലോക രാജ്യങ്ങള്‍ക്കാകെ ബാധകമായ ഒരു കാര്യമാണുതാനും. സമൃദ്ധിയുടെ അകത്തളങ്ങളില്‍ എത്താന്‍ കഴിയാതെ പുറന്തള്ളപ്പെട്ടു പോയവര്‍ ഇന്നിപ്പോള്‍ മാന്ദ്യത്തിന്റെ ദുരിതാഘാതങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മാന്ദ്യത്തിനുള്ള പ്രതിവിധിയെന്ന നിലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന ചെലവുകള്‍, ഇങ്ങനെ പുറന്തള്ളപ്പെട്ടു പോയവര്‍ക്ക് പ്രയോജനപ്രദമായേ പറ്റൂ. വേതനം വര്‍ധിപ്പിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ക്രയശേഷി മെച്ചപ്പെടുത്തിയും, ഗ്രാമീണ മേഖലയിലെ വാങ്ങല്‍ശേഷി കൂട്ടിയും ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തിയും കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിച്ചും ഭക്ഷ്യധാന്യസംഭരണം ഭേദപ്പെടുത്തിയും, കാര്‍ഷിക ഗ്രാമീണ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം അധികമാക്കിയും ഒക്കെയാണ് ഇത് സാധിക്കുക.
സാമൂഹ്യവേതനം വര്‍ധിപ്പിക്കുന്നതിനുള്ള ദിശ ഇതുതന്നെയാണ്. സര്‍ക്കാര്‍ നടപ്പാക്കേണ്ട ഉത്തേജക പദ്ധതിയുടെ ദിശയും ഇതുതന്നെയായിരിക്കണം. പക്ഷേ, ഡോ. മന്‍മോഹന്‍ സിങ്ങ് വിഭാവനം ചെയ്യുന്ന വഴി ഇതല്ല. അദ്ദേഹം പറയുന്നത്, ഉത്തേജക പദ്ധതി പശ്ചാത്തല മേഖലയിലുള്ള വമ്പന്‍ നിക്ഷേപത്തിന്റെ രൂപത്തിലാണ് വേണ്ടതെന്നാണ്. ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുന്നതും പശ്ചാത്തല സൌകര്യവികസനം, അതും സാമൂഹ്യപശ്ചാത്തല വികസനം തന്നെയാണ്. എന്നാല്‍ മറുവശത്ത്, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിക്കുവേണ്ടി (Public Private Partnership) വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ രൂപത്തില്‍ നല്‍കുന്ന ധനസഹായം, കേവലം മുതലാളിമാര്‍ക്ക് പണം കൈമാറല്‍ മാത്രമാണ്. (വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്നാല്‍ സ്വകാര്യ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിനു വേണ്ടി വരുന്ന തുകയില്‍ കുറവ് വരുന്ന തുക സര്‍ക്കാര്‍ നല്‍കുന്നതാണ്). അപ്പോള്‍, ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പശ്ചാത്തല വികസനം പാവപ്പെട്ടവരിലേക്ക് എത്തുന്നതല്ല. അതിന്റെ അര്‍ത്ഥം, ഡല്‍ഹിയില്‍ ഏതാനും വമ്പന്‍ പദ്ധതികള്‍ ഉണ്ടായേക്കാം എന്നു മാത്രമാണ്. എന്നുവെച്ചാല്‍, വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ പേരില്‍ സ്വകാര്യ മുതലാളിമാരുടെ കൈകളിലേക്ക് വന്‍തുകകള്‍ എത്തിച്ചേരാന്‍ പോകുന്നുവെന്ന് സാരം. ഇന്ത്യന്‍ ഭരണകൂടം ചെയ്യാന്‍ ശ്രമിക്കുന്നത് ഇതുതന്നെയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ചെയ്തുപോന്നിരുന്നതും. ഉത്തേജക പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍ ഡോ. സിങ് വ്യവസ്ഥിതിയില്‍ ഒരു മാറ്റം ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഉദ്ദേശിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതി നിലനിര്‍ത്താനും അതേ നയങ്ങള്‍ തുടരാനുമാണ്.
അഭിപ്രായവ്യത്യാസമുള്ള രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി രാജ്യാന്തര ധനസഞ്ചാരത്തിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചാണ്. ശക്തമായ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്താതെ, വിവേകപൂര്‍ണമായ ധനനയം നടപ്പില്‍ വരുത്തുക സാധ്യമല്ല. വിവേകമതിയായ ഏതൊരാളും ഇത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കുന്ന സ്വാഭാവികമായ ഒരു നടപടി മാത്രമാണിത്. പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ അത് ആവശ്യപ്പെടുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആഗോളവല്‍കൃത സാമ്പത്തിക വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട്, അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി, ആഗോള ധനമൂലധനത്തിന്റെ ആധിപത്യത്തെ ലംഘിക്കാതെ ഉള്ള ഒരുതരം ഉത്തേജകപദ്ധതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നത്. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ഗുണഭോക്താക്കള്‍ സ്വകാര്യമുതലാളിമാരായതു കൊണ്ട് ആഗോള ധനമൂലധന നാഥന്മാര്‍ അത്തരമൊരു ഉത്തേജക പദ്ധതിയെ എതിര്‍ക്കില്ല. അത്തരം പദ്ധതികള്‍ ആഗോള മൂലധനത്തിന്റെ ആധിപത്യത്തിലുള്ള വ്യവസ്ഥിതിക്ക് വിധേയമാണ്. പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള രണ്ടരപ്പതിറ്റാണ്ടു കാലത്ത് മുതലാളിത്തം തന്നെ ആശ്രയിച്ച ഉത്തേജക പദ്ധതി ഇങ്ങനെയൊന്നായിരുന്നില്ല. മൂലധനത്തിന്റെ സ്വൈരസഞ്ചാരത്തിനുള്ള നിയന്ത്രണങ്ങളും, സര്‍ക്കാരിന്റെ സജീവമായ ഇടപെടലും ഒക്കെ അന്നത്തെ സാമ്പത്തിക രക്ഷാപദ്ധതിയുടെ അവിഭാജ്യഘടകങ്ങളായിരുന്നു. അതുകൊണ്ട് സര്‍ക്കാരിന് എല്ലാ മേഖലകളിലും പണം ചെലവഴിക്കാന്‍ കഴിയുമായിരുന്നു. ആരോഗ്യക്ഷേമം, സാമൂഹ്യസുരക്ഷ തുടങ്ങി സമസ്ത മേഖലകളിലും സര്‍ക്കാരുകള്‍ പണം ചെലവഴിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതി ഇതിന് വിപരീതമാണ്, അതുകൊണ്ട് തന്നെ തീര്‍ത്തും വിഭിന്നമാണ്.
ഡോ. സിങ്ങിനോട് അഭിപ്രായ വ്യത്യാസമുള്ള മൂന്നാമത്തെ കാര്യം അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ചാണ്. ഉത്തേജക പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ, ഡോ. സിങ്ങ് അന്താരാഷ്ട്ര നാണ്യനിധിക്കും, ലോക ബാങ്കിനും തുടര്‍ന്നും മേല്‍ക്കൈ ഉള്ള ഒരു അന്തര്‍ദേശീയ സാമ്പത്തിക ഘടനയെക്കുറിച്ച് പറയുന്നു. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ആഗോള പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് നല്‍കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ജി-20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ഈ നിലപാട്. ലോകബാങ്കും ഐഎംഎഫും പ്രാതിനിധ്യ സ്വഭാവമുള്ള സ്ഥാപനങ്ങളല്ല. എന്നാല്‍ ഐക്യരാഷ്ട്ര സഭയാകട്ടെ എല്ലാ അംഗങ്ങള്‍ക്കും തുല്യവോട്ടവകാശമുള്ള പ്രാതിനിധ്യ സ്വഭാവമുള്ള ലോകത്തെ ഏക സ്ഥാപനമാണ്. മേല്‍പ്പറഞ്ഞ രണ്ട് ധനകാര്യ സ്ഥാപനങ്ങളിലും ഓഹരി പങ്കാളിത്തത്തിന്റെ തോതനുസരിച്ചാണ് വോട്ടവകാശം. ധനികരുടെ ക്ളബ്ബുകളാണ് ഈ സ്ഥാപനങ്ങള്‍ എന്ന് വ്യക്തമാണ്. അവര്‍ക്കാണ് അതിന്റെ യഥാര്‍ഥ അധികാരം. അതുകൊണ്ടാണ് എക്കാലത്തും അമേരിക്കന്‍ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന അമേരിക്കക്കാരന്‍ ലോകബാങ്കിന്റെ പ്രസിഡന്റാകുന്നതും, ഒരു യൂറോപ്യന്‍ മാത്രം എന്നും നാണ്യനിധിയുടെ മാനേജിങ്ങ് ഡയറക്ടറാകുന്നതും. ഈ സ്ഥാപനങ്ങള്‍ മൌലികമായി ജനാധിപത്യവിരുദ്ധ സ്വഭാവം പേറുന്നവയാണ്. പ്രാതിനിധ്യ സ്വഭാവമില്ലെന്നു മാത്രമല്ല, ധനികരാജ്യങ്ങള്‍ക്ക് എക്കാലത്തും ആധിപത്യംലഭിക്കുന്നവയുമാണ് അവ. അതുമാത്രമല്ല അവക്കുള്ള പ്രശ്നം. ഈ സ്ഥാപനങ്ങള്‍ നവലിബറല്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ പ്രചാരകരാണ്. സ്വതന്ത്ര വ്യാപാരത്തിന്റെയും, മൂലധനത്തിന്റെ അനര്‍ഗള പ്രവാഹത്തിന്റെയും സന്ദേശവാഹകരാണ് ഈ സ്ഥാപനങ്ങള്‍. ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ കുമിളകള്‍ ഏതൊരു വ്യവസ്ഥിതിയുടെ സൃഷ്ടിയാണോ ആ വ്യവസ്ഥിതിയുടെ കുഴലൂത്തുകാരാണ് ഈ ധനകാര്യ സ്ഥാപനങ്ങള്‍. യഥാര്‍ഥ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണക്കാര്‍ ഇവരാണ്. സാമ്പത്തികക്കുഴപ്പത്തിലേക്ക് വഴിതെളിച്ച എല്ലാ സംവിധാനങ്ങളുടെയും ഉത്തരവാദികളാണിവര്‍. ആയതിനാല്‍, രക്ഷാപദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നത്, കുറ്റവാളിയെ ശിക്ഷിക്കുന്നതിന് പകരം അയാള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ കേടുപാടുകള്‍ നേരേയാക്കാന്‍ അയാളോടു തന്നെ ആവശ്യപ്പെടുന്നതിന് തുല്യമാണ്. നിലവിലുള്ള വ്യവസ്ഥിതി തുടരട്ടെ എന്ന നിലപാട് തന്നെയാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റേത്. അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടും ഇതു തന്നെയാണ്.
ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍, 1929-ലെ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സ്വീകരിച്ചത് ജാമ്യപദ്ധതി (Bailout Package) എന്ന തന്ത്രമായിരുന്നു. അന്ന് മാന്ദ്യം ആരംഭിച്ചപ്പോള്‍ ഹൂവര്‍ ആകെ ചെയ്തത് ബാങ്കുകള്‍ക്ക് സഹായം നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. പക്ഷേ, മാന്ദ്യം രൂക്ഷമായി. ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ചെയ്യുന്നത് ഇതുതന്നെയാണ്: വ്യവസ്ഥിതിയെ സംരക്ഷിക്കുക, ജാമ്യപദ്ധതികള്‍ വാഗ്ദാനം ചെയ്യുക, വ്യവസ്ഥിതി തകരുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഇന്നല്ലെങ്കില്‍ നാളെ, വീണ്ടും പുതിയ കുമിളകള്‍ ഉയര്‍ന്നുവരും, അവ ഒരു പുതിയ സമൃദ്ധി സൃഷ്ടിക്കും; അങ്ങനെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുക - ഇതാണ് ആഗോള ധനമൂലധനത്തിന്റെ തന്ത്രം. ഇതുതന്നെയായിരുന്നു 1929-ല്‍ ഹെര്‍ബര്‍ട്ട് ഹൂവര്‍ സ്വീകരിച്ചതും, ഇന്നിപ്പോള്‍ ഇന്ത്യയില്‍ മന്‍മോഹന്‍ സിങ് അനുവര്‍ത്തിക്കുന്നതും. നാം ആശിക്കുന്ന ഉത്തേജക പദ്ധതി പൊതു പശ്ചാത്തലസൌകര്യങ്ങളുടെ വികസനം സാധ്യമാകുന്ന ഒന്നാണെങ്കില്‍, മന്‍മോഹന്‍ സിങ് നിര്‍ദ്ദേശിക്കുന്നത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ലഭിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളാണ്. ആഗോളീകൃത സമ്പദ് വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട്, അതിന്റെ ആധിപത്യത്തിന് വിധേയനായി ഇതുവരെ ചെയ്തുപോന്നിരുന്ന കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഡോ. സിങ് ഇനിയും മുന്നോട്ട് വെക്കുന്നത്.
എന്നാല്‍, നാം ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ട, ആകര്‍ഷകമായ ഒരു ബദല്‍ തന്ത്രമുണ്ട്. ആ സമ്മര്‍ദ്ദം ചെലുത്താന്‍ തൊഴിലാളിവര്‍ഗത്തിന് മാത്രമേ സാധിക്കൂ.
തൊഴിലാളി-കര്‍ഷകാദി വിഭാഗങ്ങള്‍ക്കും, ചെറുകിട ഉല്‍പ്പാദകര്‍ക്കും ഗുണം ലഭിക്കുന്നതാണ് ആ പദ്ധതി. ധനമൂലധനത്തിന്റെ സ്വൈരസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തുകയും, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പ്രസ്തുത പദ്ധതി. അങ്ങനെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുതല്‍മുടക്കുകയും, സാമൂഹ്യവേതനം മെച്ചപ്പെടുത്തുകയും, കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ പുനരുദ്ധരിക്കുകയും, ഭക്ഷ്യധാന്യോല്‍പ്പാദനം കൂട്ടുകയും ഒക്കെ ചെയ്ത് യഥാര്‍ഥ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ആ ബദല്‍ പദ്ധതി. മറ്റു തരത്തില്‍ പറഞ്ഞാല്‍, ചെലവുകളുടെ ലക്ഷ്യം തന്നെ ഇതുവരെയുണ്ടായിരുന്ന കൃത്രിമ സമൃദ്ധിയുടെയും, ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും ഇരകളായവരുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാവും. ഈ ബദല്‍ പദ്ധതി നടപ്പാകണമെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ഒരു പുതിയ കാലാവസ്ഥ സംജാതമായേ തീരൂ. സ്വാഭാവികമായും അങ്ങനെയൊരു പുതിയ കാലാവസ്ഥയില്‍ മൂലധനത്തിന്റെ സ്വൈരസഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാവും. തല്‍ഫലമായി ആഗോള മൂലധനത്തിന് അതിന്റെ അധീശത്വം നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെയൊരു അവസ്ഥയില്‍ രക്ഷാപദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ലോകബാങ്കിനും, നാണ്യനിധിക്കും പങ്ക് ഇല്ലാതെയാകും. നമുക്കാവശ്യം പുതിയ തരം സ്ഥാപനങ്ങളാണ്; ഘടനാപരമായ പരിഷ്കരണങ്ങളുടെ ഉപാധികളില്ലാതെ അവികസിത രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും വായ്പ കൊടുക്കുന്ന പുതിയ തരം സ്ഥാപനങ്ങള്‍. നമുക്ക് വേണ്ടത് ഒരു ബദല്‍ സാമ്പത്തിക ഘടനയാണ്; നിരുപാധികമായി വികസ്വര രാജ്യങ്ങള്‍ക്ക് സഹായമരുളുന്ന ഒരു പുതിയ ഘടന. അത്തരമൊരു ബദല്‍ സംവിധാനത്തില്‍ മൂലധനത്തിന്റെ യഥേഷ്ട സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. സര്‍ക്കാരിന് ഇടപെടാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പ്പാദകര്‍ക്കും മൂര്‍ത്തമായ ആനുകൂല്യങ്ങള്‍ അത്തരമൊരു സംവിധാനത്തില്‍ അനുഭവവേദ്യമാകും. അതാണ് ഒരു ബദല്‍ പദ്ധതിയുടെ കാതല്‍.
ഇനി, ഇത്തരമൊരു ബദല്‍ പദ്ധതി നടപ്പില്‍ വരുന്നില്ലെന്നിരിക്കട്ടെ, ബുഷിന്റെ സൂത്രവാക്യം തുടരുകയാണെന്നിരിക്കട്ടെ. അങ്ങനെ വന്നാല്‍, രൂക്ഷമായ വര്‍ഗസമരമായിരിക്കും അനന്തരഫലം. ലോക സമ്പദ് വ്യവസ്ഥയെ എങ്ങനെ സമുദ്ധരിക്കുന്നു എന്നത് കേവലം സാങ്കേതികമായ ഒരു തീരുമാനത്തിന്റെ കാര്യമല്ല. അത് ഏതാനും വിദഗ്ധര്‍ ചേര്‍ന്ന് എന്തെങ്കിലും ചെയ്യുന്ന കാര്യവുമല്ല. അത് ഒരു യഥാര്‍ത്ഥ വര്‍ഗസമരത്തിന്റെ പ്രശ്നമാണ്. ആഗോളമൂലധനത്തിന്റെ അധീശത്വം തുടരുവോളം, അത് മറ്റൊരു ബദലിനെയും അനുവദിക്കുന്ന പ്രശ്നമില്ല. എന്നാല്‍, ആഭ്യന്തരമായും, അന്തര്‍ദേശീയമായും ഉള്ള സമ്മര്‍ദങ്ങള്‍ പടുത്തുയര്‍ത്തിക്കൊണ്ട് ആഗോള മൂലധനത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാനും പുനരുദ്ധാരണത്തിനുള്ള ഒരു ബദല്‍ തന്ത്രം നടപ്പില്‍ വരുത്താനും നമുക്ക് കഴിയും. എന്തുകൊണ്ട് നാം അത് ചെയ്യണം എന്നതിനെക്കുറിച്ചും ഒന്നു പരിശോധിക്കാം.
വ്യക്തമായ മൂന്ന് കാരണങ്ങള്‍ അതിനുണ്ട്. ഒന്നാമത്തെ കാര്യം: ധനമൂലധനം നിര്‍ദ്ദേശിക്കുന്ന തന്ത്രം ലോകത്താകെയുള്ള തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കും. പ്രതിസന്ധി തുടങ്ങിയിട്ട് കുറച്ചു മാസമായതേയുള്ളു. അമേരിക്കയില്‍ തൊഴിലില്ലായ്മ പെരുകിക്കഴിഞ്ഞു. യൂറോപ്പില്‍ മാന്ദ്യമായിക്കഴിഞ്ഞെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ അത് വന്‍തകര്‍ച്ചയിലേക്കാണ് നയിക്കുക. അത്തരമൊരു തകര്‍ച്ച തൊഴിലെടുക്കുന്നവരെയും സാധാരണക്കാരെയും എതിരായി ബാധിക്കും. അവരുടെ താല്‍പ്പര്യസംരക്ഷകര്‍ എന്ന നിലക്ക് ഇതിനെതിരെ നാം പോരാടിയേ പറ്റൂ.
രണ്ടാമത്തെ കാര്യവും ഏറെ പ്രധാനമാണ്. ഇത്തരം പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ഫാസിസം ശക്തമായി തലപൊക്കാറുണ്ട്. 1930-കളില്‍ ഇത് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതിന്റെ സംഭാവ്യത തള്ളിക്കളയാനാവില്ല. രാജ് താക്കറെ പ്രതിഭാസം നമ്മുടെ കണ്‍മുന്നിലുണ്ട്. മഹാരാഷ്ട്രക്കാര്‍ ജോലിയില്ലാതാവാന്‍ കാരണം ബീഹാറികള്‍ ആ ജോലി തട്ടിപ്പറിച്ചെടുക്കുന്നതു കൊണ്ടാണ് എന്നാണ് പറയുന്നത്. ഇത് കൂടുതല്‍ പ്രബലപ്പെടാനാണ് പോവുന്നത്. പ്രതിസന്ധിയുടെ കാലത്ത് ലോകമെങ്ങും ഫാസിസം തല പൊക്കും. ഇന്ത്യയിലാണെങ്കില്‍, വര്‍ഗീയ ഫാസിസം പല തരത്തിലുണ്ട്. വിഘടനവാദങ്ങള്‍ തൊഴിലില്ലായ്മ പെരുകുന്നൊരു കാലത്ത് തഴച്ചുവളരും. 1930-കളില്‍ കണ്ടതുപോലുള്ള സമൂഹത്തിന്റെ ഫാസിസവല്‍ക്കരണം തടയാനാവണമെങ്കില്‍ ഫാസിസ്റുകള്‍ എന്തെങ്കിലും നീക്കം നടത്തുന്നതിനു മുമ്പേ തന്നെ ഒരു ജനാധിപത്യ മുന്നേറ്റം ആരംഭിച്ചേ പറ്റൂ. 30-കളില്‍ ഫാസിസം എത്ര നിഷ്ഠുരമാണെന്ന് ജനങ്ങള്‍ക്ക് അറിയുമായിരുന്നില്ല. അതിന്റെ ഭയനാകതയെപ്പറ്റി വേണ്ടവിധം മനസ്സിലാക്കിയിരുന്നില്ല. പലപ്പോഴും അതിനെ വില കുറച്ചു കാണുകയും ചെയ്തിരുന്നു. അത് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ ഇടവെച്ചു കൂടാ.
മൂന്നാമത്തെ കാരണം മറ്റൊന്നുമല്ല, നേരത്തെ സൂചിപ്പിച്ചതാണ്. മുതലാളിത്തത്തിന്റെ പുനഃസംഘാടനം തൊഴിലാളിവര്‍ഗത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മാത്രമേ സാധിതപ്രായമാവൂ. പക്ഷേ പുന:സംഘടിപ്പിക്കപ്പെട്ട മുതലാളിത്തം മാത്രമല്ല തൊഴിലാളികളുടെ താല്പര്യം. സോഷ്യലിസത്തിലേക്കുള്ള നീക്കമാണ്. അങ്ങനെ വരുമ്പോള്‍ മുതലാളിത്തത്തിനുള്ള ഘടനാപരമായ മാറ്റംഎന്നത് ഒരു തല്‍ക്കാല ആവശ്യമാണ്. സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന് മുമ്പുള്ള ഒരന്തരാള ഘട്ടത്തിലെ ആവശ്യം. സോഷ്യലിസം എന്ന ലക്ഷ്യത്തിലേക്ക് ഒറ്റരാത്രി കൊണ്ട് എത്താനാവുമെന്ന് ഞാന്‍ കരുതുന്നില്ല. സോഷ്യലിസത്തിലേക്ക് നീങ്ങാനുള്ള തന്ത്രപരമായ ശക്തി സമാഹരിക്കാന്‍ നമുക്കാവും.
ഈ പ്രതിസന്ധി വെറും സാമ്പത്തികമായ ഒരു പ്രശ്നമല്ല. വിദഗ്ധര്‍ക്ക് അഭിപ്രായം പറയാന്‍ വിട്ടുകൊടുക്കേണ്ട ഒരു കാര്യവുമല്ലിത്. പത്രം തുറന്നു നോക്കിയാലറിയാം, ദിനേനയെന്നോണം വ്യത്യസ്ത തന്ത്രങ്ങള്‍ രൂപപ്പെട്ടുവരുന്നത്, അന്താരാഷ്ട്ര ധനമൂലധനം അതിന്റെ മേധാവിത്വം നിലനിര്‍ത്തുന്നതിന് വേണ്ടി കടിച്ചുതൂങ്ങുന്നത്. തല്‍ക്കാലം തങ്ങളെ ഒന്ന് ജാമ്യത്തിലെടുക്ക്, കുറച്ചുകാലത്തിനകം എല്ലാം ശരിയാകും എന്നാണവര്‍ പറയുന്നത്. ബുഷും ഇതു തന്നെയാണ് ചെയ്യുന്നത്. ഇതിന് പകരം ഒരു ബദല്‍ ശബ്ദം ഉയരേണ്ടതുണ്ട്. ഈ ശബ്ദം ഇവിടെ നിന്നുതന്നെ ഉയരേണ്ടതുണ്ട് എന്ന് ഞാന്‍ പറയാന്‍ സവിശേഷമായ ഒരു കാരണമുണ്ട്. ധനമൂലധനത്തിന്റെ തന്ത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാനായി ഇന്ത്യയെ ഐഎംഎഫിലേക്ക് കോ-ഓപ്ട് ചെയ്യാന്‍ അവര്‍ തയ്യാറായെന്നു വരും.
ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളുടെ വോട്ടവകാശം വര്‍ധിപ്പിക്കാന്‍ അവര്‍ തയ്യാറായെന്നു വരാം. മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം ശ്രദ്ധിച്ചോ? അദ്ദേഹം പറയുന്നത് അന്താരാഷ്ട്ര ധനസ്ഥാപനങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണെങ്കിലും അവക്ക് പ്രാതിനിധ്യ സ്വഭാവമില്ലാത്തത് അതിന്റെ ദൌര്‍ബല്യമാണെന്നാണ്. യഥാര്‍ഥത്തില്‍ അതൊരു സമ്പന്നരുടെ ക്ളബ്ബാണ്. ഇന്ത്യയേയും ബ്രസീലിനെയും ഒക്കെ അതിലേക്ക് ക്ഷണിച്ചേക്കാം. ഞങ്ങള്‍ക്ക് വോട്ടവകാശം താ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം കൂടാം എന്നാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ പറയാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം തുറന്നുകാട്ടാന്‍ നമുക്ക് കഴിയണം. പത്രം നോക്കുക. ഓരോ ദിവസവും ബദല്‍ തന്ത്രങ്ങള്‍, ബദല്‍ സമീപനങ്ങള്‍ പ്രത്യക്ഷപ്പെടുകയാണതില്‍. അതുകൊണ്ട് നാം വളരെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. മുതലാളിത്തത്തിന്റെ പുന:സംഘാടനത്തിനായി നാം പോരാടേണ്ടതുണ്ട്. സോഷ്യലിസത്തിലേക്ക് മുന്നോട്ടുള്ള പോക്കിനിടയിലുള്ള ഇടക്കാല ആവശ്യമാണത്.
***
പ്രഭാത് പട്നായിക്
( ഇത് അൽപ്പം പഴയ ഒരു പ്രസംഗമാണ്. സി ഐ ടി യു പ്രവർത്തകർക്കായി നടത്തിയ സംസ്ഥാനതല പഠന ക്ലാസിൽ അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അകവും പൊരുളും വളരെ വ്യക്തമായി വിശദീകരിക്കുന്നതിനാൽ പോസ്റ്റു ചെയ്യുന്നു.)
Subscribe to:
Post Comments (Atom)
2 comments:
ഇത് അല്‍പ്പം പഴയ ഒരു പ്രസംഗമാണ്. സി ഐ ടി യു പ്രവര്‍ത്തകര്‍ക്കായി നടത്തിയ സംസ്ഥാനതല പഠന ക്ലാസില്‍ അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അകവും പൊരുളും വളരെ വ്യക്തമായി വിശദീകരിക്കുന്നതിനാല്‍ പോസ്റ്റു ചെയ്യുന്നു. ഈ വിഷയത്തില്‍ താല്‍പ്പര്യവും ക്ഷമയും ഉള്ളവര്‍ക്ക് സ്വാഗതം.
പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ.ജി എവിടെ,
ഫാരിസുമാരുടെ കളിത്തോഴനായ പിണറായി എവിടെ.
എങ്ങനെ ഞങ്ങള്‍ നിങ്ങളെ നമ്പും സഖാക്കളേ.
Post a Comment