ടോഡി ഷാപ്പ് നമ്പ്ര 32ല്‍ നാണുക്കുട്ടന്‍ ദുഃഖിതനായിരുന്നു. തന്റെ പ്രജകളില്‍ ഒരാള്‍ വിഷമം അനുഭവിക്കുന്നത് കൊണ്ടേരന് സഹിക്കാനായില്ല. പ്രത്യേകിച്ച് കച്ചോടം തീരുന്ന രാത്രി പത്തിന്.
അവസാനത്തെ നുരയും വറ്റിച്ച് അത്യാഹ്ളാദവാനായി സ്വഭവനത്തിങ്കലേക്ക് ഗമിക്കേണ്ട സന്ദര്‍ഭത്തില്‍ ആകുലചിത്തനായി കാണുപ്പെടുന്നുവോ?
എന്താവാം കാരണം? കൊണ്ടേരന്‍ സംസ്കൃത നാടകത്തിലെ കാമുകഹൃദയം പോലെ വേപഥു പൂണ്ടു. തരളിത ഹൃദയനായി കരളിന്റെ വീണയില്‍ തന്തുമുറുക്കിക്കൊണ്ട് കൊണ്ടേരന്‍ ചോദിച്ചു.
'എന്തുപറ്റി?'
നാണുക്കുട്ടന്‍ വിഷാദ കാവ്യം തുടര്‍ന്നു.
വിഷാദം വീണ്ടും വില്‍പ്പനക്ക് വെച്ചതില്‍ കൊണ്ടേരന് കലശലായ ദേഷ്യം വന്നു. വിഷാദം ഒരു ക്ളിയറന്‍സ് സെയിലാണ്.ഒറ്റ ട്രിപ്പിന് തീരണം. വീണ്ടും വീണ്ടും വിറ്റാല്‍ ചെലവാകില്ല.
'നിന്റെ വിഷാദം മാറ്റിയില്ലെങ്കില്‍ എനിക്ക് നിഷാദനാവേണ്ടി വരും' എന്ന ഡയലോഗ് വന്നതാണ്. എന്നാല്‍ പ്രാസഭംഗി ഭയന്ന് പ്രയോഗിച്ചില്ല.
കൊണ്ടേരന്‍ നിര്‍ബന്ധിച്ചു.
'നാണുക്കുട്ടാ, ദുഃഖം നിന്റെ സ്വകാര്യ സ്വത്തല്ല. അത് ഈ സമൂഹം നിനക്ക് തന്നതാണ്. ആ കണ്ണീര്‍ തുടയ്ക്കാന്‍ അതേ സമൂഹം സാംസ്കാരികമായി ഉദ്ധരിച്ച് നില്‍ക്കുകയാണ്.ധൈര്യമായി പറയൂ, നാണുക്കുട്ടാ..ചിന്തിക്കാത്ത മനുഷ്യര്‍ ഒറ്റക്കല്ല.'
ഗുരുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി റിബണ്‍ മുറിച്ച് നാണുക്കുട്ടന്‍ വായ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കൊണ്ടേരന്‍ അവസാന കോപ്പയും കാലിയാക്കി.
'ഗുരോ ഈ കച്ചോടം പ്രതിസന്ധിയിലാണ്.'
'ഇതിന്റെ ലക്ഷക്കണക്കിന് ആരാധകര്‍...?'
'തിന്ന ചോറിന് നന്ദിയില്ലാത്തവരായി ഇതിനെ തള്ളിപ്പറയുന്നു. നന്ദിയില്ലാത്തവരെ നോക്കി കല്‍പ്പവൃക്ഷം ചുരത്താതായി.'
'കവിത എനിക്കിഷ്ടപ്പെട്ടു. ഉല്‍പ്പാദനവും വിതരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണല്ലൊ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ടോഡി അബ്‌കാരിയോസ് തന്റെ പുതിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അകൃത്രിമമായ കൃത്രിമത്വത്തിലൂടെ മദ്യം പുനഃസൃഷ്ടിക്കുകയല്ലേ പതിവ്..? അങ്ങനെയല്ലെ ഇതിന്റെ വായനക്കാരെ നമ്മള്‍പിടിച്ച് നിര്‍ത്തുന്നത്.'
'ശരി തന്നെ. പക്ഷേ കൃത്രമത്വം തിരിച്ചറിഞ്ഞ ജനങ്ങള്‍ കൂടുതല്‍ നല്ല കൃത്രിമത്വത്തിലേക്ക് വഴിമാറുന്ന പ്രവണതയാണ് രൂപപ്പെടുന്നത്.'
'സ്വാഭാവികം. യാഥാര്‍ഥ്യമല്ല, സൃഷ്ടിക്കപ്പെടുന്ന യാഥാര്‍ഥ്യമാണ് കൂടുതല്‍ വിശ്വസനീയം. നാണുക്കുട്ടാ, അതിജീവനത്തിന് അഥവാ ഉപജീവനത്തിന് നിന്റെ മുന്നില്‍ തെളിയുന്ന മാര്‍ഗം?'
'ഒരു വഴി തെളിയുന്നു. ടെണ്ടറാകാറായി.'
'ഏതു വഴി? കവിത..?'
' അല്ല.'
' എന്തുകൊണ്ട്?'
' എനിക്കതിന് കഴിയില്ല ഗുരോ..'
'നിനക്കേ കഴിയൂ. നിന്റെ അനുഭവങ്ങള്‍ മറ്റാര്‍ക്കുണ്ട്? നിനക്കാണെങ്കില്‍ രുചിക്കനുസരിച്ച് വിളമ്പാനും ട്രെന്‍ഡനുസരിച്ച് നില്‍ക്കാനുമറിയാം. നിന്നേക്കാള്‍ പരിചയക്കുറവുള്ളവര്‍ എത്ര ഭംഗിയായി ഈ ജോലി നിര്‍വഹിച്ച് സായൂജ്യമടയുന്നു.' ഷാപ്പിലെ പട്ടി' എന്ന പേരില്‍ നിനക്കൊരു ഉജ്വല കൃതി രചിക്കാം. വരികള്‍ പറഞ്ഞു തരാം. കുറിച്ചോളൂ.
എറിയാന്‍ കല്ലെടുത്തപ്പോള്‍
പട്ടി ചോദിച്ചു.
' എന്നെയാണോ ഉന്നം.?'
'അതെ.'
പട്ടി പറഞ്ഞു.
' നിങ്ങളില്‍ കുരയ്ക്കാത്തവര്‍
എന്നെ കല്ലെറിയട്ടെ.'
ഇത് പോരെങ്കില്‍ ലൈന്‍ മാറ്റാം.
ഷാപ്പിലെ മാനേജര്‍
ചവിട്ടിയപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ..'
വിളമ്പുകാരന്‍
അടിക്കാനോങ്ങിയപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ.'
കുടിയന്‍ എറിഞ്ഞപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ.'
ഇത് കേട്ട് നായക്കുട്ടി ചോദിച്ചു.
'എന്താമ്മേ..ഈ ബൌബൌ ?'
തള്ളപ്പട്ടി പറഞ്ഞു
'പോടാ പട്ടീ'ന്ന്
നാണുക്കുട്ടന്‍ പറഞ്ഞു.
'എനിക്ക് ഇതുപോലെ വിരചിക്കാന്‍ കഴിയില്ല..ഗുരോ..'
'എന്നാല്‍ കഥ..?'
'ഇല്ല. സാങ്കേതികജ്ഞാനം കുറവ്. മിനിമം ഐ ടി സിക്കെങ്കിലും പോയിരുന്നെങ്കില്‍ അത് വെച്ച് പൂശാമായിരുന്നു.'
'നിരൂപണം?'
'ഗതികെട്ടിട്ടില്ലെന്ന് അറിയിക്കാന്‍ പുലികള്‍ എന്ന് കരുതുന്നവര്‍ തിന്നുന്ന പുല്ലല്ലെ ഗുരോ അത്?'
'തീര്‍ത്തും എളുപ്പമാണ് നിരൂപണം. എസ് എം എസ് അയക്കുന്ന പോലെ സ്പേയ്സിട്ട് എഴുതിയാല്‍ മതി.'
'എങ്ങനെ?'
'ഓരോ ഖണ്ഡികയിലും സ്പേയ്സിടുക. ചിന്താ പദ്ധതികള്‍ക്കുള്ള സ്പേയ്സ്, ആശയധാരകള്‍ക്കുള്ള സ്പേയ്സ് എന്നിങ്ങനെ. ബ്രാക്കറ്റില്‍ ഇടം എന്നു കൂടി എഴുതിയാല്‍ മലയാളത്തിലും പണ്ഡിതനാണെന്ന് വരുത്തിത്തീര്‍ക്കാം.'
'വയ്യ ഗുരോ.'
'എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ?'
'അവിടെ പൂരപ്പറമ്പു പോലെയാണ്.'
'വിട്ടു കളയണ്ട. ശ്രമിക്കൂ. ഇടികൊണ്ട് ചത്താലും വിഷമിക്കണ്ട. അങ്ങനെയുള്ള ചില ഡെഡ്‌ബോഡീസിന് ചാനലുകളില്‍ നല്ല ഡിമാന്‍ഡുണ്ട്.'
'ഇതൊന്നുമല്ല ഗുരോ എന്റെ വഴി.'
' പറയൂ.'
' ക്ഷമിക്കണം. അതൊരു ബിസിനസ് സീക്രറ്റാണ്.അതുകൊണ്ട് ഗുരുവിനോടും ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. നാളെ വരൂ, നേരില്‍ കാണൂ, അനുഗ്രഹിക്കൂ.'
രാവിലെ കൊണ്ടേരന്‍ കവലയിലെത്തി. ഒരു ബോര്‍ഡ് വായിച്ചു.
'വര്‍ഗീയ ലാബ്. രക്തം, മലം, മൂത്രം, കഫം എന്നിവ പരിശോധിക്കും.അത്യല്‍ഭുതകരമായ രോഗ നിര്‍ണയം. മരിച്ചവര്‍ക്ക് മാത്രം.
പ്രൊപ്രൈറ്റര്‍
നാണുക്കുട്ടന്‍'
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൊണ്ടേരന് അമ്പരക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'നാണുക്കട്ടാ..നീ..'
വിസ്താരഭയം കൊണ്ടല്ല, വികാരഭാരം കൊണ്ട് വാചകം പൂര്‍ത്തീകരിക്കാന്‍ കൊണ്ടേരന് കഴിഞ്ഞില്ല.
'ഗുരോ, ഇതൊരു പന്ഥാവാണ്. വര്‍ഗീയത കണ്ടെത്താന്‍ കേരളത്തില്‍ ഇന്നൊരു സംവിധാനം ഇല്ല.ജീവിച്ചിരിക്കുന്നവരില്‍ ഇത് എങ്ങനെയെങ്കിലും കണ്ടെത്താം. മരിച്ചവരുടെ കാര്യമാണ് കഷ്ടം. അതെങ്ങനെ കണ്ടെത്തും?.പ്രബുദ്ധകേരളം ലജ്ജിക്കരുതെന്ന് കരുതിയാണ് ഗുരോ ഈ സംരംഭം. ഇത് മരിച്ചവര്‍ക്കുവേണ്ടിയുള്ള ലാബാണ്. ഒണ്‍ലി ഫോര്‍ ഡെഡ് ബോഡീസ്.'
'മരിച്ചവരെ നീ എങ്ങനെ പരിശോധിക്കും നാണു?'
'മരിച്ചവരെ പരിശോധിക്കുന്നതാണ് ഗുരോ എളുപ്പം. രോഗി ഒരു തരത്തിലും പ്രതിഷേധിക്കില്ല. രോഗി രോഗത്തിന് വഴങ്ങിത്തരും. ജീവിച്ചിരിക്കുന്നവര്‍ ഇങ്ങനെയല്ല. അവര്‍ക്ക് പ്രതിഷേധിക്കാനാണ് വാസന.'
'മരിച്ചവരുടെ രക്തവും മൂത്രവും നീ എങ്ങനെ പരിശോധിക്കും,നാണു?'
'അത് എളുപ്പമാണ് ഗുരോ. അതിനുള്ള വഴി ഒരാള്‍ പറഞ്ഞുതന്നിട്ടുണ്ട്.'
'ആരാണ്..?'
'കറിയാച്ചന്‍.'
'ഏത് കറിയാച്ചന്‍?'
'ഉരുളികുന്നം കറിയാച്ചന്‍.'
'ഞാന്‍ കേട്ടിട്ടില്ലല്ലോ നാണു.'
'അയ്യോ കഷ്ടം. ആ നാമം കേട്ടിട്ടില്ലായോ..എങ്കില്‍ അങ്ങേക്കും അങ്ങയുടെ അനന്തര തലമുറക്കും സംഭവിക്കാനിരിക്കുന്ന ദുരന്തത്തെയോര്‍ത്ത് ഞാന്‍ വിലപിക്കട്ടെ!'
'നീ വിലപിച്ചോളൂ. ഉരുളികുന്നം തിയറിയനുസരിച്ച് നീ എന്തൊക്കെ കണ്ടെത്തി?'
'ഇന്ത്യയിലെ ഒന്നാമത്തെ വര്‍ഗീയ വാദിയെ ഞാന്‍ കണ്ടെത്തി. സാക്ഷാല്‍ ശ്രീബുദ്ധന്‍.'
'പ്രഭാഷിക്കൂ'
'കപിലവസ്തുദേശത്ത് ലുംബിനിക്കരയില്‍ ഗൌതമവീട്ടില്‍ ശുദ്ധോദനന്റെ മകനായി ജനിച്ചവനാണ് സിദ്ധാര്‍ഥന്‍. ശരിക്കും പറഞ്ഞാല്‍ ജി എസ് സിദ്ധാര്‍ഥന്‍.. പിന്നീട് അദ്ദേഹം ആ പേര് മാറ്റി ബുദ്ധന്‍ എന്നാക്കി.അഹന്ത.അദ്ദേഹത്തിന് പേര് മാറ്റാന്‍ എന്തുകൊണ്ട് തോന്നി? സ്വയം പേര് തീരുമാനിക്കുന്നത് സ്വന്തം ശരീരം എന്റേത് മാത്രമാണെന്ന അവകാശ പ്രഖ്യാപനമാണ്. അത് മൌലികവാദമാണ്. വര്‍ഗീയമാണ്.'
'നാണുക്കുട്ടന്‍ എന്റെ വിജ്ഞാനം വര്‍ധിക്കുന്നു. തുടരൂ.'
'അശോക ചക്രവര്‍ത്തിയാണ് അടുത്ത വര്‍ഗീയവാദി. ദേവനാംപിയ പിയദശി എന്ന പേര് സ്വികരിച്ചു.ദേവനാംപിയ എന്നു പറഞ്ഞാല്‍ ദേവനാഗരിയില്‍ ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നാണ്. വര്‍ഗീയവാദം. ശാസനങ്ങള്‍ കൊത്തിയത് കല്ലില്‍. മതിലില്‍ എഴുതിയാല്‍ പോരായിരുന്നോ?..കല്ല് ശിവലിംഗമാണ്, പ്രതിഷ്ഠയാണ്. കടുത്ത വര്‍ഗീയത. നരേന്ദ്രന്‍ വിവേകാനന്ദനായി. വര്‍ഗീയത. ഗുരൂവോ രാമനും കൃഷ്ണനും ചേര്‍ന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍. പരമഹംസര്‍ മാറോട് ചേര്‍ത്തപ്പോള്‍ ആനന്ദമുണ്ടായി. കടുത്ത വര്‍ഗീയത.'
' തീര്‍ന്നോ..?'
'ഇല്ല. പത്മശ്രീ, പത്മവിഭൂഷണ്‍ സ്വീകരിച്ചവരെല്ലാം വര്‍ഗീയവാദികള്‍. പത്മം എന്നാല്‍ എന്താണ് ഗുരോ?. താമര. ഇനി പറയണോ..'
' നാണൂ, ഷാപ്പാണോ..ലാബാണോ ലാഭം?'
'സംശയമെന്ത് ഗുരോ, ലാബ് തന്നെ. മരിച്ചവരെക്കൊണ്ട് ഇവിടെ ഇരിക്കപ്പൊറുതിയില്ല. ഉരുളികുന്നം കറിയാച്ചന്‍ ഇതിത്തിരി നേരത്തെ പറഞ്ഞിരുന്നെങ്കില്‍..!'
'അത് പറ്റില്ലല്ലോ നാണു. കുഴിച്ചിട്ടാലല്ലെ കുഴിമാന്താന്‍ പറ്റൂ. ഈയിടെ ഒരു കോളേജ് മാഷും കുഴി തുരന്നു.ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമ, മണ്ടന്‍ മുത്തപ, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവര്‍ മഹാസാഹിത്യകാരന്മാരല്ലന്ന് ഈ ഫോറെന്‍സിക് മാഷ് തെളിയിച്ചു.'
'എന്തിനാ ഗുരോ ഇതൊക്കെ?'
'ഒരെല്ലിനുവേണ്ടി'
'ഇവര്‍ക്കെന്തിനാ ഗുരോ എല്ല്?'
'പല്ല് പോയെങ്കിലും വല്ലവന്റെയും എല്ല് കടിച്ച് പുലിയാണെന്നു കാണിക്കാന്‍.'
കൊണ്ടേരന്‍ നാണുക്കുട്ടനെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
'നാണൂ നിനക്ക് ഭാവിയുണ്ട്.നീ മഹാനാകും'
*
എം എം പൌലോസ്
Wednesday, May 27, 2009
Subscribe to:
Post Comments (Atom)
1 comment:
ടോഡി ഷാപ്പ് നമ്പ്ര 32ല്‍ നാണുക്കുട്ടന്‍ ദുഃഖിതനായിരുന്നു. തന്റെ പ്രജകളില്‍ ഒരാള്‍ വിഷമം അനുഭവിക്കുന്നത് കൊണ്ടേരന് സഹിക്കാനായില്ല. പ്രത്യേകിച്ച് കച്ചോടം തീരുന്ന രാത്രി പത്തിന്.
അവസാനത്തെ നുരയും വറ്റിച്ച് അത്യാഹ്ളാദവാനായി സ്വഭവനത്തിങ്കലേക്ക് ഗമിക്കേണ്ട സന്ദര്‍ഭത്തില്‍ ആകുലചിത്തനായി കാണുപ്പെടുന്നുവോ?
എന്താവാം കാരണം? കൊണ്ടേരന്‍ സംസ്കൃത നാടകത്തിലെ കാമുകഹൃദയം പോലെ വേപഥു പൂണ്ടു. തരളിത ഹൃദയനായി കരളിന്റെ വീണയില്‍ തന്തുമുറുക്കിക്കൊണ്ട് കൊണ്ടേരന്‍ ചോദിച്ചു.
എം എം പൌലോസിന്റെ നര്‍മ്മ ഭാവന
Post a Comment