Monday, May 25, 2009

കര്‍ഷകര്‍ക്കും മുസ്ളിങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു

2009 ലെ പൊതുതെരഞ്ഞടുപ്പ് ഫലം ഇടതുപക്ഷത്തിന് ഒരു കനത്ത ആഘാതമാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ ലോക്സഭയില്‍ നേടിയ 61 എന്ന ചരിത്രപരമായ ഉയര്‍ന്ന എണ്ണം അവര്‍ക്ക് നിലനിര്‍ത്താനാവില്ല എന്നതുറപ്പായിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും രണ്ട് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നേടിയതായിരുന്നു എന്നിരിക്കേ വിശേഷിച്ചും. എന്നാല്‍ ഇക്കുറി പകുതിയ്ക്കും താഴേയ്ക്ക് എത്തിയ വീഴ്ചയാകട്ടെ ഞെട്ടിക്കുന്നതാണ്.

ഇടതുകോട്ടകളായ പശ്ചിമബംഗാളിലെയും കേരളത്തിലെയും പ്രകടനം തന്നെയാണ് എല്ലാവരെയും ഏറെ അസ്വസ്ഥരാക്കുന്നത്. ഈ വന്‍വീഴ്ചയെ എങ്ങനെ വിശദീകരിക്കാം?

ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം, ഇടതുപക്ഷം ഈ ആഘാതത്തെ മറികടന്ന് വീണ്ടും വളരുകയും രാജ്യമെങ്ങും അതിന്റെ സന്ദേശം വ്യാപിപ്പിക്കുകയും വേണമെങ്കില്‍ ഈ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് തന്ത്രങ്ങള്‍ മാറ്റിയേ തീരൂ.

രണ്ടിടത്തെയും പാഠങ്ങള്‍ വ്യത്യസ്തമാവാം. കേരളത്തിലെ ഇടതുമുന്നണിസര്‍ക്കാര്‍ സാമാന്യം ജനപ്രിയമാണെന്നും മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉയര്‍ന്ന അളവില്‍ ഇപ്പോഴും സ്വീകാര്യനാണെന്നും എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, കേരളത്തില്‍ എന്നും തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും തമ്മിലുള്ള അന്തരം താരതമ്യേന കുറവായിരുന്നു. ഒപ്പം, എക്കാലവും കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തിലെ ആനുകൂല്യം ഇരുമുന്നണികള്‍ക്കും മാറിമാറിയാണ് ലഭിച്ചുപോന്നതും. അതായത്, ലഭിച്ച വോട്ടുകളുടെ ശതമാനത്തിലെ നേരിയ വ്യത്യാസം പോലും വലിയ പങ്ക് സീറ്റുകള്‍ ലഭിക്കാനോ നഷ്ടപ്പെടാനോ ഇടയാക്കും. ഇതാവാം ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഒപ്പം, ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ(മാര്‍ക്സിസ്റ്റ്)ലെ വിഭാഗീയതയെ സംബന്ധിച്ച വ്യാപകമായ പൊതുധാരണ ജനങ്ങളിലുണ്ടാക്കിയ അസ്വസ്ഥത മുന്നണിയെ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചു.

ഈ തെരഞ്ഞെടുപ്പിന് മുമ്പായി ചില ചെറുപാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യത്തോട് സൃഷ്ടിക്കപ്പെട്ട കടുത്ത എതിര്‍പ്പും മുന്നണിക്ക് ദോഷകരമായി.

പശ്ചിമബംഗാളിലെ ചിത്രം കുറച്ചുകൂടി അസ്വാസ്ഥ്യജനകമാണ്. ഭരണത്തിലിരിക്കുന്ന മുന്നണിക്കെതിരായി വന്‍തോതില്‍ വോട്ടുകള്‍ മറിഞ്ഞു എന്നത് വ്യക്തമാണ്. ഈ സന്ദേശം അഭിമുഖീകരിച്ചേ തീരൂ. ഇടതുമുന്നണി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുകയാണ്. ഭരണസ്ഥിരത മാത്രമല്ല, സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സുപ്രധാനമായ പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ ഭരണത്തിനായി. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ ഭൂപരിഷ്കരണവും കൂടാതെ, അധികാരവികേന്ദ്രീകരണത്തിലേയ്ക്കുള്ള ഉറച്ച കാല്‍വെപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കിയതും ഇവയില്‍ ഏറെ പ്രധാനമാണ്.

എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തികളിലൂടെയോ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള കഴിവില്ലായ്മ കൊണ്ടോ ജനങ്ങള്‍ക്കിടയില്‍ സല്‍പ്പേര് കളഞ്ഞുകുളിച്ചു. തിരിച്ചറിഞ്ഞ് നേരിടേണ്ട മൂന്ന് ഘടകങ്ങള്‍ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. അവ താഴെപറയുന്നു.

സിംഗൂരിലെയും നന്ദിഗ്രാമിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരിലും കുടിയാന്‍മാരിലും പടര്‍ന്ന അന്യവല്‍ക്കരണഭീതി. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനോ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിവിതരണത്തിനും മറ്റും വേണ്ട പ്രചരണം നല്‍കാനോ സര്‍ക്കാരിനായില്ല.

മുസ്ളിം സമുദായത്തില്‍, വിശേഷിച്ചും അവരില്‍ നീണ്ടകാലം ഇടതുപക്ഷത്തോടൊപ്പം നിന്ന വിഭാഗത്തില്‍ പോലും വ്യാപിച്ച, തങ്ങള്‍ വിവേചനം അനുഭവിക്കുന്നു എന്ന ധാരണ.

സോഷ്യലിസത്തിനും ഇടതുപക്ഷാശയങ്ങള്‍ക്കും വേണ്ടി ജീവന്‍ സമര്‍പ്പിച്ച, അങ്ങേയറ്റം ആത്മാര്‍ത്ഥരായ യഥാര്‍ഥപ്രവര്‍ത്തകരുടെ വികാരങ്ങളേക്കാള്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത് ബ്യൂറോക്രസി ആണ് എന്ന തോന്നല്‍.

ഈ എതിര്‍ഘടകങ്ങളോടൊപ്പം, ചില നയപരിപാടികള്‍, പര്യാപ്തമായി ഇടപെട്ട് വികസിപ്പിക്കുന്നതില്‍ വന്ന വീഴ്ചകളും കൂട്ടിച്ചേര്‍ക്കണം. ഇവയില്‍ ഏറ്റവും പ്രധാനം, ദേശീയതലത്തില്‍ ഇടതുപക്ഷം നടത്തിയ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി യു. പി. എ. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയാണ്.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ഒറീസ മുതലായവ. ഇവിടങ്ങളിലെല്ലാം അതത് സംസ്ഥാനസര്‍ക്കാരുകള്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി വ്യാപകമായും ഊര്‍ജ്ജസ്വലമായും നടപ്പിലാക്കുന്നതില്‍ ശുഷ്കാന്തി കാണിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

പശ്ചിമബംഗാളില്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ നടത്തിപ്പില്‍ താരതമ്യേന കുറഞ്ഞ വിജയമാണുണ്ടായത്. ഇത് ഇടതുപക്ഷസര്‍ക്കാര്‍ മുന്തിയ പരിഗണനയോടെ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നതും ജനങ്ങളുമായി ബന്ധപ്പെടുന്നതുമായ മറ്റൊരു മേഖല ഭക്ഷ്യപൊതുവിതരണശൃംഖലയാണ്. ഇത് നവീകരിച്ച് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിലെ ഈ വലിയ പിന്നോട്ടടിയെ, ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യത്തെങ്ങും ഇടതുപക്ഷത്തിന്റെ ഉയിര്‍പ്പിനും വികാസത്തിനുമുള്ള ഒരവസരമായി മാറ്റാവുന്നതാണ്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അത് ഇടതുപക്ഷസര്‍ക്കാരിന്റെ ജനപ്രീതിയ്ക്കും സുസ്ഥിരമായ ജനപിന്തുണയ്ക്കും വ്യക്തമായ സൂചനയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ ഇടതുപക്ഷത്തിന് ലഭിച്ച സീറ്റുകളുടെയോ വോട്ടിന്റെയോ നേട്ടം, അതാതിടങ്ങളിലെ പ്രാദേശിക കേഡര്‍മാര്‍ ഭൂമി, ജീവസന്ധാരണം, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, സാമൂഹ്യസമത്വം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ നീണ്ടതും പ്രതിബദ്ധവുമായ സമരങ്ങളുടെ വ്യക്തമായ ഫലമാണ്. ഇത് ശക്തിപ്പെടുത്തുകയാണെങ്കില്‍, ഈ ആപത്സന്ധിയെ സ്വയം നവീകരണത്തിനും ഇടതുപക്ഷത്തിന്റെ ഭാവിയിലെ വികാസത്തിനുമുള്ള ഉത്തേജകമായിത്തന്നെ മാറ്റാനാവും.

*

ജയതി ഘോഷ് എഴുതിയ Farmers, Muslims had no faith left എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് റെജി

9 comments:

വര്‍ക്കേഴ്സ് ഫോറം said...

2009 ലെ പൊതുതെരഞ്ഞടുപ്പ് ഫലം ഇടതുപക്ഷത്തിന് ഒരു കനത്ത ആഘാതമാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ ലോക്സഭയില്‍ നേടിയ 61 എന്ന ചരിത്രപരമായ ഉയര്‍ന്ന എണ്ണം അവര്‍ക്ക് നിലനിര്‍ത്താനാവില്ല എന്നതുറപ്പായിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും രണ്ട് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നേടിയതായിരുന്നു എന്നിരിക്കേ വിശേഷിച്ചും. എന്നാല്‍ ഇക്കുറി പകുതിയ്ക്കും താഴേയ്ക്ക് എത്തിയ വീഴ്ചയാകട്ടെ ഞെട്ടിക്കുന്നതാണ്.

ഇടതുകോട്ടകളായ പശ്ചിമബംഗാളിലെയും കേരളത്തിലെയും പ്രകടനം തന്നെയാണ് എല്ലാവരെയും ഏറെ അസ്വസ്ഥരാക്കുന്നത്. ഈ വന്‍വീഴ്ചയെ എങ്ങനെ വിശദീകരിക്കാം?

ജയതി ഘോഷ് എഴുതുന്നു..

Baiju Elikkattoor said...

ഏറെക്കുറെ സ്വയം വിമര്ശനാത്മകമായ ലേഖനം ഇട്ടതിനു ഫോറത്തിന് നന്ദി.

തെറ്റിനെ അംഗികരിക്കാനുളള ആര്‍ജ്ജവം ആദ്യമുണ്ടാകണം. അല്ലാതെ പഴി അച്യുതാനന്ദന്റെയും പത്രങ്ങളുടെ മേല്‍ കെട്ടി വെച്ച് തടി തപ്പുകയല്ല വേണ്ടത്. പാര്‍ട്ടിക്ക് മുകളിലാണ് ജനങ്ങള്‍ എന്ന് മനസ്സിലാക്കണം, അല്ലാതെ ജനങ്ങള്‍ക്ക് മുകളില്ല പാര്‍ട്ടി! ജന സ്വധീനമില്ലെങ്കില്‍ പാര്‍ട്ടി വട്ട പൂജ്യത്തിലേക്ക് ചുരുങ്ങാന്‍ അധിക സമയമൊന്നു വേണ്ട എന്ന് അനുഭവങ്ങള്‍ നമ്മെ പടിപ്പിക്കുന്നൂ. ഇവിടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് വെരോട്ടമുണ്ടായത് ജനങ്ങള്‍ക്ക് പാര്‍ട്ടിയുടെ നയങ്ങള്‍ സ്വീകരിയമായി തോന്നിയത് കൊണ്ടാണ്, അങ്ങനെ അവര്‍ അതിനെ അംഗീകരിച്ചു അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. അല്ലാതെ നേതാക്കന്മാരെ മാത്രം നോക്കിയല്ല. അന്നത്തെ നേതാക്കന്മാര്‍ക്ക് വ്യക്തിത്വം ഉണ്ടായിരുന്നൂ. അതുകൊണ്ടാണ് ജനങ്ങള്‍ രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതമായി അവരെ ഇന്നും സ്മരിക്കുന്നതും ആദരിക്കുന്നതും.

പാര്‍ട്ടി അണികളില്‍ പോലും വേണ്ടത്ര ആദരവ് ആര്‍ജ്ജിക്കാന്‍ ഇന്നത്തെ പാര്‍ടി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടോ? ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു, അച്യുതാനന്ദന്റെ നിലപാടുകള്‍ കൊണ്ടാണ് പാര്‍ട്ടി കേരളത്തില്‍ പരാജയപെട്ടത്‌ എന്ന്! ഒരു അച്യുതാനന്ദന്‍ ‍ വിചാരിച്ചാല്‍ ഇളക്കാന്‍ കഴിയുന്നത്ര ദുര്ബലമയിരുന്നോ ഇവിടുത്തെ ഇടതുപക്ഷത്തിന്റെ, പ്രത്യകുച്ചും സി പി എമിന്റെ അടിത്തറ! കണ്ണൂരും വടകരയിലും പാര്‍ടി തോറ്റു തുന്നം പാടിയത് അച്ചുതാന്ദന്‍ വിചാരിച്ചിട്ടാണോ? അങ്ങനെയെങ്കില്‍ പിണറായി/കോടിയേരി/ജയരജന്മാര്‍ക്ക് ഈ മേഖലകളില്‍ എന്ത് ജന സ്വധീനമാനുള്ളത്? നവ കേരള യാത്ര നടത്തി, പി ഡി പി / രാമന്‍ പിള്ള ബാന്ധവത്തിലൂടെ ആര്‍ജ്ജിച്ച പിന്തുണയെല്ലാം ഒരു അച്ചുതാന്ദന്‍ തുരങ്കം വച്ച് തകര്‍ക്കമെങ്കില്‍, ബഹുമാനപെട്ട പാര്‍ട്ടി സെക്രട്ടറി, അങ്ങ് ഇരിക്കുന്ന പാര്‍ട്ടി സ്ഥാനത്തിനു അങ്ങ് അര്‍ഹനാണോ എന്ന് ചിന്തിച്ചു തുടങ്ങാനുള്ള സമയം ആയിരിക്കുന്നൂ! ഈ ന്യായ വാതങ്ങള്‍ ചിലപ്പോള്‍ പ്രകാശ്‌ കാരാട്ട് വിശ്വസിച്ചേക്കും. ജനങ്ങള്‍ വിശ്വസിക്കണം എന്നില്ല, കാരണം അവിശുദ്ധ ബന്ധവങ്ങളുടെയും അഴിമതിയുടെ നാറുന്ന തലപ്പാവാണ് പിണറായി വിജയന്‍റെ തലയില്‍ അവര്‍ കാണുന്നത്!

Anonymous said...

അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ കേരളം പിടിച്ചെടുത്തു, ഇതു വസ്തുതയാണല്ലോ എന്നാല്‍ അതെന്തുകൊണ്ട്‌? കാരണം സിമ്പിള്‍ ആ രണ്ടു വറ്‍ഷം ഭരണം നന്നയി നടന്നു ഓഫീസില്‍ സമയത്ത്‌ ആള്‍ വന്നിരുന്നു ജോലി നടന്നിരുന്നു കൈക്കൂലി വാങ്ങുന്നതു പോയിട്ടു ആലോചിക്കുന്നതു തന്നെ ഭയമായിരുന്നു ചുരുക്കത്തില്‍ ബന്ധും ഹറ്‍ത്താലും ഒന്നുമില്ലാതെ കാര്യങ്ങള്‍ ഭംഗിയായി നടന്നു രാജന്‍ കേസും ഒക്കെ പിന്നെയാണു വരുന്നത്‌, അപ്പോള്‍ ജനം അന്നു അംഗീകരിച്ചത്‌ ഭരണം നന്നായി എന്ന ഒരേ ഒരുേ സത്യം മാത്റമാണു, പിന്നീട്‌ ഒരിക്കലും കേര്‍ലളത്തില്‍ നടക്കാതെ പോയതും അതാണു, നിങ്ങള്‍ ഒരു ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനു പോവുക പതിനൊന്നു മണി ആകാതെ ആരും വരികയില്ല വന്ന്ലോ ഉടന്‍ ചായ കുടിയായി ജനത്തിനെ സെക്റാട്ടേറിയേടിലും മറ്റും ഉച്ചക്കു മൂന്നു മണിക്കു ശേഷമേ കടത്തു അപ്പോഴേക്ക്കും ജീവനക്കാറ്‍ വീട്ടില്‍ പോകാനുള്ള തെരക്കായിരിക്കും ഒരു കാര്യവും സമയത്ത്‌ നടക്കില്ല ഇന്വേഡില്‍ ആളില്ല സൂപ്പ്റാണ്ട്‌ ഇന്നു ലീവ്‌ ടൈപിസ്റ്റ്‌ മെറ്റേണിറ്റി ഇങ്ങിനെ കുറേ എക്സ്ക്യൂസസ്‌, ഈ പരിപാടീ മാറ്റി അച്ചടക്കം കൊണ്ടുവന്നാല്‍ മാത്റം മതി ഭരണകക്ഷി ജയിക്കാന്‍ ഇതിനെ ഏറ്റവും സാഹചര്യം ഉള്ളത്‌ ഇടതു പക്ഷത്തിനാണൂ കാരണം എന്‍ ജീ ഓ , ഗസറ്റഡ്‌ ഉദ്യോഗസ്ഥരില്‍ തൊണ്ണൂറു ശതമാനം അവരുടെ പോഷക സംഘടനയാണു ഗവണ്‍മെണ്റ്റിനെ എന്തു സഹായിക്കാനും അവറ്‍ പ്റതിജ്ഞാബധരായി നില്‍ക്കുകയാണു , പിന്നെ എന്താണൂ വീ എസ്‌ ഭരണം ഇത്റ പരാജയം?

അച്യുതാനന്ദന്‍ വലിയ ശ്റീക്രിഷ്ണന്‍ ചമയുമ്പോള്‍ അങ്ങിനെ അല്ല എന്നു കാണിക്കാന്‍ പിണറായി ക്യാമ്പിലുള്ള മറ്റു മന്ത്റിമാറ്‍ ഒന്നിച്ചു പാര വെയ്ക്കുന്നു എല്ലാ എല്‍ ഡീ എഫ്‌ മിനിസ്റ്റ്രിയിലും മികച്ച മന്ത്റിമാറ്‍ വലതു കമ്യൊണിസ്റ്റുകാറ്‍ ആയിരുന്നു ഇന്നു അവറ്‍ വെറും വേസ്റ്റണൂ കേ എ ഇസ്മായില്‍ ആണു ബിനോയി വിശ്വം, ദിവാകരന്‍ തുടങ്ങിയ മിനിസ്റ്ററ്‍മാരുടെ ഭരണം പിന്നില്‍ ഇരുന്നു നടത്തുന്നത്‌ , മുല്ലക്കര നല്ല ഉദ്ദേശ ശൂധിയുള്ള ആളാണെങ്കിലും ഭരണം പോര , ഈ തമ്മിലടി നിറ്‍ത്താതെ ഭരണം മെച്ചപ്പെടില്ല ഭരണം നന്നാവാതെ ഇടതു പക്ഷം ഇനി ജയിക്കില്ല സുധാകരന്‍ എന്താണു കാണിക്കുന്നത്‌? ദേവസ്വം ബോറ്‍ഡ്‌ കുട്ടിച്ചോറാക്കുന്നു, ശ്രീമതിയെ പോളെ ഒരു അഹങ്കാരി ഉണ്ടോ? അവറ്‍ എത്റ സ്കോഡ കാറില്‍ ആണു സഞ്ചരിക്കുന്നത്‌? കണ്ണൂരില്‍ മാത്റം ഒരു സ്കോഡാ കാറ്‍ ഇട്ടിരിക്കുന്നു, തിരുവനന്തപുരത്തു വേറേ? ഉമ്മന്‍ ചാണ്ടി കാറില്‍ പോകുന്നത്‌ കണ്ടിട്ടുണ്ടോ? റാം ജി റാവ്വുവില്‍ മാമുക്കോയ കാറ്‍ പിടിച്ചു പോകുന്നപോലെയാണു അദ്ദേഹം ഇടിച്ചമറ്‍ ന്നു പോകുന്നത്‌ , ഇവിടെ തൊഴിലാളി മന്ത്റിമാറ്‍ റഷ്യയിലെ കമ്മിസാറ്‍ മാരെക്കാള്‍ പ്റതാപം, ഭരമോ ബിഗ്‌ സീറോ, ഭരണം നന്നാക്കൂ ജനം വോട്ടു ചെയ്യും തീറ്‍ച്ച മദനി പിടിക്കുന്നതിനെക്കാള്‍ വോട്ട്‌ ജനം തരും അവണ്റ്റെ കാര്യം ന്യായമായ പരിധിക്കുള്ളില്‍ നടത്തികൊടുക്കണം അത്റയേ വേണ്ടു, ഇനിയും സമയം ഉണ്ട്‌ ഗീയറ്‍ അപ്‌ സഖാക്കളെ

*free* views said...

quote
സോഷ്യലിസത്തിനും ഇടതുപക്ഷാശയങ്ങള്‍ക്കും വേണ്ടി ജീവന്‍ സമര്‍പ്പിച്ച, അങ്ങേയറ്റം ആത്മാര്‍ത്ഥരായ യഥാര്‍ഥപ്രവര്‍ത്തകരുടെ വികാരങ്ങളേക്കാള്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത് ബ്യൂറോക്രസി ആണ് എന്ന തോന്നല്‍.
quote

An analysis that reflects my feelings. Vote and elections are not as important as party workers and ideology.

Do not let anyone hijack the party, party supporters are not as blind, do not take party supporters even party active workers for granted.

Those who criticize Achyuthandandan's smile should not forget the humiliation he suffered. Kerala party workers do not forgive insults to a senior leader like Achyuthanandan, we are sentimental.

To those who laugh at party's failure - this is not a vote against party ideology. This is just a temporary set back, we will rise again. Elections and votes are secondary, our fight is for an equal society.

N.J Joju said...

പശ്ചിമബംഗാളില്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ നടത്തിപ്പില്‍ താരതമ്യേന കുറഞ്ഞ വിജയമാണുണ്ടായത്.

What does it mean?
തൊഴിലുറപ്പു പദ്ധതിയ്ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയവര്‍ നടപ്പാക്കുന്നതില്‍ താത്പര്യമില്ലാതിരിയ്ക്കയോ? ഒന്നുകില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നത് കളവാണ്, അല്ലെങ്കില്‍ ഇടതുപക്ഷം ചെലുത്തിയ സമ്മര്‍ദ്ദം വെറും കാപട്യമാണ്‌.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അത് ഇടതുപക്ഷസര്‍ക്കാരിന്റെ ജനപ്രീതിയ്ക്കും സുസ്ഥിരമായ ജനപിന്തുണയ്ക്കും വ്യക്തമായ സൂചനയാണ്.
"one man, one vote, one time only!” എന്നു കേട്ടിട്ടില്ലേ...കമ്യൂണിസ്റ്റു ഗവര്‍മെന്റുകളുടെ ഒരു സ്വഭാവമാണ്‌. ഭരണം കൈക്കലാക്കിയാല്‍ ഭരണയന്ത്രത്തിന്റെ സകലയിടങ്ങളിലും നുഴഞ്ഞുകയറി അവയെ രാഷ്ട്രീയ വത്കരിച്ച് കൈപ്പിടിയിലൊതുക്കുന്ന രീതി. ഹൈജാക്കുചെയ്യപ്പെട്ട ജനാധിപത്യത്തിലൂടെ ജനാധിപത്യത്തിന്റെ പേരില്‍ ഭരണം നിലനിര്‍ത്തുന്ന രീതി. ത്രിപുര എങ്ങിനെയാണോ ആവോ? വിധിയെഴുതിയത് ജനപ്രീതിയുടെ സൂചനയാണെങ്കില്‍ ജനങ്ങള്‍ക്കു കൊള്ളാം.

Unknown said...

കുറച്ചു നാളത്തേക്ക് സമാധാനം കാണും.. രണ്ടു മാസം കഴിയുമ്പോ വീണ്ടും ഇറങ്ങും.. ഇടതന്മാര്‍..പുതിയ ഗുടായിപ്പുമായി..

Unknown said...

hello

riyaz ahamed said...

സ്വയം വിമര്‍ശനാത്മകമായ ഇത്തരം വിലയിരുത്തലുകള്‍ കാണുമ്പോള്‍ പ്രതീക്ഷ മുഴുവനും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലുണ്ടാവുന്നു. കേരളത്തിലെ സംഘടനയുടെ അവലോകനം ഇതുമായി ഒട്ടും നീതി പുലര്‍ത്തുന്നില്ലെങ്കില്‍ പോലും.

കറുത്തേടം said...

മത ജാതീയ ചിന്തകളില്‍ നിന്നും മാറി മാനവ സേവക്കാണ് എല്ലാ പാര്‍ട്ടികളും മുന്‍തൂക്കം കൊടുക്കേണ്ടത് എന്ന് ജനം പാര്‍ട്ടികളെ ബോധ്യപെടുത്തിയ ഒരു തിരഞ്ഞെടുപ്പ്. ഇടതുപക്ഷം തൊഴിലാഴികളെ നോക്കാതെ പണത്തിന്റെ കനം നോക്കി പോയതിനു തൊഴിലാളികള്‍ നല്‍കിയ മറുപടി. ഭൂരിപക്ഷ മത വിഭാഗത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ മാറി ചിന്തിച്ച ഒരു തിരഞ്ഞെടുപ്പ്.
തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് പോകാതെ ...
സ്വയം വിമര്‍ശകമായ ലേഖനം പ്രസിദ്ധീകരിച്ച വര്‍ക്കേര്‍സ് ഫോറത്തിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..