Thursday, May 28, 2009

ഒറ്റുകാരുടെ ഏകോപനം

ചിരിക്കുന്നവര്‍ ഭയാനകമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേ ഉള്ളൂ. - ബെര്‍തോള്‍ത് ബ്രെഹ്ത്ത്

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ഉണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളുടെ കക്ഷിരാഷ്‌ട്രീയപരവും സംഘടനാപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിനു പകരം; പൊതു മാധ്യമങ്ങളും വലതുപക്ഷവും ഇടതു തീവ്രവാദനാട്യക്കാരും അരാഷ്‌ട്രീയ/അരാജക വാദികളും മത-ജാതി സാമുദായിക സമ്മര്‍ദ്ദ സംഘങ്ങളും ഏകോപിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും അതുവഴി പരാജയപ്പെടുത്താനും നടത്തിയ നീക്കങ്ങളെന്തൊക്കെ എന്നന്വേഷിച്ചു തുടങ്ങുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വന്ന പ്രത്യേക സാഹചര്യത്തില്‍; പത്രഭാഷയില്‍ പറഞ്ഞാല്‍ 'പരമ്പരാഗതവൈരികളാ'യ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐക്യ പുരോഗമന സഖ്യത്തിന് (യു പി എ), പൊതു മിനിമം പരിപാടി നടപ്പാക്കുന്നതിനു വേണ്ടി തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇടതു പക്ഷം ചെയ്തത്. ഇക്കാര്യത്തില്‍ ഒളിമറകളൊന്നും തന്നെയുണ്ടായിരുന്നില്ല. സ്പീക്കര്‍ സ്ഥാനമൊഴിച്ചുള്ള അധികാരസ്ഥാനങ്ങളൊന്നും സ്വീകരിക്കാത്തതുകൊണ്ട് അധികാരലബ്ധിക്കുവേണ്ടിയുള്ള കേവല അവസരവാദമായി ഈ നിലപാടിനെ ചിത്രീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരിപ്പള്ളി പൊളിക്കുകയും അതിരൂക്ഷമായ വര്‍ഗീയകലാപം രാജ്യവ്യാപകമായി അഴിച്ചുവിടുകയും ചെയ്ത സംഘപരിവാര്‍, 2002 ഫെബ്രുവരി/മാര്‍ച്ചില്‍ നടത്തിയ അതിനിഷ്ഠൂരമായ ഗുജറാത്ത് മുസ്ളിം വംശഹത്യയിലൂടെ ഇന്ത്യക്കു മാത്രമല്ല, മുഴുവന്‍ ഭൂലോകത്തിനും മാനവികതക്കും വന്‍ ഭീഷണിയായി തീരുന്ന ഒരു ശക്തിയാണെന്ന് ലോകത്തെമ്പാടുമുള്ള ജനാധിപത്യ വാദികള്‍ തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ ഈ ഫാസിസ്റ്റ് ജൈത്രയാത്ര തടയുന്നതിനു വേണ്ടിയുള്ള അനിവാര്യവും രാഷ്‌ട്രീയമായി പക്വവും ജാഗ്രത്താര്‍ന്നതുമായ നടപടിയാണ് യുപിഎ മന്ത്രിസഭയെ അധികാരത്തിലെത്തിക്കുക വഴി ഇടതുപക്ഷം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാജ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇത് ജനാധിപത്യ വാദികള്‍ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്.

പിന്തുണ എന്ന ഈ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ, വലതുപക്ഷ-മുതലാളിത്താനുകൂല-സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കിടയിലും ചില ജനപക്ഷ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിക്കാനും ഇടതുപക്ഷം നിതാന്ത ജാഗ്രത പുലര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ലോകത്തിനു തന്നെ മാതൃകയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക കടാശ്വാസം, വനാവകാശ നിയമം, വിവരാകാശ നിയമം, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം, സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമുളള ദേശീയ കോര്‍പ്പറേഷന്‍ (National Minorities Development and Finance Corporation) രൂപീകരണം, ഉന്നത വിശേഷ പഠന മേഖലയിലെ ഒ ബി സി സംവരണം എന്നിവ നടപ്പിലാക്കാന്‍ (ചിലതൊക്കെ പാസാക്കിയിട്ട ഉള്ളൂ) മന്‍മോഹന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്, യു പി എയുടെ സുരക്ഷാവലയ നയവും ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക വിതരണം ഒരു പരിധി വരെ പുനസ്ഥാപിച്ചതും അടക്കമുള്ള ഈ ജനപ്രിയ നടപടികളാണ് പ്രേരകമായത് എന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

അതോടൊപ്പം പ്രധാനമാണ് പൊതുമേഖലയെ സംരക്ഷിക്കുക എന്ന സ്ഥിരം മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടലുകളും. കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് വലിയൊരളവുവരെ രക്ഷപ്പെടാനായത് ഇടതുപക്ഷം കാവല്‍ നിന്ന് സംരക്ഷിച്ചെടുത്ത പൊതുമേഖലയുടെ അടിസ്ഥാന ബലം കൊണ്ടാണെന്ന കാര്യവും വ്യാപകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംവിധാനം തുടര്‍ന്നു പോകുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തവും എല്ലാ തരത്തിലും അസ്വസ്ഥരായിരുന്നു. ഈ അസ്വസ്ഥതയെ തുടര്‍ന്നാണ് തിടുക്കത്തിലുള്ള ആണവക്കരാര്‍ ഒപ്പിടലിലൂടെ ഇടതുപക്ഷത്തെ യു പി എ സൌഹൃദസംഘത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നടപടി അവര്‍ പ്രയോഗിച്ചതും വിജയം കണ്ടതും.

ഇതിന്റെ തുടര്‍ച്ചയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ അല്ലെങ്കില്‍ നേതൃത്വം, അതുമല്ലെങ്കില്‍ പങ്കാളിത്തം തുടങ്ങിയ 'ശല്യ'ങ്ങളില്ലാത്ത ഒരു സമ്പൂര്‍ണ വലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയിലേക്ക് സാമ്രാജ്യത്വം നീങ്ങുന്നതും അവരക്കാര്യത്തില്‍ വിജയം കണ്ടതും. ഈ അജണ്ടയുടെ ഫലമായാണ് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ, 2004ല്‍ ലഭിച്ചതിന്റെ നേര്‍പകുതി സീറ്റിലേക്ക് പരിമിതപ്പെടുന്ന തരത്തില്‍ തെരഞ്ഞെടുപ്പജണ്ടയെ സങ്കീര്‍ണമായ തരത്തില്‍ കുഴച്ചു മറിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നടത്തിയ ബഹുമുഖ പരിശ്രമങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും വന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കൊക്കക്കോളയും സിയോണിസ്റ്റ് ലോബികളും അമേരിക്കയില്‍ വെച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കെട്ടിയിറക്കിയ ശശി തരൂരിനെപ്പോലുള്ള വരേണ്യ ബുദ്ധിജീവികള്‍ പുഷ്പം പോലെ വിജയിച്ചുകയറുന്നതും ഈ പ്രവണതയുടെ വിജയമാണെന്നു കാണാം. നൂറ്റാണ്ടുകളായി സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്തിട്ടുള്ള മുസ്ളിം സമൂഹവുമായുള്ള ഇടതുപക്ഷത്തിന്റെ സൌഹൃദത്തെ വിസ്‌ഫോടനകരമാം വണ്ണം പ്രശ്‌നവത്ക്കരിക്കുകയും, അതു വഴി പൊതുബോധത്തെ മൃദു/തീവ്ര ഹിന്ദുത്വ കാഴ്ചപ്പാടാക്കി മാറ്റിയെടുക്കുകയും ആധുനിക കേരള സമൂഹത്തെ വര്‍ഗീയമായി വെട്ടിമുറിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. പത്തു വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിട്ടും ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയാതെ പുറത്തു വന്ന മഅ്ദനിയെയും ഭാര്യ സൂഫിയയെയും ക്രൂരമായി വേട്ടയാടാന്‍ പത്രങ്ങളും ചാനലുകളും മത്സരിക്കുകയായിരുന്നു. സക്കറിയ വിശേഷിപ്പിച്ചതു പോലെ ഇത്തരക്കാര്‍ പത്ര പ്രവര്‍ത്തകരോ അതോ ആരാച്ചാരന്മാരോ എന്നുവരെ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമാണ് സംജാതമായത്.

പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇതിനെ തുടര്‍ന്ന് കൈപ്പത്തിക്ക് വോട്ടു ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിദഗ്ദ്ധര്‍ പ്രഖ്യാപിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്ന തര്‍ക്കത്തിലേക്കു പോകുന്നതിനു പകരം അക്കൂട്ടരുടെ 'വൈദഗ്ദ്ധ്യം' അംഗീകരിച്ചുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്നു തന്നെ കരുതുക. അപ്പോള്‍ വിശദീകരിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യം തെളിഞ്ഞുവരുന്നതായി കാണാം. അത്, ഇത്തരത്തിലുള്ള പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാര്‍ എല്ലാം ഹിന്ദു ബോധത്തിന് മാത്രം കീഴ്പ്പെട്ടവരാണ് എന്നാണോ ഇവര്‍ അര്‍ത്ഥമാക്കുന്നത്?. ഈ വിദഗ്ദ്ധരെ ഇക്കാര്യം കൂടി വിശദമായി വിലയിരുത്താതെ പോകാന്‍ അനുവദിച്ചു കൂടാ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു തോല്‍വി എന്ന ഘടകത്തെ തങ്ങളുടെ ഹിന്ദുത്വാനുകൂല പൊതുബോധ നിര്‍മ്മിതിക്കുള്ള ആനുകൂല്യമാക്കി മാറ്റാനുള്ള ഒളിയജണ്ടയും ഇതിനു പിന്നിലുണ്ട് എന്നതാണ് വാസ്തവം.

ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഇടതു തീവ്രവാദനാട്യക്കാരടക്കമുള്ളവരുടെ വാചാടോപങ്ങളാണ്. 2600 മുതല്‍ 25000 വരെ വോട്ട് പല മണ്ഡലങ്ങളില്‍ നിന്നായി നേടിയെടുത്ത് അപരന്മാരോടും (പഴയ കാലത്താണെങ്കില്‍ അസാധുവിനോടും) മത്സരിച്ച് കെട്ടി വെച്ച കാശ് പൊതു ഖജനാവിന് മുതല്‍ക്കൂട്ടാക്കുന്ന ഇക്കൂട്ടര്‍ പറയുന്നത്, തങ്ങള്‍ക്ക് ഇനിയും പതിനായിരങ്ങള്‍ വോട്ടായി ലഭിക്കുമായിരുന്നുവെന്നും അത് കൈപ്പത്തിക്ക് പോയി എന്നുമാണ്. യഥാര്‍ത്ഥത്തില്‍ സാധുക്കളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷത്തിന്റെ ദല്ലാള്‍ പണിയെടുക്കുന്ന ഒറ്റുകാരാണ് ഇവര്‍ എന്നതിന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?

ഇന്ത്യന്‍ ഇടതുപക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന പ്രത്യയശാസ്ത്രപരിസരത്തെ പലതരത്തില്‍ സങ്കീര്‍ണമാക്കി ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക എന്നതും പ്രത്യക്ഷത്തില്‍ ഇടതുപക്ഷമുഖം പ്രകടിപ്പിക്കുകയും സത്യത്തില്‍ സാമ്രാജ്യത്വാനുകൂലികളായിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ കെണിയിലും സാധാരണക്കാര്‍ പെട്ടുപോകുന്നുണ്ട്. വികസനത്തിന്റെ പരിപ്രേക്ഷ്യം, മതനിരപേക്ഷ സമൂഹ രൂപവത്ക്കരണം എന്നിവയെ സംബന്ധിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ഇത്തരത്തില്‍ വിസ്‌ഫോടനകരമാം വണ്ണം കുഴച്ചുമറിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ ജനങ്ങളുടെ ഇഛയെയും കാഴ്ചപ്പാടുകളെയും അട്ടിമറിക്കുന്നത്.

'ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന ഗവണ്‍മെന്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവണ്മെന്റായിരിക്കും; അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഒരു ഗവണ്മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കും. എന്നാല്‍ ഈ ഗവണ്മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല'

എന്നാണ് ഇ എം എസ് 1957 മാര്‍ച്ച് 30ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറവെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെയും നയം ഇതു തന്നെയായിരിക്കെ, അതിവിപ്ളവകാരികളുടെ വാചാടോപങ്ങള്‍ വലതുപക്ഷത്തെ പരോക്ഷമായി സഹായിക്കാനല്ലാതെ മറ്റെന്തിനാണുതകുക?

കാര്‍ഷികരംഗത്തെ അജണ്ടകള്‍ പൂര്‍ത്തീകരിച്ച ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാര്‍ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പിന്തുണ തേടിക്കൊണ്ടാണ് 2007ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ മുദ്രാവാക്യത്തിനുള്ള അംഗീകാരമെന്നോണം വമ്പിച്ച ഭൂരിപക്ഷമാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിച്ചത്. അതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ്, ബി ജെ പി മുതല്‍ മുസ്ളിം മതമൌലികവാദികള്‍ വരെയും കോണ്‍ഗ്രസ് മുതല്‍ മാവോയിസ്റ്റുകള്‍ വരെയും മഹാശ്വേതാ ദേവിയും മേധാപട്ക്കറും വരെയും മമതയുടെ നേതൃത്വത്തില്‍ അണിനിരന്ന് സര്‍ക്കാരിനു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതും ഇടതു സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ത്തതും. ഒരു കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും അധികം വ്യവസായവത്ക്കരിക്കപ്പെട്ട നഗരമായിരുന്നു. മുപ്പതു വര്‍ഷം മുമ്പ് ഇടതുപക്ഷം ബംഗാളില്‍ അധികാരമേറ്റെടുത്തതോടെ, കടുത്ത പകപോക്കലും അവഗണനയുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത്. ഈ വികസനമുരടിപ്പിനെ മറികടക്കാനാണ്, സ്വകാര്യ കുത്തകകളടക്കമുള്ളവരുടെ സഹായത്തോടെ ബംഗാളിന്റെ വ്യവസായവത്ക്കരണം എന്ന അജണ്ട പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചത്. ഒരു ടണ്‍ മുളക്ക് ഒരു രൂപ മാത്രം വിലയിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ നയം തന്നെയാണിവിടെയും സ്വീകരിച്ചതെന്ന് തുറന്ന മനസ്സോടെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എന്നാലതിനു മിനക്കെടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രത്യയശാസ്‌ത്രത്തെ തങ്ങള്‍ വ്യാഖ്യാനിക്കാം എന്ന വിരുദ്ധരുടെ വാഗ്ദാനത്തില്‍ പൊതുബോധം കീഴ്പ്പെടുന്ന കാഴ്‌ചയാണ് പല തവണയുമെന്നതു പോലെ ഇത്തവണയും നാം കണ്ടത്. പരിപ്പുവട/കട്ടന്‍ ചായ വിവാദത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പത്തില്‍ പൊതുബോധത്തെ കൊണ്ട് കുടുക്കിയിടാന്‍ ഇടതുവിരുദ്ധരുടെ ഇടതു നാട്യങ്ങള്‍ക്കു സാധിച്ചിരുന്നു. ഇടതുപക്ഷത്തെ രക്ഷിക്കാനും ഇടതുപക്ഷത്തിന്റെ വിപ്ളവാത്മകത സുരക്ഷിതമാക്കി നിലനിര്‍ത്താനും വലതുപക്ഷം പരിശ്രമിക്കുന്ന വിചിത്രമായ കാഴ്‌ചയാണിതെന്ന് പലപ്പോഴും നാം മറന്നു പോയി.

മതനിരപേക്ഷത, ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കലും സംരക്ഷിക്കലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍, സവര്‍ണ ഹൈന്ദവ വാദികളുടെ ഫാസിസ്റ്റ് ജൈത്രയാത്രയെ നേര്‍ക്കു നേര്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കല്‍ എന്നീ മേഖലകളിലും ഇടതുപക്ഷത്തെ സമാനമായ പ്രത്യയശാസ്‌ത്രക്കെണിയില്‍ കുടുക്കിയിടാനുള്ള നീക്കം തുടര്‍ച്ചയായി നടക്കുന്നതു കാണാം. ഹമീദ് ചേന്ദമംഗല്ലൂരും എം എന്‍ കാരശ്ശേരിയും മുതല്‍ രാജേശ്വരി/ജയശങ്കര്‍ വരെയുള്ള സവര്‍ണാനുകൂല 'മതനിരപേക്ഷ' നാട്യക്കാര്‍ ടിവിയിലും ആര്‍ എസ് എസ്സിന്റേതടക്കമുള്ള അച്ചടി മാധ്യമങ്ങളിലും നിരന്നിരുന്ന് ഇടതുപക്ഷത്തിന്റെ വര്‍ഗീയതയോടുള്ള സമീപനമെന്തായിരിക്കണം എന്ന് നിരന്തരമായി വ്യാഖ്യാനിക്കുന്നതും മറ്റും ഈ കെണിയെ കൂടുതല്‍ മുറുക്കുന്നതിന്റെ പ്രത്യക്ഷമാണ്. ഇന്ത്യയില്‍ ഏപ്പോഴും അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളത് എന്ന നിലക്കും പൊതുബോധത്തിലേക്ക് മിക്കപ്പോഴും ഒളിച്ചുകടക്കാന്‍ പാകമായത് എന്ന നിലക്കും, ഏറ്റവും കൂടുതല്‍ അപകടമുള്ളത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിന്റെ സ്വാഭാവിക സഖ്യ ശക്തികള്‍ എന്ന നിലക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടനകളിലൂടെയും അല്ലാതെയും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ അണി നിരക്കലിനെ ന്യൂനപക്ഷ പ്രീണനം, വോട്ടുബാങ്ക് രാഷ്‌ട്രീയം എന്നീ ഉമ്മാക്കികളാക്കി ചുരുക്കിക്കൊണ്ട് ഇടതുപക്ഷത്തെ വിരട്ടി നിര്‍ത്താം എന്ന അജണ്ടയാണ് ഇത്തരം കേവല യുക്തിവാദപരവും സാങ്കേതികമായി മാത്രം ശരിയെന്ന് തോന്നിപ്പിക്കുന്നതുമായ വാദങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്.

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പിന്തുണ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വലതുപക്ഷമാണ്, പി ഡി പിയുടെ പിന്തുണ ഇടതുപക്ഷത്തിനായതാണ് ഏറ്റവും വലിയ കുഴപ്പം എന്ന നിലക്കുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മുസ്ളിംലീഗും പി എഫ് ഐയും ഒ അബ്ദുള്ളയെപ്പോലുള്ള ചില നിരാശാവാദികളും ചേര്‍ന്ന് മുസ്ളിം ജനവിഭാഗത്തെ ഇടതുപക്ഷത്തിനെതിരാക്കുക എന്ന തന്ത്രവും ഈ തെരഞ്ഞെടുപ്പില്‍ പയറ്റിനോക്കി, ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു. ബംഗാളിനെ സംബന്ധിച്ച സച്ചാര്‍ കമ്മീഷന്റെ ചില കണ്ടെത്തലുകളെ ഊതി വീര്‍പ്പിച്ച്, അതിനെ നന്ദിഗ്രാം/സിംഗൂരുമായി കൂട്ടിക്കെട്ടി, ബംഗാളിലുള്ളത് ഗുജറാത്തിലെ മോഡി സര്‍ക്കാരിന് തുല്യമായ ഭരണകൂടമാണെന്നു വരെ ഇക്കൂട്ടര്‍ വാദിച്ചു കളഞ്ഞു. നാടുനീളെ ഈ വാദമുയര്‍ത്തിയ ഫ്ളെക്സുകളും ഉയര്‍ത്തി വെച്ചിരുന്നു.

ഇതുകൊണ്ട് എന്താണ് ഫലത്തില്‍ സംഭവിക്കുന്നത്? ബുദ്ധദേബിനോട് സമാനനാക്കുക വഴി നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. ഇന്ത്യയിലെ കോടതികളോ ദേശീയ മാധ്യമങ്ങളോ മതനിരപേക്ഷ-പുരോഗമന-ജനാധിപത്യ സമൂഹമോ മാപ്പു കൊടുക്കാത്ത കൊടും കുറ്റവാളിയായ നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കാന്‍ ബെസ്റ്റ് ബേക്കറി കേസില്‍ സഹീറാ ഷെയ്ക്കെന്നതു പോലെ ഇക്കൂട്ടരും കൈക്കൂലി മേടിച്ചിട്ടുണ്ടെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇത്തരത്തില്‍ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ളിം വിരുദ്ധമാണെന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ വാദം ഉയര്‍ത്തിയതിനു ശേഷം, കേരളത്തെ ബംഗാളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി, മുസ്ളിംലീഗിനെ തോല്‍പ്പിക്കാന്‍ വിവിധ സമുദായഗ്രൂപ്പുകളെ കൂട്ടു പിടിച്ചിരിക്കുന്നതെന്ന ദുരുപദിഷ്ടമായ ആരോപണവും ഇവര്‍ ഉയര്‍ത്തി. എന്നാലെന്താണ് വാസ്തവം? സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലും രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയും സമുദായ താല്‍പര്യത്തിന് ഹിതകരമെന്ന് കണ്ടെത്തിയും ഇടതുപക്ഷത്തെ സ്വമേധയാ പിന്തുണക്കാന്‍ തീരുമാനിച്ച നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഇടതുപക്ഷം ചെയ്തുള്ളൂ. ഇതെല്ലാ കാലത്തും തുടര്‍ന്നു വന്നിരുന്ന ഒരു നയമാണെന്നും കാണാം.

നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ളിം ലീഗിന്റെ സമുന്നതനായ നേതാവ് സി എച്ച് സാഹിബിനെ തൊപ്പി ഊരിപ്പിച്ചാണ് സ്പീക്കര്‍ പദവി കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം മടിച്ചു മടിച്ച് കൂടെ കൂട്ടിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ മാന്യമായ പരിഗണനയോടെയാണ് 1967ല്‍ ആദ്യമായി മുന്നണി ബന്ധമുണ്ടാക്കിയപ്പോള്‍ ലീഗിനെ പൊതുധാരയിലേക്ക് ആനയിച്ചത്. പിന്നീട് ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് കമ്യൂണിസ്റുകാര്‍ അത്തരത്തില്‍ മാന്യമായ സ്ഥാനം ലീഗിന് കൊടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും അവരുടെ സ്ഥാനം പടിക്കു പുറത്താവുമായിരുന്നു. ഇപ്പോള്‍ പി ഡി പിയെ പടിക്കു പുറത്തോ അല്ലെങ്കില്‍ സ്റ്റേജിന്റെ അടിയിലോ അതുമല്ലെങ്കില്‍ നടുറോട്ടിലോ നിര്‍ത്തി അവരുടെ പിന്തുണ സ്വീകരിച്ചാല്‍ പോരായിരുന്നോ എന്തിന് വലിച്ച് വേദിയില്‍ കയറ്റി എന്നു സംശയിക്കുന്നവരുടെ ഹിന്ദു വര്‍ഗീയാഭിമുഖ്യം രൂക്ഷമായി തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

ഒരു ഭാഗത്ത് ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുകയും അവര്‍ ന്യൂനപക്ഷത്തിന്റെ തടവറയിലാണെന്നും കള്ളപ്രചാരണം നടത്തി പൊതുബോധത്തിലെ മൃദുഹിന്ദുത്വ ഘടകങ്ങളെ ഊതിവീര്‍പ്പിക്കുകയും, മറുവശത്ത് ഇടതുപക്ഷം ന്യൂനപക്ഷവിരുദ്ധമാണെന്ന കള്ളപ്രചാരവേല നടത്തി മുസ്ളിങ്ങളെ അകറ്റുകയുമാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യക്കാര്‍ നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കൃസ്ത്യന്‍ ജനവിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ രീതിയവലംബിക്കുകയാണവര്‍ ചെയ്തത്. സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിന്നുകൊണ്ട് അതാതു കാലത്ത് രൂപീകരിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്ന ഒറ്റുകാരുടെ മഹാസഖ്യം, ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരവും ഉള്ളുറപ്പുള്ള ആഭ്യന്തര/വിദേശ നയങ്ങളും നമ്മുടെ മഹത്തായ ജനാധിപത്യ-മതനിരപേക്ഷ സംസ്ക്കാരവുമാണ് എന്ന കാര്യം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.

*
ജി. പി. രാമചന്ദ്രന്‍

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ചിരിക്കുന്നവര്‍ ഭയാനകമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേ ഉള്ളൂ. - ബെര്‍തോള്‍ത് ബ്രെഹ്ത്ത്

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ഉണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളുടെ കക്ഷിരാഷ്‌ട്രീയപരവും സംഘടനാപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിനു പകരം; പൊതു മാധ്യമങ്ങളും വലതുപക്ഷവും ഇടതു തീവ്രവാദനാട്യക്കാരും അരാഷ്‌ട്രീയ/അരാജക വാദികളും മത-ജാതി സാമുദായിക സമ്മര്‍ദ്ദ സംഘങ്ങളും ഏകോപിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും അതുവഴി പരാജയപ്പെടുത്താനും നടത്തിയ നീക്കങ്ങളെന്തൊക്കെ എന്നന്വേഷിച്ചു തുടങ്ങുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്.....

ജി പി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അവലോകനം.

ullas said...

ഇ എം എസും എ കേ ജി യും എന്നെ മണ്‍ മറഞ്ഞില്ലേ .

Anonymous said...

സന്ദേശം സിനിമയില്‍ ബോബി കൊട്ടാരക്കര ചോദിക്കുന്നപോലെ "നമ്മളെന്താ തോറ്റു പോയതെന്നു മലയാളത്തില്‍ പറ" എണ്റ്റെ പൊന്നു രാമചന്ദ്രാ

സീ പീ എമിണ്റ്റെയും എല്‍ ഡീ എഫിണ്റ്റെയും ബലം ഹിന്ദുക്കള്‍ തന്നെയാണു, ക്രിസ്ത്യാനിയും മുസ്ളീമും ഒക്കെ ചെറിയതോതിലേ ഇന്നും പാര്‍ട്ടിക്കു പുറകിലുള്ളു, പക്ഷെ അവര്‍ക്കാണു കൂടുതല്‍ പ്രാമുഖ്യം. അല്ലെങ്കില്‍ അബ്ദുള്ളക്കുട്ടി ഒക്കെ ഇത്ര പെട്ടെന്നു എം പീ ആവുമോ? ഹിന്ദുക്കള്‍ അല്ലാത്തവറ്‍ ക്കു രാഷ്ട്രീയത്തില്‍ പെട്ടെന്നു വളരാന്‍ എല്‍ ഡീ എഫ്‌ ആണു നല്ലത്‌

എം ഇ ബേബി കാരണം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ എല്ലാം തന്നെ ഇത്തവണ എല്‍ ഡീ എഫിനെതിരെ തിരിഞ്ഞു എന്നാല്‍ മദനി ബാന്ധവത്തോടു ഹിന്ദു കമ്യൂണിസ്റ്റിണ്റ്റെയും സമദൂരം പാലിച്ചവരുടെയും വോട്ട്‌ ഇത്തവണ മറിഞ്ഞു , പിണറായിക്കു മദനി മതിയെങ്കില്‍ മദനിയെ കൊണ്ട്‌ ഒന്നു ജയിക്കു എന്നു ഹിന്ദു വിചാരിച്ചു

കേരളത്തില്‍ കടുത്ത പാറ്‍ട്ടി വിശ്വാസികള്‍ അല്ലാത്ത ഒരു പത്തു ശതമാനം , ഭരണം ഭയങ്കര പരാജയമായതുകൊണ്ട്‌ യു ഡി എഫിനെ പിന്തുണച്ചു

ഭരണം മെച്ചപ്പെടൂത്തുക പരിഷത്തു മുതലുള്ള പഴയ കമ്യൂണിസ്റ്റുകളെ തിരികെ കൊണ്ടുവരിക ധാറ്‍ഷ്ട്യം ഒഴിവാക്കുക എന്നിവ ചെയ്യാതെ ഇനി ഭരണം കിട്ടാന്‍ പോകുന്നില്ല

ജനങ്ങള്‍ ബുധിപരമായി പ്റവറ്‍ത്തിച്ചതുകൊണ്ട്‌ നല്ല നാലു മന്ത്റിമാരെ കിട്ടി നാലുപേരും കേരളത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ളവരാണൂ പ്റാപ്തരാണു ഇനി അവറ്‍ക്കു പാര അടിച്ചു കൊണ്ടിരുന്നാല്‍ ജനം കൂടുതല്‍ പാറ്‍ട്ടിയില്‍ നിന്നും അകലും

നൂറ്റി ഇരുപത്‌ സീറ്റില്‍ ഉമ്മന്‍ ചാണ്ടി അസംബ്ളി പിടിക്കും, ജാഗ്രതൈ

നിങ്ങള്‍ പ്റതിപക്ഷത്തിരിക്കുന്നതാണു നല്ലത്‌ അതിനേ കൊള്ളാവു

Baiju Elikkattoor said...

Ostrich-like mentality......!!!!

ബഷീർ said...

ഏകോപനം തിരിച്ചറിയാൻ കഴിയട്ടെ.

നല്ല ലേഖനം

Anonymous said...

കുറച്ചു പേര്‍ മാനത്തോട്ടു വെടിവച്ചാല്‍ ചന്ദ്രനും സൂര്യനും ഒന്നും താഴോട്ടു പോരില്ലല്ലോ??