Tuesday, October 27, 2009

വിദര്‍ഭ പറയുന്നു: ബിടി അരുത്

ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ജനിറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്‍കിയ വിവരം വിദര്‍ഭയിലെ കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ടാവും. കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ ഇരകളാക്കപ്പെട്ട വിദര്‍ഭയിലെ ജനങ്ങള്‍ തങ്ങളുടെ വിളയും മണ്ണും ജീവനും സ്വച്ഛന്ദവായുവും നഷ്ടപ്പെടുത്തിയ അതേ ശക്തികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല. ബിടി വഴുതന പാടില്ലെന്ന് ബിടി പരുത്തിയുടെ പരീക്ഷണത്തിലേക്ക് തങ്ങളെ എറിഞ്ഞുകൊടുത്തവരോട് മഹാരാഷ്ട്രയിലെ കര്‍ഷകസംഘവും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയും അഭ്യര്‍ഥിക്കുമ്പോള്‍ അത് ഗൌരവത്തോടെയാണ് കാണേണ്ടത്. വിദര്‍ഭയില്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളിലെ കര്‍ഷകര്‍ക്കുണ്ടാവരുതെന്ന മുന്നറിയിപ്പാണ് വിദര്‍ഭയിലെ കര്‍ഷകര്‍ നല്‍കുന്നത്.

2002ല്‍ ബിടി പരുത്തിവിത്തുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് വിദര്‍ഭയിലെ കര്‍ഷകര്‍. കിസാന്‍സഭയാണ് ഈ സമരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍ഡിഎ സര്‍ക്കാര്‍ വിത്തുബില്‍ പാസാക്കുന്നതിനെതിരെയും കിസാന്‍സഭ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സമരങ്ങളിലൂടെ കര്‍ഷകര്‍ നല്‍കിയ ആപല്‍സൂചനകളൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്തതിന്റെ അനിവാര്യ ദുരന്തമാണ് നാലഞ്ച് വര്‍ഷമായി തുടരുന്ന വിദര്‍ഭയിലെ ആത്മഹത്യകള്‍. കര്‍ഷക ആത്മഹത്യകള്‍ ഏഴായിരം കടന്നിട്ടും ഇപ്പോഴും നിലയ്ക്കാതെ തുടരുകയും ചെയ്യുന്നു. ബിടി പരുത്തി ഉപയോഗിച്ചതിന്റെ ദുരന്തഫലം അനുഭവിച്ചവര്‍ ബി ടി പച്ചക്കറി വിത്തുകള്‍ വയലുകളില്‍ പരീക്ഷിക്കരുതെന്ന് പറയുന്നത് സ്വാനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ബിടി വിത്തില്‍നിന്ന് മുളപൊട്ടിയ പരുത്തിച്ചെടിയെ വന്‍തോതില്‍ കീടങ്ങള്‍ ആക്രമിക്കുന്നതും കീടങ്ങളെ തുരത്താന്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതും വിത്തിനും കീടനാശിനിക്കുംവേണ്ടി കൃഷിച്ചെലവിന്റെ സിംഹഭാഗവും ചെലവിടുന്നതും ഇതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കീടനാശിനി കുടിച്ച് ജീവനൊടുക്കുന്നതുമെല്ലാം വിദര്‍ഭയിലെ കാര്‍ഷികജീവിതചക്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിത്തും കീടനാശിനിയും വിലകൊടുത്തു വാങ്ങിയതുവഴി കൊഴുക്കുന്നത് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലെ വന്‍കിടസ്ഥാപനങ്ങളാണ്.

ബാസിലസ് തുറന്‍ജസിക് എന്ന ബാക്ടീരിയയുടെ ചുരുക്കപ്പേരാണ് ബിടി. ഈ ബാക്ടീരിയയെ കടത്തിവിട്ട് വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നതാണ് ജിഎം സാങ്കേതികവിദ്യ. പരുത്തിയില്‍ തുടങ്ങി വഴുതനയിലെത്തിയ പരീക്ഷണം മറ്റ് പച്ചക്കറിയിനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉറപ്പ്. അത് മനുഷ്യന്റെ ശരീരഘടനയിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതവുമാകും. വിദര്‍ഭയില്‍ പരാജയപ്പെട്ട പരീക്ഷണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആവര്‍ത്തിക്കണമെന്നാണ് കിസാന്‍സഭയും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അടക്കമുള്ള കര്‍ഷകസംഘടനകളും ഉയര്‍ത്തുന്ന പ്രധാനചോദ്യം. ബിടി പരുത്തിയുടെ പരീക്ഷണം പരാജയപ്പെട്ടതിന് ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ് അവര്‍ നിരത്തുന്നത്.

2005ലാണ് ബിടി പരുത്തിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രയോഗം ഇന്ത്യയില്‍ ആരംഭിച്ചത്. ലോകവ്യാപാരകരാറിന്റെ ഭാഗമായി അമേരിക്കന്‍ പരുത്തി ഇന്ത്യയില്‍ വ്യാപകമായതോടെ കൂടുതല്‍ വിളവ് തേടിയാണ് ഇത്തരമൊരു പരീക്ഷണത്തിന് കര്‍ഷകര്‍ തയ്യാറായത്. പശ്ചിമ വിദര്‍ഭയില്‍ നാല്‍പ്പത് ലക്ഷം ഹെക്ടറിലാണ് ആ വര്‍ഷം കൃഷി നടത്തിയത്. 456 കര്‍ഷകര്‍ കൃഷിച്ചെലവ് താങ്ങാനാവാതെ ജീവനൊടുക്കി ആ വര്‍ഷം. ബിടി വിത്ത് പരാജയപ്പെട്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി വിലാസ്റാവു ദേശ്‌മുഖ് 1075 കോടിയുടെ പാക്കേജ് 2005ല്‍ അനുവദിച്ചു. പരുത്തിച്ചെടികളില്‍ ചുവപ്പുരാശി വ്യാപിക്കുന്ന ലാലിയ രോഗമാണ് കൃഷിയെ തകര്‍ത്തത്. കീടനാശിനിയുടെ ഉപയോഗം 44 ശതമാനം വര്‍ധിച്ചു. ഇക്കാലത്ത് ചിക്കുന്‍ഗുനിയ വ്യാപകമായത് ബിടി വിത്തുകളില്‍നിന്നുള്ള വൈറസുകള്‍ വഴിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിക്കുന്‍ഗുനിയ ബാധിച്ച് 124 പേര്‍ വേറെയും മരിച്ചു. ലാലിയക്ക് കാരണമാവുന്ന കീടത്തിനെതിരെ പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാന്‍ കീടങ്ങള്‍ക്ക് കഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പിന്നീട് പ്രയോഗിക്കേണ്ടിവന്നു.

2006ല്‍ ബിടി പ്രയോഗിച്ച ഭൂമിയുടെ അളവ് ഇരട്ടിയായി. 1684 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി വിദര്‍ഭയ്ക്കുവേണ്ടി 3750 കോടി അനുവദിച്ചതും ആ വര്‍ഷംതന്നെ. മീലിബഗ് എന്ന കീടമായിരുന്നു വില്ലനായത്. കീടനാശിനിയുടെ മാരകമായ പ്രയോഗം 32ശതമാനം വര്‍ധിച്ചതോടെ പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചു. തൊട്ടടുത്തവര്‍ഷം 120 ലക്ഷം ഹെക്ടറില്‍ ബിടി വിത്ത് പ്രയോഗിച്ചു. പാക്കേജുകളൊന്നും പ്രഖ്യാപിക്കാതിരുന്ന ആ വര്‍ഷം 1460 പേര്‍ ആത്മഹത്യചെയ്തു. ഇരകളില്‍ 82 ശതമാനവും ബിടി വിത്തുകള്‍മാത്രം ഉപയോഗിച്ചവര്‍. ആ വര്‍ഷം കീടനാശിനിയുടെ പ്രയോഗം കുറയുകയും വിളവ് കൂടുകയുംചെയ്തു. എന്നാല്‍, പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ ഗുരുതരമായ രോഗങ്ങളുമായി ജനങ്ങളെത്തുന്നത് വര്‍ധിച്ചത് ഇക്കാലത്താണ്.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയൊട്ടുക്ക് പ്രഖ്യാപിച്ച എഴുപതിനായിരം കോടിരൂപ കടാശ്വാസം നടപ്പായ 2008ല്‍ 1290 പേര്‍ ആത്മഹത്യചെയ്തു. പരുത്തി വിളവെടുപ്പ് 30 ശതമാനം വര്‍ധിച്ചു. ഇതിന് ഓരോ കര്‍ഷകനും നല്‍കേണ്ടിവന്നത് പതിനായിരങ്ങളാണ്. വിത്തിനും കീടനാശിനിക്കും വന്‍തോതില്‍ പണം ചെലവിട്ട കര്‍ഷകന് കൃഷിച്ചെലവ് ഇരട്ടിയിലേറെയായി. ഇതേ കാലത്തു തന്നെയാണ് മാരകരോഗങ്ങള്‍ വന്‍തോതില്‍ വിദര്‍ഭയെ പിടികൂടിയത്. മനുഷ്യര്‍ക്കെന്നപോലെ കന്നുകാലികളും രോഗബാധിതരായി. അവ ചത്തൊടുങ്ങുന്നത് വ്യാപകമായി. അതും കൃഷിയെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. ബിടി വിത്തുകള്‍ക്ക് കൂടുതല്‍ അളവില്‍ വെള്ളം ആവശ്യമാണെന്നതുകൊണ്ടുതന്നെ ഭൂഗര്‍ഭജല ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചു. പശ്ചിമ വിദര്‍ഭയിലെ ഭൂഗര്‍ഭ ജലവിതാനം 164 മീറ്റര്‍ ആഴത്തിലായി.

ഈ വര്‍ഷം 320 ഹെക്ടറിലേക്ക് ബിടി കൃഷി വ്യാപിച്ചപ്പോള്‍ ഇതുവരെ ആത്മഹത്യചെയ്തത് 820 പേര്‍. ഈ വര്‍ഷമാദ്യം മുഖ്യമന്ത്രി അശോ‌ക്‍ചവാന്‍ 6208 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല എന്നര്‍ഥം. മുന്‍വര്‍ഷത്തിലുണ്ടായ ബംബര്‍വിളവ് താല്‍ക്കാലികമാണെന്ന് തെളിയിച്ചുകൊണ്ട് വിളവ് 40 ശതമാനംകണ്ട് കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതേസമയം കൃഷിച്ചെലവ് ഇരട്ടിയാവുകയുംചെയ്തു. കീടനാശിനിയുടെ അമിത ഉപയോഗത്തെതുടര്‍ന്ന് ഓരോ ഗ്രാമത്തിലും ശരാശരി രണ്ടു ക്യാന്‍സര്‍ രോഗികള്‍ വീതമുണ്ടെന്നാണ് കണക്ക്. ഭൂഗര്‍ഭ ജലവിതാനം ഇപ്പോള്‍ 200 മീറ്റര്‍ ആഴത്തിലാണ്. കൃഷിക്കുള്ള വെള്ളം പോയിട്ട് കുടിവെള്ളംപോലും ഇല്ലാതാവുന്ന വിചിത്രമായ ഘട്ടത്തിലൂടെയാണ് വിദര്‍ഭ കടന്നുപോകുന്നത്.

സര്‍പ്പസദൃശമായ ഇത്തരം ദുരനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിനായി നമ്മുടെ വയലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നത്. ബിടി വിത്തുകള്‍ക്കൊപ്പം വയലുകളില്‍ നിറഞ്ഞുവളരുന്ന പുതിയ ഇനം കളകളെ എങ്ങനെ നശിപ്പിക്കണമെന്നത് വിദര്‍ഭയെ സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഉപയോഗിച്ച നാടന്‍ വിത്തുകളിലേക്കും ജൈവവളങ്ങളിലേക്കും ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്തവിധം മണ്ണും പരിസ്ഥിതിയും മാറിക്കഴിഞ്ഞു. തോടുകളിലെ വെള്ളത്തില്‍ കീടനാശിനിയുടെ അളവ് വര്‍ധിച്ചതോടെ മത്സ്യങ്ങളും ചത്തൊടുങ്ങുകയാണ്. വയലുകളില്‍ മുമ്പ് ആരവം തീര്‍ത്തിരുന്ന തത്തകളും കുരുവികളും കാക്കകളും മറ്റ് പക്ഷികളുമൊക്കെ ഈ പ്രദേശമുപേക്ഷിച്ചുപോയിട്ട് വര്‍ഷങ്ങളായി. പരുത്തിച്ചെടികളിലെ പരീക്ഷണം മനുഷ്യശരീരത്തെ പരോക്ഷമായി മാത്രമേ ആക്രമിക്കൂ. എന്നാല്‍, ബിടി പച്ചക്കറികളുടെയും ബിടി പഴങ്ങളുടെയും പ്രഹരശേഷി പ്രവചനാതീതമാവും. കോര്‍പറേറ്റുകളുടെ ഈ ജൈവായുധ പ്രയോഗം കോടിക്കണക്കിന് ജനങ്ങളെ മാറാരോഗികളാക്കാനും കര്‍ഷകരെയും കാര്‍ഷികസംസ്കാരത്തെയും ഉന്മൂലനം ചെയ്യാനുമാണെന്നതിന് വിദര്‍ഭതന്നെ തെളിവ്.

*
എന്‍ എസ് സജിത് കടപ്പാട്: ദേശാഭിമാനി

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ജനിറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്‍കിയ വിവരം വിദര്‍ഭയിലെ കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ടാവും. കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ ഇരകളാക്കപ്പെട്ട വിദര്‍ഭയിലെ ജനങ്ങള്‍ തങ്ങളുടെ വിളയും മണ്ണും ജീവനും സ്വച്ഛന്ദവായുവും നഷ്ടപ്പെടുത്തിയ അതേ ശക്തികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല. ബിടി വഴുതന പാടില്ലെന്ന് ബിടി പരുത്തിയുടെ പരീക്ഷണത്തിലേക്ക് തങ്ങളെ എറിഞ്ഞുകൊടുത്തവരോട് മഹാരാഷ്ട്രയിലെ കര്‍ഷകസംഘവും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയും അഭ്യര്‍ഥിക്കുമ്പോള്‍ അത് ഗൌരവത്തോടെയാണ് കാണേണ്ടത്. വിദര്‍ഭയില്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളിലെ കര്‍ഷകര്‍ക്കുണ്ടാവരുതെന്ന മുന്നറിയിപ്പാണ് വിദര്‍ഭയിലെ കര്‍ഷകര്‍ നല്‍കുന്നത്....

വിശദമായ ചര്‍ച്ചകള്‍ക്കായി എന്‍.എസ്.സജിത് എഴുതിയെ ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

Anonymous said...

കേരളത്തില്‍ ക്റിഷിയുമില്ല കീടവുമില്ല കീടനാശിനിയുമില്ല ഉള്ളത്‌ കുറെ മനുഷ്യ കീടങ്ങള്‍ രാവിലെ മുതല്‍ രാത്റി വരെ കീടം അടിച്ചു കടത്തിണ്ണയില്‍ കിടക്കുന്ന കുറെ കൂതറകള്‍

ഇവിടെ വഴുതനയും വേണ്ട വെണ്ടയും വേണ്ട എല്ലം തമിഴ്‌ നാടില്‍ നിന്നും വരും

പൊറോട്ട മൂട്ട നമ്മുടെ ഭക്ഷണം

ഈ ബീ ടീ പരുത്തി കഥ കേട്ടു കേട്ടു പടമഴിഞ്ഞു ആട്ടേ വിദറ്‍ഭയില്‍ ഇപ്പോള്‍ പരുത്തി ക്രീഷി ഇല്ലേ? പഴയ വിത്താണോ ഉപയോഗിക്കുന്നത്‌?

ഇപ്പോള്‍ നമ്മള്‍ കഴിച്ചു കൊണ്ടിരിക്കുന്ന അരിയില്ലാത്ത ടൊമാറ്റോ പണ്ട്‌ ഉണ്ടായിരുന്നോ അതും ജെനറ്റിക്‌ അല്ലേ?

ജൈവ ക്റിഷിയും കൊണ്ടിരുന്നാല്‍ വയറില്‍ എന്തു പോവും പോപ്പുലേഷന്‍ കൂടുകയല്ലേ

എത്റ വഴുതനങ്ങ നമ്മള്‍ ഒരാണ്ടില്‍ തിന്നും ?

എന്തു പറഞ്ഞാലും തടസ്സം തെറ്റു തിരുത്തല്‍ തന്നെ എന്നും അജണ്ട എന്നെങ്കിലും ഒരു ശരി ചെയ്തിട്ടുണ്ടോ?

എല്ലാം എതിറ്‍പ്പ്‌ ഒന്നും പാടില്ല

ട്റാക്ടര്‍ പാടില്ല കമ്പ്യൂട്ടര്‍ പാടില്ല മാരുതി കാറ്‍ പാടില്ല പത്ത്‌ കൊല്ലം കഴിഞ്ഞ്‌ തിരുത്തും അലവലാതികള്‍

ഹാറൂണ്‍ റഷീദ് said...

ഹാറൂണ്‍ റഷീദിന്‍റെ ഈ പോസ്റ്റ് കാണുക.

ആസിയാനും ദേശസ്നേഹവും

http://vruthantham.blogspot.com

ബോണ്‍സ് said...

"ബാസിലസ് തുറന്‍ജസിക് എന്ന ബാക്ടീരിയയുടെ ചുരുക്കപ്പേരാണ് ബിടി. ഈ ബാക്ടീരിയയെ കടത്തിവിട്ട് വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നതാണ് ജിഎം സാങ്കേതികവിദ്യ."

ഈ ബ്ലോഗ്‌ കൊണ്ടെന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല. പക്ഷെ
ബീടീയെ കുറിച്ച് നിങ്ങള്‍ എഴുതി വച്ചിരിക്കുന്നത് പലതും ശാസ്ത്രീയമായ കാര്യങ്ങള്‍ അല്ല മറിച്ച് ശുദ്ദ അസംബന്ധങ്ങള്‍ ആണ്. ഒരുദാഹരണം മുകളില്‍ കൊടുത്തിരിക്കുന്നു. പക്ഷെ പത്രത്തിലെ കാര്യങ്ങള്‍ വാങ്ങി കോപ്പി പേസ്റ്റ് നടത്തുമ്പോള്‍ വായിച്ചു നോക്കണം. അതിനു വിവരം ഇല്ലെങ്കില്‍ അറിയാവുന്ന ആരെകൊണ്ടെങ്കിലും വായിപ്പിച്ചു നോക്കണം..

വര്‍ക്കേഴ്സ് ഫോറം said...

ആരുഷിയുടെ ലോകം, ഹാരൂണ്‍ റഷീദ്, ബോണ്‍സ് കമന്റുകള്‍ക്ക് നന്ദി.

ബോണ്‍സ്,

ശാസ്ത്രീയമായി ഈ വിഷയത്തെക്കുറിച്ച് എഴുതാനുള്ള ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും. കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനങ്ങയില്‍ എന്തൊക്കെ പരീക്ഷണം നടത്തിയാണ് അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള അനുവാദം ജനെടിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി (GEAC) നല്‍കിയതോ അതിന്റെ പിന്നില്‍ നടന്നു എന്ന് പറയപ്പെടുന്ന കള്ളത്തരമോ, രാഷ്ട്രീയമോ അല്ല ഈ പോസ്ടിനാധാരം എന്ന് താങ്കള്‍ താങ്കളുടെ ബ്ലോഗില്‍ എഴുതിയത് വായിച്ചു. താങ്കള്‍ക്കത് വിഷയം അല്ലായിരിക്കാം. അത് വിഷയം ആകുന്നവര്‍ ധാരാളമുണ്ട്.

GEACയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയമിച്ച ഡോ.പുഷ്പ ഭാര്‍ഗവ ഇങ്ങിനെ പറയുന്നുണ്ട്. (http://timesofindia.indiatimes.com/india/Panel-clears-Bt-brinjal-govt-nod-may-take-a-while/articleshow/5125722.cms)

Dr Pushpa M Bhargava, eminent scientist and Supreme Court-appointed member to oversee matters of GEAC, expressed shock. "It’s a disaster. It’s unethical. No time was given to us as members to review the findings. Why was it rushed? I had suggested to them to invite all stakeholders and have a scientific decision on the matter. But they avoided it. Now the decision lies with the ministry. An ordinance must be passed that labels all GM products. Else commercialization must be stopped."

ദേവീന്ദര്‍ ശര്‍മ്മ എഴുതിയ Bt brinjal -- India's first poisonous food crop എന്ന ലേഖനം ഇവിടെ ഉണ്ട്. ഇത് ഒരു necessary evil ആണെന്ന മറ്റു ചില അഭിപ്രായങ്ങളും മറ്റിടങ്ങളില്‍ വായിക്കാം. ഇതെല്ലാം ചേര്‍ത്ത് വായിച്ചാല്‍ ഈ പോസ്റ്റിലെ സന്ദേഹങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നതില്‍ തര്‍ക്കമില്ല.

ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശ്യിക്കുന്നത് എന്താണെന്ന് മനസ്സിലായിക്കാണും എന്നു കരുതുന്നു. തെറ്റുകള്‍ എന്തെന്നത് താങ്കള്‍ക്കും കമന്റില്‍ ചൂണ്ടിക്കാണിക്കുകയും വിശദീകരിക്കുകയും ചെയ്യാവുന്നതേ ഉള്ളൂ. ഒരു വിഷയത്തിന്റെ വിവിധ വശങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നത് /പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയൊക്കെ അല്ലേ?

Inji Pennu said...

വർക്കേർസ് ഫോറം,

കലാകൌമുദിയിലെ ഈ ലേഖനത്തിൽ എസ്.ആർ.പി ഇപ്പോൾ പറയുന്നതു അനുസരിച്ചു നിങ്ങളുടെ ഈ പോസ്റ്റിൽ മുഴുവൻ തെറ്റാണെന്നാണല്ലോ?

http://2.bp.blogspot.com/_4zroOSd-P6U/TS3msjQoNpI/AAAAAAAAA5k/8Go4WtV1zAg/s1600/SRP%2B2-710214.JPG

ഇതിനു എന്തെങ്കിലും വിശദീകരണമുണ്ടോ?