യേശുദാസ് മലയാളത്തിന്റെ സാംസ്കാരികഭൂമികയിലെ സജീവ സാന്നിധ്യമായിട്ട് അരനൂറ്റാണ്ട് തികയാന്‍പോകുന്നു. നമ്മുടെ നിത്യജീവിതത്തില്‍നിന്നു വേര്‍തിരിക്കാനാവാത്ത പ്രതീകം. മലയാള ചലച്ചിത്രഗാനശാഖയുടെ സുവര്‍ണകാലഘട്ടത്തില്‍ കുറേ നല്ല ഗാനങ്ങള്‍ പാടി അദ്ദേഹം. ദിവസവും യേശുദാസിന്റെ പാട്ടുകേള്‍ക്കാതെ മലയാളി ഉറങ്ങുന്നില്ല. ആ അര്‍ഥത്തില്‍ കേരളത്തിലെ ഏറ്റവും ജനകീയനായ കലാകാരനാണ് അദ്ദേഹം.
ഐക്യകേരള രൂപീകരണത്തിനുശേഷം വിവിധ തുറകളില്‍ നമുക്കേറെ മുന്നേറ്റങ്ങളുണ്ടായി. കലാരംഗത്ത് അത്തരത്തില്‍ സമാനതകളില്ലാത്ത സാനിധ്യമാണ് യേശുദാസ്. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍. ആസാമീസ്, കശ്മീരി ഒഴികെ ഭാഷകളില്‍ പാടി. മലയാളസിനിമയില്‍ മൂന്നു തലമുറകള്‍ക്കുവേണ്ടിയുള്ള ആലാപനം. ഇന്നും അതു തുടരുന്നു.
മലയാളത്തില്‍മാത്രമല്ല, മറ്റു ഭാഷകളിലും ഏറ്റവും മികച്ചതും എക്കാലവും കേട്ടുകൊണ്ടിരിക്കുന്നതുമായ ഗാനങ്ങള്‍ പിറന്നത് അമ്പതുകളിലും അറുപതുകളിലുമാണ്. ഹിന്ദിഗാനങ്ങളുടെ വസന്തം നാല്‍പ്പതുകളില്‍ തുടങ്ങി. അവയുടെ ഈണങ്ങള്‍ അതേപടി പകര്‍ത്തി ചിട്ടപ്പെട്ടുത്തുകയായിരുന്നു അമ്പതുകളുടെ ആദ്യപകുതിവരെ മലയാളം. 1954ല്‍ നീലക്കുയിലോടെ സ്വന്തമായ ഈണങ്ങളുടെ വസന്തം പിറന്നു. ചലച്ചിത്രരംഗത്ത് ആ വര്‍ഷം ആരംഭിച്ച കുതിപ്പ് നാടകരംഗത്ത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലൂടെ 1951ല്‍ത്തന്നെ തുടങ്ങിയിരുന്നു. ഒ എന്‍ വി, വയലാര്‍, ജി ദേവരാജന്‍ എന്നിവര്‍ ആരംഭിച്ച ജനകീയഗാനശാഖയ്ക്ക് പി ഭാസ്കരനും കെ രാഘവനും നീലക്കുയിലിലൂടെ മറ്റൊരു മുഖം നല്കി. ഒപ്പം ദക്ഷിണാമൂര്‍ത്തിയും എം എസ് ബാബുരാജും.
ഈ മഹാരഥന്മാരുടെ കാലത്താണ് യേശുദാസ് സിനിമയിലെത്തുന്നത്. മികച്ച ഗായകരുടെ നിരതന്നെയുണ്ടായിരുന്ന അന്ന്. എ എം രാജാ, കമുകറ പുരുഷോത്തമന്, കെ പി ഉദയഭാനു തുടങ്ങിയവര്‍. മലയാള സിനിമാഗാന വസന്തത്തിലെ ഈ പൂങ്കുയിലുകള്ക്കിടയിലേക്കാണ് യേശുദാസിന്റെ വരവ്. മികച്ച കലാപാരമ്പര്യവും സംഗീതപഠനത്തിലൂടെ നേടിയ അറിവും പെട്ടെന്ന് ശ്രദ്ധേയനാക്കി. അറുപതുകളുടെ അവസാനത്തോടെ മലയാളസിനിമയ്ക്ക് മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഘടകമായി. രാജായും കമുകറയും ഉദയഭാനുവും മോശക്കാരായതുകൊണ്ടല്ല പിന്നിലേക്കു പോയത്. ഈ ഗായകരുടെ മികച്ചഗാനങ്ങള്‍ ഇന്നും മലയാളി ആസ്വദിക്കുന്നു.
യേശുദാസ് എന്ന ഗായകനെ വിലയിരുത്തുമ്പോള്‍ മലയാളി മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ ജനപ്രിയഗാനങ്ങളുടെ ഘടകങ്ങള്‍ എന്തൊക്കെയാണ് ? സംഗീതത്തിന്റെ കലാമൂല്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം മികവു കൈവരിക്കാന്‍ കഴിഞ്ഞു ? പരിപൂര്‍ണരായി ഒരു കലാകാരനുമില്ല. പൂര്‍ണത കൈവരിച്ച മനുഷ്യരാരുമില്ല. യേശുദാസിനെ വിലയിരുത്തുമ്പോള്‍ ഇതു മറക്കാനാണ് മലയാളികള്‍ക്ക് ഇഷ്ടം. ജനപ്രീതി, റെക്കോഡുകള്‍, മതനിരപേക്ഷത എന്നിവ അംഗീകരിക്കുമ്പോള്‍ത്തന്നെ യേശുദാസ് എന്ന ഗായകനെ സൃഷ്ടിച്ച കാലഘട്ടം, സാമൂഹ്യാവസ്ഥ, പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളും വ്യക്തികളും, എന്നിവ പരാമര്ശിക്കുന്നതില് തെറ്റില്ല.
യേശുദാസിന്റെ ജനപ്രീതിക്ക് ആധാരമായ ഗാനങ്ങള്‍ പ്രത്യേക കാലഘട്ടത്തിലുള്ളതാണ്. അദ്ദേഹത്തെക്കുറിച്ച് മലയാളികള്‍ ഏറെ പറയുന്നത് ആ പാട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമാഗാനരംഗത്തെത്തുമ്പോള് വയലാര്‍, പി ഭാസ്കരന്, ഒ എന്‍ വി, ജി ദേവരാജന്‍, കെ രാഘവന്, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവരായിരുന്നു പ്രധാന ശില്‍പ്പികള്‍. ഒട്ടുമിക്ക ഹിറ്റ് ഗാനങ്ങളുടെയും സ്രഷ്ടാക്കള്‍. പിന്നീട് ശ്രീകുമാരന്‍തമ്പിയും എം കെ അര്‍ജുനനും രവീന്ദ്രനുമെല്ലാം നല്ല ഗാനങ്ങള്‍ സമ്മാനിച്ചു.
വയലാര്‍-ദേവരാജന്‍ ടീം ചിട്ടപ്പെടുത്തിയ നിരവധി ഗാനങ്ങള്‍ യേശുദാസ് പാടി. സാഹിത്യത്തിലും സംഗീതത്തിലും ഏറ്റവും സമ്പുഷ്ടമായവ. ശാസ്ത്രീയസംഗീതത്തിലെ രാഗങ്ങളില്‍നിന്ന് മനുഷ്യാവസ്ഥയുടെ വൈവിധ്യത്തിനനുസരിച്ച് രസഭാവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന രാസപ്രക്രിയ ഏറ്റവും വിജയകരമായി നിര്‍വഹിച്ച സംഗീതസംവിധായകനായിരുന്നു ദേവരാജന്‍. ഈ ഗാനങ്ങള്‍ അന്നത്തെ സിനിമയുടെ ജീവാത്മാവായി. അവയിലെ നായകരിലൂടെ ഇവ കൂടുതല്‍ പ്രചാരം നേടുകയുമുണ്ടായി. പ്രേംനസീര്‍ നായകനായ സിനിമകളില്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് പ്രത്യേക പരിഗണന കിട്ടി. ദക്ഷിണാമൂര്‍ത്തിയുടെയും ബാബുരാജിന്റെയും സംഭാവനകള്‍കൂടി ലഭിച്ചതോടെ മികച്ച ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ പാടാന്‍ അവസരം കിട്ടിയ ഗായകനായി. പാടിയ ഗാനങ്ങളോടെല്ലാം നീതിപുലര്‍ത്താനും ഒട്ടൊക്കെ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
സംഗീതസംവിധായകരുടെ ഭാവനയ്ക്കൊത്ത് സംഗീതാശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞോ എന്നത് അന്വേഷണവിഷയമാക്കാവുന്നതാണ്. ബാബുരാജ് ചിട്ടപ്പെടുത്തി, യേശുദാസ് പാടി റിക്കോഡ്ചെയ്ത ചില ഗാനങ്ങള്‍ ബാബുരാജ് പാടി ശബ്ദലേഖനംചെയ്തത് കേള്‍ക്കാനിടയായപ്പോഴാണ് ഈ അന്വേഷണത്തിന്റെ ആവശ്യം ബോധ്യപ്പെട്ടത്.
ശാസ്ത്രീയസംഗീതത്തെ പൂര്‍ണമായി അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പാട്ടുകളില്‍ തെറ്റില്ലാതെ പാടുന്നതില്മാത്രമാണ് യേശുദാസ് കൂടുതല്‍ ശ്രദ്ധിച്ചത്. ജനപ്രിയമായതെല്ലാം ഉദാത്തം എന്നുപറയാനാവില്ല. അതു തീര്‍ത്തും അവഗണിക്കപ്പെടേണ്ടതുമല്ല. പ്രത്യേക കാലഘട്ടത്തില്‍ മികച്ച ഗാനങ്ങള്‍ പാടാന്‍ ലഭിച്ച അവസരം നന്നായി വിനിയോഗിച്ച ഗായകന് എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
ദോഷംമാത്രം കാണുന്നപോലെ അശാസ്ത്രീയമാണ് പരിമിതികള്‍ മറച്ചുവച്ച് ഗുണംമാത്രം ശ്രദ്ധിക്കുകയെന്നതും. യേശുദാസിനെക്കുറിച്ച് അഭിമാനംകൊള്ളുമ്പോള്‍ത്തന്നെ നല്ല സംഗീതാവബോധത്തിനുവേണ്ടി ആരോഗ്യകരമായ സംവാദം ആവശ്യമാണെന്നു തോന്നുന്നു. ഏറ്റവും ജനകീയനായ ഗായകനായതുകൊണ്ട് അദ്ദേഹം പാടുന്നതാണ് ശരി എന്നൊരു വിശ്വാസം ഇവിടെ പ്രബലമായി.
ശാസ്ത്രീയസംഗീതത്തില്‍ അനുകരിക്കേണ്ടത് അദ്ദേഹത്തെയാണെന്ന് കുറേപ്പേരെങ്കിലും കരുതുന്നുമുണ്ട്.
ലളിതഗാനശാഖയില്‍ മികച്ച ഗാനങ്ങള്‍ പാടിയ യേശുദാസിന് ശാസ്ത്രീയസംഗീതരംഗത്ത് അത്രത്തോളം അംഗീകാരം നേടാനായില്ലെന്നൊരു അഭിപ്രായമുണ്ട്. ശ്രദ്ധ ഏതാണ്ട് പൂര്‍ണമായും ചലച്ചിത്ര ഗാനശാഖയില്‍ കേന്ദ്രീകരിച്ചതിനാലാവാം ഇത്.
****
വി ജയിന്, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Monday, January 11, 2010
Subscribe to:
Post Comments (Atom)
9 comments:
യേശുദാസ് മലയാളത്തിന്റെ സാംസ്കാരികഭൂമികയിലെ സജീവ സാന്നിധ്യമായിട്ട് അരനൂറ്റാണ്ട് തികയാന്‍പോകുന്നു. നമ്മുടെ നിത്യജീവിതത്തില്‍നിന്നു വേര്‍തിരിക്കാനാവാത്ത പ്രതീകം. മലയാള ചലച്ചിത്രഗാനശാഖയുടെ സുവര്‍ണകാലഘട്ടത്തില്‍ കുറേ നല്ല ഗാനങ്ങള്‍ പാടി അദ്ദേഹം. ദിവസവും യേശുദാസിന്റെ പാട്ടുകേള്‍ക്കാതെ മലയാളി ഉറങ്ങുന്നില്ല. ആ അര്‍ഥത്തില്‍ കേരളത്തിലെ ഏറ്റവും ജനകീയനായ കലാകാരനാണ് അദ്ദേഹം.
[[മലയാളത്തില്‍മാത്രമല്ല, മറ്റു ഭാഷകളിലും ഏറ്റവും മികച്ചതും എക്കാലവും കേട്ടുകൊണ്ടിരിക്കുന്നതുമായ ഗാനങ്ങള്‍ പിറന്നത് അമ്പതുകളിലും അറുപതുകളിലുമാണ്. ഹിന്ദിഗാനങ്ങളുടെ വസന്തം നാല്‍പ്പതുകളില്‍ തുടങ്ങി.]]
ഇത്തരം ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റുകളുടെ ഒക്കെ ലോജിക് എന്താണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എക്കാലത്തെയും മികച്ച ഗാനങ്ങളൊക്കെ അങ്ങ് 70 നു മുന്നെയാണെന്ന് ആരു തീരുമാനിച്ചു? അതിനുള്ള ക്രൈറ്റീരിയ എന്താണ്? മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ആണെന്നൊക്കെ ചുമ്മാ അടിച്ചു വിട്ടാൽ മതിയോ?
എന്നല്ല ഇന്ന് മലയാളം തമിഴ് ഹിന്ദി ഗാനശാഖകളിലൊന്നും ഗായകരിൽ സൂപ്പർ താരങ്ങളില്ല എന്നത് നല്ലതും വ്യത്യസ്തതയുമുള്ള ഗാനങ്ങൾ ഉണ്ടാകുവാൻ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഒരു കാലത്ത് പിന്നണിഗാനരംഗത്തുണ്ടായിരുന്ന സൂപ്പർ താരസങ്കല്പം (മലയാളത്തിൽ യേശുദാസ്. ഹിന്ദിയിൽ ആദ്യം റഫി, പിന്നെ കിഷോർ, തമിഴിൽ എസ്.പി. ഗായികമാരിൽ ലത, ജാനകി ) ഇന്നില്ല. ഒരുപാട് ഗായകർക്കും ഗായികമാർക്കും തുല്യമായ അവസരങ്ങൾ ആണ് ഇന്ന് ഹിന്ദിയിലും മലയാളത്തിലും തമിഴിലും ഒക്കെ ലഭിക്കുന്നത്.
സംഗീതസംവിധായകരിലും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് ഇന്ന് അവസ്ഥ. ഈ സോഷ്യലിസം കൂടുതൽ നല്ല ഗാനങ്ങൾ പിറക്കാൻ വഴി വെക്കുന്നു എന്നാണ് എന്റെ വിനീതാഭിപ്രായം.
പൈങ്കിളി നൊസ്റ്റാൾജിക് പോസ്റ്റുകൾ വർക്കേഴ്സ് ഫോറത്തിലെങ്കിലും പ്രതിക്ഷിക്കുന്നില്ല.!
കാൽവിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
എപ്പോഴും പത്തുമുപ്പത് വർഷം മുൻപുള്ളത് എല്ലാം നല്ലത്. പാട്ടായലും സിനിമയായാലും, സംസ്കാരമായാലും. പറയുമ്പോൾ എല്ലാവരും ഇഷ്ടപെടുന്നത് ആ കാലഘട്ടത്തിലെ പാട്ടുകൾ, സിനിമകൽ, അങ്ങനെ എല്ലാം... സത്യം വളരെ അകലെയാണെന്ന് മാത്രം.
ഇത് തന്നെ അടുത്ത തലമുറയും പറയുമായിരിക്കും, അപ്പോൽ ഈ കാലഘട്ടമായിരിക്കും താരം.
ഓപ്പണ്‍ എയറില്‍ യേശുദാസ് നന്നായി പാടാറില്ല വരികള്‍ തെറ്റിക്കുകയും അഹങ്കാരം കാണിക്കുകയും ഒക്കെ ചെയ്യും ദേവരാജന്‍ മാഷിനെപോലെ സ്റ്റ്രിക്റ്റ് ആയവരാണു നല്ല പാട്ടുകള്‍ പാടിപ്പിച്ചെടുത്തത്
പിന്നെ രവീന്ദ്രന് മാഷ് യേശുദാസിനു പുതുജീവന്‍ കൊടുത്തു
ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോളൊരു എന്ന പാടില് മല്ലീശരനെ മല്ലീശ്വരന് ആക്കിയത് ദേവരാജന്‍ മാഷോ ബാബുരാജോ അനുവദിക്കുമായിരുന്നില്ല
എന്തൊക്കെ ആയാലും പുതു ഗായകരൊന്നും ഇന്നും യേശുദാസിണ്റ്റെ ഏഴയലത്തു വരുന്നില്ല ശബ്ദ ഗാംഭീര്യത്തിലും സ്ഫുടതയിലും
ദേവീ മാഹാത്മ്യം എന്ന ടൈറ്റില്‍ ഗാനം വേറെ ആരു പാടിയാല്‍ ഇത്റ ഭംഗി ആകും ആകെ അഞ്ചക്ഷരം പക്ഷെ യേശുദാസ് അതാലപിക്കുമ്പോള് എന്താ ഈ എഴുപതാം വയസ്സിലും ആ സൌന്ദര്യം
വരച്ചു വച്ചിട്ടുള്ള അതിരുകള്‍ക്കുള്ളില്‍ പയറ്റിത്തെളിയാന്‍ പ്രാക്റ്റീസു മാത്രം മതി..അതാണു യേശുദാസിന്റെ കരുത്ത്. അതു മാത്രമാണ് ..ജാസി ഗിഫ്റ്റിന്റെ ഏഴയലത്തു യേശുദാസ് വരില്ല
ഇഡ്ഡ്ലീം ദോശേം മാത്രം പ്രാതലായിട്ട് മാറി മാറി ഉണ്ടാക്കുന്ന വീടുകള്‍ ഉണ്ടായിരുന്നു പണ്ട്. കുറച്ച് കാലം ഇങ്ങോട്ട് നടന്ന് കേറിയപ്പോള്‍, പൂരീം മാസാലക്കറീം, അപ്പം മുട്ടക്കറീം അങ്ങേയറ്റം ന്യൂഡില്‍സ് വരെ ഒക്കേ മേശമേല്‍ വന്നു. പഴയവരും അതൊക്കെ ഇഷ്ടത്തോടേ വെട്ടി വിഴുങ്ങുന്നുണ്ടേങ്കിലും, പഴയ ആളുകളില്‍ നാലു ആളുകളു ഒന്നിച്ച് ഹോട്ടലില്‍ പോയാല്‍ (നാലു പേരൊന്നിച്ച് എന്ന് എടുത്ത് പറയേണ്ടീയിരിയ്ക്കുന്നു) നാലു പ്ലേറ്റ് ഇഡ്ഡ്ലി വടയെന്നോ ദോശയെന്നോ മാത്രേ പറയൂ. അതാണതിന്റെ രീതി. ഒറ്റയ്കാണെങ്കില്‍ ടേബിള്‍ നമ്പ്റ് നാലില്‍ ബ്രേഡ് ഓംലെറ്റ്ന്ന് പയ്യന് വിളിച്ച് പറഞേനേ.
ഇഡ്ഡ്ലീം ദോശേം മാത്രം പ്രാതലായിട്ട് മാറി മാറി ഉണ്ടാക്കുന്ന വീടുകള്‍ ഉണ്ടായിരുന്നു പണ്ട്. കുറച്ച് കാലം ഇങ്ങോട്ട് നടന്ന് കേറിയപ്പോള്‍, പൂരീം മാസാലക്കറീം, അപ്പം മുട്ടക്കറീം അങ്ങേയറ്റം ന്യൂഡില്‍സ് വരെ ഒക്കേ മേശമേല്‍ വന്നു. പഴയവരും അതൊക്കെ ഇഷ്ടത്തോടേ വെട്ടി വിഴുങ്ങുന്നുണ്ടേങ്കിലും, പഴയ ആളുകളില്‍ നാലു ആളുകളു ഒന്നിച്ച് ഹോട്ടലില്‍ പോയാല്‍ (നാലു പേരൊന്നിച്ച് എന്ന് എടുത്ത് പറയേണ്ടീയിരിയ്ക്കുന്നു) നാലു പ്ലേറ്റ് ഇഡ്ഡ്ലി വടയെന്നോ ദോശയെന്നോ മാത്രേ പറയൂ. അതാണതിന്റെ രീതി. ഒറ്റയ്കാണെങ്കില്‍ ടേബിള്‍ നമ്പ്റ് നാലില്‍ ബ്രേഡ് ഓംലെറ്റ്ന്ന് പയ്യന് വിളിച്ച് പറഞേനേ.
ചില ഹോട്ടലുകളില്‍ ഇഡലി അരച്ച മാവോണ്ട് ചിലര്‍ ഉഴുന്നുവട ഉണ്ടാക്കുന്ന കണ്ടിട്ടുണ്ട്. ഉഴുന്നുവട രണ്ടു ദിവസം കഴിഞ്ഞാല്‍ പിന്നെ കന്നാലികള്‍ക്ക് കൊടുക്കുകയും ചെയ്യും. ഒരാഴ്ച കഴിഞ്ഞാല്‍ അന്നത്തെ ഉഴുന്നുവട കുശാലായിരുന്നൂന്ന് പറയും.
Post a Comment