Monday, May 4, 2009

അവലോസുണ്ട

റബറ് തോട്ടത്തില്‍ ചുമ്മാ ചുറ്റിനടക്കുമ്പോഴാണ് അന്നമ്മച്ചേടത്തിയുടെ വിളി വരുന്നത്.

'ദേ...ഇതിയാന്‍ ഇങ്ങോട്ടൊന്ന് വന്നേ..'

ആബാലവൃദ്ധം റബറുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ആര് വിളിക്കുന്നതും ഉതുപ്പാഞ്ചേട്ടന് ഇഷ്ടമല്ല- അന്നമ്മച്ചേടത്തി പോലും.

റബര്‍തൈകളെ തലോടി, കൌമാരക്കാരോട് കുശലം പറഞ്ഞ്, യൌവനക്കാരെ പ്രണയിച്ച്, മധ്യവയസ്കരെ ആശ്വസിപ്പിച്ച്, വൃദ്ധര്‍ക്ക് അന്ത്യചുംബനം നല്‍കി അങ്ങനെ നടക്കുന്നത് ഉതുപ്പാഞ്ചേട്ടന്റെ സ്വകാര്യനിമിഷമാണ്. അത് ജീവന്‍ വെച്ച സ്വപ്നമാണ്. ആ സ്വപ്നത്തില്‍നിന്ന് പിടിച്ചിറക്കിയാല്‍ ഉതുപ്പാഞ്ചേട്ടന്‍ സഹിക്കില്ല. സ്വപ്നങ്ങള്‍ക്ക് അത് തന്നെ തീരുമാനിച്ച ഒരന്ത്യമുണ്ട്. അതുവരെ കണ്ടേ തീരൂ.

ഉതുപ്പാഞ്ചേട്ടന്‍ ഇഷ്ടക്കേടിന്റെ ശബ്ദത്തില്‍ തിരിച്ച് ചോദിച്ചു.

'എന്റേടി പെണ്ണേ...എന്നാ കാര്യം..?'

'..ദേ..ജെര്‍മനീന്ന് മോളാ വിളിക്കണത്..'

'എന്നാത്തിനാടി പെണ്ണേ..?'

'..ഓ..ആര്‍ക്കറിയാം..അവളേതാണ്ട് ഹോള്‍ഡ് ചെയ്തോണ്ടിരിക്കുവാ..അച്ചായനെ പെട്ടെന്ന് വിളിക്കാമ്പറഞ്ഞു.'

വാര്‍ത്താവിതരണ രംഗത്തെ സാങ്കേതിക വാക്കുകളില്‍ അന്നമ്മച്ചേടത്തി പുലര്‍ത്തുന്ന അജ്ഞതയില്‍ ഉതുപ്പാഞ്ചേട്ടന് അഭിമാനം തോന്നി.

'അവളെന്റെ കെട്ട്യോളാ..കാലമെത്ര മാറിയാലും അവളെത്തൊടാമ്പറ്റത്തില്ല. രണ്ടരപ്പറ നെല്ല് വറത്ത് ഒരലിലിട്ട് കുത്തി പുല്ല് പോലെ അവലൊണ്ടാക്കണ എന്റെ അന്നമ്മയോടാണ് കാക്കിരിപീക്കിരി വാക്ക് കൊണ്ടുള്ള കളി!. മുണ്ടോന്‍ കൊയ്ത് മെതിച്ച തഴമ്പുള്ള കാലാ അവ്ളുടെത്..അതുകൊണ്ടൊരു തട്ട് കിട്ട്യാ..മറ്റിംഗ്ളീഷ് ഇംഗ്ളണ്ടും കടന്ന് പോകും..അവളോടാ ഹോള്‍ഡിങ്ങ്....!'

ഉതുപ്പാഞ്ചേട്ടന് ചിരിവന്നു.

ഉതുപ്പാഞ്ചേട്ടനും അന്നമ്മച്ചേടത്തിയും ഒന്നായത് വാക്കുകള്‍ കൊണ്ടായിരുന്നില്ല. സാങ്കേതിക വാക്കുകളുടെ കീടനാശിനി തളിച്ചല്ല ആ ദാമ്പത്യ വല്ലരി പൂത്തത്. അന്ന് ഇത്രയും വാക്കുകളും ഉണ്ടായിരുന്നില്ല. പക്ഷേ മീനച്ചിലാറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ നിറയെ മീനുകളുമുണ്ടായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാന്‍ പോയാല്‍ തോര്‍ത്ത് നിറയെ മീനുമായാണ് ഉതുപ്പാഞ്ചേട്ടന്‍ തിരിച്ചു വരിക. അത്കൊണ്ടുവന്നാല്‍ അന്നമ്മച്ചേടത്തി അപ്പോള്‍ തന്നെ വെട്ടിക്കഴുകി പൊരിച്ച്വെക്കും. രാത്രി നമസ്ക്കാരോം കഴിഞ്ഞ് അത്താഴത്തിനിരിക്കുമ്പോ അന്നമ്മച്ചേടത്തി പൊരിച്ച മീന്‍ വെളമ്പും.

'നീ എന്നാത്തിനാടീ ഇപ്പത്തന്നെ വെട്ടി വെച്ചത്..'

'ഇതിയാന് പച്ചമീമ്പൊരിച്ചത് പ്രാണനല്ലെ..!'

മീമ്പൊരിച്ചതിന്റെ നടുക്കഷണത്തില്‍ രണ്ടു വിരല്‍ കൊണ്ടൊന്ന് നുള്ളും. ഒരു പിടി കൈയിലിരിക്കും. ഉതുപ്പാഞ്ചേട്ടനതിലൊന്ന് നോക്കും. എന്നിട്ടൊന്നാഞ്ഞ് വലിക്കും.

ആ വെളിച്ചെണ്ണേടേം കുരുമുളകു പൊടിയുടേം ഒരു മണം. ഹാ..ഹാ...!

ആ മീന്‍ പൊളിച്ചത് അന്നമ്മച്ചേടത്തിയുടെ വായിലേക്ക് സ്നേഹപൂര്‍വം സമര്‍പ്പിക്കും. അന്നമ്മച്ചേടത്തി കുഞ്ഞിക്കിളി പോലെ വായ പൊളിക്കും. മീനിന് നോവാതെ ചവക്കുന്നതിനിടയില്‍ അന്നമ്മച്ചേടത്തി ചോദിക്കും.

'വയസ്സെത്രയായെന്നാ വിചാരം..?'

' എടിയേ..അണ്ണാന്‍ മൂത്താലും മരങ്കേറ്റം മറക്കോ..?'

റാന്തലിന്റെ തിരി അന്നമ്മച്ചേടത്തി ഒന്നുകൂടി ഉയര്‍ത്തി.

'എടിയേ..നീയിനി വേറെ പിഞ്ഞാണോന്നുമെടുക്കണ്ട...ഇതീന്ന് തന്നെയെടുക്ക്.'

'ഒന്ന് വെറുതെയിരി മനുഷ്യാ..ഇതിയാനൊരു പ്രേമം..' 'എന്റെ കെട്ട്യോളെ ഞാനല്ലാതെ പിന്നെ ആര് പ്രേമിക്കാനാടി..?.കെട്ടിക്കാന്‍ നിര്‍ത്തീപ്പ വികാരിയച്ചന്‍ പറഞ്ഞത് നീ മറന്നാ..?.ഇവളല്ലാതെ വേറൊന്നിനേം ഓര്‍ത്ത് പോവരുതെന്ന്. ഈശോമിശിഹാത്തമ്പുരാനേ അന്നു മുതല്‍ ഈ അന്നാമ്മയെയല്ലാതെ വേറൊരെണ്ണത്തിന്റേം മൊകത്ത് പോലും ഞാന്‍ നോക്കീട്ടില്ലായോ..'

ഉതുപ്പാഞ്ചേട്ടന്‍ ഇടത്തുകൈ അന്നമ്മച്ചേടത്തിയുടെ തോളിലിട്ടു. പതുക്കെ വലിച്ചടുപ്പിച്ചു.

ഒരേ പാത്രത്തില്‍ നിന്ന് അവര്‍ അത്താഴം പങ്കിട്ടു.

അതൊരു കാലം!

ഇഷ്ടപ്പെടാന്‍, കൊതിക്കാന്‍, കുസൃതി കാട്ടാന്‍ വാക്കുകളുടെ കള്ളക്കച്ചവടം വേണ്ടാത്ത കാലം.' ദേ..' ' ഇങ്ങോട്ടൊന്ന് നോക്ക്യേ..' എന്നീ പ്രയോഗങ്ങളില്‍ ഒരു വസന്തം തന്നെ നിറച്ചുവെച്ചിട്ടുണ്ടായിരുന്നു. ഗ്രീഷ്മത്തിന് വിട്ടുകൊടുക്കാതെ അവര്‍ മനസ്സില്‍ നിറച്ചുവെച്ച വസന്തം.

ആ വസന്തത്തിന്റെ ചോട്ടില്‍ അവര്‍ കിടന്നു.

റാന്തലിന്റെ തിരി താനെ താണു.

ഉതുപ്പാഞ്ചേട്ടന്‍ ഫോണ്‍ താഴെവെച്ച് പറഞ്ഞു.

'എടിയേ..മോളും കെട്ട്യോനും മക്കളും ജര്‍മനീന്ന് വരുന്നെന്ന്.'

'എന്നാ..?'

'അടുത്താഴ്ച..'

'എന്റീശോയേ..ഞാനെന്നാ ഒണ്ടാക്കാനാ..?ഇവര്‍ക്കിത്തിരി നേരത്തെ പറയാന്‍ വയ്യായോ..?'

'എടീ അവര് തിന്നാന്‍ വരണതല്ല. നമ്മളെക്കാണാന്‍ വരണതല്ലായോ..!'

'കാണാന്‍ വന്നാലും അവര്‍ക്കെന്തെങ്കിലും തിന്നാന്‍ വേണ്ടായോ..? അവ്ടെ പിള്ളാരുടെ വയറിന് പിടിക്കണതൊന്നും തിന്നാന്‍ കിട്ടത്തില്ല.'

'നീയെങ്ങനെ അറിഞ്ഞ്..?'

'അവളേതാ..രാജ്യം..?'

'ജര്‍മനി.'

'അതാ ഞാമ്പറഞ്ഞേ അവ്ടൊന്നും കിട്ടത്തില്ല.'

'നിന്റെ അച്ചായനെന്നാ അവ്ടെ വെറ്റിലക്കച്ചോടമൊണ്ടായിരുന്നാ.'

'ഇതിയാനെന്നാ ഈ പറേന്നേ..ജെര്‍മനീന്ന് പറഞ്ഞാ പത്തനംതിട്ടായോ മറ്റോ ആണോ?..അവ്ട ചക്കക്കുരൂം മാങ്ങേം കിട്ടോ? കൊടമ്പുളീപ്പറ്റിച്ച മീങ്കിട്ടോ? ഇത്തിരി ഒണക്കച്ചെമ്മീന്‍ കിട്ടോ?ചക്കേന്ന് പറഞ്ഞാ എന്റെ മോള്‍ക്ക് ജീവനാ..ഇതിയാനാ തോട്ടത്തീച്ചെന്ന് ചക്കകെടപ്പൊണ്ടോന്നൊന്ന് നോക്കിക്ക്യേ..'

'എന്റെ അന്നാമ്മേ..അവരിന്നല്ലാ, ഒരാഴ്ച കഴിഞ്ഞാ വരണ്‌ത്. നീയൊന്ന് ഒറങ്ങ്..'

അന്ന് രാത്രി അന്നമ്മച്ചേടത്തിക്ക് ഒറക്കം വന്നില്ല. മനസ്സ് മുഴുവന്‍ കണക്ക്കൂട്ടലാണ്. മോള്‍ക്കെന്തൊണ്ടാക്കണം, മരുമോന് എന്തൊണ്ടാക്കണം, പിള്ളാര്‍ക്ക് എന്ത് പലഹാരം ഒണ്ടാക്കണം, പോകുമ്പോ എന്തൊക്കെ കൊടുത്തയക്കണം..

ഉതുപ്പാഞ്ചേട്ടന്‍ ഇതൊന്നും ചിന്തിക്കാതെ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അന്നമ്മച്ചേടത്തി ഉതുപ്പാഞ്ചേട്ടനെ കുലുക്കി.

'ദേ..എന്നാ ഒറക്കമാ..ആ പിള്ളാര്‍ക്ക് നമ്മളെന്നാ ഒണ്ടാക്കും?

'എന്റെ അന്നാമ്മേ ഞാനൊന്നൊറങ്ങട്ടെ..നാളെപ്പറയാം..'

'ഇതിയാനെന്നാ ഇങ്ങനെ..ഒരു സ്നേഹോം ഇല്ലാതെ. എനിക്ക് സങ്കടം വരും.'

ഉതുപ്പാഞ്ചേട്ടന്റെ ഉറക്കം അടിയന്തരമായി ലീവില്‍ പ്രവേശിച്ചു. ഉതുപ്പാഞ്ചേട്ടനും അന്നമ്മച്ചേടത്തിയും ഉടന്‍തന്നെ ഭക്ഷണവിഭജന ചര്‍ച്ച ആരംഭിച്ചു. വസ്തുതകള്‍ നിരത്തി വാദവും എതിര്‍വാദവും. ഒടുവില്‍ തര്‍ക്കരഹിതവിഭവങ്ങളുടെ പട്ടിക ആദ്യം തയ്യാറാക്കാന്‍ തീരുമാനമായി.

മക്കള്‍ വരുന്ന ദിവസം വീട്ടിലെ രണ്ടു പൂവന്‍ കോഴിയെ ഗളച്ഛേദം ചെയ്യുക. തേങ്ങാപ്പാല് പിഴിഞ്ഞ് അവരെ കറിയാക്കുക. പിന്നെ കോഴി പൊരിച്ചത് വേണോ എന്നത് തര്‍ക്കമായി. തര്‍ക്കം എങ്ങുമെത്താതെ വന്നപ്പോള്‍ അഞ്ചുമിനിറ്റ് ചര്‍ച്ച നിര്‍ത്തി ഘടകകക്ഷികള്‍ സ്വന്തം നിലക്ക് ആലോചിക്കാന്‍ പിരിഞ്ഞു. വീണ്ടും ചേര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പിന്റെ ഫോര്‍മുലക്കച്ച വന്നു.

പൊരിച്ച കോഴി വേണ്ട. പകരം പശുവിനെ ഉലത്താം. ഇരുകക്ഷികളും ഇതംഗീകരിച്ചതോടെ മണിക്കൂറുകള്‍ പുകഞ്ഞ പ്രശ്നം എരിഞ്ഞടങ്ങി. മീന്‍ വിഷയത്തില്‍ തീരുമാനം ഏകകണ്ഠമായിരുന്നു. എങ്കിലും ഉണക്കമീനില്‍ നേരിയ അഭിപ്രായ വ്യത്യാസമുണ്ടായി. അന്നമ്മച്ചേടത്തിയുടെ ഉണക്കമീന്‍ നിര്‍ദേശം ഉതുപ്പാഞ്ചേട്ടന്‍ നിരസിച്ചു. പക്ഷേ ഉണക്കമീന്‍ വൈകാരികപ്രശ്നമാണെന്നും ഭൂതകാലം മറക്കരുതെന്നും അന്നമ്മച്ചേടത്തി പറഞ്ഞപ്പോള്‍ ഉതുപ്പാഞ്ചേട്ടന്‍ നിരുദ്ധകണ്ഠനും ബദ്ധകങ്കണനുമായിപ്പോയി.

പലഹാരങ്ങളാണ് അടുത്തയിനം. അതില്‍ അന്നമ്മച്ചേടത്തിക്ക് വിട്ട് വീഴ്ചയില്ല- അവലോസുണ്ട വേണം. മോള്‍ക്ക് പ്രാണനാണ് അവലോസുണ്ട.

'അന്നമ്മേ..വേണ്ട. നിനക്ക് വയസ്സായി. ഉണ്ടപിടിക്കാനൊന്നും നിനക്ക് വയ്യ. അവരങ്ങ് പോകും. നീ കെടപ്പായാ പിന്നെ ആരൊണ്ട്?'

'എനിക്കെന്തിനാ വേറെ ആള്? ഇതിയാനില്ലേ..?'

'എന്നാ ഉണ്ട നമുക്ക് വാങ്ങാം..'

'അയ്യേ..അതൊന്നും വിശ്വസിക്കാമ്പറ്റത്തില്ല.'

ഒന്നരപ്പറ അരിയെടുത്ത് അന്നമ്മച്ചേടത്തി തന്നെ കുതിര്‍ത്തി, ഉരലിലിട്ടിടിച്ചു. ഉതുപ്പാഞ്ചേട്ടന്‍ ചേറ്റിയും അരിച്ചും തരിയെടുത്തു. ഉതുപ്പാഞ്ചേട്ടന്‍ തേങ്ങ പൊതിച്ച് പൊട്ടിച്ചു. അന്നമ്മച്ചേടത്തി അത് ചുരണ്ടി. കുംഭച്ചൂടില്‍ നട്ടുച്ചക്ക് മുറ്റത്ത് അടുപ്പുകൂട്ടി ഉരുളിവെച്ച് അന്നമ്മച്ചേടത്തി പൊടി വറുത്തു. തീയും വെയിലുമേറ്റ് അന്നമ്മച്ചേടത്തിയുടെ മുഖം താമരപ്പൂവായി. അതില്‍നിന്ന് തുള്ളിക്കൊരു കുടം വിയര്‍പ്പൊഴുകി. ഉതുപ്പാഞ്ചേട്ടന്റെ ചങ്ക് കലങ്ങി.

മറയൂര്‍ ശര്‍ക്കര തന്നെ വാങ്ങി, കുറുക്കി പാനിയാക്കി പാവു നോക്കി. ചൂടോടെ തന്നെ പൊടിയില്‍ ചേര്‍ത്ത് ഉണ്ട പിടിച്ചു.

ഹായ്...!

മോളും കുടുംബവും പറഞ്ഞ സമയത്ത് തന്നെ വന്നു. പൊട്ടിച്ചിരി, കെട്ടിപ്പിടുത്തം, കെട്ടിമറിച്ചില്‍, കരച്ചില്‍, കഥ പറച്ചില്‍, സഞ്ചാരസാഹിത്യം, നാട്ടുവാര്‍ത്ത, ഉച്ചഭക്ഷണം..

പിന്നെ അന്നമ്മച്ചേടത്തിയും മോളുമായി തീവ്രകുശലം പറച്ചില്‍. കുശല തീവ്രവാദം മുന്നേറവെ പേരക്കുട്ടികള്‍ അന്നമ്മച്ചേടത്തിയുടെ അടുത്തേക്ക് ഓടിവന്നു. അവരുടെ കൈയില്‍ പൊന്നോമന അവലോസുണ്ടകള്‍!.അന്നമ്മച്ചേടത്തിയുടെ ഹൃദയം നിറഞ്ഞുകവിഞ്ഞു.

'മക്കക്ക് ഒണ്ടാക്കിയതാ..ഇഷ്ടപ്പെട്ടോ..?'

'ഗ്രാൻഡ്‌മാ..ഈ ബോളുകള്‍ കൊള്ളത്തില്ല. ഇങ്ങനെയല്ല ഗ്രാൻഡ്‌മാ ക്രിക്കറ്റ് ബോള്‍ ഉണ്ടാക്കണെ... ഇതടിക്കുമ്പോഴേക്കും ബ്രേക്കാകണു...'

***

എം എം പൌലോസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉതുപ്പാഞ്ചേട്ടനും അന്നമ്മച്ചേടത്തിയും ഒന്നായത് വാക്കുകള്‍ കൊണ്ടായിരുന്നില്ല. സാങ്കേതിക വാക്കുകളുടെ കീടനാശിനി തളിച്ചല്ല ആ ദാമ്പത്യ വല്ലരി പൂത്തത്. അന്ന് ഇത്രയും വാക്കുകളും ഉണ്ടായിരുന്നില്ല. പക്ഷേ മീനച്ചിലാറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ നിറയെ മീനുകളുമുണ്ടായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാന്‍ പോയാല്‍ തോര്‍ത്ത് നിറയെ മീനുമായാണ് ഉതുപ്പാഞ്ചേട്ടന്‍ തിരിച്ചു വരിക. അത്കൊണ്ടുവന്നാല്‍ അന്നമ്മച്ചേടത്തി അപ്പോള്‍ തന്നെ വെട്ടിക്കഴുകി പൊരിച്ച്വെക്കും. രാത്രി നമസ്ക്കാരോം കഴിഞ്ഞ് അത്താഴത്തിനിരിക്കുമ്പോ അന്നമ്മച്ചേടത്തി പൊരിച്ച മീന്‍ വെളമ്പും.

'നീ എന്നാത്തിനാടീ ഇപ്പത്തന്നെ വെട്ടി വെച്ചത്..'

'ഇതിയാന് പച്ചമീമ്പൊരിച്ചത് പ്രാണനല്ലെ..!'

മീമ്പൊരിച്ചതിന്റെ നടുക്കഷണത്തില്‍ രണ്ടു വിരല്‍ കൊണ്ടൊന്ന് നുള്ളും. ഒരു പിടി കൈയിലിരിക്കും. ഉതുപ്പാഞ്ചേട്ടനതിലൊന്ന് നോക്കും. എന്നിട്ടൊന്നാഞ്ഞ് വലിക്കും.

ആ വെളിച്ചെണ്ണേടേം കുരുമുളകു പൊടിയുടേം ഒരു മണം. ഹാ..ഹാ...!

ആ മീന്‍ പൊളിച്ചത് അന്നമ്മച്ചേടത്തിയുടെ വായിലേക്ക് സ്നേഹപൂര്‍വം സമര്‍പ്പിക്കും. അന്നമ്മച്ചേടത്തി കുഞ്ഞിക്കിളി പോലെ വായ പൊളിക്കും. മീനിന് നോവാതെ ചവക്കുന്നതിനിടയില്‍ അന്നമ്മച്ചേടത്തി ചോദിക്കും.

'വയസ്സെത്രയായെന്നാ വിചാരം..?'

' എടിയേ..അണ്ണാന്‍ മൂത്താലും മരങ്കേറ്റം മറക്കോ..?'

Roy said...

That's it. Generation Gap.
We are converting the unconditional love and affection to T20 format.
Really good!

Anonymous said...

Heart-rending...