എട്ടുകാലി മമ്മൂഞ്ഞ്
ആനവാരി രാമന്നായര്
പൊന്‍കുരിശ് തോമാ
ഒറ്റക്കണ്ണന്‍ പോക്കര്
കുഞ്ഞുപ്പാത്തുമ്മ
നിസാര്‍ അഹമ്മദ്
കേശവന്നായര്
സാറാമ്മ
സുഹറ
മജീദ്.....
എത്രയെത്ര കഥാപാത്രങ്ങള്‍
എല്ലാവരും നമുക്കുചുറ്റും ജീവിക്കുന്നവര്‍
ഭാഷയുള്ളിടത്തോളംകാലം മരണമില്ലാത്തവര്‍ !
കഥാപാത്രങ്ങളേക്കാള്‍ വളര്‍ന്ന കഥാകാരന്,
കഥകളുടെ സുല്‍ത്താന്‍ !
ജീവിതം തന്നെ ഇതിഹാസമാക്കിയ അനശ്വര സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന് തുല്യം ചൂണ്ടിക്കാണിക്കാന്‍ ബഷീര്‍ മാത്രം !
ബഷീറിന്റെ പതിനാലാം ചരമദിനമായ 2008 ജൂലൈ 5ന് ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍ വെച്ച് പ്രൊ.എം.കെ.സാനു രചിച്ച “ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്“ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ബഷീര്‍ അനുസ്മരണത്തിനെ ഭാഗമായി നടന്ന ഈ ചര്‍ച്ചയില്‍ മാഷെക്കൂടാതെ പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റും പ്രസിദ്ധ കവിയുമായ എസ് രമേശന്, സാഹിത്യ പരിഷത്ത് സംസ്ഥാന് സെക്രട്ടറിയും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ശ്രീ ബെന്നി എന്നിവര്‍ പങ്കെടുത്തു.
ബഷീറിന്റെ എല്ലാ കഥകളിലും കഥാകൃത്തിന്റെ ആത്മാംശം ഉണ്ടെന്ന് സാനുമാസ്റ്റര്‍ പറഞ്ഞു. ബാല്യകാലസഖിയിലെ മജീദ്, പ്രേമ ലേഖനത്തിലെ കേശവന് നായര്‍, ന്റുപ്പാപ്പക്കൊരാനേണ്ടാര്ന്നുവിലെ നിസാര്‍ അഹമ്മദ് എന്നീ കഥാപാത്രങ്ങളിലെല്ലാം ബഷീറിനെ കാണാനാകുമെന്ന് സാനുമാസ്റ്റര്‍ സൂചിപ്പിച്ചു.
വ്യത്യസ്തനായ സാഹിത്യകാരനും ആദരണീയനായ അദ്ധ്യാപകനും മാത്രമല്ല മലയാളം കണ്ട പ്രൌഢഗംഭീരനായ ജീവചരിത്രകാരന്‍ കൂടിയാണ് സാനുമാസ്റ്റര്‍ എന്ന് പുസ്തകത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീ .എസ്.രമേശന് പറഞ്ഞു. ഒരു പുതിയ ശൈലിയിലൂടെ ‘ഇനി ബാക്കി ബഷീര്‍ പറയട്ടെ’ എന്ന വാക്കുകളിലൂടെ കഥയെയും ജീവചരിത്രത്തെയും ബന്ധിപ്പിക്കുന്ന ഒരു നൂതനശൈലിയാണ് മാസ്റ്റര്‍ ഈ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
ബഷീര്‍ എന്ന ഇന്നു നാം അറിയുന്ന വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരന് ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ശ്രീ വി.എം.ബെന്നി ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോയത്. ബഷീര്‍ സാഹിത്യലോകത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ കഥകളിലും നോവലുകളിലുമെല്ലാം വില്ലന്‍ കഥാപാത്രമായി പലപ്പോഴും വന്നിരുന്ന മുസ്ലീങ്ങളോ നസ്രാണികളോ ആയിരുന്നു. എന്നാല്‍ തന്റെ ഉമ്മയുടേയും പെങ്ങളുടേയും എല്ലാം ഹൃദയനൈര്‍മ്മല്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ള ബഷീര്‍ തന്റെ കഥകളിലൂടെ ആ ധാരണകളെ തിരുത്തിക്കുറിക്കുകയായിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് കേശവദേവിന്റെയോ തകഴിയുടേയോ കഥകള്‍ വായിച്ചു ആസ്വദിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കിലും ബഷീറിന്റെ രചനകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുക വഴി നിത്യയൌവനമാര്ന്നു നില്ക്കുന്നു.
Sunday, July 6, 2008
Subscribe to:
Post Comments (Atom)
3 comments:
ബഷീറിന്റെ പതിനാലാം ചരമദിനമായ 2008 ജൂലൈ 5ന് ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍ വെച്ച് പ്രൊ.എം.കെ.സാനു രചിച്ച “ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്“ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ബഷീര്‍ അനുസ്മരണത്തിനെ ഭാഗമായി നടന്ന ഈ ചര്‍ച്ചയില്‍ മാഷെക്കൂടാതെ പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റും പ്രസിദ്ധ കവിയുമായ എസ് രമേശന്, സാഹിത്യ പരിഷത്ത് സംസ്ഥാന് സെക്രട്ടറിയും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ശ്രീ ബെന്നി എന്നിവര്‍ പങ്കെടുത്തു.
ഒരു ബഷീര്‍ ആരധകനാണു കെട്ടൊ.എല്ലാ ക്രിതികളും വയിച്ചിട്ടുണ്ടെന്നണു ധാരണ.മഹത്തുക്കള്‍ പറയുന്നതിനൊന്നും എതിരിടാന്‍ ഞാനാളുമല്ല്.എങ്കിലും ഒരു കാര്യത്തില്‍ വിയൊജിപ്പു പണ്ടുമുതല്‍ കൂടെയുണ്ടു.ബാല്യകാല സഖിയില്‍ ആത്മകഥാംശം എത്ര ശതമാനം കാണാം?
“അതവനെ ലൊകത്തിന്റെ അറ്റം വരെ ഓടിക്കാന്‍ പര്യാപ്തമായിരുന്നു” എന്ന ഒരു പരാമര്ശത്തെക്കാള്, അല്ലെങ്കില്‍ മടങ്ങിയെത്തിയപ്പൊഴെക്കും തറവാടു സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞിരുന്നു എന്ന വസ്തുതകൊണ്ടു മാത്രം അതു ആതമകഥയായി അവരൊധിക്കാമൊ? എതു ചര്‍ച്ചയിലും സംഭവിക്കാറുള്ള കാര്യമായതിനാല്‍ സംശയം പ്രകടിപ്പിക്കുന്നു എന്നെയുള്ളു.നൂറു ശതമാനം ജീവിതം പകര്‍ത്തിയ എത്രയൊ കഥകള്‍ വെറെ എത്രയൊ കണ്ടെത്താനാകും.
പ്രിയപ്പെട്ട അനില്‍
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഞങ്ങളേക്കാള്‍ താങ്കളാണര്ഹനെന്നു തോന്നുന്നു. എങ്കിലും ശ്രീ എസ് രമേശനുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിപ്രകാരം.ഏതൊരു കൃതിയിലും രചയിതാവിന്റെ ജീവിതത്തിന്റെ പൂര്‍ണ്ണമായ പ്രതിഫലനം ഉണ്ടാകില്ല. എന്നാല്‍ അവിടവിടെയായി രചയിതാവിന്റെ ആത്മാംശം ഉണ്ടാവുകയും ചെയ്യും. ഇത്തരം ആത്മാംശം ബഷീര്‍ കൃതികളില്‍ മറ്റുള്ളവരേക്കാള്‍ കൂടിയ തോതിലുണ്ട്.
വര്‍ക്കേഴ്സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ബഷീര്‍ കൃതികളുടെ ആഴത്തിലുള്ള പരിശോധന എന്നതിനേക്കാള്‍ ഈ അനുസ്മരണം റിപ്പോര്‍ട്ട് ചെയ്യുക എന്ന സീമിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ച്ചയായും അത്തരത്തിലുള്ള പരിശോധനകളും അവതരിപ്പിക്കാന്‍ ശ്രമിക്കാം.
കേരളം കണ്ട ഒരു പിടി സംസ്ക്കാരിക നായകന്മാരെ , അവരുടെ ജീവിതത്തെ മലയാളിയുടെ മുന്നില്‍ തുറന്നു വയ്ക്കുന്ന എട്ടോളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിച്ചതാണ് സാനുമാഷിനെ മറ്റു ജീവചരിത്രകാരന്മാരില് നിന്നും വ്യത്യസ്തനാക്കുന്നത് . ശ്രീ നാരായണ ഗുരു, കുമാരനാശാന്, ചങ്ങമ്പുഴ, എം ഗോവിന്ദന്, എം സി ജോസഫ്, സഹോദരന് അയ്യപ്പന് , വൈക്കം മുഹമ്മദ് ബഷീര്‍ ഇവരുടെ ഒക്കെ മിഴിവാര്‍ന്ന ചിത്രങ്ങളാണ് സാനുമാഷ് മലയാളിക്ക് നല്‍കിയിരിക്കുന്നത്.
Post a Comment