Monday, September 1, 2008

മായികദൃശ്യങ്ങളുമായി തോല്‍പ്പാവക്കൂത്ത്

സ്വര്‍ണമാനായി പാഞ്ഞടുക്കുന്ന മാരീചന്‍, സീതാദേവിയുമായി പുഷ്പകവിമാനത്തില്‍ പറക്കുന്ന രാവണനോട് ഏറ്റുമുട്ടുന്ന ജടായു. വിരല്‍ത്തുമ്പിലെ ചരടിന്റെ ചലനത്തിലൂടെ അരങ്ങില്‍ മായികദൃശ്യങ്ങളാവിഷ്കരിച്ച് തോല്‍പ്പാവക്കൂത്ത് കാണികള്‍ക്ക് വിസ്മയമായി. എറണാകുളത്തെ ബാങ്ക് ജീവനക്കാരുടെ സാംസ്കാരികസംഘടനയായ ബീമിന്റെ പ്രതിമാസപരിപാടിയായാണ് ഫൈനാര്‍ട്സ് ഹാളില്‍ തോല്‍പ്പാവക്കൂത്ത് സംഘടിപ്പിച്ചത്. രാമചന്ദ്രപുലവരും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തിയ കഥാസന്ദര്‍ഭങ്ങളാണ് രണ്ട് മണിക്കൂര്‍ കൊണ്ട് തോല്‍പ്പാവകള്‍ ആടിത്തീര്‍ത്തത്. മാന്തോല്‍കൊണ്ട് നിര്‍മ്മിച്ച സൂഷ്മമായ ചിത്രവേലകള്‍ ചെയ്ത മനോഹരമാ‍യ പാവകളുടെ നിഴല്‍ മുന്നില്‍ വലിച്ചുകെട്ടിയ വെളുത്ത തിരശ്ശീലയില്‍ വീഴ്ത്തിയാണ് ഇത് അവതരിപ്പിക്കുന്നത്. ചിരട്ടയില്‍ എണ്ണയൊഴിച്ച് കത്തിച്ച വിളക്കുകള്‍ ഇതിനായി ഉപയോഗിക്കുന്നു. എഴുപറ, ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, കുഴല്‍ എന്നിവയാണ് അകമ്പടിവാദ്യങ്ങള്‍. ചെന്തമിഴും മലയാളവും കലര്‍ന്ന 'ആടിപ്പറ്റാ'ണ് കഥാസന്ദര്‍ഭം വിവരിക്കുന്ന പിന്‍പാട്ട്.

പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യമായൊരു കലാരൂപമാണ് തോല്‍പ്പാവക്കൂത്ത്. പുലവര്‍മാരുടെ നേതൃത്വത്തിലാണ് ഇതു അരങ്ങേറുന്നത്. എണ്ണത്തില്‍ വളരെ കുറവായ പുലവര്‍മാര്‍ ഒട്ടു വളരെ കഷ്ട നഷ്ടങ്ങള്‍ സഹിച്ച് ഈ പാരമ്പര്യകലാരൂപം നിലനിറുത്തിപ്പോരുന്നു.പാവക്കൂത്തില്‍ അഗാധമായ പാണ്ഡിത്യം ആര്‍ജ്ജിച്ചശേഷമേ ഒരാള്‍ക്ക് പുലവര്‍ സ്ഥാനം ലഭിക്കൂ. പുലവര്‍ സ്ഥാനം ലഭിക്കുന്നവര്‍ മറ്റൊരു തൊഴിലും ചെയ്യാന്‍ പാടില്ല എന്ന നിബന്ധന പുലവര്‍മാരുടെ ഈ കലയോടുള്ള പ്രതിബദ്ധത എത്രമാത്രമുണ്ടെന്നത് വിളിച്ചു പറയുന്നു.

തോല്‍‌പാവക്കൂത്തിന്റെ കുലപതിയായിരുന്ന കൃഷ്ണന്‍‌കുട്ടിപുലവരുടെ പുത്രനായ രാമചന്ദ്രപുലവര്‍ ഈ കാലഘട്ടത്തിലെ പ്രമുഖരായ തോല്‍‌പാവക്കൂത്ത് കലാകാരന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ കൂനത്തറയില്‍ ഒരു പാവക്കൂത്ത് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര പാവകളി സംഘടനയില്‍ അംഗമാണീ സംഘം. അന്താരാഷ്ട്ര പാവകളി സമ്മേളനങ്ങളില്‍ല്‍ സ്ഥിരമായി പങ്കെടുക്കുന്ന രാമചന്ദ്രപുലവരും സംഘവും റഷ്യ, സ്വീഡന്‍, ഗ്രീസ്, ചൈന, ജപ്പാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാമായണ കഥ കൂടാതെ ഗാന്ധിജിയുടെ ജീവിതകഥപോലെ സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ അരങ്ങത്തെത്തിക്കാനുളള ശ്രമത്തിലാണ് തങ്ങളെന്ന് രാമചന്ദ്രപുലവര്‍ പറഞ്ഞു. രാമചന്ദ്രപുലവര്‍ക്കു പുറമേ വിശ്വനാഥപുലവര്‍, ലക്ഷ്മണപുലവര്‍, എ എല്‍ രാമചന്ദ്രന്‍, ശിവരാജന്‍, രാജീവ്, വിപിന്‍, സോമസുന്ദരന്‍ എന്നിവരാണ് കലാസംഘത്തിലുള്ളത്.

കലാമര്‍മ്മജ്ഞര്‍ ഈ അതുല്യ കലാരൂഅപത്തെ സിനിമയുടെ ആദിമരൂപം എന്നാണ് വിശേഷിപ്പിക്കുന്നത്. അന്തരിച്ച സവിധായക പ്രതിഭയായിരുന്ന ശ്രീ അരവിന്ദന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK ) ലോഗോ രൂപകല്‍‌പന ചെയ്തത് തോല്‍‌പാവക്കൂത്തിലെ പാവയെ ആസ്പദമാക്കിയാണ് .

കേരളത്തിന്റെ തനത് കലകളായ കൂടിയാട്ടവും കഥകളിയും വിദേശികളെ വിസ്‌മയിച്ച പോലെ കേരളത്തിന്റെ സ്വന്തം പാവകളി എന്നു വിശേഷിപ്പിക്കാവുന്ന തോല്‍പ്പാവക്കൂ‍ത്തും ഇന്ന് അന്തരാഷ്‌ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.

കേരളത്തെ സ്നേഹിക്കുന്ന, കേരള സംസ്ക്കാരത്തെ സ്നേഹിക്കുന്ന ഏവരും ഈ കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുമെന്ന് ആശിക്കുന്നു.

ബന്ധപ്പെടേണ്ട വിലാസം:

രാമചന്ദ്രപുലവര്‍
തോല്‍‌പാവക്കൂത്ത്
കൂനത്തറ
ഷൊര്‍ണ്ണൂര്‍
പാലക്കാട് ജില്ല
ഫോണ്‍: 98465 34998

അധിക വായനയ്ക്ക്:
Enchanting Tholpavakoothu

തോല്പാവക്കൂത്ത് ചിത്രങ്ങളിലൂടെ...
******
കലാകാരന്മാര്‍ അരങ്ങിലേക്ക്....
പാവകള്‍ തിരശ്ശീലക്ക് പിറകില്‍
രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ പാവകള്‍
വിഘ്നേശ്വരസ്തുതി
അണിയറക്കു പിന്നിലെ തയ്യാറെടുപ്പ്
തയ്യാറെടുപ്പ് പൂര്‍ണ്ണമാകുന്നു....
ജീവന്‍ വെച്ച നിഴലുകളിലൂടെ കഥ ഇതള്‍ വിരിയുന്നു...
മാനായി വന്ന മാരീചന്‍...
ജടായു പുഷ്പകവിമാനത്തെ തടസ്സപ്പെടുത്തുന്നു..
ഹനുമാന്‍ തരിപ്പണമാക്കിയ ഗജസേന...
രാമ രാവണ ബാണങ്ങള്‍ ഏറ്റുമുട്ടുന്നു...
തിരശ്ശീലക്കു മുന്നിലെ ചലനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന്..
മുന്നിലെ ദൃശ്യങ്ങള്‍ പോലെ മനോഹരം പിന്നിലെ ദൃശ്യങ്ങളും
ശുഭം..ശുഭം..

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വര്‍ണമാനായി പാഞ്ഞടുക്കുന്ന മാരീചന്‍, സീതാദേവിയുമായി പുഷ്പകവിമാനത്തില്‍ പറക്കുന്ന രാവണനോട് ഏറ്റുമുട്ടുന്ന ജടായു. വിരല്‍ത്തുമ്പിലെ ചരടിന്റെ ചലനത്തിലൂടെ അരങ്ങില്‍ മായികദൃശ്യങ്ങളാവിഷ്കരിക്കുന്ന തോല്‍പ്പാവക്കൂത്ത് പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള അമൂല്യമായൊരു കലാരൂപമാണ്.

എറണാകുളത്തെ ബാങ്ക് ജീവനക്കാരുടെ സാംസ്കാരികസംഘടനയായ ബീമിന്റെ പ്രതിമാസപരിപാടിയായി ഫൈനാര്‍ട്സ് ഹാളില്‍ അവതരിപ്പിച്ച തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് ഒരു കുറിപ്പ്, ചിത്രങ്ങള്‍ സഹിതം.

S Remesan.എസ്.രമേശൻ said...

കൂത്തു കണ്ടില്ല എങ്കിലും നേരിട്ടു കണ്ടതു പോലെ