Sunday, October 5, 2008

കാര്‍ഷിക പ്രതിസന്ധി-കാരണങ്ങളും പ്രത്യാഘാതങ്ങളും

ഇന്ത്യയുടെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയുടെ പിടിയിലാണെന്ന കാര്യം ഏറ്റവും കടുത്ത നവ ഉദാരവല്‍ക്കരണവാദികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. 1991 ന്റെ മധ്യത്തോടെ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നമ്മുടെ സമസ്ത സാമൂഹിക-സാമ്പത്തിക മേഖലകളിലും, സാംസ്കാരിക ജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഈ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ഗുരുതരമാണ്, പലപ്പോഴും ദുരന്തപൂര്‍ണവും.

കഴിഞ്ഞ കുറച്ചു കാലമായി നവഉദാരവല്‍ക്കരണ നയങ്ങളുടെ കടുത്തവിമര്‍ശകര്‍ക്ക് പോലും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കാര്‍ഷിക പ്രതിസന്ധി അടിയില്‍ പതഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ വ്യാപാര വ്യവസായ മേഖലകള്‍ക്ക് മാത്രം ബാധകമാവുന്നതാണെന്നും കാര്‍ഷികസമ്പദ്‌വ്യവസ്ഥക്ക് വലിയ കുഴപ്പമൊന്നും വരുത്തില്ലെന്നുമുള്ള അലംഭാവമായിരുന്നു നാം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ കൂട്ട കര്‍ഷക ആത്മഹത്യകള്‍ നമ്മെ യാഥാര്‍ത്ഥ്യത്തിലേക്ക് കുലുക്കിയുണര്‍ത്തുകയായിരുന്നു. അതുവരെയും അതൊരു നിശ്ശബ്ദപ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അവഗണിക്കാനാവാത്തവിധം ഈ പ്രതിസന്ധി അത്ര നിശ്ശബ്ദമല്ലാതായിരിക്കുന്നു. പക്ഷേ നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ഈ തീവ്രപ്രതിസന്ധിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും ആകെ തള്ളിക്കളയുകയാണ്.

കമ്പോളോന്മുഖമായ സാമ്പത്തിക പരിഷ്കാരത്തിലേക്ക് കാര്‍ഷികമേഖല വേണ്ടത്ര മാറാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം എന്ന് നമ്മെ വിശ്വസിപ്പിക്കാനാണ് ഇക്കൂട്ടര്‍ക്ക് ഇഷ്ടം. ആകയാല്‍ കൂടുതല്‍ കമ്പോളാധിഷ്ഠിതമായ നവഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ നടപ്പാക്കുക മാത്രമാണ് പ്രതിവിധി എന്നാണ് ഇവര്‍ പറയുന്നത്. യഥാര്‍ത്ഥ വസ്തുതകളെ തെറ്റിദ്ധാരണ വരുത്തുംവിധം ബോധപൂര്‍വമായി അവതരിപ്പിക്കുകയാണിവരെന്ന് നമുക്കറിയാം. കാര്‍ഷികമേഖലയിലെ വമ്പന്‍ പ്രതിസന്ധി സാമ്പത്തിക പരിഷ്കാരങ്ങള്‍ കാരണമുണ്ടാകുന്നതാണ്, പരിഷ്കാരങ്ങള്‍ ആവശ്യത്തിനു നടപ്പാക്കാത്തതുകൊണ്ടല്ല എന്ന കാര്യം നാം ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്.

കാര്‍ഷികമേഖലയിലെ സ്തംഭനവും പ്രതിസന്ധിയും നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം തന്നെ നിഷേധിക്കുകയാണ് പുത്തന്‍ നയങ്ങളുടെ വക്താക്കളില്‍ പലരും. കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ചില മേഖലകളില്‍ - ഐടി, ബാങ്കിങ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ സേവനമേഖലകള്‍, ആഡംബരവസ്തുക്കളുടെ മേഖല എന്നിവ ഉദാഹരണം - ഉണ്ടായ തകര്‍പ്പന്‍ വളര്‍ച്ച നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണവര്‍. അവര്‍ പറയുന്നതോ, കാര്‍ഷിക മേഖല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനഘടകമേ അല്ലാതായി മാറിയിരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അത്ര വലിയ പ്രത്യാഘാതങ്ങളൊന്നും സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാക്കില്ലെന്നും, കഴിഞ്ഞ കുറച്ചു വര്‍ഷമായി പ്രകടമായതു പോലെ, പ്രതിവര്‍ഷം 8.9 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ നമുക്കാവുമെന്നും പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ അതു തന്നെ ധാരാളമാണ് എന്നുമാണ് ഇവര്‍ അവകാശപ്പെട്ടത്. തീര്‍ത്തും അന്ധവും യുക്തിരഹിതവുമാണിത്തരമൊരു വാദഗതി.

ഇതിങ്ങനെ തറപ്പിച്ചു പറയാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

ഒന്നാമതായി, ഇന്നും നമ്മുടെ ജനസംഖ്യയില്‍ 70 ശതമാനവും ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അതുകൊണ്ടു തന്നെ കാര്‍ഷികമേഖലയില്‍ എന്തു സംഭവിച്ചാലും അതിന്റെ പ്രത്യാഘാതം ഈ മഹാഭൂരിപക്ഷത്തെ സംബന്ധിച്ച് നേര്‍ക്കുനേരെയുള്ളതും പ്രധാനവും ഗൌരവപൂര്‍ണവുമായ പ്രശ്നങ്ങളാണുണ്ടാക്കുക.

രണ്ടാമതായി, നമ്മുടെ വലുപ്പത്തിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചേടത്തോളം ഗ്രാമങ്ങളിലാണെങ്കിലും നഗരങ്ങളിലാണെങ്കിലും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താനാവണമെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെ മതിയായ ഉല്‍പാദനം ഇവിടെത്തന്നെ ഉണ്ടാവണം. പട്ടിണിയും ദാരിദ്ര്യവും, ആവശ്യത്തിന് ഭക്ഷ്യസാധനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ഒരു രാജ്യത്തിന്റെ കഴിവുമായി നേരിട്ടു ബന്ധപ്പെട്ട കാര്യമാണ്.

മൂന്നാമതായി, കാര്‍ഷികമേഖലയുടെ ആധുനികവല്‍ക്കരണം ഏതൊരു വികസ്വരരാജ്യത്തിന്റെയും ആധുനികവല്‍ക്കരണത്തിനുള്ള മുന്നുപാധിയാണ്. ചലനാത്മകവും ആധുനികവും ആരോഗ്യപൂര്‍ണവുമായ ഒരു കാര്‍ഷിക മേഖല, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥക്ക് വേണ്ടിവരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നു മാത്രമല്ല, അത് അത്തരമൊരു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കുതന്നെ സഹായിക്കുന്ന ഒരു ആഭ്യന്തര കമ്പോളത്തിന്റെ സൃഷ്ടിയിലേക്കും നയിക്കും. സമ്പദ്‌വ്യവസ്ഥയുടെ ആധുനികവല്‍ക്കരണത്തിന് സഹായിക്കുന്ന ഒട്ടേറെ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ലഭ്യതക്കും അത് ഇടവരുത്തും. ചലനാത്മകവും ആധുനികവുമായ ഒരു കാര്‍ഷികമേഖലയുടെ സാന്നിദ്ധ്യമില്ലാതെ ഒരു വികസ്വര രാജ്യത്തിനും - വിശേഷിച്ചും ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്തിന് - സ്വാശ്രിതവളര്‍ച്ച കൈവരിക്കാനാവില്ല.

ഇങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ കാര്‍ഷികപ്രതിസന്ധി അതിന്റെ സമ്പദ്‌വ്യവസ്ഥക്കും ഭരണസംവിധാനത്തിനും ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഈയൊരു വശം വിശദമായി പരിശോധിക്കാന്‍ ഇവിടെ മുതിരുന്നില്ല. പക്ഷേ അതുമായി ബന്ധപ്പെട്ട ചില സവിശേഷപ്രശ്നങ്ങളെ അല്‍പം വിശദമായി സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിസന്ധിയുടെ പ്രകടനം ഉല്‍പാദനമേഖലയിലും ഭക്ഷണത്തിന്റെയും ജനങ്ങളുടെ ജീവിത സുരക്ഷിതത്വത്തിന്റെയും കാര്യത്തിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നു നോക്കാം. ഈ കാര്യം പരിശോധിച്ച ശേഷം കാര്‍ഷിക പ്രതിസന്ധിക്ക് പിറകിലുള്ള ഘടകങ്ങളെയും കാരണങ്ങളെയും കുറിച്ചാലോചിക്കാം. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഈ പ്രതിസന്ധിയെ ഏതെല്ലാം നിയതമാര്‍ഗങ്ങളിലൂടെയാണ് വര്‍ദ്ധിപ്പിച്ചത് എന്ന കാര്യം വിശദമായി പരിശോ ധിക്കുന്നതോടൊപ്പം ഈ പരിഷ് ക്കാരങ്ങള്‍ പ്രതിഫലിച്ചത് നേരത്തെ തന്നെ ദുര്‍ബലമായ കാര്‍ഷിക സാഹചര്യത്തിലാണ് എന്ന കാര്യവും ഊന്നിപ്പറയേണ്ടതുണ്ട്. ഇതുകൊണ്ടാണ് ഈ പ്രതിസന്ധി ഇത്രക്ക് രൂക്ഷവും ആഴമേറിയതുമായത് - ഇത് പ്രകടമായത് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരുടെ ആത്മഹത്യകള്‍ വഴിയാണ്.

പ്രതിസന്ധിയുടെ പ്രകടനവും പ്രത്യാഘാതങ്ങളും

ഉല്‍പാദനത്തിന്റെയും ലഭ്യതയുടെയും പ്രതിസന്ധി

നവ ഉദാരവത്കരണം നടപ്പാക്കിയ ഒന്നര ദശകക്കാലത്ത് കാര്‍ഷികോല്‍പാദന രംഗത്തുണ്ടായ സ്തംഭനമാണ് രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയുടെ രൂപത്തില്‍ പ്രകടമായത്. ഈ സ്തംഭനം പ്രത്യേകിച്ചും പ്രകടമാവുന്നത് ഭക്ഷ്യധാന്യ ഉല്‍പാദനത്തിന്റെ കാര്യത്തിലാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതിനു തൊട്ടുമുമ്പുള്ള മൂന്നു വര്‍ഷത്തെ (1988-90) കണക്കെടുക്കുകയാണെങ്കില്‍, ശരാശരി പ്രതിവര്‍ഷ ധാന്യോല്‍പാദനം 130 ദശലക്ഷം ടണ്ണായിരുന്നു. 2003-05 കാലത്താകട്ടെ, ഇത് 160 ദശലക്ഷം ടണ്‍ മാത്രവും. ഇത് സൂചിപ്പിക്കുന്നത്, 15 വര്‍ഷംകൊണ്ട് ധാന്യോല്‍പാദനത്തിലുണ്ടായ വര്‍ദ്ധന വെറും 23 ശതമാനമാണെന്നാണ്. പ്രതിവര്‍ഷവര്‍ദ്ധന കേവലം 1.4 ശതമാനം മാത്രവും.

പയര്‍വര്‍ഗങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാണ്.1988-90 കാലത്തെ 11.9 ദശലക്ഷം ടണ്ണില്‍ നിന്ന് 2003-05 കാലത്ത് 12.7 ദശലക്ഷം ടണ്‍ മാത്രമായാണ് ഇവയുടെ ഉല്‍പാദനം വര്‍ദ്ധിച്ചത്. ഈ കാലഘട്ടത്തിലൊട്ടാകെ കേവലം 7 ശതമാനം വര്‍ദ്ധന. പ്രതിവര്‍ഷ വര്‍ദ്ധനയാകട്ടെ 0.4 ശതമാനം മാത്രവും. അതായത് വാര്‍ഷിക ഭക്ഷ്യധാന്യോല്‍പാദനം (ധാന്യങ്ങളും പയര്‍വര്‍ഗങ്ങളുള്‍പ്പെടെ) ഉദാരവല്‍ക്കരണത്തിനു തൊട്ടുമുമ്പുള്ള കാലത്തെ 142 ദശലക്ഷം ടണ്ണില്‍ നിന്ന് ഈ ദശാബ്ദത്തിന്റെ മധ്യത്തോടെ 173 ദശലക്ഷം ടണ്ണായി-വാര്‍ഷിക വളര്‍ച്ച കണക്കാക്കിയാല്‍ ഇത് വെറും 1.3 ശതമാനം മാത്രമാണ്. ഒന്നര ദശകക്കാലം കൊണ്ട് ഉണ്ടായ വര്‍ദ്ധന 22 ശതമാനം! ഇതേ കാലയളവിലെ ജനസംഖ്യാ വര്‍ദ്ധനവ് ഇതിനെ കവച്ചുവെക്കുന്നുണ്ട്. പ്രതിവര്‍ഷ വര്‍ദ്ധന ഇക്കാര്യത്തില്‍ 1.9 ശതമാനമാണ്. ഈ കാലയളവില്‍ 33 ശതമാനവും. ഇതിന്റെ ഫലമായി, ഈ കാലയളവില്‍ അറ്റ ഭക്ഷ്യധാന്യ ഉല്‍പാദനം പ്രതിശീര്‍ഷക്കണക്കില്‍ ചുരുങ്ങിവന്നു. ഇതാകട്ടെ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അറുപതുകളുടെ മധ്യത്തിലെ കൊടുംവരള്‍ച്ചക്കാലത്തെപ്പോലെ അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണുതാനും. സ്വാതന്ത്ര്യത്തിനുശേഷം ഉദാരവല്‍ക്കരണ നയങ്ങളുടെ ആവിര്‍ഭാവകാലം വരെ ഭക്ഷ്യധാന്യ ഉല്‍പാദനം സാധാരണഗതിയില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്.

1951 ല്‍ പ്രതിശീര്‍ഷ അറ്റഭക്ഷ്യധാന്യ ഉല്പാദനം പ്രതിദിനം 363 ഗ്രാമായിരുന്നു. രണ്ടു ദശകക്കാലം കൊണ്ട് ഇത് 1970ല്‍ 433 ആയി വര്‍ദ്ധിച്ചു. 1991ല്‍ ഇത് 498 ആയി. പിന്നീടാണ് തകര്‍ച്ച കാണാന്‍ തുടങ്ങിയത്. 2005 ഓടെ ഇത് 434 ഗ്രാമായി ചുരുങ്ങി-ഇതാകട്ടെ അതിന് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1970 ല്‍ നാം നേടിയ നിലവാരമാണ്.

ഭക്ഷ്യധാന്യ ഉല്‍പാദനത്തിലെ ഈ മാന്ദ്യവും അതിന്റെ ഫലമായി പ്രതിശീര്‍ഷ ഉല്‍പാദനത്തിലെ തകര്‍ച്ചയും രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യധാന്യ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഈ കാലയളവില്‍ ഏറെ ഭാഗവും - അപ്പോഴൊക്കെ ധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞുവരികയായിരുന്നു - ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ 1995 മുതലുള്ള ഒരു ദശകത്തില്‍ എല്ലാ വര്‍ഷവും ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുകയായിരുന്നു. 1995-2005 കാലത്തെ ധാന്യ കയറ്റുമതി 48 ദശലക്ഷം ടണ്ണായിരുന്നു. ഭാഗികമായി ഇത്തരം കയറ്റുമതി കാരണമായും ഭക്ഷ്യധാന്യ സംഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതുകാരണമായും ഗവണ്‍മെന്റിന്റെ കയ്യിലുള്ള സ്റ്റോക്ക് കുറഞ്ഞുവന്നു-പ്രത്യേകിച്ച് അവസാനത്തെ 5 വര്‍ഷം. തല്‍ഫലമായി ഇക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത കുത്തനെ കുറഞ്ഞു- 1991ലെ 510 ഗ്രാമില്‍ നിന്ന് 2005 ആവുമ്പോഴേക്ക് ഇത് 422 ഗ്രാമായി ചുരുങ്ങി.

പോഷകാഹാരശോഷണത്തിന്റെ വര്‍ദ്ധന

ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തിലും ലഭ്യതയിലുമുള്ള ഈ വന്‍ ഇടിവ് രാജ്യത്തെ ഭക്ഷ്യധാന്യ ഉപഭോഗത്തിലും പ്രതിഫലിച്ചു-പ്രത്യേകിച്ചും പാവങ്ങളുടെ ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ്, ജോവര്‍ എന്നിവ. അതാണല്ലോ ജനതയില്‍ ഭൂരിഭാഗത്തിന്റെയും ഊര്‍ജ സ്രോതസ്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ കണക്കനുസരിച്ച് 93-94 കാലത്ത് ഗ്രാമീണ ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിദിനം 447 ഗ്രാമായിരുന്നു. 2003ല്‍ ഇത് 411 ഗ്രാമായി ചുരുങ്ങി. നഗരപ്രദേശങ്ങളെ സംബന്ധിച്ചേടത്തോളം ഇത് 93-94 കാലത്ത് 353 ഗ്രാമായിരുന്നു. 2003ല്‍ ഇത് 330 ഗ്രാമായി ചുരുങ്ങുകയാണുണ്ടായത്.

നിയോ ലിബറല്‍ പരിഷ്കാരങ്ങളുടെ വക്താക്കള്‍ പലപ്പോഴും അവകാശപ്പെടുന്നത് ഭക്ഷ്യധാന്യങ്ങളുടെ ഈ ഉപഭോഗം കുറയുന്നത് സ്വമേധയാ ജനങ്ങള്‍ മറ്റു പോഷകാഹാരങ്ങളിലേക്ക് തിരിഞ്ഞതു കൊണ്ടാണ് എന്നാണ്. ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കുന്നതിനു പകരം പാലും ഇറച്ചിയും മുട്ടയും മീനും തിന്നാന്‍ തുടങ്ങിയതുകൊണ്ടാണ് എന്ന് ! ഭക്ഷ്യധാന്യ ഉല്‍പാദനക്കുറവിനും മാന്ദ്യത്തിനുമുള്ള കാരണവും ഇത്തരം താല്‍പര്യമാറ്റമാണെന്ന് അവര്‍ വാദിച്ചേക്കും. ഭക്ഷ്യധാന്യങ്ങളുടെ ആവശ്യം കുറഞ്ഞതോടെ കര്‍ഷകര്‍ തങ്ങളുടെ കൃഷിയുടെ രീതിമാറ്റിയതു കൊണ്ടാണ് എന്ന് ! ധാന്യങ്ങളില്‍ നിന്നും പയര്‍വര്‍ഗങ്ങളില്‍ നിന്നും അവര്‍ കൂടുതല്‍ ഉല്‍പന്ന വില ലഭിക്കുന്ന എണ്ണക്കുരുക്കളിലേക്ക് തിരിഞ്ഞതാണെന്ന് ! ഈ അവകാശവാദങ്ങളെല്ലാം സത്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നും നമുക്കറിയാം.

ഒന്നാമതായി, ഭക്ഷണശീലങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പുത്തന്‍ നയത്തിന്റെ ഭാഗമായി നേട്ടമുണ്ടാക്കാനായ ഒരു ചെറുശതമാനത്തിന് മാത്രമാണ് - ജനതയുടെ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതിയതല്ല. തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ഉള്ള തൊഴില്‍ തന്നെ ഗുണപരമായി മോശമാവുകയും അവയുടെ ഔപചാരിക സ്വഭാവം തന്നെ മാറിമറയുകയും ധനിക-ദരിദ്ര വ്യത്യാസം കൂടിവരികയും ചെയ്തതോടെ, ജനതയുടെ വലിയൊരു വിഭാഗത്തിന്റെയും വാങ്ങല്‍ക്കഴിവ് ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ വന്‍തോതില്‍ ഇടിയുകയാണ് ചെയ്തത്. ഇത് ഭക്ഷണത്തിലെ കലോറിത്തോത് ചുരുങ്ങുന്നതിലേക്കാണ് നയിച്ചത്. ധാന്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഇത്. ഗ്രാമീണ ഇന്ത്യയിലെ പ്രതിശീര്‍ഷ പ്രതിദിന കലോറി ആവശ്യകത 2400 ആണ്. 93-94 ല്‍ ഏതാണ്ട് മുക്കാല്‍ പങ്കും 74.5 ശതമാനവും ഗ്രാമീണ ജനതക്ക് ഈ മിനിമം പോഷകാഹാരം കിട്ടിയിരുന്നില്ല. 2004-2005 ആയതോടെ ഇത് 86 ശതമാനമായി വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഗ്രാമീണ ജനതയില്‍ പാതിക്കും 93-94 കാലത്ത് 2100 കലോറി പോലും ലഭിച്ചിരുന്നില്ല. 2004- 05ല്‍ ഇത് 60.5 ശതമാനമായി വര്‍ദ്ധിച്ചു. ഉദാരവല്‍ക്കരണ കാലത്തെ കാര്‍ഷികോല്‍പാദന മുരടിപ്പിനു കാരണം എണ്ണക്കുരു കൃഷിയിലേക്ക് കര്‍ഷകര്‍ സ്വയം മാറിയതാണ് എന്ന വാദത്തെ ന്യായീകരിക്കാനുള്ള യാതൊരു തെളിവുമില്ല.

കാര്‍ഷികോല്‍പാദനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ഒരു പ്രതിഫലനമാണ് ഇത്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലേക്കുള്ള പൊതുനിക്ഷേപം കുറഞ്ഞത്, വിത്ത്, വളം, കീടനാശിനി പോലുള്ള കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ വില ഗണ്യമായി വര്‍ദ്ധിച്ചത്, കാര്‍ഷിക വായ്പ അക്ഷരാര്‍ത്ഥത്തില്‍ വറ്റിവരണ്ടതും അതുവഴി ഹുണ്ടികക്കാരെ ആശ്രയിക്കേണ്ടി വന്നതും, എല്ലാറ്റിനും മീതെ, എണ്ണക്കുരുക്കള്‍ക്കടക്കം കാര്‍ഷികവിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ച എന്നിവയാണ് ഇതിനു പിന്നില്‍. ഒരു കാര്യം നാം ഓര്‍ത്തുവെക്കേണ്ടതുണ്ട്-ഇന്നനുഭവപ്പെടുന്ന കാര്‍ഷിക പ്രതിസന്ധി, സ്വാതന്ത്ര്യാനന്തര കാലത്തെ ആദ്യനാളുകളില്‍ അനുഭവപ്പെട്ട പ്രതിസന്ധിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അറുപതുകളുടെ മധ്യത്തിലെ കാര്‍ഷിക പ്രതിസന്ധി ഉല്‍പാദനത്തെ ബാധിച്ചപ്പോള്‍, ഉല്‍പാദകര്‍ക്ക് വില കൂട്ടിക്കിട്ടിയിരുന്നു. പക്ഷേ ഇപ്പോഴത്തെ പ്രതിസന്ധിയിലാകട്ടെ, ഉല്‍പാദന മാന്ദ്യത്തോടൊപ്പം കാര്‍ഷിക വിലത്തകര്‍ച്ചയും പ്രകടിതമായി. ഉല്‍പാദനത്തിന്റെയും വിലയുടെയും തകര്‍ച്ച ഒന്നിച്ചനുഭവപ്പെടുകയും ഉല്‍പാദനച്ചെലവ് ഗണ്യമായി കൂടുകയും ചെയ്തത് കര്‍ഷകജനതയില്‍ വലിയൊരു വിഭാഗത്തിന്റെ വരുമാനത്തകര്‍ച്ചയിലേക്ക് നയിച്ചു. ഈ പ്രതിസന്ധിയുടെ പ്രകടിതരൂപമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ട കര്‍ഷക ആത്മഹത്യകള്‍.

കര്‍ഷക ആത്മഹത്യകള്‍

കാര്‍ഷിക പ്രതിസന്ധി കാരണമുള്ള കര്‍ഷക ആത്മഹത്യയുടെ വേദനാകരമായ പ്രതിഭാസം 1990കളോടെയാണ്-നമ്മുടെ മാധ്യമങ്ങള്‍ക്ക് സ്തുതി-പുറത്തുവന്നത്. ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ - കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര - ഈ പ്രതിഭാസത്തിന്റെ ഉള്ളറകളന്വേഷിക്കാനായി കമ്മീഷനുകളെ നിയോഗിച്ചെങ്കിലും നിയോ ലിബറലിസത്തിന്റെ വക്താക്കള്‍ ഇതിനെയാകെ തള്ളിക്കളഞ്ഞുകൊണ്ട് സാമൂഹിക മാധ്യമ പ്രവര്‍ത്തകരുടെ പനിക്കിടക്കയിലെ ജല്‍പനമാണിതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ പി. സായിനാഥിനെപ്പോലുള്ള പത്രപ്രവര്‍ത്തകരുടെ ജല്‍പനങ്ങളല്ല, മറിച്ച് വന്‍തോതിലുള്ള കര്‍ഷക ആത്മഹത്യകള്‍ ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നാണ് ഔദ്യോഗിക കേന്ദങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭ്യന്തരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോവില്‍ നിന്നുള്ളതാണ് കണക്കുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍ 1995 മുതല്‍ എന്‍.സി.ആര്‍.ബി പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

ഇവ തരുന്ന ചിത്രം വേദനാജനകമാണ്. 1995 മുതല്‍ 2006 വരെയുള്ള 12 വര്‍ഷത്തിനകം (2006 ലെ കണക്കുകളാണ് ഏറ്റവും ഒടുക്കം ലഭ്യമായത്) രണ്ടു ലക്ഷത്തിനടുത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ. അതായത് പ്രതിവര്‍ഷം 16000 കര്‍ഷകര്‍ കഴിഞ്ഞ ഒന്നര ദശകമായി ആത്മഹത്യ ചെയ്യുകയാണ്. ഇതിന്റെ എണ്ണം വര്‍ഷം ചെല്ലുന്തോറും കുത്തനെ കൂടുകയാണ്. 1997ല്‍ 13,600, 2006 ല്‍ 17,000. കാര്‍ഷിക പ്രതിസന്ധി കാരണം ഗണ്യമായൊരു വിഭാഗം കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിച്ച് മറ്റു തൊഴില്‍ തേടിപ്പോവുന്ന ഒരു കാലത്താണ് ഈ വര്‍ദ്ധന എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോള്‍ കര്‍ഷകരുടെ എണ്ണം കുറയുകയാണ് ചെയ്യുക. കര്‍ഷകര്‍ കുറയുമ്പോഴാണ് ആത്മഹത്യകളുടെ എണ്ണം കൂടുന്നത്. കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം കര്‍ഷകരില്‍ എത്രപേര്‍ എന്ന നിലക്ക് കണക്കാക്കിയാല്‍ 2001ല്‍ 15.8 ആയിരുന്നു. ഇത് മുഴുവന്‍ ജനസംഖ്യയുടെയും ഇടയിലുള്ള ആത്മഹത്യാ നിരക്കിനേക്കാള്‍ (ആ വര്‍ഷം ഇത് 10.6 ആയിരുന്നു) ഒന്നര മടങ്ങാണ്. കഴിഞ്ഞ ഒരു ദശകക്കാലമായി ഈ ആത്മഹത്യാ നിരക്ക് കൂടിവരികയാണ്.

രാജ്യത്തെയാകെ കണക്കിലെടുക്കുമ്പോള്‍ ഇത് ശരിക്കും വേദനാകരമാണെങ്കില്‍ ചില പ്രദേശങ്ങളില്‍ ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഹൃദയഭാഗത്തെ 4 സംസ്ഥാനങ്ങളിലാണ്-മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഛത്തിസ്‌ഗഡ്-കര്‍ഷക ആത്മഹത്യയുടെ 60 ശതമാനവും നടന്നത്. ഒരു ലക്ഷം കര്‍ഷകരില്‍ എത്രപേര്‍ ആത്മഹത്യ ചെയ്യുന്നു എന്ന തോതില്‍ ഇവിടത്തെ ആത്മഹത്യാനിരക്ക് 2001ല്‍ 29 ആയിരുന്നു. അത് ഇവിടെ വളരെ കൂടുതലാണ്. ആത്മഹത്യകളില്‍ അഞ്ചിലൊന്നും കര്‍ഷകാത്മഹത്യകളായിരുന്നു ഇവിടെ. കഴിഞ്ഞ ഒരു ദശകമായി എണ്ണത്തിലും തോതിലും തീവ്രതയിലും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. സമീപസ്ഥമായ ഈ 4 സംസ്ഥാനങ്ങള്‍ക്കിടയില്‍ത്തന്നെ ഏറ്റവും അപകടകരമായ നില മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ആന്ധ്രയില്‍ ഡക്കാനിലും ഹൈദരാബാദിലും തെലുങ്കാനയിലും രായലസീമയിലും പിന്നെ കര്‍ണാടകയിലും ഛട്ടീസ്‌ഗഡിലുമാണ്. അതിരൂക്ഷമാണ് ഇവിടെ സ്ഥിതി. ജലസേചന സൌകര്യം കുറഞ്ഞ ഇന്ത്യയുടെ ഹൃദയഭാഗത്തെ ഈ വരണ്ട പ്രദേശങ്ങള്‍ ജലദൌര്‍ലഭ്യത്തിന്റെയും മണ്ണൊലിപ്പിന്റെയും ഗുരുതര പ്രശ്നങ്ങള്‍ കാരണം ഏറെ വ്രണിതമാണ്(vulnerable). നവ ലിബറല്‍ നയങ്ങള്‍ കാരണമുണ്ടായ കാര്‍ഷിക പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിച്ചത് ഈ പ്രദേശങ്ങളിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ കാര്‍ഷിക പ്രതിസന്ധിയുടെ പ്രകടമായ സവിശേഷതകള്‍ താഴെ പറയുന്നവയാണ്.

ഒന്നാമതായി അത് ഉല്‍പാദന സാഹചര്യങ്ങളിലെ പ്രതിസന്ധിയാണ്. അതിന്റെ സ്വഭാവമോ?

എ) കൃഷിയിലെ ചുരുങ്ങിവരുന്ന പൊതുനിക്ഷേപവും തദ്വാര ഉണ്ടാകുന്ന ജലസേചന സൌകര്യക്കുറവും മണ്ണിന്റെ നിലയില്‍ വരുന്ന ശോഷണവും.
ബി) ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പോലുള്ള പ്രധാന വിളകളുടെ ഉല്‍പാദനക്ഷമതയിലും ഉല്‍പാദനത്തിലും ഉണ്ടാകുന്ന മാന്ദ്യം.
സി) വളം, കീടനാശിനികള്‍, വിത്തുകള്‍ മുതലായവയുടെ വിലവര്‍ദ്ധനവുണ്ടാക്കുന്ന കൃഷിച്ചെലവ് വര്‍ദ്ധനവ്
ഡി) സ്ഥാപനപരമായ വായ്പയിലുണ്ടായ വന്‍ ഇടിവും അതുവഴി കര്‍ഷകര്‍ സ്വകാര്യ പണമിടപാടുകാരെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരുന്നതും
ഇ) കര്‍ഷകരുടെ ഉല്‍പന്ന വിലയിലുണ്ടായ വന്‍ ഇടിവ്
എഫ്) ഇതിന്റെയെല്ലാം ഫലമായി വലിയൊരു വിഭാഗം കര്‍ഷകര്‍ക്കും വരുമാനത്തിലുണ്ടായ ഇടിവ്. രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വന്‍തോതിലുള്ള കര്‍ഷക ആത്മഹത്യകളുടെ രൂപത്തിലാണ് ഇത് ഏറ്റവും രൂക്ഷമായി പ്രകടിതമായത്.

രണ്ടാമതായി, ഉല്‍പാദന സാഹചര്യങ്ങളിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വലിയൊരു വിഭാഗം ജനങ്ങളുടെയും വാങ്ങല്‍ കഴിവിലുണ്ടായ ശോഷണം. വാങ്ങല്‍ക്കഴിവിലുള്ള ഈ ശോഷണമാകട്ടെ, ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ചോദനത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞിട്ടും പൊതുവിതരണത്തിനുള്ള സംഭരണം വളരെ ചുരുങ്ങിയിട്ടും ഈ ദശകത്തിന്റെ ആദ്യഭാഗങ്ങള്‍ വരെ സര്‍ക്കാറിന്റെ കയ്യില്‍ ഭക്ഷ്യസാധനങ്ങള്‍ ബഫര്‍ സ്റ്റോക്കായി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാമായിരുന്നു. അതിനു പകരം ലോകത്ത് ഭക്ഷ്യധാന്യ വില ഏറെ കുറഞ്ഞൊരു കാലത്ത് കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു തന്നെ നിയോലിബറല്‍ നയങ്ങളുടെ മുന്‍ഗണനകള്‍ ഏതെന്ന് വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും മാന്യമായ വരുമാനം ലഭിക്കുന്ന തൊഴില്‍ത്തുറകളിലുണ്ടായ ഇടിവും തൊഴില്‍ മേഖലയിലെ അസ്ഥിരീകരണവും ഗുണത്തകര്‍ച്ചയും ജനതയുടെ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് ശോഷിപ്പിക്കുകയായിരുന്നു. ഈ വാങ്ങല്‍ കഴിവിന്റെ ശോഷണവും തദ്വാരാ സംഭവിച്ച ഭക്ഷ്യധാന്യ ചോദനത്തിന്റെ തകര്‍ച്ചയും ഏറ്റവും തീവ്രമായി പ്രത്യക്ഷപ്പെടുന്നത് പോഷകാഹാരശോഷണത്തിന്റെ കാര്യത്തിലാണ്. മറ്റു പോഷകങ്ങളുടെ കാര്യം വിടുക, വേണ്ടത്ര കലോറിയില്ലായ്മയാണ് ജനതയിലൊരു വലിയ വിഭാഗവും അനുഭവിച്ചത്.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി നാം സാക്ഷ്യം വഹിക്കുന്ന കാര്‍ഷിക പ്രതിസന്ധിയില്‍ പ്രദാന സംബന്ധിയും (Supply side) ചോദന സംബന്ധിയും (demand side) ആയ ഘടകങ്ങള്‍ (ഉത്പാദനത്തിലെ ഇടിവും മാന്ദ്യവും) സഹവര്‍ത്തിക്കുകയും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നതായി കാണാം. ഈ പ്രതിസന്ധി എങ്ങനെ ഉണ്ടായി? 1991 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് തുടര്‍ന്നുപോരുന്ന നിയോലിബറല്‍ നയങ്ങളാണ് ഈ പ്രതിസന്ധിയെ രൂക്ഷമാക്കിയത് എന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിന്റെ ചില ഘടകങ്ങളെയും പ്രത്യേകതകളെയും നമുക്കൊന്നു പരിശോധിക്കാം. ഉദാരവല്‍ക്കരണകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക സാഹചര്യങ്ങളും ഈ പ്രതിസന്ധിക്ക് വഴിവെച്ചു എന്ന കാര്യം ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. നേരത്തേ നിലനിന്നിരുന്ന കാര്‍ഷിക മേഖലയിലെ ദുര്‍ബലാവസ്ഥയും അതിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയോലിബറല്‍ നയങ്ങളും രണ്ടും ചേര്‍ന്നാണ് കാര്‍ഷിക പ്രതിസന്ധിയെ ഇത്രത്തോളം രൂക്ഷവും തീവ്രവുമാക്കിയത് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നിയോലിബറല്‍ പരിഷ്കാരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള കാലത്തെ കാര്‍ഷിക നയങ്ങളുടെ ചില സവിശേഷതകളും ഒന്നു പരിശോധിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യാനന്തര കാലത്തെ കാര്‍ഷിക നയങ്ങള്‍

സ്വാതന്ത്ര്യത്തോടെ ഇന്ത്യക്ക് ലഭിച്ചത് വളരെ പിന്നാക്കാവസ്ഥയിലുള്ള ദുര്‍ബലമായ ഒരു കാര്‍ഷികമേഖലയാണ്. പ്രാകൃതമായ സാങ്കേതിക വിദ്യകള്‍, വന്‍ തോതിലുള്ള ഭൂരാഹിത്യം, കടുത്ത ദാരിദ്ര്യവും പട്ടിണിയും. അതിലളിതവല്ക്കരണം നടത്തി പറഞ്ഞാല്‍, അക്കാലത്ത് രണ്ട് പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു-കാര്‍ഷിക മേഖലയിലെ ഈ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍.

ആദ്യത്തെ കൂട്ടര്‍ കാര്യങ്ങളെ വളരെ സാങ്കേതികമായി മാത്രം നോക്കിക്കാണും. പ്രസ്തുത കാഴ്ചപ്പാട് പ്രകാരം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രശ്നം അത് സാങ്കേതികമായി പിന്നണിയിലാണെന്നതാണ്-ആധുനിക ഇന്‍പുട്ടുകളും ടെക്നിക്കുകളും ഉപയോഗിക്കുന്നതിലെ പിന്നാക്കാവസ്ഥ. ജലസേചന സൌകര്യത്തിന്റെ അഭാവത്തില്‍ കൃഷി പൂര്‍ണമായും മണ്‍സൂണിനെ ആശ്രയിച്ചായിരുന്നു. പ്രശ്നത്തെ തന്നെ സാങ്കേതികമായി നോക്കിക്കണ്ടതിനാല്‍ പരിഹാരവും സാങ്കേതികതയില്‍ ഊന്നികൊണ്ടായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് വേണ്ടത്, അവരുടെ അഭിപ്രായത്തില്‍, മെച്ചപ്പെട്ട ജലസേചനമാണ്; ആധുനിക കാര്‍ഷികടെക്നിക്കുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയും രാസവളം, കീടനാശിനികള്‍ മേത്തരം വിളകള്‍ എന്നിവ ഉപയോഗിക്കലുമാണ്. സ്റ്റേറ്റ് ഇതിനുചേര്‍ന്ന സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം, അനുകൂലമായ സാഹചര്യങ്ങളും. അതിന്റെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി നിക്ഷേപം നടത്തണം- അങ്ങനെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കണം.

രണ്ടാമത്തെ കൂട്ടര്‍ സാങ്കേതിക പിന്നാക്കാവസ്ഥ അംഗീകരിക്കുമ്പോള്‍തന്നെ പ്രശ്നം സാങ്കേതിക വിദ്യയുടെതുമാത്രമാണെന്ന് കരുതുന്നില്ല. അനിവാര്യമായും അതൊരു സ്ഥാപനപരമായ പ്രശ്നമായാണ് അവര്‍ വിലയിരുത്തിയത്. സാങ്കേതിക പിന്നാക്കാവസ്ഥ തന്നെയും ഗ്രാമീണ ഇന്ത്യയില്‍ നിലനിന്ന സ്ഥാപനങ്ങളുടെ ഘടനാപരമായ ദൌര്‍ബ്ബല്യം കാരണവുമുണ്ടായതാണെന്നാണ് അവരുടെ പക്ഷം. ഭൂബന്ധത്തിന്റെ കാര്യത്തിലാണ് ഇത് ഏറ്റവും പ്രകടമായിരുന്നത്. ഭൂഉടമകളായ വളരെ ചുരുക്കംപേര്‍ ആകെ ഭൂവിസ്‌തൃതിയുടെ മഹാഭൂരിഭാഗവും കൈവശം വെച്ചു. ഗ്രാമീണജനതയില്‍ മഹാഭൂരിപക്ഷവും ഒന്നുകില്‍ തീര്‍ത്തും ഭൂരഹിതരോ നാമമാത്ര ഭൂഉടമസ്ഥരോ ആയിരുന്നു. ഈ കാഴ്ചപ്പാടനുസരിച്ച്, നേരിട്ടുള്ള സ്റ്റേറ്റ് ഇടപെടല്‍വഴി കൃഷിയെ ആധുനികവല്‍ക്കരിക്കാനുള്ള നീക്കം, അതോടൊപ്പം മൌലികമായ ഭൂപരിഷ്കാരങ്ങള്‍ ഉറപ്പുവരുത്താതെ നടപ്പാക്കുകയാണെങ്കില്‍, അതിന് രണ്ട് പ്രത്യാഘാതങ്ങളുണ്ടാവും.

1) അത്തരം ആധുനികവല്‍ക്കരണം ഭാഗികവും (Sporadic) അപൂര്‍ണ്ണവുമായിരിക്കും.
2) അത് ഏറെപ്പേരെ പുറംതള്ളുന്ന (exclusive) ഒന്നായിരിക്കും. ഗ്രാമീണജനതയില്‍ ഭൂരിഭാഗത്തെയും അത് ആധുനികവല്‍ക്കരണപ്രക്രിയയില്‍ പുറംതള്ളും. ഗ്രാമപ്രദേശങ്ങളിലെ സമ്പന്നവിഭാഗത്തിനു മാത്രമായിരിക്കും ഗുണഫലങ്ങള്‍ ആസ്വദിക്കാനാവുക. ഇടതുപക്ഷ കക്ഷികള്‍ ഈയൊരു നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്.

വിശേഷിച്ചുപറയേണ്ടതില്ല, ഒന്നാമത്തെവാദമാണ്- സാങ്കേതിക വാദികളുടേത്- നിലനിന്നത്; നടപ്പാക്കപ്പെട്ടതും. ഭൂപരിഷ്കരണത്തെ സംബന്ധിച്ചാണെങ്കില്‍ ഭൂബന്ധങ്ങളിലെ ഏറ്റവും മോശം രൂപങ്ങളായ ജമീന്ദാരിസമ്പ്രദായം പോലുള്ളവ ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇടതുപക്ഷകക്ഷികള്‍ ആവശ്യപ്പെട്ട തരത്തിലുള്ള ഭൂപരിഷ്കരണം നടപ്പാക്കിയതേയില്ല. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ അധികാരഘടനയനുസരിച്ച് ഇതല്ലാതെ വേറൊരത്ഭുതവും സംഭവിക്കില്ലതാനും. കാര്‍ഷികപ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കാണാനായി സര്‍ക്കാര്‍ ശ്രമിച്ചു. ഇത്തരം സ്റ്റേറ്റ് ഇടപെടലുകളില്‍ ഏറ്റവും പ്രധാനമായിരുന്നു 60കളിലെ കടുത്ത കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് നടപ്പാക്കിയ ഹരിത വിപ്ലവമെന്ന് വിശേഷിക്കപ്പെട്ട നടപടികള്‍.

ഈ ഹരിതവിപ്ലവ തന്ത്രത്തിന്റെ പ്രധാന സവിശേഷതകള്‍ താഴെപറയുന്നവയാണ്.

അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകളും രാസവളങ്ങളും കീടനാശിനികളും വര്‍ദ്ധിച്ചതോതില്‍ ഉപയോഗിച്ചുകൊണ്ടു ജലസേചനത്തിന്റെയും സോയില്‍ മാനേജ്‌മെന്റിന്റെയും ആധുനിക ടെക്‍നിക്കുകള്‍ സ്വീകരിച്ചുകൊണ്ടും, ഇന്ത്യന്‍ കാര്‍ഷികരംഗം ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു സാങ്കേതിക ഇടപെടലായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ തന്ത്രം. ഈ ആധുനിക കിറ്റുകളുടെയും ടെക്നിക്കുകളുടെയും ഉപയോഗത്തിനുപിന്നില്‍ രണ്ട് അടിസ്ഥാന തത്വങ്ങളുണ്ടായിരുന്നു. Principle of Complimentarityയും Principle of Concentration ഉം.

ഒന്നാമത്തെ സിദ്ധാന്തമനുസരിച്ച് ആധുനിക inputs ഉപയോഗിക്കുമ്പോള്‍ അതില്‍ ഒരുപാട് Complimentarities അടങ്ങിയിട്ടുള്ളതുകൊണ്ട് ഈ ഇന്‍പുട്ടുകളും ടെക്‍നിക്കുകളും വെവ്വേറെയായി പ്രയോഗിച്ചിട്ടുകാര്യമില്ല. അവ ഒന്നായി ഒരേ സമയം ഉപയോഗപ്പെടുത്തണം. എങ്കിലേ ഉല്‍പ്പാദനക്ഷമതയില്‍ വന്‍കുതിപ്പ് നടത്താനാവൂ. ഇതില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിച്ചാല്‍ വാഗ്ദത്തഫലം ലഭിച്ചെന്നുവരില്ല. ചുരുക്കത്തില്‍ ജലസേചനം, അത്യുല്‍പ്പാദനശേഷിയുള്ള വിളകള്‍, രാസവളം, കീടനാശിനികള്‍ തുടങ്ങിയവയുടെ ഒന്നിച്ചുള്ള പ്രയോഗമാണവര്‍ ഉദ്ദേശിച്ചത്.

രണ്ടാമത്തെ തത്വം ദാരിദ്ര്യം നേരിടുന്നൊരു സാഹചര്യത്തില്‍ ആധുനികവല്‍ക്കരണത്തിനുള്ള പരിശ്രമങ്ങളും നിക്ഷേപങ്ങളും പരമാവധി ഫലം കിട്ടുന്ന ചില പ്രദേശങ്ങളിലും വിളകളിലും ചില പ്രത്യേക കര്‍ഷകരിലുമായി കേന്ദ്രീകരിക്കണം എന്നതാണ്. അവ അവിടവിടെയായി ചിറതിക്കൊണ്ടായിരിക്കരുത്.- അങ്ങനെ വന്നാല്‍ അതാകെ പാഴായി പോവുകയേയുള്ളൂ. കുതിച്ചുചാട്ടം വേണമെങ്കില്‍ ഇവയുടെയാകെ സമ്യക്കായ പ്രയോഗം വേണം. ഹരിതവിപ്ലവത്തിന്റെ പാക്കേജ് പദ്ധതിയെന്നു പറയപ്പെടുന്നതിന്റെ പിറകിലുള്ള തത്വം ഇതായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും ഇന്‍പുട്ട്സും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും വിളകളിലും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരിലും മാത്രമായി പ്രയോഗിച്ചുകൊണ്ടാണ് ഹരിതവിപ്ലവം നടപ്പായത്.

2) ഹരിത വിപ്ലവ തന്ത്രത്തിന്റെ രണ്ടാം plank ഇക്കാര്യത്തില്‍ സ്റ്റേറ്റിന്റെ പങ്കുമായി ബന്ധപ്പെട്ടതാണ്: വ്യാപകമായ സ്റ്റേറ്റ് ഇടപെടലും പിന്തുണയുമുണ്ടായിരുന്നില്ലെങ്കില്‍ ഹരിതവിപ്ലവം തന്നെ സംഭവിക്കുമായിരുന്നില്ലെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഈ ഇടപെടലാകട്ടെ വന്‍തോതിലുള്ള സ്റ്റേറ്റ് നിക്ഷേപം വഴിയാണ് വന്നത്. നടത്തിപ്പിന്നായി ഉദ്യോഗസ്ഥപരവും സംഘടനാപരവുമായ സംവിധാനങ്ങള്‍ കെട്ടിപ്പടുത്തുകൊണ്ട് ഈ തന്ത്രം കൃത്യമായി നടപ്പിലാക്കുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ചില പ്രധാന ഇടപെടലുകള്‍ ഇവയായിരുന്നു.

1) ജലസേചനത്തിനും മണ്ണ് സംരക്ഷണത്തിനും കാര്‍ഷിക ഗവേഷണത്തിനും റോഡുകള്‍ പോലുള്ള പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള വന്‍തോതിലുള്ള നിക്ഷേപം.

2) രാസവളം, ഇറിഗേഷന്‍ വെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള ഗണ്യമായ സബ്‌സിഡികള്‍.

3) സാമൂഹിക- വികസന ബാങ്കിങ്ങിലേക്ക് വഴിവെച്ച ബാങ്ക് ദേശസാല്‍ക്കരണം. ഗ്രാമീണ ശാഖകളുടെ ശൃംഖല വര്‍ദ്ധിച്ചതോടെ ഔപചാരിക വായ്പാ സംവിധാനവുമായി ഗ്രാമീണര്‍ കണ്ണിചേര്‍ക്കപ്പെട്ടതോടെ ഹുണ്ടികക്കാരില്‍ നിന്നുള്ള വലിയ തോതിലുള്ള വിടുതി കാര്‍ഷിക മേഖലക്ക് ഉത്തേജകമായി.

4) സബ്‌സിഡി വിതരണത്തിനുതകുന്ന വിപുലമായ ഔദ്യോഗിക സംവിധാനവും സംഘടനാ രൂപവും കെട്ടിപ്പടുത്തതും വികസന സേവനത്തിനുള്ള (extension Service) പൊതുസമ്പ്രദായം രൂപപ്പെടുത്തിയതും.

5) ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനായുള്ള പൊതു സംവിധാനം രൂപ്പെടുത്തിയത് കര്‍ഷകര്‍ക്ക് ന്യായമായ ഉല്‍പന്നവില ഉറപ്പാക്കി. അതാകട്ടെ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നതിന് സഹായകവുമായി.

ഹരിതവിപ്ലവതന്ത്രം എത്രമാത്രം വിജയകരമായിരുന്നു? രാജ്യത്തെ ഭക്ഷ്യധാന്യഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഗണ്യമായ വര്‍ദ്ധനവിന് അത് ഇടവെച്ചുവെന്നകാര്യം നിഷേധിക്കാനാവില്ല. ഇതുവഴി ജനതക്ക് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നകാര്യത്തില്‍ അത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1975 വരെ ഭക്ഷണത്തിന് ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു പതിവ്. പക്ഷേ അതിന് ശേഷം ഇറക്കുമതി ഗണ്യമായി കുറഞ്ഞു.

ഹരിത വിപ്ലവത്തിന്റെ ഈ നേട്ടം കണ്ട് ഈ തന്ത്രം വരുത്തിവെച്ച ചില ഗുരുതര പ്രശ്നങ്ങളുടെ നേരെ കണ്ണടക്കാന്‍ ഇടവരരുത്. ഒന്നാമതായി ഈ തന്ത്രം കാര്‍ഷികമേഖലയില്‍ ആഴമേറിയ അസന്തുലിതത്വത്തിന് ഇടവരുത്തി. ഇത് ഒരു തരത്തിലുമുള്ള പുരോഗമനപരമായ ഭൂപരിഷ്കരണമില്ലാതെ സാങ്കേതികമായ ഇടപെടല്‍ മാത്രമായിരുന്നു. ഈ പാക്കേജിന്റെ മുഖമുദ്ര കേന്ദ്രീകരണമായിരുന്നു. അസന്തുലിതാവസ്ഥ ആ തന്ത്രത്തിന്റെ തന്നെ സഹജസ്വഭാവവുമാണ്.

കനാല്‍വെള്ളമോ കിണര്‍ വെള്ളമോ സമൃദ്ധമായുള്ള നല്ല ജലസേചന സൌകര്യമുള്ള പ്രദേശങ്ങളിലാണ് ഈ ഇടപെടല്‍ പാക്കേജ് പ്രോഗ്രാമായി നടപ്പാക്കിയത്. അതുവഴി അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ വരണ്ട ഹൃദയഭൂമിയെ അത് അവഗണിച്ചു. രണ്ടു ഭക്ഷ്യധാന്യങ്ങളിലാണ് അത് കേന്ദ്രീകരിച്ചത്. ഗോതമ്പും അരിയും. അവക്കാണെങ്കില്‍ അത്യുല്‍പ്പാദനശേഷിയുള്ള ഇന്ത്യന്‍ വിത്തുകള്‍ ലഭ്യമായിരുന്നു താനും. പാക്കേജിലെ വ്യവസ്ഥകള്‍ കഴിവുള്ളവരോ അല്ലെങ്കില്‍ സ്ഥാപന വായ്പക്ക് മുന്‍ഗണനയുള്ളവരോ ആയ ഒരു വിഭാഗത്തിനുമാത്രം ഇണങ്ങിയതായിരുന്നു. എന്നുവെച്ചാല്‍ ഈ തന്ത്രത്തിന്റെ ഗുണഭോക്താക്കള്‍ വന്‍കിട ഭൂപ്രഭുക്കളും ധനികകര്‍ഷകരുമായിരുന്നു എന്നര്‍ത്ഥം.

ഈ അസന്തുലിതത്വത്തിന്റെ അര്‍ത്ഥം കാര്‍ഷികമേഖലയില്‍ എത്രതന്നെ ആധുനികവല്‍ക്കരണം നടത്തിയാലും അത് ഭാഗികവും അപൂര്‍ണ്ണവും (sporadic and halting) ആയിരുന്നു എന്നാണ്. അതു സമഗ്രമല്ല, പകരം വലിയൊരു വിഭാഗത്തിനെ പുറംതള്ളുന്നതാണ് എന്നാണ്. അത്തരമൊരു മാറ്റം അതിന്റെ എല്ലാ സംഭാവ്യതകളിലും ദുര്‍ബ്ബലവും അസ്ഥിരവുമായിരിക്കും. അതുകൊണ്ട് ഏതാണ്ട് 1990 ആകുമ്പോഴേക്ക് ഹരിതവിപ്ലവത്തിന്റെ കാറ്റ് പോവുകയായിരുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തിയില്ല.

സാങ്കേതികമായ ആ ഇടപെടല്‍ പുതിയ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയാണുണ്ടായത്. ഭൂഗര്‍ഭജലത്തിന്റെ അമിതമായ ഊറ്റല്‍, മണ്ണിന്റെ ഗുണമേന്മതന്നെ തകരാറായത് മുതലായ പ്രശ്നങ്ങള്‍ കൂട്ടായി തലപൊക്കാന്‍ തുടങ്ങി. ഇതിന്റെയെല്ലാം മൊത്തംഫലം ഇഴഞ്ഞെത്തിയ സാങ്കേതികത്തളര്‍ച്ചയാണ്. അത് 1990 ഓടെ പ്രകടമായിരുന്നു.ശരിക്കും പൊട്ടിത്തെറിച്ചത് പിന്നീടായിരുന്നുവെന്നുമാത്രം. ഉദാഹരണത്തിന് ഗോതമ്പിന്റെ വാര്‍ഷികഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 1980 കളില്‍ 3.1 ശതമാനം ഉണ്ടായിരുന്നത് 1990 ആയപ്പോള്‍ 1.4 ആയി ചുരുങ്ങി. അരിയുടെ കാര്യത്തില്‍ 1980 കളിലെ 3.1 ല്‍ നിന്ന് 90 കളായപ്പോള്‍ 0.9 ശതമാനമായി ചുരുങ്ങി. 99-2000 ത്തിനുശേഷം ഈ രണ്ടു വിളകളുടെയും ഉല്പാദനക്ഷമത നിരന്തരം കുറഞ്ഞുവരികയായിരുന്നു.

ചുരുക്കത്തില്‍ ഭക്ഷ്യോല്‍പ്പാദന കാര്യത്തില്‍ ഗുണാത്മക സംഭാവനകള്‍ നല്‍കിക്കൊണ്ട് ഭക്ഷ്യസുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ സഹായിച്ചുവെങ്കിലും ഹരിതവിപ്ലവ തന്ത്രത്തിന് സഹജ ദൌര്‍ബ്ബല്യങ്ങള്‍ ഏറെയായിരുന്നു. ഭൂബന്ധങ്ങളില്‍ ഘടനാപരമായ ഒരു സമൂലമാറ്റത്തിന് ഇടവരുത്താത്തതുകാരണം അപൂര്‍ണ്ണമായ ഒരു ആധുനികതക്കാണ് അത് വഴിവെച്ചത്. ഉദാരവല്‍ക്കരണകാലത്ത് കാര്‍ഷികമേഖല ഭാഗികമായി മാത്രം ആധുനികവല്‍ക്കരിച്ച ഒന്നായിരുന്നു, അസന്തുലിതമായിരുന്നു, ദുര്‍ബ്ബലമായിരുന്നു. അതിന്റെ കാറ്റ് പോയിക്കൊണ്ടിരിക്കുകയുമായിരുന്നു. പലതരത്തിലുള്ള ഭരണകൂട പിന്തുണയോടെ നടപ്പാക്കപ്പെടുന്ന ഒരു സമ്പ്രദായമായാണ് അത് വിഭാവനം ചെയ്യപ്പെട്ടത് തന്നെ. ഈ സാഹചര്യത്തിലാണ് നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടത്. അതാകട്ടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ നിയോലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം

91 മധ്യത്തോടെ നടപ്പാക്കിയ നിയോലിബറല്‍ നയങ്ങള്‍ സ്വതേ ദുര്‍ബലമായിരുന്ന കാര്‍ഷിക വ്യവസ്ഥയെ സങ്കീര്‍ണ്ണമായും പരസ്പരബന്ധിതമായും ബാധിച്ചു. അതേക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഈ നയങ്ങള്‍ കാര്‍ഷിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നേയുള്ളൂ. ഇവയാണവ

1) പണച്ചുരുക്ക നയങ്ങള്‍
2) കാര്‍ഷിക മേഖലയുടെ നടത്തിപ്പിന് അവശ്യം ആവശ്യമായ വിവിധ പിന്തുണ സമ്പ്രദായങ്ങള്‍ പിന്‍വലിച്ചത്.
3) സമ്പദ് വ്യവസ്ഥയുടെ തുറന്നിടല്‍ വിശേഷിച്ചും കാര്‍ഷികമേഖല ലോക കമ്പോളത്തിനു മുന്നില്‍ തുറന്നിട്ടത്.

പണച്ചുരുക്ക (deflationary) നയങ്ങളുടെ പ്രത്യാഘാതങ്ങള്‍

നിയോലിബറല്‍ അജണ്ടയുടെ അടിസ്ഥാനങ്ങളിലൊന്ന് പണച്ചുരുക്കനയമാണ്. ധനക്കമ്മി കുറക്കാനായി ഗവണ്‍മെന്റ് സമ്പന്നര്‍ക്കുമേല്‍ കനത്ത നികുതി അടച്ചേല്‍പ്പിക്കുന്നതിനു പകരം- യഥാര്‍ത്ഥത്തില്‍ നിയോലിബറലിസ്റ്റുകളുടെ വിശ്വാസപ്രമാണങ്ങളില്‍ ഏറ്റവും പ്രധാനം സമ്പന്നരുടെ നികുതി വെട്ടിച്ചുരുക്കുലാണ്-ഗവണ്‍മെന്റ് ചെലവുകള്‍ വെട്ടിച്ചുരുക്കുകയാണ് ചെയ്യുക. ഇത് ഈ നയങ്ങളുടെ സ്വാഭാവികഗതിയാണുതാനും. ഇങ്ങനെയുള്ള ചെലവ് ചുരുക്കലിന്റെ ഖഡ്‌ഗം വന്നുപതിക്കുക ആദ്യമായും ഗവണ്‍മെന്റിന്റെ മൂലധനച്ചെലവുകളിലാണ്, അതിന്റെ സാമൂഹികമേഖലയിലെ ചെലവുകളിലാണ്, പൊതുവിതരണ സമ്പ്രദായത്തിനടക്കമുള്ള വിവിധ തരം സബ്‌സിഡികളിലാണ്.

ഇത്തരം പണച്ചുരുക്കനയങ്ങളുടെ പ്രത്യാഘാതം ഗ്രാമീണമേഖലയിലെ പൊതുപദ്ധതി പ്രകാരമുള്ള വികസനച്ചെലവുകള്‍ വെട്ടിച്ചുരുക്കും എന്നതാണ്. പ്രൊഫ. ഉത്സാപട്നായിക് ചൂണ്ടിക്കാട്ടിയതുപോലെ, “പരിഷ്കാരപൂര്‍വ്വ ഘട്ടത്തില്‍ ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്ത്, 85 മുതല്‍ 90 വരെയുള്ള കാലത്ത് ഗ്രാമീണ വികസനത്തിന് 51,000 കോടി ചെലവാക്കിയപ്പോള്‍ അത് അറ്റ ദേശീയ ഉല്പാദനത്തിന്റെ (NNP) 4 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ പശ്ചാത്തലസൌകര്യങ്ങള്‍ക്കായി 91,000 കോടി ചെലവാക്കി. ഇത് 7 ശതമാനം വരും. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യമായപ്പോള്‍ ഗ്രാമീണ വികസനത്തിനുള്ള വാര്‍ഷികച്ചെലവ് അറ്റ ദേശീയ ഉല്പാദനത്തിന്റെ വെറും 2.64 ശതമാനമായിരുന്നു. പശ്ചാത്തല സൌകര്യങ്ങള്‍ക്കായി ചെലവാക്കിയ സംഖ്യ കൂടി കൂട്ടിയാല്‍ 7 ശതമാനത്തില്‍ കുറവ്. ഏഴാം പദ്ധതിക്കാലത്ത് 11 ശതമാനമായിരുന്നതാണ് ഇങ്ങനെ 7 ശതമാനമായി ചുരുങ്ങിയത്. വീണ്ടും ഇടിവ് കുത്തനെയുണ്ടായി. 2000-2001 ഓടെ ഈയിനത്തില്‍ ചെലവാക്കിയത് വെറും 5.8 ശതമാനമായി ചുരുങ്ങി. ഇതില്‍ ഗ്രാമീണ വികസനത്തിന്റെ കാര്യം മാത്രമെടുത്താല്‍ അത് ഏതാണ്ട് പാതിയായി 1.9 ശതമാനം മാത്രമായി. പ്രതിശീര്‍ഷ ചെലവാണെങ്കില്‍ വളരെ പ്രകടമായും കൂടുതല്‍ രൂക്ഷമായും ചുരുങ്ങി. 93-94 കാലത്തെ വിലനിലവാരത്തില്‍ കണക്കാക്കിയാല്‍, 90-91 കാലത്തേതിലും 30,000 കോടി കുറവാണ് 99- 2000 കാലത്ത് ചെലവാക്കിയത് എന്നാണ് എന്റെ കണക്കുകൂട്ടല്‍.'' (ഉത്സാ പട്നായിക് സോഷ്യല്‍ സയന്റിസ്റ്റ് ആഗസ്റ് 2005. പേജ് 54)

ഗ്രാമീണ മേഖലയില്‍ സര്‍ക്കാരിന്റെ വികസനച്ചെലവുകള്‍ ഉടനെ ഗണ്യമായി വെട്ടിച്ചുരുക്കിയതിന് വളരെ ഗൌരവതരമായ പ്രത്യാഘാതങ്ങളുണ്ട്.

എ) ജലസേചനം, മണ്ണു സംരക്ഷണം, കാര്‍ഷിക ഗവേഷണം തുടങ്ങിയ പ്രധാന മേഖലകളിലെ പൊതുനിക്ഷേപത്തിന്റെ ഗണ്യമായ ഇടിവ് കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയുടെയും ഉല്‍പാദനത്തിന്റെ തന്നെയും മാന്ദ്യത്തിലേക്കും ഇടിവിലേക്കും നയിച്ചു.

ബി) കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം യഥാര്‍ത്ഥത്തില്‍ സ്വകാര്യമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കാരണമാകും. നിയോ ലിബറലിസത്തിന്റെ വക്താക്കള്‍ പ്രഖ്യാപിക്കുന്നതുപോലെ വികര്‍ഷിപ്പിക്കാനല്ല അതിടയാക്കുക. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപത്തിന്റെ ഇടിവ് ഈ മേഖലയിലെ സ്വകാര്യനിക്ഷേപ സാധ്യതയെയും ഏറെ എതിരായി ബാധിച്ചിട്ടുണ്ട്.

സി) സര്‍ക്കാരിന്റെ വികസന ചെലവുകളിലെ ഇടിവ് ഗ്രാമപ്രദേശങ്ങളിലെ തൊഴിലവസര വളര്‍ച്ചയെയും- കാര്‍ഷികമേഖലയിലും കാര്‍ഷികേതരമേഖലയിലും ഒരുപോലെ- ബാധിച്ചിട്ടുണ്ട്. ഇത്തരം വികസനച്ചെലവുകള്‍ ജനസേചനത്തിനായാലും മണ്ണുസംരക്ഷണത്തിനായാലും വെള്ളപ്പൊക്കനിവാരണത്തിനായാലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായാലും അവ നേരിട്ട് കാര്‍ഷികേതര തൊഴിലവസര സാധ്യതയിലേക്ക് നയിക്കും. ഈ ചെലവുകള്‍ വെട്ടിച്ചുരുക്കിയാലോ, ആ തൊഴിലവസര സാധ്യതയെ എതിരായി ബാധിക്കുകയും ചെയ്യും.

ഇതിനെല്ലാം മീതെയായി, കാര്‍ഷികമേഖലയില്‍ ഉല്‍പാദനക്ഷമതയുടെയും ഉല്‍പാദനത്തിന്റെയും കുറവ് പരോക്ഷമായെങ്കിലും കാര്‍ഷിക തൊഴിലവസര വര്‍ദ്ധനവിനെയും ബാധിച്ചിട്ടുണ്ട്. ഫലമോ? ഗ്രാമീണമേഖലയിലെ ആകെ മൊത്തം തൊഴില്‍ അവസര വര്‍ദ്ധന ചുരുങ്ങിവന്നു. ഇതിന് എന്‍.എസ്.എസ് കണക്കുകളില്‍ വ്യക്തമായ തെളിവുകളുണ്ട്-കാര്‍ഷികവൃത്തിയിലും കാര്‍ഷികേതരവൃത്തിയിലും ഒരേപോലെ ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങിവന്നു. ഗ്രാമപ്രദേശങ്ങളില്‍ അത് തൊഴിലിന്റെ അനൌപചാരികത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്-തീരേ പണിയില്ലാതിരിക്കുക എന്ന ആര്‍ഭാടം പാവപ്പെട്ടവര്‍ക്ക് പറഞ്ഞതല്ലല്ലോ. അതുകൊണ്ട് തൊഴില്‍രീതിയിലെ മാറ്റങ്ങളോട് അവര്‍ പൊരുത്തപ്പെട്ടു പോവുകയാണ്. തൊഴില്‍ സാഹചര്യങ്ങളുടെയും കൂലിയുടെയും കാര്യത്തിലാണ് ഈ തൊഴിലിന്റെ അനൌപചാരികത പ്രകടിതമാവുക.

ഡി) തൊഴില്‍ ജന്യതയുടെ (generation) കാര്യത്തിലും ഈ തകര്‍ച്ച ഗ്രാമീണജനതയിലെ വലിയൊരു വിഭാഗത്തിന്റെ വാങ്ങല്‍ക്കഴിവിനെ സാരമായി ബാധിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ചോദനത്തിലെ വന്‍ ഇടിവും അതുവഴി ഗ്രാമീണജനതയുടെ വലിയ വിഭാഗത്തിനുണ്ടാക്കിയ പോഷകാഹാര ശോഷണവും ഉണ്ടായതിനു പിറകില്‍ പ്രവര്‍ത്തിച്ചത് ഈ പ്രതിഭാസമാണ്.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സാമൂഹിക മേഖലാവികസനവും പിറകോട്ടടിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതാകട്ടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ വന്‍തോതില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്കാണ് നയിച്ചത്. ഇതോടെ ഈ സേവനങ്ങള്‍ക്ക് വളരെ പാവപ്പെട്ടവര്‍ കൂടി കനത്ത വില നല്‍കേണ്ടിവന്നു. ഇതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ അവര്‍ക്കുള്ള കഴിവ് ചുരുങ്ങിച്ചുരുങ്ങി വന്നു. 1996-ഓടെ സര്‍ക്കാര്‍ നടപ്പാക്കിയ ടാര്‍ജറ്റഡ് പബ്ലിക് ഡിസ്‌ട്രിബ്യൂഷന്‍ സമ്പ്രദായം ഗ്രാമീണജനതയുടെ വലിയൊരു വിഭാഗത്തെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നകറ്റി-റേഷന്‍ സാര്‍വ്വത്രികമായിരുന്ന കേരളത്തില്‍പോലും. ഭക്ഷ്യസുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ലഭ്യത, ഗമ്യത, ഉപഭോഗം (availability, access, consumption) എന്നീ മുന്നു ഘടകങ്ങളിലും ഗ്രാമീണജനത ശരിക്കും വിഷമിച്ചു.

ഗവണ്‍മെന്റ് പിന്തുടര്‍ന്ന പണച്ചുരുക്കനയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കി. സപ്ലൈയുടെയും ഡിമാന്റിന്റെയും കാര്യത്തില്‍ ഉല്‍പാദന സാഹചര്യങ്ങളെ ബാധിക്കുന്നതുകൊണ്ട് ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഇടിവുണ്ടായി. ഗ്രാമീണജനതയില്‍ വലിയൊരു വിഭാഗത്തിന്റെ വാങ്ങല്‍ക്കഴിവ് തകര്‍ന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ഡിമാന്റും കുറഞ്ഞു. കൃഷിയെ നേരത്തെ പിന്തുണച്ചിരുന്ന വിവിധ സമ്പ്രദായങ്ങളും വേണ്ടെന്നു വച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു. അതേപ്പറ്റി നമുക്കൊന്നു പരിശോധിക്കാം.

കാര്‍ഷികമേഖലയിലെ പിന്തുണകള്‍ പിന്‍വലിച്ചതിന്റെ പ്രത്യാഘാതങ്ങള്‍

ഭാഗികമായി ആധുനികവല്‍ക്കരിച്ച കൃഷിസമ്പ്രദായം നിര്‍ണായകമായ പല തുറകളിലും സര്‍ക്കാര്‍ പിന്തുണയെ ആശ്രയിച്ചിരുന്ന കാര്യം നാം നേരത്തെ കണ്ടതാണ്. ഇത് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ മാത്രം കാര്യമല്ല. ലോകത്തെവിടെയാണെങ്കിലും ആധുനികകൃഷി സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ് വികസിക്കുന്നത്. വികസിത രാജ്യങ്ങളില്‍ വന്‍തോതില്‍ ആധുനികവല്‍ക്കരിക്കപ്പെട്ട കൃഷി നിലനിന്നു പോവുന്നതുതന്നെ ഗവണ്‍മെന്റുകള്‍ നല്‍കുന്ന ഉദാരമായ സബ്‌സിഡികള്‍ കാരണമാണ്.

സാമ്പത്തിക പരഷ്കാരങ്ങളുടെ ഭാഗമായി ഈ പിന്തുണ സമ്പ്രദായങ്ങളില്‍ മിക്കവയും പിന്‍വലിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത്തരം നടപടികളില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

എ) പൊതുഫണ്ടുപയോഗിച്ച് നടത്തിയ ഗവേഷണഫലം കര്‍ഷകരിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൃഷിവികസന സേവനം (extension service) ഏതാണ്ട് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. കാര്‍ഷികമേഖലയില്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.

ബി) ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും കര്‍ഷകര്‍ക്ക് ന്യായവിലക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ട് ഉല്‍പാദനവര്‍ദ്ധനവിന് പറ്റിയ സാഹചര്യം സൃഷ്‌ടിച്ചിരുന്നു. മറുഭാഗത്ത് പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന വിലക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കിയിരുന്നു. ഈ സമ്പ്രദായവും ഇതോടെ തകര്‍ക്കപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കും എന്നു പറഞ്ഞാണ് ഇത് നടപ്പാക്കിയത്.

സി) രാസവളം, വൈദ്യുതി തുടങ്ങിയവക്ക് ഉണ്ടായിരുന്ന സബ്‌സിഡികള്‍ വന്‍തോതില്‍ പിന്‍വലിച്ചു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും നല്‍കിപ്പോന്നതും വന്‍തോതില്‍ വെട്ടിക്കുറച്ചു.

ഡി) ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം ബാങ്കിങ് മേഖലാ പരിഷ്കാരങ്ങളാണ്. ഇതുവഴി കാര്‍ഷികമേഖലയ്ക്ക് കിട്ടിപ്പോന്നിരുന്ന സ്ഥാപനപരമായ വായ്പ വന്‍തോതില്‍ ഇടിഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തിയ ഒരു നീക്കമെന്ന നിലക്ക് ഇതേപ്പറ്റി കുറച്ചു വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ബാങ്ക് ദേശസാല്‍ക്കരണം ഹരിതവിപ്ലവ തന്ത്രത്തിന്റെ കേന്ദ്രസവിശേഷതയും അനിവാര്യഘടകവും ആയിരുന്നുവെന്ന കാര്യം നാം നേരത്തേ കണ്ടു. ദേശസാല്‍ക്കരണത്തിനു മുമ്പെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് അത്യപൂര്‍വ്വമായി മാത്രമേ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ. ഹുണ്ടികക്കാരും കച്ചവടക്കാരും ഈ മേഖലയില്‍ പിടിമുറുക്കിയിരുന്നു. ആവശ്യമായ വായ്‌പ ന്യായമായ പലിശനിരക്കില്‍ ലഭ്യമാവുക എന്നത് കൃഷിയുടെ ആധുനികവല്‍ക്കരണത്തിനുള്ള മുന്നുപാധിയാണ് എന്ന കാര്യം ഗവണ്‍മെന്റ് തിരിച്ചറിഞ്ഞിരുന്നു. ദേശസാല്‍ക്കരണം അക്കാലത്ത് ദിശാപരമായ മാറ്റത്തിനു വഴിവെച്ചു. ലാഭമാത്ര പ്രചോദിതമായ സ്വകാര്യബാങ്കിങ്ങില്‍ നിന്ന് പൊതു ഉടമസ്ഥതയിലുള്ള സാമൂഹിക- വികസന ബാങ്കിങ്ങിലേക്ക്. ബാങ്കിങ് മേഖലയുടെ ഈ സാമൂഹിക- വികസനപരമായ കാഴ്‌ചപ്പാടിലേക്കുള്ള മാറ്റം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഗണ്യമായ തോതിലുള്ള സര്‍ക്കാര്‍ സഹായവും നിയന്ത്രണവും ആവശ്യമായിരുന്നു.

അതുകൊണ്ട്

1) ഗവണ്‍മെന്റിന്റെ ഒരു തരത്തിലുള്ള സാമൂഹിക സമ്മര്‍ദ്ദം റിസര്‍വ് ബാങ്ക് വഴി നടപ്പാക്കിക്കൊണ്ട് അതുവരെ ബാങ്കുകള്‍ പ്രവേശിക്കാത്ത ഗ്രാമീണ-അര്‍ദ്ധനഗര കേന്ദ്രങ്ങളിലേക്ക് ബാങ്കിങ്ങിനെ വ്യാപിച്ചു. ദേശസാല്‍കൃത ബാങ്കുകള്‍ നേരിട്ടോ അവയുടെ കീഴിലുള്ള റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍ വഴിയോ വര്‍ദ്ധിച്ച തോതില്‍ ഈ പ്രദേശങ്ങളില്‍ ശാഖകള്‍ തുറന്നു.

2) ബാങ്കു വായ്പ ഏതേത് മേഖലകളില്‍ എത്തണമെന്ന കാര്യത്തിലും ഗവണ്‍മെന്റ് ഇടപെടലുണ്ടായി. റിസര്‍വ് ബാങ്ക് നിയന്ത്രണം വഴിയാണ് ഇതും നടപ്പാക്കിയത്. മുന്‍ഗണനാ വായ്‌പകള്‍ക്കുള്ള ഉപാധികള്‍ മുന്നോട്ടുവെച്ചു. കൃഷിക്കും അനുബന്ധ ഏര്‍പ്പാടുകള്‍ക്കും ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ക്കുമൊക്കെ ടാര്‍ജറ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടു. 1985 ആയപ്പോള്‍ ഈ ടാര്‍ജറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ആകെ വായ്‌പയുടെ 40 ശതമാനം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. 37 മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്‌പയുടെ അളവ് നിര്‍ദ്ദേശിക്കുന്നതിനൊപ്പം വായ്‌പക്കുള്ള പലിശയും സര്‍ക്കാര്‍ നിശ്ചയിച്ചു. ചുരുങ്ങിയ പലിശക്ക്വായ്‌പകള്‍ നല്‍കിക്കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ ഇടപെടാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി.

ബാങ്കിങ് ഇടപാടുകള്‍ പൊതുവേ ഗ്രാമീണമേഖലയിലേക്ക്, വിശേഷിച്ചും കാര്‍ഷികമേഖലയിലേക്ക് വ്യാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഈ നടപടികള്‍ ഏറെ സഹായകമായി. ഈ നീക്കത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഗ്രാമീണ മേഖലയിലെ ഭൂപ്രഭുക്കളും ധനികകര്‍ഷകരും ആയിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ നാം നേരത്തേ കണ്ടതുപോലെ ഈ അസന്തുലിതത്വവും തലതിരിച്ചിടലും ഹരിതവിപ്ലവ തന്ത്രത്തിന്റെ ഭാഗം തന്നെയാണ്. ഗ്രാമീണ മേഖലയിലേക്ക് ഗണ്യമായ തോതില്‍ ബാങ്കുശാഖകള്‍ സ്ഥാപിച്ചതോടെ സ്വകാര്യ പണമിടപാടുകാരുടെയും ഹുണ്ടികക്കാരുടെയും പിടി അയയുന്നതിന് വഴിവെച്ചു.

നിയോ ലിബറല്‍ അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ധനകാര്യമേഖലാ പരിഷ്കാരങ്ങള്‍ വീണ്ടും ഒരു ദിശാമാറ്റമായിരുന്നു. സാമൂഹിക-വികസന ബാങ്കിങ്ങില്‍ നിന്ന് മാറി ഉദാരവല്‍ക്കരണത്തിനിണങ്ങിയ തരത്തില്‍ കമ്പോളോന്മുഖ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കിങ് മാറിത്തീര്‍ന്നു. 1991ല്‍ രൂപവല്‍ക്കരിച്ച നരസിംഹം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ധനമേഖലക്ക് നിര്‍വ്വഹിക്കാനുള്ള പുതിയ കടമകളെക്കുറിച്ച് അസന്ദിഗ്ദമായി പ്രഖ്യാപിച്ചു. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ ഘടനയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ നിലനിര്‍ത്താന്‍ പറ്റിയ ചലനാത്മകവും മത്സരാധിഷ്ഠിതവുമായ ഒരു ധനമേഖലാ സമ്പ്രദായം വേണം എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്.

കൂടുതല്‍ മൂര്‍ത്തമായി പറഞ്ഞാല്‍, ദിശാമാറ്റമെന്നാല്‍ ബാങ്കിങ് മേഖലക്ക് സമ്പദ്‌വ്യവസ്ഥയില്‍ നിറവേറ്റാനുള്ള പങ്കിന്റെ കാര്യത്തിലുള്ള രണ്ട് അടിസ്ഥാനപരമായ മാറ്റങ്ങളാണുദ്ദേശിച്ചത്. ഒന്നാമതായി സാമൂഹിക ബാങ്കിങ്ങിന്റെ കാലത്തു നടപ്പാക്കിയ മുഴുവന്‍ പുരോഗമന നടപടികളെയും അത് ഇല്ലാതാക്കി. ധനമേഖലയിലെ സ്വകാര്യമൂലധനം സജീവമായി പ്രോത്സാഹിപ്പിക്കപ്പെട്ടു. ബാങ്കിങ് ഇടപാടുകളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണവും മേല്‍നോട്ടവും വന്‍തോതില്‍ വെട്ടിക്കുറച്ചു. സാമൂഹിക ഉത്തരവാദിത്വത്തിനുപകരം ലാഭമായി ബാങ്കിങ് ഇടപാടുകളുടെ മാര്‍ഗദര്‍ശക തത്വം. അതേത്തുടര്‍ന്ന് "ആദായകരമല്ലാത്ത ശാഖകള്‍'' ഗ്രാമങ്ങളിലും അര്‍ദ്ധനഗരപ്രദേശങ്ങളിലും അടച്ചു പൂട്ടപ്പെട്ടു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ളവായ്‌പാ ടാര്‍ജറ്റുകള്‍ നേരിട്ടും പരോക്ഷമായും വെട്ടിക്കുറച്ചു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമുള്ളവായ്‌പക്ക് ഈടാക്കാവുന്ന പലിശയുടെ കാര്യത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിച്ചു.

രണ്ടാമതായി പഴയ സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്ന് അകന്ന ബാങ്കിങ് സമ്പ്രദായം പുതിയ ഉദാരവല്‍കൃത സമ്പദ്‌വ്യവസ്ഥയുടെ നടത്തിപ്പിനും വളര്‍ച്ചക്കും ഇണങ്ങിയ രീതിയില്‍ മാറ്റിമറിക്കപ്പെട്ടു. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളായ വിഭാഗത്തിനുള്ള ഉപഭോഗവായ്‌പ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് അത് സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോഗനിര്‍ണീതമായ വികസനത്തെ പ്രോത്സാഹിപ്പിച്ചു. വിളവായ്‌പക്കു പകരം കാര്‍വായ്‌പയായി സവിശേഷത. നിയന്ത്രണരഹിതമായ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും വിവിധ തരത്തിലുള്ള ഊഹാധിഷ്ഠിത ഇടപാടുകള്‍-ഓഹരി വിപണിയിലായാലും നാണയ കച്ചവടത്തിനായാലും ചരക്ക് അവധി വ്യാപാരത്തിനായാലും-പ്രോത്സാഹിപ്പിക്കലായി ധനമേഖലയുടെ സവിശേഷത.

ബാങ്കിങ് നയത്തിലുള്ള അടിസ്ഥാനപരമായ ഈ നയവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളോ? കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമതയും ഉല്പാദനവും വര്‍ദ്ധിപ്പിക്കുന്നതില്‍ മുമ്പ് നിര്‍ണായക പങ്കു വഹിച്ച ഉദാരവ്യവസ്ഥയിലുള്ള കാര്‍ഷികവായ്‌പകള്‍ പൂര്‍ണമായും നിലച്ചു. ഇങ്ങനെ സാമ്പ്രദായികവായ്‌പകള്‍ ശൂന്യമാക്കിയിട്ട ഇടങ്ങളിലേക്ക് വിവിധ തരത്തിലുള്ള സ്വകാര്യ കൊള്ളപ്പണം തികച്ചും അനിയന്ത്രിതമായ തോതില്‍ ഇരച്ചുകയറുകയും ചെയ്തു.

ഇത് ധനമേഖലക്ക് മാത്രം ബാധകമായ ഒരു പ്രതിഭാസമല്ല. കാര്‍ഷികമേഖലക്കുള്ള പിന്തുണയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തടിയൂരിപ്പോയേടങ്ങളിലേക്കാകെ സ്വകാര്യലാഭ താല്‍പര്യം ഇരച്ചുകയറി. സ്വകാര്യവ്യാപാരികള്‍ വിത്തിന്റെയും വളത്തിന്റെയും കീടനാശിനികളുടെയും വിതരണ മേഖലയിലേക്കും കടന്നുവന്നു. സംഭരണത്തിന്റെയും വിതരണത്തിന്റെയും മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളു ടെയും കമ്പോളത്തില്‍ ലാഭം നോക്കികളായ വ്യാപാരികളും ഊഹക്കച്ചവടക്കാരും കടന്നുവന്നു. കൃഷി വികസന (extension)കാര്യത്തില്‍ പോലും സ്വകാര്യമേഖല പിടിമുറുക്കി. വമ്പന്‍ വിത്തുകമ്പനികള്‍ കര്‍ഷകരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബി.ടി. കോട്ടണ്‍ പോലുള്ള നാണ്യവിളകളിലേക്ക് മാറാന്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു-അത്തരം കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ പോലും ഈ നിര്‍ബന്ധത്തിനു വഴങ്ങാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരായി. ഇതെല്ലാം ചേര്‍ന്ന്-സര്‍ക്കാര്‍ തടിയൂരിയതും സ്വകാര്യതാല്‍പര്യം വമ്പന്‍ വില ഈടാക്കിക്കൊണ്ട് രംഗപ്രവേശം ചെയ്തതും-കൃഷിച്ചെലവ് ഗണ്യമായി വര്‍ദ്ധിക്കാനിടയാക്കി. വിശ്വസിക്കാവുന്ന സ്ഥിരതയുള്ള ഉല്‍പന്നക്കമ്പോളം ഇല്ലാതായതിനു മേലെ കാര്‍ഷികോല്‍പന്നവ്യാപാരത്തിലെ ഉദാരവല്‍ക്കരണം കൂടിയായപ്പോള്‍ അവസാനത്തുരുമ്പും നഷ്ടപ്പെടുമെന്നായി.

വാണിജ്യ ഉദാരവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍

വാണിജ്യ ഉദാരവല്‍ക്കരണത്തിനുള്ള ഒരു പ്രധാന നടപടി 2001ല്‍ ഗവണ്‍മെന്റ് എടുത്തു. എണ്ണത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും (Quantitative Restrictions)എടുത്തുകളഞ്ഞു കൊണ്ടും താരീഫ് നിരക്കുകള്‍ വെട്ടിച്ചുരുക്കിയും ഗ്രാമീണ മേഖലയെ അന്താരാഷ്ട്ര കാര്‍ഷിക ഉല്‍പന്നക്കമ്പോളത്തിന്റെ കളികള്‍ക്ക് വിട്ടുകൊടുത്തു. ഇതെല്ലാം സംഭവിക്കുന്നതോ, വികസിത സമ്പന്നരാജ്യങ്ങളിലെ കാര്‍ഷികോല്‍പന്നക്കമ്പോളം പണച്ചുരുക്കത്തിന്റെയും സങ്കോചത്തിന്റെയും ലക്ഷണങ്ങള്‍ കാട്ടുന്ന ഒരു കാലത്ത് ; വിലകള്‍ കുത്തനെ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഈ പ്രാഥമിക വിഭവങ്ങളുടെ വിലകള്‍ ഇടിഞ്ഞുകൊണ്ടിരുന്നത്-വിശേഷിച്ചും നാണ്യവിളകളുടെ കാര്യത്തില്‍-അതിന്റെ പ്രത്യാഘാതങ്ങള്‍ ആഭ്യന്തരക്കമ്പോളത്തിലും പ്രകടിപ്പിച്ചു തുടങ്ങി. ഈ കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തില്‍ നേരത്തേ നല്‍കിക്കൊണ്ടിരുന്ന സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചതോടെ, വന്‍ചെലവില്‍ നാണ്യവിള കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ വഷളായി.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മിക്ക കാര്‍ഷികോല്‍പന്നങ്ങളുടെയും വില ഇപ്പോള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിലാകെ കാണുന്ന വമ്പിച്ച തോതിലുള്ള പണപ്പെരുപ്പം ഈ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഉടലെടുത്തതാണ് താനും. അടിസ്ഥാന ചരക്കുകളുടെ ഈ വിലക്കുതിപ്പിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. എണ്ണവിലയിലെ കുതിച്ചുചാട്ടം, ജൈവ ഇന്ധനത്തിനായി വികസിത സമ്പന്നരാജ്യങ്ങളിലും ബ്രസീലിലും വന്‍തോതില്‍ കൃഷിഭൂമി മാറ്റിവെച്ചത്, കാര്‍ഷികോല്‍പന്നങ്ങളടക്കമുള്ള ചരക്കുകളുടെ കാര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഊഹക്കച്ചവടത്തിന്റെയും അവധിവ്യാപാരത്തിന്റെയും പങ്ക്, ഇന്ത്യയും ആസ്‌ട്രേലിയയും പോലുള്ള പ്രധാന ഭക്ഷ്യോല്‍പാദന സമ്പദ്‌വ്യവസ്ഥകളുടെ കാര്‍ഷികോല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലുമുണ്ടായ വന്‍ ഇടിവ്-ലോകത്താകെ പണപ്പെരുപ്പത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഇവയൊക്കെയാണ്.

ഇന്ത്യയില്‍ ഇന്നു കാണുന്ന പണപ്പെരുപ്പത്തിലേക്ക് നയിച്ച പ്രധാനകാര്യം ആഗോളപണപ്പെരുപ്പത്തെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി നടപ്പിലാക്കിയ കാര്‍ഷികനയത്തിന് ഇതിലൊരു പങ്കുമില്ല എന്ന വാദം സ്വീകാര്യമല്ല. ഒന്നാമതായി, കാര്‍ഷികോല്‍പന്നക്കച്ചവടത്തിന്റെ ഉദാരവല്‍ക്കരണത്തിനു കാണിച്ച അത്യുത്സാഹമാണ് ഈ പണപ്പെരുപ്പ ഇറക്കുമതിക്ക് കാരണമെന്നു കാണാന്‍ വിശേഷിച്ച് വലിയ ഭാവനയൊന്നും വേണ്ട. രണ്ടാമതായി, ഈ നയങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി തകര്‍ച്ചയുടെ (depressed) അവസ്ഥയിലേക്ക് നയിച്ചതും തദ്വാര ഭക്ഷ്യധാന്യദൌര്‍ലഭ്യത്തിലേക്കും പണപ്പെരുപ്പ സാഹചര്യങ്ങളിലേക്കും എത്തിച്ചതും.

മൂന്നാമതായി, രാജ്യത്ത് ബഫര്‍ സ്റ്റോക്കാണ് എന്ന് മൂക്കിനപ്പുറം കാണാനാവാത്ത സിദ്ധാന്തമവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്തത് കാരണം ഇന്ന് ഭക്ഷ്യസ്റ്റോക്ക് വളരെ ശോഷിക്കാന്‍ ഇടയാക്കി. എന്നിട്ടും ഇന്നും ഭക്ഷ്യധാന്യ സംഭരണത്തിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ വേണ്ട പങ്ക് നിറവേറ്റാന്‍ വിമുഖത കാട്ടുകയാണ്. ഇതാകട്ടെ, സ്വകാര്യക്കച്ചവടക്കാര്‍ക്ക് കമ്പോളത്തെ കീഴടക്കാന്‍ അവസരം നല്‍കുകയും അതുവഴി പണപ്പെരുപ്പച്ചുരുള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിനര്‍ത്ഥം പ്രാഥമിക വിഭവങ്ങളുടെ വന്‍തോതിലുള്ള വിലവര്‍ദ്ധനവിന്റെ ഫലങ്ങള്‍ സാധാരണ കര്‍ഷകര്‍ക്ക് യാതൊരുവിധ നേട്ടവും ഉണ്ടാക്കില്ല, ഇടത്തട്ടുകാര്‍ തട്ടിയെടുക്കും എന്നുതന്നെയാണ്. ഒരു ഭാഗത്ത് രാജ്യത്തെ പാവപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പോഷകാഹാര ശോഷണം അനുഭവിക്കുകയും അതേസമയം അവര്‍ക്ക് ജീവസന്ധാരണത്തിനുള്ള അടിസ്ഥാനാവശ്യങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ബാദ്ധ്യതയില്‍ നിന്നും സര്‍ക്കാര്‍ കയ്യൊഴിയുകയും ചെയ്യുന്ന കാലത്ത് ഈ പണപ്പെരുപ്പച്ചുരുളിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വിനാശകരം തന്നെയായിരിക്കും.

ഉപസംഹാര നിരീക്ഷണങ്ങള്‍

മേല്‍ക്കൊടുത്ത ചര്‍ച്ചയില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി വിവിധ ഘടകങ്ങളുടെ സംയുക്ത ഫലമായുണ്ടായതാണ്. എന്നാല്‍ പ്രതിസന്ധി മൂര്‍ച്‌ഛിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ചത് ഗവണ്‍മെന്റിന്റെ നവഉദാരവല്‍ക്കരണ നയങ്ങളാണ്. ഈ ഒരു പറ്റം നയങ്ങളാണ് പ്രദാനത്തിന്റെയും ചോദനത്തിന്റെയും കാര്യത്തില്‍ ഒരേപോലെ ഗ്രാമീണമേഖലയെ ഞെരുക്കിക്കളഞ്ഞത്.

ഗ്രാമീണ മേഖലയിലെ പൊതുനിക്ഷേപം വന്‍തോതില്‍ വെട്ടിക്കുറച്ചത് ഉല്പാദനക്ഷമതയുടെയും ഉല്‍പാദനത്തിന്റെയും മാന്ദ്യത്തിലേക്കും തകര്‍ച്ചയിലേക്കും നയിച്ചു. വിവിധ തരത്തിലുള്ള പിന്തുണകള്‍ പിന്‍വലിച്ചത് കൃഷിച്ചെലവ് വര്‍ദ്ധിപ്പിക്കുകയും കൃഷിതന്നെ അനാദായകരമാക്കുകയും ചെയ്തു. വാണിജ്യ ഉദാരവല്‍ക്കരണം നടപ്പാക്കുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ പൊതുസംഭരണവും വിതരണവും ഉപേക്ഷിക്കുകയും ചെയ്തത് കര്‍ഷകര്‍ക്ക് കിട്ടിപ്പോന്ന വിലകള്‍ തകരാനിടയാക്കി.

ഗ്രാമീണ വികസനത്തിനായുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിച്ചുരുക്കിയതും കാര്‍ഷിക ഉല്‍പാദന മാന്ദ്യവും ചേര്‍ന്നപ്പോള്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വളര്‍ന്നുപെരുകുകയും അത് രാജ്യത്തെ ജനതയുടെ മഹാഭൂരിപക്ഷത്തിന്റെ വാങ്ങല്‍ക്കഴിവ് ശോഷിപ്പിക്കുകയും അത് തിരിച്ച് ഭക്ഷ്യധാന്യങ്ങളുടെ ചോദനത്തിലും ഉപഭോഗത്തിലും വന്‍ ഇടിവുണ്ടാക്കുകയും ചെയ്തു.

പ്രശ്നം സങ്കീര്‍ണമാക്കിയത് സാമൂഹികമേഖലയില്‍ നിന്ന് സര്‍ക്കാര്‍ തടിയൂരുകയും പൊതുവിതരണ സമ്പ്രദായമടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതോടെ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെയും പോഷകാഹാര ശോഷണത്തില്‍ കലാശിച്ചു. ഇവയൊക്കെത്തന്നെയും വന്നുചേര്‍ന്നത് സ്വതേ ദുര്‍ബ്ബലമായിരുന്ന കാര്‍ഷികവ്യവസ്ഥയുടെ മേല്‍ ആയതുകൊണ്ട് പ്രതിസന്ധി രൂക്ഷവും ആഴമേറിയതും നിതാന്തവുമായി (persistant) ഒരു സംസ്ഥാനമോ പ്രദേശമോ ഒഴിവാകാത്ത തരത്തില്‍ ഈ പ്രതിസന്ധി പരക്കെപ്പരന്നു. ഈ ഘടകങ്ങളെല്ലാം ഏറ്റവും കൂടുതലായ പ്രകടമായിരുന്നിടത്താണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായത്.

ഇന്ത്യയുടെ മധ്യ-ദക്ഷിണ സമീപസ്ഥ ഭാഗങ്ങളില്‍, മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ഡക്കാന്‍ ഹൈദരാബാദിലും ആന്ധ്രപ്രദേശിലെ തെലുങ്കാനയിലും രായലസീമയിലും ഛട്ടീസ്‌ഗഡിലും ഒക്കെ ഈ ഘടകങ്ങളെല്ലാം ചേര്‍ന്നുവന്നിരുന്നു. കാര്‍ഷികമേഖലയിലായാലും വ്യവസായമേഖലയിലായാലും ഉല്‍പാദനശക്തികളുടെ വികാസം ഈ പിന്നണിപ്രദേശങ്ങളില്‍ വളരെ താഴ്ന്നതലത്തിലായിരുന്നു. വലിയ തോതില്‍ ജലപ്രശ്നമുള്ള പ്രദേശങ്ങളാണിവ. ചുരുങ്ങിയ ജലസേചന സൌകര്യം മാത്രമുള്ള, കുറഞ്ഞതും അനിശ്ചിതവുമായ മഴ മാത്രം കിട്ടുന്ന പ്രദേശം. ഈ വരണ്ട പ്രദേശങ്ങളിലെ മണ്ണിന്റെ ഗുണവും വളരെ മോശമായിരുന്നു. അത് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയുമാണ്. ഈ മേഖല കൃഷിരീതിയുടെ കാര്യത്തില്‍ വൈവിധ്യപൂര്‍ണമാണ്. വിളപ്രദേശങ്ങളില്‍ (Cropped Areas) കൂടുതലും ധാന്യങ്ങളാണ്. ഈ വൈവിധ്യമാകട്ടെ, കാര്‍ഷിക പിന്നാക്കാവസ്ഥ കാരണം ഉണ്ടായതുമാണ്. ആധുനികവല്‍ക്കരണം വഴി സംഭവിച്ചതല്ല തന്നെ.

ഈ പ്രദേശങ്ങളില്‍ പരുത്തിപോലുള്ള നാണ്യവിളകള്‍ വളരെ മോശം സാഹചര്യങ്ങളിലാണ് കൃഷി ചെയ്യപ്പെടുന്നത്. ജലസേചന സൌകര്യം വളരെ പരിമിതമാണ്. പിന്നാക്കാവസ്ഥയും പ്രതികൂലാവസ്ഥയും ചേര്‍ന്ന ഈ വൈവിധ്യം യാതൊരു തരത്തിലുള്ള സ്റ്റബിലിറ്റിക്കും (stability) വഴിവെക്കില്ല. പകരം ഇന്‍സ്റ്റബിലിറ്റിയും വള്‍നറെബിലിറ്റിയുമാണ് (instability and vulnerability) കൂടുക. ഈ കടുത്ത പ്രതിസന്ധി വലിയൊരു വിഭാഗം കര്‍ഷകരെയടക്കം ഗ്രാമീണജനതയുടെ ജീവനോ പാധികള്‍ തന്നെ (livelihood)നഷ്ടപ്പെടുന്നതിലാണ് അവസാനിച്ചത്. ഈ പ്രതിസന്ധിയെ ഈ പ്രദേശത്ത് സങ്കീര്‍ണമാക്കിയത് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് മറ്റൊരവസരം കണ്ടെത്താനുള്ള ബദല്‍ ജീവനോപാധികള്‍ ഇല്ലാത്തതുകൊണ്ടാണ്. ഈ പ്രദേശത്താകട്ടെ, നേരത്തേ കണ്ടതുപോലെ സുസ്ഥിരവും മാന്യവുമായ കാര്‍ഷികേതര അവസരങ്ങള്‍ വളരെക്കുറവാണ്. ഈ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് കര്‍ഷകാത്മഹത്യകളുടെ ദുരന്തത്തിന് വഴിവച്ചത്.

ഇങ്ങനെ വിവിധ ഘടകങ്ങളുടെ സങ്കലനം വഴി വന്നുചേര്‍ന്ന പ്രതിസന്ധിയെ കാര്‍ഷിക പ്രതിസന്ധി മാത്രമായോ കര്‍ഷക ആത്മഹത്യ മാത്രമായോ ഏകമുഖമായി വിലയിരുത്തുന്നത് അര്‍ത്ഥശൂന്യമാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ താല്‍‌ക്കാലികവും പരസ്‌പരബന്ധിതമല്ലാത്തതുമായ ഏതു തരത്തിലുള്ള പ്രതിവിധിയും അപര്യാപ്തമായിരിക്കും. എല്ലാ തരത്തിലുമുള്ള പാക്കേജ് നടപടികളെയും നിരാകരിക്കുകയല്ല.വായ്‌പാ ആശ്വാസം, ആദായകരമായ ഉല്‍പന്നവില, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഒരു പരിധി വരെ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷേ അത് താല്‍ക്കാലികമാണ്. അത്തരത്തിലൊന്ന് ഈയ്യിടെ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ ഈ നടപടികള്‍ അവ മാത്രമായി ഒരു ബദല്‍ അല്ല.

കാര്‍ഷികരംഗത്ത് മുന്നേ നിലനിന്നിരുന്ന ദുര്‍ബലാവസ്ഥക്കും (vulnerability)കടുത്ത കാര്‍ഷിക പ്രതിസന്ധിക്കും എതിരെ ഒരേപോലെ നയപരമായ ഇടപെടലാണ് ആവശ്യം. ഇത് കാര്‍ഷിക നയങ്ങളുടെ ഒരു തിരിച്ചിടലിന് വഴിവെക്കും. പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ ഇടവരുത്തിയ നിയോലിബറല്‍ നടപടികള്‍ എത്രയും പെട്ടെന്നു തന്നെ ഉപേക്ഷിക്കേണ്ടി വരും. പക്ഷേ അതിനര്‍ത്ഥം കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണത്തെത്തന്നെ പിറകോട്ടടിപ്പിച്ച പഴയ നയങ്ങള്‍ വീണ്ടും കൊണ്ടുവരണമെന്നല്ല. അടിസ്ഥാനപരവും സ്ഥാപനപരവുമായ രൂപാന്തരീകരണമാണ് അതിന്റെ സമഗ്രവും ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതുമായ(inclusive) ആധുനികവല്‍ക്കരണത്തിന്റെ മുന്നുപാധി. ഇക്കാര്യം അംഗീകരിക്കേണ്ടതുണ്ട്.

ജനതയില്‍ ഏറ്റവും അവഗണിത വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ബഹുജനമുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തിലൂടെ മാത്രമേ ഈ സര്‍ക്കാര്‍ നയങ്ങള്‍ മാറ്റാനാവൂ. കര്‍ഷകമുന്നേറ്റങ്ങളുടെ മഹനീയ പാരമ്പര്യം ഇന്ത്യക്കുണ്ട്. 80കളുടെ അവസാനം പോലും വന്‍തോതിലുള്ള കര്‍ഷക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അത്തരം മുന്നേറ്റങ്ങള്‍ വറ്റിവരണ്ടുപോയോ? തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങുന്നതിനു പകരം വലിയൊരു വിഭാഗം സ്വയം ജീവനൊടുക്കുകയാണ്. ഈ ആത്മഹത്യകളാവട്ടെ, നിസ്സഹായതയുടെ നിലവിളികളാണ്. പ്രതിഷേധമല്ല തന്നെ. ഈയൊരു വശമാണ് നാം ഇന്നു കാണുന്ന കര്‍ഷകാത്മഹത്യകളുടെ ദുരന്തത്തെ വേദനാജനകമാക്കുന്നത്. ഇവയുടെ കാരണങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. അത് മനസ്സിലാക്കുക എന്നത് കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങള്‍ മനസ്സിലാക്കുന്ന അത്രതന്നെ പ്രധാനമാണ്.

*
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച “കാര്‍ഷിക പ്രതിസന്ധിയും വായ്‌പാനയത്തിലെ ദിശാമാറ്റവും“ എന്ന സെമിനാറില്‍ കെ.നാഗരാജ്, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അവതരിപ്പിച്ച പ്രബന്ധം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയുടെ പിടിയിലാണെന്ന കാര്യം ഏറ്റവും കടുത്ത നവ ഉദാരവല്‍ക്കരണവാദികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. 1991 ന്റെ മധ്യത്തോടെ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നമ്മുടെ സമസ്ത സാമൂഹിക-സാമ്പത്തിക മേഖലകളിലും, സാംസ്കാരിക ജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഈ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ഗുരുതരമാണ്, പലപ്പോഴും ദുരന്തപൂര്‍ണവും.
കഴിഞ്ഞ കുറച്ചു കാലമായി നവഉദാരവല്‍ക്കരണ നയങ്ങളുടെ കടുത്തവിമര്‍ശകര്‍ക്ക് പോലും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കാര്‍ഷിക പ്രതിസന്ധി അടിയില്‍ പതഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ വ്യാപാര വ്യവസായ മേഖലകള്‍ക്ക് മാത്രം ബാധകമാവുന്നതാണെന്നും കാര്‍ഷികസമ്പദ്‌വ്യവസ്ഥക്ക് വലിയ കുഴപ്പമൊന്നും വരുത്തില്ലെന്നുമുള്ള അലംഭാവമായിരുന്നു നാം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ കൂട്ട കര്‍ഷക ആത്മഹത്യകള്‍ നമ്മെ യാഥാര്‍ത്ഥ്യത്തിലേക്ക് കുലുക്കിയുണര്‍ത്തുകയായിരുന്നു. അതുവരെയും അതൊരു നിശ്ശബ്ദപ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അവഗണിക്കാനാവാത്തവിധം ഈ പ്രതിസന്ധി അത്ര നിശ്ശബ്ദമല്ലാതായിരിക്കുന്നു. പക്ഷേ നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ഈ തീവ്രപ്രതിസന്ധിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും ആകെ തള്ളിക്കളയുകയാണ്.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച “കാര്‍ഷിക പ്രതിസന്ധിയും വായ്‌പാനയത്തിലെ ദിശാമാറ്റവും“ എന്ന സെമിനാറില്‍ കെ.നാഗരാജ്, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അവതരിപ്പിച്ച പ്രബന്ധം.

Anonymous said...

എല്ലാ തരത്തിലുമുള്ള പാക്കേജ് നടപടികളെയും നിരാകരിക്കുകയല്ല.വായ്‌പാ ആശ്വാസം, ആദായകരമായ ഉല്‍പന്നവില, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഒരു പരിധി വരെ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷേ അത് താല്‍ക്കാലികമാണ്. അത്തരത്തിലൊന്ന് ഈയ്യിടെ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്.


എന്താ നടപ്പാക്കിയ പാക്കേജു ഞാനും ഒരു കറ്‍ഷകനാണേ ഒന്നും കണ്ടതായി ഓറ്‍ ക്കുന്നില്ല അതു ഒന്നു പറഞ്ഞാല്‍ മറുപടി പറയാം നെല്ലു ക്റിഷി ചെയ്താല്‍ കൊയ്യാന്‍ തന്നെത്താന്‍ കറ്‍ഷകനു പറ്റില്ല അല്ലെങ്കില്‍ പണ്ടത്തെ പോലെ പത്തു പിള്ളേര്‍ ഉണ്ടായിരിക്കണം അതില്ലാത്തതിതാല്‍ മെതി യ്നത്റം വേണം അതു വേണമെങ്കില്‍ ആദ്യം കറ്‍ഷകതൊഴിലാളി യൂനിയന്‍ ഓഫീസില്‍ ചെന്നു കാലു പിടിക്കണം പിന്നെ അവിടത്തെ ചോട്ട നേതാവു നിശ്ചയിക്കും ഇവന്‍ ബൂര്‍ഷ്വ കര്‍ഷകന്‍ ആണോ നമ്മടെ ആളാണോ എന്നു പിന്നെ പണം കെട്ടണം സംഭാവന നോക്കു കൂലി ഇതെല്ലം നല്‍കിയാല്‍ പിന്നെ അവര്‍ നിശ്ചയിക്കും എന്നു കൊയ്യാമെന്നു അതു ചിലപ്പോള്‍ വെള്ളം കയറിയിട്ടായിരിക്കും അതുകാരണം ഈ ക്റിഷി എന്ന പണി വേണ്ട എന്നു നമ്മള്‍ അങ്ങു നിശ്ചയിച്ചു

പാക്കേജിനെ പറ്റി ഒന്നും ഇതുവരെ കേട്ടില്ല

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ആരുഷി
കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങളെ സംബന്ധിച്ച് ഇത്ര വിസ്‌തരിച്ച് ഒരു ലേഖനം മലയാളം ബ്ലോഗുകളില്‍ വളരെ കുറച്ചു മാത്രമേ വന്നിട്ടുള്ളൂ എന്നാണ് തോന്നുന്നത്. എങ്കിലും അതിലെ ഒരു വരിയെക്കുറിച്ചെങ്കിലും പരാമര്‍ശിക്കുവാന്‍ താങ്കള്‍ കാട്ടിയ നല്ല മനസ്സിനു നന്ദി രേഖപ്പെടുത്തുന്നു. താങ്കളുടെ അറിവിലേക്കായി ചില വസ്തുതകള്‍ കൊടുക്കുന്നു.

യു.ഡി.എഫിന്റെ ഭരണകാലത്ത് കാര്‍ഷികമേഖലയില്‍ ആയിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍, എല്‍.ഡി.എഫ് ഈ മേഖലയില്‍ നല്ലരീതിയില്‍ ഇടപെട്ടപ്പോള്‍ ഇത്തരം ആത്മഹത്യകള്‍ തടയപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ തന്നെ മാതൃകയായ കടാശ്വാസനിയമം കൊണ്ടുവരാനും സര്‍ക്കാരിനായി. വിലകളിലുള്ള ചാഞ്ചാട്ടം പരിഹരിക്കുന്നതിന് ഉതകുന്ന വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറായി. കൃഷിനാശം പരിഹരിക്കുന്നതിനുള്ള ഇടപെടലിലും നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇതിനായി യു.ഡി.എഫ് നീക്കിവച്ചത് 57.02 കോടി രൂപയാണെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് എല്‍.ഡി.എഫ് നീക്കിവച്ചത് 70.41 കോടി രൂപയാണ്.

പിന്നെ താങ്കളെ പോലുള്ള കര്‍ഷകര്‍ക്ക് കടാശ്വാസം ലഭിക്കുന്നതിനുള്ള ഫോം http://www.keralaagriculture.gov.in/ ഇവിടെ ഉണ്ട്

വീ.കെ.ബാല said...

ലേഖനം വളരെ നന്നായിരുന്നു, കാർഷിക പ്രശ്നം ഉപരിപ്ലവമായി പോസ്റ്റ് കണ്ടപ്പോൾ തൊഴിലാളി “പ്രശനമാണോ ഇന്നത്തെ കാർഷിക പ്രശ്നം” എന്ന ഒരു ബ്രീഫിംഗ് നൽകാനെ ഞാൻ ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചുള്ളു,
“നിങ്ങളുടെ മേൽചർമ്മം എനിക്കുതരു ഞാനെന്റെ പാദങ്ങൾ മുള്ളിൽ നിന്നും രക്ഷിക്കട്ടെ” എന്ന് പറയുന്നതുപോലെ ആണ് ആരുഷിയുടെ കമന്റ് കണ്ടപ്പോൾ തോന്നിയത്, താങ്കൾ ഏത് നാട്ടിലെ കർഷകൻ ആണെന്ന് പറഞ്ഞാൻ താങ്കളുടെ പ്രശ്നത്തിന് പോംവഴി കാണാം. ഞാനും ഒരു കർഷകൻ ആണ് (കൃഷിചെയ്യുന്നില്ല, പകരം പാട്ടത്തിന് കൊടുത്തിരിക്കുന്നു 3 ഏക്കർ ഉണ്ട് കുട്ടനാട്ടിൽ. പ്രവാസി ആയതിനാൽ നേരിട്ട് കൃഷിചെയ്യാവുന്ന സാഹചര്യ മല്ലാത്തതിനാൽ)
പിന്നെ താങ്കൾ സൂചിപ്പിച്ച കാര്യം സത്യവിരുദ്ധമാണ്, മെതിയെന്ത്രം ഉപയോഗിക്കുന്നതിന് ഒരു കർഷക തൊഴിലാളിയും എതിര് നിൽക്കില്ല. ആദ്യം എന്താണ് മെതിയെന്ത്രം എന്ന് പഠിക്കുക അതിന് ശേഷം അതിനെകുറിച്ച് പറയുക, പിന്നെ 10 മക്കളെ കുറിച്ച് പറഞ്ഞത്, ആരാന്റെ മക്കൾ അങ്ങനെ ചുമ്മാതെ ആർക്കും ജോലിചെയ്യത്തില്ലല്ലോ അവർക്കും ഒരുവിധം ജീവിക്കേണ്ടെ, അതോ ആരുഷി മൊതലാളി മാത്രം (സുഖമായി) ജീവിച്ചാൽ മതിയോ ???

കൊയ്ത്ത് എന്ത്രം അത് കർഷക തൊഴിലാളിയെ കൊയ്ത്ത് പാടത്തുനിന്നും അകറ്റി നിർത്തുന്നു, തൊഴിലാളി ക്ഷാമം ഉള്ള വയലുകളിൽ ഇത് ലഭ്യത അനുസരിച്ച് ഇറക്കുന്നുണ്ടല്ലോ മാഷെ.....ജീവിതത്തിന്റെ എല്ലാത്തുറയിലിള്ളവരെ കുറിച്ചും ചിന്തിക്കുന്നത് നന്നായിരിക്കും എന്റെ ബ്ലോഗിൽ ഈ പ്രശ്നത്തെക്കുറിച്ച് ഒരു കമന്റെ ഇട്ടിട്ടുണ്ട്, ആരുഷി മാഷിന് സമയമുണ്ടെങ്കിൽ ഒന്നു നോക്കുക...കേട്ടോ ആരുഷി മൊതലാളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

Nishedhi said...

കാര്‍ഷികമേഖല ഇന്ന് നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്ങളും വിശകലനം ചെയ്യുന്ന ഈ ലേഖനം വളരെ നന്നായി. ആരുഷിയുടെയും ബാലയുടെയും ഇടപെടലുകള്‍ ചര്‍ച്ച സജീവമാക്കുന്നു.

Nileenam said...

വളരെ നന്ദി.

Jomy said...

കൃഷിക്ക് യോഗ്യമായ തരിശായി കിടക്കുന്ന പതിനായിരകണക്കിന് ഏക്കർ കൃഷി ഭൂമി കേരളത്തിലുണ്ട് .സർക്കാർ കൃഷിഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ മൂന്ന് മാസത്തെ സമയ പരിധി കൊടുക്കുക .എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ സർക്കാരിലേക്ക് കണ്ടു കെട്ടുക.പിഴയടപ്പിക്കുക. ഇങ്ങനെയുള്ള ഭൂമി സെന്റിന് 1000 രൂപ നിരക്കിൽ അധിക നികുതി ചുമത്തുക . കണ്ടു കെട്ടിയ ഭൂമി കർഷകർക്കും ,കൃഷി ചെയ്യാൻ താല്പര്യം ഉള്ളവര്ക്ക് പാട്ടത്തിനു കൊടുക്കുക . കൃഷി ഭൂമി ഉടമസ്ഥർക്ക് കൃഷി ചെയ്യാൻ തയ്യാറായാൽ മാത്രം ഭൂമി തിരിച്ചു നല്കുക .തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി യോജിപ്പിക്കുക .ഒരിഞ്ചു ഭൂമി പോലും കേരളത്തിൽ തരിശായി ഇടാൻ അനുവദിക്കരുത് .ഇതിനായി സർക്കാർ നിയമം കൊണ്ട് വരിക .
http://malayalatthanima.blogspot.in/2013/10/blog-post_6291.html