ഏഷ്യാനെറ്റ്, സ്റ്റാര്‍ഗ്രൂപ്പിനു വിറ്റെന്ന വാര്‍ത്ത, ഒടുവിലിതാ, ചാനല്‍തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ കിംവദന്തിയായിരുന്നു ഏഷ്യാനെറ്റ് വില്‍പ്പന. എന്നിട്ടും, ഇതുവരെ, സത്യം അടിക്കീശയില്‍വയ്ക്കുകയായിരുന്നു ഏഷ്യാനെറ്റ് മുതലാളിമാര്‍. ഒടുവിലിതാ, നേരു പുറത്ത്. ഇനിയുള്ളത് സ്റ്റാര്‍ഇന്ത്യയുടെ ഏഷ്യാനെറ്റ്. അവരുടെ പണംപറ്റിയവരുടെ ഏഷ്യാനെറ്റ്.
''ചാനല്‍ വിറ്റോ?'' എന്ന ചോദ്യത്തിന് "വാര്‍ത്ത വിറ്റില്ല'' എന്നാണ് ഏഷ്യാനെറ്റിന്റെ ഉത്തരം. വാര്‍ത്തയൊഴികെയുള്ള ചാനല്‍ പരദേശിക്കു വില്ക്കുന്നതില് ഒരു കുഴപ്പവുമില്ലെന്നും വാര്‍ത്തയിലൂടെ മാത്രമാണ് ആശയാധിനിവേശം നടക്കുകയെന്നുമാണ് ഇതു കേട്ടാല്‍തോന്നുക. അങ്ങനെ, മുതലാളിമാരുടെ വിവരക്കേടിന്റെ വിളംബരംകൂടിയായി ഏഷ്യാനെറ്റിന്റെ വിശദീകരണം.
സ്റ്റാര്‍ഇന്ത്യ ആഗോളമാധ്യമപ്രഭു റൂപ്പേര്‍ട്ട് മര്‍ഡോക്കിന്റെ വകയാണ്. "അതുകൊണ്ടെന്ത്?'' എന്ന് നാട്ടില്‍ പ്രമാണിമാര്‍ ചാനലുകളിരുന്നു ചോദിക്കുന്നതും കേട്ടു!
വാര്‍ത്തയ്ക്ക്, അഞ്ച് അളവുകോലുകള്‍ വിഖ്യാതചിന്തകന്‍ നോം ചോംസ്കി നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ മാധ്യമത്തിനും ബാധകം. "ആരാണ് ഉടമ'' എന്നതുതന്നെ ഒന്നാമത്തേത്. മര്‍ഡോക് മുതലാളിയാവുന്നത്, ഇക്കാലത്ത് ഒരു മാധ്യമത്തിനു വരാവുന്ന കൊടുംദുരന്തം.
മര്‍ഡോക് ലോകത്തെ അഞ്ചു മാധ്യമരക്ഷസ്സുകളില്‍ പ്രമുഖന്. ബിഗ് ഫൈവ് എന്ന അഞ്ചു മാധ്യമക്കുത്തകകളാണ് മാധ്യമലോകത്തെ അധിനിവേശശക്തികള്‍; മാധ്യമലോകം വെട്ടിപ്പിടിക്കുന്നവര്‍; ദേശീയപ്രാദേശിക മാധ്യമങ്ങളെ നക്കിക്കൊന്നും ഞെക്കിക്കൊന്നും കൊഴുക്കുന്നവര്‍. മര്‍ഡോക് അവരില്‍ ഏറ്റവും വഷളന്‍. അമേരിക്ക നാടാക്കിയ ഓസ്ട്രേലിയന്‍ സായിപ്പ്. അമേരിക്കയിലെ പണക്കാരില്‍ മുപ്പത്തിമൂന്നാമന്‍. ആസ്തി 880 കോടി ഡോളര്‍. വലതുപക്ഷക്കാരന്. ജനിച്ച ഓസ്ട്രേലിയമുതല്‍ ചെന്നുകൂടിയ അമേരിക്കവരെയുള്ള നാടുകളില്‍ നടത്തിയ രാഷ്ട്രീയകള്ളക്കരുനീക്കങ്ങള്‍ക്ക് കുപ്രസിദ്ധന്‍. മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ മുഖമുദ്ര കൊടികെട്ടിയ മൂരാച്ചിത്തരം. ലോകമെമ്പാടുമുള്ള 175 മര്‍ഡോക് പത്രങ്ങളും ഇറാഖ് അധിനിവേശത്തെ നിര്‍ലജ്ജം തുണച്ചത് സമീപകാല ലോകമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.
ആ മര്‍ഡോക് മലയാളക്കര തീണ്ടുന്നു. മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.
മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.
ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.
രണ്ടാമത്തെ തെറ്റുകാര്‍ ഏഷ്യാനെറ്റിലെ കൂട്ടുമുതലാളിമാരാണ്. വലിയമുതലാളി ചാനല്‍ സായിപ്പിനു വില്ക്കുമ്പോള് അവര്‍ക്ക് ചെയ്യാന്‍ ചിലതുണ്ടായിരുന്നു. അവര്‍ മലയാളിമനസ്സുകളിലേക്ക് ഇറങ്ങണമായിരുന്നു. അതു ചെയ്യാനുള്ള സാമൂഹ്യബോധവും ചരിത്രജ്ഞാനവും നീതിബോധവും അവര്‍ക്കുണ്ടാകണമായിരുന്നു. കാരണം, ഇത് വക്കം മൌലവിയുടെ നാടാണ്. അതു ചെയ്യാത്ത ഏഷ്യാനെറ്റിലെ ചെറിയമുതലാളിമാര്‍ പിതൃഹത്യചെയ്യാന്‍ മാറ്റാനു കൂട്ടുനിന്ന മക്കളാണ്. മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും.
ആരാണ് ഈ സമൂഹത്തിലെ ഉപ്പെന്നും ഏഷ്യാനെറ്റിന്റെ ദുരന്തം തെളിയിച്ചു. മാര്‍ക്സിനേക്കാള്‍ വലിയ 'ചുവപ്പ'ന്മാരും ഗാന്ധിയേക്കാള്‍ വലിയ 'സ്വരാജ്യ'ക്കാരുമുള്ള മണ്ണാണിത്. എന്നിട്ടും ഏഷ്യാനെറ്റിനെ സായിപ്പിനു കൊടുക്കുന്നതിനെതിരെ മിണ്ടാന്‍ കേരളത്തിലെ അതുങ്ങള്‍ക്കു പേടിയായിരുന്നു. മലയാളത്തിലെ കപടരക്ഷകര്‍ക്കും പാട്ടദൈവങ്ങള്‍ക്കും സായിപ്പുകൂടിയാലും ഏഷ്യാനെറ്റ് വേണമായിരുന്നു. ഒരു ഭാഷാപദത്തിലെ സംസ്കാരത്തുറയില്‍ സാമ്രാജ്യത്വം പടക്കപ്പലിറക്കുമ്പോള്‍ 'അരുത് ' എന്നു പറയാന്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് നാളെയൊരിക്കല്‍ കേരളം കണക്കെടുക്കും.
ഏഷ്യാനെറ്റ് ഒന്നാമതായി ജനങ്ങളുടേത്. ആദിയില്‍, കാശുകൊടുക്കാതെ സര്‍ക്കാരിന്റെ വിളക്കുകാലുകളില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ കാണിച്ചുവളര്‍ന്നത്. അങ്ങനെ, നാടിന്റെ സൌജന്യം പറ്റിയത്. ആ കൂറ് നാടിനോടു കാണിക്കേണ്ടത്.
ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല് ചാനല്‍ വില്ക്കാമെന്നു പറയുന്ന പണക്കാരന് മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്. നക്ഷത്രപത്രങ്ങളില്‍നിന്നും മീഡിയാ അക്കാദമികളില്‍നിന്നും ഇറങ്ങിവന്നവരല്ല, ചെറുപത്രങ്ങളില്‍നിന്നുമുതല്‍ വീഡിയോക്കടകളില്‍നിന്നുവരെ വന്നുകൂടിയ, എഴുപതുകളുടെ ചുവന്ന പ്രബുദ്ധതയില്‍ മുതിര്‍ന്ന, ഒരുപിടി സ്വപ്നചാരികളും ആദര്‍ശകാമികളുമാണ് ഏഷ്യാനെറ്റുണ്ടാക്കിയത്.
ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില. ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന് നീലേശ്വരത്തിന്റെ ചോരയുടെ വില.
ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ.
ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും.
ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ.
എന്‍ പി ചന്ദ്രശേഖരന്, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
30 comments:
മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.
മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.
ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.
തൊട്ടതിനും പിടിച്ചതിനും സമരം നടത്തുന്ന നമ്മുടെ നാട്ടില്‍ വന്നു ബിസിനെസ്സ് നടത്തുന്ന സായിപ്പിനെ സമ്മതിക്കണം .
അനോണി, ചൂടാവാതെ ഒന്നു തിരിഞ്ഞു പുറകിലോട്ടു നോക്കിയെ. ആല്‍മരം അങ്ങനെ നാമ്പെടുത്തു വരുന്നതു കാണാം! പിന്നാ തണല്‍ നല്ല സുഖമല്ലേ........?!
താഴെ കാണുന്ന ചില വരികളാണ് ഒരു പ്രതികരണം എഴുതാന്‍ പ്രേരിപ്പിച്ചത്. എന്റെ പേരിന് ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട് അനോണി ആവുന്നു.
--മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും. --
1988- 89 കളില്‍ ചില മലയാള പത്രങ്ങളില്‍ (പ്രത്യേകിച്ചും മാതൃഭൂമിയില്‍) നിങ്ങള്‍ ഏറെ ദിവസം ഒരു വിഷയത്തെക്കുറിച്ച് വാര്‍ത്ത വായിച്ചുകാണും. എത്ര പേര്‍ക്ക് ഓര്‍മയുണ്ടെന്ന് ഉറപ്പില്ല.
"മാധ്യമ ഭീകരന് മലയാള പത്രത്തെ പിടിമുറുക്കാന്‍ ശ്രമിയ്ക്കുന്നു",
"ബെനറ്റ് കോള്‍മാനെ പുറത്താക്കുക" ഇതൊക്കെ ആയിരുന്നു അതിന്റെ തലക്കെട്ടുകള്‍.
മാതൃഭൂമി പത്രം പ്രസിദ്ധീകരിയ്ക്കുന്ന കമ്പനിയുടെ ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയുള്ള ബനറ്റ് ആന്റ് കോള്മാന് കമ്പനി വാങ്ങുന്നത് സംബന്ധിച്ചായിരുന്നു ഈ ഒച്ചപ്പാടുകള്‍.
അന്ന് മാതൃഭൂമിയ്ക്ക് മറ്റൊന്നും പ്രധാന വാര്‍ത്ത ആയിരുന്നില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതിനെതിരെയായിരുന്നു അന്ന് മാതൃഭൂമിയുടെ വ്യായാമം മുഴുവന്‍.
ഒടുവില്‍ ആ പ്രശ്നത്തിന് എങ്ങനെ പരിഹാരമായി എന്ന് നിങ്ങള്‍ തന്നെ കണ്ടെത്തുക.
ആഗോളീകരണത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ മുന്നണി പോരാളിയും മാതൃഭൂമികമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രമുഖ ഇടതുമുന്നണി നേതാവും വീരേന്ദ്രകുമാറിനോടൊന്ന് പറഞ്ഞാല്‍ പോരായിരുന്നോ സി പി എമ്മിന്. (പുതിയ സാഹചര്യത്തില്‍ പറഞ്ഞാല്‍ കേള്ക്കാതിരിയ്ക്കുമോ?)
മാതൃഭൂമി വഴി ഒരു പ്രചാരണവും കേസും ഒക്കെ നടത്തി മുര്‍ഡോക്കിനെ കെട്ടുകെട്ടിച്ചു കൂടായിരുന്നോ? (വെടക്കാക്കി തനിയ്ക്കാക്കുന്ന തന്ത്രവും വേണമെങ്കില്‍ മാതൃഭൂമിയ്ക്ക് പയറ്റാമായിരുന്നു. പക്ഷേ രാജീവ് ചന്ദ്രശേഖര്‍ സ്റ്റാറില്‍ നിന്ന് നേടിയ 51 ശതമാനത്തിന് 350 കോടി കൊടുക്കാന്‍ ഒരുപക്ഷേ മാതൃഭൂമിയ്ക്ക് വിഷമമായിരിയ്ക്കും. വെടക്കാക്കിയതുകൊണ്ട് വില കുറച്ചു കിട്ടാനുള്ള സാഹചര്യവും ഒരുപക്ഷേ ഒരുങ്ങിയേനെ.)
പത്രപ്രവര്ത്ത യൂണിയന് മുര്‍ഡോക്ക് വരുന്നത് കണ്ട് പരുങ്ങി പതുങ്ങിയെങ്കിലും ദേശാഭിമാനിയിലേയും കൈരളിയിലേയും ഉശിരുള്ള പത്രപ്രവര്‍ത്തകര്‍ക്ക് എതിര്‍ത്തു കൂടായിരുന്നോ?
മുര്‍ഡോക്കിന്റെ 'ഏഷ്യാനെറ്റ് നീക്ക'ത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ഈ ചുണക്കുട്ടികളിലാരെങ്കിലും പത്രപ്രവര്‍ത്തക യൂണിയനോട് രേഖാമൂലം ആവശ്യപ്പെട്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തെങ്കില്‍ അവരുടെ പേരുകളെങ്കിലും സ്വര്‍ണ ലിപികളാല്‍ കുറിയ്ക്കപ്പെടട്ടെ.
മുതലാളിയായ മുര്ഡോക്കായിരിയ്ക്കും ചാനലിന്റെ ഉള്ളടക്കം മുഴുവനും തീരുമാനിയ്ക്കുക എന്നതാണല്ലോ ഈ ദേഷ്യത്തിന് കാരണം. ആ നിലപാടില്‍ മറ്റൊരു സത്യം ഒളിഞ്ഞിരിയ്ക്കുന്നു എന്ന് ലേഖകന്‍ തന്നെ അറിയുക. ഇവിടെ മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം അന്യം നിന്നിരിയ്ക്കുന്നു. പകരം സ്വാതന്ത്ര്യം ഉടമസ്ഥരുടേതാണ് എന്ന സത്യം.
അതുകൊണ്ടാണ് 1989 കളില്‍ ബനറ്റ് ആന്റ് കോള്‍മാനെതിരെ ഉറഞ്ഞൊഴുകിയ എതിര്‍പ്പിന്റെ കണിക പോലും ഇപ്പോള്‍ മാതൃഭൂമിയില്‍ കാണാത്തത്. ആഗോള കുത്തകകളെ അപ്പാടെ കെട്ടുകെട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്ന വീരേന്ദ്രകുമാര്‍ എം. ഡി ആയിരിയ്ക്കുന്ന പത്രത്തില്‍ എന്തുകൊണ്ട് ഇതിനെതിരെ ഒരു വരിയും വന്നില്ലെന്ന് താങ്കളും മറ്റു വായനക്കാരും സ്വയം കണ്ടെത്തുക.
അല്പം കൂടി ....
"ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല് ചാനല്‍ വില്ക്കാമെന്നു പറയുന്ന പണക്കാരന് മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്."
രജി മേനോന് ഏഷ്യാനെറ്റ് ചാനല്‍ വിറ്റപ്പോള്‍ തന്നെ സധൈര്യം മുന്നോട്ട് വന്ന് ഞങ്ങള്‍ കൂടി ചേര്‍ന്നാണ് ഈ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുത്തത് എന്ന് അവകാശപ്പെട്ട് അതിനുള്ള വില ജീവനക്കാര്‍ ആവശ്യപ്പെടണമായിരുന്നു. അതിനുള്ള കെല്‍പ്പില്ലാത്ത ജീവനക്കാര്‍ക്ക് ഇതൊക്കെയേ കിട്ടൂ.
അന്ന് ജീവനക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കില്‍ വിറ്റുകിട്ടുന്നതിന്റെ പങ്കോ അല്ലെങ്കില്‍ ഓഹരിയോ ജീവനക്കാര്‍ക്ക് കിട്ടിയേനെ. ജീവനക്കാരുടെ ശക്തമായ ആവശ്യത്തിന് ശേഷവും രജിമേനോന്‍ അതിന് തയാറായില്ലെങ്കില്‍ ഒരുപക്ഷേ രാജീവ് ചന്ദ്രശേഖര്‍ ഈ ചാനല്‍ വാങ്ങുകയില്ലായിരുന്നു എന്നുകൂടെ ഓര്‍ക്കുക.
വഴക്കടിച്ചു നില്ക്കുന്ന ഒരു സംഘം ജീവനക്കാരുമായി ഒരു ചാനല്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് രാജീവിന് നന്നായി അറിയാം. അതൊന്നും തിരിച്ചറിയാന്‍ ഏഷ്യാനെറ്റിലെ ജീവനക്കാരന് കഴിഞ്ഞില്ല എന്ന് മാത്രം.
പത്രപ്രവര്‍ത്തക യൂണിയനോ മറ്റാരെങ്കിലുമോ അതിനോ ഏഷ്യാനെറ്റ് ജീവനക്കാരെ ഉപദേശിച്ചിരിയ്ക്കാനും ഇടയില്ല. കാരണം എനിയ്ക്ക് കിട്ടാത്ത അപ്പം അവനെന്തിന് കിട്ടുന്നു എന്നാണല്ലോ സാധാരണ മലയാളിയുടെ നിലപാട്.
ഉഷാറാകുന്നല്ലോ ചര്‍ച്ച... പല തലത്തില്‍ സമീപിക്കേണ്ട വിഷയമാണിത്.. ഇപ്പോഴേതായാലും കമന്റ് ട്രാക്കുന്നു... ശേഷം പിന്നീട്....
മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.
BEST JOKE.. nirtharaayille ningalude ee mandan chinthakal??? congrasinte bharanam kondu poruthi muttiyittanu LDFine 5 yearsinu kayattunnathu.. indayil 3 - 4 stateil mathram aalukalulla parthiyude oru ahangaram kandille.. naanamillallo... kashtam... keralathile communistiukale tholppikkan madhyama syndicate onnum varenda next election vare poyal mathi.. kastham...
പെട്ടന്നുള്ള കമന്റ് ഇത്രയേ ഉള്ളൂ.
പലചാനലുകളും വാങ്ങിയ കൂട്ടത്തില്‍ അവര്‍ മലയാളത്തിന്‍ലെ ഏറ്റവും പോപ്പുലറായ ഒരു ചാനല്‍ കൂടി വാങ്ങുന്നു, അത്രയും മതിയാകും. ചാനലുകള്‍ അനവധിയുണ്ടല്ലോ മലയാളത്തില്‍, വേണ്ടാത്ത ചാനല്‍ മാറ്റാന്‍ കയ്യില്‍ റിമോട്ടൂം.
ചര്‍ച്ച വീക്ഷിക്കുന്നു.
സാര്‍
എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്.എഷ്യാനെറ്റ് എന്ന ചാനല്‍ ഒന്നാം നമ്പര്‍ മുതലാളിത്ത ചാനല്‍ എന്നറിയാത്തവര്‍ ആരാണുള്ളത്.ഏഷ്യാനെറ്റ് എന്ന ചാനല്‍ സര്‍ക്കാര്‍ വിളക്കുകാലുകളില്‍ കൂടി വീടുകളിലേത്തിച്ചത് വിവര സാങ്കേതിക വിദ്യയൊന്നുമല്ല.അവിഹിതങ്ങളുടെയും വില കുറഞ്ഞ കഥകള്‍ ഉള്‍കൊള്ളുന്ന സീരിയലുകളും കുത്തിനിറച്ച താരങ്ങളുടെ പുലയാട്ട് പറച്ചിലുകള്‍ അടക്കം ഇപ്പോള്‍ റിയാലിറ്റി ഷോ വരെ എത്തി നില്ക്കുന്ന പച്ച പുലയാട്ടുകള്‍ .ഇവിടെ എവിടെയാണ് സാര്‍ 100 ശതമാനം മുതലാളിത്തമായ ഒരു ചാനലിന് ജനങ്ങളോട് കൂറു വേണ്ടത്.വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയും ‘ചു’ എന്ന് കേള്‍ക്കുമ്പോഴേ ചുണ്ടങ്ങ ഉപ്പേരി വെച്ചു എന്ന് പറയുകയും അത് കഴിഞ്ഞ് അത് തെറ്റാണേന്ന് ബോധ്യപ്പെടുമ്പോള്‍ ഒന്നും മിണ്ടാതെ “ഇപ്പോള്‍ തിരിച്ചു വരാം എന്ന് പുലമ്പുകയും ചെയ്യുന്ന മോഡേണ്‍ മീഡിയ.ഇക്കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം ഉണ്ടായി.
ഒറീസ്സ കലാപങ്ങളുടെ ഒന്നാമത്തെ ദിവസം ഒരു കന്യാസ്ത്രീയെ ചുട്ടു കൊന്നു എന്ന് വാര്‍ത്ത വരുന്നു.ഏഷ്യാനെറ്റ് വാര്‍ത്തയില്‍ പറയുന്നു “ഒറീസ്സയില്‍ കന്യാസ്ത്രീയെ ചുട്ടു കൊന്നു എന്ന്” .തുടര്‍ന്ന് ഏഷ്യാനെറ്റിന്റെ പതിവ് വിസ്താര വാര്‍ത്തകള്‍.പക്ഷെ അന്ന് ഓണ്‍ലൈനില്‍ വന്ന ഫാദര്‍ പറയുന്നു.ഒറീസ്സയില്‍ മരിച്ചത് കന്യാസ്ത്രീയല്ല എന്നും മരിച്ചത് അവിടെയുള്ള ‘കുക്ക്’ ആണേന്നും.പെട്ടെന്ന് തന്നെ വാര്‍ത്താ വായനക്കാരന്റെ മിണ്ടാട്ടം മുട്ടുന്നു.വാര്‍ത്ത ഉടനെ മറ്റു വാര്‍ത്തകളിലേക്ക് ചാഞ്ചാടുന്നു.
ഇതില്‍ എവിടേയാണ് സര് ഉത്തരവാദിത്ത മാധ്യമത്തിന്റെ ജനകീയ റോള്‍.പണ്ട് ജനങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ പണമില്ലാത്ത കാലത്തും ‘മ’ ഗ്രൂപ്പില്‍ പെട്ട വനിതയില്‍ ഓര്‍ക്കിഡ് ക്യഷിയെ പറ്റിയും കരണ്ട് പോലുമില്ലാത്ത കാലത്ത് ഫ്രിഡ്ജില്‍ മണമില്ലാതിരിക്കുവാന് വേണ്ട മുന്‍ കരുതലുകളേ കുറിച്ചും തുടരന് ലേഖനങ്ങാള് കാണാറുണ്ടായിരുന്നു.
ഇതുപോലെയൊക്കെ തന്നെയല്ലാതെ എന്താണ് സാര്‍ ഏഷ്യാനെറ്റും ഇവിടെ ചെയ്ത് കൂട്ടുന്നത്.പാമീര്‍ പര്‍വ്വതക്കെട്ട് മുതല്‍ അന്റാറ്ട്ടിക്ക വരെ റിപ്പോര്‍ട്ടര്‍ ഉണ്ട് എങ്കിലും അസത്യങ്ങളും അര്‍ദ്ദസത്യങ്ങളും ജനങ്ങളിലേക്കെത്തിച്ച് ആശയക്കുക്ഴപ്പമുണ്ടാക്കാന് കച്ച കെട്ടി ഇറങ്ങിയ ഏഷ്യാനെറ്റ് മുതലാളിമാരും.. മറ്ഡോക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.വലത് പക്ഷ വാര്‍ത്തകള്‍ക്കും, അമേരിക്കയില്‍ മുലകാണിച്ച് സൈക്കിള്‍ ഓടിക്ക്യുന്നത് അടക്കമുള്ള കൌതുക വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്യുന്ന ഇത്തരം ചാനലുകള്‍ ആര് വാണ്ഗിയാലും ആര്‍ക്ക് വിറ്റാലും നമുക്കെന്ത് സാര്‍.
ഇന്നൊരു മര്ഡോക്കാണെങ്കില് നാളെ മറ്റെന്തെങ്കിലും ആയി കാണാം എന്‍ മാത്രം.
ഒന്നു പറയാന്‍ വിട്റ്റുപോയി..
ഏഷ്യാനെറ്റ് എന്ന ചാനല്‍ ഒരു സ്ഥാപനമായതിനാല്‍ അത് വില്‍ക്കുവാനും വാങ്ങുവാനുമുള്ള അധികാരം അതിന്റെ മുതലാളിമാര്‍ക്കുമുണ്ട് എന്നോര്‍ക്കണം.അതിന് ശേഷം മാത്രമേ ഈ മുതലാളി തൊഴിലാളി വിവേചനം പറയാവൂം.പുന്നെ “ഒരു ജനതയുടെ ആത്മാവിഷ്കാര വും മറ്റ് ചാനലുകളും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കണ്ടിട്ടില്ല.
“എല്ലാം നേരം പോക്കിന്റെ നേരം എന്ന് മാത്രം”
സര്,
മുതലാളിമാരുടെ കയ്യില്‍ നിന്നും രണ്ടുകോടി വാങ്ങിയ ദേശാഭിമാനിയില്‍ തന്നെ ഈ ലേഖനം വരണം.
മുപ്പതുകോടി മുതല്‍ മുടക്കി ഉല്ലാസ പാര്‍ക്കും പിറകേ പഞ്ചനക്ഷത്ര ഹോട്ടലുകളും തുടങ്ങാന്‍ പോവുന്ന പാര്‍ട്ടിയ്ക്ക് മുതലാളിത്തത്തെ വിമര്‍ശിക്കാന്‍ എന്തവകാശം?
ഏഷ്യാനെറ്റിനെ അപേക്ഷിച്ച് പാര്‍ട്ടി നടത്തുന്ന കൈരളിയ്ക്ക് എന്താണ് മേന്മ? അര്‍ദ്ധസത്യങ്ങളില്‍ ആരും പിന്നിലല്ലല്ലോ.
തൊഴിലാളിവര്‍ഗ്ഗത്തിനു കുടപിടിക്കാനുള്ള ധാര്‍മ്മികത സി.പി.എമ്മിനും ദേശാഭിമാനിക്കും ഇല്ല. അതുണ്ടെങ്കില്‍ ദിനേശ് ബീഡി പുനരുദ്ധരിക്കുന്നതിനു പകരം വിസ്മയ തുടങ്ങില്ലായിരുന്നു. പിന്നെ എന്തിനാണ് ഈ വ്യായാമം?
ജോക്കരിന് അഡ്ഇയ്ല് ഒരു ഒപ്പു
ജോക്കര്‍.. ഒരൊപ്പ്
സിമീ, രണ്ടൊപ്പ്...
കണ്ണടച്ചിരുട്ടാക്കി വെളിച്ചമില്ലാന്നു കരയുകയും ആവശ്യം നേരത്തതു തുറന്നു കാണുകയും ചെയ്യുന്നവരെ കാണുമ്പോ എന്തു ചെയ്യണം നാട്ടുകാരേ... ഭ്ഫൂ... എന്നു നീട്ടിത്തുപ്പണം.
ഏഷ്യാനെറ്റ് ചാനലുതുടങ്ങിയത് കഞ്ഞിവയ്ക്കാന്‍ കാശില്ലാത്ത ഒരു കുടുംബത്തീന്നും നിര്‍ബന്ധിത പിരിവു നടത്തിയിട്ടല്ല. അവരു തുടങ്ങിയതു നാടു നന്നാക്കാനുമല്ല.
അല്ലാ ഈ മുതലാളിത്തത്തിനെതിരെ കുരയ്ക്കുന്ന നേതാക്കന്മാരുടെ ഒരു ചാനലുണ്ടല്ലോ, അവരാദ്യമ ഈ കുത്തക മുതലാളിമാരുടെ പരസ്യം സ്വീകരിക്കില്ല എന്നൊരു നിലപാടെടുക്കട്ടെ. അതിനെതിരെ ആര്‍ക്കും പ്രതിഷേധമില്ല.
കൂപ്പിലെ തടി, തേവരുടെ ആന, വലിയെടാ വലി...
അല്ലാ ഞാനതെന്തിനാ ഇവിടെപ്പറഞ്ഞേ...
അയ്യോ! പോട്ടേ നേരമില്ല, കണ്ണൂരെ അമ്യൂസ്മെന്റ് പാര്‍ക്കീ പോവാനുള്ളതാ, ഇച്ചിരി നാള് കൂടി കഴിഞ്ഞിട്ട് കോയിക്കോട് ഫൈവ്സ്റ്റാര്‍ ഹോട്ടലിലും...
അമേരിക്കയില്‍ തന്നെ ഒരാള്‍ക്ക് കൈവശം വെക്കാവുന്ന ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. എല്ലാം ഒരാളുടെ കൈയില്‍ വരുമ്പോഴുണ്ടാകുന്ന “ഏക ധ്രുവത” തിരിച്ചറിഞ്ഞ് നിയന്ത്രണം വേണം എന്ന ആവശ്യം ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളും മറ്റും ഉയര്ത്തിയതിനാലാണങ്ങിനെ നിയന്ത്രണം വന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവന് പൊതുജനാഭിപ്രായത്തെ നിയന്തിര്ക്കുന്ന അവസ്ഥ ഇന്റര്‍നെറ്റ് സാക്ഷരത വളരെ കൂടിയ അളവില്‍ ഉള്ള അമേരിക്കയില്‍ പോലും സത്യമാണെങ്കില്‍ ഇവിടുത്തെ കാര്യം പറയേണ്ടല്ലോ.
മുതലാളിക്ക് വാങ്ങാനും വില്‍ക്കാനും അധികാരമുണ്ട് എന്ന രീതിയില്‍ കാര്യങ്ങളെ കണ്ടാല്‍ മതി എന്നുള്ളവര്‍ക്ക് അങ്ങിനെ ആവാം. വ്യത്യാസം തിരിച്ചറിയണമെന്കില് ഇറാഖ് യുദ്ധത്തെ അനുകൂലിച്ച പത്രമുതലാളി എന്നതിനെപ്പറ്റി ഒക്കെ ഒന്നു സീരിയസ് ആയി ചിന്തിക്കാം. കേരളത്തിലെ പത്രങ്ങളെല്ലാം തന്നെ ഇറാഖ് യുദ്ധത്തിനെതിരായിരുന്നു. കച്ചവടം തന്നെയായിരിക്കും ആ സമയത്ത് അവരുടെ ലക്ഷ്യം. എങ്കില്‍പ്പോലും അത്രയെങ്കിലും ജനാഭിപ്രായത്തെ ‘ഭയക്കുന്നുണ്ടായിരുന്നു’ അവര്‍. അതുപോലുമില്ലാത്ത ഒരു കുത്തകയ്ക്ക് വില്‍ക്കണോ, വില്ക്കുമ്പോള് നാം മിണ്ടാതിരിക്കണോ, അതോ ആ ഇഷ്യു ചില ആശയങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് വിക്ഷേപിക്കാന്‍ ഉപയോഗിക്കണോ എന്ന ചോദ്യങ്ങളായിരിക്കാം ഈ ലേഖനം എഴുതിയ ആളുടെയും വന്ന പത്രത്തിന്റെയും ഉദ്ദേശം. ഒരു ലേഖനം എഴുതി എന്തെങ്കിലും സാധിക്കാമെന്നവര്‍ കരുതിയിരിക്കാന്‍ ഇടയില്ല.
ആ നിലക്ക് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കാമ്പുള്ള ഒരു ചര്‍ച്ചയാണ് അഭികാമ്യം. പകരം ദിനേശ് ബീഡിയും കട്ടന്‍ ചായയുമൊക്കെ കയറി വരുമ്പോള്‍ മുര്ഡോക്കുമാര് ജയിക്കുന്നു എന്നു മാത്രം.
മാത്രൃഭൂമിയുടെ വില്‍പ്പന കാര്യം തമാശയാണ്. സ്വകാര്യവല്‍ക്കരണത്തിനു ആഗോളവല്ക്കരണത്തിനുമൊക്കെ എതൊരൊന്നുമല്ല അവര്‍. എങ്കിലും അവരുടെ ഷെയര്‍ വേറെ ചിലര്‍ കൊണ്ടുപോകും എന്നറിഞ്ഞപ്പോഴാണ് ഒച്ചയും ബഹളവും വന്നത്. തടിക്ക് തട്ടുമ്പോഴേ നാം അറിയൂ എന്നതിനൊരുദാഹരണമായി വേണം അതിനെ കാണുവാന്‍.
പണ്ടു മാതൃഭുമിയെ ടൈംസ് ഓഫ് ഇന്ത്യ വാങ്ങാന്‍ ശ്രമിച്ചതും.....കേരളം മുഴുവന്‍ അതിനെതിരെ പ്രതിക്ഷേതിച്ചതും ആണ് ഓര്മ വരുന്നതു...
രണ്ടു പ്രസ്ഥാനങ്ങള്‍ക്കും വളരെ സമാനതകളുണ്ട് .....
വളരെ വിഷമത്തോടെ...
:)
മാതൃഭൂമി അന്യഭാഷക്കാർ കയ്യടക്കാൻപോകുന്നുവെന്ന് കേട്ടപ്പോൾ തോന്നിയ
വേദനയൊന്നും ഏഷ്യാനെറ്റിന്റെ കാര്യത്തിൽ തോന്നുന്നില്ല.കാര്യം ശശികുമാറിന്റെ ഏഷ്യാനെറ്റൊന്നുമല്ലല്ലൊയിപ്പോൾ.
പ്രിയ റമീസ് റഹ്നാസ്, ബൈജു,മാരീചന്, അനില്‍, സിമി,ജോക്കര്‍, കണ്ണാപ്പി,മലയാളി നിഷാദ്, ഒതേനന്, അനൂപ്, ഭൂമിപുത്രി, അനോണിമാരെ, വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
പ്രസക്തമായ വാദങ്ങള്‍ തന്നെയാണ് പലരും ഉന്നയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് നല്ല ചാനലാണോ അല്ലയോ എന്നതും അവരുടെ രാഷ്ട്രീയമോ, നിലപാടുകളോ ഒന്നും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ അടിസ്ഥാനമായിക്കൂടാ എന്നു തോന്നുന്നു. ദേശാഭിമാനി എഡിറ്റോറിയല്‍ തികച്ചും ഈ വിഷയത്തില്‍ പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ കമന്റായി ഇടുന്നു.
*
എല്ലാ മേഖലയിലും വിദേശകുത്തക മൂലധനത്തിനു കടന്നുവരാന്‍ വഴിയൊരുക്കുന്ന ആഗോളവല്ക്കരണകാല ത്തെ ഇന്ത്യയിലും മാധ്യമരംഗം ഇതിനു പ്രതിരോധം സൃഷ്ടിച്ചിരുന്നു. മറ്റു മേഖലയില്‍ വിദേശമൂലധനം ആകാമെന്നു ശക്തിയായി വാദിക്കുന്ന ചില മാധ്യമങ്ങള്‍ക്കുപോലും ഈ രംഗത്ത് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി വാര്‍ത്താധിഷ്ഠിത മാധ്യമങ്ങളില്‍ പൂര്‍ണമായ ഉടമസ്ഥാവകാശത്തിനു ചില നിയന്ത്രണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍, പരോക്ഷാധിപത്യം പൂര്‍ണമായെന്ന കാര്യത്തില്‍ സംശയമില്ല. മര്‍ഡോക്കുമാര്‍ നിയന്ത്രിക്കുന്ന രീതിയിലേക്ക് രാജ്യത്തെ മാധ്യമരംഗവും അധഃപതിക്കുകയാണ്. മലയാളത്തിലെ ആദ്യ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമാവകാശം മര്‍ഡോക്കിനു വില്‍ക്കുന്നെന്ന വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. ദുര്‍ബലമായ നിഷേധത്തിലൂടെ ചാനലിന്റെ ഉടമസ്ഥര്‍ യഥാര്‍ഥത്തില്‍ ഇതുശരിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അഞ്ചു ഭൂഖണ്ഡത്തിലായി 175 ദിനപത്രവും നൂറ്റമ്പതോളം ടിവി ചാനലുംസ്വന്തമാക്കിയ കുത്തക മുതലാളി മലയാളചാനലിലൂടെ നിര്‍വഹിക്കാന്‍ പോകുന്ന ദൌത്യം എന്തായിരിക്കുമെന്ന് അറിയാന്‍ സാമാന്യബോധം മാത്രംമതി. സാമ്രാജ്യത്വാനുകൂല അവബോധം രൂപപ്പെടുത്താനായിരിക്കും പ്രധാന ശ്രമം. ഇടതുപക്ഷ രാഷ്ട്രീയത്തിനു ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്ത് ഈ ദൌത്യനിര്വഹണത്തിനായിരിക്കും മര്‍ഡോക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ഏഷ്യാനെറ്റ് പുരോഗമന സ്വഭാവവും സാമ്രാജ്യത്വവിരുദ്ധ നിലപാടുമുള്ള ചാനലാണെന്ന തെറ്റിദ്ധാരണയില്‍ നിന്നല്ല മര്‍ഡോക്കിന്റെ വിഴുങ്ങലിനെ എതിര്‍ക്കുന്നത്. ഇനിയും അവശേഷിക്കുന്ന രാജ്യസ്നേഹത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമത്തിന് എതിരെയാണ് പ്രതിഷധമുയരുന്നത്. അഭിപ്രായ രൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്ന മാധ്യമരംഗത്ത് വിദേശകുത്തക കടന്നുവരുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ട്. ഇതിനു നേതൃത്വം നല്‍കേണ്ടത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. സാമ്രാജ്യത്വത്തിനെതിരെ ശക്തമായി വര്‍ത്തമാനം പറയുന്ന പലരും മുഖത്തുവന്ന് അടിച്ച യാഥാര്‍ഥ്യത്തിനു മുന്നില്‍ അടിമത്ത തുല്യമായ നിശബ്ദത പുലര്‍ത്തുന്നത് അപമാനമാണ്.
'മുതലാളി' എന്ന വാക്കിന്റെ അര്‍ഥം പുനര്‍നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു! കോടികള്‍ ഒഴുക്കി ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന CPM മുതലാളി അല്ലെ? തൊഴിലാളിക്കുവേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടി മുതലാളി ആയിക്കൊണ്ടിരിക്കുമ്പോള്‍ പാവം പാര്‍ടി അണികള്‍ പഴയ ആദര്‍ശവും അയവിറക്കി നിര്‍വൃതിയടയുന്നു! - ഒരു മുന്‍ ഇടതുമുന്നണി പ്രവര്ത്തകന്!!
പേവാക്കുകള്ക്ക് പൊട്ടച്ചെവി....
http://kappithaan.blogspot.com/2008/09/blog-post_07.html
സഹകരണമേഖലയിലെ സ്ഥാപനങ്ങളെ അത്തരം സംഘങ്ങള്‍ ഉണ്ടാക്കുന്നവരുടെ സ്വകാര്യസ്വത്തായി വിശേഷിപ്പിക്കുന്നവര്‍ എന്തറിഞ്ഞിട്ടാണാവോ? എ.കെ.ജി ഇന്നില്ലാത്തത് ഭാഗ്യം. അല്ലെങ്കില്‍ ഇന്ത്യന്‍ കോഫി ഹൌസ് എ.കെ.ജിയുടെ തറവാട്ട് സ്വത്താണെന്ന് പറയാനും പ്രചരിപ്പിക്കാനും, അദ്ദേഹത്തെ കോടീശ്വര്‍ എന്നു വിളിക്കാനും പോലും ആളുണ്ടായേനേ..
ഇതു നല്ല കഥ. ദിനേശ് ബീഡി തകര്‍ന്നപ്പോള്‍ അതിനെ പുനരുദ്ധരിക്കാന്‍ ഈ സഹകരണസംഘങ്ങളുടെ കയ്യില്‍ പൈസയില്ലായിരുന്നു. ഇന്ന് മുപ്പതുകോടിയുടെ വാട്ടര്‍ തീം പാര്‍ക്കിനും ഫൈവ് സ്റ്റാര്‍ ഹോട്ടലിനും പണമുണ്ട്.
പറഞ്ഞുവന്നത് - സഹകരണസംഘമോ സ്വകാര്യ മുതലാളിത്തമോ ആവട്ടെ - പാര്‍ട്ടി വന്‍കിട ബിസിനസ് താല്പര്യങ്ങളിലേയ്ക്ക് കടക്കരുത്. പണത്തിന്റെ കുത്തൊഴുക്ക് പാര്‍ട്ടിയെ നശിപ്പിക്കും. ഇതുവരെ പണം എല്ലാ സ്ഥാപനങ്ങളെയും നശിപ്പിച്ചിട്ടുണ്ട് - ചരിത്രത്തില്‍ നിന്നും പഠിക്കാതിരിക്കരുത്.
ബിസിനസ് നടത്തുന്നത് പാര്‍ട്ടിയുടെ പണിയല്ല. എന്തൊക്കെ ന്യായം പറഞ്ഞാലും.
ദേശാഭിമാനിയില്‍ ഇങ്ങനൊരു ലേഖനം വരാന്‍ പാടില്ല !
ഉല്ലാസ പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും ഉള്ള പാര്‍ട്ടിക്കു മുതലാളിത്തത്തെ ... ഇതു പാര്‍ട്ടി ലേഖനമായിരുന്നോ ? അതോ പാര്‍ട്ടി ലേഖമാണെന്നു ധരിച്ചു ചാടിവീണതായിരുന്നതോ :)
ഏഷ്യാനെറ്റിനെ അപേക്ഷിച്ച് പാര്‍ട്ടി നടത്തുന്ന കൈരളിയ്ക്ക് എന്താണ് മേന്മ? അര്‍ദ്ധസത്യങ്ങളില്‍ ആരും പിന്നിലല്ലല്ലോ. --- അതാണു വിഷയം!!!
വന്നു വന്നു ലേഖനം വായിക്കേണ്ട്, ആരെഴുതിയെന്നു വായിച്ചാല്‍ മാത്രം മതി കമന്റാന്‍ !!
As it happens in every political debate in Kerala, finally it turned against CPM.
The post is on Media Capitalism and its potential impacts.
But everybody is eager to attack CPM.
സജീഷേ, ക്ഷമിക്കുമല്ലോ...
ഈ വിഷയത്തില്‍ ഞാനും എഴുതി ഒരെണ്ണം.. എഴുതി വന്നപ്പോളെന്താ, അവിടെയും സിപിഎം വിരോധം തന്നെ...
വായിക്കുമല്ലോ.. മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും
ദിനേശാ, നിനക്കപാര ഗ്ലാമറാടാ. എത്ര പേരാ നിന്നെക്കുറിച്ചിങ്ങനെ ഓര്‍ക്കാന്‍. ഇവരാരേലും നിന്റെ കഷ്ടകാലത്ത് നിന്നെക്കുരിച്ചോര്ത്തോന്ന് ചോയ്ച്ചാ..പോ മോനേ ദിനേശാ.സവാരിഗിരിഗിരി
ദേശാഭിമനിയെ ഒറ്റുകൊടുത്തു് ഇന്ത്യാ വിഷനിലും,പിന്നീടു കൈരളിയിലും കയറിപ്പറ്റിയ
ബേബീ ഭക്ത്ന്മാര്ക്കു് എന്ത്?
നേര്‍ക്കുനേര്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം ഇവിടെ ഉണ്ട്.
മാരീചന് എഴുതിയ ലേഖനം ഇവിടെ
http://pathradharmam.blogspot.com/എന്ന പോസ്റ്റില്‍ നിന്ന്
ഈ ലേഖനം ശ്രീ രാജേന്ദ്രന്റെ പിണറായി vs മര്‍ഡോക് അവലോകനത്തിനുള്ള പ്രതികരണമാകുന്നു.
മർഡോകിന്റെ വരവിനെ മുൻനിർത്തി രാജേന്ദ്രൻ തന്റെ ഇഷ്ടവിനോദത്തിലാണ് എർപ്പെടാൻ ശ്രമിക്കുന്നത്..cpm-നെയും,പ്രത്യേകിച്ചു പിണറായി വിജയനെയും കൈരളിയെയും തെറി പറയുക. Times of india മാതൃഭൂമിയുടെ ഓഹരികൾ വാങ്ങിയ ഘട്ടത്തിൽ സി.പി.എം രാജേന്ദ്രനും അദ്ദേഹത്തിന്റെ മുതലാളിമാർക്കും ഏറെ പത്ഥ്യമുള്ള പാർട്ടിയായിരുന്നു. സ്വന്തം സമുദായംഗങ്ങളായിട്ടു കൂടി സമീർ-വിനീത് ജെയ്ൻമാരെ തുരത്താൻ വീരെന്ദ്രകുമാറിന് പിണറായി വിജയനെയും അദ്ദേഹത്തിന്റെ നേതാക്കളെയും വേണ്ടിയിരുന്നു. ഇതൊക്കെ ചരിത്രമായതു കൊണ്ട് മലയാളി മറന്നിട്ടുണ്ടാവുമെന്നാണ് രാജേന്ദ്രൻ ധരിക്കുന്നത്.ഏതു അവലോകനത്തിലും ചൈനയെയും ബുദ്ധദേവിനെയും കൂട്ടുപിടിക്കുന്ന മൂന്നാംതര അപഗ്രഥന സമ്പ്രദായം തന്നെയാണ് രാജേന്ദ്രന്റെ ലേഖനത്തിന്റെ മർമ്മം. ഫാരിസ് അബൂബക്കറിന്റെ അഭിമുഖത്തെ കുറിച്ചു പറഞ്ഞപ്പോൾ ഫാരിസ് അബൂബക്കറിനെ വിവാദപുരുഷനാക്കിയ, മാതൃഭൂമി director തന്നെ തള്ളിയ മാതൃഭൂമിയുടെ കുപ്രസിദ്ധവാർത്തകളെ കുറിച്ച് രാജേന്ദ്രൻ മറവി നടിക്കുകയാണ്. ഫാരിസ് അദൃശ്യശക്തിയാണ്, അദ്ദേഹത്തിന്റെ ഫോട്ടോ പോലും ലഭ്യമല്ല എന്നാണ് മാതൃഭൂമി വെണ്ടക്ക നിരത്തിയത്. സ്വന്തം director-ടെ ഉറ്റചങ്ങാതി അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിൽ നിത്യസന്ദർശകനുമാണ് ഫാരിസ് എന്നത് കൈരളിയിലെ അഭിമുഖത്തിലൂടെയാണ് വ്യക്തമാക്കപ്പെട്ടത്. ഇത് ഏറ്റുപറഞ്ഞ് പ്രസ്തുത മാതൃഭൂമി director പരസ്യപ്രഖ്യാപനം നടത്തിയിട്ട് രാജേന്ദ്രനും അദ്ദേഹത്തിന്റെ പത്രവും അതു കണ്ടതേയില്ല. രാജേന്ദ്രൻ കൊട്ടിഘോഷിക്കുന്ന 'വ്യത്യസ്തമായ ഒരു പത്ര'ത്തിന്റെ സംസ്കാരം നോക്കണേ!!..സായാഹ്ന രസംകൊല്ലികളായ 'അമിട്ട്','സ്ഫോടനം','പൊട്ടിത്തെറി' പോലുള്ള കുട്ടിപ്പത്രങ്ങൾ പോലും കാണിക്കുന്ന മര്യാദ മാതൃഭൂമി മറന്നിട്ടും രാജേന്ദ്രനെ കുലുക്കുന്നില്ല!! പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുതല്ലോ!!
സ്വന്തം കണ്ണിലെ തടിയെടുത്തിട്ടു വേണം അന്യന്റെ കണ്ണിലെ കരടു കാണാൻ എന്നാണ് ബൈബിൾ പ്രമാണം. കൈരളിയിലെ 'പീഢന'ത്തെ കുറിച്ച് രാജേന്ദ്രന് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല. പത്രമുതലാളി ആരെന്നു നോക്കാതെയാണ് മാധ്യമപ്രവർത്തകൻ ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്നതെന്ന രാജേന്ദ്രന്റെ പ്രസ്ഥാവന അദ്ദേഹത്തിനു ഇതുവരെ ബാധകമായിട്ടില്ല. വീരേന്ദ്രകുമാറിന്റെ മനസിലിരിപ്പ് കണ്ടുപിടിച്ച് അതിനനുസൃതമായി കോളമെഴുതുന്നതിലുള്ള വൈദഗ്ദ്യം കേരളത്തിൽ രാജേന്ദ്രനു മാത്രം അവകാശപ്പെട്ടതാണ്. ഒരു കാലത്ത് മാതൃഭൂമിയുടെ പര്യായമായിരുന്നു വി .കെ.മാധവൻകുട്ടി . മാധവൻകുട്ടി പത്രാധിപരായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നീലക്കണ്ണുള്ള കുഞ്ഞാ'യിരുന്നു രാജേന്ദ്രൻ. വൈകാതെ മാധവൻകുട്ടി വീരേന്ദ്രകുമാറിന് അനഭിമതനായി. പിന്നീട് രാജേന്ദ്രൻ മാധവൻകുട്ടിയെ ഫോണിൽ പോലും വിളിച്ചിട്ടില്ല. ചോരയും നീരും കൊടുത്ത് താൻ വളർത്തിയ സ്ഥാപനം തന്നെ വേട്ടയാടുന്നത് കണ്ട് മാധവൻ കുട്ടി പകച്ചു നിന്നു.ഡെൽഹി ഓഫീസിൽ ഒരു കസേര പോലും നിഷേധിക്കുന അവസ്ഥയിലേക്ക് പീഢനം നീണ്ടപ്പോൾ ഡെൽഹിയിലെ കോടതിയെ മാധവൻകുട്ടിക്ക് അഭയം പ്രാപിക്കേണ്ടി വന്നു. രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞില്ലേ ആവോ!! ശ്രീ k.c നാരായണൻ പീഢനമേറ്റു വാങ്ങി ആസാമിലേക്കു സ്ഥലം മാറ്റപ്പെട്ടപ്പോൾ രാജേന്ദ്രൻ വീരേന്ദ്രകുമാറിന്റെ മേശപ്പുറത്തെ പേപ്പർ വെയ്റ്റിന്റെ രൂപത്തിലായിരുന്നു. പി.രാജന്റെ കഥ രാജേന്ദ്രനൊഴിച്ച് മറ്റെല്ലാ പത്രപ്രവർത്തകർക്കും അറിയം.
മർഡോകിന് വാർത്താചാനലിന്റെ ഉടമസ്ഥതയില്ലാത്തതു കൊണ്ട് സർവസ്വവും ഭദ്രമായി ഇരിക്കും എന്നാണ് രാജേന്ദ്രന്റെ കണ്ടെത്തൽ. വാർത്താചാനലിൽ തന്റെ മുതലാളിമാർ കണ്ണു വച്ചിട്ടുള്ളതു കൊണ്ട് മർഡോക് വേഗം വന്ന് കാര്യങ്ങൾ എളുപ്പമാക്കട്ടെ എന്നാണു രാജേന്ദ്രന്റെ ഉള്ളിലിരുപ്പ്. മാധ്യമം എന്നതു വാർത്ത മാത്രമല്ല.വിനോദത്തിലും വിജ്ഞാനത്തിലുമൊക്കെ രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്. നമ്മുടെ ചിന്താധാരകളിൽ സിനിമ ചെലുത്തുന്ന സ്വാധീനം എത്രയോ വലുതാണ്. സാംസ്കാരിക ഭൂമികയിലെ ചെറിയൊരംശം മാത്രമാണ് വാർത്ത. ഇതൊന്നും രാജേന്ദ്രന് അറിയാത്ത കാര്യങ്ങളല്ല. പക്ഷെ വീരേന്ദ്രകുമാർ ഇതൊക്കെ മനസിലെങ്കിലും വിചാരിച്ചാലേ രാജേന്ദ്രന്റെ തൂലികയിൽ നിന്ന് ഇവ പുറത്തു വരികയുള്ളൂ.
രാജേന്ദ്രൻ എന്ന സ്വതന്ത്രമാധ്യമപ്രവർത്തകന് ഒരു സ്കൂപ്പ് പറഞ്ഞു തരാം.തന്റെ പത്രത്തെ നിയന്ത്രികുന്ന രണ്ടു മുതലാളി വിഭാഗക്കാർക്കിടയിൽ നടന്ന ചതിയുടെയും കുതികാൽവെട്ടിന്റെയും കഥ.Times of india-യുടെ പക്കലായ ഷെയറുകൾ സംയുക്തമായി മടക്കി വാങ്ങാൻ ചന്ദ്രൻ മുതലാളിയുടെ കുടുംബവും വീരൻ മുതലാളിയുടെ കുടുംബവും തോളിൽ കയ്യിട്ട് മുംബേയ്ക്കു പോകുന്നു.ജെയ്ൻ സഹോദരൻമാരുമായി വിലപേശൽ നടക്കുന്നു.അവർ പറയുന്ന വില വളരെ കൂടുതലാണെനു പറഞ്ഞ് ചന്ദ്രൻ കുടുംബത്തെയും കൂട്ടി വീരേന്ദ്രകുമാർ മടക്കയാത്ര ആരംഭിക്കുന്നു. ഇതിനിടയിൽ ഷോപ്പിംഗിനെന്നു പറഞ്ഞ് ബോംബെയിൽ അടിഞ്ഞ വീരന്റെ മകൻ Times of india-യുമായി കച്ചവടമുറപ്പിച്ച് ഓഹരികൾ പോക്കറ്റിലാക്കുന്നു!!സ്കൂപ്പല്ലെങ്കിൽ ഒന്നാംതരം ക്രൈം-ത്രില്ലറിന് തിരക്കഥയാകേണ്ട വാർത്തയാണിത്.മുതലാളി ആരെന്നു നോക്കാതെ പത്രപ്രവർത്തനം നടത്തുക എന്നുള്ളതാണ് തങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്നു അവകാശപ്പെടുന്ന രാജേന്ദ്രന് ഇതൊന്നു രുചിച്ചുനോക്കാൻ തന്റേടമുണ്ടാകുമോ? ഇല്ലെങ്കിൽ ഈ പണി നിർത്തി വീരേന്ദ്രകുമാറിന്റെ കാപ്പിത്തോട്ടത്തിൽ കിളക്കാൻ പോകുന്നതാണ് കൂടുതൽ ഉത്തമം.
Post a Comment