Tuesday, October 28, 2008

ഓഹരിത്തകര്‍ച്ച : ധനമന്ത്രി ചിദംബരം പ്രതിക്കൂട്ടില്‍

ഇന്ത്യയിലെ ഓഹരിവര്‍ഷം ദീപാവലിമുതലാണ് ആരംഭിക്കുന്നത്. അന്നു വൈകിട്ട് ആരംഭിക്കുന്ന കച്ചവടത്തിന് പ്രത്യേക പേരുമുണ്ട്. മൂഹൂര്‍ത്ത വ്യാപാരം. ഇത്തവണത്തെ മുഹൂര്‍ത്തവ്യാപാരത്തിന്റെ ഗതിയെന്താകും എന്നുള്ള പരിഭ്രാന്തിയിലാണ് ഓഹരിക്കച്ചവടക്കാര്‍. കാരണം തലേന്ന് നടന്ന വ്യാപാരത്തിന്റെ ഗതി ഏറ്റവും അശുഭകരമാണ്. ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ സെന്‍സസ് സൂചിക 21000ന് മുകളിലായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം ആരംഭിച്ചതോടെ ഇന്ത്യന്‍ ഓഹരിവിപണി താണുതുടങ്ങി. ഇപ്പോള്‍ തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സെന്‍സെക്‍‌സ് 9000 പോയിന്റില്‍ എത്തിയപ്പോള്‍ തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിയെന്നും ഇനി കുറയില്ല എന്നുമായിരുന്നു ഓഹരിക്കമ്പോള വിദഗ്ദധരുടെ അഭിപ്രായം. പുതുവര്‍ഷത്തിന്റെ തലേന്നാള്‍ സൂചിക ഒരു ഘട്ടത്തില്‍ 8000ന് താഴേക്കുപോയി. പിന്നീട് സ്വല്‍പ്പം മെച്ചപ്പെട്ടെങ്കിലും ഓഹരി വിലകളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്ന് ആരും പ്രവചിക്കാന്‍ തയ്യാറല്ല.
അമേരിക്കന്‍ ഓഹരിക്കമ്പോള തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മേധാവി അലന്‍ഗ്രീന്‍ സ്‌പാനിനെ അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഓവര്‍സൈറ്റ് (മേല്‍നോട്ട) സമിതി തെളിവെടുപ്പിനായി ഒക്ടോബര്‍ 23ന് വിളിച്ചുവരുത്തി. നീണ്ട 16 വര്‍ഷം അമേരിക്കന്‍ ധനമേഖലയിലെ നിയോലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന എണ്‍പത്തിരണ്ടുകാരനായ വയോവൃദ്ധനെ സമിതി നിര്‍ത്തിപ്പൊരിച്ചു. തന്റെ സാമ്പത്തിക വീക്ഷണത്തിന്റെ ഒരടിസ്ഥാന പോരായ്‌മ അമേരിക്കയിലെ ഉരുകിത്തകര്‍ച്ച വെളിപ്പെടുത്തി എന്ന് അദ്ദേഹം സമ്മതിച്ചു. ധനമേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ മേല്‍നോട്ടം വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജീവിതസായാഹ്നത്തിലെ ഈ കുറ്റസമ്മതം മാത്രംമതി അദ്ദേഹത്തിന് ശിക്ഷ എന്ന് ചില പത്രലേഖകര്‍ എഴുതി.

ഇന്ത്യന്‍ ഓഹരിവിപണിയിലെ ഈ തകര്‍ച്ചയ്‌ക്ക് ആരാണ് ഉത്തരവാദി? 2006 ആദ്യത്തില്‍ പതിനായിരത്തോളമായിരുന്ന സെന്‍സെക്‍സ് സൂചിക രണ്ടുവര്‍ഷംകൊണ്ട് 21000 ആയി ഉയരത്തക്ക പ്രത്യേക അഭിവൃദ്ധിയൊന്നും ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ ഉണ്ടായിട്ടില്ല എന്നത് വാസ്‌തവം. കഴിഞ്ഞ ഏതാനുംമാസംകൊണ്ട് സെന്‍സെക്‍സ്‌സ് സൂചിക 8000ന് താഴെപോകാന്‍ തക്കതായി ഒന്നും ഇന്ത്യാരാജ്യത്തുണ്ടായിട്ടില്ല എന്നതും അതുപോലെ വാസ്‌തവമാണ്. നമ്മുടെ രാജ്യത്തെ കൃഷിയും വ്യവസായവുമെല്ലാം അന്നത്തെപ്പോലെ ഇന്നും തുടരുന്നു. തകര്‍ച്ച സംഭവിച്ചത് വ്യവസായ കാര്‍ഷിക ഉല്‍പ്പാദന മേഖലകളിലല്ല; ഓഹരിവിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തിനാണ്. ആഗോള വിപണിയിലെ മാന്ദ്യം അവരുടെ ശുഭാപ്‌തിവിശ്വാസത്തെ ചോര്‍ത്തിക്കളഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന ധനമന്ത്രിയുടെ പ്രസ്‌താവന ബധിരകര്‍ണങ്ങളിലാണ് പതിഞ്ഞത്. ഓഹരിക്കമ്പോളത്തില്‍ കച്ചവടം നടത്തുന്നതിനോ വ്യവസായങ്ങള്‍ക്കും മറ്റും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനോ പണമില്ലാതെ വിഷമിക്കരുതെന്നു കരുതി ബാങ്കുകള്‍ കരുതല്‍ശേഖരമായി വയ്‌ക്കേണ്ടുന്ന പണത്തില്‍നിന്ന് 60000 കോടി രൂപ വായ്‌പ കൊടുക്കാന്‍ അനുവദിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ ഫലമായി 25000 കോടി രൂപ അനുവദിച്ചു. പലിശനിരക്ക് കുറച്ചു. ഇതൊക്കെ ചെയ്‌തിട്ടും നിക്ഷേപകരുടെ ആശങ്കകള്‍ അകലുന്നില്ല. ഓഹരികള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വില്‍ക്കുന്നതിനാണ് അവര്‍ക്ക് താല്‍പ്പര്യം.

ആരാണ് ഇത്തരത്തില്‍ ഇന്ത്യാസര്‍ക്കാരിന്റെ ഉറപ്പുകളെല്ലാം തള്ളിക്കളഞ്ഞ് ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത് ? ഇവിടെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചയില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വെളിപ്പെടുന്നത്. ഇന്ത്യന്‍ ഭരണാധികാരികള്‍ വീമ്പുപറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ വിദേശനാണയ കരുതല്‍ശേഖരം 30000 കോടി ഡോളറില്‍ അധികമാണ്. എവിടെനിന്നുകിട്ടി ഈ വിദേശനാണയശേഖരം? സാധാരണഗതിയില്‍ നമുക്ക് വിദേശനാണയം ലഭിക്കുക ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുമ്പോഴാണ്. വിദേശത്തു പണിയെടുക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു പണമയക്കുമ്പോള്‍ നമുക്ക് വിദേശനാണയം കിട്ടും. ഇങ്ങനെ ലഭിക്കുന്ന വിദേശനാണയത്തില്‍നിന്നുവേണം ഇറക്കുമതിക്കും വിദേശ കടങ്ങളുടെ പലിശയ്‌ക്കും മറ്റുമുള്ള വിദേശനാണയം കണ്ടെത്താന്‍. ഇന്ത്യക്ക് ഒരുകാലത്തും വിദേശവ്യാപാരത്തില്‍നിന്ന് മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 2007-08ല്‍ ഇന്ത്യയുടെ വിദേശവ്യാപാരകമ്മി 9006 കോടി ഡോളറായിരുന്നു. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ച പണവുമെല്ലാം കണക്കിലെടുത്താലും നമ്മുടെ കമ്മി 740കോടി ഡോളര്‍ വരും. അതായത് കറന്റ് അക്കൌണ്ടില്‍ 740 കോടി ഡോളര്‍ കമ്മിയാണ് എന്നര്‍ഥം. എന്നിട്ടും 2007-08 വര്‍ഷത്തില്‍ 9216 കോടിഡോളര്‍ വിദേശവിനിമയ ശേഖരത്തിലേക്ക് സ്വരുക്കൂട്ടുന്നതിന് ഇന്ത്യാസര്‍ക്കാരിന് കഴിഞ്ഞതെങ്ങനെ? 2007-08ല്‍ കടമായിട്ടും നിക്ഷേപമായിട്ടുമെല്ലാം വിദേശത്തുനിന്ന് 10803 കോടിഡോളര്‍ വന്നു. അങ്ങനെയാണ് വിദേശവ്യാപാരത്തിലും മറ്റും കമ്മിയായിട്ടും വിദേശനാണയ ശേഖരത്തില്‍ ഭീമമായ തുക കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

ഇങ്ങനെ വിദേശനാണയ ശേഖരം വര്‍ധിക്കുന്നതിനു പിന്നില്‍ ഒരപകടം പതിയിരിപ്പുണ്ട്. 2007-08ല്‍ 1500 കോടി ഡോളറായിരുന്നു പ്രത്യക്ഷ മൂലധന നിക്ഷേപം (FDI). എന്നാല്‍, മുപ്പതിനായിരം കോടി ഡോളര്‍വരും ഓഹരിക്കമ്പോളത്തിലെ ഇടപാടുകള്‍ക്കുവേണ്ടി ഇന്ത്യയിലേക്കുവന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപം. 40000 കോടി ഡോളര്‍ വാണിജ്യ വായ്പകള്‍ (ECB)ആണ്. ഇതിന്റെ ഏതാണ്ട് പകുതി ഹ്രസ്വകാല വായ്‌പകളാണ്. ആഗോള പ്രതിസന്ധി ഏറ്റവും ആദ്യം ബാധിക്കുക പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളെയും ഹ്രസ്വകാല വായ്‌പകളെയുമാണ്. ഇവ പ്രത്യേകിച്ച് പോര്‍ട്ട്ഫോളിയോ നിക്ഷേപം സമ്പദ്ഘടനയിലേക്കു വരുന്നവേഗത്തില്‍ത്തന്നെ എപ്പോള്‍ വേണമെങ്കിലും പുറത്തേക്ക് പോകാവുന്നതാണ്. ഇത്തരത്തില്‍ ഏതാണ്ട് 2000 കോടി ഡോളര്‍ ഇതിനകം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു എന്നാണ് ഒരു മതിപ്പു കണക്ക്.

വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ നമ്മുടെ രാജ്യത്തേക്കുതന്നെ ആകര്‍ഷിക്കുന്നതിനുവേണ്ടി ചിദംബരം ചില നടപടികള്‍ സ്വീകരിച്ചു. അതിലേറ്റവും പ്രധാനം പാര്‍ട്ടിസിപ്പേറ്ററി നോട്ടുപയോഗിച്ച് കച്ചവടം നടത്തുന്നതിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയതാണ്. സെബി രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് ഓഹരിക്കമ്പോളത്തില്‍ ഇടപാടുകള്‍ നടത്തുവാന്‍ അനുവാദമില്ല. ഇപ്പോള്‍ രജിസ്‌ട്രേഷനുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവരും എന്നാല്‍, രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുമായ വിദേശ നിക്ഷേപകര്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ നല്‍കി നിക്ഷേപത്തിനുള്ള സൌകര്യം ഒരുക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ കഴിയും. ഉദാഹരണത്തിന് സിംഗപ്പൂരിലുള്ള ഒരു നിക്ഷേപകന്‍ ഇന്ത്യയില്‍ ലിസ്‌റ്റ് ചെയ്‌ത ഒരു കമ്പനിയുടെ നിശ്ചിത ഓഹരി വാങ്ങാന്‍ സിംഗപ്പൂരിലെതന്നെ ഒരു ബ്രോക്കിങ് കമ്പനിയെ ചുതലപ്പെടുത്തുന്നു. സിംഗപ്പൂരിലെ കമ്പനി ഓഹരി വാങ്ങാനുള്ള ഓര്‍ഡര്‍ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ബ്രോക്കിങ് കമ്പനിയെ ഏല്‍പ്പിക്കുന്നു. അവര്‍ ഓഹരി വാങ്ങുകയും ആവശ്യമെങ്കില്‍ല്‍ വില്‍ക്കുകയുംചെയ്യും. അങ്ങനെ ഓഹരി നിക്ഷേപത്തില്‍നിന്ന് കിട്ടുന്ന നേട്ടങ്ങളായ ലാഭവിഹിതവും (ഡിവിഡന്റും), മൂലധന മൂല്യ വര്‍ധനയും ഇന്ത്യന്‍ ബ്രോക്കിങ് കമ്പനി വഴി വിദേശ നിക്ഷേപകര്‍ക്ക് കിട്ടുന്നു.

വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും വരുമാനത്തിന് ഒന്നിലധികം പ്രാവശ്യം ഒരേ നികുതി ഒഴിവാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഏര്‍പ്പെടാറുണ്ട്. ഇതിന്റെ നേട്ടം കൈവശപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പി-നോട്ട് വഴിയുള്ള വ്യാപാരത്തില്‍ നല്ലൊരുപങ്ക് വളരുന്നത്. ഇന്ത്യയും, മൌറീഷ്യസും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഓഹരി കൈമാറ്റം നടത്തി കിട്ടുന്ന ലാഭത്തിന് നികുതി നല്‍കേണ്ടത് ഓഹരി ഉടമയുടെ രാജ്യത്താണ്, കമ്പനിയും സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചും നിലല്‍ക്കുന്ന രാജ്യത്ത് നികുതി നല്‍കണ്ട. അതിനാല്‍ മൌറീഷ്യസിലെ നിക്ഷേപകന് ഇന്ത്യന്‍ ഓഹരി നിക്ഷേപം വഴി കിട്ടുന്ന നേട്ടത്തിന് മൌറീഷ്യസില്‍ നികുതി നല്‍കിയാല്‍ മതി. എന്നാല്‍, മൌറീഷ്യസില്‍ മൂലധന മൂല്യവര്‍ധനയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെ ഊഹക്കച്ചവടത്തില്‍നിന്ന് നേടുന്ന ആദായത്തിന് ഒരു നികുതിയും കൊടുക്കാതെ നേട്ടം പൂര്‍ണമായും കൈവശപ്പെടുത്താന്‍ കഴിയുന്നു.

നികുതി വെട്ടിക്കുന്നതിനു മാത്രമല്ല കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരപ്രവര്‍ത്തകരുടെ പണം എത്തിക്കുന്നതിനും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള വ്യാപാരത്തെ ദുരുപയോഗപ്പെടുത്തുന്നു എന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം പടിപടിയായി കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കണം എന്ന നിലപാടാണ് റിസര്‍വ് ബാങ്ക് എടുത്തത്. എന്നാല്‍, ഇപ്പോള്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യയില്‍ത്തന്നെ പിടിച്ചുനിര്‍ത്തുന്നതിനുവേണ്ടി പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍വഴി അവര്‍ക്കു നടത്താവുന്ന ഓഹരി വ്യാപാരത്തിന്റെ പരിധി ഇല്ലാതാക്കിയിരിക്കുകയാണ്.

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍വഴി ഇടപാടുകാരന്റെ എല്ലാ വിശദാംശവും മറച്ചുവച്ച് നടത്തുന്ന കച്ചവടം ഓഹരിക്കമ്പോളത്തില്‍ വിപരീതഫലം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇവരാണ് ഓഹരികള്‍ ഷോട്ട് വില്‍പ്പന നടത്തുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഇവര്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലുള്ള ഓഹരികള്‍ കടമായി വാങ്ങുന്നു. എന്നിട്ട് ഒറ്റയടിക്ക് ഇവയെല്ലാം വില്‍പ്പനയ്‌ക്കുവേണ്ടി ഇറക്കുന്നു. സ്വാഭാവികമായി ഓഹരിവില ഇടിയുന്നു. അങ്ങനെ ഓഹരിവില ഇടിയുമ്പോള്‍ കുറഞ്ഞ വിലയ്‌ക്ക് ഓഹരികള്‍ വീണ്ടും വാങ്ങി കടംതന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കി ലാഭംകൊയ്യുന്നു. ഇങ്ങനെ ലാഭത്തിനുവേണ്ടി വിലയിടിക്കാന്‍ ഗൂഢാലോചന നടത്തുന്ന കൂട്ടമായി വിദേശ നിക്ഷേപ സ്ഥാപനങ്ങളും അവരുടെ രഹസ്യ ഇടപാടുകാരും മാറിയിരിക്കുന്നു. പുര കത്തുമ്പോള്‍ കുലവെട്ടുന്ന കൂട്ടര്‍.

ഇവിടെയാണ് ചിദംബരം പ്രതിക്കൂട്ടില്‍ കയറുന്നത്. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെമേലുള്ള എല്ലാ നിയന്ത്രണവും നീക്കംചെയ്യണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. തന്റെ ആദ്യബജറ്റില്‍ കമ്പോള ഇടപാടുകളുടെമേല്‍ 0.001 ശതമാനം നികുതി ഏര്‍പ്പെടുത്തി 6000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. ഓഹരിക്കമ്പോളം ‘പണിമുടക്കി.’ ഓഹരിവില ഇടിഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിഞ്ഞ് ചിദംബരം വിമാനം കയറി ബോംബെയിലെത്തി. നികുതി പിന്‍വലിക്കാമെന്ന ഉറപ്പുനല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയത്.

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ധനമേഖലയെ ബന്ദിയാക്കിയിരിക്കുകയാണ്. തങ്ങളുടെ ചൊല്‍പ്പടിക്കുനിന്നില്ലെങ്കില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കും, വിദേശനാണയശേഖരം ഇല്ലാതാക്കും, ഇന്ത്യന്‍രൂപയുടെ വിലയിടിക്കും, രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് ഇവരുടെ ഭീഷണി. ധനമന്ത്രി ചിദംബരം ഇപ്പോഴും ഇവരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് നല്‍കി രഹസ്യക്കച്ചവടം നടത്തുന്നതിന് തങ്ങളുടെ നിക്ഷേപത്തിന്റെ 40 ശതമാനം പരിധി വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നത് എടുത്തുമാറ്റി. അനുനയത്തിന് വിദേശികള്‍ വഴങ്ങുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞദിവസം ചിദംബരം വിദേശത്ത് ഓഹരികള്‍ കടംകൊടുക്കുന്നതിനെതിരെ അസന്തുഷ്ടി രേഖപ്പെടുത്തി. ഷോര്‍ട്ട് വില്‍പ്പനയ്‌ക്കു വേണ്ടിയാണല്ലോ കടം കൊടുക്കുന്നത്. സെബി ഇത്തരം ഏര്‍പ്പാടുകള്‍ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. പക്ഷേ, ഓഹരിവില ഇങ്ങനെ തകര്‍ന്നിട്ടും ഉപദേശിക്കുകയല്ലാതെ നിയമം മാറ്റാന്‍ തയ്യാറല്ല. ഈ അവസ്ഥയിലേക്ക് ഇന്ത്യാരാജ്യത്തെ കൊണ്ടെത്തിച്ചതിന് ധനമന്ത്രി ചിദംബരം സമാധാനം പറഞ്ഞേ പറ്റൂ.

*****

ഡോ. ടി എം തോമസ് ഐസക്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ധനമേഖലയെ ബന്ദിയാക്കിയിരിക്കുകയാണ്. തങ്ങളുടെ ചൊല്‍പ്പടിക്കുനിന്നില്ലെങ്കില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കും, വിദേശനാണയശേഖരം ഇല്ലാതാക്കും, ഇന്ത്യന്‍രൂപയുടെ വിലയിടിക്കും, രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് ഇവരുടെ ഭീഷണി. ധനമന്ത്രി ചിദംബരം ഇപ്പോഴും ഇവരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് നല്‍കി രഹസ്യക്കച്ചവടം നടത്തുന്നതിന് തങ്ങളുടെ നിക്ഷേപത്തിന്റെ 40 ശതമാനം പരിധി വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നത് എടുത്തുമാറ്റി. അനുനയത്തിന് വിദേശികള്‍ വഴങ്ങുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞദിവസം ചിദംബരം വിദേശത്ത് ഓഹരികള്‍ കടംകൊടുക്കുന്നതിനെതിരെ അസന്തുഷ്ടി രേഖപ്പെടുത്തി. ഷോര്‍ട്ട് വില്‍പ്പനയ്‌ക്കു വേണ്ടിയാണല്ലോ കടം കൊടുക്കുന്നത്. സെബി ഇത്തരം ഏര്‍പ്പാടുകള്‍ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. പക്ഷേ, ഓഹരിവില ഇങ്ങനെ തകര്‍ന്നിട്ടും ഉപദേശിക്കുകയല്ലാതെ നിയമം മാറ്റാന്‍ തയ്യാറല്ല. ഈ അവസ്ഥയിലേക്ക് ഇന്ത്യാരാജ്യത്തെ കൊണ്ടെത്തിച്ചതിന് ധനമന്ത്രി ചിദംബരം സമാധാനം പറഞ്ഞേ പറ്റൂ.

Baiju Elikkattoor said...

".......ധനമേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ മേല്‍നോട്ടം വേണമെന്ന് അദ്ദേഹം (അലന്‍ഗ്രീന്‍ സ്പാന്‍) നിര്‍ദേശിച്ചു."

അമേരിക്കന്‍ മുതലാളിത്ത ജ്വരം ബാധിച്ച ആരുഷി/അനോണികള്‍ ഈ വാചകം കഷായം വച്ചു അര കഴഞ്ച് വീതം എന്നും സേവിക്കുക. മനസ്സും തലച്ചോറും ശുദ്ധമായി ആള്‍ താമസമുണ്ടാകട്ടെ!

ഈ ചിതംബരം, ഇയാള്‍ ഇന്ത്യയുടെ ധനമന്ത്രിയോ സ്റ്റോക്ക് മാര്‍ക്കറ്റിനെറ മാത്രം മന്ത്രിയോ?!

Anonymous said...

പൊന്നു ബൈജൂ, ഈ സര്‍ക്കാരിണ്റ്റെ മേല്‍നോട്ടം എന്നു വച്ചാല്‍ എന്നതാ ഉദ്ദേശിക്കുന്നത്‌, സര്‍ക്കാര്‍ ഏതെങ്കിലും ബാങ്കിണ്റ്റെ ഹെഡിനെ അല്ലെങ്കില്‍ കൂടുതല്‍ ചെയര്‍മാന്‍മാരെ ഏല്‍പ്പിക്കും അവറല്ലെ കാര്യം നിശ്ചയിക്കുന്നത്‌, അവരെ ബ്രൈബ്‌ ചെയ്തു ബ്രൊക്കര്‍മാരും മറ്റും ആ പണം ഷെയറില്‍ ഇടീക്കും ഇതിനു എന്തു പ്രതിവിധി?

പെന്‍ഷന്‍ ഫണ്ട്‌ ഷെയറില്‍ ഇടരുത്‌ എന്നു പറയുന്നവര്‍ എവിടെ ഇടണം പണം വെറുതെ ഇരുന്നാല്‍ തന്നെ വളരുമോ? ഇല്ലല്ലോ അപ്പോള്‍ ഈ പണം ഒന്നുകില്‍ ലോണ്‍ കൊടുക്കണം അതില്‍ നിന്നു കിട്ടുന്ന പലിശ കൊണ്ട്‌ ആ പണം വളരും കൂടുതല്‍ കിട്ടുന്നത്‌ ലാഭം

പത്തു രൂപയുടെ ഷെയര്‍ ആയിരത്തില്‍ അധികം ആകുന്നതെങ്ങിനെ യാതാര്‍ത്യം മനസ്സിലാക്കാതെ ഇതില്‍ പിന്നെയും കൊണ്ടിടുന്നവരെ ചിദംബരം എങ്ങിനെ തടയും ?സഹകരണ ബാങ്കിലെ പണം എടുത്തു റിയല്‍ എസ്റ്റേറ്റു നടത്തിയില്ലേ സീ പീ എം? ഷെയറില്‍ പണം ഇട്ടില്ലേ സീ പീ എം?

ആരും ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടണ്ട എന്നു പറയാന്‍ പറ്റുമോ ഇടുന്നവര്‍ ചിന്തിക്കണം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കമ്പനി ഷെയര്‍ എങ്ങിനെ അഞ്ഞൂറും അറുനൂറും ആകുന്നു? റിലയന്‍സ്‌ പവര്‍ തന്നെ എടുക്കാം അതു ഒരു പവര്‍ പ്ളാണ്റ്റു പോലും തുടങ്ങിയിട്ടില്ല പക്ഷെ ജനം അവരെ വിശ്വസിക്കുന്നു അല്ലെങ്കില്‍ ജനത്തിനെ അവര്‍ വിശ്വസിപ്പിക്കുന്നു , എന്നോ ഉണ്ടാവുന്ന ഒരു പവര്‍ പ്ളാണ്റ്റില്‍ നിന്നും പവര്‍ വിറ്റു വേണം ഇവിടെ ലാഭം ഉണ്ടാകാന്‍ ആ ഉട്ടോപ്യ യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കുന്നവര്‍ പണം അതില്‍ കൊണ്ടിടുന്നു ഒരു ചൂതാട്ടം തന്നെ, ഇതിനൊക്കെ ചിദംബരം എന്തു പിഴച്ചു? ഈ പണം എല്ലാം മിക്കവാറൂം കള്ളപ്പണം ആണു അത്‌ കുറെ ഒഴുകിപ്പോയി സമാധാനിക്കൂ, ഒന്നുനില്‍ ഇവിടെ വ്യവ്സായം വളരണം ഉണ്ടക്കുന്ന വസ്തുക്കള്‍ ഇവിടെയോ വെളിയിലോ വില്‍ക്കണം അല്ലാതെ പണം ഉണ്ടാക്കുന്നവനെല്ല ബൂറ്‍ഷ്വ എന്നും പറഞ്ഞു ദേശഭിമാനിയും വായിച്ചു കടത്തിണ്ണയില്‍ ഇരുന്നാല്‍ പണം വളരുമോ? സമ്പത്തിക പുരോഗതി ഉണ്ടാകുമോ? ഉത്തരം താങ്ങുന്നത്‌ താനണെന്ന പല്ലിയുടെ അവകാശവാദം അല്ലേ ബറ്‍ദനും കാരാട്ടും പറഞ്ഞു നടക്കുന്നത്‌, പിണറായി വിജയനു മാത്റമാണു അല്‍പ്പം ബുധി സീ പീ എമ്മില്‍ ഉള്ളത്‌
ബാക്കി ഒക്കെ പുസ്തകം വായിച്ചു മനക്കോോട്ട കേട്ടുന്ന അല്‍പ്പബുധികള്‍ അമേരിക്കന്‍ മുതലാളിത്തവും ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയും ഈ പ്റ്‍ശ്നങ്ങളെല്ലാം അതിജീവിക്കും ഡോണ്ട്‌ വറി

Anonymous said...

ആരുഷി വക certificate "പിണറായി വിജയന് മാത്രമാണ് അല്‍പ്പം ബുദ്ധി.."

ആരുഷി കോട് കൈ, നമിച്ചു, സ്തുതിച്ചു..3 ദിവസം മുമ്പ് പറഞ്ഞതിനെ 2 ദിവസം മുമ്പ് തിരുത്തും, മിനിഞ്ഞാന്ന് പറഞ്ഞതു ഇന്നലെ തിരുത്തിക്കലയും,ഇന്നു പറഞ്ഞതു നാളെ തിരുത്തും..മോനേ നീയാണ് താരം,പിണറായി കള്ളനാണ്,കുല്ലനാണ്,എമ്ബോക്കിയാണ് എന്തെല്ലാമായിരുന്നു ഗീര്‍വാണങ്ങള്‍....ഈ ആരുശിടെ ഒരു കാര്യം,തലക്കനം,അഹംഭാവം തീരെ ഇല്ലാ..ഒന്നു കൊഞ്ചിക്കാന്‍ തോന്നുന്നു.