Monday, October 25, 2010

ഇനി ഒരു 'അയോധ്യ' ഉണ്ടാകരുത്

ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ രണ്ടു നാഴികക്കല്ലുകളാണ് 1947 ലെ വിഭജനവും 1992 ലെ ബാബ്റി മസ്‌ജിദ് തകര്‍ക്കലും. വിഭജനം മുസ്ളിം ജനവിഭാഗത്തിലുണ്ടായ വര്‍ഗീയവല്‍ക്കരണത്തിന്റെ ഫലമായാണ് ഉണ്ടായതെങ്കില്‍ പള്ളി പൊളിക്കല്‍ ഹിന്ദുവര്‍ഗീയതയുടെ ശക്തിപ്രകടനമായിരുന്നു. വിഭജനം ഇന്ത്യന്‍ ഭൂഖണ്ഡത്തെ രണ്ടു സ്വതന്ത്രരാഷ്‌ട്രങ്ങളായി വേര്‍തിരിച്ചു എന്നുമാത്രമല്ല, ജനങ്ങളുടെ മനസ്സില്‍ പരസ്‌പരവിദ്വേഷം കുത്തിവെക്കുകയുമുണ്ടായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളര്‍ന്നുവന്ന ഹിന്ദുവര്‍ഗീയതക്ക് വിഭജനം വളരെ സഹായകമായി. വിഭജനാനന്തരം പഞ്ചാബിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിവാസികളായിരുന്ന ഹിന്ദുക്കള്‍ക്ക് സംഭവിച്ച നാശനഷ്‌ടങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഹിന്ദുഫാസിസ്‌റ്റ് സംഘടനയായ രാഷ്‌ട്രീയ സ്വയംസേവക് സംഘമായിരുന്നു. 1925ല്‍ രൂപംകൊണ്ട് ഇത്രയും കാലം വഴിമുട്ടിനിന്നിരുന്ന ഈ സംഘടനക്ക് ഒരു പുതുജീവന്‍ നല്‍കാന്‍ വിഭജനം ഉപകരിച്ചു. ഒരു സാംസ്‌കാരികസംഘടനയായി സ്വയം വിശേഷിപ്പിക്കുന്ന ആര്‍ എസ് എസ് ഇരുപതാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന ഹിന്ദുമത രാഷ്‌ട്രീയത്തിന് പ്രത്യയശാസ്‌ത്രവും സംഘടനാടിത്തറയും പ്രദാനം ചെയ്‌തു. ഇന്ത്യയുടെ ആദ്യകാല രാഷ്‌ട്രീയത്തിന് മതവര്‍ഗീയസ്വഭാവം നല്‍കുന്നതില്‍ മുസ്ളിംലീഗും ആര്‍ എസ് എസും വ്യത്യസ്‌തമായ രീതിയിലാണെങ്കിലും ഒരേപോലെ ഉത്തരവാദികളാണ്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അതിനെ നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മതേതരത്വത്തില്‍ വിശ്വസിച്ചവയായിരുന്നു. 1906 ല്‍ മുസ്ളിംലീഗിന്റെയും 1914ല്‍ ഹിന്ദുമഹാസഭയുടെയും രൂപീകരണത്തോടെയാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മതസാന്നിധ്യത്തിന് തുടക്കം കുറിച്ചത്. ഇതിന് മുമ്പുതന്നെ മതാവബോധം നിലനിന്നിരുന്നെങ്കിലും, ഹിന്ദു-മുസ്ളിം എന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും, ഹിന്ദുക്കളോ മുസ്ളിങ്ങളോ ഒരു സമുദായമായി നിലനിന്നിരുന്നില്ല. സമുദായ രൂപീകരണം സംഭവിക്കുന്നത് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ്. മുസ്ളിംലീഗിനെയും ഹിന്ദുമഹാസഭയെയും വര്‍ഗീയകക്ഷികളായി പരിഗണിക്കുന്നത് അവ രണ്ടും മതാധിഷ്‌ഠിത രാഷ്‌ട്രീയത്തില്‍ വിശ്വസിച്ചിരുന്നു എന്നതുകൊണ്ടും മതത്തെ അധികാരം നേടുന്നതിനുള്ള നിദാനമായി ഉപയോഗിച്ചു എന്നതുകൊണ്ടുമാണ്. എങ്കിലും ഹിന്ദുമഹാസഭയോ മുസ്ളിംലീഗോ അക്രമത്തിലോ ബലപ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. ഇവയ്‌ക്ക് രണ്ടിനും ഒരു ഫാസിസ്‌റ്റ് സ്വഭാവമുണ്ടായിരുന്നില്ല. അവയുടെ ശ്രദ്ധ സമുദായതാല്‍പ്പര്യങ്ങളില്‍ ഊന്നിയതായതുകൊണ്ടാണ് അവയെ പലരും പരിഷ്‌കരണസ്വഭാവമുള്ള കക്ഷികളായി വിലയിരുത്തുന്നത്.

ആര്‍ എസ് എസിന്റെയോ ജമാഅത്തേ ഇസ്ളാമിയുടെയോ സ്വഭാവം ഇതില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ്. അവ മതരാഷ്‌ട്ര സൃഷ്‌ടിയില്‍ തല്‍പ്പരരായിരുന്നു എന്നുമാത്രമല്ല, മറ്റു മത സമുദായങ്ങള്‍ക്ക് അവര്‍ വിഭാവനംചെയ്‌ത രാഷ്‌ട്രത്തില്‍ സ്ഥാനമില്ലായിരുന്നു. ആര്‍ എസ് എസ്സിന്റെയും ജമാഅത്തേ ഇസ്ളാമിയുടെയും അജന്‍ഡയില്‍ സാദൃശ്യം അതുകൊണ്ടാണ്. ഒരു ജനാധിപത്യവ്യവസ്ഥക്ക് നിരക്കാത്തതാണ് ഇവരുടെ കര്‍മപരിപാടികള്‍. അത്തരമൊരു കര്‍മപരിപാടിയുടെ പ്രായോഗിക ഉദാഹരണമാണ് അയോധ്യയില്‍ 1992ല്‍ നടന്ന ശക്തിപ്രകടനം. ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് രാഷ്‌ട്ര താല്‍പ്പര്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിന്റെ മകുടോദാഹരണമാണ് അയോധ്യ.

വര്‍ഗീയശക്തികളുടെ നൈരാശ്യത്തില്‍നിന്നാണ് അയോധ്യ 'പ്രസ്ഥാനം' ഉടലെടുക്കുന്നത്. ഹിറ്റ്ലറെയും മുസോളിനിയെയും ആദര്‍ശ പുരുഷന്മാരായി സ്വീകരിച്ച ആര്‍ എസ് എസ് അവരുടെ സംഘടനാരൂപങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഒരു വര്‍ഗീയ പട സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. പക്ഷേ ഏകദേശം എഴുപത്തഞ്ചുകൊല്ലത്തെ പ്രവര്‍ത്തനത്തിന് ശേഷവും അധികാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. ചില സംസ്ഥാനങ്ങളില്‍ ഭരണത്തിലേറിയെങ്കിലും കേന്ദ്രഭരണം കൈയാളാന്‍ സാധ്യതയില്ലായിരുന്നു. അതിനൊരു കാരണം അവരുടെ രാഷ്‌ട്രീയത്തിനും പരിപാടികള്‍ക്കും ഇന്ത്യയിലെ ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടായിരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുകൂലമായ ഒരു വൈകാരിക അന്തരീക്ഷം സൃഷ്‌ടിച്ചാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ ബി ജെ പിയുടെ കര്‍മപദ്ധതി അത്തരം ഒരു വൈകാരികത സൃഷ്‌ടിക്കുകയായിരുന്നു. അതിന് മുന്‍കൈയെടുത്തതും നേതൃത്വം നല്‍കിയതും ലാല്‍കൃഷ്‌ണ അദ്വാനിയും ഉമാഭാരതിയും സാധ്വി റിതംബരയുമായിരുന്നു. അവരുടെ പ്രസംഗങ്ങളുടെ ഭാഷയും ഉള്ളടക്കവും അഹിന്ദുക്കള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നു. സംഘപരിവാരങ്ങള്‍ ആകാവുന്നിടത്തൊക്കെ കൊല്ലുംകൊലയും നടത്തി. ഭയം ഒരു സാമൂഹ്യവികാരമായി പരിണമിച്ചു.

അക്രമം ഫാസിസത്തിന്റെ മുഖമുദ്രയാണ്. ആക്രമിക്കാനുള്ള സന്നദ്ധതയും കഴിവും ചെറുത്തുനില്‍പ്പിനെ ദുര്‍ബലമാക്കുന്നു. ആര്‍ എസ് എസ്സിന്റെ പരിശീലനം ബൌദ്ധികവും കായികവുമാണ്. ബൌദ്ധിക പരിശീലനത്തിന്റെ ലക്ഷ്യം വര്‍ഗീയ മനസ്സുകളെ സൃഷ്‌ടിക്കുക എന്നതാണ്. ഇന്ത്യയുടെ ചരിത്രം ഹൈന്ദവ ചരിത്രമാണെന്നും ഇന്ത്യന്‍ നാഗരികത ഹിന്ദുനാഗരികതയാണെന്നും അവര്‍ ഉദ്ഘോഷിക്കുന്നു. അഹിന്ദുക്കള്‍ മ്ളേഛന്മാരും സംസ്‌കാരശൂന്യന്മാരുമാണെന്ന് സ്ഥാപിക്കുകയും അവര്‍ക്കെതിരെ വിദ്വേഷം സൃഷ്‌ടിക്കുകയും ചെയ്യുക എന്നതാണ് ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ഇത് സാധ്യമാകാന്‍ അഹിന്ദുക്കളുടെ സാംസ്‌കാരിക സംഭാവനകളെ നിഷേധിക്കുന്നു. ആര്‍ എസ് എസ്സിനോട് ആഭിമുഖ്യമുള്ള ഒരു പണ്ഡിതന്‍ ഇന്ത്യാ ചരിത്രത്തെ മൂന്നു ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്-ഹിന്ദുരാജാക്കന്മാര്‍ ഭരിച്ചിരുന്ന സുവര്‍ണകാലം, മുസ്ലിം ചക്രവര്‍ത്തിമാരുടെ കീഴിലെ അധഃപതനകാലം, ബ്രിട്ടീഷുകാരുടെ സാന്നിധ്യത്തിലുണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം (Period of glory, period of decline and period of regeneration). ഹിന്ദുഭൂതകാലത്തിന്റെ നേട്ടങ്ങളില്‍ അഭിമാനം ജനിപ്പിക്കുകയാണ് ഈ രീതിയിലുള്ള ചരിത്രരചനയുടെ ലക്ഷ്യം. അധികാരമോഹികളായ ചില ചരിത്രകാരന്മാരുംവര്‍ഗീയപാളയത്തിലേക്ക് ചേക്കേറിയത് ആര്‍ എസ് എസ് പ്രഭൃതികള്‍ക്ക് ഈ വാദഗതി മുന്നോട്ടുവെക്കാന്‍ കുറേയെറെ സഹായകമായി. ഹിന്ദുവര്‍ഗീയശക്തികളുടെ പരാജയത്തെത്തുടര്‍ന്ന് അവര്‍ വര്‍ഗീയ പാളയം വിടുകയും ചെയ്‌തു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ പടിപ്പുരയില്‍ കാതോര്‍ത്തു കാത്തുകിടക്കുകയാണ്. സത്യസന്ധതയും ധൈഷണിക സംസ്‌കാരവുമില്ലാത്ത ഈ പ്രച്ഛന്ന വേഷധാരികള്‍ നിഷ്‌പക്ഷതയുടെ മുഖംമൂടി ധരിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള വൃഥാശ്രമം നടത്തുന്നു. ഇവര്‍ പടിയിറങ്ങിയതുകൊണ്ട് ആര്‍ എസ് എസിന് നഷ്‌ടമൊന്നുമില്ല. കാരണം ബൌദ്ധികവ്യവഹാരങ്ങളില്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. ഓരോ ഘട്ടത്തിലും ഈ 'ബുദ്ധിജീവികളെ' അവര്‍ ഉപയോഗിക്കുന്നു എന്നുമാത്രം. പക്ഷേ ചുരുക്കം ചില ഭിക്ഷാംദേഹികളെയല്ലാതെ എണ്ണപ്പെട്ട ബുദ്ധിജീവികളെയൊന്നും അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.

ആര്‍ എസ് എസിന്റെ ശ്രദ്ധമുഴുവന്‍ കായികപരിശീലനത്തിലായിരുന്നു. ശാരീരിക ആക്രമണത്തിന് സന്നദ്ധരും കഴിവുമുള്ളവരുടെ ഒരു സംഘം സൃഷ്‌ടിക്കുകയാണ് ഉദ്ദേശ്യം. ഈ ആക്രമണം അഹിന്ദുക്കള്‍ക്ക് നേരെയാണ് ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടാണ് മുസ്ളിം ചക്രവര്‍ത്തിമാര്‍ക്കെതിരായി പടവെട്ടിയ ശിവജിയെയും റാണാപ്രതാപനെയും ആദര്‍ശപുരുഷന്മാരായി അവതരിപ്പിച്ചത്. ലാത്തി മാത്രമല്ല തോക്കും ഉപയോഗിക്കാന്‍ സ്വയം സേവകരെ പരിശീലിപ്പിച്ചു. ആര്‍ എസ് എസ് പരിശീലനം കിട്ടിയവര്‍ എത്രമാത്രം മനുഷ്യത്വമില്ലാത്തവരായി മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ഗാന്ധിജിയുടെ വധം. ആര്‍ എസ് എസ് കൂടുതല്‍ കൂടുതല്‍ തീവ്രവാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും ഹിന്ദുമത തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. മതമൌലികവാദം സ്വാഭാവികമായും തീവ്രവാദത്തിലേക്കും ബലപ്രയോഗങ്ങളിലേക്കും എത്തുമെന്നതിന് ആര്‍ എസ് എസ് സാക്ഷ്യം വഹിക്കുന്നു.

പ്രതീക്ഷിച്ചപോലെ ആര്‍ എസ് എസിന് വളരാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരാതെ വളരാന്‍ കഴിയുകയുമില്ല. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പരിതഃസ്ഥിതിയില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ വിഷമമാണ്. അതിനൊരു പരിഹാരമായാണ് വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവിഷ്‌കരിച്ചത്. വിശ്വഹിന്ദുപരിഷത്തും ബജ്രംഗ്‌ദളും ക്ഷേത്രപുനരുദ്ധാരണ സമിതികളും വിദ്യാഭാരതിയുമൊക്കെ ആര്‍ എസ് എസിന്റെ ഉപസംഘടനകളണ്. മതപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന വിശ്വഹിന്ദു പരിഷത്ത് വളരെവേഗം വളര്‍ന്നു. ഇന്ന് ഒരുപക്ഷേ വിശ്വഹിന്ദുപരിഷത്തിന് ആര്‍ എസ് എസ്സിനെക്കാള്‍ അനുയായികളുണ്ട്. കൂടുതല്‍ സാമൂഹ്യസാന്നിധ്യവുമുണ്ട്. സാമൂഹ്യസാന്നിധ്യത്തെ സഹായിച്ചത് അയോധ്യ 'പ്രസ്ഥാന'മാണ്. പക്ഷേ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വവും കാഴ്‌ചപ്പാടും ഒരു ആധുനികസമൂഹത്തെ സ്വാധീനിക്കാന്‍ പര്യാപ്‌തമല്ല. അതുകൊണ്ട് ആര്‍ എസ് എസിനെപ്പോലെത്തന്നെ വിശ്വഹിന്ദു പരിഷത്തും വളരെയൊന്നും മുന്നോട്ടു പോകാനുള്ള സാധ്യതയില്ല.

ആര്‍ എസ് എസിന്റെ രാഷ്‌ട്രീയമുഖമായ ഭാരതീയ ജനതാപാര്‍ടി ഇന്ന് ചുക്കാനില്ലാത്ത കപ്പലിന്റെ പരുവത്തിലാണ്. പൊതുവില്‍ സ്വീകാര്യനായ ഒരു നേതാവില്ല. പാര്‍ടിയുടെ ഒരു വിഭാഗം അമിതമായ ആര്‍ എസ് എസ് സ്വാധീനത്തില്‍നിന്ന് വിടുതല്‍ നേടാന്‍ ശ്രമിക്കുകയുണ്ടായി. ആര്‍ എസ് എസിന്റെ കുടക്കീഴില്‍ വിജയിക്കുവാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നില്‍. ഈ ശ്രമം സൃഷ്‌ടിച്ച അസ്വാരസ്യം ബി ജെ പിയെ തളര്‍ത്തിയിരിക്കുന്നു. തല്‍ഫലമായി ആര്‍ എസ് എസ്സിന്റെ പിടി കൂടുതല്‍ മുറുകിയിരിക്കുന്നു.

ഹിന്ദുവര്‍ഗീയതക്ക് ആര്‍ജിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നേട്ടമായിരുന്നു ബാബ്റി മസ്‌ജിദിനെ തകര്‍ക്കാന്‍ കഴിഞ്ഞത്. 1949 മുതല്‍ അവര്‍ പടുത്തുയര്‍ത്തിയ അക്രമാസക്തിയായിരുന്നു അതിന് പിന്നില്‍. ഇതിനെ തടയാന്‍ ഇന്ത്യന്‍ ഭരണകൂടം വേണ്ടത്ര ആര്‍ജവം പ്രകടിപ്പിച്ചില്ല എന്നതാണ് ഈ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ട് കുറ്റക്കാരായ, ശിക്ഷ അര്‍ഹിക്കുന്നവര്‍ നേതൃസ്ഥാനം അലങ്കരിക്കുന്നു. പരിഷ്‌കൃത സമൂഹങ്ങളില്‍ അദ്വാനിമാര്‍ക്കും മുരളിമനോഹര്‍ജോഷിമാര്‍ക്കും, ഉമാഭാരതിക്കുമൊന്നും ഇടമുണ്ടായിക്കൂട.

ഭരണകൂടത്തിന്റെ പരാജയത്തിന്റെ ഏറ്റവും ഒടുവിലുണ്ടായ ഉദാഹരണമാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. കോടതി തീരുമാനമെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല, വിശ്വാസത്തെമാത്രം കണക്കിലെടുത്തുകൊണ്ടാണെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം അത്ഭുതാവഹമാണ്. കോടതി ചെയ്‌തത് ഹിന്ദുവര്‍ഗീയതയുടെ ബലപ്രയോഗത്തെ ന്യായീകരിക്കുകയാണ്. പതിനഞ്ചുകൊല്ലങ്ങള്‍ക്ക് മുമ്പ് ആരും തൊടാന്‍ ഇഷ്‌ടപ്പെടാത്ത വര്‍ഗീയതക്ക്, അതിന്റെ ഹീനമായ ആക്രമണത്തിന്, ഉദാരസ്വഭാവമുള്ള ന്യായവ്യവസ്ഥയില്‍നിന്ന് അംഗീകാരം ലഭിച്ചിരിക്കുന്നു. ഇതിന്റെ പരിണതഫലം എന്താകും എന്നത് ഭയത്തോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുകയുള്ളൂ.

മൂവായിരത്തോളം പള്ളികള്‍ ക്ഷേത്രങ്ങള്‍ പൊളിച്ചുനിര്‍മിച്ചവയാണെന്ന് വിശ്വഹിന്ദുപരിഷത്ത് അവകാശപ്പെടുന്നു. അവയെല്ലാം ക്ഷേത്രങ്ങളാക്കണമെന്നാണ് അവരുടെ ആവശ്യം. ലിസ്‌റ്റിലെ ആദ്യ സ്ഥലങ്ങള്‍ മഥുരയും കാശിയുമാണ്. അയോധ്യ കഴിഞ്ഞാല്‍ ഈ ക്ഷേത്രങ്ങളെ "മോചിപ്പി'' ക്കാനുള്ള സമരം ആരംഭിക്കുമെന്ന് അശോക് സിംഗാളും പ്രവീണ്‍തൊഗാഡിയയയും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവ ഹിന്ദു വര്‍ഗീയത, അയോധ്യയില്‍നിന്ന് ലഭിച്ച ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങുകയാണെങ്കില്‍ വ്യാപകമായ വര്‍ഗീയ കലാപങ്ങളുണ്ടാവാനിടയുണ്ട്.

സമുദായങ്ങള്‍ തമ്മില്‍ ഐക്യവും സമാധാനവും സൃഷ്‌ടിക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടം അതുകൊണ്ട് ഇനിയെങ്കിലും ഇടപെടേണ്ടതാണ്. കേസില്‍ കക്ഷികളായവര്‍ ഹിന്ദുക്കളെയും മുസ്ളിങ്ങളെയും പ്രതിനിധാനം ചെയ്യുന്നില്ല. അവര്‍ക്ക് അവകാശവുമില്ല. അവകാശവാദങ്ങള്‍ക്ക് കൈയേറ്റത്തിന്റെ പ്രാബല്യം മാത്രമേയുള്ളൂ. അതുകൊണ്ട് അയോധ്യ ജനങ്ങള്‍ക്കേല്‍പ്പിച്ചുകൊടുക്കുക. ഹിന്ദുക്കളും മുസ്ളിങ്ങളും ക്രിസ്‌ത്യാനികളും ജയിനന്മാരും ബൌദ്ധമതാനുയായികളുമടങ്ങുന്ന ജനം. അവിടെ ഒരു സര്‍വമത സംവാദ കേന്ദ്രം പണിയുക; മതസാര്‍വലൌകികതയുടെ പ്രതീകമായി. ഇന്ത്യയില്‍ ആവശ്യമായ മതസൌഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും കേന്ദ്രസ്ഥാനമായി അയോധ്യയെ രൂപാന്തരപ്പെടുത്തുക.


*****

കെ എന്‍ പണിക്കര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ രണ്ടു നാഴികക്കല്ലുകളാണ് 1947 ലെ വിഭജനവും 1992 ലെ ബാബ്റി മസ്‌ജിദ് തകര്‍ക്കലും. വിഭജനം മുസ്ളിം ജനവിഭാഗത്തിലുണ്ടായ വര്‍ഗീയവല്‍ക്കരണത്തിന്റെ ഫലമായാണ് ഉണ്ടായതെങ്കില്‍ പള്ളി പൊളിക്കല്‍ ഹിന്ദുവര്‍ഗീയതയുടെ ശക്തിപ്രകടനമായിരുന്നു. വിഭജനം ഇന്ത്യന്‍ ഭൂഖണ്ഡത്തെ രണ്ടു സ്വതന്ത്രരാഷ്‌ട്രങ്ങളായി വേര്‍തിരിച്ചു എന്നുമാത്രമല്ല, ജനങ്ങളുടെ മനസ്സില്‍ പരസ്‌പരവിദ്വേഷം കുത്തിവെക്കുകയുമുണ്ടായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളര്‍ന്നുവന്ന ഹിന്ദുവര്‍ഗീയതക്ക് വിഭജനം വളരെ സഹായകമായി. വിഭജനാനന്തരം പഞ്ചാബിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിവാസികളായിരുന്ന ഹിന്ദുക്കള്‍ക്ക് സംഭവിച്ച നാശനഷ്‌ടങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഹിന്ദുഫാസിസ്‌റ്റ് സംഘടനയായ രാഷ്‌ട്രീയ സ്വയംസേവക് സംഘമായിരുന്നു. 1925ല്‍ രൂപംകൊണ്ട് ഇത്രയും കാലം വഴിമുട്ടിനിന്നിരുന്ന ഈ സംഘടനക്ക് ഒരു പുതുജീവന്‍ നല്‍കാന്‍ വിഭജനം ഉപകരിച്ചു. ഒരു സാംസ്‌കാരികസംഘടനയായി സ്വയം വിശേഷിപ്പിക്കുന്ന ആര്‍ എസ് എസ് ഇരുപതാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന ഹിന്ദുമത രാഷ്‌ട്രീയത്തിന് പ്രത്യയശാസ്‌ത്രവും സംഘടനാടിത്തറയും പ്രദാനം ചെയ്‌തു. ഇന്ത്യയുടെ ആദ്യകാല രാഷ്‌ട്രീയത്തിന് മതവര്‍ഗീയസ്വഭാവം നല്‍കുന്നതില്‍ മുസ്ളിംലീഗും ആര്‍ എസ് എസും വ്യത്യസ്‌തമായ രീതിയിലാണെങ്കിലും ഒരേപോലെ ഉത്തരവാദികളാണ്.