Friday, October 22, 2010

കവിതയുടെ നവ്യചൈതന്യം

പ്രശസ്ത കവി എ അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് ശ്രീവിശാഖ് തീയയേറ്ററിനടുത്ത് അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് അന്ത്യം ഉണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി അധികൃതര്‍ ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വേറിട്ട വ്യക്തിയും കവിയുമായിരുന്നു അയ്യപ്പന്‍. അരാജകമെന്നു തോന്നിക്കുന്ന ജീവിതം നയിച്ച അയ്യപ്പന്റെ കവിതകള്‍ മലയാളത്തില്‍ വേറിട്ടുതന്നെ നിന്നു. കവിയെന്ന നിലയില്‍ മാത്രമല്ല; വ്യക്തിയെന്ന നിലയിലും അയ്യപ്പന് കേരളത്തിലങ്ങോളമിങ്ങോളം വലിയ സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. വ്യവസ്ഥിതിയോട് അതിശക്തമായിത്തന്നെ കലഹിച്ചയാളാണ് അയ്യപ്പന്‍. കേരളം നെഞ്ചേറ്റിയ ഒട്ടേറെ കവിതകള്‍ അയ്യപ്പന്റേതായുണ്ട്. മിക്കവയും ജീവിതത്തിലെ കഷ്ടപ്പാടുകളും അരക്ഷിതാവസ്ഥയും പ്രമേയമാക്കിയവ. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അയ്യപ്പന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ആത്മകഥാംശമാണ് അയ്യപ്പന്റെ കവിതകളെ വ്യത്യസ്തമാക്കിയത്. യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു അയ്യപ്പന്റെ കവിതകളുടെ ആരാധകരിലേറെയും.

1949 ഒക്ടോബര്‍ 27ന് അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ചു. ചെറുപ്പത്തില്‍ തന്നെ എഴുതിത്തുടങ്ങിയ അയ്യപ്പന്‍ പ്രഭാത് ബുക്ക് ഹൌസില്‍ പ്രൂഫ് റീഡറായും എഡിറ്ററായും ജോലി ചെയ്തു. നവയുഗം പ്രസില്‍ പ്രൂഫ് റീഡറായി ജോലിയില്‍ ചെയ്തിരുന്നു. പിന്നീട് മാനേജരുമായി. 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 'ബോംബേ വേദി' എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് 'ഓണക്കാഴ്ച' എന്ന പേരില്‍ ആദ്യകഥാസമാഹാരം പുറത്തിറക്കിയത്. പിന്നീടാണ് കവിതാരചനയിലേക്ക് തിരിഞ്ഞത്. പ്രവാസ ജീവിതമാണ് അയ്യപ്പനിലെ കവിയെ വളര്‍ത്തിയത്. നീണ്ട പ്രവാസത്തിനിടയില്‍ പലപ്പോഴും അയ്യപ്പനെ രോഗങ്ങളും പിടികൂടിയിരുന്നു. മില്‍ഓ ദി ഫ്ളോസ് എന്ന കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബലിക്കുറിപ്പുകള്‍(1982), ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍(1985), പ്രവാസിയുടെ ഗീതം(1989), ബുദ്ധനും ആട്ടിന്‍കുട്ടിയും(1990), മാളമില്ലാത്ത പാമ്പ്(1992), കറുപ്പ്(1995), വെയില്‍ തിന്നുന്ന പക്ഷി (1997), ജയില്‍ മുറ്റത്തെ പൂക്കള്‍(1998), കണ്ണ് (1999), ഗ്രീഷ്മവും കണ്ണീരും( 2000), മുക്ത ഛന്ദസ്സ് (2000) എന്നിവയാണ് മുഖ്യ കൃതികള്‍. 1992ല്‍ പ്രവാസിയുടെ ഗീതത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചു. ആശാന്‍ പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കവിതയുടെ നവ്യചൈതന്യം

മലയാള കവിതക്ക് നവ്യമായൊരു ചൈതന്യം പ്രദാനം ചെയ്ത എ അയ്യപ്പന്‍ മാതാപിതാക്കളുടെ സ്നേഹവും ലാളനയും ഏറെയൊന്നും അറിയാതെയാണ് വളര്‍ന്നത്. 1949 ഒക്ടോബര്‍ 27ന് അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ച അയ്യപ്പന് കുട്ടിക്കാലത്തു തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പിന്നീട് സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭര്‍ത്താവ് വി കൃഷ്ണന്റെയും സംരക്ഷണയിലാണ് വളര്‍ന്നത്. നേമം വെള്ളായണി ജംഗ്ഷനിലെ അവരുടെ വീട്ടില്‍ വെച്ചാണ് അയ്യപ്പന്‍ കവിത എഴുതിത്തുടങ്ങുന്നത്. അയ്യപ്പന്റെ വീട്ടുകാര്‍ സ്വര്‍ണ്ണപ്പണിക്കാരായിരുന്നു. കുട്ടിക്കാലത്തെക്കുറിച്ച് വളരെ അരുചിപ്രദമായ കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത് എന്ന് അയ്യപ്പന്‍ പറയുമായിരുന്നു. അച്ഛന്റെ മരണം ആത്മഹത്യയോ കൊലപാതമോ ആയിരുന്നു എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അയ്യപ്പന്റെ അപ്പൂപ്പന്‍ നെയ്യാര്‍ ഡാമിലെ മൂത്താശാരിയായിരുന്നു.

ഒന്‍പതാം ക്ളാസു വരെ നെടുമങ്ങാട് ഹൈസ്കൂളില്‍ പഠിച്ചു. അതിനു ശേഷം നേമം ഹൈസ്കൂളിലും. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മൂന്ന് വര്‍ഷം തമിഴ്നാട്ടിലായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായി. പ്രഭാത് ബുക്ക് ഹൌസില്‍ പ്രൂഫ് റുഡറും എഡിറ്ററും അയി. അഞ്ച് വര്‍ഷക്കാലം അത് തുടര്‍ന്നു. പിന്നീട് സി പി ഐ സ്റ്റേറ്റ് കൌസിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നവയുഗം പ്രസില്‍ പ്രൂഫ് റീഡറായി. അയ്യപ്പന്റെ ബുദ്ധിമുട്ടു കണ്ട് നേമം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വേലായുധന്‍ നായരാണ് അയ്യപ്പനെ നവയുഗത്തില്‍ എത്തിച്ചത്.
അക്കാലത്താണ് ആര്‍ സുഗതനുമായി അയ്യപ്പന്‍ പരിചയപ്പെടുന്നത്. ലേഖനങ്ങള്‍ പകര്‍ത്തിയെഴുതാന്‍ അയ്യപ്പന്‍ സുഗതന്‍ സാറിനെ സഹായിക്കുമായിരുന്നു. പിന്നീട് സി പി ഐ നവയുഗം പ്രസ് ടി കെ വര്‍ഗ്ഗീസ് വൈദ്യനു കൈമാറിയപ്പോള്‍ അയ്യപ്പന്‍ പ്രസിന്റെ മാനേജരായി. പ്രസിന്റെ പേര് കല്‍പ്പക എന്ന് മാറ്റിയിരുന്നു. അന്ന് ഇരുപത്തഞ്ചു വയസ്സായിരുന്നു അയ്യപ്പന്. പിന്നീട് 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായി. കല്‍പ്പകയില്‍ നിന്നായിരുന്നു 'അക്ഷരം' പ്രസിദ്ധീകരിച്ചത്. ചൈനീസ് യുദ്ധത്തിന്റെ കാലമായിരുന്നു അത്. ഒരിക്കല്‍ ലോറിയില്‍ വന്ന കപ്പ തടഞ്ഞു നിര്‍ത്തി ആളുകള്‍ക്ക് കൊടുത്തതിന് അയ്യപ്പനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് 'അക്ഷരം' നിന്നു. പ്രസ്സും പൂട്ടി. 1972ല്‍ ആയിരുന്നു അത്. പ്രസില്‍ നിന്നും കിട്ടിയ ആനുകല്യങ്ങളും വാങ്ങി പിന്നീടുള്ള നാളുകളില്‍ അയ്യപ്പന്‍ ഊരു ചുറ്റി. 'ബോംബേ വേദി' എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിച്ചുണ്ട്.

ആദ്യം കഥയാണ് എഴുതിത്തുടങ്ങിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 'ഓണക്കാഴ്ച' എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കി. പിന്നീടാണ് കവിതയിലേക്ക് കടന്നത്. 18 വയസ്സുമുതല്‍ കവിതാരചനയില്‍ പരിപൂര്‍ണ്ണമായിമുഴുകി. അതിനു ശേഷം ഒരിക്കലും കവിതയെ കൈവിട്ടില്ല അയ്യപ്പന്‍. കവിത അയ്യപ്പനേയും. കേരള കൌമുദിയിലാണ് ആദ്യമായി കവിത പ്രസിദ്ധപ്പെടുത്തിയത്. തുടക്കത്തില്‍ സരസ്വതി എന്ന തൂലികാ നാമം ഉപയോഗിച്ചു. നീണ്ട പ്രവാസത്തിനിടയില്‍ പലപ്പോഴൂം അയ്യപ്പനെ രോഗങ്ങള്‍ പിടികൂടിയിരുന്നു. സ്കിസോഫ്രീനിയ പിടിപെട്ട് ദീര്‍ഘകാലം തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണന്‍ ആശുപത്രിയിലും പേരൂര്‍ക്കടയിലെ ജെ ജെ ഹോസ്പിറ്റലിലും ചികിത്സയില്‍ കഴിഞ്ഞു. ചിത്തരോഗത്തില്‍നിന്ന് വിമുക്തനായ അയ്യപ്പന്‍ പിന്നീട് ദില്ലിയിലേക്ക് കടന്നു. കൊണാട്ട് പ്ളേസിലുടെയും കരോള്‍ബാഗിലുടെയും മജിനുഘാട്ടില്ലയിലൂടെയും നടക്കുമ്പോഴാണ് അയ്യപ്പനെ പ്രശസ്തനാക്കിത്തീര്‍ത്ത 'ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍' എന്ന കവിത രൂപം കൊണ്ടത്. ജീവിതത്തെ ഒരു നീണ്ട പ്രവാസമാക്കി മാറ്റിയ അയ്യപ്പന്റെ പ്രിയപ്പെട്ട കവി പി കുഞ്ഞിരാമന്‍ നായരായിരുന്നു.

*
വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

4 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാള കവിതക്ക് നവ്യമായൊരു ചൈതന്യം പ്രദാനം ചെയ്ത എ അയ്യപ്പന്‍ മാതാപിതാക്കളുടെ സ്നേഹവും ലാളനയും ഏറെയൊന്നും അറിയാതെയാണ് വളര്‍ന്നത്. 1949 ഒക്ടോബര്‍ 27ന് അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ച അയ്യപ്പന് കുട്ടിക്കാലത്തു തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പിന്നീട് സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭര്‍ത്താവ് വി കൃഷ്ണന്റെയും സംരക്ഷണയിലാണ് വളര്‍ന്നത്. നേമം വെള്ളായണി ജംഗ്ഷനിലെ അവരുടെ വീട്ടില്‍ വെച്ചാണ് അയ്യപ്പന്‍ കവിത എഴുതിത്തുടങ്ങുന്നത്. അയ്യപ്പന്റെ വീട്ടുകാര്‍ സ്വര്‍ണ്ണപ്പണിക്കാരായിരുന്നു. കുട്ടിക്കാലത്തെക്കുറിച്ച് വളരെ അരുചിപ്രദമായ കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത് എന്ന് അയ്യപ്പന്‍ പറയുമായിരുന്നു. അച്ഛന്റെ മരണം ആത്മഹത്യയോ കൊലപാതമോ ആയിരുന്നു എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അയ്യപ്പന്റെ അപ്പൂപ്പന്‍ നെയ്യാര്‍ ഡാമിലെ മൂത്താശാരിയായിരുന്നു.

Unknown said...

ആദരാഞ്ജലികള്‍!!

ശ്രീജ എന്‍ എസ് said...

ആദരാഞ്ജലികള്‍ ..

Unknown said...

കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.