Sunday, October 24, 2010

പഞ്ചായത്തുകളുടെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍

പതിനൊന്നാം പദ്ധതിയുടെ പ്രഥമ മുന്‍ഗണന ഉല്‍പ്പാദന മേഖലയ്‌ക്കാണ്. ഉല്‍പ്പാദന മേഖലയില്‍, പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കുകയാണ് പ്രാദേശികാസൂത്രണം വഴി ലക്ഷ്യമിട്ടത്. ഉല്‍പ്പാദന മേഖലയ്‌ക്ക് തന്നെയായിരുന്നു ജനകീയാസൂത്രണ പദ്ധതിയിലും (9-ാം പദ്ധതിക്കാലത്തും) മുന്‍ഗണന. പ്ളാന്‍ ഫണ്ടിന്റെ 40 ശതമാനമെങ്കിലും ഉല്‍പ്പാദന മേഖലയില്‍ ചെലവഴിക്കണമെന്ന നിര്‍ദേശം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒരു വര്‍ഷം വകമാറ്റി ചെലവഴിച്ചത് അടുത്ത വര്‍ഷം പരിഹാര വകയിരുത്തല്‍ നടത്തണമെന്നും നിഷ്‌കര്‍ഷിച്ചു. പത്താം പദ്ധതിയായപ്പോള്‍ കഥ തിരിച്ചായി. ഉല്‍പ്പാദനമേഖലയ്‌ക്കുള്ള പ്രാമുഖ്യം കുറയ്‌ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. മേഖലാ വിഹിതം 40 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി. വിഹിതം വകമാറ്റി ചെലവഴിക്കുന്നതു തടഞ്ഞുമില്ല.

ഈ സാഹചര്യത്തിലാണ് ഉല്‍പ്പാദനമേഖലയ്‌ക്ക് പ്രഥമ പരിഗണന കൊടുക്കണമെന്ന നിര്‍ബന്ധത്തോടെ പതിനൊന്നാം പദ്ധതി ആവിഷ്‌കരിച്ചത്. മേഖലാവിഹിതം 40 ശതമാനമായി പുനഃസ്ഥാപിച്ചു. പത്താം പദ്ധതിക്കാലത്ത് വകമാറ്റി ചെലവഴിച്ച തുക തിരികെ ഉല്‍പ്പാദന മേഖലയില്‍ വകയിരുത്തണമെന്ന് നിര്‍ബന്ധിച്ചു. ഇത്തരത്തില്‍ 113 കോടി രൂപ പതിനൊന്നാം പദ്ധതിക്കാലത്ത് അധിക വകയിരുത്തല്‍ നടത്തി. കാര്‍ഷിക മേഖലയിലെ ഇടപെടല്‍സാധ്യതകളും ആവശ്യകതയും സമൂഹത്തിലെത്തിക്കാന്‍ ഗൌരവമായ ശ്രമമാണ് നടത്തിയത്. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ചെയ്യാമെന്നതുകൊണ്ട് കാര്‍ഷികമേഖലയിലെ പദ്ധതികളില്‍ അവ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു തീരുമാനിച്ചു. ഇതുമൂലം കാര്‍ഷിക മേഖലയ്‌ക്കുള്ള വിഹിതം പൂര്‍ണമായും വിള പരിപാലനത്തിന് ഉപയോഗിക്കാമെന്ന അവസ്ഥ സംജാതമായി. പത്താം പദ്ധതിയിലെ അഞ്ചു വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവു ചെയ്‌തത് 831.71 കോടിയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷങ്ങളില്‍ (2006-2010) ഇത് 1443 കോടിയാണ്.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹ്യ അനിവാര്യതയായി അംഗീകരിക്കപ്പെട്ടു. തരിശുഭൂമി വിളഭൂമിയാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. നടീല്‍, കൊയ്‌ത്ത്, മെതിയന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനു സഹായകമായ ശക്തമായ ഇടപെടലുകളാണ് പഞ്ചായത്തുകളുടെ ഭാഗത്തു നിന്നുണ്ടായത്. തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ അംഗീകാരം നേടുകയുംചെയ്‌തു.

കൃഷിഭൂമിയില്‍ കൃഷി തുടരാന്‍ പറ്റുന്ന രീതിയില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുക, തരിശുനിലം കൃഷിയോഗ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചാണ് ത്രിതല പഞ്ചായത്തുകള്‍ നെല്‍കൃഷി രംഗത്ത് ഇടപെട്ടത്. കൃഷി ചെലവിലേക്കായി ഹെക്‌ടര്‍ ഒന്നിന് 2500 രൂപ വരെ സബ്‌സിഡി നല്‍കി. വിത്തുകള്‍ സൌജന്യമായി നല്‍കി. വളം, കീടനാശിനി എന്നിവ പകുതി വിലയ്‌ക്കു ലഭ്യമാക്കി. ചെളിയും മണ്ണും നീക്കി ജലസ്രോതസ്സുകളും ജലനിര്‍ഗമ മാര്‍ഗങ്ങളും മെച്ചപ്പെടുത്തി.

2008-09 ല്‍ നെല്‍കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്. 2006-10 കാലത്ത് 324 കോടി രൂപയാണ് നെല്‍കൃഷിക്കു ചെലവഴിച്ചത് (തൊഴിലുറപ്പു പദ്ധതിയില്‍ സൃഷ്‌ടിക്കപ്പെട്ട കായികാധ്വാനം ഇതിനു പുറമെയാണ്). പത്താം പദ്ധതിയിലെ അഞ്ചു വര്‍ഷങ്ങളില്‍ ഇത് 223.07 കോടി രൂപ മാത്രമായിരുന്നു.

തൊഴിലുറപ്പു പരിപാടി ചെറുകിട നാമമാത്ര കര്‍ഷകരുടെ കൃഷിഭൂമിയില്‍ ഒരു നീര്‍ത്തട പദ്ധതിയുടെ ഭാഗമായി ഭൂവികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഈ സാധ്യത തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ ഉപയോഗിക്കുകയാണ് പഞ്ചായത്തുകള്‍ ചെയ്‌തത്. രണ്ടു വര്‍ഷംകൊണ്ട് 23000 ഏക്കര്‍ തരിശുഭൂമി തൊഴിലുറപ്പു പരിപാടിയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കി. ഭൂവുടമകള്‍ കൃഷിചെയ്യാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ട്. ഭൂവുടമ മറ്റു രീതികളില്‍ വരുമാനമുള്ളയാളാകുന്നതാണ് ഒരു കാരണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധനയും തൊഴിലാളികളുടെ ദൌര്‍ലഭ്യവും കാരണമാകുന്നു. ഇങ്ങനെ തരിശായി കിടക്കുന്ന കൃഷിഭൂമിയിലാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംഘകൃഷി നടത്തുന്നത്. 50000 ഏക്കറിലധികം ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം കൃഷി നടത്തി. തരിശുഭൂമി മുഴുവന്‍ കൃഷിയോഗ്യമാക്കി പഞ്ചായത്തുകളെ തരിശുരഹിതമായി പ്രഖ്യാപിച്ച പഞ്ചായത്തുകളുണ്ട്. പാലമേല്‍, മണ്ണഞ്ചേരി, കോയിപ്രം, അടിമാലി, പേരാമ്പ്ര തുടങ്ങിയ പഞ്ചായത്തുകളും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചവയാണ്.

പഞ്ചായത്തുകളും കുടുംബശ്രീ സംവിധാനവും പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലയാണ് പച്ചക്കറികൃഷി. കഞ്ഞിക്കുഴിയുടെയും മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും മാതൃക പിന്തുടരുന്ന പഞ്ചായത്തുകള്‍ നിരവധിയാണ്. 10-ആം പദ്ധതിക്കാലത്തെ അഞ്ചു വര്‍ഷങ്ങളില്‍ 22.22 കോടിയാണ് ഈ മേഖലയില്‍ പഞ്ചായത്തുകള്‍ ചെലവിട്ടതെങ്കില്‍ 11-ആം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ മാത്രം 19.87 കോടി രൂപ ചെലവഴിച്ചു. 2009-10 വര്‍ഷത്തെ വകയിരുത്തല്‍ 17.67 കോടിയാണ്.

പഞ്ചായത്തുകളുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനവും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. 10-ആം പദ്ധതിയില്‍ 259.11 കോടി രൂപയാണ് ഈ മേഖലയില്‍ ചെലവഴിച്ചത്. പതിനൊന്നാം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ മാത്രം 176.49 കോടിയാണ് ചെലവഴിച്ചത്. 2009-10 ല്‍ 223.69 കോടിയാണ് ഈ മേഖലയ്‌ക്കു വകയിരുത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ ആടുഗ്രാമം, നേച്ചര്‍ഫ്രഷ് എന്നീ പദ്ധതികള്‍ ഈ രംഗത്ത് കൂടുതല്‍ ഉണര്‍വു നല്‍കാന്‍ സഹായകമായി.

കൃഷിവകുപ്പ്, കാര്‍ഷിക സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ വിവിധ ഏജന്‍സികള്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനം വഴിയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ വഴിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രദേശത്ത് കൂടുതല്‍ ഫലപ്രദമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു. ഈ കൂട്ടായ്‌മയുടെ ഫലമായാണ് വിള വിസ്‌തീര്‍ണത്തിലും ഉല്‍പ്പാദനക്ഷമതയിലും ഉല്‍പ്പാദനത്തിലും വര്‍ധനയുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞത്.

ജലലഭ്യത മെച്ചപ്പെടുത്താന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലം വരുംവര്‍ഷങ്ങളിലേ പൂര്‍ണമായ തോതില്‍ അനുഭവവേദ്യമാകൂ. ഏതാനും ജില്ലകളിലും കുറച്ചു പഞ്ചായത്തുകളിലുംമാത്രമേ സമഗ്രമായ നീര്‍ത്തട പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളു. ഈ വര്‍ഷം തൊഴിലുറപ്പു പദ്ധതിയിന്‍ കീഴില്‍ ചെലവഴിച്ച 467 കോടി രൂപയുടെ 75 ശതമാനവും കേരളത്തിലെ കാര്‍ഷിക മേഖലയിലേക്കുള്ള മുതല്‍മുടക്കാണ്. മറ്റു ജില്ലകളില്‍ക്കൂടി നീര്‍ത്തടാധിഷ്‌ഠിത പദ്ധതികള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കാര്‍ഷിക മേഖലയ്‌ക്കു സഹായകമായ കൂടുതല്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതോടൊപ്പം വിള പരിപാലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ത്ത് കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക് പുത്തനുണര്‍വു നല്‍കാനും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.

******

പാലോളി മുഹമ്മദ്കുട്ടി

1 comment:

വര്‍ക്കേഴ്സ് ഫോറം said...