Saturday, October 9, 2010

പോരാളിയുടെ ശരീരഭാഷ

"മഞ്ചലുകളില്‍ സഞ്ചരിക്കുന്നത് മേല്‍ജാതിക്കാരാണ്. ദൂരെ അവരെ കാണുമ്പോള്‍തന്നെ ഗൌതമന്റെ തല കുനിയും. വയസ് പത്തുപന്ത്രണ്ടായിട്ടും തല ഉയര്‍ത്തി മറ്റുള്ളവരെ നേരെ നോക്കുവാന്‍ അവന് ഇനിയും വയ്യ. സദാ തല കുനിച്ചു നടക്കുന്നത് കാരണം മണ്ണ് മാത്രമേ അവന്‍ കാണുന്നുള്ളൂ. അങ്ങനെ പുലമടയിലെ മാത്രമല്ല, കാരിക്കുളത്തെ മുഴുവന്‍ മണ്ണിന്റെയും ഭൂമിശാസ്‌ത്രം അവനു മനപ്പാഠമായി. അടുത്തെവിടെ നിന്നോ ഒരു പരുക്കന്‍ ചോദ്യം.

"നട്ടുച്ചയ്‌ക്ക് നിയ്യെന്ത് ചെയ്യാ ഇവ്ടെ''?

തല ഉയര്‍ത്തി നോക്കിയില്ലെങ്കിലും തെങ്ങുകള്‍ക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുവരുന്നത് ചിരുകണ്ടന്‍ നമ്പ്യാരാണെന്ന് ഗൌതമന് മനസ്സിലായി. അയാളുടെ പരുക്കന്‍ ഒച്ച കേട്ടിട്ടല്ല, കാലുകളുടെ നീക്കം കണ്ടിട്ടാണ് അവന്‍ അയാളെ തിരിച്ചറിഞ്ഞത്. നാട്ടുകാരുടെ മുഖം കാണാതെ കാലുകള്‍ മാത്രം നോക്കിക്കൊണ്ട് അവര്‍ ആരാണെന്നു പറയുവാന്‍ ഗൌതമന് കഴിയും. തല കുനിച്ചു നടക്കുന്നത് കൊണ്ടുണ്ടായ ഒരു നേട്ടം. ചിരുകണ്ടന്‍ നമ്പ്യാരുടെ കാല്‍വണ്ണയില്‍ വാതപ്പൊട്ടുണ്ട്. ഈശാനന്‍ വാധ്യാരുടെ കാലുകളിലോ, ഒരു രോമംപോലുമില്ല. ഒരു പെണ്ണിന്റേതുപോലെ മിനുമിനുപ്പുള്ള തടിച്ച കാല്‍വണ്ണകളില്‍ മുഴുത്ത ഞരമ്പുകള്‍ തെളിഞ്ഞുകാണാം. മണ്ണിന്റേതുപോലെ കാരിക്കുളത്തുകാരുടെ കാലുകളുടെയും ഭൂപടം അവന് മനപ്പാഠമാണ്''. (പുലയപ്പാട്ട്, എം മുകുന്ദന്‍)

"മനുഷ്യകുലം എന്ന ഏകശരീരത്തെ 'ജാതിഭേദം എന്ന' ഈ പാതാളക്കോടാലി വന്നു തുണ്ടംതുണ്ടമായി വെട്ടിമുറിച്ചു. അതാ തല വേറെ, ഉടല്‍ വേറെ, കൈ വേറെ, കാല്‍ വേറെ ആക്കിയിട്ടിരിക്കുന്നു. ഈ ഛിന്നഭിന്നമായിപ്പോയ ശരീരം ഏതൊരു കാലത്ത് ഒരുമപ്പെട്ട് കാണുവാന്‍ സംഗതി വരുമെന്റീശ്വരാ'' (പുല്ലേലി കുഞ്ചു - ആര്‍ച്ചുഡിക്കന്‍ കോശി)

"കള്ളാലിത്തിരി മോന്ത്യാ പിന്നെ കോലോത്തുംപടിക്കല്‍ ചെല്ലാലോ,
കോലോത്തും പടിക്കല്‍ ചെന്നാല്‍ പിന്നെ തമ്പുരാനൊടിത്തിരി പറയാലോ''

എന്ന നാടന്‍പാട്ടിലെ ഈരടി, കരുത്തുറ്റ ഒരു ശരീരമുണ്ടായിട്ടും കൂനിനില്‍ക്കേണ്ടിവന്ന കീഴാളജീവിതത്തിന്റെ സങ്കടമാണ് സാമാന്യമായി സാക്ഷ്യപ്പെടുത്തുന്നത്. പനയുടെയും തെങ്ങിന്റെയും മുകളില്‍ കയറി കള്ളെടുക്കുന്നവര്‍ക്കും കടുംപാറ പൊട്ടിച്ചുടയ്‌ക്കുന്നവര്‍ക്കും വയല്‍ ഉഴുതു മറിക്കുന്നവര്‍ക്കും കോലോത്തുംപടിക്കല്‍ കാലമര്‍ത്തിവെക്കാന്‍ കഴിയാതെപോയത് സ്വന്തം ശരീരത്തിന്ന് കരുത്തില്ലാത്തത് കൊണ്ടല്ല, മറിച്ച് അവര്‍ക്ക് സ്വാംശീകരിക്കാന്‍ കഴിയാതെ പോയ ജനാധിപത്യ കാഴ്‌ചപ്പാടിന്റെ കുറവ് കൊണ്ടാണ്. പാറ പൊട്ടിക്കുന്ന തഴമ്പുള്ള കൈകള്‍ക്ക് തമ്പുരാന്‍മാരുടെ വെണ്ണക്കൈകളെ നേരിടാന്‍ കഴിയാതെ പോയത് വിധേയത്വത്തിന്റെ വൈറസുകള്‍ അവരുടെ ശരീരത്തെ സമ്പൂര്‍ണമായും കീഴ്പ്പെടുത്തിയതു കൊണ്ടാണ്. അടിമത്തവും നാടുവാഴിത്തവും അടിമയുടെയും കുടിയാന്റെയും ശരീരത്തെ കൂടിയാണ് ആദ്യം മുതല്‍ അവസാനം വരെ ആക്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആധുനിക മുതലാളിത്തമാണ്, ഒരു ചെറു പരിധിയില്‍ ശരീരാക്രമണത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയത്.

അടിമകാലത്ത് റോമില്‍ ഒരു സ്‌പാര്‍ടക്കസും കേരളത്തില്‍ ഒരു അയ്യങ്കാളിയും സാധ്യമായത് അവരുടെ ശരീരം കരുത്തുള്ളതായതുകൊണ്ടല്ല, മറിച്ച് അടിമക്കുമേല്‍ ഉടമ അടിച്ചേല്‍പ്പിച്ച 'ആശയലോകം' അട്ടിമറിക്കാനവര്‍ക്ക് കഴിഞ്ഞതുകൊണ്ടാണ്. 'ധിക്കാരികള്‍', അനുസരണം കെട്ടവര്‍, തെമ്മാടികള്‍ എന്നവര്‍ മുദ്രകുത്തപ്പെട്ടതില്‍, അവരുടെ ശരീരത്തിന്റെ 'നില്പും നോട്ടവും' എടുപ്പും ചേഷ്‌ടകളും അടക്കം ഭാഷയും വസ്‌ത്രവും എല്ലാം ഉള്‍പ്പെട്ടിരുന്നു. വൈകുണ്‌ഠസ്വാമി മുതല്‍ അയ്യങ്കാളി വരെയുള്ളവര്‍ 'രൂപം നല്‍കിയ' തലയില്‍ കെട്ട്, ആധിപത്യത്തിനെതിരെയുള്ള സമരത്തിലെ 'കാലുറപ്പിക്കല്‍' പ്രവര്‍ത്തനത്തിന്റെ സൂക്ഷ്‌മമായ കല്ലിടല്‍ കര്‍മമാണ് അന്ന് നിര്‍വഹിച്ചത്. അരയില്‍ കെട്ടിയ വിധേയത്വത്തിന്റെ തോര്‍ത്ത് തലയിലേക്കുയരുന്നതോടെ അത് പുതിയൊരര്‍ഥം സ്വീകരിച്ചുകഴിഞ്ഞിരിക്കും. ഒരു തലയില്‍ കെട്ടിനും മറ്റൊരു 'മേല്‍വസ്‌ത്രത്തിനും' സേവകരായ മനുഷ്യരെ സ്വതന്ത്രരാക്കാന്‍ കഴിയുന്നത് എന്തൊക്കെ പറഞ്ഞാലും 'ശരീര'വും ഒരു 'രാഷ്‌ട്രീയ മാധ്യമ'മായി മാറുന്നതു കൊണ്ടാണ്.

ജീവിതം രാഷ്‌ട്രീയവല്‍കൃതമാകുമ്പോള്‍, 'കാഴ്‌ചപ്പാട് ' മാത്രമല്ല ശരീരവും ഭാഷയും സമീപനങ്ങള്‍ക്കൊപ്പം സാവകാശമെങ്കിലും മാറിക്കൊണ്ടിരിക്കും. ഒരു അരാഷ്‌ട്രീയ ശരീരം സദാ അപകര്‍ഷതാബോധത്തിന്റെ നിത്യസ്രോതസ്സായിരിക്കും. സ്വന്തം നിറവും ശരീരപ്രകൃതവും പലരേയും മാനസികമായി പരിഭ്രാന്തരാക്കുന്ന പശ്ചാത്തലം ഇന്നും സൃഷ്‌ടിക്കപ്പെടുന്നത് അതുകൊണ്ടാണ്. 'ആത്മാവിലേക്കുപോലും ' കിനിഞ്ഞിറങ്ങുന്ന 'ബ്യൂട്ടിപാര്‍ലര്‍ബോധം' സൂക്ഷ്‌മാര്‍ഥത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കൊരു ബാധ്യതയാകുന്നുണ്ടോ എന്ന ചോദ്യം, സ്വന്തം ശരീരത്തെ സുന്ദരമാക്കാനുള്ള മനുഷ്യസ്വാതന്ത്ര്യത്തെയല്ല മറിച്ച്, സൌന്ദര്യവല്‍ക്കരണബാധ സൃഷ്‌ടിക്കുന്ന പരിമിതികളെയാണ് പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അസമത്വത്തെ ആദര്‍ശവല്‍ക്കരിക്കുന്ന സവര്‍ണ പ്രത്യയശാസ്‌ത്രമാണ് 'കീഴാള ജീവിതത്തെയെന്നപോലെ' കീഴാള ശരീരത്തെയും ' ഒരു മലിനവസ്‌തുവിനെയെന്നപോലെ' സ്വന്തം അധികാര കേന്ദ്രത്തില്‍നിന്ന് മാറ്റിനിര്‍ത്തിയത്. 'അയിത്തം' ഭാഷയില്‍ 'ആചാരഭാഷ'യായും ശരീരത്തില്‍ അളന്നുമുറിച്ച അകലമായും വസ്‌ത്രധാരണത്തില്‍ പലതരം വിലക്കുകളായുമാണ് നിലനിന്നത്. സൂക്ഷ്‌മാര്‍ഥത്തില്‍ 'മൂന്നും' ശരീരത്തെ കീഴ്പ്പെടുത്തി മനസ്സിനെയും മനുഷ്യബന്ധങ്ങളെത്തന്നെയും അട്ടിമറിക്കാനുള്ള അധികാര പ്രയോഗങ്ങളായിരുന്നു. ഇന്ത്യന്‍ ജീവിതം ഇന്നുമീ അവസ്ഥക്കകത്തുനിന്ന് ശ്വാസം മുട്ടുകയാണ്. മാധ്യമഭാഷയിലേക്ക് ഇപ്പോള്‍ ഇടിച്ചുകയറിവരുന്നത് നാടുവാഴിത്തം നിര്‍മിച്ച ജനവിരുദ്ധ ശരീരഭാഷയെക്കുറിച്ചുള്ള കോലാഹലങ്ങളാണ്.

ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍, അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തില്‍ സ്റ്റീഫന്‍സനെതിരെ മത്സരിച്ചത് ഐസന്‍ഹോവറായിരുന്നു. അന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്നത് ഒരു ബ്രേസിയര്‍ നിര്‍മാണ കമ്പനിയായിരുന്നത്രെ. ആ കമ്പനിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തന്റെ നില്പും നോട്ടവും സംഭാഷണരീതിയും ക്രമീകരിക്കേണ്ടിവന്നതിലെ കോമാളിത്തത്തെക്കുറിച്ച് പിന്നീട് ഐസന്‍ഹോവര്‍ കുറ്റബോധം പ്രകടിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ ജീവിതത്തില്‍ 'ടെലിവിഷന്‍' തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ദൌത്യം കൈയേറ്റ ഒരു കാലത്തിന്റെ സംഘര്‍ഷമാണ് ഐസന്‍ഹോവര്‍ അനുഭവിച്ചതും അദ്ദേഹം പ്രകാശിപ്പിച്ചതും. കേരളത്തില്‍ വേറൊരു വിധത്തിലാണ് ഇതേ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് ഒരു കൌതുകത്തോടെ ഇന്ന് നാം തിരിച്ചറിയുന്നു. സിപിഐ എമ്മിനു നല്ല 'ടെലിതാരങ്ങള്‍' ഇല്ല, എന്ന വിമര്‍ശനം ഒരര്‍ഥത്തില്‍ ടെലിവിഷന്‍ ഉല്പാദിപ്പിക്കുന്ന അരാഷ്‌ട്രീയ മേല്‍ക്കോയ്‌മക്കെതിരെ 'മുഷ്‌ടി' ഉയര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു എന്നതിനുള്ള പരോക്ഷ അംഗീകാരമാണ്. ഇടതുപക്ഷ കാര്യപരിപാടിയില്‍ മാധ്യമതാരങ്ങളില്ല, അതിലുള്ളത് മാധ്യമപോരാളികളാണ്. മാധ്യമ താരങ്ങള്‍ 'മാധ്യമയുക്തി'ക്ക് കീഴ്പ്പെടുമ്പോള്‍ 'മാധ്യമപോരാളികള്‍' അതിന്റെ യുക്തിയെതന്നെ വെല്ലുവിളിച്ചുകൊണ്ട് ഇനിയും മുന്നോട്ടുപോകും.

ഒച്ചാട്ടും, തൊട്ടടിയും എറിഞ്ഞടിയും, അടികണക്കിന് കൃത്യമായി അകറ്റിനിര്‍ത്തിയ 'മനുഷ്യരെ' അടുപ്പിച്ചത് 'മുദ്രാവാക്യം വിളികളും' പ്രകടനങ്ങളുമാണ്. തല താഴ്ത്തി തമ്പ്രാനെന്ന് വിളിച്ച് വണങ്ങിനിന്നവര്‍ തന്നെയാണ്, "തമ്പ്രാനെന്ന് വിളിക്കില്ലെന്ന് '' അതേ തലയുയര്‍ത്തി ആദ്യം പ്രകടനങ്ങളില്‍ മുദ്രാവാക്യം മുഴക്കുകയും പിന്നീട് ജീവിതത്തില്‍ മൌലികമായ അഴിച്ചുപണി നിര്‍വഹിക്കുകയും ചെയ്‌തത്. കീഴാളര്‍ മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരുടെ 'ശരീരവും' രാഷ്‌ട്രീയമാനമാര്‍ജിക്കും. ജനാധിപത്യവാദിയായിത്തീര്‍ന്ന ഒരു മേലാളന്‍ 'മുഷ്‌ടി ചുരുട്ടുമ്പോള്‍ പോലും' അങ്ങനെ സംഭവിക്കണമെന്നില്ല. മേലാള ശരീരത്തില്‍ അബോധപൂര്‍വം തന്നെ അധികാരം ആന്തരികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ 'മുക്കലും' മൂളലും തലകുലുക്കലും കൈഞൊടിക്കലും കല്പനയുടെയും ഭീഷണിയുടെയും വെല്ലുവിളിയുടെയും വിരട്ടലിന്റെയും വ്യത്യസ്‌ത 'മുദ്ര'കളായി, നൂറ്റാണ്ടുകളായി നിലനില്‍ക്കുകയാണ്. ഒരര്‍ഥത്തില്‍ ജനാധിപത്യബോധത്തിലേക്ക് വികസിക്കുമ്പോള്‍ സവര്‍ണശരീരം അതിനുമുമ്പുള്ള സ്വന്തം പ്രത്യയശാസ്‌ത്രത്തെ സേവിച്ച അതേ ശരീരത്തെക്കൊണ്ട് അതിനെ എതിര്‍ക്കുന്ന മറ്റൊരു ജനാധിപത്യ കാഴ്‌ചപ്പാടിനെ അംഗീകരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

മലയാള ഭാഷയില്‍ 'ധാര്‍ഷ്‌ട്യം' എന്ന പദം, കരുത്താര്‍ജിക്കുന്ന കീഴാള ശരീരഭാഷയെയും സ്വഭാവത്തെയും അപഹസിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഇന്നും ഉപയോഗിക്കപ്പെടുന്നത്. ശബ്‌ദതാരാവലി ഈ വാക്കിന് 'ഉള്ളതിലധികം അറിവോ ബലമോ ഉണ്ടെന്ന് നടിക്കല്‍, അറിവില്ലാത്തവര്‍ അറിവുണ്ടെന്ന് ഭാവിക്കല്‍, വലുപ്പംഭാവിക്കല്‍, നിര്‍ലജ്ജത, സാഹസം, കൂസല്‍ കൂടാതെയുള്ള പ്രവൃത്തി എന്നിങ്ങനെ അര്‍ഥം കൊടുത്തതിനു പുറമെ കാര്യം കുറേക്കൂടി വ്യക്തമാക്കാന്‍ ലങ്കാദഹനം തുള്ളലില്‍നിന്നുള്ള ഒരു 'ധാര്‍ഷ്‌ട്യപ്രയോഗം' ഉദാഹരണമായി കൊടുക്കുകയും ചെയ്‌തിരിക്കുന്നു! "ദുര്‍ബല! നിന്നുടെ ധാര്‍ഷ്‌ട്യമിതെല്ലാമെന്നുടെ നേരെ കൊണ്ടുവരേണ്ടാ''. അധികാരവ്യവസ്ഥ ദുര്‍ബ്ബലരാക്കിയ ജനത 'സംഘടന കൊണ്ടും വിദ്യകൊണ്ടും പ്രബുദ്ധരും' ബലവാന്മാരുമായി മാറുകയും ആ 'ബലം' സ്വന്തം സാധ്യതകള്‍ക്കും പരിമിതികള്‍ക്കുമിടയില്‍ വെച്ച് ആവിഷ്‌കരിക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്, ചോദ്യവിധേയമാകുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്യുന്ന അവരുടെ പഴയ 'അധികാരികള്‍' അസ്വസ്ഥരാവുകയും തങ്ങളുടെ പഴയ കുടിയാന്മാരെയും തൊഴിലാളികളെയും കൂറില്ലാത്തവരെന്നും നന്ദിയില്ലാത്തവരെന്നും; അവര്‍ക്ക് ധീരമായി നേതൃത്വം നല്‍കുന്നവരെ 'ധാര്‍ഷ്‌ട്യക്കാരെ'ന്നും മറ്റും വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത്.

നൂറ്റാണ്ടുകളായി അധികാരം പ്രയോഗിച്ചുപോരുന്നവരെ സൂചിപ്പിക്കാന്‍ 'ധാര്‍ഷ്‌ട്യ'മെന്ന പദം പ്രയോഗിക്കാന്‍ ആ അധികാരത്തിന്റെ സൌകര്യം അനുഭവിച്ചും, അതിനെ 'പ്രത്യയശാസ്‌ത്രപരമായി' സാധൂകരിച്ചും നിൽ‌ക്കുന്നവര്‍ക്ക് സാധാരണ ഗതിയില്‍ പ്രയാസമുണ്ടാവുക സ്വാഭാവികമാണ്. നിര്‍വാഹമില്ലാതെ വരുമ്പോള്‍മാത്രം 'പഴയ അധികാരവ്യവസ്ഥകളുടെ' നേതൃത്വത്തിലിരിക്കുന്ന വ്യക്തികളെ അവര്‍ വിമര്‍ശിക്കുമെങ്കിലും ആ വ്യവസ്ഥയെ അവരൊരിക്കലും വിചാരണ ചെയ്യില്ല. "പുരുഷാധികാരകോയ്‌മ'' പ്രതീക്ഷിക്കുംവിധം പെരുമാറാതെ വരുമ്പോഴാണ് 'ലജ്ജയില്ലാത്തവള്‍' എന്ന അര്‍ഥത്തില്‍ സ്‌ത്രീ ധാര്‍ഷ്‌ട്യക്കാരിയാവുന്നത്!

അധികാരവ്യവസ്ഥക്കെതിരെ പാവങ്ങള്‍ തെരുവില്‍ ഇറങ്ങുമ്പോഴാക്കെ അരാഷ്‌ട്രീയവാദം കൊണ്ട് ഉന്മത്തരായ പലരും ഉള്ളില്‍ പറഞ്ഞതും ഇതേ വാക്കാണ്. സ്വന്തം മക്കള്‍ക്ക് കീഴാള മനുഷ്യര്‍, "സവര്‍ണാധികാര വ്യവസ്ഥയെ'' വെല്ലുവിളിക്കുംവിധം "തിരുമേനി, തമ്പുരാന്‍, വര്‍മ, ശര്‍മ'' എന്നിങ്ങനെ പേര് വിളിച്ചപ്പോഴും ഇത്തരം 'സംബോധന'കളുടെയും അതിനു പിറകിലുള്ള സമീപനങ്ങളുടെയും ചരിത്രപരമായ സമരോത്സുകതയെ സ്വാഗതം ചെയ്യാന്‍ കഴിയാതെപോയ 'സവര്‍ണപ്രത്യയശാസ്‌ത്രം' തന്നെയാണ് "ധാര്‍ഷ്‌ട്യം'' എന്ന പദത്തെ, ഈവിധം 'വംശീയ ദൂഷണത്തിന്റെ പ്രഛന്നതയിലേക്ക് പരിമിതപ്പെടുത്തിയത്.

ഇന്ന് 'മാധ്യമങ്ങള്‍' പുതിയ രീതിയില്‍ ഈ പദം തന്നെ ഇടതുപക്ഷത്തിനെതിരെ വീണ്ടും ആഘോഷിക്കുമ്പോള്‍, പലരും കരുതുന്നതുപോലെ, അതിന്റെ രണ്ടാംവരവ് ഒരു പ്രഹസനമായിട്ടല്ല മറിച്ച് ഇടതുപക്ഷ 'വിരുദ്ധതയുടെ' പുത്തന്‍ പ്രത്യയശാസ്‌ത്രമായിട്ടാണ് കരുത്താര്‍ജിക്കുന്നത്. അവ്വിധമുള്ള ആക്രമണത്തിന് അടുത്തകാലത്ത് ക്രൂരമാംവിധം വിധേയരായ ഇടതുപക്ഷ രാഷ്‌ട്രീയനേതൃത്വത്തിലുള്ള 'നാലുപേരെ'മാത്രം കേന്ദ്രമാക്കി, 'ശരീരഭാഷയുടെ' വ്യാകരണം കേരളത്തില്‍ മാധ്യമങ്ങള്‍ വികസിപ്പിച്ചവിധം ഒന്നോര്‍ത്ത് നോക്കുന്നത് കൌതുകകരമായിരിക്കും.

പിണറായി വിജയന്‍, ഇ പി ജയരാജന്‍, എം വി ജയരാജന്‍, പി ജയരാജന്‍, എന്നിവരുടെ 'മാധ്യമപ്രതിനിധാനം' ആശയതലത്തില്‍നിന്ന് പതുക്കെ ശരീരകേന്ദ്രിത അപഗ്രഥനത്തിലേക്ക് വഴുക്കാന്‍ തുടങ്ങിയത് അമ്പരപ്പിക്കുംവിധം വളരെ പെട്ടെന്നാണ്. "വിക്കന്‍'', "ചട്ടുകാലന്‍'' തുടങ്ങിയ ശരീര പരിമിതികള്‍ 'പ്രതിഷേധ പ്രകടനങ്ങളിലെ' മുദ്രാവാക്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ ഗൌരവമായ രാഷ്‌ട്രീയ വിശകലനങ്ങളില്‍ മുമ്പ്പോലും അതൊന്നും കടന്നുവരാറുണ്ടായിരുന്നില്ല. എന്നാലിന്ന്, ആശയാന്വേഷണങ്ങളുടെ ലോകം, ഇടതുപക്ഷത്തെ സംബന്ധിച്ചാകുമ്പോള്‍ 'ശരീരകേന്ദ്രിതം' കൂടിയാക്കി മാറ്റപ്പെടുന്നതാണ് നാം കാണുന്നത്.

ക്രൂരമര്‍ദനങ്ങള്‍ക്കും പലതരം പീഡനങ്ങള്‍ക്കും രാഷ്‌ട്രീയരംഗത്ത് നിരന്തരം വിധേയമായവരെ, അക്രമികള്‍ സംസ്‌കാരമില്ലാത്തവര്‍ എന്നൊക്കെ ധ്വനിപ്പിക്കുംവിധം, 'ധാര്‍ഷ്‌ട്യത്തിന്റെ' മൂര്‍ത്തികളായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവില്‍ അവതരിപ്പിക്കുന്നത്. വെടികൊണ്ട ജയരാജന്‍, വെറിപിടിച്ച ജയരാജന്‍, വെട്ട് കൊണ്ട ജയരാജന്‍ എന്ന 'ഫോൿലോര്‍ തമാശ' ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതരായ മൂന്ന് നേതാക്കള്‍ക്ക് നേരെ വലതുപക്ഷം നടത്തിയ ക്രൂരമായ കടന്നാക്രമണത്തെ ഒരു ഭാഗത്ത് നിസ്സാരമാക്കുന്നതിന്റെയും മറുഭാഗത്ത് കുറ്റം ഇരകളില്‍ കെട്ടിവെക്കുന്നതിന്റെയും ഇരട്ടസാമര്‍ഥ്യ പ്രകടനം കൊണ്ട് കലുഷമാണ്. കണ്ണൂരിലെ 'ജയരാജന്മാര്‍' എന്ന ജനാധിപത്യവിരുദ്ധ 'മാധ്യമപ്രയോഗം', ഇടതുപക്ഷ കാഴ്‌ചപ്പാടിനെ ഇവര്‍ മൂന്നുപേരും സ്വന്തമായ രീതികളില്‍ ധീരമായി പ്രതിരോധിക്കുന്നതിലുള്ള അസഹിഷ്‌ണുതയുടെ പാപ്പരായ ഒരാവിഷ്‌കാരമാണ്.

ജീവിതത്തില്‍ സ്വന്തം വ്യക്തിമുദ്ര ആഴത്തില്‍ പതിപ്പിച്ച മനുഷ്യരുടെ പേരുകള്‍ പരിഹാസപൂര്‍വം 'ബഹുവചനത്തില്‍' കലക്കുന്നത്, അവര്‍ പകരുന്ന ഇടതുപക്ഷ കരുത്തിന് മുമ്പില്‍ പതറിപ്പോയവരുടെ ഭീതിദമായ മാനസികാവസ്ഥയുടെ തെളിവാണ്. സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്ത 'പരിപ്പുവടയും, ശുംഭനും, കഴുതയുമെല്ലാം' അവര്‍ക്കെതിരെ വ്യാജകുറ്റപത്രമൊരുക്കാന്‍ വലതുപക്ഷം വെട്ടിപ്പിളര്‍ത്തിയ സത്യങ്ങളുടെ പിടയുന്ന തുണ്ടുകള്‍ മാത്രമാണ് എന്ന് അതുകൊണ്ടാണിന്ന് എളുപ്പം തിരിച്ചറിയപ്പെടുന്നത്. ടെലിവിഷന്‍ ചാനലിലെ 'തമാശ പരിപാടികളില്‍' ഇവരുടെ ശരീരചേഷ്‌ടകളുടെ ആവര്‍ത്തിച്ചുള്ള 'സമീപദൃശ്യങ്ങള്‍' ഒരു പ്രത്യേക രീതിയില്‍ ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ പതിയിരിക്കുന്നത് ഉജ്വലതയെയും ഉദാത്തതയെയും നീചമാക്കാനുള്ള മാധ്യമങ്ങളുടെ പൈങ്കിളി തന്ത്രങ്ങളാണ്. പിണറായിയുടെ 'ദൃശ്യപ്രതിനിധാനം' ഒരു ചരിത്രയാഥാര്‍ഥ്യത്തെത്തന്നെ അട്ടിമറിക്കുംവിധം അപഹാസ്യമാണ്. അദ്ദേഹത്തിന്റെ 'ശരീരപ്രകൃതം' തന്നെ, "ധാര്‍ഷ്‌ട്യത്തിന്റെ'' അവതാരമാണെന്ന മട്ടിലാണ് പ്രചാരണങ്ങള്‍ കൊഴുക്കുന്നത്!.

സ്വയം "കൊഞ്ചിക്കുഴയാന്‍'' ആശിച്ചാലും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന, എന്തോ ഒന്ന്, ഓരോ രാഷ്‌ട്രീയ ശരീരത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്നര്‍ഥം, സര്‍വ സന്ദര്‍ഭങ്ങളിലും ഏതെങ്കിലും ശരീരം ഒരേവിധം പ്രവര്‍ത്തിക്കുമെന്നോ പ്രവര്‍ത്തിക്കണമെന്നോ അല്ല. മറിച്ച് ഓരോരോ സന്ദര്‍ഭത്തോടും തല്‍സമയം സജീവമായി പ്രവര്‍ത്തിക്കുംവിധം ശരീരവും സര്‍ഗാത്മകമാകേണ്ടതുണ്ടെന്നാണ്. പിണറായി വിജയന്റെ ഇപ്പോഴുള്ള ശരീരത്തെ ഇവ്വിധമാക്കിത്തീര്‍ക്കുന്നതില്‍ മറ്റ് പലതിനുമൊപ്പം 'അടിയന്തരാവസ്ഥ'യുടെ 'ധാര്‍ഷ്‌ട്യം' വഹിച്ച പങ്ക് പക്ഷേ, ഒരു ചര്‍ച്ചയിലും ഇപ്പോള്‍ കടന്നുവരുന്നേയില്ല. പിണറായിയുടെ ശരീരത്തെ രാഷ്‌ട്രീയാര്‍ഥത്തില്‍ അടിയന്തരാവസ്ഥക്ക് മുമ്പും പിമ്പും എന്ന് വിഭജിക്കുന്നത് പോലും അപ്രസക്തമാകുകയില്ലെന്നാണ് എനിക്ക് തോന്നുന്നത്. അടിയന്തരാവസ്ഥക്കാലത്ത്, 'ഭരണകൂടാധികാരം' പ്രയോഗിച്ച ഭീകരമര്‍ദനം നിമിത്തമാണ്, ആ ശരീരം ഇന്ന് കാണുംവിധം മുതുക് ഒരല്പം തള്ളിനില്‍ക്കുംവിധം രൂപാന്തരപ്പെട്ടതെന്ന് ശരിയായി തിരിച്ചറിയുന്നതിനുപകരം, എന്തോ ഗര്‍വാണ്' ആ മുതുകില്‍ ഉരുണ്ട് കൂടിയിരിക്കുന്നതെന്ന വിധത്തില്‍ 'തെറി' വിളിക്കുന്നവര്‍, ജനാധിപത്യത്തിനുവേണ്ടി പ്രതികരിച്ചതിന്റെ മാത്രം പേരില്‍ അടിയന്തരാവസ്ഥ മനുഷ്യശരീരങ്ങളില്‍ പ്രയോഗിച്ച 'അധികാരധാര്‍ഷ്‌ട്യത്തെ' ആശീര്‍വദിക്കുന്നവരാണ്.

ഇങ്ങനെ പറയുന്നതു കൊണ്ട് 'നാടുവാഴിത്ത മാടമ്പിത്തരത്തെ' ദൃഢപ്പെടുത്തുന്ന ഒരു പ്രകടമേല്‍ക്കോയ്‌മാ ശരീരത്തേക്കാള്‍, ചരിത്രപരമായി വികസിച്ചതാണ്, 'മുതലാളിത്ത മര്യാദ'ക്ക് സ്വയം വഴങ്ങുന്ന 'ആധുനിക ബൂര്‍ഷ്വാശരീരമെന്ന കാഴ്‌ചപ്പാടിനെ തള്ളിക്കളയാനല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ച് ഒരു 'ഇടതുപക്ഷ ശരീരക്രമം' നാടുവാഴിത്തത്തിലെ പ്രകടമേല്‍ക്കോയ്‌മാ ശരീരത്തിനും ബൂര്‍ഷ്വാ 'മര്യാദനാട്യശരീരത്തിനും' ഇടയില്‍ ഊഞ്ഞാലാടുകയല്ലെന്നും അത്, ഇത് രണ്ടിനുമപ്പുറമുള്ള പുതിയൊരു ജനാധിപത്യക്രമത്തിലേക്ക് സ്വയം തന്നെത്തന്നെ തുറക്കാന്‍ പിടയുകയാണെന്നുമാണ്. ഒരു 'സെയില്‍സ് റെപ്രസന്‍റേറ്റീവിന്റെയോ, ചിരി തൊഴിലാക്കാന്‍ നിര്‍ബന്ധിതമാവുന്ന ഒരു റിസപ്‌സനിസ്റ്റിന്റേയോ, 'തൊഴിലിടങ്ങളില്‍മാത്രം പരിമിത'പ്പെടുന്ന ശരീര പ്രകൃതം, ആത്മബോധമുള്ള ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, പൊതുപ്രവര്‍ത്തനത്തിലേക്ക് പകര്‍ത്തേണ്ട ഒരു കാര്യവുമില്ല. ബൂര്‍ഷ്വാ നാട്യ മര്യാദ മാതൃക വികസിപ്പിച്ച വ്യാജ വിനിമയപ്രകടനങ്ങള്‍ക്കും ഫ്യൂഡല്‍ മാടമ്പിത്തരം രൂപപ്പെടുത്തിയ ഒന്ന് ചിരിക്കാന്‍പോലും മടിക്കുന്ന 'കഴുത്ത് വീര്‍പ്പിക്കല്‍' അഹന്തക്കുമപ്പുറം അഗാധമായ ജനപക്ഷ സമീപനത്തോട്, ചേര്‍ന്ന് പോകുന്ന ഒരു ശരീരഭാഷയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ 'സ്വപ്‌നം' കാണേണ്ടത്.

ബൂര്‍ഷ്വയുടെ വ്യാജവിനിമയ നാട്യമാതൃകയെ മറിച്ചിടുന്നതിന്റെ പേരില്‍ അവരൊരിക്കലും, നാടുവാഴിത്തം നിര്‍മിച്ച 'മാടമ്പി മാതൃകയിലേക്ക്' മറിഞ്ഞുവീഴാന്‍ പാടില്ല. അങ്ങനെ വീഴുമ്പോഴാണ് അവര്‍ 'അമ്പട ഞാന്‍' മാനസികാവസ്ഥയുടെ വഷളന്‍ മാതൃകയായി ചുരുങ്ങുന്നത്. വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ കടന്നുപോകാന്‍ മടിക്കുന്ന ഏതൊരു കമ്യൂണിസ്റ്റിനെയും ഇത്തരമൊരു ഭീതിദമായ അവസ്ഥയാണ് കാത്തിരിക്കുന്നത്. എന്നാല്‍, സൂക്‌ഷമമായ ജനപക്ഷ സമീപനത്തിനുപകരം, കാര്യഗൌരവമില്ലാതെ, കേള്‍ക്കുന്നതൊക്കെയും ഒഴുക്കന്‍മട്ടില്‍ 'നോക്കാം, ശരിയാക്കാം', എന്നൊക്കെ പറഞ്ഞ് ആടിക്കുഴയുന്ന ശരീരം 'ബൂര്‍ഷ്വാ ശരീരമാതൃക'യുടെ ഒരു പ്രഹസനപതിപ്പ് മാത്രമായി, എളുപ്പം പരിമിതപ്പെടും.

അതുകൊണ്ട് 'ബൂര്‍ഷ്വാകുലീനത'യുടെ 'ക്ളീന്‍-ഇളി' ശരീരത്തിനോട് പ്രതികരിക്കാന്‍ സ്വന്തം മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി പരുക്കന്‍ വസ്‌ത്രങ്ങള്‍ മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട - പ്ളഖനോവ് വിമര്‍ശനവിധേയമാക്കിയ -പഴയ 'അരാജകവാദികളെ' ആദര്‍ശവല്‍ക്കരണമെന്നല്ല വിവക്ഷിക്കുന്നത്. മറിച്ച്, ഒരാസിഡും ഒഴിക്കാതെതന്നെ ബ്യൂട്ടിപാര്‍ലര്‍ മാനദണ്ഡങ്ങള്‍ക്ക് പുറംതിരിഞ്ഞ് നില്ക്കുന്ന ശരീരപ്രകൃതങ്ങളെ പുഛിക്കുകയും അത് 'മുരടത്തരത്തിന്റെ' അനിവാര്യ ഭാഗമാണെന്ന് തിസീസുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന മാധ്യമശ്രമങ്ങള്‍ അപഗ്രഥിക്കപ്പെടാതെ പോയ്‌ക്കൂടാ എന്ന് മാത്രമാണ്. ഇവ്വിധം കേരളത്തില്‍ ആക്രമിക്കപ്പെട്ട 'ആദ്യമുഖം' പിണറായി വിജയന്റേതായിരുന്നെന്നും ആഗോളവല്‍ക്കരണത്തിന്റെ 'മൂലധനസൌഹൃദ സൌന്ദര്യയുക്തി'യാണതില്‍ പ്രവര്‍ത്തിച്ചതെന്നുംഇന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും.

"വിജയന്റെ മുഖത്തിന്റെ ഭൂമിശാസ്‌ത്രം തന്നെ പരമപുഛത്തിന്റെ കറുത്ത വരകള്‍ നിറഞ്ഞതാണ്. അത് ജനറ്റിക്കായ കാര്യം'' (മലയാളം വാരിക). ജനറ്റിക്സും മുഖത്തിലെ കറുത്ത വരകളും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന ചോദ്യം ഇതെഴുതിയവരോളം വിവരമില്ലാത്തതു കൊണ്ട് മാറ്റിവെച്ചാല്‍പോലും ഇതില്‍ അവശേഷിക്കുന്നത് ഒരു ബ്യൂട്ടിപാര്‍ലര്‍ പരസ്യത്തിന്റെ വക്രീകരിക്കപ്പെട്ട മുഖത്തിന്റെ സാമൂഹ്യശാസ്‌ത്രമാണെന്ന് തിരിച്ചറിയാന്‍ കഴിയും. 'ബൂര്‍ഷ്വാമാധ്യമങ്ങളും പിണറായി വിജയനും' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'കോര്‍പറോക്രസിയുടെ കൊമ്പ് ' എന്ന എന്റെ മാതൃഭൂമി പ്രബന്ധത്തില്‍ ഇക്കാര്യം മുമ്പേത്തന്നെ വിശദമാക്കാന്‍ ശ്രമിച്ചിരുന്നു*.

*****
കെ ഇ എന്‍, കടപ്പാട് :ദേശാഭിമാനി ഓണപ്പതിപ്പ് 2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാള ഭാഷയില്‍ 'ധാര്‍ഷ്‌ട്യം' എന്ന പദം, കരുത്താര്‍ജിക്കുന്ന കീഴാള ശരീരഭാഷയെയും സ്വഭാവത്തെയും അപഹസിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഇന്നും ഉപയോഗിക്കപ്പെടുന്നത്. ശബ്‌ദതാരാവലി ഈ വാക്കിന് 'ഉള്ളതിലധികം അറിവോ ബലമോ ഉണ്ടെന്ന് നടിക്കല്‍, അറിവില്ലാത്തവര്‍ അറിവുണ്ടെന്ന് ഭാവിക്കല്‍, വലുപ്പംഭാവിക്കല്‍, നിര്‍ലജ്ജത, സാഹസം, കൂസല്‍ കൂടാതെയുള്ള പ്രവൃത്തി എന്നിങ്ങനെ അര്‍ഥം കൊടുത്തതിനു പുറമെ കാര്യം കുറേക്കൂടി വ്യക്തമാക്കാന്‍ ലങ്കാദഹനം തുള്ളലില്‍നിന്നുള്ള ഒരു 'ധാര്‍ഷ്‌ട്യപ്രയോഗം' ഉദാഹരണമായി കൊടുക്കുകയും ചെയ്‌തിരിക്കുന്നു! "ദുര്‍ബല! നിന്നുടെ ധാര്‍ഷ്‌ട്യമിതെല്ലാമെന്നുടെ നേരെ കൊണ്ടുവരേണ്ടാ''. അധികാരവ്യവസ്ഥ ദുര്‍ബ്ബലരാക്കിയ ജനത 'സംഘടന കൊണ്ടും വിദ്യകൊണ്ടും പ്രബുദ്ധരും' ബലവാന്മാരുമായി മാറുകയും ആ 'ബലം' സ്വന്തം സാധ്യതകള്‍ക്കും പരിമിതികള്‍ക്കുമിടയില്‍ വെച്ച് ആവിഷ്‌കരിക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്, ചോദ്യവിധേയമാകുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്യുന്ന അവരുടെ പഴയ 'അധികാരികള്‍' അസ്വസ്ഥരാവുകയും തങ്ങളുടെ പഴയ കുടിയാന്മാരെയും തൊഴിലാളികളെയും കൂറില്ലാത്തവരെന്നും നന്ദിയില്ലാത്തവരെന്നും; അവര്‍ക്ക് ധീരമായി നേതൃത്വം നല്‍കുന്നവരെ 'ധാര്‍ഷ്‌ട്യക്കാരെ'ന്നും മറ്റും വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത്.

Unknown said...

ഇത് വളരെ അത്യാവശ്യമായ വിശകലനം തന്നെ, നന്ദി

സുനില്‍ പെഴുംകാട്‌ said...

രാഷ്ട്രീയപ്രവര്‍ത്തനത്തെ എങ്ങിനെ കാണുന്നു എന്നുള്ളതാണ് വിഷയം. എല്ലാരംഗവും മിമിക്രി കയ്യേറിയ ഒരുകാലത്ത് രാഷ്ട്രീയക്കാരും ഹാസ്യ നടന്മാരെപ്പോലെയാകണം എന്നായിരിക്കാം ചിലര്‍ വിചാരിക്കുന്നത് ഇന്ധന വിലവര്‍ദ്ധന, കോമണ്‍വെല്‍ത്ത് അഴിമതി ,ഫ്ലാറ്റ് അഴിമതി ,സ്പെക്ട്രം അഴിമതി ,വിലവര്‍ദ്ധന ,രാജ്യത്തിന്‍റെ പരമാധികാരം അടിയറവെക്കുന്ന നയങ്ങള്‍ ഇതെല്ലാം കാണുമ്പോള്‍ ചിരിച്ച് സന്തോഷിച്ച് തമാശപറഞ്ഞു ചാനലുകലോടു കളിച്ചും ചിരിച്ചും നടക്കണ മായിരിക്കും ! അതായിരിക്കും ഉത്തരാധുന രാഷ്ട്രീയം !. അതിനു കിട്ടാത്തവരെ ധാര്ഷ്ട്യക്കാരായി ചിത്രീകരിക്കുന്നത് അപമാനമായല്ല അഭിമാനമായാണ് കാണുന്നത് നെറികേടുകല്‍ക്കെതിരെ ധാര്‍ഷ്ട്യം തന്നെയാണ് മറുപടി.