Sunday, October 24, 2010

അമേരിക്ക നടത്തിയ കൊടും ക്രൂരതകൾ

ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധരഹസ്യം ചോര്‍ത്തലിലൂടെ ഇറാഖ് അധിനിവേശത്തിനിടെ അമേരിക്ക നടത്തിയ കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടു. ഇറാഖി ജനത നേരിടേണ്ടി വന്ന പൈശാചിക ക്രൂരതകള്‍ ഉള്‍പ്പെടുന്ന അമേരിക്കയുടെ നാലുലക്ഷം രഹസ്യ സൈനിക രേഖകളാണ് പുറത്തായത്. നിരപരാധികളുടെ കൂട്ടക്കൊല, തടവുകാര്‍ നേരിട്ട മൃഗീയപീഡനം, വധശിക്ഷകള്‍ തുടങ്ങിയ ക്രൂരതകളാണ് രേഖകള്‍ നിറയെ.

2004 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ഡിജിറ്റല്‍ രേഖകളുടെ ചോര്‍ത്തല്‍ അമേരിക്കയെ ഞെട്ടിച്ചു. യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍, ജര്‍മനിയിലെ ഡെര്‍ സ്പീഗല്‍, ഫ്രാന്‍സിലെ ലെ മെണ്ടെ എന്നീ മാധ്യമങ്ങള്‍ക്ക് രഹസ്യരേഖകള്‍ വിക്കിലീക്‌സ് മുന്‍കൂട്ടി പരിശോധനയ്‌ക്ക് നല്‍കിയിരുന്നു. പെന്റഗൺ ഭീഷണി വകവയ്‌ക്കാതെയാണ് ഈ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്.

ഇറാഖില്‍ അമേരിക്കന്‍സേനയും അവരുടെ പാവഭരണകൂടവും ചേര്‍ന്ന് നിരപരാധികളായ പതിനായിരങ്ങളെ കൊന്നൊടുക്കിയെന്നും തടവറകളില്‍ കൊടിയ പീഡനം നടത്തിയെന്നും രേഖകള്‍ പറയുന്നു. അമേരിക്കന്‍സേന ഔദ്യോഗികമായി പുറത്തുവിട്ടതിന്റെ അനേകം മടങ്ങ് ഇറാഖുകാരാണ് ഈ കാലയളവില്‍ കൊലപ്പെട്ടത്. ആറു വര്‍ഷത്തിനിടെ 1.22 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 66,081 പേരും നിരപരാധികളായ സാധാരണക്കാരാണ്. ശത്രുവെന്നു മുക്രുത്തി 23,984 പേരെ കൊന്നു. ഇറാഖ് സുരക്ഷാ സേനയിലെ 15,196 ഭടന്മാരും അമേരിക്കന്‍ സഖ്യസേനയുടെ 3771 ഭടന്മാരും കൊല്ലപ്പെട്ടതായി രേഖകളിലുണ്ട്. സൈനികനടപടിക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് അമേരിക്ക ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ഇതു വ്യക്തമാക്കുന്നു.

അധിനിവേശത്തിനിടെ ഓരോ ദിവസവും നടന്ന ഭീകരസംഭവങ്ങള്‍ രേഖകളില്‍ വിശദമായി പരാമര്‍ശിക്കുന്നു. അമേരിക്കന്‍ സൈനിക ചെക്ക്പോസ്‌റ്റില്‍ ഗര്‍ഭിണിയെ വെടിവച്ചുകൊന്നു. തട്ടിക്കൊണ്ടുപോയ മതപുരോഹിതനെ മൃഗീയമായി കൊലപ്പെടുത്തി. ജയിലുകളില്‍ അടച്ചവരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചു. അമേരിക്കന്‍ ഹെലികോപ്‌റ്ററുകള്‍ നിരപരാധികളെ വെടിവച്ചിട്ടു- ഇങ്ങനെ അത്യന്തം ഹീനമായ അനവധി സംഭവങ്ങളാണ് അധിനിവേശത്തിനിടെ ഇറാഖില്‍ അരങ്ങേറിയത്.

ഇറാഖിലെ പാവസര്‍ക്കാരിന്റെ പട്ടാളം ജനങ്ങളോടു കാട്ടിയ ക്രൂരതകള്‍ അമേരിക്കന്‍ സേന മൂടിവച്ചു. ഇറാഖിസേനയും പൊലീസും നടത്തിയ നൂറുകണക്കിനു പീഡനങ്ങള്‍, ബലാത്സംഗം, നികൃഷ്‌ടമായ അധിക്ഷേപം തുടങ്ങിയ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞില്ല. അതേക്കുറിച്ച് ഒരന്വേഷണത്തിനും അമേരിക്ക തയ്യാറായില്ല. ആരും ശിക്ഷിക്കപ്പെട്ടില്ല. അഫ്‌ഗാനില്‍ അമേരിക്കന്‍സേനയുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന 15,000 രേഖകൂടി ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്‌സ് അറിയിച്ചു.

അധിക വായനയ്‌ക്ക് :

Wikileaks: Iraq war logs 'reveal truth about conflict'

Julian Assange: Start imagining the war or stop supporting it

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധരഹസ്യം ചോര്‍ത്തലിലൂടെ ഇറാഖ് അധിനിവേശത്തിനിടെ അമേരിക്ക നടത്തിയ കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടു. ഇറാഖി ജനത നേരിടേണ്ടി വന്ന പൈശാചിക ക്രൂരതകള്‍ ഉള്‍പ്പെടുന്ന അമേരിക്കയുടെ നാലുലക്ഷം രഹസ്യ സൈനിക രേഖകളാണ് പുറത്തായത്. നിരപരാധികളുടെ കൂട്ടക്കൊല, തടവുകാര്‍ നേരിട്ട മൃഗീയപീഡനം, വധശിക്ഷകള്‍ തുടങ്ങിയ ക്രൂരതകളാണ് രേഖകള്‍ നിറയെ.

chithrakaran:ചിത്രകാരന്‍ said...

സിംഹങ്ങളും കഴുകന്മാരും സാധാരണഗതിയില്‍
ഇഡിലിയും സാംബാറും കക്കിരിക്ക സലാഡും
കഴിക്കാന്‍ സാധ്യതയില്ല.

M.A Bakar said...

വംശവെറിയോടുള്ള കാമം അമേരിക്കന്‍ വെള്ളക്കാരനു അവന്‍റെ കാമുകിയുടെ ത്രസിച്ചമുലഞ്ഞെട്ടുകളേക്കാള്‍ അവനെ പുളകിതമാക്കുമെന്ന് ഇറാഖും അഫ്ഗാനും നമ്മെ പഠിപ്പിച്ചു.

എന്നിട്ടും മാനവികതും ജനാധിപത്യവും നമുക്ക്‌ പഠിക്കേണ്ടത്‌ അമേരിക്കയില്‍ നിന്ന് തന്നെ. !!