ധനമന്ത്രി ചിദംബരം 2007 മാര്‍ച്ച് 12ന് ദി മൈക്രോ ഫിനാന്‍ഷ്യല്‍ സെക്ടര്‍(ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ബില്‍) എന്ന പേരില്‍ ഒരു ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി തുടക്കത്തില്‍ പറയുന്നത് ഇങ്ങിനെയാണ്....
A bill to provide for promotion, development and orderly growth of the micro finance sector in rural and urban areas for providing and enabling environment for ensuring universal access to integrated financial services, especially to women and certain disadvantaged sections of the people, and thereby securing prosperity of such areas and regulation of the micro finance organisations not being regulated by any laws for the time being inforce and for matters connected therewith or incidental thereto.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുവാന്‍ ഒരു നിയമവും നിലവിലില്ലെന്നും നിയമം നിര്‍മ്മിക്കണമെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. എന്നാല്‍ ഉദ്ദേശ ലക്ഷ്യങ്ങളുടെ ആദ്യഭാഗത്ത് സൂചിപ്പിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വികസനവും വളര്‍ച്ചയും നമ്മുടെ ഗ്രാമ, നഗര പ്രദേശങ്ങളിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് ലഭ്യമാക്കണമെന്നുമുള്ള ആഗ്രഹമാണ് സര്‍ക്കാരിനുള്ളതെന്ന് വിശ്വസിക്കുവാന്‍ ഇതുവരെയുള്ള അനുഭവം അനുവദിക്കുന്നില്ല. ക്ഷേമം കിട്ടുന്നത് ബഹുഭൂരിപക്ഷത്തിനല്ല, അവരുടെ ചെലവില്‍ ഒരു ചെറുന്യൂനപക്ഷത്തിനാണെന്ന് സമര്‍ത്ഥിക്കാന്‍ ഇവിടെ തെളിവ് നിരത്തേണ്ടതുമില്ല. കാരണം, ഓരോ ദിവസവും അത്തരം അനുഭവങ്ങളിലൂടെ നാം കടന്നു പോകുകയാണ്. ഇന്ത്യന്‍ മുതലാളിമാര്‍ മള്‍ട്ടിനാഷണല്‍ മുതലാളിമാരാകുന്നതും വിദ്യാഭ്യാസവും ചികിത്സയും പണമുള്ളവനു മാത്രമാകുന്നതും നാടെങ്ങും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും നമ്മുടെ മണ്ണ് വിണ്ടുകീറിക്കിടക്കുമ്പോള്‍ വിദേശകപ്പലില്‍ ഇവിടെ ഗോതമ്പെത്തുന്നതും നിത്യ കാഴ്ച്ചയാണല്ലോ?
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെപ്പറ്റിയുള്ള ഏതു പരാമര്‍ശവും ഇപ്പോള്‍ ചെന്നെത്തുന്നത് ബംഗ്ലാദേശ് ഗ്രാമീണ ബാങ്കിലും മുഹമ്മദ് യൂനസിലുമാണ്. യൂനസിനു നോബല്‍ സമ്മാനം നല്‍കിയത് ഗ്രാമീണബാങ്ക് വികസിപ്പിച്ചതിനല്ല, സമാധാനത്തിനാണ്. യൂനസിനേയോ അവിടത്തെ ഗ്രാമീണ ബാങ്ക് സംവിധാനത്തെയോ കുറച്ച് കാണുന്നുമില്ല. പക്ഷേ, സാധാരണക്കാരന്റെ വികസനലക്ഷ്യം വെച്ച് ഗാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ ഇടപെടലിന്റെ എടുത്തുകാട്ടാവുന്ന മാതൃക ബംഗ്ലാദേശിനു എത്രയോ മുന്‍പ് ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
1969ലെ ബാങ്ക് ദേശസാത്കരണവും പിന്നീട് ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയതും വികസനോന്മുഖമായ ഓരോ മേഖലയും വേര്‍തിരിച്ച് കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കിയതും സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്കരിച്ചതും താഴേതട്ടില്‍ അടിസ്ഥാനമേഖലയിലെ വികസനത്തില്‍ നേരിട്ട് പങ്ക് വഹിച്ചതും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളാണ്. ബംഗ്ലാദേശിന്റെ മൊത്തം ജനസംഖ്യയുടെ ആറ് ഇരട്ടിയിലധികം വരുന്ന ഇന്ത്യന്‍ കര്‍ഷക തൊഴിലാളികളും ഇതിന്റെ നേട്ടം അനുഭവിച്ചുവെന്നതും ചരിത്രസത്യമാണ്. രാജ്യത്തിന് ഭക്ഷ്യ സ്വയം പര്യാപ്തത നേടാനും കഴിഞ്ഞു.
പക്ഷേ, എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ മോഡല്‍ വായ്പാ സംവിധാനം ചര്‍ച്ചക്ക് വിധേയമായില്ല? എന്തുകൊണ്ട് സമ്മാനവും പേറി ആരും ഇവിടെ എത്തിയില്ല?
കാരണം ഒന്നേയുള്ളൂ.
ഇന്ത്യന്‍ മോഡല്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട്, പൊതുമേഖലാ ബാങ്കിങ്ങിലൂടെ നടപ്പാക്കിയതാണ്. ബംഗ്ലാദേശ് മോഡല്‍ ജനകീയമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ സ്വകാര്യ മേഖലാ സംരംഭമാണ്. അതിനാല്‍ ബംഗ്ലാദേശ് മോഡല്‍ “യൂണിവേര്‍സല്‍ മോഡല്‍“ ആകുന്നു.
ലോകത്തിനാകെ മാതൃകയായ ഇന്ത്യന്‍ മോഡല്‍ കുറവുകള്‍ പരിഹരിച്ച് ശക്തിപ്പെടുത്തുന്നതിനു പകരം 85കളോടെ അത് ഉപേക്ഷിക്കാന്‍ ആരംഭിച്ചു. 1991ല്‍ ഈ നീക്കം തീവ്രമായി. പിന്‍വാങ്ങലിന് സാധുത നല്‍കാന്‍ വിദഗ്ദാഭിപ്രായം തട്ടിപ്പടച്ചുണ്ടാക്കി. 1991 നവംബര്‍ 16ന് നരസിംഹം കമ്മറ്റി അന്നത്തെ ധനകാര്യമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിയ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും നോക്കൂ..
The erosion of profitability of banks has also emanated from the side of expenditure as a result of fast and massive expansion of branches, many of which are unremunerative, especially in the rural areas.
ചെറുകിട വായ്പ വേണ്ടെന്ന് വെക്കണമെന്ന് കമ്മറ്റി പട്ടാങ്ങായിത്തന്നെ പറഞ്ഞു.
The committee is of the view that easy and timely access to credit is far more important than its cost and hence in line with its general thinking on directed lending to priority sector, it would recommend that concessional rates of interest for priority sector loans of small sizes should be phased out..lending to the preferred sectors should be encouraged by permitting commercial rather than concessional rates to the erstwhile constituent of the priority sector and by instituting a referential re-finance scheme without any prescription for the final rate to the ultimate borrower.
നരസിംഹം കമ്മറ്റി വഴി കെട്ടിയടച്ചതോടെ മുന്നോട്ട് പോക്ക് നിലച്ചു എന്നു മാത്രമല്ല, വികസന വാഹനം റിവേഴ്സ് ഗിയറില്‍ പോകുകയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് തന്നെ 1993ല്‍ 35,389 ഗ്രാമീണ ശാഖകളുണ്ടായിരുന്നത് 2006ല്‍ 30,757 ആയി. 4639 ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടിയെന്ന് അര്‍ത്ഥം. അതേസമയം ഈ കാലയളവില്‍ സെമി അര്‍ബന്‍ ശാഖകള്‍ 3,831 വര്‍ദ്ധിച്ചു. അര്‍ബന്‍ ശാഖകള്‍ 3,336ഉം മെട്രോപോളിറ്റന്‍ ശാഖകള്‍ 5,420ഉം വര്‍ദ്ധിച്ചു.
ഗ്രാമങ്ങളില്‍ ബാങ്കുകളുടെ പിന്‍വാങ്ങലോടെ സൃഷ്ടിക്കപ്പെട്ട ശൂന്യതയില്‍ സ്വകാര്യമേഖല കടന്നു കയറി. എസ്.എച്ച്.ജിയും(Self Help Groups) മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമെല്ലാം ബംഗ്ലാദേശ് മോഡലിന്റെ വാഴ്ത്തപ്പെട്ട അത്ഭുതങ്ങളായി മാറി. ലാഭം മാത്രം ലക്ഷ്യമാക്കിയ പ്രവര്‍ത്തനത്തിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട പൊതുമേഖലാ ബാങ്കുകള്‍ റിസ്ക് ഒഴിവാക്കി, ലാഭം ഉറപ്പാക്കി, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കി. എന്നിട്ട് വികസന വായ്ത്താരിയുമായി ലാഭം കൂടിയ മേഖലയിലേക്ക് ചേക്കേറി. കൂണുകള്‍ പോലെ മുളച്ചുവന്ന നവസ്വകാര്യ ബാങ്കുകളെന്ന നീരാളികള്‍ ഇവിടെ പിടിമുറുക്കി. ഹിന്ദുസ്ഥാന്‍ ലീവറിനെപ്പോലെയുള്ള മള്‍ട്ടിനാഷണല്‍ മുതല്‍ ഇന്ത്യയിലെ വന്‍ കാര്‍ട്ടലുകള്‍ വരെ ഗ്രാമീണരുടെ ഉദ്ധാരണത്തിനായി മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ ആരംഭിച്ചു.
പണ്ടൊരു കാലത്ത് വട്ടിപ്പലിശക്കാരനെപ്പറ്റി പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ഒരു ചിത്രമുണ്ടല്ലോ; തലയില്‍ വെള്ളത്തൊപ്പിവെച്ച് നെറ്റിയില്‍ നീണ്ട ചുവന്ന പൊട്ടു വരച്ച് പളപളാ മിന്നുന്ന പൈജാമയും ധരിച്ച് വെള്ള വിരിച്ച മെത്തയില്‍ ഉരുണ്ട വെള്ള തലയിണകളില്‍ ചാരി കുടവയറും പൊന്തിച്ചിരിക്കുന്ന ചിത്രം. ആ സ്ഥാനം കോട്ടും സൂട്ടും ടൈയും ധരിച്ച് എ.സി.കാറിലും വിമാനത്തിലും പറന്ന് നടക്കുന്ന ആധുനിക ബ്ലേഡ് പലിശക്കാര്‍ ഏറ്റെടുത്തു. രണ്ടുപേരും ചെയ്തപ്രവൃത്തി ഒന്നു തന്നെ. പാവപ്പെട്ടവന്റെ പള്ളക്ക് അടിക്കുക.
ഒരു വ്യത്യാസമേയുള്ളൂ.
അന്നൊരു പക്ഷേ, പട്ടിണി മൂലം മരിച്ചവന്റെയും ആത്മഹത്യ ചെയ്തവന്റേയും വാര്‍ത്തയും റിപ്പോര്‍ട്ടും വന്നിട്ടുണ്ടാവില്ല. ഇന്ന് ചത്ത് കിടക്കുന്നവന്റെയും തൂങ്ങി നില്‍ക്കുന്നവന്റെയും കളര്‍ ചിത്രം ‘ലൈവില്‍’ കാണാം. മന്‍മോഹന്‍സിങ്ങും ചിദംബരവുമൊക്കെ താല്പര്യമെടുത്ത് ഇങ്ങനെ വികസിപ്പിച്ചു കൊണ്ടുവന്ന മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ ഇനിയും വികസിപ്പിക്കാനും ഒപ്പം നിയന്ത്രിക്കാനുമുള്ളതാണ് പുതിയ ബില്ല്.
പിഴച്ചുണ്ടായതാണെങ്കിലും ഉണ്ടായിപ്പോയല്ലോ; ഇനി കൊല്ലാന്‍ കഴിയുമോ? വളര്‍ത്താനല്ലെ പറ്റൂ, എന്നാകും ന്യായം. ഇനി നേരെ ചൊവ്വേ വളര്‍ത്താനുള്ള ഉദ്ദേശമായിരിക്കും എന്നു കരുതേണ്ട. വേണ്ടപ്പെട്ടവരുടെ വേണ്ടപോലെയുള്ള വളര്‍ച്ചയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളുടെ മേല്‍ നബാര്‍ഡിന്റെ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ടെങ്കിലും നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനികളേയും കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഈ കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ നടത്തുന്നത് വന്‍കിടക്കാരാണ്.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ കൊള്ള പലിശ ഈടാക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരമായി വരികയും ആന്ധ്രാപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ഷക ആത്മഹത്യകളില്‍ എച്ച്.ഡി.എഫ്. സി ബാങ്കും അവര്‍ വായ്പ നല്‍കിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും നിശിത വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്ത ഘട്ടത്തില്‍ തയ്യാറാക്കിയ ഈ ബില്ലില്‍ മൈക്രോഫിനാന്‍സ് ഫണ്ടിലേക്ക് സ്വീകരിക്കുന്ന തുകക്ക് ഈടാക്കേണ്ട പലിശ നിരക്കിനേയോ, ഈ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട പരമാവധി പലിശയേയോപറ്റി ഒന്നും പറയുന്നില്ല. എന്നു പറഞ്ഞാല്‍ ഇഷ്ടാനുസരണം പലിശക്ക് നല്‍കി, ഇഷ്ടാനുസരണം ലാഭം വര്‍ദ്ധിപ്പിക്കുന്ന ഒരു ചാനലായി ഇതു വളര്‍ന്നു വരണമെന്നും ചെറുകിട വായ്പകള്‍ ലഭിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിലൂടെ സര്‍ക്കാറിനെതിരായ വികാരം വളരാതെ നോക്കാനും കഴിയും വിധമാണ് ബില്ലിന് രൂപം നല്കിയിട്ടുള്ളത്.
ഇന്ന് നല്‍കി വരുന്ന കുറഞ്ഞ പലിശനിരക്കിലുള്ള ചെറുകിട വായ്പകള്‍ പോലും തുടരാനുള്ള ബാധ്യതയില്‍ നിന്ന് ബാങ്കുകള്‍ ഒഴിവാക്കപ്പെടുന്നു. ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടി നഗരങ്ങളില്‍ കേന്ദ്രീകരിക്കാനും വന്‍കിട വായ്പയിലും ഊഹക്കച്ചവടത്തിലും ബാങ്കുകള്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധയൂന്നും.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണറും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളുമായ സി.രംഗരാജന്‍, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനെപ്പറ്റി പരാമര്‍ശിക്കുന്നതിനിടയില്‍ ഈയിടെ ഒരു കാര്യം എടുത്തു പറഞ്ഞു. വാണിജ്യ ബാങ്കുകളെ നഗരപ്രദേശങ്ങളില്‍ ശാഖകള്‍ തുടങ്ങാന്‍ അനുവദിക്കുന്നതിന് പകരമായി, അവയെ ഗ്രാമ പ്രദേശങ്ങളില്‍ ശാഖ തുറക്കാന്‍ നിര്‍ബന്ധിക്കണമെന്ന്. ഈ പോക്കു പോയാല്‍ വാണിജ്യ ബാങ്കുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം പരസ്യമായി ഇങ്ങനെ പറഞ്ഞത്.
വൈദ്യനാഥന്‍ കമ്മറ്റിയുടെ മറ പിടിച്ച് സഹകരണമേഖലയില്‍ സംസ്ഥാനസര്‍ക്കാരുകളെ ഒഴിവാക്കുന്നതുപോലെ വികസന കാര്യങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാനും സഹായിക്കാനും കഴിയുന്ന പ്രാദേശിക ഭരണ സ്ഥാപനങ്ങളെ മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും തീര്‍ത്തും ഒഴിവാക്കത്തക്ക രീതിയിലാണ് ഈ ബില്ല് തയ്യാറാക്കിയിരിക്കുന്നത്.
ചുരുക്കത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ചില നിയന്ത്രണങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി പൊതുമേഖല ധനകാര്യസ്ഥാപനങ്ങളുടെ പ്രസക്തി ഉപേക്ഷിച്ച് സ്വകാര്യമേഖലക്ക് പരോക്ഷമായി ഗ്രാമീണ വികസനത്തിന്റെ അടിത്തറ ഏല്‍പ്പിച്ചു കൊടുക്കാനുള്ള നിയോലിബറല്‍ നയത്തിന്റെ ദുര്‍ഭഗസന്തതികളില്‍ ഒന്നാണ് ഈ ബില്ല്. ഈ രംഗത്ത് പൊതുമേഖലയുടെ പ്രാമുഖ്യവും സ്റ്റേറ്റിന്റെ ഫലപ്രദമായ ഇടപെടലും സേവനോന്മുഖമായ വികസനവുമാണ് ലക്ഷ്യമെങ്കില്‍ ഈ ബില്ലാകെ പൊളിച്ചെഴുതേണ്ടതുണ്ട്. ഇതില്‍ ശക്തിയായി ഇടപെടേണ്ട ചുമതല ബാങ്കിങ്ങ് രംഗത്തെ സംഘടനകള്‍ക്കുമുണ്ട്.
(ലേഖകന്‍ ശ്രീ.എ.സിയാവുദ്ദീന്‍, BEFI(Bank Employees' Federation of India) യുടെ കേരള ഘടകത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)