Showing posts with label 2011. Show all posts
Showing posts with label 2011. Show all posts

Monday, January 16, 2012

ചിത്രകലയില്‍ അര്‍ഥവത്തായ ഓര്‍മകള്‍

2008 വര്‍ഷത്തോടെ തകര്‍ന്നുതുടങ്ങിയ കമ്പോളാധിഷ്ഠിതമായ കലയുടെ അത്യുല്‍പ്പാദനലോകം പില്‍ക്കാലത്ത് സാംസ്കാരികവും ധൈഷണികവുമായ തലങ്ങളെ അത്രയൊന്നും സ്വാധീനിച്ചില്ലെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്. രബീന്ദ്രനാഥടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളിലെ മുഖ്യഘടകം അദ്ദേഹത്തിന്റെ ചിത്രകലയായിരുന്നു. സാഹിത്യസംഗീത നാടകരംഗങ്ങള്‍ക്കപ്പുറത്ത് ടാഗോറിന്റെ ചിത്രകലാലോകം വ്യാപരിച്ചതിനെക്കുറിച്ച് നിരവധി അറിവുകളും സംവാദങ്ങളും നടന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും രബീന്ദ്രനാഥ് ടാഗോറിന്റെ ചിത്രകലാലോകം സമഗ്രമായ ഒരു ബൃഹദ്പദ്ധതിയായി ലോകത്തിനുമുന്നിലെത്തുന്നത് 2011ന്റെ പ്രത്യേകതതന്നെയാണെന്നുപറയാം. ന്യൂയോര്‍ക്ക്, ബര്‍ലിന്‍ , പാരിസ്, ലണ്ടന്‍ , റോം തുടങ്ങിയ വിശ്വനഗരങ്ങളിലെ മ്യൂസിയങ്ങളിലൂടെ രബീന്ദ്രനാഥടാഗോറിന്റെ ചിത്രശേഖരം മൂന്നുവിഭാഗമായി തരംതിരിച്ച് ഓരോ പ്രദര്‍ശനങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇരുന്നൂറ്റിയെട്ടുപേജുള്ള, മാപ്പില്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന കാറ്റലോഗ് എല്ലാ പ്രദര്‍ശനങ്ങളെയും പൊതുവായി പ്രതിനിധാനംചെയ്യും.

ഇതിനോടനുബന്ധിച്ച് രബീന്ദ്രനാഥിന്റെ രചനകളുടെ തൊണ്ണൂറ്റഞ്ചുശതമാനത്തോളം ചിത്രങ്ങള്‍ , അവയുടെ അനുബന്ധരചനകള്‍ , പഠനങ്ങള്‍ തുടങ്ങിയവയടങ്ങുന്ന അഞ്ച് ബൃഹദ്ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും വളരെ പെട്ടെന്നുതന്നെ വിറ്റഴിക്കപ്പെടുകയുംചെയ്തു. അഞ്ചുവാല്യമായി അയ്യായിരത്തിലധികം പേജുകളുള്ള ഈ ഗ്രന്ഥപരമ്പര 1,800 ചിത്രങ്ങള്‍ ഉള്‍പ്പെടെ 2,000 വര്‍ണപ്പകര്‍പ്പുകള്‍ ഉള്‍ക്കൊള്ളുന്നു. ഭാരതീയവും യൂറോപ്യനുമായ ആധുനികതാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ രബീന്ദ്രനാഥ് ചിത്രങ്ങള്‍ ഗവേഷണപഠന വിധേയമായിട്ടുണ്ടെങ്കിലും സമഗ്രവും ആധികാര്യവുമായ ഒരു പഠനത്തോടെയും ടാഗോര്‍ ചിത്രങ്ങളുടെ സമ്പൂര്‍ണമായ പകര്‍പ്പുകളോടെയും പ്രസിദ്ധീകൃതമാകുന്നത് ഈ വര്‍ഷമാണെന്നുപറയാം. സ്വകാര്യവ്യക്തികളുടെ ശേഖരത്തില്‍നിന്നുള്ളവയല്ലാതെ ഭാരതത്തിലെ പൊതുസ്ഥാപനങ്ങളില്‍നിന്നുമാത്രമായി ശേഖരിച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ഈ പ്രദര്‍ശനവും പ്രസിദ്ധീകരണവും യഥാക്രമം രബീന്ദ്രഭവനിലെ 1580, കലാഭവനിലെ 150, നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 108, രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിലെ 45, നാഷണല്‍ മ്യൂസിയത്തിലെ 3- ചിത്രശേഖരങ്ങള്‍ പ്രതിനിധാനംചെയ്യുന്നു.

ഈ ബൃഹദ്പദ്ധതിയുടെ ക്യൂറേറ്ററും അഞ്ച് വാല്യത്തിന്റെ എഡിറ്ററും രബീന്ദ്രനാഥ് ചിത്രങ്ങളുടെ പാഠരചയിതാവും ഒരാള്‍തന്നെയാകുന്നുവെന്നതും, ഒരു പ്രത്യേകതയാണ്. പ്രശസ്ത കലാചരിത്രകാരനായ പ്രൊഫ. ആര്‍ ശിവകുമാര്‍ ആണ് അനന്യമായ ഈ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി. ഈ ചുമതലയോടൊപ്പംതന്നെ രാജ്യാന്തരമായ പ്രദര്‍ശനങ്ങള്‍ക്കെല്ലാം ധൈഷണികമായ ഊഷ്മളത നല്‍കുന്ന പ്രഭാഷണങ്ങള്‍ നല്‍കുന്നതിനും കേരളീയനായ ശിവകുമാര്‍ ചുമതലപ്പെട്ടിരിക്കുന്നു.

2011 വര്‍ഷംതന്നെ ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട "ആര്‍ട്ട് സമ്മിറ്റ്" രാജ്യത്തെയും രാജ്യാന്തര കലയുടെയും അനേകം പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു കലാമേളതന്നെയാകുന്നു. പോയ നാലഞ്ചുവര്‍ഷമായി വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ കലാപ്രദര്‍ശനമേള ആനുകാലിക ഭാരതീയകലയിലെ കമ്പോളകാലഘട്ടത്തിനുശേഷം ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. കോര്‍പറേറ്റ് കേന്ദ്രങ്ങളുടെ സജീവപങ്കാളിത്തമുള്ള ഈ കലാമേള ലോകകലയുടെ ഒരു പരിഛേദത്തെ അവതരിപ്പിക്കുന്നുവെന്നുപറയാം. ഒരു കോടി രൂപ മുതല്‍മുടക്കില്‍ പൊതുമുതല്‍ ഉപയോഗിക്കാതെ നടത്തുന്ന ഈ സംരംഭം ആനുകാലിക കലയുടെ പ്രേക്ഷകരെയും സംരക്ഷകരെയും ഒന്നിപ്പിക്കുന്ന വേദിയായി മാറി. പ്രശസ്ത നിരൂപകനായ ജോണി എംഎന്‍ ന്റെ അഭിപ്രായത്തില്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രം വേദികള്‍ തുറന്നിടുന്നുവെങ്കിലും അവര്‍ നാലോ അഞ്ചോ ആര്‍ട് ഗ്യാലറികള്‍ നിയന്ത്രിക്കുന്ന കലാലോകത്തിനപ്പുറത്തുള്ള സര്‍ഗലോകം അനാവരണം ചെയ്യുന്നില്ല. ഇത്തരം മേളകള്‍ എത്രതന്നെ സെമിനാറുകള്‍ സംഘടിപ്പിച്ചാലും അവര്‍ പ്രതിനിധാനംചെയ്യുന്ന ഗ്യാലറി സര്‍ക്യൂട്ടുകള്‍ക്കുപരിയായ ധൈഷണിക സംവാദത്തിലേക്ക് നയിക്കുന്നുമില്ല.

ഈയവസരത്തിലാണ് സമീപവര്‍ഷങ്ങളില്‍ പര്‍വതീകരിക്കപ്പെടുകയും അങ്ങനെതന്നെ ചുരുങ്ങി ഇല്ലാതായിത്തീരുകയും ചെയ്ത ആനുകാലിക ഭാരതീയ കലയിലെ കമ്പോളകുതിച്ചുചാട്ടത്തെപ്പറ്റിയുള്ള ആലോചനകള്‍ പ്രസക്തമായി വരുന്നതെന്നുപറയാം. മാനദണ്ഡരഹിതമായും വിവേചനമില്ലാതെയും പെട്ടെന്ന് പടര്‍ന്നുകയറിയ സാമ്പത്തികസാമ്രാജ്യം 2008 വര്‍ഷത്തോടെ നിഴല്‍വീണ് തകര്‍ന്നുവെങ്കിലും, അത് നിര്‍മിച്ചെടുത്ത വ്യാജഘടനകള്‍ ബോധത്തിലും അബോധത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരു സാംസ്കാരിക ഉല്‍പ്പന്നമെന്ന നിലയിലേക്ക് കലാസൃഷ്ടി തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കുമെന്ന സൂചനകള്‍ ഇത് നല്‍കുന്നു.

പരമ്പരാഗതമെന്ന ഓമനപ്പേരാല്‍ വിളിക്കപ്പെടുന്നതും എന്നാല്‍ ,രാജ്യത്തെ നഗരവല്‍കൃത സമൂഹങ്ങള്‍ക്കു പുറത്തുള്ളതുമായ കലാപ്രവര്‍ത്തനങ്ങളെ സമകാലീന കലാപ്രദര്‍ശനങ്ങള്‍ക്കുതുല്യമായി അവതരിപ്പിക്കുകയും അവയിലെ കലാകാരന്മാരെ മറ്റ് ആനുകാലിക കലാകാരന്മാര്‍ക്ക് സമന്മാരായി അംഗീകരിക്കുകയും ചെയ്തുകൊണ്ട്, കേരള ലളിതകലാഅക്കാദമി ആദിവാസി, നാടന്‍ , ഗ്രാമീണ കലകളിലെ ചലനാത്മക പാരമ്പര്യങ്ങളുടെ നീണ്ട കളരികള്‍ - അവതരണങ്ങള്‍ - സംഘടിപ്പിക്കുകയുണ്ടായി. ഈ രംഗത്തെ പ്രമുഖരെ കണ്ടെത്തി അവര്‍ക്കായി യഥാക്രമം ജെ സ്വാമിനാഥന്‍ , ജംഗല്‍സിംഗ് ശ്യാം, സോനാഭായി രാജേശ്വരി എന്നീ കലാകാരന്മാരുടെ നാമധേയത്തില്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാദി-ഗ്രാമീണ കലാകാരന്മാരുടെ സര്‍ഗസപര്യക്ക് അര്‍ഹമായതും അഭിമാനകരമായതുമായ സ്ഥാനം നല്‍കപ്പെടുന്നതെന്ന് നിസ്സംശയം പറയാം. കേരളത്തിന്റെ ചരിത്രത്തിലാകട്ടെ ആദ്യമായി കളമെഴുത്തെന്ന ബഹുമുഖമാധ്യമകല അതിന്റെ വൈവിധ്യങ്ങളോടെ അവതരിപ്പിക്കപ്പെടുകയും നൂറ്റിയിരുപതോളം കളമെഴുത്തുകള്‍ ഏകദേശം ഒന്നരമാസത്തോളം നീണ്ടുനിന്ന ഡോക്യുമെന്റേഷനുപാത്രമാവുകയുമുണ്ടായി. വിഭിന്നതരം കളങ്ങളുടെ പകര്‍പ്പുകള്‍ , ഗവേഷണപഠനങ്ങളുടെ അനുബന്ധത്തോടെ സമാഹരിച്ചുകൊണ്ട് "കളമെഴുത്ത്" എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിക്കാന്‍ ജനറല്‍ എഡിറ്ററും സെക്രട്ടറിയുമായ സത്യപാലിനു കഴിഞ്ഞു. പോയവര്‍ഷത്തെയും ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലെയും പുസ്തകപ്രസിദ്ധീകരണരംഗത്തെ ഏറ്റവും വലിയ മാതൃകയായി, ഈ ഗ്രന്ഥം നിലനില്‍ക്കും.

2011 വര്‍ഷത്തില്‍ ഡല്‍ഹി ആര്‍ട്ഗ്യാലറി സംഘടിപ്പിച്ച ചിത്തോപ്രസാദിന്റെ രചനകളുടെ പ്രദര്‍ശനം അനന്യമായ ഒരു കാല്‍വയ്പായി മാറുന്നു. 1915ല്‍ പശ്ചിമബംഗാളില്‍ ജനിച്ച് 1978ല്‍ അന്തരിച്ച ചിത്തപ്രസാദ് ഭാരതീയ കലയിലെ ഏറ്റവും ഏകാന്തമായ വ്യക്തിത്വമാണ്. ചിത്രകലയിലെ മുഖ്യധാരയില്‍നിന്നുവഴിമാറി, കലയെ തീവ്രമായ സാമൂഹ്യപ്രതിഷേധത്തിന്റെ നേരിട്ടുള്ള പ്രസ്താവങ്ങളിലേക്ക് ആനയിച്ച ചിത്തോപ്രസാദ് നിന്ദിതരെയും പീഡിതരെയും ദരിദ്രരെയും കലാപകാരികളെയും മാത്രം വരച്ചുകൊണ്ട്, ബംഗാള്‍ ക്ഷാമവും കയ്യൂര്‍ സമരവും എല്ലാം പ്രമേയമാക്കി. ഒന്നിലധികംതവണ ബ്രിട്ടീഷ് ഭരണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൂട്ടത്തോടെ പിടിച്ചെടുത്തു നശിപ്പിച്ചു. ബോംബെയില്‍ ഒരൊറ്റ മുറിയില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് തുടര്‍ന്നും രചന നിര്‍വഹിച്ച, ചിത്രകലയുടെ അക്കാദമിക് പഠനം ചെയ്തിട്ടില്ലാത്ത ചിത്തോപ്രസാദിന്റെ ഐതിഹാസിക കലയുടെ സമഗ്രമായ പ്രദര്‍ശനം പോയവര്‍ഷത്തെ സുപ്രധാനമായ അനുഭവമായിരുന്നു.

2011 നഷ്ടങ്ങളുടേതുമായ വര്‍ഷമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഭാരതം കണ്ട ഏറ്റവും മഹാനായ കലാകാരന്‍ - എം എഫ് ഹുസൈന്‍ - അന്തരിച്ച വര്‍ഷംകൂടിയായി മാറിയിരിക്കുന്നുവെന്നതും, അദ്ദേഹത്തിന്റെ വേര്‍പാട് ഉന്നയിക്കുന്ന രാഷ്ട്രീയവും മനുഷ്യത്വപരവുമായ ചോദ്യങ്ങള്‍ തുടര്‍ന്നും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നതും ഒരു വസ്തുതയായി നിലനില്‍ക്കുന്നു. ഭാരതകലയിലെ രണ്ടു നൂറ്റാണ്ടുകളില്‍ വ്യാപരിച്ചുനില്‍ക്കുന്ന എംഎഫ് ഹുസൈന്റെ കലയും ജീവിതവും രാജ്യത്തെ സംസ്കാരത്തിന്റെ ഭൂതവും സമകാലികവുമായ ധാരകളെ സമന്വയിപ്പിച്ചുകൊണ്ട് ഈ വര്‍ഷം കടന്നുപോയി. സമകാലീനകലാരംഗത്ത് പോയ നാലഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ശ്രദ്ധേയമായ പ്രതീക്ഷകള്‍ നല്‍കിയ ചിത്രകാരിയായ മിനി ശിവകുമാറിന്റെ അകാലനിര്യാണവും 2011ന്റെ മറ്റൊരു നഷ്ടമാകുന്നു.

*
അജയകുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 15 ജനുവരി 2012

Sunday, January 8, 2012

ആണ്ടറുതിയുടെ നാടകവിള

ജീവിതദര്‍ശനങ്ങളുടെ സമഗ്രമായ വിശകലനമാണ് നാടകം ആകേണ്ടതെന്ന് അടിസ്ഥാന വിശ്വാസം. സമ്പൂര്‍ണമായ സാമൂഹിക അവലോകനത്തിന്റെ അടിത്തട്ടിലൂടെ ജീവിതത്തിന്റെ ഗതിനിയന്ത്രണത്തില്‍ ഭാഗഭാക്കാകാനും ഈ സര്‍ഗകര്‍മത്തിന് ധര്‍മമുണ്ടെന്നും ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.

ആണ്ടറുതിയുടെ കണക്കെടുപ്പില്‍ ബാക്കിവരുന്നത് വിരളമാണ്. അത് നാളെയും ഓര്‍ത്തുവയ്ക്കാന്‍ നിമിത്തമാകും. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അതിലെ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടുമാത്രമാകില്ല ഓര്‍ത്തുവയ്ക്കപ്പെടുന്നത്. മറിച്ച് അതിലെ പാത്രസൃഷ്ടിയുടെ സൂക്ഷ്മതയിലൂടെ വിന്യാസം ചെയ്യപ്പെട്ട കഥാഖ്യാനത്തിന്റെ തീവ്രതയാലാണെന്ന് ബോധ്യമാകുകയുംചെയ്യും. കെടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ അപൂര്‍വ മാതൃകകളിലൂടെ ഉള്ള ഓര്‍മകളുടെ ഇങ്ങേത്തലയ്ക്കല്‍ ഇതേ അര്‍ഥത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന മാതൃകയായി മനോജ്കാനയുടെ ഉറാട്ടിയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയും അടയാളപ്പെട്ടുകിടക്കുന്നതങ്ങനെതന്നെ. 2011 വര്‍ഷത്തിന്റെ ബാക്കിപത്രത്തില്‍ നിന്ന് ഒരു കൈവിരലെണ്ണം കുറിച്ചെടുക്കുക പ്രയാസമാണ്.

ചണ്ഡാലിക - തിരുവനന്തപുരം സോപാനം

മഹാകവി ടാഗോറിന്റെ ചണ്ഡാലിക എന്ന കാവ്യഖണ്ഡത്തെ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുമായി സാമ്യപ്പെടുത്തി കവി പി നാരായണക്കുറുപ്പ് എഴുതി നാടകാചാര്യനായ കാവാലം നാരായണപ്പണിക്കര്‍ സംവിധാനംചെയ്ത ചണ്ഡാലിക എന്ന നാടകം അനന്യസൗകുമാര്യത്താലും പ്രമേയതീക്ഷ്ണതയാലും പാത്ര അവതരണ ഭദ്രതയാലും ഹൃദയാര്‍ദ്രതയുടെ ശക്തി നിറഞ്ഞ നാടക അനുഭവമായത് ഇക്കൊല്ലത്തെ സുകൃതസാക്ഷ്യം. ദാഹിച്ചുവലഞ്ഞുവന്ന ബുദ്ധഭിക്ഷു ചണ്ഡാലസ്ത്രീയോട് ദഹജലം ദദാമി എന്നഭ്യര്‍ഥിക്കുമ്പോള്‍ ചണ്ഡാലയുവതിയില്‍ (പ്രകൃതി) ഉണ്ടാകുന്ന മാനസിക സംഘര്‍ഷം, നിലനില്‍ക്കുന്ന സാമൂഹിക സദാചാര നീതി വ്യവസ്ഥകളുടെയും അത്തരം വിലക്കുകളെ ഓര്‍മിപ്പിച്ചുകൊണ്ട് ഒപ്പം സഞ്ചരിക്കുന്ന സ്വമാതാവിന്റെയും പ്രേരണാശക്തിയാലാണെന്ന് വ്യക്തം. എങ്കില്‍ക്കൂടിയും ദാഹിച്ചുവലഞ്ഞു യാചിക്കുന്ന ആത്മാവിന് ഉപകാരപ്പെടേണ്ടതാണ് ദാഹജലം എന്ന് അവള്‍ തിരിച്ചറിയുകയും അത് ഭാവിയിലേക്കുള്ള ഒരു പുതിയ വെളിച്ചമായി മനസ്സില്‍ നിറയുകയും ചെയ്യുന്നു.

തസ്കരന്‍ - തിരുവനന്തപുരം സൂര്യ

വികെ പ്രഭാകരന്‍ എഴുതി സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനംചെയ്ത തസ്കരന്‍ എന്ന നാടകവും പോയകൊല്ലത്തിന്റെ കണക്കെടുപ്പില്‍ തെളിമയോടെ അവശേഷിക്കുന്ന അവതരണമായി കണക്കാക്കാം. കാലികമായ ദുര്‍മോഹങ്ങളുടെയും പ്രേരണകളുടെയും അടിസ്ഥാനത്തില്‍ ഭവനഭേദനത്തിന് തയ്യാറെടുക്കുന്ന കള്ളന്‍ , ടിവി ചാനലുകളിലെ പരസ്യ വാചകങ്ങള്‍ മൂളിക്കൊണ്ടും താന്‍ചെയ്യുന്ന തെറ്റിനെ ആത്മഗതത്തിലൂടെ വിശകലനംചെയ്ത് ന്യായീകരിച്ചും മുന്നേറുകയാണ്. ഗൃഹനാഥനെ കീഴ്പ്പെടുത്തി അയാളുടെ ധനസമ്പത്തുകള്‍ അപഹരിക്കുന്നത് കൗശലക്കാരനായ തസ്കരന്റെ മര്‍മവും അയാളുടെ വാഗ്ചാതുരിയിലെ നര്‍മവും അറിഞ്ഞ് പ്രേക്ഷക സമൂഹം അനുഗമിക്കുന്നത് സുതാര്യമായ അരങ്ങിലെ അനുഭവമായി.

അക്കിത്തക്കിത്തം -തിരുവനന്തപുരം സുമേരു

രാജീവ് ഗോപാലകൃഷ്ണന്‍ എഴുതി എസ് രാധാകൃഷ്ണന്‍ സംവിധാനംചെയ്ത അക്കിത്തക്കിത്തം എന്ന നാടകം മേല്‍പ്പറഞ്ഞ ഗണത്തില്‍ ചേര്‍ന്നുവരുന്ന മറ്റൊരു ഹൃദ്യാനുഭവമാണ്. നമ്മുടെ പാരമ്പര്യത്തെയും പഴമയെയും നമ്മുടെ പിതൃപരമ്പരകളെയും തിരിച്ചറിയുവാനാകാത്ത തരത്തില്‍ മൃഗതൃഷ്ണയോടെ അനുഭവ ആസക്തികളുടെ നാഗരിക തീവ്രതയില്‍ കൂടിക്കുഴഞ്ഞും മതിമറന്നും ജീവിക്കുന്ന പുതുതലമുറയുടെ പര്യായമായ യുവാവാണ് നാടകത്തില്‍ പ്രതിനായകസ്ഥാനത്ത്. ആലോചനയുടെയും ധ്യാനത്തിന്റെയും ത്രിസന്ധ്യയില്‍ തന്റെ ഗ്രാമത്തിലൂടൊഴുകുന്ന നിറനദിയുടെ തീരത്തിരുന്ന് താംബൂലം ചവയ്ക്കുന്ന പിതൃതുല്യനോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പരിഹാസ സമാനമായ മറുപടികള്‍ എറിയുകയും ചെയ്തു രസിക്കുന്ന ഇതിലെ കഥാപുരോഗതി അതിന്റെ പരമകാഷ്ഠയില്‍ ആ യുവാവിന്റെ പരാജയവും അബദ്ധങ്ങളുടെ തിരിച്ചറിവുമായി അവസാനിക്കുന്നു.

രാമകഥ - തൃശൂര്‍ നാടകസൗഹൃദം

എം വിനോദിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച രാമകഥ എന്ന നാടകവും അവതരണത്തിന്റെ ലാളിത്യത്താലും അതിലൂടെ പ്രസരിക്കുന്ന ശക്തിയാലും അതിലെല്ലാമുപരി നാടകം പറഞ്ഞുവയ്ക്കുന്ന പ്രമേയത്തിലെ ധ്വനിപാഠതീവ്രതയാലും എണ്ണപ്പെട്ട ഒന്നാവുകയാണ്. സി എന്‍ ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീത എന്ന നാടകത്തിന്റെ അന്തരാത്മാവിനെ സ്വാംശീകരിച്ച്, തിക്കോടിയന്‍ എഴുതിയ പുഷ്പവൃഷ്ടി എന്ന നാടകത്തിന്റെ ശക്തി സന്നിവേശിപ്പിച്ച്, ഒ എന്‍ വി യുടെ സരയുവിലേക്ക് എന്ന കവിതയുടെ അന്തര്‍ധാരയിലൂടെ സഞ്ചരിച്ച്, ആനന്ദിന്റെ അശാന്തമാകുന്ന അയോധ്യ എന്ന ലേഖനത്തിന്റെ ഉള്‍ക്കാമ്പിനെ ഉള്‍പ്പെടുത്തി സമഗ്രമായ ആശയവിനിമയം നടത്തുകയായിരുന്നു ഈ നാടക അവതരണത്തിന്റെ മേന്മ. സ്വന്തം പശ്ചാത്താപത്തില്‍നിന്നുള്ള മോചനമെന്ന നിലയില്‍ പാപപുണ്യങ്ങളുടെ വിലയ സ്ഥാനമായ നദിയില്‍ സ്വയം ഒടുങ്ങാന്‍ പ്രാര്‍ഥിച്ചുറയ്ക്കുന്ന പ്രജാപതിക്കൊപ്പം അദ്ദേഹത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹവും മുഴുവനായി ആ വീരസാഹസികമായ ആത്മാഹുതിയെ വരിക്കുകയുംചെയ്യുന്നു.

മതിലേരിക്കന്നി - കോഴിക്കോട് സങ്കീര്‍ത്തന

വടക്കന്‍പാട്ടുകളിലെ ധീരവനിതകളില്‍ ഒന്നായ മതിലേരിക്കന്നിയുടെ ചരിത്രത്തെ പുതിയ കാലത്തിന്റെ അനുഭവ വിചാരങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രമമാണ് ജയന്‍ തിരുമന എഴുതി സംവിധാനം ചെയ്ത മതിലേരിക്കന്നിയുടെ പ്രത്യേകത. ചിറക്കര വാഴുന്നോരുടെ ഏകപുത്രിയെ വിവാഹം കഴിച്ച വേണാട്ടുരാജാവിന് വിവാഹരാത്രിയില്‍ത്തന്നെ യുദ്ധത്തിന് പുറപ്പെടേണ്ടിവരുന്നു. പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രാജാവിനെ സഹായിക്കാനായി കന്നി പൊന്നനെന്ന പേരില്‍ പടത്തലവന്റെ വേഷത്തില്‍ യുദ്ധക്കളത്തിലെത്തി യുദ്ധംചെയ്ത് രാജാവിനെ രക്ഷിക്കുന്നതും അനാചാരങ്ങളുടെ ഇരകളായി തീരുന്ന കുലസ്ത്രീകളുടെ രക്ഷയ്ക്കായി പുരുഷവേഷത്തില്‍ എത്തുന്നതും ചതിയുടെ പൊരുള്‍ അറിയാതെ കൊട്ടാരവാസിയായ യുവതിയുടെ പ്രേരണയാല്‍ പോരിന് പുറപ്പെടുന്നതും ഒടുവില്‍ യുദ്ധക്കളത്തില്‍ അന്ത്യശ്വാസം വലിക്കുന്നതുമായ കഥ അതിന്റെ തീവ്രത ചോരാത്തവിധം പറഞ്ഞുവെയ്ക്കുവാന്‍ നാടക സംവിധായകന് കഴിഞ്ഞു.

*
അലക്സ് വള്ളിക്കുന്നം ദേശാഭിമാനി വാരാന്തപ്പതിപ്പ് 08 ജനുവരി 2012

Saturday, January 7, 2012

ജനവിരുദ്ധതയുടെ രാഷ്ട്രീയവും സാമ്പത്തികനയങ്ങളും: 2011ലെ ഇന്ത്യ

ആഗോളതലത്തില്‍ കലാപങ്ങളുടെയും ചെറുത്തുനില്‍പുകളുടെയും വര്‍ഷമായാണ് 2011 അറിയപ്പെടുക. ആഗോളതലത്തില്‍ വ്യാപിക്കുന്ന സാമ്പത്തികമാന്ദ്യം നിരവധി രാഷ്ട്രങ്ങളില്‍ ശക്തമായ സമരങ്ങളിലേക്കു നയിച്ചു. ഫ്രാന്‍സും ഇറ്റലിയും ബ്രിട്ടനുമടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നടന്ന സമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അമേരിക്കയില്‍ ഒരു ശതമാനത്തിനെതിരെ "99%" എന്ന ആഹ്വാനവുമായി വളര്‍ന്നുവന്ന വാള്‍സ്ട്രീറ്റ് ഉപരോധം തുടരുകയാണ്. പലസ്തീന്‍ വിമോചനസംഘന കൂടുതല്‍ ശക്തി സംഭരിച്ച് സ്വന്തം നാടിന്റെ രക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഈജിപ്തിലും ലിബിയയിലും യമനിലും സിറിയയിലും ബഹ്റിനിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായി ജനങ്ങള്‍ തെരുവിലിറങ്ങി. "മുല്ലപ്പൂ" വിപ്ലവത്തെ മുതലെടുത്ത് അമേരിക്കന്‍ -നാറ്റോ സൈന്യം സാമ്രാജ്യത്വവിരുദ്ധനായിരുന്ന ഗദ്ദാഫിയെ കൊലപ്പെടുത്തി. ഇതേ തന്ത്രംതന്നെ ഇപ്പോള്‍ സിറിയയില്‍ ബഷീര്‍ അസദ് ഭരണകൂടത്തിനെതിരെ സാമ്രാജ്യത്വം ഉപയോഗിക്കുകയാണ്. "ജനാധിപത്യ"ത്തിന്റെ പേരില്‍ ഒരു രാഷ്ട്രത്തിന്റെ സിവില്‍ സമൂഹത്തെ ഛിന്നഭിന്നമാക്കുകയും ആ പ്രദേശം മുഴുവന്‍ കോര്‍പ്പറേറ്റ് ആധിപത്യത്തിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്യുന്ന കുടിലതന്ത്രം ഈ രാഷ്ട്രങ്ങളിലെല്ലാം പരീക്ഷിക്കപ്പെടുകയാണ്.

ഇന്ത്യയില്‍ വാള്‍സ്ട്രീറ്റ് ഉപരോധത്തിന്റെയും മുല്ലപ്പൂ വിപ്ലവത്തിന്റെയും അലയൊലികള്‍ നാമമാത്രമായിരുന്നു. വാള്‍സ്ട്രീറ്റ് ഉപരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിലപാടെടുത്തത് ഇടതുപക്ഷകക്ഷികള്‍ മാത്രമായിരുന്നു. ഉപരോധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനോ ചര്‍ച്ചചെയ്യാനോ മാദ്ധ്യമങ്ങളും തയ്യാറായില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ അതിനെ അനുകൂലിച്ചുകൊണ്ട് ചില മുസ്ലീം സംഘടനകള്‍ രംഗത്തുവന്നു. അതില്‍ സാമ്രാജ്യത്വം ഇടപെട്ടതിനെ തുറന്നുകാണിച്ചു നിലപാടെടുത്തതും ഇടതുപക്ഷമായിരുന്നു. ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ മനോഭാവത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യയില്‍ അഭിപ്രായ രൂപീകരണം നടത്തുന്ന മദ്ധ്യവര്‍ഗ്ഗങ്ങളും മാദ്ധ്യമങ്ങളും അറച്ചുനില്‍ക്കുകയാണ് ചെയ്തത്.

മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍

ഭരണകര്‍ത്താക്കളുടെ വീമ്പിളക്കലുകളുണ്ടെങ്കിലും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഭാരം ഇന്ത്യയെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളുടെ റീപ്രോസസിംഗ് (റിപ്പോ), ആന്‍റി റിപ്പോ നിരക്കുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ്വ്ബാങ്ക് നിര്‍ബന്ധിതമായിരിക്കുന്നു. ആന്‍റി റിപ്പോ നിരക്കുകള്‍ അടച്ചുതീര്‍ക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. വിലകള്‍ സീമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ജനങ്ങളുടെമേലുള്ള ദുരിതങ്ങള്‍ വളരുകയാണ്. കര്‍ഷകരുടെ ആത്മഹത്യകള്‍ വീണ്ടും പെരുകുന്നു. അതേസമയംതന്നെ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഒഴിവാക്കുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ് ഗവണ്‍മെന്‍റ് തുടരുന്നത്. ഇപ്പോള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്‍ വിവാദങ്ങള്‍ക്കിടയാക്കിക്കഴിഞ്ഞു. വര്‍ദ്ധിച്ച വിലക്കയറ്റത്തില്‍പെട്ടു വലയുന്ന ജനങ്ങള്‍ക്ക് സമഗ്രമായ സംരക്ഷണം നല്‍കുന്നവിധത്തില്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് പകരം ഒരു ചെറു ന്യൂനപക്ഷം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ഒരുവശത്ത്സുരക്ഷയെ ഒരു ജനപ്രിയ മുദ്രാവാക്യമായി അവതരിപ്പിക്കുക, മറുവശത്ത് അത് ലഭ്യമാക്കുന്നവരെ നിര്‍ണയിക്കുന്നതിന് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അര്‍ഹരില്‍ ഭൂരിപക്ഷത്തെയും ഒഴിവാക്കുക എന്ന തന്ത്രമാണ് ഗവണ്‍മെന്‍റ് ആവിഷ്കരിക്കുന്നത്. സുരക്ഷാ നടപടികള്‍ക്കാധാരമായ ദാരിദ്ര്യരേഖയുടെ നിര്‍ണയം ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നതാണ്. ഗ്രാമതലത്തില്‍ ദിവസത്തില്‍ 26 രൂപയും നഗരങ്ങളില്‍ ദിവസത്തില്‍ 32 രൂപയുമെന്ന ദാരിദ്ര്യരേഖയുടെ നിര്‍ണയം അശാസ്ത്രീയമാണെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭപ്രായപ്പെട്ടിട്ടും പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പണ്ഡിതസമൂഹവും അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. അതായത് അതിശക്തമായ പ്രതികൂല സാഹചര്യങ്ങളില്‍പോലും സ്വന്തം നവലിബറല്‍ സ്വതന്ത്ര വാണിജ്യ ആശയങ്ങളുമായി അവര്‍ മുന്നോട്ടുപോകുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍ ആരുംതന്നെ അവരെ ചോദ്യംചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന ദുഃഖകരമായ അവസ്ഥയുമുണ്ട്.

ചില്ലറവ്യാപാരത്തിന്റെ കോര്‍പ്പറേറ്റ്വല്‍ക്കരണം

അമിതമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നവലിബറല്‍ ഭരണകൂടം ചെയ്ത മറ്റൊരു സൂത്രവും ശ്രദ്ധേയമാണ്. ചില്ലറ വ്യാപാരത്തില്‍ വിദേശ മൂലധന നിക്ഷേപം അനുവദിക്കാനുള്ള നീക്കമായിരുന്നു അത്. ഇപ്പോള്‍ നടക്കുന്ന വിലക്കയറ്റത്തില്‍ നമ്മുടെ വ്യാപാര ശൃംഖലയ്ക്കുള്ള പങ്ക് ഏവര്‍ക്കും അറിയുന്നതാണ്. നിത്യോപയോഗ വസ്തുക്കള്‍പോലും കമ്പോളത്തിലെത്തുന്നത് നിരവധി ഏജന്‍റുമാര്‍വഴിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിയായാണ് ചരക്കുകളെത്തുന്നത്. ഏതാണ്ട് അരാജക സ്വഭാവമുള്ള ചില്ലറ വ്യാപാരികളെ ഒഴിവാക്കി വാള്‍ -മാര്‍ട്ട്, കാരിഫോര്‍ , ടാസ്ക്കോ മുതലായ ചില്ലറ വ്യാപാരക്കുത്തകകളെ ഇവിടത്തെ ചില്ലറ വ്യാപാരം മുഴുവന്‍ ഏല്‍പ്പിക്കാനുള്ള തന്ത്രം ഭരണകൂടത്തിന്റെ പണ്ഡിതന്മാര്‍ മെനഞ്ഞെടുത്തതാണ്. കുത്തക ചില്ലറ വ്യാപാരത്തിന്റെ നേതൃത്വത്തില്‍ പുതിയ സബ് കോണ്‍ട്രാക്ടിംഗ് ശൃംഖല വളര്‍ന്നുവരികയും അതിന്റെ ഫലമായി നേരിയ തോതിലെങ്കിലും ചില വസ്തുക്കള്‍ക്ക് വില കുറയുകയും ചെയ്താല്‍ ഗവണ്‍മെന്‍റിന്റെ നേട്ടമായി പൊതുജനം കണക്കാക്കുമെന്ന ധാരണയും ഇതിനു പിറകിലുണ്ടാകാം. അതിന്റെ ഫലമായി വാള്‍മാര്‍ട്ടും കാരിഫോറും കൊയ്യുന്ന കണക്കറ്റ ലാഭം ജനങ്ങളുടെ ശ്രദ്ധയില്‍പെടുകയില്ലല്ലോ. പക്ഷേ, പണ്ഡിതന്മാര്‍ക്ക് നാവല്‍പം പിഴച്ചു. ദല്‍ഹിയില്‍ വന്‍ കുത്തകകളുമായി മാത്രമാണ് വിലപേശാറുള്ളതെങ്കിലും എംഎല്‍എമാരുടെയും എംപിമാരുടെയും സ്ഥിതി അതല്ല. അവര്‍ ഉപജീവിക്കുന്നത് പ്രാദേശിക വ്യാപാരി സമൂഹത്തെത്തന്നെയാണ്. പ്രാദേശിക വ്യാപാരി പുറത്തായി വാള്‍മാര്‍ട്ടു വന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥിതി കഷ്ടത്തിലാകും. അതുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായി ഒരക്ഷരവും ഉരിയാടാത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും ചില്ലറ വ്യാപാരത്തിലേക്ക് വിദേശ കുത്തകകളെ കടത്തുകയില്ലെന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട് ചില്ലറ കുത്തകകളെ കൊണ്ടുവരാനുള്ള നീക്കം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വിലക്കയറ്റം ഇനിയും വര്‍ദ്ധിക്കുകയും പ്രാദേശിക വ്യാപാരികള്‍ക്കതിരെ ജനങ്ങള്‍ തിരിയുകയും ചെയ്താല്‍ വീണ്ടും ആ നീക്കമുണ്ടാകാം.

ആണവ നിലയങ്ങളും സ്വകാര്യവല്‍ക്കരണവും

ഇതിനിടെ പ്രധാനമന്ത്രിതന്നെ താല്‍പര്യമെടുത്ത് മറ്റൊരുനീക്കം നടക്കുന്നു. മഹാരാഷ്ട്രയിലെ ജെയ്താപ്പൂരിലും തമിഴ്നാട്ടിലെ കൂടന്‍കുളത്തും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമാണിത്. ഇതില്‍ കൂടന്‍കുളത്ത് ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ 22 വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ചതാണ്. ആണവനിലയങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെയും ആണവനിലയം നിര്‍മ്മിക്കുന്നതില്‍ സഹായിക്കാമെന്നേറ്റ റഷ്യയിലുണ്ടായ ഭരണമാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ആണവനിലയത്തിന്റെ നിര്‍മ്മാണം നീണ്ടുപോയി. ഇപ്പോള്‍ റഷ്യന്‍ സഹകരണത്തോടെയാണ് ആണവനിലയം നിര്‍മ്മിക്കുന്നത്. മഹാരാഷ്ട്രയില്‍ അമേരിക്കയിലെ എന്‍റോണ്‍കമ്പനി വൈദ്യുതിനിലയം നിര്‍മ്മിക്കാന്‍ തയ്യാറായെങ്കിലും പിന്നീട് അവര്‍ അത് ഉപേക്ഷിച്ചു. എന്‍റോണ്‍തന്നെ അടച്ചുപൂട്ടി. ഇപ്പോള്‍ ജെയ്താപൂരില്‍ ഇന്ത്യയിലെ "ഏറ്റവും വലിയ" ആണവ നിലയം നിമ്മിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാറിലൊപ്പിട്ടിരിക്കുകയാണ്. ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി നിലനിന്നുപോന്ന ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പക്ഷേ, ആണവനിലയങ്ങളുടെ പിന്നാലെയുള്ള പാച്ചിലിന്റെ രാഷ്ട്രീയം പരിശോധിക്കേണ്ടതാണ്.

ആണവ വൈദ്യുതിയെ ഏതാണ്ട് പൂര്‍ണമായി ആശ്രയിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. റഷ്യയില്‍ കല്‍ക്കരി നിക്ഷേപങ്ങളും ധാരാളമായുണ്ടെങ്കിലും ആണവനിലയങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഫ്രാന്‍സില്‍ ന്യൂക്ലിയര്‍ വിരുദ്ധ പ്രസ്ഥാനം സുശക്തമായതുകൊണ്ട് പുതിയ നിയലങ്ങള്‍ നിര്‍മ്മിക്കുന്നില്ല. റഷ്യയില്‍ പഴയ സോവിയറ്റ് സാങ്കേതികവിദ്യയുടെ അവശിഷ്ടങ്ങള്‍ ധാരാളമായുണ്ട്. അതായത് ഇരു രാജ്യങ്ങളും അവരുടെ കൈവശമുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് വിപണനം നടത്തുകയാണിപ്പോള്‍ . അതായത് ഇന്ത്യയുടെ ഊര്‍ജാടിത്തറ ശക്തിപ്പെടുത്തുകയെന്നതിനെക്കാള്‍ ന്യൂക്ലിയര്‍ വിപണിയില്‍ ഇന്ത്യയും പങ്കാളികളാകുന്നു എന്നാണ് പുതിയ രണ്ടു നിലയങ്ങളുടെ സ്ഥാപനത്തിന് പിന്നിലുള്ള രാഷ്ട്രീയം. ഇതെത്രമാത്രം ഗുണമാണ് ഇന്ത്യയുടെ ഊര്‍ജോല്‍പാദനത്തില്‍ സൃഷ്ടിക്കുന്നതെന്ന് കണ്ടറിയണം. ജനങ്ങളുടെ ആശങ്കകള്‍ വിപണിയുടെ യുക്തിയില്‍ പ്രസക്തമല്ലാത്തതുകൊണ്ട് ജയ്താപുരിലും കൂടംകുളത്തും വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭം ഗവണ്‍മെന്‍റ് ബോധപൂര്‍വ്വം അവഗണിക്കുകയാണ്.

അഴിമതിയും ലോക്പാലും

ഇന്ത്യയിലെ മാധ്യമങ്ങള്‍ ഏറ്റവുമധികം ജനങ്ങളുടെ സമയം ചെലവഴിച്ചതും, ഒരുപക്ഷേ, ഏറ്റവുമധികം സമയം പാഴായതും ഇവയിലല്ല, ഇന്ത്യക്കു മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തില്‍ അണ്ണാഹസാരെയും ടീമും ബാബാരാംദേവിനെപ്പോലുള്ള യോഗിവര്യന്മാരും നടത്തിയ അഴിമതിവിരുദ്ധ സമരങ്ങളിലാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെയും വാള്‍സ്ട്രീറ്റ് ഉപരോധത്തിന്റെയും മാതൃകയിലുള്ള ജനകീയ പ്രതിരോധമായി അണ്ണാഹസാരെയുടെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ മടിച്ചില്ല. ഇന്ത്യാ ഗവണ്‍മെന്‍റ് സ്വന്തം നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് അണ്ണാഹസാരെയും "ടീമും" ആവശ്യപ്പെട്ടിട്ടില്ല.

ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അഴിമതിക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്നും അതിനുപകരം തങ്ങള്‍ തയ്യാറാക്കിയ ജനലോക്പാല്‍ പാര്‍ലമെന്‍റ് അംഗീകരിക്കണമെന്നുമായിരുന്നു ആവശ്യം. യുപിഎയുടെ ലോക്പാല്‍ പാര്‍ലമെന്‍റിന് വിധേയമാണ്. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരില്ല. അതായത് മന്ത്രിസഭയുടെ നല്ലൊരു ശതമാനം തീരുമാനങ്ങളും (അവയിലെല്ലാം പ്രധാനമന്ത്രി പങ്കാളിയായതുകൊണ്ട്) ലോക്പാലിന്റെ പരിധിയില്‍ വരില്ല. ഗവണ്‍മെന്‍റുദ്യോഗസ്ഥന്മാരാണ് ലോക്പാലിന്റെ ഇരകളാകുക. "ടീം അണ്ണാ"യുടെ ലോക്പാല്‍ബില്ലില്‍ പ്രധാനമന്ത്രിയടക്കം ഗവണ്‍മെന്‍റുതലം മുഴുവന്‍ ലോക്പാലിന്റെ പരിധിയില്‍ വരും. ലോക്പാല്‍ പാര്‍ലമെന്‍റില്‍നിന്ന് സ്വതന്ത്രമായ പ്രസിഡന്‍റിനോടു മാത്രം ഉത്തരവാദിത്വമുള്ള സ്ഥാപനമായിരിക്കും. അഴിമതിയാരോപിക്കുന്ന "വിസില്‍ ബ്ലോവേഴ്സി"ന് പൂര്‍ണമായ സംരക്ഷണം നല്‍കും.

സ്പെക്ട്രം അഴിമതിയുടെ ഭാഗമായി അറസ്റ്റുചെയ്യപ്പെട്ട രാജമാരുടെയും കനിമൊഴിമാരുടെയും വിചാരണനടക്കുന്നതിന്റെ പശ്ചാത്തലത്തിലായതുകൊണ്ട് "ടീം അണ്ണാ"യുടെ സത്യാഗ്രഹങ്ങള്‍ക്ക് വന്‍തോതില്‍ ജനപിന്തുണ ലഭിച്ചു. ജനപിന്തുണയാല്‍ ഉത്തേജിതനായതുകൊണ്ടാകാം, അണ്ണാഹസാരെ കൂടുതല്‍ കര്‍ക്കശമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടിരുന്നു. താന്‍ നിര്‍ദ്ദേശിച്ച ബില്‍ ഒരു മാറ്റവും കൂടാതെ പാര്‍ലമെന്‍റ് പാസാക്കണമെന്നുവരെ അദ്ദേഹം ശഠിച്ചു. ഏതായാലും പാര്‍ലമെന്‍റിന്റെ പ്രാമാണികത്വം കളഞ്ഞുകുളിച്ച് ഒരു "ടീ"മിന് കീഴടങ്ങാന്‍ മന്ത്രിസഭ തയ്യാറായില്ല.

തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി ലോക്പാല്‍ ബില്ലില്‍ മാറ്റം വരുത്താന്‍ ഗവണ്‍മെന്‍റ് തയ്യാറായി. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വന്നു. പക്ഷേ, സിബിഐ ലോക്പാലിന്റെ പരിധിക്കു പുറത്തുപോവുകയും ചെയ്തു. ഇന്ന് ഭരണതലത്തിലുള്ള അഴിമതിയടക്കം എല്ലാവിധത്തിലുള്ള പ്രധാന കേസുകളുമന്വേഷിക്കുന്ന അന്വേഷണ ഏജന്‍സി അഴിമതിയുടെ ഇരകളാവുകയില്ല എന്ന ധാരണ വിചിത്രമാണ്. ലോക്പാലിനു സമാന്തരമായി ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള ഒരു അന്വേഷണ ഏജന്‍സിയെ നിലനിര്‍ത്തുന്നത് നല്ലൊരു ഏര്‍പ്പാടായി ഭരണകര്‍ത്താക്കളില്‍ ഒരു വിഭാഗമെങ്കിലും കാണുന്നുണ്ട്. ലോക്പാല്‍ നടത്തിയേക്കാനിടയുള്ള കുറ്റവിചാരണകളില്‍നിന്ന് മോചിപ്പിക്കാനുള്ള ഉപാധിയും. രാജാമാര്‍ക്കും കനിമൊഴിമാര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ഗവണ്‍മെന്‍റ് നല്‍കുന്ന പിടിവള്ളിയായി സിബിഐ മാറാം. ഇത്തരത്തിലുള്ള പിടിവള്ളികള്‍ ഭരണകൂടത്തിനാവശ്യമായി വരുന്നത് ഇന്നത്തെ അഴിമതിയുടെ സ്വഭാവത്തിലേക്കു വെളിച്ചംവീശുന്നു.

അഴിമതികളല്ല ഇന്നു നടക്കുന്നത്, ഗവണ്‍മെന്‍റിന്റെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത അവകാശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചുനല്‍കാനുള്ള വിലപേശലുകളാണ്. ആകാശവും ഭൂമിയും വിഭവങ്ങളും മുതല്‍ റെയില്‍വെയും എയര്‍വെയ്സും രാജ്യരക്ഷയും അടക്കം എന്തും കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കപ്പെടാം. ഇന്നത്തെ രാഷ്ട്ര നിയമങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം വിലപേശലുകളിലൂടെ ഇടത്തട്ടുകാരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരും മറ്റ് ഏജന്‍റുകളും വാങ്ങുന്ന കമ്മീഷനെയാണ് ഇന്ന് അഴിമതി എന്നു വിളിക്കുന്നത്. സുഖ്റാം മുതല്‍ രാജാവരെയുള്ളവര്‍ വാങ്ങിയത് ഈ കമ്മീഷനാണ്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി തുടര്‍ച്ചയായി രാഷ്ട്രീയവൃത്തങ്ങളിലും ബ്യൂറോക്രാറ്റുകളുടെ ഇടയിലും നടക്കുന്ന വിലപേശലുകളില്‍ ചിലത് പുറത്തുവരുമ്പോള്‍ നാം അവയെ അഴിമതി എന്നു വിളിക്കുന്നു. നവലിബറല്‍ മുതലാളിത്തത്തിന്റെ ഈ അടിസ്ഥാന സ്വഭാവത്തെ ചോദ്യംചെയ്യാതെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന രീതി വലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപമാണ്. "ടീം അണ്ണാ"യും അവരെ പിന്തുണയ്ക്കുന്നവരും ചെയ്തുപോന്നത് അതാണ്. ഇത്തരം പ്രശ്നങ്ങള്‍ ധാര്‍മ്മികതയുടെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ചര്‍ച്ചചെയ്യുകയും മുതലാളിത്തത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി നടക്കുന്ന സംവിധാനങ്ങളെ നിയമപരമായ പ്രശ്നമായി മാത്രം കാണുകയും ചെയ്യുന്ന രീതി കോര്‍പ്പറേറ്റ് മൂലധനത്തിന്റെ കടന്നുകയറലിനെ വെള്ളപൂശാനുള്ള ശ്രമമാണ്. ടീം അണ്ണായും കൂട്ടരും ചെയ്തു പോരുന്നതും ഇത്തരം വലതുപക്ഷ രാഷ്ട്രീയമാണ്. ഇതിലൂടെ പൂര്‍ണ്ണമായി രക്ഷപ്പെടുന്നത് കോര്‍പറേറ്റ് മൂലധനവും.

പര്യവേക്ഷണത്തിന്റെ രാഷ്ട്രീയം

പശ്ചിമബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം "മാവോയിസ്റ്റ്" ആക്രമണങ്ങളെക്കുറിച്ചുള്ള കഥകള്‍ ഏതാണ്ട് അസ്തമിച്ച മട്ടാണ്. മമതാബാനര്‍ജിക്കും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ്വിരുദ്ധ ശക്തികള്‍ക്കും അവരെക്കൊണ്ടുള്ള ആവശ്യം ഇല്ലാതായത് കാരണമാകാം. സിപിഐ എമ്മും ഇടതുപക്ഷവും മാവോയിസത്തിനെ രാഷ്ട്രീയമായി മാത്രമാണ് നേരിട്ടത്. എങ്കിലും, മാവോയിസ്റ്റുകളുമായി ഇടതുപക്ഷം നടത്തിയ എല്ലാ ഏറ്റുമുട്ടലുകളെയും പെരുപ്പിച്ചു കാണിക്കുന്നതിനും മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി നടത്തിയ കൊലപാതകങ്ങളെ തമസ്കരിക്കുന്നതിനും മാധ്യമങ്ങള്‍ മടികാണിച്ചില്ല. എന്നാല്‍ , മമത ചെയ്തത് ബംഗാളിലെ മാവോയിസ്റ്റുകളെ തുടര്‍ച്ചയായി വേട്ടയാടുകയും അവരെ കൂട്ടത്തോടെ കൊന്നൊടുക്കുകയുമായിരുന്നു. അവരുടെ നേതാവായ കിഷന്‍ജി എന്ന കൊടേശ്വരറാവുവും കൊല്ലപ്പെട്ടു. മാവോയിസ്റ്റ് അനുയായികള്‍ ഒഴികെ മറ്റാരും കിഷന്‍ജിക്കുവേണ്ടി കണ്ണുനീരൊഴുക്കുന്നതായി കണ്ടില്ല. മാവോയിസ്റ്റ് അനുഭാവിയെന്ന നിലയില്‍ ജയിലില്‍ കഴിയേണ്ടിവന്ന ബിനായക് സെന്നിനു ലഭിച്ച പിന്തുണപോലും കിഷന്‍ജിക്ക് ലഭിച്ചില്ല.

ഭീകരവാദികള്‍ ഇപ്പോഴും സജീവമാണ്. ഭരണകൂടം മണിപ്പൂരില്‍ നടപ്പിലാക്കുന്ന ഭീകരഭരണത്തിനെതിരായി ഇറോം ശര്‍മ്മിളയുടെ ഗാന്ധിയന്‍ മാതൃകയിലുള്ള ഉപവാസസമരവും തുടര്‍ന്നു. ഭീകരതയെ ഭീകരതകൊണ്ടുതന്നെ നേരിടുക എന്ന വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്നത്. അതിനായി ഭീകരതയെ നേരിടാനുള്ള പുതിയ സ്ക്വാഡുകള്‍ രൂപീകരിക്കപ്പെടുന്നു. അവരെ കണ്ടെത്താനും പിടിയലകപ്പെട്ടവരെ മര്‍ദ്ദിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള നിരവധി പുതിയ യന്ത്രസാമഗ്രികള്‍ ഇത്തരം സ്ക്വാഡുകള്‍ സ്വായത്തമാക്കുന്നു. ഇവയില്‍ പലതും അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലെ രാജ്യസുരക്ഷാ സംവിധാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്.

എന്‍ഐഎ, എടിഎസ്, റോ, സിബിഐ തുടങ്ങിയ നിരവധി ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാണ്. ഇവ കൂടാതെ പര്യവേക്ഷണ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ് വളരെ "നിരുപദ്രവ"കരമായി നടപ്പിലാക്കപ്പെടുന്ന "ആധാര്‍" പദ്ധതി. ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിനെതിരായ ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ ജനത മുഴുവനും മാതൃരാജ്യസുരക്ഷയുടെ പര്യവേക്ഷണത്തിെന്‍റ കീഴില്‍ വന്നു. അതിനെതുടര്‍ന്ന് എല്ലാ അമേരിക്കന്‍പൗരന്മാര്‍ക്കും ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധമായി. കാര്‍ഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ വരുന്നവരെയും പോകുന്നവരെയും പറ്റി വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ ദേഹപരിശോധന പോലും നിര്‍ബന്ധമാക്കുകയുംചെയ്തു. ഷാറൂഖ്ഖാനും എ പി ജെ അബ്ദുല്‍കലാമും അടക്കം ദേഹപരിശോധനയ്ക്ക് വിധേയരായത് ഓര്‍ക്കുക. ഇത്രയും തീവ്രരൂപത്തിലല്ലെങ്കിലും വിപുലമായ പരിശോധനകള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ അരങ്ങേറി.

അതിനെ തുടര്‍ന്നാണ് ഒരു ഐടി വിദഗ്ദ്ധനും "ബുദ്ധിജീവി"യുമായ നന്ദന്‍നിലെക്കനിയുടെ വിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിര്‍ദ്ദേശം ഗവണ്‍മെന്‍റ് ഗൗരവത്തിലെടുത്തത്. ഇത്തരം കാര്‍ഡിനുള്ള വിവരശേഖരണം ഇന്ത്യയിലെ എല്ലാ പൗരന്മാരെയുംപറ്റിയുള്ള ഡേറ്റാബേസ് സൃഷ്ടിക്കും. അതിലൂടെ മൊത്തം പൗരന്മാരും ഗവണ്‍മെന്‍റിന്റെ പര്യവേക്ഷണത്തിനുള്ളില്‍ വരും. "ആധാര്‍" കാര്‍ഡിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ഗവണ്‍മെന്‍റ് കമ്മിറ്റി ഇപ്പോള്‍ ഇതിനുവേണ്ടി മാത്രം ഒരു സ്റ്റാറ്റ്യൂട്ടറി സമിതിയെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവരശേഖരണം മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് പതിച്ചു നല്‍കണ്ട, അതിനുമേല്‍ ഗവണ്‍മെന്‍റിന് നിയന്ത്രണം വേണം എന്നാണ് നിര്‍ദ്ദേശം. അത് ഗവണ്‍മെന്‍റ് അംഗീകരിക്കുമോ എന്നു കണ്ടറിയണം.

ഏതായാലും ഓര്‍വല്ലിന്റെ 1984നു സമാനമായ ഒരു പര്യവേക്ഷണ ശൃംഖലയുടെ ഭാഗമായി നാമെല്ലാം മാറുകയും നമ്മുടെ നീക്കങ്ങളെല്ലാം ഒരു "വല്യേട്ടന്‍" സ്ഥിരമായി പരിശോധിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. ഭീകരവാദത്തെ നിലനിര്‍ത്തുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നത് കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ക്കനുസരിച്ചായതുകൊണ്ട്, ഭീകരവാദം ഇത്തരം "മൂന്നാംമുറ"കള്‍കൊണ്ട് തടയപ്പെടണമെന്നുമില്ല.

ചില പ്രാദേശിക ചിത്രങ്ങള്‍

കുപ്രസിദ്ധമായ ഗുജറാത്ത് കൂട്ടക്കൊലയുടെ സൂത്രധാരനായ നരേന്ദ്രമോഡിക്കെതിരായി രണ്ടു കോടതിവിധികള്‍ വന്നു. ആദ്യം ബള്‍ക്കീസ് ബാനു വധക്കേസിലും പിന്നീട് ഇസ്രത്ത് ജഹാന്‍ - പ്രാണേഷ്കുമാര്‍ വധക്കേസിലും മോഡിയുടെ പങ്ക് കോടതി ശരിവെച്ചു. മോഡി രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതു ചെവിക്കൊണ്ടിട്ടില്ല. കോര്‍പറേറ്റ് സ്വതന്ത്ര വാണിജ്യ വികസനമാതൃകയുടെ ശുദ്ധരൂപം ഗുജറാത്തിലായതുകൊണ്ട് കോര്‍പ്പറേറ്റ് പിന്തുണ അദ്ദേഹം നേടിയെടുത്തിട്ടുമുണ്ട്. ഹിന്ദു ഭീകരവാദത്തിന്റെ തണലില്‍ "ഭീകരതയ്ക്കെതിരായ പോരാട്ട"ത്തിന്റെ മുന്നണി പോരാളിയായി അഭിനയിക്കുന്നതും അദ്ദേഹം തന്നെ. ഇന്നു നടക്കുന്ന വലതുപക്ഷവല്‍ക്കരണത്തിന്റെ ഒരു നേതാവും അദ്ദേഹമാണ്.

മറ്റൊരു നേതാവ് മമതാ ബാനര്‍ജിയാണ്. ഇടതുപക്ഷത്തിെന്‍റ കോട്ട തച്ചുടച്ച വീരനായികയുടെ പട്ടം അവര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റുകള്‍ ബംഗാള്‍ അടക്കിവാഴുന്നുവെന്നു മാത്രമല്ല വ്യക്തമായ ബംഗാള്‍ സങ്കുചിത വാദത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ജനപിന്തുണ നേടിയെടുത്തിരിക്കുന്നത്.

വ്യവസായ പ്രമുഖനായ അമിത്മിത്ര ധനകാര്യ മന്ത്രിയായി സ്വതന്ത്രവാണിജ്യത്തിന് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുന്നതു കൂടാതെ ഗ്രാമീണ ഭൂപ്രഭുക്കള്‍ സംഘം ചേര്‍ന്ന് ദരിദ്ര കര്‍ഷകരുടെ ഭൂമി കയ്യേറുന്നതും അവിടെ കാണാം.

ഇതേ തരത്തിലുള്ള വലതുപക്ഷവല്‍ക്കരണമാണ് ഭൂരിഭാഗം സംസ്ഥാന ഗവണ്‍മെന്‍റുകളിലും കാണാവുന്നത്. കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രി യെദിയൂരപ്പ ഭൂമി കയ്യേറ്റ കേസില്‍ ജയിലിലായി. ബിജെപിക്കാരും ബെല്ലാരിയിലെ ഖനി മാഫിയക്കാരുമായ റെഡ്ഢി സഹോദരന്മാരും ജയിലിലായി. എന്നിട്ടും ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നു മാത്രമല്ല യെദിയൂരപ്പയുടെ അനുയായിയായ സദാനന്ദഗൗഡയെ മുഖ്യമന്ത്രിയാക്കാനും കഴിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ കെടുകാര്യസ്ഥതയ്ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് റിബലും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗന്‍മോഹന്‍ റെഡ്ഡിക്ക് കഴിയുന്നു. ജഗന്‍മോഹെന്‍റ കലാപവും ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന തെലങ്കാന സംസ്ഥാന പ്രശ്നവും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നിലനില്‍പുപോലും അപകടത്തിലാക്കിയിരിക്കുകയാണ്. വീണ്ടും ഇതില്‍നിന്നു മുതലെടുക്കുന്നത് പ്രാദേശിക സങ്കുചിതവാദികളടക്കമുള്ള വലതുപക്ഷശക്തികളും. ഹരിയാനയില്‍നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ "ടീം അണ്ണാ"യുടെ പിന്തുണയോടെ ജയിച്ച കുല്‍ദീപ് ബിഷ്നോയി ഇതേ രാഷ്ട്രീയത്തിന്റെ മറ്റൊരു ചൂണ്ടുപലകയാണ്.

വലതുപക്ഷവല്‍ക്കരണം തുടരുന്നു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മറ്റൊരു ഘട്ടം അടുത്തുവരുന്നു. കോണ്‍ഗ്രസിന്റെ യുവതാരമായ രാഹുല്‍ഗാന്ധി ക്യാമ്പ് ചെയ്തു പ്രവര്‍ത്തനം നടത്തുന്ന ഉത്തര്‍പ്രദേശിലടക്കം ഒരു സംസ്ഥാനത്തില്‍പോലും കോണ്‍ഗ്രസിന് ഒരു "വാക്കോവര്‍" വിജയം അവകാശപ്പെടാന്‍ കഴിയില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്. അതേസമയം നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പുവരുത്താന്‍ മുതലാളിത്തം ശ്രമിക്കുമെന്നത് ഉറപ്പാണ്. കോണ്‍ഗ്രസിനുപുറമെ ബിജെപി, സാധ്യമായ ഇടങ്ങളില്‍ മറ്റു വലതുപക്ഷ ശക്തികളുടെ കൂട്ടായ്മകള്‍ എന്നിവയുടെ വിജയത്തിലാണ് കോര്‍പറേറ്റ് മുതലാളിത്തവും അവയോടു വിധേയത്വമുള്ള മാധ്യമങ്ങളും ഊന്നുക. അതായത് പ്രാദേശിക സങ്കുചിതവാദവും സ്വത്വരാഷ്ട്രീയവുമടക്കം ഏതു തന്ത്രവും പയറ്റാന്‍ ഇവര്‍ തയ്യാറുമാണ്. രാജ്യം താറുമാറായാലും അതില്‍നിന്നു മുതലെടുക്കാന്‍ കഴിയുന്ന മുതലാളിത്തമുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കുകയല്ലേ വളര്‍ച്ചാനിരക്കുകളും വന്‍ശക്തിപദവിയും നിലനിര്‍ത്താന്‍ ആവശ്യം?

ഈ വലതുപക്ഷവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ എമ്മും സിപിഐയും പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് തയ്യാറെടുക്കുന്നത്. വലതുപക്ഷവല്‍ക്കരണത്തെ ചെറുക്കുന്നതിനും ജനജീവിതത്തെ തകര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാടുന്നതിനുമുള്ള വ്യക്തമായ കാഴ്ചപ്പാടും കര്‍മ്മപരിപാടിയും ജനങ്ങള്‍ ഈ പാര്‍ടികളില്‍നിന്നു പ്രതീക്ഷിക്കുന്നു. ഇന്നത്തെ ജനവിരുദ്ധ രാഷ്ട്രീയത്തില്‍നിന്ന് മോചനം നേടാന്‍ അത് അത്യാവശ്യവുമാണ്.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Monday, January 2, 2012

കേരളം 2011 പിന്നിടുമ്പോള്‍

2011 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലെ ആദ്യവര്‍ഷമാണ്. അത് ആരംഭിച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു. കേരളത്തിലെ സാമ്പത്തിക പുരോഗതി അഖിലേന്ത്യാ തോതിനേക്കാള്‍ വേഗത്തില്‍ നീങ്ങുന്നു. ഇവിടെ മൂലധന നിക്ഷേപത്തിനു പലരും സന്നദ്ധരായി മുന്നോട്ടുവരുന്നു. വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് കേരള ഗവണ്‍മെന്‍റും ടീകോം കമ്പനിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനം വേഗത്തില്‍ നീങ്ങുന്നു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവും സുരക്ഷിതത്വവും നല്‍കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മൊത്തത്തില്‍ തൃപ്തികരമായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നു.

2011ന്റെ അവസാനമോ? മാസങ്ങളായി കേരളത്തിലെ ജനങ്ങള്‍ , വിശേഷിച്ച് പെരിയാര്‍ നദിയുമായി ബന്ധപ്പെട്ട ജില്ലകളിലെ 40 ലക്ഷത്തില്‍പരം ജനങ്ങള്‍ , വലിയ ആശങ്കയിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭദ്രതയാണ് അവരുടെ സ്വൈരം കെടുത്തുന്നത്. ഏതാനും മാസങ്ങള്‍ക്കകം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഉണ്ടായ രണ്ടു ഡസനിലേറെ ഭൂമികുലുക്കവും അതിന്റെ പരിസരങ്ങളിലുണ്ടായ ഭയങ്കരമായ മഴയുമാണ് അവരുടെ ഉല്‍ക്കണ്ഠയ്ക്ക് നിദാനം. കേരള രൂപീകരണത്തിനുശേഷം, അല്ല, മലയാളികളുടെ ഓര്‍മയിലെങ്ങും, ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും മാത്രമല്ല, സംസ്ഥാനത്തിെന്‍റ നിലനില്‍പിനെ തന്നെ പിടിച്ചുകുലുക്കുന്ന ഇത്തരം ഒരു പ്രശ്നം ഇതിനുമുമ്പുണ്ടായിട്ടില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങളുടെ നിലനില്‍പ്, സുരക്ഷ, ആണ് അടിസ്ഥാന പ്രശ്നം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിവിധ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ , അതിനെ ആസ്പദമാക്കി ജനങ്ങള്‍ക്കുള്ള ആശങ്ക, കേരളത്തിലെ സകല സാമൂഹ്യ സംഘടനകളും രാഷ്ട്രീയ കക്ഷികളും പങ്കുവെയ്ക്കുന്നു. ഭരണ - പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് പ്രധാനമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്ക അറിയിച്ചു. തമിഴ്നാടിനു ഇതേവരെ കൊടുത്ത തോതില്‍ വെള്ളം തുടര്‍ന്നും നല്‍കാന്‍ സമ്മതം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയുടെ അടിസ്ഥാനത്തില്‍ അവിടെ പുതിയ അണകെട്ടാന്‍ തീരുമാനിക്കണം. ഇക്കാര്യത്തില്‍ തമിഴ്നാടുമായി ധാരണ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഇതാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി കേരളത്തിന്റെ ഉല്‍ക്കണ്ഠ മനസ്സിലാക്കി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.

തമിഴ്നാട് ഗവണ്‍മെന്‍റുമായി ആലോചിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കുറച്ചുസമയം നല്‍കണം. അതുവരെ കേരളത്തില്‍ ഇത് സംബന്ധിച്ച് സമരം നിര്‍ത്തിവെയ്ക്കാന്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തീരുമാനിച്ചു. പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി ജയലളിതയോടും മുന്‍മുഖ്യമന്ത്രി കരുണാനിധിയോടും അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. പെട്ടെന്ന് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ജനങ്ങളെ അതില്‍നിന്നു രക്ഷിക്കുന്നതിനു കേന്ദ്രത്തിന്റെ കീഴിലുള്ള ദുരിത നിവാരണ കമ്മിറ്റി ഒരു വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് കേരള ഗവണ്‍മെന്‍റിനു പ്രധാനമന്ത്രി വാക്കുകൊടുത്തിരുന്നു. തമിഴ്നാട് സന്ദര്‍ശനത്തിനുശേഷം ഉടനെ ആ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നതല്ല എന്ന് പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കി. തമിഴ്നാട് ഗവണ്‍മെന്‍റ് അത് പത്രവാര്‍ത്തയാക്കി. അങ്ങനെയാണ് കേരളം അക്കാര്യം അറിയുന്നത്. കേരള ഗവണ്‍മെന്‍റ് ഇത്ര നിസ്സഹായമായ അവസ്ഥ ഇതിനു മുമ്പു നേരിട്ടിട്ടില്ല. ബഹുജന ദൃഷ്ടിയില്‍ ഇത്ര പിടിപ്പുകെട്ട നിലയില്‍ ഇതിനുമുമ്പ് ഒരു സംസ്ഥാന മന്ത്രിസഭക്കും നില്‍ക്കേണ്ടിവന്നിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്‍റണി കേന്ദ്ര മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയാണ്. കേരളത്തിന്റെ സമുന്നത നേതാവാണ്. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ താന്‍ കേരളത്തിലെ ജനങ്ങളുടെ വികാരത്തോടൊപ്പം ആണെന്ന് ആന്‍റണി പറഞ്ഞിരുന്നു. പക്ഷേ, പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ താന്‍ നിസ്സഹായന്‍ ആണെന്നും കേരളത്തിന്റെ ഉല്‍ക്കണ്ഠ അകറ്റാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെയും കേന്ദ്രത്തെയും ഭരിക്കുന്ന ഗവണ്‍മെന്‍റുകളെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ആ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നാലഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ തീ തിന്നുന്നത് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്കും അവര്‍ പറയുന്നതിനെ ഗൗരവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്ര നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കില്‍ , ആ കോണ്‍ഗ്രസ്സിനെക്കൊണ്ടും അത് നയിക്കുന്ന ഗവണ്‍മെന്‍റിനെക്കൊണ്ടും കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു പ്രയോജനം?

കേരള ജനതയുടെ 2011ലെ ഗതികേടാണ് ഇത്. നേരിയ ഭൂരിപക്ഷത്തിനാണ് - സീറ്റിലായാലും മൊത്തം വോട്ടിലായാലും - യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് അതിനു ഈ വിജയം നേടാന്‍ കഴിഞ്ഞത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ പങ്കുവെക്കുന്നതിലും ഗവണ്മെന്റിന്റെ നയങ്ങളും നടപടികളും തീരുമാനിക്കുന്നതിലുംവരെ പ്രകടമായ സാമുദായിക പ്രീണനം ഉണ്ടായി. അത് കേരള സമൂഹത്തില്‍ ഭരണത്തിെന്‍റ ആറുമാസത്തിനകം തന്നെ ആഴത്തിലുള്ള വിള്ളലുകള്‍ക്ക് ഇടയാക്കി. ഇത്ര നഗ്നമായി ഇതിനുമുമ്പ് അധികാരവികേന്ദ്രീകരണം അട്ടിമറിക്കപ്പെട്ടിട്ടില്ല. ഇത്ര ഗുരുതരമായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന വിധത്തില്‍ ഗവണ്‍മെന്‍റ് സ്കൂള്‍ - ഉന്നത വിദ്യാഭ്യാസങ്ങളില്‍ മുമ്പ് ഇടപെട്ടിട്ടില്ല. ആ മേഖലയിലെ അക്കാദമിക സ്വാതന്ത്ര്യവും ജനാധിപത്യതത്വങ്ങളുമാണ് അപ്പാടെ കീഴ്മേല്‍ മറിക്കപ്പെട്ടത്. ആരോഗ്യരംഗത്ത് മരുന്നും ഡോക്ടര്‍മാരും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്രമാത്രം അനാഥമായ സ്ഥിതി ഇതിനു മുമ്പുണ്ടായിട്ടില്ല. യുഡിഎഫ് ഗവണ്‍മെന്‍റ് നിലവില്‍ വന്ന് മാസങ്ങള്‍ക്കകം കര്‍ഷകരുടെ ആത്മഹത്യ വീണ്ടും കേരളത്തിന്റെ ശാപമായി. മന്ത്രിമാരില്‍ പലരും അഴിമതിക്കേസുകള്‍ നേരിടുന്നവരായതുകൊണ്ട് പോലീസിലും കോടതിയിലും വരെ നഗ്നമായ ഇടപെടലാണ് യുഡിഎഫ് നടത്തുന്നത്. പൊതുവിതരണ സംവിധാനത്തെ എത്ര പെട്ടെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത വിധത്തില്‍ തകിടം മറിച്ചത്?

സ്വകാര്യ ബാങ്കുകളെയും ബ്ലേഡ് ഇടപാടുകാരെയും സഹായിക്കാനായി, മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കിങ്ങ് പ്രവര്‍ത്തനത്തില്‍ നിന്ന് പുറംതള്ളുന്നതിനായി പ്രൊഫ. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വനംകൊള്ള, ഭൂ-മണല്‍ മാഫിയകള്‍ മുതലായവയിലെ ജനശത്രുക്കളുടെ രക്ഷകരായി എത്ര വേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ മാറിയത്? അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരവും സമഗ്ര വികസനപരവുമായ ഭരണത്തിനുശേഷം എത്രവേഗമാണ് യുഡിഎഫ് സര്‍ക്കാര്‍ അതിെന്‍റ ഗുണം മുഴുവന്‍ ഇല്ലാതാക്കിയത്! എത്ര വേഗമാണ് ഭരണത്തിന്റെ നിയന്ത്രണം ജനശത്രുക്കളുടെ കൈകളില്‍ ഒതുങ്ങിയത്! നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിയെ കുറിച്ച് നാം ചരിത്രത്തില്‍നിന്ന് വായിച്ചറിഞ്ഞിട്ടേയുള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹാരമില്ലാതെ ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍ , ഇവിടെ മുഖ്യമന്ത്രി ആ ജില്ലയിലേക്ക് ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാതെ മറ്റു ജില്ലകളില്‍പോയി ഡര്‍ബാര്‍ നടത്തുകയാണ്!

സാധാരണഗതിയില്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് കേരളം ഉല്‍സവങ്ങളുടെ, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, പല രാജ്യങ്ങളില്‍നിന്നു സന്ദര്‍ശകരായി വിരുന്നുവരുന്നവരുടെ കേന്ദ്രമായി മാറുകയാണ് പതിവ്. പക്ഷേ, ഇപ്പോള്‍ സാംസ്കാരികമായി കേരളം ഉല്‍ക്കണ്ഠാകുലമായ നിലയിലാണ്. ഒരു കാരണംകൊണ്ടല്ല, പല കാരണങ്ങള്‍കൊണ്ട്. ആ ദുര്‍ഗതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതില്‍ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ജനാധിപത്യപരമായി, സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട്, സാര്‍വത്രികമായ പുരോഗതി കൈവരിച്ചുകൊണ്ട് ശീഘ്രഗതിയിലുള്ള വികസനം നടപ്പാക്കിയതിനെ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കാനായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സാമുദായിക ശക്തികളും കൂടി പുറംതള്ളി. എന്നിട്ട് അവര്‍ പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്‍റിനെ അവരോധിക്കുകയും ചെയ്തു. അതിെന്‍റ എല്ലാ പിന്നാമ്പുറ കാഴ്ചകളും അങ്ങനെ രൂപപ്പെട്ട ഗവണ്‍മെന്‍റിന്റെ സകല ദുഷ്ചെയ്തികളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതിന്റെ സാര്‍വത്രിക പരാജയവും ജനസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് 2011 യവനികക്ക് പിന്നിലേക്ക് മറയുന്നത്.

*
സി പി നാരായണന്‍ ചിന്ത വാരിക

Sunday, January 1, 2012

നമ്മുടെതന്നെ ഒച്ചകള്‍ , കാഴ്ചകള്‍

2011-ല്‍ പുറത്തുവന്ന എല്ലാ മലയാള കഥകളും വായിച്ച മലയാളികള്‍ എത്രപേരുണ്ടാകും? ഒരുപക്ഷേ ആരും കാണില്ല. "പ്രശസ്തര്‍" എന്ന ഒരുപട്ടിക സ്വയമുണ്ടാക്കി അവരുടെ രചനകള്‍ മാത്രം നോക്കി മികച്ചവ കണ്ടുപിടിക്കുക എന്നത് ജനാധിപത്യവിരുദ്ധമായ ഏര്‍പ്പാടാകുമെന്നുറപ്പുമാണ്. ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞവയില്‍ , ഓര്‍മ്മയില്‍ പ്രത്യേക സ്ഥാനംനേടിയ കഥകളില്‍ കുറച്ചെണ്ണത്തെക്കുറിച്ച് ചില പ്രതീതികള്‍ അവതരിപ്പിക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. "മികച്ച", "ഏറ്റവും നല്ല" തുടങ്ങിയ വിശേഷണങ്ങള്‍ . ഏറിയകൂറും വ്യക്തിപരമായ തീരുമാനങ്ങളുടെ കനികളാണെന്ന് ഉറപ്പിച്ചുകൊണ്ട് അവ മാറ്റിനിര്‍ത്താന്‍ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു. എഴുത്തുകാരുടെ സ്ഥാനവലിപ്പവും ഇവിടെ നോക്കുന്നില്ല- മറ്റ് സംവരണതത്വങ്ങളും പാലിക്കുന്നില്ല.
ഈ വര്‍ഷം വായിച്ച നിരവധി ചെറുകഥകളെക്കുറിച്ച് ഒരു കാര്യം ഉറപ്പിച്ചുപറയാം- മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ അവയുടെ രാഷ്ട്രീയ- സാംസ്കാരിക താല്‍പര്യങ്ങള്‍കൊണ്ട് മാറ്റിനിര്‍ത്തുന്ന നൂറുകണക്കിന് വിഷയങ്ങളും വിഷമങ്ങളും സന്ദേഹങ്ങളും സന്ദിഗ്ധതകളും മലയാളിമനസ്സില്‍ ഉണ്ട്; അവയുടെ കൂടും കൂടാരവുമാകുക എന്ന നിലയാണ് കഥാസാഹിത്യത്തിനുള്ളത്. നമ്മുടെ വികസന വിദഗ്ധരും ഭരണകര്‍ത്താക്കളും മന:ശാസ്ത്രജ്ഞന്മാരും ഉദ്യോഗസമൂഹവുമെല്ലാം കഥകളായിവന്ന ഈ യാഥാര്‍ഥ്യങ്ങളെ സഗൗരവം പരിഗണിക്കുമ്പോഴേ അവര്‍ക്ക് കേരളത്തിന്റെ തനിരൂപം മനസ്സിലാക്കാന്‍ കഴിയൂ.

"പെസഹ" എന്ന കഥ (ധന്യാരാജ്)യെപ്പറ്റി പറയട്ടെ. സമീപകാലത്ത് ധാരാളം ചലച്ചിത്രങ്ങളില്‍ വന്ന അമ്മയും മുതിര്‍ന്ന മക്കളും അവരീഴട കുടുംബങ്ങളും വിരുന്നുവരലും ഒക്കെയുള്ള കഥതന്നെ ഇത്. ചില സിനിമകളിലെ രംഗങ്ങള്‍ ഇതില്‍ ക്ലിപ്പ് ചെയ്തതുപോലെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , ആ സിനിമകളെ വിമര്‍ശിക്കുന്ന ഒരു സ്ഥാനം കഥയ്ക്കകത്ത് വളര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതിലേക്കാണ് വായനക്കാരുടെ ശ്രദ്ധ പതിയുക. കരോലിന്‍ എന്ന് ഓര്‍മയുടെ വിചിത്രശ്രുതിയില്‍ വിളിക്കപ്പെടുന്ന മകളുടെ (അനുജത്തിയുടെ) പ്രണയ- മരണങ്ങളുടെ ആഖ്യാനം വാണിജ്യചലച്ചിത്രത്തിന് അതിന്റെ ദൃശ്യഭാഷയ്ക്ക്, അന്യമായ പ്രശ്നാത്മകത കഥയ്ക്ക് നല്‍കുന്നു. കുടുംബം, പ്രണയം, രക്ഷാകര്‍ത്തത്വം എന്നിവയ്ക്കൊപ്പം ഒരു മാധ്യമത്തെയും വിമര്‍ശനവിധേയമാക്കാന്‍ കഴിയുന്നുവെന്നതാണ് കഥയുടെ വിജയം. കഥയെഴുത്തിന് സിനിമാറ്റിക്ക് ആഖ്യാനം സഹായകമായിട്ടുണ്ട്. ദൃശ്യങ്ങളുടെ കൂടിക്കലരലും പലപല കാലഘട്ടങ്ങളുടെ ചേര്‍ച്ചയുമെല്ലാം ചലച്ചിത്രാനുശീലനത്തില്‍നിന്ന് വരുന്നതാണ്. അപ്പോഴും അത് മാധ്യമവിചാരണയായി നില്‍ക്കുകയും ചെയ്യുന്നു.

ഒട്ടും ഓര്‍മകളില്ലാത്ത, വര്‍ത്തമാനകാലത്തിന്റെ സമതലത്തില്‍ മാത്രം വിഹരിക്കുന്ന ആഖ്യാനമാണ് സി അനൂപിന്റെ "മനുഷ്യാലയചന്ദ്രിക" മനുഷ്യാലയ ചന്ദ്രിക ഒരു വാസ്തുശാസ്ത്രഗ്രന്ഥത്തിന്റെ പേരാണെന്നത് പ്രസിദ്ധം. ഇവിടെ അതുപയോഗിച്ചിരിക്കുന്നത് ചന്ദ്രിക എന്നയാളിന്റെ വീട് എന്ന അര്‍ഥത്തിലാണ്. എന്നാല്‍ , ആ വീട് എത്രമാത്രം മനുഷ്യാലയമാണ് എന്നത് കഥയുടെ ധ്വനിപാഠമാണ്. നാഗരിക അണകുടുംബത്തിലെ ഭാര്യയും അമ്മയുമാണ് ചന്ദ്രിക. അവിടെ ഉപഭോഗജീവിതമാണ് വാഴ്ചനടത്തുന്നത്. ഭക്ഷണവിഭവിവരണം ഇത്രമേല്‍ ആവര്‍ത്തിച്ചുവരുന്ന ഒരു മലയാളകഥ അടുത്തൊന്നും വന്നിട്ടില്ല. കരുതികൂട്ടി, മടുപ്പുണ്ടാകുന്ന തരത്തില്‍ , ഇത് കഥയില്‍ ഉപയോഗിച്ചിരിക്കുന്നു. പരസ്പരം തിരിച്ചറിയാത്ത വ്യക്തികള്‍ ഒന്നിച്ചുപാര്‍ക്കുന്ന കെട്ടിടമെന്ന് വീടിനെ നിര്‍വചിക്കേണ്ടിവരുന്ന അവസ്ഥ. സരള ശക്തയായി ഈ കഥ. അവതരിപ്പിക്കുന്നു. ചന്ദ്രികക്ക് ഇതിനൊരു പ്രതിവിധിവേണമെന്ന് അവ്യക്തമായേ ചിന്തിക്കാനാവുന്നുള്ളൂ. അതിനാലാണ് കഥാന്ത്യം സന്ദിദ്ധമായിതീരുന്നത്.

പൂട്ടിയ തൊഴില്‍ശാലകള്‍ , വായനശാലകള്‍ , വിദ്യാലയങ്ങള്‍ , കലാസമിതികള്‍ എന്നിവയും താമസിക്കാനാളില്ലാത്ത തറവാടുകളും കഥയ്ക്ക് വിഷയമാവാറുണ്ട്. പൂട്ടിയ മദ്യശാലയ്ക്ക് ഒരു വിഷയപദവി കിട്ടുന്നത്, മദ്യാസ്വാദനം വലിയ രസവും വാണിജ്യവുമായിത്തീരുന്ന ഒരു ദേശസന്ദര്‍ശനത്തിലാണ്. സക്കറിയയുടെ "മദ്യശാല" പ്രത്യക്ഷത്തില്‍ ഈ വിമര്‍ശത്തിനൊന്നും ശ്രമിക്കുന്നില്ല. മദ്യശാല പൂട്ടിയ കാഴ്ചയോട് മദ്യപര്‍ പ്രതികരിക്കുന്നവിധം പ്രാഥമികമായ നൃത്താന്തമായി രേഖപ്പെടുത്തുന്ന ശൈലിയിലാണ് കഥ. അധ്വാനത്തെ കേരളത്തിന്റെ പൊതുനിലയോട് ചേര്‍ത്തുവെക്കുമ്പോഴാണ് അതിയെ വിമര്‍ശനോര്‍ജ്ഞം ഗണനീയമാണെന്ന് തെളിയുക.

യഥാതഥാഖ്യാനത്തിന്റെ പതിവുകളില്‍നിന്നുള്ള വല്ലാത്തൊരു ചാട്ടംകൊണ്ട് കനത്ത ആഘാതമുളവാക്കുന്ന കഥയെന്ന് കണ്ണന്‍ കരിങ്ങാടിന്റെ "അഗ്നിപ്രവേശ"ത്തെ വിവരിക്കാനാഗ്രഹിക്കുന്നു. ഭര്‍ത്താവ് സുഖലോലുവന്‍ , സി അന്തവിന്റെ "മനുഷ്യാലയ ചന്ദ്രിക"യിലെ ഭര്‍ത്താവിനെപ്പോലെതന്നെ. അയാള്‍ ഭാര്യയുടെ "ശുദ്ധി"യില്‍ സംശയാലു. ഈ പീഡനത്തിലുള്ള ഭാര്യയുടെ പ്രതികരണം ഉച്ചസ്ഥായിയില്‍ രേഖപ്പെടുത്തുകയാണ് കഥ. വീടിന് മുന്നില്‍ തീ കൂട്ടി, രാമായണത്തിലേതുപോലെ, അതില്‍ കയറുന്ന ഭാര്യയാണ് ഒടുവിലെ കാഴ്ച. ഇതൊപ്പിയെടുക്കാന്‍ ചാനല്‍ ക്യാമറകള്‍ , ആളുകളുടെ സാന്നിധ്യം. ആത്മഹത്യയുടെ സ്വകാര്യതയെക്കാള്‍ ആഘാതജനകമാണ് പ്രമേയഭാരമുള്ള ഈ തുറന്ന മരണമെന്ന് കഥയില്‍നിന്നറിയാനാവുന്നു. മരണക്കാഴ്ചയെ ഒരു പരിഹാരമാര്‍ഗം എന്ന നിലയില്‍ കഥ പരിചരിക്കുന്നില്ല. കഥയ്ക്കകത്ത് ആ കാഴ്ചയേക്കാള്‍ പ്രധാനം അതിന്റെ സാമൂഹ്യധ്വനികള്‍ തന്നെ. ഫാന്റസിയുടെ അര്‍ഥമാനത്തെ ഇങ്ങനെ കാര്യഗൗരവത്തോടെ പ്രയോജനപ്പെടുത്തുന്ന കഥയാണ് "അഗ്നിപ്രവേശം".

വാസം, പ്രവാസം എന്നീ അനുഭവങ്ങള്‍ വളരെകുറച്ച് സാമഗ്രികള്‍കൊണ്ട് സ്ഥാനപ്പെടുത്തിയ കഥയാണ് വത്സലയുടെ "വീട്ടിലേക്കുള്ളവഴി". അമ്മ, മകന്‍ ഇവരുടെ അടുപ്പം കഥയില്‍ തുടക്കത്തില്‍ കാണാനാവുന്നു. ചില്ലുജാലകത്തില്‍ തലയിടിച്ച് വീഴുന്ന പക്ഷിപ്രവാസിയുടെ പ്രതീകം തന്നെയാവാം. കഥയുടെ ശിഷ്ടഭാഗം, പക്ഷേ, ഇതിശന്റ തുടര്‍ച്ചയല്ല. മകന്‍ പ്രവാസനാഗരികതയെ സ്വീകരിക്കുകയാണ്. ഒന്നിനേയും ആദര്‍ശവല്‍ക്കരിക്കാതെ, എല്ലാറ്റിനേയും അതിന്റെ അനിവാര്യതയില്‍ മനസ്സിലാക്കുന്ന കഥാസമീപനമാണ് ശ്രദ്ധേയം. കാല്‍പനികതയുടെ സാധ്യതകള്‍ക്ക് അപ്പുറമാണ് ഈ സമീപനം. അമേരിക്കന്‍ ജീവിതം നേരില്‍ കണ്ടറിഞ്ഞ കഥാകാരി, അങ്ങനെകിട്ടിയ ദൃശ്യപ്രതീതി ശേഖരത്തില്‍നിന്ന് ഔചിത്യദീക്ഷയോടെ നടത്തിയ തെരഞ്ഞെടുപ്പും ഈ കഥയില്‍നിന്ന് വായിച്ചറിയാം.

സമ്പന്നതയുടെ സുഖാനുഷ്ഠാനങ്ങളാണ് ഇക്കഥയുടെ ആശയ സാമഗ്രികളെങ്കില്‍ പ്രവാസത്തിശന്റ മറുവശം ദുര്‍ഗന്ധത്തിന്റെയും ഇടുക്കത്തിശന്റയും അനുഭവങ്ങള്‍കൊണ്ട് ചിത്രീകരിക്കുന്ന കഥയും നമ്മുടെ ഭാഷയില്‍ ഉണ്ടാകുന്നുണ്ട്- യാസര്‍ അറാഫത്തിന്റെ "വിയര്‍പ്പുമാളികയിലെ ചുവന്ന അക്കങ്ങള്‍ പറയുന്നു..." ദരിദ്ര മലയാളികള്‍ കേരളത്തിനകത്തുതന്നെ നാടുവിട്ട ജീവിതം നയിക്കുന്നുവെന്നും കേരളത്തിലേക്ക് മറുനാടുകളില്‍നിന്ന് പാവങ്ങളായ ആളുകള്‍ തൊഴിലിനായി എത്തി പ്രവാസിജീവികളായ കഴിയുന്നുണ്ടെന്നും അവര്‍തമ്മില്‍ വര്‍ഗമോദനകൊണ്ടൊരു ഐക്യം സാധ്യമാണെന്നും പാരുഷ്യം കൊണ്ടെഴുതപ്പെട്ട ഈ കഥയില്‍ തെളിയിക്കപ്പെടുന്നു. ഓരത്തേക്ക് തള്ളിമാറ്റപ്പെട്ടവരുടെ അനാകര്‍ഷകമായ വേളകളും പേടികളും ഒറ്റപ്പെടലും അനിവാര്യമായ തീവ്രതയോടെയാണ് കഥ ആവിഷ്കരിക്കുന്നത്.
സേതു "കാറല്‍ഡീന്റെ വിളി" എന്ന ചെറുകഥയില്‍ ചവിട്ടുനാടകത്തിന്റെ രംഗവും ലോകനാടകത്തിന്റെ രംഗവും ഒന്നിച്ച് ചേര്‍ക്കുന്നു. നായകത്വം എന്ന വിഷയത്തെ ഇങ്ങനെയൊരു ദാര്‍ശനിക സമീക്ഷയില്‍ പരിചരിക്കുകയാണ് കഥ. നടന്‍ നടന്‍ മാത്രമല്ല, തട്ടിന് പറുത്ത് അയാള്‍ക്ക് വേറൊരു ജീവിതമുണ്ട്. നാടകത്തിന്റെ നയങ്ങള്‍ മുഴുവനായും ഊരിവെച്ചിട്ടാണ് അയാള്‍ ആ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതെങ്കില്‍ പ്രശ്നമൊന്നുമില്ല. നല്ല കലാകാരന്മാര്‍ക്ക് ഇത് സാധിക്കുകയില്ല. നാടകത്തെ വെറും കളിയായല്ല അവര്‍ കാണുക- കഥാപാത്രങ്ങളിലേക്ക് സ്വന്തം ജീവിതബോധത്തിന്റെ പ്രാണന്‍കൂടി അവര്‍ പ്രവേശിപ്പിക്കും. ഈ കഥയിലെ ഗ്രാമീണനായ, നടന്‍ തിമോത്തിയുടെ സമസ്യ ഇതാണ്. ചവിട്ടുനാടകത്തെ സംരക്ഷിക്കുന്ന കൊമ്പിക്ക് ചുറ്റുമുള്ള സമൂഹങ്ങളുശട ജീവിത- ഭാഷാവ്യവഹാരങ്ങളുടെ നാടകീയമായ വിന്യാസത്തിലുള്ള ശ്രദ്ധ ഈ കഥയെ സവിശേഷമായ സംസ്കാരസാമഗ്രി കൂടിയാകുന്നുണ്ട്.

ഈ വര്‍ഷം പുറത്തുവന്ന കഥാസമാഹാരങ്ങളില്‍ രണ്ടെണ്ണത്തെക്കുറിച്ചാണ് എടുത്തുപറയാനുള്ളത്. വി ആര്‍ സുധീഷിന്റെ 35 കൊല്ലക്കാലത്തെ കഥാ പ്രവര്‍ത്തനത്തില്‍നിന്ന് തെരഞ്ഞെടുത്ത 20 കഥകളുടെ സമാഹരമായ "പ്രിയപ്പെട്ട കഥകള്‍". അടിസ്ഥാന വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന സന്ദര്‍ഭങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പുസ്തകമാണ്. വംശാനന്തര തലമുറ, സൈക്കിള്‍ , കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍ , തിയറ്റര്‍ , വിരല്‍ എന്നീ കഥകള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ് രചനകള്‍ . ചരിത്രത്തെ രാഷ്ട്രന്തരീയ വിഷയമായി കാണുമ്പോഴുണ്ടാകുന്ന ധൈഷണികളായ അന്തരീക്ഷത്തെ കഥാത്മകമായി വിന്യസിക്കുന്ന ഏതാനും കഥകളടങ്ങിയ പി ജെ ജെ ആന്റണിയുടെ "പിതൃങ്ങളുടെ മുസോളിയ"മാണ് പുതിയ കഥനത്തിന്റെ ഒരു ഇടം എന്നനിലയില്‍ ആകര്‍ഷിച്ചത്.

വ്യക്തിപരതയുടെ കൊണ്ടാടലാവാതെ, തീവ്രമായ സാമൂഹ്യാങ്കനങ്ങളായ നിലനില്‍ക്കുന്ന പുതിയ കഥകളെ വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാത്ത്, വിഷമിപ്പിക്കുന്ന തിരിച്ചറിവുകള്‍ കൈവിട്ട് പുതുമുതലാളിത്തം പരസ്യപ്പെടുത്തുന്ന മാതൃകക്കൊത്ത് ജീവിതം ചിട്ടപ്പെടുത്താന്‍ തിടുക്കം കാട്ടുന്ന ഒരു ജനതയുടെ സ്വാഭാവികമായ താല്‍പര്യക്കുറവ് കൊണ്ടുതന്നെയാണോ? വിനോദിപ്പിക്കാത്ത എല്ലാറ്റിനെയും വെറുക്കുക എന്നത് നാട്ടുമര്യാദയാവുകയാണ് എന്നു തോന്നുന്നു.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 01 ജനുവരി 2012

Saturday, December 31, 2011

ചെറുത്തുനില്‍പ്പുകളുടെ വര്‍ഷം

മാതൃരാജ്യത്തിന്റെ ഭാഗമാണെന്ന് പോലും ഓര്‍ക്കാനാകാതെ ഇന്ത്യയുടെ തന്നെയായ ഒരു ഭാഗം. ആ ഭാഗത്തെക്കുറിച്ച് മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മ്മിള എഴുതിയ വരികളാണിത്. ഇക്കഴിഞ്ഞ നവംബര്‍ 2ന് ഇറോമിന്റെ നിരാഹാര സമരം പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആദ്യമായി അഫ്‌സ്പ എന്ന കാട്ടാള നിയമം പിന്‍വലിക്കുന്നതിന് അനുകൂലമായി ഏതാനും ശബ്ദങ്ങളെങ്കിലും ഉയര്‍ന്നു തുടങ്ങിയത്.

ഇറോമിന്റെ സമരം ഇപ്പോഴും തുടരുകയാണെങ്കിലും വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ കനല്‍ ജ്വലിച്ചത് ഈ വര്‍ഷമാണ്. സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കഴിഞ്ഞ നവംബറില്‍ രംഗത്തെത്തിയതോടെയാണ് ഇത്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത് പ്രതീക്ഷ നല്‍കിയെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥിരം രാഷ്ട്രീയ നാടകം കളികളില്‍ വര്‍ഷാവസാനമായപ്പോഴേക്കും ആ വിഷയം പതുക്കെ എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. ഏത് വിഷയങ്ങളും ഇത്തരത്തില്‍ തന്നെയാണ് താല്‍ക്കാലിക വാര്‍ത്താ പ്രധാന്യങ്ങള്‍ ലഭിക്കുകയും പിന്നീട് മറ്റൊരു വിഷയം (അത് മുമ്പത്തേതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെങ്കില്‍ കൂടി) ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഇല്ലാതായി പോകുകയും ചെയ്യുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത്.

അരുഷി വധത്തിന്റെ വിചാരണയായിരുന്നു ഈ വര്‍ഷത്തിന്റെ ആദ്യം ഇന്ത്യയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. ലോക്പാല്‍ ചര്‍ച്ചകള്‍ സജീവമായതും ഈ വര്‍ഷം തന്നെ. എന്നാല്‍ ഈ വര്‍ഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് 2ജി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയുടെ അറസ്റ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ഈ അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചതും ഈ വര്‍ഷമാണ്.

ഈ വര്‍ഷം ടൈംമാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് 2 ജി കേസിന് നല്‍കിയത്. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് അഴിമതി മാത്രമാണ് ഇതിന് മുന്നിലുള്ളത്.

കേസില്‍ ആരോപണ വിധേയനായ രാജ 2010 നവംബറില്‍ രാജിവച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഈ വര്‍ഷമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി അധികാരം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ജയിലിലടയ്ക്കപ്പെട്ടത്. ഫെബ്രുവരി 2നാണ് രാജ അറസ്റ്റ് ചെയ്യപ്പെട്ടതും തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും. ഇദ്ദേഹത്തോടൊപ്പം രണ്ട് സഹായികളും അറസ്റ്റിലായി. സി ബി ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ മൂന്ന് കമ്പനികളുള്‍പ്പെടെ പതിനേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹുറയും ഇപ്പോഴും തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരാണ്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ കെ ചന്ദോലിയയ്ക്ക് വര്‍ഷത്തിന്റെ അവസാനം ജാമ്യം ലഭിച്ചു. മറ്റൊരു മന്ത്രിയും ഡി എം കെ നേതാവുമായ ദയാനിധി മാരന്റെ രാജിക്കും ഈ കേസ് കാരണമായി. ഡി എം കെയുടെ രാജ്യസഭാംഗം കനിമൊഴിയായിരുന്നു കേസില്‍ അറസ്റ്റിലായ മറ്റൊരു രാഷ്ട്രീയ നേതാവ്.

രാജ്യത്തെ അഴിമതിക്കെതിരായ ജനങ്ങളുടെ വികാരം പ്രകടമായതും ഇതേവര്‍ഷം തന്നെയാണ്. അന്നാ ഹസാരെ ഏപ്രില്‍ അഞ്ചിന് ജന്തര്‍മന്ദിറില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അമ്പരപ്പിച്ചു. ഒടുവില്‍ ലോക്പാല്‍ ബില്ലിനായി ഒരു സംയുക്ത സമിതിയെ രൂപീകരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ ഒമ്പതിന് അദ്ദേഹം സമരം അവസാനിപ്പിച്ചു. പിന്നീട് തന്റെ ആവശ്യങ്ങള്‍ നിറവേറാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയിലും തിഹാര്‍ ജയിലിലുമായി നടത്തിയ നിരാഹാര സമയം 12 ദിവസം നീണ്ടു നിന്നു.

എന്നാല്‍ ഹസാരെ സമരത്തിലെ ബി ജെ പിയുമായി ഒത്തു ചേര്‍ന്നുള്ള രഹസ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുറത്തു വന്നതോടെ ഹസാരെയ്ക്കുള്ള ജനപിന്തുണ കുറഞ്ഞു വന്നു. സമരം അഴിമതിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നില്ലെന്നതും ഹസാരെയുടെ ജനപ്രീതി കുറച്ചു. കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ അഴിമതിക്ക് അടിസ്ഥാനമെന്ന വസ്തുതയെ ബോധപൂര്‍വം മറന്നായിരുന്നു ഹസാരെയുടെ സമരം. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ഹസാരെ മൗനം അവലംബിച്ചത് ഹസാരെ സമരം അമേരിക്കയില്‍ നിന്നുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ ധനസഹായത്തോടെയാണെന്ന് വ്യക്തമാകാന്‍ കാരണമായി. വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും ഹസാരെ സമരത്തിന്റെ നിറംമങ്ങുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. ഡിസംബര്‍ അവസാനം ഹസാരെ നടത്തിയ മൂന്ന് ദിന നിരാഹാര സമരം പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനാല്‍ രണ്ടാം ദിവസം അവസാനിപ്പിക്കേണ്ടിയും വന്നു.

ഈ വര്‍ഷം രാജ്യം കണ്ട മറ്റൊരു രാഷ്ട്രീയ നാടകമായിരുന്നു ലോക്പാല്‍ ബില്‍. ശക്തമായ ലോക്പാല്‍ രാജ്യം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭേദഗതികളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഴിമതിയുടെ അടിസ്ഥാനമായ കോര്‍പ്പറേറ്റുകളെ തീര്‍ത്തും ഒഴിവാക്കിയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്പാലിന്റെ കരട് തയ്യാറാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ലോക്‌സഭയില്‍ ശക്തമായ നിലപാടു സ്വീകരിച്ചത് ഇടതുപക്ഷം മാത്രം. കോണ്‍ഗ്രസും ബി ജെ പിയും മറ്റെല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റകരമായ നിശബ്ദത പാലിച്ചു. ലോക്പാല്‍ ലോകായുക്ത ബില്‍ ലോക്‌സഭയില്‍ പാസാക്കപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയില്‍ ഇത് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയും വര്‍ഷത്തിന്റെ അവസാനം ജനങ്ങള്‍ കണ്ടു. അതോടെ അഴിമതിരഹിത ഇന്ത്യ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക്‌മേല്‍ ഇരുള്‍ വീഴുകയും ചെയ്തു.

രാഷ്ട്രീയ നാടകങ്ങളില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധേയമായത് കര്‍ണാടകത്തിലെ സംസ്ഥാന രാഷ്ട്രീയമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയ ബി ജെ പി മുഖ്യമന്ത്രി അഴിമതി ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്നതായിരുന്നു ഇവിടുത്തെ പ്രധാന സംഭവ വികാസം. അധികാരമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറസ്റ്റിലുമായി. ജൂലൈ 31നാണ് യെദ്യൂരപ്പ രാജി സമര്‍പ്പിച്ചത്. ഖനി കുംഭകോണവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നായിരുന്നു യെദ്യൂരപ്പയുടെ രാജി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ബി ജെ പിക്ക് ഈ വര്‍ഷം കിട്ടിയ കനത്ത തിരിച്ചടിയായി ഇത്. അഴിമതിക്കെതിരായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടാന്‍ ശ്രമിച്ച ബി ജെ പി ബി ജെ പി അഴിമതിയുടെ പേരില്‍ നാണം കെടുന്ന കാഴ്ചയ്ക്കാണ് വര്‍ഷത്തിന്റെ അവസാനം സാക്ഷിയായത്.

അഴിമതിക്കൊപ്പം പാര്‍ട്ടിക്കകത്തെ ചേരിപ്പോരും പാര്‍ട്ടിക്ക് വിനയാകുന്നുണ്ടായിരുന്നു. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള നേതൃത്വ തര്‍ക്കത്തിനും 2011 സാക്ഷിയായി. അദ്വാനിയുടെ രഥയാത്രയ്ക്ക് ബദലായി മോഡി നടത്തിയ സദ്ഭാവനാ യജ്ഞം ഈ ചേരിപ്പോര് അരങ്ങിലെത്തിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് കത്തിപ്പടരുന്ന വിഷയമായ തെലുങ്കാന പ്രശ്‌നം ഈ വര്‍ഷവും പരിഹരിക്കപ്പെടാനാകാതെ തുടര്‍ന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി നടക്കുന്ന വാദം കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കൂടംകുളം ആണവ നിലയവും അതിനെച്ചൊല്ലിയുള്ള സമരവുമാണ് ഈ വര്‍ഷം ശ്രദ്ധേയമായ സമരം. ജപ്പാനിലെ ഭൂചലനവും തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ചയുമാണ് കൂടംകുളത്തെ ജനങ്ങളെ ആണവ നിലയത്തിനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. നിര്‍ദ്ദിഷ്ട കൂടംകുളം ആണവ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ അണിനിരക്കുകയായിരുന്നു ഇവിടെ. ആണവനിലയം ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തതോടെ പദ്ധതി വേണ്ടെന്ന് വയ്ക്കുകയും സമരം അവസാനിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വളര്‍ന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടുപോകനുള്ള രഹസ്യനീക്കം നടത്തുന്ന ജയലളിത സര്‍ക്കാരിനെയാണ് വര്‍ഷാവസാനം നാം കാണുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ കൂടംകുളം പദ്ധതിയ്ക്ക് വേണ്ടിയുള്ള സമവായമായി വേണം കരുതാന്‍.

അതേസമയം സമാനമായ മറ്റൊരു സമരത്തിന് കൂടി ഈ വര്‍ഷം ഇന്ത്യ സാക്ഷിയാകുന്നുണ്ടായിരുന്നു. ജെയ്താപൂര്‍ ആണവനിലയത്തിനെതിരായ സമരമാണ് അത്. പദ്ധതിക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത നടപടി ഈ വര്‍ഷമാദ്യം തന്നെ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരില്‍ സമരപരിപാടിക്ക് നേതൃത്വം നല്‍കുന്ന മൃളിന്ദ് ദേശായി അടക്കം പതിനെട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ജെയ്താപൂരിലെ സമരവും ഇപ്പോഴും തുടരുകയാണ്.

കുടിയൊഴിക്കപ്പെടുന്നവന്റെ വേദന, ഇടംനഷ്ടപ്പെടുന്നവന്റെ രോദനമാണ്. ദേശീയ തലത്തില്‍ ഈവര്‍ഷം ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ഭീതിയും അതിനെതിരായ സമരവും നടക്കുന്നത് ഒറീസയിലെ ജഗത്‌സിംഗ്പുരിലാണ്. പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് സ്റ്റീല്‍പ്ലാന്റ് സ്ഥാപിക്കാനായി ആയിരക്കണക്കിന് ഗ്രാമീണരാണ് ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത്. ആറു വര്‍ഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്ന സമരത്തിന് നേരെ ഇനിയും അധികൃതര്‍ കണ്ണു തുറന്നിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിക്കൊപ്പം ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുക കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജഗത്‌സിംഗ്പുരില്‍ പദ്ധതിക്കെതിരായി ജനകീയ ചെറുത്തുനില്‍പ്പ് തുടരുകയാണ്.

അടിച്ചമര്‍ത്തലുകളും അഴിമതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനു കൂടി ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. വരാനിരിക്കുന്ന വര്‍ഷം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും അഴിമതിക്കും വിലക്കയറ്റത്തിനും സാമ്പത്തിക അനീതികള്‍ക്കുമെതിരായ ജനകീയ ചെറുത്തുനില്‍പ്പുകളാണ് കാലം കാത്തു വയ്ക്കുന്നത്.

*
അരുണ്‍ ടി വിജയന്‍ ജനയുഗം 31 ഡിസംബര്‍ 2011

2011 - നാള്‍വഴികളിലൂടെ

1

ഒരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് കാതോര്‍ത്താണ് സംസ്ഥാനം 2011 ലേക്ക് കടന്നത്. സംസ്ഥാനത്ത് ഒരു അധികാരമാറ്റമുണ്ടാകുമോയെന്നത് നാടെങ്ങും ചര്‍ച്ചാ വിഷയമായ കാലമായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍തന്നെയാണ് 2011 വിട പറയുന്നതും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേരളം കാതോര്‍ക്കുന്ന രാഷ്ട്രീയ അനശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അത്തരം ഒരു തിരഞ്ഞെടുപ്പ് ഒരുപക്ഷേ കേരളരാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും.

ഏപ്രില്‍ 13 ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് മെയ് 13 ഫലം വന്നപ്പോള്‍ യു ഡി എഫിന് ലഭിച്ചത് കേവല ഭൂരിപക്ഷം മാത്രം. 140 അംഗ നിയമസഭയില്‍ വെറും 72 സീറ്റുകളാണ് യു ഡി എഫിന് കിട്ടിയത്. എല്‍ ഡി എഫിന് 68 സീറ്റും. അന്നുമുതലേ തുലാസിലാണ് യു ഡി എഫിന്റെ ഭാവി. ഇതിനിടെയാണ് കഴിഞ്ഞ നവംബര്‍ ഒന്നിന് കേരള കോണ്‍സ്ര് ജേക്കബ് വിഭാഗം നേതാവും മന്ത്രിയുമായിരുന്ന ടി എം ജേക്കബ് അന്തരിച്ചത്. ഇതോടെ പിറവത്ത് ഉപതിരഞ്ഞെടുപ്പും സമാഗതമായി. പിറവത്തെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് കേരളം കാത്തിരിക്കുന്നത്.

2

2011 ന്റെ തുടക്കത്തില്‍ മുഴങ്ങിയ വിവാദമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഭാര്യാസഹോദരന്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍. ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കേസ് ഒതുക്കിയതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍. ജനുവരിയുടെ അവസാന നാളുകളിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതിന് ആധാരമായ കുറച്ചുതെളിവുകളും മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനിലൂടെ റൗഫ് പുറത്തുവിടുകയും ചെയ്തു.

3

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ അപകടത്തില്‍പ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇത് സംബന്ധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പറുത്തുവന്നത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ മുഹമ്മദ് ഹനീഫ മൂന്നുമാസത്തിനകം ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കി.
വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ പരസ്യമായി അംഗീകരിക്കുകയും മറ്റുവഴികളിലൂടെ എതിര്‍ക്കുകയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്. കേസിലെ പ്രതിയായ ജിജി തോംസണെ കൊണ്ട് തുടരന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്ത മുഖ്യമന്ത്രി പിന്നീട് വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെക്കൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഔദ്യോഗിക പരാതി അയപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഡിസംബര്‍ രണ്ടിന് ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

4

സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനെ സുപ്രിം കോടതി അഴിമതിക്ക് ശിക്ഷിച്ച് ജയിലില്‍ അടച്ചതും 2011 ലാണ്. ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് ഒരുവര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത് ഫെബ്രുവരി 10 നായിരുന്നു. തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട പിള്ളയ്ക്ക് അതോടെ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യത കല്‍പ്പിക്കപ്പെട്ടു.

പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വാധീനത്തില്‍ കഠിനതടവ് എന്നാല്‍ പരോളാണെന്നാക്കിമാറ്റിയ പിള്ള അനുവദനീയമായതിലും കൂടുതല്‍ കാലം ജയിലിനു പുറത്തുകറങ്ങിനടന്നു. തുടര്‍ന്ന് ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവാസം നേടിയെടുത്തു. ഒടുവില്‍ കേരളപിറവി ദിനത്തില്‍ പിള്ളയുടെ ബാക്കി ജയില്‍വാസം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

5

ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതും സംസ്ഥാനത്ത് വിവാദകൊടുങ്കാറ്റുയര്‍ത്തി. പിള്ളയുമായി ശത്രുതയിലായിരുന്ന കൃഷ്ണകുമാര്‍ വാളകത്തുവച്ച് ആക്രമിക്കപ്പെട്ടത് സെപ്തംബര്‍ 27 നായിരുന്നു. തനിക്ക് വിരോധിയായി പിള്ള മാത്രമേയുള്ളൂവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടും അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു പൊലീസ് ശ്രമം. ഇതിനായി അധ്യാപകന്റെ സ്വഭാവദൂഷ്യം ഉള്‍പ്പെടെ നിരവധി കഥകള്‍ പടച്ചുകൂട്ടിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല.

നവംബര്‍ രണ്ടിന് കേസ് സി ബി ഐക്കുവിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. അന്നുതന്നെയായിരുന്നു ബാലകൃഷ്ണ പിള്ളയെ ജയില്‍ശിക്ഷ കുറച്ചുകൊടുത്ത് മോചിപ്പിച്ചതും. മാസം രണ്ടായിട്ടും ഈ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്തെ അന്വേഷണസംഘം തങ്ങളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടക്കാത്ത അവസ്ഥയാണുള്ളത്.

6

ഉമ്മന്‍ചാണ്ടിക്കായി തന്റെ ഒദ്യോഗിക ലറ്റര്‍ പാഡില്‍ ജഡ്ജിക്കെതിരെ പരാതി അയച്ച പി സി ജോര്‍ജ് അപകടത്തില്‍പ്പെടുന്നതാണ് പിന്നീട് കേരളം കണ്ടകാഴ്ച. കൂട്ടത്തില്‍ ബാലകൃഷ്ണപിള്ളയുടെ പുത്രനായ മന്ത്രി കെ ബി ഗണേഷ്‌കുമാറും ഉണ്ടായിരുന്നു. അസഭ്യ പ്രസംഗത്തിലൂടെ കേരള ജനതയെത്തന്നെ ഞെട്ടിക്കുകയായിരുന്നു ഇരുവരും. പ്രതിപക്ഷനേതാവിനെ കാമഭ്രാന്തനെന്നും ഞെരമ്പുരോഗിെയന്നും ചിത്രീകരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാര്‍. എ കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച പി സി ജോര്‍ജ് ആകട്ടെ നിയമസഭയിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പരുക്കേറ്റ രജനിയെന്ന വാച്ച് ആന്‍ഡ് വാര്‍ഡിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലെന്നപോലെ എല്ലാ മേഖലയിലും സംഭവബഹലമായ ഒരു വര്‍ഷമാണ് മലയാളികള്‍ പിന്നിടുന്നത്. വികസനത്തിലുള്‍പ്പെടെ നാനാതുറകളിലും കേരളം അതിവേഗം ബഹുദൂരം പിന്നിലായ വര്‍ഷം. ഓര്‍ത്തിരിക്കാന്‍ കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടേയും ഒരു വര്‍ഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്.

7

പോകുന്ന വര്‍ഷം പുലര്‍ന്നതു തന്നെ ദുരന്ത വാര്‍ത്തയുമായാണ്. ജനുവരി 14 ന് പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ മകര വിളക്ക് ദര്‍ശിക്കാനെത്തിയ 102 അയ്യപ്പ ഭക്തന്‍മാര്‍ പുല്ലുമേട്ടില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ ഏറെയും അന്യ സംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തമന്‍മാരാണ്. ഇതുവഴിയുള്ള തീര്‍ഥാടനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതും അപകടം നടന്ന സ്ഥലത്ത് ആവശ്യമായ വെളിച്ചം പോലും ഇല്ലാത്തതും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. ഭക്തരുടെ ഇടയിലേക്ക് ഒരു ജീപ്പ് നിയന്ത്രണം വിട്ട് കയറിയതാണ് അപകടത്തിന് കാരണമായത്. പരിഭ്രാന്തരായ ഭക്തര്‍ ഓടിയതിനെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. മരണ കാരണമന്വേഷിക്കാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍ ചെയര്‍മാനായി ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്തംബര്‍ 19 ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പുല്ലുമേട് വഴിയുള്ള തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് അമൂല്യ നിധിശേഖരം കണ്ടെത്തിയത് ലോകശ്രദ്ധ നേടി. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 27നാണ് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലെ ഭൂഗര്‍ഭ അറകളില്‍ ആമൂല്യങ്ങളായ നിധിശേഖരം ഉണ്ടെന്ന കേട്ട് കേള്‍വി യാഥാര്‍ഥ്യമാകുന്നതാണ് പിന്നീട് കണ്ടത്. ഓരോ നിലവറകള്‍ തുറന്നപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കിരീടവും ലഭിച്ചുവെന്ന വാര്‍ത്തകള്‍ ലോകമാകമാനമുള്ള മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. നിധിശേഖരത്തിന്റെ വാര്‍ത്തകള്‍ കടല്‍ കടന്നതോടെ ക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും വര്‍ധിച്ചു.

അമൂല്യശേഖരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കപ്പെടണമെന്നുമുള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ബി നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിലും ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ബി നിലവറ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് സുപ്രിംകോടതിയും അഭിപ്രായപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന നിധിശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. സുപ്രിംകോടതി പോലും ക്ഷേത്രത്തിന്റെ സുരക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കകം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. സുരക്ഷയ്ക്കായി കമാന്‍ഡോകളെ നിയോഗിച്ചു. ക്ഷേത്രവും പരിസരവും നിരീക്ഷിക്കാന്‍ അത്യാധുനിക കാമറകള്‍ സ്ഥാപിച്ചു. കണ്ടെത്തിയ നിധിശേഖരത്തിന്റെ മൂല്യം അളക്കുന്ന നടപടികള്‍ ആരംഭിക്കാനിരിക്കെ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാന്‍ സി വി ആനന്ദബോസിനെ നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു.

9

വിവാഹസ്വപ്നവുമായി വീട്ടിലേക്ക് യാത്ര ചെയ്യവെ അരുംകൊല ചെയ്യപ്പെട്ട സൗമ്യയുടെ നിഷ്‌കളങ്കമായ മുഖം ഓരോ മലയാളിയുടെയും വേദനയായി മാറി. ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യവേ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ സൗമ്യ പിച്ചിച്ചീന്തപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു. കേരള ജനത ഒന്നാകെ സൗമ്യയ്ക്ക് നീതി ലഭിക്കുന്നതിനായി അലമുറയിട്ടു. തമിഴ്‌നാട് വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വധശിക്ഷ വിധിക്കുമ്പോള്‍ കേരളം ആ വിധി നെഞ്ചിലേറ്റി.

പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് വക്കാലത്ത് ഏറ്റെടുക്കാന്‍ കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ മടിച്ചുനില്‍ക്കെ മുംബൈയില്‍നിന്ന് ബി എ ആളൂരാന്‍ എത്തി കേസ് വാദിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. കേസില്‍ പ്രതിഫലംപോലും വാങ്ങാതെ സൗമ്യക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് വിധി അറിഞ്ഞശേഷം വന്‍ സ്വീകരണമാണ് ലഭിച്ചത്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിവാദ പ്രസ്താവന നടത്തിയ ഡോ. ഉന്മേഷിനെതിരെ ജനരോഷമുയര്‍ന്നു. സര്‍ക്കാര്‍ ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്തു.

10

പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച മുന്‍ എം എല്‍ എ എം വി ജയരാജനെ കോടതിയലക്ഷ്യകേസില്‍ ജയിലിലടച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹൈക്കോടതിയിലെ ന്യായാധിപന്മാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചതാണ് കോടതി അലക്ഷ്യക്കേസായി പരിഗണിച്ചത്. നംവബര്‍ എട്ടിന് ഹൈക്കോടതി ജയരാജന് ആറുമാസത്തെ തടവും 2000 രൂപ പിഴയും വിധിക്കുകയായിരുന്നു. അന്ന് തന്നെ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ജയരാജന്‍ മോചിതനായി. പുറത്തിറങ്ങിയ ജയരാജന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ജയരാജനെ ശിക്ഷിച്ച വിധി മരവിപ്പിക്കാത്ത ഹൈക്കോടതിയുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.

11

2011 ല്‍ കേരളം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളില്‍ ഒന്ന് മാലിന്യസംസ്‌കരണ പ്രശ്‌നമായിരുന്നു. പ്രധാനമായും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണം. കോഴിക്കോട് ഞെളിയം പറമ്പില്‍ നിന്നാരംഭിച്ച മാലിന്യപ്രശ്‌നം തൃശൂരിലേക്കും കൊച്ചിയിലേക്കും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും വ്യാപിച്ചു. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ മാലിന്യസംസ്‌കരണം വഴിമുട്ടി. കൊച്ചിയില്‍ കോടികണക്കിന് രൂപ വിനിയോഗിച്ച് ബ്രഹ്മപുരത്ത് മാലിന്യപ്‌ളാന്റ് നിര്‍മിച്ചെങ്കിലും ഫലപ്രദമായി മാലിന്യസംസ്‌കരണം നടക്കാത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരങ്ങളായിരുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ വിളപ്പില്‍ ഗ്രാമപഞ്ചായത്തും ജനങ്ങളും എത്തിയതോടെ തലസ്ഥാനനഗരിയും ചീഞ്ഞുനാറിത്തുടങ്ങി. വിളപ്പില്‍ശാലയിലെ ചവര്‍ശാല പഞ്ചായത്ത് അധികൃതര്‍ പൂട്ടിയതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചു. മാലിന്യ സംസ്‌കരണത്തിനായി ഫലപ്രദമായ മോഡല്‍ ഇല്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നം. വരും കാലയളവില്‍ മാലിന്യപ്രശ്‌നമായിരിക്കും കേരളം നേരിടുന്ന വലിയ വെല്ലുവിളി.

12

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കേരളത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളാണ്. കാലപ്പഴക്കം മൂലമുണ്ടായ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം സംസ്ഥാനത്തെ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലുണ്ടായ തുടര്‍ച്ചയായ ഭൂചലങ്ങള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ ഏറെ ചൂടുപിടിപ്പിച്ചു. ഡാമിന്റെ ജലനിരപ്പ് 126 അടിയായി കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയേയും കേന്ദ്ര സര്‍ക്കാരിനേയും അറിയിച്ചു. എന്നാല്‍ കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍പം പരിഗണിക്കാന്‍ ഇരുവരും തയ്യാറായില്ല. ഡാം സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട് മുന്നോട്ടുവന്നു. പ്രശ്‌നം ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവുമായി വര്‍ഷാന്ത്യത്തില്‍ റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധരെത്തി. റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദഗധരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇറ്റലിയിലാണ് ഈ സാങ്കേതികവിദ്യ ആദ്യം ഉപയോഗിച്ച് ഡാം നിര്‍മിച്ചത്. 216 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ലോങ്ടാന്‍ ഡാമാണ് ലോകത്തെ ഏറ്റവും വലിയ റോളര്‍ കോണ്‍ക്രീറ്റ് ഡാം. പുതുവര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് കേരളീയര്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

13

പോയ വര്‍ഷം വിവിധ പകര്‍ച്ചപ്പനികള്‍ കാരണം 320 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചിക്കന്‍ഗുനിയ ,ഡെങ്കി, ടൈഫോയിഡ്, മലേറിയ, എച്ച് 1 എന്‍ 1 തുടങ്ങിയ പനികള്‍ ഗുരതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ കര്‍ശനമാക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ക്കു കാരണം. ഉന്മൂലനാശം വരുത്തിയെന്ന് നാം അഭിമാനംകൊണ്ട പല അസുഖങ്ങളും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തലപൊക്കി. മലേറിയ, ഡൈഫോയിഡ്, പോളിയോ, ബ്ലൂബേബി തുടങ്ങിയ രോഗങ്ങള്‍ വീണ്ടും സാന്നിദ്ധ്യം അറിയിച്ചു.

മനുഷ്യജന്യമായ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ നാടിന്റെ മണ്ണും പ്രാണവായുവും ജലാശയങ്ങളും. ദ്രവിച്ചു ദ്വാരം വീണ ജല വിതരണ പൈപ്പുകളിലൂടെ, നദികളിലും കിണറുകളിലും ഭൂഗര്‍ഭ ജല സ്രോതസുകളും വഴി നമ്മുടെ കുടിവെള്ളത്തിലും കഞ്ഞിക്കലത്തിലുമെല്ലാം തിരികെയെത്തുന്നുണ്ട് നാം നിക്ഷേപിക്കുന്ന ഓരോ മാലിന്യ കണികയും. മാലിന്യ നിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പറയുന്ന അടിയന്തര നടപടികള്‍ അതീവ കര്‍ശനമായി നടപ്പിലാവട്ടെ പുതുവര്‍ഷത്തില്‍.

*
ജനയുഗം 31 ഡിസംബര്‍ 2011