Saturday, May 10, 2014

ബ്രേക്ക്അപ് പാര്‍ട്ടി

കഴിഞ്ഞ പ്രാവശ്യങ്ങളിലേതു പോലെ
പിരിഞ്ഞതിനുശേഷം ബ്രേക്ക്അപ് പാര്‍ട്ടി ഉണ്ടാകില്ല...
മുടി താഴ്ത്തി വെട്ടി ഹെയര്‍സ്റ്റൈല്‍ മാറ്റുകയില്ല
ടി വിയില്‍ നോക്കിയിരുന്നു
ചോക്ലേറ്റുകളും ലെയ്സും
വാരി വലിച്ചു തിന്നു തടിയനാകാനും പോകുന്നില്ല...
നീ പോയാല്‍ നേരെ കൈക്കോട്ടെടുത്തു
കാടുപിടിച്ചുകിടക്കുന്ന പറമ്പ് അങ്ങ് കിളച്ചുമറിക്കും.
ചൗക്ക കമ്പുകളില്‍ പടര്‍ന്നുകിടക്കുന്ന വള്ളിച്ചെടികളെ
വിഷമം തീരുന്ന വരെ വലിച്ചു പൊട്ടിച്ചുകളയും.
പിന്നെ പയര്‍ കുമ്പളം മത്തങ്ങ ചീര തുടങ്ങി
വാങ്ങിവച്ചിരുന്ന എല്ലാ വിത്തുകളും
ദേഷ്യത്തോടെ അവിടെ മൊത്തം വാരിവലിച്ചു വീക്കും.
കുറേ നേരം ഇങ്ങനെ ചെയ്യുമ്പോള്‍
വിഷമം ഇത്തിരി മാറിക്കിട്ടും.
ക്ഷീണം കാരണം അന്ന് രാത്രി വായ തുറന്ന്
ഈത്തായ ഒലിപ്പിച്ച് നിന്നെ ഓര്‍ക്കാതെ ഞാനുറങ്ങും.
രാവിലെ പൈപ്പിലൂടെ വെള്ളം തെറ്റിച്ചു കൊണ്ടിരിക്കുമ്പോള്‍
അതിനിടയിലൂടെ നീ നനഞ്ഞോടിക്കൊണ്ടിരിക്കുന്നെന്ന്
ആദ്യമൊക്കെ തോന്നുമായിരിക്കും.
കുഴപ്പമില്ല പതുക്കെ മാറിക്കോളും.
ചുവന്ന ചീര പെട്ടെന്ന് മുളച്ചതും
പിറന്ന കുട്ടികളുടെ നഖങ്ങളെപ്പോലെ
എന്ത് കുഞ്ഞന്മാരാണിവര്‍ എന്നും
ആരോടെങ്കിലുമൊക്കെ പറയണം
എന്ന് തോന്നും നിന്നെ ഓര്‍ക്കുമായിരിക്കും.
തഴച്ചുവളര്‍ന്നവര്‍ക്കൊക്കെ
ഞാനെന്റെ കാമുകിമാരുടെ പേരിടും
അവര്‍ക്കിടയിലൂടെ വിരലുകളില്‍,
ദേഹങ്ങളില്‍ തൊട്ടും തലോടിയും
ഓര്‍ക്കുമ്പോള്‍
വരുന്ന ഈ രോമാഞ്ചം
ഞാനങ്ങു തുടച്ചുകളയട്ടെ...!

പക്ഷേ കഴിഞ്ഞ പ്രാവശ്യങ്ങളിലേത് പോലെയല്ല നമ്മള്‍
കടല്‍ത്തീരങ്ങളെ പ്രേമിക്കുന്നവര്‍
ഞണ്ടുകള്‍ക്ക് പിന്നാലെ പായുവാനും
ഒരേസമയം ഒരുകാല് വെള്ളത്തിലും മറ്റൊന്ന് മണലിലും ആഴ്ത്തി
നടന്നുനോക്കുവാനും അറിയുന്നവര്‍
ബീച്ചില്‍ കുടിച്ച് കുന്തംമറിഞ്ഞു
പറന്നുപോകുന്ന ബലൂണുകളെ ചൂണ്ടിക്കാട്ടി
അന്തംവിടുന്നവര്‍.
സ്കിന്നി ജീന്‍സുകള്‍ വലിച്ചുകയറ്റുന്നവര്‍
അതിനുമേല്‍ കൈകളമര്‍ത്താന്‍ കൊതിക്കുന്നവര്‍
കിറുക്കര്‍ കാറില്‍ പേരറിയാത്ത
നാടുകളില്‍ പൊടിപറത്തി അലഞ്ഞു വിശന്നു
വിശന്ന് ഉന്മാദികളായി
മരണംവരെ ഡാന്‍സ് ചെയ്യുന്നവര്‍
മുറിയിലെ തക്കാളികളിലും സവാളക്കറിയിലും കീഴടങ്ങിയവര്‍.
എന്റെ പറമ്പ് പച്ചക്കറിത്തോ ട്ടങ്ങളാല്‍
നിറയും മുമ്പുള്ളതുപോലെയാകില്ല ഒന്നുമൊന്നുമെങ്കിലും...!

*
അരുണ്‍ പ്രസാദ് ദേശാഭിമാനി വാരിക

No comments: