Monday, November 28, 2011

ചില്ലറ വ്യാപാരമേഖലയും വിദേശകുത്തകകള്‍ കയ്യടക്കുന്നു

ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെ രാജ്യത്ത് ഈ രംഗത്ത് പണിയെടുക്കുന്ന കോടിക്കണക്കിനാളുകള്‍ വീണ്ടും ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്. നാലുകോടി ജനങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ . ഏതാണ്ട് 16 കോടി ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍മാത്രം പത്തുലക്ഷം ആളുകളാണ് ചില്ലറ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ അമ്പതുലക്ഷത്തോളം ഉണ്ട്. 2004-09ലെ ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തിയിരുന്നെങ്കിലും അന്ന് കേന്ദ്രസര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷം ശക്തിയായി ചെറുത്തതുകൊണ്ട് അത് നടന്നില്ല. ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അത്തരത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനം ഭരണമുന്നണിയായ യു പി എയുമായി ബന്ധപ്പെട്ട് ഇല്ലാത്തതുകൊണ്ട് ഈ അവസരം മുതലെടുത്ത് ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപത്തിന് അരങ്ങോരുങ്ങിയിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചതടക്കമുള്ള ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായാണ് രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിന് നിയമപരമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഇതിനുള്ള ബില്‍ കൊണ്ടുവരാനാണ് യുപിഎ യും കേന്ദ്രമന്ത്രിസഭയും ആലോചിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ സജീവമായതോടെ ഇടതുപക്ഷം ശക്തമായ പ്രതിഷേധവും പ്രതിരോധശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്രതിപക്ഷമായ ബിജെപിയും തത്വത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ ബിജെപി ഉറച്ച നിലപാടെടുക്കുമോയെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ത്തന്നെ ഭിന്നാഭിപ്രായമുള്ളവരുമുണ്ട്. എഐസിസി അംഗംകൂടിയായ ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ജി സഞ്ജീവറെഡ്ഡി, ബഹുരാഷ്ട്രാ കുത്തകകള്‍ രാജ്യത്തെ ചില്ലറ വില്‍പ്പനരംഗം കയ്യടക്കുമെന്നും ചെറുകിടക്കാരെ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും പറഞ്ഞ് പ്രതിഷേധസ്വരം ഉയര്‍ത്തിയിട്ടുണ്ട്. വിദേശനിക്ഷേപം നടപ്പാക്കുന്നതോടെ രാജ്യത്തെ ചെറുകിടക്കാരുടെ കഥകഴിയുമെന്നു പറഞ്ഞ് യുപിഎയെ പിന്തുണയ്ക്കുന്ന മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ടിയും രംഗത്തുണ്ട്. എന്നാല്‍ മുമ്പ് പല കാര്യങ്ങളിലും ചാഞ്ചാട്ടം പ്രകടപ്പിച്ചിട്ടുള്ള ഇവരൊക്കെ ഈ നിലപാടില്‍ എത്രത്തോളം ഉറച്ചുനില്‍ക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

എന്താണ് നിര്‍ദ്ദിഷ്ട ബില്‍

ചില്ലറ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ , കിങ്ഫിഷര്‍ , അഹോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ചില്ലറ വില്‍പ്പന സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതിയും അവസരവും നല്‍കുന്നതാണ് കരട്രേഖ. മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പനരംഗത്ത് 51 ശതമാനവും സിംഗിള്‍ ബ്രാന്‍ഡ് മേഖലയില്‍ നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് കാബിനറ്റ് തീരുമാനം. നിലവില്‍ മള്‍ട്ടിബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. ഇതനുസരിച്ച് ചില്ലറമേഖലയില്‍ വിദേശനിക്ഷേപം വരുമ്പോള്‍ അവര്‍ വില്‍ക്കുന്ന മൂന്നിലൊന്ന് സാധനങ്ങള്‍ രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന പുതിയ നിബന്ധന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം 2.50 ലക്ഷം ഡോളറി(1.25 കോടി രൂപ)ല്‍ താഴെ ചെലവുവരുന്ന സ്ഥാപനങ്ങളെയാണ് ചെറുകിട വ്യവസായസ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോഴുള്ള ചെലവാണ് ഇതിന് കണക്കാക്കുക.

മള്‍ട്ടിബ്രാന്‍ഡിനുള്ള നിബന്ധനകള്‍

1.ഒരു സ്റ്റോറില്‍ത്തന്നെ വിവിധ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനമാണ് മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പന. ഇവിടെ വിദേശനിക്ഷേപം 51 ശതമാനമായിരിക്കും

2.പഴങ്ങള്‍ , പച്ചക്കറി, പൂക്കള്‍ , പയറുവര്‍ഗങ്ങള്‍ , ധാന്യങ്ങള്‍ , കോഴി, മത്സ്യ-മാംസോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ഇത്തരം സ്റ്റോറുകളിലൂടെ വില്‍ക്കുക.

3.ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വിദേശനിക്ഷേപകന് വേണ്ടത് കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍(500 കോടി രൂപ)ആണ്.

4. വിദേശനിക്ഷേപത്തിന്റെ 50 ശതമാനം നിര്‍മാണം, സംസ്കരണം, വിതരണം, രൂപകല്‍പ്പന മെച്ചപ്പെടുത്തല്‍ , ഗുണനിലവാരനിയന്ത്രണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍(ബാക്ക്-എന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍)ക്കായി വിനിയോഗിക്കണം. ഭൂമിയുടെ വിലയോ വാടകയോ ഇതില്‍ ഉള്‍പ്പെടുത്താനാവില്ല.

5.ഉല്‍പ്പാദിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയിരിക്കണം.

6. 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 10ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഇത്തരം സ്റ്റോറുകള്‍ അനുവദിക്കുക.

7.കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രഥമ അവകാശം ഗവണ്‍മെന്റിനായിരിക്കും.

സിംഗിള്‍ ബ്രാന്‍ഡിനുള്ള നിബന്ധനകള്‍

1.ഒരു സ്റ്റോറില്‍ ഒരു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ. ഇവിടെ വിദേശനിക്ഷേപത്തിന്റെ തോത് നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തും.

2.ഇത്തരം സ്റ്റോറുകളില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ.

3.അന്തര്‍ദേശീയ തലത്തിലുള്ള ബ്രാന്‍ഡില്‍ മാത്രമേ വില്‍പ്പന പാടുള്ളൂ.

4.നിര്‍മാണ സമയത്തെ ബ്രാന്‍ഡുകള്‍ മാത്രമേ അനുവദിക്കൂ.

5.വിദേശനിക്ഷേപകന്‍ നിര്‍ദിഷ്ട ബ്രാന്‍ഡിന്റെ ഉടമയാകണം.

6.വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം.ഈ നിബന്ധനകള്‍ അനുസരിച്ച് സോണി(ജപ്പാന്‍) പോലെ സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര കുത്തകകള്‍ക്ക് 100 ശതമാനവും നിക്ഷേപം നടത്താന്‍ അവസരമുണ്ടായിരിക്കും.

വിദേശകുത്തകകളുടെ താല്‍പ്പര്യത്തിനു പിന്നിലെന്ത്?

ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശകുത്തകകള്‍ കണ്ണുവയ്ക്കുന്നതിന് പ്രധാന കാരണം ഇവിടെ കണക്കറ്റ ലാഭം കൊയ്യാനുള്ള അവസരമുണ്ടെന്നതുതന്നെയാണ്. 121 കോടി ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അതുകൊണ്ട് 30 കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള അമേരിക്കയിലേയോ ആറുകോടി ചില്വാനം മാത്രം ജനസംഖ്യയുള്ള ഇംഗ്ളണ്ടിലേയോ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യ വലിയൊരു അക്ഷയഖനിയാണ്. ആഗോളവല്‍ക്കരണത്തിനുശേഷം ഉപഭോക്തൃ സംസ്കാരത്തിന്റെ തിരയിളക്കം രാജ്യത്ത് ശക്തിപ്പെട്ടുവരുന്നത് കമ്പോളശക്തികള്‍ക്ക് കൂടുതല്‍ അനുകൂലസാഹചര്യമൊരുക്കുന്നുമുണ്ട്. "എ ടി കേര്‍നി" എന്ന അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന 30 ആഗോളകമ്പോളങ്ങളില്‍ "ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ റീട്ടെയില്‍ ഡെസ്റ്റിനേഷന്‍" ആയാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഈ നിരീക്ഷണവും ബഹുരാഷ്ട്രാകുത്തകകളുടെ ആകര്‍ഷണത്തിന് കാരണമാകുന്നുണ്ട്.

ചില്ലറ വില്‍പ്പനമേഖലയുടെ വ്യാപ്തിയും പ്രസക്തിയും

നാലുകോടി ആളുകള്‍ പണിയെടുക്കുകയും 16 കോടിയോളം പേര്‍ ഉപജീവനം കണ്ടെത്തുകയും ചെയ്യുന്ന മേഖലയാണ് ചില്ലറ വില്‍പ്പനരംഗമെന്ന് നേരത്തെ പറഞ്ഞുവല്ലോ. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മേഖലയാണിത്. രാജ്യത്തെ തൊഴില്‍ശക്തിയുടെ ഏഴു ശതമാനം വരുമിത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് നടത്തിയ പഠനത്തില്‍ പറയുന്നത് രാജ്യത്തെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജിഡിപി) 14 ശതമാനം ചില്ലറ വില്‍പ്പനമേഖലയില്‍ നിന്നാണെന്നാണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുന്ന സാമൂഹ്യ സേവന രംഗത്തു നിന്നുള്ള സംഭാവനയാകട്ടെ ജിഡിപിയുടെ 7.80 ശതമാനമേയുള്ളൂ.

ചില്ലറ വില്‍പ്പനരംഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, സംഘടിത ചില്ലറ വില്‍പ്പനമേഖല. രണ്ട്, അസംഘടിത ചില്ലറ വില്‍പ്പനമേഖല. അംഗീകൃത ലൈസന്‍സുള്ള ചില്ലറവ്യാപാരികളുടേതാണ് സംഘടിതമേഖല. ഇവര്‍ ആദായനികുതി, വില്‍പ്പന നികുതി എന്നിവ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ , കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയും സഹായവുമുള്ള ചെറുകിട വ്യാപാര ശൃംഖലകള്‍ , വമ്പന്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ പ്രാദേശികമായി കച്ചവടം നടത്തുന്ന സാധാരണ കച്ചവടക്കാരാണ് അസംഘടിത മേഖലയില്‍ വരുന്നത്.വഴിയോരക്കച്ചവടക്കാരും വണ്ടികളില്‍ കൊണ്ടുപോയി കച്ചവടം നടത്തുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടും. ഇന്ത്യയിലെ ചില്ലറ കച്ചവടത്തിന്റെ 98 ശതമാനവും അസംഘടിതമേഖലയിലാണ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അടുത്തയിടെ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അവതരിപ്പിച്ച കണക്കനുസരിച്ച് 12,00,000 കോടി രൂപയുടെ കച്ചവടമാണ് ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ നടക്കുന്നത്. ഇത് രാജ്യത്തെ ജിഡിപിയുടെ 44 ശതമാനം വരും. ഇതില്‍ത്തന്നെ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയാണ് ഏറ്റവും കൂടുതല്‍(63 ശതമാനം). 10 വര്‍ഷംകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയില്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന്റെയര്‍ത്ഥം വിദേശനിക്ഷേപമില്ലാതെ തന്നെ ആഭ്യന്തര കോര്‍പറേറ്റുകള്‍ ചില്ലറവില്‍പ്പനരംഗം കൊഴുപ്പിക്കുന്നുണ്ടെന്നാണ്. അപ്പോള്‍പ്പിന്നെ ആഭ്യന്തര മൂലധനത്തിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ബദ്ധപ്പെട്ട് എന്തിന് വിദേശനിക്ഷേപം കൊണ്ടുവരുന്നു എന്നതാണ് ഗൗരവമുള്ള കാര്യം.

ചില്ലറവ്യാപാര മേഖലയിലെ തൊഴിലവസരം

സംഘടിത മേഖലയില്‍ അഞ്ച് ലക്ഷം പേരും അസംഘടിത മേഖലയില്‍ 395 ലക്ഷം പേരും ചേര്‍ന്ന് മൊത്തം നാലു കോടിആളുകളാണ് ചില്ലറ വ്യാപാര രംഗത്ത് പണിയെടുക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം ഒരു വ്യാഴവട്ടം മുമ്പ് 1.75 കോടിയുണ്ടായിരുന്നതാണ് ഇപ്പോള്‍ നാലുകോടിയായി വര്‍ധിച്ചിട്ടുള്ളത്. ഈ മേഖലയില്‍ ഇന്ത്യയിലെ തൊഴിലവസരം വികസിതരാജ്യങ്ങളിലേതിന്റെ പകുതിവരുമെന്നാണ് ഫിക്കി പറയുന്നത്. അമേരിക്ക(16ശതമാനം), ബ്രസീല്‍(15ശതമാനം), പോളണ്ട്(12ശതമാനം) എന്നിങ്ങനെയാണ് ചില്ലറവ്യാപാര മേഖലയിലെ തൊഴില്‍ശക്തിയുടെ കണക്കെങ്കില്‍ ഇന്ത്യയിലിത് 8 ശതമാനമാണ്. രാജ്യത്ത് 1.10 കോടി ചില്ലറ വില്‍പ്പനശാലകളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലു ശതമാനതിനു മാത്രമാണ് 500 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളത്. അതായത് വ്യാപകമായി ചിന്നിച്ചിതറി കിടക്കുന്ന ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിലാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഏറവും കൂടുതല്‍ വില്‍പ്പന നടക്കുന്നതും ഈ മേഖലയിലാണ്. 2011 ജനുവരിയിലെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം 413.88 ലക്ഷം ആണ്. കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ സംഘടിത ചില്ലറ മേഖലയിലുണ്ടായ തൊഴിലവസരങ്ങള്‍ 30,000 മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെയര്‍ത്ഥം അസംഘടിത ചില്ലറ മേഖലയാണ് ഏറ്റവും പ്രധാനമെന്നാണ്.

വാള്‍മാര്‍ട്ട് എന്ന ഭീമന്‍

ചില്ലറവ്യാപാര മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചതോടെ ആദ്യം ഇവിടെയെത്താന്‍ കോപ്പുകൂട്ടുന്ന ബഹുരാഷ്ട്രാകുത്തക അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട് ആണ്. ലോകത്തെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയാണ് വാള്‍മാര്‍ട്ട്. 42,200 കോടി ഡോളറാ(ഏകദേശം 21 ലക്ഷം കോടി രൂപ)ണ് ഇതിന്റെ 2011ലെ വിറ്റുവരവ്. വാള്‍മാര്‍ട്ട് എന്ന ഒരു സ്ഥാപനത്തിന്റെ മാത്രം വിറ്റുവരവ് 21 ലക്ഷം കോടിയാകുമ്പോള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ മൊത്തം വിറ്റുവരവ് 11 ലക്ഷം കോടി മാത്രമാണെന്നോര്‍ക്കണം. അറ്റാദായം മാത്രം 1540 കോടി ഡോളര്‍(77,000 കോടി രൂപ) വരും. 15 രാജ്യങ്ങളിലായി 55 വ്യത്യസ്ത പേരുകളില്‍ 8500 ചില്ലറ വില്‍പ്പനശാലകളുള്ള സ്ഥാപനമാണിത്. ഇവരുടെ ചില്ലറ വില്‍പ്പനശാലകളുടെ ശരാശരി വിസ്തീര്‍ണം 85,000 ചതുരശ്രയടിയാണ്. എന്നാല്‍ ഇന്ത്യയിലെ 1.20 കോടി ചില്ലറ വില്‍പ്പനശാലകളില്‍ നാലു ശതമാനത്തിനു മാത്രമാണ് 500 ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ളത്. ലോകത്തെ ഏറ്റവും വലിയ തൊഴിലുടമയായും വാള്‍മാര്‍ട്ട് കണക്കാക്കപ്പെടുന്നുണ്ട്. 20 ലക്ഷം പോരാണ് ഇവരുടെ സ്റ്റോറുകളില്‍ പണിയെടുക്കുന്നത്. സൂപ്പര്‍ സെന്ററുകള്‍ , ഭക്ഷ്യ-മരുന്ന് വില്‍പ്പനശാലകള്‍ , ജനറല്‍ സ്റ്റോഴ്സ്, റസ്റ്റോറന്റുകള്‍ തുടങ്ങി ഒമ്പത് വ്യത്യസ്ത രൂപങ്ങളില്‍ വാള്‍മാര്‍ട്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കണക്കുകളൊക്കെ വച്ചു നോക്കിയാല്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയ്ക്ക് വാള്‍മാര്‍ട്ട് പോലുള്ള ഒരു ബഹുരാഷ്ട്രാ സ്ഥാപനത്തോട് ഒരു തരത്തിലും മത്സരിക്കാനോ അവരുടെ ആക്രമണം ചെറുക്കാനോ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. ആദ്യം മാര്‍ക്കറ്റ് പിടിക്കാനും എതിരാളികളെ ഉന്മൂലനം ചെയ്യാനും കുറച്ചുനാളത്തേക്ക് വേണമെങ്കില്‍ നഷ്ടം സഹിക്കാനും വാള്‍മാര്‍ട്ടിനു കഴിയും. ഇത് ആത്യന്തികമായി ലക്ഷങ്ങളെ തൊഴില്‍രഹിതരാക്കുന്നതിലായിരിക്കും കൊണ്ടെത്തിക്കുക. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കുക അസംഘടിതമേഖലയിലെ പാവപ്പെട്ട മനുഷ്യരെയാണ്.

വാള്‍മാര്‍ട്ടിന്റെ വരവ് തൊഴിലില്ലാപ്പടയെ സൃഷ്ടിക്കും

ഇന്ത്യയില്‍ 35 നഗരങ്ങളില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. അതുകൊണ്ട് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് ഈ നഗരങ്ങളില്‍ വാള്‍മാര്‍ട്ട് ഓരോ സ്റ്റോര്‍ തുടങ്ങിയാല്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് റിപ്പോര്‍ട്ടനുസരിച്ച് 10,195 തൊഴിലാളികളെ ഉപയോഗിച്ച് 8033 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇന്ത്യന്‍ നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതുവഴി 4.32 ലക്ഷം തൊഴിലാളികള്‍ തൊഴില്‍രഹിതരാകും. വിദേശനിക്ഷേപം നടത്തുന്ന ചില്ലറക്കാര്‍ രാജ്യത്തെ 20 ശതമാനം ചില്ലറ വ്യാപാര മേഖല സ്വന്തമാക്കിയാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 80,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇതിന് വാള്‍മാര്‍ട്ടിനു വേണ്ടിവരുന്നത് 43,540 തൊഴിലാളികള്‍ മാത്രമാണ്. അതായത് ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ 80 ലക്ഷം പേര്‍(20 ശതമാനം തൊഴില്‍ശക്തി) തൊഴിലില്ലാത്തവരായി മാറുമെന്നര്‍ത്ഥം.

എന്നാല്‍ വിദേശനിഷേപത്തിന് അനുകൂലമായ നിലപാടെടുക്കുന്നവര്‍ പറയുന്നത് വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഇവിടെ വന്നാല്‍ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടാകുമെന്നും ആഭ്യന്തരവിപണിയിലെ മത്സരക്ഷമത വര്‍ധിക്കുമെന്നുമൊക്കെയാണ്. പക്ഷേ, പച്ചക്കറി തൊട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ വില്‍ക്കുന്ന ബഹുരാഷ്ട്രാ സ്ഥാപനങ്ങള്‍ വരുന്നതോടെ ഇവിടത്തെ പരമ്പരാഗത ചെറുകിട വ്യാപാര മേഖലയുടെ കുളംതോണ്ടലാകും ആത്യന്തികമായി നടക്കുക. ഇതിന്ന്യായമായ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അടുത്തയിടെ ചില്ലറ വ്യാപാര മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ച ചൈനയിലും മലേഷ്യയിലും തായ്ലന്‍ഡിലുമൊക്കെ അവിടങ്ങളിലെ ആഭ്യന്തരവിപണിയെ ബഹുരാഷ്ട്ര കുത്തകകള്‍ വിഴുങ്ങുന്ന സ്ഥിതിയാണുണ്ടായത്. ഒടുവില്‍ വിദേശമാളുകളുടെ കടന്നാക്രമണം ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ നിര്‍ബന്ധിതരായി.

പാശ്ചാത്യരുടെ സിദ്ധാന്തം തൊഴിലാളികളുടെ എണ്ണം കുറച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്നതാണ്. എന്നാലിത് ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത് സാമൂഹ്യമായ അരക്ഷിതത്വം ഉണ്ടാക്കും. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി 10 വര്‍ഷത്തിനുള്ളില്‍ ചെറുനഗരങ്ങളിലെ പകുതി ചില്ലറ വില്‍പ്പനയും ആഭ്യന്തര വിപണിക്ക് നഷ്ടപ്പെടുമെന്ന അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ കെന്നത്ത് സ്റ്റോണിന്റെ നിരീക്ഷണം ഇതുമായി കൂട്ടിവായിക്കുന്നത് പ്രസക്തമാണ്.

സമാനമായ ആക്രമണോത്സുകതയോടെയായിരിക്കും ചില്ലറ വില്‍പ്പന രംഗത്തെ മറ്റ് ബഹുരാഷ്ട്ര ഭീമന്മാരായ ടെസ്കോ(ഇംഗ്ളണ്ട്)യും കാരിഫോറും(യുഎഇ) കിങ്ങ്ഫിഷറും(ഇംഗ്ളണ്ട്)അഹോള്‍ഡു(ആംസ്റ്റര്‍ഡാം)മൊക്കെ ഇന്ത്യയിലേക്ക് വരുന്നത്. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി മാത്രം പകുതി ചില്ലറ വില്‍പനനഷ്ടവും അതുവഴിയുള്ള തൊഴില്‍നഷ്ടവും ഉണ്ടാകുമ്പോള്‍ ഇത്തരം നാലഞ്ച് വമ്പന്മാര്‍ ഒരുമിച്ചുവരുന്നതോടെ അനതിവിദൂരഭാവിയില്‍ 16 കോടി ജനങ്ങളുടെ ആശ്രയമായ ഇന്ത്യയിലെ ചെറുകിടവ്യാപാര മേഖല പൂര്‍ണമായും വിദേശകുത്തകകളുടെ കൈപ്പിടിയില്‍ അമരുകയായിരിക്കും ചെയ്യുക. ഇത് സൃഷ്ടിക്കാനിടയുള്ള സാമൂഹ്യ-സാമ്പത്തിക ദുരന്തങ്ങളാണ് ചെറുകിട വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിനെ വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രഥമവും പ്രധാനവുമായി പരിഗണിക്കേണ്ടത്.

*
കെ വി സുധാകരന്‍ ചിന്ത വാരിക

ആരാണ് മരുന്നിനു വില കൂട്ടിയത്?

ഔഷധവില വര്‍ദ്ധനയ്ക്കു കാരണമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയം

നിത്യോപയോഗ സാധനങ്ങളോടൊപ്പം ജീവന്‍രക്ഷാ മരുന്നുകളുടേയും വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ ഔഷധവില ഏറ്റവും കുറവായ രാജ്യമായിരുന്നു നമ്മുടേത്. 1972 മുതല്‍ നടപ്പിലാക്കിയ വികസ്വരരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പേറ്റന്റ് നിയമവും 1977 ലെ ജനതാ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ ഔഷധവില നിയന്ത്രണ നിയമവും മൂലമാണ് ഇന്ത്യയില്‍ ഔഷധവില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. മാത്രമല്ല ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും മാര്‍ക്കറ്റിങ് രീതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുമൂലവും ഇന്ത്യന്‍ പൊതു-സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ നയം പിന്തുടര്‍ന്നതുമൂലവും ബ്രസ്സീലിനോടൊപ്പം ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്പാദിപ്പിക്കാനുള്ള ആഭ്യന്തര സാങ്കേതിക ശേഷി കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

1972 ലെ പേറ്റന്റ് നിയമത്തിലെ ഉല്പാദനരീതി പേറ്റന്റ് (Process Patent) വ്യവസ്ഥമൂലം വിദേശരാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യപ്പെടുന്ന നവീന ഔഷധങ്ങള്‍ മറ്റൊരു ഉല്പാദനരീതിയിലൂടെ നിര്‍മ്മിച്ച് വിലകുറച്ച് വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. 1977 ലെ ഔഷധവില നിയന്ത്രണ ഉത്തരവനുസരിച്ച് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചു നിര്‍ത്താനും കഴിഞ്ഞിരുന്നു. ലോകമാര്‍ക്കറ്റില്‍ ബഹുരാഷ്ട്രകുത്തക കമ്പനികളുടെ മരുന്നുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ പോലും വളരെ തുച്ഛമായ വിലയ്ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ ജീവന്‍രക്ഷാ ഔഷധങ്ങളുടെ നാല്പതു ശതമാനത്തോളം നല്‍കിയിരുന്നത് ഇന്ത്യന്‍ കമ്പനികളായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഇന്ത്യന്‍ പേറ്റന്റ്നിയമം 2005 ല്‍ പുതുക്കിയതോടെ സ്ഥിതിഗതികളാകെ മാറി.

ഉല്പാദനരീതി പേറ്റന്റിന്റെ സ്ഥാനത്ത് ഉല്പന്നപേറ്റന്റു (Product Patent) വ്യവസ്ഥ വന്നതോടെ വിദേശകമ്പനികളുടെ പേറ്റന്റ് ഔഷധങ്ങള്‍ ഉല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കവകാശമില്ലാതായി. മാത്രമല്ല പേറ്റന്റ് കാലവധി 7 ല്‍നിന്നും 20 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശത്ത് പേറ്റന്റു ചെയ്യപ്പെടുന്ന മരുന്നുകള്‍ തങ്ങള്‍ക്കിഷ്ടമുള്ള വിലക്ക് ഇരുപത് വര്‍ഷക്കാലം വില്‍ക്കാന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് കഴിയും. ഇതിനിടെ വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും 2002 ആകുമ്പോഴേക്കും കേവലം 25 ഔഷധങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം വില നിയന്ത്രിക്കപ്പെട്ട ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുള്ള ലാഭവിഹിതം വര്‍ധിപ്പിച്ചു കൊടുക്കയും ചെയ്തു.(പട്ടിക 1)
മാത്രമല്ല വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ ഏകമാത്ര (Single Ingredient)- മരുന്നുകളായതുകൊണ്ട് അവയോട് ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധച്ചേരുവകളുടെ Combination Drugs) രൂപത്തില്‍ വിലകൂട്ടി മാര്‍ക്കറ്റ് ചെയ്ത് ലാഭം വര്‍ധിപ്പിക്കാണ് മരുന്നുകമ്പനികള്‍ ശ്രമിക്കുന്നത്. എതാണ്ട് മുന്നൂറോളം അശാസ്ത്രീയ ഔഷധച്ചേരുവകളാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വിറ്റുവരുന്നത്.

നവീന ഔഷധങ്ങളില്‍ കൂടുതലും ജൈവസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നവയാണ്. പ്രാരംഭ ഗവേഷണത്തിനായുള്ള ചെലവു കഴിച്ചാല്‍ ഔഷധ ഉല്‍പാദനത്തിനുള്ള ചെലവ് രാസ ഔഷധങ്ങളേക്കാള്‍ ജൈവഔഷധങ്ങള്‍ക്ക് കുറവാണെന്ന സത്യം മറച്ചു വച്ച് അതിഭീമമായ വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റുവരുന്നത്.ഔഷധവില നിയന്ത്രണത്തിന്റേയും ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ടിന്റേയും പരിധിയില്‍നിന്നും ജൈവമരുന്നുകളെ യാതൊരു നീതീകരണവുമില്ലാതെ ഒഴിവാക്കിയിരിക്കയുമാണ്.

ഇന്ത്യന്‍ പേറ്റന്റ് നിയമം 2005 ല്‍ മാറ്റുന്നതിനു മുമ്പ് വിദേശകമ്പനികളുമായി മത്സരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച് ഇന്ത്യയിലും വിദേശത്തും വിറ്റുവന്നിരുന്ന ഇന്ത്യന്‍ സ്വകാര്യകമ്പനികളെ ഒന്നൊന്നായി വിദേശകമ്പനികള്‍ എറ്റെടുത്തു തുടങ്ങിയതും വിലവര്‍ധവിനുള്ള സാഹചര്യം ഒരുക്കി. മാത്രമല്ല ഇന്ത്യന്‍ ആശുപത്രികളിലേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനാണ് വിദേശകുത്തക കമ്പനികള്‍ ശ്രമിച്ചുവരുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നയങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് അവശ്യമരുന്നുകളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്.

നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ പഠനമനുസരിച്ച് മൊത്തം ആരോഗ്യച്ചെലവിന്റെ എഴുപതു ശതമാനത്തിലേറെ മരുന്നുകള്‍ വാങ്ങുന്നതിനായിട്ടാണ് ചെലവിടേണ്ടിവരുന്നത്. ഇതില്‍ 85 ശതമാനം ചെലവും ജനങ്ങള്‍ നേരിട്ടു വഹിക്കയാണ്. ഇന്ത്യന്‍ ജനതയില്‍ 23% പേര്‍ ചികിത്സാ ചെലവ് താങ്ങാനാവാത്തതുമൂലം ആശുപത്രിയില്‍ പോകാന്‍ പ്രാപ്തിയില്ലാത്തവരാണെന്നും 1999-2000 കാലത്ത് മാത്രം മൂന്നുകോടി 25 ലക്ഷം പേര്‍ ആശുപത്രി ചികിത്സയെ തുടര്‍ന്ന് ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പതിച്ചുവെന്നും കണക്കാക്കപ്പെടുന്നു.

രാജസ്ഥാന്‍ , തമിഴ്നാട് സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിലകുറഞ്ഞ, ഗുണമേന്മയുള്ള മരുന്നുകള്‍ എത്തിക്കുന്നതിനുള്ള വിജയകരമായ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകകാട്ടിയിരുന്നു. ഇവയുടെ ചുവടുപിടിച്ചാണ് ഇടതുമുന്നണി സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. അതോടൊപ്പം നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടേയും മറ്റും വിലകുറച്ച് മരുന്നുകള്‍ നല്‍കിയും പൊതുമേഖലാ ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പുനരുജ്ജീവിപ്പിച്ചും ഒരു പരിധിവരെ ജനങ്ങള്‍ക്കാശ്വാസം പകരാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരാതെ ഔഷധവില കുറച്ചുകൊണ്ടുവരിക ദുഷ്ക്കരമാണ്.

ഹാത്തി കമ്മറ്റി നിര്‍ദ്ദേശിച്ചതുപോലെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ കണക്കിലെടുത്ത് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുക, അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ഇന്ത്യന്‍ പൊതുമേഖലാ ഔഷധകമ്പനികള്‍ ശക്തിപ്പെടുത്തുക, കരാര്‍ ഗവേഷണവും ഔഷധപരീക്ഷണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 348 ഔഷധങ്ങള്‍ ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ മരുന്നുകളാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ 48,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റുവരുന്നു. ഇതില്‍ 29,000 കോടി രൂപയുടെ (60%) മരുന്നുകള്‍ മാത്രമാണ് അവശ്യമരുന്നു പട്ടികയില്‍പെടുത്തിയിട്ടുള്ളത്.

1977 ലെ ഔഷധവില നിയന്ത്രണ നിയമം പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ട്, പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താത്പര്യം സംരക്ഷിച്ചുകൊണ്ട് കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടൂള്ള പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ (National Pharmaceuticals Pricing Policy, 2011) വ്യക്തമാക്കുന്നത്.

അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാരിന്റെ നഗ്നമായ കുത്തക പ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഔഷധങ്ങളുടെ ഉല്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചിലവടിസ്ഥാന വില നിശ്ചയിക്കല്‍ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിന്റെ സ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്നവിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റുകമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. ഡോക്ടര്‍മാരെയും ഔഷധവ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണ തന്ത്രങ്ങള്‍ പിന്തുടരുന്നതുമൂലം വന്‍കിട കുത്തകകമ്പനികള്‍ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാര്‍ക്കറ്റിലുള്ള മറ്റു മരുന്നുകളെക്കാള്‍ എപ്പോഴും ഏറ്റവും ഉയര്‍ന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കുക. എയ്ഡ്സിനുള്ള സിഡുവിഡിന്‍ എന്ന മരുന്നിന്റെ ഇന്ത്യന്‍ കമ്പനിയുടേതിന്റെ വില ഒരു ഗുളികക്ക് 7 രൂപ 70 പൈസയാണെങ്കില്‍ വിദേശകമ്പനിയുടേതിന്റെ വില 20 രൂപ 40 പൈസയാണ്. അതുപോലെ സ്തനാര്‍ബുദത്തിനുള്ള റ്റമോക്സിഫിന്റെ വില യഥാക്രമം 2 രൂപ 90 പൈസയും 19 രൂപ 30 പൈസയുമാണ്. മൊത്തം വരുമാനത്തിന്റെ നാല്പതു ശതമാനത്തോളമാണ് മരുന്നുകമ്പനികള്‍ ഔഷധപ്രചരണത്തിനായി ചെലവിട്ടുവരുന്നത്. ഇന്ത്യയിലെ 50 വന്‍കിട മരുന്നുകമ്പനികള്‍ ഒരു ഡോക്ടര്‍ക്കായി ശരാശരി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ചെലവിട്ടുവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പുതിയ ഔഷധനിയമം നടപ്പിലാക്കുന്നതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ജീവന്‍ രക്ഷാ ഔഷധങ്ങളുടേയും വില കുതിച്ചുയരും. ജനജീവിതം കൂടുതല്‍ ദുസ്സഹമാവും.

ഇന്ത്യന്‍ സര്‍ക്കാര്‍ ജനവിരുദ്ധ ഔഷധനയവുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി ഇന്ത്യയിലുള്ളതിനെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കയാണ്. (പട്ടിക രണ്ട്)
ഔഷധവില കുറയ്ക്കുന്നതിനായി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാരിനു അടിയന്തിരമായി സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. 2005ല്‍ അംഗീകരിച്ച ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദ്ദേശത്തിനു വഴങ്ങി 1977 ലെ നിയമത്തിലുണ്ടായിരുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങ് (National Pharmaceuticals Pricing Policy, 2011) വ്യവസ്ഥ നില നിര്‍ത്തിയിട്ടുണ്ട്. അമിത വിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാന്‍ പേറ്റന്റെടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ തയ്യാറുള്ള മറ്റ് കമ്പനികള്‍ക്ക് ഉല്പാദനം നടത്താന്‍ അനുമതി നല്‍കാന്‍ ഈ വ്യവസ്ഥപ്രകാരം സര്‍ക്കാരിനു കഴിയും. ബ്രസീല്‍ , തായ് ലന്റ്, മലേഷ്യ, ഇറ്റലി, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ പ്രയോജനപ്പെടുത്തി ഔഷധങ്ങളുടെ വില കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക ശേഷിയുള്ള പൊതുമേഖല, ഔഷധകമ്പനികളുള്ള ഇന്ത്യക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ മാതൃക പിന്തുടര്‍ന്ന് ഔഷധവില കുറയ്ക്കാന്‍ കഴിയും.

പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പിലാക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നതാണെന്നതും ഓര്‍മ്മിക്കേണ്ടതാണ്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ താത്പര്യത്തിനെതിരായ ഈ തീരുമാനം ദോഹ വിട്ടുവീഴ്ച്ച (Doha Flexibiltiy-) എന്ന പേരില്‍ പ്രസിദ്ധവുമാണ്.

എന്നാല്‍ ഇന്ത്യന്‍ജനതയുടെ ആരോഗ്യ താത്പര്യങ്ങളേക്കാളേറേ അമേരിക്കയില്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന കമ്പോള മൗലികവാദം പിന്തുടരാനാണ് മറ്റുമേഖലകളിലെന്നപോലെ ഔഷധമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ത്യ അഭിയാന്‍ ദേശീയ കോഓര്‍ഡിനേഷന്‍ കമ്മറ്റി 2011, നവംബര്‍ 10-12 തീയതികളില്‍ നാഗ്പൂരില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിനെ തുറന്നു കാട്ടിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രചരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

*
ഡോ.ബി. ഇക്ബാല്‍ ചിന്ത വാരിക 02 ഡിസംബര്‍ 2011

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ അനിവാര്യം

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.

ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍) നടത്തിയ ഡാമിന്റെ സ്‌കാനിംഗ് പരിശോധനയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് കേരളത്തിന്റെ ആശങ്ക പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഡാമിന്റെ അന്തര്‍ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉദ്ദേശം 1200 അടി നീളത്തില്‍ അഞ്ച് അടി വീതിയില്‍ കനത്ത വിള്ളലുകളും പൊട്ടലും കണ്ടെത്തിയെന്നും ആ മേഖലയിലെ പാറകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും ഫോട്ടോഗ്രാഫിയിലൂടെ കണ്ടുവെന്നാണ് ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട ഈ സംഭവം സി എസ് എം ആര്‍ എസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. രണ്ടായിരമാണ്ടില്‍ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി എസ് എം ആര്‍ എസ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വൈകാരിക പ്രശ്‌നം എന്ന നിലയില്‍ സമചിത്തതയും രാഷ്ട്രീയ പക്വതയും കൈവിടാനും പാടില്ല. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ വാക്കും പ്രവര്‍ത്തിയും അര്‍ഹിക്കുന്ന ഗൗരവത്തോടും സൂക്ഷ്മതയോടുമാണ് ഉണ്ടാകേണ്ടത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന, യൂണിയന്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. അതു വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് അദ്ദേഹം മുന്നോട്ട്‌വയ്ക്കുന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ല. 1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്കുശേഷം അതേപോലെ നിലനിര്‍ത്തി കൊണ്ട് പുതിയ ഡാം എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. അത് നിഷ്പക്ഷ നിലപാടല്ല. യുക്തിസഹമായ നിര്‍ദേശവുമല്ല. എന്നാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കുറവും വരുത്താതെ പുതിയ ഡാമില്‍ നിന്നും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലയളവില്‍ കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും കേരള-തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റെയും മൂന്ന് അംഗ ഡിവിഷന്‍ ബഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ ഘട്ടത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം എഴുതി നല്‍കിയിട്ടുള്ളതുമാണ്. കേരളം മുന്നോട്ടുവച്ചിട്ടുള്ള വളരെ ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ ഡാമിനെ സംബന്ധിച്ച തര്‍ക്ക പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ ഡാം എന്ന പ്രശ്‌നം തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ, മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നാം സ്വീകരിക്കുന്ന ഉദാരമായ ഈ സമീപനം മറ്റേത് സംസ്ഥാനം സ്വീകരിക്കും. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. മറിച്ച് ഉയര്‍ന്ന പക്വതയും വിവേകവും ദേശീയബോധവുമാണ്. ഇതിനെ മാനിക്കാന്‍ തമിഴ്‌നാട് തയ്യാറാകണം.

കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്രമായ പാട്ടതുകയ്ക്ക് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന സംസ്ഥാനത്തിന്റെ വിശാലമായ ഉദാര സമീപനത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തമിഴ്‌നാടിന് കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രിംകോടതി പോലും പലഘട്ടങ്ങളിലും ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്ന് അംഗ ഡിവിഷന്‍ ബഞ്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 136 ല്‍ നിന്നും 142 അടിവരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 വരെ ഉയര്‍ത്താമെന്നും അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് നാം കൂട്ടായി നടത്തിയ കഠിനമായ അധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി ഡാം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതി തന്നെ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് ഈ പ്രശ്‌നത്തില്‍ കേരളം കൈവരിച്ച ഉജ്ജ്വലമായ നേട്ടമാണ്. അതിപ്രളയമുണ്ടായാല്‍ ഡാമിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരേയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.

ഡാമിന്റെ സുരക്ഷ മാത്രമല്ല 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വേയെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരു പരിധിവരെ അംഗീകരിക്കാന്‍ സുപ്രിംകോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായി ജസ്റ്റിസ് കെ ടി തോമസ് അംഗവുമായുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകൃതമായതും.

ഇനി വളരെ അവധാനതയോടും തികഞ്ഞ പക്വതയോടും ഓരോ ചുവടും വയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ ഡാം എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം തയ്യാറെടുക്കേണ്ടത് പുതിയ ഡാം നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകളെ സംബന്ധിച്ചാണ്. ഇവിടെയാണ് കേന്ദ്ര ഗവണ്‍മെന്റിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചു കൊള്ളാമെന്ന് മുന്‍കൂറായി എഴുതി ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാം എന്ന നിര്‍ദേശത്തിന് പിന്നിലെ അപകടകെണി കേരളം മനസിലാക്കണം. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര ശക്തിക്ക് മുന്നില്‍ തിരുവിതാംകൂര്‍ ഭരണകൂടം പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1970 ല്‍ അനുബന്ധ കരാറില്‍ ഐക്യകേരളം ഒപ്പുവച്ചതിന് സംസ്ഥാനം ഇപ്പോള്‍ കനത്ത വിലയാണ് നല്‍കേണ്ടിവരുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇതര അന്തര്‍സംസ്ഥാന നദീജല പ്രശ്‌നത്തിലും കേരളത്തിനുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പാഠമാകണം. ഇതിന്റെ അര്‍ഥം വൈകാരികമായി പ്രശ്‌നത്തെ സമീപിക്കണമെന്നല്ല. തികഞ്ഞ അവധാനതയോടും പക്വതയോടും വിവേകത്തോടും പ്രശ്‌നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

*
എന്‍ കെ പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

ഗ്രാമങ്ങളോടുള്ള അവഗണന തുടരുന്നു

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമീണരുടെ ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്തലായിരിക്കണം ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. 1969ലും 1980 ലും ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ ഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാകാന്‍ തുടങ്ങി. 1991 മുതല്‍ നമ്മുടെ രാജ്യത്ത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ബാങ്കുകള്‍ സമ്പന്നര്‍ക്കും കുത്തകകള്‍ക്കും വേണ്ടി തുറന്നിടുകയാണ്. മാത്രമല്ല സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) നവലിബറല്‍ കാലഘട്ടത്തില്‍ ഉത്സവമായി മാറുകയാണ്. പൂജ്യം ബാലന്‍സ് ഉള്ള എക്കൌണ്ടുകള്‍ കോടികള്‍ പെരുപ്പിച്ച് പാര്‍ലിമെന്റില്‍ കണക്ക് പറഞ്ഞാല്‍ പാവപ്പെട്ട ഗ്രാമീണരുടെ വിശപ്പ് മാറില്ല എന്ന സാമാന്യബോധം പോലും പാടെ മറന്ന ഭരണാധികാരികളാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

2010-11വര്‍ഷത്തില്‍ നമ്മുടെ രാജ്യത്ത് തുറന്ന ബാങ്കുശാഖകളുടെ പട്ടിക താഴെ ശ്രദ്ധിക്കുക.
ആകെ 4981 ശാഖകള്‍ തുറന്നപ്പോള്‍ അതില്‍ 1078 ശാഖകളാണ് ഗ്രാമങ്ങളില്‍ തുറന്നത്. ഈ രീതി തുടരാന്‍ ഗ്രാമീണജനങ്ങള്‍ അനുവദിക്കരുത്. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ യു.പി.ഏ. സര്‍ക്കാര്‍ തയ്യാറാകണം. ബാങ്ക് ശാഖകള്‍ തുറക്കുന്നതിനു പകരം പുറംകരാറിലൂടെ Business Correspondent / Business Facilitator മാരെ നിയമിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ അസ്വസ്ഥതകള്‍ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളില്‍ ശാഖകള്‍ തുറന്ന് ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാപ്തമായ വായ്പാപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറാകണം. financial inclusion പോലുള്ള പദ്ധതികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കണം. ഇപ്പോള്‍ നടക്കുന്നത് ചൊട്ടുവിദ്യയാണ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കി ജനകീയ ബാങ്കിംഗ് നയം ദേശവ്യാപകമായി നടപ്പിലാക്കുക.

*
കെ.ജി. സുധാകരന്‍
ജനറല്‍ സിക്രട്ടറി,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍
കണ്ണൂര്‍

Sunday, November 27, 2011

സംസ്കാര വിമര്‍ശം: സാധ്യതകളും ബാധ്യതകളും

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മലയാളത്തില്‍ വലിയ പ്രചാരം കിട്ടിയ ആശയങ്ങളിലൊന്ന് സംസ്കാര വിമര്‍ശത്തിന്റേതാണ്. സംസ്കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമാന്യധാരണകളോട് ഒത്തുപോകുന്ന ഒന്നായതിനാല്‍ , സംസ്കാരവിമര്‍ശം എന്ന ആശയം രാഷ്ട്രീയ ജാഗ്രതയുള്ള കേരളീയ സമൂഹത്തിന്റെ അഭിരുചികളോട് കൂടുതല്‍ സംവദിക്കുന്നുണ്ടാകണം. അതുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാംസ്കാരിക വിശകലനം എന്നോ സാംസ്കാരിക പഠനം എന്നോ പുതിയ പഠന/ഗവേഷണങ്ങള്‍ നിരന്തരം വിശേഷിപ്പിക്കപ്പെട്ടുവരുന്നുണ്ട്. സംസ്കാരപഠനം (CutluralStudies) എന്നതിനോട് കൂടുതല്‍ ചേരുന്ന വിവര്‍ത്തനം സാംസ്കാരിക പഠനങ്ങള്‍ എന്നതായിരിക്കും. ഉപയോഗിച്ച് പ്രചാരം കൈവന്ന പദം എന്ന നിലയില്‍ ഇവിടെ സംസ്കാര പഠനം എന്ന് ഉപയോഗിക്കുന്നുവെന്നേയുള്ളൂ. സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല, സംസ്കാരം എന്ന നിലയിലുള്ള പഠനമാണ് എന്ന് പറഞ്ഞുവരാറുണ്ട്. ഈ വാക്കുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമേ പുറമേക്കുള്ളു. എങ്കിലും വാസ്തവത്തില്‍ വലിയ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവനയാണത്.
സംസ്കാരത്തെക്കുറിച്ചുള്ള പഠനം, "സംസ്കാരം" എന്ന സവിശേഷ മണ്ഡലത്തെ മുന്‍കൂറായി വിഭാവനം ചെയ്യുന്നുണ്ട്. ഇത് കലകളും സാഹിത്യവും മറ്റും ഉള്‍പ്പെടുന്ന ഒന്നാവാം. ദേശീയമായ മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ലോകമാകാം. ഗോത്രാചാരങ്ങളും രക്തബന്ധങ്ങളും ഉള്‍പ്പെടുന്ന, അതിനോട് ചുറ്റിപ്പറ്റി നില്‍ക്കുന്ന ജീവിതക്രമങ്ങളുടെ മേഖലയാകാം. ഏത് നിലയില്‍ മനസിലാക്കിയാലും സംസ്കാരത്തിന്റെ സവിശേഷ മണ്ഡലം ഇവിടെ വേറിട്ടുതന്നെ നിലനില്‍ക്കുന്നുണ്ട്. ഈ സവിശേഷ മണ്ഡലത്തെക്കുറിച്ചുള്ള പഠനമാണ് സംസ്കാരത്തെക്കുറിച്ചുള്ള പഠനം. അങ്ങനെ കലാസാഹിത്യ വിമര്‍ശങ്ങളും ദേശീയ പാരമ്പര്യത്തെയും ദേശ സംസ്കൃതിയെയുംകുറിച്ചുള്ള പഠനങ്ങളും നരവംശ ശാസ്ത്രപരമായ ഗവേഷണങ്ങളും എല്ലാം "സംസ്കാര"ത്തെ വെവ്വേറെ നിലകളില്‍ വിശകലനം ചെയ്യാന്‍ തുടങ്ങുന്നു. ഇത്തരം പഠനങ്ങള്‍ക്ക് ഉപയുക്തമായ സൈദ്ധാന്തിക സമീക്ഷകളും രീതിപദ്ധതികളും വികസിപ്പിച്ചുകൊണ്ടുവരുന്നതില്‍ ആധുനിക സാമൂഹ്യ വിജ്ഞാനവും മാനവ പഠനങ്ങളും വളരെയേറെ വിജയിച്ചിട്ടുമുണ്ട്. ഇതുവഴി "സംസ്കാര"ത്തെക്കുറിച്ചുള്ള പഠനാന്വേഷണങ്ങള്‍ ആധുനിക സമൂഹത്തിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായിത്തീരുകയും ചെയ്തു.

"സംസ്കാര"ത്തെക്കുറിച്ചുള്ള ഇത്തരം പഠനങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സംസ്കാരം എന്ന നിലയിലുള്ള പഠനം. ഇവിടെ സംസ്കാരം എന്നത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഏതെങ്കിലുമൊരു സവിശേഷ മണ്ഡലമല്ല. മറിച്ച് മാനുഷികമായ ജീവിതപ്രയോഗങ്ങളെയാകെ ഉള്‍ക്കൊള്ളുന്ന ബന്ധവ്യവസ്ഥയാണ്. "സമഗ്ര ജീവിതരീതി" എന്ന് റെയ്മണ്ട് വില്യംസ് സംസ്കാരത്തെ നിര്‍വചിക്കുന്നതിലെ പ്രധാന താത്പര്യവും ഇതുതന്നെയാണ്. (റെയ്മണ്ട് വില്യംസിന്റെ ഈ വിശദീകരണം സംസ്കാരത്തെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന (all inclussive) ഒന്നാക്കുക വഴി പ്രാഥമികമായ ഒരു വിശദീകരണം പോലും അല്ലാതായിത്തീരുന്നു എന്ന വിമര്‍ശവുമുണ്ട്.) അങ്ങനെ വരുമ്പോള്‍ സംസ്കാരത്തിന്റെ വിശേഷമണ്ഡലം ഇല്ലാതാവുകയും ആശയങ്ങളും അനുഭൂതികളും സാമൂഹ്യപ്രയോഗങ്ങളും ഭൗതികാസ്പദങ്ങളും എല്ലാം വിപുലമായ ഒരു ബന്ധവ്യവസ്ഥക്കുള്ളില്‍ പരസ്പരം ആശ്രയിച്ചും പരസ്പരം പൂരിപ്പിച്ചും നിലകൊള്ളുന്നവയായിത്തീരുകയും ചെയ്യും. സംസ്കാരം ഈ ബന്ധവ്യവസ്ഥയാണെന്ന് വന്നാല്‍ മേല്‍പറഞ്ഞവ എല്ലാംതന്നെ ഈ ബന്ധവ്യവസ്ഥയില്‍ പങ്കുചേര്‍ന്ന് സ്വജീവിതം കൈവരിക്കുന്നവയായിത്തീരും. ഇങ്ങനെ വിപുലമായ ഒരു ബന്ധവ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ അര്‍ഥവും അസ്തിത്വവും കൈവന്ന ആശയാനുഭൂതികളെയും ജീവിതപ്രയോഗങ്ങളെയും ഭൗതിക സാമഗ്രികളെയും ആ ബന്ധവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി പഠിക്കുകയാണ് സംസ്കാരം എന്ന നിലയിലുള്ള പഠനം. കലയും സാഹിത്യവും മുതല്‍ കളിയും ഭക്ഷണശീലങ്ങളും വരെയും ശാസ്ത്രവും തത്വചിന്തയും മുതല്‍ തെരുവ് ജാഥയും സിനിമാ പോസ്റ്ററുകളും വരെയും സംസ്കാരം എന്ന ബന്ധവ്യവസ്ഥയുടെ ഭാഗമായാണ് നിലനില്‍ക്കുന്നതെന്ന കാഴ്ചപ്പാടാണ് ഇവിടെയുള്ളത്. ഈ ബന്ധവ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ അവയുടെ നിലനില്‍പ്പിന്റെ അര്‍ഥവും ചരിത്രവുമാണ് സംസ്കാര പഠനം അന്വേഷിക്കുന്നത്. അപ്പോഴാണ് അത് സംസ്കാരമെന്ന നിലയിലുള്ള പഠനമാവുക. ഇതിനുപകരം "സംസ്കാരം" എന്ന വിശേഷമേഖലയെ മുന്‍കൂറായി അവതരിപ്പിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ നിലകൊള്ളുന്ന സമൂഹബന്ധങ്ങള്‍ "സംസ്കാര"ത്തില്‍ എങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് ആരാഞ്ഞുപോവുകയും ചെയ്താല്‍ അത് പഴയ സാമൂഹ്യശാസ്ത്ര വിശകലനമേ ആവുകയുള്ളൂ.

നിര്‍ഭാഗ്യവശാല്‍ സംസ്കാരപഠനം എന്ന വിശേഷണത്തോടെ പ്രത്യക്ഷപ്പെടുന്ന നമ്മുടെ പഠനങ്ങളില്‍ ഏറിയ പങ്കും ഇത്തരം സാമൂഹ്യശാസ്ത്ര പഠനങ്ങളാണ് (അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല!). സംസ്കാര വിമര്‍ശത്തിന്റെ ഈ സമീപനം ഒരേസമയം ചില സാധ്യതകളെയും ചില പരാധീനതകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആശയങ്ങളെയും അനുഭൂതികളെയും ഭൗതികമായ ഒരു ബന്ധവ്യവസ്ഥയുടെ ഭാഗമായി മനസിലാക്കുവാനും അവയെ ചുറ്റിപ്പറ്റിനില്‍ക്കുന്ന പഴയ അതീതവാദങ്ങളെ നിരസിക്കുവാനും കഴിയുന്നു എന്നതാണ് സാധ്യതകളില്‍ ആദ്യത്തേത്. ഇത് പഴയ ഭൗതികവാദ വിമര്‍ശനരീതികളില്‍നിന്നും കുറെയേറെ വ്യത്യസ്തമാണെന്ന് കാണാതിരുന്നുകൂടാ. ആശയങ്ങളെയും അനുഭൂതികളെയും ഭൗതിക ജീവിതത്തിന്റെ ഉല്പന്നങ്ങള്‍ എന്ന നിലയിലല്ലാതെ, ഭൗതികതയുടെ നിര്‍മാണസാമഗ്രികള്‍ എന്ന നിലയില്‍ വിലയിരുത്താന്‍ പഴയ ഭൗതികവാദം സന്നദ്ധമായിരുന്നില്ലല്ലൊ. ഭാവനാത്മകതയുടെ ലോകം അപ്രധാനവും വസ്തുയാഥാര്‍ഥ്യങ്ങളുടെ ലോകം പ്രധാനവുമായിത്തീരുന്ന ദ്വന്ദ്വവാദപരമായ സമീപനമാണ് യാന്ത്രിക ഭൗതികത്തിന്റെ ആധാരം. സംസ്കാരവിമര്‍ശത്തിന്റെ വഴി ഇതിനെ മറികടന്നുപോകുന്ന ഒന്നാണ്. ഭാവനാത്മകതയും അതിലുള്‍ച്ചേര്‍ന്ന ആശയാനുഭൂതികളും പ്രത്യക്ഷ ഭൗതികവുമായി / വസ്തുയാഥാര്‍ഥ്യവുമായി ഇടകലര്‍ന്ന് പണിതീര്‍ക്കുന്ന ഒന്നായാണ് ഭൗതികലോകത്തെ അത് പരിഗണിക്കുന്നത്. അതോടെ പഴയ ദ്വന്ദ്വവാദപരമായ വിഭജനം അപ്രസക്തമാകുകയും ഭാവനയുടെ ഭൗതികത എന്ന ആശയം ഉയര്‍ന്നുവരികയും ചെയ്യും.

മറ്റൊരു സാധ്യത സംസ്കാരരൂപങ്ങളുടെ ശ്രേണീബന്ധങ്ങളെ നിരസിക്കാന്‍ ഇതിന് കഴിയുന്നു എന്നതാണ്. ഒരര്‍ഥത്തില്‍ സംസ്കാരം എന്ന പരികല്പനയും അതുള്‍ക്കൊള്ളുന്ന മൂല്യമണ്ഡലവും പാശ്ചാത്യ ആധുനികതയില്‍ ഇടം പിടിച്ചതുതന്നെ അഭിജാതജീവിതത്തിന്റെയും അഭിജാതമൂല്യങ്ങളുടെയും സംരക്ഷണോപാധി എന്ന നിലയിലാണ്. മാത്യു ആര്‍നോള്‍ഡ് "സംസ്കാരവും അരാജകത്വവും" (Cutlure and Anarchy) എന്ന ഗ്രന്ഥത്തില്‍ സംസ്കാരത്തിന്റെ പ്രാധാന്യം വിശദീകരിച്ചത് ഈ രൂപത്തിലായിരുന്നു എന്ന കാര്യം ഇപ്പോഴത്തെ സംസ്കാര ചര്‍ച്ചകളില്‍ കാര്യമായി പരിഗണിക്കപ്പെടാറില്ല. വ്യവസായവത്കരണത്തിന്റെ ഫലമായി യൂറോപ്യന്‍ നഗരങ്ങളിലേക്ക് തള്ളിക്കയറിയ ഗ്രാമീണരും തൊഴിലാളികളും ഉള്‍പ്പെടുന്ന അനാഗരികര്‍ അഭിജാതമായ ബ്രിട്ടീഷ് സംസ്കൃതിയെ നശിപ്പിക്കുകയാണെന്ന് മാത്യു ആര്‍നോള്‍ഡ് ഭയപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി അദ്ദേഹം നിര്‍ദേശിച്ച ഒരു കാര്യം ബ്രിട്ടീഷ് സംസ്കാരത്തിെന്‍റ ഉന്നതിയും മഹിമയും വിദ്യാഭ്യാസം വഴി കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും അങ്ങനെ ബ്രിട്ടീഷ് സംസ്കൃതിയെ ശൈഥില്യത്തില്‍നിന്ന് കരകയറ്റുകയും ചെയ്യുക എന്നതായിരുന്നു. എഴുതപ്പെട്ടതിലും പറയപ്പെട്ടതിലും ആലോചിക്കപ്പെട്ടതിലും മികച്ചവയുടെ സമാഹാരമായി സംസ്കാരത്തെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇങ്ങനെ ഉന്നതവും അഭിജാതവുമായ ജീവിതക്രമങ്ങളെയും മൂല്യവിചാരങ്ങളെയും കീഴാളജനതയുടെ കൈയേറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള രക്ഷോപായമായാണ് സംസ്കാരവും അതിന്റെ വ്യാപനവും ഒരു ഘട്ടത്തില്‍ വിഭാവനം ചെയ്യപ്പെട്ടത്.

ഈ വിഭാവനക്രമത്തിന്റെ മുഴക്കങ്ങള്‍ ഇപ്പോഴും സംസ്കാരവിചാരങ്ങളില്‍നിന്ന് ഒഴിഞ്ഞുപോയിട്ടില്ല. സംസ്കാരപഠനം ഈ മേല്‍ -കീഴ് ബന്ധങ്ങളെ അട്ടിമറിച്ച് ഏതുതരം ആവിഷ്കാരത്തെയും ഒരു ബന്ധവ്യവസ്ഥയുടെ ഭാഗമായി മനസിലാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. അതുവഴി സാംസ്കാരികമായ ബൂര്‍ഷാര്‍ഥത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ ശ്രേണീകരണത്തെ തകര്‍ത്ത് ജനാധിപത്യപരമായ ഒരു സംവാദമണ്ഡലമായി സംസ്കാരത്തെ പുതുക്കിപ്പണിയുന്നു.

എന്നാല്‍ ഈ സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ സംസ്കാരവിമര്‍ശം ചില ഗൗരവമേറിയ പരാധീനതകളുടെയും രംഗവേദിയായിത്തീരുന്നുണ്ട്. മലയാളത്തിലെ സംസ്കാരവിചാരങ്ങള്‍ ഈ പരാധീനതകളെ കൂടുതല്‍ കൂടുതലായി പ്രകടിപ്പിക്കുന്നുമുണ്ട്. സംസ്കാരപഠനത്തെ പുതിയ മൂലധന യുക്തികള്‍ക്ക് ഉപയോഗപ്രദമായ നിലയില്‍ മെരുക്കിയെടുക്കലാണ് ആദ്യത്തേത്. കീഴാളവും ജനകീയവുമായ സാംസ്കാരികാവിഷ്കാരങ്ങളെ കമ്പോളത്താലും വിപണി താത്പര്യങ്ങളാലും നിര്‍ണയിക്കപ്പെട്ട ജനപ്രിയ രൂപങ്ങള്‍കൊണ്ട് പകരംവയ്ക്കുകയും സംസ്കാരപഠനത്തെ ഈ വിപണിതാല്പര്യങ്ങളുടെ ആഘോഷമാക്കി മാറ്റുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. സംസ്കാരത്തിന്റെയും സാംസ്കാരികാവിഷ്കാരങ്ങളുടെയും മേല്‍ -കീഴ് നിലകളെ നിരസിക്കുന്നതിനെ കമ്പോളസംസ്കാരത്തിനുവേണ്ടിയുള്ള ന്യായവാദമായി ഉപയോഗിക്കുവാന്‍ ഇതിന്റെ വക്താക്കള്‍ക്ക് കഴിയുന്നു. ഒരര്‍ഥത്തില്‍ ഇത് സംസ്കാരപഠനത്തിന്റെ അടിസ്ഥാന യുക്തിയെ നിരസിക്കലാണ്. കാരണം സാമ്പത്തികവും അധികാരപരവും രാഷ്ട്രീയവുമായ താത്പര്യങ്ങളും പ്രേരണകളും ഇടപെട്ട് പണിതീര്‍ത്തെടുക്കുന്ന ബന്ധവ്യവസ്ഥയുടെ ഭാഗമായി സംസ്കാരിക നിര്‍മിതികളെ സ്ഥാനനിര്‍ണയം ചെയ്യുകയെന്നതാണ് സംസ്കാര വിമര്‍ശത്തിന്റെ വഴി. ഇതിനുപകരം ജനപ്രിയമായ സാംസ്കരികാവിഷ്കാരങ്ങളെ, അവയുടെ മൂലധനബന്ധങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി, ആഘോഷിക്കുന്നതിലേക്ക് സംസ്കാര പഠനം പലപ്പോഴും വഴുതിപ്പോവാറുണ്ട്. മുകളില്‍ പറഞ്ഞതുപോലെ കമ്പോളത്താല്‍ മെരുക്കിയെടുക്കപ്പെട്ട സംസ്കാരപഠനമാണത്. അമേരിക്കയില്‍ വികസിച്ച സംസ്കാര പഠനമാതൃകകള്‍ കണ്ടപ്പോള്‍ , ഇതാണ് സംസ്കാരപഠനമെങ്കില്‍ താന്‍ സംസ്കാരപഠിതാവേ അല്ല എന്ന് സ്റ്റുവര്‍ട്ട്ഹാള്‍ പറഞ്ഞതിന്റെ കാരണങ്ങളിലൊന്നും ഇതുതന്നെ.

മറ്റൊരു പരാധീനത പ്രതിനിധാനപരമായ വായനയുടേതാണ്. ഒരുപക്ഷേ സംസ്കാരവിമര്‍ശം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട കലാ-സാഹിത്യ പഠനങ്ങളിലാണ് ഇതേറ്റവും കൂടുതല്‍ പ്രകടമായത്. കലയുടെയും സാഹിത്യത്തിന്റെയും ബഹുമുഖമായ ജീവിതത്തെ അവയുടെ സ്വകീയമായ അനുഭവലോകത്തെ സാംസ്കാരിക ബന്ധവ്യവസ്ഥയിലെ മറ്റേതെങ്കിലും ഒരു ഘടകത്തിന്റെ പ്രതിനിധാനം മാത്രമായി കാണുകയാണ് ഇതിന്റെ രീതി. നിശ്ചയമായും കലയും സാഹിത്യവും മറ്റും സ്വതന്ത്രവും കേവലവുമായ അനുഭവലോകങ്ങളല്ല. അതുപോലെ അനുഭൂതികള്‍ ചരിത്രപരമായി നിര്‍ണയിക്കപ്പെടുന്നവയുമാണ്. പക്ഷേ, ഇതിനര്‍ഥം അനുഭൂതിലോകം മറ്റെന്തിന്റെയെങ്കിലും പ്രതിനിധാനമാണ് എന്നല്ല. അനുഭൂതിയുടെ ചരിത്രപരതയെ, ആ അനുഭൂതിലോകത്തെ നിര്‍ണയിക്കുന്ന നിരവധിയായ ചരിത്ര-സാമൂഹിക പ്രേരണകളില്‍ ഒന്നിന്റെ പ്രതിനിധാനം മാത്രമായി ചുരുക്കിയെഴുതിക്കൂടാ.

അങ്ങനെ ചെയ്യുമ്പോള്‍ മൗലികമായ രണ്ട് പോരായ്മകളാണ് ഉണ്ടാവുക. ഒന്നാമത്തേത് സൗന്ദര്യാനുഭവങ്ങളെ, വിശാലാര്‍ഥത്തില്‍ മനുഷ്യരുടെ അനുഭൂതിലോകത്തെയപ്പാടെ, അത് ഒരു വ്യാജനിര്‍മിതിയായി പരിഗണിക്കുന്നു എന്നതാണ്. കലയുടെയും സാഹിത്യത്തിന്റെയും ഇതര സംസ്കാരാവിഷ്കാരങ്ങളുടെയും അനുഭവലോകം ഇത്തരം ഒരു വ്യാജരൂപമല്ല. മറിച്ച്, തുടക്കത്തില്‍ പറഞ്ഞതുപോലെ, ലോക യാഥാര്‍ഥ്യത്തിന്റെ നിര്‍മിതിയില്‍ പങ്കുചേരാന്‍ കെല്‍പ്പുള്ള ഭാവനയുടെ ഭൗതികതയാണ് അവിടെയുള്ളത്. ഭാവനയുടെ ഭൗതികതയെയും അനുഭൂതികളുടെ സൃഷ്ടിപരതയെയും പരിഗണിക്കാതെ അതിനെ മറ്റെന്തിന്റെയെങ്കിലും പകര്‍പ്പെഴുത്തായി ചുരുക്കുകയാണ് പ്രതിനിധാനപരമായ പഠനങ്ങള്‍ ചെയ്യുന്നത്. കലയും സാഹിത്യവുമുള്‍പ്പെടെയുള്ള നിര്‍മിതികളുടെ ബഹുമുഖ ജീവിതത്തെ പരിഗണിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് പോരായ്മകളില്‍ രണ്ടാമത്തേത്. ഒരേയൊരര്‍ഥവും ഒരേയൊരു പ്രവര്‍ത്തനവും ഉള്ള യാന്ത്രികനിര്‍മിതികളായി ഭാവനാവിഷ്കാരങ്ങളെയും സാംസ്കാരിക രൂപങ്ങളെയും വിലയിരുത്തുന്നതിലാണ് ഇത് ചെന്നവസാനിക്കുക.

സ്വത്വവാദപരമായ ആലോചനകളുടെ സന്ദര്‍ഭത്തില്‍ ഇത്തരം വിശദീകരണങ്ങളാണ് സംസ്കാര വിമര്‍ശമെന്ന പേരില്‍ മലയാളത്തില്‍ നിരന്തരം അവതരിപ്പിക്കപ്പെട്ടത്. യാന്ത്രിക ഭൗതികവാദത്തിന്റെയും പ്രതിനിധാന വാദത്തിന്റെയും അത്യന്തം ശുഷ്കവും വികലവുമായ കലര്‍പ്പാണ് സംസ്കാര വിമര്‍ശനമായി അന്ന് അവതരിച്ചത്. സംസ്കാരപഠനത്തിന്റെ മേഖലയിലെ വലിയ വഴിതെറ്റലുകളില്‍ ഒന്നായിരുന്നു അത്. ഈ വഴിതെറ്റലുകളില്‍നിന്നും വിടുതിനേടിയ സംസ്കാരവിമര്‍ശത്തിന്റെ മണ്ഡലത്തെ വികസിപ്പിച്ചെടുക്കാനാവുമോ എന്നതാണ് ഇപ്പോള്‍ പ്രസക്തമായ കാര്യം. ഒരുഭാഗത്ത് സാംസ്കാരികാവിഷ്കാരങ്ങളുടെ സ്വകീയമായ ജീവിതത്തെയും അവയുടെ ബഹുമുഖമായ അനുഭവലോകങ്ങളെയും ഉള്‍ക്കൊള്ളുന്നതും മറുഭാഗത്ത് വിപുലമായ ഒരു ബന്ധവ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ ഓരോ സാംസ്കാരിക നിര്‍മിതിയെയും വിലയിരുത്തുന്നതുമായ വൈരുധ്യാത്മക വിശകലനമാണ് ഇതിനു വേണ്ടത്. ഇതിലേതെങ്കിലും ഒന്നിലുള്ള അമിതമായ ഊന്നല്‍ ഒരുഭാഗത്ത് കേവല(ലാവണ്യ) വാദത്തിലേക്കും മറുഭാഗത്ത് യാന്ത്രിക പ്രതിനിധാനവാദത്തിലേക്കുമാണ് ചെന്നെത്തുക. നിശ്ചയമായും അത് സംസ്കാരവിമര്‍ശത്തിന്റെ വിജയസ്ഥാനങ്ങളല്ല. ഈ പശ്ചാത്തലത്തില്‍ നിന്നാണ് ഈ പ്രതിമാസ പംക്തിയില്‍ സാംസ്ക്കാരിക വിഷയങ്ങള്‍ വിലയിരുത്തുക.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി 27 നവംബര്‍ 2011

ദുര്‍വിധി തിരുത്തിയ നീതിയുടെ വിധി

ഗോപിനാഥന്‍പിള്ള ഇപ്പോള്‍ ശാന്തനാണ്. തന്റെ മകന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യം ആ മുഖത്തുണ്ട്. എങ്കിലും മനസ്സില്‍ ഓര്‍മകളുടെ കടലിരുമ്പുന്നു. തീവ്രവാദിയുടെ അച്ഛന്‍ എന്ന മുദ്രചാര്‍ത്തി അകറ്റിനിര്‍ത്തപ്പെട്ട ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍ കാണാം. പുത്രവാത്സല്യവും പോരാട്ടവീറും ചേര്‍ന്ന ഊര്‍ജമാണ് ഈ അച്ഛന്‍ .

മാവേലിക്കര താമരക്കുളം കൊട്ടയ്ക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ളയ്ക്ക് മക്കള്‍ രണ്ടായിരുന്നു. അരവിന്ദും പ്രാണേഷ്കുമാറും. പുണെയില്‍ സ്വകാര്യക്കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോപിനാഥന്‍പിള്ള ഇളയമകനായ പ്രാണേഷിനെ ഒപ്പം കൂട്ടി. അവിടെ മറ്റൊരു സ്വകാര്യസ്ഥാപനത്തില്‍ അവന് ജോലിയും ലഭിച്ചു. ഗോപിനാഥന്‍പിള്ള പിന്നീട് നാട്ടിലേക്കു മടങ്ങി. പുനെയില്‍ തനിച്ചായ പ്രാണേഷ് സാജിത എന്ന മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവര്‍ വിവാഹിതരായി. പ്രാണേഷ്ഇസ്ലാം മതം സ്വീകരിച്ച് ജാവേദ് ഗുലാം ഷേക്ക് ആയി.

പരമ്പരാഗത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു നാട്ടിന്‍പുറത്ത് എളുപ്പം സ്വീകരിക്കാവുന്നതായിരുന്നില്ല ആ വാര്‍ത്ത. പക്ഷേ, യൗവനകാലത്ത് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തന പാരമ്പര്യവും പിന്നീട് പൊതുപ്രവര്‍ത്തന പരിചയവുമെല്ലാം ഉണ്ടായിരുന്നതിനാലാകാം ആ അച്ഛന്‍ മകന്റെ മതം മാറ്റവും പ്രണയ വിവാഹവുമെല്ലാം ഉള്‍ക്കൊണ്ടു. വീട്ടിലെത്താത്ത മകനെതേടി വീണ്ടും മഹാരാഷ്ട്രയിലെത്തി. മകനുവേണ്ടി മണലാടി തെക്കതില്‍ കുടുംബത്തിന്റെ വാതിലുകള്‍ തുറന്നിട്ടു.

പ്രാണേഷിന്റെ മൂത്തമകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ഗോപിനാഥന്‍ പിള്ള ഒപ്പം നാട്ടില്‍ നിര്‍ത്തി. ഒരു വര്‍ഷം ഇവിടെ ഒരു സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു അബൂബക്കര്‍ . മകനെ തിരികെ കൊണ്ടുപോകാനും തനിക്കുണ്ടായ മൂന്നാമത്തെ മകനെ അച്ഛന് കാട്ടിക്കൊടുക്കാനുമാണ് 2004 ജൂണില്‍ പ്രാണേഷും ഭാര്യയും മക്കളും കാറില്‍ കുടുംബവീട്ടിലെത്തിയത്. ഏതാനും ദിവസം ഇവിടെ താമസിച്ച് ജൂണ്‍ അഞ്ചിന് അവര്‍ മടങ്ങി.

യാത്രയുടെ വിവരങ്ങള്‍ ഇടയ്ക്കിടെ അറിഞ്ഞുകൊണ്ടിരുന്നു. പിന്നീട് ജൂണ്‍ 15ന് മരുമകള്‍ സാജിത ഗോപിനാഥപിള്ളയെ ഫോണില്‍ വിളിച്ചു. പ്രാണേഷ് വീട്ടിലെത്തിയിട്ട് നാല് ദിവസമായെന്നായിരുന്നു അവര്‍ പറഞ്ഞത്. കിലോമീറ്ററുകള്‍ക്കിപ്പുറമിരുന്ന് ഗോപിനാഥന്‍പിള്ളയ്ക്ക് പരിഭ്രമിക്കാനല്ലാതെ മറ്റൊന്നും സാധ്യമായിരുന്നില്ല. തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ തീവ്രവാദികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായ വാര്‍ത്തയും ചിത്രവും വെടിയേറ്റു കിടക്കുന്ന തീവ്രവാദികളുടെ ചിത്രവും ഉണ്ടായിരുന്നു. ഇസ്രത്ത് ജഹാന്‍ , പ്രാണേഷ്കുമാര്‍ , ജിസന്‍ ജോഹര്‍ , അംജദ് അലി അക്ബര്‍ റാണ എന്നിവരാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദ് പൊലീസിന്റെ എഫ്ഐആര്‍ പ്രകാരം നാലുപേരും അഹമ്മദാബാദ് കോട്ടാര്‍പുര്‍ വാട്ടര്‍ വര്‍ക്സിനുസമീപം ക്രൈംബ്രാഞ്ചുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗോപിനാഥന്‍പിള്ള സ്തംഭിച്ചുപോയി. ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ കഴിയാത്ത തന്റെ മകന് തീവ്രവാദിയാകാന്‍ സാധിക്കുന്നതെങ്ങനെ? പക്ഷേ, എഴുതപ്പെട്ട തിരക്കഥ ഭദ്രമായിരുന്നു. പ്രണയം, മതംമാറ്റം, മുസ്ലിം ജീവിതചര്യകള്‍ , കുടുംബവീട് സന്ദര്‍ശനം ഒരു തീവ്രവാദിയെ സൃഷ്ടിക്കാന്‍ ചേരുവകള്‍ കൃത്യം. കോണ്‍ഗ്രസ് നേതാവായിരുന്നു ഗോപിനാഥപിള്ള. സാമുദായിക സംഘടനാപ്രവര്‍ത്തനത്തിലും പൊതുകാര്യങ്ങളിലും സജീവം. നിമിഷനേരംകൊണ്ട് എല്ലാം തകിടംമറിഞ്ഞു. പാര്‍ടിക്കാര്‍ തിരിഞ്ഞുനോക്കാതെയായി. ബന്ധുക്കള്‍ മുഖംതിരിച്ചു. പക്ഷേ, അപ്പോള്‍ തനിക്കൊപ്പംനിന്നത് സിപിഐ എം നേതാക്കളാണെന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു.

പ്രാണേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛന്‍ പോയില്ല. ഭാര്യയും ബന്ധുക്കളും അതേറ്റുവാങ്ങി മുസ്ലിം മതാചാരപ്രകാരം സംസ്കരിച്ചു. ഗുജറാത്തില്‍നിന്ന് പൊലീസുകാര്‍ പലതവണ ഗോപിനാഥപിള്ളയെ വിളിച്ചു. "നിങ്ങളുടെ മകന്‍ ഹിന്ദുവല്ലേ അവനെ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണോ?" എന്നായിരുന്നു അവരുടെ ചോദ്യം. "എന്റെ മകന്‍ ജനിച്ചത് ഹിന്ദുവായാണ്. പക്ഷേ, മരിച്ചത് മുസ്ലിമായും. അവന്റെ ഭാര്യയാണ് സംസ്കാരം എങ്ങനെ നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്" എന്ന് മറുപടി നല്‍കി.

പിന്നീട് നാലുമാസം. ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലുകളുടെയും കാലമായിരുന്നു. അങ്ങനെയിരിക്കെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്റെ കഥ പത്രങ്ങളില്‍ വന്നത്. ഇതോടെ പ്രാണേഷിന്റെ കൊലപാതകവും അന്വേഷണവിധേയമാക്കണമെന്ന് ഗോപിനാഥപിള്ള തീരുമാനിച്ചു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ ഭരണകൂട കൊലപാതകപരമ്പരകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഈ അച്ഛന്‍ നിമിത്തമായി.

അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു നിവേദനം തയ്യാറാക്കി. അത് നേരിട്ടുനല്‍കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിന് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെ കൂട്ടിനുവിളിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സ് ചെയ്തു. പക്ഷേ, ഒരു മറുപടിയും കിട്ടിയില്ല. പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍വന്നശേഷവും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കണ്ട് നിവേദനം നല്‍കി. അനുഭാവപൂര്‍ണമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.

തീവ്രവാദബന്ധമില്ലാത്ത പ്രാണേഷിനെ മഹാരാഷ്ട്രയില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. പ്രാണേഷ് തന്റെ കാര്‍ നന്നാക്കാന്‍പോയ വര്‍ക്ക്ഷോപ്പില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്നതിന് ദൃക്സാക്ഷികളുണ്ട്. എന്നാല്‍ , അവര്‍ അത് കോടതിയില്‍ പറയാന്‍ തയ്യാറല്ല. കാരണം ഭയംതന്നെ. പ്രാണേഷിന്റെ ഭാര്യതന്നെ കേസ് നടത്താന്‍ ധൈര്യം കാട്ടിയില്ല. പ്രാണേഷ് കൊല്ലപ്പെട്ടതിന് തൊട്ടടുത്തദിവസങ്ങളിലെല്ലാം സാജിതയെ രാവിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കും. ഏതാനും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തുന്ന ഇവര്‍ വരാന്തയില്‍ നില്‍ക്കണം. അതും വേനല്‍ക്കാലത്തെ പൊരിവെയിലത്ത് വൈകുംവരെ. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ സാധിക്കില്ല. പൊലീസിന്റെ ഇത്തരം പീഢനങ്ങള്‍ കാരണം സാജിത കേസില്‍ കക്ഷിചേര്‍ന്നില്ല.

സുപ്രീംകോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകരെത്തന്നെ കേസ് നടത്താന്‍ നിയോഗിച്ചു. സുമാജോസനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇതിന് സഹായിച്ചു. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഗോപിനാഥന്‍പിള്ള അന്നുമുതല്‍ നിരന്തരയാത്രയിലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലുമെല്ലാം സഞ്ചരിച്ചു. സാക്ഷികളെയും പൊലീസുദ്യോഗസ്ഥരെയും കണ്ടു. ഇതിനിടയിലാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറായ എസ് പി തമാങ് ക്രിമിനല്‍ നടപടിക്രമം 176 അനുസരിച്ച് പ്രാണേഷ്കുമാറിന്റെയും ഇസ്രത്തിന്റെയും കൊലപാതകം സംബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. എ കെ 56 തോക്കുപയോഗിച്ച് പ്രാണേഷ് പൊലീസ് വാഹനത്തെ ആക്രമിച്ചുവെന്ന ഭാഷ്യം ശുദ്ധഅസംബന്ധമാണെന്നും മറ്റെവിടെയോ വച്ച് കൊല്ലപ്പെട്ട ഇവരെ അലഹബാദില്‍ പൊതുവഴിയില്‍ കൊണ്ടുവന്നിട്ടശേഷം തീവ്രവാദികളെന്ന് തോന്നിപ്പിക്കാന്‍ തോക്ക് കൈയില്‍ പിടിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നീതിനിഷ്ഠനായ സതീഷ്റായ് എന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലായിരുന്നെങ്കില്‍ ഈ അന്വേഷണസംഘവും പതിവുപോലെ അവസാനിച്ചേനെ. എന്നാല്‍ , ഇപ്പോള്‍ പ്രാണേഷ് ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അലച്ചിലില്‍ വികാരനിര്‍ഭരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. പ്രാണേഷിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതാണ് അതിലൊന്ന്. അഹമ്മദാബാദ് കോര്‍പറേഷന്‍ അധികൃതര്‍ ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. പകരം അവിടത്തെ സുരക്ഷാചുമതലയുള്ള ഓഫീസറെ കാണാന്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് അദ്ദേഹമറിയാതെ നല്‍കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. വീണ്ടുമൊരു ഉദ്യോഗസ്ഥ പീഢനംകൂടി പ്രതീക്ഷിച്ചാണ് പിള്ള അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. പക്ഷേ, അനുഭവം മറിച്ചായിരുന്നു. പ്രാണേഷിനെ വെടിവച്ചുകൊല്ലാന്‍ ഡിഐജി വന്‍സാര ആദ്യം നിര്‍ദേശം നല്‍കിയത് ഈ ഉദ്യോഗസ്ഥനോടായിരുന്നു. അതിന് തയ്യാറാകാത്ത ഇയാളെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് പിന്നീട് നാടുകടത്തി. ഗോപിനാഥപിള്ളയോട് അദ്ദേഹം പ്രാണേഷിനെ അടക്കംചെയ്ത സ്ഥലം കാണണമോ എന്നാരാഞ്ഞു. വേണമെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം അകലെയുള്ള ഒരു മുസ്ലിം കബര്‍സ്ഥാനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ഒരിടം. അവിടെ മാര്‍ബിള്‍ ഫലകങ്ങള്‍ക്കെല്ലാമപ്പുറം ഒരു മൂലയില്‍ ഒരു പേഴുമരച്ചുവട്ടില്‍ തന്റെ മകന്‍ ... കടുത്ത പീഢനങ്ങള്‍ക്കിരയായി അപമാനിതനായി കൊല്ലപ്പെട്ട്... ഈ മണ്ണില്‍ . പ്രാണേഷിന്റെ കബറിടത്തില്‍ പൂമാല ചാര്‍ത്തി. ചന്ദനത്തിരികള്‍ കത്തിച്ചുവച്ച് ഗോപിനാഥപിള്ള പ്രാര്‍ഥിച്ചു.

മടക്കയാത്രയില്‍ അയാള്‍ പ്രാണേഷ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞു. പ്രാണേഷിന്റെ ഒരു ജീവനക്കാരന്റെ മകളാണ് നേരത്തെ പൊലീസ് പിടിയിലായ കോളേജ് വിദ്യാര്‍ഥിനി ഇഷ്റത്ത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രാണേഷിന്റെ കണ്‍മുന്നില്‍ പൊലീസുകാര്‍ ഇഷ്റത്തിനെ ക്രൂരമായി പീഡിപ്പിച്ചു. ഇത് സഹിക്കാതെ പ്രതികരിച്ചപ്പോഴാണ് പ്രാണേഷിന്റെ കൈ തിരിച്ചൊടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തുടര്‍ന്ന് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചകൊന്നത്രെ! ഇങ്ങനെ എത്രയെത്ര പ്രാണേഷുമാര്‍ ... ഇപ്പോള്‍ ഗോപിനാഥപിള്ളയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഇനി കേസിന്റെ തുടരന്വേഷണം ഇതേ പ്രത്യേകാന്വേഷണസംഘംതന്നെ നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സാജിതയ്ക്കും കുട്ടികള്‍ക്കും അര്‍ഹമായ ആശ്വാസം ലഭിക്കുകയും വേണം. അതിനുവേണ്ടിയാണ് ഈ അച്ഛന്റെ അടുത്ത പോരാട്ടം.

*
ശിവപ്രസാദ് കണ്ണനാകുഴി ദേശാഭിമാനി വാരാന്തപ്പതിപ്പ് 27 നവംബര്‍ 2011

പരസ്യത്തിന്റെ രഹസ്യങ്ങള്‍

''ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രിതലസമിതിയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് (ഓ, എന്തൊരു ഭാഷ!) കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യമന്ത്രി കെ വി തോമസ് പറയുന്നു.'' ഒരു പ്രമുഖ മലയാളപത്രത്തിലെ വാര്‍ത്തയാണ്. വാര്‍ത്ത ഇങ്ങനെ തുടരുന്നു: ''സ്വയം നിയന്ത്രണം നിലനില്‍ക്കുമ്പോഴും ഒറ്റനോട്ടത്തില്‍ത്തന്നെ തട്ടിപ്പാണെന്നു മനസ്സിലാകുന്ന നിരവധി പരസ്യങ്ങള്‍ വിവിധമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. തെറ്റിദ്ധരിക്കപ്പെടുന്ന ('തെറ്റിദ്ധരിപ്പിക്കുന്ന' എന്ന അര്‍ഥത്തിലാവണം ഈ പ്രയോഗം) പരസ്യങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം വ്യവസ്ഥയില്ല. വഞ്ചിക്കപ്പെട്ടശേഷം നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാനാണ് നിലവിലെ നിയമങ്ങള്‍ ഉപഭോക്താവിനോടു പറയുന്നത്. ഇത്തരം പരസ്യങ്ങള്‍ മുളയിലേ നുള്ളാന്‍ പര്യാപ്തമായ നിയമങ്ങളാണ് വേണ്ടതെന്നു തോമസ് പറഞ്ഞു.'' (വലയങ്ങള്‍ക്കകത്തുള്ള വാക്കുകള്‍ എന്റേത്.)

ഇത്രയും കാലം ഇതിന് ഒരു നിയമവുമുണ്ടായിരുന്നില്ല എന്ന് ഇപ്പോഴാണറിയുന്നത്. അതിന്റെ ഒരാവശ്യവുമില്ല എന്നായിരിക്കുമോ സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്? എന്നാല്‍ അത് അത്ഭുതം തന്നെയാണ്.

ജനസമ്മതിയും ധാരാളം പ്രചാരമുള്ളതുമായ പല പത്രങ്ങളിലും വരുന്ന പരസ്യങ്ങള്‍ പലതും വിശ്വസിക്കാന്‍ കൊള്ളുന്നതല്ല എന്ന് പലര്‍ക്കും നേരിട്ട് അനുഭവമുള്ളതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ധാരാളം കണ്ടിരുന്ന '25 രൂപയ്‌ക്കൊരു ട്രാന്‍സിസ്റ്റര്‍ റേഡിയോ' എന്ന പരസ്യമാണ് ഓര്‍മ്മ വരുന്നത്. റേഡിയോ അത്രയൊന്നും പ്രചാരത്തിലില്ലാത്ത കാലത്തായിരുന്നു അത്. മാത്രമല്ല അന്നത് ഒരാഡംബരവുമായിരുന്നു. ലുധിയാനയിലെയോ മറ്റോ ഒരു വിലാസം. മുന്‍കൂര്‍ മണിയോര്‍ഡറയയ്ക്കണം. റേഡിയോ പാഴ്‌സലായി വീട്ടിലെത്തും. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ വിജയന്‍ ഇതിനുള്ള സംഖ്യ മണിയോര്‍ഡറായി അയച്ചു. രണ്ടാഴ്ചക്കാലത്തെ ഉല്‍ക്കണ്ഠാപൂര്‍വമായ കാത്തിരിപ്പിനു ശേഷം ഒരു ദിവസം പോസ്റ്റുമാന്‍ പാഴ്‌സലുമായി ക്ലാസ്സില്‍ വന്നു. വലിയ ഒരു സോപ്പിന്‍പെട്ടിയുടെ വലിപ്പത്തില്‍ ഒരു റേഡിയോ. ഞങ്ങളെല്ലാവരും വിജയനെ അസൂയയോടെ നോക്കി. പക്ഷേ റേഡിയോവിന് ഒരു മാസത്തെ ആയുസേ ഉണ്ടായുള്ളു. ആരോടു സങ്കടം പറയാന്‍? അക്കാലത്ത് ഉപഭോക്തൃകോടതികളൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഉണ്ടെങ്കില്‍ത്തന്നെ റേഡിയോവിന്റെ ആയുസ്സിനേപ്പറ്റി ഒരു സൂചനയും പരസ്യത്തില്‍ ഉണ്ടായിരുന്നുമില്ല.

അത്തരം പ്രലോഭനപരസ്യങ്ങള്‍ അക്കാലത്ത് ധാരാളമുണ്ടായിരുന്നു. അതിനേപ്പറ്റിയാണ് സഞ്ജയന്‍ 'ലീലയ്ക്കു പറ്റിയ ബ്ലീച്ച്' എഴുതിയത്. രണ്ടര ഉറുപ്പികയ്ക്ക് ഒരു റിസ്റ്റ് വാച്ചും 120 സമ്മാനങ്ങളുമായിരുന്നു വാഗ്ദാനം. മൂന്നുറുപ്പിക രണ്ടണ കൊടുത്ത് ലീല വി പി കൈപ്പറ്റിയപ്പോള്‍ കണ്ടത് 60 മൊട്ടുസൂചിയും 10 തുന്നുന്നസൂചിയും 10 സേഫ്റ്റിപിന്നും 'മനുഷ്യന്റെ മുഖം കുരങ്ങന്റേതുപോലെ കാണിക്കുന്ന കണ്ണാടി'യും മരച്ചീര്‍പ്പും ബട്ടണും കടലാസു പെന്‍സിലും മറ്റു അല്ലറചില്ലറകളും അടക്കമുള്ള 120 സാധനങ്ങളായിരുന്നു. വാച്ചാവട്ടെ രണ്ടു ദിവസമേ നടന്നുള്ളു.

പണ്ട് കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സിനിമാ മാസിക'യില്‍ ഒരു മാന്ത്രികമോതിരത്തിന്റെ പരസ്യം സ്ഥിരമായി കണ്ടിരുന്നു. അതു വാങ്ങി ധരിച്ചാല്‍ മോഹിച്ച പെണ്ണ് വരുതിയില്‍ വരും എന്നായിരുന്നു പരസ്യം. ആണുങ്ങളെ മാത്രം ഉദ്ദേശിച്ചായിരുന്നു പരസ്യം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പാവം പെണ്ണുങ്ങള്‍. അവര്‍ക്ക് ഒരു ചോയ്‌സുമില്ല. മോതിരമിട്ട ആളുടെ പിന്നാലെ നടക്കുകയേ ഗതിയുള്ളു.

ഇപ്പറഞ്ഞതെല്ലാം ചെറുകിട കച്ചവടക്കാരുടെ ലീലാവിലാസങ്ങളാണ്. ഒരുവേള തേടിപ്പോയാല്‍ത്തന്നെ കണ്ടുപിടിയ്ക്കാന്‍ തക്കവണ്ണം കൃത്യമായ വിലാസം തന്നെയുണ്ടായിരുന്നില്ല അവര്‍ക്കൊന്നും. അതുകൊണ്ടൊക്കെ 'ബ്ലീച്ച്' പറ്റിയവര്‍ അതു മറക്കാനും മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനും ശ്രമിയ്ക്കുകയായിരുന്നു പതിവ്.

എന്നാല്‍ വഞ്ചന വലിയ കമ്പനികള്‍ക്കും അന്യമായിരുന്നില്ല. ''എന്റെ മുഖകാന്തിയുടെ രഹസ്യം ലക്‌സ്'' എന്ന് വൈജയന്തിമാല പറയുന്ന ഹിന്ദുസ്ഥാന്‍ ലീവറിന്റെ പരസ്യം അക്കൂട്ടത്തില്‍പ്പെട്ടതായിരുന്നില്ലേ? കാക്കക്കുറത്തികളായ എത്ര പെണ്‍കുട്ടികള്‍ ആ സോപ്പു വാങ്ങിത്തേച്ച് കണ്ണാടിയില്‍ മുഖം നോക്കിനിന്നിട്ടുണ്ടാവും? അവര്‍ക്ക് വൈജയന്തിമാലയാവാന്‍ പോട്ടെ സര്‍ക്കാര്‍ ജാനകിയെങ്കിലുമാവാന്‍ കഴിഞ്ഞുവോ?

'പരസ്യങ്ങള്‍ വിശ്വസിക്കരുത്' എന്ന ഒരാപ്തവാക്യം ഇന്നു നിലവിലുണ്ട്. ആ ആപ്തവാക്യത്തെതന്നെ പരസ്യമാക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അശോകാ ബ്ലെയ്ഡാണ് അത്തരത്തിലൊന്ന് ആദ്യമായി പരീക്ഷിച്ചതെന്നു തോന്നുന്നു. ''ഗുണനിലവാരത്തിന്റെ കാര്യമാണെങ്കില്‍ ഏത് ഇന്ത്യന്‍ ബ്ലെയ്ഡും ഒരു പോലെതന്നെ എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ബ്ലെയ്ഡ് ഒന്ന് ഉപയോഗിച്ചു നോക്കൂ'' എന്നായിരുന്നു അവരുടെ പരസ്യം.

അതുപിന്നെ പല തരത്തിലും ഉപയോഗിക്കപ്പെട്ടു. ''ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ മലയാളത്തിലെ ഏറ്റവും നല്ല സിനിമ കണ്ടിട്ടില്ല'' എന്ന പരസ്യം അതിലൊന്നാണ്. ഏറ്റവും നല്ല സിനിമയ്ക്ക് മാനദണ്ഡം ആരും നിശ്ചയിച്ചിട്ടില്ലല്ലോ. അതിനേക്കൂടി കളിയാക്കിയിട്ടാവണം ശ്രീനിവാസന്‍ തന്റെ ആദ്യത്തെ സിനിമയായ 'വടക്കുനോക്കിയന്ത്ര'ത്തിന്റെ പരസ്യം ഇങ്ങനെയാക്കിയത്: ''ലോകത്തില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ പറയുന്ന സിനിമ!'' ആര്‍ക്കും സമ്മതിച്ചുകൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത അവകാശവാദം! ആത്മനിയന്ത്രണത്തിന്റെ ആവശ്യം തന്നെ വരുന്നില്ല!

ആത്മനിയന്ത്രണം അഥവാ പത്രത്തിന്റെ ഭാഷയിലുള്ള സ്വയംനിയന്ത്രണം നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ പക്ഷേ പ്രസിദ്ധീകരണസ്ഥാപനങ്ങളില്‍നിന്ന് ഒരു ആത്മനിയന്ത്രണവും പ്രതീക്ഷിയ്ക്കുന്നില്ലെന്നത് അത്ഭുതമാണ്. പണം കിട്ടും എന്നതു കൊണ്ട് ഏതു പരസ്യവും സ്വീകരിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? മാന്ത്രികമോതിരവും 25 ഉറുപ്പികയുടെ റേഡിയോവും ഒക്കെ പ്രാഥമികനിഗമനത്തില്‍ത്തന്നെ വ്യാജമാണെന്ന് പത്രങ്ങള്‍ക്ക് നമ്മള്‍ പറഞ്ഞുകൊടുക്കണോ? അപ്പോള്‍ പരസ്യപ്രസിദ്ധീകരണത്തില്‍ ഏതു മൂല്യമാണ് അവരെ നയിക്കുന്നത്? വ്യാജഉല്‍പ്പന്നങ്ങള്‍ക്ക് പരസ്യം കൊടുക്കുന്നതില്‍നിന്ന് അവരെ വിലക്കുന്ന ഏതു നിയമമാണ് ഇപ്പോഴുള്ളത്?

മറ്റൊരു കാര്യം. ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ചുമതലയുള്ള സര്‍ക്കാരിന്റെ സ്വന്തം പരസ്യങ്ങളോ? ഇന്ന് ഏറ്റവും വലിയ പരസ്യങ്ങള്‍ സര്‍ക്കാരിന്റേതല്ലേ? ഭരണം നൂറു ദിവസം പിന്നിടുമ്പോഴും ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുമൊക്കെ സര്‍ക്കാരിന്റെ മുഴുപ്പേജ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു കാലത്തെ പരസ്യങ്ങളാണെങ്കില്‍ പറയുകയും വേണ്ട.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആകര്‍ഷകമായ മുദ്രാവാക്യങ്ങളുമായി എത്തുന്ന രീതി ആദ്യം പരീക്ഷിച്ചത് ഇന്ദിരാഗാന്ധിയാണ്. അവരുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യമാണ് 1971-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാലും തിരഞ്ഞെടുപ്പു പ്രചാരണത്തിന്് ഒരു പരസ്യക്കമ്പനിയെ പരസ്യമായി സമീപിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണ്. 1989-ല്‍ റീഡിഫ്യൂഷനാണ് കോണ്‍ഗ്രസിനു വേണ്ടി പരസ്യങ്ങള്‍ മെനഞ്ഞത്. ''എന്റെ ഹൃദയം ഇന്ത്യയ്ക്കു വേണ്ടി തുടിക്കുന്നു'', ''ഇന്ത്യയ്ക്ക് ഒരു കൈ കൊടുക്കുക, കോണ്‍ഗ്രസിനു വോട്ടു ചെയ്യുക'' തുടങ്ങിയവയായിരുന്നു ആ തിരഞ്ഞെടുപ്പില്‍ റീഡിഫ്യൂഷന്‍ കണ്ടെത്തിയ മുദ്രാവാക്യങ്ങള്‍. ഫലം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അമ്പേ തോറ്റു.

അതിലും വലിയ സന്നാഹത്തോടെയാണ് 2004-ല്‍ ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ''ഇന്ത്യ തിളങ്ങുന്നു'' എന്നായിരുന്നു അവര്‍ക്കു വേണ്ടി ഗ്രേ വേള്‍ഡ്‌വൈഡ് എന്ന പരസ്യക്കമ്പനി കണ്ടെത്തിയ മുദ്രാവാക്യം. ഏകദേശം 500 കോടി ഉറുപ്പികയാണ് അക്കാലത്ത് ബി ജെ പി പരസ്യത്തിനു ചെലവാക്കിയത്. ഫലം: ബി ജെ പിയുടെ സീറ്റുകള്‍ 1999ലെ 182-ല്‍നിന്ന് 138 ആയി കുറഞ്ഞു.

എന്താണ് ഈ തോല്‍വികള്‍ തരുന്ന പാഠം? പരസ്യങ്ങള്‍ വിശ്വസിക്കരുത് എന്ന ആപ്തവാക്യം ജനം ഉള്‍ക്കൊള്ളുന്നുണ്ട് എന്നുതന്നെയല്ലേ? ആത്മനിയന്ത്രണം ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന മുന്നറിയിപ്പല്ലേ അത്?

''ബുദ്ധി മേനവന്നേറുമെങ്കിലും മൂക്കു നമ്മള്‍ക്കുമില്ലയോ കൂട്ടരേ'' എന്നു സഞ്ജയന്‍ പറഞ്ഞതു തന്നെ കാര്യം.

*
അഷ്ടമൂര്‍ത്തി ജനയുഗം 25 നവംബര്‍ 2011

വേറൊരു മതത്തെപ്പറ്റി

കുറച്ചുനാള്‍ മുമ്പ് റാഞ്ചിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ശരിക്കും നടുക്കി. അതുപോലെ ദാരുണവും ഭയങ്കരവുമായ ഒരു കൊലപാതകത്തിന്റെ കഥ അടുത്തൊന്നും നാം കേട്ടിട്ടില്ല. ഒറ്റയ്ക്കു പാര്‍ക്കുന്ന ഒരു സിസ്റ്ററെ വിളിച്ചുണര്‍ത്തി അക്രമികള്‍ തല്ലിക്കൊല്ലാറാക്കി വെടിവച്ചു വധം പൂര്‍ത്തിയാക്കി. വധഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. പൊലീസിനെയും കാക്കനാട്ടുള്ള സഹോദരനെയും മറ്റും അടുത്തിടെ അറിയിക്കുകയും ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് എന്ന കോണ്‍ഗ്രഗേഷനില്‍പെട്ടവരാണ് ഇവര്‍. ഇപ്പോഴാണ് സ്ഥലത്തെ കത്തോലിക്കാപള്ളി വക്താവ് വായ തുറന്നത്. കേരളത്തിലെ കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സില്‍ സന്യാസിനിയുടെ കൊലപാതകത്തില്‍ 'അഗാധമായ ദുഃഖം' പ്രകടിപ്പിച്ചു. ആരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയുന്ന പതിവുവാചകങ്ങള്‍. പത്രം വായിക്കുന്ന നമുക്ക് അവരെ സഭ ഒറ്റയ്ക്ക് അനാഥയായിട്ടല്ലേ വിട്ടതെന്ന സംശയം തോന്നാതിരിക്കില്ല.
സേവനത്തിന് സമര്‍പ്പിച്ച ഒരു സംഘമാണ് ചാരിറ്റി ഓഫ് ജീസസ്. സിസ്റ്റര്‍ വല്‍സ ജോണ്‍ കാണിച്ച അസാമാന്യമായ ധീരതയും പാവങ്ങളോടുള്ള വലിയ സ്‌നേഹവുമാണ് കുരിശിന്റെ യഥാര്‍ഥമായ അടയാളം. അതുണ്ടെങ്കില്‍ മതം അവിടെയുണ്ട്. അതില്ലെങ്കില്‍ മറ്റെന്തെല്ലാം പരിവാരങ്ങളെ കൂട്ടുപിടിച്ചു വന്നാലും ഫലമില്ല. സഭയും ബിഷപ്പുമാരും എല്ലാം പൂജ്യരായിരിക്കും. ഒരു തരത്തില്‍ പൂജ്യങ്ങളുമാണ്. പൂജ്യം എന്ന അവസ്ഥ വിട്ട് പൂജ്യര്‍ എന്ന പദവി നേടാന്‍ വേഷപ്പകിട്ടോ ധനമോ വിശ്വാസികളെ കീഴ്‌പ്പെടുത്തുന്ന ആചാരനിയമങ്ങളോ ഒന്നും പോരാ. രക്തസാക്ഷിത്വത്തിന്റെ ചെന്നിറം മനസ്സിലുണ്ടായിരിക്കണം. എല്ലാ മതങ്ങളും ലക്ഷ്യം കാണാതെ പൗരോഹിത്യത്തിന്റെ പിടുത്തത്തില്‍പെട്ട് കഷ്ടപ്പെടുകയാണ്. ക്രിസ്തുമതം മാത്രം എത്തിച്ചേര്‍ന്ന ദുരവസ്ഥയല്ല ഇത്.

സിസ്റ്റര്‍ വല്‍സാജോണ്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം വിട്ടതും കൂടുതല്‍ സുഖകരമായ ജോലിയോ ജീവിതസുഖമോ ആഗ്രഹിച്ചല്ല. ജാര്‍ഖണ്ഡിലെ ആദിവാസികളായ സാന്തളുകളെ അവിടുത്തെ വമ്പന്‍ കല്‍ക്കരിഖനികമ്പനികള്‍ ഇഷ്ടംപോലെ ദ്രോഹിച്ചുകൊണ്ടു കഴിയുന്നു. പാവങ്ങള്‍ക്കുവേണ്ടി പറയാന്‍ ആരുണ്ട്? പക്ഷെ, അവിടെ ഒരാള്‍ അവതരിച്ചു, അവര്‍ക്കുവേണ്ടി ജീവാര്‍പ്പണം പോലും ചെയ്യാന്‍ തയ്യാറായ ഒരു യുവസന്യാസിനി. അവിടെ നിന്ന് അനേകം സാന്തള്‍മാരെ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി. കേരളത്തില്‍ പലേടങ്ങളിലും മാലിന്യപ്രശ്‌നങ്ങള്‍ കൊണ്ടും മറ്റും സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമരനേതാക്കള്‍ക്ക് ജീവാപായം നേരിടുന്ന ഒരു സ്ഥിതി ഒരിടത്തും ഉണ്ടായിട്ടില്ല. ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു ഏകാംഗസമരം നടത്താന്‍ കോണ്‍ഗ്രഗേഷനിലെ ആരെങ്കിലുമോ സഭാനേതാക്കളോ മുന്നോട്ടുവരുമോ? പ്രയാസമാണ്.

അവിടെയാണ് മതത്തിന്റെ സ്വാധീനം ആത്മാവില്‍ നിറഞ്ഞവര്‍ അവരെയെല്ലാം പരാജയപ്പെടുത്തുന്നത്. സമരം എന്താകുമെന്നൊന്നും ചിന്തിച്ചു ക്ലേശിക്കാതെ, മുന്നോട്ടുവച്ച ത്യാഗത്തിന്റെ കാല്‍ പിന്‍വലിക്കാന്‍ കൂട്ടാക്കാത്ത അസാധാരണ ധീരത പ്രകടിപ്പിക്കാന്‍ ഈ മതത്തിന്റെ ബാധ അവരെ ശക്തരാക്കുന്നു. ക്രൈസ്തവസഭകളില്‍ ആകെ തിരഞ്ഞുനോക്കിയാല്‍ ഇതുപോലെ വേറൊരു വ്യക്തിയെ കാണുകയില്ല. ഇത് ഒരേ സമയത്ത് ക്രൈസ്തവസഭകള്‍ക്ക് അഭിമാനകരവും അപമാനകരവുമായ ഒരവസ്ഥയാണ്. ഒരാളെങ്കിലും ഉണ്ടായല്ലോ എന്നത് തീര്‍ത്തും അഭിമാനകരമായ നിലയാണ്. മറ്റൊരാളും ഇല്ലെന്ന് വന്നത് അപമാനകരമാണെന്ന് പെട്ടെന്ന് തോന്നിക്കൂടായ്കയില്ല. പക്ഷെ, അത്തരത്തില്‍ വ്യക്തികള്‍ പഴുത്ത ഫലങ്ങള്‍ പോലെ മരങ്ങളില്‍ നിന്ന് തൂങ്ങിക്കിടക്കുകയില്ല. ആള്‍ ഉണ്ടായല്ലോ എന്നതുതന്നെ ആശ്വാസം.

ഈ സംഭവത്തിന്റെ യഥാര്‍ഥമഹത്വം എന്താണെന്ന് മതമേലധ്യക്ഷന്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് കണ്ടപ്പോള്‍ ഖേദം തോന്നി. കേരള കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സിലിന്റെ ഈ അഭിമാനനിമിഷത്തില്‍ പ്രസ്താവിക്കാന്‍ തോന്നിയത് പ്രസ്താവിക്കാന്‍ പാടില്ലാത്തതാണ്. ക്രൈസ്തവസേവനപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ മുതിരുന്ന ചില ശക്തികളോട് സമരം ചെയ്യുന്നതില്‍ ബിഷപ്‌സ് കൗണ്‍സിലിലും സമൂഹവും യോജിച്ചു നില്‍ക്കണം എന്ന് സിസ്റ്ററെ നിസ്സഹായയായി ഒറ്റയ്ക്ക് താമസിപ്പിച്ചതു മൂലം തങ്ങള്‍ വരുത്തിയ തെറ്റ് തുറന്നുപറയാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ക്ക് കഴിഞ്ഞില്ല. സമുദായസ്പര്‍ധ ഉണ്ടാക്കാന്‍ വഴിയൊരുക്കുന്ന ഒരു പ്രസ്താവനയാണ് ഇത്. കല്‍ക്കരിഖനി കമ്പനികളെയോ കല്‍ക്കരി ഖനിമാഫിയയോ കുറ്റപ്പെടുത്താനുള്ള തന്റേടം കെ സി ബി സി നേതൃത്വത്തിന് കാണിക്കാനായില്ല. പൊലീസ് പോലും കല്‍ക്കരിഖനി ശക്തികളെ കുറ്റപ്പെടുത്തിക്കഴിഞ്ഞു.

ഒരു നല്ല ജീവിതം നയിക്കുന്നതിന് ഒരുപാട് വില കൊടുക്കേണ്ടി വരുന്നു. അന്നും ഇന്നും എന്നും അതങ്ങനെയാണ്. ഇപ്രകാരം ബുദ്ധിമുട്ട് നേരിടാന്‍ മതവിശ്വാസികള്‍ക്കു പോലും സാധ്യമല്ല എന്ന പാഠമാണ് ഈ സംഭവത്തില്‍ നിന്ന് നാം പഠിക്കുന്നത്. ഇല്ലാത്ത സമുദായസ്പര്‍ധയുടെ കരിനിഴല്‍ ചൂണ്ടിക്കാണിച്ച് വിശ്വാസികളുടെ ശ്രദ്ധ തിരിക്കാന്‍ കഴിഞ്ഞെന്നു വരും. പക്ഷെ, യഥാര്‍ഥ മതത്തിന്റെ താല്‍പര്യത്തിന് ഹാനികരമാണ് ഈ നീക്കം. വാഴക്കാലയിലെ മലയേല്‍വീട്ടില്‍ സിസ്റ്ററിന്റെ ഭീകരമായ വധം സങ്കടം നിറച്ചിരിക്കുമ്പോഴും യഥാര്‍ഥ ക്രൈസ്തവമഹിമയുടെ മാതൃകയായി ജീവിച്ച ഈ സിസ്റ്ററിന്റെ ഓര്‍മ അവരുടെ മനസ്സില്‍ ഒടുങ്ങാത്ത സംതൃപ്തി ഉളവാക്കിയിരിക്കും.

മതം ആവശ്യപ്പെടുന്ന വില നല്‍കാനാകാത്ത വിശ്വാസികള്‍ തങ്ങളുടെ കൈവശമുള്ള വിലയേ മതത്തിനുള്ളൂവെന്ന് കരുതുന്നു. മതം ഏറ്റവും വിലയിടിഞ്ഞ വസ്തുവായിത്തീരാന്‍ കാരണം ഈ വിലപ്രശ്‌നമാണ്. താന്‍ നേരിടുന്ന വന്‍ പ്രശ്‌നവും വിലപ്രശ്‌നമാണെന്ന് മന്‍മോഹന്‍സിംഗ് പറയുമ്പോള്‍ അദ്ദേഹത്തെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ വയ്യ.

*
സുകുമാര്‍ അഴീക്കോട് ജനയുഗം 27 നവംബര്‍ 2011

മുല്ലപ്പെരിയാര്‍: ഓരോ മണിക്കൂറും നിര്‍ണായകമാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെ മുഴുവന്‍ സൂരക്ഷയുടെ പ്രശ്‌നമായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിരവധി തവണ ഭൂചലനമുണ്ടായി. ഇന്നലെ പുലര്‍ച്ചയിലും അതാവര്‍ത്തിച്ചു. റിക്ടര്‍ സ്‌കെയിലില്‍ അപകടകരമായ വരയോളം ഉണ്ടായില്ലെങ്കിലും ഓരോ ഭൂചലനത്തിന്റെയും മുമ്പില്‍ ജനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളം അതിന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. ഒരു പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരം. അതിന്റെ നിര്‍മാണത്തിനുവേണ്ട നിയമ-സാങ്കേതിക അനുമതികള്‍ വാങ്ങി പണിപൂര്‍ത്തിയാക്കാന്‍ എത്രയും അടിയന്തരമായി നടപടികള്‍ നീങ്ങണം. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിനു സുവ്യക്തമായ കാഴ്ചപ്പാടും നിലപാടും വേണം.

അതിവൈകാരികത ആളിക്കത്തിച്ച് കേരള-തമിഴ് ജനതയെ തമ്മിലടിപ്പിക്കാന്‍ തമിഴകത്തെ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഇതുപോലെ സങ്കീര്‍ണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വത ഉള്ളവരല്ല അവര്‍. അത്തരക്കാര്‍ക്കു സംഭവഗതികളുടെമേല്‍ നിയന്ത്രണം നേടാനായാല്‍ പ്രവചിക്കാന്‍ കഴിയാത്തത്ര സംഘര്‍ഷങ്ങള്‍ക്ക് അതുകളമൊരുക്കും. തലമുറതലമുറകളായി സഹോദരരെപ്പോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനതകള്‍ക്കിടയില്‍ ശത്രുതവളര്‍ന്നാല്‍ അത് ഇരുസംസ്ഥാനങ്ങളുടെയും വളര്‍ച്ചയെ പിറകോട്ടടിക്കും. അത് ദേശീയോദ്ഗ്രഥനത്തിന്റെ മഹത്തായ സങ്കല്‍പങ്ങള്‍ക്കെല്ലാം എതിരായ ദിശയിലേയ്ക്കു കാര്യങ്ങളെ നയിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരു ഫെഡറല്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ പക്വത തെളിയിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇതുവരെ ആ പക്വത തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു കൂടിയാണ് പ്രശ്‌നങ്ങള്‍ അനുദിനം കൂടുതല്‍ സങ്കീര്‍ണമാവുന്നത്. ഇത് ഉറങ്ങേണ്ട സമയമല്ല; ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഈ വലിയ രാജ്യത്തിന്റെ ഭരണസാരഥിയാണ് താനെന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ പല സ്വരത്തില്‍ സംസാരിക്കുന്നത് കഴിഞ്ഞ ദിവസം നാടിനുകാണേണ്ടിവന്നു. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയുടേതില്‍ നിന്നു വ്യത്യസ്തമായ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണു പ്രകടമായതെന്ന് അവര്‍ അറിയാതെ പോകരുത്.
കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരെ ഒന്നിച്ചു വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന്റെ വഴികള്‍ ആരായാനുള്ള ചുമതല പ്രധാനമന്ത്രിക്കുണ്ട്. പ്രശ്‌നങ്ങളുടെ ഗൗരവാവസ്ഥ തനിക്കു ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത് സത്യമാണെങ്കില്‍ ആ ഗൗരവസ്ഥിതി തമിഴ്‌നാടിനെ ബോധ്യപ്പെടുത്താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു കഴിയണം. കരാര്‍ അനുസരിച്ചുള്ള വെള്ളം ലഭിക്കുമോ എന്ന ആശങ്കയാണ് തമിഴ്‌നാടിനുള്ളതെങ്കില്‍ അതു സ്വാഭാവികമാണ്. കരാര്‍ പ്രകാരമുള്ള വെള്ളം ഒരുതുള്ളിപോലും കുറയാതെ തമിഴ്‌നാടിനു നല്‍കാന്‍ കേരളം എപ്പോഴും തയ്യാറായിരുന്നു. നാളെയും അത് അങ്ങനെയായിരിക്കുമെന്നതാണ് കേരളത്തിന്റെ ഉറച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ ആരായേണ്ടത്.

ഇതിനോടകം നടന്ന ശാസ്ത്രീയ പഠനങ്ങളെല്ലാം വിരല്‍ചൂണ്ടിയത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബല സ്ഥിതിയിലേയ്ക്കാണ്. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തുന്ന ഒരു ഭൂചലനമുണ്ടായാല്‍ അതു താങ്ങാന്‍ കാലം ചെന്ന ഈ ദുര്‍ബല അണക്കെട്ടിനു കെല്‍പുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ 30 ലക്ഷത്തില്‍പരം ജനങ്ങള്‍ അറബിക്കടലിലേയ്ക്ക് ഒഴുകിപ്പോകുമെന്ന ഭീതിയാണു പടരുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ ദുരന്തങ്ങളില്‍ ഒന്നായിരിക്കും അത്. അന്തരീക്ഷത്തിനു ഭാവപകര്‍ച്ച ഉണ്ടായാല്‍ ഭൂചലനത്തെപറ്റി സൂചന ഉണ്ടായാല്‍ കേരളം ഞെട്ടിവിറയ്ക്കുന്നത് ഇക്കാരണത്താലാണ്. അതു മനസ്സിലാക്കാത്തവരാണ് തമിഴ്‌നാട്ടിലെ ജനനേതാക്കളെന്നു വിശ്വസിക്കാനാവില്ല. അവരോട് ഇക്കാര്യങ്ങള്‍ വേണ്ടതുപോലെ പറഞ്ഞുമനസ്സിലാക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്നു തെളിയിക്കേണ്ടത് ഇപ്പോഴാണ്. ഈ ഓരോ മണിക്കൂറും നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു കേരളത്തിലെ മുഴുവന്‍ ജനങ്ങളും പ്രതീക്ഷിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം 27 നവംബര്‍ 2011

Saturday, November 26, 2011

മധ്യവര്‍ഗ രാഷ്ട്രീയ നിലപാടുകളും ഇടതുപക്ഷവും

തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍നിന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും വര്‍ഗരാഷ്ട്രീയത്തിലൂന്നിയ ആശയസംഹിതയുടെ അതിശക്തമായ പ്രചാരണവുമാണ് ഇടതുപക്ഷ പൊതുരാഷ്ട്രീയബോധത്തെ സൃഷ്ടിച്ചത്

ഇടതുപക്ഷത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും ഒരു വിഭാഗം ബുദ്ധിജീവികളുടെയിടയിലും സജീവമാണ്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ലെഹ്വാലേസയെയും ബോറിസ് യെല്‍റ്റ്സിനെയും അനുസ്മരിപ്പിക്കുന്ന 'ധീരവനിത'യായി മാറിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ ബംഗാളില്‍നിന്ന് മാത്രമല്ല, ഇന്ത്യയില്‍നിന്നുതന്നെ മൊത്തത്തില്‍ നിഷ്കാസനം ചെയ്യുന്നതിന്റെ തുടക്കമായി മമതാ ബാനര്‍ജിയുടെ വിജയത്തെ കാണുന്നവരുണ്ട്. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തിന്റെ തിളക്കം കുറഞ്ഞതിന് ഒരു കാരണവും മമതയുടെ ജൈത്രയാത്രയാണ്. യുപിഎ ഗവണ്‍മെന്റ് പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളുടെ വിജയമായി ഇടതുപക്ഷത്തിന്റെ പരാജയത്തെ കാണുന്നവരുമുണ്ട്.

മമതയുടെയും കേരളത്തിലെ യുഡിഎഫിന്റെയും വിജയങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങളും ചില വ്യത്യാസങ്ങളുമുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലത്തിലേറെയായി നഗരങ്ങളിലെ മധ്യവര്‍ഗമാണ് മമതാ ബാനര്‍ജിയെ പിന്തുണച്ചുപോന്നത്. പൂര്‍ണമായും ഏകപക്ഷീയമായ കമ്യൂണിസ്റ്റ് വിരോധത്തിന് മധ്യവര്‍ഗം കൈയയച്ചു പിന്തുണ നല്‍കി. തുടര്‍ന്ന് മത സാമുദായിക ശക്തികളും സിംഗൂര്‍-നന്ദിഗ്രാം സമരത്തിനുശേഷം ഗ്രാമങ്ങളിലെ ഇടത്തരം കര്‍ഷകരും മമതയെ സഹായിച്ചു. മാവോയിസ്റ്റുകള്‍ ഗ്രാമപ്രദേശങ്ങളില്‍ സൃഷ്ടിച്ച ഭീതിയും അരാജകത്വവും മമതക്ക് ഗുണകരമായി. കേരളത്തില്‍ യുഡിഎഫിനെ സഹായിച്ചുപോരുന്നതും മധ്യവര്‍ഗമാണ്. മതസാമുദായിക ശക്തികള്‍ അവരോടൊപ്പം നിലയുറപ്പിച്ചത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ യുഡിഎഫിന് മേല്‍ക്കോയ്മ നല്‍കി. അഴിമതിക്കെതിരായും നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്കെതിരായും ഇടതുപക്ഷം നടത്തിയ ശക്തമായ കടന്നാക്രമണമായിരുന്നു കേരളത്തില്‍ ഇടതുപക്ഷ സാധ്യതകളെ നിലനിര്‍ത്തിയത്.

മധ്യവര്‍ഗം എന്ന രാഷ്ട്രീയ പ്രതിഭാസം

ഇവിടെയെല്ലാം ഇടതുപക്ഷ വിരുദ്ധതയുടെ കേന്ദ്രഘടകമായി പ്രവര്‍ത്തിക്കുന്നത് 'മധ്യവര്‍ഗ'മാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയും പ്രേരകശക്തിയുമാകുന്നതും മധ്യവര്‍ഗമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഫാസിസത്തിന്റെ വളര്‍ച്ചക്ക് പിന്തുണ നല്‍കിയത് ഇറ്റലിയിലെയും ജര്‍മനിയിലെയും ഇടത്തരക്കാരായിരുന്നുവെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉത്തരേന്ത്യയില്‍ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും വളര്‍ച്ചയുടെ അടിത്തറയും നഗരങ്ങളിലെ ഇടത്തരക്കാരായിരുന്നു. രാഷ്ട്രീയ സേവക് സംഘത്തിന്റെ ശാഖകളില്‍ അംഗങ്ങളായി ചേര്‍ന്നവരും നഗരങ്ങളിലെ ഇടത്തരക്കാരായിരുന്നു. മുസ്ളിം തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരും ഇടത്തരം കുടുംബങ്ങളില്‍നിന്നു വരുന്ന വിദ്യാഭ്യാസയോഗ്യതയുള്ള ചെറുപ്പക്കാരാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോറിസ് യെല്‍റ്റ്സിനും കൂട്ടര്‍ക്കും പിന്തുണ നല്‍കിയതും മോസ്കോ സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരങ്ങളില്‍ പുതിയതായി വളര്‍ന്നുവന്ന ഇടത്തരക്കാരായിരുന്നു.

ഇടത്തരക്കാര്‍ അല്ലെങ്കില്‍ മധ്യവര്‍ഗം എന്നു വിളിക്കുന്നത് ആരെയാണ്? സാമൂഹ്യശാസ്ത്രത്തില്‍ മധ്യവര്‍ഗത്തെ നിര്‍വചിക്കുന്നത് വരുമാനവും ജീവിത ഗുണനിലവാരവുമനുസരിച്ചാണ്. ഇടത്തരം വരുമാനക്കാര്‍ എന്നാണ് അവര്‍ മധ്യവര്‍ഗത്തെ വിലയിരുത്തുന്നത്. ഈ നിര്‍വചനമനുസരിച്ച് വിദഗ്ധതൊഴിലാളികളും സര്‍വീസ് ജീവനക്കാരും മധ്യവര്‍ഗത്തിന്റെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് നിലപാടനുസരിച്ചുള്ള മധ്യവര്‍ഗത്തിന്റെ നിര്‍വചനം വ്യത്യസ്തമാണ്. വരുമാനമല്ല, ഉല്‍പ്പാദന വിതരണശൃംഖലയിലെ സ്ഥാനമാണ് അവിടെ പ്രധാനം. മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പിനെ ഉപജീവിക്കുന്ന കച്ചവടക്കാര്‍, ബ്രോക്കര്‍മാര്‍, ചെറുകിട തൊഴിലുടമകള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ പെറ്റിബൂര്‍ഷ്വകളാണ്. ഇവര്‍ കൂടാതെ ഉല്‍പ്പാദനരഹിതമായ അധ്വാനം ചെയ്യുന്നവര്‍ എന്നൊരു വിഭാഗത്തെയും മാര്‍ക്സ് വ്യവഹരിക്കുന്നുണ്ട്. അധ്യാപകര്‍, മാനേജര്‍മാര്‍, ഗുമസ്തന്മാര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍വരെ നിരവധി വിഭാഗങ്ങള്‍ ഇതില്‍പ്പെടും. ഇത്തരക്കാരാരും യഥാര്‍ഥ തൊഴിലാളിവര്‍ഗമല്ല,അതേസമയം മുതലാളിമാരുമല്ല. ഇവര്‍ നിലനില്‍ക്കുന്നത് മുതലാളിത്തത്തിന്റെ ഔദാര്യമനുസരിച്ചായതുകൊണ്ട് മുതലാളിത്തത്തോട് വിധേയത്വമുണ്ടാകും. എങ്കിലും വിപ്ളവഘട്ടങ്ങളില്‍ ഇവര്‍ വിപ്ളവശക്തികളോടൊപ്പം ചേരുകയും ചെയ്യും. വരുമാനമനുസരിച്ചല്ല, വര്‍ഗസംഘര്‍ഷങ്ങളില്‍ ഇവര്‍ വഹിക്കുന്ന പങ്കനുസരിച്ചാണ് മാര്‍ക്സ് ഇടത്തരക്കാരെ വിലയിരുത്തിയത്. മുതലാളിത്തം പൂര്‍ണമായ ആധിപത്യം നേടുമ്പോള്‍ ഇവര്‍ പൂര്‍ണമായി മുതലാളിത്തത്തോടു വിധേയരായിരിക്കും. സംഘര്‍ഷഘട്ടങ്ങളില്‍ അവരുടെ സ്വഭാവം മാറും.

പെറ്റിബൂര്‍ഷ്വാസിയുടെ പൂര്‍ണമായ വിശകലനം മാര്‍ക്സ് നല്‍കുന്നില്ല. ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമൈന്‍ എന്ന പ്രസിദ്ധമായ ചരിത്രവിശകലനഗ്രന്ഥത്തില്‍ 1848 ജൂണില്‍ തൊഴിലാളിവര്‍ഗം നടത്തിയ വിപ്ളവം അടിച്ചമര്‍ത്തുന്നതില്‍ പാരീസിലെ മധ്യവര്‍ഗം പ്രധാന പങ്കുവഹിച്ചു. 1851-ല്‍ ലൂയി നെപ്പോളിയന്‍ ചക്രവര്‍ത്തിയായപ്പോള്‍ അതിനെ പിന്തുണച്ചത് ഗ്രാമീണ കര്‍ഷകരും നഗരങ്ങളിലെ ഇടത്തരക്കാരുമായിരുന്നു. മുതലാളിത്ത വ്യവസ്ഥയില്‍ ഏറ്റവുമധികം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വിഭാഗമാണിവര്‍. അവര്‍ മുതലാളിമാരുടെ ജീവിതശൈലി ആഗ്രഹിക്കുന്നവരും തൊഴിലാളികളില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അതേസമയം അവര്‍ക്ക് മുതലാളിമാരാകാന്‍ കഴിയുകയുമില്ല. ഈ അവസ്ഥ അവരില്‍ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരില്‍ ചിലര്‍ ബോധപൂര്‍വം അടിസ്ഥാനവര്‍ഗങ്ങളുമായി സംയോജിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു പലരും തികഞ്ഞ വലതുപക്ഷ വക്താക്കളായി മാറുന്നു. ഫാസിസ്റ്റ് പ്രവണതകളും മതസമുദായ പ്രസ്ഥാനങ്ങളുമായുള്ള ഐക്യദാര്‍ഢ്യവും വളര്‍ന്നുവരുന്നതും ഇവരില്‍നിന്നുതന്നെയാണ്.

നവ ലിബറല്‍ മുതലാളിത്ത ഘട്ടത്തില്‍ മധ്യവര്‍ഗത്തിന്റെ എണ്ണം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. വ്യത്യസ്ത നിലയിലുള്ള മാനേജര്‍മാരുടെയും സെയില്‍സ് എക്സിക്യൂട്ടീവുകള്‍, പരിരക്ഷണ ജീവനക്കാര്‍, ഐടി തൊഴിലാളികള്‍, മാധ്യമങ്ങളടക്കമുള്ള മീഡിയാ ജീവനക്കാര്‍ തുടങ്ങിയ നിരവധി പുതിയ വിഭാഗങ്ങള്‍ മധ്യവര്‍ഗത്തിലുണ്ട്. അവരില്‍ ചിലര്‍ തൊഴിലാളിവര്‍ഗമാണെങ്കിലും സാംസ്കാരികമായും വരുമാനത്തിന്റെ തലത്തിലും സ്വയം വ്യത്യസ്തരാണെന്നു ഭാവിക്കുന്നവരാണ്. കാറ്ററിങ്, എയര്‍ഹോസ്റ്റസുമാര്‍, 'ഹോസ്പിറ്റാലിറ്റി' മാനേജ്മെന്റ് ജീവനക്കാര്‍, ബ്യൂട്ടീഷ്യന്മാര്‍, ഫിലിം-ടെലിവിഷന്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതില്‍പ്പെടും. ഐടി മേഖലയില്‍ മുഴുവനും 'മാന്യരായ' ഇടത്തരം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന തൊഴിലാളിവര്‍ഗത്തെയാണ് കാണുക. അതായത് നവ ലിബറല്‍ മുതലാളിത്തം ഒരു വശത്ത് ഇടത്തരക്കാരും തൊഴിലാളികളും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ഇടത്തരക്കാരില്‍ ഒരു വിഭാഗത്തെ കൂലിവേലക്കാരാക്കി മാറ്റുകയും ചെയ്യുന്നു; മറുവശത്ത് തൊഴിലാളികളില്‍ ഒരു വിഭാഗത്തെ ഇടത്തരക്കാരോട് തുല്യരാക്കുക വഴി തൊഴിലാളിവര്‍ഗത്തില്‍ വിള്ളലുകളുണ്ടാക്കാനും കഴിയുന്നു.

ഇന്നത്തെ അവസ്ഥയില്‍ മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയസ്വഭാവം തീരുമാനിക്കുന്നത് ഇവരുടെ വര്‍ഗപരമായ അനിശ്ചിതാവസ്ഥതന്നെയാണ്. ഇവരില്‍ നല്ലൊരു വിഭാഗം തൊഴിലാളി-കര്‍ഷക കുടുംബങ്ങളില്‍ ജനിച്ചവരും വിദ്യാഭ്യാസം നേടിയും നഗരങ്ങളില്‍ ലഭിക്കുന്ന തൊഴില്‍സാധ്യതകള്‍ ഉപയോഗിച്ചും മുകളിലേക്കു വന്നവരുമാണ്. കേരളത്തില്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ മധ്യവര്‍ഗസൃഷ്ടിയില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവര്‍ സ്വന്തം വേരുകള്‍ മറക്കാനും തൊഴിലാളിവര്‍ഗത്തില്‍നിന്ന് അകന്നു നില്‍ക്കാനും ശ്രമിക്കുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇനിയും ഉയര്‍ന്ന തലങ്ങളിലെത്തണമെന്നാണ് ഇവരുടെ ആഗ്രഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, കുഴികളില്ലാത്ത റോഡുകള്‍, ഹൈവേകള്‍, ബന്ദുകളും ഹര്‍ത്താലുകളും സമരങ്ങളും - സാധിക്കുമെങ്കില്‍ രാഷ്ട്രീയമില്ലാത്ത ജീവിതം തുടങ്ങിയവയെല്ലാം ഇവരുടെ സ്വപ്നങ്ങളാണ്. അതേസമയം നവ ലിബറലിസം തുറന്നുവയ്ക്കുന്ന മത്സരാധിഷ്ഠിതമായ ജീവിതത്തില്‍ എല്ലാ ലക്ഷ്യങ്ങളും നേടുക അസാധ്യമാണെന്ന് മധ്യവര്‍ഗത്തിനുതന്നെ അറിയാം. എന്തു വിലകൊടുത്തും ലക്ഷ്യങ്ങള്‍ നേടുന്നതിന്റെ ഭാഗമായി നാട്ടിലെ കണിയാര്‍ മുതല്‍ ആള്‍ദൈവങ്ങളും ദേവാലയങ്ങളും വരെ ആരെയും ആശ്രയിക്കുന്നു. മതസാമുദായിക ശക്തികളുടെ പിന്തുണ അവര്‍ തേടുന്നു. തൊഴിലാളികള്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള നയങ്ങള്‍ അലോസരമുണ്ടാക്കുന്നതും ഇവര്‍ക്കുതന്നെയാണ്. അത്തരം വിഭാഗങ്ങളുടെ വളര്‍ച്ച ഇവരുടെ നിലനില്‍പ്പിനുള്ള ഭീഷണിയായിത്തീരുന്നു. ദരിദ്രപക്ഷത്തുനിന്നു തുല്യതക്കുവേണ്ടി വാദിക്കുന്നവരെ അതിശക്തിയായി ഇവര്‍ എതിര്‍ക്കുന്നു. അവരുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമെതിരായതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ മേധാവിത്വത്തെയും ഇവര്‍ എതിര്‍ത്തേക്കാം. ഇവയിലോരോന്നിലും വ്യക്തിനിഷ്ഠ താല്പര്യങ്ങള്‍ക്കുമാത്രമാണ് അവര്‍ മുന്‍ഗണന നല്‍കുക. അഴിമതിയെ പരസ്യമായി എതിര്‍ക്കുന്നവര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അഴിമതി നടത്താന്‍ ഒരു വിഷമവുമുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍പോലും വ്യക്തിഗത താല്പര്യങ്ങള്‍ക്കനുസരിച്ചാകും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം സൂചിപ്പിക്കുന്നത് ഫാസിസത്തിന്റെ അടിത്തറ മധ്യവര്‍ഗമാണെന്നാണ്. വ്യക്തിഗത താല്പര്യങ്ങളെ പൂര്‍ണമായി പ്രതിനിധീകരിക്കാന്‍ സമുദായത്തിനു കഴിഞ്ഞാല്‍ അയാള്‍ സമുദായത്തിന്റെ പ്രതിനിധിയാകും. അഡോള്‍ഫ് ഹിറ്റ്ലര്‍ ആര്യന്‍ സിദ്ധാന്തമുപയോഗിച്ച് ജര്‍മന്‍കാരുടെ വംശീയമേന്മയെ പ്രകടിപ്പിച്ചപ്പോള്‍ ജര്‍മന്‍ മധ്യവര്‍ഗം ഹിറ്റ്ലറിനോടൊപ്പം ചേര്‍ന്നു. മുസോളിനി ഉയര്‍ത്തിയ റോമാ സാമ്രാജ്യത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇറ്റലിയിലെ മധ്യവര്‍ഗത്തെ മുസോളിനിയോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. അദ്വാനിയുടെ രഥയാത്ര എങ്ങനെ ഇന്ത്യയിലെ ഹൈന്ദവ മധ്യവര്‍ഗത്തില്‍ ആവേശത്തിരമാലകളുണ്ടാക്കി എന്നു നാം കണ്ടതാണ്. പാന്‍ ഇസ്ളാമിസത്തിന്റെ പുതുരൂപങ്ങള്‍ എത്രയോ മുസ്ളിം ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുന്നു. അവരുടെ സ്വന്തം ജീവിതപാതകളുപേക്ഷിച്ചല്ല മധ്യവര്‍ഗം മതമൌലികവാദികളും ഫാസിസ്റ്റുകളുമായി മാറുന്നത്. ഇടത്തരക്കാരുടെ വരുമാനദായകമായ തൊഴിലുകളെ സ്വന്തം വിശ്വാസസംഹിതകളുമായി ഘടിപ്പിക്കാന്‍ അവര്‍ക്ക് ഒരു വിഷമവുമില്ല. അവരുടെ പൊതുജീവിതത്തില്‍ വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്തിക്കൊടുക്കാന്‍ വിശ്വാസസംഹിതകള്‍ക്കു സാധിച്ചാല്‍ മാത്രം മതി. കമ്യൂണിസ്റ്റ് വിരോധം അത്തരം ലക്ഷ്യനിര്‍ണയങ്ങളില്‍ ഒന്നാണ്. അത് ജൂതവിരോധവും ഇസ്ളാംവിരോധവും ഹിന്ദുവിരോധവും ക്രിസ്ത്യന്‍/അമേരിക്കന്‍ വിരോധവും എന്തും ആകാം.

മധ്യവര്‍ഗത്തിലെ വൈരുധ്യങ്ങള്‍

തൊഴിലാളികളോടും രാഷ്ട്രീയത്തോടുമുള്ള അവജ്ഞയും മത-സാമുദായിക ബന്ധങ്ങളും ഫാസിസ്റ്റ് പ്രവണതകളും മധ്യവര്‍ഗത്തിന്റെ ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. ജര്‍മനിയിലും ഇറ്റലിയിലും നേട്ടങ്ങള്‍ കൊയ്തതു മുഴുവന്‍ കുത്തക മുതലാളിമാരാണ്, ചത്തും കൊന്നും ഫാസിസത്തെ സേവിച്ച ഇടത്തരക്കാരല്ല. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ യെല്‍റ്റ്സിനെ സഹായിച്ച ഇടത്തരക്കാര്‍ക്കല്ല നേട്ടങ്ങളുണ്ടായത് സ്റ്റേറ്റിന്റെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുത്ത് സ്വന്തം സാമ്പത്തിക സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച കുറേ മാഫിയ മുതലാളിമാര്‍ക്കാണ്. ഇന്ത്യയില്‍ എന്‍ഡിഎ ഭരണം നവ ലിബറല്‍ നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുകയായിരുന്നു. പാന്‍ ഇസ്ളാമിസത്തിന് വിത്തുപാകിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇറാനൊഴികെ മറ്റൊരു രാജ്യവും അമേരിക്കക്കെതിരെ ചെറുത്തുനില്‍പ്പു നടത്തുന്നില്ല. ഇതൊക്കെ കാണിക്കുന്നത് മുതലാളിത്തത്തോടുള്ള വിധേയ സമൂഹത്തെ സൃഷ്ടിക്കുന്നതിനപ്പുറം ഒരു നേട്ടവും മധ്യവര്‍ഗ രാഷ്ട്രീയം കൊണ്ടുണ്ടാകുന്നില്ലെന്നാണ്. ഇന്നത്തെ ഇന്ത്യന്‍ മധ്യവര്‍ഗം പ്രകടിപ്പിക്കുന്ന പൂര്‍ണമായ അമേരിക്കന്‍പൂജ (അമേരിക്കാനിസം) ഈ വിധേയസമൂഹത്തിന്റെ സൃഷ്ടിയുടെ നല്ലൊരുദാഹരണമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല നയങ്ങളും (ഹൈവേകള്‍, പബ്ളിക് സ്കൂളുകള്‍ ഇത്യാദി) അമേരിക്കാനിസത്തിന്റെ തെളിവുകളാണ്.

സാമ്രാജ്യത്വത്തോടും കുത്തകമുതലാളിത്തത്തോടും പൂര്‍ണമായ വിധേയത്വം പ്രകടിപ്പിക്കാന്‍ ഇന്നു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മധ്യവര്‍ഗത്തെ അനുവദിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ സാമ്പത്തികനയങ്ങള്‍ മധ്യവര്‍ഗത്തെ ദോഷകരമായി ബാധിക്കുന്നതാണ് കാരണം. ഗള്‍ഫ്യുദ്ധവും അമേരിക്കയുടെ ഇറാഖ് ആക്രമണവും സൃഷ്ടിച്ച ആശയക്കുഴപ്പം വളരെ വലുതാണ്. സാമ്പത്തികമാന്ദ്യം ഇന്ത്യയെ നേരിട്ടു ബാധിച്ചിട്ടില്ലെന്ന് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും ഐടി മേഖലയില്‍ വ്യാപകമായ പിരിച്ചുവിടലിന് അത് കാരണമായി. ദുബായ് വേള്‍ഡ് പൊളിയുന്നു എന്ന വാര്‍ത്ത മലയാളികളില്‍ അമ്പരപ്പു സൃഷ്ടിച്ചിരുന്നു. ആ കമ്പനി ഷെയ്ക്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് പിടിച്ചുനിന്നു. ഒസാമ ബിന്‍ലാദന്റെ വധം നിലവിലുള്ള അമേരിക്കന്‍ വിരുദ്ധ വികാരത്തെയും (മറ്റൊരു വിഭാഗത്തില്‍ അമേരിക്കന്‍ വിധേയത്വത്തെയും) ശക്തിപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.

മധ്യവര്‍ഗത്തെ അലോസരപ്പെടുത്തുന്ന മറ്റു പ്രശ്നങ്ങളുമുണ്ട്. തൊഴിലാളിവര്‍ഗത്തില്‍നിന്ന് സ്വയം മാറിനില്‍ക്കാന്‍ ശ്രമിക്കുമെങ്കിലും മധ്യവര്‍ഗത്തില്‍ ഒരു വിഭാഗം കൂലിവേലക്കാര്‍തന്നെയാണ്. ഇന്ന് വ്യാപകമാകുന്ന തൊഴില്‍മേഖലയിലെ അസ്ഥിരാവസ്ഥ അവരെയും ബാധിക്കുന്നു. എയര്‍ഇന്ത്യയിലെ പിരിച്ചുവിടലിനെതിരായി നടന്ന എയര്‍ഇന്ത്യ ജീവനക്കാരുടെ സമരം ഉദാഹരണമാണ്. ഇന്നു നിലവിലുള്ള റിക്രൂട്ട്മെന്റ് നയങ്ങള്‍മൂലം തൊഴില്‍യോഗ്യത നേടിയവരും എന്നാല്‍ അതനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കാത്തവരുമായ നിരവധി പേരുണ്ട്. കേരളത്തില്‍ വളര്‍ന്നുവരുന്ന തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ ഉദാഹരണമാണ്. ഈ പ്രശ്നത്തെ മറികടക്കാനായി അവര്‍ തൊഴില്‍സാധ്യതയുള്ള സ്ഥാപനങ്ങളും പുതിയ വിദ്യാഭ്യാസ സാധ്യതകളും തേടി പോകുന്നു. ഇന്നു നാം വളരെ അഭിമാനപൂര്‍വം പരിചയപ്പെടുത്തുന്ന പ്രവാസി മലയാളികളില്‍ നല്ലൊരു ഭാഗം അത്തരത്തില്‍പ്പെട്ടവരാണ്. ഇവ കൂടാതെ കൃഷി, വാണിജ്യം മുതലായ മേഖലകളിലെ തൊഴിലാളികളിലും അസ്ഥിരാവസ്ഥ വ്യാപിക്കുന്നു. അനിയന്ത്രിതമായ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നുപോകുന്ന കച്ചവടക്കാരും കടം കയറി മുടിയുന്ന കൃഷിക്കാരും നിരവധിയാണ്. കടം മധ്യവര്‍ഗ കാപട്യങ്ങളെ നിലനിര്‍ത്തുന്ന ഘടകവും അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിപത്തുമാണ്.

ഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന മറ്റു ഭാരങ്ങും മധ്യവര്‍ഗത്തെ തളര്‍ത്തുന്നു. അനിയന്ത്രിതമായ വിലക്കയറ്റം, പാര്‍പ്പിടങ്ങളുടെയും മറ്റു നിത്യജീവിതോപാധികളുടെയും ദൌര്‍ലഭ്യം തുടങ്ങിയവ തൊഴിലാളിവര്‍ഗത്തെ ഇപ്പോള്‍തന്നെ തകര്‍ത്തിട്ടുണ്ടെങ്കില്‍ അവയുടെ ആഘാതത്തില്‍നിന്ന് മധ്യവര്‍ഗവും വിമുക്തമല്ല. ദാരിദ്യ്രരേഖയുടെ മറവില്‍ പൊതുവിതരണ രൂപങ്ങളില്‍നിന്നും വിവിധ തരത്തില്‍നിന്നുള്ള സബ്സിഡികളില്‍നിന്നും ഭരണകൂടം പിന്മാറുന്നതോടെ കമ്പോളശക്തികളുടെ നേരിട്ടുള്ള ഇരകളായി മധ്യവര്‍ഗം മാറുകയാണ്.

മധ്യവര്‍ഗവും ഇടതുപക്ഷ ശക്തികളും

മധ്യവര്‍ഗ താല്പര്യങ്ങള്‍ ഇടതുപക്ഷ കക്ഷികള്‍ കണക്കിലെടുക്കണമെന്നും അവയെ ആസ്പദമാക്കിയുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കണമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. മതസമുദായ ശക്തികളുടെയും അരാഷ്ട്രീയ-അരാജകവാദികളുടെയും സ്വാധീനത്തില്‍നിന്ന് മധ്യവര്‍ഗത്തെ മോചിപ്പിക്കുന്നതിന് ഇത് ആവശ്യമാണെന്ന് പലരും കരുതുന്നു. നിലവിലുള്ള മത്സരാധിഷ്ഠിത വ്യവസ്ഥയില്‍ മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ നീതീകരിക്കാവുന്നതാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. സ്വകാര്യ വിദ്യാലയങ്ങള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, അതിവേഗ റോഡുകള്‍, ഷോപ്പിങ്മാളുകളും സ്റ്റാര്‍ ഹോട്ടലുകളും തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളെയും സൌകര്യങ്ങളെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും അങ്ങനെ രൂപംകൊള്ളുന്ന സ്ഥാപനങ്ങളെ കൃത്യമായ സാമൂഹ്യ ഉത്തരവാദിത്തത്തിന്‍കീഴില്‍ കൊണ്ടുവരിക മാത്രമേ സാധ്യമാകുകയുള്ളു എന്നും വാദമുയരുന്നു. മതസമുദായ ശക്തികളോടും അവര്‍ നടത്തുന്ന സ്ഥാപനങ്ങളോടും അസ്പൃശ്യത എന്ന കാഴ്ചപ്പാട് സ്വീകരിക്കാന്‍ സാധിക്കയില്ല എന്നും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ പൊതുനിലപാടുകള്‍ രൂപപ്പെടുത്താനാകൂ എന്നും വിലയിരുത്തപ്പെടുന്നു.

ഈ വാദങ്ങള്‍ക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ മാനങ്ങളുണ്ട്. കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും യുഡിഎഫും തമ്മിലുണ്ടായിരുന്ന വ്യത്യാസം 1.6 ലക്ഷമായിരുന്നു. മതസമുദായങ്ങളുടെയും മധ്യവര്‍ഗത്തിന്റെയും വോട്ടിന്റെ ഒരു ചെറിയ ശതമാനം ഇടതുപക്ഷത്തിലേക്ക് വന്നിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ. പശ്ചിമബംഗാളില്‍ കനത്ത പരാജയമുണ്ടായപ്പോഴും 41 ശതമാനം വോട്ട് ഇടതുപക്ഷത്തിനു ലഭിച്ചു എന്നോര്‍ക്കേണ്ടതാണ്. മധ്യവര്‍ഗ താല്പര്യങ്ങള്‍ കണക്കിലെടുക്കുന്നതുകൊണ്ട് തെരഞ്ഞെടുപ്പു സാധ്യതകളില്‍ മാറ്റം വരുത്താമെന്നാണ് ഇതു കാണിക്കുന്നത്.

മറ്റൊന്ന് സൈദ്ധാന്തികവാദമാണ്. ആഗോളതലത്തില്‍ത്തന്നെ വര്‍ഗഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ശക്തമായ ഒരു മധ്യവര്‍ഗത്തെ വളര്‍ത്തുന്നു. അവരുടെ ഇടയിലെ ആഗ്രഹങ്ങളും ഉപഭോഗസംസ്കാരവും അവഗണിക്കേണ്ടതില്ല. വികസിത രാഷ്ട്രങ്ങളിലെ പ്രതിശീര്‍ഷ ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്റേതുപോലും അമിതോപഭോഗമായി കാണാന്‍ കഴിയില്ല. ഒരാള്‍ ഇരുനില വീട് കെട്ടുന്നതും കാറു വാങ്ങുന്നതും സ്വാശ്രയ കോളേജില്‍ കുട്ടിയെ പഠിപ്പിക്കുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അമിതോപഭോഗമായി കാണുന്നത് അസംബന്ധമാണ്. ഇതൊക്കെ സാധാരണക്കാര്‍ ചെയ്യുന്നതുതന്നെയാണ്. അവരുടെ ഇത്തരം ആഗ്രഹങ്ങള്‍ക്ക് എതിരു നില്‍ക്കുന്നത് സാമ്പ്രദായികവും സെക്ടേറിയനുമായ സമീപനമാണ്. അതുപോലെയാണ് മതവിശ്വാസത്തോടുള്ള സമീപനവും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നിടത്തോളം കാലം ഏതുവിധത്തിലുള്ള മതവിശ്വാസവും ഒരാള്‍ക്കാകാം. സാമുദായിക സംഘടനകളില്‍ അംഗത്വത്തിനും തകരാറില്ല. രാഷ്ട്രീയകാര്യങ്ങളില്‍ അയാള്‍ക്ക് സെക്കുലര്‍ സമീപനമെടുക്കാന്‍ കഴിയണമെന്നുമാത്രം.

ഈ വാദങ്ങള്‍ പരിശോധിക്കേണ്ടത് മധ്യവര്‍ഗത്തെക്കുറിച്ച് മുമ്പ് സൂചിപ്പിച്ച പൊതുനിരീക്ഷണങ്ങളുടെ അടിെസ്ഥാനത്തിലാണ്. മധ്യവര്‍ഗത്തിന് കൃത്യമായ ഒരു പൊതുസ്വഭാവമില്ല. അതില്‍ ജീവനക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമുണ്ട്. സ്ഥിരവും അസ്ഥിരവുമായ വരുമാനമുള്ളവരുമുണ്ട്. മതവിശ്വാസികളുണ്ട്, അല്ലാത്തവരുമുണ്ട്. മാനേജര്‍മാരും അല്ലാത്തവരുമുണ്ട്. ഇന്നത്തെ സാമ്പത്തിക സാമൂഹ്യബന്ധങ്ങളില്‍ അവര്‍ക്കുള്ള മധ്യവര്‍ത്തിസ്വഭാവം മാത്രമാണ് അവരെ ഒന്നിച്ചുനിര്‍ത്തുന്നത്. മുതലാളിത്തത്തിന്റെ അഭിവൃദ്ധിഘട്ടങ്ങളില്‍ അവരുടെ പദവിയും ഉയരും. തകര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവരുടെ സ്ഥിതിയും അനിശ്ചിതത്വത്തിലാകും. ഈ അവസ്ഥയാണ് അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ നിലപാടുകളെ സ്വാധീനിക്കുന്നതും.

ഇടതുപക്ഷത്തിന് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാടുണ്ട്. അത് തൊഴിലാളിവര്‍ഗ രാഷ്ട്രീയമാണ്. മുതലാളിത്തത്തോടും അവരോടൊപ്പം നില്‍ക്കുന്ന ശക്തികളോടുമുള്ള പോരാട്ടത്തിന്റെ ഭാഗമായി തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും സംയോജിപ്പിക്കുക എന്നതാണ് ആ കാഴ്ചപ്പാട്. ഇന്ത്യയില്‍ വിഭാവനം ചെയ്യുന്ന തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ ബൂര്‍ഷ്വാ-ഭൂപ്രഭു സഖ്യത്തിനെതിരായി ചെറുകിട തൊഴിലുടമകളെയും ധനിക കര്‍ഷകരെയും സംയോജിപ്പിക്കാനും ഇടതുപക്ഷം ശ്രമിക്കുന്നു. വര്‍ഗസംഘടനകളുടെ ഭാഗമായല്ലെങ്കിലും സര്‍ക്കാര്‍-സര്‍ക്കാരിതര ജീവനക്കാര്‍, അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ടെക്നോക്രാറ്റുകള്‍ മുതലായ 'സേവനമേഖല'യിലെ ജീവനക്കാരെയും സംഘടിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു. ഇവരില്‍ അവസാനം സൂചിപ്പിച്ച വിഭാഗങ്ങളെല്ലാം 'മധ്യവര്‍ഗ'മാണ്. അവരും ചെറുകിട ബിസിനസ്സുകാരും കച്ചവടക്കാരും തമ്മിലുള്ള സാമൂഹ്യമായ അന്തരം കുറവാണ്. ഇടതുപക്ഷത്തിനോടൊപ്പം നില്‍ക്കുന്നവരില്‍ ഒരു വിഭാഗം മധ്യവര്‍ഗമാണ്.

വര്‍ഗസമരങ്ങളും ഇടത്തരക്കാരും

ഇത്തരത്തിലുള്ള ഒരു വിഭാഗം എന്തുകൊണ്ട് ഇടതുപക്ഷത്തിനോടൊപ്പം ചേര്‍ന്നു എന്നതും പരിശോധിക്കണം. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലൂന്നിനിന്നുകൊണ്ട് ബൂര്‍ഷ്വാ സമൂഹത്തിന്റെ എല്ലാ ഘടകങ്ങളെയും വിലയിരുത്താനും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തില്‍ അടിയുറച്ച സമീപനം രൂപപ്പെടുത്താനും ഇടതുപക്ഷം ശ്രമിച്ചിരുന്നു. സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളും ഉയര്‍ന്നുവന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടയില്‍നിന്നുവന്ന വര്‍ഗസമരങ്ങളും അവയുടെ പശ്ചാത്തലത്തില്‍ വളര്‍ന്ന പൊതുരാഷ്ട്രീയ ബോധവുമാണ് ഇത്തരം വിഭാഗങ്ങളെ ഇടതുപക്ഷത്തിലേക്കടുപ്പിച്ചത്. ഈ പൊതുരാഷ്ട്രീയ ബോധത്തിന്റെ ഫലമായി ജനിച്ച ജാതിയെയും വര്‍ഗത്തെയും തിരസ്കരിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറായി. കേരളത്തില്‍ പൊതുസമൂഹം മൊത്തത്തില്‍ ഇടതുപക്ഷവും വലതുപക്ഷവുമായി ധ്രുവീകരിക്കപ്പെട്ടു. പശ്ചിമബംഗാളില്‍ എഴുപതുകളില്‍ മുഴുവന്‍ നീണ്ടുനിന്ന ഇടതുപക്ഷത്തിനെതിരായ അര്‍ധഫാസിസ്റ്റ് ആക്രമണങ്ങളും ത്രിപുരയില്‍ അമ്രബംഗാളി-കോണ്‍ഗ്രസ് സംഘത്തിനെതിരായ പോരാട്ടവും ഇതേ ധ്രുവീകരണത്തിലേക്ക് വഴിതെളിയിച്ചു. ഇടതുപക്ഷം മുന്നോട്ടുവെച്ച മുതലാളി-ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരായ വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാട് പൊതുസമൂഹത്തിന്റെ രാഷ്ട്രീയബോധമായി മാറുന്ന പ്രദേശങ്ങളിലാണ് ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചത്. അവിടെയെല്ലാം മധ്യവര്‍ഗത്തില്‍ ഒരു വിഭാഗം ഈ പൊതുരാഷ്ട്രീയ കാഴ്ചപ്പാട് സ്വീകരിച്ച് ഇടതുപക്ഷത്തില്‍ ചേരുകയാണുണ്ടായത്.

ഈ പൊതുരാഷ്ട്രീയ ബോധത്തിന്റെ വളര്‍ച്ച സംവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നതു മറക്കുന്നില്ല. കേരളത്തില്‍ കമ്യൂണിസത്തിന്റെ വളര്‍ച്ചക്കു കാരണം മരുമക്കത്തായത്തിന്റെ തകര്‍ച്ചയാണെന്നും ഈഴവരുടെ സാമൂഹ്യമാറ്റമാണെന്നും മറ്റുമുള്ള നിഗമനങ്ങള്‍ ഉദാഹരണമാണ്. 'നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലൂടെ ഈ പ്രവണത വളരെ പ്രകടപരമായി വിമര്‍ശിക്കപ്പെട്ടതും ഓര്‍ക്കണം. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഉപരി-മധ്യജാതികള്‍ക്ക് കിട്ടിയ സ്വാധീനം ദളിതരുടെ തുടര്‍ന്നുള്ള അടിമത്തത്തിന് കാരണമായെന്ന വിമര്‍ശനവും പുരുഷാധിപത്യത്തിനു വളംവെച്ചു എന്ന വിമര്‍ശനവും ശ്രദ്ധേയമാണ്. ഈ വിമര്‍ശനങ്ങളിലെ ശരിയും തെറ്റും എന്തായാലും ഒരു കാര്യം ചരിത്രപരമായ വസ്തുതയാണ്. 1920കള്‍ മുതല്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍നിന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും വര്‍ഗരാഷ്ട്രീയത്തിലൂന്നിയ ആശയസംഹിതയുടെ അതിശക്തമായ പ്രചാരണവുമാണ് ഇടതുപക്ഷ പൊതുരാഷ്ട്രീയബോധത്തെ സൃഷ്ടിച്ചത്. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ട ഭരണവര്‍ഗങ്ങള്‍ക്കെതിരായ ഐക്യദാര്‍ഢ്യമായിരുന്നു അവിടെയുണ്ടായത്. ഈ ധ്രുവീകരണത്തിന്റെ ഭാഗമായ ഇടതുപക്ഷത്തില്‍ വന്നവരിലെല്ലാവരും പ്രാങ്-മുതലാളിത്ത-ബൂര്‍ഷ്വാ ചിന്താഗതികള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത് എന്നൊന്നും ഇതിനര്‍ഥമില്ല. ഈ ഐക്യദാര്‍ഢ്യം കൂടുതല്‍ സമഗ്രവും അര്‍ഥപൂര്‍ണവുമായ വര്‍ഗരാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതകള്‍ ഉയര്‍ത്തിയിരുന്നുവെന്നുമാത്രം.

പിന്നെയെന്തുകൊണ്ട് മധ്യവര്‍ഗം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു? അമ്പതുകളില്‍ ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റ ഘട്ടത്തില്‍നിന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളിലെത്തുമ്പോള്‍ വന്നിട്ടുള്ള സാമൂഹ്യമാറ്റംതന്നെയാണ് പ്രധാനം. അറുപതുകളുടെ അവസാനംവരെ മലയാളികളുടെ ജീവിതഗണനയിലും വ്യാവസായികവും കാര്‍ഷികവും സേവനപരവുമായ തൊഴിലവസരങ്ങളിലും വളര്‍ച്ചയുണ്ടായ കാഘഘട്ടമായിരുന്നു. മുതലാളിത്തത്തിന്റെ അഭിവൃദ്ധിഘട്ടവും ഇന്ത്യയില്‍ നെഹ്റുവിന്റെ മിശ്രസമ്പദ്വ്യവസ്ഥയനുസരിച്ചുള്ള വികസനരൂപങ്ങളും ഒരുമിച്ചു വന്ന ഘട്ടമായിരുന്നു അത്. എഴുപതുകളില്‍ കേരളത്തിലെ ഭൂപരിഷ്കാരം പൂര്‍ത്തിയായി. അതേസമയം ആഗോളസമ്പദ്ഘടന പ്രതിസന്ധിയിലേക്കും ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്കും കൂപ്പുകുത്തി. അതുകൊണ്ട് ഭൂപരിഷ്കാരത്തിനുശേഷം ഉണ്ടാകേണ്ട ബൂര്‍ഷ്വാ സാമ്പത്തിക അഭിവൃദ്ധി കേരളത്തില്‍ നടന്നില്ല. വ്യവസായരംഗം മാന്ദ്യത്തിലേക്ക് നീങ്ങി. കാര്‍ഷികരംഗത്ത് ആദ്യം ചെറിയ പ്രസരിപ്പുണ്ടായെങ്കിലും അതും ക്രമേണ മുരടിച്ചു. എണ്‍പതുകള്‍ക്കുശേഷം അടിസ്ഥാനവര്‍ഗങ്ങളില്‍നിന്നുള്ള പ്രക്ഷോഭങ്ങളുടെ തോതും അളവും കുറഞ്ഞു. അതേസമയം കേരളത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ കാതലായ മാറ്റങ്ങളുണ്ടായില്ല. ഇടതുപക്ഷത്തിന്റെ സംഘടിതമായ പ്രവര്‍ത്തനവും ശക്തമായ ആശയപ്രചാരണവും രാഷ്ട്രീയ ധ്രുവീകരണത്തെ നിലനിര്‍ത്തുകയും അവര്‍ തെരഞ്ഞെടുപ്പു കണക്കുകൂട്ടലുകളില്‍ വലതുപക്ഷത്തിനൊപ്പം എത്തിച്ചേരുകയും ചെയ്തു. കേരളത്തെ നേരിടുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങളിലും വ്യക്തമായ ഇടതുപക്ഷ നിലപാടുകള്‍ രൂപംകൊണ്ടു.

മധ്യവര്‍ഗത്തിന് പ്രസക്തിയേറുന്നു

ഈ ഘട്ടത്തിലാണ് മധ്യവര്‍ഗത്തിന് പ്രാധാന്യം കൈവരുന്നത്. കേരളത്തിന്റെ സമൂഹഘടനയില്‍ വന്ന മാറ്റംതന്നെ ഒരു കാരണം. കേരളത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായ ജീവിതഗുണനിലവാരത്തിന്റെ വളര്‍ച്ച ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം, വരുമാനദായകമായ തൊഴിലുകള്‍, ഉയര്‍ന്ന ജീവിതശൈലികള്‍ എന്നിവയെക്കുറിച്ചുള്ള മധ്യവര്‍ഗ അഭിലാഷങ്ങളെ ശക്തിപ്പെടുത്തി. എഴുപതുകളിലെ പ്രതിസന്ധിഘട്ടത്തില്‍ വളര്‍ന്നുവന്ന ഗള്‍ഫ് പ്രവാസവും പിന്നീട് കേരളത്തിലേക്കു വന്ന പ്രവാസി നിക്ഷേപങ്ങളും മധ്യവര്‍ഗ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിച്ചു. ഇതിനു സമാനമല്ലെങ്കിലും പശ്ചിമബംഗാളിലും ജീവിതഗുണനിലവാരത്തില്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. കേരളത്തില്‍ അപ്പോള്‍തന്നെ വളരെ വിപുലമായ സര്‍വീസ് മേഖലയില്‍നിന്ന് ഒരു പുതിയ മധ്യവര്‍ഗം രൂപപ്പെടാന്‍ പ്രയാസവുമുണ്ടായില്ല.

പുതിയ മധ്യവര്‍ഗത്തിന്റെ ഉദയം കേരളത്തില്‍ വളര്‍ന്നുവന്ന സംഘര്‍ഷങ്ങളുടെ സ്വഭാവത്തിലും മാറ്റം വരുത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം ലഭിച്ചത്. ഇവ പലതും മധ്യവര്‍ഗംതന്നെ സൃഷ്ടിച്ചതോ മധ്യവര്‍ഗത്തിനുള്ളില്‍ത്തന്നെ വളര്‍ന്നുവന്നതോ ആയ സംഘര്‍ഷങ്ങളായിരുന്നു. ഈ സംഘര്‍ഷങ്ങള്‍ പുതിയ നിരവധി പ്രശ്നങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവന്നു. പരിസ്ഥിതി നാശവും വന നശീകരണവും കീടനാശിനി പ്രയോഗവും പുതിയ ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഇതില്‍പ്പെടും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ ഇക്കാലത്ത് ഏറ്റെടുത്തത് തൊഴിലാളി പ്രസ്ഥാനങ്ങളും പരിസ്ഥിതിവാദികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. യാന്ത്രിക വികസനവാദികളും കാല്പനിക സ്വഭാവമുള്ള പരിസ്ഥിതിവാദികളും ഈ സംഘര്‍ഷത്തെ കൂടുതല്‍ തീവ്രമാക്കുകയും ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വളര്‍ന്നുവന്ന പരിസ്ഥിതി-വികസന സംവാദം ഇതിന്റെ ഫലമാണ്.

പുതിയ സംവാദങ്ങളിലും സംഘര്‍ഷങ്ങളിലും ഉള്‍ക്കൊണ്ട പ്രശ്നങ്ങള്‍ വര്‍ഗ സമരങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് പരിശോധിക്കണം. വര്‍ഗങ്ങളും വര്‍ഗസമരങ്ങളും കേവലവും യാന്ത്രികവുമായ സംവര്‍ഗങ്ങളല്ല. മനുഷ്യര്‍ പങ്കെടുക്കുന്ന പ്രക്രിയകളാണ്. അധ്വാനശക്തിയുടെ ഉടമകളെന്ന നിലയില്‍ അവര്‍ക്ക് താല്പര്യമുള്ള മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യം നേടാനും തൊഴില്‍സാഹചര്യങ്ങള്‍ നല്‍കാനുമുള്ള ബാധ്യത സമൂഹത്തിനുണ്ട്. അവര്‍ക്ക് സംതൃപ്തമായ ജീവിതത്തിനാവശ്യമായ സൌകര്യങ്ങളും വിനോദോപാധികളും നല്‍കേണ്ടതുമുണ്ട്. അതായത് ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വിശ്രമം, വിനോദം, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ തുടങ്ങിയവ ജാതിമത ലിംഗഭേദമില്ലാതെ നല്‍കാനുള്ള ബാധ്യത ജനാധിപത്യ സമൂഹങ്ങള്‍ക്കുണ്ട്. ഈ ബാധ്യതകള്‍ മുതലാളിത്തത്തിന്റെ ലാഭാധിഷ്ഠിത യുക്തിയുമായി പൊരുത്തപ്പെടാതെ വരുമ്പോഴാണ് സംഘര്‍ഷങ്ങള്‍ വളര്‍ന്നുവരിക. ഇതില്‍ തൊഴിലാളിവര്‍ഗത്തിന്റെ നിലപാട് വ്യക്തമാണ്. സംഘടിത തൊഴിലാളികള്‍ക്ക് മാത്രമല്ല, മൊത്തം തൊഴില്‍സേനക്കും മേല്‍പ്പറഞ്ഞ എല്ലാ സൌകര്യങ്ങളും ലഭ്യമാക്കാനും അത് നിഷേധിക്കുന്ന മുതലാളിത്ത ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും അവര്‍ ശ്രമിക്കും. അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും ജീവിതവൃത്തിയും നിഷേധിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ വര്‍ഗസമരങ്ങള്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ നിലനില്‍പ്പിനും മുന്നേറ്റത്തിനുംവേണ്ടിയുള്ള സമരമാണ്. എല്ലാ മേഖലകളിലും ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇടതുപക്ഷം ബാധ്യസ്ഥവുമാണ്.

അതിനോട് മധ്യവര്‍ഗത്തിന്റെ സമീപനം എന്തായിരിക്കുമെന്നത് പ്രധാനമാണ്. മുമ്പു സൂചിപ്പിച്ചതുപോലെ മധ്യവര്‍ഗത്തില്‍ ഒരു ഭാഗം ഇപ്പോള്‍തന്നെ വിശാലമായ തൊഴിലാളിവര്‍ഗത്തിന്റെ ഭാഗമാണ്. മറ്റുള്ളവര്‍ മുതലാളിത്തത്തോട് വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്നു. മുതലാളിത്തത്തിന്റെ ഇരകളായി സ്വയം മാറുകയാണ് എന്ന ബോധം മധ്യവര്‍ഗത്തില്‍ ഒരു വിഭാഗത്തിനുണ്ട്. പക്ഷേ, അതിനെ അവര്‍ വിശദീകരിക്കുന്നത് കാല്പനികവും ആശയവാദപരവുമായ നിലപാടുകളനുസരിച്ചാണ്. ചിലര്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ധാര്‍മികവും ആത്മീയവുമായ പരിവര്‍ത്തനത്തില്‍ കാണുന്നു. മറ്റു ചിലര്‍ ജാതിപരവും ലിംഗപരവുമായ ഭേദങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. വേറെ ചിലര്‍ മതവര്‍ഗീയവാദത്തിലാണ് സ്വന്തം നിലപാടുതറ കണ്ടെത്തുന്നത്. വീണ്ടും ചിലര്‍ സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെതന്നെ നിഷേധിക്കുകയും അരാഷ്ട്രീയമായ 'സിവില്‍സമൂഹ'ഗ്രൂപ്പുകളില്‍ സമൂഹത്തിന്റെ ഭാവി ദര്‍ശിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ചേര്‍ത്ത് ബഹുസ്വരമായ പ്രസ്ഥാനങ്ങളാണ് ഇനിയങ്ങോട്ട് സാമൂഹ്യസംഘര്‍ഷങ്ങളെ നിര്‍ണയിക്കാന്‍ പോകുന്നത് എന്ന് വാദിക്കുന്നവരുണ്ട്. പരസ്യമായി ഇടതുപക്ഷ നിലപാടെടുക്കുന്നവരും പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി പേര്‍ ഇത്തരം നിലപാടുകളോട് ഏറിയും കുറഞ്ഞും അനുഭാവമുള്ളവരാണ്. വര്‍ഗരാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ല എന്ന് സ്വകാര്യ സംഭാഷണങ്ങളിലെങ്കിലും പറയുന്നവരെ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ കാണാം.

ആധുനികകാലത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ അടിത്തറ കൂലിവേലയും മൂലധനവും തമ്മിലുള്ള വൈരുധ്യമാണ്. വൈരുധ്യാത്മക നിലപാടനുസരിച്ച് കൂലിവേല ഇല്ലാതായാല്‍ മൂലധനവും ഇല്ലാതാകും. കൂലിവേലയും അതിന്റെ ഉല്പന്നങ്ങളും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ബൂര്‍ഷ്വാ അവകാശങ്ങളും നിലനില്‍ക്കും. മുതലാളിത്തവും സാമ്രാജ്യത്വവും നിലനില്‍ക്കുന്നുവെന്ന പൊതുബോധത്തിന് വലതുപക്ഷത്തിന്റെ ഇടയില്‍പോലും മാറ്റം ഉണ്ടായിട്ടില്ല. അതായത് വര്‍ഗവൈരുധ്യങ്ങള്‍ സമൂഹത്തെ സൃഷ്ടിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ തുടരുന്നു. മുതലാളിത്തത്തെ തകര്‍ക്കുന്ന സാമൂഹ്യമുന്നേറ്റം ബഹുസ്വര പ്രസ്ഥാനങ്ങളില്‍നിന്നോ മതസമുദായങ്ങളില്‍നിന്നോ അരാഷ്ട്രീയ 'സിവില്‍ സമൂഹ' പ്രസ്ഥാനങ്ങളില്‍നിന്നോ അല്ല ഉണ്ടായിവരുക, അധ്വാനശക്തിയുടെ ഉടമകള്‍ നേതൃത്വം നല്‍കുന്ന വര്‍ഗസമരങ്ങളിലൂടെ തന്നെയാണ്. ഈ സമരങ്ങള്‍ പല ഘട്ടങ്ങളിലൂടെ സൃഷ്ടിക്കുന്ന സമൂഹം സോഷ്യലിസ്റ്റ് സമൂഹവുമായിരിക്കും. ഈ അടിസ്ഥാന സംഘര്‍ഷത്തില്‍ പരിസ്ഥിതി സംവരണത്തിനും സ്ത്രീപദവിക്കും സാമൂഹ്യ നീതിക്കും സാംസ്കാരിക പരിവര്‍ത്തനത്തിനും വേണ്ടിയുള്ള സമരം ഉള്‍ച്ചേര്‍ന്നിരിക്കും. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിനുവേണ്ടിയുള്ള സമരം വളര്‍ന്നുവരുന്ന വര്‍ഗസംഘര്‍ഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനപരിസരം സൃഷ്ടിക്കും.
ഈ പൊതു രാഷ്ട്രീയ ബോധത്തിനുള്ളില്‍ വര്‍ഗസമരങ്ങളെയും പരിസ്ഥിതി, സ്ത്രീ പ്രശ്നം, സാമൂഹ്യ നീതി, സാംസ്കാരിക ജീര്‍ണത, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയവയെ സംബന്ധിച്ച സമരങ്ങളെയും ഉള്‍ച്ചേര്‍ക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം. അടിസ്ഥാനവര്‍ഗ സമരങ്ങളോട് മധ്യവര്‍ഗത്തെ സംയോജിപ്പിക്കാനുള്ള മാര്‍ഗം ഇതാണ്. കേരളത്തില്‍ ഒരുകാലത്ത് പരീക്ഷിച്ച് വിജയിച്ചതും ഇതുതന്നെയാണ്. ഇതു ചെയ്യാതെ, മധ്യവര്‍ഗാഭിലാഷങ്ങളുമായി അനുരഞ്ജനം നടത്തിക്കൊണ്ടുള്ള 'വികസനപ്രവര്‍ത്തനം' മധ്യവര്‍ഗത്തെ ആകര്‍ഷിക്കണമെന്നില്ല. എല്ലാവിധ 'ബഹുസ്വര' മധ്യവര്‍ഗപ്രസ്ഥാനങ്ങളും വ്യക്തികളും മമതാ ബാനര്‍ജിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് പശ്ചിമബംഗാളില്‍ കണ്ടത്. നിലവിലുള്ള സൂചനകള്‍ ശരിയാണെങ്കില്‍ കേരളത്തിലെ 'അരാഷ്ട്രീയ' മധ്യവര്‍ഗം യുഡിഎഫിനാണ് വോട്ടുചെയ്തത്. 'ബഹുസ്വര' പ്രസ്ഥാനങ്ങള്‍ പൊതുവില്‍ ശക്തരായ ഇടതുപക്ഷ വിരുദ്ധരുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ അനുഭവങ്ങളുള്ള മധ്യവര്‍ഗ സാമൂഹ്യപ്രവര്‍ത്തകര്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ കൂടെ നിന്നിട്ടുള്ളത്.

മധ്യവര്‍ഗത്തിനുള്ളിലെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ദിശ വേറൊന്നാണ്. ഇപ്പോള്‍ മധ്യവര്‍ഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അമേരിക്കാനിസം മുതലാളിത്തത്തോടും മതസമുദായങ്ങളോടുമുള്ള വിധേയത്വം, സാംസ്കാരിക ജീര്‍ണത, അരാജകത്വത്തിലേക്കു നീങ്ങുന്ന അനിശ്ചിതത്വബോധം തുടങ്ങിയവക്കെതിരായി, മതനിരപേക്ഷ ജനാധിപത്യബോധവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതും സന്തുലിതവും സമഗ്രവുമായ പ്രാദേശിക വികസനത്തില്‍ അടിയുറച്ചതുമായ നിലപാടുകളിലേക്ക് മധ്യവര്‍ഗം കടന്നുവരണം. ആഗോളവിപണിയെയും പ്രവാസി നിക്ഷേപങ്ങളെയും മാത്രമാശ്രയിക്കുന്ന സമൂഹഘടനയില്‍ ചിലര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങളുണ്ടാകാമെങ്കിലും സമൂഹവികാസം സാധ്യമാകില്ല എന്ന ബോധം അവരില്‍ വളര്‍ന്നുവരണം.

ഒരുകാലത്ത് ദേശീയ ബോധമായിരുന്നു മധ്യവര്‍ഗത്തെ ഇത്തരം ആശയങ്ങളിലേക്കു നയിച്ചത്. നീതിയിലും തുല്യതയിലുമധിഷ്ഠിതമായ സാമൂഹ്യ പരിവര്‍ത്തന സങ്കല്‍പ്പമാണ് ഇപ്പോള്‍ അവരെ ഉണര്‍ത്തേണ്ടത്. ഈ വികസന സങ്കല്പത്തിന്റെ അടിത്തറ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന് അതിജീവനത്തിനും വിഭവങ്ങള്‍ക്കും തൊഴിലിനും വേണ്ടിയുള്ള പോരാട്ടങ്ങളാകും. സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പൊതുരാഷ്ട്രീയബോധം വളര്‍ന്നുവരുന്നത് വര്‍ഗസമരങ്ങളില്‍നിന്നുതന്നെയാണ്.

*
കെ എന്‍ ഗണേശ് ദേശാഭിമാനി ഓണപ്പതിപ്പ്