Saturday, January 31, 2009

ചലച്ചിത്രമേളകള്‍

ചലച്ചിത്രമേളകള്‍ ഇന്ന് ലോകവ്യാപകമായി പ്രചാരമുള്ള ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. സിനിമ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ ആഘോഷിച്ച ഏറ്റവും ജനപ്രിയമായ കലയും മാധ്യമവും വ്യവസായവുമാണ്. വാണിജ്യശക്തികള്‍ നിയന്ത്രിക്കുന്ന വിതരണശൃംഖലകളിലൂടെ വിപണനം ചെയ്യപ്പെടുന്ന സിനിമകളുടേതാണ് സാധാരണക്കാര്‍ക്ക് പരിചയമുള്ള സിനിമാലോകം. ഹോളിവുഡിലെയും ബോളിവുഡിലെയും മറ്റനേകം പ്രദേശങ്ങളിലെയും സിനിമാനിര്‍മാണകേന്ദ്രങ്ങളില്‍ നിന്ന് വന്‍ മുതല്‍മുടക്കോടെ നിര്‍മ്മിക്കപ്പെടുന്നതും ഫോര്‍മുലകള്‍ക്കനുസരിച്ചുള്ളതും ജനപ്രീതി നേടിയെടുക്കുന്നതായി കരുതപ്പെടുന്നതുമായ സിനിമകള്‍ കച്ചവട സിനിമ, മുഖ്യധാരാ സിനിമ അല്ലെങ്കില്‍ ജനപ്രിയ സിനിമ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

പ്രേമം, യുദ്ധം, ലൈംഗികത, വര്‍ഗീയത, വംശീയത, സാങ്കേതിക വിസ്മയങ്ങള്‍, സംഗീതം, അതിവൈകാരികത, നാടകീയത, നന്മ /തിന്മ സങ്കല്‍പങ്ങള്‍, നായകന്റെ അന്തിമവിജയം, സ്‌ത്രീശരീരത്തിന്റെ ചരക്കുവല്‍ക്കരണം, എന്നിങ്ങനെയുള്ള ഉപാധികളെ തിരിച്ചും മറിച്ചും ചേര്‍ത്തുവെച്ചുകൊണ്ട് ലാഭത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് നിര്‍മിച്ചു വിടുന്ന സിനിമകളാണ് സ്ഥിരമായി വിതരണ ശൃംഖലകളിലൂടെ പുറത്തുവന്ന് കൊട്ടകകളില്‍ അതാതു കാലത്ത് പ്രദര്‍ശിപ്പിക്കുന്നത്. പൊതുജനത്തിന് സാമാന്യമായി പരിചയമുള്ളതും ഇത്തരം വ്യാവസായിക സിനിമയെത്തന്നെയാണ്. ഇവയെ ഒന്നടങ്കം തള്ളിപ്പറയാന്‍ എളുപ്പമാണെങ്കിലും അതിജീവന സ്വഭാവമുള്ള ഒരു സാമ്പത്തികവ്യവസ്ഥയായി സിനിമയെ കഴിഞ്ഞ നൂറു വര്‍ഷവും താങ്ങിനിര്‍ത്തിയത് ഈ മുഖംമൂടിയില്ലാത്ത കച്ചവടസമൂഹമായിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാല്‍ അതു മാത്രമാണോ സിനിമ? സിനിമയുടെ ചരിത്രം എഴുതപ്പെടുമ്പോള്‍ ഇത്തരം സിനിമകള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രാതിനിധ്യം ലഭിക്കുകയും ആര്‍ട് ഹൌസ് സിനിമകള്‍ എന്നു വിളിക്കപ്പെടുന്ന സൌന്ദര്യമൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ള തരം കലാത്മകസിനിമകള്‍ കൂടുതലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യപ്പെടുന്നതെന്തുകൊണ്ടാണ്? ഈ വൈരുദ്ധ്യത്തെ ആഴത്തില്‍ പരിശോധിക്കാന്‍ ഇന്നത്തെ വിഷയം അനുവദിക്കുന്നില്ലെന്നതുകൊണ്ട് അത് പിന്നീടൊരിക്കലേക്ക് മാറ്റിവെക്കുന്നു. എന്നാല്‍, ലോകത്തെ വിവിധ ഭാഷകളിലും പ്രദേശങ്ങളിലും നിര്‍മിക്കപ്പെടുന്ന എല്ലാതരം സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഇടം ചലച്ചിത്രമേളകള്‍ മാത്രമാണെന്ന പ്രധാനപ്പെട്ട കാര്യം മാത്രം ഇത്തരുണത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്.

സിനിമ കേവലം ഒരു കച്ചവട ഉത്പന്നം മാത്രമല്ലെന്നും അത് ഒരു സൌന്ദര്യവ്യവസ്ഥയാണെന്നും പ്രാഥമികമായി അംഗീകരിച്ചാല്‍ തന്നെ ചലച്ചിത്രമേളകളുടെ അനിവാര്യത ബോധ്യപ്പെടും. ഒരേ സമയം സാങ്കേതികവ്യവസ്ഥയും സാമ്പത്തികവ്യവസ്ഥയും എല്ലാമായ സിനിമ ആവിഷ്‌ക്കാരത്തിന്റെയും സംവേദനത്തിന്റെയും സവിശേഷമായ രൂപഘടനകള്‍ സ്വയം സൃഷ്‌ടിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കു തന്നെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ മേളകളില്‍ പങ്കെടുക്കുകയല്ലാതെ നിവൃത്തിയില്ല.

ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമേളയായി ചരിത്രം സ്ഥാനപ്പെടുത്തുന്നത് ഇറ്റലിയിലെ വെനീസ് മേളയാണ്. ഫാസിസ്‌റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ ഭരണകാലത്ത് 1932ലാണ് വെനീസ് മേള ആരംഭിച്ചത്. മുസോളിനിയുടെ അനുഗ്രഹാശിസ്സുകളോടെ ഫാസിസ്‌റ്റ് പാര്‍ടിക്കാരനായ ഒരു വ്യവസായിയാണ് മേളക്ക് തുടക്കമിട്ടത്. മുസോളിനിയുടെ പേരില്‍ ഒരു കപ്പ് 1934ല്‍ ഏര്‍പ്പെടുത്തുകയും ഏറ്റവും നല്ല സിനിമക്ക് ഇത് നല്‍കി വരുകയും ചെയ്‌തിരുന്നു. 1943ല്‍ മുസോളിനിയുടെ പതനത്തിനു ശേഷം ഈ പുരസ്‌ക്കാരത്തിന്റെ പേര് ഗോള്‍ഡന്‍ ലയണ്‍ എന്നു മാറ്റപ്പെട്ടു. എതിരഭിപ്രായക്കാരെയും ജനാധിപത്യത്തെയും കശാപ്പ് ചെയ്‌ത ഒരു സ്വേഛാധിപതിയുടെ കാലത്താണ് ചലച്ചിത്രമേളകളാരംഭിച്ചത് എങ്കിലും പില്‍ക്കാലത്ത്, ലോകത്തെമ്പാടുമുള്ള മേളകള്‍ ചലച്ചിത്രപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും സമ്മേളനസ്ഥലമായി പരിണമിച്ചു.

ചലച്ചിത്രമേളകളില്ലെങ്കില്‍ ലോകത്തെമ്പാടുനിന്നും നിര്‍മിക്കപ്പെടുന്ന വിവിധ തരം സിനിമകള്‍ കാണാന്‍ ചലച്ചിത്രപ്രേമികള്‍ക്ക് അവസരങ്ങളുണ്ടാകുമായിരുന്നില്ല. ഡിവിഡികള്‍ക്കും ടോറന്റ് ഡൌണ്‍ലോഡുകള്‍ക്കും പി ടു പി വെബ്‌സൈറ്റ് പങ്കിടലുകള്‍ക്കും പ്രചാരം സിദ്ധിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ചലച്ചിത്രമേളകള്‍ ആവേശകരമായ അനുഭവം നല്‍കി ക്കൊണ്ട് ലോകത്തെമ്പാടും ചലനാത്മകമായ പ്രവണതയായി നിലനില്‍ക്കുന്നു എന്നത് പ്രസ്‌താവ്യമാണ്. ബെര്‍ലിന്‍, എഡിന്‍ബറോ, കാന്‍, മോസ്‌കോ, കാര്‍ലോവിവാരി, ലൊക്കാര്‍ണോ, ടോക്കിയോ, കയ്റോ, ടെഹ്റാന്‍, മോണ്‍ട്രിയേല്‍, പുസാന്‍, സാവോ പൌലോ, സരയാവോ, ഷാങ്ഹായ്, ടൊറിനോ, ടൊറന്റോ, സാന്‍ സെബാസ്റ്യന്‍ എന്നിവയൊക്കെയാണ് ലോകപ്രശസ്‌തമായ പ്രമുഖ ഫെസ്‌റ്റിവലുകള്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുമായി നൂറില്‍ താഴെ മേളകളെ മാത്രമേ ചലച്ചിത്രനിര്‍മാണ സംഘടനകളുടെ ലോക ഫെഡറേഷന്‍ (ഫിയാഫ്) അംഗീകരിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ നടക്കുന്ന മേളകളില്‍, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ് ഇന്ത്യ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ് കേരള, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, മുംബൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, പുനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവക്കു മാത്രമേ ഫിയാഫ് അംഗീകാരമുള്ളൂ. എന്നാല്‍ കേരളം പോലെ ചടുലവും ആധുനികവുമായ രീതിയില്‍ ചലച്ചിത്രസൌന്ദര്യത്തോട് ആസക്തി പുലര്‍ത്തുന്ന സംസ്ഥാനത്തിനകത്ത് ചെറുതും വലുതുമായ നൂറിലധികം മേളകള്‍ നടത്തപ്പെടുന്നു എന്നത് ആവേശകരമായ അനുഭവമാണ്. തൃശൂര്‍ നഗരത്തില്‍ തന്നെ മൂന്നു അന്താരാഷ്‌ട്ര മേളകളാണ് ഒരു വര്‍ഷം നടക്കുന്നത്. മത്സരങ്ങളുള്ളതും അല്ലാത്തതും; പ്രത്യേക തരം ദിശാബോധത്തോടെ നടത്തപ്പെടുന്നതും അല്ലാത്തതും; ഫീച്ചര്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തുന്നതും, ഡോക്കുമെന്ററികളും ഹ്രസ്വചിത്രങ്ങളും ആനിമേഷന്‍ ചിത്രങ്ങളും മാത്രം കാണിക്കുന്നതും, എല്ലാം ഇടകലര്‍ത്തി കാണിക്കുന്നതും; പ്രിന്റുകള്‍ മാത്രം കാണിക്കുന്നത്; ഡിജിറ്റല്‍ ഫോര്‍മാറ്റ് അനുവദിക്കുന്നത് എന്നിങ്ങനെ വിവിധതരത്തിലുള്ള മേളകളാണ് ലോകത്തെമ്പാടുമെന്നതു പോലെ കേരളത്തിലും നടക്കുന്നത്. സര്‍ക്കാരിന്റെയും സര്‍ക്കാരിതര ഏജന്‍സികളുടെയും സഹായത്തോടെയും പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പും സംഘടിപ്പിച്ചും നടത്തുന്ന മേളകളില്‍ മിക്കതിലും സിനിമ ഉള്‍പ്പെടുത്തുന്നതിനും പ്രതിനിധിയായി പങ്കെടുക്കുന്നതിനും ഫീസ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഗോവയിലെയും തിരുവനന്തപുരത്തെയും സ്ഥിരം വേദികളിലെ മേളയില്‍ പങ്കെടുക്കാനെത്തുന്നവരില്‍ പലരും വര്‍ഷങ്ങളായി ഈ പതിവിന് മുടക്കം വരുത്താറില്ല. തീര്‍ത്ഥാടനത്തിന് പോകുന്ന വിധത്തില്‍ ആ സമയമാകുമ്പോഴേക്ക് ഭാണ്ഡം മുറുക്കി മേളസ്ഥലത്തേക്ക് കുതിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്.

ഇതൊക്കെയാണ് ചലച്ചിത്രമേളകളുടെ സാമാന്യ പശ്ചാത്തലമെങ്കിലും അവയുടെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സാമാന്യജനതക്ക് എത്ര കണ്ട് ബോധ്യമുണ്ട് എന്ന കാര്യം നാം ഗൌരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. വിശേഷിച്ചും കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചിലവഴിച്ചാണ് ഇന്ത്യയിലെ പ്രധാന മേളകളായ ഗോവ ഐ എഫ് എഫ് ഐ, തിരുവനന്തപുരം ഐ എഫ് എഫ് കെ എന്നിവ നടത്തുന്നതെന്നിരിക്കെ. അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒരു രാജ്യവും സാമ്പത്തിക വ്യവസ്ഥിതിയുമായ ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോക രാജ്യത്തില്‍ ഇതു സംബന്ധിച്ചുള്ള ജനാധിപത്യപരമായ പ്രതികരണങ്ങളും സംവാദങ്ങളും ഉയര്‍ന്നു വരുന്നതില്‍ അപാകതയൊന്നുമില്ല. ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം പോലുള്ളതുമാത്രമാണ് അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്നും മറ്റുള്ളവയൊക്കെ അവ പരിഹരിച്ചതിനു ശേഷം പരിഗണിച്ചാല്‍ മതി എന്നുമുള്ള വാദം പെട്ടെന്ന് കേട്ടാല്‍ ശരിയാണെന്നു തോന്നുമെങ്കിലും, മാനവികതയുടെ ചരിത്രം സാമാന്യമായി മനസ്സിലാക്കിയാല്‍ പോലും അതു ശരിയല്ല എന്നു ബോധ്യപ്പെടും. മനുഷ്യജീവിതത്തിന്റെ ചലനാത്മകതക്കും തുടര്‍ച്ചക്കും നിദാനമായതും, മാറ്റത്തെക്കുറിച്ചും കൂടുതല്‍ നല്ല ജീവിതത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കും എക്കാലത്തും വഴി വെച്ചതും കലയാണെന്നതാണ് വസ്‌തുത. ഔപചാരികവും അനൌപചാരികവുമായ വിദ്യാഭ്യാസപ്രക്രിയയുടെ അഭേദ്യ ഭാഗമായി കലാപ്രവര്‍ത്തനവും പഠനവും പരിഗണിക്കപ്പെടുന്നുമുണ്ട്. കലയും സാഹിത്യവും വിനോദവും ആഹ്ലാദവുമില്ലെങ്കില്‍ മനുഷ്യരായി ജീവിക്കുന്നതിലെന്തര്‍ത്ഥമാണുള്ളത്? ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലയും മാധ്യമവുമായ സിനിമക്കുള്ള പ്രാധാന്യവും ഈ പൊതു പശ്ചാത്തലത്തില്‍ തന്നെയാണ് സാധൂകരിക്കപ്പെടുന്നത്.

ലോകത്തെ മറ്റ് മേളകളില്‍ നിന്ന് വ്യത്യസ്‌തമായി കേരളത്തിലെ മേളകളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വ്യാപകമായി പങ്കെടുക്കുന്നുണ്ട് എന്ന വസ്‌തുത ഇതോട് കൂട്ടിവായിക്കേണ്ടതാണ്. ചലച്ചിത്രപ്രവര്‍ത്തകരും ഫിലിംസൊസൈറ്റിക്കാരും നിരൂപകരും മാത്രമല്ല, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, സാമൂഹികരംഗത്തുള്ളവര്‍, കവികള്‍, സാഹിത്യകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല തരക്കാര്‍ കേരള അന്താരാഷ്‌ട്ര മേളകളില്‍ സമ്മേളിക്കാറുണ്ട്. ഇക്കൂട്ടരില്‍, മറ്റവസരങ്ങളില്‍ സിനിമ കാണുന്നത് ശീലമാക്കിയവരും ശീലമാക്കാത്തവരുമുണ്ട്. സമൂഹത്തിന്റെ ചലനഗതികളില്‍ സ്വാധീനം ചെലുത്തുന്ന ഈ പൊതു സമൂഹം ചലച്ചിത്രമേളകളില്‍ പങ്കെടുക്കുന്നതിലൂടെ ലോകപര്യടനം തന്നെയാണ് നടത്തുന്നത്. മാത്രമല്ല, ഓരോ മേളയും കഴിഞ്ഞ് തന്റെ പഴയ ജീവിതത്തിലേക്കല്ല ഒരാള്‍ തിരിച്ചു പോകുന്നത്. പുതിയ അവബോധവും പുതിയ ചരിത്ര-വര്‍ത്തമാന ധാരണകളുമായി കൂടുതല്‍ സമാധാനവാഞ്ഛയുമായി, ജീവിതത്തെയും മാനവികതയെയും കൂടുതല്‍ സ്നേഹിച്ചുകൊണ്ടാണ് അയാള്‍ ദൈനം ദിന ജീവിതത്തിലേക്ക് തിരിച്ചു ചെല്ലുന്നത്.

ചലച്ചിത്രരംഗത്തെ പ്രവണതകള്‍ വ്യത്യസ്‌ത രാജ്യങ്ങളിലും സമൂഹങ്ങളിലും ഭാഷാസമുദായങ്ങളിലും എങ്ങനെയൊക്കെയാണ് മാറിക്കൊണ്ടിരിക്കുന്നത് ; അഥവാ മാറാതിരിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാനും പരസ്‌പരം പങ്കിടാനുമുള്ള പ്രാഥമികമായ ഒരു സമ്മേളനസ്ഥലമാണ് ചലച്ചിത്രമേള. സിനിമയെയും സിനിമയിലെ മാറ്റങ്ങളെയും അതുവഴി ജീവിതത്തിലെ മാറ്റങ്ങളെയും പരിചയപ്പെടാന്‍ മേളകള്‍ എല്ലായ്പോഴും സഹായകരമാവാറുണ്ട് എന്നതാണ് ഏറ്റവും നിര്‍ണായകമായ ഒരു സംഗതി. മുപ്പതു വര്‍ഷക്കാലം ഫിലിം സൊസൈറ്റി പ്രസ്ഥാനം നിരന്തരമായി പ്രവര്‍ത്തിച്ചിട്ടും കേരളീയര്‍ക്ക് പസോളിനിയുടെ സിനിമകള്‍ കാണാന്‍, കോഴിക്കോട് മേളയിലാണ് അവസരമുണ്ടായത്.

സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നിരൂപകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും കാണികളും എല്ലാമടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കാനും സംവദിക്കാനും കലഹിക്കാനുമുള്ള തുറന്ന പ്രതലങ്ങള്‍ മേളകളിലാണ് രൂപപ്പെടുന്നത്. പരസ്‌പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയും സിനിമയിലെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ നിരന്തരമായി പരിചയപ്പെടുന്നതിലുടെയും നമ്മുടെ സിനിമക്ക് പരിവര്‍ത്തനപ്പെടാനും ആധുനികമാവാനുമുള്ള സാധ്യതകള്‍ മേളകള്‍ എപ്പോഴും ഒരുക്കുന്നുണ്ട്. നമ്മുടെ ആസ്വാദനരുചികളും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. അറിയപ്പെടാത്ത പല സമൂഹങ്ങളിലെയും സിനിമകള്‍ക്ക് അമിതാധികാരത്തിന്റെ ഇരുമ്പുമറകളും യാഥാസ്ഥിതികത്വത്തിന്റെ മൂടുപടങ്ങളും കണക്കിലെടുക്കാതെ തന്നെ ലോകത്തിന്റെ തുറസ്സുകളിലേക്ക് പ്രവേശിക്കാന്‍ മേളകളിലൂടെ മാത്രമേ സാധ്യമാവൂ. അവിടത്തെ സിനിമയും ജീവിതവും മാറ്റിത്തീര്‍ക്കാനുള്ള ത്വരയും ഇതുമൂലം പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ഗുണദോഷങ്ങളുടെ ഈ വ്യാമിശ്രമായ പ്രയോജനങ്ങളൊക്കെയുണ്ടെങ്കിലും, സാമാന്യജനത്തിന്റെ ചലച്ചിത്രാസ്വാദനശീലത്തെ നവീകരിച്ചെടുക്കുക എന്ന പ്രധാന ലക്ഷ്യത്തിന് വളരെ പരോക്ഷമായ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടാക്കാനാവും എന്നല്ലാതെ പ്രത്യക്ഷമായ ഫലങ്ങള്‍ ഉളവാക്കാന്‍ മേളകള്‍ക്ക് കഴിയുന്നതായി വിലയിരുത്താനാവില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണം എന്നതും പ്രധാന പരിഗണനയായി കണക്കിലെടുക്കേണ്ടതുണ്ട്.
കൂടുതല്‍ ജനങ്ങള്‍ക്ക് മേളകളില്‍ പ്രവേശനം നല്‍കുകയും അതിന്റെ ജനകീയ സ്വഭാവം വിപുലപ്പെടുത്തുകയും വേണ്ടതുണ്ട്. അതോടൊപ്പം മേളകളുടെ ഉദ്ദേശ്യങ്ങളെന്താണ് എന്ന ബോധവല്‍ക്കരണം വ്യാപകമാക്കണം. ചെറിയ ചെറിയ മേളകള്‍ ഫിലിം സൊസൈറ്റികളുടെ മുന്‍കൈയില്‍ നാടെങ്ങും സംഘടിപ്പിക്കുക എന്നത് ഇതിന്റെ തുടര്‍ പ്രവര്‍ത്തനവുമാണ്. ഈ തുടര്‍ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ നടന്നു വരുന്നുണ്ട് എന്നത് ആഹ്ലാദകരമായ കാര്യമാണ്.

സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാലയങ്ങളില്‍ സിനിമയെ പാഠ്യവിഷയമാക്കി ഉള്‍പ്പെടുത്തുകയും അവിടെയും ചെറിയ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതാണ്. യുവജനോത്സവങ്ങള്‍ പോലെയും കായികമേളകള്‍ പോലെയും വിദ്യാലയങ്ങളില്‍ ചലച്ചിത്രമേളകളും ആസ്വാദനക്യാമ്പുകളും വര്‍ഷം തോറും നടത്താവുന്നതാണ്. ലോകക്ലാസിക്കുകളും ഇന്ത്യന്‍/മലയാള സിനിമകളും കുട്ടികള്‍ തന്നെ എടുത്ത കൊച്ചു സിനിമകളും ഇവിടെ കാണിക്കാം. ചെറുപ്പത്തിലേ പിടികൂടുക എന്ന കായികരംഗത്തെ രീതി ഇവിടെയും പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാമാന്യജനതയുടെ ചലച്ചിത്രാവബോധത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും.

***

ജി.പി.രാമചന്ദ്രൻ

(ആകാശ വാണി തൃശ്ശൂര്‍ നിലയം 2009 ജനുവരി 30ന് രാത്രി എട്ടുമണിക്കുള്ള സാഹിത്യലോകത്തില്‍ പ്രക്ഷേപണം ചെയ്‌ത പ്രഭാഷണം)

ഇന്ത്യാ ഗവണ്‍മെന്റും ആശ്രയിക്കുന്നത് പൊട്ടുന്ന നീര്‍ക്കുമിളകളെ തന്നെ

തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍, തങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് ഗവണ്‍മെന്റ് പുറത്തെടുത്തിരിക്കുന്നു. മന്ദഗതിയിലായിട്ടുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആ പാക്കേജ് ഉത്തേജനം നല്‍കും എന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. ഇക്കാലത്തെ ആഗോളരംഗത്തെ ഫാഷന്‍ അനുസരിച്ച്, കേന്ദ്രഗവണ്‍മെന്റിന്റെ രണ്ടാംഘട്ട "ഉത്തേജക നികുതി പാക്കേജ്'' ആണിതെന്ന് ചില മാധ്യമ നിരീക്ഷകര്‍ വിശദീകരിക്കുന്നുണ്ട്. അത് തെറ്റാണ്. ഈ പാക്കേജ് നികുതി സംബന്ധിച്ചതല്ല; മറിച്ച് പണപരമായ സ്വഭാവത്തോടുകൂടിയതാണ്. ഗവണ്‍മെന്റിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് അതില്‍ വലിയ ഊന്നലൊന്നും നല്‍കിയിട്ടില്ല. നികുതി പിരിവ് പ്രതീക്ഷിച്ച ലക്ഷ്യത്തേക്കാള്‍ കുറവായിരിക്കുമ്പോള്‍, അങ്ങനെ ചെലവ് വര്‍ധിപ്പിക്കണമെങ്കില്‍ ബജറ്റ് കമ്മി വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടിവരും; അല്ലെങ്കില്‍ വായ്‌പ നല്‍കി സഹായിച്ച് കൂടുതല്‍ ചെലവാക്കാന്‍ കേന്ദ്രം പ്രോത്സാഹിപ്പിക്കേണ്ടിവരും. ഇന്ത്യയിലെ യുപിഎ ഗവണ്‍മെന്റിന്റെ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ കേന്ദ്രബിന്ദു നികുതി സംബന്ധമായ യാഥാസ്ഥിതികത്വമാണ്. ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലേതില്‍നിന്നും വ്യത്യസ്‌തമായി, ഇന്ത്യയിലെ യുപിഎ ഗവണ്‍മെന്റ് ആ യാഥാസ്ഥിതികത്വം ഇനിയും ഉപേക്ഷിച്ചിട്ടില്ല. പണപ്പെരുപ്പം കുറയുകയും വളര്‍ച്ച മന്ദഗതിയിലായിത്തീരുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍പോലും ധനപരമായ കമ്മി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് നിശ്ശബ്‌ദതപാലിക്കുകയാണ്.

പാക്കേജിന്റെ ഘടകങ്ങള്‍

ഉത്തേജക പാക്കേജ് എന്നു പറയപ്പെടുന്ന ഈ നടപടിക്ക് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളത്. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യാ ഗവണ്‍മെന്റും കൂടി കൂട്ടായി കൈക്കൊള്ളേണ്ട ഒരുപിടി നടപടികളാണ് ഇതില്‍ ആദ്യത്തെ ഘടകം. പലിശനിരക്കുകള്‍ കുറയ്‌ക്കുന്നതിനും വ്യക്തികള്‍ക്കും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വായ്‌പ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടിയാണിത്. റിപ്പോ നിരക്ക് (അഥവാ റിസര്‍വ് ബാങ്കില്‍നിന്ന് മറ്റ് ബാങ്കുകള്‍ വായ്‌പയെടുക്കുമ്പോള്‍ അടയ്‌ക്കേണ്ടിവരുന്ന പലിശനിരക്ക്) ഒരു ശതമാനം കുറച്ച് 5.5 ശതമാനമാക്കിയിരിക്കുന്നു. അതിനുപുറമെ സ്വകാര്യമേഖലയ്‌ക്ക്, വായ്‌പ കൊടുക്കുന്നതിന് ബാങ്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അതിനായി പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു. സ്വകാര്യ ബാങ്കുകളുടെ ക്യാഷ് റിസര്‍വ് റേഷ്യോ (അഥവാ അവയുടെ കയ്യിലുണ്ടായിരിക്കേണ്ട ക്യാഷ് ബാലന്‍സ്) അരശതമാനം കണ്ട് കുറച്ച് ഡെപ്പോസിറ്റിന്റെ 5 ശതമാനമാക്കി കുറച്ചിരിക്കുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക്, അഥവാ സ്വകാര്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന തുകയ്‌ക്ക് ലഭിക്കുന്ന പലിശ, 5 ശതമാനത്തില്‍നിന്ന് 4 ശതമാനമാനമായി കുറച്ചിരിക്കുന്നു. വായ്‌പ കൊടുക്കുന്നതിനുള്ള ബാങ്കുകളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് 20,000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്‌തിരിക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ഗ്യാരണ്ടിയോടുകൂടി വായ്‌പ നല്‍കുന്നതിനും വായ്‌പകളുടെ വ്യാപ്‌തി വിപുലമാക്കുന്നതിനും ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക.

ആഭ്യന്തര സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് മാത്രമല്ല, കടം വാങ്ങുന്നവര്‍ക്ക് വായ്‌പ ലഭിക്കുക. വിദേശ സ്രോതസ്സുകളെ സമീപിക്കാനുള്ള അവയുടെ സൌകര്യവും വര്‍ധിപ്പിച്ചിരിക്കുന്നു. അതിനായി (1) അംഗീകൃത മാര്‍ഗങ്ങളിലൂടെ ലഭ്യമാകുന്ന വിദേശ വാണിജ്യവായ്‌പകളുടെ പലിശ നിരക്കിന്മേലുണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞിരിക്കുന്നു. (2) വിദേശവാണിജ്യ വായ്‌പകള്‍ വാണിജ്യപരമായ റിയല്‍ എസ്റ്റേറ്റില്‍ (സമഗ്രമായ ടൌണ്‍ ഷിപ്പുകളുടെയും മറ്റും രൂപത്തില്‍) നിക്ഷേപിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. (3) പശ്ചാത്തല ഫിനാന്‍സിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കിതര ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് വിദേശവാണിജ്യ വായ്‌പകള്‍ നേടാമെന്ന് നിശ്ചയിച്ചിരിക്കുന്നു. (4) വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ പരിധി 600 കോടി ഡോളറില്‍നിന്ന് 1500 കോടി ഡോളറാക്കി ഉയര്‍ത്തിക്കൊടുത്തിരിക്കുന്നു. ആഭ്യന്തരവായ്‌പ ലഭ്യമല്ലെങ്കില്‍, അഥവാ അതിന് ചെലവ് കൂടുതലാണെങ്കില്‍, "വിദേശത്തുനിന്ന് വായ്‌പ വാങ്ങിക്കോളൂ'' എന്നാണ് മുദ്രാവാക്യം.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രൿചര്‍ ഫിനാന്‍സ് കമ്പനിക്കും മൂലധനത്തിനാവശ്യമായ, പ്രത്യേകിച്ചും പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മൂലധനത്തിനാവശ്യമായ, പണം വായ്‌പ വാങ്ങുന്നതിന് സൌകര്യം ഉണ്ടാക്കുന്നതാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള രണ്ടാമത്തെ ഇനം നടപടികള്‍. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനമോ അഥവാ ഫിനാന്‍സ് മൂലധനച്ചെലവിനുവേണ്ട 30,000 കോടിയോ വിപണിയില്‍നിന്ന് കൂടുതലായി വായ്‌പ വാങ്ങുവാന്‍ ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അനുവാദമുണ്ടായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ തുക വായ്‌പയെടുത്ത് തങ്ങളുടെ ചെലവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറല്ല; എന്നാല്‍ അതേ അവസരത്തില്‍തന്നെ ആ മാര്‍ഗം അവലംബിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന കേന്ദ്രഗവണ്‍മെന്റ്, അത് "കേന്ദ്ര പാക്കേജി''ന്റെ ഭാഗമാണെന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. പൊതുകമ്മിയെ ആശ്രയിച്ചുകൊണ്ടുള്ള ചെലവിന്റെ രണ്ടാമത്തെ ഭാഗം ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രൿചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡില്‍നിന്നാണ് (ഐഐഎഫ്‌സിഎല്‍) വരേണ്ടത്. നികുതിരഹിത ബോണ്ടുകള്‍ പുറപ്പെടുവിച്ചുകൊണ്ട് 2009 മാര്‍ച്ച് 31വരെ 10,000 കോടി രൂപവരെ സംഭരിക്കാനാണ് അതിന് ഇതുവരെ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ പശ്ചാത്തലപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഇത്തരം ബോണ്ടുകള്‍ പുറപ്പെടുവിച്ചുകൊണ്ട്, 30,000 കോടി രൂപ കൂടി അധികമായി സംഭരിക്കാന്‍ ഇപ്പോള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു.

അവസാനമായി, പാക്കേജിന്റെ മൂന്നാമത്തെ ഘടകത്തില്‍, വാഹനങ്ങളുടെ ചോദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യംവെച്ചിരിക്കുന്നു. ജെഎന്‍എന്‍യുആര്‍എം പദ്ധതിയുടെ കീഴില്‍ സംസ്ഥാനങ്ങളുടെ നഗര ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ബസുകള്‍ വാങ്ങുന്നതിനായി 2009 ജൂണ്‍ 30വരെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാന്‍ പാക്കേജില്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കൊല്ലം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ വാണിജ്യാവശ്യത്തിന് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ചില സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 50 ശതമാനംവരെ തേയ്‌മാനച്ചെലവ് നല്‍കുന്നതാണ് ഇതിലൊന്ന്. വാണിജ്യാവശ്യത്തിന് വാഹനങ്ങള്‍ വാങ്ങുന്നതിന് എന്‍ബിഎഫ്‌സി കൾക്ക് വായ്‌പ കൊടുത്ത് സഹായിക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു.

കടം വാങ്ങൂ; ചെലവാക്കൂ

ഇതൊക്കെ കൂട്ടിവെച്ചാല്‍ കിട്ടുന്നത് ഇതാണ്: ബാങ്കുകളുടെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെയുംമേല്‍ വായ്‌പ നല്‍കുന്നതിന് നിര്‍ബന്ധം ചെലുത്തുന്നതോടൊപ്പം, വിവിധ രംഗങ്ങളിലുള്ളവരോട് കൂടുതല്‍ വായ്‌പ വാങ്ങാനും കൂടുതല്‍ ചെലവാക്കാനുമുള്ള ക്ഷണവും കേന്ദ്രഗവണ്‍മെന്റ് നടത്തുന്നു. റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലകളില്‍ ചെലവഴിക്കുന്നതിനായി വിദേശനാണയത്തില്‍ വായ്‌പ വാങ്ങുന്നതിനുള്ള സൌകര്യവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാവിയില്‍ ഉണ്ടാകാവുന്ന തിരിച്ചടവ് ബാധ്യതകളെ നേരിടുന്നതിന് വിദേശനാണയം ലഭിക്കാന്‍ അവയ്‌ക്ക് സാധ്യത കുറവാണുതാനും.

ചുരുക്കിപ്പറഞ്ഞാല്‍ "ഉത്തേജക പാക്കേജ്'' എന്നു പറയപ്പെടുന്ന ഈ സംവിധാനം ഒട്ടും ആശ്വാസകരമല്ല. കാരണം ഒന്നാമത് വികസിതരാജ്യങ്ങളിലെ പ്രതിസന്ധിക്കു കാരണമായ രീതിയിലുള്ള പ്രവണതകള്‍ക്ക് ശക്തിപകരുക മാത്രമാണ് അത് ചെയ്യുന്നത്. നിയന്ത്രണങ്ങളെല്ലാം നീക്കപ്പെട്ടതും ദ്രുതഗതിയില്‍ വീര്‍ത്തുവരുന്നതുമായ സാമ്പത്തിക ലോകത്ത് എളുപ്പത്തില്‍ പണവും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പയും ഇഷ്‌ടം പോലെ ലഭ്യമാകുന്ന ഒരവസ്ഥയുണ്ടായതാണ്, അമേരിക്കയിലെയും ഒഇസിഡി രാജ്യങ്ങളിലെയും ധനപ്രതിസന്ധിക്കും റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിക്കും കാരണം എന്ന് ഇന്നിപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. വായ്‌പകൊണ്ട് താങ്ങി നിര്‍ത്തപ്പെടുന്ന അഭൂതപൂര്‍വമായ ഗൃഹനിര്‍മാണ-ഉപഭോക്തൃവര്‍ധനയുടെ അടിസ്ഥാനത്തിന് നിദാനമായിത്തീര്‍ന്നതും അതാണ്. അതാകട്ടെ, ഊഹക്കച്ചവടത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു; തിരിച്ചടവില്‍ വീഴ്‌ച വരുന്നതുവരെ അത് സ്വയം കുതിച്ചു മുന്നേറിക്കൊണ്ടിരുന്നുതാനും. അതായത്, പൊട്ടിപ്പോയ ഊഹാധിഷ്‌ഠിതമായ ധനവളര്‍ച്ച സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ ഒരു പ്രതിഭാസമായിരുന്നില്ല; മറിച്ച് വായ്‌പകൊണ്ട് താങ്ങിനിര്‍ത്തപ്പെട്ട യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ ( റിയൽ എക്കോണമിയുടെ) സംഭാവനയായിരുന്നു ആ പ്രതിഭാസം; അത്തരം സമ്പദ് വ്യവസ്ഥയില്‍നിന്നാണ് അത് നിലനില്‍പ്പിനുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടതും. അതിന്റെ ഫലമായി, പ്രതിസന്ധി ആദ്യം പ്രത്യക്ഷപ്പെട്ടത് സബ്പ്രൈം ഗൃഹവായ്‌പാ പ്രശ്‌നം എന്ന നിലയിലാണെങ്കിലും, യഥാര്‍ത്ഥ സമ്പദ്‌ വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്ക് നയിക്കുന്ന പൂര്‍ണതോതിലുള്ള ധനപ്രതിസന്ധിയായി, അത്, അധികം താമസിയാതെ വളര്‍ന്നുവന്നു.

എന്നുതന്നെയല്ല, പ്രതിസന്ധി രൂപംകൊണ്ടുകഴിഞ്ഞപ്പോള്‍, അതിനെ നേരിടേണ്ടത് ആവശ്യമാണെന്ന് വന്നപ്പോള്‍, സാമ്പത്തിക വ്യവസ്ഥയ്‌ക്കുള്ളിലേക്ക് വെറുതെ പണം അടിച്ചുകയറ്റിയതുകൊണ്ടോ പലിശ നിരക്ക് കുറച്ചതുകൊണ്ടോ, സാമ്പത്തിക വ്യവസ്ഥ പഴയപോലെയാക്കുന്നതിന് കഴിയുകയില്ലെന്ന് വ്യക്തമായി. ഫിനാന്‍ഷ്യല്‍ കുതിച്ചുകയറ്റത്തിന്റെ അവസാനത്തോടെ, ഒരു വശത്ത് സ്വകാര്യമേഖലയിലെ ചോദനം വളരെ ചുരുങ്ങി; മറുവശത്താകട്ടെ, വാൾ‌സ്‌ട്രീറ്റിലും മെയിൻ‌സ്‌ട്രീറ്റിലും പാപ്പര്‍ ഭീഷണി ഉയര്‍ന്നുവന്നു. അതുകാരണം തകര്‍ച്ചയിലായ സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുന്നതിനു ഗവണ്‍മെന്റിന് നടപടി കൈക്കൊള്ളേണ്ടിവന്നു; അതോടൊപ്പംതന്നെ പ്രത്യക്ഷത്തില്‍ത്തന്നെ ചോദനം വര്‍ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടിവന്നു. സാമ്പത്തിക ഉത്തേജനം സാമ്പത്തികനയങ്ങളുടെ കേന്ദ്ര ബിന്ദുവായിത്തീര്‍ന്നത് അതുകൊണ്ടാണ്; അതോടെ അമേരിക്കയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും കെയ്‌നീഷ്യനിസം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്.

തെറ്റായ രോഗ നിര്‍ണ്ണയം

ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി കൊണ്ടുവന്ന സാമ്പത്തിക ഉത്തേജക പാക്കേജ്, ഇന്ത്യയുടെ സ്ഥിതിയെ വ്യത്യസ്‌തമായിട്ടാണ് വീക്ഷിക്കുന്നതെന്നു തോന്നും. പണത്തിന്റെ ഒഴുക്ക് വേണ്ടത്രയില്ലാത്തതും വായ്‌പയുടെ പലിശ ഉയര്‍ന്നു നില്‍ക്കുന്നതും വായ്‌പ കൊടുക്കാന്‍ സന്നദ്ധതയില്ലാത്തതും ആണ് ഇവിടത്തെ പ്രശ്‌നം എന്നാണ് ഗവണ്‍മെണ്ട് കണക്കാക്കുന്നത് എന്ന് തോന്നുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍, യഥാര്‍ത്ഥ സാമ്പത്തിക വീണ്ടെടുപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ഊഹാത്മകവും പൊള്ളയുമായ മാര്‍ഗത്തെ അവലംബിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെയും കൊണ്ടെത്തിക്കുകയില്ലെന്നും ആ സാമ്പത്തിക വീണ്ടെടുപ്പിനെ അട്ടിമറിക്കുന്ന ഒരവസ്ഥയിലേക്ക് അത് നയിക്കുകയില്ലെന്നും കരുതപ്പെടുന്നു.

എന്നാല്‍ അത്തരം നിഗമനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കാണിക്കുന്ന സൂചനകള്‍ കാണാനുണ്ടുതാനും. ഇന്ത്യ ഇപ്പോഴും കടക്കെണിയില്‍ അകപ്പെട്ടു കഴിഞ്ഞിട്ടില്ലെങ്കിലും, വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ഇന്ത്യ സ്വകാര്യ വായ്‌പയെത്തന്നെയാണ് ആശ്രയിക്കുന്നത്. സ്റ്റേറ്റിന്റെ മൂലധന ചെലവിനെ പരിമിതപ്പെടുത്തുന്ന ധനപരമായ പരിഷ്‌ക്കാരവും ചെറുകിട വായ്‌പയ്‌ക്ക് അനുകൂലമായി ബാങ്ക് വായ്‌പകളെ വീണ്ടും വഴിതിരിച്ചുവിട്ട ധനപരമായ ഉദാരവല്‍ക്കരണവും (ഇവ രണ്ടും) ഉള്‍ക്കൊള്ളുന്ന 'സാമ്പത്തിക പരിഷ്‌ക്കാരം' വളര്‍ച്ചയുടെ മാര്‍ഗത്തെ മാറ്റിത്തീര്‍ക്കുക തന്നെ ചെയ്തു. മുമ്പ് വളര്‍ച്ചയുടെ മുഖ്യപ്രേരകശക്തി പൊതുചെലവായിരുന്നുവെങ്കില്‍, അതിനുപകരം കടത്തെ ആശ്രയിച്ചുകൊണ്ടുള്ള ഗൃഹനിര്‍മ്മാണനിക്ഷേപവും സ്വകാര്യ ഉപഭോഗവും നിലവില്‍ വന്നു. കുടുംബങ്ങള്‍ക്കും സ്വകാര്യമേഖലയ്‌ക്കും വായ്‌പ ലഭ്യമാക്കുന്നതിനുള്ള നിബന്ധനകളിലും വായ്‌പയുടെ അളവിലും അയവുവരുത്തേണ്ടത്, ഇതുമൂലം ആവശ്യമായി വന്നു. അതിന്റെ ഫലമായി ബാങ്കുകളുടെ മൊത്തം വായ്‌പകളില്‍ ചെറുകിട വായ്‌പകളുടെ വിഹിതം വളരെയേറെ വര്‍ധിച്ചു. അതുകാരണം ഓഹരിവിപണി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളോടുള്ള ബാങ്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ ബന്ധം വളരെയേറെ വര്‍ധിക്കുകയും ചെയ്തു. അതായത് ഇന്ത്യയ്‌ക്ക് ഈയിടെയുണ്ടായ ഏതാണ്ട് ഒമ്പത് ശതമാനം വരുന്ന വളര്‍ച്ചാനിരക്ക് നേടിയതും വായ്‌പ കൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വലിയ തോതില്‍ കുഴപ്പത്തില്‍ അകപ്പെട്ടിട്ടുള്ളതും.

കടക്കെണിയിലേക്ക്

അതെന്തായാലും ആളുകള്‍ക്ക് കൂടുതല്‍ വായ്‌പ കൊടുക്കുന്നതിന് ബാങ്കുകളെ നിര്‍ബന്ധിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ആണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്‌താല്‍ വായ്‌പ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അങ്ങനെ ലഭിച്ച വായ്‌പകൊണ്ട് ആഭ്യന്തരചോദനത്തെ അവര്‍ ഉത്തേജിപ്പിക്കുമെന്നും കയറ്റുമതി മുരടിപ്പിന് അത് പരിഹാരമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വളര്‍ച്ച നിരക്ക് മൂക്കുകുത്തിവീഴുന്നതില്‍നിന്ന് രക്ഷിക്കുന്നതിനായി, വായ്‌പാ ബലൂണിനെ വീണ്ടും ഊതിവീര്‍പ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നു കാണാം.

ഈ പ്രക്രിയയില്‍ ബാങ്കുകളും കുടുംബങ്ങളും കോര്‍പറേഷനുകളും മാത്രമല്ല വായ്‌പാക്കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുള്ളു; മറിച്ച് സംസ്ഥാന ഗവണ്‍മെന്റുകളും ആകര്‍ഷിക്കപ്പെടുന്നു. 30,000 കോടി രൂപയുടെ അധിക വായ്‌പയെടുക്കാന്‍ അവയ്‌ക്ക് അനുമതി നല്‍കപ്പെട്ടിരിക്കുകയാണ്. നികുതിവരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയില്‍, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്ക് വിഭവകൈമാറ്റം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, ഉടനെ വരാനിരിക്കുന്ന ശമ്പളപരിഷ്‌ക്കാരം സംസ്ഥാനങ്ങളുടെ സാമ്പത്തികക്കഴിവുകളെ ഞെരുക്കുമെന്ന അവസ്ഥയില്‍, വായ്‌പയെടുത്ത് ചെലവുചെയ്‌ത് വീണ്ടെടുപ്പിന് വഴി തുറക്കണം എന്ന് അവയോട് ആവശ്യപ്പെടുന്നത് ആശ്ചര്യകരം തന്നെയാണ്. അതേ അവസരത്തില്‍ കേന്ദ്രഗവണ്‍മെന്റ് അതിന് മുതിരുന്നില്ല എന്നും നാം ഓര്‍ക്കണം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്ക് വിഭവങ്ങള്‍ കൂടുതല്‍ കൈമാറുകയാണ് ഇന്നാവശ്യം. കാരണം സംസ്ഥാനതലത്തിലാണ് ചെലവ് കൂടുതല്‍ ദ്രുതഗതിയില്‍ നടത്താനുള്ള സാധ്യതയുള്ളത്; അതുവഴി മാന്ദ്യത്തെ തടഞ്ഞുനിര്‍ത്താനും വീണ്ടെടുപ്പിന് വഴി പാകുവാനും കഴിയും. എന്നാല്‍ കേന്ദ്രസര്‍ക്കര്‍ അതിന്റെ ചെലവുകളെല്ലാം തടഞ്ഞുവെയ്‌ക്കുകയാണ് എന്നതിനാല്‍, അത്തരം വിഭവക്കൈമാറ്റങ്ങളൊന്നും കാണാനാവുന്നില്ല.

ചെലവാക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിനുള്ള വൈമുഖ്യം, ബജറ്റിന് അപ്പുറത്തുള്ള ഒരു കൈമാറ്റത്തിനും കാരണമായിത്തീര്‍ന്നിരിക്കുന്നു. ഐഐഎഫ്‌സിഎല്ലിനെ (IIFCL) സഹായിക്കുന്നതിനായി തങ്ങളുടെ നികുതി വരുമാനം നഷ്‌ടപ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമായിരിക്കുന്നു. 40,000 കോടി രൂപ സമാഹരിക്കാനാണ് ഐഐഎഫ്സിഎല്ലിനെ സഹായിക്കുന്നത്. പശ്ചാത്തല സൌകര്യങ്ങളുടെ മേഖലയില്‍ സ്വകാര്യമേഖലയ്‌ക്ക്, അഥവാ പൊതുമേഖലയ്‌ക്ക് മെച്ചമുണ്ടാക്കുന്നതിന് ആ തുക ഉപയോഗപ്പെടുത്തും. സമ്പദ്‌ വ്യവസ്ഥയ്ക്ക് തകര്‍ച്ചയുണ്ടാകുമ്പോള്‍, അത്തരമൊരു നിക്ഷേപം സാധ്യമാകും എന്ന് ഉറപ്പിക്കാനുള്ള വഴിയൊന്നുമില്ല. നേരെമറിച്ച്, ഇതുവഴി സ്വകാര്യവായ്‌പ കൂടുക എന്ന അപകടത്തിനുള്ള സാധ്യതയുണ്ടുതാനും. നികുതിപിരിവിലൂടെ ഗവണ്‍മെന്റ് സംഭരിച്ച പണം ചെലവാക്കി, പ്രതിസന്ധിയെ ഭാഗികമായിട്ടെങ്കിലും നേരിടുക എന്നതാണ് കൂടുതല്‍ ആശാസ്യമായ മാര്‍ഗം.

വിദേശ റിസര്‍വ് അപകടത്തില്‍

അവസാനമായി, ആഭ്യന്തരമായിട്ടുള്ള വായ്‌പയുടെ സഹായത്തോടെ പശ്ചാത്തല സൌകര്യ വികസനത്തിനായുള്ള നിക്ഷേപത്തില്‍ ആശയര്‍പ്പിക്കുക മാത്രമല്ല പാക്കേജ് ചെയ്യുന്നത്; മറിച്ച് വിദേശ വാണിജ്യവായ്‌പയുടെ സഹായത്തോടെയുള്ള ചെലവിനേയും അത് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത് വായ്‌പാകെണിയെ കൂടുതല്‍ രൂക്ഷമാക്കുക മാത്രമല്ല ചെയ്യുന്നത്; പശ്ചാത്തല സൌകര്യവികസനത്തില്‍നിന്ന് വിദേശനാണ്യ വരുമാനം ലഭ്യമാകുന്നില്ല എന്നതിനാല്‍ (വിദേശവായ്‌പ തിരിച്ചടയ്‌ക്കുന്നതിന് ആവശ്യമായ വരുമാനം അതുവഴി ഉണ്ടാകുന്നുമില്ല) ഇത് അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. നേരെ മറിച്ച് ആഗോള പലിശനിരക്ക് ആഭ്യന്തര പലിശനിരക്കിനേക്കാള്‍ വളരെ കുറവായതുകൊണ്ട് ലഭ്യമാണെങ്കില്‍ വിദേശവായ്‌പകളെയാണ് സ്വകാര്യ കമ്പനികള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുക. അതിലടങ്ങിയ അപകട സാധ്യതകളെ അവ അധികമൊന്നും പരിഗണിക്കുകയില്ല. ഇന്ത്യന്‍ രൂപയുടെ വില കുത്തനെ ഇടിയുകയാണെങ്കില്‍ ഇത് പ്രശ്‌നമുണ്ടാക്കും; ഇന്ത്യയില്‍നിന്ന് പുറത്തേക്കുള്ള ഒഴുക്ക് തുടരുകയാണെങ്കില്‍, ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ശേഖരത്തെ അത് ബാധിക്കുകയും ചെയ്യും.

വീണ്ടെടുപ്പ് വേഗത്തിലാക്കുന്നതിനായി സ്വകാര്യ വായ്‌പയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചെലവഴിക്കലിനെ ആശ്രയിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ? ആഗോള പ്രതിസന്ധിയില്‍നിന്ന് ഉണ്ടായിട്ടുള്ള പാഠങ്ങളില്‍ ഒന്ന് ഇതാണ്: വന്‍ ഫിനാന്‍ഷ്യല്‍ കമ്പനികളെ വളരെ മൃദുവായി മാത്രം നിയന്ത്രിക്കുകയും ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടസാധ്യതകളെ അവഗണിക്കാന്‍ അവയെ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ഗവണ്‍മെന്റിന് അവയെ ദേശസാല്‍കരിക്കേണ്ടതായി വന്നേയ്‌ക്കാം. കാരണം ലെമാന്‍ ബ്രദേഴ്‌സിന്റെ കാര്യത്തില്‍ സംഭവിച്ചപോലെ, അവ പരാജയപ്പെടുകയാണെങ്കില്‍, അതിന്റെ അനന്തരഫലം പ്രതികൂലമായിരിക്കും. അതിന്റെ അര്‍ത്ഥം വ്യക്തമാണ്. നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുകയും സ്റ്റേറ്റിന് വളരെ കുറഞ്ഞ ഒരു പങ്ക് മാത്രം നല്‍കുകയും പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി വായ്‌പയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ആശ്രയിക്കുകയും ചെയ്യുകയാണെങ്കില്‍, ദേശസാല്‍ക്കരണത്തിന്റെയും സ്റ്റേറ്റിന്റെ ധനസഹായത്തോടെയുള്ള സംരക്ഷണത്തിന്റെയും രൂപത്തില്‍, പുത്തന്‍ ഉദാരവല്‍ക്കരണത്തില്‍നിന്ന് പ്രതിസന്ധിയോടുകൂടി കരയ്‌ക്കു കയറേണ്ടിവരും. പുത്തന്‍ ഉദാരവല്‍ക്കരണത്തെ ഉപേക്ഷിച്ചുകൊണ്ടും സ്റ്റേറ്റിന് കുടുതല്‍ പങ്ക് നല്‍കിക്കൊണ്ടും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുതലാളിത്തം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന് പല യാഥാസ്ഥിതിക വിശകലന വിദഗ്ധന്മാരും വാദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍പുത്തന്‍ ഉദാരവല്‍ക്കരണ പ്രത്യയശാസ്‌ത്രത്തില്‍ ആണ്ടു മുങ്ങിക്കിടക്കുന്ന യുപിഎ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം, പഠിക്കാന്‍ വളരെ വിഷമമുള്ള ഒരു പാഠമാണിത്. മാത്രമല്ല, ഇന്ത്യയിലെ പ്രതിസന്ധി ഉരുണ്ടുകൂടിത്തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ ഔദ്യോഗിക സാമ്പത്തിക ഉത്തേജക പദ്ധതി ഇങ്ങനെയായിത്തീര്‍ന്നത് എന്തുകൊണ്ട് എന്ന് ഇതില്‍നിന്ന് വിശദമാകുമെന്ന് തോന്നുന്നു.

****

സി പി ചന്ദ്രശേഖര്‍

Wednesday, January 28, 2009

വ്യക്‌തിഹത്യകള്‍ക്കു പിറകിലെന്ത്‌?

കേവലമായ വ്യക്‌തിപ്രശംസകളുടെ പശ്‌ചാത്തലത്തില്‍, 'രാഷ്‌ട്രീയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത്‌' എപ്രകാരമാണെന്നു മുമ്പൊരിക്കല്‍ ഞാനെഴുതിയിരുന്നു. 'വ്യക്‌തിഹത്യകള്‍' കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അസ്‌തിത്വത്തെതന്നെ വേട്ടയാടുംവിധം അക്രമാസക്‌തമാവുന്ന ഇന്നത്തെ പശ്‌ചാത്തലത്തില്‍ അതൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നത്‌ എന്തുകൊണ്ടും പ്രസക്‌തമാകും.

ഇടതുപക്ഷശക്‌തികള്‍ക്കിടയില്‍ അനൈക്യം വളര്‍ത്തിയും കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ട്ടി സംഘാടനത്തിന്റെ കേന്ദ്രതത്വത്തെ തകര്‍ക്കുംവിധം ചിലരുടെമേല്‍ തെറികള്‍ ചൊരിഞ്ഞ്‌ ഒറ്റപ്പെടുത്തി ആക്രമിച്ചും ആകെക്കൂടി മറ്റെല്ലാ വലതുപാര്‍ട്ടികളുടെയും അവസ്‌ഥ തന്നെയാണ്‌ കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കുള്ളതെന്നു വരുത്തിത്തീര്‍ത്തും കേരളത്തിലും ആഗോളവല്‍കരണം അതിന്റെ അരാഷ്‌ട്രീയത ആഘോഷിക്കുന്ന ആവേശത്തിമര്‍പ്പുകളാണ്‌ മാധ്യമങ്ങളിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പിണറായിയെ വളഞ്ഞിട്ട്‌ ആക്രമിക്കാനുള്ള മാധ്യമശ്രമത്തിനു പിറകിലുള്ളതു വ്യക്‌തിവിരോധമോ, അവരുടെ വി.എസ്‌ പ്രശംസയ്‌ക്കു പിറകിലുള്ളതു വ്യക്‌തിസ്‌നേഹമോ അല്ല, മറിച്ച്‌ തരാതരംപോലെ നിന്ദയും സ്‌തുതിയും നടത്തി നിന്ദിതരും പീഡിതരുമായ ജനങ്ങളുടെ പ്രതീകമായ ഒരു മഹാപ്രസ്‌ഥാനത്തെ തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്‌.

ഒരു മഹാപ്രസ്‌ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്‌തികള്‍ പ്രസ്‌ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ്‌ അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്‌തുത വ്യക്‌തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. 'ഞാനാണ്‌ രാഷ്‌ട്രം എനിക്കുശേഷം പ്രളയം' എന്ന പഴയ ലൂയി പതിനാലാമന്റെ ആക്രോശത്തേക്കാള്‍ അപകടകരമാണ്‌ ആധുനിക അരാഷ്‌ട്രീയവാദം. എന്തുകൊണ്ടെന്നാല്‍, ലൂയിക്ക്‌ ആധുനിക ജനാധിപത്യ രാഷ്‌ട്രീയം രൂപംകൊള്ളുന്നതിനു മുമ്പുള്ള ഒരു വെറും വലതുപക്ഷ ആക്രോശം എന്നൊരു എക്‌സ്ക്യൂസ്‌ എങ്കിലുമുണ്ട്‌. എന്നാലിന്ന്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിനിടയില്‍നിന്ന്‌ ഇത്തരം സമീപനങ്ങളുയരുമ്പോള്‍ അതിനൊരു എക്‌സ്ക്യൂസിനും അര്‍ഹതയില്ല. 'അങ്ങേയറ്റം നിഷേധാത്മകമായ വ്യക്‌തിവാദം, ഒരു കാഴ്‌ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്‌' എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നാലും ഇടതുപക്ഷ നേതാക്കന്മാര്‍ ഓര്‍ക്കണം.

കമ്യൂണിസ്‌റ്റു പാര്‍ട്ടി ഒട്ടും കൊള്ളില്ല. ഇനി ആകെക്കൂടി പ്രതിക്ഷയര്‍പ്പിക്കാനുള്ളത്‌ ആ പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലുമല്ല, മറിച്ച്‌ പഴയ പാരമ്പര്യം വിടാതെ സൂക്ഷിക്കുന്ന കുറച്ച്‌ കമ്യൂണിസ്‌റ്റ് വ്യക്‌തികളില്‍ മാത്രമാണ്‌. സ്‌തുതിച്ചു സ്‌തുതിച്ച്‌ കാക്കയുടെ കൊക്കിലെ അപ്പം സ്വന്തമാക്കിയ പഴങ്കഥയിലെ കുറുക്കന്‍തന്ത്രത്തെ അനുസ്‌മരിപ്പിക്കുമാറു മുഖ്യധാരാ മാധ്യമങ്ങള്‍ പെരുമാറുമ്പോള്‍ കമ്യൂണിസ്‌റ്റു പാര്‍ട്ടി നേതാക്കള്‍, അവരാരായാലും ശരി, പ്രസ്‌തുത പഴങ്കഥയിലെ കാക്കയെപോലെ അത്രമേല്‍ 'നിഷ്‌കളങ്ക'രാവരുത് ‌!

'ഇന്ന നേതാവ്‌ നല്ലയാള്‍, ഇന്നയാള്‍ ചീത്ത എന്നെല്ലാമുള്ള പ്രചാരണങ്ങളിലൂടെ നേതാക്കളെ ഇകഴ്‌ത്തുകയോ, പുകഴ്‌ത്തുകയോ അല്ല, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണവര്‍ (മാധ്യമങ്ങള്‍) മുന്നില്‍ കാണുന്നത്‌' (ദേശാഭിമാനി പഠനക്ലാസ്‌: മാധ്യമ സെമിനാറിലെ പ്രഭാഷകര്‍ക്കുള്ള കുറിപ്പ്‌; ഇ.എം.എസ്‌. അക്കാദമി). യാതനാനിര്‍ഭരമായ സ്വയം സമര്‍പ്പണത്തിലൂടെ ചരിത്രത്തെ ജ്വലിപ്പിക്കുകയും സ്വയം ജ്വലിക്കുകയും ചെയ്യുന്ന കമ്യൂണിസ്‌റ്റു നേതാക്കള്‍, മാധ്യമക്കെണികളില്‍ കുടുങ്ങരുത്‌. മാധ്യമങ്ങള്‍വഴി വലതുപക്ഷം വിക്ഷേപിക്കുന്ന 'തെറി'കളിലും അപവാദപ്രചാരണങ്ങളിലും തളരാതിരിക്കുന്നതുപോലെതന്നെ പ്രധാനമാണ്‌ മാധ്യമങ്ങളൊരുക്കുന്ന പ്രശംസകളുടെ പട്ടുമെത്തകളില്‍ കിടന്നുറങ്ങാതിരിക്കുന്നതും !

'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാന്‍വേണ്ടി പഴയ യൂറോപ്പിന്റെ ശക്‌തികളെല്ലാം മാര്‍പ്പാപ്പയും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗീസോയും ഫ്രഞ്ച്‌ റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസ്‌ ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌'. 1848 ലെ കമ്യൂണിസ്‌റ്റു മാനിഫെസ്‌റ്റോയുടെ വാക്കുകള്‍ ഇന്നത്തെ കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷത്തിനും നന്നായിച്ചേരും! കമ്യൂണിസ്‌റ്റു വിരോധത്തിന്റെ ഒരു കവിള്‍ ചോര കുടിക്കാതെ പ്രഭാതചര്യകള്‍ നിര്‍വഹിക്കാനാവാത്തവര്‍, ഇന്നതിന്റെ തുടര്‍ച്ചയില്‍നിന്നു മോഹിക്കുന്നത്‌ പിണറായിയുടെ ചോരയില്‍ കുതിര്‍ന്ന ഒരു കഷണം മാംസംകൂടി തിന്നാനാണ് ‌! അവരുടെ പിണറായിവേട്ടയ്‌ക്കു പിറകിലുള്ളതു വ്യക്‌തിവിരോധമല്ല, കമ്യൂണിസ്‌റ്റുവിരുദ്ധതയുടെ വീര്യമാണ്‌. വിഭാഗീയതയുടെ പാറക്കെട്ടില്‍ മുട്ടി ഒരു കുപ്പിഗ്ലാസ്‌ പോലെ ഒരു മഹാപ്രസ്‌ഥാനമാകെ ചിതറിത്തെറിച്ചു പോകുമെന്നു കണക്കുകൂട്ടിയവരൊക്കെയും ആശയപരമായി കുഴഞ്ഞുവീഴുന്നതാണ്‌ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ആശയപരമായി പരാജിതരായിട്ടും അവരാണിന്നു പാര്‍ട്ടിവിരുദ്ധ യുദ്ധത്തിലെ 'ചാനല്‍പോരാളികളായി' മിന്നിമറയുന്നത്‌ ! ആരോ തങ്ങളെ നയിക്കാന്‍ ഇന്നോ, നാളെയോ സി.പി.എമ്മില്‍നിന്ന്‌ ഇറങ്ങിവരും എന്നവര്‍ പ്രതീക്ഷിക്കുന്നതായി തോന്നുന്നു! നിരന്തരമായ ആക്രമണങ്ങളുടെ നടുവില്‍ പതറാതെനിന്ന്‌, ഒരു പ്രതിസന്ധി കാലഘട്ടത്തില്‍, പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതില്‍, പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പിണറായി വഹിച്ചുകൊണ്ടിരിക്കുന്ന പങ്കാണ്‌ ഇന്നു 'നവ വലതുപക്ഷ'ത്തെ വല്ലാതെ അസ്വസ്‌ഥമാക്കുന്നത്‌. വ്യക്‌തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം സംഘടനയുടെ 'ശരി' നടപ്പിലാക്കുകയെന്ന അത്യന്തം ക്ലേശകരമായ ദൗത്യമാണ്‌ ഇന്നു കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു നടപ്പാക്കാനുള്ളത്‌. മഹാപ്രസ്‌ഥാനങ്ങള്‍ക്കു പകരം 'വിപ്ലവ വായാടിത്തം' മാത്രം പ്രചരിപ്പിക്കുന്ന ചെറുസംഘങ്ങളെ പോഷിപ്പിക്കുന്ന മൂലധനാധിപത്യത്തോടു നിരന്തരം ഏറ്റുമുട്ടിക്കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്കൊന്നും ഇന്നു മുന്നോട്ടുപോകാന്‍ കഴിയില്ല.

കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ക്കു ലോകവ്യാപകമായിത്തന്നെ തിരിച്ചടിയേറ്റ ആഗോളവല്‍കരണ പശ്‌ചാത്തലത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ മൂന്നു സംസ്‌ഥാനങ്ങളിലെങ്കിലും സുശക്‌തമായ കമ്യൂണിസ്‌റ്റു പാര്‍ട്ടി നിലകൊള്ളുന്നതാണു സാമ്രാജ്യത്വശക്‌തികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്‌. സ്വന്തം കാര്യപരിപാടികള്‍ സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിനു തടസംനില്‍ക്കുന്ന ഇടതുപക്ഷ ശക്‌തികളെ മുഴുവന്‍ തകര്‍ക്കാനവര്‍ ആഗ്രഹിക്കുന്നത്‌ ഏതര്‍ഥത്തിലും സ്വാഭാവികമാണ്‌. അതിനുവേണ്ടി അവരെന്തും ചെയ്യും. ചിലരെ പുകഴ്‌ത്തും, മറ്റു ചിലരെ ഇകഴ്‌ത്തും. ഏതറ്റംവരെയുള്ള അപവാദങ്ങളും ആവര്‍ത്തിക്കും. നിലവിലുള്ള കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു വിപ്ലവം പോരെന്ന്‌ 'വിപ്ലവവിരുദ്ധ ശക്‌തികള്‍' തീസിസുകള്‍ നിര്‍മിക്കും! മെലിഞ്ഞ കമ്യൂണിസ്‌റ്റുകാരില്‍ വിപ്ലവവും തടിച്ച കമ്യൂണിസ്‌റ്റുകാരില്‍ പ്രതിവിപ്ലവം വരെയും അവര്‍ കണ്ടെത്തിക്കളയും! വെള്ളക്കുപ്പായമിട്ടവരൊക്കെ വിശുദ്ധരും കളര്‍ ഷര്‍ട്ട്‌ ധരിക്കുന്നവരൊക്കെ കള്ളന്മാരെന്നുവരെ ഇവര്‍ നാളെ വിളിച്ചുകൂവിയാര്‍ക്കും! ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌! പിണറായിയുടെ 'കൊട്ടാരവീടിനെ'കുറിച്ച്‌ ചാനല്‍ചര്‍ച്ചകള്‍ക്കിടയില്‍ മുരളുന്നവര്‍ ആ വിപ്ലവവിരുദ്ധ വീടിന്റെ മുഴുദൃശ്യം ചാനല്‍വഴി ഉടന്‍ ജനസമക്ഷം അവതരിപ്പിക്കാനാവശ്യപ്പെടാത്തത്‌ ദുരൂഹമായിരിക്കുന്നു!

ഒരു മഹാപ്രസ്‌ഥാനത്തിന്റെ ആത്മാഭിമാനവും സംഘടനാചിട്ടകളും ഉയര്‍ത്തിപ്പിടിക്കുന്നു എന്നൊരൊറ്റ കാരണത്താല്‍ ഇത്രമാത്രം വേട്ടയാടപ്പെട്ട ഒരു പാര്‍ട്ടി സെക്രട്ടറി കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ പിണറായിയെപോലെ വേറെ ആരുമുണ്ടായിട്ടില്ല. സര്‍വ പിന്തിരിപ്പന്മാരും അതിവിപ്ലവ നാട്യക്കാരും പിണറായിക്കെതിരേ തിരിയാന്‍ കാരണം സ്വന്തം പാര്‍ട്ടി കാഴ്‌ചപ്പാടില്‍ വെള്ളം കലരാന്‍ അനുവദിക്കാത്തവിധം അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തുന്നതുകൊണ്ടാണ്‌. പിണറായിയുടെ ചോരകലര്‍ന്ന മാംസത്തിനുവേണ്ടി കൊതിക്കാന്‍ പലരേയും പ്രചോദിപ്പിക്കുന്നത്‌, അദ്ദേഹത്തിലെ പൊരുതുന്ന 'പാര്‍ട്ടിപരത'യാണ്‌. ഒരു വ്യക്‌തിയെന്ന നിലയിലുള്ള സ്വന്തം പ്രതിഛായ മിനുക്കാനല്ല, പാര്‍ട്ടിയുടെ ശക്‌തി വര്‍ധിപ്പിക്കാനാണ്‌, യഥാര്‍ഥ കമ്യൂണിസ്‌റ്റു നേതാക്കന്മാരെപ്പോലെ അദ്ദേഹവും നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നത്‌.

കമ്യൂണിസ്‌റ്റു നേതാക്കന്മാരൊക്കെയും ആക്രമണവിധേയരാവുന്നത്‌ ഇടറലെന്തെന്നറിയാത്ത കമ്യൂണിസ്‌റ്റ് ഇഛാശക്‌തിയുടെ കരുത്ത്‌ വലതുപക്ഷത്തെ പ്രകോപിപ്പിക്കുംവിധം അവരിലൂടെ പ്രകടമാകുമ്പോഴാണ്‌. പാര്‍ട്ടിയുടെ കേരള സംസ്‌ഥാന സെക്രട്ടറിയെന്ന നിലയില്‍ പിണറായിയിലൂടെ പ്രകടമാവുന്നത്‌ ഒരു മഹാപ്രസ്‌ഥാനത്തിന്റെ വീര്യമാണ്‌. 'എന്റെ ശരീരത്തില്‍ തെറിക്കുന്ന ചളി എനിക്കു പ്രശ്‌നമല്ല, എന്റെ പാര്‍ട്ടിക്കു പറ്റുന്ന പരുക്കാണ്‌ എനിക്കു പ്രശ്‌നം' എന്ന്‌ ഒരഭിമുഖത്തില്‍ പിണറായി പറഞ്ഞത്‌, വ്യക്‌തിപരതയുടെ 'ഇത്തിരി വട്ടങ്ങളില്‍' 'അന്ത്യവിശ്രമം' കൊള്ളുന്നവര്‍ക്കൊന്നും അത്രവേഗം മനസിലാവില്ല. സി.പി.എമ്മിന്റെ പോളിറ്റ്‌ ബ്യൂറോ ലാവ്‌ലിന്‍ സംബന്ധിച്ച്‌ പാര്‍ട്ടിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങളെ ഇപ്പോഴല്ല, മുമ്പേതന്നെ തള്ളിക്കളഞ്ഞതാണ്‌. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകളില്‍ ഗതികിട്ടാതെ ഉഴലുന്നവര്‍ ഇപ്പോള്‍ സഖാവ്‌ വി.എസിനു ചുറ്റും എന്നിട്ടും ചുമ്മാ വട്ടംകറങ്ങുകയാണ് ‌!

മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്‌, ലാവ്‌ലിന്‍ സംബന്ധിച്ച സംവാദങ്ങളെ വി.എസിന്റെ 'മൗന'ത്തിലേക്കു മറിച്ചിടാനാണ്‌. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച്‌ സി.ബി.ഐ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിമിതികളോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, അതൊക്കെ തന്ത്രപൂര്‍വം മറികടന്ന്‌, 'എല്ലാം വി.എസിനറിയാം എന്ന മട്ടില്‍' സംവാദകേന്ദ്രത്തെതന്നെ മാറ്റിത്തീര്‍ക്കാനാണ്‌ ആ വീരപ്പ മൊയ്‌ലിക്കൊപ്പം നമ്മുടെ മാധ്യമങ്ങള്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മന്ത്രിയായിപ്പോയാല്‍ പിന്നെ തട്ടിന്‍പുറത്തു കയറി, താഴെ എന്തു സംഭവിച്ചാലും ഇളകാതെ അവിടെത്തന്നെ അമര്‍ന്നിരിക്കുന്നതാണു ജനാധിപത്യത്തിന്റെ മഹിമയെന്നു കരുതുന്ന ഒരുതരം 'നവ അരാഷ്‌ട്രീയവാദ'മാണ്‌ മറുഭാഗത്ത്‌ ചാനലുകള്‍തോറും കോടിയേരിക്കെതിരേ കൊമ്പുകുലുക്കുന്നത്‌! ലാവ്‌ലിന്‍ റിപ്പോര്‍ട്ടിലെ പൊള്ളത്തരങ്ങളെ വെളിപ്പെടുത്തുംവിധം ഇടതുപക്ഷം അവതരിപ്പിച്ച കാര്യങ്ങള്‍തന്നെ വേണ്ടതിലേറെയുള്ളപ്പോള്‍, അതിനോടൊന്നും യുക്‌തിപൂര്‍വം പ്രതികരിക്കാന്‍ കഴിയാതെ, പമ്മിനില്‍ക്കുന്ന വലതുപക്ഷം ഇപ്പോള്‍ വി.എസിന്റെ 'മൗന'ത്തിലാണ്‌ ഏക പ്രതീക്ഷപുലര്‍ത്തുന്നത്‌. ലാവ്‌ലിന്‍ സംബന്ധിച്ച പോളിറ്റ്‌ബ്യൂറോ തീരുമാനം കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ പൊതുതീരുമാനമാണെന്നു തിരിച്ചറിയാനുള്ള പ്രാഥമിക വിവേകമാണ്‌, കൃത്രിമവിവാദങ്ങള്‍ക്കിടയില്‍നിന്നും അപ്രത്യക്ഷമാകുന്നത്‌. അന്വേഷണങ്ങളിലല്ല, അഭ്യൂഹങ്ങളിലാണു വലതുപക്ഷം ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌.

*

കെ.ഇ.എന്‍, കടപ്പാട് : മംഗളം ദിനപ്പത്രം

Tuesday, January 27, 2009

ഒബാമ വൈറ്റ് ഹൌസിലെത്തുമ്പോള്‍

വിഖ്യാതമായ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അര്‍ത്ഥശൂന്യതയിലേക്ക് വിരല്‍ചൂണ്ടികൊണ്ട് അമേരിക്കന്‍ നീഗ്രോ കവയത്രി മാര്‍ഗരറ്റ് വാക്കര്‍ ഇങ്ങനെ എഴുതി;

"ഞങ്ങള്‍ വിശ്വസികളായിരുന്നു, നവീനമായ ഒരു രാജ്യത്തിലെ വെളുത്ത ദൈവങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. യജമാനന്മാരുടെ കാരുണ്യത്തിലും സഹോദരന്മാരുടെ സൌന്ദര്യത്തിലും ഞങ്ങള്‍ വിശ്വസിച്ചിരുന്നു. വിനയന്മാരുടെയും വിശ്വസ്‌തന്മാരുടെയും വിശുദ്ധന്മാരുടെയും ആഭിചാരങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. അടിമവ്യാപാരിയുടെ ചാട്ടവാറിനോ ആരാച്ചാരുടെ കൊലക്കയറിനോ ബയനറ്റിനോ ഞങ്ങളുടെ വിശ്വാസത്തെ നിഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കൊടുംവിശപ്പില്‍ (ദൂരെനിന്ന്) ഞങ്ങള്‍ സ്വീകരണമേശകള്‍ കണ്ടു. നഗ്നതയില്‍ വെള്ളമേലങ്കികളുടെ പ്രതാപം കണ്ടു. ഒരു പുത്തന്‍ ജറുസലേമില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു'' പ്രഖ്യാപനങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യവും സമത്വവും അനുഭവിച്ചിട്ടില്ലാത്ത അമേരിക്കയിലെ കറുത്തവന്റെ പ്രതിബദ്ധമായ മനസ്സിലും പ്രതിബന്ധങ്ങള്‍ക്കെതിരെ ഉയരുന്ന രക്തം പുരണ്ട മുഷ്‌ടികളിലുമാണ് അമേരിക്ക വീണ്ടെടുക്കപ്പെടുക എന്ന് വിശ്വസിച്ച് പോരാടുന്നവന്റെ പ്രത്യാശാഭരിതമായ ശബ്‌ദമായിരുന്നു ഇത്.

ഒരു പ്രഭാതത്തിന്റെ പ്രവചനംപോലെ ഒബാമ നവംബര്‍ 5 ന് ഷിക്കാഗോവിലെ ഗ്രാന്റ് പാര്‍ക്കില്‍ “അമേരിക്കയില്‍ മാറ്റം എത്തിയിരിക്കുന്നു”വെന്ന് തന്റെ വിജയത്തെ വിശേഷിപ്പിച്ചപ്പോള്‍ വംശവെറിയുടെയും അധിനിവേശത്തിന്റെയും അന്ധകാരപൂര്‍ണമായ അമേരിക്കന്‍ ചരിത്രം തിരുത്തികുറിക്കപ്പെടുന്നുവെന്ന പ്രതീക്ഷയാണ് സൃഷ്ടിക്കപ്പെട്ടത്. പ്രത്യാശയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും വൈരുദ്ധ്യാത്മകതയാണ് അമേരിക്കയുടെ വരുംദിനങ്ങളെ നിര്‍ണ്ണയിക്കാന്‍ പോകുന്നത്.

232 വര്‍ഷത്തെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്തവന്‍ പ്രസിഡന്റാകുന്നത് വെള്ളകൊട്ടാരത്തില്‍ ഒരു കറുത്തവന്‍ എത്തുന്നുവെന്നത് വംശവെറിയന്‍ ആംഗ്ളോ-സാൿസണ്‍ മേധാവിത്വബോധത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുലയ്‌ക്കുന്ന ഒരു കൊടുങ്കാറ്റുതന്നെയാണ്. അത് റോക്കിപര്‍വ്വതശൃംഗങ്ങളേയും മിസിസിപ്പിനദീപ്രവാഹങ്ങളേയും വിജൃംഭിതമാക്കുന്ന അടിമയുടേയും സ്വാതന്ത്ര്യദാഹികളായ മുഴുവന്‍ അമേരിക്കകാരുടേയും കേളികൊട്ടാണ്. അന്ധന് കാണാവുന്ന ബധിരനുകേള്‍ക്കാവുന്ന സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും വിശുദ്ധനിശ്വാസത്തിന് കാതോര്‍ക്കുന്ന മുഴുവന്‍ ലോകരേയും പ്രത്യാശാനിര്‍ഭരമാക്കുന്ന ഒരു തീക്കല്ലിന്റെ സ്പര്‍ശം തന്നെയാണ്.

നൃത്തം ചെയ്‌തും കണ്ണീരൊഴുക്കിയും അമേരിക്കന്‍ നഗരങ്ങളില്‍ ഈ വിജയം ആഘോഷിച്ച കറുത്തവരും യുവാക്കളും വര്‍ണ്ണവിവേചനം ഇല്ലാതായതിന്റെ ആഹ്ളാദമാണ് എങ്ങും പ്രകടിപ്പിച്ചത്. സ്വന്തം കരുത്ത് കാലത്തിന് കടം കൊടുത്തവരുടെ വിലാപഗീതങ്ങളും പാട്ടുകവിതകളും ഉത്സവഗാനങ്ങളും ബ്ള്യൂഗിള്‍സംഗീതവും തങ്ങളെ ഉറക്കത്തിലുപേക്ഷിച്ചുപോയ സ്വാതന്ത്ര്യത്തിന്റെ പഴയ ദൈവങ്ങള്‍ക്കുമേല്‍ ഒരു ജനത നേടുന്ന അപൂര്‍വ്വവീര്യത്തോടെയുള്ള ഉയിര്‍ത്തെഴുന്നേല്പിനെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. പക്ഷെ ദൈവങ്ങളുടെയും പുരോഹിതന്മാരുടെയും ഉപദേശികളുടെയും മോണിട്ടറിസ്റ് വിധികളുടെ തടവറയില്‍ കഴിയുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിനീതനായൊരു പ്രസിന്റായികൊണ്ട് മാത്രം ഒബാമയ്‌ക്ക് വംശമേധാവിത്വത്തിന്റെയും അധിനിവേശത്തിന്റെയും നീചമായ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുമോ? ക്രൈസ്‌തവ മതമൌലികവാദികളും ജൂതബിസിനസ് ലോബിയും ചേര്‍ന്നു രൂപപ്പെടുത്തിയ നവയാഥാസ്ഥിതികമൂല്യങ്ങളാണ് അമേരിക്കയുടെ കോര്‍പറേറ്റ് മൂലധനാധികാരത്തിന്റെ പ്രത്യയശാസ്‌ത്രപദ്ധതിയായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടേയും മുഴുവന്‍ ലോകത്തിന്റെയും നിലനില്പിന് ഭീഷണിയായിക്കഴിഞ്ഞിരിക്കുന്ന കോര്‍പറേറ്റ് ആധിപത്യത്തെ നിയന്ത്രിക്കാതെ സമകാലീന പ്രതിസന്ധികള്‍ക്കോ ചരിത്രത്തിന്റെ ദു:ഖകരമായൊരു വിധിപോലെ അമേരിക്കന്‍ ജനതയെ വേട്ടയാടുന്ന വംശമേധാവിത്വത്തിനോ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഒബാമയ്‌ക്കോ അദ്ദേഹത്തിന്റെ കക്ഷിക്കോ അടിസ്ഥാനപരമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്‌തമായ നയസമീപനങ്ങളൊന്നും ഉള്ളതായി പുരോഗമനവാദികളൊന്നും വ്യാമോഹംവെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ചോംസ്‌ക്കി തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നിപ്പോള്‍ ബുഷ് ഭരണകൂടത്തിലെ ഉന്നതന്മാരെ തന്നെ തന്റെ ഭരണസംവിധാനങ്ങളുടെ മര്‍മ്മസ്ഥാനങ്ങളില്‍ നിലനിര്‍ത്താനും അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളെ ഭംഗംവരാതെ മുന്നോട്ട് നയിക്കാനും ഒബാമ നിര്‍ബ്ബന്ധിതനാവുന്ന സ്ഥിതിയാണുള്ളത്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സംഹാരാത്മകമായ ചൂഷണതാത്പര്യങ്ങളും വര്‍ണ്ണവെറിയന്‍ വംശമേധാവിത്വബോധവും ആധിപത്യത്തിലിരിക്കുന്ന അമേരിക്കയില്‍ തന്റെ മുന്‍ഗാമികളായ ഡമോക്രാറ്റിക് പ്രസിഡന്റുമാരെപ്പോലെ പ്രവര്‍ത്തിക്കേണ്ട ഗതിയാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും ഉള്ളത്.

ലോകത്തില്‍ അമേരിക്കയുടെ പങ്ക് എന്ത് എന്ന് നിര്‍വ്വചിക്കുന്നകാര്യത്തിലും അധികാവിപുലനത്തിന്റേയും കീഴടക്കലിന്റെയും അടിമപ്പെടുത്തലിന്റേയും കാര്യത്തിലും ജോര്‍ജ്ജ് വാഷിംഗ്‌ടണ്‍ മുതല്‍ ബുഷ് വരെയുള്ളവര്‍ തുടര്‍ന്നുവന്ന നയങ്ങളില്‍ നിന്ന് മൌലികമായൊരു നയവ്യതിയാനം പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ആഭ്യന്തരരംഗത്ത് അമേരിക്കന്‍ ഭരണവര്‍ഗങ്ങള്‍ പുലര്‍ത്തുന്ന വര്‍ണ്ണവെറിയന്‍ മേധാവിത്വം ആഗോളരംഗത്ത് ഇതരജനസമൂഹങ്ങളും രാജ്യങ്ങളുമെല്ലാം തങ്ങളുടെ ഇച്‌ഛയ്‌ക്ക് വഴങ്ങിക്കഴിയേണ്ട അധമജനവിഭാഗങ്ങളാണെന്ന ധാരണയാണ് റിപ്പബ്ളിക്കന്മാരും ഡമോക്രാറ്റുകളും ഒരുപോലെ വെച്ചുപുലര്‍ത്തുന്നത്. ചോംസ്‌ക്കി നിരീക്ഷിക്കുന്നതുപോലെ റിബ്ളിക്കന്‍മാരും ഡമോക്രാറ്റുകളും എക്കാലത്തും അമേരിക്കന്‍ അധിനിവേശമോഹങ്ങളുടെ അധിനായകന്‍മാര്‍ മാത്രമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോളസമ്പദ്ഘടന അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയും അത് അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്‌ടിച്ച അരക്ഷിതബോധവും എല്ലാത്തിലുമുപരി ബുഷ് ഭരണകൂടത്തിന്റെ നൃശംസകളുമാണ്, ഒബാമയുടെ വിജയത്തിന് മുഖ്യകാരണമായി വര്‍ത്തിച്ചത്.

അമേരിക്കയുടെ ആഭ്യന്തരനിയമങ്ങളും നയങ്ങളുമെല്ലാം തങ്ങളുടെ ലോകാധിപത്യം ലക്ഷ്യംവെച്ചുള്ളതാണല്ലോ. റീഗോണമിൿസിലൂടെ തുടക്കം കുറിച്ച നവലിബറല്‍ പരിഷ്‌ക്കാരങ്ങളും കമ്യൂണിസ്‌റ്റ്, ഇസ്ളാമികവിരുദ്ധ കുരിശുയുദ്ധങ്ങളുമാണ് അമേരിക്കയുടേയും ലോകത്തിന്റേയും ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇന്ന് നരകതുല്യമാക്കിയിരിക്കുന്നത്. തീര്‍ച്ചയായും സമകാലീനസാമ്പത്തികപ്രതിസന്ധിയുടേയും തകര്‍ച്ചയുടേയും അവസ്ഥ സൃഷ്‌ടിക്കുന്നതില്‍ അമേരിക്കന്‍ നയങ്ങളുടേയും നരഹത്യാപദ്ധതികളുടേയും പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഒബാമയ്ക്ക് ആവുമോയെന്നതാണ് പ്രധാനമായിട്ടുള്ളത്.

അമേരിക്ക നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്‌മയും ഉല്പാദനതകര്‍ച്ചയും ആഭ്യന്തരവിദേശകടവുമെല്ലാം ആ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അഗാധമായൊരു പ്രതിസന്ധിയെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്നത്.
ഒരു സാമ്രാജ്യത്വശക്തിയെന്ന നിലയില്‍ ലോകത്തിന്റെ നാനാമേഖലകളില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളികളോട് സൈനികമായി പ്രതികരിക്കേണ്ടതുകൊണ്ടും ആഭ്യന്തരസമ്പദ്ക്രമത്തെ ഉത്തേജിപ്പിക്കേണ്ടിയിരിക്കുന്നതു കൊണ്ടും അമേരിക്ക അതിന്റെ പ്രതിരോധചെലവില്‍ നിരന്തരം വര്‍ദ്ധനവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ആണവായുധ, മിസൈല്‍ പ്രതിരോധരംഗങ്ങളിൽ ബില്ല്യന്‍കണക്കിന് ഡോളറാണ് ഒഴുകുന്നത്. ശാസ്‌ത്രഗവേണരംഗത്തെ 75%വും ഏറോസ്‌പേസ് ഇലൿട്രോണിക്, ഇലൿട്രിക്കല്‍ എന്‍ജിനീയറിംഗ്, രാസ-ന്യൂക്ളിയര്‍ രംഗം തുടങ്ങിയ സൈനികലക്ഷ്യത്തോടെയുള്ള മേഖലകളിലാണ് നടത്തപ്പെടുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ എണ്‍പതുശതമാനവും സൈനിക ശൂന്യാകാശഗവേഷണങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയാണ്.

1980 കളിലെ ഒരു കണക്കനുസരിച്ച് ബഹുരാഷ്‌ട്ര കുത്തകളുടെ ലാഭവിഹിതമായി വര്‍ഷംതോറും കയറ്റിക്കൊണ്ടുപോയ 200 ബില്യന്‍ ഡോളറിനു സമമായിരുന്നു അമേരിക്കയുടെ സൈനികബഡ്‌ജറ്റ്. 1919 ല്‍ അമേരിക്കയുടെ സൈനികചെലവ് ദേശീയവരുമാനത്തിന്റെ ഒരുശതമാനമായിരുന്നെങ്കില്‍ 1955ല്‍ അതു പത്തുശതമായി ഉയര്‍ന്നു. 1950 നും 1970 നും ഇടയ്ക്ക് സൈനിക ബഡ്‌ജറ്റ് സ്ഥിരവിലനിലവാരം വച്ചുനോക്കിയാല്‍ 6.2 ശതമാനം വച്ച് വര്‍ഷംതോറും ഉയരുന്നുണ്ട്. 1960 ല്‍ 160 ശതകോടി ഡോളറായിരുന്നത് 70 കളുടെ അവസാനത്തില്‍ 400 ശതകോടി കഴിഞ്ഞു. വികസ്വരരാജ്യങ്ങളുടെ മൊത്തം ദേശീയവരുമാനത്തോളം എത്തുന്ന തുകയാണ് ഇതെന്ന് മനസ്സിലാക്കണം.

സോവിയറ്റ് യൂണിയന്റെ അഭാവം സൈനികച്ചെലവില്‍ താല്‍ക്കലികമായി കുറവ് പ്രകടിപ്പിച്ചുവെങ്കിലും അടിസ്ഥാനപ്രവണത സൈനികച്ചെലവ് വര്‍ദ്ധിച്ചുവരുന്നതിന്റെതന്നെയായിരുന്നു. മിലിട്ടറി ഇന്‍ഡസ്‌ട്രിയല്‍ കോപ്ളംസ് അമേരിക്ക എത്തപ്പെട്ട യുദ്ധോപയോഗവ്യവസായവളര്‍ച്ചയുടെ ഭീതിതമായ സൃഷ്‌ടിയാണ് . ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഐ ടി യുഗത്തിനുപിന്നിലെ അടിസ്ഥാനമായി വര്‍ത്തിച്ച ശാസ്‌ത്രസാങ്കേതിക വികാസം പോലും സൈനികവല്‍ക്കരണവും സാമൂഹ്യവളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്.

കൃഷിയും വ്യവസായവുമെല്ലാം അടങ്ങുന്ന അടിസ്ഥാന ഉല്പാദനമേഖലകളുടെ വളര്‍ച്ചയ്‌ക്കു തന്നെ തടസ്സം സൃഷ്‌ടിക്കുന്ന സേവനമേഖലകളും വിനാശകരമായ സൈനികവ്യവസായവും യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയിലെ പരാന്നസ്വഭാവമുള്ള ശക്തികളെയാണ് കാണിക്കുന്നത്. സാമൂഹ്യശരീരത്തില്‍ അട്ടയെപ്പോലെ പറ്റിപ്പിടിച്ച് രക്തം ഊറ്റിക്കുടിക്കുന്ന പണമൂലധനശക്തികളും യുദ്ധവ്യവസായവും അമേരിക്കയുടെ ഉല്പാദനരഹിതവും തൊഴില്‍ രഹിതവുമായ വളര്‍ച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടന നേരിടുന്ന ഈ ഘടനാപരമായ പ്രതിസന്ധിയ്ക്കെതിരെ ആ രാജ്യത്ത് വളര്‍ന്നുവരുന്ന അവബോധത്തിന്റേയും എതിര്‍പ്പിന്റേയും പ്രതിഫലനംകൂടിയാണ് പ്രതിസന്ധിയിലെ നാളുകളിലെ ഈ ജനവിധി.
ഉല്പാദനവര്‍ദ്ധനവിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും തടസ്സം നില്‍ക്കുന്ന ഭരണകൂടനയങ്ങള്‍ക്കെതിരായ തൊഴിലാളികളുടേയും യുവജനങ്ങളുടേയും വംശീയന്യൂനപക്ഷങ്ങളുടേയും പ്രതികരണമായിട്ടുകൂടി ഒബാമയുടെ വിജയത്തെ കാണേണ്ടതുണ്ട്. ബുഷ് ഭരണകൂടം സ്വീകരിച്ച നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ അനിവാര്യമായ പരിണതിയെന്നനിലയില്‍ ധനസ്ഥാപനങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി തകര്‍ന്നുവീണപ്പോള്‍ 'നൂറ്റാണ്ടിലൊരിക്കല്‍മാത്രം സംഭവിക്കുന്ന പ്രതിഭാസം' എന്നതുപോലെയുള്ള പ്രസ്‌താവനകള്‍ ഇറക്കി അമേരിക്കന്‍ സമ്പദ്ഘടനയുടെ ഘടനാപരമായ പ്രതിസന്ധിയെ മറച്ചുപിടിക്കാനാണ് നവലിബറല്‍ തലതൊട്ടപ്പന്‍മാര്‍ ശ്രമിച്ചത്. ലക്കും ലഗാനുമില്ലാതെ ധനകാര്യസ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച റിബപ്ളിക്കന്‍ ഭരണകാലത്തെ ഫെഡറല്‍ റിസര്‍വ്വ് മേധാവി അലന്‍ ഗ്രീന്‍ സ്പാനിനെപ്പോലുള്ളവര്‍ ‘മെയിൻ സ്‌ട്രീറ്റിന്റെ’ ചെലവിൽ ‘വാൾസ്‌ട്രീറ്റിനെ’രക്ഷിക്കാനാണ് ഉപദേശം നൽ‌കിയത്. ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സൺ ഈ നിലയിലില്‍ മുന്നോട്ടുവെച്ച രക്ഷാ പാക്കേജുകള്‍ ജോസഫ് സ്‌റ്റിഗ്‌ളിറ്റ്സിനെപ്പോലുള്ള നോബല്‍ സമ്മാനജേതാക്കളായ ധനശാസ്‌ത്രജ്ഞരുടെ നിശിതമായ വിമര്‍ശനത്തിന് വിധേയമായി.

ഒരു സാമ്രാജ്യത്വശക്തിയായി അമേരിക്ക വളര്‍ന്നുവന്ന കാലത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സും വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ഫണ്ടും ഫ്രെഡിമാക്കും തകര്‍ന്നുവീണപ്പോഴും ഗുരുതരമായ പ്രതിസന്ധിയെ അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ നേരിടാന്‍ ബുഷ് ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന അഭിപ്രായം റിപ്പബ്ളിക്കന്‍ കേന്ദ്രങ്ങളില്‍പ്പോലും ശക്തമായിരുന്നല്ലോ. ആഗോളപ്രതിസന്ധിയുടേയും ജനങ്ങളുടെ അരക്ഷിതബോധത്തിന്റെയും ബുഷ്‌ ഭരണകൂടത്തിന്റെ നയവൈകല്യങ്ങളുടേയും നാനാവിധമായ ഘടകങ്ങളുടെ പ്രേരണയും പരസ്‌പര പ്രവര്‍ത്തനത്തിന്റെയും ഫലമായിട്ടാണ് ചരിത്രപ്രസിദ്ധമായ വിജയം ഒബാമയെ തേടിയെത്തിയത്.

ആഗോളമൂലധനത്തിന്റെ തലസ്ഥാനത്തുണ്ടായ ഈ മാറ്റത്തെ അമേരിക്കന്‍ ജനങ്ങളും ലോകവും പ്രത്യാശാപൂര്‍വ്വമാണ് നോക്കികാണുന്നത്. ഇപ്പോള്‍ പ്രകടിപ്പിക്കപ്പെടുന്ന പ്രത്യാശയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കാണാതിരിക്കരുത്, സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ ഭേദിക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിക്കും അയാളെത്ര ഇച്‌ഛാശക്തിയും വ്യക്തിപരമായ മാസ്‌മരികതയുമുള്ള ആളാണെങ്കിലും ഇന്നത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ പ്രാപ്‌തനാകുന്നില്ല. ഇച്‌ഛകള്‍ക്കും പ്രത്യാശകള്‍ക്കുമപ്പുറത്ത് ദുരിതങ്ങളുടേയും വിവേചനങ്ങളുടേയും വസ്‌തുനിഷ്ഠ ഘടകങ്ങളെ അതിജീവിക്കാനുള്ള രാഷ്‌ട്രീയ സാമ്പത്തിക പദ്ധതികളും വര്‍ഗ്ഗശക്തികളും പ്രസ്ഥാനങ്ങളുമാണ് ജനതയുടെ വിധിയെ നിര്‍ണ്ണയിക്കുന്നത്.

അമേരിക്കയുടെ നവലിബറല്‍ നയങ്ങള്‍ക്കും കൊള്ളയ്‌ക്കുമെതിരെ ലോകമെമ്പാടും രൂപപ്പെട്ടുവരുന്ന പ്രതിഷേധങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഒബാമയുടെ തെരഞ്ഞെടുപ്പുവിജയം ഗതിവേഗം കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല. കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിയ്‌ക്കാനുള്ള പ്രത്യാശാഭരിതമായ വിമോചനശ്രമങ്ങള്‍ക്ക് ഇറാക്കിലും ഇതരനാടുകളിലും നടത്തുന്ന അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്കും ഈമാറ്റം കരുത്തുനൽ‌കും. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഒബാമയുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം അന്തര്‍ലീനമായി കിടക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ അധിനായകനായിരിക്കും പ്രസിഡന്റായ ഒബാമയെന്നകാര്യം അനിഷ്‌ടകരമെങ്കിലും മറച്ചുപിടിക്കാനാവാത്ത ഒരു സത്യമാണ്.

****

കെ ടി കുഞ്ഞിക്കണ്ണന്‍ , കടപ്പാട് : യുവധാര

Monday, January 26, 2009

കർഷകന് രക്ഷയില്ല; പദ്ധതികളും

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രോഷം ജ്വലിച്ച പ്രതികരണ പരമ്പരകള്‍ക്കിടയില്‍, ഒരു പക്ഷേ, അതിലേറെ ഭീകരമായ ദുരന്തം പാടെ മുങ്ങിപ്പോയി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഉന്നതകുലജാതരെപ്പോലും പിടിച്ചു കുലുക്കുമായിരുന്ന ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക്‌ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ 'ബ്രേക്കിങ്‌ ന്യൂസി'ന്റെ വിലപോലും കൽപിച്ചില്ല. 2007-ല്‍ രാജ്യത്ത്‌ 16,632 കര്‍ഷകരാണ്‌ ജീവനൊടുക്കിയത്‌. അവരുടെ പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമത്‌. ആ വാര്‍ത്തയാണ്‌ പാടെ പിന്തള്ളപ്പെട്ടത്‌.

കാരണം സുവ്യക്തമാണ്‌. കര്‍ഷകര്‍ ‘താജ്‌ എന്റെ രണ്ടാം വീട് ’ സമീപനക്കാരായ ഉന്നതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല.

ഗ്രാമപ്രദേശങ്ങളില്‍ മരണപരമ്പരയുടെ നൃത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കടക്കെണിയും അപമാനഭാരവും മൂലം 1997 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 1,82,936 ആണെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. അതിനിടയിലും സാമ്പത്തിക രക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുള്ള ആവേശത്തിലാണ്‌ സര്‍ക്കാര്‍. കഴിഞ്ഞ സപ്‌തംബര്‍ മുതല്‍ 10,000 കോടിയുടെ രക്ഷാപദ്ധതികളാണ്‌ കേന്ദ്രം അനുവദിച്ചത്‌. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജുകൂടി അണിയറയില്‍ ഒരുങ്ങുകയാണ്‌.

പിഴവുകള്‍ വരുത്തിയ മേഖലകള്‍ക്കു മാത്രമാണ്‌ ഇതുവരെ രക്ഷാപദ്ധതി പ്രഖ്യാപിച്ചത്‌. 20 ലക്ഷം രൂപവരെയുള്ള ഭവനവായ്‌പകള്‍ക്കു പലിശ ഇളവ്‌ അനുവദിച്ചത്‌ അത്തരം തെറ്റായ സാമ്പത്തിക സാഹസികതകള്‍ക്ക്‌ ഒരുദാഹരണം. ഭവനവായ്‌പയുടെ പലിശ കുറച്ച്‌ ആവശ്യകത കൂട്ടുമ്പോള്‍ അത്‌ തിരിച്ചടയ്‌ക്കപ്പെടുമെന്നതിന്‌ ഉറപ്പൊന്നുമില്ല. പ്രതിമാസം 25,000 രൂപ വരെ തിരിച്ചടയ്‌ക്കാന്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാറെന്തിനു രക്ഷാപദ്ധതികളെക്കുറിച്ച്‌ ആലോചിക്കണം? സമൂഹത്തെ കൊള്ളയടിക്കുന്ന വസ്‌തുവ്യാപാര മേഖലയ്‌ക്കായി എന്തിനു രക്ഷാപദ്ധതി പ്രഖ്യാപിക്കണം? മഹാനഗരങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഫ്‌ളാറ്റ്‌ വിലയില്‍ 450 ശതമാനമാണ്‌ വര്‍ധന ഉണ്ടായത്‌. എന്തുകൊണ്ട്‌ വസ്‌തുവില അതിന്റെ യഥാര്‍ഥ മൂല്യത്തിലേക്ക്‌ താഴാന്‍ അനുവദിച്ചുകൂടാ? അതുവഴി വില സാധാരണക്കാരനു താങ്ങാവുന്ന നിലയിലായാല്‍ കൂടുതല്‍പ്പേര്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാവില്ലേ?

സാമ്പത്തിക ഉത്തേജനം വേണമെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കു പണലഭ്യത ഉറപ്പാക്കണം. അങ്ങനെയാണ്‌ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. റിപ്പോ നിരക്ക്‌ കുറച്ചു; കരുതല്‍ ധനാനുപാതത്തിന്റെ നിരക്കിലും കുറവു വരുത്തി. ബാങ്കുകള്‍ക്കു പ്രത്യേക വായ്‌പാസൗകര്യം അനുവദിച്ചു. അങ്ങനെ ഒട്ടേറെ നടപടികളാണ്‌ വന്നത്‌. കഴിഞ്ഞ സപ്‌തംബര്‍ പകുതി തൊട്ട്‌ മൂന്നു ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്ക്‌ രാജ്യത്തെ ബാങ്കിങ്‌ മേഖലയിലേക്ക്‌ ഒഴുക്കിയത്‌. എന്തുസംഭവിച്ചുവെന്ന്‌ നോക്കുക. ആ പണം സുരക്ഷിതമായി ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ തിരികെ നിക്ഷേപിച്ചു. ഡിസംബര്‍ ഒന്നിനും എട്ടിനും ഇടയിലെ എട്ടു ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ 3.27 ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിച്ചത്‌. അതും വെറും ആറു ശതമാനം നാമമാത്രമായ പലിശയ്‌ക്ക്‌. ആ പലിശ വൈകാതെ അഞ്ചു ശതമാനമായി കുറയുകയും ചെയ്‌തു.

ഉത്തേജക പാക്കേജുകള്‍ സാമ്പത്തിക മാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തിയേക്കാം. എന്നാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട്‌ വിവിധ ലോബി ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്‌ ഇത്തരം നടപടികളെന്ന്‌ വ്യക്തം. ഉദാഹരണത്തിന്‌ കയറ്റുമതിക്കാര്‍ക്ക്‌ ഉത്തേജക പാക്കേജിന്റെ 'ഉത്തേജനം' രണ്ടുതവണയാണ്‌ ലഭിച്ചത്‌. രൂപയും ഡോളറും തമ്മിലുള്ള വിനിമയ മൂല്യം 37-ലെത്തിയപ്പോള്‍ വസ്‌ത്ര കയറ്റുമതിക്കാര്‍ പിന്തുണവേണമെന്ന്‌ മുറവിളി തുടങ്ങി. സര്‍ക്കാര്‍ ഉടനെ തന്നെ 1700 കോടി രൂപയോളം സഹായമായി ഒഴുക്കി. ഇപ്പോള്‍ വിനിമയ നിരക്ക്‌ വീണ്ടും 50-നോടടുക്കുന്നു, വസ്‌ത്ര വ്യവസായത്തിനു വീണ്ടും നേട്ടങ്ങളുടെകാലം.

പരുത്തി വസ്‌ത്ര നിര്‍മാതാക്കളും കയറ്റുമതിക്കാരും പുതിയ രക്ഷാപദ്ധതിക്കായി മുറവിളി കൂട്ടുന്നുണ്ട്‌. അന്താരാഷ്‌ട്ര വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം നികത്തണമെന്നാണ്‌ അവരുടെ ആവശ്യം. കയറ്റുമതിയില്‍ 95 ശതമാനം ഇടിവുണ്ടായെന്നും ഈ സാഹചര്യത്തില്‍ രക്ഷാപദ്ധതി അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പരുത്തിക്കര്‍ഷകരെ സഹായിക്കണമെന്ന്‌ ഈ വ്യവസായികള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെടുന്നില്ല.

വിനാശത്തിന്റെയും മാന്ദ്യത്തിന്റെയും പരമ്പരകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും കാര്യമായ പരിഗണന ലഭിക്കാത്തത്‌ കാര്‍ഷിക മേഖലയ്‌ക്കു മാത്രമാണ്‌. ഇന്ത്യ തിളങ്ങുമ്പോഴും മുങ്ങുമ്പോഴുമെല്ലാം സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ നട്ടെല്ല്‌ കാര്‍ഷിക മേഖലതന്നെയായിരുന്നു. കാര്‍ഷിക മേഖലയോടുള്ള പൂര്‍ണ ഉദാസീനതയും അവഗണനയും കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നു. ഒട്ടേറെപ്പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. എന്നിട്ടും കാര്‍ഷികമേഖലയ്‌ക്ക്‌ വ്യവസായത്തെപ്പോലെ വന്‍ തകര്‍ച്ച നേരിടേണ്ടിവന്നിട്ടില്ല. ബലംപ്രയോഗിച്ച്‌ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നയങ്ങളും ഭീമന്‍ കമ്പനികള്‍ക്ക്‌ ഏറ്റെടുക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതുമൊക്കെ കാര്‍ഷികമേഖലയുടെ മരണത്തിനു കാരണമാകും. ലോകബാങ്കിന്റെ കുറിപ്പടിയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സംസാരിക്കുന്നതു തന്നെ ഗ്രാമങ്ങളില്‍നിന്ന്‌ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നിനെക്കുറിച്ചാണ്‌.

രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനമാണ്‌ കാര്‍ഷിക മേഖലയുമായി നേരിട്ട്‌ ബന്ധപ്പെട്ടു കഴിയുന്നത്‌. ഭൂരഹിതരായ 20 കോടിയോളം തൊഴിലാളികളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ സമ്പദ്‌മേഖലയ്‌ക്ക്‌ യഥാര്‍ഥ ഉത്തേജനം വേണമെങ്കില്‍ ശ്രദ്ധ കാര്‍ഷിക മേഖലയിലേക്ക്‌ തിരിഞ്ഞേ മതിയാകൂ. ഇതു പറയുമ്പോള്‍ ട്രാൿടര്‍ വ്യവസായത്തിനും ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കും ധനരക്ഷാപദ്ധതി വേണമെന്നല്ല അര്‍ഥം. അതു വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ. കാര്‍ഷിക മേഖലയുടെ പേരില്‍ നിലവില്‍ അനുവദിക്കുന്ന സബ്‌സിഡികള്‍ ഉത്‌പന്ന വിതരണക്കാര്‍ക്കാണ്‌ പ്രയോജനപ്പെടുന്നത്‌. വിത്ത്‌ ഉത്‌പാദകരും കീടനാശിനി, വളം കമ്പനികളും ട്രാൿടര്‍ നിര്‍മാതാക്കളുമൊക്കെ നേട്ടം കൊയ്യുന്നു.

കാര്‍ഷിക മേഖലയ്‌ക്ക്‌ ഉണര്‍വേകാന്‍ വിപ്ലവകരമായ മാറ്റമാണ്‌ അനിവാര്യമായിരിക്കുന്നത്‌. കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജിനു രൂപം നല്‌കണം. ഊഷര ഭൂമികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. 1.20 ലക്ഷം കോടിയുടെ വളം സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു വിതരണം ചെയ്യണം. അതു സ്വാഭാവിക കൃഷിമാര്‍ഗത്തിലേക്ക്‌ തിരിയണമോയെന്ന്‌ തീരുമാനിക്കാന്‍ കര്‍ഷകനു സഹായകമാകും. അന്തിമായി കര്‍ഷകക്ഷേമത്തില്‍ ശ്രദ്ധയൂന്നുവാന്‍ പാക്കേജില്‍ നടപടിവേണം. പ്രത്യക്ഷ വരുമാന പിന്തുണയെന്ന തത്ത്വത്തിലൂന്നി പ്രതിമാസ സ്ഥിര വരുമാനമാണ്‌ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്‌ക്ക്‌ ഇന്നാവശ്യം.

ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്‌ മറ്റൊന്ന്‌. പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളും പ്രതിദിനം ഏറ്റവും കുറഞ്ഞത്‌ 60 രൂപ കൂലിയും വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണിത്‌. 100 തൊഴില്‍ദിനങ്ങളെന്ന പരിധി എടുത്തുകളയുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌. ഗ്രാമീണ തൊഴിലാളികള്‍ക്കും 365 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; സംഘടിത മേഖലയിലെന്നപോലെ. അസംഘടിതമേഖലകളിലെ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 57000 കോടി രൂപയുടെ ഉത്തേജക പദ്ധതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ 365 ദിവസങ്ങളാക്കി ഉയര്‍ത്താന്‍ അതു വിനിയോഗിക്കാം.

ഇതിനു പുറമേ കാര്‍ഷിക മേഖലയ്‌ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ സഹായമെങ്കിലും പ്രഖ്യാപിക്കണം. വളം സബ്‌സിഡിയുടെ ഒരു ഭാഗം ഇതിലുള്‍പ്പെടുത്താവുന്നതാണ്‌. അതു കര്‍ഷകര്‍ക്ക്‌ സ്ഥിരവരുമാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിക്കാം. ആവശ്യകത ഉയര്‍ത്താനും സമ്പദ്‌വ്യവസ്ഥ ഊര്‍ജസ്വലമാകാനും അതു സഹായകരമാകും.
ദേശീയ തൊഴിലുറപ്പു പദ്ധതിയെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്താനും അടിയന്തര നടപടി വേണം. സമഗ്ര വളര്‍ച്ചയ്‌ക്കു സ്വീകരിക്കേണ്ട നടപടികളാണ്‌ മുകളില്‍ പറഞ്ഞത്‌. ആ വളര്‍ച്ച മുംബൈ താജ്‌ രാജ്യത്തിന്റെ അഭിമാന പ്രതീകമാണെന്ന്‌ വാഴ്‌ത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടില്ല.

****

ദേവീന്ദർ ശർമ്മ, കടപ്പാട് : മാതൃഭൂമി

Sunday, January 25, 2009

മാറുന്ന സിനിമയുടെ മുഖം തേടുമ്പോള്‍

ഓരോ ദിവസവും രണ്ടരക്കോടി ആളുകള്‍ വീതം സിനിമാ, തീയറ്ററുകളിലേക്ക് ഇരമ്പിക്കയറുന്ന ഒരേ ഒരു രാജ്യമേ ഈ ഭൂഗോളത്തിലുള്ളൂ. അതാണ് ഇന്‍ഡ്യ! ലോകത്ത് ഏറ്റവും കൂടുല്‍ സിനിമകള്‍ ഉണ്ടാകുന്നതും ഇന്ത്യയില്‍ തന്നെ. 2007 ല്‍ 1146 ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. 360 കോടി സിനിമാടിക്കറ്റുകളാണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമയുടെ വിപണിയ്‌ക്ക് ഒരു വര്‍ഷം വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏതാണ്ട് 100 കോടി സിനിമാടിക്കറ്റുകള്‍ അധികമായി ഇന്ത്യന്‍ തീയറ്ററുകളിലൂടെ വില്‍ക്കപ്പെടുന്നു. 18% വാര്‍ഷികവളര്‍ച്ചാനിരക്ക് കൈവരിച്ചുകൊണ്ട് ഇന്ന് 8500 കോടി രൂപ മൂല്യമുള്ള ഒരു വിപണിയാണ് പ്രാദേശിക ഭാഷാചിത്രങ്ങളടങ്ങുന്ന ഇന്ത്യന്‍ സിനിമ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ഈ വമ്പിച്ച വിപണി മൂല്യമാണ് സിനിമയുടെ ലോകത്തേയ്‌ക്കുള്ള കോര്‍പറേറ്റുകളുടെ ഇന്നുകാണുന്ന തള്ളിക്കയറ്റത്തിന് കാരണം.

നമ്മുടെ ചലച്ചിത്രവിപണിയുടെ അപാരമായ സാധ്യത മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാരഹണമാണ് ഈ നവംബര്‍ 7 ന് റിലീസ് ചെയ്‌ത ജയിംസ് ബോണ്ട് ചിത്രമായ'ക്വാണ്ടം ഓഫ് സോലസ് '. 600 പ്രിന്റുകളുമായി ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഈ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം ലക്ഷ്യം വയ്‌ക്കുന്ന വരുമാനം 50 കോടി രൂപയാണ്. ഇതിനുമുമ്പ് പുറത്തിറങ്ങിയ ബോണ്ട് ചിത്രമായ 'കാസിനോ റോയലെ' 44.7 കോടിയുടെ ബിസിനസ് ചെയ്‌തു എന്നുപറയുമ്പോള്‍ 50 കോടി നേടുകയെന്നത് 'ക്വാണ്ടം ഓഫ് സോലസിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകില്ല.' പണം വാരലിന്റെ ഈ ഒരു സാധ്യതയാണ് സിനിമയിലേക്ക് കോര്‍പറേറ്റുകളെ ആകര്‍ഷിക്കുന്നത്. അസോച്ചം, ഡെലോയിറ്റ് എന്നിവ സംയുക്തമായി നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യന്‍ സിനിമ വരുന്ന മൂന്ന് വര്‍ഷം കൊണ്ട് 19000 കോടി ടേണ്‍ഓവര്‍ നേടിയെടുക്കുമെന്നാണ്.

ഈയൊരു മുന്നേറ്റത്തെ കണ്ടുകൊണ്ടാണ് ഭീമന്‍ പണസഞ്ചികളുമായി പഴയ നിര്‍മ്മാതാക്കളുടെ സ്ഥാനത്ത് കോര്‍പറേറ്റുകള്‍ എത്തുന്നത്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ സിനിമയുടെ നിരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഐസിഐസിഐ ബാങ്ക് ഫണ്ട് ചെയ്‌തിട്ടുള്ള സിനിമക്യാപിറ്റല്‍ വെഞ്ച്വര്‍ ഫണ്ട് വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയാണ് ചലച്ചിത്രനിര്‍മ്മാണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കാന്‍ പോകുന്നത്. റാന്‍ബാൿസി പ്രമോട്ട് ചെയ്യുന്ന വിസ്‌റ്റാര്‍ റെലിഗയര്‍ ഫിലിം ഫണ്ടാകട്ടെ 200കോടി രൂപയാണ് സിനിമയില്‍ മുതല്‍മുടക്കാന്‍ പോകുന്നത്. ഇതിനോടകം സിനിമാനിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നീ രംഗങ്ങളില്‍ സ്ഥാനമുറപ്പിച്ച പിരമിഡ് സായ്‌മിറ 400 കോടിയുടെ ഒരു പുതിയ ഫണ്ടിന് രൂപം നൽ‌കിക്കഴിഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് എ ഡി എ ഗ്രൂപ്പ് 2010 ന് മുമ്പായി ഒമ്പത് ഭാഷകളിലായി 70 സിനിമകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

ട്വന്റിയത്ത് സെഞ്ച്വറി ഫോൿസിന്റേയും റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്‌റ്റാറിന്റേയും സംയുക്തസംരംഭമായ ഫോൿസ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ് ഇന്ത്യന്‍ സിനിമയിലേക്ക് പ്രവേശിക്കുകയാണ്. നമസ്‌തേ ലണ്ടന്‍, സിങ്ങ് ഇസ് കിങ്ങ് തുടങ്ങിയ ചിത്രങ്ങളെടുത്ത വിപുല്‍ ഷായുമായി പുതിയ രണ്ട് ചിത്രങ്ങളുടെ കരാര്‍ ഇതിനോടകം ഫോൿസ് സ്‌റ്റാര്‍ ഒപ്പിട്ടുകഴിഞ്ഞു. സോണിയും ഡിസ്‌നിയുമൊക്കെ ഇതിനുമുമ്പായി തന്നെ ഇന്ത്യന്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഡിസ്‌നിയാകട്ടെ യാഷ്‌രാജ് ഫിലിംസുമായി ചേര്‍ന്നുകൊണ്ടു അനിമേഷന്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മ്മാണ കമ്പനിയായ വാര്‍നര്‍ ബ്രദേഴ്‌സ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഹാരിപോട്ടര്‍, മെട്രിൿസ്, സൂപ്പര്‍മാന്‍ തുടങ്ങിയ ലോകോത്തരചിത്രങ്ങള്‍ അവതരിപ്പിച്ച വാര്‍നര്‍ ബ്രദേഴ്‌സ് സംവിധായകരുടേയും നിര്‍മ്മാണ കമ്പനികളുടേയും കൈയൊപ്പ് തങ്ങളുടെ കരാറില്‍ പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലും വാര്‍നര്‍ ബ്രദേഴ്‌സിന്റെ സിനിമകളുടെ കടന്നുവരവിന് ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല.

സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നീ ഘടകങ്ങളെ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കുക എന്ന തന്ത്രമാണ് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. Vertical integration എന്ന ബിസിനസ് ഭാഷയില്‍ പറയുന്ന ഈ അഭ്യാസത്തിലൂടെ സിനിമയുടെ സൃഷ്‌ടിയും സ്ഥിതിയും കോര്‍പറേറ്റുകളുടെ കയ്യിലാകുകസ്വഭാവികം മാത്രം. ഉദാഹരണത്തിന് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഹിന്ദുസിനിമകളുടെ 70 ശതമാനത്തിലധികവും അനില്‍ അംബാനിയുടെ ആസ്‌ലാബ്‌സിലാണ് പ്രോസസ് ചെയ്യപ്പെടുന്നത്. ആസ്‌ലാബ്‌സിന്റെ സഹോദരസ്ഥാപനമായ റിലയന്‍സ് ബിഗ് എന്റര്‍ടെയിന്‍മെന്റ് നിര്‍വ്വഹണ വിതരണരംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. പുതിയ മള്‍ട്ടിപ്ളെക്സ് തരംഗത്തിന്റ മുന്‍നിരയില്‍ നില്‍ക്കുന്ന റിലയന്‍സ് പ്രദര്‍ശനശാലകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പിരമിഡ് സായ്‌മിറയാകട്ടെ തമിഴ് തെലുങ്ക് കന്നഡ മലയാള സിനിമകളുടെ നിര്‍മ്മാണ വിതരണരംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 650 ലധികം പ്രദര്‍ശനശാലകളുടെ നെറ്റ്വര്‍ക്ക് സൃഷ്‌ടിച്ചിട്ടുള്ള സായ്‌മിറയ്ക്ക് 4,30,000 തീയറ്റര്‍ സീറ്റുകള്‍ രാജ്യത്തൊട്ടാകെയുണ്ട്.

സിനിമയെ ഒരു വ്യവസായമായി കണ്ടുകൊണ്ട് കടന്നുവരുന്ന നിക്ഷേപങ്ങളോട് എതിരഭിപ്രായം ഉള്ളവര്‍ വിരളമായിരിക്കും. പക്ഷെ സിനിമയുടെ കുത്തകവത്ക്കരണത്തിലേക്ക് ഇത് എത്തിച്ചേരുമോ എന്ന ആശങ്കയാണ് സിനിമാസ്വാദകരെയും സിനമാപ്രവര്‍ത്തകരെയും അലട്ടുന്നത്. വ്യക്തിഗത സിനിമാസംരംഭകര്‍ക്ക് സിനിമയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുന്ന ഒരു സ്ഥിതി ആശാസ്യമല്ല. ചടുലമായും വിജയകരമായും പ്രവര്‍ത്തിക്കുന്ന സംവിധായകര്‍, താരങ്ങള്‍, മറ്റ് ടെൿനീഷ്യന്മാര്‍, എന്നിവരുമായി വന്‍കിട കമ്പനികള്‍ കരാറിലേര്‍പ്പെടുകയാണ്. അമ്പരിപ്പിക്കുന്ന പ്രതിഫലമാണ് ഈ അവസരത്തില്‍ അവര്‍ക്കുമുമ്പില്‍ വച്ചുനീട്ടപ്പെടുന്നത്. അത്തരം ഓഫറുകളെ നിരാകരിക്കാനും നിഷേധിക്കാനും സിനിമയെ ജീവനോപാധിയായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ല. ആകര്‍ഷകമായ പ്രതിഫലത്തിനൊപ്പം കൃത്യമായ ഷെഡ്യൂളുകളും കോര്‍പറേറ്റ് സിനിമാസംരംഭങ്ങളുടെ പ്രത്യേകതയാണ്. വിജയപ്രതീക്ഷയുള്ള ഒരു ചിത്രത്തിന് വേണ്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകേണ്ടി വരുന്ന തീയറ്ററുകളും കൂടിയാകുമ്പോള്‍ വ്യക്തിഗത സിനിമാസംരംഭങ്ങള്‍ക്ക് പിന്നോട്ടടി നേരിടേണ്ടി വരും.

സിനിമയോടുള്ള അഗാധമായ പ്രണയം കൊണ്ട് മാത്രം പടം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു നമ്മുടെ ഫിലിംമേക്കര്‍മാരിലും പ്രൊഡ്യൂസര്‍മാരിലും ഏറെയും. ലാഭമെന്നത് ചിന്തിച്ചിട്ടുപോലുമില്ലാത്ത ഒട്ടനവധി പേര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ഭാരതം കണ്ട ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റേ തന്റെ വിശ്വോത്തരസൃഷ്‌ടിയായ പഥേര്‍ പാഞ്ചാലി സൃഷ്‌ടിക്കാനെടുത്തത് നീണ്ട മൂന്നു വര്‍ഷങ്ങളായിരുന്നു. പണമില്ല എന്നതായിരുന്നു പ്രശ്‌നം. പക്ഷെ പണത്തിനുവേണ്ടി ഒന്നിനോടും സന്ധി ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജന്മമെടുത്ത പഥേര്‍ പാഞ്ചാലി ഇന്നും ലോകസിനിമയില്‍ ഒരു അത്ഭുതമായി നിലനില്‍ക്കുന്നു. അച്ചാണി രവി എന്ന് സിനിമക്കാരും രവിമുതലാളി എന്ന് കൊല്ലത്തുകാരും വിളിക്കുന്ന രവീന്ദ്രനാഥന്‍ നായര്‍ താനെടുത്ത ഒരു സിനിമയുടേയും ലാഭം ആഗ്രഹിച്ചിട്ടില്ല. എന്തിനേറെ, ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ വീണ്ടും മലയാളത്തെ പ്രതിഷ്‌ഠിച്ച പ്രിയനന്ദനന് പുലിജന്മം എന്ന സിനിമയെടുക്കാന്‍ എം ജി വിജയ് എന്ന നിര്‍മ്മാതാവ് നല്‍കിയത് താന്‍ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്. അദ്ദേഹവും ലാഭം ആഗ്രഹിച്ചതായി ചരിത്രം ഒരിക്കലും രേഖപ്പെടുത്തില്ല. അത്തരം നിര്‍മ്മാതാക്കളുടെ ഒരു 'ബ്രീഡ്' ഒരിക്കലും അന്യം നിന്ന് പോകാന്‍ പാടില്ല.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് വലിയൊരളവു വരെ ഹോളിവുഡിന്റെ സ്വാധീനമുണ്ട്. പലപ്പോഴും സിനിമകളുടെ താരതമ്യത്തിന്റെ അളവുകോലും ഹോളിവുഡ് ചിത്രങ്ങള്‍ തന്നെ. പക്ഷെ ഒന്നു മനസ്സിലാക്കേണ്ടതുണ്ട്; മൂലധനത്തിന് സര്‍വതന്ത്രസ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും ഒരു സാംസ്‌ക്കാരിക ഉത്പന്നമെന്ന നിലയില്‍ സിനിമയുടെ കുത്തകവത്ക്കരണത്തെ നിയന്ത്രിക്കാന്‍ പ്രാപ്‌തമായ റെഗുലേറ്ററി സംവിധാനമുണ്ട്. പാരമൌണ്ട് സ്‌റ്റുഡിയോസിന്റെ കുത്തകവത്കരണ നീക്കങ്ങള്‍ക്കെതിരെ യു എസ് പരമോന്നത നീതിപീഠം 1948 ല്‍ തന്നെ വിധി പ്രഖ്യാപിച്ചിരുന്നു. 1930 ല്‍ സുക്കോര്‍ സ്‌റ്റുഡിയോയ്‌ക്കെതിരെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. ഹോളിവുഡ് സിനിമയുടെ സവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 1920 1950 വരെയുള്ള കാലത്ത് തന്നെയാണ് ഇത്തരം കുത്തകശ്രമങ്ങള്‍ നടന്നതെന്നും ശ്രദ്ധേയമാണ്. ശക്തമായ റെഗുലേറ്ററി സംവിധാനത്തിലൂടെ ഇതില്‍ ഇടപെടാനും അതുവഴി സ്വതന്ത്രസിനിമാസങ്കല്പമെന്നത് നിലനിര്‍ത്താനും അമേരിക്കയില്‍പോലും സാധിച്ചുവെന്നത് എടുത്തപറയേണ്ട ഒന്നാണ്.

ഇന്ത്യയിലെ ദുര്‍ബ്ബലമായ നിയന്ത്രണ സംവിധാനത്തിന് ഇത്തരം ഇടപെടലുകള്‍ക്ക് ശേഷിയുണ്ടോ എന്നത് സംശയമാണ്. 1969 ല്‍ നിലവില്‍വന്ന എംആര്‍റ്റിപി ആൿട് ഏതായാലും ഇതിന് പര്യാപ്‌തമല്ല. ശക്തമായ ഇടപെടലും നിയമനിര്‍മ്മാണവും ഗവണ്‍മെന്റ് തലത്തില്‍ അടിയന്തിരമായി മുന്നോട്ട് നീക്കേണ്ടിയിരിക്കുന്നു. സിനിമയുടെ മുഖം മാറുകയാണ്. സിനിമയിലെ നിക്ഷേപം ഒരു വമ്പന്‍ റിസ്‌ക്ക് ആണെങ്കില്‍ അതിന് 'ഹൈറിട്ടേണ്‍സ്' എന്ന മറുവശം കൂടിയുണ്ട്. ഹൈ റിട്ടേണ്‍സാണ് കോര്‍പറേറ്റ് കമ്പനികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്‍ മൂവി പരസ്യങ്ങള്‍, ഓവര്‍സീസ് / സാറ്റലൈറ്റ് അവകാശത്തിന്റെ വില്പന തുടങ്ങിയവയിലൂടെ മുടക്കുമുതലിന്റെ നല്ലൊരുഭാഗം തിരിച്ചുപിടിക്കാന്‍ പ്രൊഫഷണല്‍ കമ്പനികള്‍ക്ക് കഴിയുന്നു. ഷോപ്പിംഗ് മാളുകളുടെ ഭാഗമാവുകയാണ് അവരുടെ പ്രദര്‍ശനശാലകളും. മള്‍ട്ടിപ്ളൿസുകളുടെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിനൊപ്പം, എഫ് ആന്റ് ബിയും വരുമാനത്തിന്റെ നല്ലൊരു ശതമാനം നേടിയെടുക്കുന്നു. ഇത്തരത്തില്‍ ബിസിനസ്സ് ടു ബിസിനസിലെ ഒരു കണ്ണിയായി സിനിമയും മാറുകയാണ്.

ഒരു എന്റര്‍ടെയിനര്‍ ആയി മാത്രം സിനിമ വീക്ഷിക്കപ്പെടേണ്ട എങ്കില്‍ ഒരു പ്രതിപ്രവര്‍ത്തനം ആവശ്യമാണ്. യാഥാര്‍ത്ഥ്യത്തിന്റെ നിലപാടുതറകളില്‍ നിന്ന് ഉയിര്‍കൊള്ളുന്ന സിനിമകളും സൃഷ്‌ടിക്കപ്പെടണം. അതിനുവേണ്ടിയുള്ള കൂട്ടായ്‌മകള്‍ സിനിമാലോകത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു.

സിനിമയുടെ പുതിയ ഇതിവൃത്തത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും വളരെ ബാലിശമായിരിക്കും. ജീവിതത്തിലും സംസ്‌ക്കാരത്തിലും ഉണ്ടാകുന്ന മാറ്റം സിനിമയിലും പ്രതിഫലിച്ചേ മതിയാകൂ. പക്ഷെ സിനിമ കേവലമായ ആഘോഷങ്ങളുടെ മാത്രം മാധ്യമമല്ല. അത് യാഥാര്‍ത്ഥ്യങ്ങളുടെ കൂടി ഇടമാണ്. സിനിമ വിജയങ്ങളുടേത് മാത്രമല്ല. അത് പരാജയങ്ങളുടെ പടനിലം കൂടിയാണ്. കലാമൂല്യം പണയം വച്ചുകൊണ്ടുള്ള സിനിമകളോട് സന്ധി ചെയ്യുന്നത് മാത്രമാണ് അംഗീകരിക്കാന്‍ കഴിയാത്തത്. പി വി ആറോ, പെര്‍റെപ്‌റ്റോ, റിലയന്‍സോ, മഹീന്ദ്രാമീഡിയയോ ആരുതന്നെയാകട്ടെ, നല്ല സിനിമചെയ്‌താല്‍ നല്ലതെന്ന് ജനം അംഗീകരിക്കും. സ്വതന്ത്രമായ സിനിമാസംരംഭങ്ങള്‍ക്കുള്ള ഒരു സ്‌പേസും നമ്മുടെ സിനിമാലോകത്തുണ്ടാകണം. കലാമൂല്യവും ജനപ്രിയതയും ഒന്നിക്കുന്ന ചലച്ചിത്രങ്ങളാണ് ഉണ്ടാകേണ്ടത്. ആര്‍ട്ടെന്നും, മധ്യവര്‍ത്തിയെന്നും വാണിജ്യമെന്നുമുള്ള തരംതിരിവുകളില്‍ വരും നാളുകളില്‍ ഒരുപാട് ഇളക്കി പ്രതിഷ്‌ഠകളും ഉണ്ടാകേണ്ടിയിരിക്കുന്നു. കാഴ്‌ചക്കാരന്‍ യന്ത്രമല്ലെന്നും നല്ല സിനിമയെ തിരിച്ചറിയുമെന്നും സിനിമാപ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുറംമോടിയിലല്ല ഉള്ളടക്കത്തിലാണ് സിനിമ ജീവിക്കുന്നതെന്ന് വരുന്ന തലമുറയുടെ അറിവിലേക്കായി പറഞ്ഞു വയ്‌ക്കുകയെന്നത് നമ്മുടെ കടമയായി അവശേഷിക്കുന്നു.

****
സി അജോയ്, കടപ്പാട് : യുവധാര

Friday, January 23, 2009

എലിജന്മം

ജന്മിത്തോം എലിയും തമ്മില്‍ ബന്ധമുണ്ടോ?. ചിരി വര്ണ്ണ്ടാവും, ല്ലേ?. ചിരിക്കണ്ട. ബന്ധംണ്ട്. ഗവേഷകര്‍ ഒന്നന്വേഷിക്കണം. ദാ..ത്രേം വിവരം തരാം.

അന്തി ചാഞ്ഞനേരം.

ധനുമാസ രാവ് യവനിക നീക്കി കുളിര് തൂകുന്നു.. ആകാശവീഥിയില്‍ നടി ചന്ദ്രിക മന്ദസ്‌മിതിക്കുന്നു. അരക്കുപ്പി വാറ്റടിച്ച വീര്യത്തോടെ കാറ്റ് വീശുന്നു.

ജംഗമ ജീവികള്‍ ഇണകളെ തേടുന്ന രാവ്.

ഇട്ടിരാരിശ്ശന്‍ നമ്പൂതിരിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. മനസ്സിലൊരു വൃന്ദാവനമിളകുന്നു. ഓടക്കുഴലില്ലാത്തതിനാല്‍ ചെല്ലപ്പെട്ടി എടുത്തു. വിസ്‌തരിച്ചൊന്നു മുറുക്കി. നീട്ടിയൊന്ന് തുപ്പി.

മുണ്ടൊന്ന് കുടഞ്ഞ്, മുറുക്കിയുടുത്തു. ശരീരത്തില്‍ അത്യാവശ്യം ചില മിനുക്കുപണികളൊക്കെ ചെയ്തു. നരയില്‍ കരിമഷി എഴുതി. രണ്ടു ചുവട് നടന്ന് സ്റ്റാമിന പരിശോധിച്ചു. കുഴപ്പമില്ല.

ലേശം വൈകി. എങ്കിലും പുറപ്പെടാം. ബെറ്റര്‍ ലെയ്‌റ്റ് ദാന്‍ നെവര്‍ എന്നാണ്‍ല്ലൊ മെക്കാളെ പശുക്കളോട് പറഞ്ഞത്.

അവള്‍ കാത്തിരിക്ക്യാവും. പാറോതി. രസികത്തി.

വരും എന്ന് ദൂതന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. എത്തേണ്ട സമയം മറുകുറിപ്പായി അവള്‍ കൊടുത്തയക്കുകയും ചെയ്‌തു. സമയത്തില്‍ അവളൊരു കണിശക്കാര്യാ. വൈക്യാല്‍ അവളുടെ ഒരു പരിഭവം കേമം തന്ന്യാണെ.

യാത്രക്കിടയില്‍ ഇത് പേര്‍ത്തും പേര്‍ത്തും ഓര്‍ത്തപ്പോള്‍ ശരീരം ചീര്‍ത്തുവരുന്നതായി ഇട്ടിരാരിശ്ശന് തോന്നി.

മനസ്സ് ഒരു കഥകളിപ്പദം മൂളി.

' സുന്ദരി ! മനസിജവരസമരം

സുഖമൊടുമുതിരുക സരസതരം

മന്ദരസദൃശ പയോധരം

മദുരസി ചേര്‍ക്ക മനോഹരം

മന്ദത നീക്കി വിനജിതകിസലയം

ഇന്ദുസുമുഖി! മമ തന്നിടുകധരം'

മൂളിമൂളി ഇട്ടിരാരിശ്ശന്‍ വരമ്പത്തേക്കിറങ്ങി. ഈ വരമ്പും ഇടവഴിയിലെ മൂന്നാമത്തെ വളവും കഴിഞ്ഞാണ് പാറോതിയമ്മയുടെ വീട്.

സാമ്യമകന്നോരുദ്യാനം. പഞ്ചബാണന്റെ കുഞ്ജകുടീരം.

ആവശ്യത്തിന് സമയമെടുത്താണ് ഇട്ടിരാരിശ്ശന്‍ വീടിന്റെ പടികള്‍ കയറിയത്. അടിതെറ്റിയാല്‍ ആനയും വീഴുന്ന കാലം. സൂക്ഷിച്ചാല്‍ പ്ളാസ്റ്ററിടണ്ടന്നാണ്‍ല്ലൊ പ്രമാണം.

ഇട്ടിരാരിശ്ശന്‍ ഇറയത്തേക്കു കയറി. ചാരുകസേരയില്‍ ആരോ കിടക്കുന്നു. അപ്രതീക്ഷിത ദൃശ്യം കണ്ട് ഞെട്ടി.

പാറോതി ചതിച്ച്വോ!

കായങ്കുളം കൊച്ചുണ്ണിയെ ചതിച്ച പാരമ്പര്യം തുടര്വോ!

പലവിധ ചിന്തകളില്‍ ഇട്ടിരാരിശ്ശന്‍ സ്‌തബ്‌ധനായി വരവെ ചാരുകസേര ഒന്നിളകി.

കസേര ചോദിച്ചു.

' ആരാ..?'

ശബ്‌ദം തെളിനീരു പോലെ ശുദ്ധമായിരുന്നതിനാല്‍ ഇട്ടിരാരിശ്ശന്‍ സമചിത്തത വീണ്ടെടുത്തു.

ശാന്തമായി മറുപടി പറഞ്ഞു.

' കേട്ടിട്ട്ണ്ടാവും..'

' ഇല്ല'

' ഇട്ടിരാരിശ്ശന്‍..'

' ഏതാ ഇല്ലം?'

' മേലേടം.'

' ലേശം വൈകി. മേലേട്ത്ത്കാര്‍ക്ക് ഇത് പതിവില്ല.'

ഇട്ടിരാരിശ്ശന്‍ ലജ്ജിച്ചു.

ഒരു ഘടികാരത്തിന്റെയും സഹായമില്ലാതെയാണ് ചാരുകസേര സമയം ഗണിച്ചത്.

ആരാവ്വോ ഇയാള്‍? വല്ല ദിവ്യനുമാവും.

അങ്ങനെ ഓരോന്ന് ആലോചിച്ച് നില്‍ക്കവെ ചാരുകസേര പറഞ്ഞു.

' ങ്ഹും.. പൊയ്‌ക്കോളൂ.. ഇനി ആവര്‍ത്തിക്കരുത്..സമയനിഷ്ഠ നിര്‍ബന്ധമാക്കണം.'

ഇട്ടിരാരിശ്ശന്‍ അകത്തു കടന്നു. അറപ്പുര വാതിലും കടന്നു. മുറിക്കകത്ത് ഏഴുതിരിയിട്ട വിളക്ക്. അതിനരികില്‍ എഴുപതു തിരിയിട്ട വിളക്ക്. അതാണ് പാറോതി.

ഇപ്പ്ളും ചന്ദനത്തിന്റെ നിറം. ഒട്ടും മാഞ്ഞിട്ട്‌ല്യ. മുഖത്ത് ആമ്പല്‍പൂ വിടര്‍ന്നോ എന്നൊരു ശങ്ക. കണ്ണില്‍ കൂവളകൃഷി കലശലായിട്ട്ണ്ട്. നെറ്റിയില്‍ ചന്ദനം കൊണ്ടൊരു നേരിയ ടാറിങ്. ചുണ്ടിലൊരു സര്‍ബത്ത് കുടിച്ച സന്തോഷം.

'ഭയങ്കരീ.. ഒരു സുന്ദരി' എന്ന് ഇട്ടിരാരിശ്ശന്‍ സിനിമാപ്പേരു പോലെ ചിന്തിച്ചിളകി. എങ്കിലും നര മറച്ചുവെച്ച അവളുടെ വിദഗ്ദ്ധ നീക്കം ഇട്ടിരാരിശ്ശന്റെ കണ്ണില്‍ പെട്ടു. വലതുകയ്യിന്റെ തള്ളവിരലും ചെറുവിരലുമിളക്കി ഇട്ടിരാരിശ്ശന്‍ അതും ആസ്വദിച്ചു.

മിടുക്കി.

ഭേഷായി.

ശ്ശി ബോധിച്ചു.

സൌന്ദര്യശാസ്‌ത്രം ആസ്വദിച്ച് വരവെയാണ് മനസ്സില്‍ ചാരുകസേര പൊങ്ങിവന്നത്.

' പാറോതീ..ആരാ..ആ പൊറത്ത്?'

നാണം കൂമ്പിയ കണ്ണോടെ പാറോതി പറഞ്ഞു.

'..ന്റ ..നായരാ..'

'..ത്യ്രായി..നായര്‍ സര്‍വീസ് തൊടങ്ങീട്ട്..?'

'..ശ്ശി ..ആയി..'

'ഇത്വോരെ കണ്ടിട്ട്ല്യ..'

' കാണാന്‍ തരോല്യ'

' ..ന്താ?'

' ഇവ്ടില്യായിരുന്നു'

' എവ്ട്യായിരുന്നു?'

'പട്ടാളത്തില്‍..'

' അവ്ടെ ..ന്തായിരുന്നൂ വേഷം?'

' അതിര്‍ത്തിരക്ഷാസേനയിലായിരുന്നു. കാവല്‍.'

' ഇപ്പ്ളത്തെ തൊഴിലില്‍ ഒരു മുന്‍ പരിചയം..ണ്ടാര്‍ന്നു, ല്ല്യേ?'

ഫലിതം ഇട്ടിരാരിശ്ശന് സ്വയം പിടിച്ചു. ശരീരം കുലുക്കിച്ചിരിച്ചു. ഉടലില്‍ നിന്ന് ഓളങ്ങള്‍ താഴേക്കിറങ്ങി.

പാറോതിയും ചിരിച്ചു. വികാരസാഗരം കോളുകൊണ്ടപോലെ.

ഇട്ടിരാരിശ്ശന്‍ നിര്‍ത്തിയില്ല.

'.. നായര്‍ക്കെത്യ്രാ..കൂലി?'

'..മൂന്നു നേരം തിന്നാനൊള്ള വക കൊടുക്കും. പിന്നെ പെന്‍ഷന്‍ണ്ട്..സര്‍ക്കാരിന്റെ.'

'പാറോതീ..നീ ഉപ്പിലിട്ട മാങ്ങ പോലെ. പ്രായം കൂട്ന്തോറും രസികത്തോം കൂട്ണു.'

നല്ല സ്റ്റാര്‍ട്ടിങ് കിട്ടിയ സന്തോഷത്തോടെ ഇട്ടിരാരിശ്ശന്‍ മഞ്ചലേറി. ഭയംകൊണ്ട് പാറോതി ചേര്‍ന്നിരുന്നു.

' 49 വസന്തങ്ങള്‍ കടന്ന് പോയീന്ന് പാറോതീ നിന്നെക്കണ്ടാല്‍ അറിയേയ്‌ല്യ. അടുത്താണ്ട് കനകജൂബിലി. അതൊന്ന് ആഘോഷിക്കണം'

' തിരുമേനീം ചെറുപ്പാണ്. അറുപത് ഇക്കാലത്തൊരു പ്രായമേ അല്ല.'

' ഇപ്പ്ളും കുട്ടിക്കളി മാറീട്ട്‌ല്യാന്ന് നിരീച്ചോളൂ'

' തിരുമേനി എനിക്കിപ്പ്ളും മേലേട്ത്തെ കുട്ടി തന്ന്യാ..'

സംഭാഷണം ശ്രദ്ധിച്ച ഒരു പാതിരാപ്പുള്ള് നീട്ടിക്കൂകി.

ഇട്ടിരാരിശ്ശന്റെ എല്ലാ നിയന്ത്രണവും ലക്ഷമണരേഖ കടന്നു. മൿമഹോന്‍ രേഖയും കടന്നു. വികാരങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. ഇനി കരയുദ്ധം.

മട്ടിപ്പാല്‍ പുകഞ്ഞു.

സുഗന്ധം നിറഞ്ഞു.

വിളക്കിന്റെ തിരികള്‍ ഓരോന്നായി അണഞ്ഞു.

പാര്‍വണേന്ദു കണ്ണുപൊത്തിക്കോട്ടെ എന്ന് ചോദിച്ചു.

കിളിവാതില്‍ ചാരാനൊരുങ്ങിയ പാറോതിയെ ഇട്ടിരാരിശ്ശന്‍ തടഞ്ഞു.

'..വേണ്ടേനീം..ജീവിതം തൊറന്ന പൊസ്‌തകം ന്നാണ്‍ല്ലൊ പറയ്യാ..പാറോതിയമ്മക്കോ?'

'പൊസ്‌തകം തന്നെ. തിരുമേനിയാണ്‍ല്ലൊ പ്രിന്റര്‍ ആന്റ് പബ്ളിഷര്‍.'

' ഹായ്..കേമി..കേമി..'

മാരശരമേറ്റ് വലഞ്ഞ ഇട്ടിരാരിശ്ശന്‍ ആദ്യ പടിയായി ആലിംഗനത്തിന് മുതിരവെ ' ഡിം' എന്ന ശബ്‌ദം.

മുമ്പോട്ടെടുത്ത കൈ ഇട്ടിരാരിശ്ശന്‍ പിമ്പോട്ടെടുത്തു.

' ..ന്താ..പാറോതി...?'

ശബ്‌ദത്തില്‍ അമ്പതുശതമാനം ഭയം.

വീണ്ടും തുടരെ 'കടകട' ശബ്‌ദം.

ചാത്തനേറ്.ഒരു തീവ്രവാദി ആക്രമണം പോലെ.

മുണ്ട് യഥാവിധി ഉറപ്പിച്ച് ഇട്ടിരാരിശ്ശന്‍ തിരിഞ്ഞോട്ടത്തിന് തയ്യാറായി. ഇപ്പോള്‍ പോകുന്നത് ബുദ്ധിയാകുമോ?. ടി വിക്കാര്‍ ലൈവിന് വന്നിട്ടുണ്ടാവുമോ? പ്രതികരണം ചോദിക്കുമോ?.ഇട്ടിരാരിശ്ശന്‍ ഇത്യാദി ചിന്തകളില്‍ മുഴുകവെ പാറോതി കലശലായ ദേഷ്യത്തോടെ വിളക്ക് തെളിച്ചു.

ഔചിത്യമില്ലാത്ത പെട്ടി.

നീണ്ടുപോകുന്ന സ്വാഗതപ്രസംഗം പോലെ ഉരുണ്ടുപോകുന്ന പെട്ടി പാറോതി ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി. അപ്പോഴും ' അയ്യോ' എന്ന മനുഷ്യശബ്‌ദം അതിനകത്തുനിന്ന് ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട്.

'..ന്താ..പാറോതി.. വല്ല കൂടോത്രോ..മറ്റോ..?'

പാറോതി ഒന്നും മിണ്ടുന്നില്ല.

സസ്‌പെന്‍സിന്റെ അവസാനമായി പാറോതി പെട്ടി തുറന്നു.

മുങ്ങുന്ന വഞ്ചിയില്‍ നിന്ന് പ്രാണനും കൊണ്ടെന്നപോലെ ഒരാള്‍ കരയിലേക്ക് ചാടി!.

കീഴേടം!!

മുഴുവന്‍ പറഞ്ഞാല്‍ കീഴേട്ത്ത് മനയ്ക്കലെ ഇട്ട്യാസുനമ്പൂതിരി.

ആ നിമിഷം സ്വന്തം കണ്ണുകളെ അവിശ്വസിച്ചുകൊണ്ട് ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

'..ന്താ..ഇട്ട്യാസു..ഇവ്ടെ..?'

'..താന്‍ വന്ന കാര്യത്തിന് തന്നെ..'

'..ന്താ..പാറോതി.ഈ കേക്ക്ണെ..?'

' അത്രക്കൊന്നും ല്ല്യ തിരുമേനി. കീഴേടം സമയത്തിന് വന്നു.വൈകീപ്പോ മേലേടം.. നി...വര്‌ല്യായാന്ന് കര്തി. കീഴേടത്തെ വെഷമിപ്പിക്കണ്ടാന്നും കര്തി. അപ്പ്ളാ തിരുമേനീടെ വരവ്. മേലേടാണ്‍ല്ലൊ മുന്തിയത്. കീഴേട്ത്തിന് രക്ഷപ്പെടാനും പറ്റീല്ല്യ. അപ്പ്ളാണ് ആ തുണിപ്പെട്ടീലോട്ട് കേറിക്കോളാന്‍ പറഞ്ഞത്. പിന്നെ ഒന്നും അറീല്യ. ന്താ..കീഴേട്ത്തെ തിരുമേനി പറ്റ്യേ..?'

ബാക്കി കഥ കീഴേടം തുടര്‍ന്നു.

'പെട്ടിക്കകത്ത് സുഖായിട്ട് കെടക്ക്യാര്‍ന്നു. ഒറങ്ങാന്‍ സമയംണ്ടല്ലോ ..ന്ന് ..നിരീച്ച് ഒന്ന് കണ്ണടച്ചു. അപ്പ്ളാ ' കരകരാ' ന്നൊരു ശബ്ദം. സൂക്ഷിച്ച് നോക്കീപ്പോ..ഒരെല്യാര്‍ന്നു...ച്ചാല്‍..മൂഷികന്‍. മൂഷികന്‍ മഹാസൂത്രക്കാരനാണേ. നീം.വെല്ല വിവരോം..ണ്ടോ..ഈ മൂഷികവര്‍ഗത്തിന്. കീഴേട്ത്ത്യാണ്..ന്ന്...മൂഷികനറിയ്വോ..ന്ത് കണ്ടാലും കാരിത്തിന്നുകാ..ന്ന്ാണ്‍ല്ലൊ നശിച്ചതിന്റെ ശീലം.'

ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

' മൂഷികന്‍ കടിക്ക്യേ മറ്റോ..?'

' ഭാഗ്യം..അതിനുമുമ്പെ പാറോതി പെട്ടി തൊര്‍ന്നൂ...ല്ലെങ്കില്‍..ന്താ..ണ്ട്ാവാ..ന്റ..ഭഗോതീ..നല്ലോളാ പാറോതി.ആ എടവഴിക്കപ്രോള്ള പതിനഞ്ചുപറക്കണ്ടം പാറോതി എട്ത്തോളാ‍..'

തീര്‍ത്തും ചെറുതാവണ്ടാന്ന് കരുതി ഇട്ടിരാരിശ്ശനുംകൊടുത്തു ഒരു പതിനഞ്ചുപറ കണ്ടം. നാളെ തനിക്കും ഇത്പോലൊന്ന് പറ്റ്യാലോ?.

ഇട്ടിരാരിശ്ശനും ഇട്ട്യാസൂം പുറത്തിറങ്ങി. അറപ്പുര വാതിലില്‍ വിരഹം താങ്ങാനാവാതെ പാറോതി നേര്യേതുകൊണ്ട് കണ്ണു തുടച്ചു.

ഇരുവരും നടന്നുനീങ്ങിയപ്പോള്‍ ചാരുകസേര ചോദിച്ചു.

' പുവ്വാണോ..?'

ഇട്ടിരാരിശ്ശനും, ഇട്ട്യാസൂം തിരിഞ്ഞ്നോക്കാതെ നടന്നു, ധനുമാസക്കുളിരിനെ ശപിച്ചുകൊണ്ട്.

അന്നുമുതല്‍ ജന്മിത്തം ക്ഷയിച്ചുതുടങ്ങിയെന്ന് ചിലര്‍ വിശ്വസിക്കുന്നു.

***

എം എം പൌലോസ്

Thursday, January 22, 2009

ആത്മഹത്യ, തൂപ്പുപണി, വൃക്കവില്‍പ്പന - കോര്‍പറേറ്റ് കാലത്തെ 'സത്യം'

അഡോള്‍ഫ് ഹിറ്റ്ലറുടെ അവകാശവാദങ്ങള്‍ പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട് ഫീല്‍ഡിന്റെ ഒരു കാര്‍ടൂണ്‍ കാരിക്കേച്ചര്‍ ലോകപ്രശസ്തമാണ്. തനിക്ക് പിന്നില്‍ 'ജനലക്ഷ ങ്ങള്‍' അണിചേരുകയാണെന്ന ഹിറ്റ്ലറുടെ വീമ്പടിക്കല്‍ തകര്‍ക്കുന്നതായിരുന്നു അത്. കുത്തകകളുടെ പ്രതീകമായ തടിയന്‍ മുതലാളി ലക്ഷക്കണക്കിന് മാര്‍ക്ക് കോഴനല്‍കുന്ന രീതിയിലായിരുന്നു ആ കാരിക്കേച്ചര്‍. ഈ കോഴപ്പണത്തെയാണ് ആ ഫാസിസ്റ്റ് ജനങ്ങളെന്ന് വിവര്‍ത്തനം ചെയ്തെന്നായിരുന്നു അതിന്റെ വിവക്ഷ. ഫാസിസം അധികാരപ്പടികള്‍ ചവിട്ടുമെന്നുറപ്പായ ഘട്ടത്തില്‍ ഇറ്റലിയിലെയും ജര്‍മനിയിലെയും കുത്തകകള്‍ കോടികളാണ് മുസ്സോളിനിക്കും ഹിറ്റ്ലര്‍ക്കും സംഭാവന നല്‍കിയത്. അതിനായി റോമില്‍ വാണിജ്യ വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ത്തത് ത്രിസന്‍സ് ഗ്രൂപ്പായിരുന്നു.

ഹിറ്റ്ലറും ഐ ജി ഫാര്‍ബനും

ഹിറ്റ്ലറെ ഏറ്റവും കൂടുതല്‍ സഹായിച്ച കുത്തക ഐ ജി ഫാര്‍ബന്‍(IG Farben). ഗ്യാസ് ചേംബറുകള്‍ കൊലമുറികളാക്കാന്‍ ഈ കുത്തകയാണ് വിഷവാതകം വിതരണം ചെയ്തത്. ഇതിന് പണം കൊടുക്കുന്നതിന് പകരം ഹിറ്റ്ലര്‍ തടവുകാരെ അതിന്റെ പ്ലാന്റിലേക്ക് അടിമജോലിക്ക് അയക്കുകയായിരുന്നു. മരണത്തെക്കാള്‍ ഭേദമായ അടിമപ്പണി ആ തൊഴിലാളികള്‍ കൂലിയില്ലാതെ സ്വീകരിച്ചത് സ്വാഭാവികം. അവരുടെ രക്തമൂറ്റിയാണ് ഐ ജി ഹാര്‍ബന്‍ വ്യാവസായിക സാമ്രാജ്യം തീര്‍ത്തത്. ഹിറ്റ്ലര്‍ തീര്‍ത്ത 'സമാധാനകാലം' കുത്തകകള്‍ക്ക് കൊയ്ത്തിനുള്ള നല്ല അവസരവുമായി.

മോഡിവല്‍ക്കരണം

നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ ഗുജറാത്തില്‍ നടക്കുന്ന 'വികസന'വും സമാനമാണ്. ആഗോളവല്‍ക്കരണത്തിന്റെ ദയാരഹിതമായ രഥയോട്ടത്തിനിടയില്‍ ഗുജറാത്തിലെ ടെക്സ്റ്റെല്‍ മേഖലയാകെ നൂലിഴപൊട്ടി തകര്‍ന്ന ചിത്രം പലരും കാണുന്നില്ല. ഏഴുലക്ഷം തൊഴിലാളികളാണ് തെരുവില്‍ നരകിക്കുന്നത്. അവര്‍ക്കായി 23 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഉത്തരവ് കാറ്റില്‍ പറത്തപ്പെട്ടു. എല്ലാ അര്‍ഥത്തിലും ജീവിതം വഴിമുട്ടിയ തൊഴിലാളികളില്‍ ചിലരെയെല്ലാം മോഡിവല്‍ക്കരണ (Modification) ത്തിന്റെ ഇന്ധനമാക്കുകയും ചെയ്തു. മുസ്ലീം കുടുംബങ്ങളിലെ കണക്കെടുപ്പിന് കാവിപ്പട ഇവരെ രഹസ്യമായി നിയോഗിച്ചത് ഫാക്ടറികളില്‍നിന്ന് ലഭിച്ചതിന്റെ പകുതി വേതനത്തിനായിരുന്നു. ഈ കണക്കെടുപ്പായിരുന്നു വംശഹത്യയുടെ ആദ്യരേഖ. അതുപോലെ 'സത്യം' കുംഭകോണത്തിനിരയായ കണക്കില്ലാത്ത കള്ളപ്പണക്കാരെക്കുറിച്ച് വിലാപകാവ്യങ്ങള്‍ രചിക്കുന്നവര്‍ 53,000 ജീവനക്കാരെപ്പറ്റി മൌനത്തിലാണ്. പരമ്പരാഗത മേഖലകളെയാകെ മരുപ്പറമ്പാക്കി രസിച്ച മോഡി ഇടക്കിടെ നിക്ഷേപക സംഗമമൊരുക്കി അന്തരാഷ്ട്ര പദവിയിലേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2008 ജനുവരി 13 മുതല്‍ അഹമ്മദാബാദില്‍ നടന്ന 'ചുറുചുറുക്കുള്ള ഗുജറാത്ത് 2009' എന്ന ശീര്‍ഷകത്തിലുള്ള വ്യാവസായിക ഭീമന്മാരുടെ സംഗമം.

കെനിയ, ഇറ്റലി, ശ്രീലങ്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ, ഉഗാണ്ട, നമീബിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരടങ്ങിയ ഉന്നതതല സംഘത്തോടൊപ്പം രത്തന്‍ടാറ്റ, മുകേഷ് അംബാനി, ശശി റൂയിയ, കുമാരമംഗലം ബിര്‍ള, ബി എന്‍ കല്യാണി, ബി കെ ഗോയങ്ക തുടങ്ങിയ ഇന്ത്യന്‍ വ്യവസായികളും അഹമ്മദാബാദില്‍ അണിചേര്‍ന്നു. കര്‍ണാടക- ഛത്തീസ്ഗഢ് വ്യവസായ മന്ത്രിമാരും എത്തുകയുണ്ടായി.

രാഷ്ട്രീയത്തിലെ രാമലിംഗരാജു

മോഡി സ്വയം പുകഴ്ത്തുന്ന എല്ലാ വികസനനേട്ടങ്ങളും ശവക്കൂമ്പാരത്തിനുമേലെ കെട്ടിപ്പൊക്കിയതാണ്. ഇതുകണ്ടിട്ടും ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അയാള്‍ക്കുമേലെ പ്രശംസകള്‍ ചൊരിയുന്നു. ഹിറ്റ്ലറുടെ കാലത്തും സമാനമായ അനുഭവമായിരുന്നെന്ന് ചരിത്രം വായിക്കുന്നവര്‍ക്കെല്ലാമറിയാം. രാഷ്ട്രീയത്തിലെ രാമലിംഗരാജുവാണ് മോഡി. ഊതിവീര്‍പ്പിച്ച കണക്കുകളില്‍ അടയിരിക്കുന്നയാള്‍. 2003 ലും 2005 ലും 2007 ലും വിളിച്ചുചേര്‍ത്ത നിക്ഷേപക സംഗമങ്ങളിലെ ഉറപ്പുകളില്‍ 23.52 ശതമാനം പദ്ധതികള്‍ മാത്രമാണ് പ്രാവര്‍ത്തികമായത്. ഗുജറാത്തിന്റെ കടം 94000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 120000 കോടിയിലേക്ക് കുതിച്ചിരിക്കയാണ്. സംസ്ഥാനത്തെ ഓരോ പൌരന്റെയും ചുമലില്‍വീഴുന്ന ഭാരമാവട്ടെ 20000 രൂപയും. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതില്‍പ്പോലും ശ്രദ്ധിക്കാത്ത മോഡി 'വികസന പ്രദര്‍ശന' മാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മെര്‍ക്കിളിന്റെ ആത്മഹത്യ

ഇന്ത്യയിലെ രണ്ടായിരം ഗ്രാമങ്ങളില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യകളും പലായനങ്ങളും നിലവിളികളുമാണ്. വാര്‍ത്താ തലക്കെട്ടുകളെ തൃപ്തമാക്കാത്ത ഈ സാധാരണ മരണങ്ങള്‍ക്കിടയിലാണ് ജര്‍മനിയില്‍ 2009 ജനുവരി അഞ്ചിന് ശതകോടീശ്വരനായ അഡോള്‍ഫ് മെര്‍ക്കിള്‍ ആത്മഹത്യ ചെയ്തത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ അമ്പരപ്പില്‍നിന്ന് കരകയറാനാവാതെയാണ് അയാള്‍ തീവണ്ടിക്ക് ചാടി ദാരുണാന്ത്യം സ്വയം തെരഞ്ഞെടുത്തത്. ലോകത്തിലെ പ്രധാന 50 സമ്പന്നരില്‍ ഒരാളായിരുന്നു 2007 വരെ മെര്‍ക്കിള്‍. എന്നാല്‍ 2008 ല്‍ മാത്രം ലാഭവിഹിതത്തില്‍ 300 കോടി ചോര്‍ച്ചയുണ്ടായി. കരകയറാനാഗ്രഹിച്ച് ബാങ്കുകള്‍ക്ക് മുന്നില്‍ മുട്ടിയെങ്കിലും ഒരു വാതിലും തുറക്കപ്പെട്ടില്ല.

തൂപ്പുകാരനാവാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്‍

ജനുവരി 13ന് ദക്ഷിണകൊറിയയിലെ സോളില്‍നിന്ന് കേട്ട വാര്‍ത്ത കരളലിയിക്കുന്നതായിരുന്നു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ശാസ്ത്രജ്ഞന്‍ തെരുവ് തൂപ്പുകാരന്റെ പണിക്ക് അപേക്ഷ നല്‍കി. ഫിസിക്സില്‍ ഡോക്ടറേറ്റുള്ള അദ്ദേഹത്തിന് അവസരം നഷ്ടമായത് ശാരീരിക ബലഹീനതകൊണ്ട്. മണല്‍ നിറച്ച 20 കിലോ ഭാരമുള്ള രണ്ട് സഞ്ചികള്‍ ചുമലിലെടുത്ത് ഓടുക എന്നതായിരുന്നു കായികക്ഷമതാ പരിശോധന. ഈ പരീക്ഷ കിം എന്ന ശാസ്ത്രജ്ഞന് അതിജീവിക്കാനായില്ല. അദ്ദേഹം മൂന്ന് സെക്കന്റിന് പരാജയപ്പെട്ടു. ഉന്നത ബിരുദധാരികള്‍പോലും ദക്ഷിണകൊറിയയില്‍ തൂപ്പുജോലിക്ക് വരിനില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം എട്ട് ശതമാനമായിരുന്നു ഈ പണി പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ഇക്കുറി ഇപ്പോള്‍തന്നെ 12.6 ശതമാനമായത്രെ. വലിയ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ജോലിക്ക് ലഭിക്കുന്നതിനേക്കാള്‍ വേതനം തൂപ്പുകാര്‍ക്കുണ്ടെന്നും വാര്‍ത്തകള്‍ കാണിക്കുന്നു.

രാമലിംഗരാജുവിന്റെ കുമ്പസാരം

സത്യം കംപ്യൂട്ടേഴ്സ് സര്‍വീസസിലെ ക്രമക്കേടുകളെത്തുടര്‍ന്നുള്ള മിക്ക വാര്‍ത്തകള്‍ക്കുപോലും കോര്‍പറേറ്റ് മുഖമാണ്. രാമലിംഗരാജുവിന്റെ കുമ്പസാരത്തിനുശേഷവും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. എന്‍റോണ്‍ കുംഭകോണവും കാളക്കൂറ്റന്‍ ഹര്‍ഷദ് മേത്തയുടെ തട്ടിപ്പുകളും ഓര്‍മിപ്പിക്കുന്ന ചില പശ്ചാത്തലങ്ങള്‍ ഇവിടെയും കാണാം. ഡയരക്ടര്‍മാരുടെ പങ്ക്, ഓഡിറ്റിങ് സ്ഥാപനത്തിന്റെ നിരുത്തരവാദിത്തം ഊതിവീര്‍പ്പിച്ച നിക്ഷേപ-ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനൊരു അന്താരാഷ്ട്ര ഇടപാടിന്റെ ക്രൂരമുഖം നല്‍കുന്നു.

രാമലിംഗ രാജുവുമൊത്ത് ഗോള്‍ഫ് കളിച്ച് ഫലിതങ്ങള്‍ പറയുകയായിരുന്നോ മറ്റു ഡയരക്ടര്‍മാര്‍. ഓഡിറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൌസിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നതും പരിശോധിക്കേണ്ടതാണ്. കള്ളക്കണക്കിന്റെ ഊന്നുവടിയില്‍ പടുത്തുയര്‍ത്തി തകര്‍ന്ന ചില അമേരിക്കന്‍ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിയത് ഇതിന്റെ രക്ഷിതാവായ പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സായിരുന്നു. ചര്‍ച്ചകളുടെ തളര്‍വാദം (analysis to paralysis) എന്ന് ഡോ. എം എസ് സ്വാമിനാഥന്‍ കാര്‍ഷിക പ്രതിസന്ധിയുടെ സാധാരണ ഉത്തരങ്ങളെ വര്‍ഗീകരിച്ചതുപോലെ കോര്‍പറേറ്റ് തകര്‍ച്ചകളിലെല്ലാം പ്രധാന ഇര ജീവനക്കാരും സാധാരണ നിക്ഷേപകരുമാണ്.

തൊഴിലാളികള്‍ എവിടെ

'സത്യം' പ്രതിസന്ധിയെത്തുടര്‍ന്ന് അനാഥരായത് അരലക്ഷത്തിലധികംവരുന്ന ജീവനക്കാരാണെന്നത് മറന്നുകൂട. അവരുടെ തൊഴില്‍ സുരക്ഷയ്ക്കൊപ്പം ജീവിതംതന്നെ താറുമാറായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എത്രയോ കമ്പനികള്‍ പൊടിപോലും അവശേഷിക്കാത്തവിധം മുങ്ങിയപ്പോഴും സമാനമായ അനുഭവമുണ്ടായിരുന്നു. 'സത്യം' ജീവനക്കാരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പഴയ ശീട്ടിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയാണ്. ബാങ്കുകള്‍ പലതും ഇവരെക്കുറിച്ച് അനൌപചാരികമായ മുന്നറിയിപ്പുകളാണ് ശാഖകള്‍ക്ക് നല്‍കിയിട്ടുള്ളത്.

രാമലിംഗരാജു ആത്മകഥയെഴുതുന്നുവെങ്കില്‍ അപസര്‍പ്പക കഥകളെ വെല്ലുന്ന സാമ്പത്തിക വ്യാമോഹങ്ങളാകും അതില്‍ നിറയെ. സ്കൂളില്‍നിന്ന് സ്കൂളിലേക്കുള്ള മാറിമാറിയുള്ള പഠനയാത്ര. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയും ലോകപ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ബി സോമരാജുവും പൂര്‍വ വിദ്യാഥികളായിരുന്ന വിജയവാഡയിലെ പ്രശസ്തമായ ലെയോള കോളേജില്‍നിന്നുള്ള ഉപരിപഠനം. ഒഹിയോ സാര്‍വകലാശാലയില്‍നിന്നാണ് രാമലിംഗരാജു എം ബി എ നേടിയത്. അമേരിക്കയിലെ ഹാര്‍വാര്‍ഡില്‍നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദം മറ്റൊരു ആധികാരികത. റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു അയാളുടെ ആദ്യ കൌതുകം. പിന്നെ ധനഞ്ജയ ഹോട്ടല്‍ ശൃംഖലയിലേക്കും സത്യം സ്പിന്നിങ് മില്ലിലേക്കും തിരിഞ്ഞു. 1987ല്‍ സത്യം കംപ്യൂട്ടേഴ്സ് സെക്കന്തരാബാദ് കേന്ദ്രമായി രൂപീകരിച്ചതോടെ പഴയ കൌതുകങ്ങളെല്ലാം ഒടുങ്ങി. വിദേശരാജ്യങ്ങളിലേക്കും മറ്റും ഐ ടി സ്വപ്നം കയറ്റിയയച്ചു. രണ്ടാണ്‍മക്കളും വ്യാവസായിക-വാണിജ്യ വമ്പന്മാര്‍തന്നെ.

റിയല്‍ എസ്റ്റേറ്റ് മാഫിയ

'സത്യ'ത്തിന്റെ നിക്ഷേപങ്ങളും ഓഹരികളും റിയല്‍ എസ്റ്റേറ്റ് മാഫിയാ പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് രാജു പുത്രന്മാര്‍ വെന്നിക്കൊടി പാറിച്ചത്. മൂത്ത മകനായ തേജരാജു മയ്താസ്ഇന്‍ഫ്ര എന്ന സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനാണ്. രണ്ടാമന്‍ രാമരാജുവാകട്ടെ മയ്താസ് പ്രോപ്പര്‍ട്ടിയുടെ ഉപാധ്യക്ഷനും. മയ്താസ് ഇന്‍ഫ്രയുടെ സാമ്പത്തിക സാമ്രാജ്യം മാനംമുട്ടിയത് അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. ജലസേചനപദ്ധതികള്‍, റോഡ്-റെയില്‍ നിര്‍മാണം, പാലം-തുറമുഖ കരാര്‍ തുടങ്ങിയവയിലൂടെ 30,074 കോടിയുടെ മുന്നേറ്റമുണ്ടായി ചുരുങ്ങിയ കാലയളവില്‍. 2003ല്‍ 100 കോടി ആസ്തി മാത്രമുണ്ടായ സ്ഥാപനമാണ് ഈ കുതിപ്പിലെത്തിയതെന്നത് കോര്‍പറേറ്റ്-രാഷ്ട്രീയ ബന്ധത്തിന്റെകൂടി വിജയസാക്ഷ്യമാണ്. 'സത്യ'ത്തില്‍നിന്നുള്ള പണം മയ്താസിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് വഴിതിരിച്ചുവിട്ടതും സര്‍ക്കാര്‍ വഴിവിട്ട്, പദ്ധതികള്‍ അനുവദിച്ചതുമാണ് ഈ 'വിജയ'ത്തിന്നടിസ്ഥാനം. ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി കരാറും നടത്തിപ്പും ഏറെ വിവാദമായിരിക്കയാണ്. 12,000 കോടിയുടേതാണത്. ഈ കരാര്‍ മയ്താസ് ഇന്‍ഫ്രക്ക് നല്‍കിയതിനെതിരെ ഡല്‍ഹി മെട്രോ റെയില്‍ മേധാവി ഇ ശ്രീധരനുപോലും ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്നു. 9222 കോടിയുടെ പ്രണഹിത-ചെവല്ല ജലസേചന പദ്ധതി, 1590 കോടിയുടെ മചിലിപട്ടണം ആഴക്കടല്‍ തുറമുഖ നിര്‍മാണം തുടങ്ങിയവയുടെയും കരാര്‍ നേടിയത് കഴിഞ്ഞ ആറുമാസത്തിനിടെയാണ്. ടെന്‍ഡര്‍ വിളിക്കുമ്പോള്‍പോലും മയ്താസിന്റെ ബിനാമികളും നിഴല്‍കമ്പനികളും മത്സരം ഒഴിവാക്കി എല്ലാം കൈക്കലാക്കുകയായിരുന്നുവത്രെ. ഇത്രയും തുക ഒഴുക്കിയിട്ടും 'സത്യം' കമ്പനി വ്യാപാരവും നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കൃത്രിമ ബാലന്‍സ് ഷീറ്റ് പ്രദര്‍ശിപ്പിച്ചുവരികയായിരുന്നുവെന്ന രാമലിംഗ രാജുവിന്റെ കുറ്റസമ്മതം എത്ര ലാഘവത്തോടെയാണ് നമ്മുടെ ഭരണസംവിധാനങ്ങള്‍ എടുത്തത്. അയാളും സഹോദരന്‍ രാമരാജുവും ചമച്ച കൃത്രിമ രേഖകകളിലൊന്നും ഇടപെടരുതെന്നായിരുന്നു ഓഡിറ്റര്‍മാര്‍ക്കടക്കം നല്‍കിയ നിര്‍ദേശങ്ങള്‍! വിപ്രോ, മെഗാ സോഫ്റ്റ് തുടങ്ങിയ ഐ ടി ഭീമന്മാര്‍ക്കുനേരെ ലോകബാങ്ക് അധികൃതര്‍ ഉയര്‍ത്തിയ സംശയങ്ങളും കരിമ്പട്ടികാ പ്രഖ്യാപനവും ഇതോട് ചേര്‍ത്താണ് വായിക്കേണ്ടത്. തീര്‍ന്നില്ല നെസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സും ഗ്യാപ് ഇന്റര്‍നാഷനലും ഇതേ പരിഗണനയിലാണ്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മയ്താസ് ഇന്‍ഫ്രക്ക് 1300 കോടി രുപ വേണ്ടിവരുമെന്നത് പ്രതിസന്ധി പിന്നെയും രൂക്ഷമാക്കും. ചെന്നെയിലെ പ്രത്യേക സാമ്പത്തികമേഖലയിലെ ചില പ്രവൃത്തികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍നിയന്ത്രണത്തിലും എം എം ടി സി പിന്മാറിയത് കുടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ച. 8603 കോടിയുടേതാണത്. പുതിയ ഡയരക്ടര്‍ബോര്‍ഡിനെ നിയമിച്ചതിനുശേഷവും പ്രതീക്ഷയുടെ ഉണര്‍വുണ്ടായിട്ടില്ല. എല്ലാം കാലിയാക്കപ്പെട്ട സ്ഥാപനമിപ്പോള്‍ മേല്‍ക്കൂര മാത്രമുള്ള അസ്ഥിപഞ്ജരമാണെന്ന ചില ജീവനക്കാരുടെ പ്രതികരണം ഹൃദയഭേദകമാണ്.

ജയില്‍ ജീവിതം സുഖവാസമോ

രാമലിംഗരാജുവിന്റെയും സഹോദരന്‍ രാമരാജുവിന്റെയും രണ്ടാം ജയില്‍ദിവസം മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് (Raju brothers start the day without tooth brush) സങ്കടത്തോടെയായിരുന്നു. കാരാഗൃഹത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഈ കൊടും സാമ്പത്തിക കുറ്റവാളികള്‍ അഭിമുഖീകരിച്ചതിലെ സങ്കടമുണ്ട് അതില്‍ നിറയെ. മുറിവേറ്റപോലെ, കുറ്റബോധം നിറഞ്ഞ നിലയിലായിരുന്നത്രെ രാമലിംഗ രാജു. ജയിലധികൃതര്‍ കൊടുത്ത വിരിപ്പില്‍ ഉറങ്ങിയതുപോലും വാര്‍ത്തയില്‍ വലിയ കാര്യമായി എടുത്തിടപ്പെട്ടു. ബാരക്കില്‍നിന്നും പുറത്തുകടക്കാത്ത സഹോദരന്മാര്‍ ആരോടും ഒന്നും ഉരിയാടിയില്ല. പത്രം മറിച്ചുനോക്കാനോ ടെലിവിഷന്‍ ശ്രദ്ധിക്കാനോ പോലും അവര്‍ മെനക്കെട്ടതുമുണ്ടായില്ല. പല്ലുതേക്കാന്‍ ബ്രഷും പേസ്റ്റും കൈയില്‍ വെച്ചില്ലെന്നും ജയില്‍ ഓഫീസര്‍ അറിയിച്ചുവത്രെ. അയാള്‍ അവ പുറത്തുനിന്ന് വരുത്തിക്കൊടുക്കുകയായിരുന്നു. രണ്ടുപേര്‍ക്കും കടുത്ത രക്തസമ്മര്‍ദമുണ്ടായതായി ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ തെളിയുകയും ചെയ്തുവെന്നും ടൈംസ് ഓഫ് ഇന്ത്യ എഴുതി. (2009 ജനുവരി 13) രക്തമോട്ടമാകെ നിലച്ച സാധാരണ നിക്ഷേപകരുടെയും ജീവനക്കാരുടെയും അവസ്ഥ കണ്ടെത്താന്‍ ഈ പത്രത്തിന് ഒരു വഴിയും ഇല്ലാതെപോയി.

തൂക്കിലേറ്റപ്പെട്ടവന്റെ വൃക്കയും ഉല്‍പ്പന്നം

ശതകോടികളില്‍ ചെറിയഭാഗം ചോര്‍ന്നതിന് അഡോള്‍ഫ് മെര്‍ക്കിള്‍ ആത്മഹത്യ ചെയ്തപ്പോഴും കുടുംബം അനാഥമായില്ല. സിയോളിലെ ശാസ്ത്രജ്ഞന് തൂപ്പുജോലി ലഭിച്ചില്ലെങ്കിലും ജീവിതം വലിക്കാനാവും. എന്നാല്‍ 'സത്യം' ഞെരിച്ചുകളഞ്ഞ ജീവനക്കാരന്റെ ആത്മഹത്യ അയാളുടെ കുടുംബത്തെ തീര്‍ത്തും അനാഥമാക്കും. സിംഗപ്പൂരില്‍നിന്നുള്ള സമീപകാല വാര്‍ത്ത ഇതിനൊരു അനുബന്ധമാണെന്ന് തോന്നുന്നു. അസുഖബാധിതനായ അവിടുത്തെ ഒരു കോടീശ്വരന്‍ വൃക്ക വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചതിന് ജയിലിലായി. ഒടുവില്‍ അയാള്‍ക്ക് അത് ലഭിച്ചു. വധശിക്ഷ നടപ്പാക്കപ്പെട്ട ഒരു ക്രിമിനലിന്റെതായിരുന്നു അത്. താങ്വീസങ് എന്ന ധനാഢ്യന്നാണ് താന്‍ ജോര്‍ചിന്‍ എന്ന കുറ്റവാളി തുക്കിലേറുംമുമ്പ് ഒരു വൃക്ക നല്‍കിയത്. 'ഒറ്റക്കണ്ണന്‍ പിശാച്' എന്ന പേരിലറിയപ്പെടുന്ന താന്‍ പലരെയും വധിച്ച കേസിലാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 12,000 ഡോളറിന് ഇന്തോനേഷ്യക്കാരനില്‍നിന്ന് വൃക്ക സ്വീകരിക്കാനൊരുങ്ങവെയാണ് താങ് പിടിയിലായതും ശിക്ഷയേല്‍ക്കേണ്ടി വന്നതും. 'സ്ട്രെയിറ്റ്സ് ടൈംസ്' ദിനപത്രം പുറത്തുകൊണ്ടുവന്ന ഈ അവയവകഥയുടെ അന്ത്യവും പണദേവതക്കുമുന്നില്‍ കുമ്പിട്ടുകൊണ്ടാണ്. ആത്മഹത്യയും വൃക്കയുടെ വ്യാപാരമൂല്യം ഉറപ്പിക്കുന്നുണ്ടെന്ന് അത് ഇന്ത്യക്കാരെയും പഠിപ്പിക്കാതിരിക്കില്ല. വ്യത്യസ്തമായ ഇത്തരം കഥകള്‍ സത്യത്തിലാരും തിരിച്ചറിയുന്നില്ല.

*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി

Tuesday, January 20, 2009

ചൈനീസ് ഫ്ലാഗെന്നാല്‍ എന്താണ് മുത്തശ്ശീ?

ജനുവരി - 9: "സമ്മേളനത്തിനായി എത്തുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും കൊടിയുണ്ടാകും. രണ്ടോ മൂന്നോ വലിയ കൊടികളും ബാക്കി ചൈനീസ് നിര്‍മിത കൊടികളുമാണ്.''

-മലയാള മനോരമ.

മലയാള മനോരമയുടെ റിപ്പോര്‍ട്ട് ശരിയെങ്കില്‍ കൊച്ചിയിലെ റാലിക്ക് രണ്ടുലക്ഷം കൊടികളെങ്കിലും ചൈനയില്‍നിന്നുവരുത്തണം സിപിഐ (എം). റാലിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊടിവേണമെന്നും ഒരു സംഘത്തില്‍ രണ്ടോ മൂന്നാ വലിയ കൊടികളും ബാക്കി ചൈനയിലുണ്ടാക്കിയ ചെറിയ കൊടികളും ഉണ്ടാകണമെന്നും പാര്‍ടി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തയ്ക്ക് മറ്റെന്താണ് അര്‍ത്ഥം? റിപ്പോര്‍ട്ട് ശരിയെങ്കില്‍ പ്രശ്നം ഗുരുതരം.

പക്ഷേ, കാര്യം നിസ്സാരം എന്നതാണ് സത്യം.

പ്രകടനത്തില്‍ 'ചൈനീസ് ഫ്ലാഗു'കള്‍ പിടിക്കും എന്നറിഞ്ഞ മനോരമ റിപ്പോര്‍ട്ടര്‍ക്കാണ് പിഴച്ചത്. ചൈനീസ് ഫ്ലാഗ് എന്നാല്‍ ചൈനയിലുണ്ടാക്കിയ കൊടിയല്ലേ! മധുരം മലയാളം മുദ്രാവാക്യമാക്കിയ മനോരമയുടെ ഇംഗ്ളീഷ് മീഡിയം ചിന്തപോയത് ആ വഴിക്കാവണം.

ചൈനീസ് ഫ്ലാഗെന്ന് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ വിളിക്കുന്നത് നെടുങ്ങനെയുള്ള ചുവന്ന കൊടിയെയാണ്. റാലിക്കെത്തുന്ന ഓരോ സംഘത്തിലും ഒന്നോ രണ്ടോ പാര്‍ടിക്കൊടിയും ബാക്കി ചിഹ്നമില്ലാത്ത ചെറുകൊടികളും ഉണ്ടാകും എന്നു പറഞ്ഞു കേട്ടതാണ് മനോരമയില്‍ ഇങ്ങനെയായത്. റാലിക്കു കൊണ്ടുവരുന്ന ചൈനീസ് ഫ്ലാഗുകള്‍ വയലാറിന്റെ കഥാപാത്രമായ 'നാല്‍ക്കവലയിലെ തയ്യല്‍ക്കടയിലെ ചാക്കോമേസ്തിരി'മാര്‍ തയ്ചെടുക്കുന്നതാണ്, ചൈനയില്‍നിന്നു വരുന്നതല്ല എന്ന് അവര്‍ക്ക് തിരിഞ്ഞില്ല.

പത്രപ്രവര്‍ത്തനം യൂണിവേഴ്സിറ്റികളില്‍നിന്നും അക്കാഡമികളില്‍നിന്നും പഠിച്ചെടുക്കാവുന്നതും വിദേശസ്കോളര്‍ഷിപ്പുകളിലൂടെ ഇന്റര്‍നാഷണലൈസ് ചെയ്യാവുന്നതുമായി മാറുമ്പോള്‍, നാട്ടുനടപ്പ് അറിയില്ലെങ്കിലും ചെയ്യാവുന്നതാണ് എന്നു വരുമ്പോള്‍, ഇതും ഇതിലപ്പുറവും സംഭവിക്കും. നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഈ വലിയ അപഭ്രംശം പുറത്തുകൊണ്ടുവന്ന മനോരമയുടെ ചിരിപ്പിക്കുന്ന തെറ്റിന് നാട്ടറിവിന്റെ ചൈനീസ് ഫ്ലാഗുയര്‍ത്തി ഒരഭിവാദനം.

*

ജനുവരി-10: "എട്ടു കോടിയുടെ വായ്പ തട്ടിപ്പിന് ഇന്ത്യാവിഷനെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി കെ ജഗദീഷ് മുമ്പാകെ വിജിലന്‍സ് ഡിവൈഎസ്പി (ജനുവരി) ഒമ്പതിന് എഫ്ഐആര്‍ സമര്‍പ്പിച്ചു''

-ദേശാഭിമാനി

മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ ഏതാണ്ട് ഒറ്റക്കെട്ടായി തമസ്കരിച്ച വാര്‍ത്തയാണിത്. മാധ്യമം, ദേശാഭിമാനി, പീപ്പിള്‍, കൈരളി എന്നിവ മാത്രമാണ് ഇത് റിപ്പോര്‍ട്ടുചെയ്ത മുഖ്യ മാധ്യമങ്ങള്‍.

"ഇന്ത്യാവിഷന്‍ സംസ്ഥാന സഹകരണബാങ്കില്‍നിന്ന് മൂന്നുകോടി രൂപ വായ്പ വാങ്ങി. ഒരു രൂപപോലും തിരിച്ചടയ്ക്കാതെ അത് എട്ടുകോടി രൂപയായി പെരുകി. മതിയായ ഈടില്ലാതെ വായ്പ നല്‍കിയതിനാല്‍ റിക്കവറി നടപടികള്‍ പ്രായോഗികമായി നടപ്പില്ല. മതിയായ ഈടില്ലാതെ വായ്പനല്‍കിയത് തട്ടിപ്പാണ്. ഇതിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു. എം കെ മുനീറടക്കമുള്ള ഇന്ത്യാവിഷന്‍ ഭാരവാഹികളും സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷനടക്കമുള്ള മുന്‍ സഹകരണബാങ്ക് ഭാരവാഹികളും പ്രതികള്‍'' ഇതാണ് വാര്‍ത്ത.

ഇതുപോലൊരു വാര്‍ത്ത എങ്ങനെ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കും? ഇത് റിപ്പോര്‍ട്ടുചെയ്യാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എന്തവകാശം? സഹകരണബാങ്കിലെ പണം-പാവപ്പെട്ടവരും ഇടത്തരക്കാരുമായ മലയാളികളുടെ പണം-കൊള്ളയടിക്കപ്പെട്ട ഈ വായ്പാ കുംഭകോണത്തില്‍ മലയാള മാധ്യമങ്ങള്‍ ആരുടെ കൂടെ? ഇന്ത്യാവിഷന്‍ ഇത് കൊട്ടിഘോഷിക്കാത്തതു മനസ്സിലാക്കാം. മറ്റു മാധ്യമങ്ങള്‍ക്ക് എന്തുപറ്റി? ഈ ചോദ്യങ്ങളാണ് ഈ വാര്‍ത്താ തമസ്കരണം നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

*
എന്‍ പി ചന്ദ്രശേഖരന്‍ കടപ്പാട്: ചിന്ത വാരിക

ബാലാനന്ദന്‍ - ജീവിതവും രാഷ്‌ട്രീയവും

പ്രാരാബ്‌ധങ്ങള്‍ മൂലം ഏഴാംക്ളാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന ഒരാള്‍, പിന്നീട് തടിച്ച പ്രത്യയശാസ്‌ത്രഗ്രന്ഥങ്ങളും, ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ചു മനസ്സിലാക്കുകയും അവയിലെ വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ തൊഴിലാളികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു. പതിനാലു വയസ്സിനു മുന്‍പ് ജീവിതം മുന്നോട്ട് കൊണ്ടു പോകുവാനായി കള്ളുഷാപ്പു ജീവനകാരനാകേണ്ടി വന്ന ഒരാള്‍ പിന്നീട് ലോക്‍സഭയില്‍ ബജറ്റുപോലുള്ള വിഷയങ്ങളില്‍വരെ ഒന്നാം തരം ഇംഗ്ലീഷില്‍ ആഴത്തിലുള്ള വിലയിരുത്തലുകള്‍ നിസ്സാരമായി നടത്തുമായിരുന്നു.

അതായിരുന്നു സഖാവ് ബാലാനന്ദന്‍....

സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന സഖാവ് ബാലാനന്ദന്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. 2009 ജനുവരി 19 തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു അന്ത്യം.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ തകര്‍ന്നു തുടങ്ങിയ ഇടത്തരം കുടുംബത്തിലായിരുന്നു ഇ ബാലാനന്ദന്റെ ജനനം. പ്രാരബ്‌ധങ്ങളാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന ബാലാനന്ദന് ജീവിതത്തിന്റെ പാഠശാലയിലായിരുന്നു പിന്നെ വിദ്യാഭ്യാസം. ചെറുപ്പത്തില്‍തന്നെ വീടും പറമ്പും പണയത്തിലായി. അനുജത്തി വിലാസിനി ജനിച്ചശേഷം അച്ഛനുമമ്മയും തമ്മില്‍ പിരിഞ്ഞു. ഇരുവരും പുനര്‍വിവാഹം നടത്തി. അമ്മയുടെ രണ്ടാം വിവാഹത്തില്‍ രണ്ട് അനുജത്തിമാര്‍ കൂടി ബാലാനന്ദനുണ്ടായി. സുലോചനയും നളിനിയും. കയറുപിരി തൊഴിലാളിയായിരുന്ന അമ്മ സ്വന്തമായി തൊണ്ടുവാങ്ങി ചീയിച്ച് ജോലിചെയ്യുമായിരുന്നു. നീണ്ടകര സെന്റ് ജോസഫ് പ്രൈമറി സ്‌കൂളിലായിരുന്നു (ഇപ്പോള്‍ ഹൈസ്കൂള്‍) ബാലാനന്ദന്റെ വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തിക പ്രയാസത്താല്‍ മൂന്നാംഫോറം (ഇന്നത്തെ ഏഴാം ക്ളാസ്) പൂര്‍ത്തിയാക്കുംമുമ്പേ പഠനം നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് അമ്മാവന്‍ അനന്തന്റെ കള്ളുഷാപ്പുകളില്‍ ജോലിക്കാരനായി. തെക്കേ കരുനാഗപ്പള്ളി വടക്കുംതല ഷാപ്പില്‍ ജോലിചെയ്യവേ തൊഴിലന്വേഷിച്ച് നീലഗിരിക്കുപോയി. വടക്കുംതലക്കാരന്‍ കൃഷ്ണന്‍ വൈദ്യന്‍ നീലഗിരിയിലെ കൂനൂരില്‍ വൈദ്യശാല നടത്തിയിരുന്നു. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തു. പിന്നെ രണ്ടു മാസത്തോളം ഊട്ടിയില്‍ പെയിന്റിങ്ങ് ജോലിയില്‍ ഏര്‍പ്പെട്ടു. കോയമ്പത്തൂര്‍ക്കുള്ള വഴിയില്‍ അരവന്‍കാട് സൈനിക ക്യാമ്പിലായിരുന്നു പിന്നെ ജോലി. അവിടെ കൺസ്‌ട്രക്ഷന്‍ സൈറ്റില്‍ സര്‍വെ ഉപകരണം നിയോള്‍ലൈറ്റ് ചുമക്കലായിരുന്നു ജോലി. അവിടെയും രണ്ടുമാസത്തോളം ജോലി. അക്കാലത്ത് ആലുവ കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ കേന്ദ്രമായി മാറാനാരംഭിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് നടന്ന് ആലുവയില്‍ വന്ന ബാലാനന്ദന്‍ 1941 അവസാനം ഏലൂരിലെ കുറ്റിക്കാട്ടുകരയിലെത്തി. അവിടെ അലൂമിനിയം കമ്പനിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. സ്റ്റീല്‍ ഇറക്ഷന്‍ വര്‍ക്കില്‍ കൂലിപ്പണിക്കുചേര്‍ന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതീകരണജോലികള്‍ ചെയ്യാന്‍ കരാറുണ്ടായിരുന്ന ജനറല്‍ ഇലൿട്രിക് കമ്പനി (ജിഇസി) തൊഴിലാളികളെ എടുത്തപ്പോള്‍ ബാലാനന്ദനും ജോലി കിട്ടി. നിര്‍മാണം പൂര്‍ത്തിയാക്കി അലൂമിനിയം കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ജിഇസിയുടെ ശുപാര്‍ശയനുസരിച്ച് ഹെല്‍പര്‍ ജോലികിട്ടി. പിന്നീട് സെക്കന്‍ഡ് ഗ്രേഡ് ഇലക്ട്രീഷ്യനായി. ഒന്നേമുക്കാല്‍ രൂപയായിരുന്നു മാസശമ്പളം.

അലൂമിനിയം ഫാൿടറിയില്‍വെച്ചാണ് ബാലാനന്ദന്‍ തൊഴിലാളി പ്രവര്‍ത്തനമാരംഭിച്ചത്. അലൂമിനിയം ഫാൿടറി വര്‍ക്കേഴ്സ് യൂണിയന്റെ (എഎഫ്‌ഡബ്ള്യുയു) രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറാമത്തെ യൂണിയനായിരുന്നു എഎഫ്‌ഡബ്ള്യുയു. ഇതിനിടെ കൂലിവര്‍ധനവിനുവേണ്ടി കരാര്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേതൃത്വം നല്‍കിയതിന് ബാലാനന്ദനടക്കം ചിലരെ പിരിച്ചുവിട്ടു. എന്നാല്‍ ഐജി ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ഇവരെ തിരിച്ചെടുക്കാന്‍ കമ്പനി മുതലാളിയായിരുന്ന കാമറോൺ സായിപ്പിനു സമ്മതിക്കേണ്ടിവന്നു. തൊഴില്‍വകുപ്പ് ഇല്ലാത്ത കാലമായിരുന്നു അത്. പുന്നപ്ര - വയലാര്‍ സമരത്തെ തുടര്‍ന്ന് വൈകാതെ വീണ്ടും കമ്പനിയില്‍നിന്ന് പുറത്താക്കിയതോടെ ബാലാനന്ദന്‍ പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി. ഇതിനകം 1943ല്‍ ബാലാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ രാഷ്‌ട്രീയം ചൂടുപിടിക്കുകയായിരുന്ന അക്കാലത്ത് തൊഴിലാളികള്‍ തൊഴില്‍ - കൂലി പ്രശ്‌നങ്ങള്‍ക്കു പുറമെ രാഷ്‌ട്രീയ പ്രശ്‌നങ്ങളും യൂണിയന്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ആലുവയില്‍ നിന്നുള്ള പ്രതിനിധിയായി ബാലാനന്ദന്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോൺഗ്രസിന്റെ (എടിടിയുസി) വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ അംഗമായി. പുന്നപ്ര - വയലാര്‍ സമരത്തിന്റെ ഭാഗമായി പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ച എടിടിയുസി വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തില്‍ ബാലാനന്ദനും പങ്കെടുത്തു. എടിടിയുസി പിന്നീട് എഐടിയുസിയുടെ ഭാഗമായതുമുതല്‍ എഐടിയുസി ജനറല്‍ കൌൺസില്‍ അംഗമായിരുന്നു ബാലാനന്ദന്‍.

1946 സെപ്തംബറില്‍ത്തന്നെ ട്രേഡ് കൌൺസിലുകള്‍ രൂപീകരിച്ച് നടത്തിയ തിരുവിതാംകൂറില്‍ ദിവാന്‍ഭരണം അവസാനിപ്പിക്കാനും അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌ക്കാര നിര്‍ദേശം ചെറുക്കാനും രാജവാഴ്‌ച അവസാനിപ്പിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നേടാനുമുള്ള പോരാട്ടത്തിനുശേഷം ബാലാനന്ദന്‍ ഒളിവിലായി. പുന്നപ്ര വെടിവയ്പിനുശേഷം ഒളിവിലിരുന്നു പാര്‍ടി നിര്‍ദേശപ്രകാരം ബാലാനന്ദന്‍ കളമശേരി, ആലുവ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി നിരോധനം വന്നതോടെ 1948-50 കാലഘട്ടങ്ങളില്‍ ബാലാനന്ദന്‍ പലവട്ടം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

തിരുവിതാംകൂറില്‍ ആലുവ ഡിവിഷന്‍ കമ്മിറ്റിയിലായിരുന്നു ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന്‌ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ശക്തമായ എതിര്‍പ്പുണ്ടായിരുന്ന കാലം കൂടിയായിരുന്നു അത്‌. 1949-ല്‍ തിരു-കൊച്ചി സംയോജനം നടക്കുമ്പോഴേക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംയുക്ത ജില്ലാ കമ്മിറ്റി രൂപവത്‌കരിച്ചുകഴിഞ്ഞിരുന്നു. പി.ഗംഗാധരന്‍ സെക്രട്ടറിയായിരുന്ന കമ്മിറ്റിയില്‍ സെക്രട്ടേറിയറ്റ്‌ അംഗമായിരുന്നു ഇ. ബാലാനന്ദന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലായിരുന്നു യഥാര്‍ഥത്തില്‍ ഇ. ബാലാനന്ദന്റെ വിദ്യാലയം. അവിടെ വെച്ച്‌ അദ്ദേഹം വായനയ്‌ക്കും പഠനത്തിനും സമയം കണ്ടെത്തുകയായിരുന്നു. ഇംഗ്ലീഷ്‌ പഠിക്കുന്നതും അപ്പോഴാണ്‌. പുന്നപ്ര-വയലാര്‍ സമരകാലത്താണ്‌ അദ്ദേഹം ജയിലിലെത്തുന്നത്‌. കൊടിയ മര്‍ദനമാണ്‌ ജയിലില്‍ ഏല്‍ക്കേണ്ടിവന്നത്‌. മര്‍ദനമേറ്റ്‌ മുഹമ്മ അയ്യപ്പന്‍ എന്ന സഖാവ്‌ മരിച്ചുവീഴുന്നത്‌ ഇ. ബാലാനന്ദനു നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്‌.

എഐടിയുസി ജില്ലാ സെക്രട്ടറിയായിരിക്കെ 1957ലായിരുന്നു വിവാഹം. ബന്ധുവായ കേശവന്‍വൈദ്യന്റെ മകളാണ് ഭാര്യ സരോജിനി.

രണ്ടാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ സമയത്ത് പി സി ജോഷി മാറി ബി ടി രണദിവെ പാര്‍ടി ജനറല്‍ സെക്രട്ടറിയായി. താമസിയാതെ പാര്‍ടി നിരോധിക്കപ്പെട്ടു. നിരോധിക്കപ്പെട്ട പാര്‍ടിയുടെ പ്രവര്‍ത്തനത്തിനായി ഇവിടെ രൂപീകരിച്ച സംവിധാനത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്നു ബാലാനന്ദന്‍. അക്കാലത്ത്‌ ആലുവ-കളമശ്ശേരി മേഖലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ ഒളിവില്‍ താമസിപ്പിക്കുന്നതിനും ഒളിവില്‍ കഴിയുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുമെല്ലാം നേതൃത്വം കൊടുക്കാനും ബാലാനന്ദന്‌ കഴിഞ്ഞിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്ന്‌ സി.പി.എം രൂപവത്‌കൃതമായപ്പോള്‍, തങ്ങളുടെ ആശയം തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും താത്ത്വിക നിലപാട്‌ അണികളില്‍ എത്തിക്കുന്നതിനും ഇ.ബാലാനന്ദന്‍ മുഖ്യപങ്കുവഹിച്ചു. സി.പി.എം. ഉണ്ടായ ശേഷം ആദ്യ പി.ബി.യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്‌ തൃശ്ശൂര്‍ വച്ചായിരുന്നു. അതിനുവേണ്ടി എത്തിയ പി.സുന്ദരയ്യ അടക്കമുള്ള നേതാക്കളെ പോലീസ്‌ അറസ്റ്റുചെയ്‌തു. ഇ. ബാലാനന്ദനും എം.എം.ലോറന്‍സും അടക്കമുള്ളവരും വിവിധ ഭാഗങ്ങളില്‍നിന്ന്‌ പോലീസ്‌ പിടിയിലായി. 16 മാസം വിയ്യൂര്‍ ജയിലില്‍ ബാലാനന്ദനും എം. എം. ലോറന്‍സും ഒരേ ബ്ലോക്കില്‍ കഴിഞ്ഞു. പ്രവര്‍ത്തന മേഖലയില്‍ എന്തെല്ലാം ആവശ്യമാണോ, അതെല്ലാം സ്വയം ആര്‍ജിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് അഖിലേന്ത്യ ട്രഷററും പ്രസിഡന്റുമായി. സംസ്ഥാന പ്രസിഡന്റ് സി കണ്ണനായിരുന്നു. ബിടിആറിന്റെ മരണത്തെ തുടര്‍ന്ന് 1990ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ പ്രസിഡന്റായി തുടര്‍ന്നു. സിഐടിയുവിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഈ നേതൃത്വം നല്‍കിയ സംഭാവന വിലമതിക്കാനാവില്ല. ട്രേഡ് യൂണിയന്‍ മേഖലയില്‍ ഐക്യമുണ്ടാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രചാരണ സമിതി, പിന്നീട് ട്രേഡ് യൂണിയനുകളുടെ സ്പോൺസറിങ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിന് ബാലാനന്ദന്‍ മുന്‍കൈ എടുത്തു. തൊഴിലാളി സംഘാടകനായി ട്രേഡ് യൂണിയന്‍ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവന്ന ബാലാനന്ദന്‍ അലൂമിനിയം, പോട്ടറി, ടെക്സ്റ്റയില്‍, ട്രാവന്‍കൂര്‍ റയോൺസ്, വൈദ്യുതിബോര്‍ഡ്, എച്ച്എംടി തുടങ്ങിയ ആധുനിക വ്യവസായങ്ങളിലും ചെത്ത്, കശുവണ്ടി, തോട്ടം, കയര്‍, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വൈദ്യുതിജീവനക്കാരുടെ സംഘടനയായ ഇലൿട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ബാലാനന്ദന്‍ വലിയ പങ്കുവഹിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് അദ്ദേഹമായിരുന്നു. വൈദ്യുതിജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി തുടര്‍ന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെ പ്രബല സംഘടനയാക്കി ഇഇഎഫ്ഐയെ വളര്‍ത്തിയെടുത്തത് ബാലാനന്ദനാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം പൊളിറ്റ്ബ്യൂറോയിലെത്തിയ മലയാളിയായിരുന്നു ബാലാനന്ദന്‍. അദ്ദേഹത്തിന്റെ സംഘടനാപാടവവും ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനപരിചയവും കണ്ടറിഞ്ഞ ഇ എം എസും ബി ടി ആറുമാണ് പൊളിറ്റ്ബ്യൂറോ അംഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മൂന്ന് പതിറ്റാണ്ട് ഡല്‍ഹിയെ രാഷ്‌ട്രീയതട്ടകമാക്കിയ ബാലാനന്ദന്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവായ ശേഷം 2004-2005ല്‍ കേരളത്തിലേക്ക് തിരിച്ചെത്തി.

കക്ഷിരാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി പൊതുസമൂഹത്തിന്റെ ആദരവും സ്നേഹവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കമ്യൂണിസ്റ്റായി മാറുകയെന്നത് അങ്ങേയറ്റം അപകടകരമായ ജീവിതം തെരഞ്ഞെടുക്കുന്നതിനു തുല്യമായിരുന്ന ആസുരകാലത്ത് എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്ത് പോര്‍വീഥികളിലേക്ക് നടന്നു കയറുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടു വര്‍ഷം രാജ്യസഭയിലും അതിനുമുമ്പ് ലോക സഭയിലും അംഗമായിരുന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളാണ് പ്രധാനമായും പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പാസാക്കിയ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന ബില്ലിനുവേണ്ടി അദ്ദേഹം പലവട്ടം രാജ്യസഭയില്‍ സംസാരിച്ചിട്ടുണ്ട്. പി എ സംഗ്‌മ തൊഴില്‍മന്ത്രിയായ വേളയില്‍ ഇത്തരമൊരു ബില്ലിനുവേണ്ടി തൊഴില്‍ മന്ത്രാലയത്തിന്റെ ഉപധനാഭ്യര്‍ഥനയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ബാലാനന്ദന്റെ പ്രതിബദ്ധതയെ മന്ത്രി പ്രശംസിച്ചു. ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍ തുടങ്ങിയ രാജ്യസഭാധ്യക്ഷന്മാരുടെ പ്രശംസയ്ക്കും ബാലാനന്ദന്‍ പാത്രമായിട്ടുണ്ട്. രാജ്യസഭയില്‍ മേശയ്ക്ക് അടിച്ച് കൈ കൂട്ടിത്തിരുമ്മി നടത്തുന്ന ബാലാനന്ദന്റെ പ്രസംഗം സഭയില്‍ ആരും തടസ്സപ്പെടുത്താറുണ്ടായിരുന്നില്ല. കാരണം തൊഴിലാളികളുടെ വേദനകള്‍ക്കാണ് അദ്ദേഹം സഭയില്‍ ശബ്ദം നല്‍കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുക്കുന്നതിലും, വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിലും അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്.

1994-95 കാലത്ത് കോഫിബോര്‍ഡ്‌ പിരിച്ചുവിടാന്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക്‌ നഷ്ടപരിഹാരവും ആനുകൂല്യവും നല്‍കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ കോഫി ബോര്‍ഡ്‌ ലേബര്‍ യൂണിയന്‍ പ്രസിഡന്റ്‌ കൂടിയായ ബാലാനന്ദന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റുമാരും എം.പി.മാരുമായ എം.എ. ബേബി, സുശീല ഗോപാലന്‍ എന്നിവരോടൊപ്പം ധനമന്ത്രിയെ കാണുവാന്‍ ചെന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കൊടി ഇന്ത്യയിലേക്കു കൊണ്ടു വന്ന ഡോ. മന്‍മോഹന്‍സിങ്ങ് ആയിരുന്നു ധനമന്ത്രി. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക്‌ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും അനുവദിക്കാന്‍ ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം മറ്റൊരു ഉത്തരവുകൂടി വന്നു. തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന നഷ്ടപരിഹാരത്തില്‍നിന്ന്‌ ആദായനികുതി ഈടാക്കും എന്നായിരുന്നു പുതിയ വ്യവസ്ഥ. ഉത്തരവു കണ്ട്‌ ക്ഷുഭിതനായ ബാലാനന്ദന്‍ ധനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം വാങ്ങി. നേരത്തേ പോയ അതേ സംഘമാണ്‌ വീണ്ടും ധനമന്ത്രിയെ കാണാന്‍ പോയത്‌.

''പാവപ്പെട്ട തൊഴിലാളികള്‍ക്കു കൊടുക്കുന്ന ചില്ലിക്കാശില്‍ കൈയിട്ടുവാരാന്‍ നിങ്ങള്‍ക്കു മനഃസാക്ഷിയില്ലേ?'' എന്നായിരുന്നു ധനമന്ത്രി മന്‍മോഹന്‍സിങ്ങിനോടുള്ള ബാലാനന്ദന്റെ ചോദ്യം. തീരുമാനം മാറ്റാതെ ഈ മുറിയില്‍നിന്ന്‌ ഇറങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ്‌ മേശപ്പുറത്ത്‌ ബാലാനന്ദന്‍ ആഞ്ഞിടിച്ചു. സ്വതേ സൗമ്യനായ ബാലാനന്ദന്റെ ഭാവമാറ്റം കണ്ട്‌ മന്ത്രി അമ്പരന്നു. ഒടുവില്‍ മന്‍മോഹന്‍സിങ്‌ അന്നുതന്നെ പുതിയ തീരുമാനം തിരുത്തി. വിജയശ്രീലാളിതരായി 'സ്വാമി'യും സംഘവും മടങ്ങുകയും ചെയ്‌തു.

തൊഴിലാളിവര്‍ഗ പാര്‍ടിയുടെ പാര്‍ലമെന്റംഗം എന്ന നിലയില്‍ ലോകസഭയിലും പിന്നീട് രാജ്യസഭയിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. എട്ടാംതരംവരെമാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ബാലാനന്ദന്‍ ചില പ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രസംഗശൈലി പില്‍ക്കാലത്ത് അദ്ദേഹം തുടര്‍ന്നുപോന്നതുതന്നെ. ശബ്ദം താഴ്ത്തി, ചില ഭാഗങ്ങള്‍ പറയാതെ വിട്ട് ഭാവപ്രകടനത്തിലൂടെ പൂരിപ്പിക്കുന്ന രീതി. പറയുന്നതിന് ഊന്നല്‍ കൊടുത്ത് ഇടയ്ക്ക് മേശപ്പുറത്ത് കൈകൊണ്ട് തട്ടലുമുണ്ട്. എന്തെങ്കിലും ബഡായി പറഞ്ഞുപോകുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. പറയേണ്ടകാര്യം നന്നായി പഠിച്ച്, നിശ്ചയിച്ചുറപ്പിച്ച വിധത്തില്‍ത്തന്നെ അവതരിപ്പിക്കും. വ്യത്യസ്തമായ അവതരണശൈലി പ്രസംഗങ്ങളെ ആകര്‍ഷകമാക്കി.

സ്വന്തം പ്രസ്ഥാനത്തെ പ്രതിരോധിക്കുന്നതില്‍ എന്നും മുന്നോട്ട് വന്നിട്ടുള്ള അദ്ദേഹം എതിരാളികളുടെ വായടപ്പിക്കുന്ന തരത്തില്‍ യുക്തിഭദ്രമായ മറുപടി നല്‍കുന്നതില്‍ വിദഗ്ദനായിരുന്നു. എന്‍ഡിഎ ഭരണകാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കത്തിനില്‍ക്കുമ്പോള്‍ സിപിഐഎം എംപിമാരും ചിലര്‍ക്ക് പെട്രോള്‍ പമ്പ് അനുവദിക്കണമെന്ന് ശുപാര്‍ശചെയ്ത് മന്ത്രിക്ക് കത്ത് നല്‍കിയതായി പത്രങ്ങളില്‍ പ്രധാന്യത്തോടെ വാര്‍ത്തകള്‍ വന്നു. അപ്പോഴും ബാലാനന്ദന് യാതൊരു പതര്‍ച്ചയും ഇല്ലായിരുന്നു. "ശരിയാണ്, നമ്മളും കത്തുനല്‍കിയിട്ടുണ്ട്. യുദ്ധവിധവകളും പാവപ്പെട്ടവരുമടക്കം അര്‍ഹതയുള്ളവര്‍ക്ക് പെട്രോള്‍ പമ്പ് അനുവദിക്കണമെന്നാണ് നമ്മള്‍ ശുപാര്‍ശ ചെയ്തത്. ഇതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ സര്‍ക്കാര്‍ ചെയ്തതാവട്ടെ, എല്ലാ വ്യവസ്ഥകളും ലംഘിച്ച് സ്വന്തക്കാര്‍ക്കുമാത്രം പെട്രോള്‍ പമ്പ് അനുവദിച്ചു. ഈ പ്രശ്‌നത്തില്‍ നമ്മള്‍ പ്രതിരോധത്തിലാവേണ്ട കാര്യമൊന്നുമില്ല.''

പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ബാലാനന്ദന്‍ സ്വാമിയായിരുന്നു. ഇ എം എസും സുര്‍ജിത്തും ഒക്കെ സ്നേഹവായ്പോടെ അദ്ദേഹത്തെ സ്വാമിയെന്നാണ് വിളിച്ചിരുന്നത്. ജയില്‍വാസത്തിനിടയ്ക്കാണ് അദ്ദേഹത്തിന് ഈ ഓമനപ്പേര് വീണത്. ആലുവ അലുമിനിയം കമ്പനി സമരത്തിനിടെ പൊലീസിനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ബാലാനന്ദനെ ജയിലിലടച്ചത്. ജാമ്യം കിട്ടാന്‍ ദിവസങ്ങള്‍ എടുത്തു. ഇതിനിടെ താടിനീണ്ടു. ഈ രൂപംകണ്ട് അന്ന് ജയിലില്‍ ഉണ്ടായിരുന്ന കെ എ രാജനാണ് ആദ്യം സ്വാമിയെന്നു വിളിച്ചത്. സഹതടവുകാര്‍ ഏറ്റെടുത്തു വിളിച്ച ചെല്ലപ്പേര് ജയില്‍മോചിതനായതോടെ പുറത്തും പരന്നു.

തൊഴിലാളിവര്‍ഗത്തിന്റെ മാതൃകാപുത്രന്റെ ജീവിതയാത്ര അവസാനിച്ചത് 'ബാലാനന്ദന്റെ യാത്രകളിലെ ഇടത്താവളം' എന്ന് ഇ എം എസ് വിശേഷിപ്പിച്ച കളമശേരിയില്‍ത്തന്നെ. ഒരു ജീവിതംമുഴുവന്‍ നിസ്വവര്‍ഗത്തിനായി ഉഴിഞ്ഞുവച്ച സ്വാമിക്ക് ഒടുവില്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പില്‍ത്തന്നെ അന്ത്യവിശ്രമമായി. കളമശേരിയും കുടുംബവുമായുള്ള ബാലാനന്ദന്റെ അടുപ്പം പാര്‍ട്ടിവൃത്തങ്ങളില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച രണ്ടുപതിറ്റാണ്ടിനിടയിലും മാസത്തിലൊരിക്കലെങ്കിലും വീട്ടില്‍വരാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുമ്പോഴും മലബാറിലേക്കും കോട്ടയത്തേക്കും ഉള്ള യാത്രയിലൊക്കെ അദ്ദേഹം കളമശേരിയിലെത്തുമായിരുന്നു.

അദ്ദേഹത്തിന്റെ സ്നേഹത്തെയും ലളിത ജീവിതത്തെയുംകുറിച്ച് ദീര്‍ഘകാലം ബാലാനന്ദനൊപ്പം പ്രവര്‍ത്തിച്ച എം കെ പന്ഥെ ഇങ്ങനെ അനുസ്‌മരിക്കുന്നു. "എംപി ആയിരുന്ന കാലത്ത് പലപ്പോഴും സഖാവിന്റെ സഹയാത്രികനായി ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. എംപിമാര്‍ക്കുമാത്രമേ ഒന്നാംക്ളാസില്‍ യാത്രചെയ്യാന്‍ അനുവാദമുള്ളൂ. കൂടെ യാത്രചെയ്യുന്നയാള്‍ക്ക് രണ്ടാംക്ളാസും. എന്നാല്‍, ഞാന്‍ കൂടെ യാത്ര ചെയ്തപ്പോഴൊക്കെ സഖാവ് രണ്ടാംക്ളാസിലാണ് യാത്രചെയ്തത്.''

ഒരിക്കലും മായാത്ത പുഞ്ചിരി, വാത്സല്യം തുളുമ്പുന്ന കുശലാന്വേഷണങ്ങള്‍, നടപ്പിലും രീതികളിലും തികഞ്ഞ ലാളിത്യം, കുലീനമായ വിനയം... ഇ. ബാലാനന്ദന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ പ്രകൃതം പ്രത്യക്ഷത്തില്‍ ഇങ്ങനെ. ശരിയാകട്ടെ തെറ്റാകട്ടെ, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു ബാലാനന്ദന്‍. സി.പി.എം. പാലക്കാട്‌ സമ്മേളനത്തില്‍ ഉണ്ടായ ചില സംഭവങ്ങളിലുള്ള രോഷവും ദുഃഖവും അദ്ദേഹം അടുത്തിടെ എഴുതിയ ആത്മകഥയിലും രേഖപ്പെടുത്തുകയുണ്ടായി. നിലപാടെടുത്താല്‍ അതിനുവേണ്ടി എന്നും നിലനില്‍ക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്‌. ശരിയായത്‌ എന്നു കരുതി അദ്ദേഹം സ്വയമെടുത്ത നിലപാടുകളില്‍ ചിലപ്പോള്‍ പാളിച്ചകളും ഉണ്ടായിട്ടുണ്ട്‌. വിമര്‍ശനവും ആത്മവിമര്‍ശനവും ഒരു കമ്മ്യൂണിസ്റ്റ് കാരനെ സംബന്ധിച്ചിടത്തോളം അന്യമല്ലല്ലോ.

പഴയ തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കളും തൊഴിലാളി വര്‍ഗ നേതാക്കളും ഓരോരുത്തരായി വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കെ, അവര്‍ അവശേഷിപ്പിച്ചു പോകുന്ന കുറെയേറെ മൂല്യങ്ങളും ജീവിതശൈലികളും ഉണ്ട്. അവ പിന്തുടരുവാന്‍ ഇന്നത്തെ തൊഴിലാളിവര്‍ഗപ്രവര്‍ത്തകര്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ട്. സഖാവ് ബാലാനന്ദന്റെ ജീവിതവും രാഷ്‌ട്രീയപ്രവര്‍ത്തനവും അവരോടാവശ്യപ്പെടുന്നതും അത് തന്നെ.

സഖാവ് ബാലാനന്ദന് വര്‍ക്കേഴ്സ് ഫോറം ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ നേരുന്നു.

*
ചിത്രങ്ങൾക്ക് കടപ്പാട് : ദേശാഭിമാനി, മാതൃഭൂമി