Showing posts with label സോളാര്‍ തട്ടിപ്പ്. Show all posts
Showing posts with label സോളാര്‍ തട്ടിപ്പ്. Show all posts

Wednesday, October 30, 2013

"ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി"

ശ്രീധരന്‍നായര്‍ റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പ്രസക്തഭാഗങ്ങള്‍

കോന്നി അട്ടച്ചാക്കലില്‍ ക്രഷറര്‍ യൂണിറ്റ് നടത്തുന്ന എനിക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വൈദ്യുതി ചാര്‍ജ് വരുമായിരുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പവര്‍ ഗ്രിഡിലേക്ക് ഫീഡ് ചെയ്ത് ഉപയോഗിക്കുന്നതിന് ഞാന്‍ ആലോചിച്ചു വരവെയാണ് 2012 മേയില്‍ മലയാള മനോരമയുടെ "വീട്" എന്ന പ്രസിദ്ധീകരണത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായത്. പരസ്യത്തിലെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണെടുത്തു. ഇവര്‍ ഈ കമ്പനിയുടെ സൗത്ത് സോണ്‍ ചീഫാണെന്നാണ് പറഞ്ഞത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ആകര്‍ഷണീയമായി ഇവര്‍ മറുപടി പറഞ്ഞു. വിശദമായി സംസാരിക്കാന്‍ എന്നോട് ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യപ്പെട്ടു. അതുപ്രകാരം മെയ് പകുതിക്ക് ശേഷം ഇവര്‍ എന്റെ ഓഫീസില്‍ വന്ന് കണ്ടു. ഇവര്‍ക്കൊപ്പം ശരണ്‍ കെ ശശി എന്നു പറയുന്ന ആളുമുണ്ടായിരുന്നു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ ആധികാരികമായി അവര്‍ മറുപടി തന്നു.

എല്ലാ ജില്ലകളിലും ഓഫീസുണ്ടെന്നും മിക്ക സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ എടുത്ത് ജോലി ചെയ്യുകയാണെന്നും പല സംസ്ഥാന മന്ത്രിമാരുടെയും വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി അവരുടെ പെന്‍ഡ്രൈവ് എന്റെ കംപ്യൂട്ടറില്‍ പ്ലേ ചെയ്തു. കമ്പനിയുടെ ബ്രാഞ്ചുകള്‍ സംസ്ഥാന മന്ത്രിമാരും മേയര്‍മാരും എംഎല്‍എമാരും ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളായിരുന്നു അത്. അവയിലെല്ലാം ലക്ഷ്മി നായരെയും കാണാമായിരുന്നു. മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരുടെയെല്ലാം പടം കണ്ടത് ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് കമ്പനി സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. ആര്‍ ബി നായര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചിരുന്നു. വീണ്ടും ഒരിക്കല്‍ ലക്ഷ്മിയും ശരണും കൂടി ഓഫീസില്‍ വന്ന് ബ്രോഷറും ബുക്ക്ലെറ്റും തന്നു. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെ ലക്ഷ്മി നായര്‍ക്ക് ടെന്നി ജോപ്പന്റെ ഫോണ്‍വന്നു. ഇവര്‍ പുറത്തേക്ക് ഇറങ്ങിയശേഷം അകത്തുവന്ന് സ്പീക്കര്‍ ഫോണിട്ട് സംസാരം തുടര്‍ന്നു. ഇവരുടെ സംഭാഷണം തീര്‍ന്നശേഷം ആരാണെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്ന് ലക്ഷ്മി പറഞ്ഞു.

മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്ടാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ അഞ്ചു കോടി രൂപ പ്രൊമോട്ടേഴ്സ് മാര്‍ജിന്‍ ആയി തന്നാല്‍ ബാക്കി വായ്പ തരപ്പെടുത്താമെന്നും ലക്ഷ്മി പറഞ്ഞ് വിശ്വസിപ്പിച്ചു. വിലപേശലില്‍ 38 കോടി 75 ലക്ഷം രൂപയ്ക്ക് ഇവര്‍ സമ്മതിച്ചു.

തുടര്‍ന്ന്, വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ഇവര്‍കൂടി ഒപ്പം വരാമെന്നും പറഞ്ഞു. അല്‍പ്പം സാവകാശം ഞാന്‍ ചോദിച്ചു. 2012 ജൂണ്‍ 22ന് ഇവര്‍ വീണ്ടും എന്റെ ഓഫീസില്‍ വന്നു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ എത്തി സ്ഥലം കാണാന്‍ തീരുമാനിച്ചു. ജൂണ്‍ 25ന് എന്റെ രണ്ട് ആണ്‍മക്കളും ഞാനും സുഹൃത്ത് അജിത് കുമാറും ഒത്ത് പാലക്കാട് പോയി പ്ലാന്റിനായി മാറ്റിവച്ച പത്ത് ഏക്കറോളം സ്ഥലം കണ്ടു. ഇവര്‍ കാണിച്ചു തന്ന പ്ലോട്ടുകളില്‍ എനിക്ക് സ്വീകാര്യമായി തോന്നിയ നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം സ്ഥലം ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്റെ ഇളയ മകന്‍ അജയ് ശ്രീധര്‍ കൈവശം കരുതിയിരുന്ന ചെറിയ വീഡിയോ ക്യാമറയില്‍ ഇതൊക്കെയും പകര്‍ത്തി. ഇത് ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്ക്ക് വേണ്ടി എംഒയു തയ്യാറാക്കാനും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ജൂണ്‍ 26ന് ലക്ഷ്മി നായര്‍ വീണ്ടും എന്റെ ഓഫീസില്‍വന്ന് എംഒയു തയ്യാറാക്കി ഒപ്പിട്ടു. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് എംഒയു തയ്യാറാക്കിയത്. കമ്പനിയുടെ സിഇഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുമായോ വ്യവസായ മന്ത്രിയുമായോ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് മതിയെന്നും 30-ാം തീയതിയിലെ ചെക്ക് മതിയെന്നും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊള്ളാമെന്നും ഇവര്‍ എനിക്ക് ഉറപ്പ് നല്‍കി. 26ന് 30ലെ തീയതി വച്ച് 10 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും പത്തനംതിട്ട ഐഡിബിഐ ശാഖയുടെ ഓരോ ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഡല്‍ഹി ഓഫീസിലേക്കും എറണാകുളം ഓഫീസിലേക്കും രണ്ടായി ചെക്ക് വേണമെന്ന് പറഞ്ഞതിനാലാണ് പണം രണ്ട് ചെക്കുകളിലായി കൊടുത്തത്. 15 ലക്ഷത്തിന്റെ മറ്റൊരു ചെക്ക് ഐഡിബിഐ ബാങ്കിലേക്ക് ജൂലൈ 14 തീയതി വെച്ച് ഞാന്‍ കൈമാറി. എന്റെ ഓഫീസില്‍വെച്ചാണ് ഈ മൂന്ന് ചെക്കും കൈമാറിയത്.

തുടര്‍ന്ന് ജൂണ്‍ 28ന് മൂന്ന് ചെക്കുകളും കൈപ്പറ്റിയതായി കാണിച്ചുള്ള മൂന്ന് രസീത് അയച്ചു തന്നു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും ജൂലൈ രണ്ടിനേ മടങ്ങി വരൂവെന്നും വന്നാലുടന്‍ കൂടിക്കാഴ്ച തരപ്പെടുത്താമെന്നും ഇവര്‍ ജൂണ്‍ 27ന് എന്നോട് വിളിച്ചു പറഞ്ഞു. 29ന് വീണ്ടും വിളിച്ച് ഈ മാസത്തെ ടാര്‍ജറ്റ് ആയിട്ടില്ലാത്തതിനാല്‍ ചെക്ക് രണ്ടെണ്ണം മാറിക്കോട്ടെയെന്ന് വിനയപൂര്‍വം ചോദിച്ചു. ഞാനത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിന് മുമ്പ് സിഇഒയെയും മുഖ്യമന്ത്രിയെയും കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 30-ാം തീയതി രണ്ട് ചെക്കുകള്‍ മാറി 25 ലക്ഷം രൂപ ഇവര്‍ എടുത്തു. ജൂലൈ മൂന്നിന്് രാവിലെ ഇവര്‍ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ കാണുകയാണ് അപ്പോയ്ന്റ്മെന്റെടുത്ത് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ജൂലൈ അഞ്ചിന് രാവിലെ മെയില്‍ കിട്ടി. ഒമ്പതിന് മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റും 13ന് സിഇഒ എന്നെ നേരിട്ട് വന്ന് കാണുമെന്നുമായിരുന്നു മെയില്‍. ഒമ്പതിന് രാത്രി എട്ടിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതിനിടെ ഡോ. ആര്‍ ബി നായര്‍ എന്നെ വിളിച്ച് അടിയന്തരമായി ലണ്ടനിലേക്ക് പോകുകയാണെന്നും ഏഴിനോ എട്ടിനോ വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞു. ഒമ്പതിന് ഞാനും അഡ്വ. അജിത് കുമാറും കൂടി തിരുവനന്തപുരത്ത് പോയി. ഏഴോടെ സെക്രട്ടറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ലക്ഷ്മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ആവശ്യപ്പെടുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. സെക്രട്ടറിയറ്റ് ഗേറ്റിനടുത്ത് ചെന്നപ്പോള്‍ സെക്യൂരിറ്റി തടസ്സം പറയാതെ വാഹന നമ്പര്‍ നോക്കിയിട്ട് വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിന് മുമ്പില്‍ ലക്ഷ്മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിന് താഴത്തെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്മിയെയും ഞങ്ങളെയും കടത്തിവിട്ടു.

ലിഫ്റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസ് സ്റ്റാഫിനടുത്ത് എത്തിച്ചു. ഇവിടെയിരുന്നവര്‍ ലക്ഷ്മിയെ വിഷ് ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ജോപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസില്‍ ഇരുന്നാണ് ഫോണ്‍ വിളിച്ചതെന്നും ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റ് ആണെന്നും മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എംഒയു ഒപ്പിട്ടു എന്നും പറഞ്ഞു. ഈ ഓഫീസിലെ എന്താവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്മി എന്നോട് പറഞ്ഞു. ഇവിടിരുന്ന് ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി ജോപ്പനോട് വിശദീകരിച്ചു പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. നിങ്ങളുടെ തീരുമാനം നല്ലതാണ്. നല്ല ടീമാണെന്നും പറഞ്ഞു. ലക്ഷ്മിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ജോപ്പന്‍ ഇന്ന് മുഖ്യമന്ത്രി ആരെയും കാണുന്നില്ല, കോറിഡോര്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ, അകത്ത് സെല്‍വരാജ് എംഎല്‍എ ഇരിപ്പുണ്ട് നിങ്ങളെയും കാണുമായിരിക്കും എന്നു പറഞ്ഞു. കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍ ലക്ഷ്മിയും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. ഈ സമയം എന്നെയും ലക്ഷ്മിയെയും മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എംഎല്‍യും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്ന് എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു. ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എംഒയു ഒപ്പിട്ടെന്നും അതിന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്സിന്റെ നിവേദനം തരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ കൊണ്ടുപോകുന്ന ഫയലില്‍ വയ്ക്കാനായി ജോപ്പനെ പറഞ്ഞേല്‍പ്പിച്ചു.

എന്നോടായി, നിങ്ങളെപ്പോലെ ഉള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകൂ എന്നും സബ്സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി കൈയില്‍ കരുതിയിരുന്ന രണ്ടു ലക്ഷം രൂപയുടെ ഡിഡി എന്നു പറഞ്ഞ്, ഒരു കവറിങ് ലെറ്റര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തു വന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞ് ഇയാള്‍ ഫോണ്‍ നമ്പര്‍ തന്നു. ജൂലൈ 13ന് ഡോ. ആര്‍ ബി നായര്‍ ഡ്രൈവറുമൊത്ത് ഓഫീസില്‍ വന്നു. ഡല്‍ഹിയിലും മറ്റുമുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി വളരെ അടുപ്പമാണെന്നും പറഞ്ഞു. 14-ാം തീയതിവെച്ചുള്ള ചെക്ക് ക്യാഷ് ചെയ്തുകൊള്ളാന്‍ ലക്ഷ്മി വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് നിരന്തരം ലക്ഷ്മി എന്നെ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസമായിട്ടും കാര്യങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ കിന്‍ഫ്രാ ലാന്‍ഡ് ലീസിനാണ് നല്‍കുന്നതെന്നും അത് സ്വന്തം പേരിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു മാസത്തിനകം ശരിയാകുമെന്നും ലക്ഷ്മി സൗമ്യമായി ഫോണില്‍ പറഞ്ഞു. 2012 ഡിസംബര്‍വരെ കാത്തുനിന്നിട്ടും ഒന്നും നടന്നില്ല.

2013 ജനുവരി ഒന്നിന് ലക്ഷ്മിക്ക് രജിസ്റ്റേര്‍ഡ് ആയി അയച്ച കത്ത് ഒരു മാസം കഴിഞ്ഞ് മടങ്ങിവന്നു. മാര്‍ച്ച് വരെ കാത്തിരുന്നിട്ടും നീക്കങ്ങള്‍ ഒന്നുമില്ലാത്തതിനെത്തുടര്‍ന്ന് അഡ്വ. മണിലാല്‍ മുഖേന ലക്ഷ്മിക്കും കമ്പനിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. ഏപ്രിലില്‍ ലക്ഷ്മി ഇങ്ങോട്ട് വിളിച്ച് പിതൃസ്ഥാനത്താണ് കരുതുന്നതെന്ന് എന്നോട് പറഞ്ഞു. എന്താണ് തെറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുടെ ഭാര്യയോട് ലക്ഷ്മിയെപ്പറ്റി മോശമായി സംസാരിച്ചതു വഴി അവളോട് എതിര്‍പ്പ് ഉണ്ടായി എന്നും പറഞ്ഞു. അത് കളവാണ്, ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശു തരാഞ്ഞതിനാലല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തേക്കാം എന്ന് അവര്‍ പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുത്തേക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു തവണയായി തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ആദ്യ ഗഡു മെയ് പത്തിനും ബാക്കി മെയ് 25നും തരാമെന്നും പറഞ്ഞു. മെയ് 17ന് കൈലാസത്തില്‍ പോയതിനാല്‍ കുറെ നാള്‍ ഫോളോ അപ്പ് നടന്നില്ല. മെയ് 31ന് മടങ്ങി വന്നു. ജൂണ്‍ ഒന്നിന് രാവിലെ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു. ഉടന്‍ എന്റെ പാന്‍ നമ്പര്‍ എസ്എംഎസ് ചെയ്തു. ജൂണ്‍ മൂന്നിന് കാശ് ഇടുമെന്നാണ് പറഞ്ഞത്. മൂന്നിന് രാവിലെ വളിച്ചപ്പോള്‍ ലക്ഷ്മി ഫോണ്‍ എടുത്തില്ല. അന്നത്തെ പത്രത്തില്‍ ലക്ഷ്മിയെപ്പോലൊരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ട എന്റെ ഭാര്യ ആ വാര്‍ത്ത എന്നെ കാണിച്ചു. പക്ഷേ സരിത എന്നാണ് പേര് കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത, ലക്ഷ്മിതന്നെയാണെന്ന് ബോധ്യമായി. തുടര്‍ന്ന് ജോപ്പനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. 12ന് അഡ്വ. സോണി ഭാസ്കര്‍ മുഖാന്തരം പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ലക്ഷ്മി നായര്‍, ആര്‍ ബി നായര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിന് മുമ്പില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സിഐയ്ക്ക് അന്വേഷണത്തിനായി അയച്ചപ്പോള്‍ പൊലീസ് എന്റെ മൊഴി വാങ്ങി. ഞാന്‍ ബിസിനസുകാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്ത് മനസിലാക്കി എസ്ഐ, സിഐ, ഡിവൈഎസ്പി, എഡിജിപി എന്നിവര്‍ക്ക് മൊഴി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവെക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നു പറയുകയാണ്.

*
ദേശാഭിമാനി

Thursday, July 18, 2013

കോണ്‍ഗ്രസിലെ ശീതസമരം

സോളാര്‍ തട്ടിപ്പില്‍ ജനകീയ കോടതിയില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ടിയിലും മുന്നണിയിലും പ്രതിരോധത്തിലാണ്. രാജിവയ്ക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മുഖ്യമന്ത്രിയെ രഹസ്യമായിപ്പോലും സഹായിക്കാന്‍ ആരുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന ഒരു പ്രസ്താവനയും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ഥ ഹൈക്കമാന്‍ഡായ എ കെ ആന്റണി ഭരണമാറ്റമില്ലെന്ന് പറയുമ്പോഴും നേതൃമാറ്റമില്ലെന്നു തറപ്പിച്ചുപറയുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കാളിയല്ലെന്ന് ആന്റണിക്ക് വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് താനൊരു ജഡ്ജിയല്ലെന്ന് പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തുന്നത്.

ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ്. തന്നെ രഹസ്യനീക്കങ്ങളിലൂടെ പുകച്ചുചാടിച്ച ഉമ്മന്‍ചാണ്ടിയോട് ആന്റണിക്ക് കടുത്ത പകയുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരമന്ത്രിപദമെന്നൊക്കെ പറഞ്ഞ് പലതവണ കബളിപ്പിക്കപ്പെട്ട രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടിയെ വെറുതെവിടാന്‍ ഇടയില്ല. കോണ്‍ഗ്രസിലേക്കുള്ള തന്റെ പുനഃപ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയുംചെയ്ത ഉമ്മന്‍ചാണ്ടിയെ കെ മുരളീധരന് ന്യായീകരിക്കേണ്ടതില്ലല്ലോ. ആന്റണിയില്ലാത്ത "എ" ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവരെയാണ് പല ഘട്ടങ്ങളിലായി വെട്ടിനിരത്തിയത്. താരപരിവേഷമുള്ള വി എം സുധീരനെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. "എ" ഗ്രൂപ്പിനുവേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്പോലും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ബഹുദൂരം അകലെയാണ്. ആള്‍ക്കൂട്ടത്തിനു മധ്യത്തില്‍ കഴിയുന്ന തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവിയുടെ ബഹുമാന്യതയാണ് തകര്‍ത്തത്. അധികാരദല്ലാളന്മാരും കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങളുടെ തടവറയിലാണ് മുഖ്യമന്ത്രി അകപ്പെട്ടത്. ക്രിയാത്മകമാകേണ്ട ഭരണനിര്‍വഹണത്തെയാണ് അദ്ദേഹം പ്രകടനാത്മകമാക്കിയത്.

കെ കരുണാകരന്റെ പ്രവര്‍ത്തനശൈലിയെയാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒരു കാലഘട്ടം മുഴുവന്‍ എതിര്‍ത്തത്. പാര്‍ടി തീരുമാനം അനുസരിക്കാത്ത ഏകാധിപതിയായാണ് എഴുപതുകളില്‍ കരുണാകരനെ ആന്റണിവിഭാഗം ചിത്രീകരിച്ചത്. കരുണാകരന്‍ നയിച്ച ഭരണവിഭാഗവും ആന്റണി നയിച്ച സംഘടനാവിഭാഗവും തമ്മിലായിരുന്നു പോരാട്ടം. കെ കരുണാകരന് രണ്ടുതവണ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍കൊണ്ടാണ്. 1977ല്‍ രാജന്‍കേസിന്റെ പേരിലാണ് രാജിവച്ചതെങ്കിലും, ആന്റണിവിഭാഗം സ്വീകരിച്ച കടുത്തനിലപാടുമൂലമാണ് അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയത്. 1995ല്‍ ചാരവൃത്തികേസിന്റെ പേരില്‍ ബഹുജനവികാരം കരുണാകരനെതിരെ ആളിക്കത്തിക്കുന്നതിനോടൊപ്പം ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം ഹൈക്കമാന്‍ഡിന് നല്‍കുന്നതിലുംഉമ്മന്‍ചാണ്ടി വിജയിച്ചു. 1978ല്‍ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായി പറഞ്ഞത് ചിക്മംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് എസ് നല്‍കിയ പിന്തുണയാണ്. അക്കാലത്തെ ചില കോണ്‍ഗ്രസ് യോഗങ്ങളില്‍ "അപ്രന്റീസ് മുഖ്യമന്ത്രി" എന്നുപറഞ്ഞ് ചിലര്‍ ആക്ഷേപിച്ചതില്‍ ആന്റണി കുപിതനായിരുന്നു. കോണ്‍ഗ്രസിലെ ഭിന്നിപ്പിനുശേഷം തിരുവനന്തപുരം ഈസ്റ്റിലും പാറശാലയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആന്റണി നയിച്ച മുന്നണി മൂന്നാംസ്ഥാനത്തേക്കു പോയതും അദ്ദേഹത്തെ ദുഃഖിതനാക്കി. ഈ അപകര്‍ഷത്തില്‍നിന്നുള്ള പലായനമായിരുന്നു അന്നത്തെ രാജി. 2004 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ ദയനീയപരാജയം ആന്റണിയുടെ മുഖംകറുപ്പിച്ചു. തന്നെ രാജിവയ്പിക്കുന്നതിനുള്ള ഉമ്മന്‍ചാണ്ടിയുടെയും ഒരു ലോബിയുടെയും നീക്കം മണത്തറിഞ്ഞ ആന്റണി രക്ഷപ്പെടുകയോ ഒളിച്ചോടുകയോ ആയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിനാല്‍ കേന്ദ്രമന്ത്രിസാധ്യതയും കണക്കുകൂട്ടി. 1964ല്‍ ആര്‍ ശങ്കറിന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നതിനാലാണ്. പീച്ചി സംഭവത്തെതുടര്‍ന്ന് അപമാനിതനായി ആഭ്യന്തരമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന പി ടി ചാക്കോയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ മരണശേഷം പടനയിച്ചത്. കോണ്‍ഗ്രസിലെ അധികാരവടംവലിയാണ് ആര്‍ ശങ്കര്‍, കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചതെന്ന് ചുരുക്കം.

1964ല്‍ ആര്‍ ശങ്കറെ മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചത് മന്നത്തുപത്മനാഭനും എന്‍എസ്എസുമാണ്. ആര്‍ ശങ്കര്‍ വര്‍ഗീയവാദിയാണെന്നാണ് മന്നം അന്ന് പരസ്യമായി പറഞ്ഞത്. കരുണാകരനെയോ ആന്റണിയെയോ വര്‍ഗീയവാദിയായി ആരും ചിത്രീകരിച്ചിട്ടില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി വര്‍ഗീയവാദിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിഭരണത്തില്‍ ന്യൂനപക്ഷസമുദായശക്തികള്‍ മേധാവിത്വം പുലര്‍ത്തുന്നതാണ് എന്‍എസ്എസിന്റെ വിമര്‍ശത്തിനു മുഖ്യകാരണം. എന്നാല്‍, തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് നേതൃത്വം എന്‍എസ്എസുമായി നടത്തിയ രഹസ്യധാരണയിലെ ചില കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി കാറ്റില്‍ പറത്തിയതാണ് പ്രകോപനത്തിനു കാരണമായത്. 1976 മുതല്‍ 96 വരെ രണ്ടുദശാബ്ദക്കാലം എന്‍എസ്എസിന്റെ രാഷ്ട്രീയവിഭാഗമായ എന്‍ഡിപി, യുഡിഎഫ് ഘടകകക്ഷിയായിരുന്നു. 96ല്‍ ആന്റണിയെ എതിര്‍ത്ത എന്‍എസ്എസ് 2001ല്‍ ആന്റണിയുടെ ഉറ്റമിത്രമായി. അതുകൊണ്ടാണ് 2011ല്‍ വിലാസ്റാവുദേശ്മുഖിനെ മുന്നില്‍നിര്‍ത്തി ആന്റണി പറഞ്ഞ നിര്‍ദേശങ്ങള്‍ എന്‍എസ്എസ് അംഗീകരിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ നായര്‍വിഭാഗത്തിലെ പ്രമുഖന് മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം നല്‍കണം എന്നതായിരുന്നു മുഖ്യവ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് രമേശിനെ ഹൈക്കമാന്‍ഡ് ഹരിപ്പാട്ട് മത്സരിപ്പിച്ചത്. ആഭ്യന്തരമന്ത്രിസ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ രമേശ് മന്ത്രിസഭയില്‍ പ്രവേശിച്ചില്ല. മുസ്ലിംലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം സമുദായസന്തുലനം തകര്‍ത്തപ്പോള്‍ രമേശിന് ആഭ്യന്തരം എന്ന പഴയകാര്യം പൊന്തിവന്നു. എന്നാല്‍, തിരുവഞ്ചൂരിനാണ് ഉമ്മന്‍ചാണ്ടി ആ സ്ഥാനം നല്‍കിയത്. തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയതിനെ ആദ്യം എതിര്‍ത്തത് ആര്യാടന്‍ മുഹമ്മദാണ്. "എ" ഗ്രൂപ്പിലെതന്നെ തിരുവഞ്ചൂര്‍ വിരുദ്ധര്‍ മുഖ്യമന്ത്രി ആഭ്യന്തരം എടുക്കണമെന്ന ആവശ്യം അടുത്തകാലത്ത് ഉന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കേരള യാത്രാവേളയിലാണ് ഇവര്‍ വാഗ്ദാനവുമായി രമേശിനെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ദൂതന്മാര്‍ എന്ന നിലയില്‍ എം എം ഹസ്സന്‍, ബെന്നിബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഉപമുഖ്യമന്ത്രിപദം അഥവാ ആഭ്യന്തരമന്ത്രി എന്ന കാര്യമാണ് അവതരിപ്പിച്ചത്. പക്ഷേ, കേരളയാത്ര കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി മലക്കംമറിഞ്ഞു. രമേശിന് റവന്യൂവകുപ്പ് കൊടുക്കാമെന്നായി. ഉപമുഖ്യമന്ത്രി പദത്തെ മുസ്ലിംലീഗ് എതിര്‍ത്തു. ചെന്നിത്തലയെ അധികാരദുര്‍മോഹിയായി താറടിക്കാനാണ് "എ"ഗ്രൂപ്പ് ശ്രമിച്ചത്. തുല്യദുഃഖിതരായ രമേശും കെ മുരളീധരനും കൈകോര്‍ക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇതൊക്കെയാണെങ്കിലും ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ലെന്ന് ഉറപ്പാണ്.

അന്വേഷണത്തിന് മുഖ്യമന്ത്രിതന്നെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ ഒന്നാമത്തെ ചോയ്സ് രമേശ് ചെന്നിത്തലയ്ക്കാണ്. ഒട്ടും കുറവല്ലാത്ത യോഗ്യതകള്‍ ഉള്ളവരാണ് വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍. വയലാര്‍ രവി ദില്ലിയില്‍ ചരടുവലിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി കൂടുതല്‍ നാറണമെന്നാഗ്രഹിക്കുന്ന ആന്റണിതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് എതിരായി നില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടും. പ്രണബ് മുഖര്‍ജിയുടെ കാലാവധി തീരുന്നതുവരെ ആന്റണി രാഷ്ട്രപതിയാകാനുള്ള സാധ്യതയുമില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ദയനീയ തോല്‍വിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്ക് മാറേണ്ടിവരുമ്പോള്‍ ആന്റണിക്ക് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തി മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകാം.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി

സോളാര്‍ പ്ലാന്റ് തട്ടിപ്പിന്റെ നാള്‍വഴികള്‍

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഫോണ്‍ രേഖകള്‍ ജൂണ്‍ 11ന് കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരെ സോളാര്‍പ്ലാന്റിന്റെപേരില്‍ കൂട്ടത്തോടെ കബളിപ്പിച്ച പരാതിയിന്‍മേല്‍ തലശ്ശേരി മജിസ്ട്രേട്ട് കോടതി ഏകദേശം മൂന്നുമാസത്തിനുമുമ്പ് ഉത്തരവിട്ട പ്രകാരമാണ് സരിതയെ അറസ്റ്റ്ചെയ്യാന്‍ മെയ് 23ന് പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ താല്‍പര്യപ്രകാരം വീണ്ടും 10 ദിവസത്തോളം അറസ്റ്റ് താമസിപ്പിച്ചു. ഇതിനിടയില്‍ ഒളിവില്‍പോയ സരിതയെ കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ്ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അങ്ങനെയാണ് ജൂണ്‍ 3ന് സരിത അറസ്റ്റുചെയ്യപ്പെടുന്നത്.

ജൂണ്‍ 12: സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.

ജൂണ്‍ 13: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായ ടെന്നി ജോപ്പനുമായി അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. * തട്ടിപ്പിന്റെ മുഖ്യ പ്രവര്‍ത്തനകേന്ദ്രം സെക്രട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും. * മുഖ്യമന്ത്രി ഫോണ്‍കോളിന്റെ ഉത്തരവാദിത്വം ടെന്നിജോപ്പനുമേല്‍ ചാരാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും ക്ലിഫ്ഹൗസില്‍നിന്നും സരിതയെ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * ഡല്‍ഹിയിലെ, മുഖ്യമന്ത്രിയുടെ വലംകൈയും "അനൗദ്യോഗിക" സെക്രട്ടറിയുമായ "പാവം പയ്യന്‍" എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധം. സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ആവശ്യം നിഷേധിക്കുന്നു. * ടെന്നിജോപ്പനും സരിതയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് താന്‍ വളരെ മുമ്പേതന്നെ സൂചന നല്‍കിയിരുന്നതായി പി സി ജോര്‍ജ്.

ജൂണ്‍ 15: മുഖ്യമന്ത്രി ഡല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോഴൊക്കെ സരിതയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. * ആരോപണവിധേയരായ ടെന്നിജോപ്പനും ഗണ്‍മാന്‍ സലിംരാജും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും പുറത്താകുന്നു. * മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ജിക്കുമോന്‍ ജേക്കബുമായും സരിത ബന്ധം പുലര്‍ത്തിയതായി തെളിവുകള്‍. * മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു.

ജൂണ്‍ 16: സൗരോര്‍ജ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും സരിതയുടെ ഭര്‍ത്താവുമായ ബിജുരാധാകൃഷ്ണനുമായി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് മുഖ്യമന്ത്രി രഹസ്യ സംഭാഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. കെ സി ജോസഫ്, കെ സി വേണുഗോപാല്‍ എന്നിവരും സരിത തങ്ങളെ കണ്ടുവെന്ന് സമ്മതിക്കുന്നു. * സരിത എസ് നായരുടെ തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് മൂന്നുമാസം മുമ്പേ പരാതി കിട്ടിയിരുന്നതായി വാര്‍ത്ത.

ജൂണ്‍ 17: ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. * മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാറിന്റെ ഓഫീസ് കൈമാറിയ വണ്ടിച്ചെക്കിന്റെപേരില്‍ കേസെടുക്കുന്നത് തടഞ്ഞത് ഉമ്മന്‍ചാണ്ടി. * ബിജു രാധാകൃഷ്ണനും ശാലുമേനോനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. * തനിക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി. ബിജുവുമായി ചര്‍ച്ചചെയ്തത് എന്തെന്ന് വെളിപ്പെടുത്തില്ല. * പിആര്‍ഡി ഡയറക്ടര്‍ക്കും ബന്ധം. * ശാലുമേനോനും ബിജുരാധാകൃഷ്ണനുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവരുന്നു. ശാലുവിന്റെ വീട്ടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. * തുടരന്വേഷണത്തിനായി ബിജുവിനെ കസ്റ്റഡിയിലെടുക്കുന്നു.

ജൂണ്‍ 20: കൂട്ടുപ്രതിയായ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ സസ്പെന്‍ഡ്ചെയ്യുന്നു. * സരിതയ്ക്ക് മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കിയതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. സരിതയുടെ യാത്രാരേഖകള്‍ പുറത്തുവരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി. * സരിത അറസ്റ്റിലായപ്പോള്‍ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തുവരുന്നു.

ജൂണ്‍ 21: തെളിവുകളുടെ പെരുമഴതന്നെയുണ്ടായിട്ടും മുഖ്യമന്ത്രി തന്റെ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും വഴുതിമാറി.

ജൂണ്‍ 22: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തുന്നു.

ജൂണ്‍ 23: ശാലുമേനോനെ ചോദ്യംചെയ്യുന്നു. * ശാലുമേനോന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബിജുവും സരിതയും. രക്ഷപ്പെടാന്‍ ശാലുതന്നെ സഹായിച്ചതായും ബിജു.

ജൂണ്‍ 24: തിരുവഞ്ചൂരിന്റെ നിരീക്ഷണത്തിന്‍കീഴിലുള്ള അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പല നിര്‍ണായക തെളിവുകളും പൊലീസ് നശിപ്പിച്ചു. അന്വേഷണത്തില്‍നിന്നും മുഖ്യമന്ത്രിയേയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഒഴിവാക്കി. ഇത് ചെറിയൊരു സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാനുള്ള യുഡിഎഫിന്റെ ശക്തമായ നീക്കം. * ശാലുമേനോനും ബിജുവുമായുള്ള അടുപ്പത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജുവിന്റെ തട്ടിപ്പുപണം തനിക്കു ലഭിച്ചതായും ശാലു.

ജൂണ്‍ 25: മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നിയമസഭാ സമ്മേളനംതന്നെ നിര്‍ത്തിവെയ്ക്കുന്നു.

ജൂണ്‍ 26: സോളാര്‍ തട്ടിപ്പും ഭൂമിയിടപാടുമായി ബന്ധമുള്ള സലിംരാജിന് സസ്പെന്‍ഷന്‍.  മന്ത്രിമാരുമായുള്ള സരിതയുടെ ഫോണ്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍.

ജൂണ്‍ 27: ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ പുറത്താവുകയും സരിത-ബിജുമാര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടും മുഖ്യമന്ത്രിക്ക് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ട്. എന്നാല്‍ പറഞ്ഞതു പലതവണ മാറ്റിപ്പറയുകയും, കൊലപാതകിയായ, തട്ടിപ്പിന്റെ സൂത്രധാരനായ ബിജുരാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന രഹസ്യ സംഭാഷണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയുമുണ്ടായില്ല.

ജൂണ്‍ 28: സോളാര്‍ പാനലിന്റെ പേരില്‍ ആറന്‍മുളയിലെ പ്രവാസി മലയാളിയില്‍നിന്നും സരിതയും ബിജുരാധാകൃഷ്ണനുംകൂടി 1.19 കോടി രൂപ തട്ടിയ കേസും പുറത്തുവരുന്നു.

ജൂണ്‍ 29: സോളാര്‍ ഇടപാടില്‍ ടെന്നി ജോപ്പന് നേരിട്ട് ബന്ധം. ജോപ്പന്‍ അറസ്റ്റിലാകുന്നു. * ടീം സോളാറിനെക്കുറിച്ച് ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേരള റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്റ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍.

ജൂണ്‍ 30: പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍. * ടെന്നിജോപ്പന്റെ ഇടപാടുകള്‍ തെളിഞ്ഞത് മുഖ്യമന്ത്രിയുടെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്.

ജൂലൈ 1: പത്തനംതിട്ടയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് 40 ലക്ഷത്തിന്റെ ചെക്ക് സരിതയ്ക്ക് കൈമാറിയതായി പറയുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ എന്നത് കൂട്ടിച്ചേര്‍ത്തതാണെന്നും അല്ലെന്നും വിവാദം. * സരിത പലതവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയതായുള്ള വാര്‍ത്തകള്‍. * മുഖ്യമന്ത്രി ചെയര്‍മാനായുള്ള ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റി"ന് സരിതാനായര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍വെച്ച് 5 ലക്ഷം രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത. * ശാലുമേനോന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്ന് വ്യക്തമായ തെളിവുകള്‍ കിട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും അറസ്റ്റില്ല. * ശാലുവിനെ കേസില്‍പെടുത്തരുതെന്ന് ആഭ്യന്തരവകുപ്പില്‍നിന്ന് സമ്മര്‍ദമുള്ളതായി വാര്‍ത്ത.

ജൂലൈ 2: അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ഗൂഢനീക്കം. ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് നഷ്ടപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനംചെയ്യുന്നു. * സരിത തട്ടിപ്പുകാരിയെന്ന് രണ്ടുവര്‍ഷം മുമ്പേതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. അതോടെതന്നെ സരിതയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.

ജൂലൈ 3: ശാലുമേനോന്റെ വീട് പാലുകാച്ചല്‍ ചടങ്ങിന് വഴിയേപോയപ്പോള്‍ കയറിയതാണെന്ന തിരുവഞ്ചൂരിന്റെ വാദവും പൊളിയുന്നു. * സരിതയും തിരുവഞ്ചൂരും അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * തിരുവഞ്ചൂരിന് ശാലുവുമായി അടുത്ത ബന്ധമെന്ന് തെളിയുന്ന ഫോട്ടോകള്‍ പുറത്ത്.

ജൂലൈ 4: ശ്രീധരന്‍നായരുടെ പരാതിയില്‍ തിരുത്തലില്ലെന്ന് കോടതി. * സരിതയെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല എന്ന ആഭ്യന്തരമന്ത്രിയുടെ "മിസ്ഡ്കോള്‍" വാദം പൊളിയുന്നു. * ആഭ്യന്തരമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിയുന്നു.

ജൂലൈ 5: സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയ യുഡിഎഫിലെ മന്ത്രിപ്പടയുടെ ലിസ്റ്റ് പുറത്തുവരുന്നു. * ഫോണ്‍വിളികള്‍ പരസ്യമാക്കിയത് ആഭ്യന്തരമന്ത്രിയാണെന്നും, അതല്ല മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പരസ്പരം പഴിചാരല്‍. മെയ് 23ന് സരിതയെ അറസ്റ്റുചെയ്യുംമുമ്പ് ആഭ്യന്തരമന്ത്രി പൊലീസിന്റെ നീക്കം സരിതയെ വിളിച്ചറിയിച്ചതായുള്ള രേഖകള്‍ പുറത്ത്. പത്തുദിവസത്തോളം മുങ്ങിയ സരിതയെ പിന്നീടാണ് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞതെന്നും, അതിനു ചുക്കാന്‍ പിടിച്ചത് ആഭ്യന്തരമന്ത്രിയെന്നുമുള്ള തെളിവുകളും പുറത്ത്. * ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ശാലുവിനെതിരെ കേസെടുക്കുന്നു.

ജൂലൈ 6: ബിജുവുമായി ചേര്‍ന്ന് ശാലുമേനോന്‍ റാസിഖ് അലിയില്‍നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതി ഉത്തരവിട്ടപ്രകാരം ശാലു അറസ്റ്റിലാകുന്നു.

ജൂലൈ 7: 40 ലക്ഷത്തിന്റെ ചെക്ക് നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശ്രീധരന്‍നായര്‍. മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തത് തന്റെ അറിവോടെ എന്നും ശ്രീധരന്‍നായര്‍.

ജൂലൈ 8: സിബിഐ അന്വേഷണത്തിന്റെപേരില്‍ ഇപ്പോഴത്തെ കേസന്വേഷണം നിര്‍ത്തിവെച്ച് സരിതയെയും കൂട്ടരെയും രക്ഷപ്പെടുത്താന്‍ യുഡിഎഫ് നീക്കം.

ജൂലൈ 9: സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍. * താന്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ശ്രീധരന്‍നായര്‍. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം കളവാണെന്ന് ഇതോടെ പൂര്‍ണമായും തെളിയുന്നു. * പ്രതിഷേധിച്ച യുവജന പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം. പെണ്‍കുട്ടികളെയുള്‍പ്പെടെ തല്ലിച്ചതച്ചു. ജൂലൈ 10: പ്രതിഷേധിച്ച ഇടതുപക്ഷ നേതാക്കള്‍ക്കുനേരെ ക്രൂരമായ പൊലീസ് അതിക്രമം. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.

*
കെ ആര്‍ മായ ചിന്ത വാരിക

Wednesday, July 17, 2013

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?

സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്.

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്.

ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റിദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, "പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല"". ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

മൂന്ന്) മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. "ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട" എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും.

നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത തന്നോട് ഫോണില്‍ ബന്ധപ്പെട്ടു എന്ന് ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?

ജൂലൈ 9, 2012

അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന നിയമസഭയിലെ എന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം, 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?

ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്ക്കെതിരാണ്. ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. വ ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്. വ സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വ കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്.

സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്.

എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നതാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു.

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നില്ല.

അമ്പു കൊളളാത്തവരാര്?

പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി. തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമാണ് ഈ ടെലിഫോണ്‍ ബന്ധം. മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്.

തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

Thursday, June 27, 2013

സോളാര്‍ തട്ടിപ്പും വൈദ്യുതി രംഗത്തെ പ്രതിസന്ധിയും

കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ മുതലെടുത്തുകൊണ്ട് 10000 കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക് അനുമതി തരപ്പെടുത്തികൊടുക്കുവാനും അതുവഴി 500 കോടി രൂപയുടെ കമ്മീഷന്‍ നേടിയെടുക്കാനുമാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതരും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിച്ചത്. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ടീം സോളാര്‍ എന്ന കറക്ക് കമ്പനിക്ക് പണം വാരിക്കൂട്ടാനും ജനങ്ങളെ കൊള്ളയടിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രത്യാരോപണങ്ങള്‍ നിരത്തി ക്രിമിനലുകളായ "പണമിടപാട്" സംഘങ്ങളുമായുള്ള മുഖ്യന്ത്രിയുടെ അവിശുദ്ധ ബാന്ധവത്തെ മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ കളികളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും ആരംഭിച്ചിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ മാഫിയാ മൂലധന ശക്തികള്‍ക്ക് എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്ന് സമ്പദ്ഘടനയുടെ സമസ്ത മണ്ഡലങ്ങളിലും ഇടപെടാനുള്ള സാഹചര്യമാണ് ലോകത്തെല്ലായിടത്തും സൃഷ്ടിച്ചിട്ടുള്ളത്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ ധന മൂലധനത്തിന്റെ ക്രിമിനല്‍ വൃത്തികള്‍ക്കും വ്യാപനത്തിനുമാവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങളെ ലക്ഷ്യംവെക്കുന്നതാണല്ലോ. ഈയൊരു സാഹചര്യമാണ് എല്ലാതരത്തിലുമുള്ള സാമൂഹ്യജീര്‍ണതകളെയും ക്രിമിനല്‍ പ്രവൃത്തികളെയും പേറുന്ന ധന പ്രഭുക്കന്‍മാര്‍ക്ക് ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കാവുന്ന അധികാര ശക്തിയാവാന്‍ അവസരമൊരുക്കുന്നത്.

സാമൂഹ്യ നിയന്ത്രണ തത്വങ്ങളെയും പൊതു മേഖലയെയും തകര്‍ക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് വന്‍കിട അഴിമതിക്കാരും ക്രിമിനല്‍ മൂലധന ശക്തികളും സമ്പദ്ഘടനയിലും ഭരണരംഗത്തും പിടിമുറുക്കുന്നത്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ കടുത്ത സാഹചര്യം ഉപയോഗിച്ചാണ് സരിത എസ്.നായര്‍ക്കും ബിജു രാധാകൃഷ്ണനും സോളാര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടത്താനായത്. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കേരളത്തെ തള്ളിവിട്ടത് യു.പി.എ-യു.ഡി.എഫ് സര്‍ക്കാര്‍ നയങ്ങളാണ്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളാണ് വൈദ്യുതി മേഖലയില്‍ ആസൂത്രണമോ സര്‍ക്കാര്‍ ഇടപെടലോ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചത്. ആഭ്യന്തരമായ വൈദ്യുതി ആവശ്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഉത്പാദന - പ്രസരണ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ അഭാവമാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ അവസരമുണ്ടാക്കിക്കൊടുത്തത്. വൈദ്യുതി രംഗത്തെ ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്നും സര്‍ക്കാരിന്റെ അശാസ്ത്രീയമായ സമീപനങ്ങളില്‍നിന്നും അടര്‍ത്തിമാറ്റി, സോളാര്‍തട്ടിപ്പ് ചര്‍ച്ചചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളെയും, സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആസൂത്രണത്തെയും അട്ടിമറിച്ചുകൊണ്ടാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ യു.ഡി.എഫുകാര്‍ കളമൊരുക്കിയത്.

അതായത് യു.ഡി.എഫ് സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയത്തിലധിഷ്ഠിതമായ വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണ സമീപനമാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ഈ രംഗത്ത് വിലസാന്‍ അവസരമുണ്ടാക്കികൊടുത്തത്. 2013-14 ല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 22000 ദശലക്ഷം യൂണിറ്റുവരുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 7000 - 8000 ദശലക്ഷം യൂണിറ്റുവരെയാണ് നിലവിലുള്ള ജലവൈദ്യുതി പദ്ധതികളില്‍നിന്ന് പരമാവധി ലഭ്യമാവുക. ബാക്കിവരുന്ന 14000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളത്തിലെതന്നെ മറ്റ് നിലയങ്ങളില്‍നിന്നും, കേന്ദ്രപൂളില്‍നിന്നും കമ്പോളത്തില്‍നിന്നും ലഭ്യമാക്കേണ്ടതാണ്. കേരളത്തിലെ കായംകുളം, ബ്രഹ്മപുരം, കോഴിക്കോട്, കാസര്‍ഗോഡ്, കൊച്ചി താപനിലയങ്ങളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 12 രൂപയോളംവരും. കേന്ദ്രപൂളില്‍നിന്ന് പരമാവധി കിട്ടാവുന്ന വൈദ്യുതി 8600 - 9000 ദശലക്ഷം യൂണിറ്റാണ്. 2000 - 3000 ദശലക്ഷം വൈദ്യുതി കമ്പോളത്തില്‍നിന്ന് വാങ്ങേണ്ടിവരും. ഇതിനാണെങ്കില്‍ പീക്ക്ലോഡ് സമയങ്ങളില്‍ യൂണിറ്റിന് 16 രൂപയോളം വിലവരും. പുറത്തുനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷിക്കുറവ് ഇങ്ങനെ യഥേഷ്ടം വൈദ്യുതി കൊണ്ടുവരുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

കേരളത്തിന്റെ 2016-17ലെ വൈദ്യുതി ആവശ്യം 4419 മെഗാവാട്ടും 2021 - 22 ലേത് 6093 മെഗാവാട്ടും ആയിരിക്കുമെന്നാണ് 18-ാം പവര്‍ സര്‍വ്വേ പറയുന്നത്. ഇത് നിറവേറ്റണമെങ്കില്‍ നമ്മുടെ സ്ഥാപിതശേഷി 2016 - 17 ല്‍ 6500 മെഗാവാട്ടും, 2021 -22 ല്‍ 8500 മെഗാവാട്ടും ആയിരിക്കണം. ഇപ്പോഴുള്ള ആഭ്യന്തരമായ ശേഷി 2873 മെഗാവാട്ടും കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന 1273 മെഗാവാട്ടും അടക്കം 4146 മെഗാവാട്ടാണ്. അടുത്തവര്‍ഷംകൊണ്ട് കേന്ദ്ര പൂളില്‍നിന്ന് കൂടുതലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 500 മെഗാവാട്ടും പുറത്ത്നിന്ന് വാങ്ങുന്ന 500 മെഗാവാട്ടും കഴിച്ച് ബാക്കി 1354 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. ഈയൊരു ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി സ്വകാര്യ സോളാര്‍ കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കുവാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടിയും സംഘവും ചെയ്തത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പള്ളിവാസല്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ പദ്ധതി (40മെഗാവാട്ട്) തുടങ്ങിയവ യാതൊരുവിധ പുരോഗതിയുമില്ലാതെ കിടക്കുകയാണ്. ഇടതുപക്ഷ ഭരണകാലത്ത് പണിതുടങ്ങിയതും ടെന്‍ഡര്‍ ചെയ്തതുമായ പദ്ധതികളില്‍ മണിയാര്‍ ടെയ്ല്‍ റെയസ (4 മെഗാവാട്ട്), പീച്ചി (1.25 മെഗാ വാട്ട്) എന്നിവമാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വിലങ്ങാട്, ബാരാപോള്‍ എന്നിവയുടെ പണി കുറച്ചെങ്കിലും പരോഗമിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് പുറമെ ഒറീസ്സയിലെ ബൈതരണിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1000 മെഗാവാട്ട് നിലയത്തിനാവശ്യമായ കല്‍ക്കരിപാടം യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. ചീമേനി പദ്ധതിയും അനിശ്ചിതത്വത്തിലാണ്. വന്‍തോതില്‍ ആഭ്യന്തരമായി വൈദ്യുതി ഉത്പാദനം ലക്ഷ്യംവെച്ചുകൊണ്ട് ആസൂത്രണംചെയ്ത എല്ലാപദ്ധതികളും ഈ സര്‍ക്കാര്‍ പൊളിച്ചിരിക്കുകയാണ്. കേരളത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കും വികസന പ്രതിസന്ധിയിലേക്കുമാണ് സര്‍ക്കാര്‍ നയങ്ങള്‍ എത്തിച്ചിരിക്കുന്നത്. ആഭ്യന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള എല്ലാപദ്ധതികളെയും വേണ്ടത്ര ശ്രദ്ധിക്കാതെ എല്ലാപ്രശ്നവും സോളാര്‍കൊണ്ട് പരിഹരിക്കുവാന്‍ കഴിയുമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് ജനങ്ങളെകൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. സരിതമാരെയും ശാലുമേനോന്‍മാരെയും രംഗത്തിറക്കി സ്വകാര്യ സൗരോര്‍ജ പദ്ധതിക്കാവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതന്‍മാരും അദ്ദേഹത്തിന്റെ ഓഫീസും ചെയ്തത്. കൊറിയന്‍ കമ്പനിയുടെ സമ്മര്‍ദം മൂലമാണ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എമര്‍ജിംഗ്കേരളയില്‍ ടീം സോളാര്‍ പദ്ധതിക്ക് അനുമതി നല്‍കാതിരുന്നത്. സൗരോര്‍ജ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനെപ്പോലും അവഗണിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികളെ ഉമ്മന്‍ചാണ്ടിയും സംഘവും പ്രോത്സാഹിപ്പിച്ചത്. കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കുവാന്‍ സൗരോര്‍ജ പദ്ധതിക്ക് ഇന്ന് എത്രത്തോളം കഴിയുമെന്ന കാര്യംപോലും ശാസ്ത്രീയമായി പഠിക്കാതെയാണ് ക്രിമിനല്‍ സഘങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജനങ്ങളില്‍നിന്ന് പണം വാരിക്കൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത്.

ഒരു മെഗാവാട്ട് സോളാര്‍പദ്ധതിയില്‍നിന്ന് 1.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരു വര്‍ഷം പരമാവധി ലഭിക്കുക. ഇതിനാകട്ടെ 10കോടി രൂപയെങ്കിലും മുതല്‍മുടക്ക് വേണം. സോളാര്‍ വൈദ്യുതി പകല്‍മാത്രമേ ലഭിക്കുകയും ചെയ്യൂ. രാത്രി ലഭിക്കണമെങ്കില്‍ ഇത്രയും വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യംവേണം. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായി വിഭാവനംചെയ്യപ്പെട്ട കാലിഫോര്‍ണിയയിലെ "ഇവാന്‍ സോളാര്‍ ഇലക്ട്രിക്ക് ജനറേറ്റിംഗ് സിസ്റ്റം" ഇനിയും പൂര്‍ത്തിയായിട്ടില്ല. വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഖരിച്ചുവെക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ കാലിഫോര്‍ണിയയില്‍പോലും പരീക്ഷണ ഘട്ടത്തിലാണ്.

വലിയതോതില്‍ വൈദ്യുതി ശേഖരിച്ചുവെയ്ക്കാനുള്ള ബാറ്ററി സംവിധാനം ചെലവ് കൂടിയതാണ്. സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് സ്ഥിരസ്വഭാവമില്ലാത്തതിനാല്‍ അതിനെ മാത്രം ആശ്രയിച്ച് ഒരു വൈദ്യുതി ശൃംഖലയ്ക്ക് നിലനില്‍പ്പുമില്ല. പരമ്പരാഗത സ്രോതസ്സുകള്‍ ശക്തിപ്പെടുത്തി നിലനിര്‍ത്തിക്കൊണ്ടേ പാരമ്പര്യേതര സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍പറ്റൂ. സൗരോര്‍ജ പദ്ധതികളും കാറ്റാടി പദ്ധതികളും ഇന്നത്തെ അവസ്ഥയില്‍ പാരമ്പര്യ വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ക്ക് പകരം വെയ്ക്കാവുന്ന തരത്തില്‍ വികസിച്ചുവന്നിട്ടില്ല. പാരമ്പര്യേതര സ്രോതസ്സുകളെ പാരമ്പര്യ സ്രോതസ്സുകള്‍ക്കൊപ്പം വികസിപ്പിക്കുകയാണ് വേണ്ടത്. മൊത്തം സ്ഥാപിത ശേഷിയുടെ 15%ത്തിലധികം പാരമ്പര്യേതര സ്രോതസ്സില്‍നിന്നുള്ള വൈദ്യുതി ആയാല്‍ അത് വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിദഗ്ധന്‍മാരുടെ അഭിപ്രായം. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സോളാര്‍ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന പ്രതീതി വന്‍പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ച് കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ കളമൊരുക്കിക്കൊടുത്തത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക

Wednesday, June 26, 2013

സോളാര്‍ തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ത്?

കേരള നിയമസഭ ഏതാനും ദിവസങ്ങളായി സ്തംഭനത്തിലാണ്. സംസ്ഥാന രാഷ്ട്രീയം വലിയ കോളിളക്കത്തിലും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്ന ആവശ്യമുന്നയിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടക്കുന്നു. പാമോയില്‍ കേസ്, തിരുവനന്തപുരം ടൈറ്റാനിയം അഴിമതി, കൊല്ലം ടൈറ്റാനിയം അഴിമതി എന്നിവയില്‍ നിന്ന് മുഖം രക്ഷിച്ച് ഊരിപ്പോരാന്‍ കഴിഞ്ഞ മുഖ്യമന്ത്രി വിളറി വിവശനായി നിയമസഭയില്‍ നില്‍ക്കുന്നത് കേരളമാകെ കണ്ടു. പാമോയില്‍ കേസ് ജിജി തോംസനെക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വിജിലന്‍സ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കി.

തിരുവനന്തപുരം ടൈറ്റാനിയം അത്രയ്ക്ക് എളുപ്പമായിരുന്നില്ല. വിജിലന്‍സ് ജഡ്ജി തന്നെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ നടത്തി. പി സി ജോര്‍ജിനെപ്പോലുളളവരെക്കൊണ്ട് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റിച്ചു. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ പോലെ എളുപ്പമാകാന്‍ പോകുന്നില്ല, മുഖ്യമന്ത്രി ചെന്നു ചാടിയിരിക്കുന്ന പുതിയ ഊരാക്കുടുക്ക്. സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുളള ടീം സോളാര്‍ കമ്പനിയാണ് വിവാദത്തിന്റെ കേന്ദ്രം. കേരളത്തിലും ഇന്ത്യയിലും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പോളമാണ് സോളാര്‍ ഊര്‍ജ ഉപകരണങ്ങളുടേത്. ഇവയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഏതാണ്ട് 50 ശതമാനം തുക സബ്സിഡിയായി നല്‍കുന്നു. സോളാര്‍ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുന്നൂറോളം ഏജന്‍സികളുണ്ട്. കേരളത്തിലെ അനൗപചാരിക ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇവയില്‍ 28 എണ്ണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയുടെ നേരിട്ടുളള നിയന്ത്രണത്തിലല്ല ഇവ. ഏജന്‍സികള്‍ ഗുണഭോക്താക്കളുമായി നേരിട്ട് കരാര്‍ ഉറപ്പിക്കുന്നു, ചെയ്തുകൊടുക്കുന്നു. സബ്സിഡി അംഗീകൃത ഏജന്‍സികളാണ് വാങ്ങുന്നത്. ഇതിലെ തട്ടിപ്പ് പലരീതികളിലാണ് അരങ്ങേറുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഉപകരണത്തിന്റെ വിലയുടെ കാര്യത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് വിലയുണ്ടെങ്കിലും കമ്പോള വിലയെക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് ഉപഭോക്താവിനു നല്‍കുക. സബ്സിഡി കൂടി കിട്ടുമ്പോള്‍ സാധാരണ വിലയില്‍ അവര്‍ തൃപ്തരാകും. അംഗീകൃത ഏജന്‍സികളല്ലാത്ത, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ ലേഖകന് നേരിട്ടറിയാം. സബ്സിഡി ഇല്ലാതെ തന്നെ അംഗീകൃത ഏജന്‍സികളെക്കാള്‍ വില കുറച്ച് ഉപകരണങ്ങള്‍ ഇവര്‍ നല്‍കാറുണ്ട്. മറ്റൊരു തട്ടിപ്പുരീതി അംഗീകൃത കപ്പാസിറ്റിയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം കപ്പാസിറ്റിയുളള സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കലാണ്. ഇവയോടൊപ്പം ഇന്‍വേര്‍ട്ടറുമുണ്ടാകും. കുറച്ചു സമയം സോളാര്‍ ഊര്‍ജം ഉപയോഗിക്കും. ബാക്കി കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചായിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക. ടീം സോളാറിനെക്കുറിച്ച് ലഭ്യമായ വിവരം വെച്ചു നോക്കുമ്പോള്‍ പണ്ടത്തെ ആട്, മാഞ്ചിയം - തേക്കു തട്ടിപ്പു മോഡലിലുളള ഒരു ബിസിനസ് കൂടി ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സൗരോര്‍ജ - കാറ്റാടി ഊര്‍ജോപകരണങ്ങള്‍ക്കു വേണ്ടി പരക്കെ ആളുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുക, വെച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇരകളില്‍ നിന്നുളള പണം ഇവര്‍ക്കു മറിച്ചുകൊടുക്കുക - ഇത്തരമൊരു ചെയിനുണ്ടാക്കാനായിരുന്നു ശ്രമം.

ടീം സോളാര്‍ കമ്പനിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനെര്‍ട്ടാകട്ടെ, കേന്ദ്ര പാനലില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നു മാത്രമേ ക്വട്ടേഷന്‍ സ്വീകരിക്കാനും തയ്യാറായുളളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുളള ഇടപാടുകളുടെ മുഖ്യലക്ഷ്യങ്ങള്‍ കമ്പനിയെക്കുറിച്ച് വിശ്വാസ്യത സൃഷ്ടിയ്ക്കലും അനെര്‍ട്ടില്‍ നിന്നും അംഗീകാരം നേടലുമായിരുന്നു. ഇത് ലഭിക്കുമെന്ന ഉറപ്പ് ആരൊക്കെയോ ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, അനെര്‍ട്ട് അവസാനം കാലുവാരി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ല എന്നതാണ് വൈദ്യുതി മന്ത്രി നല്‍കുന്ന വിശദീകരണം. പക്ഷേ, ആരൊക്കെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു, എന്തുകൊണ്ടവ തളളപ്പെട്ടു തുടങ്ങിയ അണിയറക്കാര്യങ്ങള്‍ ഇന്നും രഹസ്യമാണ്. ഇവിടെയാണ് പതിനായിരം കോടി രൂപയുടെ കമ്പോളത്തിലെ കൊളളയ്ക്കാണ് സോളാര്‍ ടീം ലക്ഷ്യമിട്ടിരുന്നത് എന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന പ്രസക്തമായി തീരുന്നത്. ഇതിന്റെ പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു കോണ്‍ഗ്രസ് എംപിയുടെ പേര് നിയമസഭാലോബിയില്‍ ചര്‍ച്ചയാണ്. ഏതായാലും ജോര്‍ജു പറഞ്ഞ പതിനായിരം കോടി രൂപയുടെ കമ്പോളം സൃഷ്ടിക്കുന്നതിനുളള നയരൂപീകരണം നടന്നത് ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകളിലെല്ലാം സജീവമായിരുന്ന കാലത്താണ്. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രൊജക്ട് ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകാം. പക്ഷേ, സെഷനുകളില്‍ അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ഔട്ട് ഓഫ് അജണ്ടയായി സൗരോര്‍ജ നയത്തിന്റെ കാതലായ തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുകള്‍ നിര്‍മിക്കുമ്പോള്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചേ തീരൂ. ഇതുപോലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്കു കണക്ടു ചെയ്യുന്ന സൗരോര്‍ജ പ്ലാന്റുകളെയും കാറ്റാടി യന്ത്രങ്ങളെയും കുറിച്ച് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി. ടീം സോളാറിന്റെ മുഖ്യ ആശ്രയവും സ്വാധീനകേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച് ഇന്നൊരു സംശയവുമില്ല. പ്രശ്നം വിവാദമായതിനു ശേഷം നിയമസഭാ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ആദ്യത്തെ രണ്ടുദിവസവും സരിതയെയും ബിജുവിനെയും അറിയാമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തികഞ്ഞ നിശ്ശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏഷ്യാനെറ്റിനു നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി സമ്മതിച്ചതു തന്നെ. സരിതാ നായരെ സംബന്ധിച്ചാണെങ്കില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചു കണ്ടില്ല എന്നല്ലാതെ അവരുമായി നേരിലോ ഫോണിലോ സംസാരിച്ചിട്ടില്ല എന്ന് ഇന്നേവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതായാലും വിജ്ഞാന്‍ ഭവന്‍ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തോമസ് കുരുവിളയാണ് വെളിപ്പെടുത്തിയത്. ജോപ്പന്‍ എന്ന അസിസ്റ്റന്റിനെയും സലീംരാജ് എന്ന ഗണ്‍മാനെയും പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സന്നദ്ധനായി. ആദ്യദിവസം അതിനദ്ദേഹം തയ്യാറായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടു വരട്ടെ എന്നായിരുന്നു നിലപാട്. എന്തിന് അന്വേഷണ റിപ്പോര്‍ട്ട്? എഴുപതു തവണ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്കു ലഭ്യമായിരുന്നില്ലേ. അദ്ദേഹം സില്‍ബന്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ, വിജയിച്ചില്ല എന്ന അനുമാനത്തിലേ നമുക്ക് എത്താന്‍ കഴിയൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജോപ്പനിലോ സലീംരാജിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ടീം സോളാറുമായുളള ബന്ധം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുവിന്റെ ഫോണില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിളിയുണ്ടായിട്ടുണ്ട്. മറ്റു ചില സ്റ്റാഫ് അംഗങ്ങളെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. പോലീസ് അന്വേഷണ സംഘത്തിനു മാത്രമല്ല, ഒരു പൊതു രാഷ്ട്രീയ പ്രശ്നമായി മാറിയ ഇക്കാര്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് ആകെ താല്‍പര്യമുണ്ട്. ടീം സോളാറും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരു തട്ടിപ്പു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം കെട്ടുപിണഞ്ഞു കിടന്നിരുന്നു എന്നു വ്യക്തമാകും. മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹത്തെ ബന്ധപ്പെടണമെങ്കില്‍ ജോപ്പന്‍, സലിംരാജ്, ജിക്കു, ആര്‍കെ എന്നിവരുടെ ഫോണ്‍ വഴിയേ പറ്റൂ. ഇവരെല്ലാവരെയും തമ്മില്‍ ഘടിപ്പിക്കുന്ന പൊതുവായ ഘടകം മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന വേളയിലും ഇല്ലാത്ത വേളയിലും ഫോണ്‍ കോളുകളുണ്ടായിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും ഫോണ്‍ വിളികളുമായി യാതൊരു ബന്ധവുമില്ല എന്ന് മാലോകര്‍ വിശ്വസിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. യുഡിഎഫ് ഭരണം ഉപജാപകരുടെയും സര്‍ക്കാര്‍ ബാഹ്യശക്തികളുടെയും പിടിയിലാണ്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ല മറിച്ച്, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ഇത് ഏതറ്റം വരെ പോകാമെന്നുളളതിന്റെ തെളിവാണ് ടീം സോളാര്‍ തട്ടിപ്പ്. പതിനാലില്‍പ്പരം കേസുകളിലാണ് കേരളത്തില്‍ അവര്‍ പ്രതികളായിരിക്കുന്നത്. ഇതിനു പുറമെയാണ് തമിഴ്നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ, കൊലക്കേസില്‍ അന്വേഷണ വിധേയനായിരുന്നു. ഇങ്ങനെയുളള ഒരു തട്ടിപ്പു സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയാണ്. ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടിയും മനോരമയും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ രണ്ടാണ്. എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ല? അന്നും ഭരണതലത്തില്‍ ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു എന്നാണ് വ്യംഗ്യം. അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അതുകൂടി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരട്ടെ എന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര കൊല്ലപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവെയാണ്. എന്നിട്ട് കേസെടുത്തത് സ്ത്രീധനപീഡനത്തിന്റെ പേരിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ കളങ്കിതനായ ഈ വ്യക്തിയുമായി യുഡിഎഫ് ഭരണം ഉറ്റബന്ധമാണ് പുലര്‍ത്തിയത്. ഇന്നിപ്പോള്‍ മറിച്ചൊരു നിലപാടെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് കര്‍ശനമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇരുവരും ജയിലിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ജാമ്യത്തിലിറങ്ങിയവര്‍ തമിഴ്നാടിലേക്ക് മുങ്ങുകയാണുണ്ടായത്. പിന്നീട് തലപൊക്കുന്നത് യുഡിഎഫ് ഭരണം വരുമ്പോഴാണ്. മറ്റൊരു കാര്യവും കൂടിയുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് അവരുടെ തട്ടിപ്പ് ഭരണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടോ സര്‍ക്കാര്‍ സ്കീമുകളിലെ തിരിമറികളിലൂടെയോ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്ന തര്‍ക്കുത്തരമൊന്നും നല്‍കി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നോക്കേണ്ട.

ക്രിമിനല്‍ അന്വേഷണം നടക്കുന്ന വേളയില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം ക്രിമിനല്‍ കേസ് അന്വേഷണത്തിന് തടസമേയല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്ര എളുപ്പത്തില്‍ എങ്ങനെ ഭരണബാഹ്യ ശക്തികള്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ്. ഇത്തരമൊരു അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക തന്നെ വേണം. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നല്ലാതെ, യുഡിഎഫ് അധികാരമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം യുഡിഎഫിനു ഭരിക്കാം. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തിരുത്തിയുളള ഏതന്വേഷണത്തിനും പാമോയിലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തിന്റെ ഫലമേയുണ്ടാകൂ.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

Wednesday, June 19, 2013

സരിതയും ബിജുവും കണ്ണികള്‍മാത്രം

സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍- സമീപകാല കേരളരാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന രണ്ട് വിവാദ നാമങ്ങള്‍. ഇന്ന് രണ്ടുപേരും അഴിക്കുള്ളില്‍. ഇവരില്‍ തീരുന്നതല്ല തട്ടിപ്പിന്റെ വേരുകള്‍. ഇവര്‍ കേരളത്തെ വിഴുങ്ങാനുള്ള കൊടുംകൊള്ളയ്ക്കുള്ള ഗൂഢസംഘത്തിലെ ആദ്യ കണ്ണികള്‍മാത്രം.

പതിനായിരം കോടി രൂപയുടെ കൊള്ളയ്ക്കാണ് സൗരോര്‍ജപ്ലാന്റ് തട്ടിപ്പിലുടെ ഗൂഢസംഘം ലക്ഷ്യമിട്ടതെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ ആയിരം കോടി ചില ഉന്നതര്‍ക്കുള്ള കമീഷന്‍ മാത്രമാണ്. ഇപ്പോള്‍ പിടിയിലായത് പരല്‍മീനുകള്‍മാത്രം. വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട്- ഇപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൊള്ളരുതായ്മകള്‍ക്കു കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ തുടരുന്നു.

ജോര്‍ജ് ഇന്നും മന്ത്രിപദവിയിലുണ്ട്. ആരൊക്കെയാണ് അദ്ദേഹം പറയുന്ന വന്‍സ്രാവുകള്‍? ആരോപണവിധേയരായ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കീഴിലുള്ള പൊലീസുകാര്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്നതല്ല ഉത്തരം. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിശ്വസ്തരും മാത്രമല്ല, സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെയുള്ളവരിലേക്കാണ് തെളിവുകള്‍ ചൂണ്ടുന്നത്. മന്ത്രിസഭാ യോഗം ചേരുന്നത് പതിവായി ബുധനാഴ്ചകളിലാണ്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന 2011 മുതല്‍ ഈ പതിവ് തെറ്റിക്കാന്‍ തുടങ്ങി. ബുധനാഴ്ച ചേരുന്നത് ഒരു ചടങ്ങ് മാത്രമായി. പ്രത്യേക മന്ത്രിസഭാ യോഗമെന്ന ആഴ്ചയില്‍ ഒന്നോ രണ്ടോ യോഗമായി. ഇനി മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക യോഗമാണത്രെ. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തനംപോലെ ഏത് യോഗമാണ് ഒറിജിനല്‍, ഏതാണ് വ്യാജന്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

കഴിഞ്ഞ ഒക്ടോബറില്‍ ഇങ്ങനെ ചേര്‍ന്ന ഒരു മന്ത്രിസഭായോഗത്തിലാണ് പതിവ് അജന്‍ഡയില്‍പെടാതെ ഈ അജന്‍ഡയും വന്നത്- 2,5000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍ബന്ധമായും സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കണം. കേള്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള ധീരമായ തീരുമാനം. ആരും സംശയിച്ചില്ല. ഇതിനു പിന്നില്‍ ഒളിഞ്ഞുകിടന്ന കൊടുംകൊള്ളയ്ക്കുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പാരമ്പര്യേതര വൈദ്യുത ഉല്‍പ്പാദന ഏജന്‍സിയാണ് അനെര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അനവധി. എന്നാല്‍, അനെര്‍ട്ടിനോട് ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പ്പര്യമില്ല. മറിച്ച് അനെര്‍ട്ടിനെ ടീം സോളാര്‍പോലുള്ള തട്ടിപ്പ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ഉപകരണമാക്കാനാണ് നോക്കിയത്. അങ്ങനെ അനെര്‍ട്ടിനെ തകര്‍ക്കുകയും ഈ വ്യാജന്‍മാരെ വളര്‍ത്തുകയും ചെയ്ത് 2,500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതോടെ കൊള്ളയുടെ ഒരു ഘട്ടമാണ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്.

ഇതിനു പുറമെയാണ് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും. ഇതില്‍നിന്ന് അനെര്‍ട്ടിനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരളയില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട സെഷനും ഈ ഗൂഢാലോചനയെ ബലപ്പെടുത്തുന്നു. ഈ സെഷനുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സരിതയും ബിജുവും. സെപ്തംബര്‍ 12 മുതല്‍ 14 വരെയായിരുന്നു എമര്‍ജിങ് കേരള. സെപ്തംബര്‍ 13ന് നടന്ന വൈദ്യുതി സെഷനില്‍ അധ്യക്ഷനായ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ഇങ്ങനെ: "കേരളത്തില്‍ നിക്ഷേപകര്‍ക്ക് കാറ്റില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് അതിഗംഭീരമായ അവസരങ്ങളാണുള്ളത്. ദേശീയ സൗരോര്‍ജ മിഷനില്‍ ഉള്‍പ്പെടുത്തി പൈലറ്റ് അടിസ്ഥാനത്തില്‍ 10,000 വീടുകളില്‍ സൗരോര്‍ജ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും." ഇതൊന്നും അനെര്‍ട്ടിനെക്കൊണ്ടല്ല എന്നത് സമര്‍ഥിക്കുന്നതായിരുന്നു മന്ത്രിയുടെ ഇനിയുള്ള വാക്കുകള്‍- "ഇതിനായി സര്‍ക്കാര്‍ ഉടന്‍ ഒരു സൗരോര്‍ജ നയം പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കും". സൗരോര്‍ജ നയം പ്രഖ്യാപിച്ചില്ലെങ്കിലും "നയം" പ്രഖ്യാപിച്ചു. 2,500 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. ഈ തീരുമാനം തട്ടിപ്പിന്റെ തുടക്കംമാത്രം.

തുടര്‍ന്നുള്ള നടപടികള്‍ പുരോഗമിക്കവെയാണ് തട്ടിപ്പുചുരുളുകള്‍ ഓരോന്നായി അഴിഞ്ഞു തുടങ്ങിയത്. ചില "സാങ്കേതിക" കാരണങ്ങളാല്‍ ടീം സോളാറിന് അംഗീകാരം നല്‍കാന്‍ വൈകി. പകരം മൂന്ന് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സബ്സിഡി ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള അംഗീകാരം നല്‍കി. ഇതിലൊന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി. ഈ കമ്പനിയും ബിജു രാധാകൃഷ്ണന്റെ ബിനാമി സ്ഥാപനം- ടീം സോളാറിന് അംഗീകാരം കിട്ടുന്നതുവരെയുള്ള ഇടക്കാലാശ്വാസം. ബിജു രാധാകൃഷ്ണന്‍ ബിനാമിയായുള്ള ഈ സ്ഥാപനവും ടീം സോളാറും ബിജുവിലും സരിതയിലും ഒതുങ്ങുന്ന സ്ഥാപനങ്ങളല്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് തട്ടിപ്പുകേസുകളില്‍ മാസങ്ങളോളം ജയിലാകുകയും ജാമ്യത്തിലിറങ്ങിയശേഷം കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന നഗരങ്ങളിലേക്ക് തട്ടിപ്പ് കേന്ദ്രം മാറ്റുകയുംചെയ്ത ഇവരുടെ തിരിച്ചുവരവ് യഥാര്‍ഥ സ്പോണ്‍സര്‍മാര്‍ ആരെന്ന് വെളിപ്പെടുത്തുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഒരു നാള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍ സരിതയെത്തി. ആലപ്പുഴ ജില്ലയിലെ അന്നത്തെ ഒരു പ്രതിപക്ഷ എംഎല്‍എയുടെ കത്തുമായിട്ടായിരുന്നു സന്ദര്‍ശനം. ആലപ്പുഴയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാന്‍ വന്നതായിരുന്നു. അന്ന് അവരുടെ വരവില്‍ പന്തികേട് തോന്നിയ പ്രൈവറ്റ് സെക്രട്ടറി ഇവരെ പറഞ്ഞുവിട്ടു. അന്ന് മുതലേ യുഡിഎഫ് നേതൃത്വവുമായി ഈ സംഘത്തിനുള്ള ബന്ധം വെളിപ്പെടുന്നതാണ് എംഎല്‍എയുടെ കത്തും. തട്ടിപ്പു കേസില്‍ അകത്താകുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുംചെയ്ത ഈ ദമ്പതികള്‍ പിന്നീട് പൊങ്ങിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷംമാത്രം. ഇപ്പോള്‍ സരിതയുമായി ഫോണ്‍ വിളിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലിം രാജിനെയും സ്റ്റാഫില്‍നിന്ന് മുഖ്യമന്ത്രി മാറ്റിനിര്‍ത്തി. ഇവിടെ നില്‍ക്കുന്നതല്ല ഈ ബന്ധം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വ്യവസായിയായ സാമ്പത്തിക ഉപദേശകന്റെ ടീം സോളാറിലെ നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരാനുണ്ട്. ആര്‍കെ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തനുമായുള്ള ബന്ധവും സുതാര്യമല്ല. ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിള സരിതയ്ക്കും ബിജുവിനും വെറുമൊരു പാവം പയ്യനല്ല. ഡല്‍ഹിയില്‍ ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മന്‍ ഛര്‍ദിച്ചപ്പോള്‍ സഹായിച്ച ബന്ധമാണ് തോമസ് കുരുവിളയ്ക്ക്. കടംകയറി നാടുവിട്ട ഈ "പാവം പയ്യന്‍" ഇന്ന് കോടീശ്വരനാണ്. ഇതൊന്നും അധ്വാനിച്ചോ, കച്ചവടം നടത്തിയോ, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയോ ആര്‍ജിച്ച സ്വത്തല്ല. ഇതെല്ലാം പിന്നെ ആരുടേത്?

സലിംരാജ് പൊലീസുകാരാണ്. ഇയാളുടെ കോടികളുടെ സമ്പാദ്യത്തിന് പിന്നില്‍ ആര്? സെയില്‍സ്മാനായിരുന്ന ടെന്നിജോപ്പന്റെ വളര്‍ച്ചയുടെ സ്രോതസ്സ് ഏത്? ജിക്കുജേക്കബ്ബിന്റെ ആസ്തിക്കു പിന്നിലെ ശക്തിയേത്? വിവാദങ്ങളില്‍പ്പെട്ട ഈ പേരുകളിലൂടെ അന്വേഷിച്ചു പോകുമ്പോള്‍ എല്ലാം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയിലേക്കും കുടുംബത്തിലേക്കുമാണ്. ഈ സൂചിമുനയില്‍നിന്ന് ഭാര്യ മറിയാമ്മയ്ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. മകന്‍ ചാണ്ടി ഉമ്മനും ദുബായില്‍ ബിസിനസ് നടത്തുന്ന മകള്‍ അച്ചു ഉമ്മനുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. എല്ലാം സുതാര്യമെന്ന് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അത്യന്തം നിഗൂഢമാണ്. ഒളിച്ചുനില്‍ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടതിന് നടുവില്‍ ഉമ്മന്‍ചാണ്ടി ഒളിച്ചുനില്‍ക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തിയ കാപട്യങ്ങളുടെയും കുതികാല്‍വെട്ടുകളുടെയും അന്ത്യംകുറിക്കുന്ന ആരവങ്ങളാണ് കേരളത്തിലെങ്ങും ഉയരുന്നത്. ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ് ബ്ലോഗില്‍ എഴുതിയത് ഇങ്ങനെ- പുതിയ ഷര്‍ട്ട് വാങ്ങി ബ്ലേഡ് വച്ച് കീറി തുന്നിക്കെട്ടി ലളിതനാകുന്നതില്‍ തുടങ്ങുന്ന ആത്മവഞ്ചനയുടെ ആള്‍രൂപമാണ് ഉമ്മന്‍ചാണ്ടി.
(അവസാനിക്കുന്നില്ല)

*
എം രഘുനാഥ്